അനുസരണ അടിമത്തമല്ല സുരക്ഷിതത്വമാണ്
സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണു്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നതു്. ആ ആദര്‍ശത്തെയാണു നമിക്കുന്നതു്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണതു്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ടു്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു.
മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു് ഉയരുകയാണു ചെയ്യുന്നതു്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണതു്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണു്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണു്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണു്. അവയുടെ ജീവന്‍ ഗുരുവാണു്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു.
വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണു്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നതു്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണു്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌പോലീസു് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു.
ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളതു്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണു് അവര്‍ ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരുവാണു യഥാര്‍ത്ഥ മാതാവു്.
മന്ത്രജപം
മന്ത്രജപം എന്ന്‍ പറയുമ്പോള്‍ മനനവും ജപവും ഒരേ സമയത്ത്‍ എന്ന്‍ അര്‍ത്ഥം വരുന്നു. എന്നാല്‍ അത്‍ പെട്ടെന്ന്‍ കരഗതമാവുന്ന ഒന്നല്ല. ജപം നടക്കട്ടെ. ജപിച്ച്‍ ജപിച്ച്‍ മടുപ്പ്‍ തോന്നണം. അത്രയ്ക്കും ജപിയ്ക്കണം. ജപം വളരെ എളുപ്പമാണ് എന്നൊക്കെ എല്ലാവരും പറയും, എന്നാല്‍ അത്‍ അത്ര എളുപ്പമൊന്നുമല്ല. അങ്ങിനെ എളുപ്പമായിരുന്നുവെങ്കില്‍, ഇന്ന്‍ നാടുനീളെ ബ്രഹ്മജ്ഞാനികളുടെയും മഹാത്മാക്കളുടെയുമൊക്കെ നീണ്ടനിരതന്നെ കാണണമായിരുന്നു. അങ്ങിനെയൊന്നും കാണുന്നില്ല. ജപിക്കുമ്പോള്‍ മനസ്സ്‍ കൂടെ ഉണ്ടാവണമെന്ന്‍ ശഠിയ്ക്കണ്ട. മനസ്സ്‍ ഏതിലെയെങ്കിലും സഞ്ചരിച്ചോട്ടെ. ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ തുടര്‍ന്നാലും ജപിച്ചത്‍ നഷ്ടമാവില്ല. ജപം എന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതൊക്കെ സഞ്ചിതമായി അവിടെ കിടന്നോളും. വീണ്ടും ഇവിടെ വരണമല്ലൊ, അപ്പൊ അത്‍ ഉപകരിക്കും, അപ്പൊ ആ കര്‍മ്മത്തിന്റെ ഫലം കിട്ടിക്കോളും. അഗ്നിയെ അറിഞ്ഞ്‍ തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും. ഔഷധം അറിഞ്ഞ്‍ കഴിച്ചാലും അറിയാതെ കഴിച്ചാലും രോഗശമനം വരും. വാക്ക് അഗ്നിസമാനമാണ്, അഗ്നിതന്നെയാണ്. ജപം ഔഷധമാണ്. അത്‍ ശരീരത്തിനെയും മനസ്സിനെയും ചൂടാക്കിക്കോളും. അത്‍ താപത്രയങ്ങളുടെ ഉന്മൂലനം ചെയ്തോളും. അതിന്റെ വരുംവരായ്കകളെകുറിച്ച്‍ ചിന്തിയ്ക്കേണ്ട ആവശ്യമില്ല, ചിന്തിയ്ക്കരുത്‍. ജപമെന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന്‍ ചിന്തിയ്ക്കുന്നതുതന്നെ അനൗചിത്യമാണ്. ഗഹനാ കര്‍മ്മണോ ഗതി എന്ന്‍ പ്രമാണം.
ജപിയ്ക്കുന്ന സമയത്തെ മനോഭാവത്തിന് അത്യന്തം പ്രാധാന്യമുണ്ട്‍. കത്തുന്ന അഗ്നിയിലേക്ക്‍ നെയ്യ്‍ ഒഴിയ്ക്കുന്നതിന് തുല്യമാണത്‍. ഒരു പക്ഷെ അതിനേക്കാള്‍ മഹത്വം കല്പിയ്ക്കാം. സാത്വികഭാവം നിലനിര്‍ത്തി ജപിക്കുകയാണെങ്കില്‍ അപിചേത്‍ സു ദുരാചാരാ... ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ എന്ന പ്രമാണത്തില്‍ അതിന് ഗൗരവമേറുന്നു. മനോഭാവം എന്തുമാവട്ടെ, യാതൊരുവിധ കാംക്ഷകളുമില്ലാതെ ഭാവത്തോടെ ജപിയ്ക്കുന്നത്‍ പെട്ടെന്ന്‍ ഫലദായിയാവുന്നു. ഋഷിവചനങ്ങളാണ്, ഇതില്‍ വിശ്വസിയ്ക്കാം..!!
നാം ധ്യാനത്തില്‍ വികസിക്കുമ്പോള്‍, വ്യക്തിഗതമായ സ്വഭാവം അനുസരിച്ച് അനുഭവം വ്യത്യസ്തമാകുന്നു. ആദ്യഘട്ടം, കണ്ണ് തുറക്കാനും, ശരീരനിലപാടില്‍ മാറ്റം വരുത്താനും ഉള്ള വലിയ തിടുക്കം ആയിരിക്കും. ശരീരം മനപ്പൂര്‍വ്വമല്ലാതെ പ്രതിഷേധിക്കുന്നു. മനസ്സ് അലഞ്ഞുനടക്കുന്നു. ചിന്തകള്‍ ചുറ്റും നിന്ന് ആക്രമിക്കുന്നു. നാം പുരോഗമിക്കുമ്പോള്‍, മനസ്സ് അത് അംഗീകരിക്കുന്നു. ശരീരം ഇളകാതിരിക്കുന്നു. ചിന്തകള്‍ കാര്യമായി അലട്ടുന്നില്ല. പിന്നെ, നിശ്ശബ്ദതയുടെ ആഴം വര്‍ദ്ധിക്കുമ്പോള്‍, മനസ്സ് നിലവില്‍ ഇല്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു. ഊര്‍ജ്ജത്തിന്‍റെ ചലനങ്ങള്‍ അറിയുന്നു. അങ്ങനെ, സാന്ദ്രതയില്‍നിന്ന് സൂക്ഷ്മതയിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങുന്നു. സൂക്ഷ്മത എത്ര കൂടുതല്‍ ആകുന്നുവോ, അത്ര കൂടുതല്‍ ധ്യാനത്തെ നാം ആസ്വദിക്കുന്നു. അതേസമയം, ബാഹ്യ വസ്തുക്കളിന്മേലുള്ള നമ്മുടെ ആശ്രിതത്വവും കുറയുന്നു. അന്തര്മുഖതയില്‍ നാം സന്തുഷ്ടരായിത്തീരുന്നു. ഒരിക്കല്‍ കൂടി, നമ്മുടെ പ്രകൃതിക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ചിലര്‍ കാഴ്ചയില്‍ താല്പര്യമുള്ളവരാണ്. അവര്‍ കാഴ്ചകള്‍ കാണുന്നു. ചിലര്‍ കേള്‍വിയില്‍ തല്‍പരരാണ്. അവര്‍ അജ്ഞേയമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ചിലര്‍ തങ്ങളുടെ രക്ഷകരായ ദേവതകളുടെ, അല്ലെങ്കില്‍ ഉന്നതരായ ആത്മീയ ഗുരുക്കന്മാരുടെ, സാന്നിദ്ധ്യം അനുഭവിക്കുന്നു.
മനപ്പൊരുത്തം
സർവാതീത ചൈതന്യത്തിന്റെ കൃപ പെൺകുട്ടിയിലും ആൺകുട്ടിയിലും ഒരുപോലെ ഉണ്ടോ എന്ന പരിശോധനയാണ് പൊരുത്തത്തിന്റെ കാതൽ. ഈ ഐക്യം നക്ഷത്രപൊരുത്തത്തിലൂടെയല്ലാതെ ഉറച്ചുകഴിഞ്ഞാൽ അവരെ വിവാഹിതരാക്കാം. ഇതാണ് പൊരുത്ത ശാസ്ത്രത്തിൽ മനപ്പൊരുത്തം ആണ് മറ്റ് പൊരുത്തങ്ങളിൽ ഉത്തമം എന്ന് ആചാര്യന്മാർ നിർദ്ദേശിച്ചത്.
പൊരുത്തമല്ല അവസാനവാക്ക്. പൊരുത്തം ഒരു ഗൈഡ്‌ലൈൻ മാത്രമാണ്. ഇതിലുപരി മാനവപൊരുത്തം ആണ് പ്രധാനം. വധൂവരന്മാർ അങ്ങേയറ്റം പൊരുത്തമുള്ളവരാണെങ്കിലും ഐക്യത്തോടെ ജീവിക്കാൻ കൊതിച്ചാലും അതിന് സമ്മതിക്കാത്ത എത്രയോ രക്ഷാകര്‍ത്താക്കൾ. അമ്മായിഅമ്മ, അമ്മായിഅപ്പൻ, എന്തിന് പലപ്പോഴും പെൺകുട്ടികളുടെ അച്ഛനമ്മമാരുപോലും ഇവരുടെ ദാമ്പത്യജീവിതത്തിൽ കല്ലുകടി ഉണ്ടാക്കുന്നു. ഇത്തരം പ്രതിഭാസം ഏറി വരുന്നു.
ജീവനം – ജീവനുമായുള്ള ഐക്യമാണ് യഥാർത്ഥ ദാമ്പത്യപൊരുത്തം. ഇത് കണ്ടുപിടിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയണമെന്നില്ല. മനഃസാക്ഷി ശുദ്ധമായിട്ടുള്ളവർക്ക് അവരുടെ അന്തഃരംഗം പറയുന്നത് ശരിയായി വരും. കളങ്കിതമായവരിൽ മനഃസാക്ഷിയുടെ ഈ കരുത്ത് തിരിച്ചറിയാൻ കഴിയില്ല. ഈശ്വരൻ മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ കൃപയാണ് ശുദ്ധമായ മനഃസാക്ഷി. അപ്രകാരം ശുദ്ധമായ ചിത്തത്തിന് ഒരു വ്യക്തിയെ ജീവിതത്തിൽ സ്വീകരിക്കാവുന്നതാണെന്ന് ബോദ്ധ്യം വന്നാൽ ആ ബന്ധം ഉറപ്പിക്കാം. ഇതാണ് പ്രാചീനകാലത്തെ അന്തഃകരണ പൊരുത്തം. കാളിദാസ ശാകുന്തളത്തിൽ ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുന്നതും, ദമയന്തി നളനെ സ്വീകരിച്ചതും ആ അന്തഃരംഗ പ്രകാശത്തിന്റെ വെളിച്ചത്തിലാണ്.
പ്രദക്ഷിണതത്ത്വം:
ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ചെയ്യുന്ന ക്രിയകളിൽ ഒന്നാണ് പ്രദക്ഷിണം, ദേവനെ കേന്ദ്രബിന്ദുവായി കൽപ്പിച്ച് അതിനുചുറ്റും ഘടികാരത്തിൻ്റെ സൂചികൾ കറങ്ങുന്ന ക്രമമനുസരിച്ച് വർത്തുളാകരത്തിൽ ചുറ്റും വെക്കുന്നതാണത്രേ പ്രദക്ഷിണം . ഈ പ്രക്രിയ ദേവപ്രീതികരമാണ്, ശ്രീകോവിലിനുചുറ്റും ഇന്ദ്രാദി ദിക്പാലകന്മാരെയും മറ്റുചിലദേവന്മാരെയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകൾ കാണം, ആ ബലിക്കല്ലുകൾ വരെയുള്ള സ്ഥലത്തെയാണ് അന്തഹാര അഥവാ അന്തർമ്മണ്ഡലം എന്നു വിവക്ഷിക്കുന്നത്. അതിനുപുറത്തുകൂടി വേണം പ്രദക്ഷിണം വെക്കുവാൻ എന്നാണ് വിധി.
ഗർഭഗഹനേ തേസ്യോക്തം ദീക്ഷിതസ്യൈബാഹ്യകേ
പ്രദക്ഷിണം നൃണാമം നോക്താമ്മന്തർമ്മണ്ഡലതസ്സതാ
ഭക്തൻ ഗർഭഗ്രഹത്തെയല്ല പ്രദക്ഷിണം വെയ്ക്കേണ്ടത് ലോകപാലപ്രതിഷ്ഠ ചെയ്ത അന്തർ മണ്ഡലത്തെയാണ്. അന്തർമണ്ഡലമെന്നത് ദേവൻ്റെ മുഖത്തെയും സൂക്ഷ്മമായ മാനസിക ശരീരത്തെയും നാലമ്പലവും മതിൽക്കെട്ടും, അരവരയൊക്കെ വിഭഗങ്ങൾ ഉൾപ്പെട്ടതുമായ. ദേവൻ്റെ സ്ഥൂലസൂക്ഷ്മാദി ദേഹസമുച്ചയത്തെയും സുചിക്കുന്നു,
പ്രദക്ഷിണതത്ത്വം:- സാധാരണപൂജയിൽ അനുപേക്ഷണിയമായ ഒരു ഉപകരണമാണല്ലോ ശംഖ് , പൂജയിൽ ഉപയോഗിക്കുന്ന ശംഖ് ഇടംപിരിയാണ് , അതായത് ശംഖ് നമ്മുടെ മുൻ വശത്തു പിടിച്ചാൽ നമ്മുടെ ഇടത്തു വശത്തായിരിക്കും അതിൻ്റെ വായ് ഉണ്ടാകുക. അത്തരം ശംഖിൻ്റെ പിരി പ്രദക്ഷിണമായിരിക്കും. അതായത് ക്ലോക്കിൻ്റെ സൂചി തിരിയുന്ന പോലെ. നേരെ മറിച്ച് വലം പിരി ശംഖ് വളരെ അപൂർവ്വവും അതിനാൽ വളരെയധികം വിലപിടിച്ചതുമാണ് . ആ ശംഖ് കൊണ്ട് പൂജിക്കുവാൻ പാടുള്ളതല്ല, പൂജയേൽക്കാനായി ദേവഭാഗത്ത് നമ്മുക്ക് അഭിമുഖമായി മാത്രമേ വലംപിരി ശംഖ് വെയ്ക്കുകയുള്ളൂ. ഇടം പിരി ശംഖിന് നേരെ വിപരീതമായി വലംപിരിശംഖിൻ്റെ പിരി അപ്രദക്ഷിണവും തന്മൂലം അതിൻ്റെ വായ് വലതുഭാഗത്തുമായിരിക്കും. അപ്പോൾ പൂജോപകരമായ ശംഖിന് അപ്രദക്ഷിണമായെന്നും വരുന്നു. അതായത് സാധാരണക്കാരണൻ്റെ നിലവാരത്തിൽ നിന്ന് ദേവത്വത്തെ പ്രപിക്കുന്ന മാർഗ്ഗം പ്രദക്ഷിണവും , അതുപോലെ ദേവത്വത്തിൽ നിന്നിറങ്ങി സാധകന് അനുഗ്രഹവർഷം ചെയ്യേണ്ടുന്ന മാർഗ്ഗം അപ്രദക്ഷിണവും ആയിതീരുന്നു., പ്രദക്ഷിണത്തിൻ്റെ ഓരോചുറ്റിലും കൂടി നാം ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ ദേവത്വത്തിലേക്ക് ഉയരുകയാണത്രേ
ഇത് ആ മാർഗ്ഗത്തിൻ്റെ പ്രത്യേകതയാണ്, ദേവചൈതന്യത്തെ നമ്മുടെ വലതു ഭാഗത്താകി കൊണ്ടുള്ള വലംവെക്കൽ അഥവാ പ്രദക്ഷിണം , ക്ഷേത്രത്തിലേക്ക് പോയാൽ ദേവത്വത്തിലേക്ക് ഉയരുവാൻ സാധനചെയ്യുകായാണല്ലോ വേണ്ടത്. അതിനാൽ നാം പ്രദക്ഷിണമാണ് വെയ്ക്കേണ്ടത് അപ്രദക്ഷിണമല്ല എന്നു വരുന്നു. അങ്ങനെ ചെയ്യുന്നത് സവധാനത്തിലും പൂർണ്ണ ശ്രദ്ധയോടും മനസ്സിൻ്റെ പൂർണ്ണമായ ഏകാഗ്രതയോടും കൂടി ചെയ്യേണ്ടുന്ന സാധനാ മാർഗ്ഗമാണ്.
ജീവിതം ആനന്ദപ്രദമാക്കുക
`ഭൗതികം ദുഃഖം കലര്‍ന്നതാണു്. എന്നാല്‍ ആദ്ധ്യാത്മികം മനസ്സിലാക്കിയിരുന്നാല്‍ അതു് ആനന്ദദായകംതന്നെ. പ്രത്യേക പരിശീലനം കൂടാതെ കടലില്‍ നീന്താനിറങ്ങിയാല്‍ തിരയില്‍ പെട്ടു പോകും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ കടലില്‍ നീന്താന്‍ പഠിച്ചവര്‍ക്കു് ഏതു വലിയ തിരയെ മുറിച്ചു കടക്കുവാനും പ്രയാസമില്ല. അതുപോലെ ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ഏതു പ്രതിബന്ധത്തിലും തളരാതെ മുന്നോട്ടു പോകുവാന്‍ കഴിയും. ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ സാധിക്കും. ഒരു വസ്തുവില്‍ ആനന്ദം കണ്ടെത്തുന്നതും മറ്റൊരു വസ്തുവിനെ വെറുക്കുന്നതും മനസ്സുകൊണ്ടാണു്. ചിലര്‍ക്കു സിഗററ്റില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. മറ്റു ചിലര്‍ക്കാകട്ടെ സിഗററ്റിന്റെ പുകയേറ്റാല്‍ അസ്വസ്ഥതയാണു്. സുഖവും ദുഃഖവും മനസ്സിലാണു്. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിച്ചു ശരിയായ പാതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ ആനന്ദം മാത്രമായിരിക്കും. അതിനുള്ള മനസ്സിന്റെ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിലാക്കി ജീവിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.
ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ടു്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടും ദുഃഖിപ്പിച്ചുകൊണ്ടുമിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണ്ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണം. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടി വരില്ല. ഈ ലോകത്തു് ഇന്നു സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണു യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും. ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്നേഹിക്കുന്നതു്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക വളരെ പ്രയാസമാണു്. എത്ര ജന്മമെടുത്താലാണു് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക? അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും, ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ഞാന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട. കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണു സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും. കരഞ്ഞതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്? എന്നാല്‍ ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം എന്നു മനസ്സിലാക്കി ജീവിച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ, സ്നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിതു്.
ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.
വായുവിൽ നിന്ന് പഠിക്കേണ്ട പാഠം
വായുവിന് ഒന്നും ആവിശ്യമില്ല, രൂപമോ രസമോ ഗന്ധമോ ഇത്യാദികളൊന്നും വായുവിനെ പ്രകോപ്പിക്കുകയോ അഹങ്കരിപ്പിക്കുകയോ ചെയ്യുന്നില്ല. വായുവിന് എവിടെ നിന്നെങ്കിലും അൽപ്പം സൗരഭ്യം കിട്ടിയാൽ കുറച്ച് നേരത്തേക്ക് അതും കൊണ്ട് നടക്കും. താമസിയാതെ അതു ഉപേക്ഷിക്കുകയും ചെയ്യും. കുറേശെയായി അതു ചുട്ടുപാടും വ്യാപിപ്പിച്ച് നിശ്ശേഷം ഒഴിവാക്കുന്നു. സുഗന്ധമായാലും ദുർഗന്ധമായാലും ഒരുപോലെ സ്വീകരിച്ച് ഉപേക്ഷിക്കുന്നു. ഇതൊന്നും എൻ്റെതല്ല എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതല്ല. എന്നത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു. ഗന്ധാദികൾ, മുല്ലയുടെ സുഗന്ധം, റോസിൻ്റെ വാസന, എന്നിങ്ങനയെ പറയാറുള്ളൂ, വായുവിൻ്റെയല്ല.. ജ്ഞാനി ഇതുപോലെ ഒന്നിലും ആസക്തനാകരുത്. അതിൽ ബന്ധിതനുമാകരുത്. സുഖദുഃഖങ്ങളെ സമബുദ്ധിയോടെ കാണാൻ മനസ്സിനെ പാകപ്പെടുത്തണമെന്ന് വായുവാണ് പഠിപ്പിച്ചത്.. ധനികരിലും ദരിദ്രരിലും വായു ഒരു പോലെ കടന്നുചെല്ലുന്നു. കുടിലിലും കൊട്ടാരത്തിലും ഒരേ മനസ്സുമായി കടന്നുചെല്ലാൻ വായുവിന് കഴിയും. അവിടുത്തെ പ്രക്രിയകളിലൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വായുവിൽ നിന്ന് കണ്ടു പഠിക്കുന്നതായിരിക്കണം ജ്ഞാനിയുടെ വിവേകം.
ധ്യാനമാര്‍ഗ്ഗം
ഹൃദയകമലത്തില്‍ , നാലുകൈകളിലും ശംഖ്, ചക്രം, ഗദ, പങ്കജം ഇവയോടുകൂടിയ തളളവിരല്‍ വലിപ്പത്തിലുളള കൃഷ്ണഭഗവാന്റ രൂപം ധ്യാനിക്കുക. അതിസുന്ദരങ്ങളായ വലിയകണ്ണുകളോടെ മനോഹരമായ പുഞ്ചിരിയും തൂകി മഞ്ഞപ്പട്ടുടുത്ത് ആടയാഭരണങ്ങളണിഞ്ഞ് ആ ദിവ്യരൂപം കാണപ്പെടുന്നു. മനസ് ശാന്തമാവുംവരെ ഉള്ളില്‍ ഈ രൂപം വീണ്ടുംവീണ്ടും ദൃശ്യവല്‍ക്കരിക്കുക. ഭഗവാന്റെ ഒരവയവത്തില്‍ അത് പരിപൂര്‍ണ്ണമായി മനസില്‍ പതിയുംവരെ ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് മറ്റൊരവയവത്തിലേക്ക് ശ്രദ്ധമാറ്റി ധ്യാനിക്കുക. അങ്ങിനെ ആ ദിവ്യരൂപത്തിലെ ഓരോഅംശവും മനസില്‍ നിറച്ച് അതിനെ ശുദ്ധീകരിച്ച് നിര്‍ഗ്ഗുണ നിരാകാരമായ ആ തേജസ്സ്, സര്‍വ്വസാക്ഷിയായ ആ ബോധസ്വരൂപം സാക്ഷാത്കരിക്കാനുളള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കുക.
ബന്ധനവും മുക്തിയും ഗുണസംബന്ധിയത്രെ. ഗുണങ്ങള്‍ മായാധിഷ്ഠമായതിനാല്‍ ബന്ധവും മുക്തിയും ഭഗവാനിൽ ഇല്ല. അതുപോലെ തന്നെ ദേഹാന്തരപ്രാപ്തി, കര്‍മ്മം, സുഖം, ദുഃഖം ഇവയെല്ലാം അജ്ഞാനസംബന്ധിയത്രെ. സത്യമല്ല. എന്നാല്‍ അജ്ഞാനവും അതില്‍ നിന്നു കരകയറ്റുന്ന വിജ്ഞാനവും ഭഗവാനെക്കുറിച്ചുളളതും അനാദിയുമത്രെ. അങ്ങനെ സ്വയം ഉണര്‍വുണ്ടാവുന്നതുവരെ ജീവന്‍ സ്വയം ബന്ധിതനെന്നു കരുതുന്നു. സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഒരുവന് സ്വപ്നത്തില്‍ നിന്നു മുക്തി ലഭിക്കുംപോലെ വിജ്ഞാനിയായ ഒരുവന്‍ ദേഹസ്ഥനാണെങ്കില്‍ക്കൂടി ദേഹബന്ധിതനല്ല. എന്നാല്‍ അജ്ഞാനിയായവന്‍ സ്വയം ബന്ധിതനല്ലെങ്കിലും ദേഹബന്ധിതനാണെന്ന് അനുമാനിക്കുന്നു. സ്വപ്നാവസ്ഥയില്‍ തുടരുന്നവന്റെ അവസ്ഥയത്രെ അത്. വിവേകിയായ ഒരുവന്‍ തന്റെ ജീവശാസ്ത്രപരവും മാനസികവുമായ ദേഹീകരണം സൃഷ്ടിയുടെ ഭാഗമാണെന്നു മനസ്സിലാക്കി അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അയാളുടെ പ്രവൃത്തികള്‍ അഹിംസാപരമാണ്. അയാളുടെ പ്രാണശക്തി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങളാലോ ചിന്തകളാലോ കലുഷമല്ല. അയാള്‍ക്ക് സുഖദുഃഖങ്ങളില്‍ ചാഞ്ചല്യമില്ല. മാനാപമാനങ്ങളുമില്ല. അയാള്‍ മറ്റുളളവരെ വിമര്‍ശിക്കുയോ, പുകഴ്ത്തുകയോ, നിന്ദിക്കുയോ ചെയ്യുകയില്ല. അതുകൊണ്ട് ജ്ഞാനി എല്ലായ്പ്പോഴും ഭഗവാനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എന്നാല്‍ എപ്പോഴും ഭഗവാനിൽ മനസ്സുറപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെങ്കില്‍ ഭഗവാനുവേണ്ടി നിങ്ങളുടെ കര്‍മ്മങ്ങള്‍ സ്വാര്‍ത്ഥലേശമില്ലാതെ അനുഷ്ഠിക്കുക. ഭഗവാനെക്കുറിച്ചുളള കഥകള്‍ കേള്‍ക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്യുക. ധര്‍മ്മനിഷ്ഠയും സമ്പത്തും ആസ്വാദനവും ഭഗവാനായി
സമര്‍പ്പിക്കുക. നിങ്ങള്‍ ഭഗവാനിലെത്തിച്ചേരുന്നതാണ്....
ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടതെല്ലാം ബ്രഹ്മസന്തതികളാകയാൽ ബ്രാഹ്മണ്യം എല്ലാവർക്കുമുള്ളതാണ്, അച്ചൻ്റെ ജനിതകവും സ്വഭാവവും അവരിലുള്ളതുകൊണ്ട്. ജന്മസംസാരബന്ധനത്താൽ അതു പിന്നീട് നഷ്ടമാവുന്നത്. തപസ്സുകൊണ്ടും ശ്രുതികൊണ്ടും അതിനെ വീണ്ടെടുത്ത് ബ്രാഹ്മണ്യം രണ്ടാമതു നേടുന്നതാണ് ദ്വിജത്വം. ധ്യാനവും, സ്തുതിയുമൊക്കെ ഈ ബ്രാഹ്മണ്യം നിലനിർത്തനുമാണ്. ബ്രാഹ്മണ്യം കൊണ്ട് ശോഭിക്കുന്ന സർവ്വ ധർമ്മജ്ഞനും ലോകങ്ങൾക്കെല്ലാം കീർത്തി വർദ്ധിപ്പിക്കുന്ന ലോകനാഥനുമാണ് പുരുഷൻ, മഹ്തഭൂതമായ അവനിൽ നിന്ന് സർവ്വഭൂതങ്ങളുടെ ഭവവും (സംസാരവും) ഉത്ഭവിക്കുന്നു. സർവ്വധർമ്മജ്ഞാനാത്താൽ കീർത്തി(യശസ്സ്) വർദ്ധിപ്പിക്കുന്നത് ഈശ്വരനാണ്. ഓരോ പ്രാണിയിലേക്കും അതിൻ്റെ പൂർവ്വവാസനാഗുണങ്ങൾക്ക് അനുസൃതമായി സ്വശക്തിയെ അനുപ്രവേശിപ്പിച്ചാണ് ഈശ്വരൻ അവരവരുടെ കീർത്തി വർദ്ധിപ്പിക്കുന്നത്. എൻ്റെ പൂർവ്വവാസാനുഗുണമായി ഈശ്വരഭക്തി എന്നിലൂടെ പ്രവഹിക്കുമ്പോൾ എന്നിൽ പ്രസ്ഥാനാത്രയങ്ങളും ജ്ഞാനഭക്തികർമ്മയോഗങ്ങളും വേദവേദാംഗങ്ങളും വൈദ്യവും സംഗീതവും അമൃതകണങ്ങളായി ഈശ്വരീയശക്തിപ്രവാഹമായി ഒഴുകുയാണ്. ചിലർക്ക് സംഗീതം കൊടുക്കുന്നു. ചിലർക്ക് ജ്യോതിഷം കൊടുക്കുന്നു. ചിലർക്ക് സർവ്വജ്ഞത്വം കൊടുക്കുന്നു. എല്ലാം അവൻ്റെ കരുണ, മായാശക്തി, ലീല, എല്ലാഭൂതങ്ങളും അവനിൽ നിന്ന് ഉത്ഭവിക്കുന്നു. അവനിലിരിക്കുന്നു. അവനിൽ തന്നെ ലയിക്കുന്നു.
ഉത്തമമായ ഭക്തി മാർഗം|
ഈ യുഗാരംഭത്തില്‍ ഭഗവാൻ ശ്രീകൃഷ്ണൻ) ബ്രഹ്മാവിന് വേദങ്ങള്‍ നല്‍കി. അദ്ദേഹം മഹാത്മാക്കളായ ഋഷിവര്യന്മാരെ അതു പഠിപ്പിച്ചു. ലോകങ്ങളിലൂളളവര്‍ ഋഷികളില്‍നിന്നും യോഗശാസ്ത്രങ്ങള്‍ സ്വീകരിച്ചു. ജനങ്ങള്‍ അവര്‍ക്കിഷ്ടമുളള രീതിയില്‍ അവയെ വ്യാഖ്യാനിക്കാന്‍ തുടങ്ങി. അവര്‍ മുക്തിപദത്തിലേക്ക് പലേ പാതകളുമുണ്ടെന്നു വിശദീകരിക്കുന്നു. ചിലര്‍ ധര്‍മ്മപാതയിലും മറ്റുളളവര്‍ കീര്‍ത്തി, മോഹം, ആത്മസംയമനം, പ്രശാന്തത, സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനങ്ങള്‍, ഭരണം, സന്ന്യാസം, ആത്മത്യാഗം, തപസ്, ദാനം, വ്രതനിഷ്ഠകള്‍ എന്നിവയിലും മുഴുകി ജിവിച്ചു. ഈ മാര്‍ഗ്ഗങ്ങളെല്ലാം ഉപാധികള്‍ നിറഞ്ഞവയാകയാല്‍ അവകളില്‍ മുഴുകിയവര്‍ അജ്ഞാനികളും വിഡ്ഢികളുമത്രെ. അവര്‍ ചെയ്യുന്ന നന്മകള്‍ തുലോം നിസ്സാരവും ക്ഷണികവുമാണ്. ഇവകള്‍ക്കൊന്നും ഭഗവാന്നോടുളള ഭക്തിയുടെ പിന്‍ബലമില്ലാതെ യാതൊരു മൂല്യവും ഇല്ലതാനും. ഭഗവാനില്‍ പരമഭക്തിയുളളവന് സകലദിശകളില്‍നിന്നും പരമാനന്ദമൊഴുകിയെത്തുന്ന അനുഭവം ഉണ്ടാകും. ഭഗവനിൽ ഹൃദയമര്‍പ്പിച്ചവന് മറ്റാഗ്രഹങ്ങളൊന്നും ബാക്കിയുണ്ടാവുകയില്ല. മാത്രമല്ല, പരമഭക്തനായ ഒരുവന്റെ പാദരേണുക്കള്‍ക്കായി ഭഗവാൻ സ്വയം അവനു പുറകേ ചെന്ന് ഭഗവാനെത്തന്നെ പവിത്രമാക്കുന്നു. ലൗകികവസ്തുക്കളില്‍ മനസ്സുറപ്പിച്ച ഒരുവന് അവയിലാണ് മമത. ഭഗവാൻ്റെ ഭക്തന്റെ മനസ്സ് ഭഗവാനിലാണ് വിലീനമായിരിക്കുന്നത്.
ഭഗവാനെ ധ്യാനിക്കേണ്ടതെങ്ങനെ
അധികം ഉയര്‍ന്നതോ താഴ്‌ന്നതോ അല്ലാത്ത ഒരു പീഠത്തില്‍ ഭക്തന്‍ സുഖകരമായ ഒരാസനത്തില്‍ ഉപവിഷ്ടനാവണം. കൈകള്‍ മടിയില്‍വച്ച് ശരീരം നേരെയാക്കി ദൃഷ്ടി മൂക്കിന്‍തുമ്പത്തു നട്ട് ശാന്തനായി ഇരിക്കുക. എന്നിട്ട് പ്രാണവായുവിനെ ശുദ്ധീകരിക്കാന്‍ പ്രാണായാമം നടത്തുക. ശ്വസനം, ഉള്‍ക്കൊളളല്‍, ഉഛ്വാസം ഇവയാണ് പ്രാണായാമത്തിന്റെ ഘട്ടങ്ങള്‍. അപ്പോള്‍ അയാള്‍ അന്തരംഗത്തില്‍ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഓം.. എന്ന ശബ്ദം കേട്ട് അതിനെ പ്രാണവായുവിനൊപ്പം ഉയര്‍ത്തി വീണ്ടും ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കണം. ഇങ്ങനെ പത്താവൃത്തി പ്രാണായാമം തുടരുക. ഇങ്ങനെ മൂന്നു തവണ ദിനവും ചെയ്യുന്നയാള്‍ക്ക് പ്രാണസംയമനം ഉണ്ടാകുന്നു. എന്നിട്ട് തലകീഴായുളള ഒരു താമരയെ ഹൃദയത്തില്‍ സങ്കല്‍പ്പിക്കുക. എട്ടിതളുകളുളളതും സൂര്യചന്ദ്രന്മാരും അഗ്നിയും ചുറ്റും നില്‍ക്കുന്നതുമായ താമര. അഗ്നിമദ്ധ്യത്തില്‍ ഭഗവാൻ്റെ രൂപത്തെ ധ്യാനിക്കുക. മനസ്സിന്റെ ശ്രദ്ധാകിരണങ്ങളെയെല്ലാം ഉള്ളിലേക്കുതിരിച്ച് അവയെ ഭഗവാനിലേക്ക് കേന്ദ്രീകരിക്കുക. അപ്രകാരം ഭഗവാനിൽത്തന്നെ ധ്യാനനിരതനായശേഷം ഭഗവാൻ്റെ മുഖതാവിലേക്ക് മാത്രമായി ശ്രദ്ധ നിലനിര്‍ത്തുക. അങ്ങനെ നിസ്തന്ദ്രമായി ഭഗവാനിൽ കേന്ദ്രീകരിച്ചിരിക്കുന്ന മനസ്സ് ഭഗവാൻ്റെ സര്‍വ്വവ്യാപകതയെ ആകാശരൂപത്തില്‍ ധ്യാനിക്കണം. അവസാനം അതുമുപേക്ഷിച്ച് ചിന്താരഹിതനായിരിക്കുക. അപ്രകാരം മനസ്സു മുഴുവന്‍ ആത്മവിലീനമായിരിക്കുമ്പോള്‍ വൈവിധ്യതയെന്നും നാനാത്വമെന്നുമുളള തെറ്റിദ്ധാരണയെല്ലാം അപ്രത്യക്ഷമാവുന്നു.
ഭക്തന് ഭഗവാനുമായുള്ള ബന്ധം
ഭഗവദ് ഭക്തനാകുന്ന സമയം തന്നെ ഒരാള്‍ക്ക് ഭഗവാനുമായി നേരിട്ട് ബന്ധമുണ്ടാകുന്നു. ഇതൊരു സുവിസ്തരമായ കാര്യമാണ്.
അഞ്ചുതരത്തില്‍ ഏതെങ്കിലുമൊരു വിധത്തിൽ ഭക്തന്‍ പരമദിവ്യോത്തമപുരുഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ചുരുക്കിപ്പറയാം.
1.ശാന്തരസത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
2.ക്രിയാത്മകത്വത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
3.മിത്രഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
4.പിതൃഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
5.കാമിഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
അര്‍ജുനന് ഭഗവാനോട് സുഹൃദ്ബന്ധമായിരുന്നു. ഭൗതിക ലോകത്തില്‍ കാണുന്ന സുഹൃദ്ബന്ധവുമായി ഈ സുഹൃദ്ബന്ധത്തിന് തീര്‍ച്ചയായും വളരെ വ്യത്യാസമുണ്ട്. ഇത് അതീന്ദ്രിയമായ സൗഹൃദമത്രേ. എല്ലാവര്‍ക്കും അത് ലഭ്യമല്ല. ഭഗവാനുമായി എല്ലാവര്‍ക്കും പ്രത്യേക ബന്ധമുണ്ട്. അത് ഭക്തിയുതസേവനത്തിന്‍റെ പൂർണ്ണതയിൽ ഉദ്ഭൂതമാണുതാനും. എന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ ഈ കാലസ്ഥിതിയിൽ നാം പരമപുരുഷനെ മറന്നിരിക്കുന്നു എന്നു മാത്രമല്ല, ഭഗവാനുമായുള്ള സനാതനബന്ധംകൂടി വിസ്മരിച്ചിരിക്കുന്നു. കോടാനുകോടി ജീവസത്തകളുള്ളവയില്‍ ഓരോന്നിനും ഭഗവാനുമായി സനാതനമായ പ്രത്യേക ബന്ധമുണ്ട്. അതിനെ സ്വരൂപം എന്നു വിളിക്കാം. ഭക്തിയുതസേവനമെന്ന പ്രക്രിയയിലൂടെ ഈ സ്വരൂപത്തെ വീണ്ടെടുക്കാം. ആ നിലയെ സ്വരൂപസിദ്ധി, അതായത് മൂലസ്ഥിതിയുടെ പരിപൂര്‍ണ്ണത എന്നു പറയുന്നു. അര്‍ജുനന്‍ ഒരു ഭക്തനായിരുന്നു. അദ്ദേഹം സൗഹൃദത്തിലൂടെ പരമപുരുഷനുമായി ബന്ധപ്പെട്ടുമിരുന്നു.
ഈശ്വരപ്രേമം
ഒരുവന്‍ അനവരതം അസന്തുഷ്ടിയെ ഒഴിവാക്കി സുഖമാസ്വദിക്കാന്‍ പരിശ്രമിക്കുമ്പോള്‍ വിപരീതഫലമാണ് അവനുണ്ടാവുന്നതെന്ന് അറിയേണ്ടതാണ്. ഇഹലോകത്തോ സ്വര്‍ഗ്ഗത്തില്‍ പോലുമോ നിതാന്തപരമാനന്ദം സാദ്ധ്യമല്ലതന്നെ. കാരണം, വെറുപ്പില്‍നിന്നും മത്സരത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവിടെയും സ്വര്‍ഗ്ഗത്തിലും ജീവിതത്തെ ബാധിക്കും. ഇതറിഞ്ഞ് വിവേകശാലിയായ ഒരുവന്‍ ആസക്തി വിട്ടവനും സത്യദര്‍ശിയുമായ ഒരു ഗുരുവിനെ അഭയം പ്രാപിക്കണം. ഗുരുപൂജയിലൂടെയും ഗുരുസേവയിലൂടെയും ഭഗവല്‍പ്രേമത്തിലേക്കുളള പാതയും ലൗകികസുഖങ്ങളിലൂളള അനാസക്തിയും മനുഷ്യബന്ധങ്ങളോടുളള ശരിയായ മനോഭാവവും ആത്മനിയന്ത്രണം ശീലിക്കുന്നതെങ്ങനെയെന്നും ശുദ്ധവും ലളിതവുമായ ജീവിതം നയിക്കുന്നതെങ്ങനെയെന്നും സകലജീവജാലങ്ങളിലും ആത്മാവിനേയോ ഈശ്വരനേയോ ദര്‍ശിക്കുന്നതെങ്ങനെയെന്നും സ്വന്തം ജീവന്‍ ആത്മത്യാഗത്തിലൂടെ ഭഗവാനര്‍പ്പിക്കുന്നതെങ്ങനെയെന്നും ഭഗവദ്‍ഭക്തരെയും മറ്റുളളവരെയും എങ്ങനെ സ്നേഹപൂര്‍വ്വം പരിചരിക്കണമെന്നും തുടര്‍ച്ചയായി ഭഗവല്‍കഥാകഥനവും ശ്രവണവും നടത്തേണ്ടതെങ്ങനെയെന്നും അയാള്‍ പഠിക്കണം.
അങ്ങനെയുളള ഭക്തന്‍ ഭഗവല്‍സ്മരണയാല്‍ സദാ വിലീനനായിരിക്കും. ചിലപ്പോള്‍ ഭഗവദ് വിരഹദുഃഖത്തില്‍ തപിച്ചു കണ്ണീരൊഴുക്കിയും ചിലപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയും ഭഗവല്‍സാന്നിദ്ധ്യം അറിഞ്ഞു പാടിയും ആടിയും മറ്റു ചിലപ്പോള്‍ ഈശ്വരസാക്ഷാത്കാരത്തില്‍ സ്വയം മറന്നു ശാന്തനും നിശ്ശബ്ദനായും അയാള്‍ ഇരിക്കുന്നു. ആരൊരുവന്‍ അങ്ങനെ ഈശ്വരഭക്തന്റെ അപ്രതീക്ഷിതവും വ്യവസ്ഥാനുസാരിയല്ലാത്തതുമായ കാര്യങ്ങളെ പഠിക്കുന്നുവോ, അയാള്‍ക്ക് ഈശ്വരപ്രേമം വര്‍ദ്ധിക്കുന്നു.
സ്നേഹം
എല്ലാവരുടെയും ഉള്ളിൽ സ്നേഹമുണ്ട്. പക്ഷേ, പ്രകടിപ്പിക്കാത്ത സ്നേഹം കല്ലിനുള്ളിലെ തേൻ പോലെയാണ്. അതിന്റെ മാധുര്യം നമുക്ക് രുചിക്കാൻ കഴിയില്ല. അതിന്റെ പ്രയോജനം നമുക്കാർക്കും ലഭിക്കുന്നില്ല. താമസിക്കുന്നത് നദിക്കരയിലായിട്ടും വെള്ളം കിട്ടാതെ ദാഹിച്ച് മരിക്കുന്നതുപോലെയാണിത്. നമുക്കാർക്കും പരസ്പരം ഹൃദയം അറിയാൻ കഴിയാത്ത സ്ഥിതിക്ക് സ്നേഹം ഉള്ളിൽവെച്ചുകൊണ്ടിരുന്നാൽമാത്രം പോരാ. പുറമേക്ക് വാക്കിൽക്കൂടിയും പ്രവൃത്തിയിൽകൂടിയും പ്രകടിപ്പിക്കുകതന്നെ വേണം. പരസ്പരം ഉള്ളുതുറന്ന് സ്നേഹിക്കണം. സ്നേഹം പരസ്പരം പങ്കുവയ്ക്കാൻ കഴിയണം. കുഞ്ഞുങ്ങൾക്ക് ബാല്യകാലത്ത് സ്നേഹം നൽകുക എന്നത് വളരെ പ്രധാനമാണ്. സ്നേഹം സ്വീകരിച്ചും തിരിച്ചുനൽകിയും വളരാൻ അവരെ പരിശീലിപ്പിക്കണം.
സ്നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കാനുള്ളതാണ്. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാൾ സന്തോഷം നൽകുന്ന ധനം. നമ്മുടെ കൈയിലിരുന്നിട്ടും നമ്മൾ കാണാതെപോകുന്ന ധനമാണത്. അതിനാൽ നമ്മുടെ ഉള്ളിലെ സ്നേഹത്തെ നമുക്കുണർത്താം. നമ്മുടെ ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചലനത്തിലൂടെയും അത് ലോകത്തിൽ പ്രകടമാകട്ടെ.....
കൃഷ്ണാ! നീയാണ് സത്-ചിത്-ആനന്ദം. നീയാണ് ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാഥന്‍. നീയാണ് എവിടെയും ഏക്കാലത്തും സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. ആരുടെ പ്രയത്നം കൊണ്ടായാലും എന്തു കാരണം കൊണ്ടായാലും ഇത് സത്യമത്രെ. അങ്ങു തന്നെ ഈ വിശ്വം സ്വയം ഉണ്ടാക്കി അതിലെ ആത്മാവും സത്തയുമായി. പ്രാണന്റെ പ്രാണന്‍ തന്നെ നീയാകുന്നു. നീ തന്നെ സൂര്യന്റെ വെളിച്ചവും നക്ഷത്രങ്ങളും മിന്നലുമെല്ലാം. മലനിരകളുടെ സംതുലനവും പഞ്ചഭൂതങ്ങളും ഗുണങ്ങളും നീ. ഇന്ദ്രിയഗോചരങ്ങളായ വസ്തുക്കള്‍, ഇന്ദ്രിയങ്ങള്‍, അവയുടെ സംവേദനശക്തി – എല്ലാം അവിടുന്നു മാത്രം. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ചോദനകളെ ക്രമീകരിക്കുന്നതും ജീവികള്‍ക്കുളള ബുദ്ധിയും നീ തന്നെ. നീയാണ് പഞ്ചഭൂതങ്ങളെ നിര്‍മ്മിക്കുന്ന താമസാഹങ്കാരം. രാജസാഹങ്കാരഹേതുവായ ഇന്ദ്രിയങ്ങളും സാത്വികാഹങ്കാരഹേതുവായ മനസ്സും നീയാണ്. സൃഷ്ടിക്കപ്പെട്ടിട്ടുളള ഭൂതങ്ങളുടെയെല്ലാം കാര്യം കാരണത്തില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ അഹേതുക ഹേതുവായതുകൊണ്ട് നീയെല്ലാ കാര്യങ്ങളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു തന്നെ എല്ലാ സൃഷ്ടികളിലും. എന്നാല്‍ സത്യത്തില്‍ അവ നിന്നില്‍ പ്രകടമാവുന്നത് കാലഗതിക്കനുസരിച്ചു മാത്രം. കാരണം, നീ ത്രിഗുണാതീതനും അതീന്ദ്രിയനും എല്ലാ ദ്രവ്യപരിണാമങ്ങള്‍ക്കും അതീതനുമാവുന്നു. ഏതൊരാള്‍ നിന്റെ പരബ്രഹ്മഭാവം, അതീന്ദ്രിയത്വം, ത്രിഗുണസംഭവമായ അവതാരമഹത്വം എന്നിവയുടെ സൂക്ഷ്മതരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നില്ലയോ, അയാള്‍ ജനനമരണചക്രത്തിന്റെ പിടിയില്‍പ്പെട്ടു കഴിയുന്നു. നീയാണ് പുരുഷനും (ആത്മാവ്, ബോധം) പ്രകൃതിയും (ദ്രവ്യം). നീയാണ് വിശ്വത്തിന്റെ ദ്രവ്യപരവും ഊര്‍ജ്ജപരവുമായ കാരണം. കാണിയും കാഴ്ചയും നീ തന്നെ. എന്നാല്‍ നീ ഇവയ്ക്കെല്ലാം അതീതനുമത്രെ. നിന്റെ തന്നെ മായാശക്തിയാലാണ് ഞാന്‍ ദേഹബുദ്ധിക്കടിമപ്പെട്ട് നിന്നെ മകനായും സുഹൃത്തായും ഒക്കെ കരുതിയത്. ഞാന്‍ നിന്നിലഭയം തേടുന്നു. .....
കൃഷ്ണാർപ്പണമസ്തു..
ഈ ഭൗതികപ്രപഞ്ചത്തിൽ ശരീരസന്ധാരണത്തിന് പ്രവൃത്തി കൂടിയേ തീരൂ. ഭഗവാനെ സ്മരിച്ച് സ്വന്തം ജോലി കൈവെടിയാനല്ല, അവിടുന്ന് അർജുനനെ ഉപദേശിക്കുന്നത്. ഇല്ല, ഭഗവാൻ ഒരിക്കലും അപ്രായോഗികമായ ഒന്നും നിർദ്ദേശിക്കുകയില്ല. പ്രവൃത്തിയനുസരിച്ച് നാലു വിധത്തിൽ വിഭക്തമായിരിക്കുന്നു : ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. ബ്രാഹ്മണവർഗ്ഗം അതായത് ബുദ്ധിമതവിഭാഗം, ഒരു തരത്തിൽ പ്രവർത്തിക്കുന്നു. ക്ഷത്രിയവർഗ്ഗം, അതായത് ഭരണ വർഗ്ഗം മറ്റൊരു തരത്തിൽ പ്രവർത്തിക്കുന്നു. വ്യവസായിവർഗവും തൊഴിലാളികളും അവരുടെ നിയതമായ കർത്തവ്യങ്ങൾ പൂർത്തിയാക്കുന്നു. മനുഷ്യസമുദായത്തിൽ ഒരാൾ തൊഴിലാളിയായിരിക്കട്ടെ, കച്ചവടക്കാരനായിരിക്കട്ടെ, ഭരണകർത്താവായിരിക്കട്ടെ, കൃഷിക്കാരനായിരിക്കട്ടെ, എന്തിന് ഏറ്റവും ഉയർന്ന വർഗ്ഗത്തിൽപ്പെട്ട സാഹിത്യകാരനോ ശാസ്ത്രജ്ഞനോ മതചിന്തകനോ ആയിരിക്കട്ടെ, സ്വന്തം നിലനില്പിന് ജോലി ചെയ്തതേ മതിയാവൂ. അതുകൊണ്ട് ഭഗവാൻ അർജുനനോട് ജോലി ഉപേക്ഷിക്കേണ്ടതില്ല, എന്നു പറയുന്നു. എന്നാൽ ജോലിയിൽ വ്യാപൃതനായിരിക്കുമ്പോൾത്തന്നെ കൃഷ്ണനെ (മാം അനുസ്മര) സ്മരിക്കണം. ജീവസന്ധാരണത്തിന് പാടുപെടുന്ന സമയത്ത് ഭഗവാനെ സ്മരിച്ച് ശീലിച്ചില്ലെങ്കിൽ മരണ സമയത്ത് ഭഗവാനെ സ്മരിക്കാൻ സാധിക്കുകയില്ല. കീർത്തനീയ സദാ ഹരി, 'എപ്പോഴും ഭഗവന്നാമോച്ചാരണം ശീലിക്കണം. ഭഗവാനും ഭഗവന്നാമവും വ്യത്യസ്തങ്ങളല്ല. ഭഗവാൻ കൃഷ്ണന്റെ 'എന്നെ സ്മരിക്കുക' എന്ന ഉപദേശവും, 'എല്ലായ്തപ്പോഴും ഭഗവാൻ കൃഷ്ണന്റെ തിരുനാമങ്ങൾ ജപിക്കുക' എന്ന നിർദ്ദേശവും ഒന്നുതന്നെ. കൃഷ്ണനും കൃഷ്ണന്റെ നാമവും വ്യത്യസ്തങ്ങളല്ലെന്നതിനാൽ ഈ ഉപദേശങ്ങൾക്കും വ്യത്യാസമില്ല. നിരപേക്ഷ നിലയിൽ സൂചനയ്ക്കും സൂചിതനും തമ്മിൽ വ്യത്യാസമില്ല. അതുകൊണ്ട് നാം എപ്പോഴും ഭഗവന്നാമോച്ചാരണത്തിലൂടെ ഭഗവത്സ്മരണ ശീലിക്കണം. നമ്മുടെ ജീവിതത്തിലെ പ്രവൃത്തികൾ അവിടുത്തെ എല്ലായ്പ്പോഴും സ്മരിക്കാൻ പറ്റിയവിധത്തിൽ രൂപകല്പന ചെയ്തെടുക്കണം. ഹരേ കൃഷ്ണാ.. കൃഷ്ണാർപ്പണമസ്തു __/|\__
ഭൗതികയിൽ നിന്ന് ആത്മീയതയിലേക്ക്
ജീവിതത്തിൽ നാം ഭൗതികമോ ആത്മീയമോ ആയ ശക്തികളെ കുറിച്ച് ചിന്തിച്ച് ശീലിച്ചിട്ടുണ്ട്. ഭൗതികശക്തിയിൽ നിന്ന് ആത്മീയ ശക്തിയിലേക്ക് നമ്മുടെ ചിന്തകളെ മാറ്റുന്നതെങ്ങനെ? ഭൗതികശക്തി കൊണ്ട് നമ്മുടെ ചിന്തകളെ പൂരിതമാക്കാൻ വർത്തമാനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, നോവലുകൾ തുടങ്ങി നിരവധി സാഹിത്യരൂപങ്ങളുണ്ട്. ഇങ്ങനെയുള്ള സാഹിത്യവിഷയങ്ങളിൽ ലയിച്ചിരിക്കുന്ന നമ്മുടെ ചിന്തയെ വേദസാഹിത്യത്തിലേക്ക് മാറ്റി ക്കൊണ്ടു പോകണം. മഹർഷിമാർ പുരാണങ്ങളെപ്പോലെ നിരവധി വേദസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. പുരാണങ്ങൾ സാങ്കല്പികമല്ല. അവ ചരിത്രരേഖകളാണ്. ചൈതന്യചരിതാമൃതത്തിൽ (മധ്യ. 20.12) താഴെ കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്,
മായാമുഗ്ധ ജീവേരനാഹി സ്വതഃ കൃഷ്ണജ്ഞാന
ജീവേരേ കൃപായാ കൈലാ കൃഷ്ണ വേദപുരാണ
വിസ്മൃതിയിലാണ്ട ജീവസത്തകൾ അല്ലെങ്കിൽ ബദ്ധാത്മാക്കൾ പരമപുരുഷനുമായുള്ള അവരുടെ ബന്ധം മറന്ന് ഭൗതികവൃത്തികളെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകിയിരിക്കുന്നു. ഇങ്ങനെയുള്ളവരുടെ ചിന്താശക്തിയെ ആത്മീയാകാശത്തിലേക്കു മാറ്റാൻ കൃഷ്ണദ്വൈപായന വ്യാസൻ അസംഖ്യം വേദസാഹിത്യകൃതികൾ നൽകിയിട്ടുണ്ട്. ആദ്യം അദ്ദേഹം വേദങ്ങളെ നാലായി തിരിച്ചു. പിന്നീട് അവയെ പുരാണങ്ങളിലൂടെ വിവരിച്ചു. പിന്നീട്
മഹാഭാരതമെഴുതി. മഹാഭാരതത്തിൽ ഭഗവദ്ഗീത കൊടുത്തിട്ടുണ്ട്. അതിനുശേഷം എല്ലാവിധ സാഹിത്യരൂപങ്ങളേയും വേദാന്തസൂത്രത്തിൽ സംക്ഷേപിച്ചു. പിന്നീട് ഭാവി മാർഗനിർദ്ദേശങ്ങൾക്കുവേണ്ടി വേദാന്തസൂത്രങ്ങളുടെ നൈസർഗിക ഭാഷ്യത്തെ ശ്രീമദ് ഭാഗവതമെന്ന പേരിൽ പ്രദാനംചെയ്തു. നാം നമ്മുടെ മനസ്സിനെ ഈ വേദസാഹിത്യപാരായണത്തിൽ വ്യാപ്യതമാക്കണം. ഭൗതികതാവാദികൾ മനസ്സിനെ വർത്തമാനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മറ്റു ഭൗതികസാഹിത്യങ്ങൾ, ഇവയുടെ പാരായണത്തിൽ വ്യാപ്യതമാക്കുന്നതുപോലെ നാം നമ്മുടെ വായനയെ വ്യാസദേവദത്തമായ ഇത്തരം സാഹിത്യകൃതികളിലേക്ക് മാറ്റണം. അങ്ങനെ ആയാൽ നമുക്ക് മരണ സമയത്ത് പരമപുരുഷനെ സ്മരിക്കാൻ സാദ്ധ്യമാകും. ഭഗവാൻ നിർദ്ദേശിക്കുന്ന ഒരേയൊരു വഴി ഇതത്രേ. ഫലവും അദ്ദേഹം ഉറപ്പു തരുന്നു, 'സംശയമില്ല'.
പാതഞ്ജലയോഗസൂത്രത്തിൽ ആത്മാവിനെ പ്രത്യഗാത്മാ, പരാഗാത്മാ എന്ന് രണ്ടു വിധത്തിൽ പറയുന്നുണ്ട്. ഇന്ദ്രിയസുഖാകൃഷ്ടനായിരിക്കുമ്പോൾ ആത്മാവ്, പരാഗാത്മാവ് എന്ന് വിളിക്കപ്പെടുന്നു. എന്നാൽ അതേ ആത്മാവ് ഇന്ദ്രിയസുഖങ്ങളിൽ നിന്ന് പിൻതിരിയുമ്പോൾ പ്രത്യഗാത്മാവ് എന്നറിയപ്പെടുന്നു. ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന പത്തുവിധ വായുക്കളുടെ പ്രവർത്തനങ്ങൾക്ക് വിധേയനാണ് ആത്മാവ്. ആ പ്രവർത്തനങ്ങൾ ശ്വസനവിധാനത്തിലൂടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആത്മാവിന്റെ ഭൗതികാസക്തികളെ ശുദ്ധീകരിക്കാനുതകത്തക്കവിധത്തിൽ ശരീരവായുക്കളുടെ എല്ലാ പ്രവർത്തന ങ്ങളേയും അനുകൂലമാക്കണം. ശരീരവായുക്കളുടെ പ്രവർത്തനങ്ങളെ സാങ്കേതികമായി എങ്ങനെ നിയന്ത്രിക്കാമെന്ന് പാതഞ്ജലയോഗം നിർദ്ദേശിക്കുന്നു. ഈ യോഗപദ്ധതി പ്രകാരം പ്രത്യഗാത്മാവത്രേ ആത്യന്തിക ലക്ഷ്യം; അതാകട്ടെ ഭൗതിക വിഷയങ്ങളിൽ നിന്നും തികച്ചും പിന്മാറലാണുതാനും. ഇന്ദ്രിയങ്ങളെല്ലാം അതാതു വിഷയങ്ങളിൽ പ്രവർത്തിക്കും. കണ്ണ്, കാണുന്നതിൽ, ചെവി, കേൾക്കലിൽ, മൂക്ക് മണക്കലിൽ, നാവ് ആസ്വാദനത്തിൽ, കൈ സ്പർശനത്തിൽ, അങ്ങനെ ഓരോന്നും ബാഹ്യവിഷയങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കും. ഇതെല്ലാം പ്രാണവായുവിന്റെ പ്രവർത്തനങ്ങളാണെന്ന് പറയപ്പെടുന്നു. അപാന വായു താഴോട്ട് പോകുന്നു. വ്യാനവായു വികാസസങ്കോചങ്ങളുണ്ടാക്കുന്നു. സമാനൻ സമനില പാലിക്കുകയും, ഉദാനൻ മേലോട്ട് പോകുകയും ചെയ്യുന്നു. ഇവയെല്ലാം ആത്മസാക്ഷാത്കാരത്തിനു പയോഗപ്പെടുത്താം.
കൃഷ്ണാവബോധം
യജ്ഞങ്ങൾ പല വിധത്തിലാണ്. വിവിധ ദാനകർമ്മങ്ങൾക്കായി കൈവശമുള്ളതെല്ലാം വിനിയോഗിക്കുന്നവരുണ്ട്. ഭാരതത്തിൽ ധനികരായ വ്യവസായികളും രാജാക്കന്മാരും ധർമ്മശാല, അന്ന ക്ഷേത്രം, അതിഥിശാല, അനാഥാലയം, വിദ്യാപീഠം മുതലായ ധർമ്മസ്ഥാപനങ്ങൾ നടത്തിപ്പോരുന്നു. ആശുപ്രതികളും വൃദ്ധമന്ദിരങ്ങളും ദരിദ്രർക്ക് സൗജന്യമായി ചികിത്സ, വിദ്യാഭ്യാസം, ആഹാരം തുടങ്ങിയവ നൽകുന്നതിനുള്ള ഇത്തരത്തിലുള്ള ധർമ്മസ്ഥാപനങ്ങളും മറ്റു രാജ്യങ്ങളിലുമുണ്ട്. ഈ പ്രവർത്തനങ്ങളെയെല്ലാം ദ്രവ്യമയയഞ്ജമെന്നു പറയുന്നു.
ചിലർ ജീവിതോത്കർഷത്തിനോ പ്രപഞ്ചത്തിൽ ത്തന്നെയുള്ള ഉപരിലോകങ്ങൾ നേടാനോ ചാന്ദ്രായണം, ചാതുർമാസ്യം തുടങ്ങിയ വ്രതങ്ങൾ സ്വമേധയാ കൈക്കൊള്ളുന്നു. ഈ പ്രക്രിയകൾക്ക് ചില കർക്കശ നിബന്ധനകളനുസരിച്ച ജീവിക്കാമെന്ന് ശപഥംചെയ്യേണ്ട തുണ്ട്. ഉദാഹരണമായി ചാതുർമാസ്യ (വതമെടുക്കുന്ന ആൾ കൊല്ലത്തിൽ നാലു മാസം - ജൂലായ് മുതൽ ഒക്ടോബർ വരെ - ക്ഷൗരം ചെയ്യാൻപ്പാടില്ല. ചില പ്രത്യേക ആഹാരങ്ങൾ ഭക്ഷിക്കുവാനോ, ദിവസത്തിൽ ഒന്നിലേറെ തവണ ആഹാരം കഴിക്കുവാനോ വീടിന് പുറത്തിറങ്ങുവാനോ പാടില്ല. ഇങ്ങനെ ജീവിതസുഖങ്ങൾ ഉപേക്ഷിക്കുന്നതാണ് തപോമയയജ്ഞം.
വേറെ ചിലർ പാതഞ്ജല യോഗപദ്ധതി പോലെ (സ്വയം നിരപേക്ഷതയിൽ ലയിക്കാനുദ്ദേശിച്ചുകൊണ്ടുള്ള യോഗനിഷ്ഠയിലോ പ്രത്യേക സിദ്ധികൾക്കായുള്ള) ഹഠയോഗം, അഷ്ടാംഗയോഗം എന്നിവയിലോ ഏർപ്പെടുന്നു. ചിലർ തീർത്ഥ യാത്രകൾ നടത്തുന്നു; ഭൗതികലോകത്തിൽ പൂർണ്ണതനേടാൻ ചെയ്യുന്ന ഇവയെല്ലാം യോഗയജ്ഞങ്ങളാണ്.
വൈദികസാഹിത്യം വിശേഷിച്ച ഉപനിഷത്തുകൾ, വേദാന്ത സൂത്രങ്ങൾ, സാംഖ്യദർശനം എന്നിവ വായിച്ചു പഠിക്കുന്നവരായിട്ട് ഇനിയും ചിലരുണ്ട്. സ്വാദ്ധ്യായയജ്ഞമാണ് ഇതെല്ലാം. പഠനയജ്ഞത്തിൽ മുഴുകലാണ് ഇത്.
ജീവിതോത്കർഷ സിദ്ധിക്കുവേണ്ടി വിശ്വാസപൂർവ്വം വിവിധ യജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരാണ് ഈ യോഗികളെല്ലാം. നേരിട്ടുള്ള ഭഗവത്സേവനമായതുകൊണ്ട് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് കൃഷ്ണാവബോധം. മുൻപറഞ്ഞ യജ്ഞങ്ങൾ കൊണ്ട് സിദ്ധിക്കാവതല്ലാത്ത ഈ അവസ്ഥ കൃഷ്ണന്റേയോ കൃഷ്ണ ഭക്തന്റേയോ കാരുണ്യംകൊണ്ട് മാത്രമേ ലഭിക്കൂ. അതുകൊണ്ട് കൃഷ്ണാവബോധം ദിവ്യമാണ്.
ആത്മസാക്ഷാത്കാരത്തിന്റെ മാർഗ്ഗം പ്രയാസമുള്ള താണ്, സംശയമില്ല. അതുകൊണ്ട് ഭഗവാൻ, തന്നിൽ നിന്നാരംഭിച്ച ശിഷ്യ പരമ്പരയിൽപ്പെട്ട വിശ്വാസ്യനായ ഒരാദ്ധ്യാത്മികഗുരുവിനെ സമീപി ക്കാനുപദേശിക്കുന്നു. ഈ ശിഷ്യപരമ്പര- എന്നുള്ള തത്ത്വത്തെ അനുവർത്തിക്കാത്ത ആർക്കും വിശ്വാസ്യനായ ഒരു ഗുരുവാകാൻ സാദ്ധ്യമല്ല. ഭഗവാനാണ് ആദിമഗുരു, ഗുരുശിഷ്യപരമ്പരയിൽപ്പെടുന്ന ഒരു വ്യക്തിക്ക് ഭഗവാന്റെ ഉപദേശം അതേപടി സ്വശിഷ്യന് പകർന്നു കൊടുക്കാൻ കഴിയും. മൂഢന്മാരായ നാട്യക്കാർ സൃഷ്ടിക്കുന്ന കപട പദ്ധതികളിലൂടെ ആത്മസാക്ഷാത്ക്കാരം നേടാൻ ആർക്കും സാദ്ധ്യമല്ല. ഭാഗവതം (6.3.19) പറയുന്നു,
"ധർമം തു സാക്ഷാത് ഭഗവത് പ്രണീതം."
ഭഗവാൻ നേരിട്ട് നിർദ്ദേശിച്ചിട്ടുള്ളതുതന്നെയാണ് ധർമ്മത്തിന്റെ മാർഗ്ഗം. മാനസിക ഊഹാപോഹങ്ങൾക്കോ ശുഷ്കവാദങ്ങൾക്കോ ഒരാളെ നേർവഴിക്ക് നയിക്കാൻ സാധിക്കില്ല. സ്വതന്ത്രമായ ഗ്രസ്ഥ പഠനങ്ങളാകട്ടെ, ആദ്ധ്യാത്മികപുരോഗതിക്ക് ആരേയും സഹായിക്കില്ല; ജ്ഞാനസിദ്ധിക്ക് വിശ്വാസ്യനായ ഒരു ആചാര്യനെ സമീപിക്കുക തന്നെ വേണം. അങ്ങനെയുള്ള ആത്മീയ ഗുരുവിനെ പൂർണ്ണസമർപ്പണത്തോടെ സ്വീകരിക്കണം. ഭ്യത്യനെപ്പോലെ ദുരഭിമാനം ത്യജിച്ച് സേവിക്കുകയും വേണം. ആത്മസാക്ഷാത്ക്കാരം നേടിയ ആദ്ധ്യാത്മികഗുരുവിന്റെ സംതൃപ്തിയത്രേ ആത്മീയജീവിത പുരോഗതിയുടെ രഹസ്യം. വിനയവും സത്യാന്വേഷണവുമാണ് ആത്മീയജ്ഞാനത്തിന് അനുയോജ്യമായ രണ്ടു ഘടകങ്ങൾ. വിനയവും സേവനവുമില്ലാതെ ആത്മീയഗുരുവിനോടുള്ള അന്വേഷണങ്ങൾ (പ്രശ്നങ്ങൾ) ഫലപ്രദങ്ങളാവില്ല. ഗുരുവിന്റെ പരീക്ഷണങ്ങളിൽ ശിഷ്യൻ ജയിക്കേണ്ടതുണ്ട്. അങ്ങനെ ശിഷ്യന്റെ ആഗ്രഹം നിർവ്യാജമെന്ന് ബോദ്ധ്യപ്പെട്ടാൽ കലർപ്പി ല്ലാത്ത ആത്മീയജ്ഞാനം നൽകി ഗുരു അയാളെ അനുഗ്രഹിക്കും. ആദ്ധ്യാത്മികഗുരുവിൽ നിന്ന് കേൾക്കുന്നതു കൊണ്ട് മാത്രമായില്ല; അന്വേഷണങ്ങളിലൂടെയും വിനയാന്വിതമായ സേവനത്തിലൂടെയും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരു സ്വാഭാവികമായും ശിഷ്യനോട് കാരുണ്യമുള്ളവനാണ്. അതുകൊണ്ട് ശിഷ്യൻ വിനയാന്വിതനും സദാ സേവനസന്നദ്ധനുമായിരിക്കുമ്പോൾ പ്രശ്നനോത്തരവിനിമയം പരി പൂർണ്ണമായിരിക്കും.
കൃഷ്ണാവബോധം
ശ്വാസോച്ഛ്വാസ നിയന്ത്രണത്തിനായുള്ള ഈ യോഗപ്രകിയ പ്രാണായാമമെന്നറിയപ്പെടുന്നു. ആരംഭത്തിൽ ഹഠയോഗ പദ്ധതി പ്രകാരം വ്യത്യസ്തങ്ങളായ ആസനങ്ങൾ അവലംബിച്ചു കൊണ്ടാണ് ഇത് ശീലിക്കുന്നത്. ആത്മസാക്ഷാത്കാര പുരോഗതിക്ക് വേണ്ടിയും ഇന്ദ്രിയസംയമനത്തിനായും വേണ്ടി നിർദ്ദേശിക്കപ്പെട്ടതാണ് ഈ പ്രക്രിയകളെല്ലാം. ശരീരത്തിലുള്ള വായുവിനെ നിയന്ത്രിച്ച തിരിച്ചു വിടുന്നതിന് ഈ പരിശീലനം സഹായിക്കുന്നു. അപാനവായു താഴോട്ട് പോകുന്നതും, പ്രാണവായു മേലോട്ടുയരുന്നതുമാണ്. പ്രാണായാമ യോഗി എതിർദിശകളിൽ ശ്വാസത്തെ സഞ്ചരിപ്പിക്കുന്നു. രണ്ട് പ്രവാഹങ്ങളും തുല്യമായി പൂരകമെന്ന സ്ഥിതി കൈവരിക്കുന്നതുവരെ അത് തുടരുകയും ചെയ്യുന്നു. ഉച്ഛാസം ശ്വാസത്തിൽ അർപ്പിതമാകുമ്പോൾ രേചകമെന്നും വായുപ്രവാഹങ്ങൾ രണ്ടും സ്തംഭിക്കുമ്പോൾ കുംഭകയോഗമെന്നും പറയുന്നു. ഈ കുംഭകയോഗം പരിശീലിച്ചിട്ട് ആത്മസാക്ഷാത്കാര പൂർണ്ണതയ്ക്കായി ജീവിതദൈർഘ്യം കൂട്ടാൻ സാധിക്കും. ബുദ്ധിമാനായ ഒരു യോഗി അടുത്ത ജന്മത്തിനു കാത്തിരിക്കാതെ ഈ ജന്മത്തിൽത്തന്നെ പൂർണ്ണത കൈവരിക്കുവാൻ ആഗ്രഹി ക്കുന്നു. കുംഭകയോഗ പരിശീലനംകൊണ്ട് യോഗി തന്റെ ജീവിതത്തിന്റെ ദൈർഘ്യം അനേകം വർഷങ്ങളായി വർദ്ധിപ്പിക്കുന്നു. കൃഷ്ണാവബോധം വന്ന ഒരാൾക്കാകട്ടെ, എപ്പോഴും അതീന്ദ്രിയമായ ഭഗവത്സേവനത്തിൽ മുഴുകിയിരിക്കയാൽ സ്വാഭാവികമായിത്തന്നെ ഇന്ദ്രിയനിയന്ത്രണം സാധിക്കുന്നു. എല്ലായ്ക്കപ്പോഴും കൃഷ്ണന്റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന അയാളുടെ ഇന്ദ്രിയങ്ങൾക്ക് മറ്റു കർമ്മങ്ങളിൽ ചെന്നുപെടാനാവില്ല. അതുകൊണ്ട് ജീവിതാവസാനത്തിൽ കൃഷ്ണന്റെ അതീന്ദ്രിയതലത്തിൽ സ്വാഭാവികമായും അയാളെത്തിച്ചേരും. ആ നിലയ്ക്ക് തന്റെ ഇഹലോകജീവിതം ദീർഘിപ്പിക്കാൻ ആ ഭക്തൻ ശ്രമിക്കുകയുമില്ല. ഭഗവദ്ഗീതയിൽ (14.26) പറയുന്നതു പ്രകാരം അയാൾ ഉടനെത്തന്നെ മുക്തിപദത്തിലേയ്ക്കുയർത്തപ്പെടുന്നു.
മാംചയോ ഽവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സ ഗുണാൻ സമതീത്യൈതാൻ
ബ്രഹ്മഭൂയായ കൽപതേ
"ഭഗവാന്റെ, കലർപ്പില്ലാത്ത ഭക്തിയുതസേവനത്തിൽ ഏർപ്പെടുന്ന ഒരാൾ പ്രകൃതിയുടെ (തിഗുണങ്ങളെ അതി(കമിച്ച് ക്ഷീണേന ആത്മീയതലത്തിലേയ്ക്കുയർത്തപ്പെടുന്നു." കൃഷ്ണാവബോധവാനായ വ്യക്തിയുടെ തുടക്കം തന്നെ അതീന്ദ്രിയതയിൽ നിന്നാണ്. അയാൾ എപ്പോഴും ആ അവബോധത്തിൽ തന്നെ നിലകൊള്ളുകയുംചെയ്യുന്നു. അതുകൊണ്ട് പതനത്തിന്റെ പ്രശ്നമില്ല. അവസാനം അയാൾക്ക് അചിരേണ ഭഗവത്സന്നിധി പൂകുകയുംചെയ്യാം. കൃഷ്ണപ്രസാദം അഥവാ ഭഗവാന് ആദ്യം നിവേദിച്ച ആഹാരം മാത്രം ഭക്ഷിക്കുന്നതുകൊണ്ട് ആഹാരനിയന്ത്രണത്തിന്റെ ഫലം താനേ സിദ്ധിക്കുന്നു. ആഹാരം ചുരുക്കുന്നത് ഇന്ദ്രിയസംയമനത്തിന് വളരെ സഹായകമത്രേ. ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള മോചനം ഇന്ദ്രിയസംയമനമില്ലാതെ സാദ്ധ്യവുമല്ല.
ഭഗവദ് ഗീതയുടെ ചരിത്രം .
ത്രേതായുഗാദൗ ച തതോ വിവസ്വാൻ മനവേ ദദൗ
മനുശ്ച ലോകഭൃത്യർഥം സുതായേക്ഷ്വാകവേ ദദൗ
ഇക്ഷ്വാകുണാ ച കഥിതോ വ്യാപ്യലോകാനവസ്ഥിതാഃ
(മഹാഭാരതം ശാന്തിപർവ്വത്തിൽ (348.51.52))
"ഭഗവാനുമായുള്ള ബന്ധത്തിന്റെ ഈ ശാസ്ത്രം ത്രേതായുഗാരംഭത്തിൽ വിവസ്വാൻ മനുവിന് നൽകി. മനുഷ്യവംശപിതാവായ മനു സ്വപുത്രനായ ഇക്ഷാകുവിനും അത് ഉപദേശിച്ചു. ഭൗമഗ്രഹത്തിന്റെ രാജാവും, ശ്രീരാമചന്ദ്രൻ പിറന്ന രഘുവംശത്തിന്റെ പൂർവ്വികനുമായിരുന്നു ഇക്ഷാകു. അങ്ങനെ ഇക്ഷാകു മഹാരാജാവിന്റെ കാലം മുതൽക്കേ ഭഗവദ്ഗീത, മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നു.
4,32,000 (നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം) വർഷങ്ങളടങ്ങിയ കലിയുഗത്തിൽ അയ്യായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിന് മുമ്പ് എട്ടു ലക്ഷം വർഷങ്ങളടങ്ങിയ ദ്വാപരയുഗവും അതിനു മുമ്പ് പന്ത്രണ്ടു ലക്ഷം വർഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞുപോയി. അപ്പോൾ മനു തന്റെ പുത്രനും ശിഷ്യനുമായ ഇക്ഷാകുവിന്, അന്ന് ഭൂലോകം ഭരിച്ചിരുന്ന രാജാവിന്, ഗീതോപദേശംചെയ്തത് ഏതാണ്ട് 20,05,000 (ഇരുപത് ലക്ഷത്തി അയ്യായിരം) വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴുള്ള മനുവിന്റെ വാഴ്ചക്കാലം 30, 53,00,000 (30 കോടി 53 ലക്ഷം) വർഷങ്ങളാണെന്നും അതിൽ 12,04,00,000 (12 കോടി 4 ലക്ഷം) വർഷ ങ്ങൾ കഴിഞ്ഞു പോയിരിക്കുകയാണെന്നും കണക്കാക്കിയിരിക്കുന്നു. ഭഗവാൻ തന്റെ ശിഷ്യനായ വിവസ്വാന് ഗീത ഉപദേശിച്ചത് മനു ജനി ക്കുന്നതിന് മുമ്പാണെന്ന് കരുതുന്ന പക്ഷം, ആ സംഭവം കുറഞ്ഞത് 12,04,00,000 (12 കോടി 4 ലക്ഷം) വർഷങ്ങൾക്കുമുമ്പ് നടന്നിരിക്കണം. അങ്ങനെ ഭഗവദ്ഗീത മനുഷ്യലോകത്തിൽ രണ്ടു ദശലക്ഷം സംവത്സര ങ്ങളായി നിലനിന്നു പോരുന്നു. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഭഗവാൻ അത് വീണ്ടും അർജുനന് ഉപദേശിച്ചു. ഭഗവദ് ഗീതയേയും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനേയും പ്രമാണമാക്കി നോക്കുമ്പോൾ അതിന്റെ ചരിത്രം ഏതാണ്ടിങ്ങനെയാണ്. വിവസ്വാന്നെ സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും, സുര്യകുലജാതരായ ക്ഷത്രിയരുടെ ആദിപിതാവായതു കൊണ്ടുമാണ് ഭഗവദ്ഗീത വിവസ്വാന് ഉപദേശിക്കപ്പെട്ടത്. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
എല്ലാവരും കൃഷ്ണനെ അവിടുത്തെ വിവിധ ആവിർ ഭാവങ്ങളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും അന്വേഷിക്കുകയാണ്. വ്യക്തിഭാവമില്ലാത്ത ബ്രഹ്മജ്യോതിസ്സായും പരമാണുക്കളുൾപ്പടെ എല്ലാ പദാർത്ഥങ്ങളിലും കുടികൊള്ളുന്ന സർവ്വവ്യാപിയായ പരമാത്മാവായും പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെ ഭാഗികമായി സാക്ഷാത്കരിക്കാം. കൃഷ്ണനെ സമഗ്രമായി സാക്ഷാത്കരിക്കുന്നത് തികഞ്ഞ ഭക്തന്മാർ മാത്രമാണ്. ഏവരുടേയും സാക്ഷാത്കാരലക്ഷ്യം കൃഷ്ണനാണ്. ഏവരും കൃഷ്ണനെ പ്രാപിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ തോതനുസരിച്ച് സംതൃപ്തി നേടുന്നു. അതീന്ദ്രിയലോകത്തിലും കൃഷ്ണൻ തന്റെ ശുദ്ധഭക്തന്മാരുമായി അവരുടെ അഭിലാഷപ്രകാരം അതീന്ദ്രിയഭാവേന പ്രതികരിക്കുന്നു. ഒരു ഭക്തൻ കൃഷ്ണനെ ശ്രേഷ്ഠനായ പ്രഭുവായും മറ്റൊരാൾ ആത്മസുഹൃത്തായും വേറൊരാൾ പുത്രനെന്ന നിലയിലും ഇനിയൊരാൾ കാമുകനായും കരുതി സ്നേഹിച്ചേയ്ക്കാം. താന്താങ്ങളുടെ കൃഷ്ണനോടുള്ള പ്രേമതീക്ഷണതയ്ക്കനുസരിച്ച ഈ ഭക്തന്മാർക്കെല്ലാം തുല്യമായി അദ്ദേഹം അഭീഷ്ട സിദ്ധിയരുളും. ഭഗവാനും വിവിധതരക്കാരായ ആരാധകരും തമ്മിൽ ഭൗതിക ലോകത്തിലും ഇതേ വികാരവിനിമയങ്ങൾ നടക്കുന്നു. ഇവിടേയും ദിവ്യമായ ഭഗവദ്ധാമത്തിലും ഭക്തോത്തമന്മാർ ഭഗവാനുമായി നേരിട്ടു സമ്പർക്കം പുലർത്തുന്നുണ്ട്. വ്യക്തിപരമായി ഭഗവാനെ സേവിക്കാനും പ്രേമപൂർണ്ണമായ ആ സേവനത്താൽ അതീന്ദ്രിയാനന്ദ മനുഭവിക്കാനും അവർക്ക് കഴിയും. ആദ്ധ്യാത്മികമായി ആത്മഹത്യ ആഗ്രഹിക്കുന്ന അവ്യക്തിഗതവാദികളേയും, ജീവാത്മാവിന്റെ വ്യക്തിഗതമായ നിലനില്പിനെ ഇല്ലാതാക്കി, തന്റെ ബ്രഹ്മജ്യോതിസ്സിൽ ലയിപ്പിച്ചുകൊണ്ട് കൃഷ്ണൻ സഹായിക്കുന്നു. ശാശ്വതാനന്ദസാന്ദ്രമായ ഭഗവദ് വ്യക്തിത്വത്തെ അംഗീകരിക്കാൻ അവർ കൂട്ടാക്കാറില്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്വം നശിപ്പിച്ച അവർക്ക് അതീന്ദ്രിയമായ ഭഗവത്തേസവനത്തിലെ ആനന്ദമാസ്വദിക്കാൻ സാധിക്കയില്ലതാനും. അവ്യക്തിഗതസത്തയിലും ഉറച്ചു നിൽക്കാൻ സാധിക്കാത്തവരിൽ ചിലർ തങ്ങളിൽ ഒളിഞ്ഞുകിടന്ന, കർമ്മം ചെയ്യാനുള്ള ആഗ്രഹത്താൽ ഭൗതികലോകത്തിലേക്ക് തിരിച്ചു പോരാറുണ്ട്. ആദ്ധ്യാത്മികഗ്രഹങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അക്കൂട്ടർക്ക് ഭൗതികഗ്രഹങ്ങളിൽ പ്രവർത്തിക്കാൻ വീണ്ടും ഒരവസരം കൊടുത്തിരിക്കുന്നു. ഫലേച്ഛയോടെ കർമ്മംചെയ്യുന്നവർക്ക്, തങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളുടെ അഭീഷ്ടഫലങ്ങൾ യജേജ്ഞശ്വരനായ ഭഗവാൻ കൊടുക്കുന്നു. യോഗ ശക്തികളന്വേഷിക്കുന്ന യോഗികൾക്ക് അതും ലഭിക്കുന്നു. ഏതൊരാളുടേയും വിജയം ഭഗവദ്കാരുണ്യത്തെ മാത്രം ആശയിച്ചാണിരിക്കുന്നത്. എല്ലാത്തരം ആദ്ധ്യാത്മിക പ്രക്രിയകളും ഒരേ വഴിയിലുള്ള വിജയത്തിന്റെ വിവിധ തട്ടുകൾ തന്നെ. അതുകൊണ്ട് കൃഷ്ണാവബോധത്തിന്റെ പരിപൂർണ്ണമായ ഉന്നതിയിലെത്തുന്നതുവരെ എല്ലാ പരി ശ്രമങ്ങളും അപൂർണ്ണ നിലയിലായിരിക്കും. ശ്രീമദ് ഭാഗവതം (2.3.10) പറയുന്നു.
അകാമഃ സർവകാമോ വാ മോക്ഷകാമ ഉദാരധീഃ
തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം
"അകാമനാകട്ടെ, (ഭക്തന്മാരുടെ സ്ഥിതി) പലതിലും കാംക്ഷയുള്ളവനാകട്ടെ, മുമുക്ഷവാകട്ടെ, ഏതൊരാളും തീവ്രമായ ഭക്തിയോടെ കൃഷ്ണാവബോധത്തിലെത്തിക്കുന്ന പരിപൂർണ്ണത നേടാൻ വേണ്ടി പരംപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയാണു വേണ്ടത്."
"ഭൗതികസൃഷ്ടികളുടെ പരമകാരണം മാത്രമാണ് ഭഗവാൻ, പ്രപഞ്ചാവിർഭാവമുളവാക്കുന്ന പ്രകൃതിയാണ് സത്വരമായ കാരണം. ദേവ ന്മാർ, മനുഷ്യർ, ജന്തുക്കൾ എന്നിങ്ങനെ സ്യഷ്ടിജാലം അനേകമുണ്ട്. എല്ലാവരും താന്താങ്ങളുടെ നല്ലതോ ചീത്തയോ ആയ കർമ്മങ്ങളുടെ പ്രതികരണങ്ങൾക്ക് അധീനരാണ്. ആ കർമ്മങ്ങൾക്ക് വേണ്ടുന്ന പരിതഃസ്ഥിതികളും ത്രിഗുണാനുസ്യതങ്ങളായ നിബന്ധനകളും നൽകുക മാത്രമേ ഭഗവാൻ ചെയ്യുന്നുള്ള. അവരുടെ പ്രവൃത്തികൾക്ക് അവ ഇന്നത്തേതായാലും ശരി, ഇന്നലത്തേതായാലും ശരി അവിടുന്ന് ഉത്തരവാദിയല്ല. വൈഷമ്യനൈർഘൃണ്യേന സാപേക്ഷത്വാത് ഭഗവാന് ഒരു ജീവാത്മാവിനോടും പക്ഷപാതമില്ലെന്ന് വേദാന്തസൂത്രം (2.1.34) ഊന്നിപ്പറയുന്നുണ്ട്. സ്വകർമ്മങ്ങളുടെ ചുമതല ഏൽക്കേണ്ടത് ജീവാ ത്മാവാണ്. കൃഷ്ണൻ തന്റെ ബഹിരംഗശക്തിയായ പ്രകൃതിയിലൂടെ അവയ്ക്കു വേണ്ടുന്ന സൗകര്യങ്ങൾ മാത്രം നൽകും. കർമ്മനിയമ ത്തിന്റെ ഈ സങ്കീർണ്ണവശങ്ങളെല്ലാം ഗ്രഹിച്ചവൻ, കർമ്മഫലങ്ങൾക്ക് അടിമപ്പെടില്ല. ഭഗവാന്റെ ഈ അതീന്ദ്രിയ ഭാവത്തെക്കുറിച്ചറിഞ്ഞ അയാൾ കൃഷ്ണാവബോധത്തിൽ പരിചയസമ്പന്നനും, തന്നിമിത്തം കർമ്മനിയമത്തിനതീതനുമായിരിക്കും. ഭഗവത്സ്വഭാവം മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ സാധാരണ മനുഷ്യരുടെ ഫലമുദ്ദേശിച്ചുള്ള പ്രവൃത്തികളാണെന്ന് കരുതുന്നവർ കർമ്മഫല ശൃംഖലയിൽ കുടുങ്ങിപ്പോവുകയേയുള്ളൂ. സർവ്വോത്കൃഷ്ടമായ സത്യമെന്തെന്നറി യുന്നവനാകട്ടെ, കൃഷ്ണാവബോധത്തിൽ ഉറച്ചു നിൽക്കുന്നു. അയാൾ വിമുക്തനാകുന്നു.
എല്ലാറ്റിന്റേയും സൃഷ്ടികർത്താവാണ് ശ്രീ ഭഗവാൻ, ഏതൊന്നും അദ്ദേഹത്തിൽ നിന്നുളവായതാണ്; അദ്ദേഹം പുലർത്തി പ്പോരുന്നതാണ്. അവ നശിക്കുമ്പോൾ അദ്ദേഹത്തിൽ വിശ്രമിക്കുകയും ചെയ്യും. അതിനാൽ സമൂഹത്തിന്റെ നാലു വിഭാഗങ്ങളുടേയും കർതൃത്വം അദ്ദേഹത്തിൽത്തന്നെ. സത്വഗുണ പ്രധാനികളായതുകൊണ്ട് ബ്രാഹ്മണരെന്ന് പറയപ്പെടുന്ന ബുദ്ധിശക്തി കൂടിയവരാണ് ആദ്യത്തെ വിഭാഗം. ക്ഷത്രിയരെന്നു വിളിക്കപ്പെടുന്ന രണ്ടാമത്തെ വിഭാഗക്കാർ രജോഗുണ പ്രധാനികളായതുകൊണ്ട് ഭരണാധികാരികളായി. മൂന്നാമത്തേതായ വൈശ്യവിഭാഗത്തിൽപ്പെട്ട വ്യാപാരികൾ രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സമ്മിശ്രാവസ്ഥയിൽ വർത്തിക്കുന്നു. തമോഗുണ പ്രധാനരായ തൊഴിലാളികളാണ് നാലാം വിഭാഗത്തിൽപ്പെട്ട ശൂദ്രർ, മേൽ പ്പറഞ്ഞ ചതുർവർണ്ണങ്ങളെ (സമൂഹത്തിലെ നാലു വിഭാഗങ്ങളെ) സ്യഷ്ടിച്ചുവെങ്കിലും ഭഗവാൻ ഇവയിലൊന്നിലും ഉൾപ്പെടുന്നില്ല. മനുഷ്യസമൂഹം അനേകം ബദ്ധജീവാത്മാക്കളുകൾക്കൊളളുന്ന ഒരു വിഭാഗം മാത്രമാണ്. അദ്ദേഹം അങ്ങനെയുള്ള ഒരു ബദ്ധജീവനല്ലല്ലോ. മറ്റേതു ജന്തുസമൂഹത്തേയുംപോലെത്തന്നെയാണ് മനുഷ്യസമുദായവും. മുൻപറഞ്ഞ വർണ്ണവിഭാഗങ്ങൾ ഭഗവാനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മൃഗപ്രായരായ മനുഷ്യരെ ഉയർത്തിക്കൊണ്ടുവരുന്നതിനും തന്മൂലം അവർക്ക് കൃഷ്ണാവബോധം സിദ്ധിക്കുന്നതിനുമായിട്ടാണ്. ഒരാൾക്ക് ഏതു പ്രവൃത്തിയിലാണ് താത്പര്യം എന്നു നിശ്ചയിക്കുന്നത് അയാൾ ആർജ്ജിച്ച പ്രകൃതിഗുണത്തിന്റെ അടിസ്ഥാനത്തിലാണ്. ഭിന്നങ്ങളായ പ്രകൃതി ഗുണങ്ങൾക്കനുസരിച്ചുള്ള ജീവിത ലക്ഷണങ്ങളെ ഭഗവദ്ഗീത പതിനെട്ടാമദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. കൃഷ്ണാവബോധമുള്ള ഒരു മനുഷ്യൻ ബ്രാഹ്മണനേക്കാൾ ഉത്കൃഷ്ട നാണ്. ബ്രഹ്മം അഥവാ സർവ്വോത്കൃഷ്ടമായ നിരപേക്ഷതത്ത്വം അറിയേണ്ടവരാണ് ബാഹ്മണർ. എന്നാൽ അവരിൽ ഒട്ടുമുക്കാലും കൃഷ്ണന്റെ അവ്യക്തിഗത ബ്രഹ്മഭാവത്തെയാണ് സമീപിക്കുന്നത്. എന്നാൽ (ബാഹ്മണ്യത്തിന്റെ ആ പരിമിത വിജ്ഞാനത്തിനപ്പുറം കടന്ന് പരംപുരുഷനായ ഭഗവാനെ അറിയുന്നവനാണ് കൃഷ്ണാവബോധ മുള്ളവൻ അഥവാ വൈഷ്ണവൻ, ശ്രീരാമൻ, നരസിംഹം, വരാഹം മുതലായ കൃഷ്ണന്റെ വിവിധ സമ്പൂർണ്ണ വിസ്തരണങ്ങളെക്കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നുണ്ട്, കൃഷ്ണാവബോധം. ഏതായാലും മനുഷ്യരുടെ ഈ ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്കതീതനാണ് കൃഷ്ണനെന്നിരിക്കെ കൃഷ്ണാവബോധം സിദ്ധിച്ചവനും മനുഷ്യവർഗ്ഗത്തിലെ വിഭാഗീയതയ്ക്കതീതനാണ്. ജാതി, രാഷ്ട്രടം, ഇനം തുടങ്ങിയവയിൽ ഏതിനെ മുൻനിർത്തിക്കൊണ്ടുള്ളതായാലും അതങ്ങനെത്തന്നെ.
പഞ്ചഭൂതശുദ്ധി
അഞ്ചുലക്ഷം മൂലദ്രവ്യങ്ങള്‍ നമ്മൾക്ക് തന്നിട്ടില്ല. വെറും അഞ്ചെണ്ണം മാത്രം. അവയെ നമ്മൾ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ പ്രപഞ്ചത്തെ അറിയാനാവും.
നമ്മുടെ ശരീരത്തില്‍ 72 ശതമാനം വെറും ജലമാണ്. 12% മണ്ണ്, 4% അഗ്നി 6% കാറ്റ് ബാക്കി ആകാശം.
ശരീരം നന്നായിരിക്കണമെങ്കില്‍ ഈ അഞ്ചു ഭൂതങ്ങളെ ശുദ്ധമാക്കി വയ്ക്കണം. ഇതിന് അടിസ്ഥാനമായ യോഗ പരിശീലനത്തെ ഭൂതശുദ്ധി എന്നു പറയുന്നു. ഈ ശുദ്ധി ക്രിയ ചെയ്യുമ്പോള്‍ പഞ്ചഭൂതങ്ങളുടെ മേല്‍ നമുക്ക് ഒരു മേല്‍ക്കോയ്മ ലഭിക്കും.
വാക്കിനും അറിവിനും അപ്പുറത്താണ് പ്രപഞ്ചത്തിന്‍റെ അപാരമായ സൃഷ്ടി. അതിനകത്തു പ്രവേശിച്ചു നീന്തിനോക്കുമ്പോള്‍, ലളിതമായ ഒന്ന് പലകോടി വലിപ്പത്തില്‍ ബൃഹത്തായി ഏറെ സങ്കീര്‍ണ്ണമായി, അലംഘനീയമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. വെറും അഞ്ച് കാര്യങ്ങള്‍ കൊണ്ട് കളിക്കുന്ന കളിയാണ് ഇത് എന്ന സൂക്ഷ്മസത്യം വെളിവാകുമ്പോള്‍ ജ്ഞാനം ഉദിക്കുന്നു.
യോഗപരിശീലനത്തിന്‍റെ ഒരു ഭാഗമായ പ്രാണായാമം ചെയ്യുമ്പോള്‍ കിട്ടുന്ന 6% മാറ്റം കൊണ്ടുതന്നെ പലരും ഏറെ സന്തോഷവാന്മാരായിത്തീരുന്നുണ്ട്. ഇത്തരത്തില്‍ പഞ്ചഭൂതങ്ങളെയും ശുദ്ധി ചെയ്താല്‍ ജീവന്‍തന്നെ മധുരതരമാവും
ബലരാമൻ
രോഹിണീപുത്രന്റെ നാമം
രാമന്‍ ആകുന്നു. യോഗീഹൃദയങ്ങളെ രമിപ്പിക്കുകയാലും സദാ സ്വയം എല്ലാറ്റിലും രമിക്കുകയാലും) ഈ കുഞ്ഞ് സങ്കര്‍ഷണന്‍ എന്നും അറിയപ്പെടും. ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ ദേവകീഗര്‍ഭത്തില്‍നിന്ന് രോഹിണിയിലേക്ക് ആകര്‍ഷിക്കുകയാല്‍. മാത്രമല്ല, ഇവന്‍ ശേഷനുമാകുന്നു. എല്ലാം നശിക്കുമ്പോഴും നാശമില്ലാത്തവനാകയാല്‍. അതിബലമുള്ളവനാകയാല്‍ ബലന്‍ എന്നും അറിയപ്പെടും.
രാമന്‍ എന്ന സംജ്ഞതന്നെ . സര്‍വ്വചേതനാചേതനങ്ങളിലും രമിക്കുന്നവന്‍ എന്നാണര്‍ത്ഥം. സര്‍വ്വത്തേയും രമിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അതാരാണ്? സാക്ഷാല്‍ ഈശ്വരന്‍! അഹമാദിശ്ച മാധ്യശ്ച ഭൂതാനാമന്തമേവ ച എന്ന ഭഗദ്വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതുമതാണല്ലോ? അതുപോലെ, അഹമാത്മാ ഗുഡാകേശ! സര്‍വ്വഭൂതാന്തരസ്ഥിതഃ എന്നുമുണ്ടല്ലോ? എല്ലാറ്റിലും ഒരുപോലെ സ്ഥിതിചെയ്യുന്ന രാമന്‍തന്നെയാണ് ഈശ്വരന്‍.
ശേഷന്‍ എന്ന അപരാഭിധാനവും ഇതേ മഹിമാനത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാം നശിച്ചാലും നശിക്കാതെ ശേഷിക്കുന്നവനാണല്ലോ ശേഷന്‍! ഉത്പത്തി സ്ഥിതി വിനാശങ്ങള്‍ക്കു കാരണം ഭഗവാനായിരിക്കേ പ്രളയത്തിലും ഭഗവാന് നാശമുണ്ടാവുകയില്ലല്ലോ. അതിനാല്‍, ശേഷന്‍ എന്ന പേരും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു മനസ്സിലാക്കാം. ശേഷിമാന്‍ എന്നും ഈ പദത്തിനര്‍ത്ഥം കാണാം. സര്‍വ്വശക്തന്‍ എന്നര്‍ത്ഥം. ലോകങ്ങളെ ധരിച്ച് സര്‍വ്വതിനേയും കാക്കുകയാല്‍ ശേഷന്‍ എന്ന സംജ്ഞ ഈശ്വരനേ യോജിക്കൂ. ശത്രുസംഹാരമടക്കമുള്ള ഭീമകര്‍മ്മങ്ങള്‍ നടത്തുന്നതിനാല്‍ ബലനുമാകുന്നു. ഭഗവാന്റെ ഇച്ഛയില്ലെങ്കില്‍ ലോകത്തൊരുവസ്തുവും ചലിക്കുകയില്ല. ആ മഹാതത്ത്വമാണ് ബലന്‍ എന്നതിലടങ്ങിയിരിക്കുന്നത്. ദഹനനും പ്രഭഞ്ജനനും ബ്രഹ്മത്തിനുമുന്നില്‍ പരാജയപ്പെട്ട ഔപനിഷദകഥ ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. ലോകത്തൊന്നിനും ബ്രഹ്മത്തോളം ബലമില്ലെന്ന് അക്കഥ വ്യക്തമാക്കി. അപ്പോള്‍, ബലന്‍ എന്ന നാമവും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു കരുതാം. സങ്കര്‍ഷണന്‍ എന്നതാണ് മറ്റൊരു പര്യായം. ഒന്നാലോചിച്ചാല്‍ ഈ സംജ്ഞയിലെ മഹാരഹസ്യം ബോദ്ധ്യപ്പെടും. ഒന്നായ ചൈതന്യമാണല്ലോ ആദ്യം രണ്ടായും പിന്നെ മൂന്നായും അനന്തരം അനേകകോടികളായും പരിണമിച്ചത്? അതിന് നിദാനമായ ഭഗവച്ഛക്തിതന്നെയാണ് സങ്കര്‍ഷണന്‍!
വേദങ്ങളിൽ ഇസ്ലാം കൃസ്ത്യൻ മതങ്ങളെ കുറിച്ച് പരാമർശമുണ്ടോ? ഒരു സുഹൃത്ത്
മറുപടി
വേദങ്ങൾ മതപരമായ കാര്യങ്ങൾ പറയുന്ന ഗ്രന്ഥമല്ല. വേദം എന്നാൽ ജ്ഞാനം എന്നാണ് അർത്ഥം. നാലു് വേദങ്ങൾക്കും ഉപ വേദമുണ്ട്. ഋഗ്വേദത്തിന്റെ ഉപ വേദം ആയുർവേദമാണ്. മൂലരൂപം അതിൽ കിടക്കുന്നു. വികസിത രൂപം അഥർവ്വവേദത്തിലും യജുർവേദത്തിന്റെ ഉപ വേദം ധനുർവ്വേദവും സാമവേദത്തിന്റെ ഉപ വേദം ഗാന്ധർവ്വ വേദവും ( സംഗീത ശാസ്ത്രം) അഥർവ്വവേദത്തിന് അർത്ഥശാസ്ത്രം ശിൽപ്പശാസ്ത്രം എന്നീ ഉപ വേദങ്ങളും ഉണ്ട്.
വേദാന്തവും ശാസ്ത്രിയവും ആദ്ധ്യാത്മികവുമായ വിവരണങ്ങളാണ് വേദത്തിൽ. അതിലെ ദേവത എന്നു പറയുന്നത് വിഷയം എന്ന അർത്ഥത്തിലാണ് ' ദേവത ഇന്ദ്രൻ എന്ന് പറഞ്ഞാൽ വിഷയം ഐശ്വര്യം എന്നാണ് ദേവത വിശ്വകർമ്മാവ് എന്നാൽ വിഷയം വിശ്വത്തെ നിർമ്മിച്ചവനായ ഈശ്വരൻ എന്നാണ്. ദേവത വിഷ്ണു എന്നു പറഞ്ഞാൽ വിഷയം - വിശ്വം മുഴുവൻ വ്യാപന സ്വഭാവമുള്ള ഈശ്വരൻ എന്നാണ്. ഭൗതികമായ ഒരു മതത്തെക്കുറിച്ചോ അവതാരങ്ങളെ കുറിച്ചോ പ്രവാചകന്മാരെ കുറിച്ചോ അതിലില്ല
ഹിന്ദു മതത്തെ കുറിച്ചു പോലും അതിലൊന്നുമില്ല. സനാതനമായ ധർമ്മം എന്ത്? സത്യം എന്ത്? എന്ന് മാത്രമാണ് അതിലുള്ളത്. അത് മാനവരാശിക്ക് മൊത്തം ഉള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അത് വൈദിക സംസ്കൃകൃതത്തിൽ ഉള്ളതാണ്. അത് ലൗകിക സംസ്കൃതത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ ചില വ്യത്യാസങ്ങൾ വന്നു. വേദം പദം നോക്കിയല്ല അർത്ഥമെടുക്കേണ്ടത് അത് ചൊല്ലുന്ന ഒരു രീതിയുണ്ട്. ആ ചൊല്ലുമ്പോൾ ഉണ്ടാകുന്ന അർത്ഥമാണ് എടുക്കേണ്ടത്.
കൃഷ്ണസ്മരണം
<><><><><><><><
കൃഷ്ണസ്മരണം മറ്റ് എല്ലാ ആചാരങ്ങൾക്കും ഉപരിയാണ്. ഒരായിരം ജന്മപാപങ്ങളെ പഞ്ഞിയെ അഗ്നിപോലെ ഒരറ്റ ഹരിസ്മരണം കൊണ്ട് കരിച്ചു കളയാനാവും . സംസാരസാഗരതരണം അവനിൽ ഭക്തിശ്രദ്ധയുള്ളവർക്ക് എളുപ്പമാണ്. പത്ത് അശ്വമേധത്തിനു തുല്യമാണ് ഒരു പ്രാവിശ്യം ശ്രദ്ധാപൂർവ്വ വിഷ്ണുവിനെ നമസ്ക്കാരം ചെയ്യുന്നത്. അശ്വമേധം ചെയ്യുന്നവന് പുനർജന്മമുണ്ട്, കൃഷ്ണ ഭക്തർക്ക് പുനർജന്മമില്ല. അതസീപുഷ്പസദൃശേമേനിയും പീതാംബരപ്പട്ടുമായ് ആ നീലാഭസുവർണ്ണജോതി ദർശിച്ചവർ അഭയരാണ്. ശംഖചക്രധാരിയായ ആ പ്രകാശനാദബ്രഹ്മം പരമപുരുഷൻ പരമപുരുഷാർത്ഥദായകൻ സർവ്വജീവാത്മാക്കളിലും ചരാചരങ്ങളിലും സർവ്വത്ര വ്യാപിച്ച് നിറഞ്ഞാടിയിരിക്കുന്ന ശക്തി. ഇക്കാണുന്ന സർവ്വം ഒരറ്റ ഏകദേവൻ ഇതറിഞ്ഞ വിവേകികൾ ശാശ്വതപരമാനന്ദം അനുഭവിക്കുന്നു , തന്നിൽതന്നെ അവനെ ഉണരുന്നു. പരമശാന്തി അനുഭവിക്കുന്നു. അവർക്ക് രോഗമോ ശോകമോ ഇല്ല ജനനമരണമോ ഇല്ല, അസമത്വങ്ങളില്ല, ഓങ്കാരത്തോടുകൂടി തന്നെ ഉപാസിക്കുന്നവരെ ഹരി തന്നിൽ ചേർക്കുന്നു. അവനേകൻ സൃഷ്ടിക്കുമ്പോൾ ബ്രഹ്മനെന്നും, രക്ഷിക്കുമ്പോൾ വിഷ്ണുവെന്നും, സംഹരിക്കുമ്പോൾ ശിവനെന്നും പേരുകൾ മാറി മാറി എടുക്കുന്നവൻ, രൂപങ്ങൾ മാറി മാറി സ്വീകരിക്കുന്നവൻ, വിജ്ഞാനമല്ലാതെ മറ്റ് യാതൊന്നും ത്രികാലാത്തിലും എങ്ങും ഉണ്ടായിട്ടില്ല. വിജ്ഞാനം പലതായി തോന്നുമെങ്കിലും ഉണ്മയിൽ ഒന്നേയുള്ളു. സ്വന്തം കർമ്മങ്ങളുടെ ഗതി അനുസരിച്ച് വ്യത്യാസം ഉണ്ടെന്നതോന്നലാണ്. പൂർണ്ണവും ശുദ്ധവും സാത്വികവും വേദനരഹിതവുമായ വിജ്ഞാനമാണ് ഈശ്വരൻ . ഏകവും ശാശ്വതവുമായ ആ വിജ്ഞാനം അഥവാ വിദ്യ തന്നെ വാസുദേവൻ അതല്ലാതൊന്നില്ല. ഈ ഉലകത്തിൽ നീ ഞാൻ മുതലായ ഭേദഭാവനകളൊടെ പരസ്പരം കലഹിക്കുന്നതിൽ അർത്ഥമില്ല. വർണ്ണരഹിതമായ ആകാശം വെളുപ്പും നീലയും ചുവപ്പുമൊക്കെയായി നിറം മാറി തോന്നുന്നതുപോലെ ഏകമായ അവനെ പലതായി തോന്നിക്കുന്നു. അച്ചുതനല്ലാതെതൊന്നിൽ ഞാൻ കാണുന്നില്ല, കേൾക്കുന്നില്ല , അറിയുന്നില്ല, അനുഭവിക്കുന്നില്ല. ഞാൻ അച്യുതം, വാസുദേവം, പുരുഷോത്തമം, ജഗദീശ്വരം. എൻ്റെ ഹൃദയസരസ്സിൽ ആ ഗുരുമാരുതഹംസം ശാശ്വതമായി വസിക്കുന്നു. ഭൂമീദേവി സത്യം മാത്രം വദിക്കുന്നു. ഞാനും നീയും സർവ്വവും നാരായണനാണ് . അവൻ്റെ ശക്തി രൂപങ്ങൾ നിത്യവും നിരന്തരവുമാണ്. ഏറ്റകുറച്ചെലുകൾ ഇല്ലാത്ത പരമാനന്ദ സ്വരൂപമാണവൻ. ലോകകല്യാണാർത്ഥം നാനാരൂപമെടുക്കുന്ന പരമാത്മാവ് എൻ്റെ രൂപഭാവങ്ങളും എടുത്തിരിക്കുകയാണ്. അവിദ്യയിൽ നിന്ന് മോചിപ്പിച്ച് എനിക്ക് വിദ്യതന്നത് ലോകകല്യാണത്തിനു വേണ്ടിയാണ്. ധർമ്മസംരക്ഷണത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയാണ്. ഇപ്രകാരം ഞാൻ എന്നിൽ ഹരിയെ കാണുന്നു, കേൾക്കുന്നു, അനുഭവിക്കുന്നു, അവനെ കുറിച്ച് കീർത്തനങ്ങൾ പാടുന്നു. എന്നിലെ അവനെ അവനിലെ എന്നെ സഹസ്രരൂപങ്ങളിൽ സ്തുതിച്ചു പാടുന്ന അദ്വൈതലഹരിയുടെ പ്രസാദ മധുരം അനാദികാലമായി ശ്രുതിസ്മൃതിപ്രോക്തമായ ഋഷിവാക്യമെന്ന അറിവിൽ വിനീതനാകുന്നു .........
ആരാധന
"""""""""""""
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ
ജലം,ഇല,പൂവ്,ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍ സ്വീകരിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു.
വ്യഷ്ടിയുടെയും സമഷ്ടിയുടെയും പാരസ്പര്യമാണിത്.
രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം.
എല്ലാ ജീവന്‍റെയും ഉത്ഭവം ജലമാണ്.ജലത്തില്‍ നിന്നവിര്‍ഭവിച്ച ഇലയാണ് നമുക്കു
വേണ്ട അന്നം തരുന്നത്.
തന്നെപ്പോലെ വേറൊരു സൃഷ്ടി നടത്താന്‍ യോഗ്യരാകുന്ന സമയമാണ് പുഷ്പ്പിക്കള്‍.
പൂവിന്‍റെ പൂര്‍ത്തീകരണമാണ് ഫലം. അടുത്തതിന്റെ വിത്ത്.
ജലത്തില്‍ ജീവശക്തിയായി ആരംഭിച്ചു നാമായിത്തീര്‍ന്ന പ്രയാണം തിരിച്ചറിയുന്ന വേളയില്‍ നമ്മുടെ ഭാവം സമര്‍പ്പിതമായിത്തീരും, വിനയാന്വിതമായിത്തീരും.
ഈ സമര്‍പ്പണമാണ് ഭഗവാന്‍ സ്വീകരിക്കുന്നത്.
ഈ രഹസ്യം ഒരിക്കല്‍ അറിഞ്ഞാല്‍ ഭഗവാനായിത്തീരും.
പിന്നെ ഭേദമില്ല.
എന്ത് ചെയ്യുന്നുവോ അതെല്ലാം-ഭക്ഷിക്കുന്നത്, അനുഭവിക്കുന്നത്,ഹോമിക്കുന്നത്,ദാനം ചെയ്യുന്നത്, തപസ്ച്ചര്യകളില്‍ ഏര്‍പ്പെടുന്നത്-ഒക്കെ ഭഗവാനില്‍ അര്‍പ്പിച്ചു ചെയ്യണം.
അര്‍പ്പിക്കുമ്പോള്‍ പിന്നെ നാമില്ല.
അപ്പോള്‍ ഞാന്‍ ചെയ്തു, ഞാന്‍ കാരണം, ഞാന്‍ ഞാന്‍ എന്നു പറയാന്‍ പറ്റില്ല.
ചെയ്യുന്നതൊക്കെ ഭഗവാന്‍.
അതാണ് ശരിയായ ആരാധന.
ഉണ്ണുക, ഉറങ്ങുക എന്നിവയിൽ മാത്രം ശ്രദ്ധയുള്ള ജീവികൾക്ക് അവസാനമില്ല.
എന്നാൽ, അവയിൽ വെച്ച് മനുഷ്യൻ വിശേഷബുദ്ധിയുള്ളവനത്രെ.
മനുഷ്യ ജന്മം കിട്ടുന്നത് നന്നെ പ്രയാസമുള്ള കാര്യമാണ്.
ഇത്തരം ജന്മം കിട്ടിയിട്ടും, മനുഷ്യൻ അവനവന് താൻ തന്നെ ശത്രുവായും വരാം, മിത്രമായും വരാം.
ദൈവത്തിൽ മനസ്സുറപ്പിച്ച്, തന്റെ മുക്തിമാർഗത്തെ തേടുന്ന മനസ് തനിക്ക് മിത്രവും, അല്ലാത്തത് ശത്രുവുമാണത്രെ.
.ആധുനിക മനശ്ശാസ്ത്രത്തോട് കിട പിടിക്കുന്ന ഈ ചിന്ത തീർത്തും യുക്തിസഹമാണ്.
സത്യത്തിൽ നമുക്ക് ശത്രുക്കളില്ല..
തനിക്ക് താൻ തന്നെയാണ് ശത്രു.
ശത്രുതാ ഭാവം നമ്മുടെ മനസിൽ നിന്ന് പോകുമ്പോൾ ശത്രുവും നശിക്കുന്നു,
ശത്രു മിത്രമായിത്തീരുന്നു.
വലത്തേ കവിളിൽ അടിച്ചാൽ ഇടത്തേ കവിളും കാട്ടി സ്നേഹത്തിലുടെ ശത്രുവിന്റെ ശത്രുതാ ഭാവത്തെപോലും നീക്കാൻ?? ഗാന്ധിജിയും ഇതു തന്നെയല്ലേ പിൻതുടർന്നത്??
ഒരു പക്ഷെ മറ്റൊരാളുടെ ശത്രുതാ ഭാവത്തെ നീക്കാനെളുപ്പമായിരിക്കും…….
നമ്മുടെ മനസിന്റെ ശത്രുതാ ഭാവത്തെ മാറ്റാൻ തന്നെയാണ് കഷ്ടപ്പാട്………
ഈ ചീത്ത ഭാവം നീക്കിയാൽ കാണാം ഈശ്വരൻ അവിടെ വിളങ്ങുന്നത്…! !
പിന്നെ ഈ ചൈതന്യം മതി ഏത് പ്രതിസന്ധിയിലും നമ്മെ കൈപിടിച്ച് നടത്താൻ ! !
അതപ്പോൾ നമുക്ക് മിത്രമായിത്തീരുന്നു ! !
ആ കൈത്താങ്ങ് ഒന്നനുഭവിച്ചറിയേണ്ടതു തന്നെയാണ്……
സ്നേഹമാണഖിലസാരമൂഴിയിൽ….. എത്ര ശരി! !
നമ്മുടെ ദർശനം - ഹിമാലമെന്ന അത്ഭുത ഭൂമിയും
ശിവപ്രീതിക്കായി പാർവ്വതി തപസ്സു ചെയ്യുന്നു... .. …
പ്രപഞ്ചത്തിലെ സുന്ദരമായ എല്ലാ വസ്തുക്കളുടേയും സമഗ്രതയാണ് പാർവ്വതീ രൂപം……
സൗന്ദര്യത്തിന്റെ അനുപമ രൂപം…… ….. ….
ഭൂമിയിലുള്ള എല്ലാ സൗന്ദര്യത്തേയും ഒരിടത്ത് കാണാനാണത്രെ ബ്രഹ്മാവ് പാർവ്വതിയെ സൃഷ്ടിച്ചിരിക്കുന്നത്. …. … ..
പക്ഷെ എന്നിട്ടും തപസ്സു ചെയ്തു കൊണ്ടിരുന്ന ശിവന്റെ മനസ്സ് ഒരു നിമിഷം ഒന്നു വ്യതിചലിപ്പിക്കാനേ ആ സുന്ദരരൂപത്തിന് സാധിച്ചുള്ളൂ….. ….
ഉമാ മുഖത്ത് തന്റെ കണ്ണുകൾ ഉടക്കി, മനസ് പതറുന്നത് തിരിച്ചറിഞ്ഞ ശിവൻ ഉടൻ സ്വയം നിയന്ത്രിച്ചു, കാമദേവനെ ഭസ്മമാക്കി. ..
തന്റെ കൺമുന്നിൽ വെച്ച് കാമദേവൻ കത്തിച്ചാമ്പലാകുന്നതു കണ്ട പാർവ്വതി ,സ്വന്തം രൂപ സൗന്ദര്യത്തിൽ ആശ കൈ വെടിഞ്ഞ് ,
തപസ്സുകളെക്കൊണ്ട് തന്റെ മനസ്സിനെ കീഴടക്കി തന്റെ രൂപത്തെ സഫലമാക്കാൻ തീരുമാനിച്ചു. അല്ലെങ്കിൽ അത്തരമൊരു ഭർത്താവിനേയും, പ്രേമത്തേയും എങ്ങനെ ലഭിക്കാനാണ്? ..
ശിവനെപ്പോലെയുള്ള ഒരു മഹദ് വ്യക്തിയെ ലഭിക്കാൻ രൂപ സൗന്ദര്യം മാത്രം പോരെന്ന് പാർവ്വതി തിരിച്ചറിഞ്ഞു. ..
മനസ്സിന്റെ പക്വത കൂടിയാണ് പ്രണയത്തിന്റെ പരിപൂർണത. .
അത്രയും ഉത്തമനായ ഭർത്താവിനേയും, പരിപാവനവും, ഉദാത്ത വും, പൂർണതയുള്ളതുമായ പ്രണയത്തേയും നേടുക….
അതായിരുന്നു അവളുടെ ലക്ഷ്യം… അതിനുള്ള ഉപായമായി തപസ്സും……
നിരന്തര പരീക്ഷണങ്ങളിലൂടെ മനസ് പരിപാകം വരുമ്പോൾ മാത്രമാണ് ഏത് കാര്യത്തിലും തികഞ്ഞ ഉൾക്കാഴ്ച ഉണ്ടാകുന്നത്. …….. ….
ജീവിതത്തിൽ ഏത് കാര്യം നേടുന്നതിലും ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ ആ നേട്ടം നമുക്ക് വിലയുള്ളതാകുന്നു….. …
ഒരു നേട്ടവും പെട്ടെന്ന് കൈവരിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക. അത് പണമായ്ക്കോട്ടെ, ബന്ധങ്ങൾ ആയ്ക്കോട്ടെ, സ്ഥാനമാനങ്ങൾ ആയ്ക്കോട്ടെ….
എന്ത് തന്നെയായാലും തപസ്സ്( നിരന്തര പരീക്ഷണങ്ങളിലൂടെ) ചെയ്ത് നേടുക…..
തീർച്ചയായും അത് നിലനിൽക്കും….
അതിൽ തികഞ്ഞ സംതൃപ്തിയും കാണാനാകും. ……..
വഴിപാട്
ഒരു വഴിപാട് നേരുന്ന ഭക്തൻ്റെ മനസ്സ് തത്സമയം മുതൽ പ്രാർത്ഥനനിർഭരമാകാൻ തുടങ്ങുന്നു. ഉദ്ദിഷ്ട്കാര്യസിദ്ധിക്കുള്ള ഇച്ഛയും ഒപ്പംതന്നെ ഉണ്ടാകുമല്ലോ. മനസ്സ് പൂർണ്ണമായി ഭഗവാനിൽ കേന്ദ്രീകരിച്ചു തുടങ്ങുമ്പോൾ, തന്നിൽ കുണ്ഡലിതമായിരിക്കുന്ന ആത്മശക്തിയുടെ ലേശാംശത്തെയെങ്കിലും ഉണർത്തി വിടുന്നതുകൊണ്ട്. തൻ്റെ ഇച്ഛശക്തി ഫലപ്രദമായി തീരുന്നു എന്നുള്ളത് ശാസ്ത്രസിദ്ധമാണല്ലോ. ക്ഷേത്രത്തിൽ വെറുതെ പോയി പ്രാർത്ഥിക്കുന്നതു കൊണ്ടുണ്ടാവുന്ന കുണ്ഡലിന്യുത്ഥാപനമെന്ന അവസ്ഥയെക്കാൾ എത്രയൊ പതിന്മടങ്ങ് ഫലപ്രദമാണ് വഴിപാട് കഴിച്ചുകൊണ്ടുള്ള പ്രാർത്ഥന. പൂജാംഗമായി തൻ്റെതായിരിക്കുന്ന എന്തേങ്കിലും മൗലിക ഘടകാംശത്തെ പ്രതീകാത്മകമായി സമർപ്പിക്കുമ്പോൾ "സർവ്വം ത്യജ തിയസ്തസ്യ" എന്ന അവസ്ഥാ വിശേഷത്തിലേക്ക് ഭക്തൻ ഉയരുന്നുണ്ട്. ത്യജിച്ചുകൊണ്ടുള്ള യജ്ഞപരമായ അനുഷ്ഠാനം കൊണ്ട് ഭൗതീകവും ആത്മീയവുമായി അത്ഭുതകരമായ നേട്ടം കൈവരിക്കാൻ സാധിക്കുന്നു
നാളികേരം അടിക്കുന്ന വഴിപാട്
മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കാമ്പും ചേർന്ന് ചിന്നഭിന്നമാകുകയും അന്തർഭാഗത്തുള്ള ജലം ബഹിർഗ്ഗമിച്ചൊഴുകയും ചെയ്യുന്നുണ്ടല്ലോ. അനേകം സാധനാമാർഗ്ഗത്തിലൂടെ യോഗശാസ്ത്രദൃഷ്ട്യാ മൂലാധാരപത്മത്തിൽ സുപ്താവസ്തയിലുള്ള കുണ്ഡലിനീ ശക്തിയിൽ ആഞ്ഞടിക്കുമ്പോഴാണല്ലോ ഈ ശക്തി ഉപര്യുപരിയായുള്ള ഷഡാധാരങ്ങളെയു ഭേദിച്ച് തൻ്റെ ലക്ഷ്യസ്ഥാനമായ സഹസ്രാരപത്മത്തിലെ പരമശിവപദത്തിൽ ലയിക്കുന്നത് . ഗണപത്യ സങ്കൽപ്പമാകട്ടെ പൃഥ്വീ സ്ഥാനമായ മൂലാധാരചക്രത്തിൻ്റെ അധിഷ്ടാന ദേവതയാണ് ഗണപതി എന്നതാണ്. അതായാത് യോഗമന്ത്രസാധനകളിലൂടെ ഉയർന്ന് ബോധത്തിലേക്ക് കുതിച്ചുരാൻ തയ്യാറായിട്ടുള്ള കുണ്ഡലിന്യാഗ്നിയുടെ സ്വരൂപമാണെന്നർത്ഥം. നാളികേരത്തിൻ്റെ പുറംതോട് സ്ഥൂലശരീര പ്രതീകവും അകത്തെ കാമ്പ് സൂക്ഷശരീരവും അതിനകത്തെ മധുരപൂർണ്ണമായ ജലം കാരണജലമെന്ന് ആപസ്സിൻ്റെ പ്രതീകവുമാണ്. അന്തർമുഖമായ സാധനയിലൂടെ തൻ്റെ ബോധ തലത്തെ ഉയർത്തി "അഹം ബ്രഹ്മാസ്മി" എന്ന ബോധതലത്തിലേക്ക് എത്തിക്കുന്ന പ്രക്രിയയാണിത്. അഭിഷ്ടകാര്യസിദ്ധിക്കുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യുവാൻ വിഘ്നവിനാശകനായ വിനായകഭഗവാൻ്റെ ആരാധനക്ക് അനുയോജ്യമായ വഴിപ്പാട് തന്നെയാണിത്. ചിന്നഭിന്നമായ നാളികേരത്തെ പോലെ തൻ്റെ വിഘ്നനിവാരണം ഈ ആരാധനയിലൂടെ സാധിതപ്രായമാകാത്ത ഭക്തന്മാർ ആരുണ്ട്?.
എല്ലാ ഇന്ദ്രിയങ്ങളും ഈശ്വരാർപ്പണമായി പ്രവർത്തിക്കുന്നതോടെ മനസ്സിനും, ശരീരത്തിനും ഒരുണർവ്വ് കൈവരുന്നു……..
അപ്പോൾ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർത്ത് നാം ദു:ഖിക്കാതാകുന്നു. .
മഹാപാപി തന്റെ പാപം മറയ്ക്കാൻ കൃഷ്ണ, രാമ എന്നിങ്ങനെ സദാ ഭജിച്ചുകൊണ്ടിരിക്കുന്നു. … ….. …. . ശരിയായ ഭക്തരെ ഇവർ കളിയാക്കുകയും, നിന്ദിക്കുകയും ചെയ്യുന്നു..,
ഇന്ന് ഭക്തി ഒരു ഫാഷനായിരിക്കുന്നു. തീർത്ഥാടനമെന്നത് വിനോദയാത്ര പോലെയായിരിക്കുന്നു..
ഭക്തൻ
ഭഗവാന്റെ നാമങ്ങൾ ചൊല്ലിയും, ഭഗവാന്റെ രൂപം ധ്യാനിച്ചും, ഭഗവാന്റെ കഥകൾ പറഞ്ഞും മുഴുകി ആനന്ദത്തിലാറാടുന്ന ഭക്തരാണ് ഭാഗ്യവാൻമാർ. …. … ….
… എന്നാൽ, ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ദൈനംദിന കർമ്മങ്ങളിൽ മുഴുകുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾക്ക് സമയം വളരെ ദുർലഭം. .
ഭക്തൻ സർവ്വസംഗപരിത്യാഗിയാണ്….
തീർച്ചയായും അത്തൊരമൊരാൾക്ക് ഇങ്ങനെ നാമം ചൊല്ലിയും മറ്റും ആനന്ദസാഗരത്തിലാറാടാം.
എന്നാൽ, ഒരു ഗൃഹസ്ഥനോ, ഗൃഹനാഥയ്ക്കോ ഇത്രയും കാര്യങ്ങൾ ചെയ്യാൻ നേരം കിട്ടുകയില്ല എന്നതിനാൽ, ഇപ്പറഞ്ഞതെല്ലാം തന്റെ കർമ്മങ്ങളിലൂടെ സാധിക്കേണ്ടതാകുന്നു. സ്വന്തം കടമകൾ തന്നെയാണ് അവർക്ക് ഭഗവത് സ്മരണ. മറ്റുള്ളവർക്ക് സുഖം നൽകുന്ന രീതിയിലുള്ള നല്ല സംസാരമാണ് നാമം ചൊല്ലൽ. ലോകത്തു നടക്കുന്ന നല്ല കാര്യങ്ങൾ ഉൾക്കൊള്ളുകയും, അത് മറ്റുള്ളവരിലേയ്ക്ക് സംവദിപ്പിക്കലുമാണ് ഭഗവത് കഥകളായി കാണേണ്ടത്. കൂട്ടത്തിൽ മുൻ പറഞ്ഞ നാമം ചൊല്ലലും, ഭഗവത് സ്മരണയും മറ്റും ഈ പ്രവൃത്തികളെ ബലം വെപ്പിക്കുന്നു ….
എല്ലാവർക്കും യാതൊരു തടസ്സവും കൂടാതെ തന്റെ കടമകൾ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ
ഗോപസ്ത്രീ വസ്ത്രാപഹരണം
ഭഗവാനിൽ അതിയായ പ്രേമത്തോടു കൂടിയ ഗോപസ്ത്രീകൾ ഭഗവത് പ്രാപ്തിക്കായി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടേ യിരുന്നു……. ദിവസവുമുള്ള അവരുടെ ഹൃദയവേദന അവരെ ഭഗവാനിലേയ്ക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു……………… പ്രണയം എന്നും ഹൃദയത്തെ ആർദ്രമാക്കും…. ഭഗവാനോടുള്ള പ്രണയം ഹൃദയനൈർമ്മല്യം കൂടി കൈവരുത്തും……….. ഇക്കാര്യം ആശ്രിതവത്സലനായ ഭഗവാനറിയാതെ തരമില്ലല്ലോ….. അങ്ങനെ തരളിത ഹൃദയരും, പരിശുദ്ധരുമായ ആ ഗോപസ്ത്രീകൾ ഒരു ദിവസം ജലക്രീഡ ചെയ്യുമ്പോൾ ഉണ്ണിക്കണ്ണൻ അവിടെ എത്തുകയും, കരയ്ക്കു അഴിച്ചുവെച്ചിരുന്ന അവരുടെ വസ്ത്രങ്ങൾ അപഹരിക്കുകയും ചെയ്തു. കരയ്ക്കു കയറി വസ്ത്രമിടാൻ നോക്കിയ അവർ കൃഷ്ണനെ കാണുകയും, തങ്ങളുടെ നഗ്നതയിൽ ലജ്ജിതരാവുകയും ചെയ്തു.
കരയ്ക്കു കയറി വന്നു കൈകൂപ്പി തൊഴുതവരും നഗ്നകളായി ജലക്രീഡ ചെയ്തതു കൊണ്ടുള്ള പാപമെല്ലാം ഈ പ്രായശ്ചിത്തമെല്ലാം നശിച്ചവരും താൻ മാത്രം ശരണമായിട്ടുള്ളവരും ആയ ആ സുന്ദരിമാരെ കണ്ടിട്ട് അങ്ങ് എല്ലാ വസ്ത്രങ്ങളും പിന്നീട് അനുഗ്രഹമായിട്ട് ഇപ്രകാരമുള്ള വാക്കും സന്തോഷത്തോടെ നൽകി.
ഇവിടെ എന്തിനാണ് കണ്ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ അപഹരിച്ചതെന്ന് ചിന്ത്യം… തങ്ങളുടെ മനസ്സ് മുഴുവൻ കണ്ണനിൽ അർപ്പിച്ചെങ്കിലും, തങ്ങളുടെ ശരീര ബോധം ഭഗവത് സാമീപ്യത്തിന് അവർക്ക് ഒരു വിലങ്ങുതടിയായിരുന്നു.. താൻ സ്ത്രീയാണ്, പുരുഷനാണ്,… സുന്ദരനാണ്, സുന്ദരിയല്ല…… തുടങ്ങിയ ശരീര ബോധം മാറ്റുക എന്ന ത്രെ ഭഗവാന്റെ ഉദ്ദേശം …. വസ്ത്രാപഹരണത്തിലൂടെ അദ്ദേഹമവർക്ക് ശരിയായ സ്വത്വബോധം ഉണ്ടാക്കിക്കൊടുത്തു…….. താനീ ശരീരമല്ലെന്നും, തന്റെ ആത്മാവ് ഭഗവാന്റെ അംശമാണെന്നും അവർ മനസ്സിലാക്കി.. ഭഗവാനേ. !! തങ്ങളുടെ സൗന്ദര്യത്തിൽ മദിക്കാനോ, സൗന്ദര്യമില്ലായ്മയിൽ ഖേദിക്കാനോ ഇടവരാതെ, യൗവനത്തിളപ്പിലോ , രൂപഭംഗിയിലോ അഹങ്കരിക്കാതെ, യഥാകാലം വന്നു ചേരുന്ന ജരാനരകളെ അതിന്റേതായ യാഥാർത്ഥ്യബോധത്തോടെ സ്വീകരിച്ച്…. നശ്വരമായ ശരീരത്തിൽ അമിത ശ്രദ്ധ പുലർത്താതെ കഴിയാൻ ഞങ്ങളെപ്പോലെയുള്ളവർക്ക് സാധിക്കണേ… അതേസമയം , ശരീരത്തെ ലക്ഷ്യപ്രാപ്തിക്കായുള്ള ഒരുപാധിയായി കാണണം.
ശരീരമാദ്യം ഖലു ധർമ്മ സാധനം
( ശരീരം എന്നത് ധർമ്മത്തെ സാധിക്കാനുള്ള ഒരു പായം )
ശത്രുതാ ഭാവം
ഉണ്ണുക, ഉറങ്ങുക എന്നിവയിൽ മാത്രം ശ്രദ്ധയുള്ള ജീവികൾക്ക് അവസാനമില്ല. എന്നാൽ, അവയിൽ വെച്ച് മനുഷ്യൻ വിശേഷബുദ്ധിയുള്ളവനത്രെ. മനുഷ്യ ജന്മം കിട്ടുന്നത് നന്നെ പ്രയാസമുള്ള കാര്യമാണ്. ഇത്തരം ജന്മം കിട്ടിയിട്ടും, മനുഷ്യൻ അവനവന് താൻ തന്നെ ശത്രുവായും വരാം, മിത്രമായും വരാം. ദൈവത്തിൽ മനസ്സുറപ്പിച്ച്, തന്റെ മുക്തിമാർഗത്തെ തേടുന്ന മനസ് തനിക്ക് മിത്രവും, അല്ലാത്തത് ശത്രുവുമാണത്രെ.
ആധുനിക മനശ്ശാസ്ത്രത്തോട് കിട പിടിക്കുന്ന ഈ ചിന്ത തീർത്തും യുക്തിസഹമാണ്. സത്യത്തിൽ ന...
അഹംങ്കാരം
നമ്മുടെ ജീവിതം നമ്മളായിട്ട് നയിക്കുന്നു,
സ്വന്തം കഴിവു കൊണ്ട് ഉന്നതങ്ങളിലെത്തുന്നു,
സുരക്ഷിതമായ വീടുണ്ടാക്കുന്നു,
ധനം സ്വരൂപിച്ച് കൂടുതൽ കൂടുതൽ സുരക്ഷിതരാകാമെന്ന് കരുതുന്നു……..
എല്ലാം വെറുതെ………….
നമുക്ക് നമ്മുടെ ജീവിതത്തെ സംരക്ഷിക്കാനുള്ള കഴിവില്ല. …. …. ….
ജീവിതത്തെ മുന്നോട്ട് നയിക്കാനും ആവില്ല……….
പലപ്പോഴും ജീവിതത്തിൽ നമുക്ക് സംഭവിക്കുന്നത് ആകസ്മികതയാണ്…….. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു….. … .. കഷ്ടപ്പെട്ട ഉഴലുന്ന നിമിഷങ്ങളിൽ , എവിടുന്നെന്നറിയാതെ സഹായഹസ്തങ്ങൾ നീളുന്നു, ഒരു താങ്ങായ് ചിലപ്പോൾ ചിലർ നമ്മെ തേടിയെത്തുന്നു…….
തീർത്തും യാദൃച്ഛികമായി…….. …..
ശ്രദ്ധിച്ചാൽ മനസ്സിലാകും……
അതു തന്നെയാണ് ഭഗവാൻ …….
അനവധി സന്താനങ്ങളെ നഷ്ടപ്പെട്ട ബ്രാഹ്മണന്റെ സങ്കടം കണ്ടും,
"ദൈവഹിതമാണ്, മാറ്റാൻ പറ്റില്ല
എന്ന മട്ടിലുള്ള ഭഗവാന്റെ ഉദാസീനത കണ്ടും തന്റെ ശക്തിയിൽ അതീവ വിശ്വാസമുള്ള അർജുനൻ ബ്രാഹ്മണ ഗൃഹത്തിൽ ചെന്ന് പ്രസവമുറി തന്റെ ദിവ്യാസ്ത്രങ്ങളാൽ സംരക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പിറന്ന ഉണ്ണിയും മരിക്കുകയാണ് ഉണ്ടായത്. . . . . . .
ഇതിൽ അസഹനീയനായ അർജ്ജുനൻ , യമപുരം, സ്വർഗ്ഗം, മറ്റ് ദേവലോകങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെന്ന് ഉണ്ണിയെ കണ്ടു പിടിക്കാൻ ചെന്നെങ്കിലും ശ്രമം വിഫലമായിക്കണ്ട് അഗ്നിയിൽ ചാടാൻ തീരുമാനിച്ചു…
അർജ്ജുനൻ അഗ്നിയിൽ ദേഹ ത്യാഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ പോലെ,
അർജ്ജുനന്റെ അഹങ്കാരത്തെ മാറ്റി കണ്ണ് തുറപ്പിച്ച പോലെ,
നമ്മളും നമ്മുടെ ഐശ്വര്യത്തിലും, സമ്പത്തിലും, സ്ഥാനമാനങ്ങളിലും അഹങ്കരിക്കുമ്പോൾ ഒന്ന് തട്ടി കണ്ണ് തുറപ്പിക്കാറില്ലേ?……. ……..
ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഭഗവാൻ നമുക്ക് താക്കീത് നൽകുന്നത്.
ഭഗവാനെ! ഒന്നിലും അഹങ്കാരിക്കാൻ ഇടവരരുതേ! !
പാണ്ഡിത്യവും, ബ്രാഹ്മണ്യവും, ആ ഭിജാത്യവും … ഒന്നുമൊന്നും ഭക്തന് ബാധകമല്ല……അതെ, ഏതൊരു ഭക്തനേയും അറിഞ്ഞനുഗ്രഹിക്കാനുള്ള അങ്ങയുടെ ആ ദയാവായ്പ്…… ആശ്ചര്യം തന്നെ…!!
ഒരിക്കൽ മേൽപ്പത്തൂരിന് പോലും ചില ദുർബ്ബല നിമിഷങ്ങളിൽ തോന്നിയ അഹങ്കാരത്തെ അങ്ങ് തുടച്ചു നീക്കിയല്ലോ. മേൽപ്പത്തൂരിൻ വിഭക്തിയേക്കാൾ പൂന്താനത്തിൻ ഭക്തിയാണെനിക്കേറെയിഷ്ടം
അതുപോലെ, ഒരിക്കൽ കുറച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് അങ്ങ് ദർശനം അതിഭക്തകളായ ബ്രാഹ്മണ സ്ത്രീകളെ അറിഞ്ഞനുഗ്രഹിച്ചത്രെ..
വളരെ ഭക്തകളായ ഈ സ്ത്രീകൾക്ക് ദർശനമരുളാനായി അങ്ങൊരു ദിവസം കുറച്ച് കുട്ടികളെ ഈ ബ്രാഹണ കുടുംബങ്ങളിലേയ്ക്കയച്ച് ഭക്ഷണം യാചിപ്പിച്ചു…. ഉത്തമ ബ്രാഹ്മണരെന്ന് ഊറ്റം കൊണ്ടിരുന്ന ആ ബ്രാഹ്മണർ അത് തീരെ ഗൗനിച്ചില്ല…….. ബ്രാഹ്മണ സ്ത്രീകൾ, വളരെ ഭക്തരും, നിർമ്മല ഹൃദയരും ആണെന്നിരിക്കിലും , അവരുടെ ഭർത്താക്കന്മാരായ ആ ബ്രാഹ്മണർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ നിന്നും വിലക്കി…. എന്നാൽ, ആ ഉത്തമ സ്ത്രീകൾ ആ വിലക്കിനെ അവഗണിച്ച് കുട്ടികൾക്ക് സദ്യ വട്ടം തന്നെ ഒരുക്കി കൊടുത്തു….. .. അവർക്ക് ഭഗവാൻ ദർശനം നൽകിയത്…
മുടിക്കെട്ടിൽ മയിൽപ്പീലി കിടന്നാടുന്നവനായും, തങ്ങളെ ആർദ്രമായി ഉറ്റു നോക്കുന്നവനായും, സുഹൃത്തിന്റെ തോളത്ത് ചാരി നിൽക്കുന്നവനുമായ അങ്ങയെ ആ സ്ത്രീകൾ കണ്ടു!! ഭാഗ്യവതികൾ !!
ഇവിടെ നാം ചിന്തിക്കേണ്ടത് നിത്യവും സന്ധ്യാവന്ദനം ചെയ്യുന്നവരും, യാഗങ്ങൾ ചെയ്യുന്നവരും, പണ്ഡിതന്മാരുമായ ആ ബ്രാഹ്മണർക്ക് എന്ത് കൊണ്ട് ഈ ഭാഗ്യം കൈവന്നില്ല എന്നതാണ്…. അവർ ശരിയായ അറിവ് നേടിയില്ല എന്നതാണ് സത്യം… അതാണ് പറയുന്നത് ബ്രാഹ്മണ്യമെന്നത് ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് കിട്ടേണ്ടത്…
മറ്റൊരു ശ്രദ്ധേയമായ കാര്യം………….. ഈ പതിവ്രതകളായ സ്ത്രീകൾ ഭർത്താക്കന്മാർ വിലക്കിയിട്ടും ആ ഭക്ഷണം ചോദിച്ചു വന്ന കുട്ടികളെ വേണ്ട പോലെ ആദരിച്ചു എന്നാണ്…. നമ്മളോർക്കേണ്ട കാര്യം ഇവിടെ സൂചിപ്പിച്ചിരിക്കുന്നു…..ഭർത്താവ് പറയുന്ന കാര്യം നല്ലതാണെങ്കിൽ മാത്രം ഭാര്യ അനുസരിച്ചാൽ മതി… ധർമ്മം ചര എന്ന് പറയുമ്പോൾ അധർമ്മത്തെ പിൻതുണയ്ക്കണ്ട കാര്യമില്ലല്ലോ…… ഭർത്താവ് അധർമ്മമാണ് ചെയ്യുന്നതെങ്കിൽ ഭാര്യ അത് ചൂണ്ടിക്കാണിക്കണം…. തെറ്റ് തിരുത്താൻ അവൾ സഹായിക്കണം….. അപ്പോൾ മാത്രമേ അവൾ ഭാര്യാപദവിക്കർഹയാകുന്നുള്ളൂ…….
ഈ സ്ത്രീകളുടെ കേവലമായ ഭക്തിയുടെ ശക്തി കണ്ട് അവരുടെ ഭർത്താക്കന്മാരും ഉത്തമ ഭക്തരായിത്തീർന്നത്രെ……….. ഭാഗ്യം ! ഭാഗ്യം ! .:……………………….. ഭഗവാനേ !
ബ്രഹ്മചര്യാശ്രമത്തില്‍ മന്ത്രഭാഗമായ സംഹിതയെ സ്വായത്തമാക്കി ഗൃഹസ്ഥാശ്രമത്തില്‍ കര്‍മ്മപരമായ ബ്രാഹ്മണത്തെ അനുഷ്ഠിച്ച് വാനപ്രസ്ഥത്തില്‍ ഉപാസനാ പ്രധാനമായ ആരണ്യകത്തിലൂടെ
സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ച് ജ്ഞാനരൂപമായ ഉപനിഷത്തിലെത്തി മുക്തിയെ നേടുന്നു.
നമ്മൾ ഈ കാണുന്നതും, കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം, മനസ്സിന്റെ തന്നെ സൃഷ്ടിയാണ്, കയറിൽ പാമ്പ് പോലെ, കുറ്റിയിൽ പ്രേതം പോലെ, മരുഭൂമിയിൽ മരീചിക പോലെ, ചിപ്പിയിൽ വെള്ളി പോലെ. നമ്മൾ കാണുന്നതൊന്നും പൂർണ്ണ സത്യമല്ല. ജഡമായ പ്രപഞ്ചത്തിൽ നമ്മുടെ മനോധാരണകളെ അതിനു മേലെ വെച്ച് പിടിപ്പിച്ചു (superimpose) നമ്മൾ ഓരോന്ന് ഉണ്ടാക്കി കാണുന്നു അനുഭവിക്കുന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളിലെ ചിന്തകളും കർമ്മങ്ങളും കൊണ്ട് നമ്മൾ വർത്തിയെടുത്ത മനസ്സെന്ന ഭൂതം കാണിച്ചു തരുന്ന വെറും ഇന്ദ്രജാലപ്രകടനങ്ങൾ മാത്രമാണ് എല്ലാം. നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടികളിൽ നിന്നാണ് നമുക്ക് ഭയം രാഗം ദ്വേഷം എന്നിവകളെല്ലാം ഉണ്ടാകുന്നത്. പുറത്തെന്നവണ്ണം കാണുന്ന ദൃശ്യങ്ങളെല്ലാം നമ്മൾ തന്നെ എന്നറിഞ്ഞാൽ ഭയമില്ല. ദൃശങ്ങൾ ഉണ്ടാക്കുന്നത് പൂർവ കർമ്മ വാസനകളാലാണ്, നമ്മളിൽ നിന്ന് തന്നെ ഉണ്ടാകുന്ന ദൃശ്യങ്ങളെ എന്തിനു ഭയക്കണം. ഒന്നും നമ്മൾ കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും പോലെയല്ല സത്യത്തിൽ നടക്കുന്നത്. സത്യത്തിൽ ഈ ലോകത്തിലെ, ജീവിതത്തിൽ ഒന്നും ഒരിടത്തും നിത്യമായി നില്ക്കുന്നില്ല, എല്ലാം ഉണ്ടായി നിലനിന്നു മാറി മാറി പോകുന്നതാണ്, മായയാണ് , മനസ്സ് മായയാണ്, ദുഖത്തിന്റെ കലവറയാണ്. വന്നു ചേരുന്നതും, വരാത്തതും, വിട്ടുപോകുന്നതും വിട്ടു പോകാത്തതുമെല്ലാം ദുഃഖം തന്നെ. നാം ഇതിലൊന്നും പതറരുത്, വിശ്വസിക്കരുത്. നമ്മൾ മനസ്സിന്റെ ഈ മായക്കളികളെ മനസ്സിലാക്കണം.
ഈ ശരീരം നേര്‍ത്ത ദുര്‍ബലമായ താത്‌കാലികമായ ഒരു സംഘാതം മാത്രമാണ്, അതിൽ ജരാ നരകളും വ്യാധികളും വരാൻ അവസരം കാത്തു നില്‍ക്കുന്നു. കുമിള പോലെയുള്ള ഈ നേര്‍ത്ത ശരീരം വിട്ടു പോകുന്നതിനു മുൻപ് പരമസത്യ പ്രകാശം എനിക്കറിയണം അനുഭവിക്കണം. അതുകൊണ്ട് പഴയ സംസാര ദുഖങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും, പ്രലോഭനങ്ങളിലേക്കും വെറുപ്പുകളിലേക്കും ഭേദ ചിന്തകളിലേക്കും ഇനിയൊരു തിരിച്ചു പോക്കില്ല. ഇനിയും മുന്നോട്ടു തന്നെ. സംസാരം ദുഖത്തിന്റെ കലവറയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ ലോകത്തി ൽ ആശ്രയിക്കാൻ പറ്റിയ ഒന്നുമില്ല, വരുന്നതെല്ലാം വിട്ടു പോകും, ഉണ്ടായതെല്ലാം ഇല്ലാതാകും, കൂടിചേരുന്നതെല്ലാം വിട്ടു പിരിഞ്ഞു പോകും, അങ്ങിനെ തൊടുന്നതെല്ലാം ദുഃഖം തരുമെന്ന് മനസ്സിലായാൽ പിന്നെ ആശയക്കുഴപ്പമില്ല.
എന്റെ ലക്‌ഷ്യം ഇതിൽ നിന്നും കര കയറുക എന്നത് മാത്രമാണ്. അതിനുള്ള ശക്തി വൈരാഗ്യം മാത്രമാണ് വൈരാഗ്യമില്ലാതെ എത്ര തന്നെ സാധനകൾ ചെയ്താലും, അറിവ് നേടിയാലും കാര്യമില്ല, സംസാര ചുഴികളിൽ വേഗം പിന്നെയും പിന്നെയും വീണുപോകും . വൈരാഗ്യമുണ്ടെങ്കിൽ വേറെ ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല. ഏറ്റവും വലിയ മഹാസിദ്ധിയാണ് വൈരാഗ്യം . വൈരാഗ്യമുള്ളവൻ മഹാരാജാവിനെക്കാൾ ശക്തനാണ്. വൈരാഗ്യമില്ലാത്തവൻ രാജാവായാലും ആരോടെങ്കിലും ഭിക്ഷ യാചിക്കുന്നവനാണ്. വൈരാഗ്യമുള്ളവൻറെ മുന്നിൽ എല്ലാം കീഴടങ്ങുന്നു. ഇതാണ് വൈരാഗ്യത്തിന്റെ വഴി.
വൈരാഗ്യമാണ് ഏറ്റവും പ്രധാനം. വൈരാഗ്യമില്ലാതെ വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. വെറുതെ സമയം കളയാമെന്നു മാത്രം. വൈരാഗ്യമുണ്ടെങ്കിൽ വേറെ എന്ത് വന്നാലും പ്രശ്നവുമില്ല. അതുകൊണ്ട് എങ്ങിനെയും വൈരാഗ്യം സമ്പാദിക്കണം. ശ്രവണത്തോടൊപ്പം മനനവും ധ്യാനവും വേണം. മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭൂതികളെ ഹൃദയത്തിൽ സൂക്ഷിച്ചു ഓർമിച്ച് ലാളിച്ചു മൌനമായിരിക്കലാണ് ധ്യാനം. ഹൃദയത്തിലെ ശുദ്ധ നിർമല സ്വരൂപത്തെ ഉപാസിച്ചു ആനന്ദം കൊള്ളണം.
"എന്റെ മുന്നിൽ വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീർക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കർമ്മഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആർജ്ജി ച്ച പൂർവ കർമ്മഫലങ്ങൾ വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാർക്കും പിന്നെ തന്റെ എല്ലാ സ്വന്തക്കാർക്കും മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ് ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം.
ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.
കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം
ആനന്ദമാണൻ്റെ ശരിക്കുള്ള സ്വരൂപം
ഞാൻ നിത്യ ശുദ്ധ ആത്മാ. ആനന്ദമാണെൻ്റെ ശരിക്കുള്ള സ്വരൂപം. ജഗത്തായി കാണുന്നത് മനസ്സിന്റെ സൃഷ്ടി. ഞാൻ എന്ന വ്യക്തി ബോധമായി കാണുന്നത് കിണറിൽ പ്രതിഫലിക്കുന്ന സൂര്യനെപോലെ പൂർണ്ണ സത്യമല്ല. ശരിയായ ഞാൻ എല്ലാത്തിനെയും താങ്ങി നില്ക്കുന്ന പ്രകാശം മാത്രം. മനസ്സ് മേഘം, ഞാൻ സൂര്യൻ . ബാഹ്യ സൂര്യനും പോലും, ഈ ബ്രഹ്മാണ്ഡം മുഴുവനും ഞാൻ എന്ന പ്രകാശത്തിലാണ് നിലനില്ക്കുന്നത്. സൂര്യനെ ആകാശം താങ്ങി നിറുത്തുന്നു. ബാഹ്യാകാശത്തെ എന്റെ ചിത്തം താങ്ങി നിറുത്തുന്നു. ചിത്തം എന്നത് ചിദാകാശത്തിലെ ലീല. ചിദാകാശത്തിലെ ശുദ്ധ പ്രകാശമാണ് എന്റെ സ്വരൂപം. അങ്ങിനെയുള്ള ഞാൻ നിരഞ്ചനനാണ് നിർവികല്പനാണ് ശാന്തചിത്തനാണ് നിരാശ്രയനാണ് ജ്ഞാനസ്വരൂപനാണ് സർവജ്ഞനാണ് ശുധബോധമാണ് നിർമല പ്രകാശമാണ്. ഞാൻ എന്ന ശുദ്ധ പ്രകാശം മാത്രമാണ് സത്യം , നിത്യം. മറ്റെല്ലാം പ്രകാശ സമുദ്രത്തിൽ അലയടിക്കുന്ന പ്രതീതികൾ. ഞാൻ എല്ലാത്തിനെയും ലീലയായി മാത്രം അറിയുന്നു. സ്വപ്നത്‌ല്യം. ഗന്ധർവ നഗരം പോലെയുള്ള ഈ ലോകത്തി ൽ എന്ത് തന്നെ ഉണ്ടായാലും എനിക്ക് അത്ഭുതമില്ല അകാംക്ഷയില്ല. എല്ലാം കുറച്ചുനേരം നിലനിന്നിട്ടു മറഞ്ഞു പോകും. പക്ഷെ ഞാൻ എന്ന പ്രകാശം മാത്രം നിത്യം, സുഖ ദുഃഖങ്ങൾ സ്വപ്നം പോലെ ഞാൻ അനുഭവിച്ചു തളളും. എനിക്കിവിടെ ഈ സ്വപ്നതുല്യമായ ജീവിതത്തിൽ ഒന്നും ഇനി പുതിയതായി ചെയ്യാനില്ല. യാദൃശ്ചികമായി വന്നു ചേരുന്നത് കണ്ടു ഞാൻ രസിക്കും. ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തിൽ യാതൊന്നുമില്ല. ബാഹ്യമായ വസ്തുക്കളെല്ലാം വെറും ധാരണകളും സങ്കല്പ്പങ്ങളും മാത്രമാണ്. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാൻ യോഗ്യതയുള്ളതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ യാതൊന്നും ഉപേക്ഷിക്കാനും ഇല്ല എന്നും ഞാൻ തിരിച്ചറിഞ്ഞു.
മനുഷ്യജന്മം
ലോകത്തിലെ മറ്റു കോടി കണക്കിന് ജന്തുക്കളെ അപേക്ഷിച്ചാലും എന്റെ ദുഃഖങ്ങൾ ചെറുതാണ്. എത്രയോ പേര് ഇപ്പോൾ ജീവിതം വ്യർത്ഥമായി കഴിച്ചിട്ട് അന്ത്യ ശ്വാസത്തിനായി പിടയുന്നു, എത്രയോ ജന്തുക്കളും മനുഷ്യരും ഒരു തുള്ളി വെള്ളത്തിനും, ഭക്ഷണത്തിനുമായി കേഴുന്നു, ക്രൂരന്മാരുടെ അടിമകളായി നരകിക്കുന്നു ? എത്രയോ കുട്ടികളും വൃദ്ധരും പരിപാലിക്കേണ്ടവരാൽ തന്നെ നിഷ്കരുണം ഉപേക്ഷിക്കപ്പെടുന്നു? അവയൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം. എത്രയോ ക്രൂരതകൾ ഇപ്പോൾ ഈ സമയത്ത് ലോകത്തിൽ പലയിടത്തും നടക്കുന്നു. മറ്റുള്ളവരോട് അസൂയയും കുശുമ്പും വൈരാഗ്യവും ഒക്കെ തോന്നുമ്പോൾ ഓർക്കുക. ഈ മനുഷ്യ ജന്മം എത്രയോ
ദുർലഭവും ചഞ്ചലവും ചപലവും ദുര്‍ബ്ബലവും എപ്പോൾ വേണമെങ്കിലും പോകുന്നതുമാണ്.
അത്യനുഗ്രഹമായ മനുഷ്യജന്മം കിട്ടുന്നത് വളരെ ദുർലഭം. അധ്യാത്മ വഴിയിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിലും കഠിനം ദുർലഭം. ഗുരു ലാഭവും സാധനകൾ ചെയ്യാനുള്ള ആരോഗ്യവും സാവകാശങ്ങളും കിട്ടുന്നത് കോടികളിൽ ഒരാൾക്ക് മാത്രം. അതുകൊണ്ട് ഇനിയുള്ള ജീവിതം ശാസ്ത്ര വിചാരവും സത്സംഗവും ആനന്ദവുമായി കഴിയണം. അതിനിടയിൽ വരുന്ന വ്യഥകൾ ഞാൻ തിതിക്ഷയോടെ സഹനത്തോടെ ക്ഷമയോടെ സഹിച്ചു തീർക്കും.
ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി, വൈദ്യതി, കാറ്റ് തുടങ്ങി പ്രകൃതിയിലെ ഏത് പ്രതിഭാസത്തെ എടുത്താലും ഈ നിഗ്രഹാനുഗ്രഹ ശക്തികൾ കാണാൻ സാധിക്കും. അങ്ങനെയിരിക്കേ മൂലപ്രകൃതിയായിരിക്കുന്ന പരാശക്തിയിലും ഈ നിഗ്രഹാനുഗ്രഹശക്തികൾ ഉണ്ടെന്ന് ധരിക്കണമല്ലോ. അനുഗ്രഹദായിനി ആകുമ്പോൾ ശാന്തരൂപിണിയും നിഗ്രഹഭാവത്തിൽ ദേവി ഉഗ്രരൂപിണിയും ആകുന്നു.
ശാന്തരൂപിണിയും ഉഗ്രരൂപിണിയുമാണ്. ഭക്തന്മാർക്ക് നേരെ ശാന്തരൂപിണിയും ദുഷ്ടന്മാർക്ക് നേരെ ഉഗ്രരൂപിണിയുമാണ്. പശുജനങ്ങൾക്ക് ഭയം ജനിപ്പിയ്ക്കുന്നത് കൊണ്ടാണ് പശുലോകഭയങ്കരി എന്ന് പറയപ്പെടുന്നത്. ഇവിടെ പശുഭാവത്തിലുള്ള മനുഷ്യരേയാണുദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വീരസാധകനെ സംബന്ധിച്ചിടത്തോളം ദേവി അഭയപ്രദായിനിയാണ്. ശാന്തസ്വരൂപിണിയുമാണ്. അതിനാൽ ദേവി വീരാരാധ്യയായി അറിയപ്പെടുന്നു. ജീവിതക്ലേശങ്ങളെ ധീരതയോടെ നേരിടുന്ന വീരസാധകനു മാത്രമേ ദേവീപദം പ്രാപിക്കുവാൻ സാധ്യമാവുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം ദേവി ത്രിപുരസുന്ദരിയാണ്.
വാത്സല്യത്തിടമ്പും കളിത്തോഴനുമൊക്കെയായി ഭക്തന്മാർക്ക് നേരെ സദാസമയവും കാരുണ്യം പൊഴിച്ച് മന്ദഹസിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഉഗ്രരൂപവും പല സന്ദർഭങ്ങളിലായി കാണുന്നുണ്ടല്ലോ. ദുര്യോധനന്റെയും കംസന്റെയും ഒക്കെ നേർക്ക് ഭഗവാൻ ഉഗ്രരൂപിയായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ഗീതോപദേശ സമയത്ത് ഭഗവാൻ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തപ്പോൾ അർജ്ജുനൻ പേടിച്ച് വിറച്ചുപോയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.
വിവേകം
അറിവ് നേടുകയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം. ബുദ്ധിയും മനസ്സും ശരീരവും തെളിയുകയും പ്രകാശിക്കുകയും വേണം. വിവേകംകൊണ്ടുമാത്രമേ ആത്മജ്ഞാനം ലഭിക്കൂ. ബുദ്ധിയുടെ വ്യാപാരം അറിവിനെ സ്വാംശീകരിച്ച് മനസ്സിലെത്തിക്കുകയാണ് എന്നതാണ്.
ബുദ്ധിയുടേയും ശക്തിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും ത്യാഗത്തിന്റേയും ഉറവിടം വിവേകമാണ്. വിവേകം ബുദ്ധിയില്‍നിന്നും കിട്ടുന്ന പരമാത്മജ്ഞാനം തന്നെ. ജ്ഞാനം ശരിയായി ലഭിച്ചാല്‍ മനസ്സ് ഒരിക്കലും ദുര്‍ബലമാകയില്ല. തളരുകയില്ല. ദുര്‍വിചാരങ്ങള്‍ക്കോ ദുഷ്പ്രവൃത്തികള്‍ക്കോ ദുഷ്ട സംസ്കാരത്തിനോ ഒരിക്കലും അടിപ്പെടുകയില്ല. ആര്‍ക്കും മുമ്പില്‍ പരാജയപ്പെടുകയോ തകരുകയോ ഇല്ല. അതിനായി ശരിയായ അറിവ് പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ വാഗീശ്വരിയുടെ അനുഗ്രഹം ആവശ്യം തന്നെ. മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല. അതില്ലാതെ ത്യാജ്യഗ്രാഹ്യ വിവേചന ശക്തി കൈവരില്ല. മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ.
ജീവിത വിജയത്തിന് ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ബുദ്ധിവ്യാപാരം മനസ്സിനെ സ്വാധീനിക്കും. വാണീദേവിയെ കൈവണങ്ങുന്നത് ഈവിധം മനസ്സിന്റെ മഹത്വം വര്‍ധിപ്പിക്കാനാണ്. മനസ്സ് ശാന്തമാകാത്തിടത്ത് ഒരിക്കലും ഈശ്വരസാന്നിധ്യം ഉണ്ടാകില്ല.
കരുത്തിന്റെ മാതാവാണ് വാഗ്ദേവത. വാക്കിന്റെ ശക്തികൊണ്ട് ഒരു വ്യക്തിയുടെ മഹത്വം നിലനിര്‍ത്താന്‍ കഴിയുന്നു. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യ ഡംഭു അസൂയാദി എട്ട് വൈരികളെ കീഴടക്കാതെ ഒരിക്കലും ഒന്നും നേടാനാവുന്നില്ല.
ബാഹ്യവസ്തുക്കള്‍ തനിക്ക് ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച് അധഃപതിക്കാതിരിക്കുക......
ജ്ഞാനി എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്
'ബ്രഹ്മവിദ് ആപ്‌നോതി പരം'' എന്ന് ശ്രുതിവാക്യമുണ്ട്. ബ്രഹ്മത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ജ്ഞാനം നേടിയവനാണ് ജ്ഞാനി; അവന്‍ പരമപദം പ്രാപിക്കും. പിന്നെ എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്? ''അഹം ബ്രഹ്മാസ്മി'' എന്ന അവബോധം ഉറച്ചവന്‍ എന്തിന് ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, നാമസങ്കീര്‍ത്തനം മുതലായവ അനുഷ്ഠിക്കണം? ഒന്നാമത്, മായയുടെ സ്ഥലം, ദേശം, കാലം, ബഹുജനസമ്പര്‍ക്കം മുതലായ പീഡനംകൊണ്ട് നേടിയ ജ്ഞാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ സന്തോഷം നേടണം. അത് അത്യാവശ്യമാണ്. രണ്ടാമത്, ഭഗവത്തത്ത്വ വിജ്ഞാനം, ബ്രഹ്മജ്ഞാനം, ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തിയുടെ ബുദ്ധിയിലോ ഏതാനും ഗ്രന്ഥങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. അപാരവും അഗാധവുമായ സമുദ്രത്തിലെ ഒരു സ്പൂണ്‍ വെള്ളം കുടിച്ചവന്‍, ഞാന്‍ സമുദ്രം കുടിച്ചു എന്നു പറഞ്ഞാല്‍ എത്രമാത്രം ശരിയാണ്. ''അനന്തമജ്ഞാതമവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു.'' അതുകൊണ്ട് ഭഗവാന്റെ ബലം, ഐശ്വര്യം, വീര്യം മുതലായ നിത്യസത്യമായ ഗുണങ്ങളും പ്രപഞ്ചരഹസ്യങ്ങളും അറിഞ്ഞുകൊണ്ടേയിരിക്കണമെങ്കില്‍ ഭഗവത്പ്രസാദം വേണം. അതിനുവേണ്ടി ജ്ഞാനി ഭഗവാനെ ഭക്തിപൂര്‍വം സ്‌നേഹിക്കണം; സേവിക്കണം.
ഭഗവത് ഭക്തി
സമൃത്കൃഷ്ടവും നാശരഹിതവുമായ കൃഷ്ണലോകത്തില്‍ തന്നെ എത്തിച്ചേര്‍ന്ന് ഭഗവാനോടൊപ്പം വാഴുകയാണ് ജീവിതത്തിന്റെ പരിപൂര്‍ണത.
എന്നാൽ ആദ്യം വിവാഹം കഴിക്കുകയും പുത്രന്മാരുണ്ടാകുകയും ചെയ്താല്‍ അവരോട് സ്‌നേഹം തോന്നും. അവരെ സംരക്ഷിക്കാനും വളര്‍ത്താനുംവേണ്ടി ധനം വേണ്ടിവരും, ആ ധനം ലഭിക്കാന്‍ ലൗകിക കര്‍മ്മങ്ങള്‍- കൃഷി, കച്ചവടം മുതലായവ ചെയ്യേണ്ടിയും വരും. അതിനിടയില്‍ എങ്ങനെ ഭഗവാനെ ഭജിക്കാന്‍ കഴിയും. എങ്ങനെ ഭഗവദ് ഭക്തനാവാന്‍ കഴിയും?
സുദാമാവ്, (കുചേലന്‍) എന്ന ബ്രാഹ്മണന്‍, ശ്രുതദേവന്‍ എന്ന ബ്രാഹ്മണന്‍, ബഹുളാശ്വന്‍ എന്ന രാജാവ് -മുതലായവര്‍ക്ക് ഭാര്യയും പുത്രന്മാരും ഗൃഹഭരണവും രാജ്യഭരണവും ഉണ്ടായിരുന്നു. എങ്കിലും ഭഗവദ്ഭക്തിയുടെ പരിപൂര്‍ണാവസ്ഥയില്‍ എത്തിയവരുമായിരുന്നു അവര്‍. എല്ലാം ഭഗവദാരാധനയായി ചെയ്തും, ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായ അത്യാവശ്യമായ വസ്തുക്കള്‍ ഭഗവാന് അര്‍പ്പിച്ച്, പ്രസാദമായി മാറ്റിയതിനുശേഷം മാത്രം സ്വീകരിക്കുകയായിരുന്നു.
ഗൃഹം, ജോലി, ഭര്‍ത്താവ്, ഭാര്യ, പുത്രന്മാര്‍, സമുദായം-ഇവയുടെ അഭേദ്യമായ എതിര്‍പ്പുകള്‍ മൂലം, ഭഗവത് നാമം ജപിക്കാന്‍ പോലും കഴിയാത്തവരുാകാം. ഭാഗവതം, ഗീത മുതലായ ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ അവര്‍ക്ക് കഴിയില്ല എന്ന കാര്യം പറയേണ്ടതുണ്ടോ? സാമൂഹ്യസേവനം, രാജ്യ സേനം, രാജ്യത്തിനുവേണ്ടിയുള്ള ത്യാഗം ഇവ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം. യജ്ഞങ്ങള്‍, മാനങ്ങള്‍, വ്രതങ്ങള്‍ മുതലായ പുണ്യകര്‍മ്മങ്ങളും ചെയ്യാന്‍ സാധിച്ചേക്കാം. ഏതു കര്‍മ്മം ചെയ്യുമ്പോഴും അത് ഭഗവത് ആരാധനയായി തന്നെ ചെയ്യേണ്ടതാണ്. എല്ലാവരിലും ഹൃദയാന്തര്‍ഭാഗത്ത് ഭഗവാൻ പരമാത്മാവായി സ്ഥിതിചെയ്യുന്നുണ്ടല്ലോ.
ഇങ്ങനെയൊക്കെ ചെയ്താല്‍ ഭക്തിയാകുന്ന ദിവ്യലത വളരുകയും ഭഗവാൻ്റെ ആനന്ദം എന്ന ഫലം ലഭിക്കുകയും ചെയ്യും.
ക്രമേണ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും കാമവാസനയാകുന്ന മാലിന്യം നീങ്ങുകയും തടസ്സങ്ങള്‍ മാറുകയും ചെയ്യും. അങ്ങനെ സര്‍വ്വകര്‍മ്മങ്ങളുടെയും ഫലങ്ങള്‍ ഭഗവാനിൽ സമര്‍പ്പിക്കാന്‍ കഴിയണം.
വൈദികയജ്ഞങ്ങളുടെ ഫലമായി സ്വര്‍ഗ്ഗാദി ലോകസുഖങ്ങളാണ് പറയപ്പെട്ടിട്ടുള്ളത്. അവ ഉപേക്ഷിച്ചുകൊണ്ട് ആ യജ്ഞങ്ങള്‍ ഭഗവാൻ്റെ ആരാധനയായി ചെയ്യുവാന്‍ സാധിക്കും. ലൗകികകര്‍മ്മങ്ങള്‍ ചെയ്താല്‍, ധനം, കുടുംബം, സ്ഥാനമാനങ്ങള്‍, പ്രശസ്തി ഇവ കിട്ടുമല്ലോ. അവയെല്ലാം കിട്ടിയത്, ഭഗവൻ്റെ കാരുണ്യംകൊണ്ടാണ്; എല്ലാത്തിന്റെയും-നന്മയുടെയും തിന്മയുടെയും കര്‍ത്തൃത്വം ഭഗവാനിലാണ് . എല്ലാം ഭഗവാൻ്റെ പ്രസാദമാണ് എന്ന് ഉറപ്പിച്ച് ഭഗവാനിൽ സമര്‍പ്പിക്കണം.
ഈ രീതിയില്‍ ചെയ്താല്‍ ഭഗവാനിൽ ഭക്തിവളരും ഭഗവാൻ്റെ തത്വജ്ഞാനമുണ്ടാകും, കൃതാര്‍ത്ഥനായിത്തീരും.
അതിനാല്‍ ചെറിയ തോതിലെങ്കിലും ഉപാസന തുടങ്ങുകയാണ് എല്ലാവരും ചെയ്യേണ്ടത്.
സുഖന്വേഷണം :-3
ശരീരമാണ് താൻ എന്ന് തെറ്റിദ്ധരിച്ച് സുഖത്തിനുവേണ്ടി നാംബാഹ്യവസ്തുക്കളെ ആശ്രയിക്കുകയാണ്. നാം ശരീരമല്ലെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചൈതന്യവുമാണെന്നുമറിഞ്ഞ് അവനവനിൽ പൂർണ്ണത ദർശിക്കുവാൻ കഴിയുമ്പോൾ സമ്പൂർണ ആനന്ദമുണ്ടാവുകയും ശരീരനാശത്തോടെ അനന്തമായ പരാശക്തിയിൽ ലയിക്കുകയും ചെയ്യുന്നു. ശരീരമാണ് തനെന്ന് വിചാരിക്കുമ്പോൾ ശരീരികസൗഖ്യത്തിനുവേണ്ടി വസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു. ഈ മാതിരി വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും എരിയുന്ന തീ കെടുത്തുവാൻ നെയ്യൊഴിക്കന്നതു പോലെ അവയിലുള്ള ആഗ്രഹം വർദ്ധിക്കുകയല്ലാതെ ഒട്ടും കുറയുകയില്ല. ആഗ്രഹത്തിനുമടിമപ്പെടുന്നതോടെ ശരീരനാശമുണ്ടാവുമ്പോൾ ആഗ്രഹവൃത്തിക്കായി വീണ്ടും ജനിക്കേണ്ടിവരുന്നു. ഇങ്ങനെ ജനനമരണമാകുന്ന സംസാരചക്രത്തിൽ നിന്നും മോചനമില്ലാതെ ദുഃഖമനുഭവിക്കേണ്ടി വരുന്നു. മനുഷ്യൻ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ് കൽകണ്ടത്തിൽ നിന്നും ഒരു ചെറിയ തുണ്ട് അടർത്തിയെടുത്താൽ കൽകണ്ടത്തിനുള്ള എല്ല ഗുണങ്ങളും ആ തുണ്ടിനുമുണ്ടാകുന്നതുപോലെ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനുമുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രസമൂഹങ്ങളും ചേർന്നതാണീ പ്രപഞ്ചം. മനുഷ്യൻ പ്രാകൃതനായിരുന്ന കാലത്ത് കായും കനിയും തിന്നും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ജീവിച്ചിരുന്നു. ഉപജീവനത്തിനാവിശ്യമായ കായ്കനികൾ സമൃദ്ധിയായി വളരുന്ന നദീ തീരങ്ങളിൽ അവർ താവളമുറപ്പിച്ചു. ക്രമേണ സ്ഥിരമായി ഒരിടത്തു താമസിക്കുന്നതിനും ആവിശ്യവസ്തുക്കൾ കൃഷിചെയ്തുണ്ടാക്കുന്നതിനും അവർ പഠിച്ചു. സ്വയം പര്യപ്തനേടിയ അവരിൽ ചിലർ അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചു. താങ്ങളുടെ ചുറ്റുപ്പാടും കാണുന്ന ജീവജാലങ്ങൾ എങ്ങനെയുണ്ടായി. ജീവികൾ മരിക്കുന്നതു എന്തുകൊണ്ട്. മരണാനന്തരം എന്തു സംഭവിക്കുന്നു. ഇത്തരം ഉത്തരം കിട്ടാത ചോദ്യങ്ങളെ അവർ നിരന്തരം ചിന്തിച്ചുകൊണ്ടേയിരുന്നു. അതറിയുന്നതിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. നിരന്തരമായ ഈ പരിശ്രമം അവസാനം തപസ്സായി മാറി.. ആ കഠിന തപസ്സിൽ അവസാനം സത്യം അവരിൽ തെളിഞ്ഞു. മറ്റുള്ളവരുടെ ഉപകാരത്തിനുവേണ്ടി ആ സത്യം അവർ പ്രചരിപ്പിച്ചു. അവർ കണ്ടെത്തിയ ആ സ്ത്യങ്ങളാണ് വേദങ്ങൾ. ബാദരായണമഹർഷി അവയെല്ലാം ക്രമീകരിച്ച് നാലു ഭാഗങ്ങളാക്കിയതുകൊണ്ട് അദ്ദേഹത്തെ വേദവ്യാസൻ എന്നു പറയുന്നു. ഋക്ക് യജുസ്സ് സാമം അഥർവ്വം എന്നിവയാണ് അവ. ഇവയാണ് സനാതനതത്ത്വത്തിന്റെ അടിത്തറ.
ഇവയിൽ ഏറ്റവും കാതലായത് വേദത്തിന്റെ(അറിവിന്റെ) അന്തമായ വേദാന്തം അല്ലെങ്കിൽ ഉപനിഷ്ത്തുക്കളാണ്. ദേശകാലങ്ങക്കനുസരിച്ച് മാറ്റം വരാത്ത നിത്യ സത്യങ്ങളാണ് വേദങ്ങൾ. ശ്രുതികളെ അടിസ്ഥനപ്പെടുത്തി കാലദേശങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന കാലികനിയമങ്ങളാണ് സ്മൃതി. ശ്രുതിയും സ്മൃതിയും അനുസരിച്ച് ജീവിക്കുന്നവർക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കും.
പ്രൊട്ടക്ട് മദര്‍ എര്‍ത്ത്
ഭൂമിപൂജ: ഭൂമിപൂജ, ഭാരതീയ ആചാരങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണിത്. അയം മാതാ പൃഥ്വി പുത്രോളഹം പൃഥിവ്യാ എന്ന് അഥര്‍വ വേദം ഉദ്‌ഘോഷിക്കുന്നു. ഇത് മാതാവായ ഭൂമിയാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്.
പൃഥ്വീ ത്വയാ ധൃതാ ലോകാഃ ദേവീ
ത്വാം വിഷ്ണുനാ ധൃതാ
ത്വം ച ധാരയ മാം ദേവീ പവിത്രം
കുരു ശാസനം
ഹേ ഭൂമിദേവീ നീ ലോകജനതയെ ധരിക്കുന്നു. വിഷ്ണു നിന്നേയും വഹിക്കുന്നു. നീ എന്നെ വഹിച്ചാലും എന്റെ കര്‍മ്മത്തെ മംഗളമാക്കിയാലും! സര്‍വജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും തരുന്നത് ഭൂമി എന്ന ഗ്രഹമായതിനാല്‍ ഭൂമി പുത്രന്‍ പരിരക്ഷ നല്‍കുന്ന അമ്മയ്ക്ക് തുല്യയാണ്. അതുകൊണ്ട് അമ്മയെ പാദത്താല്‍ സ്പര്‍ശിക്കുന്നതിന് മുന്‍പ് നാം ക്ഷമചോദിക്കുന്നു. സമുദ്രവസനേ ദേവീ പര്‍വതസ്തന മണ്ഡിതേ വിഷ്ണുപത്‌നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ.
സ്വന്തം വാസസ്ഥലമുണ്ടാക്കുമ്പോഴും ഭൂമി പൂജ നടത്താറുണ്ട്, പ്രത്യേക അനുഗ്രഹത്താല്‍ പൂഴിമണ്ണില്‍ പണിയുന്ന അനവധി നില കെട്ടിടങ്ങള്‍ പോലും മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗതത്തില്‍ കറങ്ങുന്ന ഭൂമിയില്‍ അനങ്ങാതെ-തകരാതെ-ചെരിയാതെ നില്‍ക്കുവാനുള്ള അനുഗ്രഹത്തിനും സ്വന്തം വിശ്വാസത്തിനുമാകാം ഈ കര്‍മ്മം.
ഭൂമിപൂജയുടെ മറ്റൊരു രൂപമാണ് വാസ്തുപൂജ. ഓരോ ചെറിയ പുരയിടത്തിലും ഒരു വാസ്തുപുരുഷരൂപം ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അതിന്റെ ഘടനയനുസരിച്ച് ഗൃഹനിര്‍മാണം നടത്തണം. ഓരോ വീടിന്റെയും നിര്‍മാണത്തിന് മുന്‍പ് ചില നിയമങ്ങളനുസരിച്ചിരിക്കണം എന്നത് ആധുനിക കണ്ടുപിടുത്തമല്ല, പുരാതന ഭാരതീയ ശാസ്ത്രമാണത്.
അമേരിക്കയിലും കാനഡയിലും മുനിസിപ്പല്‍ ബസ്സുകളുടെ ഇരുവശത്തും എഴുതിവച്ചിട്ടുള്ള ഒരു സന്ദേശമുണ്ട്. പ്രൊട്ടക്ട് മദര്‍ എര്‍ത്ത്. ഭൂമിയെ ഉപഭോഗവസ്തുവായിക്കണ്ട് ചൂഷണം ചെയ്യുവാന്‍ ആഹ്വാനം നല്‍കിയിരുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ മാതാവായ ഭൂമിയെ സംരക്ഷിക്കുവാന്‍ ആഹ്വാനം നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ അന്ധവിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന വന്‍ ശാസ്ത്രജ്ഞസമൂഹമുള്ള ഒരു രാഷ്ട്രത്തില്‍ 21-ാം നൂറ്റാണ്ടിലും ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നതാണീ സന്ദേശം പ്രകൃതി സംരക്ഷണ ശാസ്ത്രത്തിലെ ഈ സന്ദേശം ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നതുമാണല്ലോ!
സുഖന്വേഷണം :- 2
എന്താണ് യഥാർത്ഥത്തിൽ ഈ സുഖം? കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴി വിഷയബോധം മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതിൽ കൂടി കേട്ടും, ത്വക്കിൽക്കൂടി സ്പർശിച്ചും, കണ്ണിൽക്കൂടി കണ്ടും, നാക്കിൽക്കൂടി രുചിച്ചും. മൂക്കിൽ കൂടി മണത്തും. ഇങ്ങനെ ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ആയി സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതീകസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങൾ വഴി കിട്ടുന്നതാണ്. ഈ അനുഭവം അതാതിന് ഉതകുന്ന വസ്തുക്കളെ ആശ്രയിച്ചാണ്. നല്ല കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു. തൊലിക്ക് സുഖകരമായ സ്പർശമുണ്ടാകുമ്പോൾ സുഖം തോന്നുന്നു.. രുചികരമായ പ്രാദാർത്ഥങ്ങൾ നാക്കിൽകൂടി അനുഭവിക്കുന്നു. പൂക്കളിൽ നിന്നും മറ്റുമുണ്ടാകുന്ന സുഗന്ധം മൂക്കിൽ കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി സുഖമനുഭവിക്കാൻ വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു. യഥേഷ്ഠം അനുഭവിക്കാൻ കഴിഞ്ഞാൽ സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ വസ്തുക്കളെല്ലാം നശ്വരമായതു കൊണ്ട് അതിൽ നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്. മാത്രമല്ല കാലപഴക്കങ്ങൾ കൊണ്ട് ഇന്ദ്രിയങ്ങൾ ബലഹീനമാകുന്നതോടെ അവ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്മാകുന്നു. ഈ വക വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും ഒരിക്കൽ അവയൊക്കെ എന്നെന്നേക്കുമായി. വിട്ടു പിരിയത്തക്ക വിധത്തിൽ ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്നു. വസ്തുക്കളിൽ നിന്നും കിട്ടുന്ന സുഖത്തിന് പ്രാകാരഭേദമുണ്ട്. ഒരു വസ്തുവിൽ നിന്നും ഒരാൾക്ക് സുഖമായി തോന്നുന്ന അനുഭവം മറ്റൊരാൾക്ക് സുഖമായി കൊള്ളണമെന്നില്ല. നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന ചില വസ്തുക്കൾ ചില ജന്തുക്കൾ ഭക്ഷിക്കുന്നതു കണ്ടീട്ടില്ലേ. ആ ഗന്ധവും അതിന്റെ രുചിയും അവക്ക് അതു വളരെ ഇഷ്ടമായതു കൊണ്ടാണല്ലോ അവഭക്ഷിക്കുന്നത്. നാം നല്ല വസ്തുക്കൾ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ് അവക്കും ആ വകവസ്തുക്കളിൽ നിന്നും ലഭിക്കുന്നത്. അവവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഇഷ്ട്പ്പെടാത്ത വസ്തുക്കൾ അവനവന് ചീത്ത, ഇഷ്ട്പ്പെടുന്നത് നല്ലത്. അതായത് ഒരു ജീവിക്കിഷ്ട്പ്പെടുന്നത് മറ്റൊരു ജീവിക്ക് ഇഷ്ട്പ്പെടുന്നില്ല. ഇതിൽ നിന്നും ഗുണദോഷങ്ങൾ പഞ്ചേന്ദ്രിയങ്ങളെ ആശ്രയിച്ചാണ് എന്ന് അറിയാൻ കഴിയും. വസ്തുക്കൾക്ക് മാറ്റമുണ്ടെങ്കിലും അവയിൽ നിന്നും ലഭിക്കുന്ന അനുഭൂതികൾ എല്ലാ ജീവികൾക്കും ഒരു പോലെയാണ്. ഇതിൽ നിന്നും സുഖം വസ്തുക്കളിലല്ല. സ്വന്തം ഉള്ളിൽ തന്നെയാണ് എന്നു മനസ്സിലാക്കാം.
ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂർണ്ണമായ ആനന്ദമുണ്ടാകുന്നത്. അതനശ്വരമാണ്, വസ്തുക്കളെ ആശ്രയിക്കാതെ ഇന്ദ്രിയാതീതമായ ആ ആനന്ദത്തിൽ എത്തിചേരുക എന്നതാണ് ജീവിത ലക്ഷ്യം . അതിനു മനുഷ്യനു മാത്രമേ കഴിയൂ . ഇതാണ് ഇതരജീവികളെ മനുഷ്യനുള്ള മേന്മ.
No comments:
Post a Comment