എഡി 550 നടുത്ത് ജീവിച്ചിരുന്ന വരാഹമിഹിരാചാര്യന്‍ ഈ ഗ്രന്ഥങ്ങളെ വീണ്ടും ലളിതവല്‍ക്കരിച്ച് 383 ശ്ലോകങ്ങളുള്ള വരാഹഹോര (ബൃഹജ്ജാതകം) ഉണ്ടാക്കി. കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാനം വരാഹഹോരയാണ്. എഡി 1237 ല്‍ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരി ഇതിനു ദശാധ്യായി എന്ന വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചു. കൈക്കുളങ്ങര രാമവാര്യരേപ്പോലെ നിരവധിയാളുകള്‍ മലയാളത്തില്‍ വരാഹഹോരക്ക് ഭാഷാവ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തില്‍ വളരെ പ്രചാരമുള്ള ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. കൊല്ലവര്‍ഷം 825 മാണ്ടിനടുത്ത് തലശ്ശേരിക്കും കണ്ണൂരിനും മദ്ധ്യേയുള്ള ഇടക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇടക്കാട് നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവെന്ന് കരുതപ്പെടുന്നു. പ്രശ്നമാര്‍ഗ്ഗത്തിന് ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം അദ്ദേഹം തന്നെയെഴുതിയിട്ടുണ്ട്.
മറ്റു പ്രധാന വ്യാഖ്യാനങ്ങള്‍
രത്നശിഖ - കൈക്കുളങ്ങര രാമവാരിയര്‍
ഉപരത്നശിഖ - പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ
മനോരമ - നീലകണ്ഠന്‍ ആചാരി
Prasna Marga Vol 1 & 2 - B.V Raman
Prasna Marga Vol 1, 2, 3 - J.N Basil
സംസ്കൃതത്തില്‍ രചിച്ച് മലയാളത്തിലേക്ക് തര്‍ജിമചെയ്യപ്പെട്ട ഗ്രന്ഥങ്ങള്‍.
കൃഷ്ണീയം, ദൈവജ്ഞവല്ലഭ, ഗര്‍ഗ്ഗിഹോര, ബൃഹത് പരാശരഹോര, യവനഹോര, വരാഹസംഹിത, സാരാവലി, പ്രശ്നാനുഷ്ഠാനപദ്ധതി, പ്രശ്നസംഗ്രഹം, പ്രശ്നരത്നം, സന്താനദീപിക, ഫലദീപിക, ജാതകപാരിജാതം, ബൃഹജ്ജാതകപദ്ധതി, മുഹൂര്‍ത്തപദവി, ജാതകചന്ദ്രിക.
പ്രമുഖ ജ്യോതിഷപണ്ഡിതര്‍ മലയാളത്തിലെഴുതുകയും വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഗ്രന്ഥങ്ങള്‍
ശ്രീപതിപദ്ധതി - വ്യാഖ്യാനം പി.എസ്.പുരുഷോത്തമന്‍ നമ്പൂതിരി
ദൃഗ്ഗണിതം - പരമേശ്വരാചാര്യര്‍
മുഹൂര്‍ത്തരത്നം - ഗോവിന്ദാചാര്യന്
ഗോവിന്ദപദ്ധതി - ഗോവിന്ദാചാര്യന്
ഭാഷാജാതകപദ്ധതി - ആറന്മുള കൊച്ചുക്യഷ്ണനാശാന്‍
വരാഹഹോര ദശാദ്ധ്യായി - തലക്കുളത്തു ഗോവിന്ദഭട്ടതിരി
നവഗ്രഹഫലങ്ങള്‍ - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
പ്രശ്നപ്രദീപം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
നിത്യപഞ്ചാംഗഗണിതം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
ജ്യോതിഷദീപം - ഡോ.പി.എസ്.നായര്‍
ജ്യോതിഷഫലനിഘണ്ടു - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ജ്യോതിഷനിഘണ്ടു - ഓണക്കൂര്‍ ശങ്കരഗണകന്‍
വിവാഹവിജ്ഞാനം - ഓണക്കൂര്‍ ശങ്കരഗണകന്‍
നവരത്നങ്ങള്‍ ജ്യോതിഷത്തില്‍ - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ബൃഹജ്ജാതകം - വ്യാഖ്യാനം ഓണക്കൂര്‍ ശങ്കരഗണകന്‍
ജാതകപാരിജാതം - വ്യാഖ്യാനം എന്‍.പുരുഷോത്തമന്‍ പോറ്റി
കര്‍മ്മവിപാകം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
കാലവിധാനം - വ്യാഖ്യാനം ഡോ.കെ.ബാലക്യഷ്ണവാരിയര്‍
കര്‍മ്മപദ്ധതി - എം.മാധവന്‍ നായര്
പ്രശ്നമാര്‍ഗ്ഗം - വ്യാഖ്യാനം ക്യഷ്ണാലയം എം.കെ ഗോവിന്ദന്‍
ജാതകാഭരണം - വ്യാഖ്യാനം പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
മരണക്കണ്ടി (തമിഴ്) - വ്യാഖ്യാനം എം.ക്യുഷ്ണന്‍ പോറ്റി
ജ്യോതിഷഫലചന്ദ്രിക - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
സമ്പൂര്‍ണ്ണഹോരാശാസ്ത്രം - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
ഭാവചിന്ത 1 & 2 - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
ജ്യോതിഷമാര്‍ഗ്ഗദര്‍ശി - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
അനുഷ്ഠാനവിജ്ഞാനകോശം - ഡോ.കെ.ബാലകൃഷ്ണവാര്യര്‍
പിതൃദോഷം
ദോഷങ്ങളിൽ ഏറ്റവും വലുത് പിതൃദോഷമാണ്. പ്രശ്നമാർഗ്ഗം 17–ാം അധ്യായം അനുസരിച്ച് വിവാഹത്തിന്റെ മുഖ്യഉദ്ദേശ്യം തന്നെ സന്താനോൽപാദനമാണ്. സന്താനത്തിൽകൂടി മാത്രമേ പിതൃപ്രീതി സാധ്യമാകൂ. തിലഹവനാദികൾ പിതൃപ്രീതികരമാണ്. അതു ചെയ്യേണ്ടത് സന്താനമാണ്. പിതൃപ്രീതി നേടിയില്ലെങ്കിൽ പിതൃദോഷം സംഭവിക്കും.
മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക, അവരെ ആദരിക്കാതിരിക്കുക, ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് രക്ഷിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയവ പിതൃദോഷം വരുത്തും. ജാതകര്‍ ചെയ്യുന്ന മോശംപ്രവൃത്തികൾ മൂലം പരേതാത്മാക്കൾക്കു ശാന്തി ലഭിക്കാതെ വരും. പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും. ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും.
ഉറ്റബന്ധുക്കൾ മാത്രമല്ല അധ്യാപകർ, സുഹൃത്തുക്കൾ, ഉപദേശകർ, മാതൃകാപുരുഷന്മാർ എന്നിങ്ങനെ നമ്മുടെ വളർച്ചയ്ക്കും ഉന്നതിക്കും സഹായിച്ചവരെല്ലാം പിതൃക്കളായി കണക്കാക്കണം. ഇവരോടുള്ള ബഹുമാനവും കടപ്പാടും നിലനിർത്തുന്ന പ്രവൃത്തികളും സൽക്കർമങ്ങളും ചെയ്യാതിരുന്നാൽ പിതൃദോഷം ഉണ്ടാകും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം ഉണ്ടാകുന്നത്.
മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം?
പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം?
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കൾക്കും അഗ്നിയിൽ ദേവതകൾക്കും തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമത്തിനുത്തമം.
ദർഭയുടെ പ്രാധാന്യം?
സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.
പവിത്രത്തിന്റെ പ്രാധാന്യം?
ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.
കൂർച്ചമെന്നാലെന്ത്?
മൂന്നു ദർഭ കൂട്ടികെട്ടുന്നതാണ് കൂർച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കൽപിച്ചിരിക്കുന്നു.
ബലിയുടെ വ്രതനിഷ്ഠ?
തലേന്ന് ഒരിക്കൽ ഇരിക്കണം. ഒരുനേരം ഭക്ഷണം. രാത്രി ഭക്ഷണം പാടില്ല. പഴവർഗങ്ങൾ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്മചര്യം പാലിക്കണം. പുറത്തുനിന്ന് ആഹാരം പാടില്ല. അശുദ്ധിയുള്ളവരെ സ്പർശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദർശനം പാടുള്ളൂ.
പിതൃകടം മുടക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?
വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നോക്കുന്നത്. അതുകൊണ്ട് എല്ലാ മാസവും കറുത്തവാവിന് അഞ്ചു ദിവസം മുൻപു മുതൽ പിതൃപ്രീതികരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമം ചെയ്യണം. കർക്കടകമാസത്തിലെ കറുത്തവാവില്‍ ചന്ദ്രൻ സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്ന സവിശേഷത ഉണ്ട്. ദക്ഷിണായനം തുടങ്ങുന്നതും ഒരു ചാന്ദ്രമാസത്തിൽ 28 ദിവസമുണ്ട്. വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.
ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ഭാഗത്താണ് പിതൃവാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാണല്ലോ. അപ്പോൾ പിതൃക്കൾ സൂര്യരശ്മിയേറ്റു നിർവൃതിയടയുന്നു എന്നു കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ ഇവർക്കു നൽകുന്ന ബലിയും മറ്റും ദേവസാന്നിദ്ധ്യത്തെ സന്തുഷ്ടമാക്കുന്ന ദിവസമാണ് അമാവാസികൾ, പ്രത്യേകിച്ച് കർക്കടക അമാവാസി. മേടം കഴിഞ്ഞ് നാലാം മാസമാണ്. കർക്കടകം, കലിയുഗരാശിയുമാണ്. കേരളത്തിൽ ബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മലപ്പുറം നാവാമുകുന്ദക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം (തിരുവനന്തപുരം) എന്നിവയാണ്.
ത്രിമൂർത്തി സാന്നിധ്യവും വേദവ്യാസപ്രതിഷ്ഠയുമുള്ള ക്ഷേത്രമാണ് തിരുവല്ലം. ഇവിടെ ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ് ബലിയിടുന്നത്. തിലഹോമം നടത്തുന്നതും ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിയിടൽ നടക്കുന്നുണ്ട്. പത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാട്ടിനു പോകുന്നു എന്ന പ്രത്യേകതയും തിരുവല്ലത്തെ പരശുരാമനുണ്ട്.
സർവവിധ ദോഷങ്ങളും മാറി എല്ലാവിധ നന്മകളും ഉള്ളൊരു ജീവിതം സർവേശ്വരൻ നൽകട്ടെയെന്നു പ്രാർഥിക്കുന്നു.