Friday, 27 October 2017

ചോറ്റാനിക്കര അമ്മയുടെ ചരിത്രം?

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുരീക്കാട് (ചോറ്റാനിക്കര റോഡ്) ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്. ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി.

അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി.

ആ സന്യാസി പരശുരാമനാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.

ആദിപരാശക്തിയായ" ജഗദംബിക മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാദേവിയായ സരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ശത്രുനാശിനിയായ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസിക രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതിനാൽ മാനസികരോഗികൾ ധാരാളമായി ഇവിടെ വരാറുണ്ട്. കേരളത്തിലെ പ്രസിദ്ധമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു (തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു). കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ

ദേവവ്രതൻ

- കുരുവംശത്തിലെ ശന്തനുമഹരാജാവിന്റേയും ഗംഗാദേവിയുടേയുംമകനാണ്. പാണ്ഡവരുടെയുംകൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ചെയ്ത പ്രതിജ്ഞയുടെ പേരിൽ ഒരു വംശം മുഴുവൻ തമ്മിലടിച്ച് നശിച്ചത് കാണേണ്ടി വന്ന ഒരു നിത്യബ്രഹ്മചാരിയുടെ കഥയാണ് ഭീഷ്മരുടെത്.. ശാപം മൂലം ഭൂമിയിൽ വന്ന് പിറന്ന അഷ്ട വസുക്കളിൽ ഒരാളാണ് ഭീഷ്മർ. തന്റെ പൗത്രൻ തീർത്ത ശരശയ്യയിൽ മരണം കാത്ത് കിടന്ന ഭീഷ്മരുടെ കഥ. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ എത്തിയ അഷ്ട വസുക്കളെ മാമുനി മൃഷ്ടാന ഭോജനം നൽകി സൽക്കരിച്ചു. കാനനത്തിൽ ഇത്രയും നല്ല ഭോജ്യങ്ങൾ എങ്ങിനെ കിട്ടിയെന്നത്ഭുതപ്പെട്ട അവർ കാമധേനു വിന്റെ പുത്രിയായ നന്ദിനിയെന്ന പശുവിന്റെ അനുഗ്രഹത്താലാണിത് സാധിച്ചതെന്ന് മനസിലാക്കി. വസുക്കളിൽ എറ്റവും ഇളയവനായ പ്രഭാസന്റെ നേതൃത്വത്തിൽ പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.

ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന മനുഷ്യരൂപം പൂണ്ട ഗംഗാദേവിയെ കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു. ആ കുട്ടികൾ 8 പേരും മുനി ശാപത്താൽ മനുഷ്യരായി പിറന്ന അഷ്ട വസുക്കൾ ആയിരുന്നു.7 പേർക്കും ജനിച്ചപ്പോഴെ ശാപമോക്ഷം കിട്ടി. ഗംഗാദേവി പുത്രനേയും കൊണ്ടുപോയി 16 സംവത്സരങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഗംഗാ നദിക്കരയിലെത്തിയ ശന്തനു കണ്ടത് അസ്ത്രങ്ങൾ കൊണ്ട് ഗംഗാനദിയെ തടഞ്ഞു നിർത്തുന്ന വീരനായ ഒരു യുവാവിനെ ആണ്. ആ സമയം ഗംഗാദേവി അവിടെ പ്രത്യക്ഷമാവുകയും തങ്ങളുടെ പുത്രനായ ദേവവ്രതനാണ് അതെന്നറിയിക്കുകയും പുത്രനെ രാജാവിനെ ഏല്പിക്കുകയും ചെയ്തു. ഗംഗാദേവി തന്റെ പുത്രന് വേണ്ടതായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചിട്ടുണ്ടായിരുന്നു. വേദാംഗങ്ങള്‍ അഭ്യസിച്ചത് വസിഷ്ഠനില്‍ നിന്നാണ്. ദേവ ഗുരുവായ ബ്രഹസ്പതിയില്‍ നിന്നാണ് രാഷ്ട്ര മീമാംസ അഭ്യസിച്ചത്‌. ധനുര്‍വേദം പഠിപ്പിച്ചത് സാക്ഷാൽ ഭാര്‍ഗ്ഗവ രാമനാണ്. സർവ്വ വിദ്യകളിലും നിപുണനായിരുന്നു ഗംഗാദത്തനായ ആ പുത്രൻ. ഗംഗാദേവി മറഞ്ഞപ്പോൾ രാജാവ്‌ പുത്രനുമായ്‌ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. അനന്തരാവകാശി ഇല്ലാതിരുന്ന രാജ്യത്ത് ദേവവ്രതന്റെ വരവ് ഒരു ഉത്സവമായി. അങ്ങിനെ ഇരിക്കെ ഒരിക്കൽ സ്വാല രാജൻ ഹസ്തിനപുരി ആക്രമിക്കുകയുണ്ടായി. അനന്തരാവകാശികൾ ഇല്ലാത്ത വൃദ്ധനായ ശന്തനുവിനെ തോൽപ്പിച്ച് രാജ്യം കൈക്കലാക്കാനെത്തിയ രാജനെ യുവാവായ ദേവവ്രതൻ പിടിച്ചു കെട്ടി തടവിലാക്കുന്നു. പിന്നിട് മാപ്പ് പറഞ്ഞ സ്വാലനെ സ്വപിതാവിന്റെ ആജ്ഞ പ്രകാരം ദേവവ്രതൻ വിട്ടയക്കുന്നു... ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാശരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു.എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാശരാജൻ വ്യക്തമാക്കി.

തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാശരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാശരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ദൃഡമായ പ്രതിഞ്ജ ) ദേവവ്രതൻ എടുത്തു. ആ സമയം ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി ഉണ്ടാവുകയും ഭീഷ്മ... ഭീഷ്മ എന്ന അശരീരിയും ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കുകയുള്ളു.

ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ,അംബിക , അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി (പണ്ട് ഭീഷ്മർ തോൽപ്പിച്ച. സ്വാലൻ) പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി ' വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ തന്റെ പ്രതിജ്ഞയുടെ പേരിൽ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബ ഭീഷ്മരെ വധിക്കുവാനായി പുനർജനിക്കും എന്ന പ്രതിജ്ഞയോടെ അഗ്നി പ്രവേശനം ചെയ്യുന്നു. അംബ പിന്നീട് ദ്രുപദ 'ശിഖണ്ഡിയായി പിറക്കുന്നു. അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിച്ച ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുകയും വ്യാസന്അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു. ദാസി പുത്രനായി വിദുരരും ജനിച്ചു.