Sunday, 4 March 2018

ഛത്രപതിശിവാജി

ശിവാജി

1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു.
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
നേടി.


ധാർമ്മിക ബോധത്തിന്റെ നിറകുടമായ
ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു.


തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ്.
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത്.


തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു.
സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
പ്രതാപ്ഗഢ് യുദ്ധം മാറി.

മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
അയച്ചു. എന്നാൽ കോൽഹാപ്പൂരിൽ നടന്ന
യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
തോൽപ്പിക്കപ്പെട്ടു.

തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
ഖാനെ പൂനേയിൽ വച്ച് ശിവാജി
മിന്നലാക്രമണത്തിലൂടെ നേരിട്ടു.

ഷായിസ്ഥാ
ഖാന്റെ വിരലിന് വെട്ടേറ്റു.ശിവാജിക്ക് പിടി
കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
ഔറംഗസീബ് സ്ഥലം മാറ്റി.

1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
നിൽക്കാനായില്ല. സന്ധിക്ക് സമ്മതിക്കുകയാണ്
ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു.

എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
ശിവാജി മകനോടൊപ്പം അവിടെ നിന്ന്
രക്ഷപ്പെട്ടു.
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു.

അതി
കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞു. അതിൽ
പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം.
സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
ശിവാജിയുടെ അമ്മയെ വളരെയധികം
ദുഖിപ്പിച്ചിരുന്നു.

തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
കഴിഞ്ഞില്ല. ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട
കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ?
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
കൊണ്ടാന കോട്ട ശത്രുവിന്റെ
അധീനതയിലായിരിക്കുന്നിടത്തോളം കാലം
തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.

തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
സംസ്കാരം പകർന്നു നൽകിയ അമ്മയെ
വിഷമിപ്പിക്കുകയോ? കോട്ട പിടിച്ചെടുക്കാൻ
തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
യോദ്ധാക്കളിൽ പ്രധാനിയായ താനാജി
മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട
പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി.

കേവലം മുന്നൂറിൽ താഴെ വരുന്ന
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ
മുകളിലെത്തി. സഹോദരൻ സൂര്യാജിയും
മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം
തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം.
കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ
മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
ഘോരമായി യുദ്ധം ചെയ്തു.

മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ
കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ
കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്
കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം
വീട്ടി. കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു
മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ
അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി
തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ
അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും
അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു.

പക്ഷേ
സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
പറഞ്ഞു. താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന
കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു.
ശിവനേരിയിലെ സിംഹഗർജ്ജനം
അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ
ഉത്തേജിതരാക്കിത്തുടങ്ങി.

ശിവാജിയുടെ
സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്
തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം
സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും
വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം
പൊരുതി നിന്നു.

രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു
കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ
നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ
കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ
ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.

ഭരണ നിർവ്വഹണത്തിൽ വ്യക്തി
താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു
പ്രാധാന്യവും കൊടുത്തില്ല. മുന്നൂറോളം
കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും
ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
നിയമിച്ചില്ല. പൂർണമായും ജനതയുടെ
വിപ്ളവമായിരുന്നു. അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.

1674ലെ ജ്യേഷ്ഠ മാസത്തിലെ
വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു
സ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം
മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി
മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്
മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും
ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ
ജലകണങ്ങളാൽ ആശ്ളേഷിച്ചു.

അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും
ഭാരതം പുതിയൊരു ലോകത്തേക്ക്
കാല്വയ്ക്കുകയായിരുന്നു
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു
ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ
വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം
ഉയർത്തിയ മഹദ് ദിനം.

ഒന്നുമില്ലായ്മയിൽ
നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ
ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
ജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന
ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം
മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല.
മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
ഉദ്ഘോഷിക്കുന്ന
രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച്
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു
സംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യ
സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്
വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.

സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ
നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ
അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന
രാഷ്ട്രമീമാംസകനായിരുന്നു
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ
ലക്ഷ്യബോധമുണ്ടായിരുന്നു.

ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ
അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം
തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ
പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം
നടത്താതിരുന്നത് അതിനാലാണ്.
ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം.

അധിനിവേശ
ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു
അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം
.ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്
ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു
ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്
അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം
സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു
പങ്കുണ്ട്.

ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ
ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ
ശിവാജിയിൽ നിന്നാണ് . . . . . .
സ്വാമി വിവേകാനന്ദൻ
പറഞ്ഞതെത്ര ശരി...


ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ
.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ.. ഹിന്ദു ധർമ്മത്തെ പുന
പ്രതിഷ്ഠിച്ചവൻ.. !!!

No comments:

Post a Comment