ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിവന്നിരുന്ന വിശുദ്ധവും പവിത്രവുമായ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന പൗരാണിക ഹൈന്ദവാചാരം ഇന്ന് കേവലം ഒരു വാർഷിക ചടങ്ങായി ക്ഷേത്രങ്ങളിൽ വഴിമാറിയിരിക്കുന്നു. വ്യക്‌തിപരമായി ഞാൻ ഇത്തരം ചടങ്ങുകളോട് യോജിക്കുന്നില്ല.ഇന്ന് കേരളത്തിൽ സാധാരണയായി നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് ഭക്തിപുരസ്സരം പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള അപൂർവമായ യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഇത്തരം ഭാഗവതസപ്താഹം ഒരു ചടങ്ങായി നടത്തപ്പെടുന്നു.
മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്നതു പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രത്തിലാണ്. ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ തന്നെ അനക്കം കൂടാതെ വയ്ക്കുകയാണ് സാധാരണ പതിവ്. ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.,ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഉദാഹരണത്തിന് ഒരു ഐതിഹ്യ കഥ നമുക്ക് ശ്രദ്ധിക്കാം
തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു. ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത് വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു.
നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു :- ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍ ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും.
ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു. ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു.
അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത്. ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍. ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു.
സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍
സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍ പറഞ്ഞുകൊടുത്തു.
എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്തശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു. ഒന്നാം ദിവസം സന്ധ്യക്ക് പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം രണ്ടാമത്തേതില്‍ പ്രവേശിച്ചു. അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു.
അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍ പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ് ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം. അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ് രണ്ടാമത്തെ സപ്താഹം.
പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം. ഭാഗവത സപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ളതാകട്ടെ പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് ഇവയൊക്കെയാണ്. പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല.യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.മുൻനിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
ഏഴ് ദിവസവും വെളുപ്പിനു തന്നെ കുളിച്ചു ശുദ്ധിയോടെ വൃതമെടുത്ത് വേണം ഇതില്‍ പങ്കെടുക്കുവാനും ഭക്തിയോടെ വായന കേള്‍ക്കുവാനും. ഭഗവത് നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ സപ്താഹത്തിൽ പങ്കെടുക്കുന്നവർ യജ്ഞശാലയില്‍ ചെയ്യാൻ പാടുള്ളു. യജ്ഞശാല ഒരുക്കിയിരിക്കുന്ന സ്ഥലത്തു ഉപവിഷ്ടരായാൽ മറ്റുള്ള എല്ലാവിധ സംഭാഷണങ്ങളും ഒഴിവാക്കണം,ഭക്ഷണ പാനീയങ്ങളും ഒഴിവാക്കണം.ഓർക്കുക , യജ്ഞശാലയിൽ ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം മാത്രമേ എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കാവൂ , ഇതൊക്കെ ഇന്നത്തെ തലമുറക്കു യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളല്ലേ. ഒന്നാലോചിച്ചു നോക്കൂ. അപ്പോൾ ഇതുകൊണ്ട് എന്തുനേട്ടം?
ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?
ഇരുകൈകളും താമരമൊട്ടിന്റെ രൂപത്തിൽ നെഞ്ചിൽ ചേർത്തുവേണം പ്രാർഥിക്കാൻ. കൂപ്പുകൈ കഴുത്തിനു നേരെയോ ഉദരത്തിനു നേരെയോ ആകരുത്. നമ്മൾ ആരെയാണോ തൊഴുന്നത് ആ ആളിന്റെ താല്‍പര്യവും ഇഷ്ടവും നമ്മുടേതിനു തുല്യമാണെന്നാണ് ഇരുകൈപ്പത്തികളും അഭിമുഖമായി ചേർത്തു പിടിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. നടരാജനായ ശിവനിൽനിന്നും നാട്യശാസ്ത്രാചാര്യനായ ഭരതമുനിക്ക് സിദ്ധിച്ച നൃത്തകലയുടെ ഒരു മുദ്രയാണ് കൂപ്പുകൈ. വിടരാത്ത താമരമൊട്ടിന്റെ ആകൃതിയിൽ വേണം തൊഴേണ്ടത്.ജഗൽ സൃഷ്ടാവായ ഈശ്വരനു മുമ്പിൽ ഞാൻ ഒന്നുമല്ല, താങ്കളുടെ മുന്നിലും ഒന്നുമല്ല എന്നാണ് നമസ്കാര പദത്തിനർഥം. നാ എന്നാൽ അല്ല/ഇല്ല, മമ എന്നാൽ ഞാൻ/എനിക്ക് എന്നുമാണർത്ഥം. ഇരുകൈകളും തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച് ഒരിക്കലും തൊഴാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിന് പൂജാദികർമ്മങ്ങൾ ചെയ്യുന്നവർക്കേ അർഹതയുള്ളൂ. കരചലനഃവിവർജ്ജിത എന്നാണ് പ്രമാണം. തൊഴുതു തീരുംവരെ കൂപ്പുകൈ അനക്കരുത്, ധാന്യം നീക്കി കൂട്ടിവാ രുന്നതുപോലെ ഇരുകൈകളും തറനിരപ്പിൽ കൊണ്ടുവന്ന് മുകളിലേക്കുയർത്തി തൊഴുന്നതിനെ ആവാഹന തൊഴൽ എന്നു പറയുന്നു. ഇതിന്റെ ഫലം നിത്യദാരിദ്ര്യവും ദോഷവുമായിരിക്കും, കാരണം പ്രതിഷ്ഠയെ അടി താഴ്ത്തി ഇളക്കുന്ന മുദ്രയാണ് ആവാഹന തൊഴൽ. അങ്ങനെ ചെയ്യരുത്.
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു.
ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് ചിന്മുദ്ര പിടിക്കുമ്പോള്‍ പരബ്രഹ്മവും പ്രപഞ്ചമാതാവും ചേര്‍ന്നുള്ള ശിവശക്തി സംയോഗം തന്നെയാണ് അര്‍ഥമാക്കുന്നത്. നടുവിരലും മോതിരവിരലും ചെറുവിരലും യഥാക്രമം ത്രിമൂര്‍ത്തികള്‍ ആയ പരമശിവന്‍, മഹാവിഷ്ണു, ബ്രഹ്മാവ് എന്നിവരെ പ്രതിനിധീകരിക്കുന്നു.
ഒരു ക്ഷേത്രത്തിലോ പൂജയിലോ ചിത്രത്തിനു മുന്‍പിലോ ദീപത്തിനു മുന്നിലോ നാം കൈകൂപ്പി തൊഴാറുണ്ടല്ലോ. എന്നാല്‍ അപ്രകാരം തൊഴുന്നത് ഈ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന വിരലുകള്‍ കൂപ്പിക്കൊണ്ടാണ് എന്ന ബോധ്യം വേണം. ബ്രഹ്മ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ശ്രീ പരമേശ്വരനെ സന്ദര്‍ശിച്ച് സര്‍വ തത്വങ്ങളും ഹൃദിസ്ഥമാക്കി. അതിലൊന്നും തൃപ്തരാകാതെ അവര്‍ പരമഗുരുവായ ശിവനോട് ജ്ഞാനപാദഭാവ മുദ്രകള്‍ക്കായി അപേക്ഷിക്കുകയും ഭഗവാന്‍ കൂപ്പുകൈ ഉള്‍പ്പടെയുള്ളതായ മുദ്രകള്‍ കാണിച്ചു കൊടുക്കയും ചെയ്തതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. അന്ന് മുതല്‍ക്കാണ് ഭക്തന്മാര്‍ ദേവകളെ മുകുളിത പാണികളായി അഭിവാദനം ചെയ്തു തുടങ്ങിയതത്രെ.ആയതിനാല്‍ തന്നെ ക്ഷേത്രാരാധന പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഭാവ മുദ്രകളില്‍ ഏറ്റവും പ്രധാനമായ അഞ്ജലി (കൂപ്പുകൈ) വിധിയാം വണ്ണം തന്നെ വേണം. രണ്ടു കൈകളുടെയും മണിബന്ധങ്ങള്‍ (wrist) ചേര്‍ത്ത് മുലക്കണ്ണുകള്‍ക്ക് താഴെ വരും വിധം രണ്ടു കൈകളുടെയും തള്ളവിരല്‍ അഗ്രങ്ങള്‍ പരസ്പരം ചേര്‍ത്ത് ഹൃദയത്തിനു മുന്നിലും നെഞ്ചിനു നടുക്കായും, ചൂണ്ടുവിരലുകള്‍ പരസ്പരം ചേര്‍ത്ത് കുത്തനെ ഭൂമിക്ക് ലംബമായി ആകാശത്തേക്കു ചൂണ്ടിയും, നടുവിരലുകള്‍, മോതിരവിരലുകള്‍, ചെരുവിരലുകള്‍ ഇവ പരസ്പരം ഇടയില്ലാതെ നന്നായി ചേര്‍ത്ത് വിളക്കിനോ വിഗ്രഹത്തിനോ നേര്‍ക്ക് വരുവാനും പിടിച്ചു കൊണ്ടുവേണം തൊഴേണ്ടത്. തള്ളവിരല്‍,ചൂണ്ടുവിരലും തമ്മില്‍ സ്പര്‍ശിക്കരുത്.അതേപോലെ ചൂണ്ടുവിരലും ശേഷിക്കുന്ന മൂന്നു വിരലുകളും തമ്മിലും സ്പര്‍ശിക്കരുത്. തമ്മില്‍ അല്പം അകലം വേണം എന്ന് സാരം. മുകുളാകൃതി (പൂമൊട്ട് ) ആയിരിക്കണം. മൌനഭാവ പ്രതീകമായ കൂപ്പുകൈയാല്‍ തൊഴുമ്പോള്‍ എപ്പോഴും മൌനമായി പ്രാര്‍ഥിക്കുക. അറിയുന്ന സ്തോത്രങ്ങളും മന്ത്രങ്ങളും ഒക്കെ മനസ്സില്‍ മാത്രം ഉരുവിടുക.
നിങ്ങളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിയുടെ നടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുവാറില്ലേ ?
അവിടെ നിന്നു മനസ്സിൽ സങ്കൽപ്പിച്ചു നിങ്ങൾ തൊഴുവുന്ന ആ വിശിഷ്ട ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം, ഗുരുവായൂര്‍, കൂടുതൽ അറിയേണ്ടേ ?
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ എടുത്തു പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഈ ക്ഷേത്രം. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ക്ഷേത്രത്തില്‍ ത്രികാല പൂജയുണ്ട്. ശിവരാത്രിയാണ് ഇവിടത്തെ മുഖ്യ ആഘോഷം. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്രുടെ കുടുംബങ്ങൾ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. എന്താണീ ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യമെന്നറിയേണ്ടേ ? നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്: പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതു തന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാർത്ഥിക്കുന്നു .ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. ശൈവമതം കേരളത്തിൽ വളർന്ന കാലത്ത് മമ്മിയൂർ ക്ഷേത്രത്തിനും വൻ വളർച്ചയുണ്ടായിരുന്നു. മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പാണ് മമ്മിയൂരിലേത്. കിഴക്കേ നടയിൽ പ്രധാന വഴിയുടെ സമീപത്തുതന്നെ രണ്ടുനില ഗോപുരം പണിതിട്ടുണ്ട്. ഗോപുരത്തിനടുത്ത് അടുത്തിടെ ഒരു ഗണപതിപ്രതിഷ്ഠ നടത്തിയിരുന്നു. ഈ ഗണപതിയെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ ചുവട്ടിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അവിടെയുള്ള അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാലിന്റെ തൊട്ട് തെക്കുവശത്താണ് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളും മറ്റും. ഇതിനടുത്ത് ഒരു ആസ്ബസ്റ്റോസ് ഷീറ്റുണ്ട്. ഇവിടെ ധാരാളം കസേരകൾ കാണാം. ഭക്തർക്ക് യഥേഷ്ടം വിശ്രമിയ്ക്കാവുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഇത് ഉണ്ടാക്കിയിട്ട് അധികം കാലമായിട്ടില്ല. സാധാരണ ഒരു ഗ്രാമീണക്ഷേത്രത്തിന്റെ കെട്ടും മട്ടുമാണ് പൊതുവേ മമ്മിയൂർ ക്ഷേത്രത്തിനുള്ളത്. കാര്യമായ ആധുനിക ആർഭാടങ്ങളൊന്നും തന്നെ ഇവിടെയില്ല. മമ്മിയൂരിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല. ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കൊന്നിച്ച് നടപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. രണ്ട് നടകളിലും ബലിക്കല്ലുകളുമുണ്ട്. എന്നാൽ അവ കാഴ്ചയിൽ വളരെ ചെറുതാണ്. ക്ഷേത്രത്തിൽ ബലിക്കൽപ്പുരയില്ലാത്തതിനാൽ പുറത്തുനിന്നു നോക്കിയാൽതന്നെ രണ്ട് വിഗ്രഹങ്ങളും നന്നായി കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. പണ്ടെന്നോ അപമൃത്യുവിനിരയായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത് എന്നാണ് വിശ്വാസം .ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല. വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ അത്യുഗ്രദേവതയായ ഭദ്രകാളി കുടികൊള്ളുന്നു. ശരിക്കും ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന അതിമനോഹരമായ പ്രദേശമാണ് ഇവിടം. നട്ടുച്ചയ്ക്കു പോലും ഇവിടെ വെളിച്ചം കുറവാണ്. വനദുർഗ്ഗാസങ്കല്പത്തോടുകൂടിയ ഭദ്രകാളിയുടെ ശ്രീകോവിലിന് മേൽക്കുരയില്ല. ഇതിനടുത്തുള്ള തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.ചതുരാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത സൗധങ്ങളാണ് ഇവിടെയുള്ള മുഖ്യശ്രീകോവിലുകൾ. മുഖമണ്ഡപത്തോടുകൂടിയ ഈ ശ്രീകോവിലുകളുടെ പുറംചുവരുകൾ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രശോഭിച്ചുനിൽക്കുന്നു. രണ്ട് ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്. രണ്ടിടത്തും പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും നാലടി ഉയരം വരുന്ന ചതുർബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുന്നുണ്ടാകും. വിഷ്ണുവിഗ്രഹമാണെങ്കിൽ ചന്ദനം ചാർത്തി, പീതാംബരവും ചുറ്റി, സർവ്വാഭരണങ്ങളുടെ പ്രഭയോടെ വിളങ്ങുന്നു. ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് മഹാദേവനായ ശ്രീമമ്മിയൂരപ്പനും ഭഗവാൻ ശ്രീനാരായണനും മമ്മിയൂരിൽ വാഴുന്നു. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും വിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ പ്രതിഷ്ഠ ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ ഇരുവർക്കും പ്രത്യേകമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, അനന്തൻ, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ് എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശിവന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് പാർവ്വതീദേവിയുടെ സങ്കല്പമുണ്ട്. ഇവിടെ ശിവഭഗവാൻ പാർവ്വതീദേവിയെ തൃത്തുടയിലിരുത്തി ദർശനം നൽകുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. രണ്ട് ശ്രീകോവിലുകളുടെയും വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ പണിതിട്ടുണ്ട്. മറ്റിടങ്ങളിലെ പോലെ തന്നെ ശിവന്റെ ശ്രീകോവിലിനുചുറ്റും പൂർണപ്രദക്ഷിണം പാടില്ല. ഈ രണ്ടു ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. രണ്ട് ശ്രീകോവിലുകളും ഉൾക്കൊള്ളാൻ പാകത്തിനാണ് ഇതിന്റെ നിർമ്മാണം. ശിവന്റെയും വിഷ്ണുവിന്റെയും നടകളിലേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്കിരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവയിൽ ഹോമങ്ങളും വാദ്യമേളങ്ങളും നടത്തുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. സാധാരണ രൂപത്തിലുള്ള ഗണപതിവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ഇവിടെ നിത്യേന ഗണപതിഹോമം നടന്നുവരുന്നുണ്ട്. പടിഞ്ഞാറേ നടയിൽ പ്രധാന ശ്രീകോവിലുകൾക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ മറ്റൊരു ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തോട് രൂപത്തിൽ വളരെയധികം സാദൃശ്യമുള്ള ശ്രീസുബ്രഹ്മണ്യ ശിലാവിഗ്രഹമാണിത്. നാലടി ഉയരം വരും.ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു ശ്രീകോവിലിൽ താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയും കുടികൊള്ളുന്നു. പ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ വിഗ്രഹവുമായി വളരെ നല്ല രൂപസാദൃശ്യമുള്ള പഞ്ചലോഹവിഗ്രഹമാണ് ഇവിടെ അയ്യപ്പസ്വാമിയ്ക്ക്. ഏകദേശം ഒന്നരയടി ഉയരം വരും.ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ. അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമെന്നു പറയാം .ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപങ്ങൾക്ക് നാല് തൂണുകളേയുള്ളൂ. അവയിൽ കാര്യമായ അലങ്കാരങ്ങളൊന്നുമില്ല താനും. ശിവന്റെ നടയ്ക്കുനേരെയുള്ള മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ട്. മണ്ഡപങ്ങളുടെ മേൽക്കൂര ചെമ്പുമേഞ്ഞ് അവയിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കലശപൂജയും മറ്റും നടത്തുന്നത് ശിവന്റെ നടയിലാണ്.വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ സ്വയംഭൂലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീ പാർവതി. ഭഗവതിക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയും ഇഷ്ടമംഗല്യവരദായിനിയുമാണ്.നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീഭദ്രകാളിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ശ്രീഭദ്ര പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.
തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ കാളിക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുണ്ട്.ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ നടത്തപ്പെടുന്ന അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ. ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡസങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ് നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.നിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു. സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം.ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.
മമ്മിയൂരപ്പനെ ദർശിക്കാത്തവർ അടുത്ത തവണ തീർച്ചയായും ഈ കൈലാസഭൂമിയെ ദർശിക്കാൻ മറക്കരുത് .
ഓം നമ:ശിവായ.
മഹാശിവരാത്രി
വിശ്വപൗരുഷമായ സാക്ഷാൽ ശ്രീമഹാദേവന്റെ, ഈ പ്രപഞ്ചതാളം തന്നെയായ താണ്ഡവലഹരിയിൽ ഭക്തമാനസങ്ങൾ അഭൗമമായ ഭക്തിരസം പാനം ചെയ്യുന്ന പുണ്യദിനം.ശിവതത്വം ആത്മതത്വമാണ്, ഈ പ്രപഞ്ചതത്വമാണ്. അത് കേവലം ദേവതാ ഭാവത്തിൽ നിന്നും എത്രയോ ഔന്നത്യത്തിൽ നിൽക്കുന്ന മഹാ തത്വമാണ്. ശിവതത്വമറിഞ്ഞവൻ ശിവനു തുല്യമെന്നാണ് ജ്ഞാനികളുടെ മതം. അഥവാ ശിവതത്വമറിയുന്നവൻ ശിവൻ മാത്രമെന്നും പണ്ഡിതർ! തന്റെ വാമോത്സുംഗസ്ഥിതയായ ആദിപരാശക്തി, ശ്രീപാർവ്വതിയോടൊപ്പം സർവ്വചരാചരങ്ങൾക്കും ആധാരമായി, നിത്യാനന്ദ സ്വരൂപനും, സാമഗാന ലോലനുമായി, നിസ്സംഗ ഭാവത്തിൽ,നിർമ്മുക്തനായി ധ്യാനചേതനയോടെ ഈ വിശ്വത്തിന്റെ സർവ നാഡീസ്പന്ദനങ്ങളിലും ഊർജ്ജമായി നിറയുന്ന പരമാത്മതത്വം! ആ തത്വസാക്ഷാത്കാരം പകർന്നു നൽകുന്ന ആനന്ദവും, അനുഭൂതിയും അവർണ്ണനീയമാണ്. അതറിയണമെന്ന അദമ്യമായ ആഗ്രഹമുദിക്കുക പോലും മഹാഭാഗ്യവും. അങ്ങനെ സർവ്വാന്തര്യാമിയായ പരംപുരുഷനും, പ്രപഞ്ചാധാരമായ ആദിപരാശക്തിയും – ഓംകാരസ്വരൂപനായ ശ്രീമഹാദേവനും, ഹ്രീംകാരസ്വരൂപിണിയായ ആദിപരാശക്തിയും ചേർന്ന് സർവ പ്രപഞ്ചത്തിന്റെയും സന്തുലിതാവസ്ഥയ്ക്കു നിദാനമായി, മനസ്സെന്ന രംഗമണ്ഡപത്തിൽ ആനന്ദനൃത്തം ചെയ്യുന്ന മഹാദിനമെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. ഐതിഹ്യങ്ങൾക്കും, വിശ്വാസങ്ങൾക്കുമപ്പുറമുളള അനുഭൂതിതലം തന്നെയാണ് ഓരോ ഭക്തനും, ശിവരാത്രിവ്രതത്തിലൂടെ കൈവരുന്നത്. ശിവൻ എന്ന സങ്കൽപ്പം ഈ അണ്ഡകടാഹം തന്നെയെന്ന് പണ്ഡിതമതം. ഭഗവാന്റെ ശരീരമാണത്രേ ഈ കാണായതെല്ലാം. ധർമ്മച്യുതിയാലോ, കർമ്മദോഷങ്ങളാലോ ഈ പ്രപഞ്ചത്തിൽ പടരുന്ന സർവ്വവിധ വിഷങ്ങളേയും ഉജ്ജ്വലമായ സാധനാ ബലത്താൽ, ഈ പ്രപഞ്ചദേഹത്തിൽത്തന്നെ ഘനീഭവിപ്പിക്കുക, അഥവാ നിഷ്പ്രഭമാക്കുക എന്ന സങ്കൽപ്പം കൂടി ശിവരാത്രിവ്രതത്തിലൂടെ സാദ്ധ്യമാകുന്നുണ്ട്. ദേഹത്തിലെ അഷ്ട ദോഷങ്ങളാകുന്ന ഹാലാഹലം നിഷ്ക്രിയമാകുമ്പോൾ ഉടലെടുക്കുന്ന പരമാനന്ദം; അതു മനസ്സിനെ ആനന്ദനൃത്തം ചവുട്ടിക്കുന്നു. അതത്രേ സാക്ഷാൽ താണ്ഡവം… "ത്ധകത്ധക ധിമിദ്ധിമി " യെന്ന ചടുലതാളം, ആ ശൈവതാളത്തിന്റെ മാന്ത്രികസ്പന്ദങ്ങൾ തന്നെയല്ലേ ഈ കാണായ പ്രപഞ്ചത്തിന്റെ മുഴുവൻ ചലനങ്ങളുടെയും ആകെയുളള താളം. സ്വന്തം ഹൃദയത്തുടിപ്പുകൾക്കു കാതോർക്കൂ… ആ താളം, അത് സാക്ഷാൽ താണ്ഡവത്തിന്റെ താളം തന്നെയല്ലേ? 108 നൃത്ത സങ്കേതങ്ങൾക്കും, 64 കലകൾക്കും അധിപനായ ശ്രീമഹാദേവന്റെ കലയും, ഭഗവാൻ ചമച്ച കാവ്യവുമത്രേ ഈ ലോകമൊന്നാകെ. സർവ്വസങ്കടഹരന്റെ സമ്മോഹനനാട്യഭംഗിയിൽ ലയിച്ചു ചേരാത്തതെന്താണുളളത്? ഢമരുവും തൃശൂലവുമേന്തി, ജടാഭാരമഴിച്ച് ആനന്ദനൃത്തമാടുന്ന പരംപുരുഷൻ എന്ന സങ്കൽപ്പം തന്നെ എത്ര മനോഹരമാണ്. ആ സ്മരണ പോലും എത്ര ആനന്ദദായകമാണ്. ഈ ഭൂമിയിൽ മറ്റേതൊന്നു കൊണ്ടും തുലനം ചെയ്യാനാവാത്ത ആത്മാനന്ദത്തിന്റെ ഉറവിടം തന്നെ സ്വയം ആനന്ദനൃത്തം ചവിട്ടുമ്പോൾ അവന്റെ ശരീരാംഗങ്ങളായ ഈ പ്രപഞ്ചമൊന്നാകെ ആനന്ദത്തിൽ ലയിക്കുന്നുവെന്ന മഹാസങ്കൽപ്പത്തെ ഇത്ര ലളിതസുന്ദരമായി ആശ്ലേഷിക്കാൻ കഴിയുന്ന മറ്റേതൊരു സാധനാപദ്ധതിയാണുളളത്? അതുകൊണ്ടൊക്കെ യാവാം ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രിയെന്ന് അനുഭവസ്ഥർ വിളംബരം ചെയ്യുന്നത്.ഇരുമ്പു തളയിട്ട ഇടംകാലും, പ്രളയാഗ്നിയും,തൃശൂലവും, പ്രപഞ്ചനിദാനമായ ഢമരുവുമേന്തിയ നാഗേന്ദ്രഹാരന്റെ ആനന്ദനൃത്തം, നൃത്തച്ചുവടുകൾക്കനുസൃതമായി വിരിഞ്ഞ മാറിടത്തിൽ താളസൗന്ദര്യം ചമയ്ക്കുന്ന രുദ്രാക്ഷസമൂഹം, സർവ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്തിയ തേജോമയരൂപം, ആ വിശ്വപൗരുഷത്തിന്റെ ഭ്രൂമദ്ധ്യത്തിൽ തേജോരൂപിണിയായി, ബിന്ദുസ്വരൂപത്തിൽ വർത്തിക്കുന്ന ആദിപരാശക്തി ആ നൃത്തരൂപത്തിൽ എല്ലാമടങ്ങുന്നു… അതിൽ നിന്നു വിഭിന്നമായി, ആ താളപ്രമാണങ്ങളിൽനിന്നു മാറി മറ്റൊന്നില്ല തന്നെ… എല്ലാ ഭക്തജനങ്ങൾക്കും സുപ്രഭാതം പൊട്ടി വിടരുമ്പോൾ മഹാശിവരാത്രി ദിന ആശംസകൾ നേർന്നു കൊണ്ട്, ശുഭരാത്രി സുഖ: നിദ്ര.
എന്താണ് ഏകാദശിയുടെ പ്രാധാന്യം?
ഏകാദശിവ്രതത്തേ പ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. അതനുഷ്ഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല.
ഏകാദശിവ്രതത്തിന്റെ ഗുണത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും വിശദമാക്കിയിട്ടുണ്ട്.
വ്രതങ്ങളിൽ വച്ച് ഏറ്റും ശ്രേഷ്ഠമായതുകൊണ്ടാണ് ഈ വ്രതം അനുഷ്ഠിക്കാൻ കൂടുതൽ ആളുകൾ തയ്യാറാകുന്നത്.
നാഗങ്ങളിൽ ശേഷനും പക്ഷികളിൽ ഗരുഡനും മനുഷ്യരിൽ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശീവ്രതമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശീവ്രതം തന്നെ.
ഏകാദശേന്ദ്രിയൈഃ പാപം
യത്കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യത്സർവം വിലയം പ്രജേത്
എന്നാണ് ഏകാദശീവ്രതത്തേപ്പറ്റി നാരദപുരാണം ഉദ്‌ഘോഷിക്കുന്നത്. ഇത് കൂടാതെ പത്മപുരാണം, വിഷ്ണുപുരാണം, ഭവി ഷോത്തരപുരാണം, ഭാഗവതം, ഗർഗ്ഗഭാഗവതം, രുഗ്മാങ്കചരിതം, അംബരീക്ഷചരിതം തുടങ്ങിയവയിലൊക്കെ ഏകാദശീവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി.മനസ്സിൽ ഈശ്വരചിന്ത സമ്പൂർണ്ണമായി നിലനിർത്തുകയാണത്രേ യഥാർത്ഥ ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വെറുതെ പട്ടിണിയിരിക്കലല്ല അർത്ഥമാക്കുന്നത്. മാസത്തിലെ രണ്ട് ഏകാദശീദിവസങ്ങളിലും ഉപവാസവും രണ്ട് ഷഷ്ഠി ദിവസങ്ങളിലും ഒരിക്കലും വേണ്ട പോലെ അനുഷ്ഠിച്ചാൽ മനസ്സ് ശുദ്ധമായി ഈശ്വരനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശിവ്രതം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ ആധുനിക ശാസ്ത്രവും ഒട്ടും തന്നെ കുറച്ചു കാണുന്നില്ല. ദഹനേന്ദ്രിയങ്ങളുടേയും രക്തത്തിന്റേയും ശുദ്ധീകരണത്തിന് ഉപവാസം ഏറെ സഹായിക്കുന്നു എന്നതാണ് ആധുനിക മതം. അമിതഭക്ഷണം കഴിക്കുന്നവരുടെ വൻ- ചെറുകുടലുകൾ എപ്പോഴും നിറഞ്ഞിരിക്കും. ഉപവാസം കൊണ്ട് അവ പരമാവധി ശുദ്ധീകരിക്കപ്പെടുമെന്നതാണ് വസ്തുത. മാത്രമല്ല, ദഹനേന്ദ്രിയങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും ലഭിക്കും. ഇതു കാരണം രക്തം ശുദ്ധീകരിക്കപ്പെടുമെന്നതിനാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ യൂറിയ, കൊഴുപ്പ്, ലവണങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുമെന്ന് വൈദ്യശാസ്ത്രവും സമ്മതിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഏകാദശി വ്രതം പോലുള്ള വ്രതങ്ങളുടെ ഫലങ്ങൾ അപാരം തന്നെയാണ്.
പഞ്ചകന്യകമാർ
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരിപഞ്ചകന്യക ഹൈന്ദവ വിശ്വാസ പ്രകാരം അഹല്യ, ദ്രൗപദി, സീത (കുന്തി), താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ച കന്യകമാരാണന്നു പറയുന്നു. ഇവരെല്ലാവരും വിവാഹിതരും ഇവർക്കു മക്കളും ഉണ്ട്. പക്ഷെ തങ്ങൾക്കു കിട്ടിയ വരപ്രസാദം ഇവരെ നിത്യ കന്യകമാരാക്കുന്നു. ചില ഹൈന്ദവപുരാണങ്ങളിൽ സീതയ്ക്കു പകരം കുന്തിയെയാണ് പഞ്ചകന്യകമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം.
കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?
ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്"
എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.
വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.
രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?
നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.
ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.
പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.
ശ്രീമദ് ദേവീഭാഗവതം
നാരദന്റെ സ്ത്രീത്വവും പുരുഷത്വവും
ഇത്യുക്തോ fഹം തദാ തേന രാജ്ഞാ താലധ്വജേന ചവിമൃശ മനസാfത്യര്‍ത്ഥം തമുവാച വിശാംപതേ
രാജന്‍ നാഹം വിജാനാമി പുത്രീ കസ്യേതി നിശ്ചയം
പിതരൌ ക്വ ച മേ കേന സ്ഥാപിതാ ച സരോവരേ
നാരദന്‍ തുടര്‍ന്നു: താലധ്വജന്‍ എന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ പിതാവാരാണെന്നോ രാജ്യം ഏതാണെന്നോ എങ്ങിനെ ഞാനിവിടെ എത്തിയെന്നോ ഒന്നും എനിക്കറിയില്ല. ഇനിയിപ്പോള്‍ ഇവിടെനിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന ചിന്തയിലാണ് ഞാന്‍. വിധിപോലെ വരട്ടെയെന്നു കരുതി നില്‍ക്കുമ്പോഴാണ് അങ്ങിവിടെ വന്നത്. അങ്ങയുടെ ആഗ്രഹംപോലെ ഞാന്‍ അങ്ങയെ സ്വീകരിക്കാം. എനിക്കും അങ്ങയെക്കണ്ടതുമുതല്‍ എനിക്ക് മറ്റാരും തുണയായി വേണ്ട എന്നൊരു തോന്നലുണ്ടായി.’ രാജാവ് കാമപരവശനും സന്തുഷ്ടനുമായി തന്റെ സേവകന്മാരോടു പറഞ്ഞു: ‘ഈ മഹിളാമണിക്കായി നല്ല പട്ടു വസ്ത്രങ്ങളും ഒരു പല്ലക്കും കൊണ്ടുവരിക. പട്ടുമെത്ത വിരിച്ചതും മുത്തുകള്‍ പിടിപ്പിച്ചതുമാവണം അത്. നല്ല നീളവും വീതിയുമുള്ള ആ പല്ലക്ക് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതാവണം. അത് ചുമക്കാന്‍ കരുത്തുറ്റ നാല് പേരും ഉടനെ ഇവിടെയെത്തട്ടെ.’ രാജാവിന്‍റെ കല്‍പ്പന കേട്ടപാടെ ഭ്രുത്യന്മാര്‍ പോയി പട്ടില്‍പ്പൊതിഞ്ഞു മുത്തും രത്നവും പിടിപ്പിച്ച ഒരു പല്ലക്ക് കൊണ്ടുവന്നു. ഞങ്ങള്‍ രാജധാനിയില്‍ എത്തി. നല്ലൊരു നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ ആ രാജാവ് എന്നെ വിവാഹം കഴിച്ചു. അഗ്നിസാക്ഷിയായി എന്നെ വേളികഴിച്ച മന്നനില്‍ ഞാനും അനുരക്തയായിരുന്നു. അദ്ദേഹത്തിനെന്നെ സ്വന്തം പ്രാണനെപ്പോലെ പ്രിയമായിരുന്നു. ‘സൌഭാഗ്യസുന്ദരീ’ എന്നേ അദ്ദേഹമെന്നെ വിളിക്കാറുള്ളൂ. കാമശാസ്ത്രവിദഗ്ധനും യുവകോമളനുമായ രാജാവ് എനിക്ക് ഭോഗസുഖങ്ങള്‍ എന്തെന്ന് കാണിച്ചു തന്നു. പൂവാടികകളിലും, പുല്‍മേട്ടിലും തടാകങ്ങളിലും കുന്നിലും കാട്ടിലും ഞങ്ങള്‍ സുഖമായി രമിച്ചു നടന്നു. രാസക്രീഡയില്‍ മതിമറന്നു രാജാവ് ഭരണകാര്യങ്ങളില്‍ വീഴ്ചവരുത്തുകപോലും ഉണ്ടായി. കാലം കടന്നുപോയി. മദ്യവും എന്നോടുള്ള സഹവാസവും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കാലമേറെ കടന്നുപോയി. ഞാനും ആ കാമകലാവല്ലഭന്‍ നല്‍കിയ ഭോഗരസത്തില്‍ മുങ്ങി എന്‍റെ പൂര്‍വ്വഭാവമെല്ലാം പൂര്‍ണ്ണമായി മറന്നു പോയിരുന്നു. ഞാനൊരു മുനിയായിരുന്നു എന്നൊന്നും എന്‍റെ മനസ്സില്‍ക്കൂടി കടന്നു പോയതേയില്ല. ‘ഞാനീ നൃപന്റെ ഇഷ്ടപത്നിയാണ്. എന്‍റെ ജീവിതം എത്ര സഫലം!' എന്നിങ്ങിനെ ചിന്തിച്ചുറച്ചു ഞാനും ക്രീഡാലോലയായി രാജാവിന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും വിധേയയായി കഴിഞ്ഞു വന്നു. ബ്രഹ്മജ്ഞാനം, ബ്രഹ്മാനുഭൂതി, ആത്മീയത എന്നിങ്ങിനെയുള്ള ചിന്തകള്‍ എല്ലാം എന്നെ വിട്ടകന്നു. പന്ത്രണ്ടു വര്ഷം ഒരു നിമിഷമെന്നോണം കടന്നുപോയി. ഞാന്‍ ഗര്‍ഭിണിയായി. രാജാവ് അത്യധികം സന്തോഷവാനായി. കൊട്ടാരത്തില്‍ വച്ച് എനിക്കായും ശിശുവിനായും വിധിപോലെ ഗര്‍ഭസംസ്കാര കര്‍മ്മങ്ങള്‍ ചെയ്തു. എനിക്ക് എന്താണാഗ്രഹം എന്ന് രാജാവ് ചോദിച്ചെങ്കിലും ലജ്ജമൂലം ഞാനൊന്നും ആവശ്യപ്പെട്ടില്ല. പത്തുമാസം കഴിയെ നല്ലൊരു നക്ഷത്രത്തില്‍ ഉത്തമനായ ഒരു പുത്രനെ ഞാന്‍ പ്രസവിച്ചു. കൊട്ടാരത്തില്‍ ഒരുത്സവം പോലെ ആ വാര്‍ത്ത കൊണ്ടാടപ്പെട്ടു. രാജാവിന് മറ്റു പത്നിമാരേക്കാള്‍ പ്രിയം എന്നോടു തന്നെയായിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു. മൂത്തവന് വീരവര്‍മ്മന്‍ എന്നും രണ്ടാമന് സുധന്വാവ് എന്നും പേരിട്ടു. ബലശാലികളും കൊമളരുമായ രണ്ടു രാജകുമാരന്മാരെ വളര്‍ത്തുന്ന കര്‍മ്മത്തില്‍ വ്യാപൃതയായി ഞാന്‍ സസുഖം വാണു. ഇവരെക്കൂടാതെ വര്‍ഷം തോറും ഞാന്‍ പ്രസവിക്കുകയുണ്ടായി. അങ്ങിനെ പന്ത്രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായി. എല്ലാവരും ആരോഗദൃഢഗാത്രരും സദ്‌സ്വഭാവികളും ആയിരുന്നു. അവരെല്ലാം വേളികഴിച്ചു. പുത്രവധുക്കളും അവരുടെ മക്കളുമായി എനിക്ക് ഗാര്‍ഹസ്ഥ്യസുഖം പൂര്‍ണ്ണാനുഭവമായി. കൊച്ചുമക്കളുടെ കൊഞ്ചലും കുസൃതിയും കണ്ടു ഞങ്ങളില്‍ മോഹവും പെരുകിവന്നു. പുത്രന്മാരും കുഞ്ഞുമക്കളും ചേര്‍ന്ന ജീവിതം അതീവ സുഖപ്രദമായിത്തോന്നി. അവര്‍ക്കൊരു പനിയോ ദീനമോ വന്നാല്‍ ജീവിതം ദുസ്സഹവുമായി. ചിലപ്പോള്‍ പുത്രവധുക്കള്‍ തമ്മില്‍ കലഹമാവും അപ്പോള്‍ മനസ്താപവും കുണ്ഠിതവും അനുഭവപ്പെടും. ഇങ്ങിനെ ക്ഷുദ്രസംസാരത്തിന്റെ പൂര്‍ണ്ണമായ അധീനതയില്‍ ഞാന്‍ വലഞ്ഞും ഉലഞ്ഞും ജീവിതം കഴിച്ചു കൂട്ടി. ഞാന്‍ പൂര്‍വ്വ ജന്മത്തില്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ജ്ഞാനവും വിവേകവും എന്നെ ഈ സമയത്ത് തുണച്ചതേയില്ല. സ്ത്രീസ്വഭാവമായ ഗൃഹാഭിമാനവും തജ്ജന്യമായ അഹങ്കാരവും എന്നെ പിടികൂടി. കുലം, ധനം ഗൃഹം, പുത്രന്മാര്‍, ഭരിക്കാന്‍ സ്നുഷകള്‍, കളിക്കാനും ഓമനിക്കാനും കൊച്ചുമക്കള്‍ എന്നിങ്ങിനെ എന്‍റെ ജീവിതം പരിപൂര്‍ണ്ണമായി എന്ന തോന്നല്‍ എന്നില്‍ ഉണ്ടായി. 'സ്ത്രീകളില്‍ എന്നെപ്പോലെ സൌഭാഗ്യവതിയായി മറ്റാരുമില്ല' എന്നു ഞാന്‍ ഉറപ്പിച്ചു. ഭഗവാന്‍ വിഷ്ണുമായയാല്‍ എന്നെ വഞ്ചിച്ചതാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയതേയില്ല. അക്കാലത്ത് രാജാവുമായി ഒരു മഹാബലന്‍ വിരോധത്തിലായി. കന്യാകുബ്ജത്തെ കീഴടക്കാന്‍ ആന, തേര്, കുതിര, കാലാള്‍ തുടങ്ങിയ ചതുരംഗപ്പടയോടെ അയാളെത്തി നഗരം വളഞ്ഞു. എന്‍റെ പുത്രന്മാര്‍ അതിനെ ചെറുക്കാന്‍ യുദ്ധത്തിനിറങ്ങി. എന്നാല്‍ എന്‍റെ ഭാഗ്യക്കേട് കാരണം അവരെല്ലാം ശത്രുവിന്‍റെ കൈകൊണ്ടു കൊല്ലപ്പെട്ടു. താലധ്വജരാജാവ് പരാജിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തി. എന്‍റെ പൌത്രര്‍ പോലും ഹതരായി. ഞാന്‍ വാവിട്ടു കരഞ്ഞുകൊണ്ട് യുദ്ധക്കളത്തിലെയ്ക്ക് പാഞ്ഞു ചെന്നു. ‘ഹാഹാ പൊന്നു മക്കളേ, വിധി എന്നെ ചതിച്ചല്ലോ!' എന്ന് ഞാന്‍ വിലപിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് നിന്ന എന്‍റെയടുക്കല്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വന്നു ചേര്‍ന്നു. സാക്ഷാല്‍ മധുസൂദനന്‍ ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: ‘ഭവതി എന്തിനാണ് കരയുന്നത്? ഭര്‍ത്താവ്, വീട്, പുത്രന്‍, എന്നിവയെല്ലാം വെറും ഭ്രമമാണ്. വെറും മോഹമാണിതിനു കാരണം. ശരിക്കും നീയാരാണ്? ഈ പുത്രന്മാര്‍ ആരുടേതാണ്? ആലോചിക്കൂ. പരമമായ ആത്മഗതിയെപ്പറ്റി ആലോചിക്കൂ. എഴുന്നേറ്റു കുളിച്ചു മക്കള്‍ക്കായി ഉദകക്രിയകള്‍ ചെയ്യുക. പരലോകത്തിലേയ്ക്ക് പോവുന്നവര്‍ക്കായി ലോകാനുസാരം ചെയ്യണ്ട മര്യാദകള്‍ നീയും ചെയ്യാന്‍ ബാദ്ധ്യസ്ഥയാണ്. ബന്ധുക്കള്‍ മരിച്ചുപോയാല്‍ ഒഴുക്കുള്ള വെള്ളത്തില്‍ത്തന്നെ സ്നാനം ചെയ്യണം അതിനു സ്വന്തം വീട്ടിലെ കുളി പോരാ എന്നാണു ശാസ്ത്രം.’ നാരദന്‍ തുടര്‍ന്നു: ആ വൃദ്ധബ്രാഹ്മണന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാനും എന്റെ ഭര്‍ത്താവും കൂടി അദ്ദേഹത്തിന്‍റെ പുറകിലായി നടന്ന് ഒരു പാവനതീര്‍ത്ഥത്തില്‍ കുളിക്കാനായി ഒരുമ്പെട്ടു. വേഷം മാറിയെത്തിയ ഭഗവാന്‍ (ബ്രാഹ്മണന്‍) പുരുഷതീര്‍ത്ഥക്കരയില്‍ ഞങ്ങളെ കൊണ്ട് വിട്ടിട്ട് പറഞ്ഞു; ‘ഗജഗാമിനീ സ്നാനം ചെയ്ത് ക്രിയകളൊക്കെ വേണ്ടതുപോലെ ചെയ്യൂ. വൃഥാവിലാപം കൊണ്ട് കാര്യമൊന്നുമില്ല. നിന്‍റെ മക്കളും കൂടെപ്പിറപ്പുകളും ഭര്‍ത്താക്കന്മാരും പിതാക്കന്മാരും മുജ്ജന്മങ്ങളില്‍ എത്രയോ ചത്തൊടുങ്ങിയിരിക്കുന്നു. അവരില്‍ ആരെക്കുറിച്ചാണ് നീ ദുഖിക്കുന്നത്? ഇതൊക്കെ വെറും മനോവിഭ്രാന്തികള്‍ മാത്രം. അസത്യമാണത്. സ്വപ്നസമാനമായ അനുഭവം മാത്രമാണത്. ഉറക്കമുണര്‍ന്നാല്‍പ്പിന്നെ സ്വപ്നാനുഭവത്തെപ്പറ്റി ആരാണ് ദുഖിക്കുക?’ ഇങ്ങിനെ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുരുഷതീര്‍ത്ഥത്തില്‍ ഇറങ്ങി മുങ്ങിനിവര്‍ന്നു. ആ ക്ഷണത്തില്‍ ഞാന്‍ ഒരു പുരുഷനായി മാറി. പുരുഷതീര്‍ത്ഥമാണല്ലോ അത്. മുങ്ങി നീര്‍ന്നു നോക്കുമ്പോള്‍ അതാ സാക്ഷാല്‍ വിഷ്ണു അവിടെ നില്‍ക്കുന്നു. എന്‍റെ വീണയും പിടിച്ചാണ് നില്‍പ്പ്. അപ്പോഴേയ്ക്കും എന്നില്‍ പൂര്‍വ്വസ്മരണയുണര്‍ന്നു. ‘അല്ലാ, ഞാന്‍ നാരദനാണല്ലോ. ഹരിയുമൊരുമിച്ച് ഗരുഡനുമേലേറി വന്ന ഞാന്‍ മായാഭ്രമത്താല്‍ പെണ്ണായി മാറിയതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ ഇങ്ങിനെ വിസ്മയപ്പെട്ടു നില്‍ക്കുമ്പോള്‍ ഭഗവാന്‍ ചോദിച്ചു: ‘നാരദാ, എന്താണവിടെ ജലത്തില്‍ നിന്നു ചെയ്യുന്നത്? കുറേ നേരമായല്ലോ. വരൂ നമുക്ക് പോകാം.’ ‘ദാരുണമായ ആ സ്ത്രീരൂപവും പിന്നെ അത് മാറി ഇപ്പോഴത്തെ ഉറച്ച പുരുഷഭാവവും എനിക്കെങ്ങിനെ സംജാതമായി?’ എന്നിലെ അത്ഭുതം ഒരിക്കലും അവസാനിച്ചില്ല.
ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ എന്തിനാണ് അടച്ചിടുന്നത്?
"സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ 180 ഡിഗ്രിയിൽ വരുന്ന സമയമാണ് ഗ്രഹണമെന്ന് പറയുന്നത്. അതായത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെ ചന്ദ്രഗ്രഹണമെന്നും ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതിനെ സൂര്യഗ്രഹണമെന്നും പറയുന്നു. ഈ സമയത്ത് മനുഷ്യശരീരത്തിലും ഇഡാ പിംഗലാ സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട് കുണ്ഡലിനി ഉദ്ഗമനത്തിനുള്ള വഴി തുറക്കപ്പെടുന്നു. അത് കൊണ്ട് ഗ്രഹണസമയം മുഴുവൻ ജപം നടത്തുന്നത് ഒരു പുരശ്ചരണം നടത്തിയാലുള്ള ഫലം ഉണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ട ദേവന് ഈ സമയം ധ്യാനത്തിനുള്ള വഴിയൊരുക്കുവാൻ വേണ്ടിയാണ് ക്ഷേത്രങ്ങൾ അടച്ചിടുന്നത്. അതിനാൽ അത് ദേവന്റെ പുരശ്ചരണ സമയമായി കണക്കാക്കണം. ഗ്രഹണം കഴിഞ്ഞാൽ കുളിക്കുന്നത് അവഭൃതസ്നാനമാണ്. ഗ്രഹണസമയത്ത് ഭക്ഷണാദി കാര്യങ്ങളെല്ലാം നിഷിദ്ധമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ."1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത. കടപ്പാട്: സനാതന ഹിന്ദു ധർമ്മം
ലളിതാസഹസ്രനാമം ഭോഗമോക്ഷപ്രദം
ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതാസഹസ്രനാമം. മാര്‍ക്കണ്ഡേയ പുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ ദേവിയെ ആരാധിക്കാന്‍ നമുക്ക് ലഭിച്ച അമൂല്യരത്‌നങ്ങളാണ്. ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, ഈ മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്‍ന്ന മറ്റൊരു സ്‌തോത്രവുമില്ല. ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യ-ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ വാഗ്‌ദേവതമാരാണ് ദേവിയുടെ ആയിരം നാമങ്ങളുള്ള ഈ സ്‌ത്രോത്രം രചിച്ചത്. നമസ്‌കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, ഐശ്വര്യം, പ്രാര്‍ത്ഥന എന്നീ ആറുലക്ഷണങ്ങളാണ് സ്‌തോത്രത്തിന് വേണ്ടത്. ഇവയെല്ലാം ഒത്തിണങ്ങിയതാണ് ലളിതാസഹസ്രനാമം. ഇത്രയേറെ ഭോഗമോക്ഷപ്രദമായ സ്‌തോത്രം വേറൊരിടത്തുമില്ല. ഓരോ നാമവും ദേവിയുടെ ഗുണവിശേഷണങ്ങളുടെ അല്‍പമാത്രമായ സ്ഫുരണങ്ങള്‍ മാത്രമാണ്. അമ്മയെ സമഗ്രമായി അവതരിപ്പിക്കുവാന്‍ ഒരു നാമത്തിനും കഴിയില്ല. നാമവും രൂപവും ദേവിക്കില്ല. ഇവ രണ്ടും ജഗത്തിലുള്‍പ്പെട്ടതും മിഥ്യയുമാണ്. ഓരോ നാമവും അമ്മ സ്വയം എത്രകണ്ട് വെളിപ്പെടുത്തുന്നുവോ അത്രയുമേ ഉപാസകന് സാക്ഷാത്കരിക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനില്‍പ്പിനും അഭിവൃദ്ധിക്കും ജന്മസാഫല്യത്തിനും ആശ്രയിക്കുന്നത് ജഗദംബയെ ആകയാല്‍ ജഗദംബ ‘ശ്രീമാതാ’വായിരുന്നു. പരാശക്തിയെ അമ്മയായി കരുതി ശിശുഭാവനയോടെ ഈ മഹാസ്‌തോത്രം ഉരുവിടാന്‍ ഏവര്‍ക്കും അധികാരമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് ആദ്യത്തെ നാമമായ ‘ശ്രീമാതാ’. മാതൃഭാവനയോടെ ദേവിയെ ആരാധിക്കുന്ന ഭക്തന് ദേവീപ്രസാദത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയില്‍തന്നെ ദേവി പ്രസാദിക്കും. കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ് വേണ്ടത് ചെയ്യുന്നവളാണ് അമ്മ. കുഞ്ഞിന്റെ നന്മമാത്രമല്ലേ അമ്മമാര്‍ക്കുള്ളൂ. അമ്മയുടെ കണ്ണില്‍ മക്കളുടെ പാപങ്ങള്‍ ഒന്നുംതന്നെ പാപങ്ങളല്ല. കര്‍മവും കര്‍മഫലവും എല്ലാം ദേവിയുടെ മായതന്നെ ആകയാല്‍ ആ കര്‍മഫലക്ലേശം അനുഭവിക്കുന്ന മക്കളുടെ നേര്‍ക്ക് അമ്മയുടെ ദയാപൂര്‍വമായ ദൃഷ്ടി പതിയുന്നതിനാല്‍ അവര്‍ താപത്രയങ്ങളില്‍ നിന്ന് മുക്തരാകുന്നു. ദേവീസ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ തമസ്സ് ദേവീസ്മരണയുണ്ടാകുന്ന നിമിഷംതന്നെ നശിക്കും. പൂര്‍വപുണ്യം കൊണ്ടുമാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ. ജഗജ്ജനനിയുടെ സഹസ്രനാമങ്ങളില്‍ ഏതെങ്കിലും ഒന്ന് ഭക്തിപൂര്‍വം കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്താല്‍ സര്‍വപാപങ്ങളും സൂര്യകിരണങ്ങള്‍ക്കു മുന്നില്‍ ഇരുട്ടെന്നപോലെ മാഞ്ഞുപോകും. അപ്പോള്‍പ്പിന്നെ സഹസ്രനാമം ജപിച്ചാല്‍ നീങ്ങാത്ത പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്‍പോലും ദേവ്യുപാസകനെ അങ്ങോട്ട് ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായ ദേവിക്ക് ഈ ഭൂമിയിലെ എത്ര നിസ്സാരമായ വസ്തുക്കളാണ് നാം അര്‍പ്പിക്കുന്നത്. എങ്കിലും ഭക്തനോടുള്ള സ്‌നേഹം നിമിത്തം ദേവി അവയെല്ലാം സ്വീകരിക്കുന്നു. അര്‍പ്പിക്കുന്ന വസ്തുവല്ല. ഭക്തന്റെ ഭക്തിയാണ് ദേവിയെ തൃപ്തയാക്കുന്നത്. കുഞ്ഞു കരയുമ്പോല്‍ കുറെ കരയട്ടെ എന്ന് ഏതെങ്കിലും അമ്മ വിചാരിക്കുമോ, അതുപോലെ ഭക്തന്‍ കുറെ കഷ്ടപ്പെടട്ടെ എന്ന് ജഗജ്ജനനി ഒരിക്കലും വിചാരിക്കില്ല. അല്ലയോ ഭവാനീ എന്നില്‍ ദൃഷ്ടിപതിപ്പിക്കണമേ എന്ന് പറയാനാഗ്രഹിക്കുന്ന ഉപാസകന് ‘ഭവാനിത്വം’ എന്നുപറഞ്ഞു കഴിയുമ്പോഴേക്കും സായുജ്യപദവി ദേവി ദാനം ചെയ്യുന്നു എന്ന് സൗന്ദര്യലഹരി.
ശരണാഗത ദീനാര്‍ത്ത
പരിത്രാണ പരായണേ
സര്‍വസ്യാര്‍ത്ഥി ഹരേ ദേവി നാരായണി നമോ സ്തുതേ!
എന്ന് ദേവീമാഹാത്മ്യം.
നമ്മുടെ പ്രാര്‍ത്ഥനയിലെല്ലാം തെറ്റുകള്‍ സംഭവിക്കാം. അശ്രദ്ധകൊണ്ടോ അഭ്യാസക്കുറവുകൊണ്ടോ, വാസനാബലം കൊണ്ടോ ഇങ്ങനെ സംഭവിക്കാം. ഇതിലൊന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജഗദംബ നമുക്ക് ഉറപ്പുതരുന്നു. ‘അവ്യാജ കരുണാമൂര്‍ത്തി’എന്ന നാമംകൊണ്ട് അടിവച്ചടിവച്ചു നടക്കുന്ന മക്കള്‍ക്ക് അടിപതറിയാല്‍ അമ്മയ്ക്ക് ദേഷ്യമല്ല, വാത്സല്യവും കരുണയുമാണെന്ന് നമ്മോട് പറയുന്നു. മക്കളെ വീഴാതെ കൈപിടിച്ച് നേര്‍വഴിക്ക് നടത്തേണ്ടത് അമ്മയുടെ കടമയാണ്. അമ്മ അത് നിറഞ്ഞ മനസ്സോടെ ചെയ്തുകൊള്ളും. കരുണാമയിയായ അമ്മ ഉപാസകന്റെ മനസ്സിലെയും പ്രവൃത്തിയിലെയും അജ്ഞാനം നീക്കി ജ്ഞാനം പ്രദാനം ചെയ്യും. ദേവിയെ പ്രാര്‍ത്ഥിക്കുന്നതിന് പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ലളിതാസഹസ്രനാമം ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മ എന്നു കീര്‍ത്തിച്ചുകൊണ്ടാണ് (ശ്രീമാതാ, ലളിതാംബികായൈ) എല്ലാം അമ്മയില്‍ നിന്നാരംഭിക്കുന്നു. അമ്മയില്‍തന്നെ ലയിച്ചുതീരുന്നു. ഈ സ്‌തോത്രം സര്‍വരോഗങ്ങളെയും ശമിപ്പിക്കുന്നതും എല്ലാ സമ്പത്തിനെയും വര്‍ധിപ്പിക്കുന്നതും, കാലമൃത്യുവിനെ നിവാരണം ചെയ്യുന്നതും ദീര്‍ഘായുസ്സു നല്‍കുന്നതുമാണ്. ഉടന്‍ സിദ്ധി നല്‍കുന്ന ശ്രീദേവിയുടെ വിശേഷപ്രീതിക്കു പാത്രമാകുന്ന ഈ സ്‌തോത്രം എത്ര ക്ലേശിച്ചായാലും എല്ലാ ദിവസവും ജപിക്കണം. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാല്‍ പരിസേവിതയായി ലക്ഷ്മി സരസ്വതി തുടങ്ങിയവരാല്‍ പരിചര്യ ചെയ്യപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര്‍ ഋഷിമാര്‍ യക്ഷകിന്നര ഗന്ധര്‍വന്മാര്‍ തുടങ്ങിയവരാല്‍ സ്തുതിക്കപ്പെടുന്നവളായി, അഖില പ്രപഞ്ചത്തിനും ഭരണകര്‍ത്രിയായി മണിമയ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ശിവശക്തൈ്യക്യ രൂപിണിയായ അല്ലയോ രാജരാജേശ്വരീ അമ്മയ്ക്ക് പ്രണാമം.
ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ?
ശാന്തരൂപിണിയും ഉഗ്രരൂപിണിയുമാണ്. ഭക്തന്മാർക്ക് നേരെ ശാന്തരൂപിണിയും ദുഷ്ടന്മാർക്ക് നേരെ ഉഗ്രരൂപിണിയുമാണ്. പശുജനങ്ങൾക്ക് ഭയം ജനിപ്പിയ്ക്കുന്നത് കൊണ്ടാണ് പശുലോകഭയങ്കരി എന്ന് പറയപ്പെടുന്നത്. ഇവിടെ പശുഭാവത്തിലുള്ള മനുഷ്യരേയാണുദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വീരസാധകനെ സംബന്ധിച്ചിടത്തോളം ദേവി അഭയപ്രദായിനിയാണ്. ശാന്തസ്വരൂപിണിയുമാണ്. അതിനാൽ ദേവി വീരാരാധ്യയായി അറിയപ്പെടുന്നു. ജീവിതക്ലേശങ്ങളെ ധീരതയോടെ നേരിടുന്ന വീരസാധകനു മാത്രമേ ദേവീപദം പ്രാപിക്കുവാൻ സാധ്യമാവുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം ദേവി ത്രിപുരസുന്ദരിയാണ്.
വാത്സല്യത്തിടമ്പും കളിത്തോഴനുമൊക്കെയായി ഭക്തന്മാർക്ക് നേരെ സദാസമയവും കാരുണ്യം പൊഴിച്ച് മന്ദഹസിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഉഗ്രരൂപവും പല സന്ദർഭങ്ങളിലായി കാണുന്നുണ്ടല്ലോ. ദുര്യോധനന്റെയും കംസന്റെയും ഒക്കെ നേർക്ക് ഭഗവാൻ ഉഗ്രരൂപിയായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ഗീതോപദേശ സമയത്ത് ഭഗവാൻ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തപ്പോൾ അർജ്ജുനൻ പേടിച്ച് വിറച്ചുപോയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി, വൈദ്യതി, കാറ്റ് തുടങ്ങി പ്രകൃതിയിലെ ഏത് പ്രതിഭാസത്തെ എടുത്താലും ഈ നിഗ്രഹാനുഗ്രഹ ശക്തികൾ കാണാൻ സാധിക്കും. അങ്ങനെയിരിക്കേ മൂലപ്രകൃതിയായിരിക്കുന്ന പരാശക്തിയിലും ഈ നിഗ്രഹാനുഗ്രഹശക്തികൾ ഉണ്ടെന്ന് ധരിക്കണമല്ലോ. അനുഗ്രഹദായിനി ആകുമ്പോൾ ശാന്തരൂപിണിയും നിഗ്രഹഭാവത്തിൽ ദേവി ഉഗ്രരൂപിണിയും ആകുന്നു.
പഴനിമലയിൽ ദർശനം നടത്തേണ്ടത് എങ്ങിനെ
പഴനിമല വേൽമുരുകനെ ദർശനം നടത്താം. ഈ വേളയിൽ സർവ്വ പ്രഥമമായി ദർശനം ചെയ്യേണ്ടത് മൂലസ്ഥനമായ തിരുവാവിനംകുടി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭക്തരെ സ്വാഗതം ചെയ്യുന്നത് ഒരു രാജഗോപുരവും മുഖമണ്ഡപവുമാണ്. അകത്തേക്ക് പ്രവേശിച്ചാൽ ഇടതു ഭാഗത്തുള്ള ഗണപതിയെ വണങ്ങി മുരുകന്റെ സന്നിധിയിൽ എത്തണം. മയിലിനു മേലേയാണ് ഇവിടെ ഭഗവാൻ ഇരിക്കുന്നത്. അതിനാൽ തന്നെ ഇവിടെത്തെ സ്വാമിയെ കുഴന്തൈ വേലായുധസ്വാമി എന്ന തിരുനാമത്തിൽ അറിയപ്പെടുന്നു. ഉപദേവതകളായി ദുർഗ, ശനീശ്വരൻ, നക്കീരർ മുനി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അൽപം വടക്കുകിഴക്കു മാറി ശരവണ തീർത്ഥം സ്ഥിതി ചെയ്യുന്നു. ആറു പടൈ വീടുകളിൽ ഈ തീർത്ഥം ഉണ്ട്.
അങ്ങനെ ഇവിടെത്തെ ദർശനത്തിനു ശേഷം പഴനിമലയുടെ അടിവാരത്തുള്ള ഗണപതി സന്നിധിയിലെത്തണം. ഇവിടെ ഗണപതിക്ക് നാളികേരം ഉടച്ച് കർപ്പുരം കത്തിച്ച് പ്രാർത്ഥിച്ച് ഒരു പ്രദിക്ഷണം ചെയ്യുക. ( ചില ഭക്തന്മാർ ഗിരി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിപ്രദക്ഷിണം എന്നു പറയുന്നത് മലയെ ഒരു വലംവയ്ക്കലാണ്.). ഇനി മല കയറണം, മലകയറുമ്പോൾ ഇരുവശങ്ങളിലുമായി പരിവാര ദേവതമാരുടെ സന്നിധികൾ കാണാം. പാദവിനായകരുടെ സന്നിധിയുടെ മുന്നിലുള്ള മണ്ഡപത്തിൽ കണ്ണപ്പനയനാർ ദേവയാനി കല്യാണം, ശൂരസംഹാര സുബ്രഹ്മണ്യസ്വാമി, വീരബാഹു തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം. ഇതിനടുത്തുള്ള മണ്ഡപമാണ് മയിൽ മണ്ഡപം. പടിഞ്ഞാറ് പാതയിൽ ഇടക്ക് വള്ളിനായകി, വിനായകർ, ഹിഡുംബൻ, ചന്ദ്രൻ ഇവരുടെ ശില്പങ്ങളും കാണാം.
693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനുള്ള ആനപ്പാതയെന്ന ആനച്ചാൽ വഴി പോകാവുന്നതാണ്. ഈ വഴിയിൽ ഇടക്കു മാത്രം മന്നുനാലു പടികൾ വീതം കാണാം. ഈ വഴിയിലൂടെ പോകുമ്പോൾ ഭഗവാൻ അവ്വയാർക്ക് ദർശനം കൊടുക്കുന്നതും ഹിഡുംബൻ മലകൾ ചുമന്നുകൊണ്ട് വരുന്നതുമായ ശില്പങ്ങൾ കാണാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം തന്നെയാണ് ഏറ്റവും നല്ലത്.
ഏറെക്കുറെ പകുതി ഭാഗം പിന്നിടുമ്പോൾ ഹിഡുംബൻ സന്നിധി കാണാം. ഇവിടെ ഹിഡുബന് നാളികേരമുടച്ച് കർപ്പൂരം കത്തിച്ചും പ്രാർത്ഥിക്കുന്നു. ഇവിടെ കുറുവടിവേലൻ എന്നൊരു സന്നിധിയും കാണാം. വീണ്ടും യാത്ര മലമുകളിലേക്ക്... മുകളിലെത്തുമ്പോൾ പടികൾ അവസാനിക്കുന്ന ഭാഗത്ത് മരച്ചുവട്ടിലിരിക്കുന്ന ഗണപതി ഭഗവാനെ വണങ്ങുക. തുടർന്ന് പഴനിമല മുരുക ക്ഷേത്രത്തെ പുറത്ത് കൂടെ ഒരു പ്രദക്ഷിണം വച്ച് അകത്ത് കയറാവുന്നതാണ്. ഈ പ്രദക്ഷിണ വഴിയിൽ അറുപടൈ വീടുകളിലെ മൂത്തികളുടെ ശില്പങ്ങളുണ്ട്. അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണിക്കെട്ടുമണ്ഡപം അതിനടുത്ത് വല്ലഭ വിനായക സന്നിധിയും സ്ഥിതി ചെയ്യുന്നു.
മണിക്കെട്ട് മണ്ഡപത്തിന്റെ സമീപമുള്ള നായ്ക്കർ മണ്ഡപത്തിൽ സുബ്രഹ്മണ്യ വിനായകർ, നക്കീരർ, അരുണഗിരിനാഥർ ഇവരുടെ സന്നിധികളുണ്ട്. അങ്ങനെ അഞ്ചു നിലകളുള്ള ഗോപുരം കടന്നാൽ പദവേൽ മണ്ഡപവും നവരംഗ മണ്ഡപവും സ്ഥിതി ചെയ്യുന്നു. 12 കൽത്തുണുകളിൽ നിൽക്കുന നവരംഗ മണ്ഡപത്തിന്റെ ആരംഭത്തിൽ കുക്കുടധ്വജം കാണാം. ഈ കൊടിമരത്തിന്റെ മുകളിൽ ജീവനുള്ള ഒരു പൂവൻകോഴി വന്നിരിന്നു കൂവുമത്രെ! നടരാജനി നവവീരന്മാർ, വേലായുധ വിശ്വനാഥൻ എന്നിവരുടെ മണ്ഡപമാണ് അടുത്തത്. ഈ മണ്ഡപം കഴിഞ്ഞ് ആദ്യ പ്രദക്ഷിണ വഴിയിൽ വടക്കു ഭാഗത്ത് മലെെകെശ്ശനീശ്വരൻ, അംബിക നവവീരന്മാർ, ചണ്ഡീശ്വരൻ മുതലായവരുടെ സന്നിധികളുമുണ്ട്.
അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ
1.ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്ന നിവാരണത്തിനും ഐശ്വര്യ സമ്പൽസമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത് സംരഭങ്ങൾക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.
2. മൃത്യുഞ്ജയ ഹോമം
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യുഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം. 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാമൃത്യുഞ്ജയ ഹോമം എന്ന് പറയുന്നു.
3). മഹാസുദർശനഹവനം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .
4). അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ്. അഘോര മുർത്തിയെ ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത് പത്മതിൽ പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങളിലുടെയോ അത്യാവശ്യമാണെങ്കിലെ ഈ ഹോമം നടത്താവു.
5). ശാലിനിഹോമം
ദൃഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശാലിനിഹോമം പരിഹാരമാണ്. സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശാലിനിയന്ത്രം വരയ്ക്കണം. ചുവന്ന പുക്കൾ, ചുവന്ന പട്ട്. ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
6). ന്യസിംഹഹോമം
ഉഗ്രമുർത്തിയായ നരസിംഹമുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമമായതിനാൽ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം. ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .
7). പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക് അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം, ആഘോര ഹോമം, ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു. നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു. ദൃഷ്ടി ദോഷം, ശാപം, നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.
8). അയുസുക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം അയുർബലത്തിന് വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത ഹോമം നടത്തുന്നത് ഉത്തമമാണ്. 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9) കറുക ഹോമം
അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ്. ആയുർദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട്. കുട്ടികൾക്ക് ബാലാരിഷ്ഠത മാറാനും ഇത് ഉത്തമമാണ് .
10) മൃതസഞ്ജീവനി ഹോമം
ആയുർദോഷം ശക്തമായുണ്ടെങ്കിൽ ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത്. ചിലയിടങ്ങളിൽ ബ്രഹ്മ മുഹൂർത്തത്തിലും ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട്. ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .
11) സ്വയംവര പാർവ്വതി ഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം. ഹോമത്തിനുള്ള വിറക് അശോകം, അരയാൽ, പ്ലാവ് എന്നിവയാണ് . ഹോമശേഷം കന്യകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത്. തിങ്കൾ , വെള്ളി , പൗർണ്ണമി കർമ്മത്തിന് ഉത്തമം .
12) ത്രിഷ്ടിപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ്. ത്രിഷ്ടിപ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം. ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത. പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലചെയ്യുന്നതാണ് . മന്ത്രത്തിന്റെ ശക്തിഗൗരവം മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .
13) അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വാരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട്. വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .
14). ഗായത്രി ഹോമം
പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി, സൂര്യൻ, വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.
15) നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിന്റെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാരദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ്.
16) തില ഹോമം
(പിതൃ പ്രീതിയ്ക്ക്) മരിച്ചു പോയവരുടെ ആത്മാവിന്റെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രതാനപ്പെട്ട കർമ്മമാണിത്. ഹോമാനന്തരം പിതാവിന്റെ പ്രതിമയിൽ സമ്പാതം സ്പർശിക്കണം.
ആറുപടെെവീടും എെതിഹ്യവും
ബ്രഹ്മചാരിയായ ആണ്ടിവടിവേലന്‍. ഭസ്മലേപനന്‍. വല്ലീദേവയാനീ സമേതനായ കടമ്പന്‍. അഭിഷേകപ്രിയന്‍. വൈരാഗ്യത്തിന്റെ അലൗകികതയും ഗാര്‍ഹസ്ഥ്യത്തിന്റെ ലൗകികതയും സാധ്യമാക്കുന്ന കാര്‍ത്തികേയന്‍. ഷഡ്ദര്‍ശനങ്ങളുടെ കുലപതിയായ ഷണ്‍മുഖന്‍. ശരവണഭവനായ മയില്‍വാഹനന്‍. ക്ഷിപ്രപ്രസാദിയായ വേലായുധന്‍. മുരുകഭക്തിയുടെ ഹൃദയഭൂമിയാണ് തമിഴകം. രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയവയാണ് തമിഴകത്തെ ആറുപടൈവീടുകള്‍. സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുകതൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമര്‍ശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്ഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദര്‍ശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര തമിഴ്‌നാടിന്റെ ഗഹനമായ സംസ്‌കാരത്തിലൂടെയും ഭൂപ്രകൃതിയിലൂടെയുമുള്ള യാത്ര കൂടിയാണ്. തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈവീടുകള്‍.
തിരുപ്രംകുണ്ഡ്രം ഗുഹാക്ഷേത്രം
തിരുപ്രംകുണ്ഡ്രം
വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം
ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.
മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്‍പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം. ക്ഷേത്ര ഗോപുരം ഉള്‍ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്. മണികള്‍ പതിച്ച വലിയ വാതില്‍ കടന്നാല്‍ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്‍ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്‍. പടികള്‍ കയറിയാല്‍ പാറയില്‍ കൊത്തിയെടുത്ത ഗര്‍ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില്‍ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്‍ബാഹുവായ മുരുകന്‍. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്‍ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്‍, വിനായകന്‍, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്‍ഭഗൃത്തിലുണ്ട്. ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്‍ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്‍മാര്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു. മഹാലക്ഷമീ തീര്‍ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്‍ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്.
കടലോരത്തെ പുണര്‍ന്നു കിടക്കുന്ന തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം
തിരുച്ചെന്തൂര്‍
ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്, തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്. ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കോവിലിലേക്ക്
മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം. സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില്‍ ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്‍ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം. ദേവന് ശിവഭഗവാനെ ഭജിക്കാന്‍ മയന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന്‍ തന്നെ.
ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന്‍ ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്‍ശനം നല്‍കി ഏകനായി മന്ദഹസിച്ചു നില്‍ക്കുന്ന ചതുര്‍ബാഹുവാണ് പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്‍ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്‍മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതാണ്. തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില്‍ മേല്‍ വസ്ത്രം മാറ്റണം.
മാര്‍ത്താണ്ഡ വര്‍മ്മയാണ് ക്ഷേത്രരീതികള്‍ ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു. (രാവിലെയുള്ള ഉദയമാര്‍ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള്‍ തുളു ബ്രാഹ്മണന്‍മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള്‍ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്‍മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം. തുടര്‍ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്‍ത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ എന്നീ മൂര്‍ത്തികളും 63 നായനാര്‍മാരുടെ പ്രതിമകളും ഇവിടെ കാണാം. അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. നടപ്പന്തലിനു തുടക്കത്തില്‍ തുണ്ടുകൈ വിനായകന്‍. സ്‌കന്ദപുഷ്‌കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും.വഴിയോരത്തുള്ള വേപ്പു മരങ്ങളില്‍ നിറയെ മയിലുകള്‍.
പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്
കാവടിയേന്തിയും, മുണ്ഡനം ചെയ്ത് മുടി മുരുകന് സമര്‍പ്പിച്ചും ഹരോ ഹര വിളിച്ചും ആയിരങ്ങള്‍ ദിനവും 693 പടികള്‍ കയറി ക്ഷേത്രസന്നിധിയില്‍ എത്തുന്നു. പടിഞ്ഞാറോട്ടു ദര്‍ശനം നല്‍കുന്ന ദേവന്‍ കേരളക്കരക്ക് അനുഗ്രഹം ചൊരിയുന്നുവെന്ന് ഒട്ടു പരിഭവത്തൊടെ തമിഴ്ഭക്തര്‍ പറയും. ശരവണപ്പൊയ്കയില്‍ കുളിച്ച്, അടിവാരത്തുള്ള രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സുബ്രഹ്മണ്യക്ഷേത്രമായ തിരുവാവിന്‍കുടി ക്ഷേത്രത്തില്‍, മയില്‍ വാഹനനായ ബാലവേലായുധനെ തൊഴുത്, ആദ്യ പ്രാകാരമായി കണക്കാക്കുന്ന പഴനിമല പ്രദക്ഷിണം (ഗിരിവലം) ചെയ്താണ് (2.4 കി മി) മല കയറേണ്ടത്. മല കയറാന്‍ വിഷമം അനുഭവപ്പെടുന്നവര്‍ക്ക് റോപ്പ് കാറും, വിന്ചുമുണ്ട്. മലയുടെ മുകളിലെ പ്രദക്ഷിണ വഴി (രണ്ടാം പ്രാകാരം) ദീര്‍ഘചതുരാകൃതിയില്‍, വിശാലമാണ്. വശങ്ങളില്‍ നടപ്പന്തലുകള്‍. തെക്കുപടിഞ്ഞാറുള്ള കവാടത്തിനരികെയാണ് ഭോഗരുടെ ക്ഷേത്രം. ഗര്‍ഭഗൃഹത്തിലേക്കുള്ള രാജഗോപുരത്തിനിരുവശവും 172 തൂണുകളുള്ള നായ്ക്കര്‍ മണ്ഡപം. അകത്തുള്ള പ്രാകാരത്തില്‍ ശോഭന മണ്ഡപവും കാര്‍ത്തിക മണ്ഡപവും. ഇതോടു ചേര്‍ന്നുള്ള വസന്തമണ്ഡപത്തില്‍ കന്യാകുമാരി, തിരുനല്‍വേലിയിലെ ഗാന്ധിമതി, രാമേശ്വരത്തെ പര്‍വത വര്‍ദ്ധിനി, മീനാക്ഷി, കാമാക്ഷി, തിരുവാനൈക്കയിലെ അഖിലാണ്ഡേശ്വരി, തിരുക്കടയൂരിലെ അഭിരാമി, മൈലാപ്പൂരിലെ കനകാംമ്പാള്‍, കാശിയിലെ വിശാലാക്ഷി എന്നീ നവ ദുര്‍ഗ്ഗമാര്‍. ഗര്‍ഭഗൃഹത്തിനു മകുടമായി സ്വര്‍ണ്ണവിമാനം. ശ്രീകോവിലില്‍ ശുഭ്രവസ്ത്രധാരിയായും, സന്യാസിയായും, വേട്ടക്കാരനായും, ബാലകനായും, അര്‍ച്ചകനായും രാജാവായും അലങ്കരിക്കപ്പെടുന്ന പഴനിമുരുകന്‍.
സ്വാമിമലൈ
പഴനിമുരുകനെ തൊഴുത് കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്. സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍. അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട്
കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം. അറുപത് തമിഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന അറുപതു പടികള്‍ കയറി വേണം ശ്രീകോവില്‍ എത്താന്‍. താഴെ കീഴ് സന്നിധി എന്ന അര്‍ദ്ധമണ്ഡപത്തില്‍ മീനാക്ഷിയും സുന്ദരേശ്വരനും മകനെ ആശീര്‍വദിച്ചിരിക്കുന്നു. കിഴക്കു ഭാഗത്താണ് പ്രധാന പ്രവേശന കവാടം, അവിടെ വല്ലഭഗണപതിയുടെ കൂറ്റന്‍ വിഗ്രഹം.
കൂംഭകോണത്തിനടുത്തുള്ള സ്വാമിമലൈ ക്ഷേത്രം കാവേരിയുടെ തീരത്താണ്
കവാടത്തിന്റെ ഭാഗമായ രാജഗോപുരത്തില്‍ മേലെ ക്ഷേത്രത്തിന്റെ ഉള്ളില്‍, രണ്ടാം പ്രാകാരത്തില്‍ നിന്നും നോക്കിയാല്‍ കാണുന്നിടത്ത് ബാലസുബ്രഹ്മണ്യന്‍ പിതാവിന്റെ കൈകളില്‍ ഒതുങ്ങി കാതില്‍ ഓംശരവണഭവഗുഹ എന്നു പ്രണവാര്‍ഥം ഒാതുന്ന ശില്‍പ്പം. ഉപദേശഘട്ടം എന്നാണീ സ്ഥലം അറിയപ്പെടുപന്നത്. മൂലസ്ഥാനത്ത് ദണ്ഡായുധം ധരിച്ച് ഇടതു കൈ കാലില്‍ ഊന്നി നില്‍ക്കുന്ന സ്വാമിനാഥന്റെ ആറടിപൊക്കമുള്ള വിഗ്രഹം. സമീപത്ത് പ്രസിദ്ധമായ വൈരവേല്‍. എല്ലാ ബുധനാഴ്ച്ചകളിലും സ്വാമിയെ രാജാവിനെപ്പോലെ അലങ്കരിക്കും. അടുത്തുള്ള അലങ്കാരമണ്ഡപത്തില്‍ ഉത്സവമൂര്‍ത്തി. പുറത്ത് ലക്ഷ്മിയും വിദ്യാസരസ്വതിയും ഷണ്‍മുഖനും. ക്ഷേത്രക്കിണറായ വജ്രതീര്‍ഥത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണു വിശ്വാസം.
ചെന്നൈ ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി മുരുകന്‍
തിരുത്തണി
സ്വാമിമലൈയില്‍ നിന്ന് വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്. തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന അഞ്ചാം പടൈവീട്ടിലേക്ക്
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍.
മധുരൈ നഗരത്തിനടുത്താണ് ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ
പഴമുതിര്‍ച്ചോലൈ
മധുരൈമാനഗരിയുടെ ചാരെയാണ് ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന പുണ്യക്ഷേത്രത്തിലേക്ക്
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി. അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം.
ഭഗവാന്റെ ഭക്തിമാർഗ്ഗം
ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നമ്മുക്കൊന്ന് നോക്കാം.
ഭഗവാൻ ഉദ്ധവരേ എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും ഭക്തിയോട് കുടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥ നേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ് എല്ലാം ഞാനാണെന്ന് ചിത്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ്.
കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണ് തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ ഭക്തനാവണമെന്നില്ലാ ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല.
ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ ഭക്തരാവാൻ കഴിയും എല്ലാ ഭക്തരും എനിക്ക് സമമാണ്.
വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷങ്കളങ്ക ഭക്തി കൊണ്ടാണ് വൃഷ പർവ്വാവ്, മഹാബലി. ബാണൻ. മായാസുരൻ', വിഭിഷണൻ. സുഗ്രിവൻ. ഹനുമാൻ. ജാംബവാൻ. ജടായു. ഗുഹൻ. ഋക്ഷൻ. ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരിഷൻ. ജനകൻ. ഗോപസ്ത്രികൾ. യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ.യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ചു മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല
എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ എന്റെ ഭക്തന്റെ ഹൃദയത്തിൽ ലാണ് ഞാൻ സദാസമയവും വസിക്കുന്നത്
അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക അതു കൊണ്ട് നമ്മുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ ഈ ജന്മം സഫലമായി.
ഒരു പ്രാവിശ്യമെങ്കിലും ഈ നാമം ജപിക്കൂ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ