Thursday 24 September 2020

നവരാത്രി വിചാരം

യഥാർത്ഥത്തിൽ ഓരോ മാസവും നവരാത്രിയുണ്ടെന്നു നമ്മളിലെത്ര പേരറിയുന്നു!? അതിൽ പ്രധാനമായതു നാലു നവരാത്രികൾ. 

വസന്ത നവരാത്രി - മീനത്തിൽ 

ആഷാട നവരാത്രി - മിഥുനത്തിൽ 

ശരദ് നവരാത്രി/ മഹാ നവരാത്രി - കന്നിയിൽ

മാഘ നവരാത്രി - ധനുവിൽ 

ഇതിൽ മീനമാസത്തിലെയും കന്നിമാസത്തിലെയും നവരാത്രിക്കു പ്രാധാന്യമേറും. അതിൽത്തന്നെ കന്നിമാസത്തിലെ നവരാത്രിക്ക് വൈശിഷ്ട്യവും കൂടുതൽ. അതുകൊണ്ടുതന്നെ അത് നവരാത്രികളിലുത്തമമായ മഹാനവരാത്രിയായി ഗണിക്കപ്പെടുന്നു. 

അമാവാസി കഴിഞ്ഞുള്ള ആദ്യ ചന്ദ്രദർശനമാണ് നവരാത്രിയുടെ പ്രഥമദിനമായി കണക്കാക്കപ്പെടുന്നത്‌. അതായത് ചന്ദ്രന്റെ ബാലാവസ്ഥയിൽനിന്നു യൌവനാവസ്ഥവരെയുള്ള ഒമ്പതു ദിവസങ്ങളാണത്രേ ശ്രേഷ്ഠം. 

 കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ മേൽപ്പറഞ്ഞ രണ്ടു നവരാത്രികളും വളരെ ഗംഭീരമായി കൊണ്ടാടുന്നുണ്ട്.

ഒൻപതു ദിവസങ്ങളിലായി ഒൻപതു ദേവീ ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. അങ്ങനെ ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയും സമ്പന്നമാക്കി മനുഷ്യായുസ്സിനെ പരിപാലിക്കുക എന്ന ഉദ്ദേശം. 

നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ശ്രീമദ്ദേവീ മഹാഭാഗവതത്തിലും മാർക്കാണ്ഡേയ പുരാണത്തിലും വിസ്തരിക്കുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡമുണ്ഡാസുരർ, രക്തബീജന്‍, ധൂമ്രലോചനന്‍, ശുഭനിശുംഭന്മാര്‍, ഭീമാസുരൻ, അരുണാസുരൻ തുടങ്ങിയ ഘോരരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന്റെ ബാഹ്യഹേതു.

ഈ ഒൻപതു ദിവസവും വളരെ മഹാത്മ്യമുള്ളത്. അതിൽത്തന്നെ അവസാന മൂന്നു ദിവസം ഉത്തമോത്തമം. അതായത് മഹാനവമിവരെ. ഒമ്പതുദിവസവും വ്രതം, സദ്സംഗം, പുരാണ പാരായണം എന്നിവ അനുയോജ്യം. 

വ്രതമെന്നാൽ നമ്മുടെ ശേഷിപോലെ. അത് ഒരു നേരംമാത്രം ആഹരിച്ചോ, ജലാഹാരം കഴിച്ചോ, ഉപവസിച്ചോ, അരിയാഹാരം ഉപേക്ഷിച്ചോ നമ്മുടെ തൃപ്തിപോലെ എങ്ങനെ വേണമെങ്കിലും ആകാം. എന്തായാലും നമുക്കു ഏറ്റവും പ്രിയപ്പെട്ട ഒരാഹാരം ഉപേക്ഷിക്കുക. മാംസാഹാരം വർജ്ജ്യം.

സത്‌സംഗം - ഇതു വിവരിക്കേണ്ട കാര്യമില്ലെന്നു കരുതുന്നു.

പുരാണ പാരായണമെന്നതു വെറും ജപത്തിൽ മാത്രം അധിഷ്ഠിതമല്ല. ദേവീമാഹാത്മ്യമോ, ദേവീഭാഗവതമോ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ ആകാം. 

ഏതൊരു കാര്യവും അന്ധമായി പിന്തുടരുന്നതിലും അർത്ഥമറിഞ്ഞു പിന്തുടരുമ്പോഴാണ് അതിനു നിലനില്പും ഫലപ്രാപ്തിയും ഉണ്ടാകുന്നത്.  

നവരാത്രി ഒന്നാം ദിവസം - ദേവി ശൈലപുത്രീഭാവം. (ചിലയിടങ്ങളിൽ ഇന്നു രണ്ടാം ദിവസമെന്നു കാണാം. പക്ഷേ രണ്ടുദിവസവും പ്രഥമ തന്നെ വന്നതുകൊണ്ട് ഇന്നലെയും ഇന്നും ശൈലപുത്രിതന്നെയെന്നു ഞാനെടുക്കുന്നു) 

 ധ്യാന ശ്ലോകം:

വന്ദേ വാഞ്ച്ഛിത ലാഭായ ചന്ദ്രാർദ്ധകൃത ശേഖരാം! വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം!!  

ശൈലപുത്രി; പേര് സൂചിപ്പിക്കുന്നപോലെ ശൈലത്തിന്റെ, പർവ്വതത്തിന്റെ പുത്രി. പർവ്വത രാജാവായ ഹിമവാനും പത്നി മേനാവതിക്കും കഠിനമായ സാധനയാൽ ജനിച്ച പുത്രി. അതേ; ദക്ഷ പുത്രിയായ സതിയുടെ പുനർജ്ജന്മമായ പാർവതി തന്നെയാണിത്. പക്ഷേ പാർവതിയുടെ ബാലാവസ്ഥ തൊട്ടു കൌമാരം വരെയാണ് ശൈല പുത്രിയെന്നറിയപ്പെടുന്നത്.   

ഇനി ഇതിന്റെ സത്ത എടുത്താൽ പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈല പുത്രി. ഇതു പ്രകടമായ ദേവീ ഭാവമാണ്. ശൈലം പോലെ ഉറച്ച ഭക്തിയിൽ തളിരിടുന്ന സിദ്ധികൾ. അതായത് ശൈലത്തിന്റെ പുത്രിയായ നദി ജീവന്റെ ഉറവിടം. സംഹാരത്തിനും ആ നദി മതിയാകും. പക്ഷേ ജീവന്റെ ആ ഉറവിടത്തെ ആരാധിക്കുന്നതിലൂടെ നാം നമ്മുടെ മൂലാധാര ശക്തിയെയാണ് ഉണർത്തുന്നതും. 

ശ്രീ മദ്ദേവീ മഹാഭാഗവതത്തിൽ തന്റെ ശക്തിയിൽ അഹങ്കാരം പൂണ്ട ഇന്ദ്രാദി ദേവകളോട്, ദേവി യക്ഷജ്യോതിസ്സായി ഒരു പുല്ക്കൊടി കാട്ടിക്കൊടുത്ത് അതിനെ ഒന്നെടുക്കാമോ എന്നു ചോദിക്കുന്ന സന്ദർഭമുണ്ട്. ഇന്ദ്രനും മറ്റു ദേവകളും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അതു സാധിച്ചില്ലെന്നു മാത്രമല്ലാ അതിനെ ഒന്നിളക്കാൻകൂടി കഴിഞ്ഞില്ല! ശക്തിയറ്റ ദേവകൾ തങ്ങളുടെ തെറ്റു മനസ്സിലാക്കുകയും ഞാനെന്ന ഭാവം വിട്ടു നിരുപാധികം ക്ഷമ യാചിക്കുകയും ചെയ്തു. അപ്പോഴാണ് ആ യക്ഷദീപം തന്റെ സ്വത്വം വെളിപ്പെടുത്തി അവർക്കവരുടെ ശക്തി തിരിച്ചുകൊടുത്തതും അവരെ അനുഗ്രഹിച്ചതും! ഹൃദയഹാരിയാണ് ആ കഥകളാണതെല്ലാം. ശേഷമാണു് ശൈല പുത്രിയായ ശക്തീഭാവം ആരാധനയായത്. നന്തിയാണ് ശൈലപുത്രിയുടെ വാഹനം. ദേവിയുടെ ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ താമരയും കാണപ്പെടുന്നു. ശിവന്റെ ശക്തിയായും വിളങ്ങുന്നത് ഈ ദേവീഭാവംതന്നെ. ബാലാ ത്രിപുര സുന്ദരിയെന്നും ഈ ദേവി അറിയപ്പെടുന്നു.

യാ ദേവീ സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ  | 
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:!   | 
ശക്തിമത്തായ ഒരു ദിനം ആശംസിച്ചുകൊണ്ട്

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി രണ്ടാം ദിവസം - ദേവി ബ്രഹ്മചാരിണീഭാവം. 

ധ്യാന ശ്ലോകം:

ദധാനാ കരപത്മാഭ്യാമഭയമക്ഷമാലാ കമണ്ഡലു | 
ദേവീ പ്രസീദ തു മയി ബ്രഹ്മചാരിണ്യനുത്തമാ  |
ബ്രഹ്മചാരിണി: തപസ്സിൽ ചരിക്കുന്നവൾ 

യൌവനയുക്തയായ പാർവതീദേവി പരമശിവനെ മനസ്സാ വരിച്ചുകഴിഞ്ഞു. പക്ഷേ മഹാദേവനാകട്ടെ സതീവിരഹത്തിൽ വിരക്തനും. ഈ സമയം മദഗർവ്വിതനായ താരകാസുരന്റെ അധിനിവേശത്തിൽ തളർന്ന ദേവകളുടെ രക്ഷയ്ക്കായി നാരദമുനി അവതരിച്ചു. 

അദ്ദേഹം ദു:ഖിതയായ പാർവതിയെ സമീപിച്ച് ശിവപ്രീതിക്കായി തപസ്സുചെയ്യുവാൻ ഉപദേശിച്ചു. മാതാപിതാക്കൾ അതിനെ എതിർത്തെങ്കിലും തന്റെ പ്രേമപൂർത്തീകരണത്തിനായി ദേവി തപസ്സിനായി ഇറങ്ങിത്തിരിച്ചു. രാജകീയവേഷഭൂഷാദികൾഉപേക്ഷിച്ച് സാത്വികഉടയാടകളോടെ അക്ഷമാലയും കമണ്ഡലുവും കൈയിലേന്തി. 

ലക്ഷ്യപ്രാപ്തിക്കായി കഠിനതപസ്സു തുടങ്ങിയ ദേവിക്കു പ്രതിബന്ധങ്ങളൊന്നും പ്രശ്നമേ ആയിരുന്നില്ല. വീണുകിടക്കുന്ന ഇലകൾമാത്രമായിരുന്നു ഭക്ഷിച്ചത്. പിന്നീട് അതുമുപേക്ഷിച്ച് വായുഭക്ഷണമാരംഭിച്ച സമയത്താണ് ഒരു ഭിക്ഷു ദേവിയെ സമീപിച്ച് മഹാദേവനെക്കുറിച്ചുള്ള കുറ്റങ്ങൾനിരത്തി ദേവിയെ തപസ്സിൽനിന്നു പിന്തിരിപ്പിക്കാൻശ്രമിക്കുന്നത്. 

ആദ്യമെല്ലാം ക്ഷമ അവലംബിച്ച ദേവി തന്റെ പ്രേമഭാജനത്തെക്കുറിച്ചുള്ള കുറ്റങ്ങൾ അസഹ്യമായപ്പോൾ ആ ഭിക്ഷുവിനെ ശപിക്കാനൊരുമ്പെട്ടു. അപ്പോഴാണ്‌ ആ ഭിക്ഷു തന്റെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നത്. അതു മറ്റാരുമായിരുന്നില്ലാ, സാക്ഷാൽ മഹാദേവൻതന്നെ ദേവിയെ പരീക്ഷിക്കാനെത്തിയതായിരുന്നു! ദേവിയുടെ നിഷ്ഠയിലും ഭക്തിയിലും മനം നിറഞ്ഞ ദേവൻ ദേവിയുടെ പ്രേമം സ്വീകരിക്കുകയും ദേവിക്കു ബ്രഹ്മചാരിണി എന്ന നാമം നല്കുകയുംചെയ്തു.

ഈ ദേവിയുടെ പ്രാഭവത്താലാണ് ഭക്തർക്ക്‌ നവരാത്രിസമയങ്ങളിൽ ഒമ്പതുദിവസവും ഉപവസിക്കുവാൻസാധിക്കുന്നത് എന്നാണു വിശ്വാസം. 

ഇനിയിതിന്റെ സത്തയെടുത്താൽ ശക്തിയെ നിലനിറുത്താൻ കഠിനമായസാധനകൾ അത്യന്താപേക്ഷിതം. നിരന്തരമായ ചിട്ടയിലൂടെയും നിഷ്ഠയിലൂടെയും അതു നേടിയെടുക്കാവുന്നതും. അതിലൂടെ നാം എത്തിച്ചേരുന്നത് നമ്മുടെ ലക്ഷ്യത്തിലേക്കും.  

ആർക്കായാലും; അതിപ്പോൾ ഭൂമിയായാൽപ്പോലും ക്ഷമയ്ക്കും ഒരളവുകോലൊക്കെ കാണുമെന്നതാവട്ടെ ഇന്നത്തെ ചിന്ത.

യാ ദേവീ സർവ്വഭൂതേഷു ക്ഷമാരൂപേണ സംസ്ഥിതാ  | 
നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:  

ലക്ഷ്യത്തിലേക്കാവട്ടെ ഇന്നിന്റെ പ്രയാണമെന്നാശംസിച്ചുകൊണ്ട്

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി മൂന്നാം ദിവസം:- ചന്ദ്രഘണ്ട

ചന്ദ്രഘണ്ട: ചന്ദ്രമണി ധരിച്ചവള്‍ 

വിവാഹസമയത്തു രാജവധുക്കള്‍ ധരിക്കുന്ന ഒരാഭരണമാണു ചന്ദ്രമണി. ഒരു നവവധുവിന്റെ വേഷവിധാനങ്ങളോടെ കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകായുധങ്ങളുമായി പുലിപ്പുറത്തിരിക്കുന്നതായാണ് ഈ ദേവീസങ്കല്പം.

അങ്ങനെ വിവാഹദിനം വന്നെത്തി. ദേവി ബ്രഹ്മചാരിണി സർവ്വാലങ്കാരവിഭൂഷിതയായി. പക്ഷേ വിവാഹത്തിനായി വരനും സംഘവും എത്തിയപ്പോള്‍ വധുവിന്റെ വീടൊരു മരണവീടുപോലെയായി! കാരണമെന്തെന്നോ.. പരമശിവന്റെ ശ്മശാനവേഷവും, ഭീകരഭൂതഗണങ്ങളും, ഒപ്പമുള്ള കാട്ടുമൃഗങ്ങളുംതന്നെ! ഒരു വരൻ ഇങ്ങനെയാണോ വിവാഹത്തിനു വരുന്നത്!!! വധുവിന്റെ വീട്ടുകാർ വിഹ്വലരായ് അലമുറയിട്ടു. ചിലർ മോഹാലസ്യപ്പെട്ടുപോയി. 

എന്നാൽ യുദ്ധത്തിനു വരുന്നപോലെ വിവാഹത്തിനു വരനെത്തിയതു കണ്ടപ്പോള്‍ ദേവിക്കൊരു കുലുക്കവുമുണ്ടായില്ല. ദേവി തന്റെ വിവാഹവേഷവിധാനങ്ങളോടെ സഭയിലെത്തി. സാധാരണ ചന്ദ്രഘണ്ഡ ധരിച്ച വധുക്കളെ അവളുടെ പുരുഷനല്ലാതെ മറ്റാരും കാണുകപതിവില്ലാ. പക്ഷേ അതിനു വിപരീതമായി തന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ നേരിട്ട് സന്നിഹിതയായി. കൈയിലാണെങ്കിൽ തന്റെ ബ്രഹ്മചാരിണിഭാവത്തിലുണ്ടായ കമണ്ഡലുവും അക്ഷമാലയുമായിരുന്നു ഉണ്ടായിരുന്നത്.  

ദേവി സധൈര്യം അവരെ സമീപിച്ച് സ്വാഗതമരുളി. പിന്നെ അവരുടെ ആയുധങ്ങള്‍ വാങ്ങി തന്റെ കൈയിലൊതുക്കി. ശേഷം ഉച്ചത്തിൽ ഒരു സംജ്ഞ നല്കി. അതാ ഘടാഘടിയനായ ഒരു പുലി കാട്ടിൽനിന്നു വരുന്നു; അതൊരു മുയലിനെപ്പോലെ ദേവിയുടെ ആജ്ഞാനുവർത്തിയായ് നിലകൊണ്ടു!

ദേവിയുടെ ഈ ഭാവമാറ്റം കണ്ട് ശിവഭൂതഗണങ്ങളും മറ്റു പരിവാരങ്ങളും അത്ഭുതപരതന്ത്രരായെന്നു എടുത്തുപറയേണ്ടതില്ലല്ലോ! അങ്ങനെയാണ് ദേവിക്കു ചന്ദ്രഘണ്ടയെന്ന പേരു വീഴുന്നത്!

പക്ഷേ ദേവിയുടെ ആ ധൈര്യം കണ്ടപ്പോൾ സുപ്രസന്നനായ മഹാദേവൻ പിന്നെ ദേവിയോട് ഇഷ്ടവരം ചോദിക്കാനാവശ്യപ്പെടുകയായിരുന്നു. ദേവി ആവശ്യപ്പെട്ടതെന്താണെന്നോ.. ഓരോരോ സന്ദർഭങ്ങൾക്കും ഓരോരോ വേഷങ്ങള്‍ അനിവാര്യമാണെന്നും അതുകൊണ്ട് പരമശിവൻ കപാലിവേഷം വെടിഞ്ഞ് രാജവേഷം ധരിക്കണമെന്നും! 

അതിലെതിർപ്പുണ്ടായിരുന്നെങ്കിലും മഹാദേവനു സമ്മതിക്കാതെ തരമില്ലായിരുന്നു. പിന്നീടദ്ദേഹം പ്രൗഢഗംഭീരമായ രാജവേഷങ്ങള്‍ ധരിക്കുകയും തന്റെ ഭൂതഗണങ്ങളെയെല്ലാം ആ രീതിയിൽ മാറ്റിയെടുക്കുകയും ചെയ്തു. 

ഈ ഒരേയൊരു സന്ദർഭത്തിൽമാത്രമേ മഹാദേവൻ അങ്ങനൊരു വേഷം സ്വീകരിച്ചിട്ടുള്ളൂവെന്നതു് വളരെ ശ്രദ്ധേയമാണ്.

അവിടെ ദേവിയുടെ സഹോദരസ്ഥാനമലങ്കരിച്ചുനിന്നത് ശ്രീമന്നാരായണനാണ്. അന്നുമുതലാണ് ദേവി നാരായണസോദരിയെന്ന് അറിയപ്പെട്ടുതുടങ്ങിയത്!

ജീവിതത്തിൽ മാറ്റങ്ങള്‍ അനിവാര്യം. അതാർക്കും അനായാസം സാധിക്കുന്നതും. പക്ഷേ സന്ദർഭംകൂടി ആവശ്യപ്പെട്ടാലേ അതു നടക്കൂവെന്നുമാത്രം! ആ ഒരു അറിവാണ് ഇതുദ്ഘോഷിക്കുന്നതും. അതുകൊണ്ടുതന്നെ അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായും ചന്ദ്രഘണ്ടാദേവി അറിയപ്പെടുന്നു.

ചന്ദ്രഘണ്ടയുടെ ധ്യാനശ്ലോകം:

പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്ര കൈര്യുതാ| 
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ||

ചന്ദ്രനാകുന്ന മണി കൈയിൽ ധരിച്ചവൾ, ചന്ദ്രബിംബത്താൽ ആലേഖിതമായ ഘണ്ടയെ (മണിയെ) കൈയിൽ ധരിച്ചവളെന്നും ചന്ദ്രഘണ്ട. അജ്ഞാനാലസ്യത്തിൽ നിന്നും ഉണർത്തുന്ന ഈ വെള്ളോട്ടു മണിനാദം പ്രണവസ്വരൂപം. ദേവി ധരിച്ച രണ്ട് മണികളിൽ ഒന്ന് പൂജാസമയത്ത് ചെറുത് ദ്രുതഗതിയിലും,വലുത് നട തുറക്കുന്നതിനു മുമ്പ് ഉണർച്ച പ്രതീകമായ പ്രണവം ഉതിർക്കുന്ന രീതിയിലും ക്ഷേത്രത്തിൽ കൊട്ടുന്നു. ല യ യോഗ പദ്ധതിയിലെ പ്രതിഫലന പ്രതികരണത്തിലൂടെ ഭക്തരിൽ കുണ്ഡലിനി ശക്തി ഉത്ഥാപനത്തിനായി. 

വ്യക്തിസ്വാതന്ത്ര്യം താന്താങ്ങളുടെ ആവശ്യം; പക്ഷേ അപരർക്ക് അലോസരമായ വ്യക്തിസ്വാതന്ത്ര്യം തീർത്തും അനാവശ്യവും! 

ഒപ്പം സാഹചര്യങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യവും പ്രാപ്തിയും ഇവിടെ വായിച്ചെടുക്കാം! 

ഈയൊരു ചിന്തയോടെയാവട്ടെ ഇന്നത്തെ യാത്ര!

യാ ദേവീ സർവ്വഭൂതേഷു ധൈര്യരൂപേണ സംസ്ഥിതാ 
നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:

അധൈര്യമൊഴിഞ്ഞ ഒരു ദിനമാശംസിച്ചുകൊണ്ട്,

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി നാലാം ദിവസം - കൂഷ്മാണ്ഡ

കൂഷ്മാണ്ഡ - ഊർജ്ജം അണ്ഡരൂപത്തിൽ സൂക്ഷിച്ചവൾ, കുമ്പളങ്ങ തുടങ്ങിയ അർത്ഥതലങ്ങൾ. 

കഴിഞ്ഞ മൂന്നുദിവസങ്ങൾ നാം ഇച്ഛാശക്തിയെയാണ് പ്രതിപാദിച്ചത്. ഇനിയങ്ങോട്ടുള്ള മൂന്നുദിവസങ്ങൾ ക്രിയാശക്തിയിലേക്കാണ്. 

പാർവതീദേവി മഹേശ്വരനുമായുള്ള വിവാഹംകഴിഞ്ഞ് ഗാർഹസ്ഥ്യജീവിതം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, തുടങ്ങിയ ഭാവങ്ങളുപേക്ഷിച്ച് ശിവശക്തിഭാവത്തിലായ ഉമയാണ്. ഇവിടെ മഹാദേവൻ ധ്യാനമഗ്നനാണ്. ദേവിയോ ശുശ്രൂഷയെന്ന ധ്യാനത്തിലാണ് അദ്ദേഹത്തിന്റെയൊപ്പം! 

ഇക്കാലം താരകാസുരദ്രോഹത്തിൽ പൊറുതിമുട്ടിയ ദേവകൾക്ക് തങ്ങളുടെ രക്ഷകനായ ഉണ്ണിയെ കാത്തിരുന്നുകാത്തിരുന്ന് ക്ഷമനശിച്ചു. അവരെല്ലാവരും കൂടി ഹിമവാന്റെ പത്നിയും ഉമയുടെ മാതാവുമായ മേനാദേവിയെക്കണ്ട് സങ്കടമുണർത്തിച്ചു. മേനാദേവിയും സമാനമായ അവസ്ഥയിലായിരുന്നു. അങ്ങനെ മേനാദേവി മകളുടെ സമക്ഷം ചെല്ലുകയും കുടുംബജീവിതത്തിൽ കുട്ടികളുടെ സാന്നിദ്ധ്യത്തിനു വിളംബമരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. 

തദ്വാരാ ലോകഹിതാർത്ഥം സർവ്വാധാരയായ ധരയിൽവച്ച് ശിവശക്തികൾ ധ്യാനത്തിലേർപ്പെട്ടു. താന്ത്രികമൈഥുനപ്രകാരം ശിവബീജവുംശക്ത്യണ്ഡവും സംയോജിക്കപ്പെട്ടു. അന്നേരമതതാ ഒരു ജീവജ്യോതിസ്സായി മാറുന്നു!! ജ്വലിച്ചുകൊണ്ടിരിക്കുന്ന ആ ജ്യോതിസ്സിന്റെ ഭാരം ഭൂദേവിക്കസഹ്യമാണെന്നു കണ്ടപ്പോൾ ആ ഊർജ്ജത്തെ ഉമാദേവി താമസംവിനാ തന്നിലേക്ക് ഉൾക്കൊള്ളുകയായിരുന്നു.. 

ഊർജ്ജമേറ്റിയ ദേവിയുടെ ചൈതന്യം അനുദിനമനുദിനം വർദ്ധിച്ചുകൊണ്ടിരുന്നു. മറ്റൊരു ജീവൻ തന്റെയുള്ളിൽ നാമ്പെടുത്തനിമിഷംമുതൽ ദേവി ആകെ മാറിപ്പോയി. ഉമയിൽനിന്നു കൂശ്മാണ്ഡയിലേക്കുള്ള ആ മാറ്റം അത്ഭുതത്തോടെയാണ് പ്രപഞ്ചംവീക്ഷിച്ചത്!! കുഞ്ഞിനോടുള്ള മമതയിൽ ദേവി തന്റെ കർത്തവ്യങ്ങൾ മറക്കുമോ എന്നൊരു ഭയം ദേവന്മാരിൽ നാമ്പെടുക്കുകയും ചെയ്തു, ഒപ്പം കുഞ്ഞിനെച്ചൊല്ലിയുള്ള ആശങ്കയും!

കണ്ടുവോ കാലഗതി; ആദ്യം കുഞ്ഞാവാത്തതിലായിരുന്നു സങ്കടം, പിന്നിതാ ആ കുഞ്ഞിനെ വിട്ടുതരുമോ എന്നതിലായി സങ്കടം!!

പക്ഷേ ചരാചരങ്ങൾ ആനന്ദത്തിലായിരുന്നു, തങ്ങളുടെ പുതിയ അതിഥിയെ സ്വീകരിക്കാൻ അവ പതുക്കെ സജ്ജമാകുകയാണ്.. 

അവയങ്ങനെ സജ്ജമാവട്ടെ; അപ്പോഴേക്കും നമുക്ക് നമ്മുടെ ചിന്തകളെയും സജ്ജമാക്കാം..      

കൂഷ്മാണ്ഡ : കു(ചെറിയ), ഊഷ്മാ (ഊർജ്ജം), അണ്ഡാ എന്നീ മൂന്നുവാക്കുകൾ ചേർന്ന് ഉരുത്തിരിഞ്ഞ നാമം കൂഷ്മാണ്ഡ. പേരുപോലെത്തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ എന്നർത്ഥം. ഗർഭവതിയായ ഒരു സ്ത്രീസൃഷ്ടിയെത്തന്നെ ഉദാഹരണമായെടുക്കാം. 

സൂര്യമണ്ഡലം നിയന്ത്രിക്കുന്നതും ഈ ദേവീഭാവമെന്നാണു് വിശ്രുതി. ഒപ്പം താത്ത്വികമായി പറഞ്ഞാൽ; കുത്സിതപാപകർമ്മങ്ങളുടെ ഫലങ്ങളായ താപത്രയങ്ങളെ (മൂന്നുതരം ദുഃഖങ്ങളെ) ഭക്തവാത്സല്യാൽ തന്റെ ഉദരത്തിലേക്ക് വിഴുങ്ങുന്നവൾകൂടിയാണ് കൂഷ്മാണ്ഡാ. അതാണു് ചില ദേവീക്ഷേത്രങ്ങളിൽ അഴൽനിവേദ്യം. 

തന്നിൽനിന്ന് സകലതും സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവാണ് കൂഷ്മാണ്ഡ. ആദിപരാശക്തിയാണ് ഈ ദേവീഭാവം; അതായത് ജീവജാലങ്ങളിലെ സൃഷ്ടിഭാവം! അതാണു് തന്റെ മുഖ്യംശമായ പാർവതിയിലൂടെ പരാശക്തി അതിന്റെ സാക്ഷാത്കാരം കാണിക്കുന്നതും!

പ്രളയത്തിനു ശേഷമുള്ള ഒമ്പതു രാത്രികള്‍കഴിഞ്ഞു പത്താംനാളിലെ ഒരു വേദനയിൽനിന്നുത്ഭവിച്ച നിർവൃതിയോടെയുള്ള പുഞ്ചിരിയിൽനിന്നാണ് സൃഷ്ടിയുടെപിറവി. ഇത്‌ മാനുഷികഗണനയില്‍ ഒമ്പതുശതകങ്ങളും, മാനുഷികസൃഷ്ടികളിൽ ഒമ്പതുമാസവുമാണു് കണക്ക്. അപ്പോൾ സരളമായി ഇതിന്റെ തത്ത്വം ഊഹിക്കാമല്ലോ!   

അണ്ഡത്തിന്റെരൂപത്തിൽ ഊർജ്ജം സംഭരിച്ച് സൃഷ്ടി നടത്തുന്ന ദേവി ഒരു സൌരയൂഥത്തിൽമാത്രം അധിഷ്ഠിതയല്ലാ, മറിച്ച് എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ച് ആ സൃഷ്ടിയുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതും അറിയുന്നതും ഇതേ ഭാവംതന്നെ. അതറിയുന്നിടത്തു നമ്മുടെ ക്രിയാശക്തിയും ഉണരുന്നു..

രണ്ടുവരിയിൽ ആ കൂഷ്മാണ്ഡയുടെ ധ്യാനശ്ലോകം സമ്പൂർണ്ണം;

സുരാ സമ്പൂർണ്ണകലശം രുധിരാപ്ലുതമേവ ച l 
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മാ ll

എന്താണെന്നോ അർത്ഥം; കൈകളിൽ കമണ്ഡലുവും രക്തകലശവും താമരപ്പൂവുമേന്തിയ കൂശ്മാണ്ഡാദേവി എനിക്കു ശുഭം പ്രദാനം ചെയ്യട്ടേ!

രുധിരം ഗർഭപാത്രത്തെയും താമരപ്പൂ പൊക്കിൾക്കൊടിയെയും പ്രതിനിധാനം ചെയുന്നു. എത്ര താത്ത്വികമാണീ വീക്ഷണമെന്നു കണ്ടുവോ!!

ജീവപ്രപഞ്ചത്തിൽ ജീവനാണോ അണ്ഡമാണോ ആദ്യമുണ്ടായതെന്ന ഉത്തരം ഇവിടെ ലഭിക്കുന്നു. കൌശികീദേവിയും പിന്നീടുള്ള ദേവിയുടെ അംശദേവിമാരും സൃഷ്ടിയുടെ പൂർണ്ണതകളാണ്. 

അസുരനിഗ്രത്തിനായി അനവധിഭാവങ്ങള്‍ കൈക്കൊണ്ട ദേവി, താൻ നട്ടുനനച്ചുവളർത്തിയ ചെടികളിൽ ഏതെങ്കിലും ചെടികള്‍ തന്റെ പ്രിയപ്പെട്ടവർക്ക് ദോഷമായി ഭവിക്കുന്നെങ്കിൽ അതിനെ വെട്ടിക്കളയാനോ പറിച്ച് മാറ്റിനടുവാനോ തനിക്കു യാതൊരു വിഷമവുമില്ലെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ശക്തിയുടെ പ്രതീകമായ സിംഹവാഹനയായാണ്‌ ഈ ദേവീരൂപം ആരാധനയ്ക്ക്.

ചരാചരങ്ങളെല്ലാം സൃഷ്ടിയുടെ ഉദാത്തഭാവങ്ങളാലും സൗന്ദര്യങ്ങളാലും സമ്പൂർണ്ണം! അതുകൊണ്ടുതന്നെ സമഭാവദർശനമാണ് അഭികാമ്യം. ചൂഷണങ്ങള്‍ക്കും ദ്രോഹങ്ങള്‍ക്കുമെല്ലാം പരിധികള്‍ നിശ്ചയം. ഈയൊരു സ്മൃതിയിലാവട്ടെ ഇന്നുമുതലുള്ള തുടക്കം.

യാ ദേവീ സർവ്വഭൂതേഷു സൃഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:

സൃഷ്ടിയുടെ സൗന്ദര്യഭാവമറിഞ്ഞുകൊണ്ടാവട്ടെ ഈ ദിവസത്തിന്റെ പ്രയാണം!

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി ആറാം ദിവസം - കാത്യായനി

നവരാത്രിയുടെ ആറാംദിവസമായ ഇന്നു്, ക്രിയാശക്തിയുടെ അവസാനദിനവുംകൂടിയാണ്. ഈ ദിവസത്തെ ആരാധ്യദേവീനാമം കാത്യായനിയെന്നാണു്! ശ്രദ്ധിക്കുക, കാത്യായനിയെന്നാണു് നാമം; കാർത്ത്യായനിയല്ലാ! 

അതിവിശിഷ്ടമായ മറ്റൊരാഖ്യാനത്തിലേക്കാണ് നാമിന്നു പ്രയാണം ചെയ്യുന്നത്; കുലത്തിന്റെ പുത്രിയായി അറിയപ്പെടാനാഗ്രഹിച്ച ദേവീചൈതന്യത്തിന്റെ കഥ!

കാത്യവംശത്തിലെ അവസാനകണ്ണിയായ മഹർഷി കാത്യായനനും പത്നി ഹൈമവതിയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം.. ബാലാദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്ന ആ ദമ്പതികൾ, തങ്ങളുടെ ദുഃഖം പക്ഷേ ഭക്തിയോടു കാണിച്ചില്ലാ. അതനുദിനം ജ്വലിച്ചുകൊണ്ടേയിരുന്നു! വേദാദ്ധ്യയനം ദാനമായി ചെയ്തായിരുന്നു അവർ ആ പർണ്ണശാലയിൽ വസിച്ചിരുന്നത്. കാലംചെല്ലേ വയസ്സും അവശതയുമെല്ലാം അനുഭവപ്പെടാൻതുടങ്ങിയപ്പോൾ അവർ അവരുടെ ശിഷ്ടകാലം ഹിമാലയസാനുക്കളിൽ ചെലവഴിക്കാൻനിശ്ചയിച്ചു. തദനന്തരം തങ്ങളുടെ വസ്തുവകകളെല്ലാം ദാനംചെയ്ത് പോകാൻതുനിയുമ്പോഴതാ ഹൈമവതി തന്റെ ഉദരത്തിലെ ആ തുടിപ്പറിയുന്നു!! 

കാലനിർണ്ണയം ആരാനും അറിഞ്ഞതുണ്ടോ, ആരാനും തഴഞ്ഞതുണ്ടോ! 

പിന്നീടവർക്ക് ആനന്ദത്തിന്റെ നാളുകളായിരുന്നു! അങ്ങനെ കോടിസൂര്യപ്രഭയോടെ അവർക്കൊരു മകളവതരിച്ചു; ലാവണ്യത്തിടമ്പായ ആ പൊന്നുമോൾക്ക് കാത്യായനി എന്നു നാമകരണം നിർദ്ദേശിച്ചത് ഹൈമവതിയാണ്. കാത്യായനി ഏവരുടെയും അരുമയായി അവളങ്ങനെ വളർന്നുവരുകയാണ്. സകലചരാചരങ്ങളോടും രമ്യതയോടെയാണു് അവളുടെ നീക്കം.

ഇതേ അവസരത്തിലാണ് ദനുപുത്രനായ കാലകേയന്റെ ദുർവാഴ്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്! മൂന്നുലോകങ്ങളും ശ്വസിക്കാൻപോലും അനുവാദം ആരായേണ്ട ഗതികേടിൽ! 

ഒരിക്കൽ ആ ദാനവൻ ഇവിടെയുമെത്തി! വേദാദ്ധ്യയനം നടത്തുന്ന മുനിമാരെ, രക്തച്ചൊരിച്ചിലിലേർപ്പെടാതെ തന്റെ മന്ത്രശക്തിയുടെ അധീനതയിലാക്കുകയായിരുന്നു അയാൾ ചെയ്തത്! അതിൽ കാത്യായനർഷിയും പെട്ടുപോയി! പിന്നീടെല്ലാം കീഴ്മേൽമറിഞ്ഞു. മുനിമാരും നികൃഷ്ടരായിമാറി! തന്റെ പിതാവിന്റെ ആ മാറ്റം കാത്യായനിക്ക് സഹിക്കാനാവുമായിരുന്നില്ലാ! അവളിലെ ദൈവികത്വം ഉണർന്നു. ചന്ദ്രഹാസം കൈയിലേന്തി അവൾ അസുരന്മാരെ നേരിട്ടു. അവളെ സഹായിക്കാൻ സമാനകളായ അനവധി പെൺകുട്ടികളും ഒന്നുചേർന്നു. ആ ദൈവികത്വത്തിൽ കാലകേയന്റെ നീചശക്തികൾ പരാജയം സമ്മതിക്കാതെതരമില്ലല്ലോ! പ്രജ്ഞയിലേക്കു തിരിച്ചുവന്ന മഹർഷിമാർ തങ്ങൾക്കു സംഭവിച്ച ഭാവമാറ്റമോർത്ത് വിഹ്വലരായ്!

കാലകേയൻ അറ്റകൈക്ക് മാറാവ്യാധിദായകനായ ജ്വരാസുരനെ അവതരിപ്പിച്ചു; വസൂരിഎന്ന ഭീകരവ്യാധിയുടെ അധിപൻ!! അന്നുമുതലാണത്രേ വസൂരിയുടെ അണുക്കൾ തങ്ങളുടെ ആസുരികശക്തികളുമായി ജൈത്രയാത്ര തുടങ്ങിയത്! പക്ഷേ ദേവി വിടുമോ.. ഉടനേ പ്രതിവിധിയും കണ്ടെത്തി. തന്റേതന്നെ മറ്റൊരു അംശത്തെ സൃഷ്ടിച്ചായിരുന്നു പ്രതിവിധി; ശീതളാദേവി! 

ശീതളാദേവിയാണ് വസൂരിനിർമ്മാർജ്ജനത്തിനായവതരിക്കുന്നത്. അതിന്റെ സിദ്ധൌഷധമായ ആര്യവേപ്പെന്ന വൃക്ഷത്തിന്റെ പിറവിയും ഈ സമയത്തുതന്നെ! കഴുതവാഹനയാണ് ശീതളാദേവി. അദ്ധ്വാനത്തിന്റെ പ്രതീകമാണ് കഴുത. മാത്രവുമല്ല രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ള മൃഗവും കഴുതതന്നെ. 

പിന്നെ കാലകേയനെ നിഗ്രഹിക്കുന്നത്, ഈ വസൂരിവ്യാധി അയാൾക്കുതന്നെ തിരിച്ചുകൊടുത്താണ്!! 'വാളെടുത്തവൻ വാളാൽ' എന്നത് ഇവിടെ അന്വർത്ഥമായിബ്ഭവിച്ചു!

കാര്യങ്ങളിങ്ങനെ മംഗളമായിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ കാത്യായനർഷി ആകെ തകർന്നുപോയിരുന്നു!! ഒരു മുനിയായിരുന്നിട്ടും താൻ അധമനായ ഒരു ദാനവന്റെ മായാജാലത്തിൽ അകപ്പെട്ടുപോയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്! കാത്യായനർഷിയെ ഉദ്ധരിക്കുന്ന കർമ്മം പിന്നെ ആ മകളേറ്റെടുത്തു!

അന്നേരം അദ്ദേഹം തന്റെ മകളെ അറിയുകയായിരുന്നു.. ആ ചൈതന്യത്തെ സ്വാംശീകരിക്കുകയായിരുന്നു..

ജ്ഞാനത്തിന്റെ പാരമ്യത്തിൽ തൊണ്ടയിടറിക്കൊണ്ട് വിറയാർന്ന ഹൃത്തോടെ അദ്ദേഹം മകളിലെ ആ ചൈതന്യത്തെ സ്തുതിച്ചു.. അദ്ദേഹവും പത്നിയും അങ്ങനെ മോക്ഷഗതിപ്രാപിക്കുന്നനേരം, അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി താൻ ആ കുലപ്പേരിൽത്തന്നെ ജഗത്തിൽ പൂജിതയാകുമെന്ന് ദേവി അരുളിച്ചെയ്തു! ആ കൌമാരാവസ്ഥയിൽത്തന്നെ ദേവി അന്തർധാനംചെയ്‌തുവത്രേ!

ഇങ്ങനെയാണ് കാത്യായനീദേവിയുടെ ധ്യാനശ്ലോകം:

ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ। 
കാത്യായനീ ശുഭം ദദ്യാദ് ദേവീ ദാനവഘാതിനീ॥

അർത്ഥം:- ഉജ്ജ്വലമായ ചന്ദ്രഹാസം കൈയിലേന്തിയ, ദാനവന്മാരെ ഹനിച്ച സിംഹവാഹനയായ കാത്യായനിദേവി ശുഭമരുളട്ടേ!    

ഈ ദേവിയെ പിന്നെ കാണുന്നത് വിന്ധ്യാചലത്തിലാണ്; മഹിഷവാഴ്ച അതിന്റെ ഉച്ചകോടിയിലെത്തിയസമയം, ചിതറിമാറിപ്പോയ ദേവകളുടെ ഒന്നുചേർന്ന പ്രാർത്ഥനയാലും സാധനയാലും കാത്യായനി വിന്ധ്യാചലത്തിൽ ബ്രഹ്മവിഷ്ണുരുദ്രാദി ദേവചൈതന്യത്തിൽ നിന്നുരുവപ്പെട്ട് പൂർണ്ണദർശനയാകുന്നു! അനന്തരം മഹിഷാസുരവധത്തിനായി പുറപ്പെടുന്ന ദേവിക്ക് സമസ്തദേവകളും ചേർന്നാണ് ആയുധങ്ങളും വാഹനവും സമ്മാനിക്കുന്നത്.

അത്യധികം സാധനയാലും തപ:ശക്തിയാലും രംഭാസുരന് ജനിച്ച പുത്രനാണ് മഹിഷൻ. ശക്തിമാനായിരുന്നിട്ടും ആ മഹിഷൻ തപസ്സിനുപോയി; എന്തിനെന്നോ? മരണമില്ലാത്ത അവസ്ഥ നേടാൻ! പക്ഷേ ജനിച്ചാൽ മരിക്കണമെന്ന തത്ത്വമുദ്ഘോഷിച്ച് വിധാതാവ്‌ അവനെ കൈയൊഴിഞ്ഞു.

അവൻ നിരാശനായില്ലാ, ഉടനേതന്നെ ബുദ്ധിപൂർവ്വം(അതോ ബുദ്ധിശൂന്യതയോ?) മറ്റൊന്നു വരമായാവശ്യപ്പെട്ടു. അതെന്താണെന്നോ..'യുദ്ധത്തിലാവണം അന്ത്യമെന്നും, ആണായിപ്പിറന്നൊരു വർഗ്ഗവും തന്നെ കൊല്ലുവാൻപ്രാപ്തരാവരുതുമെന്നായിരുന്നു ആ വരം!' അന്നു സ്ത്രീകള്‍ ആയുധമെടുത്ത ചരിത്രമില്ലല്ലോ.. സസന്തോഷം വിധാതാവ്‌ അതു നല്കുകയുംചെയ്തു.

ദേവീമഹിഷസംവാദം അത്യന്തം രസകരമാണ്; 

തന്റെ സൈന്യങ്ങളെല്ലാം നാമാവശേഷമായിട്ടും ദേവിയെ കണ്ടപ്പോൾ, ആ സൗന്ദര്യത്തിൽ മറ്റെല്ലാം മറന്നുപോകുന്ന വിടനായ മഹിഷനെക്കാണാം! കർമ്മങ്ങൾ മറന്ന ആ മഹിഷം പിന്നീട് തന്റെ മഹേന്ദ്രജാലത്തിലൂടെ ദേവിയോട് പൊരുതാൻ ബാദ്ധ്യസ്ഥനാകുകയും ചെയ്യുന്നു! 

അപ്പോഴും "അബലേ..അബലേ.." എന്നുവിളിച്ച് അപഹസിക്കുന്നു..  അപ്പോഴാണ് മധുപാനം മധുരമായി നടത്തി ദേവി മൊഴിയുന്നത് 

"മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻമാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ!" പറയലും പ്രവൃത്തിയും ഒരുമിച്ചുകഴിഞ്ഞു!! 

തന്റെ കപടമായാവേഷത്തിൽനിന്ന് പൂർവ്വസ്ഥിതിയിലാവാൻപോലും ആ പോത്തിനു കഴിഞ്ഞില്ലാ, അപ്പോഴേക്കും അറുക്കപ്പെട്ടു ആ തല!!

ഇതിന്റെയെല്ലാം സത്തകൾ അനിർവ്വചനീയമാണ്; എല്ലാം ഓരോരോ ഗുപ്തതത്ത്വങ്ങള്‍! വിസ്താരഭയത്താൽ ഓരോന്നും എടുത്തെടുത്തു പ്രസ്താവിക്കുന്നില്ലാ. എന്നിരുന്നാലും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി ഈ കഥകളെ കാണാം!

കാത്യായനി:- കാത്യ എന്നാൽ ശുദ്ധമെന്നർത്ഥം. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ കാത്യായനീദേവിയും അനുഗ്രഹദായിനി! കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ!

ക്രിയാശക്തിയുടെ ഈയവസാനദിനത്തിൽ അനവധി ചിന്തകൾ സരണികളായി ഒഴുകുന്നുണ്ട്..

'താൻ കുഴിച്ച കുഴിയിൽ താൻതന്നെ' എന്ന ബോധം, അറിവില്ലായ്‌മയുടെമേല്‍ തിരിച്ചറിവുകള്‍ നേടുന്ന വിജയം. മൂഢതയാകുന്ന മഹിഷത്തിനുമേല്‍ ജ്‌ഞാനമാകുന്ന സിംഹത്തിന്റെ വിജയം; സ്വാര്‍ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്‍ത്ഥതയെന്ന നന്മയുടെ ഉയർച്ച; ചിതറിമാറപ്പെട്ടവയിൽനിന്ന് ഒരുമിച്ചുനിന്നവയുടെ മഹത്ത്വം.. അങ്ങനെയങ്ങനെ പോകുന്നു. 

ഇതിൽനിന്നെല്ലാം ചിതറിത്തെറിച്ച ദേവകളെല്ലാം ദേവീസൃഷ്ടിക്കായി ഒന്നുചേർന്ന ചിന്തയാണ് ഞാൻ സ്വാംശീകരിക്കുന്നത്!

യാ ദേവീ സർവ്വഭൂതേഷു വിഷ്ണുമായേതി ശബ്‌ദിതാ 
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

ഒരുമയുടെ മൂല്യമറിയുന്നതിലാവട്ടെ ഈ ദിവസത്തിന്റെ മേന്മ!

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി ആറാം ദിവസം - ദേവി കാത്യായനി.

ധ്യാന ശ്ലോകം:

ചന്ദ്രഹാസോജ്ജ്വലകര ശാർദ്ദൂലവരവാഹന l 
കാത്യായനീ ശുഭം ദദ്യദ ദേവീ ദാനവഘാതിനീ ll   

കാത്യായനി:- കാത്യായന മഹർഷിയുടെ മകൾ. കാത്യ എന്നാൽ ശുദ്ധമെന്നർത്ഥം. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ കാത്യായനീദേവിയും അനുഗ്രഹദായിനി! കാത്യായന മഹർഷിയാൽ ആദ്യമാരാധിക്കപ്പെട്ടതുമൂലം കാത്യായനീയെന്ന നാമത്താൽ പ്രകീർത്തിത.

ഋഷി കാത്യായനും പത്നി ഹേമയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം; ദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്നു ആ ദമ്പതികൾ. പക്ഷേ ഒരു കുഞ്ഞില്ലാത്ത ദു:ഖം അവർ ദൈവത്തോടു കാണിച്ചില്ല. വയസ്സുകാലത്ത് മറ്റു പ്രതീക്ഷകളില്ലായിരുന്ന അവർ ലൌകീക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ സമസ്തവും ദാനം ചെയ്ത് സന്യാസത്തിലേക്കു തിരിയുന്ന നേരത്താണ് ദേവി കാത്യായനിയായി അവർക്കവതരിക്കുന്നത്. നോക്കണേ കാലവൈഭവം! 

അക്കാലത്ത് ആസുരികശക്തിയാൽ ഉരുത്തിരിഞ്ഞ രോഗമായ വസൂരി രോഗത്തിന് പ്രതിവിധി നിശ്ചയിച്ചത് ഈ ദേവിയാണ്. ദേവിയുടെ മറ്റൊരു ഭാവമായ ശീതളാദേവിയാണ് വസൂരി നിർമ്മാർജ്ജനത്തിനവതരിക്കുന്നത്. അതിനു സിദ്ധൌഷധമായ ആര്യവേപ്പെന്ന വൃക്ഷത്തിന്റെ പിറവിയും ഈ സമയത്തുതന്നെ! പിന്നീട് കാത്യായനന് ജ്ഞാനമുപദേശിച്ചു കൌമാരാവസ്ഥയിൽ കാത്യകുലത്തിൽ അന്തർധാനവും ചെയ്തു. വേദങ്ങളെ പുനരുദ്ധരിക്കുക എന്ന മഹത്തായ കർത്തവ്യമായിരുന്നു കാത്യായനിൽ നിക്ഷ്പിതമായിരുന്നത്.  

അനേകം അസുരനിഗ്രഹത്തിനു നിദാനമായ ദേവിയാണ് കാത്യായനി. അതിൽ കുപ്രസിദ്ധനാണ് മഹിഷാസുരൻ. അത്യധികം സാധനയാലും തപശ്ശക്തിയാലും രംഭാസുരന് ജനിച്ച പുത്രനാണ് മഹിഷൻ. ആ മഹിഷൻ എന്നിട്ടും തപസ്സിനുപോയി; എന്തിനെന്നോ? മരണമില്ലാത്ത അവസ്ഥ നേടാൻ. പക്ഷേ ജനിച്ചാൽ മരണമെന്ന തത്വമുദ്ഘോഷിച്ചു വിധാതാവ്‌ അതു നല്കാൻ കൂട്ടാക്കിയില്ല.

അപ്പോഴാണ്‌ മഹിഷൻ മറ്റൊന്നു വരമായാവശ്യപ്പെടുന്നത്; "യുദ്ധത്തിലാവണം അന്ത്യമെന്നും, ആണായിപ്പിറന്നൊരു വർഗ്ഗവും തന്നെ കൊല്ലുവാൻ പ്രാപ്തരാവരുതുമെന്നായിരുന്നു ആ വരം." അന്നു സ്ത്രീകള്‍ ആയുധമെടുത്ത ചരിത്രമില്ലല്ലോ! സസന്തോഷം വിധാതാവ്‌ അതു നല്കുകയും ചെയ്തു. 

മഹിഷവാഴ്ച അതിന്റെ പാരമ്യതയിലെത്തിയ സമയം  കാത്യായനി പിന്നീട് വിന്ധ്യാചലത്തിൽ ബ്രഹ്മവിഷ്ണുരുദ്രാദി ദേവചൈതന്യത്തിൽ നിന്നുരുവപ്പെട്ട് പൂർണ്ണദർശനമാകുന്നു. ശേഷം മഹിഷാസുരവധത്തിനായി പുറപ്പെടുന്ന ദേവിക്ക് സമസ്ത ദേവകളാണ് ആയുധങ്ങളും വാഹനവും സമ്മാനിക്കുന്നത്. . 

ദേവീമഹിഷ സംവാദം വളരെ രസകരമാണ്. 

"മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻ മാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ"എന്നും പറഞ്ഞാണ് മഹിഷാസുര നിഗ്രഹം നടത്തുന്നത്. 

ഇതിന്റെ സത്ത അനിർവചനീയമാണ്. എല്ലാം ഓരോരോ ഗുപ്തതത്വങ്ങള്‍. വിസ്താരഭയത്താൽ ഓരോന്നും എടുത്തെടുത്തു പ്രസ്താവിക്കുന്നില്ല. എന്നിരുന്നാലും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമാണ് ഈ കഥ!

നാമിന്നു ജ്ഞാനശക്തിയുടെ അവസാന ദിനത്തിലാണ് എത്തിയിരിക്കുന്നത്. അറിവില്ലായ്‌മമേല്‍ തിരിച്ചറിവുകള്‍ നേടുന്ന വിജയം. മൂഢതയാകുന്ന മഹിഷത്തിനുമേല്‍ ജ്‌ഞാനമാകുന്ന സിംഹത്തിന്റെ വിജയം; സ്വാര്‍ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്‍ത്ഥതയെന്ന നന്മയുടെ വിജയം; ചിതറിമാറിയവയിൽനിന്ന് ഒരുമയുടെ വിജയം.. 

കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ! 

യാ ദേവീ സർവ്വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ  

നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:

ആരും തുച്ഛരല്ലെന്നു നാമറിയുന്നിടത്തു മാത്രമേ നമ്മുടെ ബുദ്ധിയും അച്ഛമാകൂ.  അച്ഛമായൊരു ദിനം തുണയ്ക്കട്ടെയെന്നാശംസിച്ചുകൊണ്ട്...

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി ഏഴാംദിവസം - കാളരാത്രി

കാല, രാത്രി എന്നീ രണ്ടുപദങ്ങളുടെ സമന്വയമാണ് കാളരാത്രി.  

കാല എന്നാൽ കറുത്ത, യുഗം, കാലം എന്നും

രാത്രി എന്നാൽ നിശ, മഞ്ഞൾ എന്നൊക്കെയും അർത്ഥങ്ങൾ!

നാമങ്ങനെ നവരാത്രിയുടെ ഏഴാംപകലിലേക്കെത്തിയിരിക്കുകയാണ്; കാളരാത്രീദേവിയുടെ ദിവസത്തിലേക്ക്! കാലരാത്രി എന്നും അറിയപ്പെടുന്നുണ്ട് ഈ ദേവീഭാവം.

അസുരകുലത്തെ അതിമഹാകായരായിരുന്നു നിശുംഭശുംഭ സഹോദരന്മാർ. ആരും അസൂയപ്പെട്ടുപോകുമായിരുന്നു അവരുടെ പരസ്പരസ്നേഹത്തിൽ! പക്ഷേ അസൂയപ്പെടുന്നതുപോയിട്ട്, അവർക്കെതിരായി ദുശ്ചിന്തപോലും ഒരാൾക്കും വച്ചുപുലർത്താൻപറ്റുമായിരുന്നില്ലാ! അത്രയും ഭീകരരും മ്ലേച്ഛരുമായിരുന്നു അവർ! അവരെ അപേക്ഷിച്ചുനോക്കുമ്പോൾ മഹിഷാസുരനൊക്കെ മാൻകുട്ടി! 

ആ നിശുംഭശുംഭർ ഒരുമിച്ചായിരുന്നു ഭരണം കൈയാളിയിരുന്നത്. അനന്യസാധാരണമായ സഹോദരസ്നേഹത്താൽ നല്ലൊരു ജീവിച്ചിരുന്ന കാലം; ആ ഒരുമയിൽ മൂലോകത്തുമുള്ള സകലവസ്തുക്കളും അവരുടെ അധീനതയിലായിക്കൊണ്ടിരിക്കുകയാണ്! ദേവതകളും മാനുഷരും മറ്റു ജീവജാലങ്ങളും അനുദിനമനുദിനം വശംകെട്ടുകൊണ്ടുമിരിക്കുന്നു..

മറ്റുപല വരങ്ങൾക്കൊപ്പം അയോനിജയായ ഒരു തന്വംഗിയാൽമാത്രമേ വധിക്കപ്പെടുകയുള്ളൂവെന്ന അനുഗ്രഹവും സ്വായത്തമാക്കിയിരുന്നു അവർ. ഈ അനുഗ്രഹങ്ങൾക്കും കാരണമുണ്ട് കേട്ടോ.. അവരുടെ നിഷ്ഠകളും സാധനകളും അത്രയും കഠിനമായിരുന്നു. അല്ലാതെ വെറുതേ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവരോ, ഒരു സുപ്രഭാതത്തിൽ ഒരുമിച്ച് ലഭിച്ചതോ അല്ല ആ സിദ്ധികൾ! പിന്നെയാണ് അഹങ്കാരമെന്ന ആ മദം അണപൊട്ടിയൊഴുകാൻതുടങ്ങിയത്!

പക്ഷേ നമ്മുടെ വിഷയം ഇതൊന്നുമല്ലാ.. ആ ശുംഭനിശുംഭർക്ക് മന്ത്രിമാരായ്, അവരെപ്പോലെത്തന്നെ അതികായരും അതിസമർത്ഥരുമായ ഒരിരട്ടസഹോദരന്മാരുണ്ടായിരുന്നു; ചണ്ഡനും മുണ്ഡനും! ഇവർ തികഞ്ഞ കലാസ്വാദകർകൂടിയായിരുന്നത് ശ്രദ്ധേയം! മറ്റൊരു ഗുണമെന്തെന്നാൽ (അതോ നിർഗ്ഗുണമോ?); ഏതു സൃഷ്ടിയെ കണ്ടാലും അതിൽ സൌന്ദര്യം കണ്ടുപിടിക്കാൻ അതിസമർത്ഥരായിരുന്നു ഇവർ. 

അന്നേരമാണ് തങ്ങളുടെ രാജാക്കന്മാരായ ശുംഭനിശുംഭരുടെ വരപ്രാപ്തിയെക്കുറിച്ച് ഇവരറിയുന്നത്! അപ്പോൾ ഇവരൊരു നിഗമനത്തിലെത്തി, 'സ്ത്രീസൃഷ്ടികളൊന്നിനും സൌന്ദര്യമില്ലാത്തതായില്ലാ'; അതുകൊണ്ടു വിചിത്രമായ മറ്റൊരു വരം തങ്ങൾക്കാവശ്യപ്പെടാം! അങ്ങനെ അതികഠിനമായ സാധനകളാൽ ഇവരും നേടി അനുഗ്രഹം! അതെന്താണെന്നല്ലേ.. തങ്ങൾക്കു ഭയംതോന്നുന്ന, കുരൂപയായ ഒരു സ്ത്രീയാൽമാത്രമേ തങ്ങളുടെ വധം സാദ്ധ്യമാകാവൂ എന്ന വരം! ഒരു സ്ത്രീയും തങ്ങളുടെ കണ്ണിൽ അങ്ങനെയാവില്ലല്ലോ; അപ്പോൾ മരണമെന്നത് വിദൂരസ്വപ്നവും! മറ്റസുരന്മാരിൽനിന്ന് വ്യത്യസ്തമായ ഒരു വരം!

ഒരിക്കൽ ചണ്ഡനും മുണ്ഡനും തങ്ങളുടെ സായാഹ്‌നസവാരിക്കിടയിലാണ് ഹിമാലയസാനുവിൽ അതിസുന്ദരിയായ കൗശികീദേവിയെ കാണാനിടയാവുന്നത്! ദേവി അപ്പോൾ അതിമനോഹരമായൊരു ഗാനമാലപിക്കുകയായിരുന്നു. അരികത്തുതന്നെ കറുത്തൊരു സുന്ദരിയെയും കണ്ടു. കൗശികീദേവിയുടെ സൃഷ്ടി നടത്തിയപ്പോൾ കാളിയായിമാറിയ പാർവതീദേവിയായിരുന്നു അത്.  

കൗശികിയെ കണ്ടയുടനെ ചണ്ഡമുണ്ഡർ തങ്ങൾക്ക് അവളെ വേൾക്കണമെന്നല്ല ആഗ്രഹിച്ചത്, മറിച്ച് തങ്ങളുടെ രാജാവിലൊരാൾ ഇവളെ വേട്ടാൽ ഗംഭീരമാകുമല്ലോ എന്നാണ് ചിന്തിച്ചത്!! എങ്ങനെയുണ്ട് ആ രാജഭക്തിയും ആത്മാർത്ഥതയും!! 

അങ്ങനെ ദേവിയെക്കുറിച്ച് ഇല്ലാത്തതും വല്ലാത്തതുമൊക്കെ പറഞ്ഞ് ശുംഭനിശുംഭരിൽ മോഹംനിറച്ചു. അവരുടനെ ദേവിയോടുള്ള വിവാഹഭ്യർത്ഥന സുഗ്രീവനെന്ന ദൂതൻവശമയച്ചു കാത്തിരുന്നു. 

'തന്നെ യുദ്ധംചെയ്തു തോല്പിക്കുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂവെന്ന ശപഥം, അനാലോചിതമായി ബാല്യത്തിൽത്തന്നെ എടുത്തുപോയതുകൊണ്ട് അങ്ങനെ പെട്ടെന്നൊരാളെ കല്യാണംകഴിക്കാൻ നിർവ്വാഹമില്ലെന്നായിരുന്നു' ദേവിയുടെ പ്രതിവചനം!!

ആ വാർത്ത കേട്ടയുടനെ നിശുംഭശുംഭർ, 'എന്നാപ്പിന്നെ അഹങ്കാരിയായ ആ പെണ്ണിനെ ഇവിടെ കൊണ്ടുവന്നിട്ടേയുള്ളെന്നായി'! അങ്ങനെ അതിനായി ധൂമ്രലോചനെന്ന ദാനവനെയാണ് പടക്കോപ്പുംകൂട്ടി അയക്കുന്നത്. പിന്നെ കേട്ട വാർത്ത ധൂമ്രലോചനൻ വെണ്ണീറായിപ്പോയെന്നതാണ്!! 

തദനന്തരം, 'തങ്ങൾ പുഷ്പംപോലെ അവളെ കൊണ്ടുവരാമെന്നു'പറഞ്ഞ് ചണ്ഡമുണ്ഡർ പുറപ്പെട്ടു..

അവരവിടെച്ചെന്നപ്പോഴോ.. ദേവിയെ കാണാനില്ലാ! ഹൈ ഇവളിതെവിടെപ്പോയെന്നുതേടുമ്പോഴതാ... പിറകിലൊരട്ടട്ടഹാസം! 

തിരിഞ്ഞുനോക്കിയ അവർ ഞെട്ടിത്തരിച്ചുവിറച്ചുപോയി!! 

കഴുതയുടെ പുറത്തിരിക്കുന്ന അത്യന്തം കുരൂപയും ഘോരയുമായ ഒരു ഭീകരരൂപത്തെക്കണ്ട് ചണ്ഡനും മുണ്ഡനും ഭയത്താലും പരവശത്താലും അലറിവിളിച്ചു, കണ്ണുകളിറുക്കിയടച്ചു!! മുണ്ഡമാലയണിഞ്ഞ ആ ഭീകരരൂപം ഇടയ്ക്കിടെ നാവുപുറത്തിട്ട് തന്റെ ചുണ്ടുനുണഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നത്രേ!!

കൗശികിയുടെ കോപമായ, കാളരാത്രീഭാവമായിരുന്നു അത്! മോഹനിദ്രയിലാഴ്ന്ന അവരെ ഞൊടിയിടകൊണ്ട് കാലപുരിക്കയച്ചു ആ ദേവീഭാവം! ചണ്ഡമുണ്ഡനിഗ്രത്തിനുശേഷം ചാമുണ്ഡ എന്നപേരിലാണ് ദേവി-കാളരാത്രി വിശ്രുത!

അതുപോലെ, തന്റെ രക്തത്തുള്ളികള്‍ ഭൂമിയിൽപ്പതിച്ചാൽ തന്റെയതേ പ്രഭാവമുള്ള അനേകായിരമസുരന്മാരുടെ ജന്മത്തിനു നിദാനമായേക്കാവുന്ന, രക്തബീജൻ എന്ന രോഗമൂർത്തിയുടെ രക്തംമുഴുവനും കുടിച്ചുവറ്റിച്ച് ഉന്മൂലനംചെയ്തതും ഈ ദേവീഭാവംതന്നെ !!

കാളരാത്രിയുടെ ധ്യാനശ്ലോകം:

കരാളരൂപാ കാളാബ്ജസമാനാകൃതി വിഗ്രഹാ l 
കാളരാത്രി ശുഭം ദദ്യാത് ദേവീ ചണ്ഡാട്ടഹാസിനീ ll

അർത്ഥം:- രാത്രിക്കുസമാനമായ, ഭയാനകരൂപയും പ്രചണ്ഡമായ് അട്ടഹാസം ചെയ്യുന്നവളുമായ ദേവി കാളരാത്രി ശുഭം നല്കട്ടേ! 

കാളരാത്രി/കാലരാത്രി:- കാലത്തെ ഹനിച്ചവള്‍, സമയംകൊല്ലുന്ന രാത്രി, ഇരുണ്ട രാത്രി എന്നൊക്കെ വാഗർത്ഥങ്ങൾ! മനുഷ്യരുടെ ഉറക്കം വരാത്ത രാത്രികളെ കാളരാത്രി എന്നുപറയുന്നത് ഇങ്ങനെയൊരർത്ഥമുള്ളതുകൊണ്ടാണ്.

മഹത്തായതത്ത്വങ്ങളാൽ സമ്പൂർണ്ണമാണ് ഈ കഥകളെല്ലാം!! കോപവും, ശരീരത്തിലെ മാറ്റവും, തുടർന്നുള്ള പകർച്ചവ്യാധിയുടെ ഉത്ഭവവും പ്രതിരോധവും ഉന്മൂലനവുമെല്ലാം വരികളിൽത്തന്നെ വായിച്ചെടുക്കാം!

ഇച്ഛാശക്തിയെയും ക്രിയാശക്തിയെയുംതാണ്ടി ജ്ഞാനശക്തിയിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. ഇനിയുള്ള മൂന്നുദിവസങ്ങളും ആ ശക്തിയെ ഉണർത്തുന്നതാണ്, അല്ലെങ്കിൽ ഉണർത്തുന്നതായിരിക്കണം! കാരണം ആഗ്രഹവും അനുഷ്ഠാനവുംകൊണ്ട് ഒന്നും പൂർണ്ണമാകുന്നില്ലല്ലോ; രണ്ടും അറിവിലേക്കെത്തുമ്പോൾമാത്രമാണ് പൂർണ്ണത കൈവരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്നു ദിവസങ്ങള്‍ നവരാത്രിയുടെ പരമപ്രധാനമായ ആത്മാവായി ഗണിക്കപ്പെടുന്നു. ഇത്രയും ദിവസങ്ങള്‍ വ്രതവും ധ്യാനവുമൊന്നും നോറ്റില്ലെങ്കിലും ഇനിയുള്ള മൂന്നുദിവസത്തെ സാധനകൾ അതെല്ലാം മറയ്ക്കുമെന്നു ശ്രുതി.

അനവധി ചിന്താശകലങ്ങൾ ഇന്നിലും നിറയുന്നു; നമ്മുടെ അഹങ്കാരം, നമ്മുടെ പരിമിതമായ കാഴ്ചപ്പാടിലൂടെമാത്രം നാം നോക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകൾ, കോപം.. അങ്ങനെ പലതും വെളിപ്പെടുന്നു! എന്നിരുന്നാലും എന്തിനുമൊരു അന്ത്യമുണ്ടെന്ന തത്ത്വമാണ് ഇന്നിലൂടെ ഞാൻ മനയാനാഗ്രഹിക്കുന്നത്. സമയമടുക്കുമ്പോൾ, നമ്മെ അതിലേക്കണയ്ക്കുവാൻ കാലം എന്തു കോലവും കെട്ടുമെന്ന പരമമായതത്ത്വം!

യാ ദേവീ സർവ്വഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ

നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി എട്ടാംദിവസം - മഹാഗൗരി 

ഈ എട്ടാംനാളിൽ പട്ടംപോലൊരു കഥയുമായാണ് എന്റെ വരവ്! ഇന്നത്തെ ഭാവമാവട്ടെ മഹാഗൗരിയാണ്! മഹാഗൗരിയെന്നാൽ അത്യന്തം വെളുത്തവൾ എന്നർത്ഥം. വെളുപ്പെന്നു കേട്ടപ്പോൾ തെറ്റിദ്ധരിച്ചുവോ? അത്യന്തം നിർമ്മലയായവൾ എന്നേ വ്യംഗ്യമുള്ളൂ! സാധാരണ നിർമ്മലത്വം എന്തിനാണ്? കഥ അതിന്റെ വഴിയേ വരുമ്പോഴേക്കും നിങ്ങളൊന്നൂഹിച്ചുനോക്കൂ..

മഹാകായനായ രുരുവെന്ന രാക്ഷസന്റെ മകനായിരുന്നു ദുർഗ്ഗനെന്ന അസുരൻ. എല്ലാ കഥകളിലും കാണുന്നപോലെ തപസ്സും, വരപ്രാപ്തിയും ഇവനും നേടി. പക്ഷേ ഇവൻ നേടിയ വരപ്രാപ്‌തി ലേശം വിചിത്രമായിരുന്നു; ചിലപ്പോ ബുദ്ധിപൂർവ്വം എന്നു പറയുന്നതായിരിക്കും യുക്തം. 

'ഇവനെന്തായിരിക്കും വരമായി ആവശ്യപ്പെടാൻപോകുന്നത്, മറ്റസുരരൊക്കെ ചെയ്തപോലെയായിരിക്കുമോ..' തുടങ്ങിയ ചിന്തകളാൽ അല്പം പരിഭ്രമിച്ചാണ് പൂജ്യപിതാമഹനായ ബ്രഹ്മൻ നമ്മുടെ ദുർഗ്ഗനെ സമീപിച്ചത്. കാരണം ഇനിയെന്തെങ്കിലും ഭോഷ്കു കാണിച്ചാൽ ദേവീശക്തി ബ്രഹ്മനെ വച്ചേക്കില്ലല്ലോ!!

പക്ഷേ ബ്രഹ്‌മാവിനെപ്പോലും ആശ്ചര്യപ്പെടുത്തി, വളരെ നിസ്സാരമായി ദുർഗ്ഗൻ ആവശ്യപ്പെട്ട വരംകേട്ട് ഒരുപക്ഷേ ബ്രഹ്മാവ് അന്നു ചിരിച്ചിരിക്കണം. അതെന്താണെന്നല്ലേ.. ബ്രഹ്‌മാവിന്റെ തൃക്കൈയിൽ കണ്ട വേദങ്ങളാണ് അവൻ ആവശ്യപ്പെട്ടത്! സത്യത്തിൽ 'അവൻ', 'ഇവൻ' എന്നൊന്നും പറയാൻപാടില്ലാ! അത്രയും ശ്രേഷ്ഠനാണ് ആ അസുരൻ; അതാണല്ലോ വേദങ്ങൾതന്നെ ആവശ്യപ്പെട്ടത്! അങ്ങനെ അന്നു സന്തോഷത്തോടെ അത് സമ്മാനിച്ച ബ്രഹ്മൻ, പിന്നീട് കരഞ്ഞുപോയെന്നാണ് ശ്രുതി! 

കാരണം ദുർഗ്ഗൻ ആ വേദംമുഴുവൻ സ്വായത്തമാക്കിയതുംപോരാഞ്ഞ് മറ്റുള്ളവരെ അതഭ്യസിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു!! തീർന്നില്ലേ.. തുടർന്ന് ഇവിടെ സുഖലോലുപരായ ദേവകളെ ആക്രമിച്ച് ദുർഗ്ഗൻ, ദുർഗ്ഗമാസുരൻ എന്ന നാമത്തിൽ ദേവലോകത്തിൽ സ്വയം അഭിഷിക്തനുമായി!

ശേഷം താൻ നേടിയ അറിവുകളെ ദുർവിനിയോഗം ചെയ്തുകൊണ്ടിരുന്നു ആ അസുരൻ. കാരണം അന്ധമായ പാരായണത്തിലൂടെ വേദങ്ങളുടെ ദുർവ്യാഖ്യാനമായിരുന്നു ആ അസുരൻ നടത്തിയിരുന്നത്! അതിന്റെ കർമ്മഫലമോ.. അജ്ഞാനത്താലും ദുഷ്കർമ്മങ്ങളാലും ലോകവും, തുടർന്നുള്ള വരൾച്ചയാലും ക്ഷാമത്താലും ലോകരും ഉഴറിപ്പോയി! അങ്ങനെ നശിച്ച ലോകത്തെ ഉദ്ധരിക്കാൻ പലപല ദേവീഭാവങ്ങളും അവതരിച്ചു! ശതാക്ഷി, ശാകംഭരി തുടങ്ങിയവയൊക്കെയാണ് അതിൽ പ്രസിദ്ധങ്ങൾ!

പിന്നെ ഈ ദുർഗ്ഗമാസുരന് സന്തതസഹചാരിയായി മറ്റൊരസുരന്റെ കൂട്ടുമുണ്ടായിരുന്നു; ഛായാസുരൻ!! അത്യന്തം നിർമ്മലമായൊരു സൃഷ്ടിയാൽമാത്രമേ താൻ വധിക്കപ്പെടുകയുള്ളൂവെന്ന അസാധാരണമായ വരം നേടിയവനാണ് ഛായാസുരൻ. കാലത്തെ തന്റെ അധീനതയിലാക്കാൻ വൈഭവമുള്ളതുകൊണ്ട് ഛായാസുരന് കാലകേയനെന്ന അപരനാമവുമുണ്ട്. ഇരട്ടസഹോദരന്മാരോ, ദുർഗ്ഗമന്റെ പ്രതിബിംബമോ.. എവിടെയായാലും ഇവരൊരുമിച്ചാണ്. രാത്രിയാണ് ഈ ദുഷ്ടന്മാർ തങ്ങളുടെ കൊള്ളരുതായ്മകൾക്കായി നീക്കിവച്ചിരുന്നത്. പക്ഷേ അതിന്റെ പര്യവസാനത്തിൽ ഛായാസുരൻ അദൃശ്യനും ദുർഗ്ഗമാസുരൻ ദൃശ്യനും! പകൽ അവർ പുറത്തിറങ്ങാറേയില്ല! ഛായാസുരന്റെ ആ സഹായംനിമിത്തം ദുർഗ്ഗമാസുരനെ നശിപ്പിക്കാൻ പഠിച്ചപണിയെല്ലാം നോക്കിയിട്ടും ദേവകൾക്കു സാധിച്ചില്ലാ! പിന്നീട് ലോകോദ്ധാരണത്തിനായ് ദേവകൾ നിഷ്ഠയിലൂടെയും സാധനയിലൂടെയും തങ്ങളിലെ അന്തർലീനമായ ആ പരാശക്തിയെ ശരണംപ്രാപിച്ചു.

അക്കാലം ഒരിക്കൽ തങ്ങളുടെ രാത്രിചരണം കഴിഞ്ഞ് തിരിച്ചുപത്തനത്തിലേക്കു പോകുകയായിരുന്ന ദുർഗ്ഗമർ കാട്ടിൽനിന്ന് ഒരസാധാരണശബ്ദം ശ്രവിച്ചു. ആകാംക്ഷയുടെകൊടുമുടിയും ചുമന്ന് അതിന്റെ പിറകെ പോയപ്പോൾ നേരം പരപരാവെളുത്തത് അവരറിഞ്ഞില്ലാ! അന്നേരമാണ് ഭീമാകാരമായ ഒരു നിഴൽ തങ്ങളെ പിന്തുടരുന്നുണ്ടോ എന്നവർ സന്ദേഹപ്പെട്ടത്! നോക്കിയപ്പോൾ ശരിയാണ്; അതു വെറും സന്ദേഹമല്ലാ.. അനന്യസാധാരണമായ ഒരു നിഴൽ!! പിന്നീട് ആ നിഴലിനോട് പടവെട്ടിക്കൊണ്ടായിരുന്നു അവർ മുന്നേറിയത്! അവസാനം തളർന്നവശരായി! തദനന്തരം ആ ശബ്ദസ്രോതസ്സ് അവരുടെ മുന്നിൽത്തെളിഞ്ഞപ്പോൾ അവർ ലജ്ജിച്ചുചൂളിപ്പോയി!!

ഒരു ബാലികയായിരുന്നു ആ സ്വരത്തിനുടമ!! നന്നേവെളുത്ത ഒരു കാളയുടെമുകളിൽപുഞ്ചിരിച്ചിരിക്കുന്ന, ഉദ്ദേശം എട്ടുവയസ്സുമതിക്കുന്ന ആ കോമളാംഗിയിൽ അവർ അന്തംവിട്ടങ്ങനെ നില്ക്കേ, പൂവിറുക്കുന്ന ലാഘവത്തോടെ ആ ബാലിക ഛായാസുരന്റെ കഥകഴിച്ചു! 

കണ്ടില്ലേ കാലനിയോഗം!!! കാലത്തെ വരുതിയിലാക്കിയവന് ഒരു നിഴലിനെ വരുതിയിലാക്കാൻകഴിയാതെപോയി! അജ്ഞതമൂലം, ഒരു ബാലികയോടു നിഴൽയുദ്ധംചെയത് മൃതിയടയാനായിരുന്നു ത്രിവിക്രമനായ ഛായാസുരന്റെ വിധി! ഓർമ്മയില്ലേ, ആരംഭത്തിൽ ഞാൻ ഒരൂഹം ആരാഞ്ഞത്?? അതിന്റെ ഉത്തരം 'കുട്ടികൾക്ക്' എന്നുതന്നെ. ഒരു കുഞ്ഞിനോളം നിർമ്മലമായതും കളങ്കമറ്റതും മറ്റെന്തിനാണ്! 

കുട്ടികൾ നിഴലിനോട്‌ കളിക്കുമ്പോള്‍ മുതിർന്നവർ വിലക്കുന്നതിന്റെ ഒരു കാരണം ഈ കഥയുമായി ബന്ധപ്പെട്ടതാണ്.

അവിടുന്നോടിരക്ഷപ്പെട്ട ദുർഗ്ഗമാസുരനെ പിന്നെ വധിക്കുന്നത് ആയുധപാണിയായ, സിംഹാരൂഢയായ ഒരു യുവതിയാണ്! ശക്തി നഷ്ടപ്പെട്ട ദുർഗ്ഗമനെ നിഗ്രഹിക്കുക എന്നത് ആ യുവതിക്കു പ്രയാസമേയായിരുന്നില്ലാ! ശേഷം ആ ഭാവം 'ദുർഗ്ഗാ' എന്നപേരിൽ വിശ്രുതയായിത്തീർന്നു!

ബാലികാഭാവമാണ്ട ആ മഹാഗൗരിയെ ധ്യാനിക്കേണ്ടത് ഇങ്ങനയാണത്രേ; 

ശ്വേതേവൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചി: l 

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ ll

അർത്ഥം:- വെളുത്ത കാളപ്പുറത്തേറിയ, തൂവെള്ള വസ്ത്രം ധരിച്ച, മഹാദേവനാൽ പ്രമോദിക്കപ്പെട്ട. മഹാഗൗരി ശുഭം പ്രദാനം ചെയ്യട്ടേ!

ചന്ദ്രമണ്ഡലവും രാഹുമണ്ഡലവും നിയന്ത്രിക്കുന്നത് ഈ ദേവീഭാവമാണെന്നാണ് വിശ്വാസം! പാർവതിയുടെ കൊശോത്ഭവ എന്നർത്ഥത്തിൽ കൌശികീദേവിയുടെ അവതാരമായും ഈ ദേവിയെ ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. ഒപ്പം ഇവിടെ ശിവശക്തിസമന്വിതയായും ഈ ദേവീഭാവം ആരാധിക്കപ്പെടുന്നു. കാരണം ദേവിയിലെ ആ ഗൌരീരൂപത്തെ ഗംഗാസ്നാനത്തിലൂടെ ഉരുവപ്പെടുത്തുന്നത് മഹാദേവനാണത്രേ! അത് കുഞ്ഞാവാം, അറിവാകാം.. അതാണ്‌ മഹാദേവപ്രമോദദാ എന്നുപറയുന്നത്.  

അതുകൊണ്ടുതന്നെ ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണെന്നും മഹാഗൗരിയുടെ ചരിതം വിശേഷിപ്പിക്കുന്നു.

അതുപോലെ, ബാലികാഭാവത്തിലായിരുന്ന ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും ഗണേശസമക്ഷം ഏല്പിച്ചിട്ടാണ് യുദ്ധത്തിനു പുറപ്പെട്ടത്‌. ആ സമയമത്രയും ശ്രീ വിനായകനും തന്റെ കർമ്മായുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പംവെച്ച് പൂജിച്ചിരുന്നുവത്രേ! അതിനുശേഷമാണ് ശ്രീ ഗണേശൻ വിഘ്നനിവാരണൻ എന്ന പദവിയിലേക്കുയർന്നത്. ഗണേശന്റെ ഈ പൂജയിൽ അന്നേരം ദേവകളും സന്നിഹിതരായിരുന്നു. അതാണ്‌ പിന്നീട് ആയുധ,പുസ്തകപൂജയായി പരിണമിച്ചത്‌. അതുകൊണ്ടുതന്നെ പൂജവെപ്പിൽ ശ്രീഗണേശനും വളരെ പ്രാധാന്യം കൈവന്നു. 

സീതാന്വേഷണത്തിനിറങ്ങിയ ശ്രീരാമചന്ദ്രനും നവരാത്രിവ്രതം നോറ്റ് ഈ ദിവസംതൊട്ട് വിജയദശമിവരെ തന്റെ ആയുധങ്ങള്‍ പൂജചെയ്യുന്നുണ്ട്.

തരുണീമണികളായ ചിന്താസുന്ദരികളുടെ താലപ്പൊലികൾ ഇന്നുമുണ്ട്!!! പുസ്തകത്തിലെ അറിവുമാത്രം അറിവെന്നു ധരിക്കുന്ന ദുർഗ്ഗമാസുരനും, ലൗകികസുഖത്തിൽ മതിമറന്ന ദേവകളും, ഭ്രമത്താൽ തന്റെ മരണത്തെ സ്വയംവരിച്ച ഛായാസുരനും അങ്ങനെ അനവധി!

ചിന്തിക്കുമ്പോള്‍, നമ്മളിൽ പലരും യുദ്ധംചെയ്യുന്നതു നമ്മുടെ നിഴലിനോടുതന്നെയല്ലേയെന്നു തോന്നിപ്പോകും. അവസാനം ആ തിരിച്ചറിവു കൈവരുമ്പോഴേക്കും വല്ലാതെ വൈകിയിരിക്കും. നാശത്തിനുളള ഒരു ഹേതു ഭ്രമം!! ഭ്രമിക്കുന്നതും ഭ്രമിപ്പിക്കുന്നതും ദേവീഭാവങ്ങളും!

യാ ദേവീ സർവ്വഭൂതേഷു ഛായാരൂപേണ സംസ്ഥിതാ|

നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:||

ഭ്രമത്തെയറിയുന്ന, ഭ്രമംതീണ്ടാത്ത ഒരു നാളാവട്ടെ ഇന്ന്! 

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

നവരാത്രി ഒമ്പതാംദിവസം - സിദ്ധിദാത്രി 

നവരാത്രിയുടെ ഈ ഒമ്പതാംനാളിൽ കമ്പംചോരുന്ന മറ്റൊരു കഥ കേൾക്കാൻ തയ്യാറായിക്കോളൂ..

ഇന്നിൽ സ്തുതിക്കപ്പെടുന്ന ദേവീഭാവമാട്ടെ സിദ്ധിദാത്രിയും! സിദ്ധി ദാനംചെയ്യുന്നവൾ എന്നർത്ഥത്തിൽ സിദ്ധിദാത്രി.

നാമിപ്പോൾ അടുപ്പിച്ച് അസുരന്മാരുടെ പിന്നാലെയാണ്, ഇന്നതിൽനിന്നു വ്യതിചലിക്കാം;

ബാലഭാവത്തിലുള്ള മഹാഗൗരിയുടെ ഉത്പത്തി കണ്ടു നാം, വിഘ്നേശ്വരന്റെ പൂജ കണ്ടു നാം, ദേവകളുടെ സാന്നിദ്ധ്യമറിഞ്ഞു നാം.. 

ഛായാസുരനും ദുർഗമാസുരനും കാലപുരി പുല്കിയതറിഞ്ഞപ്പോൾ ആനന്ദതുന്ദിലരായ ദേവകൾ താന്താങ്ങളുടെ പത്തനങ്ങളിൽ പ്രവേശിച്ച് കർമ്മങ്ങളിൽ വ്യാപൃതരായ്. 

അങ്ങനെയിരിക്കെ ദേവകൾ സമ്മേളിച്ച ഒരു സമയത്ത് പാവകനാണ് തുടക്കമിട്ടത്..

 "ഹഹ.. ഈ ലോകത്ത് എന്നെക്കവിഞ്ഞൊരു ശക്തനുണ്ടോ.."

പറഞ്ഞുതീർന്നില്ലാ അപ്പോഴേക്കും മറ്റൊരു സ്വരം "പിന്നേ.. ഞാൻ ആഞ്ഞൊന്നൂതിയാൽ നിന്റെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ!" ആരാ? വായുദേവൻ! 

അങ്ങനെ തങ്ങളുടെ ശക്തിയുടെ മഹിമയെക്കുറിച്ചായി പിന്നെയുള്ള തർക്കം. ദേവരാജനായ ഇന്ദ്രനും തർക്കത്തിൽച്ചേർന്നു. തങ്ങൾക്കുണ്ടായ അശനിപാതങ്ങളൊക്കെ എത്രപെട്ടെന്നാണു്  അവരൊക്കെ മറന്നതെന്നുനോക്കൂ!!

"ആഹാ.. ഇത്രയും ശ്രേഷ്ഠരായ നിങ്ങളെല്ലാമിങ്ങുള്ളപ്പോൾ പിന്നെ ഞാനെന്തിനാ കുണ്ഠിതപ്പെടുന്നത്!!" തർക്കത്തിലാഴ്ന്ന ദേവഗണങ്ങൾ വിചിത്രമായ ആ സ്വനത്തിൽ തമ്മിൽത്തമ്മിൽ നോക്കി. ആരാണപ്പാ ഇത്.. അപ്പോഴല്ലേ അത് കാണുന്നേ.. ഒരു നേരിയ പ്രഭ! വീണ്ടുംവീണ്ടും നോക്കിയപ്പോൾ സംശയമായി; ഇനിയിതൊരു ശകുന്തകമാണോ?? മനസ്സിലാകുന്നില്ലാ..

അന്നേരമത് വിറച്ചുകൊണ്ട് പറയുകയാണ്.."അല്ലയോ ദേവഗണങ്ങളേ.. എന്നെയൊന്നു സഹായിക്കാമോ? ഈ പുല്ക്കൊടി എനിക്കൊന്നുയർത്തിത്തരാമോ?" 

ആ പ്രഭയ്ക്കു സമീപമൊരു പുല്ക്കൊടികണ്ട ദേവേന്ദ്രൻ, ഉടനെ ഒരു യക്ഷനോട് പുച്ഛത്തിലാജ്ഞാപിച്ചു "ഹേ യക്ഷ, ആ ശകുന്തകത്തിന് ആ പുല്ക്കൊടിയൊന്ന് എടുത്തുകൊടുത്തേക്കൂ.. പാവത്തിനു കൂടുവെക്കാനാവും!"

വളരെ നിസ്സാരമായ് അതിനു തുനിഞ്ഞ യക്ഷൻ പഠിച്ചപണി പത്തൊമ്പതുവരെയെത്തി; ഉയർത്തുന്നതുപോയിട്ട് അതൊന്നനക്കാൻകൂടെ കഴിയണ്ടേ! തുടർന്ന് ദേവഗണങ്ങളും ദേവേന്ദ്രനും മാറിമാറി പരീക്ഷിച്ചു! ഫലം നാസ്തി!! 

ശക്തി നഷ്ടപ്പെട്ട അവർ, നാണക്കേടും മാനക്കേടുംകൊണ്ട് പിന്നെ ബ്രഹ്മസവിധത്തിലേക്കാണു പ്രയാണംചെയ്തത്. അവിടെയപ്പോൾ ഹരിയും ഹരനും സന്നിഹിതരായിരുന്നു. 

കാര്യങ്ങളറിഞ്ഞപ്പോൾ അവരൊരുമിച്ചു പറഞ്ഞു "പ്രതിനന്ദനയില്ലാത്ത ദേവകളേ.. നിങ്ങൾ ഇനിയും അനുഭവിക്കാനിരിക്കുന്നേയുള്ളൂ!! ആപത്തുകളിൽമാത്രം സത്ത്വശീലരാവുന്ന നിങ്ങൾ അത് കഴിയുമ്പോഴേക്കും അസത്ത്വശീലരാകുന്നതെന്തേ; നിങ്ങൾക്കുള്ളിലെ ആ പരാശക്തിയെ വ്യർത്ഥമാക്കുന്നതെന്തേ??"

അപ്പോഴാണ് അവർക്ക് എന്താണ് തങ്ങൾ കണ്ടതെന്നും തങ്ങളുടെ അക്ഷന്തവ്യമായ അപരാധം എന്താണെന്നും മനസ്സിലായത്! അഹങ്കാരം, അമിതമായ ആത്മവിശ്വാസം ഇതായിരുന്നു അവരെ ഭരിച്ചിരുന്നത്!

ഉൾക്കണ്ണുകൾ തുറന്ന അവർ തങ്ങളിലെ ദുർഗ്ഗുണങ്ങളുപേക്ഷിച്ച് ദേവീസ്തുതിയിലും സത്കർമ്മങ്ങളിലും വ്യാപൃതരായി! തങ്ങളിലെ ആ ശക്തിയെ ആദരിച്ചപ്പോഴതാ ആ ദിവ്യപ്രഭ സർവ്വാലങ്കാരവിഭൂഷിതയായി അവർക്കു രൂപദർശനസായൂജ്യവും നല്കുന്നു!! വീണ്ടും സമസ്തലോകകല്യാണത്തിലേക്കാണ് അത് നാന്ദിയായത്..

ദേവകളാൽ ധ്യാനിക്കപ്പെട്ട ആ സിദ്ധിദാത്രീധ്യാനശ്ലോകം ഇങ്ങനെ;

സിദ്ധഗന്ധർവ യക്ഷാദ്യൈരസുരൈരമരൈരപി l 
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ll

അർത്ഥം:- സിദ്ധർ, ഗന്ധർവർ, യക്ഷർ, അസുരർ, സുരർ മുതലായവരാൽ സേവിക്കപ്പെടുന്ന സിദ്ധിദാത്രി ഓരോ ചുവടുവെപ്പിലും സിദ്ധി പ്രദാനം ചെയ്യണേ!

കഥയവിടെ നില്ക്കട്ടെ; നമുക്കിതിലെ സാംഗത്യമൊന്നു ചികയാം..

പേരുപോലെതന്നെ സിദ്ധികളുടെ ഉടയവളെ നിനച്ചുകൊണ്ടൊരു ദിനം. അഷ്ടസിദ്ധികളായ അണിമ (എളിമ), മഹിമ (കീർത്തി), ഗരിമ (പ്രൗഢത), ലഘിമ (ലാഘവം), പ്രാപ്തി, പ്രാകാമ്യം(ഇച്ഛാശക്തി), ഈശിത്വം (പരമോന്നതത്വം), വശിത്വം(വശവർത്തിത്വം) തുടങ്ങിയവ പ്രദാനം ചെയ്യുന്ന ഈശ്വരി. കഴിഞ്ഞ എട്ടു ദേവീഭാവങ്ങളെയും എട്ടുസിദ്ധികളായി കാണാം. ആ സിദ്ധികളെ അറിയുന്നതിനും ആദരിക്കുന്നതിനുമായ്  സമസ്തദേവകളും ഈ ദിനം മാറ്റിവെക്കുന്നു. 

അതുതന്നെയാണ് ഈ ദേവ്യാരാധനാഭാവവും! പൂജവെപ്പിന്റെ ഈ അവസാനദിനത്തിന്റെ മാഹാത്മ്യവും ഇതുതന്നെ! ഒരു മനുഷ്യായുസ്സിൽ ഇവ നേടുക എന്നത് ക്ളിഷ്ടവും അസുലഭവുമാണു്.   

ഇതിന്റെയെല്ലാം സത്ത അതിവിശിഷ്ടം! പുസ്തകവെപ്പും അടച്ചുപൂജയും തുടര്‍ന്നുവരുന്ന വിജയദശമിയിലെ ആദ്യാക്ഷരം കുറിക്കലുമൊക്കെ ഉപാസനയുടെ ആത്മാവാണ്. നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിസ്രോതസ്സുകളെ കണ്ടെത്താനും സാക്ഷാത്കരിക്കാനുമുള്ള ശ്രമമാണ് ഇവിടെ നമുക്ക് കാണാനാവുക. നമ്മില്‍ അനന്തമായ ശക്തിവൈശിഷ്ട്യങ്ങള്‍ കുടികൊള്ളുന്നുണ്ട്. അവയെ എങ്ങനെ പുറത്തേക്കുകൊണ്ടുവരാമെന്നാണ് ഋഷിവര്യർ ചിന്തിച്ചത്. അതിനുള്ള ലളിതമായ സാധനകളാണ് ഇവയെല്ലാം! അതിലൂടെ സാധാരണജീവിതം നയിക്കുന്നവര്‍ക്കുപോലും എങ്ങനെ ഈ ശക്തിയെ സാക്ഷാത്കരിക്കാമെന്ന ചിന്തയുടെ ഉത്തരംകൂടിയാണ് മഹാനവമിയും വിജയദശമിയുമൊക്കെ.

അടച്ചുപൂജയ്ക്കു നമ്മുടെ കർമ്മാനുബന്ധമായ ഉപകരണങ്ങളോ, പുസ്തകങ്ങളോ, തൂലികയോ അങ്ങനെ എന്തും വെയ്ക്കാം. ഇനി ഇതൊന്നും വെച്ചില്ലെങ്കിൽത്തന്നെ അല്പസമയം നമ്മുടെ ഇന്ദ്രിയങ്ങളെ ഇതിനായ് മാറ്റിവെക്കണം! നമ്മുടെ സത്കർമ്മങ്ങളും, കർമ്മപഥങ്ങളുമെല്ലാം വിജയപൂർണ്ണമാകണമെന്ന് ആഗ്രഹിക്കാത്തവരാരുമുണ്ടാവില്ല. ഈ വിജയത്തിന് മുന്നോടിയായി നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട മുന്നൊരുക്കം അതിനായി തപസ്യ രൂപപ്പെടുത്തുക എന്നതുതന്നെ. അടച്ചുപൂജനടക്കുമ്പോള്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന വിദ്യാശക്തിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഉപാസകന്‍. പ്രപഞ്ചസൃഷ്ടിമുതല്‍ ഇന്നുവരെയുള്ള സമസ്തപ്രക്രിയകളെയും അന്തഃകരണത്തില്‍ ദര്‍ശിക്കുവാനുള്ള പദ്ധതിയാണ് അടച്ചുപൂജ. നമ്മുടെ സമസ്തഇന്ദ്രിയങ്ങളെയും അടച്ച്, ഉള്ളിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് ഇതില്‍ ചെയ്യുന്നത്. അന്തര്‍മുഖസമാരാദ്ധ്യയായ ദേവിയെ, (അതിനെ എന്തു പേരിലും വിളിച്ചോളൂ) ദിവ്യമായ വാഗ്‌ശക്തിയെ, ഉള്ളില്‍ദര്‍ശിക്കുന്ന അതീവരഹസ്യമായ ഉപനിഷദ്-വിദ്യയാണ് അടച്ചുപൂജ. അങ്ങനെ സാധകന്‍ മഹാനവമിദിനത്തില്‍ നവനവങ്ങളും ഹരിതാഭവുമായ പുതുപുതുചിന്തകളുമായി കര്‍മ്മപഥത്തിലേക്ക് കാൽവെപ്പു നടത്താനുള്ള മുന്നൊരുക്കം നടത്തുന്നു. 'നവ'മെന്നതിന് പുതിയതെന്ന അര്‍ത്ഥവുമുണ്ടല്ലോ! അപ്പോള്‍ വര്‍ഷാവര്‍ഷങ്ങളില്‍ തന്റെ ഉള്ളിന്റെയുള്ളിലെ ആദിശക്തിയെ ഉണര്‍ത്തുന്നതിനായി, നവോന്മേഷം കൈവരിക്കുന്നതിനായി, തന്റെ ഇന്ദ്രിയങ്ങളെ അടച്ചുവെക്കുന്ന പദ്ധതിയാണ് മഹാനവമി! അങ്ങനെ തന്റെയുള്ളില്‍ ആ വിദ്യാദേവിയെ സാക്ഷാത്കരിക്കുന്നതോടെ വിജയദശമി കടന്നുവരുന്നു.

സ്യമന്തകമണിക്കള്ളൻ എന്ന ദുഷ്പേരുകേട്ട ദ്വാപരയുഗധർമ്മധാരി ശ്രീകൃഷ്ണനും നവരാത്രിവ്രതം നോറ്റതിനുശേഷമാണ് ആ മണി കണ്ടെത്തുന്നതും തന്റെ സത്പേര് വീണ്ടെടുക്കുന്നതും! മഹാനവമിനാളിൽ തന്റെ സർവ്വസ്വവും സമർപ്പിച്ച്‌ ധ്യാനനിമഗ്നനായിരുന്ന ശ്രീകൃഷ്ണൻ, പിന്നീട് വിജയദശമിനാളിലാണ് ഇറങ്ങിത്തിരിക്കുന്നത്‌.

അപ്പോൾ നമുക്ക് ഇന്നത്തെ ചിന്തകളെ മനയാം? മനയാനൊന്നുമില്ല, ആകർഷകങ്ങളായ ഒട്ടനവധി ചിന്താശകുന്തകങ്ങൾ നമുക്കുചുറ്റും ഇങ്ങനെ പാറിക്കളിക്കുന്നുണ്ട്; അതിലൊന്നിനെ പിടിച്ചാൽമാത്രംമതി! അപ്പോൾ ഞാൻ പിടിക്കുന്നത് ഉപകാരസ്മരണ എന്ന ശകുന്തകത്തെയാണ്! 

'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' എന്ന ആ അധമത്തം നമ്മിൽനിന്നകന്നുപോകാനതുപകരിച്ചാലോ!!

യാ ദേവീ സർവ്വഭൂതേഷു സിദ്ധിരൂപേണ സംസ്ഥിതാ  
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

ശകുന്തകം - ചെറിയ പക്ഷി 

പ്രതിനന്ദന - നന്ദി

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

ലളിതാസഹസ്രനാമവ്യാഖ്യാനം, നാമം - 270

തിരോധാനകരീ - तिरोधानकरी

തിരോധാനം - അപ്രത്യക്ഷമാകൽ, മറയൽ 

കഴിഞ്ഞ നാമങ്ങളുടെ അനുബന്ധമായ് ഉൾക്കൊള്ളുമ്പോൾ വളരെ വ്യക്തമാണ് ഈ നാമം. നാം ഇതുവരെയെത്തിയിരുന്നത് ദേഹിയും ദേഹവും രണ്ടായ അവസ്ഥയിലാണ്. ഇപ്പോൾ ആ ദേഹിക്ക് തന്റെ ദേഹം മാറിനിന്നു വീക്ഷിക്കാൻ കഴിയുന്നു, ആ ജഡത്തിന്റെ സമീപത്തുതന്നെ ദേഹിയുമുണ്ട്. നമ്മുടെ ശരീരത്തിൽ ചെയ്യുന്നതൊക്കെ അതു കാണുകയാണ്. 

സ്വന്തക്കാരുടെയും പ്രിയപെട്ടവരുടെയും മുഖങ്ങൾ, പട്ടടയിലേക്കു യാത്രപോകുന്ന നിമിഷങ്ങൾ, കൊള്ളിവെപ്പ് ഇതെല്ലാം അതറിയുന്നു. അവിടെനിന്നൊരു മുക്തി വരണമെങ്കിൽ അതുവരെ അധിവസിച്ച ആ ശരീരം ഇല്ലാതാകണം, പഞ്ചഭൂതങ്ങളിലേക്കു തിരിച്ചുപോകണം. അങ്ങനെയുള്ള ആ തിരിച്ചുപോക്കാണ് തിരോധാനം. അത് ചെയ്യിക്കുന്ന ആ ഈശ്വരിയെ തിരോധാനകാരിയെന്ന ഭാവത്തിൽ സ്തുതിക്കുന്നു. 

മറ്റൊരർത്ഥത്തിൽ വിവക്ഷിച്ചാൽ തന്നിലെ ഞാനെന്ന ഭാവത്തെ തിരോധാനം ചെയ്യിക്കുന്നവളാണ് ദേവീഭാവം! നമ്മിലെ അഹങ്കാരം!  നമ്മള്‍ പറയുന്ന ലൗകികമായ ആ അർത്ഥംമാത്രമല്ലാ അഹങ്കാരത്തിന്!   ഈ അഹങ്കാരം ഇതു ഞാനാണ് എന്ന ഭാവത്തെയാണ് ഇല്ലാതാക്കുന്നത്! എന്നിട്ടോ? ഇതുമാത്രമല്ലാ, എല്ലാം ഞാനാണ് എന്ന ഭാവത്തിലേക്കാണ് അതു നമ്മെ കൊണ്ടുപോകുന്നത്!!! ഞാൻ, നീ എന്നുള്ള വേർതിരിവാണ് അതിലൂടെ നഷ്ടമാകുന്നത്! അതെല്ലാം മായയുടെ പ്രഭാവമാണ്.  

പക്ഷേ തിരിച്ചറിയപ്പെടുന്ന ആ അവസ്ഥയിലേക്ക് ഇനിയും നമ്മളെത്തിയിട്ടില്ലാ! കാരണം ഇപ്പോൾ ഞാനെന്ന ആ ഭാവമാണ് തിരോധാനമായിരിക്കുന്നത്! അതിനെക്കുറിച്ച് അടുത്തനാമം വിശദീകരിക്കും.

ഇനിയിതിനെ പിരിച്ചെഴുതിയാൽ;

തിരോ - രഹസ്യമായി, അകന്ന് എന്നൊക്കെ (തിരസ് എന്ന പദം സമാസിക്കുമ്പോൾ വരുന്നത്)  

ധാന - ഉൾക്കൊള്ളുക, പിടിക്കുക, സ്വീകരിക്കുക, 

കരി - ചെയ്യുന്നവൾ 

തന്റെ കുടുംബകാര്യങ്ങളെ തങ്ങൾക്കുള്ളിലൊതുക്കുന്ന ആ കുടുംബിനിയെ തിരോധാനകരിയെന്നു സംബോധനചെയ്യുകയാണ്. അതായത് വീട്ടുകാര്യങ്ങൾ പുറത്തു കൊട്ടിഘോഷിക്കാനുള്ളതല്ലാ, അതു തന്റെ കുടുംബത്തിനുള്ളിൽത്തന്നെയൊതുക്കി പരിഹരിക്കാനായുള്ളതാണ് എന്നു പറയാതെ പറയുകയാണ് ഇവിടെ!

പല കുടുംബങ്ങളും ഛിദ്രമാകാനുള്ള പ്രധാനകാരണം ഈ കൊട്ടിഘോഷിക്കൽതന്നെയാണെന്നതിൽ തർക്കമില്ലല്ലോ!

തിരോധാനത്തിന്റെ മഹിമയറിയുന്നവരാകട്ടെ നാമീ നാമസങ്കീർത്തനത്തിൽ!!

ലളിതാസഹസ്രനാമവ്യാഖ്യാനം, നാമം - 269

രുദ്രരൂപാ - रुद्ररूपा

രുദ്ര - അലറിക്കുന്ന, കരയിക്കുന്ന, ഭയാനകമായ, പതിനൊന്നാമത്തെ

രുദന എന്നാൽ കരച്ചിൽ, രോദനം, കരഞ്ഞുകൊണ്ടിരിക്കുന്ന എന്നൊക്കെ. 

ഇവിടെ എന്താ അർത്ഥം! തൊട്ടുമുമ്പിലത്തെ നാമത്തിൽ നാം പറഞ്ഞുകഴിഞ്ഞു; ജീവൻ ശരീരവുമായുള്ള ബന്ധം ഉപേക്ഷിച്ചു. പക്ഷേ ആ ശരീരമുപേക്ഷിച്ചിട്ടില്ലാ; അതിനിനിയും ഒരു ഘട്ടംകൂടി ബാക്കിയുണ്ട്!

മുമ്പു പ്രസ്താവിച്ചിരുന്നു; ഒരു പ്രാണൻ ജനിക്കുമ്പോൾ, ആ പൊക്കിൾക്കൊടി വിച്ഛേദിക്കുമ്പോൾ അതു കരയുന്നു. അതുപോലെ ആ പ്രാണൻ പിരിയുമ്പോളും അതു കരയുന്നു അല്ലെങ്കിൽ കരഞ്ഞുപോകുന്നു! അസഹ്യമായ ഒരു ഉൾവേദനയോടുകൂടിയേ പ്രാണൻ ശരീരം വിട്ടുപോകൂ!എല്ലാ ജീവജാലങ്ങളിലും ഈ രോദനമുണ്ട്. പ്രാണൻ ശരീരത്തെയുപേക്ഷിക്കാൻ തുണയ്ക്കുന്ന ദേവീപ്രാഭവം രുദ്രരൂപയാണ്!! മൂന്നുകണ്ണുകളോടെ മൂവുലകിലും ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ആ ശക്തി! 

മരണമെത്തുമ്പോളുള്ള ഈ രോദനത്തെ ലഘൂകരിക്കാനാണ് യജുർവേദത്തിലെ പ്രസിദ്ധമായ ആ ശ്ലോകം; എന്താണെന്നോ..

ഓം, ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം 

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്

മൃത്യുഞ്ജയമന്ത്രമെന്ന് ബുദ്ധജനങ്ങളാൽ ഒറ്റശബ്ദത്തിൽ പ്രകീർത്തിതമായ ആ മന്ത്രത്തിന്റെ അർത്ഥമിങ്ങനെ:- 

പൂർണ്ണതയും സൗരഭ്യവും പ്രദാനംചെയ്യുന്ന, അനുഗ്രഹദായിനിയായ പരാശക്തേ.. എങ്ങനെയാണോ പാകമായ വെള്ളരി അതിന്റെ വള്ളിയിൽനിന്നു സ്വയം വിട്ടുവരുന്നത്, അതുപോലെ മരണമെന്ന കെട്ടിൽനിന്ന് എന്നെ മുക്തനാക്കുവാൻ/മുക്തയാക്കുവാൻ കനിവുണ്ടാകണേ!! 

ഇതിൽനിന്നുതന്നെ മനസ്സിലാക്കാം മരണമെന്ന ആ പ്രക്രിയ എങ്ങനെയാണെന്ന്; എളുപ്പമല്ല മരിക്കൽ!! ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥവും അതുതന്നെ! ഇതു നിഷ്ഠയോടെ ചൊല്ലിയാൽ ആ അകാലമൃത്യു, അല്ലെങ്കിൽ നമ്മുടെതന്നെ അശ്രദ്ധമൂലമുണ്ടാകുന്ന ആ മൃത്യു ഒഴിവാക്കപ്പെടും! അല്ലാതെ മരിക്കാണ്ടിരിക്കാനുള്ള മന്ത്രമല്ല മൃത്യുഞ്ജയമന്ത്രം!

അതായത് ആ സംഹരണത്തിനു നിദാനമായ സംഹാരിണിയെ നിയോഗിക്കുന്നവൾ രുദ്രരൂപ! 

രുക്കിനെ ദ്രവണം ചെയ്യുന്നത് എന്ന അർത്ഥത്തിലും രുദ്രശബ്ദം ഉപയോഗിക്കുന്നു. 'രു' എന്നാൽ രോഗം, പീഡ തുടങ്ങിയ അർത്ഥങ്ങൾ. ശരീരമാകുന്ന പീഡയിൽനിന്ന് മുക്തി തരുന്നവൾ എന്നർത്ഥത്തിൽ രുദ്രരൂപാ!

വിശ്വപ്രപഞ്ചത്തിന്റെ നാശസമയത്ത് രുദ്രരൂപയുടെ നേത്രങ്ങളില്‍നിന്നു പ്രവഹിക്കുന്ന ജലമാണ് പ്രളയത്തിനു കാരണമാകുന്ന മാരി. പ്രളയകാരണമാകുന്ന രോദനം ചെയ്യിക്കുന്ന ദേവീഭാവത്തെ രുദ്രരൂപയായ് വാഴ്ത്തുന്നു. 

അതായത് പ്രാണൻ ഉപേക്ഷിച്ച ശരീരത്തിൽനിന്ന് ആ പ്രാണനു മുക്തി കൊടുക്കണം. അവിടെ മൃതിയായി. ഇനിയവശേഷിക്കുന്നത് അത്രകാലം ആ പ്രാണൻ തുടിച്ച ശരീരമാണ്. ഇപ്പോൾ ആ പ്രാണന് തന്റെ ശരീരത്തെ നോക്കിക്കാണാനാവും. 

ഇനി ലൗകികാർത്ഥത്തിൽ വന്നാൽ ദേവി നല്ലൊരു ഭിഷഗ്വരയുമാണെന്നു പ്രകീർത്തിക്കുകയാണ് മോദിനി. 

കാരണം ദേവേന്ദ്രനാൽ സോമപാനം നിഷേധിക്കപ്പെട്ട അശ്വനീദേവകൾക്ക് യൗവനം പ്രദാനം ചെയ്തിരുന്നത് ദേവിയാണ്.വിന്ധ്യാചലത്തിൽവെച്ചാണ് ആദ്യമായ് അശ്വിനീദേവകൾക്ക് അതു പ്രദാനം ചെയ്തത് ദേവി. എന്നിട്ട് ദേവിതന്നെയാണ് അവർക്ക് യജ്ഞങ്ങളിൽ സോമപാനത്തിന് അർഹരാകാനുള്ള വഴിയും പറഞ്ഞുകൊടുക്കുന്നത്. അതായത് ച്യവനനെന്ന മഹർഷിക്കു കാഴ്ച പ്രദാനം ചെയ്താൽ അദ്ദേഹം അവരെ സഹായിക്കുമെന്നായിരുന്നു ഉപായം. അങ്ങനെ ദേവിയുടെ ഉപദേശപ്രകാരമാണ്‌ അവർ സുകന്യയെ പരീക്ഷിക്കാൻവരുന്നതും ച്യവനനു കാഴ്ചയും യൗവനവും കൊടുക്കുന്നതും!

കൂടാതെ സംഹാരിണിയുടെ ഭാവം രുദ്രരൂപത്തിലാണ് എന്നും വായിച്ചെടുക്കാം. 

അകാലമൃത്യുക്കളിൽനിന്നു മുക്തരാകട്ടെ നാമീ നാമാർത്ഥമാഹാത്മ്യത്തിൽ!

ലളിതാസഹസ്രനാമവ്യാഖ്യാനം, നാമം - 268

സംഹാരിണീ - संहारिणी

സംഹരണ എന്നാൽ സംഹരിക്കൽ, ശേഖരിക്കൽ. സമ്മേളിക്കൽ, തിരിച്ചുപിടിക്കൽ തയ്യാറാക്കൽ എന്നൊക്കെയാണ് അർത്ഥങ്ങൾ.

സംഹരണം ചെയ്യുന്നവൾ, സംഹരണത്തിൽനിന്നുണ്ടായവൾ സംഹാരിണി.   

സൃഷ്ടിയും സ്ഥിതിയും കഴിഞ്ഞാൽ പിന്നെ സംഹാരം; പൊതുവായ് അതിനെ മരണമെന്നു പറയുന്നു. നാം കൂടിച്ചേർന്നു, ജനിച്ചു, തിരിച്ചറിവുവന്നു, ജീവിച്ചു, ഇനിയോ.. ഇനി മടക്കം! 

എന്തിനും ഒരന്ത്യമുണ്ട്. കർമ്മഫലങ്ങൾക്കനുസൃതമായ് ആ അന്ത്യം സംഭവിക്കുന്നു. അന്ത്യം എന്നു പറഞ്ഞാൽ ലക്ഷ്യത്തിന്റെ അന്ത്യമാണ്, അതായത് മടങ്ങിയെത്തൽ! 

ആ അന്ത്യത്തിന് നിദാനമാകുന്നതും ഈ ദേവീഭാവംതന്നെ! 

ഇവിടെ സംഹരണമെന്നാൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ സ്ഥിതിയാണ്‌. ആ സ്ഥിതി ചിലപ്പോൾ ക്ഷണികമായിരിക്കും മറ്റുചിലപ്പോൾ അനന്തവുമാകാം! നമ്മിൽ പലർക്കും ആ സ്ഥിതിയെക്കുറിച്ച് അറിവുണ്ടാകും. നമ്മുടെ ശരീരം ബാഹ്യലോകത്തോടു പ്രതികരിക്കാത്ത അവസ്ഥ! അറിയിക്കേണ്ടവരെ അറിയിച്ചോ എന്ന് പറയുന്ന സന്ദർഭം. മസ്തിഷ്കമരണങ്ങളും മറ്റും അതിലുൾപ്പെടുന്നു. ശേഷമാണ് മരിക്കുക എന്ന പ്രക്രിയ! സമസ്തചരാചരങ്ങളിലും ഈ അവസ്ഥ സംജാതമാകുന്നുണ്ട്. ത്രിമൂർത്തികൾക്കുമുൾപ്പെടെ! 

നമുക്കെന്നാൽ ത്രിമൂർത്തികളുടെ കാലഗണനയിലേക്കു പ്രവേശിച്ചുനോക്കാം;

ത്രികൃത്യങ്ങളിൽ (ത്രിമൂർത്തികളുടെ കർമ്മങ്ങൾ) ആദ്യം ആയുസ്സു തീരുന്നത് സൃഷ്ടിക്കാണ്; അതായത് ബ്രഹ്മാവിന്! ഒരു കല്പംവേണം ബ്രഹ്മാവിന്റെ ഒരു പകലു തീരാൻ. അതായത് പതിനാലു മന്വന്തരം!! ഇങ്ങനെ രണ്ടു കല്പമായാൽ പകലും രാത്രിയുമായ് ബ്രഹ്മാവിന്; അതായത് ഒരു ബ്രഹ്മദിവസം! 

ബ്രഹ്മാവിന്റെ പകലുകളില്‍ മാത്രമാണ്‌ സൃഷ്ടി. ബ്രഹ്മാവിന്റെ പ്രഭാതങ്ങളില്‍ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പകലിന്റെ അവസാനം നശിക്കുന്നു. അടുത്ത പകല്‍ വീണ്ടും പ്രപഞ്ചസൃഷ്ടി. അങ്ങനെ മുന്നൂറ്റിയറുപതു (360) ബ്രഹ്മദിവസമാണു് ഒരു ബ്രഹ്മവര്‍ഷം. അങ്ങനെ നൂറ്റിയിരുപതു (120) ബ്രഹ്മവർഷം വേണം ഒരു ബ്രഹ്മായുസ്സിന്! അതാണ്‌ ഒരു മഹാകല്പം. ചിലപ്പോൾ നൂറാം വയസ്സിൽ ബ്രഹ്മാവ് മൃതനാകാം. 

ഇങ്ങനെയുള്ള രണ്ടു മഹാകല്പമാണു് വിഷ്ണുവിന്റെ ആയുസ്സ്. ഈ രണ്ടു വിഷ്ണുവർഷം ശിവന്റെ ആയുസ്സുമാണ്; അതായത് നാലു മഹാകല്പം! 

ഇവയും സംഹരണമെന്ന ആ അവസ്ഥയിലൂടെ കടന്നുപോകുന്നു.

ഇഹത്തിലേക്കു വന്നാൽ സംഹാരണന്റെ പത്നി സംഹാരിണി. ഇവിടെ സതീദേവിയുടെ തിരോധാനത്തിൽനിന്നു ജാതയായ പാർവതിയേയും വിഷയമാക്കാം. കാരണം സതീവിരഹത്തിൽ സർവം ത്യജിച്ച പരമശിവനെ എല്ലാം വീണ്ടും തിരിച്ചുപിടിക്കാൻ സജ്ജനാക്കുന്നത് പാർവതിയുടെ സാന്നിദ്ധ്യമാണല്ലോ! 

അങ്ങനെ തയ്യാറായെത്തിയ ദേവ്യവതാരത്തെ സംഹാരിണി എന്ന നാമത്താൽ സംബോധന ചെയ്യുന്നു മോദിനി!

കാലത്തെയറിയുന്നവരാകട്ടെ നാമീ നാമധന്യതയിൽ!

ലളിതാസഹസ്രനാമവ്യാഖ്യാനം, നാമം 267

ഗോവിന്ദരൂപിണീ - गोविन्दरूपिणी

ഗൗ എന്നാൽ ഇന്ദ്രിയം, രശ്മി, സ്വർഗം, സൂര്യൻ, പ്രപഞ്ചം, ഗുരു എന്നെല്ലാം അർത്ഥം.

ഇന്ദതി - കാണുക, ശക്തിമത്താകുക

അർത്ഥത്തെ സമന്വയിപ്പിച്ചാൽ ഇന്ദ്രിയങ്ങളെ അറിയുന്നവൾ, പ്രപഞ്ചത്തെ അറിയുന്നവൾ എന്നൊക്കെയെടുക്കാം.

ഇവിടെ അറിവെന്നു പറയുമ്പോൾ തന്റെ പ്രജ്ഞയിലുള്ള അറിവ്, ആ ബുദ്ധി അതാണ് അർത്ഥമാക്കേണ്ടത്. അങ്ങനെയുള്ള ആ അറിവിനെ പരിപാലിക്കുന്ന രൂപവും ദേവിതന്നെ. 

ഗോപനത്തെ പരിപാലിക്കുന്നവൾ ഗോവിന്ദരൂപിണി. സ്ഥിതികർത്താവിന്റെ സ്വത്വമാണ് നമ്മുടെ ദേവീഭാവം!

സർവാധാരമായ ഈ പ്രപഞ്ചത്തെ നിലനിറുത്തുന്നവൾ എന്നർത്ഥത്തിൽ ദേവി ഗോവിന്ദരൂപിണീഭാവമാണ്. 

ഇങ്ങനെ ഗോവിനെ(പ്രപഞ്ചത്തെ) ഉദ്ധരിച്ചതുകൊണ്ടാണ് വിഷ്ണുവിന്‌ ഗോവിന്ദന്‍ എന്നു പേരുവന്നത്‌. ഇവിടെ പ്രപഞ്ചമെന്നത് ഭൂമി. തന്റെ വരാഹരൂപത്തിൽ ഭൂമിയെ ത്രാണനം ചെയ്തിരുന്നല്ലോ വിഷ്ണു!

ഗുരുവിനെ കണ്ടെത്താൻ സഹായിക്കുന്ന ആ യോഗവും ദേവിതന്നെയാണ്. നമ്മിലെ ആ വാഞ്ഛയാണല്ലോ നമ്മെ അതിനു പ്രേരിപ്പിക്കുന്നത്. അപ്പോൾ അതു പ്രദാനം ചെയ്യുന്നവൾ ഗോവിന്ദരൂപിണി.  

ഇഹത്തിൽ വന്നാൽ സ്വയം പരിരക്ഷ ചെയ്യുന്നവളാണ് ഈ ദേവി. വിവേചനബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നവളാണ് ഈ ഗൃഹനാഥ. അതുകൊണ്ടുതന്നെ തെറ്റും ശരിയും തിരിച്ചറിയുന്ന കർമ്മാധിഷ്ഠയായ ആ ഗൃഹനാഥയെ ഗോവിന്ദരൂപിണി എന്ന നാമത്തിൽ പ്രകീർത്തിക്കുന്നു!

വിവേചനബുദ്ധിയെ അറിയുന്നവരാകട്ടെ നാമീ നാമോന്നതിയിൽ! 

ലളിതാസഹസ്രനാമവ്യാഖ്യാനം, നാമം 266

ഗോപ്ത്രീ - गोप्त्री

ഗോപ്, ഗോപന - സംരക്ഷിക്കുന്നയാൾ, സൂക്ഷിക്കുന്നയാൾ, ഒളിപ്പിക്കുന്നയാൾ, നിന്ദിക്കുന്നയാൾ എന്നൊക്കെ അർത്ഥം.

ഗോപിനെ ത്രാണനം ചെയ്യുന്നവളായതുകൊണ്ടു ഗോപ്ത്രി. സൃഷ്ടിയെയും സ്രഷ്ടാവിനെയും പറഞ്ഞു. ഇപ്പോളിതാ സ്ഥിതിയെ പറയുന്നു. 

സൃഷ്ടിയുടെ ധാതുക്കൾ സുഗമമായാലേ സ്രഷ്ടാവിനു സുഗമമാകൂ. അതുപോലെ സ്ഥിതിയുടെ ധാതുക്കൾ സുഗമമാകണം. അപ്പോളേ സ്ഥിതാവിന് അയത്നതയുണ്ടാകൂ. 

അപ്പോൾ ആ ഗോപിനു സംരക്ഷണം നല്കുന്ന ഗുപ്തതാവിന് അയത്നത നല്കുന്ന ആ ദേവീഭാവം ഗോപ്ത്രിയെന്നപേരിൽ വിശേഷിക്കപ്പെടുന്നു! 

എന്താവാം സ്ഥിതിയുടെ ധാതുക്കൾ? ജനിച്ചപാടെയുള്ള ഒരു കുഞ്ഞിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. കിടത്തിയാൽ കിടന്നിടത്ത്! കൊടുത്താൽ കഴിക്കും അല്ലേൽ കരയും. ഈ കരയുന്നത് അതിന്റെ പ്രജ്ഞയുറച്ചതുകൊണ്ടാണോ? അല്ലാ, അതു കരഞ്ഞുപോകുകയാണ്; അതുപോലുമറിയാതെ! അതിനുംമുന്നേ ആ പൊക്കിൾക്കൊടി വിച്ഛേദിക്കപ്പെടുമ്പോൾ കുഞ്ഞ് കരയുന്നു. ആ കരച്ചിലിൽ ആദ്യശ്വാസം വലിക്കുന്നു. അവിടെയപ്പോൾ സൃഷ്ടിക്കോ സ്ഥിതിക്കോ യാതൊരു ചുമതലയുമില്ലാ! സ്ഥിതിക്കുവേണ്ടി ആ കുഞ്ഞിനെ ശ്വാസമെടുക്കാൻ പ്രേരിപ്പിക്കുന്ന ആ ശക്തിയാണ് ഗോപ്ത്രി! അതുപോലെ നമ്മുടെ അഗാധമായ ഉറക്കത്തിൽ എങ്ങനെയാണു ശ്വാസമെടുക്കുന്നത്? നാമറിഞ്ഞുകൊണ്ടാണോ ശ്വസനം നടക്കുന്നത്! അഗാധനിദ്രയിൽ മൃതശരീരംപോലെയാകുന്ന നാം, ശ്വസനമെന്ന പ്രക്രിയ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു! ചിന്തിച്ചാൽ എന്തെല്ലാം അദ്‌ഭുതങ്ങൾ! 

പിന്നെ ആ വാക്കിന് ഒളിപ്പിക്കുക എന്നൊരർത്ഥം പറഞ്ഞല്ലോ.. നദിയിൽ എല്ലാം ഒളിപ്പിക്കുന്നതുകൊണ്ട് ഗംഗയ്ക്ക് ഗോപ്ത്രിയെന്ന നാമവുമുണ്ട്. 

പക്ഷേ ഇവിടെ അനാദിയായ ആ കാലത്തെത്തന്നെ വിവക്ഷിക്കണം. സർവവും ഈ കാലത്തിൽ ഒളിപ്പിക്കപ്പെടുന്നു. അതെന്താവാം? മായ! എല്ലാം മറയ്ക്കുന്ന ആ കാലവും ഈ പരാശക്തിതന്നെ!

ബ്രഹ്മസത്യം ജഗത് മിഥ്യ എന്ന വിശിഷ്ടമായ തത്ത്വംതന്നെ നമുക്കിതിലൂടെ മനയാം!  

അപ്പോൾ മറ്റൊരാളുടെ നിന്ദപോലും ഈശ്വരേച്ഛയായ് തോന്നുന്നു.  

ലൗകികതയിൽവന്നാൽ തന്റെ ശരീരത്തെ വസ്ത്രങ്ങളാൽ മറയ്ക്കുന്ന അല്ലെങ്കിൽ ശരീരസംരക്ഷണതിനുപയോഗിക്കുന്ന ആ വസ്തുവകകൾ ദേവിയാൽത്തന്നെ നിർമ്മിതമായതുകൊണ്ട് മോദിനി ആ കുടുംബിനിയെ ഗോപ്ത്രി എന്നുവിളിക്കുന്നു. 

പരാശ്രയമില്ലാതെ ജീവിക്കുക എന്നതും നിസ്സാരകാര്യമല്ല; അല്ലേ!

ത്രാണനത്തിന്റെ മേന്മയറിയുന്നവരാകട്ടെ നാമീ നാമഭംഗിയിൽ!

കടപ്പാട് : T. സുബ്രഹ്മണ്യന്‍ തിരുമുമ്പ്

------------------------------------------------

സിവിക് ചന്ദ്രൻ എഴുതിയ ലേഖനം വായിക്കാതെ പോകരുത് . ഭക്തകവിയായി മാറിയ പടയാളി - https://www.mathrubhumi.com/features/politics/--1.284206

അക്കിത്തത്തെ പോലെ വി.ടി ഭട്ടതിരിപ്പാടും, പ്രേംജിയും, സുബ്രഹ്മണ്യന്‍ തിരുമുമ്പും വിപ്ലവാവേശം ഉൾക്കൊണ്ടവർ ആയിരുന്നു. ഉത്തരമലബാറിലെ കമ്യൂണിസ്റ്റുകള്‍ക്ക് സമരാവേശം പകര്‍ന്ന നിരവധി വിപ്ലവഗാനങ്ങള്‍ എഴുതിയ കവി കൂടിയാണ് സുബ്രഹ്മണ്യന്‍ തിരുമുമ്പ്. പ്രേമ്ജിയാകട്ടെ തൊഴിലാളി വര്‍ഗത്തിന്റെ സാര്‍വദേശീയഗാനം ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത ആളും. 

ഇവരെല്ലാവരും കമ്മ്യൂണിസ്റ്റ് വൈരുധ്യാത്മകതയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പോലും കമ്യൂണിസ്റ്റ് സമരങ്ങളോടുള്ള അടക്കിപിടിച്ച അമര്‍ഷം ഉള്‍ക്കൊള്ളുന്നതാണ്. ഒട്ടേറെ പ്രസിദ്ധ സംസ്‌കൃത കൃതികള്‍ വിവര്‍ത്തനം ചെയ്തു തന്നയാളായിരുന്നു പരേതനായ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ്. ഒരുകാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്ന അദ്ദേഹം, പിന്നീട് തന്റെ കുലദേവതയുടെ ക്ഷയോന്മുഖ മായിപ്പോയ ദേവീ ക്ഷേത്രസന്നിധിയില്‍ വെച്ചുണ്ടായ നിയോഗം മൂലം ദേവീ ഭാഗവതം വിവര്‍ത്തനം ചെയ്തു കൊണ്ടാണ് തിരുമുമ്പ് ഭക്തി മാര്‍ഗ്ഗത്തിലേക്ക് വന്നത്. തുടര്‍ന്നദ്ദേഹം ദുര്‍ഗാസപ്തശതി, ശങ്കരദിഗ്വിജയം, വിഷ്ണുഭാഗവതം തുടങ്ങിയ കൃതികളും വിവര്‍ത്തനം ചെയ്തു.

ശ്രീ തിരുമുമ്പിന്റെ പ്രസിദ്ധമായ 'എന്റെ യുവത്വം' എന്ന കവിതയെക്കുറിച്ച് ശ്രീ അച്യുതാനനന്ദന്റെ പരാമര്‍ശം.

2011-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രസംഗത്തില്‍ ഈ കവിതയുടെ രണ്ടു വരികള്‍ ഉദ്ധരിച്ചു പാടിയത് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ച ചെയ്തിരുന്നു

https://www.facebook.com/Thirumump/




Saturday 12 September 2020

ഉപനിഷത് ശ്രവണം

അറിയുവാനുള്ള മൂന്ന് ഉപകരണങ്ങള്‍ ആണ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിങ്ങനെ. അറിയുവാനുള്ള മാർഗങ്ങൾ ആണ് ശ്രവണം, മനനം, നിധിധ്യാസനം (‌ സ്വയം ബോധിക്കല്‍ ).  പ്രത്യക്ഷ-അനുമാന ജ്ഞാനം ഉത്തമമെങ്കിലും ഇന്ദ്രിയ ഗ്രാഹ്യമല്ലാത്ത ബ്രഹ്മത്തെ അറിയുന്നതിന് ശബ്ദ പ്രമാണം തന്നെയാണ് ആശ്രയം. 

ഓം എന്ന അക്ഷരം ബ്രഹ്മത്തിന്റെ വാചകവും, ആ മുറയ്ക്കു ബ്രഹ്മം പ്രണവത്തിന്റെ വാച്യവുമാകുന്നു. ഗീതോപനിഷത്തുകളിലും മാണ്ഡുക്യാതാപനീയാദി ശ്രുതികളിലും ഓമിത്യേകാക്ഷരം ബ്രഹ്മ, ഓമിത്യേതദക്ഷരമിദം സർവ്വം എന്നു പറഞ്ഞിരിക്കുന്നു.

ശ്രവണ പരമ്പരയിലൂടെ നിലനിന്നു പോന്നതുക്കൊണ്ടാണ്‌ വേദത്തിനു ശ്രുതി എന്നു പേരു വന്നത്‌.  അനുഭവ രസികനായ ആത്മാവു സത്യമായ ആത്മ സ്വരൂപത്തെ തന്റെ അനുഭൂതി ക്കനു രൂപമായി പാഞ്ഞു ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം.  ശ്രുതി വാക്യങ്ങള്‍ നല്ല ഗുരുവിൽ നിന്ന്  ശ്രവണം ചെയ്ത് അവയെ യുക്തി പൂര്‍വ്വം മനനം ചെയ്യണം. അകം കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം  എന്നാണ് നമ്മുടെ വിശ്വാസം. 

ഉപനിഷത് തത്വങ്ങൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ, ലളിതമായി വിവരിക്കുന്ന പ്രഭാഷണങ്ങൾ പ്രയോജനപ്പെടും എന്ന് കരുതുന്നു. 

വായിച്ചു മനസ്സിലാക്കാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടി ശാങ്കര ഭാഷ്യ സഹിതം ഡൌൺലോഡ് PDF ലിങ്ക്   ഉണ്ട് 

വേദങ്ങളുടെ പൂര്‍വ്വാര്‍ദ്ധം കര്‍മ്മഭാഗവും ഉത്തരാര്‍ത്ഥം ജ്ഞാനഭാഗവും ആണ്. വേദങ്ങളുടെ അന്ത്യഭാഗമെന്ന അര്‍ത്ഥം വരുന്ന വേദാന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വേദാന്തങ്ങള്‍ തന്നെയാണ് ഉപനിഷത്തുകള്‍. ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്‍ക്കുമാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.


സ്വാമി ചിദാനന്ദപുരി , ഉപനിഷത്തുക്കൾക്ക് ഒരാമുഖം - ഭാഗം - 1


ഭാഗം - 2   സ്വാമി ചിദാനന്ദപുരി , ഉപനിഷത്തുക്കൾക്ക് ഒരാമുഖം

ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്

ഏകൈകസ്യാസ്തു ശാഖായഃ ഏകൈകോപനിഷന്മതാ

ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം

ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ

എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു. ഈ 108 ഉപനിഷത്തുക്കളിൽ പത്തെണ്ണത്തിനെയാണ് ആദി ശങ്കരാചാര്യർ ഭാഷ്യം രചിയ്ക്കാൻ തിരഞ്ഞെടുത്തെന്നുള്ളതിനാൽ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി കണക്കാക്കപ്പെടുന്നു. വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്.

ഈശാവാസ്യോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ സ്വയം പ്രകാശിതമാകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കഠോപനിഷത്തിലാകട്ടെ ദേവനായ ഗുരു മനുഷ്യനായ ശിഷ്യന് ഉപദേശിക്കുന്ന രീതിയിലാണ്, ഭര്‍ത്താവായ യാജ്ഞവല്ക്യ മുനി ഭാര്യയായ മൈത്രേയിക്കുപദേശിക്കുന്ന രീതിയിലാണ് ബൃഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്‍ തന്റെ ദാസഭക്തനായ ശ്രീഹനുമാന് ഉപദേശിക്കുന്ന രീതിയിലാണ് മുക്തികോപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. ദേവനായ ശ്രീപരമശിവന്‍ തന്റെ മകനായ ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് തേജബിന്ദൂപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. വരുണന്‍ തന്റെ മകന്‍ ഭൃഗുവിനെ ഉപദേശിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന രീതിയിലാണ് മുണ്ഡകോപനിഷത്ത് എഴുതിയിരിക്കുന്നത്. ഇനി സര്‍വോപനിഷത്ത് സംഗ്രഹമായ ശ്രീമത് ഭഗവത്ഗീത തന്നെ പരമാത്മാവായ ശ്രീകൃഷ്ണന്‍ ,  അര്‍ജ്ജുനന് ഉപദേശിക്കുന്ന രീതിയിലാണല്ലോ പ്രതിപാദിക്കപ്പെടുന്നത്. ഇങ്ങിനെ ഉപനിഷത്തുകള്‍ ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ആഖ്യാന വിശേഷതയും ഉണ്ട്. ഇങ്ങനെയൊക്കെ വ്യത്യാസമുണ്ടെങ്കിലും ഏതദ്ധ്യേതക്ഷരം ബ്രഹ്മഃ ഏതദ്ധ്യേതക്ഷരം പരം എന്ന രീതിയില്‍ ക്ഷയിക്കാത്തതും പരമവുമായ ബ്രഹ്മത്തെ ആധാരമാക്കിയിട്ടുള്ള പഠനമാണ് എല്ലാ ഉപനിഷത്തിലും കാണുന്നത്.

മുണ്ഡകോപനിഷത്തില്‍ മറ്റൊരുവിധത്തിലാണ് ബ്രഹ്മസായൂജ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു. അതിനു മറുപടി നല്‍കുന്നതി പ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ  ഈ കാണുന്നതെല്ലാം  ഉണ്ടാകുന്നത് യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം. ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെ വിടുന്നു. ഭൃഗു കഠിനതപസ്സനുഷ്ഠിച്ചു. 

തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞു ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.

ഇവിടെ മുണ്ഡകത്തില്‍ ബ്രഹ്മത്തെ നാം സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അതിന് പക്വതയെത്തിയ ഗുരുവിന്റെ ആവശ്യവും സഹിഷ്ണുതയും താല്പര്യബോധവും വൈരാഗ്യവും അത്യന്താപേക്ഷിതമാണ്. ബ്രഹ്മജ്ഞാന സമ്പാദനത്തിന് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവ ഇല്ലാതെ ഒരു കാരണവശാലും ആ സ്ഥാനത്ത് എത്തിപ്പറ്റുകയില്ല.

മാണ്ഡൂക ഉപനിഷത്തില്‍, ഓംകാരത്തിന്റെ മഹത്വവും,  ജാഗ്രത്, സ്വപ്തം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെ, അവയെ പരസ്പരം ബന്ധിച്ച് വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉപനിഷത്തുകളുടെ രാജാവ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന മാണ്ഡൂക്യോപനിഷത്ത് അവയെ വിശദമായി വിശകലനം ചെയ്യാന്‍ ഗൗഡപാദാചാര്യര്‍ ഗൗഡപാദകാരിക തന്നെ എഴുതുകയുണ്ടായി. ഈ മാണ്ഡൂക്യകാരികയും ഒരു പ്രത്യേക ഉപനിഷത്തായി ഗണിക്കപ്പെട്ടുപോരുന്നു. ബ്രഹ്മഭാവത്തിന്റെ പരമാണു രൂപത്തിലേക്കിറങ്ങിച്ചെയ്യുന്ന ബ്രഹ്മസൂക്ഷ്‌മോപാസന ഈ മാണ്ഡൂക്യോപനിഷത്തിലാണ് വിവരിക്കപ്പെടുന്നത്.

ഇങ്ങനെ ഓരോ ഉപനിഷത്തും ഓരോ വിധത്തിലാണ് ബ്രഹ്മത്തെ അഭിമുഖീകരിക്കുന്നത്. മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ബ്രഹ്മപ്രാപ്തിതന്നെ എല്ലാ ഉപനിഷത്തുകളുടെയും ആഖ്യാനവിഷയം ബ്രഹ്മം തന്നെ.

ഉപനിഷത്(ശ്രുതി)

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു, ഇപ്പോള്‍108 എണ്ണം ലഭ്യമാണ്. അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10 എണ്ണം പ്രധാനപ്പെട്ടതാണ്, അതാണ് ദശോപനിഷത്തുകൾ 

ഈശാവാസ്യം, കഠം,  കേനം,  പ്രശ്നം,  മുണ്ഡകം,  മാണ്ഡൂക്യം,  തൈത്തിരീയം, ഐതരേയം, ഛാന്ദോക്യം,  ബൃഹദാരണ്യകം 

ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകളിൽ ആദ്യത്തേതാണ് ഈശാവാസ്യോപനിഷത്ത്. ശുക്ലയജുർവേദത്തിന്റെ ഉപനിഷത്തായ ഇതിൽ 18 മന്ത്രങ്ങളാണുള്ളത്. ഈശാവാസ്യമിദം സർവ്വം എന്നാരംഭിക്കുന്നതിനാലാണ് ഈ ഉപനിഷത്തിനു ആ പേര് ലഭിച്ചിരിക്കുന്നത്. നിവൃത്തിമാർഗ്ഗം, പ്രവൃത്തിമാർഗ്ഗം, ഈശ്വരസ്വരൂപം,തുടങ്ങിയ പ്രധാന വേദാന്തവിഷയങ്ങൾ 18 മന്ത്രങ്ങൾ കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. ശ്രീനാരായണ ഗുരുദേവൻ ഈശാവാസ്യോപനിഷത്ത് ഭാഷാന്തരം ചെയ്തിട്ടുണ്ട്. 

കേനോപനിഷത്ത്

കേനേഷിതം പതതി പ്രേഷിതം മനഃ എന്നാരംഭിക്കുന്ന ഈ ഉപനിഷത്തിൽ ബ്രഹ്മതത്ത്വം നാല് ഖണ്ഡങ്ങളിലായി അനുശാസിക്കപ്പെട്ടിരിക്കുന്നു. സാമവേദാന്തർഗതമാണ് ഇ ഉപനിഷത്ത്. സകല ഇന്ദ്രിയങ്ങളും യാതൊരു ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണോ ചേഷ്ടിക്കുന്നത് അത് ബ്രഹ്മമാകുന്നു. ആ പരമാത്മതത്ത്വത്തെ ഒരിന്ദ്രിയം കൊണ്ടും അറിയാൻ കഴിയില്ല എന്നും ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. ആ തത്ത്വം തന്നിൽനിന്നന്യമല്ല എന്നും അങ്ങനെ അന്യമായിക്കാണുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല എന്നുകൂടി ഉപനിഷത് അനുശാസിക്കുന്നുണ്ട്. യക്ഷരൂപത്തിലുള്ള ബ്രഹ്മം ഇന്ദ്രനെയും ദേവന്മാരെയും പരീക്ഷിക്കുന്ന കഥയും ഉമാഹൈമവതിയുടെ ഉപാസനയാൽ ഇന്ദ്രൻ ആത്മതത്ത്വത്തെ ബോധിക്കാൻ പ്രാപ്തനാകുന്നതും ഇതിൽ വിവരിക്കുന്നുണ്ട്. 


Sanathana School of Life
ശാങ്കരഭാഷ്യസഹിതം Download PDF

കഠോപനിഷത്ത്

നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് രചിക്കപ്പെട്ടിട്ടുള്ളത്. മൂന്നു വല്ലികൾ വീതമുള്ള രണ്ടദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ജനിമൃതികളുടെ രഹസ്യത്തെ അന്വേഷിച്ച നചികേതസ്സിനെ പരീക്ഷിക്കുവാനായി യമദേവൻ അനേകം ലൗകികവാഗ്ദാനങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ തീവ്രതരവിരക്തനായ നചികേതസ്സ് അവയെ എല്ലാം ത്യജിച്ച് തനിക്ക് ശ്രേയസ്സിനെ നൽകുന്നതായ പരമമായ ജ്ഞാനത്തെ ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടു. നചികേതസ്സിന്റെ ജിജ്ഞാസയിൽ സംതൃപ്തനായ യമദേവൻ നൽകുന്ന അനുശാസനങ്ങൾ ആണ് ഈ ഉപനിഷത്തിന്റെ അന്തഃസാരം. അനവധി മനോഹരങ്ങളായ ശ്ലോകങ്ങൾ. ആവർത്തിച്ച് ഉദ്‌ബോധിപ്പിച്ചിരുന്ന ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത എന്ന മന്ത്രം ഈ ഉപനിഷത്തിലാണുള്ളത് . ഭഗവദ്ഗീതയിലെ പല മന്ത്രങ്ങളും ഇതിലെ മന്ത്രങ്ങളുമായി സാമ്യമുള്ളവയാണ്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്ന കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായതുകൊണ്ടാണ് കഠോപനിഷത്ത് എന്ന പേര് ലഭിച്ചത്. കൃഷ്ണയജുർവേദത്തിന്റെ ഭാഗമാണിത്. 


By Dr. P V Viswanathan Nampoothiri, Sanathana School of Life
ശാങ്കരഭാഷ്യസഹിതം Download PDF

പ്രശ്നോപനിഷത്ത്

ഈ ഉപനിഷദ് അഥർവ്വ വേദത്തിൽപെട്ടതാണ്. പിപ്പലാദൻ എന്ന ഋഷിയോട് കബന്ധി, ഭാർഗവൻ, കൗസല്യൻ, ഗാർഗ്യൻ, സത്യകാമൻ, സുകേശൻ എന്നിവർ ചോദിക്കുന്ന ആറു പ്രശ്നങ്ങളും(ചോദ്യങ്ങളും) അവയ്ക്കുള്ള ഉത്തരങ്ങളും ഉൾക്കൊണ്ടിരിക്കുന്നതിനാൽ ഈ ഉപനിഷത്ത് പ്രശ്നങ്ങൾ എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിനാൽ ഇത് പ്രശ്നോപനിഷത്ത് എന്നറിയപ്പെടുന്നു. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download PDF

മുണ്ഡകോപനിഷത്ത്

ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. മുണ്ഡകങ്ങൾ എന്നാണു ഈ ഉപനിഷത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഈരണ്ട് ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ട മൂന്നു മുണ്ഡകങ്ങളുണ്ട്. പരാവിദ്യയെന്നും അപരാവിദ്യയെന്നും വിദ്യയെ ഇതിൽ രണ്ടായി തരംതിരിച്ചിരിക്കുന്നു. വേദാദിസകല ശാസ്ത്രങ്ങളെയും അപരാവിദ്യയായും ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യയെ പരാവിദ്യയായും അനുശാസിക്കുന്നു. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും കൊണ്ട് ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉപനിഷത്താണിത്. ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന ഫലം തിന്നുന്നതും നോക്കിയിരിക്കുന്നതുമായ രണ്ടു പക്ഷികളുടെ ദൃഷ്ടാന്തം അതിനു തെളിവാണ്. ശരീരമാകുന്ന വൃക്ഷത്തിൽ സുഖദുഃഖഭോഗങ്ങൾ അനുഭവിക്കുന്ന ജീവനെ ഫലം ഭക്ഷിക്കുന്ന പക്ഷിയോട് ഉപമിച്ചിരിക്കുന്നു. നോക്കിയിരിക്കുന്ന പക്ഷിയാകട്ടെ നിശ്ചലനും നിർമ്മലനും സാക്ഷിയുമായ പരമാത്മ ചൈതന്യമാകുന്നു. കർത്തൃത്വഭോക്തൃത്വാഭിമാനം വെടിഞ്ഞ് തന്റെ യഥാർത്ഥസ്വരൂപം അറിയുമ്പോൾ ജീവന്റെ ദുഃഖങ്ങൾ ഇല്ലാതെയാകും. ഇത്തരം ബ്രഹ്മാത്മൈക്യപ്രതിപാദിദങ്ങളായ ഭാഗങ്ങൾ ഈ ഉപനിഷത്തിൽ കാണാം. സത്യമേവ ജയതേ എന്ന പ്രസിദ്ധമായ വാക്യംവും മുണ്ഡകോപനിഷത്തിൽപ്പെട്ടതാണ്. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download PDF

മാണ്ഡൂക്യോപനിഷത്ത്

പന്ത്രണ്ടു ശ്ലോകങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അതിഗഹനമായൊരു ഉപനിഷത്താണ് അഥർവ വേദത്തിൽപ്പെട്ട മാണ്ഡൂക്യം. ഓമിത്യേദക്ഷരമിദം സർവം എന്നു തുടങ്ങുന്ന ഈ ഉപനിഷദ് ദൃശ്യാദൃശ്യാത്മകമായ പ്രപഞ്ചം ബ്രഹ്മസ്വരൂപം തന്നെയെന്നു പ്രഖ്യാപിക്കുന്നു. ഓംകാരത്തിന്റെ നാലുപാദങ്ങളായി ഇതിൽ ജാഗ്രത്ത് , സ്വപ്നം,സുഷുപ്തി, തുരീയം എന്നിവ അനുശാസിക്കപ്പെടുന്നു . ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിൽ ജീവന്റെ അഭിമാനനാമങ്ങളായ വിശ്വൻ,തൈജസൻ, പ്രാജ്ഞൻ, എന്നിവയെയും പ്രതിപാദിക്കുന്നതിനൊപ്പം നാലാമത്തേതായി അവസ്ഥാത്രയങ്ങൾക്കും സാക്ഷിയായ തുരീയത്തെ ശാന്തവും ശിവവും അദ്വൈതവുമായ കേവലസത്തയായി അനുശാസിക്കുന്നു. ‘അയം ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം മാണ്ഡൂക്യത്തിലാണുള്ളത്. ബൃഹത്തായ ഒരു കാരിക ഈ ഉപനിഷത്തിനു ഗൗഡപാദാചാര്യർ രചിച്ചിട്ടുണ്ട്. അതിൽ അജാതിവാദം (പ്രപഞ്ചമേ ഇല്ലെന്നുള്ള നിലയാണ് സത്യം) സിദ്ധാന്തപക്ഷമായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു . ശ്രീ ശങ്കരാചാര്യസ്വാമികളുടെ വിപുലമായ ഭാഷ്യവും മാണ്ഡൂക്യത്തിനു മാറ്റുകൂട്ടുന്നു. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download മാണ്ഡുക്യോപനിഷത്

തൈത്തിരീയോപനിഷത്ത്

കൃഷ്ണയജുർവേദത്തിൽ ഉൾപ്പെട്ടതാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ വൈശമ്പായനൻ കോപിഷ്ഠനായി അഭ്യസിച്ചതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യനായ യാജ്ഞവൽക്യൻ വിദ്യ ഛർദ്ദിച്ചു കളഞ്ഞെന്നും അതിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തെന്നും കഥയുണ്ട്. അങ്ങനെ തിത്തിരിപക്ഷികളുടെ രൂപത്തിൽ കൊത്തിയെടുത്തു സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്ന് പറയപ്പെടുന്നു. ആ ശാഖയിൽ ഉള്ളതാണ് തൈത്തിരീയോപനിഷത്ത്. ഇതിൽ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ശിക്ഷാവല്ലിയിൽ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതും ഭൃഗുവല്ലിയിൽ പത്തും അദ്ധ്യായങ്ങൾ വീതമുണ്ട്. ഉപാസനാപരമായ മന്ത്രങ്ങളും, സത്യം വദ ധർമ്മം ചര, സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം തുടങ്ങിയ ബ്രഹ്മചാരിയുടെ സമാവർത്തനത്തിൽ ചൊല്ലുന്ന മന്ത്രങ്ങളുമെല്ലാം ആദ്യ വല്ലിയിലുണ്ട്. രണ്ടാം വല്ലി തത്ത്വബോധപ്രധാനമാണ്. പഞ്ചകോശങ്ങളുടെ നിരൂപണവും, സത്യംജ്ഞാനമനന്തം ബ്രഹ്മ എന്ന ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണവും, ബ്രഹ്മാനന്ദവും മറ്റു ആനന്ദങ്ങളും തമ്മിലുള്ള താരതമ്യങ്ങളുമെല്ലാം ഇതിൽ കാണാം. മൂന്നാമത്തെ വല്ലിയിൽ വരുണപുത്രനായ ഭൃഗുവിനു തന്റെ പിതാവുപദേശിച്ച വാരുണീവിദ്യ അനുശാസിച്ചിരിക്കുന്നു. 

ശാങ്കരഭാഷ്യസഹിതം Download തൈത്തിരീയോപനിഷത്

ഐതരേയോപനിഷത്ത്

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിൽപ്പെട്ട ഐതരേയോപനിഷത്തിൽ മൂന്നദ്ധ്യായങ്ങളാണുള്ളത്. ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ ഐതരേയൻ രചിച്ചതാണ് ഈ ഉപനിഷദ് എന്നും പറയപ്പെടുന്നു. പ്രപഞ്ചസൃഷ്ടിയുടെ ക്രമികമായ വികാസവും ജീവരൂപേണയുള്ള ബ്രഹ്മത്തിന്റെ അനുപ്രവേശനവും ഇതിൽ അനുശാസിക്കുന്നു. ഗർഭത്തിലിരിക്കെ സകല വിജ്ഞാനങ്ങളും നേടുന്ന വാമദേവന്റെ കഥ ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം പ്രജ്ഞാനം ബ്രഹ്‍മ എന്ന മഹാവാക്യമാണ്. സർവം തത്പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ എന്ന് ഏകവും പൂർണ്ണവുമായ അറിവിൽ സർവ്വവും പ്രതിഷ്‌ഠിതമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്

സാമവേദാന്തർഗതമാണ് ഛാന്ദോഗ്യോപനിഷദ്. എട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ അഞ്ചെണ്ണം ഉപാസനാപ്രധാനങ്ങളാണ്. പ്രണവോപാസന, ശാണ്ഡില്യവിദ്യ,രൈക്വോപദേശം , ഗായത്രി ഉപാസന, പഞ്ചാഗ്നിവിദ്യ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തത്ത്വമസി എന്ന മഹാവാക്യം ഇതിലെ ആറാം അദ്ധ്യായത്തിൽ ഉപദേശിച്ചിരിക്കുന്നു. ശ്വേതകേതു എന്ന ബ്രഹ്മചാരിബാലൻ പന്ത്രണ്ടു വർഷത്തെ ഗുരുകുലവാസംകഴിഞ്ഞു വിദ്യാഗർവ്വോടെ തന്റെ പിതാവായ ഉദ്ദാലകന്റെ അടുത്തു വരുന്നു. എന്നാൽ ആത്മവിദ്യയെ ധരിക്കാതിരുന്ന ശ്വേതകേതുവിന്‌ തന്റെ അജ്ഞാനം ബോധ്യമാവുകയും പിതാവിൽ നിന്നുമുപദേശം സ്വീകരിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുൻപ് സജാതീയവിജാതീയ സ്വഗതഭേദങ്ങൾ ഒന്നുമില്ലാത്ത സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ആരംഭിച്ച് നിരവധി ദൃഷ്ടാന്തങ്ങളിലൂടെ ആ സത്ത് തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം എന്ന് ഗുരു ശിഷ്യനെ കരതലാമലകം പോലെ കാണിച്ചുകൊടുക്കുന്നു . അവസാന രണ്ടദ്ധ്യായങ്ങളിൽ യഥാക്രമം മധ്യമാധികാരിക്കുള്ള ഭൂമാവിദ്യയും മന്ദാധികാരിക്കുള്ള ദഹരവിദ്യയും പ്രതിപാദിച്ചിരിക്കുന്നു.

യുട്യൂബ് വീഡിയോ 8 ഭാഗങ്ങൾ 

ബൃഹദാരണ്യകോപനിഷത്ത്

പേരുപോലെ തന്നെ ബൃഹത്താണ് ശുക്ലയജുർവ്വേദ ത്തിൽപ്പെട്ട ബൃഹദാരണ്യകം. ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപ വിഭാഗങ്ങളുള്ള ആറ് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡമെന്നും മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, അവസാന രണ്ടു അദ്ധ്യായങ്ങളെ ഖിലകാണ്ഡമെന്നും പറയുന്നു. പ്രപഞ്ചത്തെ ഒരു യാഗാശ്വമായി സങ്കല്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിപ്രക്രിയയുടെ വ്യത്യസ്തമായ ആഖ്യാനമാണ് ഇതിലുള്ളത്. മധുകാണ്ഡത്തിൽ അശ്വമേധയജ്ഞത്തിന്റെ തത്ത്വത്തെ വിശദീകരിക്കുന്നുണ്ട്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു യാജ്ഞവല്ക്യൻ ജനകന്റെ സഭയിൽ നടത്തുന്ന സംവാദങ്ങളും തുടർന്ന് ജനകന് ഉപദേശിക്കുന്ന തത്ത്വങ്ങളുമാണ്. അത്യന്തം നാടകീയമായാണ് ഈ ഭാഗത്തെ ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ഗാർഗ്ഗി, മൈത്രേയി തുടങ്ങി ഉപനിഷത്‌കാലത്തെ ജ്ഞാനികളായ സ്ത്രീകളെയും ഇതിൽ കാണാം. വേദാന്തത്തിലെ അതിപ്രധാനവിഷയങ്ങളെ ഇതിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അത്യന്തം ഗഹനങ്ങളായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപനിഷത്തിന്റെ ശങ്കരഭാഷ്യവും അതിവിപുലമാണ്. 

ബ്രഹ്മസൂത്രം

പ്രസ്ഥാനത്രയം 

ബ്രഹ്മസൂത്രംദശോപനിഷത്തുകള്‍ ശ്രീമദ്‌ ഭഗവദ്ഗീത എന്നീ പ്രസ്ഥാനത്രയങ്ങള്‍ക്ക്  ആചാര്യ സ്വാമികൾ രചിച്ച അദ്വൈത വ്യാഖ്യാനം കലര്‍പ്പില്ലാതെയും മുന്‍വിധികളില്ലാതെയും ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് ശ്രീ കൈവല്യാനന്ദ സ്വാമികള്‍, ഹരിദ്വാര്‍ ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ പഠനത്തിന്റെ സമ്പൂര്‍ണ്ണ ശബ്ദരേഖ

സംസ്കൃതത്തിലും മറ്റു ദര്‍ശനങ്ങളിലും പ്രാഥമിക പരിജ്ഞാനമില്ലാത്തവര്‍ക്കുകൂടി അദ്വൈതതത്വത്തെ സംശയവിപര്യയങ്ങളില്ലാതെ ദിവസേനയുള്ള ശ്രവണമനനം വഴി ബോധിക്കാന്‍ ഉതകുംവണ്ണം സ്വാമിജി മലയാളികള്‍ക്കായി പ്രത്യേകം അനുഗ്രഹിച്ച ക്ലാസുകളാണിതെന്നു പ്രത്യേകം അനുസ്മരിക്കേണ്ടിയിരിക്കുന്നു.

ഉദ്ധവ ഗീത  - നൊച്ചൂർ വെങ്കട്ടരാമൻ

വേദാന്തശാസ്ത്രത്തിലെ ഉത്തുംഗ ശൃംഗമാണ് അഷ്ടാവക്ര ഗീത അഥവാ അഷ്ടാവക്ര സംഹിത. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും ഗുരുശിഷ്യസംവാദരൂപത്തിലാണ് നിബദ്ധമായിരിക്കുന്നത്. ശിഷ്യനായ ജനകമഹാരാജാവിന്റെ ചോദ്യങ്ങളും അതിനു ഗുരുവായ അഷ്ടാവക്രമഹര്‍ഷിയുടെ ഉത്തരങ്ങളും ഈ ഉപദേശത്തിന്റെ ഫലമായി ഞാനിയായിത്തീര്‍ന്ന ശിഷ്യന്റെ സ്വാനുഭവകഥനവും ആണ് ഇതിലെ ഉള്ളടക്കം

ശ്രീ മഹോപാദ്ധ്യായ രവിവര്‍മ്മ തമ്പാന്‍ അവര്‍കള്‍ രചിച്ച അഷ്ടാവക്രഗീത ( മലയാളം വ്യാഖ്യാനം) PDF ഡൌണ്‍ലോഡ് ചെയ്യൂ


യോഗവാസിഷ്ഠം  മലയാളം പ്രഭാഷണം 
part 1 by Brahmashree Prof Balakrishnan Nair  

യോഗവാസിഷ്ഠം  by Nochur Sri Venkataraman

ഉപനിഷദ് മഹാ വാക്യങ്ങൾ

പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്അ റിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്

1) തത്വമസി  (ചാന്ദോഗ്യോപനിഷദ് 6.8.7)

അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.

2) പ്രജ്ഞാനാം ബ്രഹ്മ  (ഐതരേയോപനിഷദ് 3.3)

അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം

3) അയമാത്മ ബ്രഹ്മ (മാണ്ഡൂക്യോപനിഷദ് 1.2)

അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം 

4) അഹം ബ്രഹ്മാസ്മി  (ബൃഹദാരണ്യകോപനിഷദ്1.4.10)

അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

ശാന്തിമന്ത്രങ്ങള്‍ 

ഋഗ്വേദീയം

ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .  മനോ മേ വാചി പ്രതിഷ്ഠിതം .   ആവിരാവീർമ ഏധി .  വേദസ്യ മാ ആണീസ്ഥഃ .  ശ്രുതം മേ മാ പ്രഹാസീഃ . അനേനാധീതേനാഹോരാത്രാൻസന്ദധാമി .  ഋതം വദിഷ്യാമി.  സത്യം വദിഷ്യാമി . തന്മാമവതു .  തദ്വക്താരമവതു . അവതു മാമവതു വക്താരം .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ..

കൃഷ്ണയജുര്‍വേദീയം 

ഓം സഹനാവവതു .   സഹ നൗ ഭുനക്തു .   സഹ വീര്യം കരവാവഹൈ .  തേജസ്വിനാവധീതമസ്തു .  മാ വിദ്വിഷാവഹൈ ..  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ശുക്ലയജുര്‍വേദീയം 

ഓം പൂർണമദഃ പൂർണമിദം  പൂർണാത്പൂർണമുദച്യതേ  പൂർണസ്യ പൂർണമാദായ  പൂർണമേവാവശിഷ്യതേ  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സാമവേദീയം 

ഓം  ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ച്ക്ഷുഃശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |  സർവം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ  |  നിരാകരോദനികാരണമസ്ത്വനികാരണം മേഽസ്തു |തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ | മയി സന്തു തേ മയി സന്തു ||  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||

അഥര്‍വവേദീയം 

ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ  | സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിർവ്യശേമ ദേവഹിതം യദായുഃ | സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ | സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിർദധാതു  |  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 

Download 

ശാങ്കരഭാഷ്യസഹിതം PDF

Read five great Upanishads and its commentary by Sri Sankara. The book was translated to Malayalam by Sri P K Narayana Pilla and Sri N Raman Pilla. And the book was published by Sadanandasram, Kottarakkara.

ഈശാവാസ്യോപനിഷത്

തൈത്തിരീയോപനിഷത്

മാണ്ഡുക്യോപനിഷത്

മുണ്ഡകോപനിഷത്

പ്രശ്നോപനിഷത്

കേനോപനിഷത്

കഠോപനിഷത്

ഛാന്ദോഗ്യോപനിഷത്

108 ഉപനിഷത്തുകള്‍ (അര്‍ത്ഥസഹിതം) – വി. ബാലകൃഷ്ണന്‍ & ആര്‍. ലീലാദേവി


ശ്രീ മഹോപാദ്ധ്യായ രവിവര്‍മ്മ തമ്പാന്‍ അവര്‍കള്‍ രചിച്ച അഷ്ടാവക്രഗീത ( മലയാളം വ്യാഖ്യാനം) PDF ഡൌണ്‍ലോഡ് ചെയ്യൂ


ശ്രീമദ് ഭാഗവത പഠനം