Friday, 17 July 2020

കർക്കിടക വാവ് ബലി തർപ്പണം

ഞാന്‍ ആരാണ്? ജനിക്കുന്നതിന് മുന്‍പ് എവിടെയായിരുന്നു? മരിച്ചുകഴിഞ്ഞാല്‍ എന്തു സംഭവിക്കുന്നു? നചികേതസ് എന്ന  ബാലനെ കഥാപാത്രമാക്കിക്കൊണ്ട് കഠോപനിഷത്ത് ചർച്ച ചെയ്യുന്ന  വിഷയവും ഇത് തന്നെയാണ്.

ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന സ്ഥൂല ശരീരം  നശിച്ചു പോകുന്നതാണ്. അതിനാൽ ദേഹധാരിയായ ജീവികൾക്ക് അവരുടെ ശരീരം ഒരിക്കൽ  ഉപേക്ഷിക്കേണ്ടതായി വരും. പക്ഷെ ആത്മാവ് നാശരഹിതവും കാലാതീതവും ഗുണാതീതവും ആണ്. അനാദിയും അവ്യക്തവുമാണ്. 

ഓരോ പ്രളയവും കഴിയുമ്പോഴും സുപ്താവസ്ഥയിലാവുന്ന ജീവജാലങ്ങള്‍ തങ്ങളുടെ കര്‍മവാസനകള്‍ക്കനുസൃതമായി പുതിയ കല്പത്തില്‍ വിവിധ രൂപങ്ങള്‍ ധരിക്കുന്നുവെന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനം ആയ  വേദത്തില്‍ പറയുന്നുണ്ട്

ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. ഒരിക്കലും മാറ്റമില്ലാതെ നില നിൽക്കുന്നതിനെയാണ് സത്യം എന്ന് പറയുന്നത്. ഒരിക്കലും മാറ്റമില്ലാതെ നില നിൽക്കുന്ന ബ്രഹ്മം തന്നെയാണ് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ് അല്ലെങ്കിൽ ബോധ നില.

ഇത് വിശദമായി ഭഗവത് ഗീതയിൽ ഉണ്ട് - see link രണ്ടാം അദ്ധ്യായം ( സംഖ്യ യോഗം )

സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു. ആനന്ദം തന്നെയാണ് അനന്തം. നമ്മൾ സന്തോഷിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. സത് ചിത് ആനന്ദ എന്നും പറയും. ചിത്തം എന്നാൽ ബോധം അല്ലെങ്കിൽ ബ്രഹ്മ ജ്ഞാനം. സത്യം എന്നാൽ ഒരിക്കലും മാറ്റമില്ലാത്തതു എന്നർത്ഥം. 

അസതോമ സത് ഗമയ എന്ന് പറയുമ്പോൾ എപ്പോഴും മാറുന്ന വ്യാവഹാരിക പ്രപഞ്ചത്തിൽ നിന്ന് ഒരിക്കലും മാറ്റമില്ലാത്ത അറിവ് നിലയിലേക്ക് നയിക്കണേ എന്നാണു. തമസോമാ ജ്യോതിർഗമയ എന്ന് പറഞ്ഞാൽ അജ്ഞാനത്തിൽ നിന്ന് ബ്രഹ്മജ്ഞാനത്തിലേക്കു എന്നും അർത്ഥമാക്കുന്നു.

ശരീരത്തിൽ നിന്ന് ശിവം എന്ന മംഗള സ്വരൂപം പോയാൽ പിന്നെ അവശേഷിക്കുന്നത് ശവം മാത്രം. സത്ത് പോയി എന്ന് പറയുന്നത് സത് വസ്‌തുവായ ബ്രഹ്മം ശരീരത്തിൽ നിന്ന് പിരിഞ്ഞു എന്നതിനെ  ആണ്.

കർക്കിടകമാസവും വാവുബലിയും

ദേഹധാരികളായ മനുഷ്യർ  മരിച്ചു പോയ പിതൃക്കൾക്കായി ചെയ്യുന്ന കർമ്മമാണ്   ബലി തർപ്പണം. തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നർത്ഥം. അരി, പൂവ്, ജലം, എള്ള്  ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ പറയുന്നത് .

ഇത് ചെയ്യുന്നത്‌ കറുത്തവാവ് നാളിലാണ്‌.  എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.  മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ശ്രാദ്ധ കർമ്മം  ചെയ്യേണ്ടത്. 

പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതാത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു. പിതൃ ലോകത്തു നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. 

ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം.  മകരം ഒന്ന്  ( ജനുവരി 14 ) മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.

ദേശ കാല മഹാസങ്കൽപം 

പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ആദ്യം  അദ്യബ്രഹ്മണ  എന്ന് കാല വർണ്ണനയിൽ  തുടങ്ങി ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങുന്ന ദേശ വർണ്ണനയും കഴിഞ്ഞു അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത്. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്.  പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ   അർത്ഥവും   ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം

തുടർന്ന് കുലം ഗോത്രം നക്ഷത്രം പേര് എന്നിവ കൂടി സങ്കൽപിച്ചാൽ മഹാ സങ്കൽപമായി. ഇവയുടെ അർത്ഥം ഒന്ന് ചിന്തിച്ചു നോക്കാം.

അദ്യബ്രഹ്മണ  ദ്വിതീയ പരാർദ്ധേ – ഇപ്പോഴുള്ള ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള

ശ്വേതവരാഹ കൽപേ– ശ്വേത വരാഹം എന്ന് പേരുള്ള  പകൽ കൽപത്തിൽ. നമ്മൾ ഞായർ തിങ്കൾ ചൊവ്വ എന്നിങ്ങനെ ദിവസങ്ങൾക്ക് പേരിട്ടിരിക്കുന്നതു പോലെ ബ്രഹ്മാവിന്റെ പകലിനും ഋഷിമാർ പേര് നിശ്ചയിച്ചിട്ടുണ്ട്.

വൈവസ്വതമന്വന്തരേ – വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള. ബ്രഹ്മാവിന്റെ ഒരു പകൽ 14 മനുക്കളുടെ നിയന്ത്രണത്തിലായി കണക്കാക്കുന്നു.

അഷ്ടാവിംശതി തമേ – ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള

കലിയുഗേ പ്രഥമ പാദേ – കലിയുഗത്തിലെ പ്രഥമപാദത്തിൽ

ജംബുദ്വീപേ ഏഷ്യാ ഭൂഖണ്ഡത്തിന്റെ വൈദികാലത്തെ പേരാണ് ജംബു ദ്വീപ്

ഭാരതവർഷേ ഭാരതഖണ്ഡേ – ഭാരതവർഷത്തിലുള്ള ഭാരതഖണ്ഡത്തിലുള്ള

മേരോ ദക്ഷിണേ ദിഖ്ഭാഗേ – മേരുപർവതത്തിന്റെ ( ഹിമാലയത്തിന്റെ) തെക്കുഭാഗത്ത്

അസ്മിൻ വർത്തമാനേ വ്യവഹാരികേ – ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ

പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ – പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ. ഏഴു ദിവസം കൂടുന്ന ആഴ്ച ചക്രം 30 ദിവസം കൂടുന്ന മാസ ചകം 365 ദിവസം കൂടുന്ന വർഷ ചക്രം എന്നതു പോലെ പ്രവാദികളായി നാമകരണം ചെയ്തിട്ടുള്ള അറുപതു വർഷം കൂടുന്ന ഒരു കാലചക്രത്തേയും പൗരാണി കർ കണക്കാക്കിയിരുന്നു.  ലിങ്ക് വായിക്കുക 

നമ സംവത്സരേ – 60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം 

ഋതേ – ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)

മാസേ – മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)

പക്ഷേ – പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)

ശുഭതിഥൗ – 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള 15 തിഥികളിൽ ഒന്നിൽ – പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)

വാസര യുക്തായാം – ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)

നക്ഷത്ര യുക്തായാം – ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

സങ്കല്പത്തിലെ കാലഗണന  

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. 

ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ ആദ്യ പകൽ ആണിപ്പോൾ . ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. 

അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത്. പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഒരു    നാഴിക  എന്നാൽ 1440 second
2 നാഴിക = 1 മുഹൂർത്തം
3.45 മുഹൂർത്തം = ഒരു യാമം ( 7.5 നാഴിക )
8 യാമം = 1 ദിവസം (60 നാഴിക )
15 ദിവസം = 1 പക്ഷം
2 ലക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അണം
2 അയനം = 1 ഒരു മനുഷ്യ വർഷം

ഒരു മനുഷ്യ വർഷം = ഒരു ദേവ ദിനം

360 മനുഷ്യ വർഷം = ഒരു ദേവ വർഷം

4,800 ദിവ്യവർഷങ്ങൾ = കൃതയുഗം (17,28,000 മനുഷ്യവർഷങ്ങൾ )
3,600 ദിവ്യവർഷങ്ങൾ = ത്രേതായുഗം (12,96,000 മനുഷ്യവർഷങ്ങൾ )
2,400 ദിവ്യവർഷങ്ങ = ദ്വാപുര യുഗം (8,64,000 മനുഷ്യവർഷം)
1,200 ദിവ്യവർഷങ്ങൾ = കലിയുഗം (4,32,000 മനുഷ്യവർഷങ്ങൾ )
12,000 ദേവ വർഷം = ചതുർയുഗം (43,20,000 മനുഷ്യ വർഷം)

72 ചതുര്‍യുഗം = ഒരു മന്വന്തരം (മുപ്പത്തി ഒന്നു കോടി പത്തു ലക്ഷത്തി നാൽ പതിനായിരം മനുഷ്യ വർഷം  )

14 മ ന്വ ന്തിരം = ഒരു കൽപം (നാനു ററി മുപ്പത്തി അഞ്ചു കോടി നാൽപത്തി അഞ്ച് ലക്ഷത്തി അറുപതിനായിരം മനുഷ്യ വർഷം ).  

പുരാണങ്ങളിൽ മനുഷ്യരുടെ പിതാവായി കരുതപ്പെടുന്ന കഥാപാത്രമാണ് മനുക്കൾ. ഇപ്പോൾ ഏഴ് മന്വന്തരങ്ങൾ കഴിഞ്ഞ്‌ എട്ടാമത്തെ മന്വന്തിരമാണ്. അതിൽ 27 ചതുർ യുഗങ്ങൾ കഴിഞ്ഞ് ഇരുപത്തി എട്ടാമത്തെ ചതുർ യുഗത്തിലെ കലിയുഗത്തിൽ 5121 മത് വർഷം ആണ്

ആകെ സൃഷ്ടിക്ക് ശേഷം ഇരുനൂറ്റി ഇരുപത്തി ഒൻപത് കോടി എഴുപത്തി എട്ട് ലക്ഷത്തി പതിമൂവായിരത്തി ഇരുനൂറി ഇരുപത്തി ഒന്ന് വർഷം ആയി. ഭൂമിയിൽ ജീവന്റ ആദ്യരൂപം ഉണ്ടായിട്ട് 450 കോടി വർഷം ആയിട്ടുണ്ട് എന്നാണ് ആധുനിക ശാസ്ത്ര നിഗമനം

മനുക്കളുടെ പേരുകൾ
1) സ്വയംഭൂവൻ, 2 ) സ്വാരോചിഷൻ, 3 ) ഔത്തമി, 4 ) താപസൻ, 5) രൈവതൻ, 6 ) ചാക്ഷുകൻ, 7 ) വിഅവസ്വതൻ, 8 ) സാവർണി, 9 ) ദക്ഷസാവർണി, 10 ) ബ്രഹ്മസാവർണി, 11 ) ധർമ്മസാവർണി, 12 ) രുദ്രസാവർണി, 13 )രൗച്യ-ദൈവസാവർണി 14) ഇന്ദ്രസാവർണി തുടങ്ങിയവരാണ് പതിനാല് മനുക്കൾ.

പിതൃ തർപ്പണം വീട്ടിൽ ചെയ്യുന്ന രീതി വളരെ വിശദമായി അതുപോലെ  തന്നെ പൂർണതയോടെ  ദീർഘമായി  ചെയ്യത്തക്ക രീതിയിൽ   Acharya Sreekanta Sankaradasji

പിതൃബലി കർമ്മം വീട്ടിൽ നടത്താം.  Manthra Vidya Peedom hails from Kerala Tantra tradition

എങ്ങിനെയാണ് വാവുബലി ചടങ്ങുകൾ നടത്തേണ്ടത് എന്ന് ലളിതമായ ഒരു വീഡിയോയിലൂടെ നമുക്കായി വിശദീകരിച്ച് തരികയാണ് ശ്രീനാഥ് ജി.  Bharatheeyadharma Pracharasabha

കർക്കടകവാവിന് തിലഹോമത്തിൽ എല്ലാവർക്കും പങ്കെടുക്കാം. തിലഹോമവും സായൂജ്യപൂജയും കർക്കടക വാവ് ദിവസം എല്ലാവരുടെയും പേരും നാളും ചേർത്ത് നടത്തുകയാണ് ബ്രഹ്മശ്രീ ദിലീപൻ നാരായണൻ നമ്പൂതിരി  Thanthri Dileepan

വാവ് ബലി വീട്ടിൽ വെച്ച് നടത്തുവാൻ ആവിശ്യമായ എല്ലാ വിവരങ്ങളും, കർക്കടക വാവുബലിയുടെ പ്രാധാന്യം,  നിഷ്ഠകൾ,  ഒരുക്കേണ്ട സാധനങ്ങൾ ,  ചെയ്യണ്ട വിധവും മന്ത്രങ്ങളും,  അങ്ങിനെ വീട്ടിൽ വെച്ച് ബലികർമം നടത്തുവാൻ  ആവിശ്യമായ എല്ലാ വിവരങ്ങളും വീഡിയോയിലൂടെ പറഞ്ഞു തരുന്നു.  ബ്രഹ്മശ്രീ ദിലീപൻ നാരായണൻ നമ്പൂതിരി  Thanthri Dileepan

പിതൃകർമം ചെയ്യേണ്ട രീതി | Dr N Gopalakrishnan