ദേവവ്രതൻ
- കുരുവംശത്തിലെ ശന്തനുമഹരാജാവിന്റേയും ഗംഗാദേവിയുടേയുംമകനാണ്. പാണ്ഡവരുടെയുംകൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ചെയ്ത പ്രതിജ്ഞയുടെ പേരിൽ ഒരു വംശം മുഴുവൻ തമ്മിലടിച്ച് നശിച്ചത് കാണേണ്ടി വന്ന ഒരു നിത്യബ്രഹ്മചാരിയുടെ കഥയാണ് ഭീഷ്മരുടെത്.. ശാപം മൂലം ഭൂമിയിൽ വന്ന് പിറന്ന അഷ്ട വസുക്കളിൽ ഒരാളാണ് ഭീഷ്മർ. തന്റെ പൗത്രൻ തീർത്ത ശരശയ്യയിൽ മരണം കാത്ത് കിടന്ന ഭീഷ്മരുടെ കഥ. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ എത്തിയ അഷ്ട വസുക്കളെ മാമുനി മൃഷ്ടാന ഭോജനം നൽകി സൽക്കരിച്ചു. കാനനത്തിൽ ഇത്രയും നല്ല ഭോജ്യങ്ങൾ എങ്ങിനെ കിട്ടിയെന്നത്ഭുതപ്പെട്ട അവർ കാമധേനു വിന്റെ പുത്രിയായ നന്ദിനിയെന്ന പശുവിന്റെ അനുഗ്രഹത്താലാണിത് സാധിച്ചതെന്ന് മനസിലാക്കി. വസുക്കളിൽ എറ്റവും ഇളയവനായ പ്രഭാസന്റെ നേതൃത്വത്തിൽ പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.
ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന മനുഷ്യരൂപം പൂണ്ട ഗംഗാദേവിയെ കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു. ആ കുട്ടികൾ 8 പേരും മുനി ശാപത്താൽ മനുഷ്യരായി പിറന്ന അഷ്ട വസുക്കൾ ആയിരുന്നു.7 പേർക്കും ജനിച്ചപ്പോഴെ ശാപമോക്ഷം കിട്ടി. ഗംഗാദേവി പുത്രനേയും കൊണ്ടുപോയി 16 സംവത്സരങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഗംഗാ നദിക്കരയിലെത്തിയ ശന്തനു കണ്ടത് അസ്ത്രങ്ങൾ കൊണ്ട് ഗംഗാനദിയെ തടഞ്ഞു നിർത്തുന്ന വീരനായ ഒരു യുവാവിനെ ആണ്. ആ സമയം ഗംഗാദേവി അവിടെ പ്രത്യക്ഷമാവുകയും തങ്ങളുടെ പുത്രനായ ദേവവ്രതനാണ് അതെന്നറിയിക്കുകയും പുത്രനെ രാജാവിനെ ഏല്പിക്കുകയും ചെയ്തു. ഗംഗാദേവി തന്റെ പുത്രന് വേണ്ടതായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചിട്ടുണ്ടായിരുന്നു. വേദാംഗങ്ങള്‍ അഭ്യസിച്ചത് വസിഷ്ഠനില്‍ നിന്നാണ്. ദേവ ഗുരുവായ ബ്രഹസ്പതിയില്‍ നിന്നാണ് രാഷ്ട്ര മീമാംസ അഭ്യസിച്ചത്. ധനുര്‍വേദം പഠിപ്പിച്ചത് സാക്ഷാൽ ഭാര്‍ഗ്ഗവ രാമനാണ്. സർവ്വ വിദ്യകളിലും നിപുണനായിരുന്നു ഗംഗാദത്തനായ ആ പുത്രൻ. ഗംഗാദേവി മറഞ്ഞപ്പോൾ രാജാവ് പുത്രനുമായ് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. അനന്തരാവകാശി ഇല്ലാതിരുന്ന രാജ്യത്ത് ദേവവ്രതന്റെ വരവ് ഒരു ഉത്സവമായി. അങ്ങിനെ ഇരിക്കെ ഒരിക്കൽ സ്വാല രാജൻ ഹസ്തിനപുരി ആക്രമിക്കുകയുണ്ടായി. അനന്തരാവകാശികൾ ഇല്ലാത്ത വൃദ്ധനായ ശന്തനുവിനെ തോൽപ്പിച്ച് രാജ്യം കൈക്കലാക്കാനെത്തിയ രാജനെ യുവാവായ ദേവവ്രതൻ പിടിച്ചു കെട്ടി തടവിലാക്കുന്നു. പിന്നിട് മാപ്പ് പറഞ്ഞ സ്വാലനെ സ്വപിതാവിന്റെ ആജ്ഞ പ്രകാരം ദേവവ്രതൻ വിട്ടയക്കുന്നു... ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാശരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു.എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാശരാജൻ വ്യക്തമാക്കി.
തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാശരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാശരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ദൃഡമായ പ്രതിഞ്ജ ) ദേവവ്രതൻ എടുത്തു. ആ സമയം ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി ഉണ്ടാവുകയും ഭീഷ്മ... ഭീഷ്മ എന്ന അശരീരിയും ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കുകയുള്ളു.
ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ,അംബിക , അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി (പണ്ട് ഭീഷ്മർ തോൽപ്പിച്ച. സ്വാലൻ) പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി ' വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ തന്റെ പ്രതിജ്ഞയുടെ പേരിൽ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബ ഭീഷ്മരെ വധിക്കുവാനായി പുനർജനിക്കും എന്ന പ്രതിജ്ഞയോടെ അഗ്നി പ്രവേശനം ചെയ്യുന്നു. അംബ പിന്നീട് ദ്രുപദ 'ശിഖണ്ഡിയായി പിറക്കുന്നു. അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിച്ച ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുകയും വ്യാസന്അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു. ദാസി പുത്രനായി വിദുരരും ജനിച്ചു.
No comments:
Post a Comment