Thursday, 6 December 2018

ശബരിമല തത്ത്വമസി

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക

ശബരിമല തീർത്ഥാടനം

ഞാൻ എന്ന അവസ്ഥയിൽ നമ്മുടെ യഥാർത്ഥ സ്വരൂപമായ ജീവാത്മ, പരമാത്മ ചൈതന്യത്തിലേക്കുള്ള മടക്കയാത്രയാണ് ശബരിമലതീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. അത് ശാരീരികമായ മാലധാരണമോ, മല കയറ്റമോ മാത്രമല്ല, ആന്തരികമായ സാക്ഷാത് പാത കൂടിയാണ്, വൃതശുദ്ധിയിലൂടെ അന്തകരണശുദ്ധി തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പതിനെട്ട് തത്ത്വങ്ങളും പത്തൊൻപതാമത്തെ ഉണ്മയായ സ്വരൂപവും ചേർന്ന നമ്മൾ ആ തീർത്ഥാടനത്തിൽ പതിനെട്ടും ഉപേക്ഷിച്ച് സത്യമായ ഒന്ന് മാത്രമായി തീരുകയാണ് ഈ യാത്രയിൽ. അതിനു മുന്നോടിയായി പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മൾ സ്വരൂപിച്ച അനുഭവങ്ങളിൽ നിന്നും ഉണ്ടായ 'വാസനാ' സഞ്ചയം ഒരുപാടുണ്ട്. ( നമ്മുടെ ആന്തരിക സമ്പാദ്യം ) ആ പരം പൊരുളിൽ നിന്നും ,പതിനെട്ട് തത്ത്വങ്ങളിൽ നിന്നുപോലും നമ്മുടെ ശ്രദ്ധ ബാഹ്യ-പ്രാപഞ്ചികവിഷയങ്ങളിലേക്കു മാത്രം നിരന്തരം സഞ്ചരിക്കുന്നത് ഈ വാസനകൾ കാരണമാണ്. ഈ തീർത്ഥയാത്രയിലൂടെ നമുക്ക് തിരിഞ്ഞ് നടക്കേണ്ടതുണ്ട്. ആ പരംപൊരുളിന്റെ സന്നിധിയിൽ നിന്നും വാസനാപൂരിതമാവുന്ന സമതലങ്ങളിലേക്ക് പതിച്ച നമ്മെ വീണ്ടും ഉദ്ധരിച്ച് ആ സാക്ഷാത്കാരത്തിന് പ്രാപത്മാക്കേണ്ടതുണ്ട്..... വാസനകൾ ആകുന്ന ഘോര വനത്തിലൂടെ പ്രലോഭനങ്ങളാകുന്ന ദുഷ്ട്മൃഗങ്ങളെ അതിജീവിച്ച് മാമല കയറണം.... ആ കയറ്റം കഠിനം തന്നെയാണ്, അതിനു നമ്മെ പ്രപ്തരക്കുന്നതാണ് ഭക്തിപൂർവ്വം ആയ വ്രതാചരണം നിഷ്ഠാപൂർവ്വമായ വ്രതാചരണം പരിപൂർണ ബ്രഹ്മചര്യം,ജ്ജിവാത്മാ സ്വരുപത്തെ സാക്ഷാത്കരിക്കുവാനുള്ള ജ്ഞാനവും, ആഗ്രഹവും, ഇതാണ് ഒരു യാത്രക്ക് വേണ്ടി നാം സ്വായത്തമാക്കേണ്ടത്. “സത്യം തപസ്സ്, ശരിയായ ജ്ഞാനം, ബ്രഹ്മചാര്യം എന്നിവയിലുള്ള നിഷ്ഠയിലൂടെ ഒരുവന് ഈ ആത്മാ സാക്ഷാത്കാരം സാധ്യമാവുന്നു” ( മുണ്ഡകോപനിഷത്ത്)

വ്രതനിഷ്ഠയോടുകൂടി വാസനകൾ അകന്ന് പ്രലോഭനങ്ങളെ അതിജീവിച്ച് മല കയറിയാൽ പതിനെട്ട് തത്ത്വങ്ങളെ പ്രതിനിധികരിക്കുന്ന പതിനെട്ടാം പടിക്കു ചുവട്ടിലെത്താം ജീവാത്മ സാക്ഷാത്കാര യാത്രയിൽ ആദ്യത്തെ അഞ്ചുപടികൾ ആകുന്ന പഞ്ചേന്ദ്രിയങ്ങളെ തരണം ചെയ്യണം, അടുത്ത എട്ടുപടികൾ ആണ് അഷ്ടരാഗങ്ങൾ അതും തരണം ചെയ്യുമ്പോൾ അടുത്ത മൂന്ന് പടികൾ ത്രിഗുണങ്ങൾ, ഓരോപടി നാം ചവിട്ടുമ്പോഴും നമ്മിലെ ഓരോ തത്ത്വത്തെ തരണം ചെയ്യുകയാണ്. ത്രിഗുണങ്ങൾ തരണം ചെയ്താൽ അജ്ഞാനം ആകുന്ന പതിനേഴാം പടി മറികടക്കാം. ശേഷിക്കുന്നത് ആ പരമാത്മസ്വരൂപവും എല്ലാറ്റിനും ആധാരമായ ആ ചൈതന്യം ഞാൻ ആണ് എന്ന ജ്ഞാനവും മാത്രം.,പതിനെട്ടാംപടി തരണം ചെയ്യുന്നതോടുകൂടി ശേഷിച്ച ഒരേ ഒരു ബന്ധമായ ജ്ഞാനം കൂടി മറയുന്നു.

അവിടെ നിന്ന് നാം എത്തുന്നത് ശബരിമല ശ്രീ ധർമ്മശാസ്താവാകുന്ന ജീവ ചൈതന്യസ്വരൂപത്തിലാണ്.....തത്ത്വമസി...ആ സത്യം അല്ലതെ ഒന്നും അവശേഷിക്കുന്നില്ല. പത്തൊൻപതു തത്ത്വങ്ങളുടെ സഞ്ചയം ആയി മലക്കു പുറപ്പെട്ട നമ്മൾ ഒന്നായ ഉണ്മയായി വിലയം പ്രാപിക്കുന്നു .....ഇതു തന്നെയാണ് സാക്ഷാത്കാരം...ഓരോ ജീവന്റെയും പരമമായ ലക്ഷ്യം..മോക്ഷം

ശബരിമല ദർശനം

അയ്യപ്പഭക്താരുടെ കരുത്തവേഷം ജീവിത വിരക്തിയേയും , ശരണംവിളി ആത്മീയ ജീവിതചര്യയേയും കാണിക്കുന്നു, ഇരുമുടികെട്ടിന്റെ മുൻവശം തീർത്ഥാടന മാർഗ്ഗത്തെയും പിൻവശം ജീവിത പ്രാരബ്ദത്തെയും സൂചിപ്പിക്കുന്നു. പതിനെട്ട് തട്ടുകളാകുന്ന പതിനെട്ട് പടികൾ ,ജ്ഞാനം, അജ്ഞാനം, ത്രിഗുണങ്ങൾ ( സാത്വികം, രാജസം, താമസം,) ,അഷ്ടരാഗങ്ങൾ, ( കാമം, ക്രോധം, മോഹം,ലോഭം, മദം, മാത്സര്യം, തത്ത്വം, അഹങ്കരം,) പഞ്ചേന്ദ്രിയങ്ങൾ,( കണ്ണ്, മൂക്ക്, കാത്, നാക്ക്, ത്വക്ക്,) ഇതിലും ഉയർന്ന തലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരംപൊരുളിനെ സാക്ഷാൽകരിക്കുവാൻ എല്ല ഭക്തന്മാർക്കും സാധിക്കുമാറാകട്ടെ ....സ്വാമിയേ ശരണം __/|\_

തത്വമസി എന്ന സംസ്കൃത പദം പരാമർശിക്കപ്പെടുന്നത് സാമവേദത്തിൽ ആണത്രേ. അതിൽ പോലും ഈ പദത്തിനർത്ഥം പറയുന്നത് ഇത് മൂന്ന് വാക്കുകളുടെ സംയോജനം ആണെന്നും അതായതു ,
തത് എന്നാൽ "അത്"
ത്വം എന്നാൽ "നീ"
അസി എന്നാൽ "ആകുന്നു"

അതായതു തത്വമസി എന്നാൽ "അത് നീ തന്നെ ആകുന്നു" എന്നർത്ഥം.
ശബരിമല സന്ദർശിച്ചിട്ടുള്ളവർക്കും പടത്തിൽ കൂടിയെങ്കിലും കണ്ടിട്ടുള്ളവർക്കും അവിടെ ക്ഷേത്രത്തിനു മുൻപിൽ എഴുതി വച്ചിരിക്കുന്ന ഈ വാക്ക് മറക്കാൻ സാധിക്കില്ല. ഇനി ഇതു അവിടെ എഴുതി വച്ചത് വഴി നാം എന്താണ് മനസിലാക്കേണ്ടത് എന്ന് നോക്കിയാൽ ആ പരമാർത്ഥം വ്യക്തമാകും.

41 ദിവസത്തെ കഠിന വ്രതമെടുത്ത് , സുഖഭോഗങ്ങൾ എല്ലാം ഉപേക്ഷിച്ചു മുദ്ര അണിഞ്ഞു താൻ കാണാൻ പോകുന്ന ഭഗവാന്റെ ഒരംശമായി ആ നാമം സ്വീകരിച്ചു കറുപ്പുമുടുത്ത് കല്ലും മുള്ളും ചവിട്ടി ഇരുമുടിയും എടുത്തു കാതങ്ങൾക്കു അകലെ നിന്നും കാൽനടയായി എത്തി ഒടുവിൽ ആ 18 പതിനെട്ടു പടികൾ കയറി ഭഗവാനെ അന്വേഷിച്ചു ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭക്തൻ അവിടെ നേരിട്ട് ദൈവത്തെ കാണുന്നില്ല പകരം "തത്വമസി" എന്ന ഈ വാക്ക് മാത്രം കാണുന്നു.
അതെ ഇതെല്ലാം ചെയ്തു ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനോട് ശബരിമല പറയുന്നു "തത്വമസി" അതെ അത് നീ തന്നെ ആണ് എന്ന്.
വൃതം എടുക്കുമ്പോൾ തന്നെ മുദ്ര നൽകുകയും ഭഗവാന്റെ നാമം നൽകി അവനെ സ്വാമി എന്ന് വിളിക്കുകയും ചെയ്തു ഒടുവിൽ പരമമായ ആ സത്യം അവനെ ശബരിമല പഠിപ്പിക്കുന്നു, അതായതു നീ അന്വേഷിച്ചു നടക്കുന്ന ആ ദൈവം നീ തന്നെ എന്ന്

...
ലോകത്തിൽ അനേകായിരം മതങ്ങളും ദൈവങ്ങളും ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശബരിമല മാറുന്നതും ഇവിടെയാണ്. തന്നെ കാണാൻ വരുന്ന ഭക്തനു സ്വന്തം നാമം നൽകുന്ന ഒരു വിശ്വാസവും വേറെ ഇല്ല. ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനു ഇതിലും നല്ല ഒരു പാഠം നൽകാനുമില്ല. നീ തന്നെ ആണ് ദൈവം എന്നും, ദൈവത്തിൽ നിന്നും നീ പ്രതീക്ഷിക്കുന്നത് മറ്റുള്ളവർക്കായി ചെയ്യേണ്ട കടമ നിന്നിൽ തന്നെ നിക്ഷിപ്തമാണെന്നും സ്വാമി അയ്യപ്പൻ പറഞ്ഞു തരുന്നു.

ഇതൊക്കെ മനസിലാക്കി, ദൈവത്തെ അന്വേഷിച്ചു അലഞ്ഞു ജന്മം പാഴാക്കാതെ സ്വന്തം കടമ നിർവഹിച്ചു പരോപകാരപ്രദമായി, തന്നാൽ ആവുന്നത് ചെയ്തു ജീവിച്ചാൽ നന്ന് എന്ന് ചുരുക്കം.
മാലയിട്ട ഭക്തനും, മലയിലെ ദൈവവും ഒന്നാണെന്ന പരമമായ സത്യം.....തത്വമസി ...!

ഞാൻ അത് ആകുന്നു

ഊർജ്ജത്തിന്‍റെ കേന്ദ്രസ്ഥാനം ഞാനാണ്. ഞാൻ‍ ഒരിക്കലും തളരുന്നില്ല, ശക്തിക്ഷയം ഉണ്ടാകുന്നില്ല. എത്രയോ മെഴുകുതിരികളെ കൊളുത്തുകയും, എന്നിട്ടും തന്‍റെ പ്രകാശവും, തേജസ്സും, കുറയാതെ നിലനിർത്തുകയും ചെയ്യുന്ന മെഴുകുതിരി പോലെയാണ് ഞാ‍ൻ . പുരുഷാന്തരചക്രത്തിലൂടെ, ഒരേ സൂര്യൻ‍ തന്‍റെ തീക്ഷ്ണതയും, ‍ഊർജ്ജവും നഷ്ടപ്പെടാതെ, ഒരേസമയം‍ പല വസ്തുക്കളിലും പ്രതിഫലിക്കുന്നതുപോലെ, ഞാൻ‍ നിലകൊള്ളുന്നു. തലമുറകളെ കൂട്ടിയോജിപ്പിച്ച് നിർ‍ത്തിയ നൂല്‍ ഞാനാണ്. അത്യന്തം നശ്വരമായ ഈപ്രാപഞ്ചിക ജീവിതത്തിൽ‍‍ നാശമില്ലാത്ത ഒരു വസ്തു ഞാൻ‍ മാത്രമാണ്. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എന്നി‍ൽ നിന്ന് ഉണ്ടായവയാണ്. താരസമൂഹങ്ങൾ‍ എന്നിൽ‍ സ്ഥിതിചെയ്യുന്നു. എല്ലാ ദൈവങ്ങളും എന്നിൽ‍ നിന്ന് ഉണ്ടായവയാണ്. ഇരുട്ട് എന്നത് വെളിച്ചത്തിന്‍റെ അഭാവമാണ്. ഞാൻ എന്നത് മായയുടെ അഭാവമാണ്. ഞാനാണ് എല്ലാം. ജീവനുള്ള എല്ലാത്തിന്‍റെയും ആത്മാവ് ഞാനാണ്. അതി‍ൽ അധികാരശ്രേണിയോ പ്രാധമ്യമോ ഇല്ല. എല്ലാ ജീവികളിലും ഒരേ തീവ്രതയോടെ ഞാൻ‍ വർത്തിക്കുന്നു. ജീവിക‍ൾ കാഴ്ച്ചക്കും, അനുഭവത്തിലും, സ്വഭാവത്തിലും വ്യത്യസ്തങ്ങളായിരിക്കും. എന്നാൽ‍ ഞാൻ എപ്പോഴും ഒന്നുതന്നെയാണ്. എനിക്ക് മാറ്റമൊന്നും ഇല്ല. ഞാൻ‍ എല്ലായിടത്തും ഉണ്ട്. ഞാൻ‍ ഏകത്വമാണ്.

എനിക്ക് രൂപമില്ല. എന്നെ ഉൾക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം ഞാൻ‍ സ്വീകരിക്കുന്നു. എന്നെ ഉള്ളിൽ‍‍ വഹിക്കുന്ന ജീവിയുടെ സവിശേഷതകൾ‍ ഞാൻ സ്വീകരിക്കുന്നു. ഞാൻ‍ എപ്പോഴും നിഷ്ക്രിയനായി നില്‍ക്കുമെങ്കിലും പ്രവൃത്തികളെയും, വാക്കുകളെയും, ചിന്തകളെയും അനുവദിക്കുന്നു. എന്നെ ആർ‍ക്കും തൊടാൻ‍ കഴിയില്ല, ശാരീരികാനുഭൂതിയും ഉണ്ടാവില്ല. എന്നെ മനസ്സിലാക്കാനേ കഴിയുകയുള്ളു. എന്നെ അറിയണമെങ്കിൽ‍ ഞാനായിത്തീരണം, എന്‍റെ സൂക്ഷ്മതയിൽ‍ എത്തിച്ചേരണം. എന്നിലേക്ക്‌ എത്താൻ‍‍‍, എന്നെ തിരിച്ചറിയാൻ‍‍, എന്നെ മനസ്സിലാക്കാൻ‍,‍ വളരെ അധികം സ്ഥൂലത പൊഴിച്ചുകളയേണ്ടിവരും. എനിക്ക് സ്വന്തമായി പരിപാടികൾ ഒന്നുമില്ല. ഞാൻ‍ ജീവിയുടെ പരിപാടി അംഗീകരിച്ചുകൊണ്ട്, വിശ്വസ്തനും, കാര്യങ്ങളി‍ൽ ഇടപെടാത്തവനുമായ ഒരു വേലക്കാരനെപ്പോലെ, അതിനെ അവസാനം വരെ സേവിക്കുന്നു. ആ ശരീരത്തി‍ൽ തടവിലാക്കപ്പെടുവാൻ‍ ഞാൻ‍ അനുവദിക്കുന്നു. ഞാൻ‍ ആ ശരീരത്തെ കൈക്കൊള്ളുന്നു. ശരീരത്തിന്‍റെ പേരി‍ൽ‍ അറിയപ്പെടാ‍‍ൻ ഞാൻ‍‍ അനുവദിക്കുന്നു. പരിമിതമായ ആ ശരീരമാണ് ഞാ‍ൻ എന്ന് പോലും ഞാൻ‍ നടിക്കുന്നു. ഞാൻ‍ ഒരിക്കലും ഇടപെടുന്നില്ല. എനിക്ക് വേണമെന്ന് തോന്നുമ്പോൾ‍ ഞാൻ‍ എന്നെ മോചിപ്പിക്കുകയും ചെയ്യുന്നു

പണമോ, മറ്റു സ്വത്തുക്കളൊ കൊണ്ട് എന്നെ വിലയ്ക്ക് വാങ്ങുവാൾ കഴിയില്ല. എന്തെന്നാ‍ൽ ഞാൻ‍‍ ‘അത്’ ആകുന്നു. ബന്ധങ്ങ‍ൾക്ക്‍ എന്നെ ബന്ധിക്കാനാവില്ല. എന്തുകൊണ്ടെന്നാ‍‍ൽ , ഞാൻ‍ അതുമാണ്, അതിന് അതീതവമാണ്. നിങ്ങ‍ൾ‍ എനിക്ക് നല്കുന്നതെല്ലാം എന്‍റേത് തന്നെയാണ്. നിങ്ങൾക്ക് തരാൻ‍ കഴിയാതുള്ളതും എന്‍റേതാണ്. എല്ലാം എന്‍റെ തന്നെ പ്രകാശനങ്ങളാണ്. എന്നിൽ ‍നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല. ഞാൻ‍ ആയിത്തീർന്ന് കൊണ്ടേ നിങ്ങൾക്ക് എന്നെ നേടാൻ‍‍ ആവുകയുള്ളു.

കാലങ്ങളായി, ഞാൻ രചിച്ച ദൈവിക നാടകത്തിലെ അസംഖ്യം കഥാ പാത്രങ്ങളിലൂടെ, ഞാ‍ൻ എന്‍റെ സത്ത പ്രകാശിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ ഞാ‍ൻ തീരുമാനിച്ചു. നാടകം ഞാൻ‍ നിശ്ചയിച്ചു. രാക്ഷസനും രക്ഷകനും, രണ്ടും, ഞാൻ‍ തന്നെ ആയിരുന്നു. പൂജകനും പൂജിക്കപ്പെടുന്നവനും ഞാൻ‍ തന്നെ ആയിരുന്നു. എന്‍റെ തീവ്രമായ രൂപം ദൈവമായി കണക്കാക്കപ്പെടുന്നു. എന്‍റെ വീര്യം കുറഞ്ഞ പ്രകാശനങ്ങൾ‍ ശരീരികളായ ജീവികളായും. ശരീരം പ്രദർശിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുമായി എനിക്ക് ബന്ധമില്ല. ദേഹത്തെയും മനസ്സിനെയും ബാധിക്കുന്ന ദു:ഖാവസ്ഥകൾ‍ക്കെല്ലാം അതീതനാണ് ഞാൻ‍‍. മഴയെപ്പോലെ ഞാൻ‍ ലോകജീവിതത്തിലേക്ക് ഇറങ്ങി വരുന്നു. വെള്ളം നീരാവിയായി മാറുന്നതുപോലെ, ഞാൻ‍ അസ്തിത്വമില്ലായ്മയിലേക്ക് ലയിക്കുന്നു. ഞാ‍ൻ ഇഷ്ടംപോലെ വരികയും പോകുകയും ചെയ്യുന്നു. ഞാ‍ൻ ഇച്ഛക്കനുസരിച്ച് നിലനില്‍ക്കുകയും, ഇച്ഛപോലെ വിട്ടുപോകുകയും ചെയ്യുന്നു.

എന്നെ കണ്ടെത്തിയവരും, തിരിച്ചറിഞ്ഞവരും, ഞാനുമായി ഒന്നായിത്തീർന്നവരും, സർവ്വശക്തന്മാരായിത്തീരുന്നു. അവർ‍ പ്രാപഞ്ചികമായ എല്ലാ ആവശ്യങ്ങളി‍ൽ നിന്നും മുക്തി നേടുന്നു. പ്രകൃതിശക്തികൾ ‍ അവരെ മേലിൽ‍‍ ശല്യപ്പെടുത്തുകയില്ല. ഭൂമി, അവരുടെ പ്രാപഞ്ചിക പ്രകാശനത്തിനും, ജീവിതത്തിനും ഉള്ള ഒരു വേദി മാത്രമായിത്തീരുന്നു

ഞാനുമായി ഒന്നായിത്തീർ‍ന്നു എന്ന് നടിക്കുക മാത്രം ചെയ്യുന്നവ‍ർ അവരുടെ ഉത്കണ്ഠകളും, ഭയങ്ങളും കൂടെക്കൂടെ പ്രകടിപ്പിക്കും. അവർ‍, ആത്മാസാക്ഷാത്കരണം എന്ന എന്‍റെ പേരും, പദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌, തങ്ങളുടെ ‍സല്പേരിനും, പ്രശസ്തിക്കും, ധനസമ്പാദനത്തിനും ആർ‍ത്തി കാണിക്കും. ഗ്രന്ധങ്ങളിലൂടെയോ, അനുഷ്ഠാനങ്ങളിലൂ‍ടെയോ എന്നെ ലഭിക്കുകയില്ല. പുറമേ തിരഞ്ഞാ‍ൽ എന്നെ കണ്ടെത്തുകയില്ല. തന്നിലേക്ക് തന്നെയുള്ള അന്തർദർശിത്വത്തിലൂടെയും, ആത്മപരിശോധനയിലൂടെയും, ചിന്തനത്തിലൂടെയും, ധ്യാനനിഷ്ഠയിലൂടെയും, മാത്രമേ എന്നിലേക്ക്‌ എത്തിച്ചേരുവാൻ‍ സാധിക്കുകയുള്ളു.

അ‍ർഹതയുടെ നിലകൾ‍ സ്ഥിരമായി ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ എന്നിലേക്ക്‌ എത്തുവാൻ‍ കഴിയുകയുള്ളൂ. പ്രാപഞ്ചികമായ ആകർ‍ഷണങ്ങൾ‍ ഒപ്പത്തിനൊപ്പം ശക്തമാണെങ്കിൽ, അർഹതയുടെ തലങ്ങൾ‍ ഉയർ‍ത്തുവാ‍ൻ കഴിയുകയില്ല. ഒരുവൻ എന്നിലേക്ക്‌ എത്തുവാൻ‍ ദൃഢമായ ആഗ്രഹം ഉണ്ടെങ്കിലും, പ്രാപഞ്ചികമായ വാസനക‍ൾ ഉപേക്ഷിക്കാൻ‍‍ കഴിയുന്നില്ലെങ്കി‍‍ൽ, അയാൾക്ക്‌ മരത്തിന്‍റെ താഴെ തലങ്ങളിലെ കൊമ്പുകൾ‍ വരെ മാത്രമേ എത്തുവാൻ‍‍ കഴിയുകയുള്ളൂ. മുകളിലുള്ള കൊമ്പുകളിലുള്ള വിലയേറിയ ഫലങ്ങ‍ൾ അയാൾ‍ക്ക്‌ ഒരിക്കലും ലഭിക്കുകയില്ല. അയാൾ‍‍‍ അകലെ നിന്ന് ഫലം കണ്ടിട്ടുണ്ടാകാം. ഫലം തനിക്ക് കിട്ടി എന്ന് വീമ്പു പറയുകയും ചെയ്തേക്കാം. എന്നുവരികിലും, ആഗ്രഹത്തിന് അർഹതയുടെ നിലയിലേക്ക് എത്താ‍ൻ കഴിയില്ല. അത്തരക്കാർ‍ക്ക് ഇടം നല്‍കുന്ന സമൂഹത്തിന്, യാഥാർത്ഥ്യം തിരിച്ചറിയത്തക്ക അവധാനമുള്ള കണ്ണുകൾ‍ ഉണ്ടെങ്കി‍ൽ, അത് നിശ്ചയമായും പ്രകടമാകും. ഉറങ്ങിക്കിടക്കുന്നവരെ മാത്രമേ ഉണർത്താൻ‍ കഴിയൂ. ഉറക്കം നടിക്കുന്നവരെ ഉണ‍ർത്താൻ കഴിയില്ല. കണ്ണുള്ളവ‍ർക്കേ കാണാൻ‍ കഴിയൂ. അന്ധന് കഴിയില്ല, കാണുകയുമില്ല. ഈ ആത്മീയ പരമാർത്ഥത്തെ അവ‍‍ർ സ്വീകരിച്ചതാണ്. ഇത് അവ‍ർക്ക് കൊളളാം. അവരെ വിട്ടേക്കൂ. അവരെ ശല്യപ്പെടുത്തേണ്ട....

ഒരാ‍ൾ‍ , തനിക്കു ചുറ്റുമുള്ള എല്ലാ ജീവികളിലും തന്‍റെ പ്രതിഫലനം കാണുകയും‍‍, അതിന്‍റെ ഫലമായി, അയാളുടെ ഹൃദയത്തിൽ ‍നിന്നും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു ഒഴുകുകയും ചെയ്യുമ്പോൾ‍‍, ആയാ‍ൾ എന്നെ സ്ക്ഷാത്കരിക്കുന്നു, അയാൾ‍ ഞാനായിത്തീരുന്നു. തന്റെ ചുറ്റുമുള്ളവയുടെയെല്ലാം കണ്ണുകളിൽ‍ തന്‍റെ പ്രതിച്ഛായ കാണുമ്പോൾ‍ അയാൾ‍ എല്ലാ ജീവികളുമായും ഒന്നായിത്തീരുന്നു. അയാളുടെ വ്യക്തിത്വം മറ്റുള്ളവയിലും, അവയുടേത് അയാളിലും ലയിക്കുന്നു. എല്ലാ ഭിന്നതകളും, എല്ലാ രൂപങ്ങളും അപ്രത്യക്ഷമാകുന്നു. അപ്പോ‍ൾ ബാക്കിയാവുന്നത് ശുദ്ധമായ അവബോധം, ഏകത്വം, മാത്രം. ഈ ഏകത്വത്തി‍ൽ എല്ലാ വ്യക്തിത്വങ്ങളും ഇല്ലാതാകുന്നു. അയാൾ എന്‍റെ രൂപമായിത്തീരുന്നു. അയാ‍ൾ പ്രപഞ്ചവുമായി ഒന്നായിത്തീരുന്നു. അയാ‍ൾ, പരിമിതമായ ജീവിതത്തിന്‍റെ അജ്ഞതയി‍ൽ നിന്ന്, മാനുഷിക ബോധമണ്ഡലത്തിന് അപ്പുറത്തുള്ള
നിലനില്‍പ്പിന്‍റെ വിശാലതയിലേക്ക്‌ ‍മാറുന്നു. അഭിലാഷങ്ങ‍ൾ ഒന്നും ഇല്ല. താ‍ൻ ആരാണ്, തന്‍റെ ഔന്നത്യം എന്താണ്, എന്ന ബോധവും അതോട് അനുബന്ധിച്ചുള്ള നിർവൃതിയും മാത്രമേയുള്ളൂ. അജ്ഞത ഇരുട്ടാണ്‌. നി‍ർവൃതി അവബോധമാണ്. മനുഷ്യ‍ൻ, എല്ലാ അസ്തിത്വങ്ങളുമായി ലയിച്ച് ഒരു സമ്പൂർണ്ണ അസ്തിത്വമായിത്തീരുന്നു.

ഭൂമിക്ക്, നമുക്കായി നല്‍കാൻ കഴിയുന്ന എല്ലാത്തിൽ ‍നിന്നും ബന്ധം വേർപെടുത്തിക്കൊണ്ട്, നമുക്ക് അ‍ർഹതയുടെ തലം ഉയർത്താൻ‍ കഴിയും. സംതൃപ്തനായും, ചെറത്തുനില്‍ക്കാതേയും, പ്രതീക്ഷകൾക്ക് അതീതനായും, നില്ക്കുന്ന ഒരുവ‍ൻ പൂർ‍ണ്ണമായും മോചിതനായിത്തീരുന്നു. അയാൾ‍ക്ക്‌ ജീവിതം സ്വർഗ്ഗീയാനുഭവമായിരിക്കും. ശാരീരികമായ പോരായ്മകളോ, ക്ലേശങ്ങളോ അയാൾക്ക്‌ ശല്യമായിത്തോന്നുന്നില്ല. സൃഷ്ടിയുടെ താളവുമായി അയാൾ‍ പൊരുത്തപ്പെടുന്നു. പ്രതീക്ഷകൾ‍ മനസ്സിൽ ‍നിന്ന് പൂർണ്ണമായി വിട്ടുപോകുമ്പോൾ‍‍, ഞാ‍ൻ‍ അവിടെ നിറയുന്നു. ചെറുത്തുനില്‍പ്പ് മനസ്സിൽ‍ ഇല്ലാതാകുമ്പോൾ‍ മനസ്സ് സൂക്ഷ്മമായിത്തീരുന്നു. അപ്പോൾ‍ ഞാ‍ൻ‍‍ അവിടെ നിറയുന്നു. ശരീരത്തിന്‍റെ ആവശ്യങ്ങളൊഴിഞ്ഞ്, ശാന്തത കൈവരാതെ എനിക്ക് പ്രകാശിക്കാനാവില്ല. നിശ്ശബ്ദതയുടെ നിഗൂഢമായ ആഴത്തിൽ‍‍ നിങ്ങൾ‍ കേൾ‍ക്കുന്ന ഒരേ ഒരു ശബ്ദം എന്‍റെ ഹൃദയമിടിപ്പിന്‍റേതായിരിക്കും. എല്ലാ ശബ്ദങ്ങളുടെയും ജനയിതാവ് ഇതാണ്. ദ്വിത്വം — ശബ്ദവും കേ‍ൾക്കുന്നവനും — ഒരു സാദ്ധ്യതയാണെന്ന പ്രഖ്യാപനം ഇതായിരുന്നു. ശബ്ദം കേൾവിക്കാരനായിത്തീരുമ്പോൾ‍ നാം വീണ്ടും മനസ്സിലാക്കുന്നു —

ഞാൻ‍ അത് ആകുന്നു
ഉൾക്കാഴ്ച നേടിയ മനസ്സ്

ജേതാവായ ഒരു യോദ്ധാവിന്റെ ജീവൻ‍ കാക്കുന്ന പടച്ചട്ട കണക്കെ നേരായ ചിന്ത പഞ്ചേന്ദ്രിയങ്ങൾ‍ സൃഷ്ടിക്കുന്ന വൈകാരിക തിരമാലകളിൽ‍ നിന്ന് മാനസത്തെ കാക്കുന്നു. മനസ്സ് അസ്വസ്ഥവും ജന്മാന്തരങ്ങളുടെ നിയമം അജ്ഞാതവുമായവന്റെ അറിവ് സദാ അപൂർണ്ണമായിരിക്കും.

ഏതൊരുവന്റെ ചിന്തകളാണോ സഞ്ചാരപ്രിയമല്ലാത്തത്, നന്മതിന്മകളെ കുറിച്ചുള്ള ചിന്തകൾ‍ ഒരുപോലെ വെടിഞ്ഞത്, ആ മാനസം സദാജാഗരൂകമാണെങ്കി‍ൽ സംസാരജീവിതത്തിന്റെ പ്രലോഭനങ്ങളെ കുറിച്ചുള്ള ഭയം വേണ്ട. ഈ ശരീരം എളുപ്പം ഉടയാവുന്ന ഒരു കുംഭമാണെന്ന ബോധമുള്ളവൻ‍ ചിന്തകളെ ദൃഢമാക്കി അതിനെ ഭൗതികതൃഷ്ണകളിൽ‍ നിന്ന് അകറ്റി നിർത്തുന്നു. പ്രലോഭനങ്ങളെ ജയിക്കേണ്ടത് ജ്ഞാനത്താലാണ്.

ഒരുതവണ കീഴടക്കിയാലും അതിനെ സദാ നിരീക്ഷണത്തിൽ‍ വെക്കണം.

ഒരു വിദ്വേഷി അപരനോട് വിദ്വേഷം പുല‍ർത്തുന്നു. ഒരു ശത്രു മറ്റൊരു ശത്രുവിനെ നോവിക്കുന്നു. എന്നാൽ‍ ഇതിനെക്കാൾ‍ വലിയ വിനാശമാണ് വഴിതെറ്റി അലയുന്ന മനസ്സ് അതിന്റെ ഉടമയ്ക്കു സമ്മാനിക്കുന്നത്. മാതാവിനെക്കാൾ‍, പിതാവിനെക്കാൾ‍, ബന്ധുമിത്രാദികളെക്കാ‍ൾ ശ്രേഷ്ഠമാണ് ഉൾക്കാഴ്ച നേടിയ മനസ്സിന്റെ സേവനം

യഥാർത്ഥ ഈശ്വരവിശ്വാസി

ഞാൻ വലിയ ഈശ്വരവിശ്വാസി ആയിരുന്നെന്നും അമ്പലങ്ങളായുള്ള അമ്പലങ്ങൾ മുഴുവൻ സന്ദർശിച്ചു തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുമായിരുന്നെന്നും എന്നാൽ എനിക്ക് ഒരു ദുരന്തം വന്നപ്പോൾ മരവിച്ചു പോയ മനസ്സിൽ ഈശ്വരനുള്ള സ്ഥാനം കുറഞ്ഞുപോയതിനാൽ അമ്പലത്തിൽ പോക്കു തന്നെ കുറഞ്ഞെന്നും ഇനി പോയാൽ തന്നെ ഒന്നും പ്രാർഥിക്കാൻ തോന്നാത്ത അവസ്ഥയിലാണ് തന്റെ മനസ്സ് എന്നുമാണ് ബഹുഭൂരിപക്ഷം ഭക്തരും ചിന്തിക്കുന്നത്;

തനിക്കനുകൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോട്‌ സ്നേഹവും പ്രതികൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോടു ദ്വേഷവും തോന്നുക. നമ്മുടെ സുഖദുഖങ്ങൾക്കു കാരണക്കാരൻ നമ്മിൽ നിന്നന്ന്യനായ ഈശ്വരനാണ് എന്ന നമ്മുടെ തെറ്റായ ചിന്തയിൽ നിന്നാണ് ഈ ഈശ്വരസ്നേഹവും ഈശ്വരവിദ്വേഷവും ജനിക്കുന്നത്.

നമ്മുടെ കർമ്മങ്ങൾക്കുള്ള (പൂർവജന്മ കർമ്മങ്ങൾക്കും എന്നും പറയാം) ഫലങ്ങളാണ് നമുക്ക് കിട്ടുന്നതെന്നും അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണെന്നും ഇതിനൊന്നും ഈശ്വരനുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ ആത്മീയഗ്രന്ഥങ്ങൾ (സനാതനധർമ്മം) അടിവരയിട്ടു പറയുന്നുണ്ട്. പക്ഷെ നമ്മൾ അതൊന്നും കേൾക്കുന്നില്ല, കേൾക്കാൻ താത്പര്യം കാണിക്കുന്നില്ല. കിട്ടിയ ജന്മത്തിനും അതിന്മൂലം വന്നു ഭവിക്കുന്ന സുഖദുഖങ്ങൾക്കും നന്ദി പറയാൻ മാത്രമേ മനുഷ്യന്‌ കഴിയൂ. ഈശ്വരാരോപിതാമാകുന്ന മറ്റെല്ലാ ഭയാശങ്കകളും സ്നേഹവിദ്വേഷഭാവങ്ങളും എല്ലാം സമൂഹവും ഇതുകൊണ്ടൊക്കെ ഗുണമുണ്ടാകുന്ന കുറെ ആളുകളും ചേർന്ന് നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയാണ് ഭക്തനു വേണ്ടത്.

ദുഖത്തിലും സുഖത്തിലും ഭഗവത് കീർത്തനങ്ങൾ പാടുകയും , എല്ലാം ഭഗവാനിൽ സമർപ്പിക്കുകയും ചെയ്യുവാൻ കഴിയുന്നവനാണ് യഥാർത്ത ഈശ്വരവിശ്വാസി , മറ്റു ജീവജാലങ്ങൾക്കും സമൂഹത്തിനും ദോഷം വരുന്ന കർമ്മങ്ങൾ ചെയ്യാതിരിക്കുകയും ഗുണം ഉണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുകയും ചെയ്യുക അതാകട്ടെ നമ്മുടെ ലക്ഷ്യവും.

തത്ത്വമസി

തത്ത്വമസി എന്ന വാചകം പിരിച്ചെഴുതുമ്പോൾ തത് + ത്വമസി എന്ന് ലഭിക്കും.

തത് എന്ന വാക്കിനർത്ഥം അത് എന്നാണ്. ത്വമസി എന്നാൽ നീ ആകുന്നു എന്നർത്ഥം..

നീ അന്വേഷിച്ച് നടന്ന അയ്യപ്പൻ നീ തന്നെയെന്നോ.... അതേ അത് എങ്ങനെയെന്നാൽ,

സ്വാർത്ഥതയെന്ന നാളീകേരം വിഘ്നേശ്വരൻ എന്ന സ്വാത്മാവിനു മുന്നിൽ എറിഞ്ഞുടച്ച്,

ഭൗതികവും ആത്മീയവുമായ സകലചരാചരങ്ങളെയും ബ്രഹ്മമെന്ന നൂലിനാൽ കോർത്തമാലയെ ധരിച്ച്,

41 ദിവസം ബ്രഹ്മത്തെ മാത്രം ധ്യാനിച്ച്,

രജോതമോഗുണപ്രദായക ഭക്ഷണങ്ങൾ വർജ്ജിച്ച്,

കർമ്മഫലമെന്ന പുണ്യപാപങ്ങളുടെ ഇരുമുടി ചുമന്ന്,

പ്രാണാനെന്ന പമ്പയിൽ പിതൃബലിയിട്ട്

മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തി,

പ്രാണനേയും അപാനനേയും ഒരു ഇരുമുടിക്കെട്ടിൽ ബന്ധിച്ച്,

പുറത്തേയ്ക്ക് മാത്രം നോക്കി ജീവിച്ച നാം കണ്ണടച്ച് ഒരിക്കൽക്കൂടി വിഘ്നേശ്വരനെ വണങ്ങി,

കൊടുകാടാകുന്ന പ്രകൃതിയുടെ മടിത്തട്ടിൽ ശരീരം ലഭിച്ച ആദ്യനാളുകളായ ഗർഭസ്ഥവാസത്തിലൂടെ,

അവസാനത്തെ ആയുധവും ശരംകുത്തിയിൽ ഉപേക്ഷിച്ച്,

രസത്തിനെ അവസാന എരിവും വാവർക്ക് അർപ്പിച്ച്,

കർമ്മേന്ദ്രീയങ്ങളായ അഞ്ചു പടികൾ... കർമ്മംചെയ്യുന്ന കൈകൾ, കാലുകൾ, വായ, ഗുദം, ലിംഗം...

കർമ്മങ്ങളിൽ നിന്നുള്ള മുക്തി. ജ്ഞാനേന്ദ്രീയങ്ങളായ അഞ്ച് പടികൾ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്.... ഇവയുടെ പിടിയിൽ നിന്നും നാം മോചിതരായി പത്ത്പടികൾ ചവിട്ടിക്കഴിഞ്ഞു....

ജ്ഞാനേന്ദ്രീയങ്ങളും കർമ്മേന്ദ്രീയങ്ങളും നൽകുന്ന യാതൊരു പ്രലോഭനത്തിനും ഇനി നമ്മൾ വശംവദരാകില്ല എന്ന ബോധത്തോടെ...

നമ്മെ ഭൗതിക ജീവിതത്തിലേയ്ക്ക് തിരികെ പിടിച്ചു വലിയ്ക്കുന്ന ആത്മീയ ജീവിതത്തിന്റെ ശത്രുക്കളായാ അവസാനത്തെ എട്ട്പടികൾ... അഷ്ടരാഗങ്ങൾ എന്ന കാമം, ക്രോധം, ഭയം, മോഹം, ദ്വേഷം, മദം, മാത്സര്യം, വാത്സല്യം.... അവയേയും അതിജീവിച്ചു.... പടിചവിട്ടിക്കയറുമ്പോൾ

അയ്യപ്പൻ എന്ന സകലബ്രഹ്മത്തിന്റെയും ഒടുക്കവും തുടക്കവും ആധാരവുമായ പരബ്രഹ്മത്തിന് സകല ആത്മാവിനും ഒടുക്കവും തുടക്കവും ആധാരവുമായ പരിപാലനശക്തിയിൽ ലയിച്ചുണ്ടായ ഹരിഹരപുത്രൻ..... തത്ത്വമസ്സി.... അത് നീയാണ്..... നീ അന്വേഷിച്ച് നടന്ന അയ്യപ്പൻ നീ തന്നെയെന്നോ...അവിടെ സ്വാമി... അയ്യപ്പ എന്ന ദൈതമന്ത്രം അദ്വൈതമായി മാറുന്നു. .
ആത്മാവിനു വേണ്ട ശുദ്ധിയുണ്ടാവുമ്പോൾ സകല ആത്മാവും ദൈവതുല്യരാകുന്നു..

അതെ പരബ്രഹമത്തിനു പരാശക്തിയിൽ ജനിച്ച ഗജാനന്മാരായ ജീവാത്മാക്കൾ ഹരിഹരപുത്രനായ ധർമ്മത്തിന്റെ ശാസ്താവായി മാറുന്നു.

നമ്മൾ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ബ്രഹ്മാസനത്തിൽ തപസ്സിരിയ്ക്കുന്ന ആ നിത്യബ്രഹ്മചാരി പരമാത്മചൈതന്യം നാമെന്ന ജീവാത്മാവ്

തത് എന്ന പദം നിർവചിച്ചാൽ സകലലോകത്തിനും ആധാരമായ,
ബോധ സ്വരൂപമായ.. (എല്ലാം അറിയുന്നതായ) , സർവവ്യാപിയായ.. (എല്ലായിടത്തുംനിറഞ്ഞിരിക്കുന്നതായ),
അജാതമായ (ജനിക്കാത്തത്), .
അമരമായ (മരിക്കാത്തത്),,,
അനന്ദരൂപമായ പരബ്രഹ്മമാണ് ഒരുസാധകന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനെ സാക്ഷാൽക്കരിക്കുവാനാണ് അഥവാ സ്വയം അറിഞ്ഞ് അതായിത്തീരാനാണ് ശബരിമല തീർത്ഥാടനം ....

,,,,,,,,,,,,,,,സ്വാമിയേ ശരണമയ്യപ്പാ,,,,,,,,,,,,