വിഷ്ണു സഹസ്രാനാമത്തിൻ്റെ മാഹാത്മ്യം
അഭ്യുദയനിശ്രേയസങ്ങൾക്ക് ഹേതുഭൂതമായ സർവ്വധർമ്മങ്ങളെയും അവയുടെ ചാദനലക്ഷണങ്ങളേയും പാപക്ഷയകാരണങ്ങളും പാവനങ്ങളുമായ ധർമ്മരഹസ്യങ്ങളെയും സർവ്വപ്രകാരേണ കേട്ടശേഷം യുധിഷ്ഠിരനെന്ന ധർമ്മപുത്രർ ശന്തനുപുത്രനായ ഭിഷ്മനോട് സകലപുരുഷാർത്ഥകസാധകമായി ഒട്ടും പ്രയാസം കൂടാതെ നിരതിശയ സുഖംസമ്പാദിക്കുന്നതും നിരവധി ഫലപ്രദായകവുമായി മനുഷ്യർക്ക് ഉപയോഗപ്രദമായിരിക്കുന്നതിനെ ഉപദേശിച്ചു തരണമെന്ന് അപേക്ഷിച്ചു.ശന്തനു എന്ന ശാന്തിയുടെയും ഗംഗാ എന്ന പരിപാവനിയുടെയും ദേവവ്രതനെന്ന പുത്രൻ ,തൻ്റെ ഭീഷ്മപ്രതിജ്ഞയാലും തീർവ്വവൃതചരികളാലും ധർമ്മാർത്ഥമോക്ഷശാസ്ത്രങ്ങളിലുള്ള കളങ്കമറ്റ അറിവാലും പ്രസിദ്ധനാണ്. ആ ധർമ്മിഷ്ഠകുലപതിയെ ശരശയ്യയികിടത്തി കുരുക്ഷേത്രത്തിലെ ബലപരീക്ഷണം.... ധർമ്മത്തിൻ്റെ പുത്രനായ അനന്തരവകാശി ശാന്തിക്ക് വേണ്ടി സമീപിച്ചപ്പോൾ കുരുക്ഷേത്രത്തിൽ അർജ്ജുന ന് ഗീത ഉപദേശിച്ച കൃഷ്ണൻ, വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ഭീഷ്മരുടെ അടുത്തേക്കാണ് കൊണ്ട്പോയത്. മരണം കാത്തുകിടക്കുന്ന ഗുരുവും കാരണവരുമായ പിതാമഹനോട് ഉത്തമശിഷ്യനും അനന്തരാവകാശിയുമായ ഒരാളെ അന്ത്യമുഹൂർത്ഥത്തിൽ കാണാനും സന്തോഷിക്കാനും ഉള്ള അവസരമൊരുക്കിയതാവാം. ശരശയ്യയിൽ കിടത്തിയ പേരകുഞ്ഞുങ്ങളോടോ അതിനായി ഗീത ഉപദേശിച്ച കൃഷ്ണനോടോ ധർമ്മാത്മാവായ പിതാമഹന് ഒട്ടും വിരോധമുണ്ടായിരുന്നില്ല. എന്നും ധർമ്മസം സ്ഥാപനത്തിനുള്ള ഒഴിച്ചു കൂടാനാവാത്ത മാർഗ്ഗമായിരുന്നു യുദ്ധമെന്ന് പിതാമഹന് അറിയാമായിരുന്നു എന്ന് അദ്ദേഹത്തിൽ കേട്ടാലേ നിന്ന് യുധിഷ്ഠിരന് ശാന്തി ലഭിക്കൂ. അതിനാണ് കൃഷ്ണൻ ഉപദേശം കൊടുക്കാതെ ധർമ്മപുത്രരെ ഭീഷ്മസവിധത്തിലേക്ക് കൊണ്ടുപോയത്. കൃഷ്ണൻ പറഞ്ഞാൽ യുധിഷ്ഠിരന് ശാന്തി കിട്ടികൊള്ളണമെന്നോ വിശ്വാസംവരണമെന്നൊ ഇല്ല എന്ന് കൃഷ്ണന് അറിയാം .
(ജീവിതത്തിലെ ചില പ്രധാന സന്ദർഭങ്ങളിൽ പറയേണ്ടവർ തന്നെ പറയുകയും ചെയ്യേണ്ടവർ തന്നെ ചെയ്യുകയും വേണ്ട ധാർമ്മികതയുടെ ധീരമൂഹൂർത്ഥങ്ങളുണ്ട്. അത്തരം മുഹൂർത്ഥങ്ങളിൽ കൃഷ്ണൻ മഹാഭരതത്തിൽ അനുഷ്ഠിച്ച മേനജ്മെൻ്റെ സയൻസ്സ് അക്ഷരാർത്ഥത്തിൽ അനുസരിക്കേണ്ടതാണ്. ധർമ്മ സംസ്ഥാപനത്തിനായി ജനിച്ച കൃഷ്ണന് ഒരു കേസരക്കാലിലോ ഒരു സാമ്രാജ്യച്ചെങ്കോലിൻ്റെ സ്വാതന്ത്ര്യത്തെ അടിമപ്പെടുത്താനാവില്ല. എല്ലാം അദ്ദേഹത്തിനുണ്ട് എന്നാൽ ഒന്നിലുംആസക്തിയില്ല. ഉണ്ടായിട്ട് ഒന്നുംവേണ്ട എന്ന് വെയ്ക്കുന്നതാണ് ത്യാഗം .ത്യാഗിയും യോഗിയുമായി സർവ്വസാക്ഷിയായി ധർമ്മചക്രപ്രവർത്തനസൂത്രധാരനായിരിക്കുന്ന കൃഷ്ണനിൽ നിന്നാണ് Indian Ethos In Management പഠിക്കേണ്ടത്. ഭക്തനും ഭഗവാനും തമ്മിലുള്ള നൈരന്തര്യത്തിൽ അദ്വൈതത്തിൽ നോക്കുമ്പോൾ…
" അഹംത്വംഹിമഹാദേവാ
സ്ത്വമേലാഹംആവേയാന്തരം
നാസ്തിശൈബ്ദരർത്ഥൈജ്ജഗത്പതേ"
ഹേ മഹാദേവാ നീ ഞാൻ തന്നെയാണ്, ഹേ ഗോവിന്ദാ നീ ഞാനാണ്, ഞാനും നീയും തമ്മിൽ യാതൊരു അന്തരവും കാണുന്നില്ലലോ, സർവ്വജഗത്തിനും പതിയായവനെ ശബ്ദം കൊണ്ടും അർത്ഥം കൊണ്ടും ഞാൻ നീ (അഹം ,ത്വം) എന്നിവ തമ്മിൽ യാതൊരു വ്യത്യാസവും കാണാനാവുന്നില്ല. ശബ്ദശാസ്ത്രം, അർത്ഥശാസ്ത്രം, പദാർത്ഥവിജ്ഞാനിയം, ഇവ വെച്ച് എത്രയൊക്കെ തർക്കിച്ചു നോക്കിയാലും ജീവാത്മാപരമാത്മാക്കൾ തമ്മിൽ ഭേദം കാണയ്കയാൽ പരമദ്വൈതഭാവം വെറും അനുഭൂതിരസം മാത്രമല്ല ശസ്ത്ര സത്യവുമാണ്.)
വിഷ്ണു സഹസ്രനാമത്തിനു മുമ്പ് ഭീഷ്മർ യുധീഷ്ഠിരന് ധർമ്മോപദേശം കൊടുക്കുന്നുണ്ട്. എന്തൊക്കെയാണ് അദ്ദേഹം ഉപദേശിച്ചത് ഇഹപരങ്ങളായ അഭ്യുദയനിശ്രേയങ്ങൾക്ക് കാരണങ്ങളായിരിക്കുന്ന സർവ്വധർമ്മവും ഉപദേശിച്ചു. സർവ്വ പാപശമനവും പവിത്രവുമായ ധർമ്മരഹസ്യം പരമപാവനിയായ ഗംഗയുടെ പുത്രൻ , ധർമ്മത്തിനൻ്റെ പുത്രൻ ധർമ്മ സംസ്ഥാപകൻ്റെ മുന്നിൽ വെച്ച് ഉപദേശിച്ചു. നാലുപുരുഷാർത്ഥങ്ങളെയും പ്രയാസം കൂടാതെ അജ്ഞരും വിജ്ഞരുമായ എല്ലാ മനുഷ്യർക്കും നേടി കൊടുക്കുന്ന പരമാനന്ദദായകമായ ഒരു മാർഗ്ഗം ഉപദേശിക്കാൻ ധർമ്മപുത്രൻ പിതാമഹനോട് അഭ്യർത്ഥിച്ചു. താൻ മാത്രമല്ല തൻ്റെ പ്രജകളും അനായാസമായ ഈ മാർഗ്ഗത്തിലൂടെ ഇഹപരസുഖം നേടണമെന്നും സർവ്വ ലോകഹിതകാംക്ഷിയായ ഭരണാധികാരിയുടെ അപേക്ഷയാണിത്. ഹസ്തിനപുരത്തിലെ സിംഹാസത്തിലിരിക്കുന്നതിനു മുമ്പ് താൻ അതിനുള്ള അർഹത നേടിയിരിക്കണമെന്ന് ബോധമുള്ള ഭരണാധികാരിയാണ് യുധീഷ്ഠിരൻ ഇതുതന്നെയാണ് ധർമ്മ സംസ്ഥാപനത്തിനായി അവതരിച്ച കൃഷ്ണൻ പാണ്ഡവപക്ഷത്തിരിക്കാനുള്ള കാരണവും ഭീഷ്മനും അതറിയാം . ദുര്യോധനനിൽ യൂധിഷ്ഠിരൻ്റെ ഈ ഗുണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ പ്രജാഹിതം അനുസരിക്കുകയില്ല അധർമ്മം പ്രവർത്തിക്കുകയും ചെയ്യും. ഈ സന്ദർഭത്തിലാണ് വിഷ്ണുസഹസ്രനാമം ഉപദേശിച്ചത്. സന്ദർഭം ഗ്രഹിച്ചാൽ വിഷ്ണുസഹസ്രനാമത്തിൻ്റെ മാഹാത്മ്യത്തോടപ്പം ധർമ്മമാഹത്മ്യവും മനസ്സിലാക്കാം.
276 -പ്രകാശാത്മാ :- പ്രകാശസ്വരൂപമായ ആത്മാവ് ആരോ അവൻ "പ്രകാശാത്മാ", പദാർത്ഥങ്ങളേ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ കേവലം ഏകാനാണങ്കിലും അനേകം നേത്രങ്ങളുടെ വിഷയങ്ങളെ ഏകകാലത്ത് വെളിപ്പെടുത്തുന്നു. അതുപോലെ എകനെന്നിരിക്കിലും നാനാബുദ്ധി വിഷയങ്ങളെ ഏക കാലത്ത് പ്രകാശിപ്പിക്കുന്ന പ്രകാശാത്മാവ് ഭഗവാനാകുന്നു. കണ്ണ് സൂര്യകിരണങ്ങളാൽ പ്രകാശിതമായ രൂപം ഗ്രഹിക്കുന്നു.അപ്രകാശിതമായ രൂപം ഗ്രഹിക്കാറുമില്ല, അതുപോലെ ആത്മസ്വരൂപൻ സ്വന്തം ചൈതന്യതേജസ്സുകൊണ്ട് പ്രകാശിതനായി രൂപങ്ങളെ പ്രകാശിപ്പിക്കുന്നു. സർവ്വപ്രകാശകനും നിത്യജ്ഞാനസ്വരൂപനും ആയ ആ ആത്മാവ് ഭഗവാനകുന്നു. പ്രകാശം സ്വരൂപമായ ആത്മാവ് . നാം കാണുന്ന എല്ലാ പ്രകാശവും ഭഗവാൻറെ ദാനമാണ്. എല്ലാ പ്രകാശങ്ങൾക്കും പ്രകാശമായിരിക്കുന്നത് അവിടുന്നാണ്. എല്ലാ ജീവജാലങ്ങളിലും ആത്മാവായി കുടിക്കൊണ്ട് ശരീരങ്ങളെ പ്രകാശിപ്പിക്കുന്നതിനാൽ പ്രകാശാത്മാ.
277 - പ്രതാപന :- "സവിത്രാദിഭിഭൂതിഭി വിശ്വം പ്രതാപതീതതി പ്രതാപന" സൂര്യൻ മുതലായ തൻ്റെ വിഭൂതികളിലൂടെ ഊർജ്ജം നൽകി പ്രതപിക്കുന്ന പ്രതാപശാലി ഊർജ്ജസ്വരൂപി- 'പ്രതാപന' , ഊർജ്ജസ്വരൂപി ഊർജ്ജനൽക്കുന്നവൻ, സൂര്യൻ്റെ പ്രാകാശത്തിന്ന് പ്രാകാശമായിരിക്കുന്നവൻ,
278 - ഋദ്ധഃ -: ധർമ്മം, ജ്ഞാനം, വൈരാഗ്യം മുതലായവകൊണ്ട് സമ്പന്നൻ, ഗുണങ്ങളുടെ എണ്ണത്താലും ആധിക്യത്താലും അതിസമ്പന്നൻ.- ഋദ്ധഃ ,ധർമ്മപാതയിൽ. ചരിക്കുന്ന സമ്പന്നൻ
279 - സ്പഷ്ടാക്ഷരഃ -: സ്പ്ഷ്ടമായ - സ്ഫുടമായ അക്ഷരമായവൻ, സ്പഷ്ടം,ഉദാത്തം ഓങ്കാരലക്ഷണം അക്ഷരം, പ്രണവം തന്നെയാണ് സ്പഷ്ടാക്ഷരം . ഉദാത്തവും സ്വരസഹിതവുമാണ് പ്രണവം. ഉദ്ഗീഥമാണ് പ്രണവം. അത് ചൊല്ലുന്നതിന് ഒരു രീതിയുണ്ട്. തസ്യ വാചകഃ പ്രണവഃ എന്നു പതജ്ഞലി മഹർഷി യോഗസൂത്രത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. അക്ഷരം എന്നാൽ ക്ഷരമില്ലാത്തത്, നശിക്കാത്തത് എന്നും അർത്ഥം. യോഗസാധനയിൽ പുരോഗമിച്ചവർ വലത്തേ ചെവിയിൽ സദാ മുഴങ്ങിക്കേൾക്കുന്നത് ഓംകാരമത്രേ. സമാധി അനുഭവമായാൽ ബാക്കി സർവ്വതും മായുകയും ഓംങ്കാരം പൂർവ്വാധികം ശക്തിയോടെ മുഴങ്ങന്നത് അനുഭവിച്ചറിയുകയും ചെയ്യാം. സ്പഷ്ടമായും സ്ഫുടമായും,ഉദാത്തമായും അക്ഷരങ്ങളുച്ചരിക്കുന്നവൻ, വ്യക്തമായ സ്പഷ്ടമായ പ്രണവാക്ഷരമാണ് ഭഗവാൻ, ഒങ്കാരത്തെ ഉദാത്തമായി പാടുന്നവൻ, പ്രണവം മംഗളധ്വനിയാണ്. ബ്രഹ്മം നാദരൂപമമാണ്.
അത് കാലാതീതവുമായതിനാൽ, പരിണാമാത്മക പരിണാമവിധേയമായ പ്രപഞ്ചവും നാദമയം തന്നെ. നാദമായിരുന്നത്, പലതായി പഞ്ചഭൂതങ്ങളുമായി, പഞ്ചീകരണം നടന്ന് പതിനാലു ലോകങ്ങളായ പ്രപഞ്ചമായി മാറുന്നു. കേവലമായ നാദരൂപ ബ്രഹ്മം, സാധാരണക്കാരന് വേദ്യമല്ലാതായിത്തീരുന്നു. നാദബ്രഹ്മത്തിൽ നിന്നു തന്നെയുണ്ടായ മായയാൽ അത് മറക്കപ്പെടുന്നു.
എന്നാൽ സമാധിയിൽ ലയിച്ചവർക്ക്, പ്രാപഞ്ചിക വ്യവഹാരത്തിൽ നിന്ന് പുറത്തിറങ്ങിയവർക്ക്, വീണ്ടും ആ നാദം കേൾക്കാം. അതു സൃഷ്ടി മാത്രമല്ല, സ്ഥിതി സംഹാരാത്മകവുമാണ്. ആ ഓങ്കാരം പാഞ്ചജന്യത്തിൽ നിന്നു ജനിക്കുമ്പോൾ അത് വലിയ കാർമേഘങ്ങളുണ്ടാക്കുന്ന ഇടിവെട്ടിന്റെ ശബ്ദം പോലെ അസുരന്മാരുടെ മനസ്സിൽ ഭയത്തിന്റെ പ്രകമ്പനങ്ങളുണ്ടാക്കുന്നു. എല്ലാവർക്കും സമ്പത്ത് പ്രദാനം ചെയ്യുന്നവനും, സദാ ശ്രീയെ മാറിൽ ധരിക്കുന്നവനുമായ വിഷ്ണോ, അവിടുത്തെ ആ മന്ത്രാരവം, എല്ലാ ദു:ഖങ്ങളുമകറ്റി ഏറ്റവും ശൃഷ്ഠമായ, ഉത്തമമായ, വിശേഷമായ മംഗളം തരട്ടെ.
280 - മന്ത്രഃ :- മന്ത്രസ്വരൂപമായവൻ, ഋക്ക് യജ്ജു സാമാമെന്ന ലക്ഷണങ്ങളോടു കൂടിയവൻ, വേദങ്ങളിൽ മന്ത്രവർണ്ണങ്ങളിലൂടെ പ്രകശിപ്പിക്കപ്പെട്ട ശക്തിയും ആമന്ത്രങ്ങളും ഭഗവാൻ തന്നെ.
വേദത്തിന്റെ കടക്കലും ത്രിപുടിതന്നുത്തുംഗ ശൃംഗത്തിലും
വേദാന്തത്തിരുമാറിലും നിഗമവാക്യത്തിന്റെ തത്വത്തിലും
വാദത്തിന്നു പുറത്തുമങ്ങു വിഹരിച്ചീടുന്നു സംസാര
നിർവ്വേദം പോക്കുവതിന്നുസൽക്കവികൾ തൻ ജിഹ്വാഗ്രദേശത്തിലും"
നാലുവേദങ്ങളുടെയും ( പരമാമായ അറിവിന്റെ ) അടിസ്ഥാനമായും, പ്രമാണ പ്രമാതൃ പ്രമേയ തിപുടിയുടെ ഉത്തുംഗശൃംഗമായ പ്രജ്ഞാനത്തിലും, വേദങ്ങളെല്ലാം കടഞ്ഞെടുത്ത പരമജ്ഞാനത്തിന്റെ ഹൃദയത്തിലും, വേദജ്ഞാന സഹായികളായ മറ്റു കലകളുടെ തത്വത്തിലും, വാദിച്ചു സ്ഥാപിക്കാൻ കഴിയാത്തിടത്തും, ഭൗതികസുഖപരിത്യാഗത്തിനും, നല്ല കവികളുടെ നാക്കിന്റെ അറ്റത്തും ഭഗവാൻ യഥേഷ്ടം ചുറ്റിക്കറങ്ങുന്നു....
281 - ചന്ദ്രാംശുഃ :- ചന്ദ്രരശ്മി - നിലാവ് - ഭവസാഗരത്തിൽ ഉഴലുന്നവർക്ക് ആഹ്ലാദം കൊടുക്കുന്ന ചന്ദ്രകിരണങ്ങളെപ്പോലെയുള്ളവൻ, സംസാര ജീവിതമെന്ന കൊടിയതപത്താൽ അഴലുന്നവരെ കുളിർപ്പിച്ച് ആനന്ദിപ്പിക്കുന്ന ശീതകിരണൻ, സംസാര ദുഃഖത്താൽ ഉഴലുന്നവർക്ക് ചന്ദ്രികയെപ്പോലെ കുളിർമ്മ നൽകുന്നവനാണ് ഭഗവാൻ ശ്രീ ഹരി....
282 - ഭാസ്കരദ്യുതിഃ -; സൂര്യപ്രകാശമായിരിക്കുന്നവൻ, സൂര്യപ്രകാശവും അവനാണ്, ആയിരം സൂര്യന്മാർക്കു തുല്യമായി നല്ലവണ്ണം തിളങ്ങുന്നവൻ, സൂര്യപ്രകാശത്തിൻറെ ഒരു രശ്മി വീണാൽ ഇരുട്ട് എങ്ങനെ അപ്രത്യക്ഷമാകുന്നോ അപ്രകാരം തന്നെ ഭഗവൽപാദസ്മരണ അങ്കുരിക്കുന്നവേളയിൽ ഭക്തരുടെ അജ്ഞാനവും അവിദ്യയും മായാൻ തുടങ്ങുന്നു.
283 - അമൃതാംശൂദ്ഭവഃ :- ചന്ദ്രന്റെ ഉത്ഭവത്തിന് സ്ഥാനമായവൻ, ചന്ദ്രനുണ്ടായത് ഭഗവാൻ്റെ മനസ്സിൽ നിന്നാണ്. സൂര്യൻ ഭഗവാൻ്റെ നേത്രത്തിൽ നിന്നും ഉണ്ടായി എന്നാണ് ശ്രുതി വചനം, പാലാഴിയിൽ പളളികൊളളുന്ന ഭഗവാൻറെ സങ്കല്പത്തിൽ നിന്നാണത്രെ ചന്ദ്രൻ സൃഷ്ടിക്കപ്പെട്ടത്, അമൃതിനുവേണ്ടി പാലാഴി മഥിച്ചപ്പോൾ ചന്ദ്രൻ പൊങ്ങിവരികയും ഭഗവാൻ അതിൻറെ കിരണങ്ങളാകുകയും ചെയ്തുവത്രേ.
284 - ഭാനുഃ :- ഭാസിക്കുന്നത് ഭാ പ്രകാശിക്കുന്നവനാണ് ഭാനു , 'നതത്രസൂര്യോ ഭാതി ന ചന്ദ്രതാരകം നേമാവിദ്യുതോ ഭാന്തി കുതോയമഗ്നിഃ തമേവ ഭാന്തം അനുഭാതി സർവം തസ്യഭാസാവിശ്വമിദം/സർവമിദം വിഭാതി" (മുണ്ഡകോപനിഷത് ) ആ ഭഗവത് (ബ്രഹ്മ) ചൈതന്യത്തിനു മുന്നിൽ സൂര്യനോ, ചന്ദ്രനോ, മിന്നലോ, അഗ്നിയോ അവയുടെ പ്രകാശമോ, തേജസ്സോ എല്ലാം നിസ്സാരമാണ്. ആ ചൈതന്യം സ്വയം പ്രകാശമാനമാണ്, അത് എല്ലാത്തിനേയും ചൈതന്യവത്താക്കുന്നു/പ്രകാശിപ്പിക്കുന്നു. ഇത് ലോകമെല്ലാം അതിന്റെ ചൈതന്യത്തിൽ നിലനില്ക്കുന്നു....! ഇതാണ് ഭഗവത് (പരബ്രഹ്മ) ചൈതന്യം. എല്ലാ തേജസ്സുകൾക്കും തേജസ്സ് നൽകുന്ന ഈ മഹാജ്യോതിസ്സ് പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. എല്ലാ ചരാചരങ്ങൾക്കകത്തും പുറത്തുമതുണ്ട്.
285 - ശശബിന്ദുഃ ;- ശശബിന്ദു ചന്ദ്രൻ, ശശത്തെ( മുയലിനെ) മദ്ധ്യത്തിൽ ബിന്ദുവായി ധരിച്ചവൻ, മുയലിനെപ്പോലെ ഒരടയാളം ചന്ദ്രനിലുണ്ടല്ലോ, ശശം (മുയല്) പോലുള്ള ബിന്ദു (അടയാളം) ഉള്ള ചന്ദ്രനെപ്പോലെ പ്രജകളെ പോഷിപ്പിക്കുന്നവൻ, രസരൂപനായി ഔഷധികളെ പോഷിപ്പിക്കുന്ന ചന്ദ്രസ്വരൂപി. ശശമെന്നാൽ അതിവേഗം ചലിക്കുന്നത്, മുയലിനെ ശശമെന്ന് വിളിക്കുന്നത് ഈ ഗതി ശീലം കൊണ്ടാണ്, ആകാശനിരീക്ഷണം നടത്തുന്ന ഏതോരാൾക്കും ആകാശന്തർഗതമായ അനേകം ഗോളങ്ങളിൽ (ബിന്ദു) വെച്ച് അതിവേഗം ചലിക്കുന്നത് ചന്ദ്രകേന്ദ്രമാണെന്ന് മനസ്സിലാക്കാം, ആകാശത്തെ ഈ ശീഘ്രഗതിയാലാണ് ശശി എന്ന പര്യായം ചന്ദ്രന് കിട്ടിയത്. ശശത്തെ - വേഗം ചലിക്കുന്നതിനെ - കേന്ദ്രബിന്ദുവായി സ്വീകരിച്ചവനെന്ന് ശശബിന്ദു പദത്തിന് അർത്ഥം.
286 - സുരേശ്വരഃ :- സുരന്മാർക്ക് (ദേവന്മാർക്ക്- ശുഭദാതാക്കൾക്ക്) ശോഭനമായതെല്ലാം നൽകി അവരുടെ ഈശ്വരനായിരിക്കുകയാൽ സുരേശ്വര എന്ന നാമം, സു എന്നാൽ പൂർണ്ണമായ ,ധാരാളം, രാ എന്നാൽ ദാനം പൂർണ്ണമായത് ദാനം ചെയ്യുന്നവൻ സുരൻ അവരുടെ എല്ലാം ഈശ്വരൻ സുരേശ്വരൻ.
287 - ഔഷധം :- സംസാരരോഗത്തിനുള്ള മരുന്നായിരിക്കുന്നവൻ, സംസാരരോഗത്തിനുള്ള സിദ്ധൗഷധം, വൈദ്യനും വൈദ്യവും ഔഷധവും ഭഗവാനാണ്, ഔഷധമെന്ന വാക്ക് ഓഷ (ഓശ) എന്ന ധാതുവിൽ നിന്നുണ്ടായി , ഓഷ എന്നാൽ പ്രകാശം, ഓശ എന്നാൽ നാദം, അപ്പോൾ പ്രാകശനാദതരംഗരൂപത്തിൽ അമൃതധാരയായി, ഊർജ്ജമായി, അന്നമായി, ഔഷധി വനസ്പദികളിൽ പ്രാണോർജ്ജത്തിൻ്റെ ഹരിതബിന്ദുവിൽ ശ്വാസിയും നാദിയുമായി നിറയുന്ന ഔഷധം, ആ ഔഷധം കിട്ടാൻ ഋഷിമാരും മുനിമാരും യുഗങ്ങളോളം തപസ്സിരിക്കുന്നു. നാരായണഭട്ടത്തിരിക്ക് ആ വൈദ്യനും ഔഷധവും ഭവരോഗദുഃഖഹാരമായി. മുക്തി മാർഗ്ഗമായി, ഭഗവത് നാമ സ്മരണ തളർന്ന മന്നസ്സുകളക്ക് ഔഷധമായി വർത്തിച്ച് ശാന്തിയും ആനന്ദവും നൽക്കുന്നു. അങ്ങനെ ഭഗവാൻ ശ്രീ ഹരി തളർന്ന് മനസ്സുകൾക്കും ഔഷധമായി തീരുന്നു....
288 - ജഗതസേതുഃ :- ജഗത്തിന്( ലോകത്തിന്) പാലമായിരിക്കുന്നവൻ, സംസാരസാഗരത്തെ തരണം ചെയ്യാനുള്ള സേതു( പാലം) ഈ ഭവസാഗരം താങ്ങാൻ നമുക്കു പാലമായി വർത്തിക്കുന്നത് ഭഗവാൻ തന്നെയാണ്, സംസാരസാഗരം അതിവേഗം തരണം ചെയ്യാന് പരിപൂർണ്ണതമനായ ഭഗവാനിലുള്ള ഭക്തിയാണാവശ്യം. , നമ്മുടെ പാശങ്ങളുടെ കെട്ടഴിച്ച് തൃപ്പാദങ്ങളിലെത്തിക്കാനുളള പാലമാണ് സഹസ്രനാമ കീർത്തനം, പരബ്രഹ്മ പ്രാപ്തിക്കുവേണ്ടി സർവ്വ കാമനകളുടെയും വാസനാബന്ധമറുക്കണം. അങ്ങനെ ഈ സംസാരസാഗരം താണ്ടാൻ സാഹയിക്കുന്നവൻ , സംസാരമാകുന്ന സമുദ്രം തരണം ചെയ്യിക്കുന്നവൻ. സംസാരബന്ധങ്ങൾ സമുദ്രം പോലെ വിശാലവും അഗാധവും കാമക്രോധാദിവികാരങ്ങൾ തിരയടിക്കുന്നതും ആശയും ആശാഭംഗവുമാകുന്ന ചുഴികൾ നിറഞ്ഞതും വ്യക്തിബന്ധങ്ങളാൽ സങ്കുചിതവുമാണ്. അതുകടക്കാൻ ഒരു വ്യക്തിക്കും എളുപ്പമല്ല. ശ്രീഹരിയെ ആശ്രയിക്കുന്നവർക്ക് സംസാരസാഗരം നിസ്സാരമാക്കി കടന്നുപോകാം. അതുകൊണ്ടു ശ്രീഹരിയെ സ്തുതിക്കുന്ന ഭക്ത്ന്മാരെ സംസാരസാഗരം കടത്തുന്നവൻ, വർണ്ണശ്രമധർമ്മം വകുത്ത് അവയുടെ അസംഭേദകരണത്തിനായി അവയെ കൂട്ടിയിണക്കുന്ന അദ്വൈതധർമ്മ സേതുവായി വർത്തിക്കുന്നവൻ, (വർണ്ണാശ്രമധർമ്മം ഭേദങ്ങളെ സൃഷ്ടിക്കാനല്ല ഏത് ധർമ്മം ചെയ്യണം ഏത് ചെയ്യരുത് എന്ന് നിർദ്ദേശിക്കാനാണ്) ഭഗവത്ഭാവം മനസ്സിൽ നിറഞ്ഞു കഴിഞ്ഞാൽ ശരീരത്തിനും മനസ്സിനും ഒരു പക്ഷിത്തൂവലിന്റെ ലാഘവം വന്നു ചേരുമെന്നും, ജീവിത വ്യവഹാരങ്ങളിലെ കൊടും കാണാച്ചുഴികളിലൂടെ ഒരു തോണിയിലെന്ന പോലെ സംസാരസാഗരം കടക്കാനുള്ള ഉള്ള പ്രഭാവം വന്നു ചേരുമെന്നും ജ്ഞാനികളായ ആചാര്യന്മാർ പറയുന്നു.
289 - സത്യധർമ്മ പരാക്രമഃ :- ധർമ്മം, ജ്ഞാനം, പരാക്രമം എന്നിവ സത്യമായിരിക്കുന്നുവോ അവൻ, സത്യത്തെയും ധർമ്മത്തെയും നിലനിർത്താൻ ഭഗവാൻ ശൂരപരാക്രമിയാകും അങ്ങനെ സത്യത്തിനും ധർമ്മത്തിനുമായി പരാക്രമി ആകുന്നവൻ ആരോ അവൻ. അവിതഥമായ (ഒരിക്കലും തെറ്റുപറ്റാത്ത , കാലിടറാത്ത) സത്യധർമ്മ ജ്ഞാനാദികളാൽ പരാക്രമശാലി,
ധർമ്മം സൽപ്രവൃത്തിയാണ്. അറിവുകേടിലും അധർമ്മത്തിലും ജീവിച്ചു നരകം അനുഭവിക്കുന്ന നരന്മാരെ, സത്യത്തെയും ധർമ്മത്തെയും കൊണ്ട് അറിവുകേടിനെയും അധർമ്മത്തെയും നിശ്ശേഷം ഭസ്മീകരിച്ച് അവരിൽ സത്യത്തെയും ധർമ്മത്തെയും സ്ഥാപിച്ച്, പരാക്രമം = പരയിലേക്കുള്ള (ഈശ്വരനിലേക്കുള്ള) ക്രമം (ചര്യ). ..( പരാക്രമം - ഈശ്വരനിലേക്കുള്ള ചര്യ) തന്നിലേക്ക്(ഈശ്വരനിലേക്ക്) തന്നെ അടുപ്പിക്കുന്നവൻ..
-സത്യധർമ്മാദികളാകുന്ന പരാക്രമമാണ് സംസാരസാഗരം തരണംചെയ്യാനുള്ള ഉത്തമമായ ഔഷധം-
290 - ഭൂതഭവ്യഭവന്നാഥഃ :- ഭൂതം: കഴിഞ്ഞു പോയ കാലം, ഭവ്യം: വരാൻ പോകുന്നത്, ഭവത്: ഭവിച്ചുകൊണ്ടിരിക്കുന്നത് .. ഈ മൂന്നിലും നിറഞ്ഞു നിൽക്കുന്നതും ഇതിനു മൂന്നിനും നാഥനായുള്ളതും ആയ ആ പരബ്രഹ്മം.. ഭൂതകാലത്തിലും വർത്തമാന കാലത്തിലും ഭാവിയിലും, ഉണ്ടായവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാ ഭൂതഗ്രാമങ്ങൾ ( പഞ്ചഭൂതസംഘാതം - പഞ്ചഭൂതഗ്രാമം) സർവ്വ ചരാചര പ്രകൃതിക്കും ഏതോരാളാണോ ശാസ്താവും പ്രഭുവുമായിരിക്കുന്നത് ആ പരബ്രഹ്മം..
291 - പവനഃ :- വായു സ്വരൂപമായവൻ, പവിത്രമായിരിക്കുന്നവൻ, പവതി ഇതി പവന പാവനീകരിക്കുന്ന കാറ്റ് പവനൻ, പവന പവതാസ്മി ശുദ്ധികരിക്കുന്നതിൽ വെച്ച് ഞാൻ കാറ്റാണ്. ഗുരുപവനപുരേശ്വരൻ സർവ്വ പ്രാണങ്ങളെയും ശുദ്ധീകരിക്കുന്ന ഗുരുബ്രഹ്മം, എല്ലാറ്റിനും പരിശുദ്ധിയേകുന്നവൻ . വായു സ്വരൂപമായി ഭഗവാൻ ലോകത്തെ പരിശുദ്ധമാക്കുന്നു. വായു ഉള്ളതിനാലാണ് പ്രാണികൾക്ക് നിലനിൽപ്പുണ്ടാകുന്നത്.
292 - പാവനഃ :- പരിശുദ്ധൻ, പാവയാ ഇതി പാവന, ചലനം സൃഷ്ടിക്കുന്നത് ആരാണോ അവൻ, പവനൻറെ ശക്തിയായി അതിനു ചാലക ശക്തി നൽകുന്നവൻ. കാറ്റിൻറെ ചാലകശക്തി ഭഗവാനത്രേ. ഭീഷ്മസ്മാദ്വാത പാവതേ .. അവനെ ഭയന്ന് കറ്റ് വീശുന്നു. സർവ്വ ചലന ഹേതുവും പരിശുദ്ധാത്മാവുമായ ആദിസർഗ്ഗകാരകനായ പ്രവാഹനീലൻ.
293 - അനലഃ :- അഗ്നി, അനം -പ്രാണം , ല ആത്മത്വം , പ്രാണങ്ങളെ ആത്മത്വം കൊണ്ട് സ്വീകരിക്കുന്നവൻ, ജീവൻ പ്രാണനെ അന്നത്തെ തന്നയി തന്നെ സ്വീകരിക്കുകയാൽ അനലൻ, പ്രാണശക്തി, അല എന്ന ധാതുവിൽ നിന്നാണ് അനലൻ . ' നലൻ ' എന്നാൽ ഗന്ധമുളളവൻ. അനലൻ ഗന്ധമില്ലാത്തവൻ. ഗന്ധമില്ലാത്ത് പരബ്രഹ്മം മാത്രം. ഗന്ധങ്ങൾക്ക് അതീതനായവൻ അഗന്ധം ഗന്ധമില്ലാത്തത്, അരസം രസമില്ലാത്തത്, ബ്രഹ്മം അലം പര്യപ്തമസ്യ് ന വിദ്യത ഇതി വ അല്ലെങ്കിൽ ഏതോരുവന് പരിധി (സീമ) എന്നൊന് ഒന്നിലും പറയപ്പെടുന്നില്ലയോ ആ അപരിമിത തേജസ്വിഗന്ധാതീതനാകയാൽ ഗന്ധർവ്വലോകത്തിനും അതീതമാണ് ആ ലോകം, അനല - തൃപ്തിയാകാത്തവൻ.. ഭക്തന്മാരുടെ പ്രേമം (ഭക്തി) എത്ര കിട്ടിയാലൗം മതിയാകാത്തവനാണ് ഭഗവാൻ ശ്രീ ഹരി!
294 - കാമഹാ :- കാമങ്ങളെ ഹനിക്കുന്നവൻ, കാമങ്ങളെ നശിപ്പിച്ച് മുമുക്ഷുക്കളേയും ഭക്തന്മാരെയും നിഷ്ക്കാരക്കി തന്നിൽ ചേർക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി, കാമങ്ങളെ ഹനിക്കുന്നവൻ കാമദേവൻ്റെ ഹന്താവ് എന്ന അർത്ഥത്തിൽ ശിവനുമാണ് ഭഗവാൻ ശ്രീ ഹരി, - പരമാത്മാവിൽ നിന്നും പിരിഞ്ഞ് ശരീരബന്ധത്തിൽ കുടുങ്ങുന്ന ജീവാത്മാവിന്റെ ലക്ഷ്യം പരമാത്മാവിൽ ലയിക്കലാണ്. അതിനുള്ള അബോധപൂർവമെങ്കിലും ശക്തമായ അന്തർദാഹം എല്ലാ ജീവാത്മാവിനുമുണ്ട്. പരമാത്മാവിനെ പ്രാപിക്കൽ എല്ലാ ജീവാത്മാക്കളുടെയും ലക്ഷ്യമാണെങ്കിലും അതിന് തടസ്സമായി നിൽക്കുന്ന അവരിലുള്ള ഭോഗങ്ങളെ - കാമങ്ങളെ ഹനിച്ച് നിത്യാനിത്യവിവേക ( ഭഗവാനിലുള്ള അർപ്പണഭാവത്തിൽ കിട്ടുന്ന സ്വതന്ത്രവും, ശുദ്ധിയും, ശക്തിയും, ചിന്താസൗകുമാര്യവും, നിത്യാനിത്യവിവേകം നേടാൻ സഹായകമാണ്) ത്തിലൂടെ അവരിൽ വൈരാഗ്യത്തെ ജനിപ്പിച്ച് ആ ആ പരാമാത്മാസായൂജ്യത്തിലേക്ക് - തന്നിലേക്ക് തന്നെ ചേർക്കുന്നവനാണ് ഭഗവാൻ ശ്രീഹരി....
295 - കാമകൃത്:- സാത്വികന്മാരായ ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവനാണ് ഭഗവാൻ, കാമകൃത് - കാമൻ്റെ പിതാവ്, അതായത് കൃഷ്ണൻ്റെ പുത്രനാണ് പ്രദ്യുമ്നൻ , പ്രദ്യുമ്നൻ കാമദേവൻ്റെ അവതാരമാണ് .. കാമൻ്റെ പിതാവ് എ ന്നതിനാലും കാമകൃത് എന്ന നാമം.
296 - കാന്തഃ :- സൗന്ദര്യത്താൽ എല്ലാവരെയും കാന്തം പോലെ ആകർഷിക്കുന്നവൻ, ഏറ്റവും സുന്ദരൻ, അതിസുന്ദരനായവൻ. നാരദൻ തുടങ്ങിയവരും ഗോപികമാരും ഗോപൻമാരും വാസുദേവരും അക്രൂരനുമെല്ലാം ഭഗവാൻറെ തിരുരൂപം കണ്ട് ആനന്ദിച്ചവരാണ്. ചുറ്റും കാന്തവിദ്യുതമണ്ഡലം പോലെ ഓറ എന്ന ദിവ്യതേജോമണ്ഡലം ചൂഴ്ന്നുനിൽക്കയാലാണ് ഈ ആകർഷണം. ഭക്തരെ തൻറെ രൂപലാവണ്യത്താലും ഭഗവാൻ ആകർഷിച്ചു ധർമ്മത്തിലേക്കു നയിക്കുന്നു, ആകർഷിക്കുന്നവൻ, എങ്ങനെയെന്നാൽ പാപങ്ങളെ അകറ്റിമാറ്റി അനന്തമായ ബ്രഹ്മസ്വരൂപത്തിൽ ആകർഷിക്കുന്നവൻ ആരോ അവൻ കാന്ത, ഗോപന്മാർ, പശുക്കൾ, മാനുകൾ, പറവകൾ എല്ലാം ആ പ്രേമസ്വരൂപന്റെ ആകർഷണ വലയത്തിൽപ്പെട്ടു. ഈ ആകർഷണം മനുഷ്യനെ പവിത്രീകരിക്കുന്നു.
അതിന്റെ പ്രവാഹത്തിൽ മറ്റ് ദുർവികാരങ്ങളും ദുർവ്വാസനകളും മങ്ങിപ്പോകുന്ന ആഭക്തന്മാരെ തന്നിലേക്ക് ലയിപ്പിക്കുന്നു. കാന്തം എങ്ങിനെയാണോ തന്നിലേക്ക് എല്ലാറ്റിനെയും തന്നിലേക്ക് ആകർഷിക്കുന്നത് - കാന്തസമാനം ആകർഷിക്കുന്നവൻ- സർവ്വത്തേയും തങ്കലേയ്ക്കാകർഷിക്കുന്നവൻ, ഈശ്വരാകർഷണം മാത്രമാണ് മനുഷ്യഹൃദയത്തിനു യോഗ്യമായ ആകർഷണം , ഭഗവാൻ ശ്രീ ഹരി വലിയൊരു കാന്തക്കല്ല്, നാം ചെറിയ ഇരുമ്പുകഷണങ്ങൾ : കാന്തം നമ്മെ ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു. നാം അതിനെ പ്രാപിക്കാൻ യത്നിച്ചുകൊണ്ടുമിരിക്കുന്നു . ഭഗവാൻ ശ്രീ ഹരിയിലേക്കുള്ള ഈ പ്രബലമായ ആകർഷണം ഇതരാകർഷണങ്ങളെയെല്ലാം തിരസ്കരിക്കുന്നു: അതിമഹത്തും അളവറ്റതുമായ ഭഗവത്പ്രേമം നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുന്നു. അങ്ങനെ ഭഗവത്സ്വരൂപമായ പരപ്രേമപാരാവാരത്തിലെ ദിവ്യതീർത്ഥമാകുന്ന ഭക്തി നമ്മുടെ ഹൃദയത്തിൽ നിറയുന്നു.
297 - കാമഃ - ആരേയും കാമിപ്പിക്കുന്നവൻ, കാന്തിയാൽ സർവ്വജനചിത്തവും കവരുകയാൽ കമഃ, ബ്രഹ്മവിഷ്ണുശിവസ്വ്ഖരൂപമായവൻ (ക - ബ്രഹ്മ. അ - വിഷ്ണു, മ - ശിവൻ) പുരുഷാർത്ഥങ്ങളെ ആഗ്രഹിക്കുന്ന ഭക്തന്മാരാൽ കാമിക്കപ്പെടുന്നവൻ, ഭഗവാനിൽ നിസ്തുലമാം പ്രേമമുളളവരാണ് യഥാർത്ഥ ഭക്തർ. കാമപൂർത്തികരണത്തിലുളള ആനന്ദം പരമാത്മാവായ ഭഗവാൻറെ ആനന്ദത്തിൻറെ ഒരു സ്ഫുരണം മാത്രമാണ്. കാമൻ. കാമദേവൻ, മന്മഥൻ, കന്ദർപൻ, അനംഗൻ എന്നെല്ലാം അറിയപ്പെടുന്ന ദേവൻ. അവൻ തന്നെയാണല്ലോ എല്ലാവരിലും, രതിയിലുള്ള ആഗ്രഹം ജനിപ്പിക്കുന്നത് ഭഗവാനാണ്,,
298. കാമപ്രദഃ കാമങ്ങളെ നിറവേറ്റികൊടുക്കുന്നവൻ. കാമദനാണ് ഭഗവാൻ- ഭക്തരുടെ കാമങ്ങൾ, - ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നവനാണ് ഭഗവാൻ, ഭക്തന്മാരുടെ സർവ്വകാമവും പ്രകർഷണേന നൽക്കുന്നവൻ , സന്തോഷപൂർവ്വം ദാനം ചെയ്യുന്നവൻ, ഭക്തരുടെ ധർമ്മാനുസൃതകാമങ്ങളെല്ലാം ധാരാളമായി നിറവേറ്റിക്കെടുത്ത് തൻറെ നിരതിശയ പ്രേമത്തിൽ അവരെ കെട്ടിയിടുന്നതിൽ സമർത്ഥനാണല്ലോ ഭഗവാൻ, ഭക്തർക്കു നൽകുന്നത് തന്നെത്തന്നെയാണ് . തന്നിൽ സ്ഥിതപ്രജ്ഞനായി ആരൂഢനായവന് അവൻറെ കാമങ്ങളെല്ലാം സങ്കല്പമാത്രയിൽ നിറവേറ്റിക്കൊടുക്കുന്ന കരുണാമയനാണ് ഭഗവാൻ ,
299 - പ്രഭുഃ :- " പ്രകർഷണേ ഭവനാത് പ്രഭു , പ്രകർഷേണ സർവ്വാതിശയിയായി ഭവിക്കുന്നവൻ, എല്ലാവരുടെയും കണ്ണും , മനസ്സും തൻ്റെ നിരതിശയസൗന്ദര്യത്താൽ കവർന്ന് വിരാചിക്കുന്നവൻ, യഥാർത്ഥ ഉണ്മ(സത്യം)യായ പ്രഭു, എല്ലാറ്റിൻ്റെയും ഈശ്വരൻ. സത്യം രൂപമായവൻ. സത്യം എന്തെന്ന് എല്ലാവർക്കും അറിയാമെങ്കിലും അതിനെ നിർവചിക്കാൻ വളരെ വിഷമമാണ്. പകരം ഉണ്മയെന്നോ സാമർത്ഥ്യമെന്നോ ഒക്കെ പറയാമെന്നേയുളളൂ. ''സത്സു സാധു സത്യം'' (സത്തുകൾക്കു ചേർന്നതു സത്യം) എന്നും ''സത്സുതായതേ സത്യം''(സത്തുക്കളിൽ വ്യാപിച്ചതു സത്യം) . ''സതി പ്രഭവഃ യസ്യതത്സത്യം(സത്തുക്കളിൽ പ്രഭവിക്കുന്നതു സത്യം); ''യദ് സത് തദ് സത്യം'' (യഥാർത്ഥത്തിൽ ഉള്ളതെന്തോ അതു സത്യം); ''സ്ഥിതം ചയദ്ച സത്ച തത് സത്യം'' (സ്ഥിരമായി ഉള്ളതെന്തോ അതു സത്യം) . ഇതെല്ലം സാമാന്യബുദ്ധി മാത്രമുള്ള നമ്മെ കൊണ്ടുമാറാത്തതുമായ സത്യമാണു സൂര്യദേവൻ. ആ സൂര്യദേവന് തന്നെയാണു പരബ്രഹ്മം. അതിന്റെ സാക്ഷാത്കാരമാണ് ഭഗവാൻ ശ്രീ ഹരി ,,, ഭഗവാൻ അധീശനാണ്. ഈശൻ പരമാധികാരമുള്ളവൻ. നിഗ്രഹാനുഗ്രഹ ശക്തികൾ വ്യക്തം. അധീശൻ മുകളിലാണ്. എന്തിന്റെ മുകളിലല്ല ഭഗവാൻ ? ഒന്നുമില്ല. സർവ്വം. നിഗ്രഹാനുഗ്രഹശക്തികൾക്ക് വിഷയമല്ലാത്തതൊന്നുമില്ല.
300 - യുഗാദികൃത് :- യുഗങ്ങളുടെ സ്രഷ്ടാവ്, യുഗം, മന്വന്തരം, സംവത്സരം ഋതു തിഥി, ദിനം, മുഹൂർത്ഥം മാത്ര, എന്നിങ്ങനെ കാലഭേദങ്ങളെല്ലാം സൃഷ്ടിച്ച് കൊണ്ട് കാലത്തിന് ആദിയായി ഉണ്ടായവൻ കലാതീതൻ. കാലത്തിൻ്റെ യുഗത്തിൻ്റെ ആദി. കാലം നിത്യമാണ്. ഭഗവാൻറെ വിഭൂതിയാണ്. കല്പാന്തത്തിൽ സർവ്വവും പ്രകൃതിയിൽ ലയിക്കുന്നു. പ്രകൃതി ഭഗവാനിലും. ഭഗവാൻ യോഗനിദ്രയിലേയ്ക്കു കടക്കുന്നു. വീണ്ടും ജീവികളെ ദൃശ്യമാക്കുമ്പോൾ യുഗാരംഭം ആയി. ഇത് അവസാനമില്ലാത്ത ലീലയാണ്.
301 - യുഗാവർത്തഃ :- കൃതം, ത്രേതം, ദ്വാപരം, കലി, എന്നി ചതുര്യുഗങ്ങളെ കാലാത്മാവായിനിന്ന് വിണ്ടും വീണ്ടും ആവർത്തിച്ച് ഭ്രമണരൂപമായി പ്രവർത്തിപ്പിക്കുകയാൽ യുഗാവർത്തൻ,കാലം നിത്യമാണ്. ഭഗവാൻറെ വിഭൂതിയാണ്. കല്പാന്തത്തിൽ സർവ്വവും പ്രകൃതിയിൽ ലയിക്കുന്നു. പ്രകൃതി ഭഗവാനിലും. ഭഗവാൻ യോഗനിദ്രയിലേയ്ക്കു കടക്കുന്നു. വീണ്ടും ജീവികളെ ദൃശ്യമാക്കുമ്പോൾ യുഗാരംഭം ആയി. ഇത് അവസാനമില്ലാത്ത ലീലയാണ്. ഇങ്ങനെ യുഗങ്ങളെ ആവർത്തിക്കുന്നവൻ യുഗാവർത്തൻ,
302 - നൈകമായാഃ :- അനേകം മായകളോട് കൂടിയവൻ, അനേകം ഭ്രമങ്ങളെ സൃഷ്ടിക്കുന്നവൻ. ഒട്ടനവധി മായകളുളളവൻ.ഭഗവാൻ്റെ മായയാൽ സൃഷ്ടിച്ചവയെല്ലാം പ്രളയകാലത്ത് തന്നിലേക്ക് തന്നെ ഉപസംഹരിക്കുകയും ചെയ്യുന്നു. മായ ഭഗവാൻ്റെ ഗുണമാണ്, എന്നാൽ ഭഗവാൻ മയാതീതനാണ്, ഭഗവാന് അതീനനാണ് മായ അതിനാൽ ജീവാത്മാവിന് മായയാൽ ജഗദ് ജഗത്ത് സത്യമാക്കി തോന്നിക്കുന്നു ഈശ്വരനും താനും വേറെയാണെന്ന ബോധത്തിൽ വലയുന്നു. അവിടുന്നാകട്ടെ മായയെ പലവിധത്തിൽ അവതാരങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്. മോഹിനീരൂപധാരണം , രാസലീലയിൽ ഓരോ ഗോപികയ്ക്കും ഓരോ കണ്ണൻ വീതം എന്നമട്ടിൽ നൃത്തമാടിയത്എല്ലാം ഭഗവാൻ്റെ മായയാലാണ്,
303 - മഹാശനഃ :- കൽപ്പാന്തത്തിൽ സർവ്വത്തേയും ഗ്രസിച്ച് മഹത്തായ അശനം (വലിയ സദ്യ) കഴിക്കുന്നവൻ, കൽപ്പാന്തത്തിൽ എല്ലാം തൻ്റെ കുക്ഷിയിലേക്ക് (വയറിലേക്ക്- ഉൾഭാഗത്തേക്ക്) ലയിപ്പിക്കുന്നവൻ, "തവ കുക്ഷിതന്നിലഖിലബ്രഹ്മാണ്ഡവും" . ആ കുക്ഷിയിൽ അഖിലബ്രഹ്മാണ്ഡവും സ്ഥിതി ചെയ്യുന്നു, അങ്ങനെ ഓരോ കല്പാന്തത്തിലും സർവ്വജീവജാലങ്ങളെയും പ്രകൃതിയിൽ ലയിപ്പിച്ച് പ്രകൃതിയെ തന്നിലും ലയിപ്പിക്കുന്നവനാണ് സക്ഷാൽ ശ്രീ ഹരി, ഭക്തരുടെ കാമക്രോധമദലോഭങ്ങളെയും യോഗികളുടെ വാസനകളെയും ഭഗവാൻ തന്നെ ഭക്ഷിക്കുന്നു. ഭക്ഷിച്ച് ഇല്ലായ്മ ചെയ്തു കൊടുക്കുന്നു. അതിനാലും മഹാശനൻ തന്നെയാണ് ഭഗവാൻ ശ്രീ ഹരി, സംഭവിച്ച എല്ലാ തത്ത്വങ്ങളെയും തൻ്റെ ഉൾഭാഗത്തെക്ക് ലയിപ്പിച്ചവനാണ്...
304 - അദൃശ്യഃ :- ഇന്ദ്രിയങ്ങൾക്കോ, ബുദ്ധിക്കോ, പിടികൊടുക്കാതെ അദൃശ്യമായിരിക്കുന്ന പരമതത്വം, ഭഗവാനെ കാണപ്പെടുവാനോ വ്യവഹരിക്കപ്പെടാനോ ഗ്രഹിക്കപ്പെടുവാനോ കഴിയുന്നവനല്ല. ജ്ഞാനേന്ദ്രിയങ്ങളാലും കണ്ണുകളാലും കാണാൻ കഴിയാത്തവനാണ്, പ്രത്യക്ഷമായോ പരോക്ഷമായോ കാണാനാവാത്തവനാണ്, കണ്ടറിയാൻ സാധിക്കാത്തവൻ. കണ്ടോ കേട്ടോ തൊട്ടോ രുചിച്ചോ മണത്തോ ഭഗവാനെ സാധാരണഗതിയിൽ അറിയാനാവില്ല. അപൂർവം ചില ഭാഗ്യവാന്മാർക്കൊഴികെ മറ്റെല്ലാവരുടെയും അവസ്ഥ ഇതാണ്. കാണുന്നതൊക്കെ ഭഗവാന്റെ രൂപങ്ങളാണെങ്കിലും നാം തിരിച്ചറിയാത്തിടത്തോളം ഭഗവാൻ നമുക്ക് അദൃശ്യനാണ്. കേൾക്കുന്നതൊക്കെ ഭഗവാന്റെ ശബ്ദമാണെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ നാം തിരിച്ചറിയാറില്ല. അതുപോലെ ഇന്ദ്രി വിഷയങ്ങളായ നമ്മുടെ എല്ലാ അനുഭവങ്ങളും ഭഗവാന്റെ വിഭൂതികളാണെന്നു നാം ഓർക്കാറില്ല. മഹാജ്ഞാനികളായ ആചാര്യന്മാർപോലും തങ്ങളുടെ അനുഭവങ്ങളുടെ പ്രഭവസ്ഥാനമായ ഭഗവാനെ പലപ്പോഴും തിരിച്ചറിയാറില്ല. അനേകമനേകം രൂപങ്ങളിൽ അകത്തും പുറത്തും സഭാദൃശ്യനാണെങ്കിലും മായാവൈഭവംകൊണ്ട് അദൃശ്യനായി തുടരുന്നതിനാൽ അദൃശ്യനാണ് ഭഗവാൻ ശ്രീ ഹരി!!.
305 - വ്യക്തരൂപഃ:- യോഗികളുടെ ഹൃദയത്തിൽ സ്വയം പ്രകാശമനതത്ത്വൽ വ്യക്തരൂപമെടുത്ത് ദർശനം കൊടുക്കുന്നവൻ , അവതാരങ്ങളിൽ അവിടുത്തെ സുവ്യക്തരൂപം ദൃശ്യമാകും, സ്ഥൂലരൂപത്തിൽ വ്യക്തമായ സ്വരൂപമുള്ളവൻ, . സ്ഥൂലമായ മനുഷ്യരൂപമെടുത്ത് ധർമ്മസംസ്ഥാപനത്തിനായി അവതരിച്ച് രൂപം വ്യക്തമാകുന്നവൻ, അവതാരങ്ങളിൽ ഭഗവാൻ മത്സ്യത്തിന്റെയും കൂർമ്മത്തിന്റെയും വരാഹത്തിന്റെയും രാമകൃഷ്ണാദികളുടെയും രൂപമുണ്ട്. ആ രൂപങ്ങളിലെല്ലാം മനുഷ്യർ ഭഗവാനെ ആരാധിക്കുന്നുണ്ട്. ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളിലും ചിത്രങ്ങളിലും ഭക്തരുടെ മനസ്സിലും ഭഗവാൻ വ്യക്തരൂപനാണ്. പ്രപഞ്ചത്തിൽ കണ്ടുംകേട്ടും മണത്തും രൂചിച്ചും സ്പർശിച്ചും അറിയാവുന്ന ചരവും അചരവുമായ എല്ലാ വസ്തുക്കളും ജീവികളും ഭഗവാന്റെ വ്യക്തമായ രൂപങ്ങളാണ്.
306 - സഹസ്രജിത് :- സഹസ്രം (ആയിരം) അസുരന്മാരെ ഒറ്റക്ക് മുഹൂർത്ത മാത്രേണ ജയിക്കുന്നവൻ , ആയിരം യുഗം ജലോപരി യോഗനിദ്രയിൽ കിടന്നുകൊണ്ടുതന്നെ ഇങ്ങനെ സർവ്വരേയും ജയിക്കുന്നവൻ. ഭക്തമസ്സിലെ കാമക്രോധദിശത്രു വൃന്ദത്തെ നശിപ്പിച്ച് ഭക്തരെ നയിക്കുന്നവൻ.
307 - അനന്തജിത്:- അനന്തമായി ജയിച്ചുകൊണ്ടിരിക്കുന്നവൻ , യുദ്ധക്രീഡയിൽ അനന്തം സർവ്വത്ര ചിന്തനീയമായ ശക്തിയാൽ ജയിക്കുന്ന അനന്തജിത്, ഭഗവാൻ്റെ അനന്തമായ ലീലകൾ അനന്തനുപോലും ഊഹിക്കാനാവാത്തത്ര ഗഹനമാകയാലും അനന്തജിത്ത്, യുദ്ധത്തിലായാലും ക്രീഡയിലായാലും ഭഗവാൻ അനായാസമായി ജയിക്കുന്നു. അതിനാൽ അനന്തജിത്, എല്ലാ ഭൂതങ്ങളേയും ജയിക്കുന്നവൻ.
308 - ഇഷ്ടഃ :- പരമാനന്താത്മകത്വത്താൽ എല്ലാവർക്കും പ്രിയൻ - ഇഷ്ടൻ, പരമാന്തസ്വരുപകൻ ആകയാൽ എല്ലാവർക്കും ഇഷ്ടൻ, .യജ്ഞം (ഇഷ്ടി) കൊണ്ട് പൂജിതനാകയാലും ഇഷ്ടൻ, എന്താണ് ആ യജ്ഞം -- മന്ത്രശബ്ദത്തിന്റെ അകമ്പടിയോടെ യഥാർഥ അഗ്നിയിൽ യഥാർഥദ്രവ്യങ്ങൾ ആഹുതി ചെയ്യലാണ് വേദങ്ങളിൽ പറയുന്ന യജ്ഞം. ജ്ഞാനയജ്ഞം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അന്തഃകരണമാണ് ഇവിടെ ഹോമകുണ്ഡം. ജ്ഞാനമാണ് അഗ്നി. അത് അവനവനിലെ അരണി കടഞ്ഞ് ജ്വലിപ്പിക്കാം. അതിന്റെ കലവറകളായ ഗുരുനാഥരിൽ നിന്ന് ഏറ്റുവാങ്ങുകയും ആകാം. ഒരു പൊരി കിട്ടിയാൽ പിന്നെ അതിലേക്ക് ഇന്ധനമായി ആഹുതി ചെയ്യാൻ ധാരാളം സാമഗ്രി നമ്മുടെ കൈയിൽ ഉണ്ട്. കണക്കറ്റ അറിവില്ലായ്മകൾ തന്നെ! ഹോമകുണ്ഡത്തിലേക്ക് അതിൽ നിന്നെടുത്ത് പകരുന്തോറും ആ പകർച്ച ഭക്ഷിച്ച് അറിവിന്റെ അഗ്നി അഭിവൃദ്ധിപ്പെടും. അജ്ഞാനസഞ്ചയം ഒടുങ്ങുമ്പോൾ യജ്ഞം അവസാനിക്കുന്നു . ഭക്തന്മാരുടെ ഇങ്ങനെയുള്ള ഇഷ്ടിയാൽ (യജ്ഞത്താൽ) ഇഷ്ടമുള്ളവൻ ,
309 - അവിശിഷ്ടഃ ;- ഭഗവാൻ വിശിഷ്ടരുടെ മാത്രമല്ല, അവിഷ്ടരുടെയും അന്തര്യമിയാണ്, സർവ്വേഷാമന്തര്യാമേത്വേന അവിശിഷ്ട . എല്ലാവരിലും അന്തർഭാഗത്ത് വസിക്കുന്നവൻ, എല്ലാ ജീവികളിലും അന്തര്യാമിയായി ഒരു പോലെ സ്ഥിതി ചെയുന്നു. സാക്ഷിയായി സ്വയം പ്രകാശത്തോടു കൂടി നില്കുന്നു. അതുകൊണ്ട് അവിശിഷ്ടൻ. സർവ്വരിലും അന്തര്യാമത്വം കൊണ്ട് അവിശിഷ്ടനാമം. ഭഗവാൻ എല്ലാ ജീവികളുടെയും അന്തർഭാഗത്ത് സ്ഥിതിചെയ്യുന്നു. ഓരോ കർമ്മം ചെയ്യാൻ തുടങ്ങുമ്പോഴും ഇതു തെറ്റ്, ഇതു ശരി, ഇതു ധർമ്മം, ഇത് അധർമ്മം എന്ന് അന്തര്യാമിയായ ഭഗവാൻ നമ്മെ അറിയിച്ചുകൊണ്ടേയിരിക്കും. ഭഗവാൻ നല്കുന്ന ഹിതാഹിത നിർദ്ദേശത്തെ അവഗണിക്കുന്നവരുടെയുള്ളിൽ ഭഗവാൻ ക്രമമായി നിശ്ശബ്ദനാകും. എല്ലാ പ്രവൃത്തികളും ഭഗവാനു ചെയ്യുന്ന സേവയായി കരുതി പ്രവർത്തിക്കുന്നവരുടെ എല്ലാ ചുമതലകളും ഭഗവാൻ ഏറ്റെടുക്കും. അവർക്ക് അഹിതമായ ഒന്നുംതന്നെ സംഭവിക്കുകയില്ല. ഭഗവാൻ തയാശ്ന്നെ ഇക്കാര്യം അരുളിചെയ്തിട്ടുണ്ട്. ''''അനന്യാശ്ചിന്തയന്തോമാം യേ ജനാഃപര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം'' (അനന്യചിത്തരായി എന്നെ ഉപാസിക്കുന്ന നിത്യാഭിക്തരുടെ യോഗക്ഷേമത്തെ ഞാൻ വഹിക്കുന്നു.
310 - ശിഷ്ടേഷ്ടഃ :- ശിഷ്ടൻമാർക്കു പ്രിയനായവൻ, ശിഷ്ടരായ വിദ്വാന്മാർക്ക് ഭഗവാൻ ഇഷ്ടനാണ്, പ്രിയനാണ്, ഭഗവാൻ ശിഷ്ടരോട് ഇഷ്ടം കൂടുതലുള്ളവരാണ്. ജ്ഞാനിക്ക് താനും , തനിക്ക് ജ്ഞാനിയും പ്രിയരാണ് ഭഗവാൻ പറയുണ്ട്. ശിഷ്ടരാൽ പ്രേമപൂർവ്വം പൂജിതനായവൻ ശിഷ്ടേഷ്ടൻ... ആരാണ് ശിഷ്ടൻമാർ? ജീവിതചര്യയിൽ ആത്മീയോന്നമനത്തിനു പ്രാധാന്യം നൽകി ജീവിതം ചിട്ടപ്പെടുത്തുന്നവരാണ് ശിഷ്ടജനങ്ങൾ..
311 - ശിഖണ്ഡീ :- " ശിഖണ്ഡ കലാപോ അലങ്കാര അസ്യേതി ശിഖണ്ഡി ഗോപവേഷധര" ശിഖ - മുടി , ശിഖി - നാഗം, മയിൽ ,എന്ന രണ്ടർത്ഥം, ഗോപാല വേഷം ധരിച്ച് മുടിയിൽ മയിൽപ്പീല ചാർത്തിയവൻ, മയിൽ അഹന്തയുടെയും സ്വന്തം ഭംഗിയിൽ ആകൃഷ്ടനാവുന്നതിൻറെയും പ്രതീകമാണ്, ശ്രീകൃഷ്ണ ഭഗവാൻ മയിൽപ്പീലി ചൂടിയവനാണ്. അഹന്തയെ വേരോടെ അറുത്തുകളയുന്നവനാണ് അവിടുന്ന്. എന്നിട്ട് അഹന്തയുടെ പ്രതീകമായി മയിലിൻറെ പീലി നെറുകയിൽ ചൂടുകയും ചെയ്യുന്നു. അഹന്തയെ അലങ്കാരമായി മാറ്റുകയാണ്, കലാപമെന്നാൽ കിലുങ്ങുന്ന ആഭരണങ്ങൾ , മുടിയിൽ കിലുങ്ങുന്ന സ്വർണ്ണാർഭരണം ധരിച്ചലും മയിൽപ്പീലി ധരിച്ചാലും കലാപാലങ്കാരമാണ്, ശിഖണ്ഡി എന്നാൽ നപുംസകവുമാണ്, പകുതി പുരുഷോചിതവും, പകുതി സ്ത്രൈണവുമായ അലങ്കാരങ്ങളുചിഹ്നങ്ങളുമണിഞ്ഞ് തനിക്ക് ലിംഗവിവേജനമില്ല എന്ന് ഘോഷിക്കുന്നവൻ, സ്ത്രീപുരുഷ വിവേചനമില്ലാത്ത ആത്മസ്വരൂപൻ, ശിരസ്സിൽ നാഗത്തെ അണിഞ്ഞ യോഗി, മയിൽപ്പീലി ചൂടിയ ഗോപാലകൃഷ്ണൻ, സ്വർണ്ണഭരങ്ങളണിഞ്ഞ മോഹിനി, അങ്ങനെ സ്ത്രീയും പുരുഷനുമായ അദ്വൈതമൂർത്തി,
312 - നഹുഷഃ :-എല്ലാ ഭൂതങ്ങളേയും മായകൊണ്ട് ബന്ധിക്കുന്നവൻ, "യതോ നഹ്യതി ഭൂതാനി മായയാ അത നഹുഷ" ആരു മായകൊണ്ട് ഭൂതങ്ങളെ ഭ്രമിപ്പിച്ച് വശത്താക്കുന്നുവോ ആ സർപ്പവേഷധാരിയായ മായാവി നഹുഷനെന്ന യാദവ ചക്രവർത്തി , ബന്ധനം ശീലമാക്കിയവൻ നഹനം എന്നു വെച്ചാൽ ബന്ധനം. അതു സഹജസ്വാഭാവമായിരിക്കുന്നതിനാൽ നഹുഷഃ . എന്താണു ഭഗവാൻ ബന്ധിക്കുന്നത് എന്നു ചോദിച്ചാൽ എന്തിനെയാണു ബന്ധിക്കാത്ത്! എന്നേ പറയാൻ പറ്റൂ. മായയിൽ സർവ്വചരാചരങ്ങളെയും കെട്ടിയിടുന്നു. ആ കെട്ടഴിച്ചു വരുന്ന ശിഷ്ടജനങ്ങളെ തൻറെ പ്രേമത്തിൽ എന്നെന്നേക്കുമായി ബന്ധിച്ചിടുന്നു.
313 - വൃഷഃ :- " കാമാനം വർഷണാൽ വൃഷ ധർമ്മഃ" ധർമ്മത്തെ വർഷിച്ച് സർവ്വ കാമവും തരുന്ന കാമവ്രഷിയായ വൃഷൻ, കാമങ്ങളെ വർഷിക്കുന്നവൻ. ' വൃഷോഹി ഭഗവാൻ ധർമ്മ സ്മൃതോ ലോകേഷു ഭാരത നൈകണ്ഡുകപദാഖ്യാനൈർവ്വിധി മാം വൃഷ ഇത്യുത" നിഘണ്ഡുകാരന്മാരുടെ വ്യാഖ്യാനപ്രകാരം ഞാൻ വൃഷനെന്ന് -ധർമ്മ - അറിയപ്പെടുന്നു. വൃഷം ധർമ്മമാണ് ഈശ്വരനാണ്, ഭഗവാൻ ധർമ്മസ്വരൂപം തന്നെ. അഗ്നിയുടെ ചൂടായി, ജലത്തിൻറെ തണുപ്പായി ധർമ്മം ലോകത്തിൽ വ്യവസ്ഥിതമായിരിക്കുന്നു. പരധർമ്മം അനുഷ്ഠിക്കുന്നതാണ് ഫാപം. നിങ്ങൾക്കു പറഞ്ഞിട്ടുളളതാണ് നിങ്ങൾ ചെയ്യേണ്ടത്. അതു കണ്ടുപിടിക്കാൻ അവനവനിലേക്കു സത്യസന്ധമായി തിരിയണം. ആന്തരികതയിലേയ്ക്കു ഉണരുമ്പോൾ നിങ്ങൾ ലോകത്തിൻറെ നേർക്ക് ഉറങ്ങിപ്പോകുന്നു. ധർമ്മം അനുഷ്ഠിക്കുന്ന ഒരാളെ രക്ഷിക്കുന്നത് ധർമ്മം തന്നെയാണ്. കാരണം ധർമ്മം അവിടുന്നു തന്നെയത്രേ.....
314 - ക്രോധഹാ :- സജ്ജനങ്ങളുടെ ക്രോധത്തെ നശിപ്പിക്കുന്നവൻ . ഭഗവാൻറെ യഥാർത്ഥ ഭക്തർക്ക് ഒരു സഹിശേഷത കാണാം. അവർ പൊതുവെ ശാന്തരാണ്. ഭഗവാൻ തൻറെ ഭക്തരുടെ ക്രോധത്തെ ഹനിച്ചു കൊളളന്നതിനാലാണ് ഇത്. കാമക്രോധമദലോഭങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ് . ഒന്നിന് ഇടമുണ്ടായാൽ ബാക്കിയുളളവയും വരും. ഇതിൽ മൂലകാരണം കാമമാണ്.
315 - ക്രോധകൃത് കർത്താ :- ദുഷ്ടരിൽ ക്രോധത്തെ ഉളവാക്കി അവരെ ഹനിക്കുന്നവൻ. അസുരന്മാരിൽ ക്രോധം നിറച്ച് ദേവന്മാരുമായി യുദ്ധത്തിനു പ്രേരിപ്പിക്കുന്നതും ഭഗവാൻ. അവരെ ഹനിക്കുന്നതും ഭഗവാൻ . ഇതാണ് ലീല. ക്രോധത്തെ സൃഷ്ടിക്കുന്നവനും അവനാണ്, അസാധുക്കളിലും , സാധുക്കളിലും ക്രോധത്തെ ഉണ്ടാക്കുന്നവനും അവ ശമിപ്പിക്കുന്നനും ഭഗവാനാണ്, സാധുക്കളിലെ ക്രോധത്തെ കൃതനം ചെയ്യുന്നവൻ അഥവാ ചേദിക്കുന്നവൻ ഭഗവാൻ തന്നെയാണ്.. എന്തിനാണ് ഭഗവാൻ സാധുക്കളിൽ ക്രോധത്തെ ജനിപ്പിക്കുന്നത് ആ ക്രോധത്തിൻ്റെ പേർ ധാർമികരോഷം എന്നാണ്. അധർമ്മത്തെ അമർച്ചചെയ്യുവാനാണ് ഭഗവാൻ സാധുക്കളിൽ കോധത്തെ ജനിപ്പിക്കുന്നത്..
316 - വിശ്വബാഹുഃ :- വിശ്വത്തെ മുഴുവൻ ആലിംഗനം ചെയ്യുന്നതിനായി സർവ്വ ദിക്കിലും ബാഹുക്കളുള്ളവൻ വിശ്വബാഹു. സർവ്വചരാചരങ്ങളുടെയും കൈകൾ തൻറേതാക്കിയത് ആരോ അവൻ. എല്ലായിടത്തും ബാഹുക്കൾ എത്തുന്നവൻ. വിശ്വത്തെ താങ്ങുവാൻ അവിടുത്തേക്ക് ആയിരം ബാഹുക്കളുണ്ട്. ചില മനുഷ്യർ ഭഗവാൻറെ ആജ്ഞയാൽ ധർമ്മത്തിൻറെ നാശം തടയാനായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ മഹാപുരുഷന്മാരുടെ രൂപത്തിൽ വന്ന് ഭഗവാൻ ധർമ്മ സംരക്ഷണം നടത്തുന്നു, ഇതെല്ലാം ഭഗവാൻ്റെ ബാഹുക്കൾ തന്നെ, മനുഷ്യരുറ്റെ കൈകൾ പ്രവർത്തിക്കുന്നതും ആ ഭഗവാൻ്റെ ഊർജ്ജമാണ് അപ്പോൾ അതും ആ ഭഗവാൻ്റെ ബാഹുതന്നെ, വിശ്വമായ മഹത്തായ ബാഹുക്കകളുള്ളവനാണ് ഭഗവാൻ ശ്രീ ഹരി. . കൈയാണ് കർമ്മേന്ദ്രിയങ്ങളിൽ മുഖ്യം. ഭഗവാന്റെ കൈകൾ വിശ്വത്തിലെ എല്ലാ കർമ്മങ്ങൾ ചെയ്യുന്നവയാകയാൽ വിശ്വബാഹു എന്ന വിശേഷണം അർഹിക്കുന്നു. സങ്കൽപംമാത്രം കൊണ്ടു പ്രപഞ്ചം സൃഷ്ടിക്കുന്ന ഭഗവാൻ അതിന്റെ പരിപാലനത്തിനായി വിശ്വബാഹുവായി രൂപം സ്വീകരിക്കേണ്ടിവരുന്നു, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ദേവന്മാരുടെയും ദാനവരുടെയും മനുഷ്യരുടെയും മറ്റു ജീവികളുടെയും കൈകളെല്ലാം ഭഗവാന്റെ കൈകളാണെന്നു പറയാം. എല്ലാ കൈകളിലൂടെയും ഭഗവാൻ പ്രപഞ്ച പ്രവർത്തനം അവിരാമമായി നടത്തുന്നു.
317 - മഹീധരഃ :- മഹിയെ - ഭൂമിയെ - ധരിക്കുന്നവൻ, താങ്ങിനിർത്തുന്നവൻ . ഹിരണ്യാക്ഷൻ ആ മഹാജലധിയിൽ താഴ്തിക്കളഞ്ഞ ഭൂമിയെ കാട്ടുപന്നിയുടെ രൂപം ധരിച്ച് ദംഷ്ട്രയുടെ മുകളിൽ പൊക്കിക്കൊണ്ടുവന്നു. തൻ്റെ ഭക്തരുടെ മഹിയെ - പുജയെ സ്വീകരിക്കുന്നവൻ, വിശ്വസൃഷ്ടി നടത്തിയപ്പോൾ സകല സൃഷ്ടിയിലും പ്രവേശിച്ച് സർവ്ലഭൂതങ്ങൾക്കും ഓജസ്സുനൽകിയ ഭഗവാൻ. എല്ലാ പൂജകളും സ്വീകരിച്ചു സദാ പ്രസന്നനായിരിപ്പതും ഭഗവാൻ. അതിനാൽ രണ്ടു വിധത്തിൽ മഹീധരൻ, ( മഹി എന്നതിന് ഭൂമി എന്നും പൂജ എന്നും അർത്ഥം പറയാം) എപ്രകാരമാണോ പാൽകടലിൽ താഴ്ന്നു പോയ മന്ദരപർവ്വതത്തെ ഉയർത്തി കൊണ്ടു വന്നത് അപ്രകാരം ഘോര സംസാരാർണോധിയിൽ നിന്ന്. തടയാൻ പറ്റാത്ത, തരണം ചെയ്യാൻ പറ്റാത്ത, ഭയംജനിപ്പിക്കുന്ന, പ്രപഞ്ചമാകുന്ന സാഗരത്തിൽ കിടന്നുഴലുന്ന ത്ൻ്റെ ഭക്തന്മാരെ വിഷ്ണുഭജനം കൊണ്ട് സംസാരസാഗരത്തിൽ നിന്ന് പൊക്കിക്കൊണ്ടു വരുന്നു. മഹ എന്നാൽ ശാരദതിലകതന്ത്രപ്രകാരം വാക്ക് നാദം ബ്രഹ്മം .. ഭക്തന്മാരുടെ സ്തുതിവചനങ്ങളും കീർത്തനങ്ങളും പൂക്കളായും പൂമാലകളായും ചൂടി ആനന്ദിക്കുന്നവൻ വർണ്ണാക്ഷരമാലാധരൻ വർണ്ണമാലാധരൻ അനേകവർണ്ണങ്ങളാൽ ശബളമായ പൂക്കളും പുഴകളും നിറഞ്ഞ ഭൂമിയെ ധരിച്ചവൻ.
318 - അച്യുതഃ :- ഒരിക്കലും ച്യുതി (നാശം) സംഭവിക്കാത്തവൻ, ജനനമരണങ്ങൾ, നാശം ഒന്നും ബാധിക്കാത്തവനാണ് ഭഗവാൻ, ജനനം മുതലായ ആറുഭാവവികാരങ്ങളോടും കൂടാത്തവൻ, ഇളക്കവും മാറ്റവും വൃദ്ധിയും ക്ഷയവുമില്ലാത്ത ശാശ്വതൻ, നിർവികാരമായ പരബ്രഹ്മം സ്വരൂപമായവൻ. ഷഡ്ഭാവവികാരശൂന്യത്വം കൊണ്ടാണ് അച്യുതത്വം , സൃഷ്ടികർത്താവായ ബ്രഹ്മാവിനു വരെ നാശമുണ്ടെങ്കിലും അവിടുന്നു അച്യുതനാണ്. നാശമില്ലാത്തവനാണ്. " ശാശ്വതം ശിവമച്യുതം " എന്ന് നാരായണ ഉപനിഷത്തിലുണ്ട്. ഒരിക്കലും നാശമില്ലാത്ത സദാ ഭക്തരെ ഉയർത്തുന്നതിൽ ജാഗരൂകനായിരിക്കുന്ന അച്യുതനാണ്. എത്ര രാശികൾ തന്നിൽ നിന്നു പുറത്ത് പോയാലും അവികാരിയായിരിക്കുന്ന ഖഹരം(പൂജ്യം) , എത്ര ഭൂതഗ്രാമങ്ങൾ തന്നിൽ നിന്ന് പ്രഭുർഭവിച്ചാലും എത്രഭൂതഗ്രാമങ്ങൾ തന്നിൽ വിലയിച്ചാലും, അവികാരിയായിരിക്കുന്ന അനന്തയോഗ നിദ്രയിലാണ്ട അച്യുതനെപോലെ സദാ പൂർണ്ണമാണ് (ബ്രഹ്മം.
319 - പ്രഥിതഃ :- അറിയപ്പെടുന്നവൻ. വിശ്രുതനായവൻ, പ്രസിദ്ധനായവൻ, ജഗത്തിന്റെ ഉത്പത്തി മുതലായ കർമ്മങ്ങളെക്കൊണ്ട് പ്രഥിതൻ - പ്രസിദ്ധൻ, ഭഗവാൻ ഉപാദികളിൽ നിന്നും ദ്വന്ദ്വസ്വഭാവത്തിൽ നിന്നും സ്വതന്ത്രനായ പരമാത്മാവാണ്. സ്വയം പ്രകാശിതമായ ഭഗവാൻ ഏകമാണ്. ഭഗവാന് രണ്ടാമതായിട്ടൊന്നില്ല. ക്ഷരപുരുക്ഷനും അക്ഷരപുരുഷനും അതീതനായ ഭഗവാൻ തികച്ചും സമ്പൂർണ്ണനാണ്. ആകയാൽ ലോകവും വേദങ്ങളാലും ഭഗവാൻ പുരുഷോത്തമൻ എന്ന നാമത്താൽ പ്രഥിതൻ - പ്രസിദ്ധൻ, വ്യാപിക്കുന്നവൻ. വികസിക്കുന്നവൻ. സ്വയം ലോകങ്ങളായും ചരാചരങ്ങളായും കർമ്മങ്ങളായും വികസിക്കുന്നവൻ. കീർത്തിമാൻ, പ്രസിദ്ധൻ എന്നും അർത്ഥം. വേദങ്ങളും വേദാന്തങ്ങളും വിളംബരം ചെയ്യുന്നതും പുരാണേതിഹാസങ്ങൾ ചർച്ചചെയ്യുന്നതും ഭഗവാന്റെ കീർത്തിയാണ്. സൃഷ്ടി സ്ഥിതി സംഹാര കർത്താവാണ് അവിടുന്ന് എന്നു വേദങ്ങളും പുരാണങ്ങളും ഒരുപോലെ ഉദ്ഘോഷിക്കുന്നുണ്ട്. സൃഷ്ടികളുടെ വൈവിധ്യത്തിലും സാമർത്ഥ്യത്തിലും എത്ര അതിശയകരമായി അവിടുന്നു സ്വയം വിന്യസിച്ചിരിക്കുന്നു! ധർമ്മപ്രതിപത്തികൊണ്ടും ഭക്തവാത്സല്യംകൊണ്ടും സർവാതിശായിയായ ഭഗവാന്റെ കീർത്തി ലോകത്തെ പ്രകാശിപ്പിക്കുന്നു..
320 - പ്രാണഃ :- സൂത്രാത്മാവായി സൃഷ്ടികളിൽ സ്ഥിതി ചെയ്യുന്നവൻ, സൂത്രാത്മാവായി സർവ്വ ജീവജാലങ്ങളിലും ജീവോർജ്ജസഞ്ചാരം ചെയ്യുന്നതിനാൽ പ്രാണഃ , പ്രാണയാതീതി പ്രാണൻ പ്രാണോ വ അഹമസ്മി, എല്ലാ സൃഷ്ടികളിലെയും പ്രാണശക്തി ഭഗവാനാണ്. സ്ഥൂല സൂക്ഷ്മ ശരീരങ്ങളെ സൂത്രാത്മാവായി ബന്ധിപ്പിക്കുന്ന ജീവൻ നൽകുന്നു. വായുവാകുന്ന സൂത്രം കൊണ്ടാണ് എല്ലാം കെട്ടപ്പെട്ടിരിക്കുന്നത്. ഈ വായു പോയാൽ ശരീരം ജഡമാകുന്നു. ആ വായുവാണ് സൂത്രാത്മാവും.
321 - പ്രാണദഃ :- പ്രാണനെ തരുന്നവൻ , പ്രാണങ്ങളെ ദാനം ചെയ്യുന്നവൻ. ചേഷ്ടിപ്പിക്കുന്നവൻ, പ്രാണനും പ്രാണനായിരുന്ന് പ്രാണസന്ധാരണം സാദ്ധ്യമാക്കുന്നവൻ, ജീവികളിൽ ജീവനായി വര്ത്തിക്കുന്ന ചൈതന്യമാണ് പ്രാണൻ . ജഡവസ്തുക്കളുടെ സംഘാതമായ ദേഹത്തിനുള്ളിൽ പ്രാണനുള്ളപ്പോൾ മാത്രമേ അതിനു ചേഷ്ടിക്കാനും നിലനില്ക്കാനും വളരാനും കഴിയൂ. ജീവന്റെ ഒരു അടയാളം ചലനം ആകുന്നു. ഇത് തരുന്നത് ഭഗവാൻ ആകുന്നു. ജന്തുക്കളെ നന്നായി ചേഷ്ടിപ്പിക്കുന്നതിനാൽ ഭഗവാൻ പ്രാണദ.....
322 - വാസവാനുജഃ :- വാസവൻ ദേവേന്ദ്രൻ ഇന്ദ്രൻറെ അനുജൻ, ഇന്ദ്രൻ്റെ അനുജനായി അശ്യപനും അദിതിക്കും പിറന്ന വാമനൻ സ്വരൂപൻ, വാസവൻ്റെ അനുജനായി പിറന്ന ത്രിവിക്രമസ്വരൂപനായ 322 - വാസവാനുജഃ :- വാസവൻ ദേവേന്ദ്രൻ ഇന്ദ്രൻറെ അനുജൻ, ഇന്ദ്രൻ്റെ അനുജനായി അശ്യപനും അദിതിക്കും പിറന്ന വാമനൻ സ്വരൂപൻ, വാസവൻ്റെ അനുജനായി പിറന്ന ത്രിവിക്രമസ്വരൂപനായ വാമനൻ,,
323 - അപാംനിധിഃ :- സമുദ്രം , സമുദ്രരൂപത്തിലിരിക്കുന്നവൻ, സമുദ്രവും ഭഗവാൻ്റെ വിഭൂതി തന്നെയാണ്, " സരസാമസ്മി സാഗരഃ" ജലാശയങ്ങളിൽ സമുദ്രവും ഞാൻ തന്നെ എന്ന് ഭഗവാൻ പറയുന്നു. .ജലാശയങ്ങളിൽ വെച്ച് മഹത്താകുന്നു സമുദ്രം.. സമുദ്രം ഭൂമിയിലെ ചക്രികതയുടെ ആധാരമാണ് , അതിൽ നിന്ന് ഉയർന്ന് അതിൽ തിരിച്ചെത്തുന്നതാണ് ജല ചക്രം , വിസ്തൃതിയുടെ പ്രത്യക്ഷമായ അനന്തതയും ജീവൻ്റെ ഉൽപത്തി സ്ഥാനമെന്ന മഹിമയും അതിനെ അനന്യമാകുന്നു. എല്ലാം ഉൽഭവിച്ച് തിരികെ ലയിക്കുന്നത് പരംപൊരുളിലായാതിനാൽ , ജലവിഷയത്തിൽ സമാനസ്വഭാവമുള്ള സമുദ്രത്തെ വിഭൂതിയായി പറയുന്നു. സാഗരപുത്രന്മാർ ഭൂമികുഴിച്ചുണ്ടാക്കിയതു കൊണ്ടാണ് സാഗരം എന്നു പേരു കിട്ടിയത് മറ്റെല്ലാ ജലാശയങ്ങൾക്കും ജലം നൽകുന്നതും, നദികളുടെയൊക്കെ അഭയസ്ഥാനവും സാഗരമാണ് അതുകൊണ്ട് സാഗരം ബ്രഹ്മവിഭൂതിയാക്കാൻ തികച്ചും യോഗ്യം തന്നെയാണ്...
324. അധിഷ്ഠാനം :- സർവ്വ ഭൂതങ്ങളും ബ്രഹ്മത്തിൽ അധിഷ്ഠിതാകയാൽ ബ്രഹ്മം അധിഷ്ഠാനം, ബ്രഹ്മം സർവ്വത്തിൻ്റെയും ഉപാദാനകാരണം ആണ് ഉപദാനകാരണത്തിന്റെ രൂപത്തിൽ സകല ഭൂതങ്ങളുടേയും സ്ഥിതി സ്ഥാനം, "മത് സ്ഥാനി സർവ്വഭൂതാനി" ചരാചരങ്ങളായ സർവ്വഭൂതങ്ങളും ഭഗവാനിൽ സ്ഥിതി ചെയ്യുന്നു.
325.അപ്രമത്തഃ കർമ്മം ചെയ്തവർക്ക (അധികാരികൾക്ക്) കർമ്മാനുരുപമായ ഫലം കൊടുക്കുന്നു. , ഈ കർമ്മത്തിൽ എപ്പോഴും പ്രമാദം (തെറ്റ്) പറ്റാത്തവൻ അപ്രമതൻ , കർമ്മഫലം നൽകുന്നതിൽ തെറ്റു പറ്റാത്തവൻ. പ്രമക്ക് ജ്ഞാനം അധികാരമുള്ളവർക്ക് പ്രമക്ക് നൽക്കുന്നവൻ പ്രമദനൻ, അധികാരമില്ലാത്തവർക്ക് പ്രമകൊടുക്കാകയാൽ അവർ ഞങ്ങൾക്ക് പ്രമ തരാത്തവൻ എന്ന് പരിഭവിച്ചു പറയുന്നു. ഈശ്വരൻ എനിക്ക് അർഹിക്കുന്നത് തന്നില്ല എന്ന് പറഞ്ഞ് പരിഭവിക്കുന്നവർക്ക് അവൻ പ്രമദനാണ്, അല്ലാത്തവർക്ക് അവൻ അപ്രമദനും
326 - : പ്രതിഷ്ഠിതഃ :- സ്വമഹിമാവിൽ പ്രതിഷ്ഠിക്കപ്പെട്ടവൻ, "സ്വഃ ഭഗവഃ കസ്മിൻ പ്രതിഷ്ഠിതഃ ? സ്വേ മഹിമ്നി'' - ആ ഭഗവാൻ എവിടെയാണ് എങ്ങനെയാണ് വർത്തിക്കുന്നത്.? തന്റെ മഹിമയിൽ, തന്റെ സ്വമനിയയിൽ തന്നെ നിന്നുകൊണ്ടാണ് അവതരിക്കുന്നത്. അതായത് ഭഗവാൻ സച്ചിതാനന്ദ സ്വരൂപനാണ്- സത്-എന്നും ശാശ്വതം; ചിത്= ജ്ഞാനം, ആനന്ദം= ഒരിക്കലും ഒരു കുറവും ഇല്ലാത്ത ആനന്ദം ഇതാണ് ഭഗവാന്റെ സ്വരൂപം. സകല ജീവജാലങ്ങൾക്കും - ഉറുമ്പു മുതൽ മനുഷ്യൻ വരെ - അധിഷ്ഠാനമായിരിക്കുന്നത് അവിടുന്നു. അധിഷ്ഠാനമില്ലാതെ ആർക്കു നില നിൽക്കാനാകും?... സാമാന്യരൂപത്തിൽ എല്ലാം അറിയുന്നവനാണ് സർവ്വജ്ഞൻ. വിശേഷരൂപത്തിൽ ഓരോന്നിലുമായി അറിയുന്നവൻ സർവ്വവിത്ത്. ഇക്കാണാകുന്നതെല്ലാം ആത്മാവിന്റെ വിഭൂതികളാണ്. എല്ലാം ഉണ്ടാകുന്നതും നിലനില്ക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആത്മശക്തിയാലാണ്. എല്ലാറ്റിന്റെയും വിഭൂതിയായ ആത്മാവിനെ സാധകന്മാർ ഹൃദയത്തിൽ ധ്യാനിച്ച് സാക്ഷാത്കരിക്കുന്നു. സർവ്വജ്ഞനും സർവ്വവിത്തും ഭൂമിയിലെ എല്ലാ മഹിമകളുമായിരിക്കുന്നവനുമായ ആത്മാവ് ദിവ്യമായ ബ്രഹ്മത്തിന്റെ ആസ്ഥാനമായ ഹൃദയാകാശത്തിൽ പ്രതിഷ്ഠിതനായിരിക്കുന്നവൻ..
327 - സ്കന്ദഃ - "സേനാനിമഹം സ്കന്ദ" സേനാനികളിൽ ഞാൻ സ്കന്ദനാണ്. സ്കന്ദന് കാർത്തികേയൻ എന്നൊരു പേരു കൂടിയുണ്ട്. കാർത്തിക എന്നാൽ കർമ്മത്യാഗമെന്നർത്ഥം അതിലൂടെ ലോകത്തിൻ്റെ സംഹാരവും പ്രളയവും അഭിഷ്ഠപ്രാപ്തിയും ഉണ്ടാകുന്നു, "സ്കന്ദേതി അമൃതരൂപേണ സ്രവതി വായുരൂപേണ ശോഷയതി വാ സ്കന്ദ"... അമൃതരൂപത്തിൽ വർഷമായി അന്തരീക്ഷത്തിലും, ജലം വഹിച്ച നദികളിലായി ഭൂമിയിലും , പ്രാണജലമായി , രക്തമായി ജീവികളിലുടെ ശരീരത്തിലും , സ്രവിക്കുന്നവൻ, ഒഴുകുന്നവൻ സ്കന്ദൻ... അന്തരീക്ഷത്തിലും , ഭൂമിയിലും , ജൈവശരീരത്തിലും , ആയി സഞ്ചരിച്ച് അതിലെ ജലം വറ്റിച്ച് ശോഷിപ്പിക്കുന്നതും സക്ന്ദനാണ്... അമൃതധാര പ്രവഹിപ്പിക്കുന്നവൻ അമൃതം വർഷിക്കുന്ന കടാക്ഷമാണ് ഭഗവാൻ്റെത്. ഭക്തന്മാരെ അഗാധമായ കരുണയോടെ വീക്ഷിക്കുമ്പോൾ അമൃതിൻറെ ധാര വർഷിക്കും പോലെയാണ്. അത്രമേൽ ആനന്ദമാണ് ഭക്തഹൃദയത്തിൽ നിറയുക.
ഭക്തന്മാരുടെ സകലസങ്കടങ്ങളേയും ഭഗവാൻ ശോഷിപ്പിക്കുന്നു. അസുരശക്തികളുടെ ബലത്തേയും ശോഷിപ്പിക്കുന്നു. അതിനാലും സ്കന്ദ. പരമേശ്വര ആജ്ഞയാൽ സനൽകുമാരനാണത്രേ സ്കന്ദനായി അവതരിച്ച് സേനാധിപതിയായി ദേവന്മാരെ നയിച്ചതെന്ന് പുരാണങ്ങൾ പറയുന്നു. ' - സ്കന്ദൻ. ശത്രുക്കളെ ശോഷിപ്പിക്കുന്നവൻ എന്ന് ഈ നാമത്തെ വ്യാഖ്യാനിക്കാം. സ്കന്ദ് എന്ന ധാതുവിന് ശോഷിപ്പിക്കുക, നശിപ്പിക്കുക എന്നർത്ഥം ഉണ്ട്. സേനാനികളിൽ ഞാൻ സ്കന്ദനാണ് ' എന്ന് ഭഗവാൻ വിഭൂതിയോഗത്തിൽ പറയുന്നുണ്ട്. അതിനാൽ സ്കന്ദൻ ഭഗവാൻ തന്നെ.
328 - സ്കന്ദധരഃ - ധർമ്മാധർമ്മങ്ങളെ നിലനിർത്തുന്നവൻ, സ്കന്ദം ധർമ്മപഥം, അതിനെ താങ്ങിനിത്തുന്നവൻ, നിലനിർത്തുന്നവൻ, സ്കന്ധ - തോൾ, ഭൂമിയേയും പ്രപഞ്ചത്തേയും, ധർമ്മത്തെയും തൻ്റെ തോളിൽ വെച്ച് സംരക്ഷിക്കുന്നവൻ, ധർമ്മത്തെ നിലനിർത്തുന്നവൻ, ധർമ്മ മാർഗ്ഗത്തെ ധരിക്കുന്നവൻ.
329 - ധുര്യോഃ _ ഭാരമേറ്റുന്നവൻ ആരോ അവൻ 'ധൂരം വഹതി സമസ്ത ഭൂതഃ ജന്മാദിലക്ഷണമിതി ധുര്യ".. സർവ്വ ഭൂതങ്ങളുടെയും ജന്മങ്ങളുടെയും അകം വഹിക്കുന്നവൻ, ഭഗവാൻ വഹിക്കുന്ന ഭാരത്തെക്കുറിച്ചോർത്താൽ നാം വിനമ്രരായിപ്പോകും. സൃഷ്ടി സ്ഥിതി സംഹാരാദികൾ യാതൊരു ച്യുതിയുമില്ലാതെ ധർമ്മാനുസൃതമായി നടത്തി ജീവജാലങ്ങൾക്ക് കർമ്മഫലം നിയമാനുസൃതം നൽകി വിശ്വചക്രം തിരിക്കുന്ന അവിടുന്നു വഹിക്കുന്ന ഭാരത്തിനു തുല്യമായി യാതൊന്നുമില്ല. അതിനാൽ ധുരുഃ
330 - വരദഃ - അഭിമതമായ വരം നൽക്കുന്നവൻ വരദൻ, അഭിലാഷങ്ങൾ സാധിച്ചുതരുന്നവൻ , പശുവിനെ ദാനം ചെയ്യുന്നവൻ, ശ്രേഷ്ഠമായതു ദാനം ചെയ്യുന്നവൻ, ഭക്തിയോടെ ശരണാഗതിയടയുന്നവരുടെ യോഗക്ഷേമം താൻ തന്നെ വഹിക്കുമെന്ന ഭഗവാൻറെ വാഗ്ദാനം അഭീഷ്ടസിദ്ധി നൽകും. ഉദാരനായ പ്രേമിയാണ് അവിടുന്ന്, ക്ഷേമമെന്നതിന് ഭഗവാന്റെ കരുണാമയമായ രക്ഷയിൽ എന്നർത്ഥം. യോഗത്താൽ കൃഷ്ണാവബോധം നേടാനുള്ള യത്നത്തിൽ ഭഗവാൻ ഭക്തനെ സഹായിക്കും. അങ്ങനെ കൃഷ്ണാവബോധം ലഭിച്ച ശേഷം ക്ലേശപൂർണ്ണമായ ബദ്ധമായ ജീവിതത്തിലേയ്ക്ക് വീണ്ടും വീഴാനിട വരുത്താതെ രക്ഷിക്കുകയും ചെയ്യും, വരം - ഗോവ് - പശു, യജമാന രൂപത്തിൽ ദക്ഷിണ( വരം) കൊടുക്കുന്നവൻ, യജ്ഞാവസാനം പശുദ്ദാനം ചെയ്യുക പതിവുണ്ട് , യജ്ഞത്തിലെ യജമാനനായി വർത്തിക്കുന്നയാൾ . യജമാനനായി പശുദ്ദാനം നടത്തുന്നതും സാക്ഷാൽ ഭഗവാൻ തന്നെ. വരമായത് എന്നുവെച്ചാൽ ശ്രേഷ്ഠമായത് എന്നും അർത്ഥം പറയാം. വരമായതു നല്കുന്നവൻ വരദൻ ..... ഭഗവാൻ്റെ ദിവ്യരൂപത്തെ ധ്യാനിച്ചുകൊണ്ട് പൂർണ്ണമായ ഭക്തിയോടെ ആരാണോ ഭഗവാനെ എല്ലായ്ക്കപ്പോഴും ആരാധിക്കുന്നത്, അവർക്കുവേണ്ടുന്നതെല്ലാം ഭഗവാൻ നൽകും
331 - വായുവാഹനഃ
ആവാഹം തുടങ്ങി ഏഴ് വായുക്കളെ നയിക്കുന്നവനെന്നും, അവയെ വാഹനമാക്കി അവയിൽ സഞ്ചരിക്കുന്നവനെന്നും അർത്ഥം, - ആവാഹം, പ്രവാഹം, അനുവാഹം, സംവഹം, വിവഹം, പരാവഹം, പരിവഹം,- എന്നിവയാണ് ഏഴ് വായുക്കൾ, അവയുടെ പ്രവർത്തനപരിധി,
ഭൂമിക്കും മേഘത്തിനുമിടയിൽ ആവാഹം
മേഘത്തിനും സൂര്യനുമിടയിൽ പ്രവാഹം
സൂര്യനും ചന്ദ്രനും ഇടയിൽ അനുവാഹം
ചന്ദ്രനും നക്ഷത്രങ്ങൾക്കും ഇടയിൽ സംവഹം
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഇടയിൽ വിവഹം
ഗ്രഹങ്ങൾക്കും സപ്തർഷികൾക്കും ഇടയിൽ പരാവഹം
സപ്തർഷികൾക്കും ധ്രുവനും ഇടയിൽ പരിവഹം
ജീവജാലങ്ങൾക്കു പ്രാണനേകി ആ പ്രാണശക്തിയായിരിക്കുന്നത് ഭഗവാനാണ്, " ഭവദ്കൃപയല്ലേ വായുവിന്നു ബലമേകുവതെങ്ങും നീയതിന്നകമെയുള്ളതിനാൽ താൽ പായുമീവിധമതീയുലകത്തിൽ."
332 - വാസുദേവഃ - വസുദേവസുതൻ വാസുദേവൻ. ശ്രീകൃഷ്ണാവതാരത്തിൽ വസുദേവരുടെ പുത്രനായി ജനിച്ചതിനാൽ ഭഗവാനു വാസുദേവൻ എന്നുപേര്. ശ്രീകൃഷ്ണാവതാരത്തിനുമുമ്പും വിഷ്ണുവിനു വാസുദേവൻ എന്നു പേരുണ്ടായിരുന്നു. ആ നാമത്തെ ആചാര്യന്മാർ പലതരത്തിൽ വ്യാഖ്യാനിക്കുന്നു. വിഷ്ണുപുരാണത്തിൽ എല്ലാ ഭൂതങ്ങളും പരമാത്മാവിൽ വസിക്കുന്നതായി പറയുന്നു. എല്ലാ ആത്മാവിലും പരമാത്മാവ് വസിക്കുന്നതിനാലും വാസുദേവ. ജഗത്തിനെ മായകൊണ്ടു മറയ്ക്കുന്നവൻ എന്നു ശങ്കരാചാര്യർ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. '' സൂര്യൻ തന്റെ രശ്മികൾ കൊണ്ടെന്നപോലെ ഭഗവാൻ മായകൊണ്ട് ജഗത്തിനെയാകെ ആവരണം ചെയ്യുന്നു'' എല്ലാറ്റിലും വസിക്കുന്ന ഭഗവാനെ നാം കാണുന്നില്ല. എന്തുകൊണ്ട്? മായയാൽ സ്വയം ആച്ഛാദനം ചെയ്യുന്നതു കൊണ്ട് എപ്രകാരമെന്നു ചോദിച്ച് സൂര്യനായി ഭവിച്ചിട്ടു രശ്മികൾ കൊണ്ടു ലോകത്തെ മറയ്ക്കുന്നപോലെ എന്നു പറയണം, മായയാൽ മറയ്ക്കുന്നവൻ വാസുദേവൻ, വാസു എന്ന പദത്തിന് ജീവാത്മാവെന്നും പരമാത്മാവെന്നും അർത്ഥമുണ്ട്.
എല്ലാ ജീവികളിലും ജീവാത്മാവായി സ്ഥിതിചെയ്യുന്നതിനാലും പരമാത്മാവായി സർവ്വവ്യാപിയായി വർത്തിക്കുന്ന സര്വേശ്വരനാകയാലും ഭഗവാൻ വാസുദേവനാണ്. സർവ്വചരാചരങ്ങളും വസിക്കുന്നവൻ വാസുദേവൻ, ദേവ എന്ന വാക്കിനു ജയിക്കാൻ ഇച്ഛിക്കുന്നു. സ്തുതിക്കപ്പെടുന്നു. പ്രകാശിക്കുന്നു എന്നെല്ലാം അർത്ഥമുണ്ട് . ഭക്തരുടെ ആസുരഭാവങ്ങളെ ജയിക്കുന്നു. കിന്നര ഗന്ധർവ്വൻമാർ സ്തുതിക്കപ്പെടുന്നു. വെളിച്ചമെന്നു നാം അറിയന്നത് ആ മഹാനായ പ്രഭുവിൻറെ വിഭൂതിയാണ്. അതിനാലും വാസുദേവൻ. എല്ലാറ്റിലും വസിക്കുന്ന ഭഗവാൻ ഒരു വസ്ത്രം കൊണ്ടെന്നപോലെ മായയാൽ എല്ലാറ്റിനെയും ആഛാദനം ചെയ്ത് മറയ്ക്കുന്നു അതിനാൽ വസു, ക്രീഡിക്കുന്ന ലീലയിൽ പോലും വിജയം കാംക്ഷിക്കുന്നവനും , വ്യവഹരിക്കുന്നവനും, പ്രകാശിക്കുന്നവനും , കാമിക്കുന്നവനും , ഗതിശീലമുള്ളവനുമാകയാൽ ദേവൻ, ഈ രണ്ടു ഗുണശീലങ്ങളും ചേർന്നവൻ വാസുദേവൻ.
സൂര്യൻ തൻ്റെ രശ്മികളിലെന്നപോലെ ഭഗവാൻ പ്രപഞ്ചത്തെ മുഴുവനും ആഛാദനം ചെയ്യുന്നു. ഭഗവാൻ സർവ്വ ഭൂതങ്ങളിലും അധിവസിക്കുന്നു. അതിനാൽ ഭഗവാൻ വാസുദേവനാണ്, ഭഗവാൻ സർവ്വഭൂതങ്ങളിലും അതിവസിക്കുന്നു. വാസുത്വത്താൽ ഭഗവാൻ സർവ്വ ദേവന്മാരുടെയും ഉൽപ്പത്തിസ്ഥാനമാണ് അതുകൊണ്ട് യോഗികളും, തത്ത്വദർശികളും, ഭഗവാനെ വാസുദേവനെന്ന് വിളിക്കുന്നു. , ഭഗവാൻ സർവ്വത്ര സമസ്ത് വസ്തുക്കളിലും വസിക്കുന്നു അതുകൊണ്ട് വിദ്വാന്മാർ ഭഗവാനെ വാസുദേവനെന്ന് വിളിക്കുന്നു. സർവ്വ ഭൂതങ്ങളും പരമാത്മാവിൽ വസിക്കുന്നു. , പരമാത്മാവ് സർവ്വ ഭൂതങ്ങളിലും വസിക്കുന്നു. അതിനാൽ ആ പരമാത്മാവിനെ വാസുദേവനെന്ന് വിളിക്കുന്നു. "ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ വാസുദേവഃ സർവ്വമിതി" അനേകം ജന്മങ്ങൾ എടുത്തശേഷം, ജ്ഞാനിയായവൻ സകലവും വാസുദേവനാണെന്നറിഞ്ഞ് ഭഗവാനെ ഭജിക്കുന്നു, ഉള്ളിൽ വാസുദേവനെ നിരന്തരം ആരാധിക്കുന്നു.. വാസയതി = ഛാദയതി, മൂടിവെക്കുന്നവൻ എന്നും, ദിവ്യതി = പ്രകാശയതി, പ്രകാശിപ്പിക്കുന്നവൻ എന്നും .. അപരാ ശക്തിയായ മായകൊണ്ട് ജ്ഞാനം മറച്ചുവെക്കുന്നവനെന്നും, പരാശക്തിയായ മായകൊണ്ട് ജ്ഞാനം പ്രകാശിപ്പിക്കുന്നവൻ - വാസുദേവൻ ഈ വാസുദേവൻ -ശ്രീകൃഷ്ണൻ തന്നെയാണ്.....
333 - ബൃഹദ്ഭാനു : - ബൃഹത്തായഭാനമുള്ളവൻ (രശ്മികൾ), സൂര്യചന്ദ്രാദികളിൽ വർത്തിക്കുന്ന അതിമഹത്തായ കിരണങ്ങളുള്ളവനും ആ കിരണങ്ങളെ കൊണ്ട് എല്ലാ ലോകത്തേയും പ്രകാശിപ്പിക്കുന്നവനുമായ പരമാത്മാവായിട്ടുള്ളവൻ. ചന്ദ്രൻ സൂര്യൻ മുതലായ രശ്മിസമൂഹങ്ങളുള്ള പ്രകാശഗോളങ്ങളെ അതിശയിപ്പിക്കുന്നമാറ് ബൃഹത്തായ രശ്മികളോടെ സർവ്വ പ്രപഞ്ചത്തെയും ഭാസമാനമാക്കുന്ന (പ്രാകാശിപ്പിക്കുന്ന) സ്വഭാവത്താൽ ബൃഹദ്ഭാനു. സൂര്യന് സൗര്യയൂഥത്തെ പ്രാകാശിപ്പിക്കുവാനെ കഴിയൂ, ചന്ദ്രൻ ഭൗമാന്തരീക്ഷത്തെ മാത്രവും, വാസുദേവനാകട്ടെ അനേകം ബ്രഹ്മാണ്ഡങ്ങളെ പ്രകാശിപ്പിക്കുന്നു. എല്ലാ ജ്യോതിസ്സുകൾക്കും പരമമായ ജ്യോതിസ്സായിരിക്കുന്നവൻ ബൃഹദ്ഭാനു,
ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നമോ വിദ്യുതോ ഭാന്തി കുതോഽയമഗ്നിഃ
തമേവ ഭാന്ത മനുഭാന്തി സർവ്വം
തസ്യഭാസാ സർവ്വമിദം വിഭാതി
സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ശോഭിക്കുന്നില്ല. മിന്നലുകളുമില്ല. അഗ്നിക്ക് അവിടെ പ്രസക്തി ഒന്നും തന്നെയില്ല. പ്രകാശപൂരിതമായതെല്ലാം പരമാത്മാവിനെ അനുസരിച്ച് പ്രകാശിക്കുന്നു. അതിനാൽ ഈയുളളതെല്ലാം പ്രകാശിക്കപ്പെടുന്നു. ...സൂര്യചന്ദ്രാദികളിൽ വർത്തിക്കുന്ന അതി മഹത്തായ കിരണങ്ങളുള്ളവനും ആ കിരണങ്ങളെക്കൊണ്ട് എല്ലാ ലോകത്തേയും പ്രകാശിപ്പിക്കുന്നവനുമായ പരമാത്മാവായിട്ടുള്ളവനാണ് ശ്രീ ഹരി.....
334 - ആദിദേവഃ - ദേവന്മാരിൽ അഗ്രഗണ്യൻ, ആദിയും ദേവനുമായവൻ ആദാനം ചെയ്യുന്നതിൽ ആദിയായ ദേവൻ കാരണരൂപനായതിനാൽ ഏറ്റവും ആദിയായ ദേവൻ ഭഗവാൻ തന്നെ. സർവ്വവും അവിടുത്തെ ചൈതന്യത്തിൽ നിന്നുത്ഭവിക്കുന്നു. എല്ലാം തന്നിൽ തന്നെ ആദാനം ചെയ്കയാലും ആദിദേവൻ ഭക്തരുടെ മനസ്സിലെ നാമരൂപ ഭിന്നതകളെ തുടച്ചുനീക്കി തൻറെ ചൈതന്യതാതോടു ചേർക്കുന്ന ദേവനായതിനാലും ആദിദേവൻ. ആദികാരണം, ആദ്യത്തെ ദേവൻ, ദാനാദിഗുണവാകയാലും ആദിദേവനാമം, ദോത്യാനാദി ഗുണവാൻ ആദിദേവൻ , എല്ലാവരുടേയും ആദി കാരണവും ദേവനുമായിട്ടുള്ളവൻ, മറ്റെല്ലാ ദേവശക്തികൾക്കും ജന്മം കൊടുത്ത ദേവൻ. ദേവന്മാർ പ്രകൃതിയെ നിയന്ത്രിക്കുന്ന ശക്തികളും കൂടിയാണ്. വെളിച്ചമായും ജലമായും വായുവും സൂര്യചന്ദ്രന്മാരും അഗ്നിയുമായും അതുപോലെയുള്ള അനന്തസംഖ്യം പ്രതിഭാസങ്ങളായും പ്രപഞ്ചത്തെ നിലനിറുത്തുന്ന ദേവശക്തികൾ ഭഗവാൻ്റെ വിഭൂതികളുടെ അല്പാംശങ്ങൾ മാത്രമാണ്. .... എല്ലാ ദേവന്മാർക്കും മുമ്പുള്ളവൻ. ഭഗവാൻ ആദിഭൂതനും അനാദ്യനന്തനുമാണ്. ഈ നാമത്തിൽ എല്ലാ ദേവന്മാർക്കും മുമ്പുള്ള ദേവനായി സ്തുതിക്കുന്നു. ദേവശബ്ദത്തിന്റെ അർത്ഥവ്യാപ്തി ഈ സന്ദർഭത്തിൽ പ്രസക്തമാണ്.
ദിവുക്രീഡായാം എന്ന നിർവചനത്തിൽ നിന്ന് ക്രീഡിക്കുന്നവൻ എന്ന് സാമാന്യമായി അർത്ഥം പറയാറുണ്ട്. ഭഗവാനെക്കുറിച്ചാകുമ്പോൾ സൃഷ്ടിസ്ഥിതിലയരൂപമായ ക്രീഡയിൽ ഏർപ്പെട്ടവൻ എന്നുപറയാം. അങ്ങനെയുള്ളവരിൽ ആദ്യനും അന്ത്യനും ഭഗവാൻ തന്നെ. "ദേവോ ദാനാത്" മനുഷ്യർക്ക് ബുദ്ധിശക്തിയും കർമശക്തിയും ദാനം ചെയ്തനുഗ്രഹിക്കുമ്പോൾ എന്നു ദേവശബ്ദത്തെ പറയാം. 'ദീപനാത് ദേവഃ' എന്നാൽ പ്രകാശിക്കുന്നവൻ എന്നർത്ഥം പറയുന്നു. 'ദിവത്തിൽ വസിക്കുന്നവൻ ദേവൻ, ഏതർത്ഥത്തിലും ആദിദേവൻ ഭഗവാൻ തന്നെ.
335 - പുരന്ദരഃ സുരശത്രുക്കളായ അസുരന്മാരുടെ പുരങ്ങളെ ദാരണം ചെയ്തവൻ, നശിപ്പിച്ചവൻ,പുരന്ദരൻ, സുരശത്രുക്കളുടെ നഗരങ്ങളെ ഛിന്നഭിന്നമാക്കുന്നവൻ , പുരങ്ങളെ പിളർക്കുന്നവൻ. പുരങ്ങളെ നശിപ്പിക്കുന്നവൻ. ശത്രുക്കളുടെ പുരങ്ങളെ പിളർക്കുന്നവൻ എന്ന അർത്ഥത്തിൽ ഇന്ദ്രപര്യായമായി അധികം പ്രയോഗം. ത്രിപുരന്മാരെയും അവരുടെ പുരണങ്ങളെയും നശിപ്പിച്ച മഹേശ്വരനെയും ജനപദങ്ങളെ ചുട്ടെരിക്കുന്ന അഗ്നിയെയും പുരന്ദരശബ്ദം കുറിക്കും. ഇന്ദ്രനും അഗ്നിയും ശിവനും ഭഗവാൻ്റെ മൂർത്തിഭേദങ്ങൾ മാത്രമാണ്. പുരം എന്ന പദത്തിനു ശരീരം എന്നും അർത്ഥം. ശരീരത്തെ നശിപ്പിക്കുന്നതിനാലും ഭഗവാൻ പുരന്ദരനാണ്.
ഏതെങ്കിലും ഒരു ശരീരം നശിപ്പിക്കകയല്ല, ജീവാത്മാവിന്റെ ശരീരബന്ധം നശിപ്പിച്ചു അതിനെ തന്നിൽ ലയിപ്പിക്കുന്ന സായൂജ്യ മുക്തി നൽകുകയാണു ഭഗവാൻ ചെയ്യുന്നത്.
സമാധിയിൽ തുരിയാവസ്ഥയിലേക്കു പ്രവേശിക്കുമ്പോൾ സ്ഥൂലശരീരവും സൂഷ്മശരീരവും കാരണ ശരീരവും തീർത്തും നിശ്ചേഷ്ടമാകന്നുണ്ട്. ആ മൂന്നു പുരങ്ങളെയും നശിപ്പിക്കുന്നവനായതിനാലും പുരന്ദരൻ.
336 - അശോകഃ - ശോകാദിഷ്ഡൂർമ്മി വർജ്ജിതൻ അശോകൻ,ശോകമോഹാദികൾ ഇല്ലാത്തവൻ, ജനനമരണ ചാക്രികതയിൽപ്പെട്ടു ജീവികൾ തീരാത്ത ശോകം, മോഹം, വിശപ്പ്, കാമം, ജനനം, മരണം എന്നിവയാൽ വലയുന്നു. പക്ഷേ അജനും അമൃത്യുവും നിത്യനുമായ അവിടുത്തെ ഇതൊന്നും ബാധിക്കുന്നില്ല. അതിനാൽ അശോകൻ.
337.താരണ :- സംസാരസാഗരം തരണം ചെയ്യിക്കുന്നവൻ, സംസാരസാഗരത്തിൽ പെട്ടുഴലുന്ന ജീവാത്മാക്കളെ സ്മരണമാത്രയിൽ തന്നെ കരകയറ്റുന്നവനാണ്ണ് . ജീവിതത്തിൽ അനേകം ആഗ്രഹങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. ഭൗതികകാമനകളാണ് അധികം. എങ്കിലും ഓരോ ജീവന്റെയും ആത്യന്തികമായ ലക്ഷ്യം ഭഗവാനിൽ ലയിക്കലാണ്. ഭൗതികജീവിതത്തിലുണ്ടാകുന്ന ആഗ്രഹങ്ങൾ സാധിക്കുന്നതിനുള്ള തടസ്സങ്ങൾ ഭഗവാന്റെ സ്മരണകൊണ്ടുമാറും. പരമാത്മാവിനെ പ്രാപിക്കാനുള്ള ജീവാത്മാവിന്റെ യാത്ര ജന്മാന്തരങ്ങളിലേയ്ക്കു നീണ്ടുപോയി എന്നും വരാം. ആ യാത്രയിൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ നീക്കി ജീവാത്മാവിന്റെ യാത്ര സുഗമമാക്കി സായൂജ്യത്തിലെത്തിക്കുന്നു ഭഗവാൻ ശ്രീ ഹരി...
338. താരഃ ഗർഭജന്മജരാമൃത്യു ലക്ഷണമായ ഭയത്തിൽ നിന്ന് സംരക്ഷിക്കുന്ന (താരയാതീതി) താരകൻ രക്ഷകൻ, താരകബ്രഹ്മം. ബ്രഹ്മലോകത്തു എത്തിയവർക്കു പോലും പുനർജന്മവും അതിൻറെ ക്ലേശവും മാനാപമാനങ്ങളും എല്ലാമുണ്ട്. ഭഗവാനെ പ്രാപിച്ചവർക്കു മാത്രമാണ് മോഷമാകുന്നത്. താരക മന്ത്രമാണ് പ്രണവം, രാമ എന്നിവ. മരണസമയത്ത് ഭഗവാനെ സ്മരിച്ച് പ്രണവം ഉച്ചരിക്കുന്നവർക്ക് പുനർജന്മം ഇവിടെ നന്മയുടെ ഉണ്ടാവുകയില്ല. അങ്ങനെ ജനന മരണങ്ങളിൽ നിന്നും മുക്തിനൽക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി...
339 - ശൂരഃ - പരാക്രമി, "വിക്രമണാത് ശൂരഃ". പുരുഷാർത്ഥത്തെ സാധിപ്പിക്കുന്നവൻ, ഭക്തന്മാരുടെ അഭിഷ്ടം നിറവേറ്റാൻ ഭഗവാൻ ശൗര്യത്തോടെ മുന്നോട്ട് ഇറങ്ങുന്നു. ഭക്തപ്രഹ്ളദനെ രക്ഷിക്കാൻ നരസിംഹമൂർത്തിയായി അവതരിച്ചു.
340 - ശൗരിഃ - ശൂരനെന്ന പൂർവ്വികൻ്റെ വംശത്തിൽ പിറന്നവൻ, വസുദേവൻ്റെ പുത്രനാകയാൽ വംശനാമമായ ശൗരി. വസുദേവന്റെ പിതാവായിരുന്നു ശൂരസേനൻ, ശൂരസേനനിൽ നിന്ന് ആ വംശത്തിന് ശൂരവംശം എന്ന് പേര് സിദ്ധിച്ചു, ശൗരീഗോത്രത്തിൽ ജനിച്ചതിനാൽ ഭഗവാന് ശൗരി എന്ന പേരുണ്ടായി . യദുവംശജരുടെ ഒരു ഗോത്രമാണ് ഇത്. ശൗര്യത്തിന്റെ ആധിക്യത്താൽ ഇന്ദ്രാദികളെ ശാസിക്കുന്നവൻ എന്നതിനാലും ഭഗവാന് ശൗരി എന്ന നാമം...
341 -ജനേശ്വരഃ - ജനങ്ങളുടെ - ജനിച്ച ജന്തുക്കളുടെയെല്ലാം ഈശ്വരൻ, ജനനമുള്ളതെല്ലാം ജനങ്ങളാണ് അങ്ങനെയുള്ളവർക്കെല്ലാം ഈശ്വരനാണ് ഭഗവാൻ ശ്രീ ഹരി, അതിനാൽ ജനേശ്വരനാണ് ഭഗവാൻ, അതായത് ചരാചരങ്ങൾക്കെല്ലാം ഈശ്വരനാണ് ഭഗവാൻ ശ്രീ ഹരി.
342 - അനുകൂലഃ - ആത്മത്വത്താൽ ( എല്ലാവരുടെയും ആത്മത്വം വഹിക്കുകയാൽ ) സർവ്വർക്കും അനുക്കുലമായി പ്രവർത്തിക്കുന്നവൻ അനുക്കുലൻ, അതായത് ആത്മാവെന്ന നിലക്ക് എല്ലാവർക്കും അനുകൂലമായി പ്രവർത്തിക്കുന്നവൻ, ഓരോ ജീവിയിലും സന്നിഹിതനായിരുന്ന് അവയുടെ പ്രവർത്തനങ്ങൾ അഭ്യുദയകാംക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി, ആർക്കും പ്രതികൂലമായോ, ഉപദ്രവകരമായോ ഒന്നും ചെയ്യുകയോ പറയുകയോ വിചാരിക്കുകയോ ചെയ്യാത്തവൻ, ഓരോ ജീവിയിലും സന്നിഹിതനായിരുന്ന് അവയുടെ പ്രവർത്തനങ്ങൾ അഭ്യുദയകാംക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി, അനുകൂലഭവത്തിൽ അനുഗ്രഹ തത്പരഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ അനുകൂലൻ.....
343 - ശതാവര്ത്തഃ - ധർമ്മസംരക്ഷനത്തിനായി നൂറ്കണക്കിന് ആവിർഭവിച്ച് അവതാരമെടുത്തതിനാൽ ശതാവർത്തൻ, ധർമ്മം ക്ഷയിക്കുമ്പോഴൊക്കെ അവതരിച്ച് ധർമ്മത്തെ പുനസ്ഥാപിച്ചിട്ടുണ്ട് അവിടുന്ന്. പൂർണ്ണാവതാരവും അംശാവതാരവുമായി നൂറുകണക്കിന് അവതാരങ്ങൾ. അറിയപ്പെടുന്നതും അറിയപ്പെടാത്തവയുമായി ലോകത്തിൻറെ നാനാഭാഗത്തും സംഭവിച്ചിട്ടുണ്ട്. അതിനാൽ ശതാവർത്തൻ, നൂറുനൂറു നാഡികളിൽ പ്രാണരൂപത്തിൽ ആവർത്തി വർത്തിക്കുന്നവൻ, വർത്തിക്കുക എന്ന കർമ്മം കൊണ്ട് സർവ്വ പ്രാണികളെയും പ്രവർത്തിക്കുന്നവൻ..
344 - പത്മീ - കയ്യിൽ പത്മം ധരിച്ചവൻ, വലതുകയ്യിൽ പത്മം ധരിച്ചു നില്ക്കുന്നതിനാൽ പത്മീ. ധർമ്മം, ജ്ഞാനം, സ്വാതികത ഇവയെ താമര പ്രതിനിധീകരിക്കുന്നു.
345 - പദ്മനിഭേക്ഷണഃ - താമരയിതളുപോലുള്ള മനോഹരമായ കണ്ണുകൊണ്ട് ( താമരക്കണ്ണൻ) വിക്ഷിക്കുന്നവൻ, അനുഗഹിക്കുന്നവൻ, ഭഗവാൻ്റെ ആ താമര കണ്ണുകൊണ്ടുള്ള വീക്ഷണത്താൽ സകലദുരിതങ്ങളും നിങ്ങുന്നു.
346 - പത്മാനാഭഃ - ബ്രഹ്മാണ്ഡത്തെ ഒരു വലിയ താമരയായി സങ്കൽപ്പിച്ച് അതിൻ്റെ നാഭി അഥവാ മദ്ധ്യപ്രദേശത്തെ കർണ്ണികയിൽ ഇരിക്കുന്നവൻ, അവിടെ ഇരുന്നു സൃഷ്ടി നടത്തുന്നവൻ. ഹൃദയരൂപമായ പദ്മത്തിന്റെ നാഭിയിൽ (കർണ്ണികാ മദ്ധ്യത്തിൽ) സ്ഥിതിചെയ്യുന്നവൻ , ഹൃദയപത്മത്തിൽ വസിക്കുന്നവനും പത്മനാഭൻ. സകല ലോകങ്ങളും വഹിക്കുന്ന പത്മം നാഭിയിലുളളവൻ പത്മനാഭനാണ്. ഭക്തരുടെ ഹൃദയമാം പത്മത്തിൽ ഇരിക്കുന്നവനും പത്മനാഭൻ. ബ്രഹ്മം ആരുടെ നാഭി പത്മം പോലെ മനോഹരമോ അവൻ, ആരുടെ നാഭി ആയിരം ഇതളുള്ള താമരയായി പ്രപഞ്ചവും അതിലെ ബ്രഹ്മവും സൃഷ്ടിക്കപ്പെട്ടുവോ ആ വിഷ്ണു. .
346 - അരവിന്ദാക്ഷഃ - അരവിന്ദ സദൃശമായ (താമര) അക്ഷി (നയനം - കണ്ണ്) കളോട് കൂടിയവൻ, (താമരപ്പൂ പോലെയുള്ള നയനങ്ങളോടു കൂടിയവൻ . (താമരപ്പൂ പോലെയുള്ള നയനങ്ങളോടു കൂടിയവൻ.) ഭഗവാൻറെ കരുണാമയമായ നോട്ടത്തിൻറെ പ്രാധാന്യവും, സൗന്ദര്യവും, ആ ഒരു കടാക്ഷത്തിൽ അടിയറ വയ്ക്കപ്പെടാത്ത ഹൃദയങ്ങളുണ്ടോ? സമസ്ത ജീവജാലങ്ങളും ആ അരവിന്ദ നയനൻറെ ഒരു നോട്ടത്തിനായി ഉഴറിയാണ് ജന്മങ്ങൾ താണ്ടുന്നത്. അരവിന്ദ സദൃശമായ അക്ഷം (അച്ചുതണ്ട്)ഉള്ളവൻ,
348 - പത്മഗർഭഃ - ഹൃദയപത്മമെന്ന ഗർഭത്തിൽ ഉപാസിക്കപ്പെട്ട യോഗികളുടെ മനസ്സിൽ അവൻ ജനിക്കുന്നു. ജീവജാലങ്ങളുടെ ഹൃദയാകാശത്തിൽ പത്മഗർഭനായി പരമാത്മാവു സ്ഥിതി ചെയ്യുന്നു. ധ്യാനത്തിന് ഇതുപയോഗിക്കാറുണ്ട്. ഛാന്ദോഗ്യത്തിൽ പറയുന്നത് കേൾക്കൂ. " ഈ ദേഹം ബ്രഹ്മപുരം. അതിൽ താമരപോലെ ഒരു ഗൃഹമുണ്ട്. അതിനുള്ളിൽ ചെറിയൊരു ആകാശമുണ്ട്. അതിനുള്ളിൽ എന്താണോ ഉളളത് അതാണ് അന്വേഷിക്കപ്പെടേണ്ടതും അറിയപ്പെടേണ്ടതും. ഭഗവാൻ്റെ വാസം യോഗികളുടെ ഹൃദയപത്മമാണ്, ആ പത്മത്തിൻറെ അകത്ത് ഇരിക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി. തൻ്റെ ഹൃദയപത്മത്തിൽ നിന്ന് പ്രപഞ്ചത്തെയും അതിൻ്റെ സ്രാഷ്ടാവായ ബ്രഹ്മാവിനെയും സൃഷ്ടിച്ചവൻ,
349 - ശരീരഭൃത് :- നാശോന്മുഖങ്ങളായ ശരീരങ്ങളെ വഹിക്കുന്ന പ്രപഞ്ചത്തിൽ പ്രവേശിച്ച് അന്തർധാമിയായി വ്യാപരിക്കുകയാൽ ശരീരഭൃത്ത് , അന്നരൂപത്തിലോ പ്രാണരൂപത്തിലോ ദേഹികളുടെ ശരീരങ്ങളെ പോഷിപ്പിച്ചുകൊണ്ട് അവയെ ധരിക്കുന്നവൻ , നമ്മുടെ ശരീരങ്ങളെ അന്നമായി പോഷിപ്പിക്കുന്നതും പ്രാണശക്തിയാൽ നിലനിർത്തുന്നതും ഭഗവാനാണ്. സൂത്രാത്മാവായ ആ ചൈതന്യം ശരീരം വിട്ടിറങ്ങിയാൽ നാം ജഡം മാത്രം. അങ്ങിനെ ഈ ശരീരം ഭരിക്കുന്നവൻ ഭഗവാൻ ശ്രീ ഹരി ആകയാൽ ശരീരഭൃത്. സ്വമായ കൊണ്ട് ശരീരങ്ങളെ ഭരിക്കുന്നതിനാലും ശരീരഭൃത്, ധർമ്മത്തിനു ലോപം സംഭവിക്കുമ്പോൾ ഓരോ ശരീരമെടുത്ത് ഭഗവാൻ സ്വേച്ഛയാ അവതരിക്കുന്നു. അങ്ങനെയും ശ്രീ ഹരി ശരീരഭൃത് എന്ന നാമത്താൽ അറിയപ്പെടുന്നു.
350 - മഹർദ്ധിഃ :- മഹത്തായ ധീ (ബുദ്ധി) എന്ന വിഭൂതിയോട് കൂടിയവൻ, ഋദ്ധി -- വർദ്ധന - മഹത്തായ ഋദ്ധി - മഹർദ്ധി - അഖണ്ഡബ്രഹ്മത്തിന്റെ സന്ധാരണ (ഒത്തുചേരത്ത്നിർത്തൽ) മുള്ളതിനാൽ ഭഗവാൻ ശ്രീ വിഷ്ണുവിന് മഹർദ്ധി എന്ന നാമം, മഹത്തായ ഐശ്വര്യമുളളവൻ. ഐശ്വര്യ മൂർത്തിയാണ് ശ്രീഹരി,. ഭഗവാൻ്റെ വിഭൂതികൾ എണ്ണിയാലൊടുങ്ങാത്തവയത്രേ. ഈ വിശ്വത്തിൽ കാണായതെല്ലാം ഭഗവാൻ്റെ വിഭൂതികൾ ആണല്ലോ.. മഹത്തായ വിജയം ( ഋദ്ധി - വിജയം) വരിക്കുന്നവൻ, മഹത്തായ ലക്ഷ്മീ ദേവിയോട് ( ഋദ്ധി - ലക്ഷ്മി) കൂടിയിരിക്കുന്നവൻ.
351 - ഋദ്ധഃ :- ക്രമമായി വർദ്ധിക്കുന്നവൻ , പ്രപഞ്ചരൂപത്തിൽ സ്ഥിതിചെയ്യുന്നവൻ, പ്രപഞ്ചരൂപമായി വർദ്ധമാനത്വമുള്ളതിനാൽ ഋദ്ധഃ, (Expanding Universe) പ്രപഞ്ചരൂപമായും ക്രമമായി വർദ്ധിക്കുന്നു. ഋദ്ധൻ - സമൃദ്ധൻ - എല്ലാത്തരത്തിലും സമ്പൂർണ്ണൻ. ഭഗവാൻ ശ്രീ ഹരി പൂർണ്ണകാമനാണെന്ന് പ്രത്യേകിച്ചും പറയേണ്ട ആവശ്യമില്ലല്ലോ. എല്ലാ സംബന്നതയുടേയും ആധാരമെന്നു സാരം. ഭഗവാൻ ശ്രീ ഹരിയാണ്.... ധർമ്മം, ജ്ഞാനം, വൈരാഗ്യം മുതലായവകൊണ്ട് സമ്പന്നൻ, ഗുണങ്ങളുടെ എണ്ണത്താലും ആധിക്യത്താലും അതിസമ്പന്നൻ.
352 - വൃദ്ധാത്മാ :- വൃദ്ധ പുരാതനാ ആത്മാ യേസ്യതി വൃദ്ധാത്മാ , പുരാതനമായ ആത്മാവോട് കൂടിയവൻ, അതായത് വളരെ പുരാതനകാലം മുമ്പ് തന്നെ പ്രപഞ്ചസൃഷ്ടിക്ക് മുമ്പുള്ള ആത്മാവാകയാൽ വൃദ്ധാത്മാ, ഭഗവാൻറെ ആവിർഭാവം ആർക്കും പറയാനാവില്ല. അവിടുന്ന് സൃഷ്ടിയിലേർപ്പെട്ട സമയത്താണ് കാലം തുടങ്ങിയതെന്നു പറയുന്നു. അതിനാൽ ഭഗവാൻ ശ്രീ ഹരി പുരാതനാത്മാവാണ്ണ് - വൃദ്ധാത്മാവാണ്, വൃദ്ധാത്മാവ് - അത്യുച്ചമായ വളർച്ചയിലെത്തിയവൻ - എല്ലാത്തിലും വെച്ച് വർദ്ധമാനമായി പൂർണ്ണമായ ആത്മവ്യാപാരത്തോട് കൂടിയവനാണല്ലോ ശ്രീ വിഷ്ണുഭഗവാൻ . ആത്മജ്ഞാനത്തിന്റെ പക്വാവസ്ഥയോടു കൂടിയവനാണെന്നും പറയാം...
353 - മഹാക്ഷഃ - മഹത്തുക്കളായ അക്ഷികളോട് കൂടിയവൻ, ഇന്ദ്രീയങ്ങളോട് ബന്ധപ്പെടാത്ത അതീന്ദ്രീയദർശനക്ഷമതയുള്ള കണ്ണുകളോട് കൂടിയവൻ, ഭഗവാൻ സർവ്വദർശനനാണ്. എല്ലായ്പ്പോഴും എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഭക്തരെ പ്രത്യേകിച്ചും. അവിടുത്തെ മിഴികൾ സൂര്യചന്ദ്രന്മാരെന്നാണു പറയുന്നത്. നമ്മുടെ രൂപങ്ങൾ മാത്രമല്ല നമ്മുടെ ചിത്തശുദ്ധി , പ്രവൃത്തികൾ, മനോവ്യാപാരങ്ങൾ എല്ലാം ഭഗവാൻ കാണുന്നുണ്ട്. അതിനാലും മഹാക്ഷഃ , കണ്ണുകൾക്കും കണ്ണായവനാണ് ഭഗവാൻ ശ്രീ ഹരി..
354 - ഗരുഡധ്വജഃ - കൊടിയടയാളം ഗരുഡനായിട്ടുളളവൻ, സ്വന്തം വാഹനമായ ഗരുഡൻ്റെ ചിഹ്നമുള്ള ധ്വജം(കൊടിക്കൂറ) ഉള്ളവൻ, ഗരുഡനെ കൊടിയടയാളമാക്കിയതിനു പിന്നിൽ ഒരു കഥയുണ്ട്. തൻറെ അമ്മയുടെ അടിമത്തം അവസാനിപ്പിക്കാനായി ദേവന്മാരെ ജയിച്ച് അമൃതകുംഭവുമായി ഗരുഡൻ വരുമ്പോൾ മഹാവിഷ്ണുനോട് ഏറ്റുമുട്ടി. വളരെക്കാലം യുദ്ധം നീണ്ടപ്പോൾ മഹാവിഷ്ണു സന്തുഷ്ടനായി ഇഷ്ടവരം നല്കാമെന്ന് ഗരുഡനോട് പറഞ്ഞു. അങ്ങനെ ഗരുഡൻ ഭഗവാൻറെ വാഹനവും കൊടിയടയാളവുമായി. ഗരുഡൻ ചലനാത്മകത്തെ പ്രതിനിദാനം ചെയ്യുന്നു. , ഈ ചലത്തിൻ്റെ പാശ്ചതലമാകട്ടെ മറ്റമില്ലാത്ത ഉണ്മയാണ് (വിഷ്ണു) അതിനാൽ ചലനത്തിൻ്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിൻ്റെ വാഹനവുമാണ്. , വിഷ്ണു എന്നവാക്കിന് സർവ്വവ്യാപകത്വം (എല്ലയിടത്തും നിറഞ്ഞു നിൽക്കുന്ന) എന്നർത്ഥം, വിശ്വത്തിനാധാരമായ അനന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിൻ്റെ ശരീരത്തിന് നീലനിറമാണ് അനന്തമായ ആകാശത്തിൻ്റെ നീലനിറം. അവിജ്ഞയമായ ആകാശത്തിൻ്റെ ജീവനുള്ള ഒരു ആവിഷ്ക്കാരമെന്നവണ്ണം അവിടെ ഗരുഡൻ വട്ടമിട്ട് പറക്കുന്നു. അങ്ങനെയുള്ള ഗരുഡൻ ആകാശം തന്നെസ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശ്യനായ, സർവ്വവ്യാപിയായ, വിഷ്ണുവിൻ്റെ വാഹനമായിരിക്കുന്നു.
355 - അതുലഃ - തുലനം ചെയ്യാൻ സാധിക്കാത്തവൻ - അതുല്യനായവൻ , തുലനം ചെയ്താൽ തനിക്ക് തുല്യനായി ആരും ഇല്ലാത്തവൻ, സർവ്വവും തികഞ്ഞവനാണ് ഭഗവാൻ ശ്രീ ഹരി അപ്പോൾ എന്തിനോട് ഉപമിക്കാൻ, ഉപമിക്കാൻ പോലും സാധിക്കാത്തവൻ,
356 - ശരഭഃ - ശരം ശരീരം ജീർണിച്ചുപോകുന്ന വസ്തു. ശീര്യമാണം ( നശിക്കുന്നത് ) എന്നതിൽ നിന്നാണ് ശരീരം എന്ന വാക്കുണ്ടാകുന്നത്. ' ശരം' എന്ന് അതിനാൽ ശരീരത്തെ പറയുകയും ചെയ്യുന്നു. ഭ പ്രകാശിക്കുന്നത് നശിക്കാത്ത ആത്മാവ്, ശരീരത്തിൽ ജീവാത്മാവിനെ ഇരുത്തി ശരീരത്തിനു പ്രാണശക്തി നൽകി രണ്ടിനെയും ബന്ധിക്കുന്ന ശക്തിയാണ് ഭഗവാൻ. ജീർണിക്കുന്ന ശരീരത്തിൽ അതിനെ പ്രകാശിപ്പിച്ച് സ്വപ്രകാശതത്ത്വത്താൽ വാഴുന്നതിനാൽ ശരഭൻ. ആത്മാവിൻ്റെ ആവരണമായ അല്ലെങ്കിൽ പർപ്പിടമായ ശരീരത്തിൽ ഉള്ളിൽ ഇരുന്ന്. പ്രകാശിക്കുന്നവൻ ശരഭൻ.
357 - ഭീമഃ - സർവ്വത്തെയും ഭയപ്പെടുത്തന്നതിനാൽ ഭീമൻ, സന്മാർഗ്ഗവർത്തികൾ ഒഴികെ മറ്റെല്ലാവരും ഭഗവാനെ ഭയപ്പെടുന്നു. ആസുരീയ പ്രകൃതമുളളവർക്ക് സദാ ഭഗവാനെ ഭയമാണ്.
"ഘോരാകാര വരാഹരൂപധരനായ് ദൈത്യൻ ഹിരണ്യാക്ഷന-
പ്പാരാവാരനിമഗ്നമാക്കിയ ധരാമുദ്ധൃത്യ ദംഷ്ട്രോപരി
വീരൻ ദാനവനെപ്പദപ്രഹരമൊന്നാലേ ഹനിച്ചുള്ളൊരാ
കാരം ഭാവനചെയ്വവൻ ത്രിഭുവനം വെല്ലുന്നു വീര്യത്തിനാൽ"
"( ഹരിസുധാലഹരി)
ഭയം ജനിപ്പിക്കുന്ന വരാഹരൂപം സ്വീകരിച്ച് ഹിരണ്യാക്ഷൻ എന്ന അസുരനെ ഒറ്റചവിട്ട് കൊണ്ട് ഹനിച്ചവൻ .
ഭയം ഉണ്ടാക്കുന്ന നരസിംഹശരീരം സ്വീകരിച്ചിട്ട് അസുരനെ കൊന്ന്, ചുവന്ന കടക്കണ്ണുകളോടും, കെട്ടുപിണഞ്ഞ സടകളോടും, രക്തം കൊണ്ട് നനഞ്ഞ മുഖത്തോടും കൂടിയുള്ളവനായ ചക്രായുധൻ,
358 - സമയജ്ഞഃ - സൃഷ്ടി സ്ഥിതി സംഹാരകാലങ്ങളെ അറിയുന്നവൻ, സർവ്വ ഭൂതങ്ങളിലും സമത്വ യാജന (യജ്ഞ) മായിരിക്കുന്നതിനാൽ സമയജ്ഞൻ, ഷഡ് സമയങ്ങളെ അറിഞ്ഞവൻ സമയജ്ഞൻ
359 - ഹവിർഹരിഃ - ഹവിസ്സിനെ സ്വീകരിക്കുന്നവൻ, യജ്ഞത്തിൽ ഹവിർഭാഗം ഹരിക്കുന്നവൻ, ഹവിസ്സായവൻ, സ്മൃതി മാത്രേണ സർവ്വപാപവും ജനനമരണസ്വരൂപമായ സംസാരത്തേയോ ഹരിക്കുന്നതിനാലും യജ്ഞഭാഗവും ഭക്തഹൃദയവും ഹരിക്കുന്നതിനാലും ഹവിർഹരൻ, ഹരിതവർണ്ണമുള്ളവൻ, ഹരി എന്ന മന്ത്രോച്ചരണത്താൽ ഭക്തരുടെ സർവ്വ പാപത്തെയും ഹരിക്കുന്നവൻ. യജ്ഞഭഗവും, ഭക്തഹൃദയവും ഹരിക്കുന്നതിലും , ഹരിതവർണ്ണം കൊണ്ടും ഭഗവാൻ ഹവിർഹരനാണ്.
360 - സർവ്വലക്ഷണ ലക്ഷണ്യഃ - സർവ്വലക്ഷണം കൊണ്ടും പ്രമാണം കൊണ്ടും, ഏതൊരു ലക്ഷണജ്ഞാനത്തെ ലഭിക്കുന്നുവോ അവൻ, ഏതു ജ്ഞാനമാർഗ്ഗവും ഭഗവാനാണ്, ഏതു ജ്ഞാനമാർഗ്ഗത്തിൽ എത്തിചേരുന്നുവോ അതും ഭഗവാനാണ്, അതിനായി യജ്ഞിക്കുന്ന ജ്ഞാനിയും ഭഗവാനാണ്, അങ്ങനെ എല്ലാ പ്രമാണങ്ങൾ വഴിയും അറിയപ്പെടുന്നവൻ സർവ്വ ലക്ഷണവും തികഞ്ഞവൻ. എല്ലാ ലക്ഷണങ്ങൾ കൊണ്ടും ഉണ്ടാകുന്ന ജ്ഞാനത്തിൽ സർവ്വോത്തമമായിരിക്കുന്നവൻ, ഇങ്ങനെ എല്ലാ പ്രമാണവും തരുന്ന ഒരേ ഒരു സർവ്വലക്ഷണയുക്തമായ ലക്ഷണം ആ പരബ്രഹ്മമായ ഭഗവാൻ തന്നെ...
361 - ലക്ഷ്മീവാൻ - ലക്ഷ്മി ആരുടെ വക്ഷസ്സിൽ ദിനവും വാഴുന്നുവോ ആ ലക്ഷ്മീപതി, ലക്ഷ്മീ ഭഗവതിയെ ഭഗവാൻ്റെ വക്ഷസ്സിൽ വഹിക്കുന്നു. അതിനാൽ ലക്ഷ്മീവാൻ.
362 - സമിതിഞ്ജയഃ - സമിതികളിലും(യുദ്ധം) സഭകളിലും സദാ വിജയം വരിക്കുന്നവൻ, യുദ്ധക്കളത്തിൽ ഭഗവാനെത്തുമ്പോൾ ശത്രുക്കൾ ഓടിയൊളിക്കും. അതിനാൽ ഭഗവാൻ സമിതിഞ്ജയൻ ആണ്, ഭക്തരിൽ ആസുരഭാവം ഉണരുമ്പോൾ ഭഗവാത് നാമസ്മരണയാൽ ആ അസുരഭാവം മറയുന്നു. ഭക്തർക്ക് വേണ്ടി ഭഗവാൻ യുദ്ധരംഗത്തും കർമ്മോത്സുകനായി നിലകൊണ്ട് ആ അസുരികശക്തികളെ തോൽപ്പിച്ച് ഭക്തന് വിജയം പ്രപ്തമാക്കുന്നു. അതിനാൽ ഭഗവാൻ സമിതിഞ്ജയനാണ്, അതുപോലെ സഭകളിലും ഭഗവാൻ വിജയം മാത്രം വരിക്കുന്ന, വഗ്മിയാണ്, ജ്ഞാനിയാണ്.
363 - വിക്ഷരഃ - ക്ഷരം (നാശം) ഇല്ലാത്തവൻ, ജനനം മരണം ജര, വ്യാധി ഇതൊന്നും നിത്യനായ ഭഗവാനെ ബാധിക്കുന്നില്ല. അതിനാൽ വിക്ഷരഃ
364 - രോഹിതഃ - സ്വഛന്ദയാൽ രോഹിതവർണ്ണമായ (ചുവന്ന വർണ്ണമായ) മത്സ്യത്തിൻ്റെ രൂപമെടുത്തവൻ. സ്വഛന്ദയാൽ എന്നാൽ സ്വന്തം സ്വമേധയ രൂപമെടുത്തവൻ,
365 - മാർഗ്ഗഃ - മുമുക്ഷുക്കളാൽ മോക്ഷമാർഗ്ഗം അന്വേഷണം ചെയ്യപ്പെടുന്നവൻ , ആ മാർഗ്ഗം ഭഗവാനാണ്. പരമാന്ദത്തെ ലഭിക്കാനുള്ള സാധനമായുള്ളവൻ, പരമാനന്ദലബ്ധിക്കുള്ള ഏകമാർഗ്ഗമാണ്ണ് ഭഗവാൻ ശ്രീ ഹരി!, മുമുഷുക്കൾക്ക് മഹാവിഷ്ണുവല്ലാതെ മറ്റൊരു ശരണമില്ല. മാർഗ്ഗമില്ല. പരമാനന്ദ പ്രാപ്തിക്കും വേറൊരു മാർഗ്ഗമില്ല. അതിനാൽ മാർഗ്ഗ എന്നു നാമം.
366 - ഹേതുഃ - കാരണം, എല്ലാറ്റിനും കാരണമായിരിക്കുന്നവൻ, ഈ പ്രപഞ്ചത്തിൻ്റെ ഉപദാനകാരണവും നിമിത്തകാരണവും ഭഗവാനാണ്, അതിനാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്തിനും ഹേതു ( കാരണം) ഭഗവാൻ ശ്രീ ഹരി തന്നെ..
367 - ദാമോദരഃ - ദാമം എന്ന സാധനകൊണ്ട് അറിയുന്നവൻ, ദാമം കൊണ്ട് ശുദ്ധീകരിച്ച് മനസ്സിൽ തെളിയുന്നവൻ, "ദാമോ ദാമോദരോ വിഭൂഃ" യേശോദ ദാമം(കയറ്) കൊണ്ട് ബന്ധിച്ചതിൻ്റെ പാട് ഉദരത്തിൽ ഉദരത്തിൽ വഹിക്കുന്നവൻ , ലോകങ്ങളെ സ്വന്തം ഉദരത്തിൽ വഹിക്കുന്നവൻ, (ലോകമാതാവ്)..
“ദാമം കൊണ്ടമ്മ ഉരലിൽ ബന്ധിച്ചപ്പോൾ ദാമോദരനായി നിന്ന കൃഷ്ണാ ഹരി “
കേവലം അമ്മയുടെ ബന്ധനം കൊണ്ട് മാത്രമല്ല ഭഗവാൻ ദാമോദരനായത്. അതിനുമുന്പ് തന്നെ ആ നാമം ഭഗവാനിൽ ഉണ്ട്. ദാമ എന്നാൽ ജഗത് എന്ന് ഒരർത്ഥം കൂടിയുണ്ട്, ജഗത്തിനെ തന്റെ ഉദരത്തിൽ ധരിച്ചിരിക്കുന്നവൻ ആയതുകൊണ്ട് ദാമോദരൻ. ഈ സത്യത്തെ ഭക്തർക്ക് ബോധ്യമാക്കുന്നതാണ് ഭഗവാൻ മണ്ണ് തിന്നിട്ട് അമ്മയ്ക്ക് ബ്രഹ്മാണ്ഡം കാണിച്ചു കൊടുത്ത ലീല. ആ ഉദരത്തിലാണ് കണ്ണനേ യശോദാമ്മ കേവലം ഒരു കയറു കൊണ്ട് അദ്ദേഹത്തിൻ്റെ ആ പരമ കാരുണ്യത്താൽ വളരെ നിസ്സാരമായി ബന്ധിച്ചത്. ഇതു സാധിച്ചത് ആ അമ്മയുടെ നിഷ്ക്കളങ്കമായ നിഷ്ക്കാമ പ്രേമം ഒന്നുകൊണ്ടു മാത്രമാണ്. ഈ ലീല കൊണ്ട് ഭഗവാൻ ഭക്തനോട് പറയുന്നത്. നിഷ്കാമമായ പ്രേമം ഒന്നുകൊണ്ടുമാത്രം ഭഗവാനിൽ ശരണാഗതി ചെയ്താൽ ഈ ജഗത്തിനെ തന്നെ ജയിക്കാം എന്ന പരമാർത്ഥ സത്യമാണ്. അതായതു ഭഗവാനിൽ പരമപ്രേമം ഒന്ന് മാത്രം മതി ഈ ലൌകികബന്ധം ഒരു തരത്തിലും ആ ഭക്തനെ ബാധിക്കില്ല.
ഇനി മറ്റൊരർത്ഥം കേവലം ഭോഗങ്ങൾക്കായി ഉദരമിത്തം പല പല വേഷങ്ങളണിഞ്ഞു ഈ സംസാരത്തിൽ ചരിക്കുമ്പോൾ ഭഗവാനെ മറന്നു ജീവികുന്ന ഭക്തനോടുള്ള കാരുണ്യത്താൽ പല തരത്തിലുള്ള കഷ്ടതകളായി അദ്ദേഹത്തിൻ്റെ സ്നേഹപാശത്താൽ ഭഗവാൻ നമ്മെ ബന്ധിക്കുന്നു. അപ്പോൾ ഭഗവൽ സ്മരണ ഉണ്ടാകാനും ഭാഗവനിലേക്ക് അടുക്കാനും ഇടവരുന്നു. അങ്ങിനെ സ്നേഹപാശത്താൽ നമ്മെ ബന്ധിക്കുന്നവൻ ദാമോദരൻ.
“എന്നെന്നും എന്നെ നിൻ സ്നേഹപാശംകൊണ്ട് ബന്ധിച്ചീടേണമേ ദാമോദരാ”
368 - സഹഃ - എല്ലാം സഹിക്കുന്നവൻ, തൻ്റെ ഭക്തരുടെ എല്ലാതെറ്റുകുറ്റങ്ങളും സഹിക്കുന്നവൻ, നിന്ദകളും സ്തുതികളും ഭാവഭേദമില്ലാതെ ഏറ്റുവാങ്ങുന്നവൻ, ഭഗവാൻറെ ക്ഷമ പ്രസിദ്ധമാണ്. അനന്തമായ ക്ഷമയാണ് ആ സ്നേഹം. ശിശുപാലൻറെ നൂറ് ആക്ഷേപങ്ങൾ മന്ദഹാസത്തോടെ കേട്ടു കൊണ്ടിരുന്നു, അവിടുന്ന്. തെറ്റുകൾ പൊറുത്ത്, നന്മയെ പ്രോത്സാഹിപ്പിച്ച് , ശരിയായ മാർഗ്ഗത്തിലൂടെ നയിക്കുന്നതാണ് ഗോവിന്ദൻറെ രീതി. തൻ്റെ പത്നിയായ ക്ഷമ (ഭൂമി)യെ പോലെ സർവ്വം സഹനനായ ക്ഷമാശാലി.
369 - മഹീധരഃ മഹിയെ (ഭൂമിയെ) വഹിക്കുന്നവൻ, മഹിയെ ഗിരിരൂപേ ധരിക്കുന്നവൻ,(പർവ്വതത്തിന്റെ രൂപമായി ഭൂമിയെ ധരിക്കുന്നവൻ) "വനാനി വിഷ്ണോ ഗിരയോ ദിശശ്ച" - വനങ്ങൾ വിഷ്ണുവാണ്, ഗിരികളും ദിശകളും വിഷ്ണുവാണ്, ഇവ ചേർന്ന മഹിയും വിഷ്ണുവാണ്.
പല രൂപങ്ങൾ കൈക്കൊണ്ട് ഭഗവാൻ ഭൂമിയെ വഹിക്കുന്നു. നദികൾ, പർവ്വതങ്ങൾ, കടൽ, ദിക്കുകൾ കാണുന്നതെല്ലാം ഭഗവാൻ തന്നെ. ഭൂമിയിൽ എന്തെല്ലാം കാണപ്പെടുന്നുവോ അതിനെല്ലാം മൂലകാരണമായിരിക്കുന്നത് ഭഗവൽ സാന്നിദ്ധ്യം
തന്നെ... തന്നെ താൻ തന്നെ വഹിക്കുന്നവൻ, സ്വപ്രകൃതിയെ തന്നെ തന്നെ ധരിക്കുന്ന പരബ്രഹ്മം...
370 - മഹാഭാഗഃ - മഹാഭാഗ്യശാലി, സ്വച്ഛയ ഏതു രൂപവും സ്വീകരിച്ച് ഏത് ഉൽകൃഷ്ട് ഭോജനവും രുചിക്കാൻ സാധിക്കുന്നവൻ, സ്വന്തം ഇച്ഛയനുസരിച്ചു ദേഹം ധരിച്ചുകൊണ്ട് ഭാഗജനിതങ്ങളും മഹത്തുക്കളും ഉത്കൃഷ്ടങ്ങളുമായ ഭോജനത്തെ (പരമൈശ്വര്യത്തെ) ഭുജിക്കുന്നവൻ, യജ്ഞത്തിലെ ഏറ്റവും വലിയ ഭാഗത്തിന് അർഹനായവൻ, യജ്ഞത്തിലെ ഹവിസ്സിൻറെ വലിയ ഭാഗം ഭഗവാനു തന്നെയാണ്, എല്ലാ അവതാരത്തിലും എല്ലാ ഗുണങ്ങളും തികഞ്ഞ ഭഗവാൻ തന്നെയല്ലേ മഹാഭാഗ്യശാലി..
371 - വേഗവാൻ :- വേഗം സഞ്ചാരം ചെയ്കായാൽ വേഗവാൻ. മനസ്സിനെക്കളും വേഗം സഞ്ചരിക്കുന്നവനും അചലനുമാണ് ഭഗവാൻ..
372 - അമിതാശനഃ - അളക്കാനാവത്ത രസന(രുചി)യാൽ സർവ്വത്തേയും - രുചിയോടെ ഭക്ഷിക്കുന്നവൻ, - (ജീവികളുടെ ശരീരത്തിൽ ജഠരാഗ്നി ആയി വർത്തിച്ച് ഭഗവാൻ ഭക്ഷ്യവസ്തുക്കൾ ഭുജിക്കുന്നു ) , സംഹാരവേളയിലാണ് ഈ അമിതാശനം അതയത് . കല്പാന്തത്തിൽ സകലതിനെയും സ്വന്തം ശരീരത്തിലാണ് ലയിപ്പിക്കുന്നത് അതിനാലും ഭഗവാന് അമിതാശനൻ എന്ന നാമം....
373 - ഉത്ഭവഃ- പ്രപഞ്ചോൽപത്തിയുടെ ഉപാദനകാരണമാകയാൽ ഉത്ഭവൻ, പ്രപഞ്ചത്തിൽ ഈ കാണുന്നതത്രയും ഭഗവാനിൽ നിന്നു ഉത്ഭവിച്ചതാകയാൽ ഭഗവാൻ ഉത്ഭവൻ. പലവിധ സൃഷ്ടികളായി ഉത്ഭവിച്ചവൻ, പലവിധ അവതാരങ്ങളായി ഉത്ഭവിച്ചവൻ, ഉദ് ഉയർന്ന് ഭവം സംസാരം സംസാരത്തിൽ നിന്ന് യാതൊരു ബന്ധവും കൂടാതെ ഉയർന്നു നിൽക്കുന്നവൻ, സഒസാരത്തിൽ നിന്നു ഉദ്ധരിച്ച് നിൽക്കുന്നവൻ - സംസാരത്തിന് അതീനൻ,
374 - ക്ഷോഭണഃ - ക്ഷോപിപ്പിക്കുന്നവൻ. സർഗ്ഗ കാലത്ത് പ്രകൃതി പുരുഷനിൽ പ്രവേശിച്ച് ക്ഷോപ്പിക്കുന്നതിന്ന് കാരണമാകയാൽ ക്ഷോപണൻ , ഈ ലോകത്തെ സജ്ജിവമാക്കുന്നതിന് വേണ്ടി പുരുഷനിലും സ്ത്രീയിലും പ്രവേശിച്ച് അവരെ ക്ഷോഭിപ്പിച്ച് സൃഷ്ടിക്കു കാരണമാകുന്നത് ഭഗവാൻറെ ഊർജ്ജം തന്നെ. അതിനാൽ ക്ഷോഭണൻ.,ഭഗവാൻ ശ്രീ ഹരി സ്വഛയാൽ പ്രകൃതിയെ ചലിപ്പിക്കുന്നു. വ്യയത്തെയും അവ്യയത്തെയും ഭഗവാൻ ചലിപ്പിക്കുന്നു, പോഷിപ്പിക്കുന്നു.
375 - ദേവഃ - ദിവ്യമായ ക്രീഡ (സർഗ്ഗതിയിൽ) ചെയ്യുന്നവൻ- ലീലയിലേർപ്പെട്ടവൻ, സുരാരികളെ ജയിച്ച് സർവ്വഭൂതങ്ങളിലും വ്യവഹരിച്ച് ആത്മത്ത്വത്താൽ ദ്യോതിക്കുന്നവൻ,വെളിച്ചമായും ജലമായും വായുവും സൂര്യചന്ദ്രന്മാരും അഗ്നിയുമായും അതുപോലെയുള്ള അനന്തസംഖ്യം പ്രതിഭാസങ്ങളായും പ്രപഞ്ചത്തെ നിലനിറുത്തുന്ന ദേവശക്തികൾ ഭഗവാൻ്റെ വിഭൂതികളുടെ അല്പാംശങ്ങൾ മാത്രമാണ്. ,സ്തുതിക്കുകയും, കാമിക്കുകയും, സ്തുതികൈകൊള്ളുകയും ചെയ്യുന്നവൻ, പ്രകാശിക്കുന്നവൻ, ദിവ്യതി ഇതി ദേവഃ എന്നാണ്. സൃഷ്ടി സ്ഥിതി സംഹാരം ഭഗവാൻറെ ലീലയാണ്. ലീലയ്ക്കാണ് പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു പറയുന്നു. ബ്രഹ്മാവിനാലും സനകാദിമുനികളാലും സദാ സ്തുതിക്കപ്പെടുന്നവനാണു ഭഗവാൻ. ഏതു യുദ്ധത്തിലും സദാ വിജയിയാണ് അവിടുന്ന്. ആത്മാവായി പ്രകാശിക്കുന്നതും സർവ്വതിനെയും പ്രകാശിപ്പിക്കുന്നതുമായ തേജസ്സാണല്ലോ ഭഗവാൻ. അതിനാൽ ദേവഃ ദിവുക്രീഡായാം എന്ന നിർവചനത്തിൽ നിന്ന് ക്രീഡിക്കുന്നവൻ എന്ന് സാമാന്യമായി അർത്ഥം പറയാറുണ്ട്. ഭഗവാനെക്കുറിച്ചാകുമ്പോൾ സൃഷ്ടിസ്ഥിതിലയരൂപമായ ക്രീഡയിൽ ഏർപ്പെട്ടവൻ എന്നുപറയാം. അങ്ങനെയുള്ളവരിൽ ആദ്യനും അന്ത്യനും ഭഗവാൻ തന്നെ. "ദേവോ ദാനാത്" മനുഷ്യർക്ക് ബുദ്ധിശക്തിയും കർമശക്തിയും ദാനം ചെയ്തനുഗ്രഹിക്കുമ്പോൾ എന്നു ദേവശബ്ദത്തെ പറയാം. 'ദീപനാത് ദേവഃ' എന്നാൽ പ്രകാശിക്കുന്നവൻ എന്നർത്ഥം പറയുന്നു. 'ദിവത്തിൽ വസിക്കുന്നവൻ ദേവൻ,
"ഏകോ ദേവഃ സർവ്വഭൂതേഷു ഗൂഢഃ
സർവവ്യാപീ സർവഭൂതാന്തരാത്മാ
കർമ്മാധ്യക്ഷഃ സർവ്വഭൂതാധിവാസഃ
സാക്ഷീ ചേതാ കേവലോ നിർഗുണശ്ച. "
സ്വപ്രകാശമുള്ളവൻ ഒന്നേയുള്ളു. ആ ദേവൻ സർവ്വഭൂതങ്ങളിലും ഒളിഞ്ഞിരിക്കുന്ന സർവവ്യാപിയാണ്. എല്ലാ ജീവികളുടെയും അന്തരാത്മാവാണ്: സർവജീവികളുടെയും കർമ്മങ്ങളുടെയും പ്രേരകനാണ്, സവ്വഭൂതങ്ങൾക്കും ആശ്രയവുമാണ്. സർവസാക്ഷിയായ ആ സർവചൈതന്യം പ്രകൃതിയുടെ ഗുണങ്ങളൊന്നും തീണ്ടാതെ അതിനപ്പുറം ഒറ്റയ്ക്കു വിളങ്ങുന്നു.
376 - ശ്രീ ഗർഭഃ - ശ്രീ വിഭൂതി, ഭഗവാൻറെ വിഭൂതിയാണ് ശ്രീ എന്നത്, ആ ശ്രീയെ സ്വന്തം ഗർഭത്തിൽ (ഉദരത്തിൽ) ജഗ്ദ്രുപമായി ദർശിച്ച് സൃഷ്ടിച്ച് അവിടെ തന്നെ സ്ഥിതി ചെയ്യിക്കുന്നവൻ ശ്രീ ഗർഭൻ, എല്ലാ ഐശ്വര്യങ്ങളും എന്തിൽ നിലകൊള്ളുന്നുവോ അത് ശ്രീഗർഭൻ. എല്ല ഐശ്വര്യങ്ങളും ഭഗവാനിൽ തന്നെയാണ് നിലകൊള്ളുന്നത്. ഭഗവാനിൽ നിന്ന് അന്യമായി യാതൊന്നില്ല അതിനാൽ ഭഗവാൻ ശ്രീ ഹരിക്ക് ശ്രീ ഗർഭൻ എന്ന നാമം...
377 - പരമേശ്വരഃ - പരമമായ ഈശ്വാനശീലത്താൽ പരമേശ്വരൻ, "സമം സര്വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം" സർവ്വ പ്രാണിസഞ്ചയങ്ങളിലും സമനിലയിൽ സ്ഥിതിചെയ്യുന്നവൻ പരമേശ്വരൻ, നാശത്തിലെക്ക് നീങ്ങിക്കൊണ്ടിരിക്കൂന്ന സകല ചരാചരങ്ങളിലും നാശരഹിതനായി സമഭാവനയോടെ സ്ഥിതചെയ്യുന്നവനാണ് ഭഗവാൻ ശ്രീ ഹരി അതിനാൽ ഭവാൻ പരമേശ്വരൻ എന്ന നാമം.
378 - കരണം:- ജഗദ്ഉൽപ്പത്തിക്ക് ഉപകരണമാകയാൽ കരണം, അതായത് കരണം എന്ന് വാക്കിൻ്റെ അർത്ഥം ഒരു ക്രിയ നടക്കുവാനുള്ള ഉപകരണം എന്നാണ്, ഭഗവാൻ ജഗത് സൃഷ്ടിക്ക് ഉപകരണം ഭഗവാനാണ് അതിനാൽ ഭഗവാൻ ശ്രീ ഹരിക്ക് 'കരണം' എന്ന നാമം.
379 - കാരണം:- ജഗദ് ഉൽപ്പത്തിയുടെ ഉപദാനകാരണവും, നിമിത്തകാരണവും , ഭഗവാനാണ്. ജഗദ് ഉൽപ്പത്തിക്ക് ഹേതുഭൂതനും ഭഗവാൻ തന്നെ.
380 - കർത്താ:- സ്വതന്ത്രമായി സ്വകർമ്മം ചെയ്കയാൽ കർത്താ എന്ന നാമം, ഭഗവാൻ സങ്കൽപ്പമാത്രയിൽ തന്നെ ജഗത്തിനെ സൃഷ്ടിക്കുന്നു, ഒന്നിൻ്റെയും നിർദ്ദേശം അനുസരിച്ചല്ല ഭഗവാൻ സൃഷ്ടി നടത്തുന്നത്. ആരുടെയും സഹായവും കൂടാതെ എല്ലാം സ്വതന്ത്രമായി തന്നെ ആണ് ഭഗവാൻ സ്വകർമ്മങ്ങൾ ചെയ്യുന്നത്. അതിനാൽ കർത്താ എന്ന നാമം
381 - വികർത്താ:- വിചിത്രങ്ങളായ ഭുവനങ്ങളെ സൃഷ്ടിക്കുന്നവൻ, എണ്ണമറ്റ വൈവിധ്യത്തോടെ സൃഷ്ടി നടത്തുന്നത് ഭഗവാൻറെ ലീലയാണ്' ഓരോ കൽപ്പത്തിലും ഭഗവാൻ വിവിധങ്ങളായ സൃഷ്ടികൾ നടത്തുന്നു ഇതറിഞ്ഞാൽ പിന്നെ മോഹഭംഗമുണ്ടാകുന്നില്ല,
382 - ഗഹനഃ - സ്വരൂപം ചേഷ്ഠിതം, സാമർത്ഥ്യം, എന്നിവയെ അറിയാൻ ആരാലും സാധിക്കാത്തത്ര, ഗഹന സാമർത്ഥ്യത്തോട് കൂടിയിരിക്കുന്നതിനാൽ ഗഹനൻ, ഭഗവാൻറെ രൂപം കാണ്മാൻ സാധിക്കില്ല. നമ്മുടെ പരിമിതമായ ബുദ്ധി കൊണ്ട് അളക്കാനാവില്ല അവിടുത്തെ പ്രവൃത്തികൾ. അവയുടെ ഉദ്ദേശ്യം പോലും എത്ര ചിന്തിച്ചാലും വെളിപ്പെട്ടു കിട്ടില്ല, ഭഗവാൻ്റെ രൂപത്തെയോ , ഭഗവാൻ്റെ ലീലകളെയോ കഴിവുകളേയോ ഒരാൾക്ക് ബുദ്ധികൊണ്ട് അളക്കാനാവില്ല, കാണാനുമാവില്ല, അറിയാനുമാവില്ല...
383 - ഗുഹഃ - ഒളിച്ചുവെക്കുന്നവൻ ഗുഹൻ, സാമർത്ഥ്യം ലീലകളെന്നിവ ഗഹനമായത് അവയെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്, പുറത്ത് കാട്ടാതെ മായകൊണ്ട് മൂടിവെച്ചിരിക്കുകയാണ്. യോഗമായയാൽ മറയ്ക്കപ്പെട്ടിരിക്കുന്ന ഭഗവാൻ എല്ലാവർക്കും പ്രത്യക്ഷനല്ല. സാമന്യ ജനങ്ങൾക്ക് മായ പരമാത്മാവിനെ മറക്കനുള്ള ഒരു തിരശീലയാണ്. പരാപ്രകൃതിയിൽ ത്രിഗുണങ്ങളുടെ ഘടനയെ സംബന്ധിക്കുന്ന രഹസ്യമാണ് 'യോഗമായ' ആ മായയാകുന്ന യവനിക പിന്നിൽ പരമാത്മാവായ ഭഗവാൻ മറഞ്ഞിരിക്കുന്നു. അരൂപിയാണെങ്കിലും മനോഗോചരമായ ഒന്നാണ് മായ. യോഗമായയുടെ ആവരണത്താൽ എന്നെ ആർക്കും പ്രത്യക്ഷമായി കാണാനാവില്ല . യോഗമായയാൽ മറക്കപ്പെട്ടിരിക്കുന്ന ഭഗവാനെ യോഗാരൂഢന്മാർക്ക് കാണാൻ സാധിക്കും, ഭഗവാൻ നമ്മുടെ ഹൃദ്യയമാകുന്ന ഗുഹയിൽ ഗോപ്യമായി വസിക്കുന്നു എന്നതിനാലും ഗുഹൻ.
384 - വ്യവസായഃ - നിശ്ചയദാർഢ്യമുള്ളവൻ , ഗൂഢബുദ്ധിയുള്ളവൻ, ഉറച്ച തിരുമാനം എടുക്കുന്നവൻ, ശ്രേഷ്ഠമായ ഒന്നിൽ ഉറച്ച മനസ്സുണ്ടാവുക എന്നാണ് വിശ്വാസപദത്തിന്റെ നിർവ്വചനം. കർമ്മങ്ങളിൽ മുഴുകിയിരിക്കെ ലൗകിക നിയമാനുസൃതമായി കുലപരമ്പരയോടോ മനുഷ്യസമുദായത്തോടോ രാഷ്ട്രടത്തോടോ ഉള്ള കടമകൾ ഒരാൾക്ക് നിറവേറ്റേണ്ടതില്ല. ഈ ശുദ്ധമായ വ്യവസായാത്മിക ബുദ്ധിയുടെ ചൈതന്യസ്വരൂപത്തിൻ്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമേ എത്തേണ്ട പരമലക്ഷ്യമായ പരമപദത്തിൽ എത്താനാവൂ. ഒരു വ്യക്തിയുടെ ദൃഢനിശ്ചയത്തോടെയുള്ള ലക്ഷ്യബോധം ജ്ഞാനത്തിലധിഷ്ഠിതമാണ്. വാസുദേവസർവമിതിഃ സമഹാത്മാസുദുർലഭഃ ഈ പ്രത്യക്ഷ പ്രപഞ്ചത്തിന്റെയെല്ലാം മൂലകാരണം ശ്രീകൃഷ്ണൻ അഥവാ വാസുദേവനാണ് എന്ന സത്യം കൃഷ്ണാവബോധമുള്ള ഒരു വ്യക്തിക്ക് നന്നായി അറിയാം. അങ്ങ നെയുള്ള ഒരു മഹാത്മാവ് അപൂർവ്വമായി മാത്രമേ കാണപ്പെടാറുള്ളൂ. വ്യക്ഷച്ചുവട്ടിൽ ഒഴിക്കുന്ന ജലം തനിയേ ശാഖകളിലേക്കും, ഇലകളിലേക്കും വ്യാപിക്കുന്നതുപോലെ കൃഷ്ണാവബോധതലത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, മനുഷ്യസമുദായം എന്നുവേണ്ട ഏവർക്കും ഉത്തമമായ സേവനം അർപ്പിക്കുവാൻ സാധിക്കും. ഒരാളുടെ പ്രവർത്തനംകൊണ്ട് കൃഷ്ണൻ സംതൃപ്തനാണെങ്കിൽ എല്ലാവരും സന്തുഷ്ടരായിക്കൊള്ളും.
385 - വ്യവസ്ഥാനഃ- എല്ലാറ്റിനും വ്യവസ്ഥിതി ചെയ്യാനുള്ള സ്ഥാനമാകയാൽ വ്യവസ്ഥാനൻ, എല്ലാറ്റിനെയും അതാതു സ്ഥാനത്തു നിർത്തി വെച്ചിരിക്കുന്നവനാണ് ഭഗവാൻ ശ്രീ ഹരി, ലോകപാലകന്മാർ അവരുടെ അധികാരങ്ങളോട് കൂടിയും, വിശ്വത്തെ ചിതറിപോകാതെ നക്ഷത്രസമ്മുഹങ്ങളെയും പരസ്പരം കൂടി മുട്ടാതെ യഥാസ്ഥാനത്ത് നിർത്തിയിരിക്കുന്നവൻ , ബ്രാഹ്മണക്ഷത്രിയാതി വർണ്ണങ്ങളെയും അവയുടെ അവന്തരവർണങ്ങളെയും, ബ്രഹ്മചാര്യം, ഗ്രഹസ്ഥ്യം സന്യാസം വാനപ്രസ്ഥം, തുടങ്ങി ആശ്രമധർമ്മങ്ങളോട് കൂടിയഏതൊന്നിൽ അതാതു സ്ഥാനത്തു വിഭജിച്ച് വ്യന്യസിക്കപ്പെട്ടിരിക്കുന്നുവോ ആ വ്യവസ്ഥക്കെല്ലാം ആധാരമായ സ്ഥാനം. ഇങ്ങനെ എല്ലാം വ്യവസ്ഥ ചെയ്തതിനാൽ ഭഗവാൻ ശ്രീ ഹരിക്ക് വ്യവസ്ഥാനൻ എന്ന നാമം...
.. 386 - സംസ്ഥാനഃ - എവിടെ ഭൂതങ്ങളെല്ലം സ്ഥിതിചെയ്യുന്നുവോ അവിടം സംസ്ഥാനം, പ്രളയവേളയിൽ ഭൂതങ്ങളെല്ലാം ഏതൊരു സ്ഥലത്ത് സുരക്ഷിതമായിരിക്കുന്നുവോ അവിടം.എല്ലാ ജീവികളെയും മഹാപ്രളയത്തിൽ ഭഗവാൻ തന്നിൽ ലയിപ്പിക്കുന്നു. സംസാരസാഗരത്തിൽ കൈകാലിട്ടടിക്കുന്ന ജീവാത്മാക്കൾ തേടും സ്ഥിരമായ ആസ്ഥാനം വൈകുണ്ഠം തന്നെയാണ് സംസ്ഥാനം, സമ സ്ഥാനം സംസ്ഥാനം എന്നാണ്, ഈശ്വരനിൽ സർവ്വ ജീവജാലങ്ങളും സമസ്ഥാനം നൽകിയിരിക്കുന്നു. സംസ്ഥാനമെന്നാൽ യഥാർത്ഥ അർത്ഥം എല്ല പ്രജകളും സമസ്ഥാനിയരായിക്കുന്ന ഇടം സംസ്ഥാനം,
387- സ്ഥാനദ - ഓരോജീവിക്കും അതാതിൻ്റെ കർമ്മാനുസൃതമായ സ്ഥാനം സ്വഭാവികമായി തന്നെ നൽക്കുന്നതിനാൽ സ്ഥാനതൻ, എല്ലാ ജീവജാലങ്ങൾക്കും കർമ്മത്തിനനുസരിച്ച് സ്ഥാനം നൽകുന്നു. വ്യത്യസ്ത കർമ്മഫലങ്ങൾ അനുഭവിച്ചു തീരാനായി അതാതിനുതകുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുന്നത് ഭഗവാനാണ് അങ്ങനെ എല്ലവർക്കും ഉചിതമായ സ്ഥാനങ്ങൾ നൽകിയിരുത്തിയിരിക്കുന്നു, അതുകൊണ്ട് ചുറ്റുപാടുകളെ പഴിക്കാതെ ഇതെല്ലാം നമ്മുക്ക് നമ്മുടെ കർമ്മത്തിനുള്ള ശിക്ഷയാണ് ഈ ജന്മം എന്ന് മനസ്സിലാക്കി ഭഗവാനെ ശരണം പ്രപിക്കുക.
388 - ധ്രുവഃ - അവനാശിത്വത്താൽ എന്നും അചഞ്ചലനാകയാൽ ധ്രുവൻ, മാറ്റമില്ലാതെ എല്ലാ കാലത്തും സ്ഥിരമായി നിൽക്കുന്നവൻ. ജനനമരണ, ജരാനരാദികൾ ബാധിക്കാത്ത ഭഗവാൻ എല്ലാ കാലത്തും തൻറെ മഹിമയിൽ ഉറച്ചു നില്ക്കുന്നു . ധ്രുവൻ - ധ്രുവനക്ഷത്രം ഉത്താനപാദ മഹാരാജാവിൻറെ കനിഷ്ഠ പുത്രനായ ധ്രുവൻറെ ഭക്തിയിൽ സംപ്രീതനായി പരമപദം നല്കി ഭഗവാൻ. ധ്രുവന് ഇങ്ങനെ അചഞ്ചലപദം കിട്ടിയത് ധ്രുവൻ്റെ കർമ്മം അചഞ്ചലമായ തപസ്സായതിനാലാണ്. സ്ഥാനദ എന്ന നാമത്തിന്നു ശേഷം ധ്രുവനാമം ആയതും ഇതുകൊണ്ടാണ്.
389 - പരർദ്ധിഃ- പരമമായ ഋദ്ധി ഭവാൻ്റെ വിഭൂതുകൾ ആണ്, . ഋദ്ധ എന്നതിന് സമ്പന്നൻ , ഐശ്വര്യമുളളവൻ, വർദ്ധിച്ചുകൊണ്ടിരിക്കുന്നവൻ , ഗംഭീര്യത്തിൽ സമുദ്രം പോലെയുള്ളവനും , നിലനിർത്തുന്നതിൽ ഹിമാലയം പോലുള്ളവനും , പരാക്രമത്തിൽ തനിക്ക് തുല്യനില്ലാത്തവനും, ചന്ദ്രനെ പോലെ പ്രിയരൂപത്തിൽ കാണപ്പെടുന്നവനും , കോപത്തിൽ പ്രളയാഗ്നിക്ക് തുല്യനും, ക്ഷമയിൽ ഭൂമിക്കു സമനും, കൊടുക്കുന്നതിൽ കുബേരതൂല്യനും , സത്യം പറയുന്നതിൽ മറ്റൊരു ധൽമ്മ ദേവനെപ്പോലെയുളളവനും , സമസ്ത ഗുണങ്ങളോടുകൂടിയവനും പിഴയ്ക്കാത്ത പരാക്രമത്തോടു കൂടിയവനും, ഉൽക്കൃഷ്ട ഗുണങ്ങളോടുകൂടിയവനും ,ആണ് ഭഗവാൻ, അങ്ങനെ പരമമായ ഋദ്ധികൾ അത്രയേറെയാണ്.
100 മനുഷ്യാനന്ദം ഒരു പിതൃലോകാനന്ദം,
100 പിതൃലോകാനന്ദം ഒരു ഗന്ധർവ്വലോകാനന്ദം (അയുതം) ,
100 അയുതം ഒരു കർമ്മയോഗിയുടെ ആനന്ദം( പ്രയുതം)
100 പ്രയുതം ഒരു ജന്മനാ വിശുദ്ധൻ്റെ ആനന്ദം(ന്യർബ്ബുദം),
100 ന്യർബ്ബുദം ഒരു പ്രജാപതി ആനന്ദം (മദ്ധ്യം),
100 മദ്ധ്യം ഒരു ബ്രഹ്മലോകാനന്ദം(പരാർദ്ധം) ,
ഒരു ബ്രഹ്മാനന്ദത്തിനുള്ള ഒരാർദ്ധവിഭൂതികളോട് കൂടിയവൻ പരാർദ്ധി.
390 - പരമസ്പഷ്ടഃ- പരമായ സർവ്വോത്കൃഷ്ട്മായ പ്രകാശത്താൽ പ്രകടമാകുന്നവൻ, സ്പഷ്ടമാകുന്നവൻ, പ്രകാശരൂപിയായവൻ, മറ്റൊന്നിന്നും മറ്റൊരാൾക്കും ആ പ്രാകാശമില്ല. സംവിദാത്മകത കൊണ്ടാണ് സ്പഷ്ടമാകുന്നത്, രൂപം അഥവാ ബാഹ്യശരീരമായി ബാഹ്യനേത്രത്തിനുമുന്നിൽ പ്രത്യക്ഷമായിട്ടില്ല. ജ്ഞാനപ്രകാശം കൊണ്ടാണ് ഒരാളുടെ അന്തരാത്മാവ് മറ്റൊരാൾക്ക് ബാഹ്യസൗന്ദര്യം കൊണ്ടല്ല. അങ്ങനെ കർമ്മജ്ഞാനപ്രകാശത്താൽ തൻ്റെ വാക്കിലും ചിന്തയിലും കർമ്മത്തിലും സദാ പരത്തുന്നതിനാൽ സ്വാത്മാവിനെ മറ്റുള്ളവർക്ക് സ്പഷ്ടമാക്കികൊടുക്കുന്ന ജ്ഞാനി.. ആ പ്രകാശത്തിൽ നടന്നുകഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതും, ഇനി നടക്കാൻ പോകുന്നതുമായ എല്ലാം, ഒരേ സമയത്ത്, അതിൽ കാണാമായിരുന്നു. നമ്മുടെ ബോധമനസ്സിന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള, സമയത്തിന് സമാന്തരമായ, ഭൂതവും വർത്തമാനവും ഭാവിയും, ഉണ്ടായിരുന്നില്ല. എല്ലാം ഒരേ സമയത്ത് നിലവിൽ ഉണ്ടായിരുന്നു. പ്രകാശം കണ്ണഞ്ചിക്കുന്നതായിരുന്നു, അതേ സമയം സാന്ത്വനിപ്പിക്കുന്നതും. ഇതാണ് പരബ്രഹ്മത്തിന്റെ പ്രകൃതം. ഇതാണ് നമ്മുടെ ശരിയായ സ്വഭാവം. കണ്ണടച്ചാൽ ഉണ്ടാകുന്ന ഇരുട്ടിനപ്പുറത്തേയ്ക്ക് കാണാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തിയാൽ നമുക്കും അത് കാണാൻ കഴിയും. അജ്ഞാനാന്ധകാരത്തിന്റെയും, തിരിച്ചറിയലുകളുടെയും അപ്പുറത്തുള്ള ആ പ്രകാശം, ... വിഷ്ണുഭഗവാൻ്റെ യഥാർത്ഥ രൂപത്തിന്റെ ഉജ്ജ്വല തേജസ്സ് വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്തതായിരുന്നു. വാക്കുകൾക്ക് വളരെ പരിമിതിയുണ്ട്. ആ പ്രതിഭാസം ഏതുതരത്തിലുള്ള വിശദീകരണത്തിനും അതീതമാണ്...
391- തുഷ്ടഃ - പരമാന്ദ സ്വരൂപനാകയാൽ സദാ ആനന്ദവാൻ , ആനന്ദസ്വരൂപൻ , സന്തുഷ്ടൻ, ഒരു ആഗ്രഹവും ഇല്ലാത്തതിനാൽ ഭഗവാൻ പരമാനന്ദ സ്വരൂപനാണ്.
392 - പുഷ്ടഃ - സർവ്വസമ്പൂർണത്വം കൊണ്ട് പുഷ്ടൻ സദാ സമ്പൂർണൻ, സർവ്വവിധ സദ്ഗുണ സമ്പൂർണനാകയാണ് പുഷ്ടൻ എന്ന നാമം. ഭഗവാൻ പരിപൂർണ്ണനാണ്. സ്ഥിരമായി സ്വമഹിമയിൽ ആരൂഢനും. ഭഗവാനിൽ നിന്ന് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ എടുത്തു മാറ്റാനോ ആവതല്ല.
393 - ശുഭേക്ഷണഃ - ഈക്ഷണമെന്നാൽ ദർശനം. ശുഭദർശനമുള്ളവൻ ശുഭേക്ഷണൻ, ആരുടെ ദർശനം മോക്ഷേക്ഷുവിന് മോക്ഷവും, ഭോഗാർത്ഥിക്ക് ഭോഗവും, പാപിക്ക് പാപവിമോചനത്താൽ പാവനത്വവും, സംശയലുവിന് സംശയവിഛേദകരണവും , യോഗിക്ക് ഹൃദയഗ്രന്ഥിവിഛേദികരണവും. സർവ്വർക്ക് സർവ്വകർമ്മദോഷഹരവും അവിദ്യയിൽ നിന്ന് മോചനവും നൽക്കുന്നത് ഭഗവാൻ ശ്രീ ഹരിയുടെ ആ കടാക്ഷം കൊണ്ട് എല്ലാ സംശയങ്ങളും തീരും.
അയാളുടെ എല്ലാ കർമ്മങ്ങളും ക്ഷയിക്കും. ആത്മസാക്ഷാത്കാരം നേടുമ്പോൾ നമ്മുടെ ഉള്ളിലെ സകല അറിവില്ലായ്മകളും വേരോടുകൂടി നശിക്കുന്നു. അവിദ്യാ വാസനകളെയാണ് ഹൃദയഗ്രന്ഥിയായി പറഞ്ഞിരിക്കുന്നത്. ആത്മജ്ഞാനത്തിനു മുന്നിൽ ഈ കെട്ടുകളെല്ലാം അഴിഞ്ഞുപോകും. അറിവില്ലായ്മ, കാമ, കർമം എന്നിവയെയാണ് ഹൃദയത്തിന്റെ കെട്ടുകളായി പറയുന്നത്.
അറിവില്ലായ്മയിൽ നിന്നാണ് കാമവും അതിന്റെ പൂർത്തീകരണത്തിനായി കർമ്മവും ഉണ്ടാകുന്നത്. നാം ഓരോരുത്തരും പൂർണമാണ്, ആനന്ദമാണ്, സുഖമാണ്, നിത്യതൃപ്തമാണ്. ഇത് മനസ്സിലാകാതിരിക്കുന്നതാണ് അറിവില്ലായ്മ. ആ ദർശനത്താൽ അറിവില്ലായ്മ നീങ്ങിയാൽ പിന്നെ കടമ്പകൾ ഉണ്ടാകില്ല. കടമ പൂർത്തീകരണത്തിനുള്ള കർമ്മവും പിന്നെ കാണില്ല.
സംശയങ്ങളെ തീർത്ത് കർമ്മങ്ങളും നശിച്ച് മുക്തനായിത്തീരും. എല്ലാ കർമ്മങ്ങളും നശിക്കുമ്പോൾ അധർമ്മം നശിക്കുമ്പോൾ സംസാരാകാരണം മുഴുവൻ നശിക്കുന്നു മുക്തി ലഭിക്കുന്നു... അവനാണ് ശുഭേക്ഷണൻ, എല്ലാവിധത്തിലും മംഗളകരമായ ദർശനവും പ്രജ്ഞാനവും ഉള്ള സർവാതിശായിയായ പ്രഭാവത്തിന്റെ ഉടമയായ ശ്രീ ഹരിയല്ലാതെ മറ്റാരാണ്,,ഭഗവാൻ്റെ ഈക്ഷണം(കടാക്ഷം- നോട്ടം) ഒന്ന് കൊണ്ട് സർവ്വ ആപത്തുകളും അശുഭവും നീങ്ങുന്നു.
394 - രാമൻ - രമിപ്പിക്കുന്നവൻ, കാണുന്നവരെയെല്ലാം തൻ്റെ മനോരൂപത്താലും വ്യക്തിവൈശിഷ്ട്യത്താലും അഭിരമിപ്പിക്കുന്നവൻ, നിത്യാനന്ദ ലക്ഷണത്താൽ യോഗികളെ രമിപ്പിക്കുന്നവൻ. നത്യാനന്ദരൂപമായ ചിദാത്മാവിൽ യോഗികളെ രമിപ്പിക്കുന്നതിനാൽ രാമപദം ബ്രഹ്മപദം എന്നാണ്. രാമൻ പരമാന്ദമൂർത്തിയാണ്, പ്രപഞ്ചമനസ്സായി മറിക്കഴിഞ്ഞ വ്യക്തിമനസ്സിൽ ആനന്ദം മാത്രമേഉള്ളു.
'മമ ഹൃദിരമതാം രാമ" നമ്മുടെ ഹൃദയത്തിലാണ് രാമൻ രമിക്കുന്നത്, 'രാമഃ' എന്ന പദത്തിന് രമിപ്പിക്കുന്നവn, സന്തോഷിപ്പിക്കുന്നവn എന്ന് സാമാന്യമായി അർത്ഥം പറയാം. "രമയതി ഇതി രാമഃ' എന്നു നിഷ്പത്തി. ലോകത്തെ ആനന്ദിപ്പിക്കുന്നവൻ എന്നും യോഗികൾക്ക് ആനന്ദം നൽകുന്ന ജ്ഞാനസ്വരൂപനെന്നും ചില ആചാര്യന്മാർ ഈ പദത്തെ നിർവചിക്കുന്നു.
രമാ ദേവിയോടൊപ്പം രമിക്കുന്നവനെന്നും രമയുടെ രമണസ്ഥാനമെന്നും മറ്റുചിലർ. അഭിരാമമായ ശരീരസൗന്ദര്യം കണ്ട് രാമനെന്ന് പേരുകൊടുത്തു എന്ന് കാളിദാസൻ. 'രാ' എന്ന ശബ്ദം വിശ്വത്തെയും 'മ' എന്ന ശബ്ദം ഈശ്വരനെയും കുറിക്കുന്നുവെന്നും എല്ലാ വിശ്വങ്ങൾക്കും ഈശ്വരൻ രാമൻ എന്നു കീർത്തിക്കപ്പെടുന്നുവെന്നും ബ്രഹ്മവൈവര്ത്തകപുരാണം രാമശബ്ദത്തെ നിർവചിക്കുന്നു.
'രാ, മ' എന്നീ മന്ത്രാക്ഷരങ്ങളുടെ തുടര്ച്ചയായ ജപം കൊണ്ട് പാമരനായ കാട്ടാളൻ വാല്മീകി മഹർഷിയും ആദികവിയുമായി വളർന്നത് രാമ ശബ്ദത്തിന്റെ മന്ത്രഘടന കൊണ്ടാണ്....
ഇനി രാമ ശബ്ദത്തിന് ചെറിയ ഒരു വ്യാഖ്യാനം നൽകാം--
"രാമ ഏവ പരം ബ്രഹ്മ
രാമ ഏവ പരം തപഃ
രാമ ഏവ പരം തത്ത്വം
ശ്രീ രാമോ ബ്രഹ്മ താരകം"
എന്ന് രാമരഹസ്യോപനിഷത്തിൽ "രാമ" ശബ്ദത്തെ വിശദീകരിച്ചു കാണുന്നു. അസ്ഥിത രഹസ്യമായ ഈ ഉള്ളിലെ രാമനെ തിരിച്ചറിയലാണ് മനുഷ്യജന്മന്റെ ലക്ഷ്യവും സാദ്ധ്യതയും.
രാമഭക്തി എന്നത് സ്വരൂപസന്ധാനം തന്നെയാണ്,രാമനാണ് ജീവികളുടെ അസ്തിത്വത്തിന്റെ കേന്ദ്രം. രാമൻ അസ്തിത്വത്തിന്റെ പ്രകാശമാണെങ്കിൽ കുംഭകർണനും രാവണനും വിഭീക്ഷണനും അഹങ്കാരം കൊണ്ട് അനുഭവവേദ്യമാകുന്ന ശരീരമനസ്സുകളിൽ നിന്ന് രൂപമെടുക്കുന്നതും നമ്മുടെ അസ്തിത്വത്തെ മൂടിയിരിക്കുന്നതുമായ വ്യക്തിത്വത്തിന്റെ ആവരണമാണ്.
അവർ ഉപാധിവിധേയമായ വ്യക്തിത്വത്തെ പൊതിഞ്ഞു നിൽകുന്ന തമോഗുണവും രജോഗുണവും സ്വാതികഗുണവുമാണ്.
തമോഗുണമായ അലസതയും നിദ്രത്വവും കൊടികുത്തിവാഴുന്ന അവനവനിലെ കുഭകർണനെയാണ് നമ്മുക്കും രാമനും ആദ്യം കീഴടക്കേണ്ടി വരുന്നത് പിന്നെ രജോഗുണപ്രാധാനിയായ രാവണനെയാണ്കീഴടക്കാനുള്ളത്. രജോഗുണപ്രധാനിയായ രാവണന്റെ ശരീരവലിപ്പം, ഭോഗാസക്തി, അധികാരാസക്തി എന്നിവയിലൂടെ വെളിപ്പെടുന്ന ക്രോധവും മദമാത്സര്യങ്ങളും ഇതു സൂചിപ്പിക്കുന്നു.
അവനവന്റെ തന്നെ വ്യക്തിത്വത്തിലെ മുഖ്യമായ ഇതിനെ സമൂലം ചേദിക്കാതെ സ്വന്തം അസ്തിത്വരഹസ്യം തിരിച്ചറിയാനാവില്ല എന്നതാണ് രാവണവധത്തെ അനിവാര്യമാക്കുന്നത് സ്വാത്വിക ബുദ്ധിയായ ഒരാൾക്ക് മാത്രമേ മറ്റൊരാളിലെ ഈശ്വരനെ തിരച്ചറിയാനാവുകയുള്ളൂ.
അതുകൊണ്ടാണ് രാമന്റെമഹത്ത്വം സാത്വികബുദ്ധിയായ വിഭീക്ഷണൻ ആദ്യമേ തിരിച്ചറിഞ്ഞതും . രാമപക്ഷത്തക്ക് ചുവട് മാറിയതെന്നും മനസ്സിലാക്കണം. മനുഷ്യനായി പിറവിയെടുത്ത രാമൻ രാജപദവിയും പ്രതപവും വേണ്ടെന്ന് വെച്ച് കാട്ടിലേക്ക്പോകാൻ സമ്മതിക്കുന്നതു വഴി തന്റെ സ്ഥൂലശരീരത്തെ നിസ്സാരികരിക്കുന്നു. വനജീവിതഘട്ടത്തിൽ രാവണകുംബകർണ്ണന്മരടക്കം .പല അസുരജന്മങ്ങളെയും വധിക്കുന്നതിലൂടെ രാമൻ തന്റെ സൂക്ഷ്മ ശരീരത്തെ തന്നെ ചേദിക്കുന്നു. രാമൻ പെരുമാറുന്ന ആ കാടുതന്നെയും മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കാൻ പറ്റിയ നല്ലൊരു പ്രതീകമായാണ് രാമായണത്തിൽ അവതരിപ്പിക്കപ്പെടുന്നത്.. അപ്പോൾ രാമകഥയിലെ അതിപ്രധാന രംഗമായ രാമരാവണയുദ്ധത്തെ നന്മതിന്മകളുടെ സംഘർഷമുഹൂർത്തമായി കാണുന്നത് ശരിയല്ല എന്നുവരുന്നു. കാരണം സുകൃത ദുഷ്കൃതങ്ങളുടെ വേലിക്കെട്ടിനും അപ്പുറത്താണ് ശരിയായ മതാത്മകയുടെ മേഖലയെന്ന് കാണാൻ കഴിയും.
രാമായണത്തിൽ തന്നെ കൊലകൊമ്പന്മാരായ അസുരരൂപങ്ങൾ രാമബാണമേറ്റ ശകലിതശരീരങ്ങളായി പതിക്കുമ്പോൾ തൽസമയം തേജോമൂർത്തികളായി ഉയർത്തെഴുനെറ്റ് രാമന്റെ അനുഗ്രഹത്തോടെ സ്വർഗ്ഗത്തിലേക്ക് പോകുന്നത് നാം കാണുനുണ്ടല്ലോ. രാമബാണമേറ്റ് പതിച്ചാൽ മോക്ഷം ലഭിക്കുമെന്ന കൊതിയൊടേയാണ് രാവണൻ പോലും രാമനോട് ഏറ്റുമുട്ടുന്നത്. എന്ന പാഠവും ഇവിടെ ഓർക്കവുന്നതാണ് ....... <br>
സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കുള്ള ബുദ്ധിയുടെ സഞ്ചാരത്തെയും, മനസ്സിൽ നിന്നും ഹൃദയത്തിലേക്കുള്ള ബോധത്തിന്റെ പരിണാമവുമാണ് രാമ നാമ ജപം കൊണ്ട് ഉണ്ടാകുന്നത്. ചുട്ടെടുത്ത ഇഷ്ടിക വീണ്ടും സൃഷ്ടിക്ക് പ്രയോജനപ്പെടാത്തതു മാതിരി അസ്ഥിത്വം തിരച്ചറിഞ്ഞ ആത്മാവിനും വീണ്ടും ജന്മമെടുക്കാനാവില്ല.
ആഗ്രഹങ്ങൾ ബാക്കി നിന്ന പ്രാകൃതമായ ജീവിനാകട്ടെ പച്ചമണ്ണുപോലെ വീണ്ടും വീണ്ടും സൃഷ്ടിയുടെ ചക്രത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. ഇതാണ്ണ് മോക്ഷത്തെകുറിച്ച് വേദാന്തത്തിന്റെ ഭാഷയിൽ ഉപനിഷത്തുക്കൾ നമ്മളോട് പറയുന്നത് .. അതു തന്നെയാണ് രാമ നാമത്തിൻ്റെ ശക്തിയും. ഓങ്കാരധ്വനി പോലെ ചിത്തശുദ്ധിക്ക് കാരണമായ നാമമാണ് രാമനാമം....
395 - വിരാമഃ- പ്രാണികളെല്ലാം വിരമിക്കുന്ന, അഭയം പ്രപിക്കുന്ന, വിലയിക്കുന്ന, സ്ഥാനമാകയാൽ വിരാമം, ഏതിൽ എല്ലാം ഓടുങ്ങുന്നുവോ അത് വിരാമം - മോക്ഷസ്ഥാനം. എല്ലാ പ്രാണികളുടേയും വിരാമം (അന്തം) വിഷ്ണുപാദങ്ങളിൽ തന്നെ. അതുകൊണ്ട് എല്ലാവരുടെ വിരാമസ്ഥാനം ആ വിഷ്ണുപാദം തന്നെ. കല്പാന്തത്തിൽ വിശ്വം ഭഗവാനിൽ ലയിക്കുന്നതിനാൽ അവിടുന്നു വിരാമൻ. പുനരാവൃത്തിയില്ലാത്ത മോക്ഷം ലഭിക്കുന്ന സ്ഥാനവും അവിടുന്നാകയാൽ ജനനമരണങ്ങൾക്കു വിരാമമിടന്ന ഭഗവാൻ ശ്രീ ഹരി തന്നെ വിരാമൻ..
396- വിരതഃ വിഷയാസക്തി ഇല്ലാത്തവൻ, രതി ഇല്ലാത്തത് വിഗതം, രതി അഥവ വിഷയാസക്തി ഗതമായത്(ഇല്ലാത്തത് ) വിരതം , വിഷയരസത്തിലുള്ള രാഗം ഇല്ലാതായിരിക്കുന്നവൻ, ഭോഗേച്ഛ വെടിഞ്ഞവൻ, പരമാനന്ദസ്വരൂപൻ, രതി ഉണ്ടാകുന്നത് രജോഗുണാധിക്യത്താലാണ്. ഇതെല്ലാം ഉണ്ടാകുന്നത് ഇന്ദ്രിയ സമ്പർക്കാത്താലാണ്, ഭഗവാൻ ശ്രീ ഹരിക്ക് ഇത് ബാധകമാല്ലാത്തതിനാൽ വിരതനാണ് ഭഗവാൻ...
397. മാർഗ്ഗഃ - മുമുക്ഷുക്കാളായ യോഗികൾക്ക് ആ നാമം അമൃത്വത്തിലേക്കുള്ള ഏകപാന്ഥാവുമാണ്. ലക്ഷ്യവും മാർഗവും ഭഗവാൻ തന്നെ. ജ്ഞാനം, ഭക്തി, കർമ്മം, യോഗം എന്നീ മാർഗ്ഗങ്ങളായിരിക്കുന്നതും ഭഗവാൻ തന്നെ. അന്ധമായ ഭൗതികബോധത്തിനതീതനാണ് പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ശ്രീ ഹരി . അവിടുത്തെ അറിയുന്നവനു മാത്രമേ ജനിമൃതികളുടെ ബന്ധങ്ങളെ അതിജീവിക്കാൻ കഴിയൂ. പരമപുരുഷനെ അറിയുക എന്നതല്ലാതെ മുക്തിക്ക് വേറെ ഒരു മാർഗ്ഗവുമില്ല.' ആദിദേവനും ആനന്ദസാഗരവും സച്ചിദാനന്ദമൂർത്തിയുമായ കൃഷ്ണ ഭഗവാനാണ് (ഗോവിന്ദൻ) സർവ്വോത്കൃഷ്ടമായ പരമസത്യം.
അത്യുന്നതനാകയാൽ ആ പരമപുരുഷനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു സത്യമില്ല. അണുവിനേക്കാൾ അണുവും, ബൃഹത്തിനേക്കാൾ ബൃഹത്തുമാണദ്ദേഹം. ഒരു മഹാവൃക്ഷത്തെപ്പോലെ നിശ്ശബ്ദം ആദ്ധ്യാത്മികവ്യോമത്തെ പ്രകാശമാനമാക്കിക്കൊണ്ട് ഭഗവാൻ ശ്രീ ഹരി നിലകൊള്ളുന്നു. വൃക്ഷം എപ്രകാരം വേരുകൾ വ്യാപിപ്പിക്കുന്നുവോ, അതു പോലെ ഭഗവാൻ തന്റെ വ്യാപകമായ ശക്തി പരത്തുന്നു. ഭൗതികങ്ങളും, ആദ്ധ്യാത്മികങ്ങളുമായ ശക്തിവിശേഷങ്ങളെ ലോകാലോകങ്ങളിൽ പ്രസരിപ്പിച്ചു നിൽക്കുന്ന ഈ പരമപുരുഷൻ തന്നെയാണ് പരമനിരപേക്ഷതത്ത്വമായ ഭഗവാൻ ശ്രീ ഹരി...............
398 - നേയഃ - നയിക്കുന്നവൻ, മാരഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവന് വേണ്ട സമ്യക്ജ്ഞാനംകൊണ്ട് ജീവനെ പരമാത്മഭാവത്തിലേക്ക് നയിക്കുന്നത് ഭഗവാൻ ശ്രീഹരി മാത്രമാണ്, തന്നിലൂടെ തന്നിലേക്ക് തന്നെ നയിക്കുന്നതിനാൽ നേയാ! ഭക്തരെ തന്നിലേയ്ക്ക് നയിക്കുന്നത് ഭഗവാൻ തന്നെയാണ്. കർമ്മഫലങ്ങൾ യഥാസമയം നല്കി , സംസാരചക്രം തിരിച്ച്, ഭക്തിയുണർത്തി, പാഠങ്ങൾ സാമദാനഭേദ ദണ്ഡങ്ങളാൽ ജീവിതം വഴി പഠിപ്പിച്ചെടുത്ത് അവിടുന്നു മെല്ലെ ഭക്തരെ പിടിച്ചടുപ്പിക്കുന്നു.
അതിനാൽ നേയഃ, അജ്ഞാനാവരണത്തിന്റെ ഫലമായുണ്ടാവുന്ന ഭ്രമാത്മകത അജ്ഞാനാന്ധകാരം മൂലമാണ് ലോകമെന്ന ഈ ഭ്രമക്കാഴ്ച മനസ്സിൽ സംജാതമാവുന്നത്. ഇവയെല്ലാം ക്ഷമയും അവധാനതയും കൊണ്ട് സമ്പന്നവും അപരിമേയവുമായ ബുദ്ധിശക്തിയാൽ അശാപാശങ്ങളുടെ, പ്രത്യാശകളുടെ കെട്ടുകൾ പൊട്ടിച്ച് ധർമ്മാധർമ്മങ്ങൾക്കുമപ്പുറം ഉയർത്തി അനന്തവും അപരിമേയവും ഉപാധികളില്ലാത്തതുമായ ആത്മജ്ഞാനം നൽകി തന്നിലേക്ക് തന്നെ ലയിപ്പിക്കുന്നവനായ നേയനാണ് ഭഗവാൻ ശ്രീ ഹരി....
399 - നയഃ - നയിക്കുന്നതിനുള്ള നയവും - മാർഗ്ഗദർശനം നൽക്കുന്നതും - ഭഗവാൻ ശ്രീ ഹരി തന്നെ... മാർഗം നേയം നയം എന്നിവ ത്രിരൂപത്തിൽ പരികൽപ്പിക്കപ്പെട്ടതാകം ..... ആന്തരികതയിലേക്കു തിരിയുന്ന മനസ്സിനെ ബാഹ്യലോകാകർഷണങ്ങളിൽ നിന്നു മെല്ലെ വിടുവിച്ച്, തന്നിലേക്ക് താൻ തന്നെ മാർഗദർശിയാണ് ഭഗവാൻ ശ്രീഹരി
400 - അനയഃ - ആരാലും നയിക്കപ്പെടാത്തവൻ , ഭഗവാനെ മറ്റാരും നയിക്കുന്നില്ല, ഭഗവാനെ നയിക്കാനായി യോഗ്യതയുള്ള മറ്റൊരാൾ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലാത്തതിനാൽ ഭഗവാൻ ശ്രീ ഹരി അനയനാണ്. ആരാലും നയിക്കപ്പെടാത്തവനാണ്.
401- വീരഃ - ധീരൻ, വിക്രമശാലി, ഭഗവാൻ ഏത് സന്ദർഭത്തിനും പരാക്രമിയാണ്. അവിടുന്നു പരാജയം അറിയുകയില്ല. അനന്ത വിജയിയാണ്. അതിനാൽ വീരഃ. പോരാത്തതിന് സ്വന്തം മഹിമയിൽ ഊന്നി നിന്നുകൊണ്ട് യാതൊന്നിനെയും ആശ്രയിക്കാതെ വിശ്വചക്രം വിധിയാം വണ്ണം തിരിച്ച് സമയബന്ധിതമായി എല്ലാം നിർവ്വഹിച്ചു പോരുന്നു. ഒരു പ്രതിബന്ധവും അവിടുത്തെ മുന്നിൽ നിലനിൽക്കാത്തതിനാൽ വീര എന്ന നാമം.
I just glanced through your blog entries. Impressed by the encyclopedic information you have presented, I have to ask: How do you collect all this massive amounts of information? DKM Kartha
ReplyDelete