കന്യാകുമാരീ ദേവീ ക്ഷേത്രം
പഴയ തിരുവിന്താം കൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നതും ഭാരതത്തിന്റെ തെക്കെ അറ്റവുമായിരിക്കുന്ന കന്യാകുമാരിയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വിശദമായ ഒരു സന്ദര്‍ശനം തരപ്പെട്ടത് അടുത്താണ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി നാഗര്‍കോവില്‍ വഴി രാമേശ്വരവും കാണാന്‍ പുറപ്പെട്ടതായിരുന്നു. മുമ്പ് പല പ്രാവശ്യവും രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെ ട്ടു രാത്രി തിരിച്ചെത്താന്‍ ഉള്ള തിരക്കില്‍ സാവകാശം കിട്ടിയിരുന്നില്ല. ഇത്തവണ ആ പതിവ് മാറ്റി,കാര്യങ്ങള്‍ മെല്ലെതന്നെയാക്കി.
കന്യാകുമാരിയില്‍ പ്രധാനമായും കാണാനു ള്ളത് കന്യാകുമാരീ ക്ഷേത്രം, വിവേകാനന്ദ സ്വാമികള്‍ തപസ്സു ചെയ്ത പാറ, തിരുവള്ളു വരുടെ പ്രതിമ, ഗാന്ധി സ്മൃതി മണ്ഡപം എന്നിവയാണല്ലോ. ആദ്യം ഏതായാലും ദേവീ ക്ഷേത്രം തന്നെയാവട്ടെ.
കന്യാകുമാരീ ദേവിയുടെ കഥ
കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.
വിവേകാനന്ദ സ്മാരകം കന്യാകുമാരി
കന്യാകുമാരിയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച വിവേകാനന്ദ സ്മാരകം ആണ്. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായി ആര്‍ഷ സംസ്കാര ത്തിന്റെയും യോഗ വേദാന്ത തത്വചിന്തയുടെ സത്തയും എന്തെന്നു പാശ്ചാത്യര്‍ക്ക് മനസ്സിലാ ക്കിക്കൊടുത്ത നരേന്ദ്രദത്ത് എന്ന വിവേകാനന്ദന്‍ 1892 ഡിസംബര്‍ 24 നു കന്യാകുമാരിയിലെത്തി കടല്‍ക്കരയില്‍ നിന്ന് കുറച്ചു ദൂരെ ഉയര്‍ന്നു നിന്ന ഒരു പാറയില്‍ നീന്തി ചെന്ന് ധ്യാന നിരതനായി എന്നും രണ്ടു ദിവസം അതെ നിലയില്‍ തുടര്‍ന്ന അദ്ദേഹത്തിന് ബോധോദയം ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ യാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം 1962 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാമത്തെ ജന്മദിനം പ്രമാണിച്ച് കന്യാകുമാരിയിലെയും പ്രാന്തപ്രദേശ ങ്ങളിലും ഉള്ള ചിലര്‍ ഒരു കമ്മറ്റി ഉണ്ടാക്കി അദ്ദേ ഹത്തിന്റെ കന്യാകുമാരി സന്ദര്‍ശനവും ധ്യാന വും എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ അദ്ദേഹം ധ്യാന നിരതനായിരുന്ന പാറയില്‍ ഉചിതമായ ഒരു സ്മാരകവും കരയില്‍ നിന്ന് ആ പാറയിലേക്ക് ഒരു പാലവും ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഈ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്ന ചില ക്രിസ്തുമത വിശ്വാസികള്‍, പ്രത്യേകിച്ച് മുക്കുവര്‍, ഈ പാറ അങ്ങനെ കൊടുക്കാന്‍ പാടില്ല എന്ന് പറഞ്ഞു അവിടെ ഒരു കുരിശു രാത്രിയില്‍ സ്ഥാപിച്ചു. രണ്ടു മത വിശ്വാസികള്‍ തമ്മില്‍ ഉള്ള തര്‍ക്കം തുടര്‍ന്ന പ്പോള്‍ തമിഴ് നാട് സര്‍ക്കാര്‍ അതൊരു സംരക്ഷി ത പ്രദേശമാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ 1963 ജനുവരി 17 നു സര്‍ക്കാര്‍ അനുമതി യോടുകൂടി തന്നെ അവിടെ വിവേകാനന്ദന്റെ ധ്യാനം ഓര്‍മ്മിപ്പിക്കുന്ന ഒരു ഫലകം സ്ഥാപിച്ചു.
വിവേകാനന്ദ സ്വാമികളുടെ പ്രചാരകനും സാമൂഹ്യ പരിഷ്ക്കര്ത്താവും ചിന്തകനുമായിരുന്നു ശ്രീ ഏകനാഥ് രാമകൃഷ്ണ റാനദേ ഇവിടെ ഈ സ്മാരകം ഉണ്ടാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു. അദ്ദേഹം വിവേകാനന്ദ മെമ്മോറിയല്‍ കമ്മറ്റി എന്ന ഒരു ദേശീയ സമിതി ഉണ്ടാക്കി ഭാരതത്തില്‍ പല സ്ഥലത്തും അതിന്റെ ശാഖകള്‍ തുടങ്ങി . ദേശീയ നിലവാരത്തില്‍ ഇതിനു വലിയ സഹായ വും പിന്തുണയും ജനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ഹുമയുണ്‍ കബീര്‍ ഈ ശ്രമത്തെ എത്രുത്തു സംസാരിച്ചു. കല്‍ക്കത്ത നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച എം പി ആയിരുന്ന അദ്ദേഹം ബംഗാളിന്റെ പ്രശസ്ഥനായ പുത്രനെ സ്മരിക്കാന്‍ എത്രുക്കുന്നതു രാനദേെ പരസ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹത്ത്നു തന്റെ എത്രുപ്പ് പിന്‍വലിക്കേണ്ടി വന്നു. മദിരാശി മുഖ്യ മന്ത്രി എം ഭക്ത വത്സലവും ഈ പദ്ധതിക്ക് എതിരായിരുന്നു. എന്നാല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സഹായത്തോടെ ശ്രീ രാനടെ രായ്ക്കു രാമാനം 323 എം പി മാരുടെ ഒപ്പ് ശേഖരിച്ചു അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ സമീപിച്ചു. അദ്ദേഹം ഈ പദ്ധതിക്ക് അംഗീകാരവും നല്‍കി.
ആദ്യം 15 അടി മാത്രം ചതുരത്തില്‍ ഒരു സ്മാരകം ഉണ്ടാക്കാനായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി ഭക്തവത്സലം അനുമതി നല്‍കിയത്. എന്നാല്‍ കാഞ്ചി ശങ്കരാചാര്യരുടെ ഒത്താശയോടെ ഇത് 130 x 56 അടിയുള്ള വലിയൊരു സ്മാരകം ഉണ്ടാ ക്കാന്‍ രാനടെ അനുമതി വാങ്ങി. 650 ഓളം പണിക്കാര്‍ ആര് വര്ഷം തുടര്‍ച്ചയായി പണി ചെയ്താണ് ഇത്ര കുറഞ്ഞ സമയം കൊണ്ടു ഇത് നിര്‍മ്മിച്ചത് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും ഇതിന്റെ പണിയെ ബാധിക്കാന്‍ രാനടെ അനു വദിച്ചില്ല. ഒരു ദേശീയ സ്മാരകം എന്ന നിലയില്‍ ഓരോ ഭാരതീയനും ഈ സംരംഭത്തില്‍ പങ്കു കൊള്ളണം എന്ന് അദ്ദേഹം ആഗ്രഹിച്ചു , നാഗാലാ ണ്ടും അരുണാചല്‍ പ്രദേശും പോലെയുള്ള സംസ്ഥാന ങ്ങള്‍ പോലും ഇതിനു വലിയ സഹായം ആയി. ഇതിനു വേണ്ട തുകയുടെ ഭൂരി ഭാഗവും പൊതുജനങ്ങളുടെ സംഭാവന ആയിരുന്നു. ഒരു രൂപ മുതല്‍ ഉള്ള സംഭാവനകള്‍ അദ്ദേഹം ഇതിനു വേണ്ടി സ്വീകരിച്ചു, അങ്ങനെയാണ് ആറു വര്ഷം കൊണ്ടു 1970 ല്‍ ഈ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടതു .
.പുരാതനവും ആധുനികവുമായ ശില്പ രീതികളുടെ ഒരു സംയുക്തമാണിവിടെ കാണുന്നത്. തമിഴ് ബംഗാള്‍ ശില്പരീതികള്‍ എന്നും പറയാം. പ്രധാന മണ്ഡപം ബെലൂരിലുള്ള ശ്രീ രാമകൃഷ്ണ ക്ഷേത്രം പോലെ ഇരിക്കുന്നു. എന്നാല്‍ പ്രവേശന കവാടം അജന്ത എല്ലോറ ഗുഹകളിലെ ശില്പങ്ങളോട് സാദൃശ്യം വഹിക്കുന്നു. ഇവിടെ സ്വാമിജിയുടെ ഒരു പൂര്‍ണകായ പ്രതിമയുണ്ട്. സീതാറാം ആര്‍ത്റെ എന്നി ശില്‍പ്പി നിര്‍മ്മിച്ചത്. ശ്രീപാദ പാറയെനും വിളിക്കപ്പെടുന്ന ഈ പാറ ദേവി കന്യാകുമാരി സ്വന്തം പാദം കൊണ്ടു അനുഗ്രഹിച്ചതായിരുന്നു എന്ന് വിശ്വസിക്കുന്നു , ദേവിയുടെ പാദം ശ്രീപാദം എന്നറിയപ്പെടുന്നു. വിവേകാനന്ദ സ്വാമി പ്രതിമയുടെ ദൃഷ്ടി ഈ പാദത്തില്‍ പതിയുന്ന രീതിയില്‍ ആണ് നിര്മ്മി ച്ചിരിക്കുന്നത്.
ഇവിട ത്തെ പ്രധാന നിര്‍മ്മിതികള്‍ ശ്രീപാദ മണ്ഡ പം , ഗര്‍ഭ ഗ്രഹം, അകത്തെ പ്രകാരം , ബാഹ്യ പ്രകാരം , വിവേകാനന്ദ മണ്ഡപം, ധ്യാന മണ്ഡപം , മുഖ മണ്ഡപം സഭാ മണ്ഡപം , പ്രളിമാ മണ്ഡപം എന്നിവയാണ്. ധ്യാന മണ്ഡപത്തില്‍ സന്ദര്‍ശകര്‍ക്ക് ധ്യാന നിരതരായി ഇരിക്കാം സഭാ മണ്ഡപത്തില്‍ പ്രാര്‍ഥനയും മറ്റു സത്സംഗവും മറ്റും നടത്തുന്നു. ഇവിടെ സ്വാമിജിയുടെ ജീവിതതെയും മറ്റും സംബന്ധിച്ച നല്ലൊരു പുസ്തക ശേഖരവും ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് വാങ്ങാം.
കടല്‍ക്കരയില്‍ നിന്ന് സ്മര്രകതിലേക്ക് ബോട്ടില്‍ ആണ് പോകേണ്ടതു. ചെറിയ തുക പ്രവേശന ഫീസ് ആയി വാങ്ങുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നപ്പോള്‍ നേരത്തെ രണ്ടു മണി കഴിഞ്ഞാല്‍ ബോട്ടുകള്‍ വിടുമായിരുനില്ല. ഇപ്പോള്‍ വലിയ ബോട്ടുകള്‍ ആയപ്പോള്‍ മിക്കവാറും ബോട്ടുകള്‍ വൈകുന്നേരം വരെ ലഭ്യമാണ്. കരയില്‍ നിന്നു പാലം നിര്‍മ്മിച്ചിട്ടില്ല. ഒരു കണക്കിന് അത് നന്നായി എന്ന് തോന്നുന്നു.
തിരുവള്ളുവര്‍ പ്രതിമയും ഗാന്ധി സ്മാരകവും
കന്യാകുമാരിയില്‍ ഇനി കാണാനുള്ളത് പ്രസിദ്ധ തമിഴ് തത്വ ചിന്തകനായിരുന്ന തിരുവള്ളവരുടെ പ്രതിമയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകവും ആകുന്നു.
തമിഴിലെ ക്ലാസിക് ആയ തിരുക്കുറള്‍ എന്ന കൃതി എഴുതിയ തിരുവള്ള്വരുടെ പ്രതിമ കന്യാകുമാരി യില്‍ വിവേകാനന്ദ സ്മാരകത്തിനടുത്തു ഒരു ചെറിയ ദ്വീപില്‍ തീരത്ത് നിന്ന് 400 മീറ്റര്‍ അക ലത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മാ ണം 1990 ല്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് 1999 ല്‍ മാത്രമാണ്. 133 അടി ഉയരം ഉള്ള ഈ പ്രതിമ 38 അടി ഉയരമുള്ള ഒരു തട്ടിലാണ് ഉറപ്പിച്ചിരിക്കുന്നത് . കടലിന്റെ അഗാധത തത്വ ചിന്തയുടെ ആത്മീയ പരിവേഷം ചേര്‍ക്കുന്നു .
കരയില്‍ നിന്ന് ബോട്ട് വഴി ഇവിടെ എത്താം. ഇവിടെയും ചെറിയ ഒരു ക്ഷേത്രവും അവിടെ ധ്യാനത്തിനുള്ള സൌകര്യവും ഉണ്ട്. ചുറ്റുപാടും ഉള്ള നിതാന്ത ശാന്തത അവിടെ ധ്യാനത്തി നിരിക്കുന്ന ഒരാള്‍ക്ക് പൂര്‍ണമായ മന:ശാന്തി നല്‍കുന്നു. ഈ ശില്പ്പത്തിന്റെ അരക്കെട്ടു ഭാഗം അല്പം വളഞ്ഞു നടരാജന്റെ താണ്ഡവ നൃത്ത ത്തിലെ ഭാവത്തെ അനുകരിക്കുന്നു. മണ്ഡപ ത്തില്‍ ഉള്ള പത്തു ആനകള്‍ ദശരഥ മഹാരാജാവ് തന്റെ രഥത്തിനു പോകേണ്ട ദിശകള്‍ പറഞ്ഞു കൊടുത്തത് പ്രതിനിധീകരിക്കുന്നു . കുരളിലെ 38 ഗുണ വിശേഷങ്ങളും കാണിക്കുന്നു, ബാക്കിയുള്ള 95 അടികള്‍ തിരുക്കുറളിലെ രണ്ടും മൂന്നും ഭാഗ ങ്ങളിലെ കുറള്‍ ( സമ്പത്ത്) ഇമ്പലും( സ്നേഹം) പ്രതിന്ധാനം ചെയ്യുന്നുവത്രേ. ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന അരം(സ്വഭാവ ഗുണം) പൊരുള്‍ (സമ്പത്ത്) ഇമ്പം ( സ്നേഹം) എന്ന മൂന്നു സര്‍ഗ ങ്ങളാണ്. അതുകൊണ്ടു ഈ പ്രതിമ ഒരാളിന് സ്വഭാവ ഗുണം ഉണ്ടെങ്കില്‍ സ്നേഹവും സമ്പത്തും സ്വാഭാവികമായി ഉണ്ടാകും എന്ന് പഠിപ്പിക്കുന്നു.
ഗാന്ധി മണ്ഡപം
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിതാ ഭസ്മം അടക്കം ചെയ്ത പേടകം പൊതു ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ വച്ചയിടത്തിലാണ് ഈ സ്മാരക മണ്ഡപം ഉയര്‍ന്നിരിക്കുന്നത്. ഗാന്ധിജി 1925 ലും 1937 ലും കന്യാകുമാരിയില്‍ വന്നിരുന്നു. 1948 ല്‍ നിഷ്കരുണം വെടിവച്ചു കൊല്ലപ്പെട്ട ആ മാഹാത്മാ വിന്റെ ഭൌതിക ശരീരം സംസ്കരിച്ച്തിനു ശേഷം മൂന്നു സമുദ്രങ്ങള്‍ കൂടി ചേരുന്ന ത്രിവേണീ സംഗമ ത്തില്‍ നിമജ്ജനം ചെയ്യാന്‍ വേണ്ടി 1948 ഫെബ്രു വരി 12 നാണ് കൊണ്ടുവന്നത് . നിമജ്ജനത്തിനു മുമ്പ് പൊതുജനങ്ങള്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വച്ചിരുന്നു. .ഇതിന്റെ ഒറീസ്സ ശില്‍പ്പ രീതിയിലാണ് ഇതിന്റെ രൂപ കല്പ്പന. കേന്ദ്രത്തിലുള്ള പ്രധാന കെട്ടിട ത്തിനു 79 അടിയാണ് ഉയരം , മഹാത്മാവിന്റെ പ്രായം കാണിക്കുന്നു. ഒക്ടോബര്‍ രണ്ടിന് സൂര്യ പ്രകാശം കൃത്യമായി അദ്ദേഹത്തിന്റെ ചിതാ ഭസ്മം വച്ചയിടത്തില്‍ വീഴത്തക്ക വിധം നിര്‍മ്മി ച്ചിരിക്കുന്നു എന്നത് പ്രത്യേകതയാണ്. 1956 ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇവിടെ ഗാന്ധിജി മറ്റു രാഷ്ട്ര അന്താരാഷ്‌ട്ര നേതാക്ക ന്മാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും കാണാം. ഗാന്ധിജിയെ സംബന്ധിച്ച് ഉള്ള പുസ്തകങ്ങളും വാങ്ങാന്‍ കഴിയും. കുമാരീദേവി ക്ഷേത്രത്തിനു അടുത്താണ് ഗാന്ധി മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് .
രാമെശ്വരത്തെക്ക്:പാമ്പന്‍ പാലം
കന്യാകുമാരിയിലെ കാഴ്ചകളും ക്ഷേത്രങ്ങളും എല്ലാം കണ്ടു കഴിഞ്ഞു, ശുചീന്ദ്രവും പെട്ടെന്ന് കണ്ടു, ഇനി യാത്ര രാമേശ്വരത്തെക്ക് . നാഗര്‍ കോവിലില്‍ നിന്ന് രാത്രി പുറപ്പെടുന്ന ഒരു ട്രെയിന്‍ പുലര്‍ച്ചെ രാമേശ്വരത്ത് എത്തുമെന്ന് കണ്ടു. അതില്‍ ആയിരുന്നു യാത്ര. പക്ഷെ രാമേ ശ്വരത്ത് എത്തുന്നതിനു മുമ്പ് ഒരു എഞ്ചിനീയറിംഗ് അത്ഭുതം ആയ പാമ്പന്‍ പാലത്തില്‍ കൂടിയുള്ള യാത്ര പകല്‍ ആയിരുന്നു എങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഭാരതത്തിലെ ആദ്യത്തെ കടലൈന് കുറുകെ ഉണ്ടാക്കിയ പാലം ആയിരുന്ന ല്ലോ ഇത്. പോരാഞ്ഞു കേരളീയരുടെ അഭിമാനമായ ഈ ശ്രീധരന്‍ എന്ന മേട്രോപുരുഷന്റെ സ്തുത്യര്‍ഹ മായ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യത്തെ പൊന്‍തൂവല്‍ അവിടെ നിന്നാണല്ലോ ചാര്‍ത്തി യത് . ഏതായാലും വണ്ടി അല്‍പ്പം താമസിച്ചായി രുന്നു പോരാഞ്ഞു പാമ്പന്‍ പാലത്തില്‍ കയര്റി കുറച്ചു മുമ്പോട്ട് പോയപ്പോള്‍ ഇടയ്ക്ക് അത് നിര്തിയിടുകയുംചെയ്തു. അത് കൊണ്ടു വെളുപ്പി നെ ട്രെയിനില്‍ നിന്ന് എനിക്ക് പുറത്തിറങ്ങി നോക്കാന്‍ കഴിഞ്ഞു.
പാമ്പന്‍ പാലത്തിന്റെ ചരിത്രം
ശരിക്കും ഈ പാലം നിര്‍മ്മിച്ച കാലത്ത് ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയായിരുന്നു. പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്തെ വന്കര യുമായി ബന്ധിപ്പിക്കുന്ന 2 കി മീ നീളമുള്ള 143 സ്തൂപങ്ങളില്‍ നില്‍ക്കുന്ന പാലമാണിത്. വളരെ കാലം കഴിഞ്ഞാണ് 2010 ലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ (2.3 കി മീ) ബാന്ദ്ര വര്ലി പാലം ഉണ്ടാക്കിയത്. 1914 ഫെബ്രുവരി 24 നാണ് ഈ പാലം ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തുറന്നു കൊടുത്തത് . ഒറ്റ നോട്ടത്തില്‍ ഇത് ഒരു സാധാരണ റെയില്‍ പാലം ആയി തോന്നാം എങ്കിലും പാല ത്തിന്റെ ഏകദേശം നടുക്ക് കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള തുറക്കാവുന്ന ഭാഗം ആണ് ഇതിന്റെ പ്രത്യേകത. 1988 വരെ ഈ പാലം മാത്രമായിരുന്നു രാമേശ്വരവും വന്കരയുമായുള്ള ഒരേ ഒരു ഉപരിതല ഗതാഗത സൗകര്യം . 1988 ലാണ് ഒരു റോഡ് പാലം നിര്‍മ്മിച്ചത് . അണ്ണാ ഇന്ദിരാഗാന്ധി റോഡു പാലം എന്നറിയപ്പെടുന്ന ഈ പാലം നാഷ ണല്‍ ഹൈവേ 49 ന്റെ ഭാഗം ആകുന്നു. പാക് കടലിടുക്കിന്റെ മുകളില്‍ ഉള്ള ഈ പാലം വന്‍കര ഭാഗത്തെ മണ്ഡപം എന്നറിയപ്പെടുന്ന സ്ഥലവും രാമേശ്വരം ദ്വീപിലെ പാമ്പന്‍ എന്ന ഗ്രാമവുമായും ബന്ധിപ്പിക്കുന്നു. 1988 ഒക്ടോബര്‍ 2 നു അന്ന ത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ആയിരുന്നു ഈ റോഡ് ഉദ്ഘാടനം ചെയ്തത്. 2.345 കി മീ നീളമുള്ള ഈ പാലം 14 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .അമേരിക്കയിലെ ഫ്ലോറിഡ കഴിഞ്ഞാല്‍ ഏറ്റവും പ്രതികൂല രാസ പ്രവര്‍ത്തനം നടക്കുന്ന അന്തരീക്ഷമാണിവിടെ ഉള്ളത്. ഇക്കാ രണത്താല്‍ ഈ പാലത്തിന്റെ അനുരക്ഷണം ബുദ്ധിമുട്ടു ള്ളതാണ്.
റെയില്‍വേ പാലം സമുദ്ര നിരപ്പില്‍ നിന്ന് 12.5 മീറ്റര്‍ ഉയരത്തില്‍ ആണ്. ശരിയായ നീളം 2,065 മീറ്റര്‍. തൂണുകള്‍ 143, നടുക്ക് രണ്ടു വശത്തേക്കും തുറക്കാന്‍ കഴിയുന്ന (double-leaf section) ഭാഗവും ഉണ്ട്. ഈ ഭാഗം ഉയര്‍ത്തിയാണ് കപ്പലുകള്‍ക്ക് കടന്നു പോകാന്‍ വഴി ഉണ്ടാക്കുന്നത് . ഈ തുറ ക്കുന്ന ഭാഗത്തുള്ള രണ്ടു വശങ്ങളിലെ രചനകളു ടെ ഭാരം 457 ടണ് ആണ്. രണ്ടു വശത്തുള്ള ലിവ രുകള്‍ ഉപയോഗിച്ച് മനുഷ്യരാണ് ഇതു തുറക്കു ന്നതും അടയ്ക്കുന്നതും. ഭാരതത്തിലെ ഏറ്റവും അപകടം പിടിച്ച പാലം ആണിത്.
ബ്രിട്ടീഷുകാര്‍ 1870 ലാണ് ഈ പാലം ഉണ്ടാക്കാന്‍ ആലോചന തുടങ്ങിയത്. ശ്രീ ലങ്കയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ന്‍ ഒരു മാര്‍ഗ്ഗമായി . പക്ഷെ നിര്‍മ്മാണം തുടങ്ങിയത് 1911 ആഗസ്റ്റ് മാസവും തീര്‍ന്നത് 1914 ഫെബ്രുവരി യിലുമായി രുന്നു .1964 ഡിസംബറിലെ രാമേശ്വരം ചുഴലി ക്കാറ്റില്‍ 7.6 മീറ്റര്‍ ഉയരത്തില്‍ വീശിയടിച്ച തിരമാലകള്‍ കൊണ്ടു പാമ്പന്‍ ധനുഷ്കോടി പാസഞ്ചര്‍ ട്രെയിന്‍ ഈ പാലത്തിനു മുകളില്‍ നിന്ന് മറിഞ്ഞു താഴെ വീണു 150 യാത്രക്കാരും മരിച്ചു. ഈ കാറ്റില്‍ പാലത്തിനുണ്ടായ തകരാര് പരിഹരി ക്കാന്‍ നിയുക്തനായത് നമ്മുടെ പൊന്നാനിക്കാ രനായ ഈ ശ്രീധരന്‍ ജോലി ആയിരുന്നു. റെയില്‍ വേ അധി കാരികള്‍ ആറുമാസത്തിനകം ഈ ജോലി തീര്ര്‍ക്കണം എന്ന് പറഞ്ഞു എങ്കിലും ശ്രീധരന്റെ മേലധികാരി മൂന്നു മാസം കൊണ്ടു പണി തീര്‍ക്കണമെന്നാവശ്യപ്പെട്ടു. പൂര്‍ണ ഉത്തര വാദിത്വം ഏറ്റെടുത്ത ശ്രീധരന്‍ വെറും 46 ദിവസം കൊണ്ടു പാലത്തിന്റെ തകരാര്‍ പരിഹരിച്ചു കൊടുത്തു. ഒരു യുവ എഞ്ചിനീയര്‍ ആയിരുന്ന ശ്രീധരന്റെ മികച്ച നേത്രുത്വ പാടവവ്വും കഴിവും ആയിരുന്നു ഇത് സാധ്യമാക്കിയത് . അത് കഴിഞ്ഞാ ണ് അദ്ദേഹം കല്‍ക്കത്ത മേട്രോയുടെയും കൊങ്കണ്‍ റെയില്‍വേ ലൈനിന്റെയും കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയുടെയും ഡല്‍ഹി മേട്രോ യുടെയും പണിക്കു അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നേതൃത്വം കൊടുത്തത്. ഏറ്റവും അടു ത്തു നമ്മുടെ കൊച്ചി മെട്രോയുടെ പണിയിലും അദ്ദേഹം കാര്യമായ ഉപദേശം നല്‍കുകയുണ്ടായി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണല്ലോ. ഈ പാലത്തിനു പിന്നീടും ചില പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ടു . 2013 ജനുവരി 13 നു നേവിയുടെ ചരക്കു വാഹനം തട്ടി പാലത്തിനു ചെറിയ തോതില്‍ മദ്ധ്യഭാഗത്തിന് കേടു പറ്റി . ഏതായാലും ഈ എഞ്ചിനീയറിംഗ് അത്ഭുതം പണിതീര്‍ത്തവരേ അഭിനന്ദിച്ചു കൊണ്ടു ഞങ്ങള്‍ പാമ്പന്‍ പാലം കടന്നു രാമേശ്വരത്ത് രാവിലെ എത്തി. ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത് കൊണ്ടു പെട്ടെന്ന് കുളിച്ചു ക്ഷേത്രത്തിലേക്ക് നീങ്ങി.\
പുത്തന്‍ ചിറയും അഷ്ടമിചിറയും
കേരളത്തില്‍ ചിറ എന്നവസാനിക്കുന്ന ഒട്ടേറെ സ്ഥലപ്പേരുകള്‍ കാണാം. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും അവയിലൊന്നു മാത്രം.
പ്രാചീന കേരളത്തില്‍ ചിറകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായിരുന്ന ചിറകള്‍ ഗ്രീഷ്മകാലത്തേയ്ക്കാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താനും, പടിഞ്ഞാറന്‍ ഭാഗങ്ങളിലേത് കൃഷിയിടങ്ങളിലേക്ക് ഉപ്പു വെള്ളം കടക്കാതിരിക്കാനും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.
പുത്തന്‍ ചിറയുടെ കാര്യത്തില്‍ , ഒരു പഴയ ചിറ അതിനടുത്ത് മുമ്പുണ്ടായിരുന്നുവെന്നതായി കരുതാം. എന്നാല്‍ പുതിയ ചിറ വന്നതോടെ അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ട് ഇപ്പോള്‍ പേരു മാത്രം അവശേഷിക്കുന്നു. ആ പഴയ ചിറയുടെ തീരത്ത് ഒരു അഷ്ടമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടെ കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്നും അറിയപ്പെടാനായി എന്നു മാത്രം.
കൊടകര
കേരളം ഏറെക്കുറെ ചതുപ്പുനിലങ്ങളും ജലാശയങ്ങളും, നിബിഡവനങ്ങളും കൊണ്ട് അധിവാസയോഗ്യമല്ലാത്ത അതി പ്രാചീന ദശയില്‍ സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ‘കൊങ്ങുചേരന്മാര്‍ ’ എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ ജനത പാലക്കാടന്‍ തുറസ്സിലൂടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതുക്കെ പതുക്കെ വ്യാപിച്ചിരുന്നു. അന്നത്തെ അവരുടെ ഭാഷയില്‍ ‘പടിഞ്ഞാറ്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന പദം ‘കുട’ എന്നായിരുന്നു. കുടക്, കുടമാളൂര്‍, കുടയത്തൂര്‍ മുതലായ സ്ഥലപ്പേരുകളിലും ഈ സൂചനയാകാം ഉള്ളത്. പടിഞ്ഞാറന്‍ കര എന്നര്‍ത്ഥത്തില്‍ ആദിദ്രാവിഡര്‍ പറഞ്ഞു പോന്നിരുന്ന ‘കുടകര’ പിന്നീട് ‘കൊടകരയായിത്തീര്‍ന്നു.
കാരൂര്‍, കരൂപ്പടന്ന, കറുകുറ്റി
ക്രമേണ കൊടകരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വാസയോഗ്യമായപ്പോള്‍ കൊങ്ങു ചേരന്മാര്‍ അവിടെ ആധിപത്യമുറപ്പിച്ചു. തൃശ്ശിനാപ്പിള്ളിക്കടുത്ത് കാവേരിതീരത്തുണ്ടായിരുന്ന തങ്ങളുടെ പഴയ ആസ്ഥാനത്തിന്റെ പേരായ ‘കരുവൂര്‍ ’ എന്നു തന്നെ പുതിയ പ്രദേശത്തിനും നാമകരണം ചെയ്തു. അത് കാലക്രമേണ കരൂര്‍ എന്നും കാരൂര്‍ എന്നും മാറിയിട്ടുണ്ടെന്നു മാത്രം. വിസ്തൃതമായ ഈ അധിവാസ കേന്ദ്രം പടിഞ്ഞാറ് കരൂപ്പടന്ന ( കരൂര്‍ പടനെയ്തല്‍ - നെയ്തല്‍ =സമുദ്രതീരം) വരേയും, തെക്കോട്ട് കറുകുറ്റി (കരൂര്‍ക്കുറ്റി - കുറ്റി=അതിര്) വരെയും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മാളയായിരുന്നു അന്നത്തെ തുറമുഖം. ( സംഘസാഹിത്യത്തില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്ന ‘മാന്തൈപ്പെരുന്തുറ’ യാണ് പിന്നീട് മാള എന്ന പേരില്‍ അറിയപ്പെട്ടത്).
വടമ, വൈന്തല,കുഴൂര്‍
കേരളത്തിലെ പ്രാചീന തുറമുഖങ്ങളുടെയെല്ലാം വടക്കു ഭാഗം ‘വടതലൈ’ എന്നാണറിയപ്പെട്ടിരുന്നത്. ഇന്നും വടുതല എന്നപേരില്‍ അത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാന്തൈപ്പെരുന്തുറയുടെ വടക്കു ഭാഗം ‘വടമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു കിഴക്കുള്ള വിസ്തൃതമായ പാടശേഖരത്തിന്റെ തല ‘വയല്‍ത്തല’ (വയ്ത്തല-വൈന്തല). ഈ മാന്തൈപ്പെരുന്തുറയുടെ സമീപത്തായിരുന്നു ഉതിയന്‍ ചേരലാതന്റെ ആസ്ഥാനമായ ‘കുഴുമൂര്‍ ’ എന്ന് ‘പതിറ്റുപ്പത്തില്‍ ‘സൂചനയുണ്ട്. മാളക്കടുത്ത് ഇപ്പോഴും ‘കുഴൂര്‍ ’ എന്നറിയപ്പെടുന്ന സ്ഥലമുണ്ട്.
കൊമ്പൊടിഞ്ഞാമാക്കല്‍
ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊച്ചിയിലേയ്ക്കുള്ള യാത്രാ ഇടവേളയില്‍ ഒരു ആല്‍ മരത്തിന്റെ അടിയില്‍ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം യാത്ര തുടര്‍ന്ന അദ്ദേഹം തന്റെ ഉടവാള്‍ എടുക്കാന്‍ മറക്കുകയും ഭൃത്യന്മാരോട് അന്നു താന്‍ വിശ്രമിച്ചിരുന്ന കൊമ്പൊടിഞ്ഞ ആലിന്റെ അടുത്ത് നിന്ന് വാള്‍ എടുത്തുകൊണ്ടു വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ ആല്‍ വളരെ പ്രശസ്ഥമാകുകയും അതിനടുത്തുള്ള പ്രദേശം കൊമ്പൊടിഞ്ഞാമാക്കല്‍ എന്നറിയപ്പെടാനും തുടങ്ങി.
അവലംബം( അടിച്ചുമാറ്റിയത് ) : 1989 ല്‍ പ്രസിദ്ധീകരിച്ച ഗ്രാമിക ഓണപ്പതിപ്പിലെ പ്രൊഫ. പി. നാരായണമേനോന്റെ ലേഖനത്തില്‍ നിന്നും പിന്നെ കുറെ കേട്ടു കേള്‍വികളും
വൈക്കം മഹാദേവക്ഷേത്രം
തിരുവൈക്കത്തപ്പന് പ്രണാമം!
നരനായിങ്ങനെ ജനിച്ചുഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ.
നരകത്തീന്നെന്നെ കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ !
പുരാണപ്രസിദ്ധവും ചരിത്രപ്രസിദ്ധവുമായ വൈക്കത്ത് സ്ഥിതിചെയ്യുനതും ദക്ഷിണകാശി എന്ന് അറിയപ്പെടുന്നതുമാണ് വൈക്കം മഹാദേവക്ഷേത്രം. സർവ്വാഭീഷ്ടപ്രദായകനും അന്നദാനപ്രഭുവും സർവ്വ മംഗളദായകനുമായി ഇവിടെ കുടികൊള്ളുന്നു തിരുവൈക്കത്തപ്പൻ. ഭാരതമെങ്ങും പുകൾപെറ്റ നൂറ്റിയെട്ടു ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം.
ഇതിഹാസവും ചരിത്രവും ഇടകലർന്നാണ് സ്ഥലപുരാണങ്ങൾ എല്ലാം തന്നെ. വളരെ പണ്ട് ഈ പ്രദേശം നിബിഡവനമായിരുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈര്യവിഹാരം ചെയ്തിരുന്ന കാനന പ്രദേശം ആയതിനാൽ ആകാം വൈയ്യാഖ്രപുരം എന്ന് അറിയാൻ ഇടയായത്. ശിവഭക്തനായ ഖരൻ എന്ന അസുരനാൽ പ്രതിഷ്ടിക്കപ്പെടുകയും ചിരഞ്ജീവിയും ശിവഭക്തോത്തമനുമായ പരശുരാമനാൽ മന്ത്രപൂർവ്വം പുന: പ്രതിഷ്ടിക്കപ്പെടുകയും ചെയ്തതിനാൽ ശൈവ വൈഷ്ണവചൈതന്യമായി ഭക്താനുഗ്രഹമോക്ഷപ്രധനായി മഹാദേവൻ ഇവിടെ കുടികൊള്ളുന്നു.
സ്ഥലനാമപുരാണം തൃശൂര്
ഈ ഭൂമിയുടെ മധ്യഭാഗം കണ്ടു പിടിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ സ്പര്‍ശിച്ചാല്‍ അത് വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്‍ക്കാര്‍. അത്തരത്തിലാണ് തൃശൂര്‍ നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട് മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.
തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ് വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സംരക്ഷിച്ചിരുന്നതാണ് പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്' എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍ മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ് ഉയര്‍ന്നിട്ടുണ്ട്
ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്‌ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു. അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍ ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍ ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില്‍ ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.
കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്‍' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്‍' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍
"ശ്രീമത് ഋഷാചലപതേ തവ സുപ്രഭാതം" എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും
ഋഷഭം - ഇടവം/എടവം - ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍
എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കുംനാഥന്‍' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. (Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.
1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്‌ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സംരംഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.
ഖാണ്ഡവ വനം
പുരാണ പസിദ്ധമായ കുരുക്ഷേത്രം ദല്‍ഹിക്കും അംബാലയ്ക്കും ഇടകയ്ക്കാണ്. താനേശ്വറില്‍ നിന്ന് 1.6 കി.മീ ദൂരം. ഇതിന്‍റെ തെക്കുഭാഗത്താണത്രേ മഹാഭാരത പ്രസിദ്ധമായ ഖാണ്ഡവ വനം.യമുനയുടെ പടിഞ്ഞാറന്‍ കരയില്‍ ഇന്ദ്രപ്രസ്ഥം നിര്‍മിക്കാന്‍ തെളിച്ചെടുത്ത വനമത്രേ ഖാണ്ഡവം. തക്ഷകനും മറ്റുമുള്ള നാഗകുലത്തിന്റെ സ്ഥലമായിരുന്നു ഖാണ്ഡവപ്രസ്ഥം. അത് യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥമാക്കി. ധൃതരാഷ്ട്രര്‍ രാജ്യത്തെ രണ്ടാക്കി വിഭജിച്ചതില്‍ ഖാണ്ഡവപ്രസ്ഥമാണ് യുധിഷ്ഠിരൻ തിരഞ്ഞെടുത്തത്. ഖാണ്ഡവപ്രസ്ഥം ഇന്ദ്രപ്രസ്ഥമാക്കിയതിലുള്ള വിരോധമാണ് തക്ഷകന്‍ ദുര്യോധനന്റെ പക്ഷത്തു ചേരാനും പരീക്ഷിത്തിനെ കൊല്ലാനും മറ്റും കാരണമായത്. തക്ഷശില, താഷ്കന്റ്, തര്‍ക്കി ഇതൊക്കെ തക്ഷക കുലവുമായി ബന്ധമുള്ള പദങ്ങളത്രേ.
പേരുകൊണ്ട് പുഴയുടെ നാടാണെങ്കിലും അമ്പലപ്പുഴത്താലൂക്കിലെ പല പ്രദേശങ്ങളും പണ്ട് ഘോരവനങ്ങളായിരുന്നു. "ഖാണ്ഡവ' വനമെന്നറിയപ്പെട്ടിരുന്ന ആ പ്രദേശത്തെയാണ് അര്‍ജുനന്‍ ചുട്ടു ദഹിപ്പിച്ചത്. "ചുട്ടനാട്' എന്ന പേരും ആ പ്രദേശത്തിനു പതിഞ്ഞു. ചുട്ടനാട് കാലക്രമേണ കുട്ടനാടായതാണ്.
ഖാണ്ഡവവനത്തിന് അര്‍ജുനന്‍ തീയിട്ടപ്പോള്‍ അത് കിഴക്കോട്ടു പടര്‍ന്നുപിടിച്ചു. പരശുരാമന്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവുവരെ തീയെത്തിയപ്പോള്‍ കാവില്‍ തീ കേറുന്നതണയ്ക്കാന്‍ ഇല്ലത്തെ അമ്മമാര്‍ അടുത്തുള്ള കുളത്തില്‍നിന്ന് വെള്ളം കോരിയൊഴിച്ചത്രേ.
ആവശ്യത്തിന് ജലമൊഴിച്ചതിനാല്‍ കാവു തീ കൊണ്ടുപോയില്ല. എന്നാല്‍ തീജ്വാലതട്ടി മണ്ണിനു ചൂടുപിടിച്ചു.ചൂടധികമായതിനാല്‍ സര്‍പ്പങ്ങള്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു. ഇതു കണ്ട സ്ത്രീകള്‍ മണ്ണിന്‍റെ ചൂടാറുന്നതുവരെ വെള്ളം കോരിയൊഴിച്ചെന്നും അപ്പോള്‍ "മണ്ണാറി“.
അതിനാല്‍ ‘ഈ സ്ഥലത്തിന്‍റെ നാമം മേലാല്‍ മണ്ണാറിശ്ശാല എന്നിയിരിക്കട്ടെ' എന്നു വിളിച്ചുപറഞ്ഞെന്നുമാണ് ഐതിഹ്യം. അത് വാസുകിയുടെ അരുളപ്പാടാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അന്നുമുതല്‍ മണ്ണാറിശ്ശാല എന്ന വിളിച്ചുപോന്ന ആ സ്ഥലം കാലക്രമേണ മണ്ണാറശ്ശാലയായി
നമ്മുടെ സ്വന്തം കരീബിയന്‍ നാടുകള്‍
നമ്മുടെ കുട്ടനാടിന്‍റെ പഴയ പേര് 'ചുട്ട നാട്' എന്നായിരുന്നു....പാണ്ഡവര്‍ വനവാസത്തില്‍ ആയിരുന്ന കാലം...അവര്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലം ആയിരുന്നു 'ഖാണ്ഡവ വനം ' എന്നാ ഖാണ്ടവപ്രസ്തം .....'തകിടിയില്‍ വനം' എന്ന് നാട്ടിന്‍പുറത്തെ പഴമക്കാര്‍ പറയും....അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ ഈ വനം ഒന്നാകെ ചുട്ടു കരിച്ചു....അതിനെ ഖാണ്ഡവദാഹം എന്ന് അറിയപ്പെടുന്നു....(മഹാഭാരതത്തില്‍ പരാമര്‍ശം ഉള്ളതാണ് ഈ കഥകള്‍ ......പഞ്ച പാണ്ഡവര്‍ സമീപ പ്രദേശങ്ങളില്‍ വസിച്ചിരുന്നു എന്നതിന് അനേകം തെളിവുകള്‍ ഉണ്ട്.....അവര്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും ആയി ഉണ്ട്...ഈ ക്ഷേത്രങ്ങള്‍ ഒറ്റദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായി കരുതുന്നു....പാണൂര്‍ കാവ് (പാണ്ഡവര്‍ കാവ്), പാണ്ഡവന്‍ പാറ എന്നീ സ്ഥലങ്ങളും അടുത്തുള്ള പ്രദേശങ്ങള്‍ ആണ്.....)
അങ്ങനെ ചുട്ടുകരിക്കപ്പെട്ട ഈ ഖാണ്ടവവനത്തെ ചുട്ടനാട് എന്നറിയപ്പെട്ടു...കാലപ്പഴക്കത്തില്‍ അത് കുട്ടനാടും ആയി......അന്ന് ചുട്ടുകരിക്കപ്പെട്ട കാട്ടിലെ മരങ്ങള്‍ കടപുഴകി അതോടൊപ്പം ചാരവും (കരി) ഒക്കെ പുഴകളിലും തോടുകളിലും ഒക്കെ ആയി ഒഴുകി നടന്നു....(ഈ മരങ്ങള്‍ മണ്ണിനടിയില്‍ നിന്നും ഇപ്പോഴും ലഭിക്കാറുണ്ട്....ഖാണ്ഡവ വനത്തിലെ മരങ്ങള്‍ ആകയാല്‍ അവയെ കാണ്ടാമരം എന്ന് അറിയപ്പെടുന്നു....ഈ മരമാണ് കൊല്ലന്മാര്‍ അവരുടെ ചൂളയില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്...ഇവയ്ക്കി സാധാരണ മരങ്ങളെക്കാള്‍ ചൂട് പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്.....)
പിന്നീട് ഈ സ്ഥലങ്ങള്‍ എല്ലാം നാടായി മാറിയപ്പോള്‍ അവയ്ക്കെല്ലാം ഈ കഥകളെ ഓര്‍മ്മിപ്പിക്കുന്ന നാമങ്ങളും കൈവന്നു....
സ്ഥലനാമങ്ങള്‍ :
തായംകരി
ചേന്നംകരി
കണ്ടങ്കരി
ഊരുക്കരി
മിത്രക്കരി
കൈനകരി
ചതുര്‍ത്യാകരി
മാമ്പുഴക്കരി
കുന്നംകരി
ചങ്ങംകരി
അമിച്ചകരി
മഞ്ചാടിക്കരി
പുതുക്കരി
പാണ്ടങ്കരി
കരുമാടി(കരി മാടി)
കാരിച്ചാല്‍ (കരി ച്ചാല്‍ )
കരുവാറ്റ
കരിപ്പുഴ
മണ്ണാറശാല
ഇതില്‍ കരുവാറ്റ എത്തിയപ്പോള്‍ വനം കത്തി തീര്‍ന്നു....കരിവ് അറ്റ സ്ഥലം ആയതിനാല്‍ കരിവാറ്റ....അത് പിന്നീട് കരുവാറ്റ ആയി....
എന്നാല്‍ ആദ്യം മണ്ണ് തണുത്തത് അല്ലെങ്കില്‍ ആറിയത് എന്ന അര്‍ത്ഥത്തില്‍ കരുവാറ്റയ്ക്ക് സമീപമുള്ള സ്ഥലം മണ്ണാറശാല എന്നും അറിയപ്പെട്ടു.....(മണ്ണാറശാല ക്ഷേത്ര ചരിത്രവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്)
അതുപോലെ ബകന്‍ എന്ന അസുരന്‍ വാണിരുന്ന സ്ഥലം ആണ് ബകപുരം.....അതാണ് ഇന്നത്തെ വീയപുരം....
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി ആയി നമ്മൾ കൊണ്ടാടുന്നത്. മഹാശിവരാത്രിയുടെ ഐതീഹ്യത്തെ കുറിച്ച് നമ്മുക്ക് ഏവർക്കും അറിയാവുന്നതാണ്. ഞാൻ ഈ ചെറു ലേഖനത്തിലൂടെ തെക്കൻ തിരുവിതാംകൂറിലെ അതായത് ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലെ മഹാശിവരാത്രിയോട് അനുബന്ധിച്ചു നടക്കുന്ന ശിവാലയ ഓട്ടത്തെ കുറിച്ചാണ് പറയുവാൻ പോകുന്നത്. കൽക്കുളം വിളവൻങ്കോട് താലൂക്കുകളിലായി 100 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന 12 ശിവക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ് *ശിവാലയ ഓട്ടം.* നമുക്ക് ഈ ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യത്തിലേക്കും ഈ തീർത്ഥയാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങളിലേക്കും കടക്കാം. ഈ ലേഖനത്തിൽ എന്തെങ്കിലും പാകപ്പിഴകൾ വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു.
ശിവഭക്തന്മാർ കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് രുദ്രാക്ഷമാല ധരിച്ച് കഠിനവ്രതം എടുക്കുന്നതോടെ ശിവാലയ ഓട്ടത്തിന്റെ നിഷ്ഠകൾ ആരംഭിക്കുന്നു. കുഭമാസത്തിലെ ദ്വാദശി നാളിൽ തിരുമല (മുഞ്ചിറ) ക്ഷേത്രത്തിലെ സന്ധ്യാദീപാരാധന തൊഴുതു കൊണ്ടാണ് ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്നത്. തുടർന്ന് പ്രദക്ഷിണ വഴികളിലൂടെ 12 ശിവക്ഷേത്രങ്ങളിലും നഗ്നപാദരായി "ഗോവിന്ദാ.... ഗോപാലാ..." എന്ന നാമമന്ത്രം ഉരുവിട്ടു കൊണ്ട് ഓടി ഓടി ദർശനം നടത്തുന്നു. തുടർന്ന് തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ തൊഴുത് പ്രദക്ഷിണം ചെയ്യുന്നതോടെ ശിവാലയ ഓട്ടം സമാപിക്കുന്നു.
രുദ്രാക്ഷമാലയും കാവിമുണ്ടും ധരിച്ച് ഭസ്മസഞ്ചിയും, പനയോല വിശറിയും പേറിയുള്ള ശിവാലയ ഓട്ടക്കാരെ *ശാലയക്കാരെന്നും ഗോവിന്ദന്മാരെന്നും* വിളിക്കുന്നു. ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു പനയോല വീശറി ഉണ്ട്. ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശറിയുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ. യാത്രക്കിടയിൽ ക്ഷീണം അകറ്റുവാൻ പാനകം, ചുക്ക് വെള്ളം, കഞ്ഞി എന്നിവയും ധാരാളം ലഭിക്കുന്നു. ഇത് നാഞ്ചിനാട്ടിലെ മാത്രം ശിവരാത്രിയുടെ ഒരു പ്രത്യേകതയാണിത്. ഈ ഓട്ടപ്രദക്ഷിണത്തിന് ഒരു ക്രമംകൂടിയുണ്ട്. ആദ്യം തിരുമല പിന്നെ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാംങ്കോട്, തിരുവിടൈകോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലയം അങ്ങനെ നാഞ്ചിനാട്ടിനെ വലം വയ്ക്കുന്ന ഈ വൃത്തം പൂർത്തിയാക്കുവാൻ 100 കി.മി ഓടി തീർക്കേണ്ടതായിട്ടുണ്ട്. തിരുവിതാംകൂര്‍ ഏടുകളിലെ രാജപാതകളും, ഇടവഴികളും നാട്ടുവഴികളും താണ്ടിയുള്ള ഈ തീർത്ഥയാത്ര മനസ്സിൽ എന്നും ദര്‍ശന സായൂജ്യമാകുന്നു. പുതിയ കാലത്തില്‍ അതു ബൈക്കു യാത്രയായും വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടന ടൂറിസമായും മാറിയിരിക്കുന്നു.
ഐതീഹ്യം ശിവാലയ ഓട്ടത്തെപ്പറ്റി തിരുവട്ടാർ സ്ഥല പുരാണങ്ങളിൽ രണ്ട് പുരാവൃത്തമുണ്ട്. അതിൽ പ്രധാനപ്പെട്ടതും ആദികേശവ ക്ഷേത്രത്തിലും ശുചീന്ദ്ര സ്ഥാണുമാലയ ക്ഷേത്രത്തിലും കൊത്തിവച്ചിട്ടുള്ള ശില്പങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നതുമായ പുരാവൃത്തമാണ് ആദ്യം പറയുന്നത്. വ്യാഘ്രപാദ മഹർഷിയും ഭീമസേനനും തമ്മിലുള്ള സംഘട്ടനത്തിന്റെ പശ്ചാത്തലമാണ് അത്.
തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് കേരള -തമിഴ്നാട് അതിർത്തി ഗ്രാമമായ മുഞ്ചിറയിൽ മുനിമാർ തോട്ടം എന്നൊരു സ്ഥലമുണ്ട്. ഇവിടെ താമ്രപർണ്ണി നദിക്കരയിൽ മഹാശിവഭക്തനായ വ്യാഘ്രപാദ മഹർഷി തപസ്സനുഷ്ഠിച്ചിരുന്നു. അദേഹത്തിന് വ്യാഘ്രപാദർ എന്ന് പേരുവരാൻ ഒരു കാരണമുണ്ട്. ശിവനെ മാത്രം പ്രഭുവും ആശ്രയസ്ഥാനവുമായി കരുതി തപസ്സും പൂജയുമായി കഴിഞ്ഞിരുന്ന മഹർഷിക്ക് സന്ധ്യാവന്ദനത്തിനുള്ള പൂക്കൾ പറിക്കാൻ നന്നെ ബുദ്ധിമുട്ടേണ്ടി വന്നു. പൂമരം പിടിച്ചുലച്ചാൽ നിലത്തു വീഴുന്ന പൂക്കളാണ് പലപ്പോഴും അർച്ചനക്ക് ലഭിക്കുന്നത്. ഇതിൽ മനംനൊന്ത മഹർഷി മരത്തിൽ പിടിച്ചു കയറി പൂക്കളിറുക്കാനായി തന്റെ പാദങ്ങൾ വ്യാഘത്തിന്റെതു പോലെയാകണമെന്ന് ശിവഭഗവാനോട് പ്രാർത്ഥിച്ചു. ഭഗവാൻ തന്റെ പ്രിയ ഭക്തന് അതനുഗ്രഹിച്ചു നൽകി. അങ്ങനെ അദ്ദേഹം വ്യാഘ്രപാദ മഹർഷി എന്ന് അറിയപ്പെട്ടു.
കുരുക്ഷേത്ര യുദ്ധാനന്തരം പാണ്ഡവന്മാർ അശ്വമേധയാഗം നടത്താൻ നിശ്ചയിച്ചു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് പറഞ്ഞു കൊടുത്ത ഉപമന്യുവിന്റെയും അനുജൻ ധൗമ്യന്റെയും പിതാവാണ് വ്യാഘ്രപാദൻ. ശിവനിൽ മാത്രം മനസ്സുറച്ച വ്യാഘ്രപാദൻ വിഷ്ണു നാമം സ്വപ്നത്തിൽ പോലും ഉച്ചരിക്കാറില്ല. അശ്വമേധത്തിന് മുഖ്യയജ്ഞാചാര്യനാക്കാൻ വ്യാഘ്രപാദ മഹർഷിയെ തന്നെ ക്ഷണിക്കാൻ ശ്രീകൃഷ്ണൻ പാണ്ഡവരെ ഉപദേശിച്ചു. അദ്ദേഹം ഉത്തമനായ ഋഷീശ്വരനാണെന്നതും അദ്ദേഹത്തിന്റെ വിഷ്ണു വിദ്വേഷം കുറയ്ക്കാൻ ഈ അവസരം ഗുണം ചെയ്യുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. മഹർഷിയെ ക്ഷണിക്കാൻ ഭീമസേനനെ ചുമതലപ്പെടുത്തിയ ശ്രീ കൃഷ്ണൻ പന്ത്രണ്ട് രുദ്രാക്ഷങ്ങൾ സമ്മാനിച്ച് ചില ഉപദേശങ്ങൾ കൂടെ ഭീമന് നൽകി.
അങ്ങനെ ഗോവിന്ദ.... ഗോപാലാ.... എന്ന നാമോച്ചാരണവുമായി ഭീമൻ മുനിമാർ തോട്ടത്തിലെത്തി. ശൈവഭക്തോത്തമനായ വ്യാഘ്രപാദ മഹർഷി വിഷ്ണുനാമം ചൊല്ലിയ ഭീമനെ ഓട്ടിക്കാൻ തുടങ്ങി. കോപിച്ചു വരുന്ന മഹർഷിയെ കണ്ട ഭീമൻ ഗോവിന്ദ.... ഗോപാലാ.... എന്നു വിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുന്നു, തൊട്ടു പിന്നിൽ തന്നെ മഹർഷിയും പായുന്നു. കുറെ ദൂരം ചെന്നപ്പോൾ ഭീമൻ കൈയിലിരുന്ന ഒരു രുദ്രാക്ഷം നിലത്തുവച്ചു. ഉടൻ അതൊരു ശിവലിംഗമായി മാറി. അങ്ങനെ മുനിയുടെ ക്രോധം ശമിച്ച് അവിടെ ശിവപൂജ ചെയ്യാൻ തുടങ്ങി. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും ഇതുപോലെ രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 12 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും അതെല്ലാം ശിവലിംഗങ്ങളായി ഉയർന്നു വരികയും ചെയ്തു. എന്നിട്ടും മുനിയുടെ കോപം തീരാത്തതിനാൽ ഭീമൻ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചു. അങ്ങനെ ഭഗവാൻ പ്രത്യക്ഷനായി ഭീമന് വിഷ്ണുരൂപത്തിലും മഹർഷിക്ക് ശിവരൂപത്തിലും ദർശനം നൽകി. അങ്ങനെ പത്രണ്ടാമത്തെ ശിവലിംഗ പ്രതിഷ്ഠ നടന്ന സ്ഥലത്ത് (തിരുനട്ടാലം) ശങ്കരനാരായണ പ്രതിഷ്ഠയും ഉണ്ടായി. അങ്ങനെ ശിവനും വിഷ്ണുവും ഒന്നാണ് എന്ന് മനസ്സിലാക്കിയ മഹർഷി സന്തുഷ്ടനാകുകയും അശ്വമേധയാഗത്തിന്റെ ആചാര്യനാകാൻ സമ്മതം മൂളുകയും ചെയ്തു. ഇങ്ങനെരൂപപ്പെട്ട പന്ത്രണ്ട് ശിവലിംഗങ്ങളാണ്, പിൽക്കാലത്ത് പന്ത്രണ്ട് ശിവക്ഷേത്രങ്ങളായി അറിയപ്പെട്ടു എന്നതാണ് ഒരു ഐതിഹ്യം. ഭീമൻ ഓടുന്ന വേളയിൽ ഗോവിന്ദാ.... ഗോപാലാ.... എന്ന നാമം ഉച്ചത്തിൽ ഉരുവിട്ടു എന്ന് ഐതീഹ്യത്തിൽ പറഞ്ഞുവല്ലോ, അതിന്റെ പ്രതീകമായാണ് ശിവാലയ ഓട്ടം നടത്തുന്ന ഭക്തന്മാർ ഗോവിന്ദ.... ഗോപാലാ.... എന്ന വൈഷ്ണവ മന്ത്രം ഉരുവിട്ട് ഓടുന്നത്.
ക്ഷേത്ര പ്രദക്ഷിണത്തിലൂടെ ശിവാലയ ഓട്ടത്തിലെ 12 ശിവക്ഷേത്രങ്ങളും ഒരോ ക്ഷേത്രത്തിലേയും ശിവ ഭഗവാന്റെ മൂർത്തി ഭാവവും ക്രമത്തിൽ താഴെ പറയുന്നു.
01. തിരുമല - ശൂലപാണി
02. തിക്കുറിശ്ശി - മഹാദേവൻ
03. തൃപ്പരപ്പ് - ജഡാധരൻ
04. തിരുനന്ദിക്കര - നന്ദികേശ്വരൻ
05. പൊന്മന - തിമ്പിലേശൻ
06. പന്നിപ്പാകം - കിരാതമൂർത്തി
07. കൽക്കുളം - നീലകണ്ഠൻ
08. മേലാംങ്കോട് - കാലകാലൻ
09. തിരുവിടൈക്കോട് - ജഡയപ്പൻ
10. തിരുവിതാംകോട് - പതിരിപാണി
11. തൃപ്പന്നിയോട് - ഭക്തവത്സലൻ
12. തിരുനട്ടാലം - ശങ്കരനാരായണൻ
01. തിരുമല ശ്രീ മഹാദേവക്ഷേത്രം
തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിലെ മാർത്താണ്ഡത്തിന് സമീപത്തെ വെട്ടുവെന്നി ജംഗ്ഷനിൽ നിന്നും 7 കി.മി വലത്തോട്ടു മാറി മുഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലാണ് ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്നത്. തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിന്റെ കന്നി സ്ഥാനമാണ് ഈ തിരുമല അഥവ മുഞ്ചിറ. സീതാനേക്ഷണത്തിന് പുറപ്പെട്ട ശ്രീരാമൻ ആദ്യം ചിറകെട്ടാൻ ഉദേശിച്ചിരുന്ന സ്ഥലം എന്ന നിലക്കാണ് മുഞ്ചിറ എന്ന നാമം ഈ സ്ഥലത്തിന് ലഭിച്ചതെന്ന് സ്ഥലപുരാണം പറയുന്നു. കുംഭമാസത്തിലെ ദ്വാദശി നാളിൽ തിരുമല ശ്രീ മഹാദേവഭഗവാന്റെ സന്ധ്യാ ദീപാരാധന തൊഴുത് ഭക്തർ തങ്ങളുടെ ശിവാലയ ഓട്ടം ആരംഭിക്കുന്നു.
ഇവിടെത്തെ പ്രതിഷ്ഠാ മൂർത്തി ശൂലപാണിയെന്ന് അറിയപ്പെടുന്നു. പാറക്കൂട്ടങ്ങളോടു കൂടിയ കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജരാജ ചോഴനാൽ പണി കഴിക്കപ്പെടുകയും രാജേന്ദ്ര ചോഴനാൽ പുനരുദ്ധാരണം ചെയ്യുകയും ചെയ്ത ക്ഷേത്രമാണ് ഇതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. *12 ശിവാലയങ്ങളിലും വച്ച് വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ഈ ശിവലിംഗം രുദ്രാക്ഷത്താൽ പൊതിഞ്ഞിരിക്കുന്നതായും കാണാൻ സാധിക്കും.* തിരുനടയിൽ നിന്ന് അല്പ്പം ഇടത്തോട്ട് മാറിയിരിക്കുന്ന നന്ദിക്കും പറയാനുണ്ട് ഒരു ഐതിഹ്യം. ക്ഷേത്ര ദർശനത്തിന് എത്തിയ ഹനുമാന്റെ ദർശന സൗകര്യത്തിനായി ഒതുങ്ങി മാറിയ കഥ. ഇവിടെ കൊടിമരത്തോടു കൂടിയ വിഷ്ണു സന്നിധിയും തുല്യ പ്രാധാന്യത്തോടെ കാണാൻ സാധിക്കുന്നു. സന്താനഭാഗ്യം ഇല്ലായിരുന്ന ഉദയനും ഉദച്ചിയും ഈ ശിവ സന്നിധിയിൽ ഭജനമിരുന്നു നേടിയ സന്താനമാണ് പ്രസിദ്ധനായ "തിരുമനയ്ക്കൽ" എന്ന മധുര രാജാവ്.
ഇവിടെ ധാരാളം പാറ ഗുഹകൾ കാണാൻ സാധിക്കും. ഈ ഗുഹകളിൽ മുനിമാർ തപസ്സു ചെയ്കയാൽ ഇവിടം മുനിമാർ തോട്ടം എന്നും അറിയപ്പെടുന്നു. ഇവിടെത്തെ ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചിരുന്ന ഒരു മഹർഷിയാണ് വ്യാഘ്രപാദർ. ഇവിടെ നിന്നാണ് ശിവാലയ ഓട്ടത്തിന് കാരണമായ ഐതീഹ്യകഥയ്ക്ക് തുടക്കം കുറിച്ചതും.
2. തിക്കുറിശ്ശി ശ്രീ മഹാദേവക്ഷേത്രം
തിരുമല മഹാദേവന്റെ തിരുനടയിൽ നിന്നും ഗോവിന്ദാ... ഗോപാലാ... എന്ന മന്ത്രം ഉരുവിട്ട് തുടങ്ങുന്ന ശിവാലയ ഓട്ടം 8 കി.മി സഞ്ചരിച്ചാൽ മാർത്താണ്ഡം ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും ചിതറാലിലേക്കുള്ള വഴിയില്‍ വീണ്ടും 8 കി.മി യാത്ര പിന്നിടുമ്പോൾ രണ്ടാം ശിവാലയത്തിൽ എത്തിച്ചേരുന്നു. ജല സമൃദ്ധമായ താമ്രപർണ്ണി നദിയുടെ വടക്കേ കരയിലാണ് നാലുകെട്ടിന്റെ ഘടനയിലുള്ള തിക്കുറിശ്ശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തെ നദിയിൽ കുളിച്ച് ഈറനണിഞ്ഞ ശിവാലയ ഓട്ടക്കാര്‍ ജപമന്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തുന്നു. ഇവിടെത്തെ പ്രതിഷ്ഠ മഹാദേവനാണ്. അതി പ്രാചീനമായ ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മയുടെ കാലത്ത് പുനരുദ്ധാരണം നടത്തിയെന്ന് ചരിത്രരേഖയിൽ പറയുന്നു. വളരെ കാലം വരെ നന്ദി പ്രതിഷ്ഠ ഇല്ലായിരുന്ന ഈ ക്ഷേത്രത്തിൽ അടുത്ത കാലത്തായി നന്ദി പ്രതിഷ്ഠ സ്ഥാപിക്കുകയുണ്ടായി. ഇത്രയും കാലം നന്ദി പ്രതിഷ്ഠ ഇല്ലാതിരുന്നതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. പണ്ട് തിക്കുറിശ്ശി ഏലായിൽ കൃഷികൾ നശിപ്പിച്ചിരുന്നത് ഒരു കാളയാണെന്നും, അത് ഈ ക്ഷേത്രത്തിലെ നന്ദിയാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ ക്ഷേത്ര തന്ത്രി താരണനല്ലൂർ നമ്പൂതിരിപ്പാട് നന്ദിയെ മന്ത്രത്താൽ ബന്ധിക്കുകയും, അന്നത്തെ നന്ദി പ്രതിഷ്ഠയെ താമ്രപർണ്ണി നദിയിലെ കയത്തിൽ നിക്ഷേപിക്കുകയും ചെയ്തു. അന്ന് തൊട്ട് കാളയുടെ ശല്യം അവസാനിച്ചു. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞിനിലം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കുറിഞ്ഞി നിലത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്, പിന്നീട് അത് തിക്കുറിശ്ശി എന്നായി. ഗണപതി, ശാസ്താവ്, നാഗർ തുടങ്ങിയ ഉപദേവതമാരും ഇവിടെ ഉണ്ട്.
3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം
തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.
12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന *തൃപ്പരപ്പ് വെള്ളച്ചാട്ടം* സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.
ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.
തൃപ്പരപ്പ് ശ്രീ മഹാദേവനെ തൊഴുതുവണങ്ങി നാലാം ശിവാലയത്തിലേക്കുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നു കുലശേഖരം വഴി 10 കി.മി സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. ഇരുൾ നിറഞ്ഞ രാത്രിയെ വകവെയ്ക്കാതെ ഒരു യാത്ര. നാലാം ശിവാലയത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രാ ലക്ഷ്യസ്ഥാനത്തിലേക്ക് അടുക്കുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു ടണൽയാത്രക്കു വേണ്ടിയാണ്. അങ്ങനെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ടണലിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവിന്ദാ ഗോപാലാ ജപമന്ത്രത്തിന്റെ ധ്വനിയും ഇരട്ടിക്കുന്നു. ഈ യാത്രക്കിടയിൽ ടണലിന് മുകളില്‍ ഇരമ്പിപ്പോകുന്ന പേച്ചിപ്പാറ കനാലില്‍ നിന്നും നെറുകയില്‍ ശീതജലം ഊറിവീഴുന്നത് മുന്നോട്ടുള്ള യാത്രക്ക് ഒരു ഉന്മേഷം തന്നെ തരുന്നു. അങ്ങനെ ടണൽ യാത്ര കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിടുമ്പോൾ നാം നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ എത്തിച്ചേരുന്നു. 12 ശിവാലയങ്ങളിലും തികച്ചും കേരളിയ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരന്‍ നന്ദികേശ്വര രൂപത്തിലാണ് വാണരുളുന്നത്. ഇവിടെത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യ ശിവാലയ ഓട്ടക്കാരൻ ഓടി ഈ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്താണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.
ശിവക്ഷേത്രത്തിനു 50 മീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഒരു മലയും അതിൽ ശിവലിംഗ പ്രതിഷ്ഠയോടു കൂടിയ ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ മലയെ പൊരിക്കപ്പാറ, ഉളുപ്പൻ പാറ, ഉന്തു പാറ എന്നെല്ലാം വിളിച്ചു വരുന്നു. ഈ പറയ്ക്കുള്ളിലാണ് ഗുഹാക്ഷേത്രം ഉള്ളത്. വടക്ക് ഭാഗത്ത് കൂടി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാൽ പടിഞ്ഞാറു ഭാഗത്തു കാണുന്ന മറ്റൊരു ഗുഹയിൽ കിഴക്ക് ദർശനമായ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാൻ സാധിക്കുന്നു. ഈ ഗുഹാക്ഷേത്രം രാജരാജ ചോഴനാൽ നിർമ്മിതമാണ് എന്ന് ചരിത്ര രേഖകൾ പറയുന്നു. *മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിത്തരുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച തിരുനന്തിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലും കൊത്തി വച്ചിട്ടുണ്ട്.*
4. തിരുനന്ദിക്കര
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
കേരളീയ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണിത്. ഇതിനോടുചേര്‍ന്ന് ജൈന ഗുഹാക്ഷേത്രവുമുണ്ട്. തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്.
5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം
തിരുനന്തിക്കരയിലെ നന്ദികേശ്വര ദർശനം കഴിഞ്ഞ് കുലശേഖരം - പെരുഞ്ചാണി റോഡിലൂടെ 8 കി.മി സഞ്ചരിച്ചാല്‍ മഹേന്ദ്രഗിരിയിൽ നിന്നുത്ഭവിച്ചെത്തുന്ന പയസ്വിനി നദീതീരത്തുള്ള അഞ്ചാം ശിവാലയമായ പൊന്മനയിലെത്താം. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പണ്ടു കാലത്ത് പശുക്കളെ മേച്ച് ജീവിച്ചിരുന്ന ഒരു സാധാരണകാരനാണ് തമ്പിലൻ. ഒരിക്കൽ ഇയാൾ പശുക്കൾക്ക് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ അരിവാൾ ഒരു കല്ലിൽ കുരുങ്ങി. ആ അരിവാൾ വലിച്ചെടുത്തപ്പോൾ അതിൽ രക്തത്തിന്റെ പാട് കണ്ടതിനാൽ ആ ഭാഗത്തെ കാട്ടുച്ചെടികളും വള്ളികളും വകഞ്ഞുമാറ്റി. അപ്പോൾ അയാൾക്ക് അവിടെ കാണാൻ സാധിച്ചത് രക്തം വാർന്നു കൊണ്ടിരിക്കുന്ന ഒരു ശിവലിംഗത്തെയാണ്. അദ്ദേഹം ഉടൻ തന്നെ ഭഗവാനെ അവിടെ കടിയിരുത്തി പൂജിക്കാൻ തുടങ്ങി. കാലക്രമത്തിൽ തിമ്പിലാൻ കുടി മഹാദേവൻ തമ്പിലേശനായി അറിയപ്പെട്ടു. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം
പൊന്‍മനയിലെ തമ്പിലേശ്വര സന്നിധിയിൽ നിന്നു വലിയാറ്റുമുഖം വഴി 11 കിലോമീറ്റര്‍ സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിൽ എത്തിയാൽ അവിടെ നിന്ന് 1 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ച് ആറാം ശിവാലയമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം. ഇവിടെ എത്തുമ്പോഴേക്കും ഇരുൾ നിറഞ്ഞ പാതകളെ വകഞ്ഞുമാറ്റി കൊണ്ട് പ്രഭാത കിരണം വന്നെത്തി കഴിയും. പ്രഭാതത്തിലെ സൂര്യപ്രഭ ഏറ്റുവാങ്ങി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയിൽ ആറാം ശിവാലയം സ്ഥിതിചെയ്യുന്നു. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം.
ഈ ക്ഷേത്രത്തിലെ മൂർത്തി ഭാവം കിരാതമൂർത്തിയാണ്. അതായത് അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്നതിന് മുമ്പത്തെ ശിവഭാവത്തിലുള്ള പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ കാലഭൈരവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശിവ ഭഗവാന്റെ ഉഗ്രരൂപത്തിലെ ഒരു ഭാവമാണ് കാലഭൈരവൻ.
7. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം
പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാം ശിവാലയമായ കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ ക്ഷേത്രം പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തായി പരിലസിക്കുന്നു.
മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ തഞ്ചാവൂർ ശില്പകലയുടെ ചാരുത നിറഞ്ഞു നിൽക്കുന്നു. ഇവിടെ ശിവ ഭഗവാൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പാര്‍വതീസമേതനായ ശിവപ്രതിഷ്ഠയാണിവിടെ ഉള്ളത്. *ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്.* ഇവിടെ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. ഇവിടെ വിസ്തിർതമായ ഒരു തീർത്ഥകുളവും നടുവിൽ ഒരു കൽമണ്ഡപവും കാണാൻ സാധിക്കും. ഏഴു നിലകളുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തുവര്‍ഷം 1744-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ്ശില്പ ഭംഗിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം സാധിക്കുന്നു. ഇവിടെത്തെ ശ്രീരാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.
നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.
മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.
ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.
ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.
8. മേലാങ്കോട് ശിവക്ഷേത്രം
കല്ക്കുളം മഹാദേവരെ ദർശിച്ച് യാത്രയാവുന്ന ഭക്തർ തുടർന്നെത്തുന്നത് മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. സാക്ഷാൽ കാലകാല രൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.എത്തിച്ചേരാനുള്ള വഴി പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റൽ സഞ്ചരിച്ചാൽ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
10. തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം
തിരുവിടൈകോട് ദർശനം കഴിഞ്ഞ് യാത്ര തുടരുന്നു. ഇവിടെ നിന്ന് 7 കിലോമീറ്റർ ദേശിയപാത വഴി സഞ്ചരിച്ചാൽ തക്കല എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം ഈ ദീർഘയാത്രക്ക് ക്ഷീണം വരുത്തിയേക്കാം. പക്ഷേ വഴിയോരത്തോട് ചേർന്നുള്ള ഇവിടെത്തെ തമിഴ് ഭക്തരുടെ സൽക്കാരം നമ്മുടെ ക്ഷീണമകറ്റി ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാനുള്ള ഊർജ്ജമായി മാറുന്നു.അങ്ങനെ തക്കലയിൽ നിന്ന് 2 കിലോമീറ്റർ കേരളപുരം റൂട്ടിൽ സഞ്ചരിച്ചാൽ നമുക്ക് പത്താം ശിവാലയമായ തിരുവിതാംകോട് എത്തിച്ചേരാം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണ് തിരുവിതാംകോട്. ഇവിടെ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മറ്റൊരു ശ്രീകോവിലിൽ മഹാവിഷ്ണു കുടികൊള്ളുന്നു. ഇവിടെ ശ്രീ മഹാദേവന്റെ ശ്രീകോവിലിനു മുന്നിലും ശ്രീ മഹാവിഷ്ണുവിന്റെ ശ്രീകോവിലിനു മുന്നിലും രണ്ട് കൊടിമരങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിന്റെ വാതിലിനെക്കാൾ വലുതാണ് ഉള്ളിലെ ശിവലിംഗ പ്രതിഷ്ഠ. ഇവിടെത്തെ ശ്രീ മഹാദേവനെ പാതിരിപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. മൂന്നു ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്ര സന്നിധിയാണ് ഇവിടം. തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഈ തിരുവിതാംകോട്.
11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം
തിരുവിതാംകോട് നിന്നു തുടരുന്ന യാത്ര കുഴിക്കോട് - പള്ളിയാടി വഴി ഏതാണ്ട് 8 കിലോമീറ്റര്‍ സഞ്ചരിച്ച് പതിനൊന്നാം ശിവാലയമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്തുന്നു. ഇവിടെ കുടികൊള്ളുന്ന മഹാദേവൻ പ്രസന്ന ഭാവത്തിലുള്ള ഭക്തവത്സലനാണ്.
വരാഹരൂപം കൊണ്ട് ഹിരണ്യ നിഗ്രഹം നടത്തിയ മഹാവിഷ്ണു സ്വന്തം രൂപം തിരിച്ചു കിട്ടാതെ ലോകമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഒടുവിൽ മഹാദേവൻ പ്രത്യക്ഷനായി വരാഹത്തിന്റെ കൊമ്പു മുറിച്ച് മാറ്റുകയും തുടർന്ന് മഹാവിഷ്ണുവിന് സ്വന്തം രൂപം തിരിച്ചു ലഭിക്കുകയും ചെയ്തു എന്നൊരു കഥ സ്കന്ദപുരാണത്തിൽ ഉണ്ട്. അങ്ങനെ വരാഹത്തിന്റെ കൊമ്പു മുറിച്ച ഭാവത്തിലുള്ള മഹാദേവനാണ് തൃപ്പന്നിക്കോട് വാഴുന്ന ഭക്തവത്സലൻ.
കൊല്ലവർഷം 1820-ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിന് സ്വപ്ന ദർശനമുണ്ടായി. സ്വപ്നത്തിൽ പ്രത്യക്ഷനായ മഹാദേവൻ "ഞാൻ നനയുകയാണ് " എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുനരുദ്ധാരണം ചെയ്തു. വൃത്താകൃതിയോടുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാൽ തന്നെ കേരള ക്ഷേത്രശില്‍പ്പ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
12. തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം
തൃപ്പന്നിക്കോട് ഭക്തവത്സലനെ വണങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. ഇവിടെ നിന്നും 5 കി.മി ദൂരം സഞ്ചരിച്ചാൽ അവസാന ലക്ഷ്യസ്ഥാനമായ പന്ത്രണ്ടാം ശിവാലയത്തിൽ എത്തിച്ചേരാം. ഈ ശിവാലയത്തിലേക്കുള്ള യാത്ര മദ്ധ്യയിൽ തന്നെ സൂര്യപ്രഭയ്ക്ക് മങ്ങലേറ്റുകൊണ്ട് സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. അങ്ങനെ ശിലായ ഓട്ടത്തിന്റെ സമാപന ക്ഷേത്രമായ തിരുനട്ടാലത്ത് എത്തിച്ചേരുന്ന ഭക്തർ ഇവിടെത്തെ തീർത്ഥകുളത്തിൽ കുളിച്ച് ഇറനണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നു. ഇവിടെത്തെ ഈ കുളത്തിൽ പണ്ട് മുതലയുണ്ടായിരുന്നതിനാൽ നക്രാലയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലക്രമത്തിൽ നട്ടാലയം എന്നായി എന്ന് സ്ഥലപുരാണം പറയുന്നു.
ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായതാണ്. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താനാണ് ശങ്കരനും നാരായണനും ഒത്തുചേർന്ന് ശങ്കരനാരയണ സ്വാമിയായി ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ കാണുന്ന വിഗ്രഹത്തിന്റെ ഒരു ഭാഗം ഉടുക്കേന്തിയ മഹാശിവനും മറുഭാഗം ശംഖ്ചക്ര ദാരിയായ മഹാവിഷ്ണുവുമാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി മാറുന്ന ഈ ശിവാലയ ഓട്ടം, അങ്ങനെ ശ്രീ ശങ്കരനാരായണ സ്വാമിയുടെ തിരുമുന്നിൽ ഭക്തിനിർഭരമായി തൊഴുത് നെറ്റിയിൽ ഇവിടെ നിന്നും കിട്ടുന്ന വിഭൂതിയും ചന്ദനവും തൊടുന്നതോടെ പരിസമാപിക്കുന്നു. *എന്നാലും ശിവാലയ ഓട്ട തീർത്ഥാടനത്തിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ ഇനിയും ഒരു ക്ഷേത്രത്തിലൂടെ ദർശനം നടത്തേണ്ടത് അനുവാര്യമാണ്. ആ ക്ഷേത്രം തിരുവട്ടാർ ആദികേശവ ക്ഷേത്രമാണ്. അതായത് ശിവാലയ ഓട്ടത്തിന്റെ രണ്ടാമത്തെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് ഇത്.
തിരുവട്ടാർ ആദികേശവ ക്ഷേത്രം
പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് തിരുവട്ടാർ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചൊഴുകുന്ന പയസ്വിനി നദിയിൽ സ്നാനം ചെയ്ത് ആദികേശവ ഭഗവാനെ ദർശനം നടത്തി പ്രസാദം സ്വീകരിച്ചാൽ ആദികേശവ ഭഗവാനെ വലംവച്ചു കൊണ്ടുള്ള ഈ ശിവാലയ ഓട്ട തീർത്ഥാടനത്തിന് പൂർണ്ണത ലഭിക്കുന്നു.
ശിവാലയ ഓട്ടത്തിൽ ഈ ക്ഷേത്രത്തിനുള്ള പ്രാധാന്യത്തെ വിളിച്ചോതുന്ന ഐതിഹ്യമാണ് രണ്ടാമത്തെ പുരാവൃത്തത്തിൽ ഉള്ളത്. ഒരിക്കൽ മഹാവിഷ്ണുവും കേശാസുരനുമായി അതിഘോരമായ യുദ്ധം നടന്നു. യുദ്ധത്തിൽ തളർന്ന അസുരനെ ഭഗവാൻ അനന്തനാൽ വരിഞ്ഞു കെട്ടി നിലം പതിപ്പിച്ച ശേഷം, ഭഗവാൻ അനന്തനു മുകളിൽ ശയിച്ചു. ഈ സമയത്തെ ആദികേശവനെ കേശീ മഥനൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശയനാനന്തരം അസുരൻ തന്റെ സ്വതന്ത്രമായ പന്ത്രണ്ട് കൈകൾ കൊണ്ട് ഭഗവാനെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതു നിമിത്തം ഭഗവാൻ തന്നെ അസുരന്റെ ഒരോ കൈപ്പത്തിയിലും ഒരോ ശിവലിംഗ പ്രതിഷ്ഠ നടത്തി. അത് കാലക്രമത്തിൽ പന്ത്രണ്ട് ശിവാലയങ്ങളായി മാറി. ഇത് കൂടതെ അസുരന്റെ പന്ത്രണ്ട് ദുജസന്ധികളിൽ പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും ഭുജങ്ങളുടെ മേൽ ഭാഗത്ത് പന്ത്രണ്ട് സർപ്പകാവുകളും സ്ഥാപിച്ചു. ഇങ്ങനെ രൂപപ്പെട്ടതാണ് ഈ ശിവാലയ ഓട്ട ക്ഷേത്രങ്ങളും, ഇതിനു അകം പരിധികളിൽ വരുന്ന പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും സർപ്പക്കാവുകളും എന്നാണ് ഐതിഹ്യം പറയുന്നത്.
തിരുനട്ടാലത്ത് നിന്ന് 12 കി.മി സഞ്ചരിച്ചാൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇവിടെ പയസ്വിനി നദിയിൽ സ്നാനം ചെയ്ത ശേഷം തറനിരപ്പിൽ നിന്ന് ഏതാനും പടവുകൾ കേറി ക്ഷേത്ര കവാടത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും കൊടിമരത്തേയും ശ്രീബലിക്കൽ പീഠത്തേയും കടന്ന് പടിഞ്ഞാറു തുറക്കുന്ന തിരുനടകളിൽ കൂടി ശയന മൂർത്തിയായ ആദികേശവ പെരുമാളിനെ ദർശിക്കാം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേതു പോലെ അനന്തശയന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കില്‍ ഇവിടുത്തേത് പടിഞ്ഞാറു ദിശയിലേക്കാണെന്നത് ഒരു പ്രധാന വ്യത്യാസമാണ്.
18- അടി നീളമുള്ള തിരുസ്വരൂപം അനന്തശായിയായ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെതാണ്. ഇവിടെ അനന്തൻ മുന്ന് മടക്കുകളുള്ള മെത്തയായി ശയനമൂർത്തിയെ താങ്ങിയിരിക്കുന്നു. അനന്തന് അഞ്ച് ശിരസ്സുകൾ വൃത്താകാരമായി നിർമിക്കപ്പെട്ടിരിക്കുന്നു. സമശയന രൂപത്തിലാണ് ദേവന്റെ കിടപ്പ്. തിരുമുഖം സ്വല്പ്പം മേലോട്ടു നോക്കുന്നത് പോലെ കാണപ്പെടുന്നു. വലതു കൈ മടക്കി മുഖത്തിനു നേരെ സിംഹകർണമുദ്ര കാണിക്കുന്നു. ഇടത് കൈ തളിരിലകൾ പോലെ തൂക്കിയിട്ടിട്ടിരിക്കുന്നു. ഇവിടെ കിരീടമകുടം മുതൽ തൃപ്പാദങ്ങൾ വരെയുള്ള തിരുവുടൽ സർപ്പേന്ദ്ര ശയ്യയിൽ മുഴുവനായി ശയന രൂപത്തിൽ കാണപ്പെടുന്നു. മൂന്ന് തിരു നടകളിലൂടെ ആദികേശവ പെരുമാളിന്റെ ശയനരൂപം കണ്ടുതൊഴുത് പ്രസാദം സ്വീകരിക്കുന്നതോടെ ഈ ശിവാലയ ഓട്ടം അതിന്റെ പൂർണ്ണതയിൽ എത്തിച്ചേരുന്നു.
അങ്ങനെ മഹാശിവരാത്രിയിലെ ശിവാലയ ഓട്ടത്തിലൂടെ ഭക്തര്‍ക്ക് ലഭിച്ച പന്ത്രണ്ട് ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കോരു മടക്കയാത്ര.
മേലാങ്കോട് യക്ഷി അമ്പലം
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഞ്ചിനാട് ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. പ്രകൃതിരമണീയമായ ഈ നാടിന്റെ കഥകള്‍ തെക്കന്‍ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്നവയാണ്. നാഞ്ചിനാട്ടിലെ ഒരു യക്ഷിക്കഥയിലേക്ക് കടക്കാം.
നാഞ്ചിനാട്ടിലെ യക്ഷിക്കഥകള്‍
മേലാങ്കോട്
കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വേളിമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മേലാങ്കോട് എന്നൊരു സ്ഥലമുണ്ട്. 'ശിവാലയ ഓട്ടത്തിലെ' എട്ടാമത്തെ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.അതിനോടൊപ്പം തന്നെ രണ്ടു പ്രശസ്തമായ യക്ഷി അമ്പലങ്ങളുംഉണ്ട്. ഇവ ചേട്ടത്തി അമ്പലം,അനിയത്തി അമ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ശിവ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള അമ്പലത്തില്‍ സതിയായ വടുവിച്ചിയമ്മയുടെയും അവരുടെ ആരാധ്യനായ കുലശേഖരത്തമ്പുരാന്റെയും, സതി ചെമ്പകവല്ലിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.
കുലശേഖരത്തമ്പുരാനും സതി വടുവിച്ചിയമ്മയും :
കന്നടിയ രാജാവിന്റെ പുത്രിയായ വടുവിച്ചി വള്ളിയൂര്‍ ഭരിച്ചിരുന്ന കുലശേഖരപണ്ട്യനില്‍ അരുരക്തയായി. വിവരം മനസ്സിലാക്കിയ കന്നടിയ രാജാവ് വള്ളിയൂരിലേക്ക് ദൂതനെ അയച്ച് കുലശേഖര പാണ്ട്യനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയും കന്നടിയനെ ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശസ്തമായ കന്നടിയന്‍ യുദ്ധങ്ങള്‍ നടക്കുന്നു. ആദ്യ രണ്ടു യുദ്ധങ്ങളിലും കുലശേഖര പാണ്ട്യന്‍ വിജയിച്ചു. മൂന്നാമത്തെ യുദ്ധത്തില്‍ കന്നടിയന്‍ കുലശേഖര പാണ്ട്യനെ പരാജയപ്പെടുത്തുകയും തടവുകാരനാക്കി പല്ലക്കിലേറ്റി തന്റെ പാളയത്തിലേക്ക് കൊണ്ട് പോരുകയും ചെയ്തു. എന്നാല്‍ അപമാനിതനായ കുലശേഖര പാണ്ട്യന്‍ പല്ലക്കില്‍ വച്ച് തന്നെ ആത്മഹത്യ ചെയ്തു. തീരാദുഃഖത്തിലായ കന്നടിയന്റെ മകള്‍ കുലശേഖര പാണ്ട്യനോടൊപ്പം ജീവത്യാഗം ചെയ്യുമെന്ന് പ്രസ്താവിച്ചു.തുടര്‍ന്ന് കുലശേഖര പാണ്ട്യന്‍റെ മൃതദേഹവുമായി വടുവകച്ചിയുടെ വിവാഹ കര്‍മ്മം നടത്തി. തുടര്‍ന്ന് വടുവകച്ചി സതി അനുഷ്ടിക്കുകയും ചെയ്തു. കുലശേഖര പാണ്ട്യനും തന്റെ മകള്‍ക്കും വേണ്ടി സ്മാരകങ്ങള്‍ നിര്‍മ്മിച്ച ശേഷം കന്നടിയന്‍ നാടിലേക്ക് തിരിച്ചു പോയി.
സതി ചെമ്പകവല്ലി
അനന്തന്‍കുട്ടി എന്നാ ബ്രാഹ്മണ യുവാവ് തനിക്കു അനുരൂപയായ വധുവിനെ അന്വേഷിച്ചു നടക്കുകയും ഒടുവില്‍ വള്ളിയൂര്‍ ദേശത്ത് ശംഖപുരിഎന്നാ ഗ്രാമത്തില്‍ സുന്ദരിയായ ചെമ്പകവല്ലി എന്നൊരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.ചെമ്പകവല്ലിയെ വിവാഹം ചെയ്ത അനന്തന്‍കുട്ടി ജൌളി വ്യപരവുമായി അവിടെ തന്നെ വസിച്ചു.എന്നാല്‍ മുകിലപ്പടയുടെ ആക്രമണം കാരണം തുടര്‍ന്ന് കല്‍ക്കുളം നീലകണ്‌ഠസ്വാമി ക്ഷേത്രത്തിനടുത്തേക്ക് താമസം മാറ്റി.ഒരിക്കല്‍ അനന്തന്‍കുട്ടിയും കൂട്ടരും വടക്കന്‍ നാടുകളില്‍ വ്യാപാരം നടത്താന്‍ പോയി തിരിച്ചു വരവേ അദ്ദേഹം ദുരൂഹമായി കൊല ചെയ്യപ്പെട്ടു.സഹയാത്രികരില്‍ നിന്നും വിവരം മനസ്സിലാകിയ ചെമ്പകവല്ലി സതി അനുഷ്ടിക്കുമെന്നു ബന്ധുക്കളെ അറിയിച്ച ശേഷം മഹാരാജാവിനെ മുഖം കാണിക്കാന്‍ ചെന്നു. അവളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ രാജാവ് അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ചെമ്പകവല്ലി അതിനു തയ്യാറായില്ല.അവളുടെ ഉറച്ച തീരുമാനം ഒടുവില്‍ രാജാവിന് അംഗീകരിക്കേണ്ടി വന്നു. ഉദയഗിരിക്കോട്ടക്കകത്ത് അരയാലിന്‍ മൂട്ടില്‍ അഗ്നികുണ്ഡം ഉണ്ടാക്കുകയും ചെമ്പകവല്ലി സതി അനുഷ്ടിക്കുകയും ചെയ്തു.ആരാധ്യയായിതീര്‍ന്ന ചെമ്പകവല്ലിയെ സതീ ദേവതയായി പൂജിച്ചു വരുന്നു.
അനന്തന്‍ക്കാട് നാഗരാജ ക്ഷേത്രം
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലമാണെന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്. ശിലാ രൂപമായ അനന്ത വിഗ്രഹമാണിവിടെ ഉള്ളത്. ഇവിടുത്തെ പ്രധാന വഴിപാട് കളമെഴുത്തും പാട്ടുമാണ് .ആയില്യ പൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു. സര്‍പ്പ ദോഷത്തിനും, കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താനലബ്ധിക്കും പ്രത്യേക വഴിപാടുകള്‍ നടത്തി വരുന്നു.
പരശുവയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം
ദക്ഷിണ കേരളത്തിലെ ഏറ്റവും പുരാതനമായ ദേവീ ക്ഷേത്രങ്ങളിലൊാണ് പരശുവയ്ക്കല്‍ മേജര്‍ ശ്രീ ഭഗവതി ക്ഷേത്രം. അത്യപൂര്‍വ്വമായ പ്രതിഷ്ഠ ശ്രീ ചക്ര ഭാവത്തില്‍ ഷഡ്ദളത്തില്‍ കാഴ്ചയില്‍ ശിവലിംഗ രൂപം പരിലസിക്കു. സാത്വികഭാവത്തില്‍ വിരാചിക്കുന്ന പരശുവയ്ക്കല്‍ ദേവി ദേശദേവതയാണ്.
ശക്തിസ്വരൂപിണിയായ ദേവിയെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടഫലസിദ്ധി ഉറപ്പാണെ കാര്യം ഭക്തജനങ്ങള്‍ മനസ്സിലാക്കിയ സത്യം. ധ്വജത്തില്‍ പറക്കു കൊടി ദേവീവാഹനമായ സിംഹത്തിന്റേതാണ്. ഈ സിംഹം ക്രോധവശയ്ക്കും, കശ്യപ്രജാപതിയ്ക്കും ജനിച്ച ഹരിയില്‍ നിന്നും ജനിച്ചതാണെു സങ്കല്പം.
മീനമാസത്തിലെ കാര്‍ത്തിക ഉത്സവത്തിനു പുറമെ മേട വിഷുവിനും ഇവിടെ പ്രാധാന്യമുണ്ട്. കര്‍ക്കിടകത്തില്‍ നിറയും പുത്തരിയും തുടര്‍ന്നുള്ള വിവിധതരം ആചാരാനുഷ്ഠാനങ്ങള്‍ ഇവിടെ നടത്തിവരുന്നു.
ശത്രു സംഹാരിയും ഭക്തവസ്തലയുമായ ഭഗവതിയെ ആരാധിക്കാനായി ക്ഷത്രിയ ധ്വംസഹനായ പരശുരാമന്‍ കേരളം മുഴുവനും ഭഗവതിയെ പ്രതിഷ്ഠിച്ചു. പരശുരാമന്‍ കേരള സംരക്ഷണത്തിനായി ഭഗവതി പ്രതിഷ്ഠ പശ്ചിമദിക്കുനോക്കിയാണ് പ്രതിഷ്ഠിച്ചു കാണുന്നത്.
ഒരു ക്ഷേത്രം ഒരു സ്ഥലത്ത് ഉത്ഭവിക്കുന്നതിന്റെ പിന്നില്‍ ചരിത്രപരമായും ഐതിഹ്യപരമായ ഒട്ടേറെ സവിഷേതകളുണ്ട്. അത്തരം സവിശേഷതകള്‍ നിറഞ്ഞ ഒരു ഭഗവതി ക്ഷേത്രമാണ് പരശുവയ്ക്കല്‍ മേജര്‍ ശ്രീ ഭഗവതി ക്ഷേത്രം. പരശുരാമന്‍ ശത്രു സംഹാരത്തിനുശേഷം ആ പരശുവിനെ ഈ പുണ്യപ്രദേശത്ത് വച്ചതിനാല്‍ ഈ പുണ്യപ്രദേശം പരശുവയ്ക്കല്‍ എന്ന നാമത്തിനു വിധേയമായി. ഭഗവതി പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളില്‍ സ്ഥലനാമങ്ങളോട് ഭഗവതി എന്നുകൂടിചേര്‍ത്ത് വിളിക്കപ്പെടുന്നു.
ശ്രീചക്ര ഭാവത്തില്‍ ദേവിയെ ആവാഹിച്ച് ഗര്‍ഭഗൃഹപീഠത്തില്‍ ഷഡ്ദളപത്മത്തില്‍ ശിവലിംഗരൂപത്തിലാണ് ദേവീപ്രതിഷ്ഠ. ദേവിയ്ക്ക് അര്‍പ്പിക്കു പൂജയോടൊപ്പം തന്നെ പ്രതിഷ്ഠയുടെ ഇരുവശങ്ങളിലും സങ്കല്പപൂജയും നടത്തുുണ്ട്. ദേവീപ്രതിഷ്ഠയ്ക്ക് മുന്‍വശം താഴെയായി ദേവിയുടെ പാദത്തോടു ചേര്‍ന്ന് ദേവിയുടെ പഞ്ചലോഹവിഗ്രഹവും കാണാം.
ദേവീ പൂജയോടൊപ്പം ഈ വിഗ്രത്തിനും പൂജകള്‍ അര്‍പ്പിക്കുന്നുണ്ട്. പുരാതനകാലംമുതലുള്ള മൂന്നു നിലകളായി പണിത ചെറിയ ചെറിയ ശില്പങ്ങള്‍കൊണ്ടും അലംകൃതമാക്കിയിട്ടുണ്ട്. പ്രദക്ഷിണം വച്ചു വരുന്നവര്‍ മുകളിലോട്ടു നോക്കിയാല്‍ ഭൗതികവും ആന്തരികയുമായ ഭക്തി ഉളവാക്കുന്ന വിവിധ ആശയങ്ങള്‍ ഉള്‍ക്കൊളളിച്ചവിധമാണ് ഗോപുരശിലകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് ഭൂതഗണങ്ങളാല്‍ താങ്ങി നിര്‍ത്തിയിരിക്കപ്പെട്ടിരിക്കുന്നു.
ഗോപുരത്തിന്റെ ആദ്യത്തെ തട്ടില്‍ വടക്കുവശത്ത് ശിവശക്തി നന്ദി വാഹനത്തില്‍ ഇരിക്കു രൂപവും സമീപത്തായി മുരളീകൃഷ്ണന്റെ രൂപവും കിഴക്കുവശങ്ങളിലായി സ്ത്രീ പുരുഷ നഗ്ന രൂപങ്ങളോടൊപ്പം മധ്യത്തില്‍ ഇന്ദ്രന്‍ ഐരാവതത്തില്‍ ഇരിക്കു രൂപവും അതിനു വലതുവശത്തായി യോഗീവര്യന്റെ രൂപവും തെക്ക് ദക്ഷിണാമൂര്‍ത്തി രൂപവും അതിന്റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട രൂപങ്ങളും, വിവിധ ഭാവങ്ങളോടുകൂടിയ നരസിംഹമൂര്‍ത്തി രൂപങ്ങളും കാണാം.
രണ്ടും മൂന്നും തുണുകളില്‍ മഹാലക്ഷ്മിയുടെ വിവിധ ഭാവരൂപങ്ങളും, ഗോപുരത്തിന്റെ അഗ്രത്തില്‍ ചെങ്കുകൊണ്ടുള്ള താഴികക്കുടവും ഉണ്ട്. പ്രവേശന കവാടത്തില്‍ ദ്വാരക പാലകരായ ഭൈരവി, ത്രിപുര സുന്ദരി എിവരുടെ ദ്വിഹസ്ത ശില്പങ്ങളുമുണ്ട്. ദേവീക്ഷേത്രത്തിനു ചുറ്റിലുമായി ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട്.
മതില്‍ക്കെട്ടിന്റെ കിഴക്കും പടിഞ്ഞാറും വലിയ ആനവാതിലുകളും, തെക്കുവശത്തായി ചെറു വാതിലുകളും, ചുറ്റമ്പലത്തിന്റെ തറയില്‍ വാസ്തു ബലിക്കല്ലുകളും കാണാം. ഇത്തരം ബലിക്കല്ലുകള്‍ ധ്വജപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെ പൂജാവിധിയില്‍ ഏര്‍പ്പെട്ടതാണ്.
ഈ ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ ഒരു ഭഗവതി കിഴക്കുദര്‍ശനമായുണ്ട്. ഈ ഭഗവതിയെ ചെമ്പകമൂട്ടില്‍ ഭഗവതി എന്നു വിളിക്കുന്നു. ക്ഷേത്രത്തിനു ഇടതുവശത്തായി ഗണപതി പ്രതിഷ്ഠയും വലതുവശത്ത് അഞ്ചു നാഗപ്രതിഷ്ഠകളുമുണ്ട്. ദേവീ ദര്‍ശനത്തിനു വരുന്നവര്‍ക്ക് വിഘ്‌നേശ്വര ദര്‍ശനവും കുടുംബത്തിലെ നാഗര്‍ദോഷവും തീര്‍ത്തു തരുവാന്‍ ചെമ്പകമൂട്ടിലെ ഭഗവതിയോട് തൊഴുതു വണങ്ങി പവിത്രമായ ഭഗവതി അമ്മയ്ക്ക് പ്രവേഷിതമാകുന്നു.
ദേവീ ക്ഷേത്രത്തിനു തെക്കായി’് അഷ്ടകോണുകളോടു കൂടിയ ദര്‍പ്പകുളമുണ്ട്. തെക്കേ നടയിലൂടെ കുളത്തിലിറങ്ങാം. കുളത്തില്‍ പുരാതന രീതിയുടെ മറപ്പുകളുമുണ്ട്. ഇവിടെയാണ് ദേവിയുടെ ആറാട്ടു ചടങ്ങ് നടത്തുത്. ദേവിയുടെ പരിചാരികമാരായ മാര്‍ജിനി,കര്‍പ്പൂരത്തിലക,മലയഗന്ഡിനി,കൗമുദ്രിക,യക്ഷി,മാതലി,നായകി,ജയ എന്ന എട്ടു പേരും അതിവസിക്കുന്ന യുഗത്തിലാണ് ഈ കുളം. ഇത്തരത്തില്‍ പരമതത്വങ്ങളെ ബോധിപ്പിക്കു വിധത്തിലാണ് ക്ഷേത്ര കുളം നിര്‍മ്മിച്ചിരിക്കുന്നത്. പെരുന്തച്ചന്‍ സ്ഥാനം നോക്കി കുഴിച്ച കുളം എന്ന പ്രതേ്യകതയും ഈ കുളത്തിനുണ്ട്. എട്ടു ദളത്തോടുകൂടിയ താമരയില്‍ പ്രത്യക്ഷപ്പെട്ടതും ക്ഷേത്ര മാഹാത്മ്യമാണ്.
ഭഗവതി ക്ഷേത്രത്തിലെ മുഖ്യ വഴിപാടാണ് പൊങ്കാല. സ്ത്രീകള്‍ സ്വയം അര്‍പ്പിക്കു നൈവേദ്യമാണ് പൊങ്കാല. സൂര്യദേവനെ അരി വച്ചു തിളപ്പിച്ച് പ്രഭാതത്തില്‍ നടത്തിവരുന്ന ഇത്തരത്തിലുള്ള പവിത്രമായ പൊങ്കാല അര്‍പ്പിക്കാന്‍ വ്രതശുദ്ധിയോടെ അമ്മയ്ക്ക് മുന്നിലെത്തി സര്‍വ്വദു;ഖങ്ങളും അമ്മയുടെ കാല്‍ക്കല്‍ വച്ച് പതിനായിരങ്ങളാണ് ഇവിടെ പൊങ്കാല അര്‍പ്പിച്ച് മനസ്സും ശരീരവും ദേവിയിലര്‍പ്പിച്ച് ഇവിടെ നിന്നും മടങ്ങുത്.കേരളത്തിന്റെ തെക്കേയറ്റത്ത് ഒരു പ്രധാന പുണ്യഭൂമിയാണ് പരശുരാമന്‍ പരശുവച്ച് പൂജിച്ച ഈ പുണ്യ പ്രദേശം. ഇത്തരത്തിലുള്ള ഈ പുണ്യ പ്രദേശത്തെ പരശുവയ്ക്കല്‍ ഭഗവതി.
ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍
തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് പ്രസിദ്ധമായ ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍. ശ്രികാല ഭൈരവമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ അപൂര്‍വ്വ ക്ഷേത്രത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂക്കള്‍ വളര്‍ത്തിയിരുന്ന പുന്തോട്ടമായിരുന്നു ഇന്നത്തെ ശാന്തിനഗര്‍.
ശാന്തിനഗറിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പണിക്കായി ഗാന്ധാര ദേശത്തുനിന്നും എത്തിയ കൊത്തുപണിക്കാരില്‍ ഒരു വിഭാഗക്കാര്‍ താമസിച്ചിരുന്നത് ഇന്നത്തെ ഗാന്ധാരി അമ്മന്‍ ക്ഷേത്രത്തിനടുത്തായിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നും തമ്പാനൂരിലേയ്ക്കുള്ള റോഡരുകില്‍ ക്ഷേത്രം. ക്ഷേത്രനടയില്‍ പടര്‍ന്നു പന്തലിച്ച പഴക്കമുള്ള വേപ്പുമരം. ശ്രീകോവിലില്‍ ദേവി ഗാന്ധാരി അമ്മ സിംഹവാഹിനിയായി വലതുകാല്‍ മടക്കിവച്ച രീതിയില്‍ വടക്കോട്ട് ദര്‍ശനമായി വിളങ്ങുന്നു. വലതുകൈയില്‍ ത്രിശൂലവും ഇടതുകൈയില്‍ അമൃതകലശവും പ്രണവസ്വരൂപിണിയായ ദേവിക്ക് ശാന്തഭാവം.
സംഗീതപ്രിയയായ ദേവിയാകയാല്‍ ഗാന്ധാരി എന്ന പേര്. ഉപദേവസ്ഥാനത്ത് കന്നിമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതിയും, ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തെക്കോട്ട് ദര്‍ശനമായി ശ്രികാലഭൈരവമൂര്‍ത്തിയുമുണ്ട്. ഇതുപോലെ കാലഭൈരവപ്രതിഷ്ഠ മറ്റെവിടെയും കണ്ടെന്നുവരില്ല. ശ്രീകോവിലിന് മുന്‍ഭാഗത്ത് കിഴക്കുദര്‍ശനമായി മാടന്‍തമ്പുരാന്റെയും യക്ഷിയുടെയും പ്രതിഷ്ഠകളും അതിനടുത്തായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അതിനു തൊട്ടുമുന്നില്‍ വടക്കുമാറി നവഗ്രഹ പ്രതിഷ്ഠയും വടക്കുഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായി ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
രാവിലെ അഞ്ചരയ്ക്ക് നടതുറക്കും. ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും തുറക്കും. ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ക്ഷേത്രം അടക്കും. നിത്യവും ദേവീഭാഗവത പാരായണവും വര്‍ഷത്തിലൊരിക്കല്‍ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും സപ്താഹവും നടന്നുവരുന്നു. ഇതിനുപുറമേ ദേവപ്രശ്‌നവിധിപ്രകാരമുള്ള നവഗ്രഹ മഹാഹോമവും കാലുകഴുകിച്ചൂട്ടും, ചണ്ഡികാഹോമവുമുണ്ട്.
എല്ലാ ചൊവ്വാഴ്ചയും മൂന്നുമണിമുതല്‍ നാലരവരെ രാഹുകാല പൂജയുണ്ട്. എല്ലാ മലയാളമാസം ഒന്നാം തീയതിയും വൈകുന്നേരം സമൂഹ ഐശ്വര്യ പൂജകളും ആദ്യത്തെ തിങ്കളാഴ്ച കാലഭൈരവ ക്ഷേത്രനടയില്‍ ശിവസഹസ്രനാമാര്‍ച്ചനയും നടന്നുവരുന്നു. തുലാമാസത്തിലെ അഷ്ടമിക്കാണ് കാലഭൈരവ ജയന്തി ആഘോഷം അന്ന് രുദ്രരൂപവും രുദ്രകലശാഭിഷേകവും നടക്കാറുണ്ട്. ഇവിടെ നിത്യധാരയുണ്ട്.
മംഗല്യഭാഗ്യത്തിനായി ഉമാമഹേശ്വരപൂജയുണ്ട്. കൂടാതെ കന്യകമാരുടെ നേര്‍ച്ചയായി സ്വയംവര പുഷ്പാഞ്ജലിയും നടത്തിവരുന്നു. നേര്‍ച്ചയുടെ സാഫല്യമെന്നോണം വിവാഹദിവസം ഗാന്ധാരിഅമ്മന് താലി സമര്‍പ്പിക്കാറുണ്ട്. ദൃഷ്ടിദോഷത്തിനുവേണ്ടി ഉച്ചാടനകര്‍മ്മവും ഇവിടെ നടത്തിവരുന്നു.കാലഭൈരവ ക്ഷേത്രത്തിനു മുന്നില്‍വച്ച് നാളികേരം തലയ്ക്കുഴിഞ്ഞ് പൂജനടത്തി ക്ഷേത്രത്തിന് പുറത്ത് ഉടച്ച് ദൃഷ്ടിദോഷോച്ചാടനം നടത്തുന്നു.
വൃശ്ചികമാസം നാല്‍പ്പത്തിയൊന്നുദിവസം ചിറപ്പുമഹോത്സവം നടക്കും. ആടി വെള്ളി, ആടി ചൊവ്വ ദിവസങ്ങളില്‍ വിശേഷാല്‍ ചിറപ്പുണ്ടാകും. അവസാനത്തെ ആടിചൊവ്വാ ദിവസം സമൂഹ ലക്ഷാര്‍ച്ചനയും സമൂഹസദ്യയുമുണ്ടാകും. കാലഭൈരവ ക്ഷേത്ര നടയില്‍ ശിവസഹസ്രനാമലക്ഷാര്‍ച്ചനയുമുണ്ടാകും. എല്ലാ ആയില്യത്തിനും നാഗര്‍ക്ക് നൂറുംപാലും സമര്‍പ്പണവും പുള്ളുവന്‍പാട്ടുമുണ്ട്.
ഗാന്ധാരിഅമ്മന്‍കോവിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം പ്രസിദ്ധമാണ്. ഏഴു ദിവസമാണ് ഉത്സവം. കാപ്പുകെട്ടി ദേവിയെ പച്ചപന്തലില്‍ കുടിയിരുത്തി തോറ്റം പാട്ടോടെയാണ് ഉത്സവാരംഭം. ചിത്രനക്ഷത്രവും വെളുത്തവാവും ഒന്നിച്ചുവരുന്ന ദിവസമാണിത്.ഒന്‍പതു ഗ്രഹത്തെ സങ്കല്‍പ്പിച്ച് ഒന്‍പതു പുരോഹിതന്‍മാരെ വിളിച്ചുവരുത്തി ഓരോ ഗ്രഹത്തിനും അതിന്റേതായ ചമതയും പൂജാദ്രവ്യങ്ങളും ഉപയോഗിച്ച് നടത്തുന്ന ഹോമമാണ് നവഗ്രഹമഹാഹോമം. ഗ്രഹദോഷ പരിഹാരത്തിനുവേണ്ടി നടത്തുന്ന പൂജാദികര്‍മ്മങ്ങളാണിത്. ഉത്സവത്തിന്റെ സമാപനദിവസം നവകാഭിഷേകവും ഉണ്ടാകും.
തിരുവല്ലം ശീ പരശുരാമസ്വാമി ക്ഷേത്രം
കേരളത്തിലെ ഏക പരശുരാമക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ള ഈ ക്ഷേത്രത്തിലെ ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററിനും അകലെയായി കരമനയാറും പാർവ്വതീ പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം.
സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ, ശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം. ദിവസവും ഇവിടെ ആയിരങ്ങൾ ബലിയിടാൻ വരാറുണ്ട്. ഇതിനായി വരുന്നവർ അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ഇത് ചെയ്യാൻ. കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും.
തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം. പത്തുദിവസവും ഗംഭീരൻ പരിപാടികളായിരിയ്ക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് തിരുവല്ലത്തും ഉത്സവം നടക്കുന്നത്.
തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ
ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ
കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്.
രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു.
കൽ - തച്ച - കോണം; കല്ലാശാരിമാരുടെ സ്ഥലമായിരുന്നു അത്.
മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു പത്തെഴുപത് കൊല്ലം മുൻപ് വരെ നിബിഡ.വനമായിരുന്നു ആ സ്ഥലം.
ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ് ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ.
പുലയ രാജവംശത്തിന്റെ ആസ്ഥാനം ആയിരുന്ന സ്ഥലം പുലയനാർ കോട്ട ആയി ..
പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്.
ബ്രിട്ടീഷ് ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു.
മരുതംകുഴി - മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.
വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ
(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം.
കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി.
അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുകളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.
സൈന്യം താവളമടിച്ചിരുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയതു.
ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.
ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രെറ്റയേറ്റിന്റെ കല്പണിയിൽ ചട്ടമ്പിസ്വാമി പങ്കെടുത്തിട്ടുണ്ടെന്നു വായിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് നിർമാണത്തിനു വന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷവും.
ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.
തൈക്കാട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്.
കഴക്കൂട്ടം എട്ടുവീട്ടിൽ പിള്ള മാരിൽ ഒരാളുടെ തറവാട്ടു പേരാണ്.
കഴകങ്ങളുടെ കൂട്ടം കഴക്കൂട്ടം
നാല് തറവാട് ഒരു കഴകം
എട്ട് കഴകം ഒരു കര
എട്ട് കര ഒരു തറ
എട്ട് തറ ഒരു നാട്
എട്ട് നാടുവാഴികൾ എട്ടുവീട്ടിൽ പിള്ളമാർ
എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗവും ചേരുന്നത് ഒരു രാഷ്ട്രം!
എട്ടുവീട്ടിൽ പിള്ളമാർ
1.കൊടുമൺ പിള്ള
2.കഴക്കൂട്ടത്ത് പിള്ള
3.ചെമ്പഴന്തി പിള്ള
4.കൊളത്തൂർ പിള്ള
5.രാമനാമഠത്ത് പിള്ള
6.പള്ളിച്ചൽ പിള്ള
7.വെങ്ങാനൂർ പിള്ള
8.മാർത്താണ്ഡത്ത് പിള്ള
വിളവങ്കോട് വിളൈവൻ കോട്; വിളനിലവും വലിയ കുന്നുമുള്ള പ്രദേശം,
നെടുമങ്ങാട്.... നെടുവൻ കാട്
ചിറയിൻകീഴ്...ചിറയുടെ കീഴ്ഭാഗം,
കോവളം... കോ=രാജാവ്, അളം=പ്രദേശം,
നെയ്യാറ്റിൻകര പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേർ. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം
റൊട്ടികടമുക്ക്... ഇന്നത്തെ ബേക്കറി ജംഗ്ഷൻ ആയി
കുറവൻകോണം.. തിരുവിതാംകൂർ രാജാക്കന്മാർ കൊട്ടാരത്തിലെ ജോലിക്കായി പണ്ട് കുറവന്മാരെ അതിനടുത്തു താമസിപ്പിച്ചിരുന്നു. അങ്ങനെ ആ സ്ഥലം കുറവൻകോണം ആയി.
കൈതമുക്ക്.. പണ്ട് കൈതച്ചെടികൾ ധാരാളം ഉള്ള ഇടം ആയതിനാലാണത്രെ ആ സ്ഥല പേര് വന്നത്.
കഠിനംകുളം കടൽ + നൻ + കുളം = കടൽ നങ്കുളം = കടനംകുളം = കഠിനംകുളം
തിരുവിതാം കൂർ /തിരുവിതക്കോട് എന്നായിരുന്നു ആദ്യത്തെ പേര് പദ്മനാഭപുരമായിരുന്നു ആസ്ഥാനം ,അതിനു ശേഷമാണ് പദ്മനാഭ സ്വാമി (അനന്ത ശയന രൂപത്തിലുള്ളത് ) ക്ഷേത്ര സാന്നിധ്യം /അനന്തൻ കാട് പ്രമാണിച്ച് 'അനന്തപുരം ' എന്നാക്കിയത് .'തിരു 'എന്നത് ബഹുമാന സൂചകമായി ചേർക്കുന്നതാണ് .
അനന്തപുരം
ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായത് എന്ന് ഐതിഹ്യം. ശ്രീപത്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുളള ദിവ്യ നാഗമായ അനന്തനില്‍ നിന്നാണ് ഈ പേരു വന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുളളത്. അതുകൊണ്ടാണ് ‘അനന്തപുരം’എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാന സൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം എന്ന് ഐതിഹ്യം.
No comments:
Post a Comment