ബ്രഹ്മചാരികൾ:
ഗായത്രൻ, ബ്രാഹ്മണൻ, പ്രജാപത്യൻ, ബൃഹൻ .
ഗായത്രൻ:- യജ്ഞോപവീതം ധരിച്ചതിനുശേഷം മൂന്ന് രാത്രി ഉപ്പില്ലാതെ ആഹരം കഴിച്ച് ഗായത്രി ഉപാസിക്കുന്നവനെ ഗായത്രൻ എന്നു പറയുന്നു.
ബ്രാഹ്മണൻ:- നാൽപ്പത്തെട്ടു വർഷം വേദദ്ധ്യായനാർത്ഥം ബ്രഹ്മചാര്യം അനുഷ്ഠിക്കുകയോ, ഓരോ വേദവും പന്ത്രണ്ടു വർഷം വീതം ചെലവഴിച്ച് പഠിക്കുകയോ , നല്ലതുപോലെ വേദദ്ധ്യായനം സിദ്ധിക്കുന്നതുവരെ യമനിയമാദികൾ പരിപാലിക്കുകയോ ചെയ്യുന്നവർ ബ്രാഹ്മണൻ എന്നു പറയുന്നു.
പ്രജാപത്യൻ:- സ്വപത്നീനിരതനായി ഋതുകാലങ്ങളിൽ മാത്രം സംഭോഗം ചെയ്യുന്നവനും, സദാ പരസ്ത്രീപരങ്മുഖനായിരിക്കുന്നവനും, അല്ലെങ്കിൽ ഇരുപത്തിനാലു വർഷം ഗുരുകുലവാസം അനുഷ്ഠിക്കുന്ന ബ്രാഹ്മണനും , നാൽപ്പത്തിയെട്ടു വർഷം ഇപ്രകാരം അനുഷ്ഠിക്കുന്നവനും പ്രജാപത്യൻ എന്നു പറയുന്നു.
ബൃഹൻ:- മരണം വരെ ഗുരുവിനെ ഉപേക്ഷിക്കതെ ഇരിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരി ബൃഹൻ എന്നു പറയപ്പെടുന്നു.
ഗൃഹസ്ഥൻ :- വാർത്താകവൃത്തി, ശാലീനവൃത്തി, യായാവരൻ, ഘോരസന്യാസികൾ.
വാർത്താകവൃത്തി:- കൃഷിപശുപാലനാദികൾചെയ്തും, അനിന്ദിതമായ വാണിജ്യാദികൾ ചെയ്തും, അനേക ശതം വർഷങ്ങൾ യജ്ഞം ചെയ്തും ആത്മാവിനെ ഉപാസിക്കുന്നു.
ശാലീനവൃത്തി:- ഇവർ സ്വയം യജ്ഞം ചെയ്യുന്നു, എന്നാൽ യജ്ഞം ചെയ്യിക്കുന്നില്ല. പഠിക്കുന്നു, എന്നാൽ പഠിപ്പിക്കുന്നില്ല. ദാനം കൊടുക്കുന്നു, എന്നാൽ ദാനം സ്വീകരിക്കുന്നില്ല. ഇപ്രകാരം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.
യായാവരൻ:- ഇവർ യജ്ഞം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ദാനം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം അയാൾ യജ്ഞം അനുഷ്ഠിച്ചുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.
ഘോരസന്യാസികൻ:- തപോനിരതാനായിരുന്നു കൊണ്ട് യജ്ഞാദികൾ ചെയ്തുകൊണ്ടും ആത്മാവിനെ ഉപാസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വാനപ്രസ്ഥന്മാർ:- വൈഖാനസൻ, ബാലഖില്യൻ, ഉദുംബരൻ, ഫേനപൻ,
വൈഖാനസൻ:- സ്വയം മുളച്ചതും പചിക്കാത്തതും , ഗ്രാമിണരാൽ ഉപേക്ഷിക്കപ്പെട്ടതുമായ ചെടികളിൽ നിന്നും വൃക്ഷങ്ങളിൽ നിന്നും കിട്ടുന്നവയെ അഗ്നിപരിചരണം ചെയ്ത് പഞ്ചമഹായജ്ഞം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.
ബാലഖില്യൻ:- ജടാ, ജീർണവസ്ത്രം വൽക്കലം എന്നിവ ധരിച്ച് കാർത്തികമാസം പൗണമിനാളിൽ പുഷ്പഫലങ്ങൾ വെടിഞ്ഞ് ചതുർമ്മാസ്യം ഒഴിച്ച് ശേഷമുള്ള എട്ടുമാസവും വൃത്തിയെ ഉപാജ്ജിച്ച് അഗ്നിപരിചരണം ചെയ്തും പഞ്ചമഹായജ്ഞം ചെയ്തും ആത്മാവിനെ ഉപാസിക്കുന്നു.
ഉദുംബരൻ:- പ്രഭാതത്തിൽ തന്നെ എഴുന്നേറ്റ് എവിടെ നിന്നെങ്കിലും ബദരനീവാരാദികൾ ശേഖരിച്ച് അഗ്നിഹോത്രം ചെയ്ത് പഞ്ചമഹായജ്ഞം ചെയ്ത് ആത്മാവിനെ ഉപാസിക്കുന്നു.
ഫേനപൻ:- ഉന്മാത്തനെപ്പോലെ ശീർണ്ണപർണ്ണഫലാഹാരിയായി എവിടെ സ്ഥലം കിട്ടുന്നുവോ അവിടെ താമസിച്ച് അഗ്നിയെ പരിചരിച്ചും പഞ്ചമഹായജ്ഞം ചെയ്തും, ആത്മതത്ത്വവിചന്തനം ചെയ്യുന്നു.
സന്ന്യാസിമാർ:- കുടീചരൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ,
കുടീചരൻ:- തന്റെ പുത്രാദികളുടെ ഗൃഹങ്ങളിൽ നിന്നും ഭിക്ഷസ്വീകരിച്ച് ആത്മവിചിന്തനം ചെയ്യുന്നു.
ബഹൂദകൻ:- ത്രിദണ്ഡം, കമണ്ഡലു, ശികുപക്ഷം, ജലം, പവിത്രം, പാത്രം, പാദുകം, ആസനം, ശിഖ, യജ്ഞോപവീതം , കൗപീനം , കാഷായവസ്ത്രം, എന്നിവ ധരിച്ചും, സഞ്ചരിച്ചും, ആത്മധ്യാനനിരതന്മാരായി വസിക്കുന്നു.
ഹംസൻ:- ഏകദണ്ഡം ധരിച്ചും , ശിഖാവിഹീനനായും, യജ്ഞോപവീതം ധരിച്ചും, ശിക്യം കമണ്ഡലു എന്നിവ ധരിച്ചും, ഗ്രാമത്തിൽ ഒരു രാത്രി മാത്രം വസിച്ചും, നഗരങ്ങളിലും തീർത്ഥങ്ങളിലും അഞ്ചുരാത്രി മാത്രം വസിച്ചും, ഒന്നോ, രണ്ടോ, മൂന്നോരാത്രി കൃച്ച്രചാന്ദ്രായണാദികൾ സ്വീകരിച്ചും,
പരമഹംസൻ:- ദണ്ഡവിഹീനനായും , മുണ്ഡിതശിരസ്കനായും, കന്ഥകൗപീനധാരിയായും, അവ്യക്തലിംഗ(ചിഹ്ന)ത്തോടു കൂടിയവനായും, നിഗൂഢങ്ങളായ ആചരനങ്ങളോടുകൂടിയവനായും, ധീരനായും, ശന്തനായും, ഉന്മത്തനല്ലെങ്കിലും ഉന്മത്തനെപ്പോലെ തോന്നിപ്പിക്കുന്നവനായും, ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലം, പവിത്രം, പാദം, പാദുകം, ആസനം, ശിഖ, യജ്ഞോപനീതം, എന്നിവയെല്ലാം ഉപേക്ഷിച്ചവനായും, ജീർണിച്ച ഗൃഹങ്ങളിലോ ക്ഷേത്രങ്ങളിലോ വസിക്കുന്നവനായും ഭവിക്കുന്നു. അവർക്ക് ധർമ്മാധർമ്മവിചിന്തനമോ സത്യാസത്യവിവേചനമോ ഇല്ല. അവർ എന്തും സഹിക്കാൻ കഴിവുള്ളവരും, സമദർശിക്കളും, ചാതുർവർണ്ണ്യങ്ങളിൽ നിന്നും യഥാബ്ധമായ ഭിക്ഷ സ്വീകരിക്കുന്നവരും , ആത്മാവിനെ ബന്ധനവിമുക്തരാക്കുന്നവരും അതായത് മോക്ഷ സാധകരും ആകുന്നു
വാനപ്രസ്ഥം:-
സ്വധർമ്മാനുസൃതം ബ്രഹ്മചാര്യം ഗാർഹപത്യം എന്നി ആശ്രമങ്ങളിൽ കർത്തവ്യങ്ങൾ നിർവഹിച്ചിട്ട് വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കേണ്ടതാകുന്നു. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജീവിച്ചുകൊള്ളണമെന്നല്ല. വാനപ്രസ്ഥാശ്രമവൃതം സ്വീകരിച്ച് ഗൃഹത്തിനു പുറത്ത് സാമൂഹികധാർമ്മികരംഗങ്ങളിൽ യഥാശക്തി സേവനമനുഷ്ഠിച്ചുകൊണ്ട് ത്യാഗപൂർവ്വം ജീവിക്കണമെന്ന് തല്പര്യം. സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരായാൽ അവരെ ഗൃഹകാര്യങ്ങൾ ഏൽപ്പിക്കണം.
ഓരോ ആശ്രമവും അടുത്ത പടിയിലേക്ക് ഏറാനുള്ള തയ്യാറെടുപ്പാണ്. ബ്രഹ്മചര്യാശ്രമജീവിതം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കാനായിരുന്നു. അതുപോലെ ഗൃഹസ്ഥാശ്രമവും സ്വീകരിച്ചതും അതിനായിരുന്നു. കർത്തവ്യങ്ങളുടെ ഒഴിവുകഴിവുകൾ പറഞ്ഞ് അവിടെ തന്നെ പറ്റികൂടാനല്ല. ഓരോരുത്തരുടെയും കർമ്മബന്ധങ്ങളും കഴിവുമനുസരിച്ച് ജീവിതസൗകര്യങ്ങളുടെ ഏറ്റത്താഴ്ചകൾ ഉണ്ടായിരിക്കും. വ്യക്തിക്കൾക്കെന്നപോലെ കുടുംബത്തിലും സമുദായത്തിലും അതു അനുഭവപ്പെടും. എന്നാൽ അടിസ്ഥാനപരമായ ജീവിതമൂല്യം എല്ലാവർക്കും ഒരുപോലെയാണ്. അതു വേണ്ടവണ്ണം ബോദ്ധ്യപ്പെട്ടാൽ കർത്തവ്യങ്ങളുടെ പരിധി നിർണ്ണയിക്കാൻ കഴിയും . സാധാരനഗതിയിൽ ധാർമ്മിക-സമൂഹിക കാര്യത്തിൽ പങ്കെടുക്കാൻ പോലും പലരും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ട്. “എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് ഒരു നല്ല ചെയ്യാൻ കാര്യം തരപ്പെടുകയില്ല. “ സമയവും സൗകര്യവും ഉപയോഗപ്പെടുത്തണമോ ദുരുപയോഗപ്പെടുത്തണമോ എന്ന് തിരുമാനിക്കേണ്ടത് അവരവർ തന്നെയാണ്. ഇതുപോലെ തന്നെ ഗൃഹത്തിൽ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചിട്ട് വാനപ്രസ്ഥത്തിൽ പ്രവേശിക്കാമെന്നു കരുതുന്നതും ഒഴിവുകിഴിവാണ്. ജീവിതം ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ല. എത്ര തന്നെ ഡോക്ടർമാർ ഉണ്ടായിരുന്നാലും പോഷകാശഭക്ഷണങ്ങൾ നിറച്ചാലും. കായകല്പങ്ങൾ സേവിച്ചലും യമൻ നിയമമനുസരിച്ച് തട്ടിക്കൊണ്ടുപോകും.. അതിനാൽ ഗൃഹസ്ഥാശ്രമത്തിലെ കർത്തവ്യങ്ങൾ അതിന്റെ പരിധിക്കുള്ളിൽ ആകാവുന്നിടത്തോളം നിർവഹിച്ചിട്ട് അടുത്ത തലമുറക്ക് അവിടം ഒഴിഞ്ഞുക്കൊടുത്തുകൊണ്ട് വാനപ്രസ്ഥാശ്രമം സ്വീകരിക്കേണ്ടതാണ് തനിക്കും സമുദായത്തിനും നല്ലത്.
എല്ലാവിധ ആശാപാശങ്ങളിൽ നിന്നും വിമുക്തനും വിരക്തനുമായി സർവ്വജനഹിതകാരിയായ വർത്തിക്കണം . വാനപ്രസ്ഥൻ സ്വാർത്ഥമായ വിചാരങ്ങളും വാക്കുകളും കർമ്മങ്ങളും അദ്ദേഹം ധർമ്മത്തിന്റെ ഹോമകുണ്ഡത്തിൽ ആഹൂതി ചെയ്യുന്നു. അങ്ങനെ തന്റെതല്ലാം പരോപകാരർത്ഥമായി പരിണമിപ്പിക്കുകയും ജീവിതാനുഭവവും ബലവും അറിവും ധർമ്മാർത്ഥമായി സമൂഹക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യണം.
ദശവിധസ്നാനം, പഞ്ചാമൃതപാനം, അഭിഷേകം, ദണ്ഡനാരണം, കൗപീനധാരണം , ഹവനം, സങ്കൽപം , പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം , എന്നിവ വാനപ്രസ്ഥ സംസ്ക്കാരത്തിലെ ഭാഗങ്ങളാകുന്നു.
ദശവിധസ്നാനം:-
വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്ന യജമാനനെ ആചാര്യൻ കൊണ്ടുപോയി ഒരു പലകയിലിരുത്തി മന്ത്രോച്ചാരണപൂർവ്വം പത്തുവിധ സ്നാനം ചെയ്യിക്കുന്നു. ഭസ്മം, മണ്ണ്, പശുവിൻ ചാണകം, ഗോമൂത്രം, പഴുവിൻ നെയ്യ്, പശുവിൻ പാൽ, പശുവിൻ തൈർ, മഞ്ഞൾ, കുശ, തേൻ. എന്നി സാധനങ്ങളാണ് , ഓരോന്നും നിർദ്ദിഷ്ട മന്ത്രോച്ചാരണപൂർവ്വം സ്നാനം ചെയ്യണം,
1 - ഭസ്മം:- ഈ ശരീരം അവസാനം ഭസ്മമായി തീരേണ്ടതാണ്, ഏത് സമയത്തും സംഭവിക്കുന്ന മരണത്തിന് ശേഷവും ജീവന്റെ സദ്ഗതിക്ക് വേണ്ടി തയ്യാറാവുന്നതിന്റെ തുടക്കമാണിത്.
2 - മണ്ണ്:- മാതൃഭൂമിയോട് ജീവനുള്ള കടപ്പാടിനെ സൂചിപ്പിച്ചുകൊണ്ട് മണ്ണ് ശരീരത്തിൽ പൂശി കുളിക്കുകയും ശിഷ്ടജീവിതം ദേശഭക്തിയിലും മാതൃഭൂസേവനത്തിലും നയിക്കണമെന്ന വൃതം ഉൾക്കൊള്ളുകയും ചെയ്യുന്നു.
3 - ചാണകം :- ചാണകത്തെപ്പോലെ ശരീരവും ചെടികൊടി സസ്യാദികൾക്ക് വളമായി സംസാരം ഫലഭൂയിഷ്ഠമാവട്ടെ എന്ന് സങ്കൽപ്പം .
4 - ഗോമൂത്രം :- ക്ഷാരഗുണപ്രധാനമായ ഗോമൂത്രം രോഗനാശന ശക്തിയുള്ളതാണ്. ബാഹ്യാഭ്യന്തര ദുർഗുണങ്ങളെ അകറ്റി സ്വച്ഛതയുൾക്കൊള്ളുക എന്നതാണ് ഗോമൂത്ര സ്നാന സങ്കൽപ്പം.
5 - പാൽ:- പശുവിന്റെ പാലിനെ പോലെ ശുദ്ധവും സ്വച്ഛവും ഉജ്ജീവനശക്തിദായകവുമായിരിക്കണം സ്വജീവിതം.
7 - തൈർ:- ഇതുവരെ ജീവിതം ഓളമടിച്ചുകൊണ്ടിരുന്നു, പാത്രത്തിലെ പാലിനെ പോലെ ഇളകികൊണ്ടിരുന്നു. ഇനി ഉറയിച്ച പാലിനെപ്പോലെ - തൈരിനെപ്പോലെ ത്യാഹത്തിൽ സ്ഥിരനിഷ്ഠനായിരിക്കും, പ്രലോഭനങ്ങക്ക് വഴിപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ആടുകയില്ല.
7 - നെയ്യ്:- ഗുരുത്വവും സ്നേഹവുമാണ് നെയ്യ്, ജീവിതത്തെ സരളവും സ്നേഹവുമായി തീർക്കുക എന്നതാണ്.
8 - മഞ്ഞൾ:- രോഗാണുക്കളെ നശിപ്പിക്കുന്നതും മംഗളസൂചകവുമായിരിക്കണം മഞ്ഞൾ, വിചാരം, വാക്ക്, പ്രവർത്തികളിൽ നാം ആഗ്രഹിച്ചിലെങ്കിലും കടന്നുകൂടുന്ന ദോഷങ്ങളെയും സമുദായത്തിലെ വികൃതഭാവങ്ങളെയും നേരിട്ട് അകറ്റുന്നതിന്നും തന്റേടത്തോടെ യത്നിക്കുമെന്ന് നിശ്ചയം.
9 - കുശ:- ഏതിലും കുശാഗ്രബുദ്ധിയോടെ ഇരിക്കുക. അധർമ്മത്തിനും അനീതിക്കുമെതിരെ തീക്ഷണതാപൂർവ്വം വർത്തിക്കുക.
10 - തേൻ :- മധുസ്നാനത്തിന്റെ താൽപര്യം സമഗ്രമായ സൗമ്യതയും മാധുര്യവുമാണ് . എല്ലാവർക്കും ഹിതകരമാം വിധം മധുരഭഷണം സേവന-ശുശ്രൂഷകൾ സാത്വികഭാവം സത്സംഗം മുതലായ ഗുണങ്ങളുടെ പോഷണം.
ഇതുവരെ ചെയ്തിട്ടുള്ള പാപകർമ്മങ്ങളുടെ പ്രായശ്ചിത്തമായും നവജീവിതത്തിന്റെ തുടക്കം കുറിക്കുന്നതിനായും, ഈ വിശേഷസ്നാനം വിധിച്ചിരിക്കുന്നു.
..പഞ്ചാമൃതസേവനം..
അതിനു ശേഷം പഞ്ചാമൃതം നൽകുന്നു , പശുവിൻപാൽ, പശുവിൻ നെയ്യ്, തേൻ, തുളസിയില, ശർക്കര എന്നിസാധങ്ങൾ മന്ത്രോച്ചരണപൂർവ്വം തയ്യാറാക്കുന്നതാണ് പഞ്ചാമൃതം, ശരീരികവും മാനസികവുമായ സാത്വിക ശുദ്ധീകരണമാണ്. പഞ്ചാമൃത സേവനത്തിന്റെ ഉദ്ദേശ്യം.
അഭിഷേകം
പഞ്ചാമൃത സേവനത്തിനുശേഷം വാനപ്രസ്ഥനെ സമുദായത്തിലെ സംസ്ക്കാര സമ്പന്നരും ധർമ്മസേവതൽപ്പരരുമായ 24 വ്യക്തികൾ ചേർന്നു അഭിഷേകം ചെയ്യുന്നു. അഭിഷേകം ചെയ്യുമ്പോൾ താൻ വരിച്ച വാനപ്രസ്ഥാശ്രമവ്രതത്തിന് സമുദായത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടെന്നും , വാനപ്രസ്ഥാശ്രമത്തിൽ അദ്ധ്യാത്മിക സാധനയോടപ്പം ശുദ്ധമനസ്സോടെ നിസ്വാർത്ഥമായി സമുദായസേവനമനുഷ്ഠിക്കമെന്നും മനസാ സങ്കൽപ്പിക്കണം, വിശാലമായ സമുദായവും ആദ്ധ്യാത്മികത്വവും അടങ്ങിയതാണ്.
പീതവസ്ത്രധാരണം
അതിനുശേഷം വാനപ്രസ്ഥൻ ഋഷിപൂജചെയ്ത് പീതവസ്ത്രം ധരിക്കുന്നു. സേവന നിഷ്ഠയുടെയും സാത്വിക ജീവിതത്തിന്റെയും ചിഹ്നമാണ്.
ചരടും കൗപീനവും
തുടർന്ന് വാനപ്രസ്ഥന്റെ കയ്യിൽ ചരടും കൗപീനവും ഏൽപ്പിക്കുന്നു. ഇന്ദ്രീയ സംയമത്തിന്റെയും ചുമുതലബോധത്തിന്റെയും പ്രതീകമാണ് ചരടും കൗപീനവും സ്വീകരിക്കുന്നത് . കൂടാതെ വാനപ്രസ്ഥാശ്രമം ശരിയായി പാലിക്കമെന്ന് ദൃഢവൃതം കൈക്കൊള്ളുന്നു,
ധർമ്മദണ്ഡ്
രാജാഭിഷേക സന്ദർഭത്തിൽ രാജാവിന് നിതിന്യായത്തിന്റെ ദണ്ഡ് ഗ്രഹിക്കുന്ന കർമ്മത്തെപ്പോലെയാണ് വാനപ്രസ്ഥൻ ധർമ്മദണ്ഡ് സ്വീകരിക്കുന്നത്. ജീവിതത്തിൽ സ്വധർമ്മ പാലനത്തിന് എപ്പോഴും തയ്യാറായിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ധർമ്മദണ്ഡ്. സ്വാദ്ധ്യായം, സാധന, സംയമം, ജനസേവ എന്നി ചതുർവിധ ധർമ്മകർത്തവ്യങ്ങളിൽ എപ്പോഴും ജാഗരൂകരായിരിക്കുമെന്ന ദൃഢസങ്കൽപ്പത്തോടെ ധർമ്മദണ്ഡ് സ്വീകരിക്കണം.
അനന്തരം വാനപ്രസ്ഥൻ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എന്നീ ദേവന്മാരെ സാക്ഷിപ്പെടുത്തി താൻ സദാ വൃതശീലനയിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം
ജിവഗതി
പൂർവ്വജന്മങ്ങളിൽ പലവിധത്തിൽ തപിച്ചതിന്റെ ഫലമായി ജീവന് ഉൾകൃഷ്ടമായ മനുഷ്യജന്മം ലഭിച്ചു. ഊർദ്ധ്വഗതിക്കുള്ള പൂർണ്ണജീവിതത്തിനുവേണ്ടി മനുഷ്യർ വിവേകപൂർവ്വം പ്രയത്നിച്ചുകൊണ്ടിരിക്കണം. ഇതിലേക്കുള്ള പാകപ്പെടുത്തലാണ് വിവിധസംസ്ക്കാരങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ സംസ്ക്കാരകർമ്മങ്ങൾ തന്നെ ഈശ്വരങ്കൽ സമ്പൂർണസമർപ്പണഭാവത്തിൽ ചേർത്ത് ചെയ്യുമ്പോൾ അതു കർമ്മയോഗമായി. പരസ്പര പൂരകങ്ങളാണ് യോഗകർമ്മങ്ങളെല്ലാം. ഭക്തിജ്ഞാനവൈരാഗ്യമില്ലാത്ത ആത്മസംയമവും ധ്യാനനിഷ്ഠയുമില്ലാത്ത യാതൊരുമാർഗ്ഗവും യോഗമാർഗ്ഗമാവുകയില്ല. സർവ്വാന്തര്യാമിയായ ജഗദ്വീശ്വരന്റെ സവിശേഷമായ ക്ഷേത്രമാണ് മനുഷ്യശരീരം. ലക്ഷോപലക്ഷം നാഡി-ഞരമ്പുകളും മറ്റുമടങ്ങിയ സ്ഥുലശരീരം തന്നെ അത്ഭുതസൃഷ്ടിയാണെന്നിരിക്കെ അതിന്റെ സൂക്ഷ്മകാരണസ്വരൂപങ്ങൾ അത്യത്ഭുതങ്ങളായിരിക്കും. പഞ്ചഭൂതാത്മകമായ ഈ സ്ഥൂലദേഹത്തെ പഞ്ചന്ദ്രിയങ്ങളെകൊണ്ടും. സൂക്ഷ്മശരീരത്തെ കാര്യംകൊണ്ടും , കാരണശരീരത്തെ സുബോധംകൊണ്ടും അറിയാൻ സാധിക്കുന്നു. അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞനേന്ദ്രിയങ്ങൾ , അഞ്ച് പ്രാണാദിവായുക്കൾ , ബുദ്ധി, മനസ്സ് എന്നിങ്ങനെ പതിനെഴ് അവയവങ്ങളും അവയുടെ ഉപഘടങ്ങളും അന്തർമുഖദൃഷ്ടിയോടെ അപഗ്രഥനം ചെയ്യുമ്പോഴറിയാം ഈ ശരീരലബ്ദിയുടെ മഹത്വം.
മനസ്സ് ബുദ്ധി ചിത്തം അഹംങ്കാരം എന്നി നാലു ശക്തികളെയുകൂടി അന്തകരണമെന്നു പറയുന്നു. മനസ്സ് കണ്ഠത്തിലും , ബുദ്ധി മുഖത്തിലും ചിത്തം നാഭിസ്ഥാനത്തും അഹംങ്കാരം ഹൃദയസ്ഥാനത്തും അധിവസിക്കുന്നു. സംശയം നിശ്ചയം ധാരണ അഭിമാനം ഇവ അവയുടെ വിഷയങ്ങളാണ് . മനസ്സ് സംശയസ്വരൂപവും, ബുദ്ധി നിശ്ചയാത്മികയും, ചിത്തം ധാരണാസ്വരൂപവും അഹംങ്കാരം അഭിമാനസ്വരൂപവുമാണ്.
വിഷയങ്ങളെ മറക്കാതെ ഓർത്തുകൊണ്ടിരിക്കുക ചിത്തത്തിന്റെയും , അഭിമാനിച്ചുകൊണ്ടിരിക്കൽ അഹങ്കരത്തിന്റെയും സ്വരൂപമാണ്. ധർമ്മങ്ങളുടെ ഐക്യരൂപം ഹേതുവായി ചിത്തം ബുദ്ധിയിലും അഹങ്കാരം മനസ്സിലും ഒതുങ്ങുന്നതിനാൽ മനസ്സും ബുദ്ധിയെന്നു പൊതുവെ അറിയപ്പെടുന്നു.
കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചിത വിഷയങ്ങളെ കൂടി ബുദ്ധി ഓർമിപ്പിക്കുന്നു, പണ്ട് പരിചയിച്ച വിഷയത്തെ മാത്രം ചിത്തം സ്മരിക്കുന്നു. മനസ്സ് അകത്തും പുറത്തും ഒരുപോലെ സങ്കൽപിക്കുന്നു. അഹങ്കാരമാകട്ടെ അനാത്മവസ്തുക്കളിൽ ആത്മഭാവത്തെ അഭിമാനിക്കുന്നു. പ്രസ്തുതഭാവങ്ങളെല്ലാം കൂടിയതാണ് അന്തഃകരണം .
പഞ്ചപ്രാണവായുക്കളിൽ പ്രാണൻ ഹൃദയസ്ഥാനത്തും, അപാനൻ ഗുദത്തിലും, സമാനൻ നാഭിപ്രദേശത്തും, ഉദാനൻ കണ്ഠത്തിലും, വ്യാനൻ ശരീരം മുഴുവനും വ്യാപിച്ചും സ്ഥിതിചെയ്യുന്നു. ഇവയുടെ ഉപവായുക്കളാണ് വിവിധ വൃത്തികളോടുകൂടിയ നാഗൻ, കൂർമ്മൻ, കൃകരൻ, ദേവദത്തൻ , ധനഞ്ജയൻ എന്നിവ. ഒരേഒരു പ്രാണന്റെ വിവിധസ്വരൂപങ്ങളാണിവ. പ്രാണനുണ്ടായത് ഈശ്വരസങ്കല്പം കൊണ്ടും, ശരീരത്തിൽ പ്രവേശിക്കുന്നത് ജീവസങ്കല്പം കൊണ്ടുമാണ്.
കർമ്മസംസ്ക്കാരങ്ങൾക്കനുരൂപമായി ജീവൻ ഏതേതു ശരീരങ്ങളെ ഇച്ഛിക്കുന്നുവോ തത്തൽ ശരീരങ്ങളിൽ പ്രാണൻ ജീവനോടു കൂടി പ്രവേശിക്കുന്നു. മരണസമയത്ത് യാതൊരു സങ്കല്പമാണോ ജീവനുള്ളത് അതിനെയാണ് അന്തരദശയിൽ പ്രാപിക്കുന്നത്. മുഖ്യപ്രാണൻ മരണസമയത്ത് ഇന്ദ്രിയമനസ്സുകളോടു കൂടി ജീവനെ ഉദാനവായുവിൽകൂടെ ഈ ശരീരത്തിൽ നിന്നും വേർപ്പെടുത്തി അപ്പോഴുള്ള സങ്കല്പത്തിന് അനുരൂപമായ സ്ഥാനത്തേക്കും കൊണ്ടുപോകുന്നു.
രസം രക്തം മാംസം മോദസ്സ് അസ്ഥി മജ്ജ ശുക്ളം എന്നീ ഏഴ്ധാതുക്കളോടും വാതം പിത്തം കഫം എന്നീ മൂന്ന് ദോഷങ്ങളോടും മല മൂത്രം തുടങ്ങി എന്നീ പന്ത്രണ്ട് ഘടകങ്ങളോടും ഉപവായുക്കളോടും കൂടിയതാണ് സ്ഥൂലശരീരം. ഇതിനെ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാണൻ ജഡമാണ്. പ്രാണനെക്കാൾ സൂക്ഷമവും വലിപ്പമുള്ളതുമാണ് മനസ്സ്, മനസ്സിനെക്കാൾ അതി സൂക്ഷമവും അനേകമിരട്ടിവലുപ്പമുള്ളതുമാണ് ബുദ്ധി, ഇവയെല്ലാം ചേർന്ന് സുഖത്തെ അഥവാ ആനന്ദത്തെ ഇച്ഛിക്കുന്നു. അതിനാൽ ശരീരം മനസ്സ് പ്രാണൻ ബുദ്ധി ആനന്ദം എന്നിങ്ങനെ അഞ്ചാണ് ജിവിത വ്യാപരത്തിലെ പ്രമുഖങ്ങളായ ഘടങ്ങൾ. ഇവയെ അന്നമയകോശം പ്രാണമയകോശം മനോമയകോശം വിഞ്ജാനമയകോശം ആനന്ദമയകോശം. ഇങ്ങനെ പഞ്ചകോശങ്ങളായി വേദശാസ്ത്രങ്ങളിൽ വർണ്ണിച്ചിരിക്കുന്നു.
ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിലൂടെ ഈ പഞ്ചകോശങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ജീവന് ഏതേതു കോശങ്ങളിൽ ആധിക്യേന മമതയുണ്ടോ അതാതു കോശങ്ങളുടെ ധർമ്മങ്ങൾ തന്റെ ധർമ്മങ്ങളായും അതാതിന്റെ ആവിശ്യങ്ങൾ തന്റെ ആവിശ്യങ്ങളായും പരിണമിക്കുന്നു. അധിക ജീവന്മാരുടെയും ഒരേ ജീവതത്തിലേയും ജീവിതലക്ഷ്യം തന്നെ അന്നപ്രാണമനോമയ കോശങ്ങളുടെ ആവിശ്യങ്ങളെ സാധിക്കലും അതിന്റെയൊക്കെ ഉദ്ദേശ്യമാകട്ടെ സുഖം അല്ലെങ്കിൽ ആനന്ദവുമാണ്. നൈമിഷികവും തൽക്കാലികവുമായ സുഖവൃത്തത്തിൽ ചുറ്റിതിരിയുന്നതിനാൽ ജീവൻ ആത്മാവിൽ നിന്നും വളരെ അധികം അകന്ന അന്നമയകോശമെന്ന ശരീരത്തിന്റെ അനുഭവങ്ങളിൽ ആണ്ടുപോകുന്നു. അവ ദുഃഖൈകസ്വരൂപങ്ങളുമാണ്.
വിജ്ഞാന - ആനന്തമയകോശങ്ങൾക്കപ്പുറത്താണ് സച്ചിദാനന്തസ്വരൂപമായ ഈശ്വരന്റെ നില. ആനന്ദമയനായ ആത്മാവിനോട് അടുക്കും തോറും ആനന്ദനിർവൃതി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും അവസാനം പരമാനന്ദം - മോക്ഷം - പ്രാപിക്കുകയും ചെയ്യുന്നു
പുടവ അഥവാ മന്ത്രകോടി
വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കൽ എന്ന പുടവ കൊടുക്കൽ. വസ്ത്രത്തിന് നിരവധി ധർമ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയിൽ. നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്കുക. ഈവിധ ഗുണങ്ങൾ നിർവഹിക്കുന്ന പുടവ വരൻ വധുവിന് നല്കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോൾ ഈ അഞ്ച് ധർമ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.
വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.
വസ്ത്രം രക്ഷയുടെ പ്രതീകമാണ്. വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.
ഒന്ന്, നഗ്നത മറയ്ക്കുക
രണ്ട്, രൂപഭംഗി വരുത്തുക
മൂന്ന്, ശീതോഷ്ണങ്ങൾ ക്രമീകരിക്കുക
നാല്, വ്യക്തിത്വം സൂചിപ്പിക്കുക
അഞ്ച്, ആശ്രയം നൽകുക.
ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്.
സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.
ഒന്ന്, സ്വയം അദൃശ്യയായി നിൽക്കണം
രണ്ട്, ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം
മൂന്ന്, സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം
നാല്, തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം
അഞ്ച്, തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.
(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.
(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.
(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.
(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ!
(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.
പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.
(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.
(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.
(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.
(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.
ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു
ദേവയജ്ഞം
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
രാത്രിയും പകലും, പകലും രാത്രിയും സന്ധിക്കുന്ന ഇരുസന്ധ്യകളിലും ദീപമേറ്റി അഗ്നിജ്വലിപ്പിച്ച് സന്ധ്യാവന്ദനവും ഹോമവും നടത്തുക എന്നത് ഓരോ ഗൃഹസ്ഥാശ്രമിയുടെയും കർത്തവ്യമാണ്.
ദേവ യജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.
*അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിർ
വൃഷ്ട്ടെരന്നം തത പ്രജ*:
എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവർത്തന ക്ഷമമാകുന്നത് എന്ന് മേല്പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും. അഗ്നിയിൽ അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്വവും മന്ത്രപുരസ്സരവുമായി അർപ്പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകൾക്ക് അന്നം ലഭ്യമാകുന്നു.
നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യൻ തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം.
*ഇദം ന: മമ*.
എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.
“*ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:*”
എന്നു പറഞ്ഞിരിക്കുന്നു.
യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്
പ്രാതഃപ്രാതർഗൃഹപതിർനോ അഗ്നിഃ
സായാം സായാം സൗമനസ്യദാതാ ......
ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ ഞങ്ങൾ ദിനം പ്രതി രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ അങ്ങയുടെ കൃപയാൽ ധനധാന്യ സമൃദ്ധരായി ഞങ്ങൾ നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദി മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും , അഗ്നി വായു ജലം പൃഥ്വി ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച് പുഷ്ടി മാധുര്യം സുഗന്ധം രോഗശമനം ഇത്യാദി ഗുണങ്ങളുള്ള ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം യജിക്കുന്നു. അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി . നമ്മുടെ എല്ലാ കർമ്മങ്ങളും കർമ്മയോഗമാക്കി പരിണമിപ്പിക്കാനുള്ള സാധന കൂടിയാണിത്…
പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.
അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ് പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.
വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ എന്നിവയാണ്.
പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.
അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.
അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)
ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാൽ മനസ്സുവച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും.
“പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം”
ഞാൻ, എന്റെ എന്ന സ്വാർത്ഥഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും പരമാർത്ഥിക ഭവത്തിലേക്കും ഉന്നതി പ്രാപിക്കണം നാം സ്ഥൂലാതീതമായ ലോകങ്ങളുമായി ബന്ധപ്പെട്ടവാരാണെന്നും ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം സഹായകമായിരിക്കുന്നു.
വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തിലെത്തിക്കുന്നതാണ് ദേവയജ്ഞം
പിതൃയജ്ഞം
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. ശ്രാദ്ധ-തർപ്പാണാദികൾക്ക് പിതൃയജ്ഞമെന്നു പറയുന്നു. പരലോകപ്രപ്തരായ പൂർവ്വികരെ സ്മരിച്ച് അവർക്കായി നടത്തുന്ന പിതൃതർപ്പണവും ജീവിച്ചിരിക്കുന്ന മാതൃ-പിതൃവഴിയിലുള്ള ഗുരുജനങ്ങളെ ശ്രാദ്ധപൂർവ്വം ശുശ്രൂഷിക്കുന്നതും പിതൃയജ്ഞമാകുന്നു.
നാം ഇന്ന് അനുഭവിക്കുന്ന പല സുഖസൗഖര്യങ്ങൾക്കും നമ്മുടെ പൂർവ്വികന്മാരോടും പൂർവ്വകാലവംശപരമ്പരകളോടും കടപ്പെട്ടിരിക്കുന്നു.
അവരുടെ സൽകർമ്മങ്ങളും ത്യഗവും നാം നന്ദിപൂർവ്വം ആദരവോടുകൂടി സ്മരിക്കുകയും അത്പോലെ ജീവിച്ചിരിക്കുന്ന വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ ഗുരുജനങ്ങളെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും വേണം. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നിമിത്തം നമ്മുടെ ജീവിതം കുടുതൽ സുഗുമവും സന്തോഷപ്രദവുമായി തീരും.
ശ്രത് സത്യം ദധാതിയയാ ക്രിയയാ സാശ്രദ്ധാ
ശ്രദ്ധായായത് ക്രിയതേ തത് ശ്രാദ്ധം
യാതൊരു ക്രിയകൊണ്ട് സത്യം ഗ്രഹിക്കപ്പെടുന്നുവോ അത് ശ്രദ്ധയെന്നും, ശ്രദ്ധയോടുകൂടി ചെയ്യുന്ന കർമ്മം ശ്രാദ്ധമെന്നും പറയപ്പെടുന്നു.
"തൃപ്യന്തി തർപ്പയന്തിയേന പിതൃൻ തത് തർപ്പണം "
യാതൊരു കർമ്മം കൊണ്ട് മാതാപിതാക്കളും - അവരുടെ പൂർവ്വവംശപരമ്പരയും പ്രസാദിക്കപ്പെടുന്നുവോ അതു തർപ്പണം.
തർപ്പണം
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)
മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.
ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.
വിവിധ തർപ്പണങ്ങൾ
1. ഗുണ്ട തർപ്പണം -
ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.
2. ബ്രഹ്മ യജ്ഞ തർപ്പണം* -
ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.
3. പർഹേനി തർപ്പണം* -
വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.
4. സാധാരണ തർപ്പണം-
അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.
ശ്രാദ്ധം
ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം*.
പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.
ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്.
"*മാതൃദേവോഭവ*
*പിതൃദേവോഭവ*,
*ആചാര്യദേവോ ഭവ*"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"*ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ*"
“ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികളൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്
ഗായത്രീ മാഹാത്മ്യം
ഗായത്രീ സ്മൃതി :- ഗായത്രിയുടെ ഇരുപത്തിനാലു അക്ഷരങ്ങൾ എന്തല്ലാം വിഭൂതികളെ വിഭാവനചെയ്യുന്നു എന്നു ഗായത്രീ സ്മൃതി വിവരിക്കുന്നു.
ഭൂഃ = ശരീരം,
ഭുവഃ = സംസാരം,
സ്വഃ = ആത്മാവ്
ഇവമൂന്നും പരമാത്മാവിന്റെ ക്രിഡാസ്ഥാനങ്ങളത്രേ.
ഓം ഭുഃ
ഭുവഃ
സ്വഃ
….പ്രണവം പരമാത്മാവിന്റെ വൈദികനാമമാണ്
തത് ;- അജ്ഞനത്തെ നിശ്ശേഷം ഇല്ലാതക്കി ബ്രാഹ്മണനെ തത്ത്വ ദർശിയാക്കി മാറ്റുന്നു.
സ :- ബലത്തെ വർദ്ധിപ്പിക്കുന്നു. സഹസം ശൗര്യം ഇവ വർദ്ധിപ്പിക്കുന്നു. പുരുഷഭാവം വളർത്തുന്നു.,അന്യായത്തെ ഇല്ലാതാക്കുന്നു.
വി ;- ധനസമ്പത്ത് വർദ്ധിപ്പിക്കുന്നു. ഉചിതാമായ പ്രവർത്തികളിലേക്ക് ബുദ്ധിയെ നയിക്കുന്നു.
തു :-പരിശ്രമശീലനാകുന്നു. വിഷമസന്ധികളിൽ ആവിശ്യമായ വിവേകം, ധൈര്യം, പരിശ്രമം, എനിവയെ ഉത്തേജിപ്പിക്കുന്നു. ആനന്ദമായ ജീവിതരസം ആസ്വാദന യോഗ്യമാക്കുന്നു.
വ :- സ്ത്രീ മുഖേനയാണ് പ്രപഞ്ചത്തിൽ സൃഷ്ടി വർദ്ധിക്കുന്നത്. ഈ അക്ഷരം സ്തീത്വമഹത്വത്തെ ചൂണ്ടിക്കട്ടുന്നു. സ്തീ ക്രിയാശീലത്തിന്റെ പര്യായമാണ് . അഥവാ സ്ത്രീ ഉത്തമക്ഷേത്രമെന്നറിയപ്പെടുന്നു. ആ ക്ഷേത്രത്തിലെ തന്ത്രിയാണ് പുരുഷൻ.
രേ ;- സ്തീ നിർമ്മലയാണ്, എന്നും പൂജ്യയാണ്, ഐശ്വര്യശീലയായ ലക്ഷ്മിയാണ് ('സ്ത്രീയഃ ശ്രിയശ്ച ഗേഹേഷു ... സ്ത്രീ ഗ്രഹത്തിലെ ലക്ഷ്മിയാണ് - മനുസ്മൃതി) എന്നിങ്ങനെ വിദ്വാന്മാർ വാഴ്ത്തുന്നു. ധനവും സ്വത്തും മറ്റും ഭൗതികവസ്തുക്കളും എല്ലാം നിർജ്ജിവ ലക്ഷ്മിയാണ്. സ്തീയാകട്ടെ മഹാലക്ഷ്മിയുടെ സമൂർത്തഭാവമാണ് . രേ എന്ന അക്ഷരം സമസ്താഭിവൃദ്ധിയെയും ലക്ഷ്യമിടുന്നു.
ണി ;- പ്രകൃതിയുടെ നിയമത്തിനും ആജ്ഞയ്ക്കും അനിസൃതമായി ഓരോ ജീവജാലങ്ങളും നിത്യ ജീവിതം നയിക്കുന്നു. ആഹാരനീഹാരനിദ്രാമൈഥുനങ്ങൾ, എല്ലാ ജീവരാശികളുടെയും സഹജപ്രകൃതിയാണ്. ഇവയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്ന അക്ഷരസംജ്ഞയാണ് 'ണി'.
യം :- നാം നമ്മോട് ഏതു പ്രകാരം വ്യഹരിക്കുന്നുവോ അതു പോലെ വേണം അന്യരോട് പെരുമാറാൻ. ശ്രേഷ്ഠ്തയോടും കൃതജ്ഞതയോടും,കൂടി അന്യരെ ആദരിക്കുകയും ബഹു മാനിക്കുകയും ചെയ്യുക. എല്ലാവർക്കും സുഖവും ശാന്തിയും ഉണ്ടാകട്ടെ എന്നതാണ് 'യം' അർത്ഥമാക്കുന്നത്.
" ആത്മവത് സതതം പശ്യേദപി കീടാപിപീലികാം'
എറുമ്പിനേയും പുഴുവിനേയും സഹജീവികളായി തന്നെപോലെ തന്നെ ദർശിക്കനാണ് സനാതന ധർമ്മം അനുശാസിക്കുന്നത്.
ഭ :- മാനസ്സികമായും എല്ലാ വ്യഗ്രതകളെയും അകറ്റി നിർത്തു. മനസ്സിന്റെ ശാന്തതയും സന്തുലിതാവസ്ഥയും കൈവിടാതിരിക്കൂ. ആവേശം, ഉത്തേജനം, ആതുരത ഇവയെല്ലാം മാനസികജ്വരലക്ഷണങ്ങളാണ്. ഇവയെല്ലാം അതിജീവിക്കൂ. കാരണം ഇവകൾക്ക് അടിമപ്പെടുമ്പോൾ ജ്ഞാനവും വിവേകവും നഷ്ടമാകുന്നു. ഇവയെ കീഴ്പ്പെടുത്തുമ്പോൾ വിവേകവും ദീർഘദൃഷ്ടിയും(ജ്ഞാനദൃഷ്ടിയും) സ്വയമേവ ലഭിക്കുന്നു.
ഗോ :- നമ്മുടെ അകമെങ്ങനെയാണോ അതുപോലെയാണ് ബാഹ്യലോകവും കാണുക. അകക്കമ്പ് നിമ്മലവും ശിദ്ധവുമായാൽ പുറത്ത് യതൊന്നും അനിഷ്ട്മായി കാണൻ സാധിക്കുകയില്ല. ഈശ്വരനായി സ്വയം ഭാവന കൈവന്നാൽ പുറത്തും ഈശ്വരൻ നിറഞ്ഞു കവിഞ്ഞിരിക്കുന്നതായി കാണാം. എല്ലാവരെയും ആത്മമിതമായും ഗുരുജനമായും കാണുകയും തിതിക്ഷാ ( ' സഹനം സർവ്വദുഃഖാനാമപ്രതികാരപൂർവ്വകം ചിന്താ വിലാപരഹിതം സാ തിതിക്ഷ നിഗദ്യതേ' ... (എന്തു സഹിക്കനുള്ള കഴിവ്).... ) മനോഭാവം നിലനിർത്തുകയും ചെയ്യുക എന്നതാണ് 'ഗോ' എന്ന അക്ഷരം വിഭാവനം ചെയ്യുന്നത്.
ദേ :- ദമനം എന്നർത്ഥം. ഇന്ദ്രിയങ്ങളെ സ്വന്തം വശവർത്തിയാക്കി നിർത്തുക, അഥവാ ഇന്ദ്രീയങ്ങൾ ആത്മാവിന്റെ സേവകന്മാരാണ് എന്നറിയുക. ആത്മാവിന്റെ പ്രേരണക്ക് കാരണം പരമാത്മാവും. അന്തഃകരണങ്ങളുടെ വിവിധ തൃഷ്ണകൾക്ക് അനുസൃതമായി ഇന്ദ്രീയങ്ങൾ പ്രവർത്തിക്കുന്നു. അന്തഃകരണങ്ങളെ ( അന്തരീക ക്ഷേത്രങ്ങൾ) ചൈതന്യപൂർണ്ണമാകുമ്പോൾ ആന്തരീകസംതൃപ്തി ലഭിക്കുന്നു. നിയന്ത്രിതമായ ഇന്ദ്രിയങ്ങൾ തന്റെ ബന്ധുവാണെന്നും അനിയന്ത്രിതമായ ഇന്ദ്രിയങ്ങൾ ശത്രുവാണെന്നും ' ദേ' ഓർമ്മിപ്പിക്കുന്നു.
വ :- പവിത്രതയാണ് പ്രസന്നതാ. ശീതളവും, ശാന്തിദായകവും പ്രസന്നവുമായ ഭാവത്തെ കുറിക്കുന്നു പവിത്രത. ബ്രഹ്മത്വപ്രാപ്തിക്കുള്ള പ്രാഥമിക യോഗ്യതയാണ് പവിത്രത. ധ്യാനമാണ് ആന്തരീകമായ ജീർണ്ണോദ്ധാരണത്തിനുള്ള ഏക പോംവഴി.
സ്യ :- ജീവിക്കുക എന്നത് ജീവിതത്തിന്റെ ജീവിതത്തിന്റെ നിത്യകർമ്മമാണ്. ഉദാരതയിൽ അധിഷ്ഠിതമാണ് ധർമ്മമാർഗ്ഗം. 'സ്യ' എന്ന ശബ്ദം പ്രേരണ നൽക്കുന്നത് എന്ന അർത്ഥത്തിലാണ് ഉപയോച്ചിരിക്കുന്നത് .
ധീ : - എല്ലാ മേഖലകളിലുമുള്ള മുന്നേറ്റം . സ്വസ്ഥ്യബലം, വിദ്യാബലം, ധനബലം, പ്രതിഷ്ഠാബലം, എന്നിവയെല്ലാം 'ധീ' എന്ന ശബ്ദം കുറിക്കുന്നു. ഈ ബലങ്ങൾ ഒരാൾ പരമശ്രേഷ്ഠ്നായി ജീവിക്കുന്നു.
മ :- പരമാത്മസ്വരൂപന്റെ നിയമത്തെ കുറിക്കുന്നു….. ലോകത്തിലെ നിത്യനിദാനങ്ങൾ ചിട്ടപ്രകാരം നടത്തുക. കർമ്മനുസൃതമായ ഫലത്തെ നൽക്കുക ഇവ രണ്ടും ഈശ്വരപ്രേരണയാണ്. ഈശ്വരന്റെ അസ്തിത്ത്വത്തിലും സർവ്വജ്ഞതയിലും നിത്യതൃപ്തിയിലും സ്വതന്ത്രതയിലും അനന്തമായ ശക്തിയിലും ഉള്ളവിശ്വാസം ദൃഢമായി തീരട്ടെ.
"സർവ്വജ്ഞതാ തൃപ്തിരനാദിബോധാ
സ്വതന്ത്രതാ നിത്യമലുപ്ത്ശക്തിഃ
അനന്തശക്തിശ്ച വിഭോർവിധിജ്ഞാ
ഷഡാഹുരംഗാനി മഹേശ്വരസ്യ" ----- (വതുലോത്തരതന്ത്രം)
ഈശ്വരാധനയുടെ രഹസ്യതത്ത്വമാണ് ഇത്.
ഹി :- ദേശത്തിനും കാലത്തിനും വിവേകബുദ്ധിക്കു അനുസൃതമായ ധ്യാനോപസനകൾ വിഹിതങ്ങളാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
ധീ :- ജനനമരണങ്ങളുടെ രഹസ്യം വെളിപ്പെടുമ്പോൾ ആത്യന്തികമായ വിവേകം ഉദിക്കും. സുഖവും ദുഃഖവും ജീവിതത്തിലെ കേവലം രണ്ടു മാനസിക ഭവങ്ങൾ മാത്രമാണ്. അതിൽ ഒട്ടും അഭിമാനിക്കതിരിക്കുക. സദാ കർമ്മനിരതനും പ്രയത്നശീലനും ആയിരിക്കുക.
യോ :- ധർമ്മമാർഗത്തിലൂടെ ജീവിക്കൂ. ധർമ്മം അഭിനയിക്കരുത്. അത് ദുരാചാരമാണ്. അത്യുത്തമം എന്നാണ് യോ എന്ന അക്ഷരം ബോധിപ്പിക്കുന്നത് .
യോ :- വ്യസനം മനുഷ്യന്റെ സഹജാവസ്ഥയ്ക്കു വിപരീതമാണ്. ദുശ്ശീലങ്ങളെ ഒഴിവാക്കൂ എന്ന് ആഹ്വാനം ചെയ്യുന്നു.
നഃ :- ഈ ഒറ്റ വചകം മുറകെ പിടിക്കു. സദാ ജാഗ്രത്തായിരിക്കുക. (ഉത്തിഷ്ഠ്ത ജാഗ്രത) അക്ഷമനും അലസനും ഒന്നും നേടുകയില്ല. കാമം,ക്രോധം, ലോഭം, മോഹം, മദം, മാത്സ്യര്യം എന്നീ ആറുമാനസീക ശക്തികൾക്ക് എതിരെ ജാഗ്രത പാലിക്കുക. സുരക്ഷിതനായിരിക്കുക.
പ്ര :- ഉദാരചിത്തത്വം ഉദാരവീക്ഷണം, ഉദാരവിചാരം എന്നിവയാൽ ചിത്തത്തെ ശുദ്ധമാക്കി വെക്കുക. മനസ്സ് സദാ പ്രേമനിബദ്ധമായിരിക്കട്ടെ.
ചോ :- മനുഷ്യമനസ്സ് സ്വതേ നിർമ്മലമാണ്. സംസ്ക്കാരം, അനുകരണം, ഇവയാണ് മനസ്സിനെ മലിനമാക്കുന്നത്. നന്മയോടു സദാ പ്രതിബദ്ധത കണികൂ.
ദ :- ആത്മാവിനെ അറിഞ്ഞ് ആത്മാവിന്റെ മഹത്വം അനുഭവിച്ചറിയൂ. ആത്മാവ് ഈശ്വരാംശമാണെന്നും ആത്മാവിന്റെ മഹത്വം ദൈവീകതയാണെന്നും, ദൈവികത അതുല്യവും അത്യുന്നതവും ആണെന്നും അറിയുക. യാൽ :- ബുദ്ധികൊണ്ടും അനുഭവപാഠങ്ങൾ കൊണ്ടും കർത്തവ്യനിരതനായിരിക്കു. പിതൃപുത്രബന്ധം പോലെ ഈശ്വരസത്തയും ജീവസത്തയും മഹത്തരമാണെന്നറിയൂ......
ഈ ഇരുപത്തിനാലു അക്ഷരങ്ങളുടെ സാരാംശം സംഗ്രഹിച്ചാൽ ഇനി പറയുന്ന അത്യുച്ചപദത്തിലെത്താം . .
" അഹം ദേവോ ന ചാന്യേസ്മി ബ്രഹ്മൈവാഹം ന ശോകഭാക് സച്ചിദാനന്ദരൂപോയം നിത്യമുക്തസ്വഭാവവാൻ".
ഞാൻ ദേവനല്ലതെ മറ്റൊന്നല്ല, ബ്രഹ്മസ്വരൂപനായ ഞാൻ യാതൊരു ശോകങ്ങൾക്കും അടിമയല്ല . സത് - ചിത് (ജ്ഞാനം) - ആനന്ദം പൂർണനായ ഞാൻ നിത്യമുക്തനും നിത്യധന്യനുമാണ് - ഇതായിരിക്കട്ടേ നമ്മുടെ നിത്യപ്രാർത്ഥനാ
ഗൃഹസ്ഥാശ്രമം
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു. ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം*
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
*പിതൃയജ്ഞം*
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
*നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം*.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"*മാതൃദേവോഭവ*
*പിതൃദേവോഭവ*,
*ആചാര്യദേവോ ഭവ*"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"*ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ*"
(*ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്*)
*ദേവയജ്ഞം*
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു
ഭൂത യജ്ഞം*
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു
വിവാഹ സംസ്കാരം
ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട് .
വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു. കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്. ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ടപ്രയോജനം.
സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു. യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.
ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.
ബ്രാഹ്മം
വിധിപ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.
ദൈവവിവാഹം
വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൺപണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.
ആർഷം
വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു
പ്രജാപത്യം
ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,
ആസുരം
വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.
ഗാന്ധർവ്വം
വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.
രാക്ഷസം
ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.
പൈശാചികം.
ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
“ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ ..
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ....
"മമ ഹൃദയേ ഹൃദയം തേ അസ്തു
മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
'സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ '
സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ .
‘കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കം ... സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു. ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക. ആര്യമാ സവിതാദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി . ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്. അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.
ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നുണ്ട് . ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻപോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹസംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു. സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.
വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം .
വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.
വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാരകർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം
ഗായത്രിയും ഇരുപത്തിനാലുകളും
ഇരുപത്തിനല് അക്ഷരങ്ങളാൽ വിശ്വത്തിന്റെ രഹസ്യമായി കുടികൊള്ളുന്ന ഗായത്രിയുടെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് അവതാരങ്ങളും, ശക്തികളും, ഋഷികളും, ഛന്ദസുകളും, തത്വങ്ങളും, നിറങ്ങളും ഏതൊക്കെയാണെന്ന് മഹർഷി നാരയണൻ, നാരദമഹർഷിയോട് വിശദീകരിച്ചിട്ടുണ്ട്.
ഗായത്രി
1 തത്, 2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ, 11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18 യോ, 19 യോ,
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,
ശക്തികൾ :-
1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി, 15 - വിമലാ, 16 - തമോപഹാരിണി, 17 - സൂഷ്മാ, 18 - വിശ്വയോനി, 19 - ജയാ, 20 - വശാ, 21 - പത്മാലയാ, 22 - പരശോഭ, 23 - ഭദ്രാ, 24 – ത്രിപാദാ
മുദ്രകൾ :-
1 - സന്മുഖം, 2 - സംപുടം, 3 - വിതതം, 4 - വിസ്തൃതം, 5 - ദ്വിമുഖം, 6 - ത്രിമുഖം, 7 - ചതുർമുഖം, 8 - പഞ്ചമുഖം, 9 - ഷണ്മുഖം, 10 - അധോമുഖം, 11- വ്യാപകജഞ്ജലികം, 12 - ശകടം, 13 - യമപാശം, 14 - ഗ്രഥികം, 15 - സന്മുഖോന്മുഖം, 16 - വിലംബം, 17 - മുഷ്ടികം, 18 - മത്സ്യം, 19 - കൂർമ്മം, 20 - വരാഹം, 21 - സിഹാക്രാന്തം, 22 - മഹാക്രാന്തം, 23 - മുദ്കരം, 24 - പല്ലവം.
ഋഷികൾ :-
1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു, 5 - ഭ്രഗു, 6 - ശാടില്യൻ, 7 - ലോഹിതൻ, 8 - വിഷ്ണു, 9 - ശാതാതവൻ, 10 - സനൽകുമരൻ, 11 - വേദവ്യാസൻ, 12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ, 15 - കൃതു, 16 - വഷശൻ, 17 - കശ്യപൻ, 18 - അത്രി, 19 - അഗസ്ത്യൻ, 20 - ഉദാലകൻ, 21 - അംഗിരസ്സ്, 22 - നാമകേതു, 23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.
ഛന്ദസുകൾ :-
1 - ഗായത്രി, 2 - ഉഷ്ണിക്ക്, 3 - അനുഷ്ടുപ്പ്, 4 - ബൃഹതി, 5 - പക്തി, 6 - ത്രിഷ്ടുപ്പ്, 7 - ജഗതി, 8 - അതിജഗതി, 9 - ശക്വരി, 10 - അതിശക്വരി, 11 - ധൃതി, 12 - അതിധൃതി, 13 - വിരാട്, 14 - പ്രസ്തരപങക്തി, 15 - കൃതി, 16 - പ്രകൃതി, 17- ആകൃതി, 18 - വികൃതി, 19 - സംകൃതി, 20 - അക്ഷരപങക്തി, 21 - ഭുഃ, 22 - ഭുവഃ, 23 - സ്വഃ, 24 - ജ്യോതിഷ്മതി.
തത്വങ്ങൾ :-
1 - പൃഥി, 2 - അപ്പ്( ജലം ), 3 - തേജസ്സ് (അഗ്നി), 4 - വായു, 5 - ആകാശം, 6 - ഗന്ധം, 7 - രസം, 8 - രൂപം, 9 - ശബ്ദം, 10 - സ്പർശം, 11 - വാക്യം, 12 - പാദം, 13 - മലം, 14 - വിസർജനേന്ദ്രിയം, 15 - ത്വക്ക്, 16 - കണ്ണ്, 17 - ചെവി, 18 - നാക്ക്, 19 - മൂക്ക്, 20 - മനസ്, 21 - ബുദ്ധി, 22 - അഹങ്കാരം, 23 - ചിത്തം, 24 - ജ്ഞാനം.
നിറങ്ങൾ :-
1 - ചമ്പകം, 2 - കായാമ്പു, 3 - പവിഴം, 4 - സ്ഫടികം, 5 - താമരപ്പൂ, 6 - അരുണാദിത്യൻ, 7 - ശംഖകുന്ദേന്ദുക്കൾ, 8 - ഇളംതാമരയില, 9 - പത്മരാഗം, 10 - ഇന്ദ്രനീലമണി, 11 - മുത്ത്, 12 - കുങ്കുമം, 13 - അഞ്ജനം, 14 - രക്തം, 15 - വൈഡ്യൂര്യം, 16 - തേൻ, 17 - മഞ്ഞൾ, 18 - കുന്ദദുഗ്ദ്ധങ്ങൾ, 19 - സൂര്യരശ്മി, 20 - ശുകപുച്ഛം, 21 - താമര, 22 - കൈതപ്പൂവ്, 23 - മല്ലികാകുസുമം, 24 - കരവീരപുഷ്പം.
അവതാരങ്ങൾ :-
1 - സനകൻ, 2 - സനന്ദൻ, 3 - സനാതനൻ, 4 - സനൽകുമാരൻ, 5 - വരാഹം, 6 - നാരദൻ, 7 - നരനാരായണന്മാർ, 8 - ദത്താത്രേയൻ, 9 - യജ്ഞൻ, 10 - ഋഷഭൻ, 11 - കപിലൻ, 12 - മൽസ്യം, 13 - മോഹിനി, 14 - കൂർമം, 15 - ഗരുഡൻ, 16 - ധന്വന്തരി, 17 - നരസിംഹം, 18 - വാമനൻ, 19 - പരശുരാമൻ, 20 - വ്യാസൻ, 21 - ശ്രീരാമൻ, 22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ, 24 - കൽക്കി.
ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :-
1 - അഗ്നിദേവൻ, 2 - പ്രജാപതി, 3 - ചന്ദ്രൻ, 4 - ഈശ്വാനൻ, 5 - ആദിത്യൻ, 6 - ഗാർഗ്യപത്യൻ, 7 - മന്ത്രം, 8 - ഭഗൻ, 9 - ആര്യമാവ്, 10 - സവിതാവ്, 11 - ത്വഷ്ടാവ്, 12 - പുഷാവ്, 13 - ഇന്ദ്രാഗ്നികൾ, 14 - വായു, 15 - വാമദേവൻ, 16 - മിത്രവരുണന്മാർ, 17 - ഭ്രാത്യവ്യൻ, 18 - വിഷ്ണു, 19 - വാമനൻ, 20 - വിശ്വദേവൻ, 21- രുദ്രൻ, 22 - കുബേരൻ, 23 - അശ്വനികുമാരന്മാർ, 24 - ബ്രഹ്മാദിദേവന്മാർ.
ഗായത്രീഗീത :-
'ഓം' 'ഭുഃ' 'ഭുവഃ "സ്വഃ" 'തത്' 'സവിതു' 'വരേണ്യം' 'ഭർഗോ' 'ദേവസ്യ' 'ധീമഹി' 'ധിയോ' 'യോനഃ' "പ്രചോദയാത്"
മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന്ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ. സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!
" ഔമിത്യേവ സുമാമധേയമനഘം വിശ്വാത്മനോ ബ്രഹ്മണഃ
സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം
യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം
ലോകേശം സമദർശിനം നിയമനം ചാകാരഹീനം പ്രഭും " …'ഓം'
ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.
"ഭ്രുർ വൈ പ്രാണേ ഇതി ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ
പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച
ഏതേനൈവ വിസിദ്ധ്യതേ ഹി സകലം നൂനം സമാനം ജഗത്
ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...'ഭുഃ'
വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്. ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം
ഭൂവോ നാസോ ലോകേ സകലവിപവ നിഘദിതഃ
കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം
ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ
ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."……….. 'ഭുവഃ'
'ഭുവഃ - ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ' കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും.
" സ്വരേഷോ വൈശബ്ദോ നിഗദതി മനഃസ്ഥൈര്യകരണം
തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം
നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത
ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"...."സ്വഃ"
'സ്വഃ' - മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്. ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും വേണം…
"തതോ വൈനിഷ്പത്തിഃ സുഭുവിമതിമാൻ പണ്ഡിതവരഃ
നിജാനൻഗുഹ്യം യോമരണ ജീവനയോസ്തദഖിലം
അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത
സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"
‘തത്' - ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് ' തത്' വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ യാത്ര ചെയ്യുന്നു.
"സവിതുസ്തുപദം വിതനേതിധ്രുവം
മനുജോ ബലവാൻ വസിതേവ ഭവേത്
വിഷയാ അനുഭൂതി പരിസ്ഥിതയോ
വൈസദാത്മന ഏവ ഗണേദിതി സഃ”
'സവിതു' - ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ് 'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.
“വരേണ്യം ചൈതദ്വൈപ്കടയതി ശ്രേഷ്ഠത്വമനിശം
സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്
തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്
തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"
'വരേണ്യം' - നിത്യസത്യത്തിലേയ്ക്ക് ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന് 'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം. ഉള്ളിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്……
" ഭർഗോ വ്യാഹൃതിപദം ഹി നിതരാം ലോക സുലോകോഭവേത്
പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്
ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച
തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”…..( 'ഭർഗോ')
'ഭർഗോ' - പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് 'ഭർഗോ' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി എല്ലായിപ്പോഴും പ്രവർത്തിക്കണം.
“ദേവസ്യതി തുവ്യാകരണോത്യമരതാം മർത്യോപിസ പ്രാപ്യതേ ദേവാനാമിവ ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി
നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ
ബാഹ്യാഭ്യാന്തര മസ്യ ദേവഭൂവനം സംയുജ്യതേ ചൈവഹി"....('ദേവസ്യ' )
'ദേവസ്യ' - മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാമെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും ചെയ്താൽ ദേവലോകം ലഭ്യമാക്കും.
ധീമഹി ഭവേമ സർവവിധം ശുചിം
ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു
നോമനുജോ ലഭതേ സുഖശാന്തിം
മനേന വിനേതി വദന്തി ഹിവേദഃ …….('ധീമഹി’)
‘ധീമഹി' - പവിത്രവും പരിശുദ്ധവുമായ ഊർജ്ജത്തെ ഏവരും അകമേ സ്വീകരിക്കണമെന്നാണ് 'ധീമഹി' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ സുഖമോ ശാന്തിയോ ഉണ്ടാകില്ലെന്ന വേദങ്ങൾ ഓർമ്മിപ്പിക്കുന്നു…….
“ധിയോ മത്യോന്മഥ്യാഗമനിഗമ മന്ത്രാൻ സുമതിമാൻ
വിജാനീയാത്തത്വ വിമല നവനീതം പരമിവ
യതോസ്മിൻ ലോകേ വേസംശയാഗത വിചാര സ്ഥലശതേ
മതിഃ ശുദ്ധൈവഞ്ചാ പ്രകടയതി സത്യം സുമനസേ.” ……. (ധിയോ)
'ധിയോ' - ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് 'ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്. ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.
"യോനോ വാസ്തിതു ശക്തിസാധനചയോ ന്യൂനാധികഷ്ച്ചഥവാ
ഭാഗം ന്യൂനമതം ഹി തസ്യ വിധധേമാത്മ പ്രസാദായച
യൽ പശ്ചദവശിഷ്ട് ഭാഗമഖിലം തൃക്ത്വാ ഫലശാ ഗൃദി
തദ്ധീനേഷ്വഭിലാഷ വസ്തു വിതര യേ ശക്തി ഹീനാഃ സ്വയം" …. (യോനഃ)
‘യോനഃ' - ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ' എന്ന പദം ഓർമ്മിപ്പിക്കുന്നത്.
പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ
നരഃ പ്രയണായ ച സത്യ വർത്മ്മനി
കൃതം ഹി കർമാഖിലമിത്ശമംഗിനാ
വദന്തിധർമ ഇതി ഹി വിപശ്ചിതഃ ….. (" പ്രചോദയാത്")
"പ്രചോദയാത്" - ഏതിനെയാണോ വിദ്വാന്മാർ ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്. മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം .
" ഗായത്രി ഗീതാം ഹ്യേതാം യോനരോവേത്തി തത്വതഃ
സമുക്ത്വാ സർവ്വദുഖേഭ്യഃ സദാനന്ദേ നിമജ്ജതി"
ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും . അയാൾ എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും
സ്വാമിയേ ശരണം
ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പൻ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല. ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും. യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.
യോഗശസ്ത്രത്തിലേക്ക് കണോടിച്ചാൽ യോഗനരസിംഹം എന്ന നാമവും , യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്. അങ്ങനെ അനേകകാലം തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം.
അപ്പോൾ യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുൾ തേടി പോകാം. മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു. ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡിഎന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി - സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു..
അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും പരമശിവനെന്നും വിളിക്കുന്നത്. "പരോക്ഷപ്രിയ ദേവഃ" എന്നാണ്. ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല. അവർ വളഞ്ഞാണ് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ - പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ - അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ - അഞ്ച് ആധാരങ്ങളിൽ കൂടി - അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി,വെള്ളം,തീയ്യ്, കാറ്റ്,ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. - പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം - ഈ അഞ്ചിന്റെയും - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പൻ ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ. ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.
വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം . അപ്പോൾ അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്.. ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും. അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാൻ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ - അയ്യപ്പനായികഴിഞ്ഞാൽ - ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു. അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു.
അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം . ദീർഘകാലം തപസ്സിൽ മുഴുകണം ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച് സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക് മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്. നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്
മാതാവ്, പിതാവ്, ഗുരു ഈ മൂന്ന് ഇനത്തിൽ സകല ഈശ്വരന്മാരും ആവിർഭവിക്കും എന്നു ചിലർ പറയുന്നു. ഇതു പോലെ കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം ഇവയെ പരസ്പരം യോജിപ്പിക്കൽ - എന്നീ മൂന്ന് ഇനത്തിൽ സകല ശാസ്ത്രങ്ങളും അന്തർഭവിക്കുമെന്ന് മറ്റു ചിലർ പറയുന്നു. ജ്ഞാന-കർമ്മകാണ്ഡങ്ങളുടെ യോജിപ്പിക്കലിനെക്കുറിച്ച് പറഞ്ഞതിന്റെ താത്പര്യം പറയാം. സൂക്ഷ്മവിചാരത്തോടു കൂടി കർമ്മകാണ്ഡത്തെ നോക്കിയാൽ അതിൽ ജ്ഞാനതത്വങ്ങളേയും, ജ്ഞാനകാണ്ഡത്തിൽ നോക്കിയാൽ അതിൽ കർമ്മതത്വങ്ങളേയും കാണാവുന്നതാണ്. യാഗാദിക്രിയകളെ, ഓരോരോ തത്ത്വങ്ങളിലൂടെ കർമ്മകാണ്ഡത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
വൈദികക്രിയകളിൽ അശ്വമേധത്തേക്കാൾ വലുപ്പമേറിയ ഒരു ക്രിയ ഇല്ല. . അശ്വമേധയാഗം തുടങ്ങുന്നതിന്ന് ഒരു കൊല്ലം മുമ്പ് അശ്വത്തെ വിടുകയും, അത് യഥേഷ്ടം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ ആരെങ്കിലും ബന്ധിച്ചാൽ അയാളെ ജയിച്ച് അശ്വത്തെ തിരികെ കൊണ്ടുവരികയും ചെയ്യണം. ഒടുവിൽ ഈ അശ്വത്തെ ഹവിസ്സാക്കി ഹോമിക്കുന്നതും അശ്വമേധയാഗത്തിലെ ഒരു പ്രധാനക്രിയയാണ്. ഇന്ദ്രിയജയത്തിന്റെ ഒരു ഭാഗമാണ് ഈ യാഗം. അശ്വമെന്ന പദത്തിന്റെ വൈദികമായ അർത്ഥം എന്താണെന്ന് ആലോചിച്ചാൽ ഇപ്പോൾ പറഞ്ഞത് ഗ്രാഹ്യമാകുമെന്ന് തോന്നുന്നു.
സംഹിതയിൽ ഏതു വേദത്തിൽ നോക്കിയാലും അശ്വത്തെപ്പറ്റി പറയുന്ന മന്ത്രങ്ങളെ ധാരാളം കാണാം. ഇത്തരം മന്ത്രങ്ങളിൽ ചിലവ പ്രഥമദൃഷ്ടിയിൽ ഗൂഢാർത്ഥപ്രതിപാദകങ്ങളാണെന്നുള്ള അഭിപ്രായത്തെ ഉണ്ടാക്കുന്നില്ല. അശ്വപദത്തിന്റെ അർത്ഥം അനിർവ്വചനീയമായ ഒരു ശക്തിയാണെന്നുള്ള ബോധത്തെ മറ്റു ചില മന്ത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. രണ്ടാം അഷ്ടകത്തിൽ മൂന്നാം അദ്ധ്യായത്തിലെ അഞ്ചാമത്തെ സൂക്തം നോക്കിയാൽ അശ്വപദത്തിന്റെ അർത്ഥം സാധാരണ കുതിര അല്ലെന്ന് ഏവർക്കും ബോധ്യം വരും. ഉപനിഷത്തുകളിൽ നിന്നുള്ള ഉദാഹരണങ്ങളെ കാണിക്കുന്നു.
"ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഹ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാഹുഃ വിഷയാൻ തേഷുഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുഃ മനീഷിണഃ"
ആത്മാവിനെ രഥത്തിന്റെ സ്വാമിയായും ബുദ്ധിയെ സാരഥിയായും മനസ്സിനെ കടിഞ്ഞാണായും ഇന്ദ്രിയങ്ങളെ കുതിരകളായും വിഷയങ്ങളെ മാർഗ്ഗങ്ങളായും ശരീരം മുതലായവയിൽ അഭിമാനമുള്ള ജീവാത്മാവിനെ ഇതുകളുടെ ഭോക്താവായും വിദ്വാന്മാർ പറയുന്നു എന്നിങ്ങനെ കഠോപനിഷത്തിൽ അശ്വത്തെ ഇന്ദ്രിയങ്ങളാക്കിത്തീർത്തിരിക്കുന്നു. ബൃഹദാരണ്യകത്തിന്റെ ആരംഭത്തിൽ ഒരു അശ്വവർണ്ണന ഉണ്ട്. പരിശുദ്ധമായ അശ്വത്തിന്റെ ശിരസ്സ് ഉഷസ്സും, ചക്ഷുസ്സ് സൂര്യനും, പ്രാണൻ വായുവും, വായ വൈശ്വാനരാഗ്നിയും, സംവത്സരം ആത്മാവുമാകുന്നു. ഈ അശ്വത്തിന്റെ പൃഷ്ഠഭാഗം ദ്യുർലോകവും, ഉദരം അന്തരീക്ഷവും, പാദം ഭൂമിയും, പാർശ്വഭാഗങ്ങൾ ദിക്കുകളും, വാരിപ്പുറത്തെ എല്ലുകൾ അവാന്തരദിക്കുകളും ആകുന്നു. ഋതുക്കൾ ഇതിന്റെ അംഗങ്ങളും മാസങ്ങളും തിഥികളും സന്ധിസ്ഥാനങ്ങളുമാകുന്നു. ഇങ്ങനെ വർണ്ണിച്ചുപോയി ഒടുവിൽ ഈ അശ്വത്തിന്റെ ഇരിപ്പിടസ്ഥാനവും ബന്ധുവായിട്ടുള്ളതും ആയ വസ്തു, പരബ്രഹ്മം തന്നെയാണെന്നു പറഞ്ഞുകൊണ്ട് ഈ അശ്വവർണ്ണനയെ അവസാനിപ്പിക്കുന്നു. അശ്വമേധയാഗത്തിന്ന് അർഹതയില്ലാത്തവർക്ക് സ്വദേഹത്തെ അശ്വമാക്കി കൽപിച്ച് ഈ അശ്വത്തിനു പറഞ്ഞിട്ടുള്ള ഗുണങ്ങളെ തന്റെ ദേഹത്തിനുണ്ടെന്നു വിചാരിച്ചു ധ്യാനിച്ചാൽ അശ്വമേധയാഗത്തിന്റെ ഫലം കിട്ടുമെന്ന് വ്യാഖ്യാതാക്കന്മാർ പറയുന്നു. തൈത്തിരീയബ്രാഹ്മണത്തിലെ ആധാനപ്രകരണം നോക്കിയാലും അശ്വപദത്തിന്റെ അർത്ഥം വെറും കുതിര അല്ലെന്നു സ്പഷ്ടമാകും. അധികം വിസ്തരിക്കുന്നില്ല. സംഹിത, ബ്രാഹ്മണം, ഉപനിഷത്ത് ഇവയെല്ലാം അശ്വപദത്തിന്റെ അർത്ഥം ഒരു അനിർവ്വചനീയ ശക്തിയാണെന്ന് കാണിക്കുന്നു. എങ്കിലും ഒരു പദമായാൽ അതിന്ന് അർത്ഥക്ണുപ്തി വേണമല്ലൊ. പക്ഷേ, വൈദികപദങ്ങളുടെ അർത്ഥനിർണ്ണയം ബാഹ്യോന്മുഖദൃഷ്ടിക്കാരുടെ ഈശ്വരാകാരനിർണ്ണയം പോലെ ആകുന്നു.
ബാഹ്യേന്ദ്രിയങ്ങളുടെ വിഷയാഭിമുഖമായ പ്രേരണയാകുന്നു, വേദത്തിലെ അശ്വപദത്തിന്റെ അർത്ഥം. അവനവന്റെ വാസനയെ അനുസരിച്ച് അതാതു വിഷയങ്ങളിലേയ്ക്ക് സർവ്വപ്രാണികളേയും പ്രേരിപ്പിക്കുന്നു. ഈ പ്രേരണ എവിടെ നിന്ന് ഉണ്ടാകുന്നു, എങ്ങനെ ഉണ്ടാകുന്നു - ഈ വക ചോദ്യങ്ങൾക്ക് ശരിയായ സമാധാനം ഉണ്ടാകുന്നതല്ല. ബ്രഹ്മത്തിൽനിന്നുണ്ടാകുന്നു; വിദ്യ കൊണ്ട് നിലനിൽക്കുന്നു; ഒടുവിൽ ബ്രഹ്മത്തിൽതന്നെ ലയിക്കുന്നു എന്നിങ്ങനെ ഒരു സമാധാനമല്ലാതെ ഈ പ്രേരണയെപ്പറ്റി യാതൊന്നും പറയുവാൻ സാധിക്കുന്നതല്ല. ഇങ്ങനെയുള്ള പ്രേരണ, അഥവാ, ഈ പ്രേരണാശക്തിയോടുകൂടിയ ഇന്ദ്രിയങ്ങൾ - ഇതാണ് സർവ്വപ്രാണികളിലും ഉള്ള അശ്വം. ഈ അശ്വത്തെ ധർമ്മംകൊണ്ട് അല്ലെങ്കിൽ സാത്വികമനസ്സുകൊണ്ട് ശരിപ്പെടുത്താഞ്ഞാൽ അഹിതങ്ങൾ ഉണ്ടാവുന്നതാണ്. രാജാക്കന്മാരുടെ ഇന്ദ്രിയങ്ങളാകുന്ന അശ്വത്തെ സ്വാധീനപ്പെടുത്താഞ്ഞാൽ പ്രജാപരിപാലനം പക്ഷപാതരഹിതമാവാൻ പ്രയാസമാണ്. ഈ ഇന്ദ്രിയാശ്വത്തെ സ്വാധീനപ്പെടുത്തുക എന്നുള്ളതിനെയാണ് അശ്വത്തെ വിട്ടയച്ച് തിരികെക്കൊണ്ടുവരിക എന്നതുകൊണ്ട് അഭിനയിക്കപ്പെടുന്നത്.
അശ്വത്തെ ആർ ബന്ധിക്കുന്നു, അവരെ ജയിക്കണം. ഇന്ദ്രിയങ്ങളെ ഏതു വിഷയങ്ങൾ ബന്ധിക്കുന്നുവോ ആ വിഷയങ്ങളെ വസ്തുതത്ത്വചിന്തകൊണ്ട് ജയിക്കണം. ഇങ്ങനെ സകല ഇന്ദ്രിയങ്ങളേയും വശ്യമാക്കിയതിന്റെ ശേഷം ജ്ഞാനാഗ്നിയിൽ അവയെ ഹോമിക്കണമെന്നുള്ളതിനെ അശ്വമേധത്തിലെ അശ്വത്തെ ഹോമിക്കുന്നതുകൊണ്ട് അഭിനയിക്കുന്നു. ജിതേന്ദ്രിയനായ രാജാവിന്നല്ലാതെ ധർമ്മപ്രകാരം പ്രജാപരിപാലനം ചെയ്യുവാൻ സാധിക്കുന്നതല്ല. അശ്വമേധം വൈദികക്രിയകളിൽ വെച്ച് ഏറ്റവും മുഖ്യമാകുന്നു. അധർമ്മത്തിന്റെ സ്പർശലേശത്തോടുകൂടാത്ത പ്രജാപരിപാലനം, വ്യാവഹാരികപ്രവൃത്തികളിൽ വെച്ച് ഏറ്റവും പ്രധാനമായിട്ടുള്ളതാണ്.
ഈവിധം യാഗാദിക്രിയകളെ, നോക്കിത്തുടങ്ങിയാൽ വേദം അപൗരുഷേയമാണെന്ന് ബോദ്ധ്യം വന്നുതുടങ്ങും
സമാവർത്തനം
ഗുരുദക്ഷിണ നൽകി ബിരുദ്ധം സ്വീകരിച്ച് ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി സ്വഗ്രഹത്തിലേക്ക് മടങ്ങുന്ന സംസ്ക്കരമാണിത് . ശോഭനമായ ഭാവിജീവിതത്തിന്റെ ആദ്യഭാഗം ഗുരുകുലത്തിൽ വെച്ചും അവസാനഭാഗം ബ്രഹ്മചാരിയുടെ ഗ്രഹത്തിൽ വെച്ചും നടത്തപ്പെടുന്നു.
വീര്യധാരണം , അഷ്ടാംഗമൈഥുനത്യാഗം, വേദവിദ്യദ്ധ്യായനം , ധർമ്മാചരണം എന്നിവ ബ്രഹ്മചാരിയുടെ ലക്ഷണമാണ്.
പ്രാചിനകാലത്ത് വേദപഠനത്തോടുകുടി മറ്റെല്ലാ വിദ്യകളും ആശ്രമധർമ്മങ്ങളും ബാലിക-ബാലന്മാരുടെ വാസനബലമനുസരിച്ച് അഭ്യസിപ്പിച്ചിരുന്ന പാഠ്യക്രമമാണ് ഉണ്ടായിരുന്നത്. ലോകരംഗത്ത് നിഭയമായി ധർമ്മനിഷ്ഠയോടുകൂടി ജീവിക്കുവാൻ പഠിച്ചു കഴിയുന്നതുവരെ ബ്രഹ്മചാര്യവൃതമനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥിയുടെ മനസ്സും ശരീരവും സംസ്കരിച്ച് സംസ്ക്കരിച്ച് പക്വതവരുത്തുന്ന പഠിപ്പും സമ്പർക്കവും സുലഭമായിരുന്നു. ലഘുജീവിതവും ഉന്നതദർശവും സ്വാഭാവികമായും പുലർന്നിരുന്നു. പുരാതനകാലത്ത് പുസ്തകക്കെട്ടുകൾ ചുമക്കാതെ തന്നെ ബ്രഹ്മചാര്യയായ വിദ്യാർത്ഥിക്ക് മന്ത്രം തന്ത്രം യന്ത്രം ജ്യോതിഷം ഗണിതം വൈദ്യം തുടങ്ങിയ ശാസ്ത്രീയ സാങ്കേത്തിക വിദ്യകളെല്ലം ബുദ്ധിനിലവാരത്തിലും പ്രായോഗികനിലവാരത്തിലും അഭ്യസിക്കുവാൻ സാധിച്ചിരുന്നു,
സ്വധർമ്മമായി ശിഷ്യനെ ഗുരു പഠിപ്പിക്കുകയും സ്വഭാവഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്തിരുന്നു, ഗുരുകുലത്തിൽ രാജാവിന്റെയും സന്താനങ്ങൾ ഏകോദരസഹോദരങ്ങളെ പോലെ ഗൃഹശുചീകരണം മുതൽ ഭരണകാര്യങ്ങൾ വരെ ആചരണപൂർവ്വം പരിശീലിച്ചിരുന്നു.
" നജാതു കാമാന്ന ഭയാന്ന ലോഭാൽ
ധർമ്മം ത്യജേൽ ജീവതസ്യാഽപിഹേതോ”
കാമമോ ഭയമോ ലോഭമോ നിമിത്തം ഒരിക്കലും സ്വധർമ്മത്തിൽ നിന്നും വ്യതിചലിച്ചിരുന്നില്ല. ജീവരക്ഷക്കുവേണ്ടിപോലും ധർമ്മം ത്യജിച്ചിരുന്നില്ല.
മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയെ പ്രകടമാക്കുകയാണ് വിദ്യഭ്യാസം എന്ന് സ്വാമി വിവേകാനന്ദനും . യഥാർത്ഥവിദ്യഭ്യാസമെന്നത് നമ്മിലുള്ള നല്ല അംശത്തെ വികസിപ്പിക്കുകയാണ് മനുഷ്യവർഗ്ഗത്തെക്കാൾ മഹത്തായൊരു മറ്റൊരു ഗ്രന്ഥമില്ല. എന്നു മഹാത്മാഗാന്ധിയും പറഞ്ഞതിന്റെ തല്പര്യവും ഇതു തന്നെ.
ശാരീരികവും മാനസികവുമായ സംയമവും തപസ്സുമാണ് വിദ്യാർത്ഥിയുടെ മുതൽ മുടക്ക്. "ബ്രഹ്മണീ ചരതീതി ബ്രഹ്മചാരി" ബ്രഹ്മചാരി എന്നു വെച്ചാൽ ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ മാർഗ്ഗത്തിൽ ചരിക്കുക അതായത് മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഈശ്വരീയലക്ഷ്യത്തിലേക്ക് നടത്തിക്കുക എന്നർത്ഥം . ' വീര്യോ വൈഭർഗ്ഗഃ ' വീര്യമാണ് തേജസ്സ് അതിന്റെ പ്രകാശത്തിലൂടെ വേണം വേദരൂപ ബ്രഹ്മത്തിന്റെ ദർശനവും സച്ചിദാനന്ദ സാക്ഷാത്ക്കരവുമുണ്ടാവാൻ .
“തം പ്രതീതം സ്വധർമ്മേണ
ധർമ്മദായഹരം പിതുഃ
സ്രാഗ്വിണം തല്പ ആസിന-
മാർഹയേത് പ്രഥമംഗവാ"
ബ്രഹ്മചാര്യാശ്രമത്തിൽ ത്ന്റെ പിതൃസ്ഥാനത്തിരിക്കുന്ന ആചര്യനെ ഉത്തമമായ ആസനത്തിലിരുത്തി പുഷ്പഹാരമണിയിച്ച് നമസ്കരിച്ച് യഥാശക്തി പശു വസ്ത്രം ധനം മുതലായവ ഗുരുദക്ഷിണയായി ശിഷ്യൻ സമർപ്പിക്കുന്നു. ഗുരുകുലവാസകാലത്ത് പ്രതിഫലേച്ഛകൂടാതെ ശിഷ്യന്റെ സംരക്ഷണകർതൃത്ത്വം മുഴുവൻ ഏറ്റെടുത്ത് തന്റെ ശിഷ്യൻ ഉത്തമ പൗരനായി പരമപുരുഷാർത്ഥിന് അർഹനായി ഭവിക്കണമെന്ന ആത്മാർത്ഥ വിചാരത്താൽ വിദ്യഭ്യാസവും യോഗക്ഷേമവും നൽകിയ ഗുരുനാഥന് ഗുരുദക്ഷിണ നൽകുന്നതും സ്വാഭാവികമായ പ്രേരണകൊണ്ടുമാത്രമായിരുന്നു. പവിത്രമായ ഗുരുശിഷ്യബന്ധത്താൽ ഉന്നീതമായ ഗുരുകുല വിദ്യഭ്യാസം സ്വയം പര്യാപ്തമായി നടത്തിയിരുന്നു.
താനികല്പദ് ബ്രഹ്മചാരീസലിലസ്യപൃഷ്ടേ
തപോ ഽ തിഷ്ഠപ്യമാനഃ സമുദ്രേ
സസ്നതോ ബഭ്രുഃ പിങ്ഗലഃ
പൃഥിവ്യാം ബഹുരോചതേ
സമുദ്രത്തെപ്പോലെ ഗംഭീരമായ ഉത്തമബ്രഹ്മചാര്യാശ്രമത്തിൽ തപോനിഷ്ഠാനായിരുന്ന വേദാന്തി വിദ്യകളഭ്യസിച്ചുകൊണ്ട് വീര്യരക്ഷയും ആചാര്യശുശ്രൂഷ ചെയ്ത വിദ്യാർത്ഥി ഗുണകർമ്മാനുസാരം ഉത്തമഗുണങ്ങളാൽ പരിപോഷിതനായി സമുദായത്തിനും രാഷ്ട്രത്തിനും പ്രകാശമാനമായി ഭവിക്കുന്നു. ആ ബ്രഹ്മചാരി എല്ലാവരുടെയും ധ്യന്യവാദത്തിനർഹനായി ഭവിക്കുന്നു.
ഗുരുകുല വിദ്യഭ്യാസം പൂർത്തിയാക്കി ബിരുദ്ധം നേടിയ വിദ്യാർത്ഥിയെ 'സ്നാതകൻ' എന്നു പറയുന്നു. സമാവർത്തസംസ്ക്കരത്തിൽ ഈശ്വരോപാസന, സ്വസ്തിവചനം , ശാന്തി പ്രകരണം, എന്നിവ എല്ലാവരും ചേർന്ന് നിർവഹിക്കും. മന്ത്രോച്ചാരണപൂർവ്വം യജ്ഞവേദിക്ക് ചുറ്റും പൂജിച്ചുവെച്ചിരിക്കുന്ന് ഔഷധജലത്താൽ സ്നാതകനെ അഭിഷേകം ചെയ്യുന്നു. തുടർന്ന് ബ്രഹ്മചാര്യ ചിഹ്നങ്ങളായ വൽക്കവും ദണ്ഡും യഥാവിധി വർജ്ജിക്കുന്നു. അനന്തരം പൂർവ്വാഭിമുഖമായി നിന്ന് ആദിത്യജപം നടത്തിയിട്ട് ബ്രഹ്മചാര്യവൃതകാലത്ത് വളർന്നിരുന്ന കേശനഖാദികൾ ഛേദിക്കും സ്നാനം ജലദർപ്പണാദികൾ കഴിച്ച് ശുഭവസ്ത്രധാരണം ചെയ്ത് ആചാര്യൻ നൽകിയ തൊപ്പി കുട വടി എന്നിവ ധരിച്ച് സ്വഗൃഹത്തിലേക്ക് പോകുന്ന സ്നാതകനെ ആചാര്യനും മറ്റു ശിഷ്യന്മാരും അനുഗമിക്കുന്നു.
ആഘോഷപൂർവ്വം സ്വഭവനത്തിലേക്ക് വരുന്ന സ്നാതകനെ മതാപിതക്കളും ബന്ധുമിത്രാദികളും ചേർന്ന് മംഗലാരതിപൂർവ്വം സ്വീകരിക്കുന്നു. ആചാര്യന് യഥോചിതം ദക്ഷിണ നൽകിയശേഷം കൂടിയിരിക്കുന്നവർക്കെല്ലം അന്നപാനാദികൾ നൽകി സ്ത്ക്കരിക്കണം . ആചാര്യന് ദക്ഷിണനൽകിയ ശേഷം ഔപചാരികമായി ബിരുദദാനോപദേശം നിർവഹിക്കുന്നു. അതിനുമറുപടിയായി സ്നാതകൻ ആചാര്യന്റെ ഗുണഗണങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കൃതജ്ഞത പറയുകയും തന്നെപ്പോലെ മറ്റു വിദ്യാർത്ഥികളെയും സുയോജ്യരാക്കുന്നതിന് ഗുരുവിന്ന് ആയുരാരോഗ്യ സൗഖ്യങ്ങളും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആചര്യോപദേശത്തിന്റെ ആദ്യഭാഗം തൈത്തിരീയ ഉപനിഷത്തിൽ "സത്യം വദ ധർമ്മം ചര സാദ്ധ്യായാത്മാ പ്രമദ' എന്നു തുടങ്ങൂ സൂക്ത പ്രകാരം സത്യം പറയുക ധർമ്മം ആചരിക്കുക പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമദം ഉണ്ടാവരുത്. ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമദമുണ്ടാവരുത്. ഉത്തമരീതിയിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്. ദേവതകൾ മാതാപിതാക്കൾ ഗുരുജനങ്ങൾ എന്നിവരെ യഥോചിതം ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ധർമ്മാനുസൃതങ്ങളായ സൽക്കർമ്മങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊണ്ടിരിക്കുക. പാപകരങ്ങളായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത് . വിദ്വാന്മാരും ധർമ്മിഷ്ഠരുമായ സജ്ജനങ്ങളുമായി സദാസ്മ്പർക്കം പുലർത്തികൊണ്ടിരിക്കുക.. ധാനം ചെയ്യുന്നത് ശ്രദ്ധയോടു കൂടി മാത്രം അറിഞ്ഞു ചെയ്യുക., മുഖപ്രസാദത്തോടുകൂടി കൊടുക്കണം . നിങ്ങൾക്ക് എപ്പോഴേങ്കിലും കർമ്മാനുഷ്ഠാനത്തിലോ ആചാരസമ്പ്രദായത്തിലോ ഉപാസന ക്രമത്തിലോ വല്ല സംശയവുമുണ്ടായാൽ വിചാരശീലരും നിഷ്പക്ഷമതികളും കരുണാർദ്ര ഹൃദയരും ധർമ്മനിഷ്ഠയുള്ളവരുമായവർ അംഗീകരിക്കുന്ന ധർമ്മമാർഗ്ഗത്തെ അനുസരിച്ച് പ്രവർത്തിച്ചുക്കൊള്ളുക. ഇപ്രകാരം തന്നെ വർത്തിക്കേണ്ടതും അവരുടെ ശിലാചാരങ്ങളെ സംസ്ക്കരിച്ചുകൊള്ളേണ്ടതുമാകുന്നു.
വിദ്യഭ്യാസസംസ്കാരത്തിന്റെ ഉദ്ദേശമാണെന്നതിന്റെ സമാധാനം ആർഷസൂക്തങ്ങളിൽ കാണാം. ദുർവ്വാസന. അജ്ഞത മോഹം ഭയം അനീതി ഭ്രമം അസുരീപ്രവർത്തി മുതലായദുർഗ്ഗുണങ്ങളെ വേരോടെ അറുത്ത് മനുഷ്യരെ മനുഷ്യരെ സദാചാരപരായണതയും സേവനതത്പരതയും മംഗളപ്രദമായ ജീവിതവും ഉദ്ദീപിപ്പിക്കുന്നതിന് ശരിയായ വിദ്യഭ്യാസം കൊണ്ടെ കഴിയൂ. ബാഹ്യാഭന്തര ലോകങ്ങളിലെല്ലാം ഇതുമാത്രമാണ് സുഖസമൃദ്ധികൾക്ക് സാധനമായിട്ടുള്ളത്. ഉൽകൃഷ്ടവും ജ്ഞാനപൂർണ്ണവുമായ കർമ്മങ്ങളുടെ പരമോച്ച നില ജ്ഞാനയുക്തമായ വിദ്യയിലാകുന്നു. ഇതിന്റെ സദുപയോഗത്താൽ എല്ലാ ജീവിതരംഗങ്ങളിലും പലവിധ ഐശ്വര്യങ്ങളും സൗഖ്യവും അഭിവൃദ്ധിയും ഉണ്ടാവുമെന്നതിന് സംശയമില്ല. വിദ്യയുടെ ഉത്തമലക്ഷ്യം സർവ്വജ്ഞാനത്തോടപ്പം ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനമാകുന്നു.
ഇങ്ങനെ വിദ്യഭ്യാസവും സമാവർത്തനവും കഴിഞ്ഞ ബ്രഹ്മചാരി യഥേഷ്ടം തന്റെ യോഗ്യതയും ഹിതവുമനുസരിച്ച് അടുത്ത ആശ്രമമായ ഗൃസ്ഥാശ്രമത്തിൽ പ്രവേശിക്കാം
ഏഴു മഹാമോഹങ്ങള്
അജ്ഞാനകൃതമോഹങ്ങള്‍ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോള്‍ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയില്‍മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും. ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, ജാഗുല്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രം, സുഷുപ്തി, ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങള്‍. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.
അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തില്‍ നിന്നു വേര്‍തിരിഞ്ഞും എന്നാല്‍ നിര്‍മ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാന്‍ വയ്യാത്തതായും ജീവന്‍, ചിത്തം തുടങ്ങിയ തത്വങ്ങള്‍ക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാന്‍, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാന്‍ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങള്‍ക്കു ക്രമേണ ദൃഢത വന്നു
ജന്മാന്തരസംസ്ക്കാരംകൂടിച്ചേര്‍ന്നു് അത്യന്തസുദൃഢമായിത്തീരുമ്പോള്‍ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയില്‍ നടത്തുന്ന മനോരാജ്യംതന്നെ ജാഗ്രല്‍സ്വപ്നം. ജാഗ്രല്‍ സംസ്കാരം ഹേതുവായി ഉറക്കത്തില്‍ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണര്‍ന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓര്‍മ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാന്‍ വയ്യാത്ത നിലയില്‍ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രല്‍ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോള്‍ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയില്‍ ജഗത്തു മുഴുവന്‍ അന്ധകാരത്തില്‍ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകള്‍ അല്ലെങ്കില്‍ മഹാമോഹങ്ങള്‍. എന്നിരുന്നാലും അല്പാല്പവ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളില്‍ത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാര്‍.
അജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. അവയേയും വേര്‍തിരിച്ചു പറയാം.
ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യമാണെന്നു പറയേണ്ടതില്ലല്ലോ. ശുഭച്ഛേ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥാഭാവിനി, തുരീയം ഇവയാണ് ഏഴു ജ്ഞാനഭൂമികള്‍. ഇവയുടെ ലക്ഷണങ്ങളേയും പറയാം.
ഞാന്‍ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാന്‍ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതില്‍ക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാന്‍ അതിനാല്‍ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളര്‍ന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളര്‍ന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നില്‍ അടങ്ങിനിലനില്ക്കാന്‍ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോള്‍ ചിത്തത്തിലെ രജസ്തമസ്സുകള്‍ ചുരുങ്ങി സത്വഗുണവും വീര്യവും വര്‍ധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളര്‍ന്നു ദൃഢതയെ പ്രാപിക്കുമ്പോള്‍ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിര്‍വൃതിയെ അനുഭവിക്കാന്‍ തുടങ്ങും. ബ്രഹ്മനിര്‍വൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അല്പംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിര്‍വൃതിയില്‍ത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണര്‍ത്തിയാല്‍മാത്രം ഉണര്‍ന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാര്‍ത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവന്‍ നശിച്ചു സ്വസ്വരൂപത്തില്‍ത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.
ജീവന്മുക്തന്മാരായ ശ്രീശുകന്‍ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേര്‍ന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവര്‍. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാള്‍ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാര്‍ക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയില്‍ക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാര്‍. അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയില്‍ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവര്‍ത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്
സുഖം വസ്തുവില്‍ അല്ല വ്യക്തിയില്‍ ആണ്
ഇന്ദ്രിയേഭ്യ: പരാഹ്യര്‍ത്ഥാ
അര്‍ത്ഥെഭ്യശ്ച്ച പരം മന:
മനസസ്തു പരാബുദ്ധി:
ബുദ്ധേരാത്മാ മഹാന്‍ പര:
മഹത പരം അവ്യക്തം
അവ്യക്താത് പുരുഷംപര:
പുരുഷാന്നപരം കിഞ്ചിത്
സാ കാഷ്ഠാ സാ പരാഗതി: (കഠം-3:10)
ഇന്ദ്രിയങ്ങള്‍ക്കും അപ്പുറമാണ് മനസ്സ്, മനസ്സിനും അപ്പുറം ബുദ്ധി, ബുദ്ധിക്കും അപ്പുറമാണ് മഹാന്‍ ആത്മാ. അതിനും അപ്പുറം അവ്യക്തം അഥവാ മായ. അതിനുമപ്പുറമായ പരമാത്മാവാണ് പരമമായ ഗതി; അതിനെയും കടന്നു ഒന്നും ഇല്ല. ഇതാണ് ഋഷികള്‍ കടന്നുപോയ പാത. വിശദമായി നമുക്ക് അതിലേക്കു ഒന്ന് പോകാം.
എന്താണ് ഈ ലോകം? കണ്ണ് മൂക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാം അനുഭവിക്കുന്നതാണ് ലോകം. പഞ്ചേന്ദ്രിയതന്മാത്രകള്‍ ആയ ശബ്ദസ്പര്‍ശരസരൂപഗന്ധങ്ങള്‍ ആണ് അനുഭവിക്കുന്നത്. മനസ്സ് ഇല്ലെങ്കില്‍ ഇത് സാധ്യം അല്ല. സങ്കല്‍പ്പ വികാര വിചാരങ്ങളുടെ ആകെ തുകയാണ് മനസ്സ്. അനുഭവം ആണ് മനസ്സ്. ചിന്തകള്‍ ആണ് മനസ്സ്. മനസ്സിന്‍റെ പ്രതിപ്രവര്‍ത്തനം രാഗദ്വേഷങ്ങള്‍ ആയി വാസനകള്‍ ഉണ്ടാക്കുന്നു. കര്‍മ്മം നിഷ്കാമം (ഫലത്തില്‍ ആഗ്രഹം ഇല്ലാത്തത്) ആണെങ്കില്‍ അത് വാസനയെ ക്ഷയിപ്പിക്കുന്നു. “മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ” എന്ന് ഗീത പറയുന്നത് അതുകൊണ്ടാണ്.
മനസ്സിന്‍റെ സങ്കല്‍പ്പത്തെ ആശ്രയിച്ചു സുഖദുഖങ്ങള്‍ ഉണ്ടാകുന്നു. മനസ്സ് ഇഷ്ട്ടപ്പെടുന്നത് സുഖം, വെറുക്കുന്നത് ദുഃഖം. ചഞ്ചലാത്മികാ മനഃ – മനസ്സ് ചഞ്ചലമാണ്. അതില്‍ നിന്നും നിശ്ചയാത്മികയായ ബുദ്ധിയിലേക്ക് എത്തുകയാണ് അടുത്ത പടി. സാധാരണക്കാരന്റെ മനസ്സ് ബുദ്ധിയിലേക്ക് പുറം തിരിയുന്നത് വല്ലപ്പോഴും ആണ്. അത് ഒരു ഐസ് ക്രീം കഴിക്കുംപോഴായിരിക്കും, ഒരു കടല്‍ത്തീരത്ത് ഇരിക്കുമ്പോഴായിരിക്കും. നാം അറിയാതെ ആണെങ്കിലും ഇതിലൂടെയൊക്കെ നാം തേടുന്നത് ആത്മസുഖം തന്നെ ആണ്. മനസ്സ് നിലച്ചാല്‍ സുഖം മനസ്സ് ചലിച്ചാല്‍ ദുഃഖം. നിങ്ങള്‍ ഒരു കടല്‍ത്തീരത്ത് ഇരിയ്ക്കുമ്പോള്‍ ശാന്തി അനുഭവപ്പെടുന്നത് അപ്പോള്‍ മനസ്സ് ചലിയ്ക്കാത്തത്കൊണ്ടാണ്.
പക്ഷെ ബുദ്ധിമണ്ഡലം സുഖസ്വരൂപി ആണ്. സുഖം നല്‍കിയ ബാഹ്യവസ്തുവിന്‍റെ സാന്നിദ്ധ്യം ഇല്ലാതാകുമ്പോള്‍ വീണ്ടും ദുഃഖം ഉണ്ടാകുന്നു. ഋഷി ചിന്തിച്ചു, ബാഹ്യവസ്തുവിനെ ആശ്രയിക്കാതെ എങ്ങനെ സുഖം കണ്ടെത്താം. ബാഹ്യ സുഖത്തില്‍ സംഗരാകാതെ മുന്നോട്ടു പോയി(ഉള്ളിലേക്ക് പോയി).
അങ്ങനെ അവര്‍ മനസ്സിനെ പുറമേ നിന്ന് പിന്തിരിപ്പിച്ച് ധ്യാനത്തിലൂടെ ബുദ്ധി മണ്ഡലത്തില്‍ എത്തി, ഒരു പ്രാണശക്തിയെ അവിടെ അനുഭവപ്പെട്ടു. തന്‍റെ ശരീരം ഉള്‍പ്പെടെ എല്ലാ പ്രപഞ്ച നാമരൂപങ്ങളും ഒരു ബോധസത്തയില്‍ നിന്നും ഉദ്ഭവിച്ചു മറയുന്നതായി അനുഭവപ്പെട്ടു. ഇതാണ് അര്‍ജുനന്‍ കണ്ടു ഭയപ്പെട്ട വിശ്വരൂപദര്‍ശനം. ഈശ്വരനെ കാണാന്‍ ഒക്കുമോ എന്ന് നരേന്ദ്രന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് പരമഹംസന്‍ പറഞ്ഞത്’ വെറും വാക്ക് അല്ലായിരുന്നല്ലോ. സമര്‍ത്ഥനായ ഗുരുവിനു യോഗ്യതയുള്ള ശിഷ്യനെ ഈ അനുഭവം കാട്ടികൊടുക്കാന്‍ കഴിയും.അര്‍ജുനനെപ്പോലെ വിവേകാന്ദനും ഭയപ്പെട്ടു.
പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മാവായി ദര്‍ശിക്കാന്‍ കഴിയുന്ന ഈ ബോധസത്തയെ അതൊകൊണ്ട് വിശ്വപ്രാണന്‍ (മഹാന്‍ ആത്മന്‍) എന്ന് വിളിച്ചു. സാംഖ്യന്മാര്‍ ഇതിനെ മഹത്തത്ത്വം എന്ന് വിളിച്ചു. വ്യക്തിബുദ്ധി അഥവാ അഹംതത്ത്വം പ്രപഞ്ചപ്രാണന്‍ അഥവാ മഹത്തത്ത്വത്തിലെ ചെറിയ കുമിളകള്‍ ആണ്. കുമിള ജലം തന്നെയാണ്, രൂപം ഉണ്ടായി എന്നേ ഉള്ളൂ.
ഈ അനുഭവത്തില്‍ താന്‍ തന്നെയാണ് ഈ വിശ്വം അയി ഇരിക്കുന്നത് എന്ന് ഋഷിക്ക് ബോദ്ധ്യം ആയി. താന്‍ സമുദ്രം ആണ് എന്ന് കുമിള തിരിച്ചറിയും പോലെ. ഈ അറിവ് ലഭിച്ച കുമിളയ്ക്ക് പിന്നെ മരണം ഇല്ല. കുമിള സമുദ്രം ആയി മാറുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ കഴിയില്ല എന്ന് സൂഫിസന്യാസിമാര്‍ പറഞ്ഞത് ഈ അവസ്ഥയില്‍ അവരും എത്തിയതുകൊണ്ടാണ്.
ഇവിടെ ഞാന്‍ എന്ന അഹന്തയും മഹാനാത്മയും നാമരൂപങ്ങളും ഉണ്ട്. തുടര്‍ന്ന് ഞാന്‍ എന്ന അഹന്തയെയും വിസ്മരിക്കാന്‍ ശ്രമിച്ചു. അഹന്ത ക്രമേണ ഏറെക്കുറെ മറഞ്ഞു, അപ്പോള്‍ ചലനങ്ങള്‍ എല്ലാം നിലച്ചു, നാമരൂപങ്ങള്‍ അസ്തമിച്ചു. പ്രകാശരൂപമായ അവ്യക്താവസ്ഥ മാത്രം ആയി. പരമാത്മാവ് സ്വശക്തിസ്പന്ദനം ആയ മായയുടെ ആവരണം അണിഞ്ഞു നില്‍ക്കുന്ന അവസ്ഥ ആണ് ഇത്. അവ്യക്താവസ്ഥയില്‍ നില്‍ക്കുന്ന പരമാത്മാംശത്തെ ഈശ്വരന്‍ എന്ന് പറയുന്നു.
സത്യാന്വേഷി അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. അവ്യക്തത്തില്‍ ഇടയ്ക്കിടെ പൊന്തുന്ന അഹന്തയും മുഴുവനായി ഇല്ലാതാക്കാന്‍ ശ്രമിച്ചു. വ്യക്തിത്വത്തിന്‍റെ നാശം പോലും അവര്‍ ഭയന്നില്ല. അങ്ങനെ സത്യത്തെ മറച്ച ആ മായാ ആവരണവും മാറിയപ്പോള്‍ സത്ചിതാനന്ദ സ്വരൂപം അനുഭവപ്പെട്ടു. രണ്ടില്ലാത്ത അവസ്ഥ. അതിനെ പുരുഷന്‍ എന്ന് വിളിച്ചു. എങ്ങും നിറഞ്ഞുനില്‍ക്കുന്ന പൂര്‍ണ്ണ സത്ത ആണ് പുരുഷന്‍ അഥവാ ബ്രഹ്മം അഥവാ പരമാത്മാ. ഋഷിയുടെ ഈ സാക്ഷാത്കാരം ആണ് മോക്ഷം.
ജീവാത്മ പരമാത്മ ഐക്യം ബോധ്യപ്പെട്ട ഇവര്‍ക്ക് ശരീര അഭിമാനം പോലും ഉണ്ടാകില്ല.
കര്‍മ യോഗം കൊണ്ട് അങ്ങേയറ്റം ചിത്ത ശുദ്ധി നേടിയ ആള്‍ ആണ് സന്യാസി. അങ്ങനെയുള്ള സന്യാസിയ്ക്കു കതൃത്വമോ (ഞാന്‍ ചെയ്യുന്നു എന്ന ഭാവം), ഭോതൃത്വമോ (ഞാന്‍ അനുഭവിയ്ക്കുന്നു എന്ന ഭാവം) ശരീരഅഭിമാനമോ ഉണ്ടായിരിയ്ക്കില്ല. അഹങ്കാരം, വിദ്വേഷം, അസൂയ, കാപട്യം, വക്രത ഇത്യാദി ദോഷങ്ങള്‍ ഒന്നും തന്നെ സന്യാസിയ്ക്ക് ഉണ്ടാകില്ല. ഇങ്ങനെയുള്ള സന്യാസിയ്ക്ക് ഒരു കര്‍മവും ചെയ്യേണ്ടതും ഇല്ല. എന്നാല്‍ തന്നെയും ഒരു ലീലയായി അവര്‍ക്ക് കര്‍മങ്ങള്‍ ചെയ്യാറുണ്ട്, അതൊന്നും അവരെ ബാധിയ്ക്കാറില്ല. അവര്‍ ഭൂതത്തിലോ ഭാവിയിലോ ജീവിയ്ക്കുന്നവര്‍ അല്ല. അവര്‍ ഈ നിമിഷത്തില്‍ ജീവിയ്ക്കുന്നു, എല്ലായ്പ്പോഴും പരമാനന്ദം അനുഭവിയ്ക്കുന്നു, പരമാത്മാവുമായി താതാത്മ്യം പ്രാപിയ്ക്കുന്നു. ഈ താതാത്മ്യം പ്രാപിയ്ക്കള്‍ ആണ് സനാതന ധര്‍മ്മപ്രകാരം മോക്ഷം അഥവാ മുക്തി.
ശ്രീ കൃഷ്ണന്‍ അങ്ങേയറ്റം നിസ്സംഗന്‍ ആണ്. സംഗം ഇല്ലായ്മ തന്നെയാണ് സന്യാസം. (നിസ്സംഗത എന്നത് പുറമേ കാണുന്ന ഒന്ന് ആകണം എന്നില്ല). തന്‍റെ കുലത്തിലെ ആളുകള്‍ മുഴുവന്‍ ഏരുക പുല്ലെയ്തു മരിച്ചു വീഴുന്നത് പോലും നിസ്സംഗന്‍ ആയി നോക്കി നിന്നവന്‍ ആണ് ഭഗവാന്‍. തനിക്കു ഈ ലോകത്തില്‍ ഒന്നും നേടാന്‍ ഇല്ല, എന്നിട്ടും താന്‍ കര്‍മ്മം ചെയ്യുന്നത് ശ്രേഷ്ഠന്‍മാരെ ലോകം അനുകരിയ്ക്കും എന്നുള്ളതുകൊണ്ടാണ് എന്നാണു ഭഗവാന്‍ പറഞ്ഞത്. താന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ ലോകം അതുപോലെ പിന്തുടര്‍ന്ന് തമോഗുണത്തില്‍ പതിച്ച് ധര്‍മ്മാധര്‍മ്മസങ്കരം ഉണ്ടാകും എന്ന് പറയുന്നു. ഇതുപോലെ, സന്യാസാവസ്ഥയില്‍ എത്തിയവരും ലൌകികരെപ്പോലെ പുറമേ കാണപ്പെടാം
വിദ്യാരംഭസംസ്ക്കാരം
വേദത്തിൽ വിദ്യാരംഭത്തെ തന്നെ വേദാരംഭമെന്നു വിവക്ഷിക്കുന്നുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൗകികവുമായ് വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകുന്ന സംസ്ക്കാരമാണ് വേദാരംഭം. നാല് ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രഥമഘട്ടം ഇവിടെ രൂപവൽകരിക്കപ്പെട്ടിരിക്കുന്നു.
വേദാരംഭദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭവസ്ത്രധാരിയായ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേക്ക് ആനയിക്കുന്നു, ആചാര്യനും ആഗതരായിരിക്കുന്ന ബന്ധുമിത്രാദികളും ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരിക്കുമത്, കുട്ടിയെ യജ്ഞവേദിക്ക് പ്രദക്ഷിണമായി കൊണ്ടുവന്ന് മന്ത്രോച്ചാരണ പൂർവ്വം ജലപ്രോക്ഷണാദി ചടങ്ങുകൾ ചെയ്തത്തിനുശേഷം യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് - ഇടത്തെ കാൽമുട്ട് മടക്കി ഇരുത്തണം , ഇങ്ങനെയിരുന്ന് കൈക്കൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു.
'അധീഹിഭൂഃ സാവിത്രീംഭോ അനുബ്രൂഹി' (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൂതിയും , സാവിത്രിയും യഥാക്രമം മൂന്നും ചേർന്ന പരത്മാവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ച് തന്നാലും")
അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധരായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പര പ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചാര്യ ജീവിതത്തിന്റെ എല്ലാചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.
"മാതൃമാൻ പിതൃമാൻ ആചാര്യവാൻ പുരുഷോ വേദ"... മാതാവ് പിതാവ് ആചാര്യൻ എന്നീ ഉത്തമാദ്ധ്യാപകരെ ലഭിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ശരിയായ അറിവ് സമ്പാധിക്കുവാൻ കഴിയൂ എന്ന് ധർമ്മ ശാസ്ത്രം. ഏതൊരാളിന്റെ മാതാപിതാക്കൾ ധർമ്മശാസ്ത്രത്തിൽ ശ്രദ്ധയുള്ളവരും പഠിപ്പുള്ളവരും ആകുന്നുവോ അയാളാണ് ഭാഗ്യവാൻ. അങ്ങനെയുള്ള കുടുംബമാണ് ധന്യമായവ. മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം സാരോപദേശവും സഹായവും ലഭിക്കുന്നുവോ അത്രത്തോളം മറ്റൊരാളിൽ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ് മാതൃമാൻ- ഭക്തിയും ധർമ്മതൽപ്പരരുമായ മാതാവുള്ളവൻ എന്ന് എടുത്ത് പറഞ്ഞിട്ടുള്ളത്. ഗർഭസ്ഥനാവുന്നതു മുതൽ വിദ്യഭ്യാസം കഴിയുന്നതു വരെ സ്വസന്താനങ്ങൾക്ക് സൗശീലം ഉപദേശിക്കുന്ന് പ്രസവിത്രിയാണ് പരമധന്യ...
വേദാരംഭത്തിൽ കുട്ടിയുടെ പിതാവ് നൽക്കുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ഗോപിലസൂത്രത്തിലെ "ആചാര്യാധീനോ ഭവാന്യത്രാധർമ്മാചരണാത്" എന്നു തുടങ്ങുന്ന ഉപദേശങ്ങളുടെ സാരം ഇപ്രകാരം ആണ്.
മകനെ നീ ഇന്നുമുതൽ ബ്രഹ്മചാര്യ വ്രതം സ്വീകരിച്ചിരിക്കുന്നു, നിത്യവും സന്ധ്യോപാസനകളും ഭക്ഷണത്തിനുമുമ്പ് ആചമനവും അനുഷ്ഠിക്കണം കൃത്യനിഷ്ഠയോടെ പഠിക്കുകയും പണിയെടുക്കയും വേണം. പകൽ കിടക്കരുത്, ആചാര്യന്റെ മുന്നിലിരുന്ന് വേദാദിവിദ്യകൾ വ്യക്തമായി പഠിക്കുക. വേദശാസ്ത്രങ്ങൾ അഭ്യസിച്ച് പൂർണ്ണമാകുന്നതുവരെ ബ്രഹ്മചാര്യവ്രതം പാലിക്കുക. ക്രോധവും കളിപറച്ചിലും വർജ്ജിക്കണം. കഥ ക്രിഡാ നോട്ടം ആലിംഗനം തുടങ്ങിയ കാമോദ്ദീപനങ്ങളായ എട്ടുവിധം മൈഥുനങ്ങൾ നിന്നെ തീണ്ടരുത്. തറയിൽ ശയിക്കുക , കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. അമിതമായി ഭക്ഷിക്കരുത് , അധികം ഉറങ്ങരുത്, ഉറക്കമിളക്കരുത് . രാത്രി നാലാം യാമത്തിൽ - ബ്രഹ്മമുഹൂർത്തത്തിൽ - ഉണർന്നെഴുനേൽക്കുക. ശൗചം, ദന്തധാവനം സ്നാനം എന്നിവ നിർവഹിച്ചിട്ട് സന്ധ്യോപാസന ഈശ്വരപ്രാർത്ഥന യോഗഭ്യാസം സ്വാദ്ധ്യായം എന്നിവ നിത്യവും ആചരിക്കുക .
പിതാവിന്റെ ഉപദേശം ശിരസാവഹിച്ച് ബ്രഹ്മചാര്യം അനുഷ്ഠിക്കുമെന്ന് ഉറപ്പ് കൊടുത്തതിനുശേഷം ബ്രഹ്മചാരി യജ്ഞകുണ്ഡത്തിന് പ്രദക്ഷിണമായി വന്ന് പശ്ചിമഭാഗത്ത് നിൽക്കുന്ന മാതാപിതാക്കന്മാരെയും മറ്റു ബന്ധു-ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവരിൽ നിന്ന് ഭിക്ഷ വാങ്ങി ആചാര്യന്റെ മുന്നിൽ സമർപ്പിക്കണം . പിന്നിട് ആചാര്യന്റെ ആജ്ഞപ്രകാരം വിശേഷ ദ്രവ്യങ്ങൾ മന്ത്രോച്ചാരണ പൂർവ്വം ആഹൂതി നൽകിയിട്ട് .... ഗോത്രോത്പന്നോഹം ഭോഭവന്ത മഭിവാദയേ" എന്നുച്ചരിച്ചുകൊണ്ട് ആചാര്യനെ നമസ്ക്കരിക്കുമ്പോൾ അദ്ദേഹം ' ആയുഷ്മാൻ വിദ്യാവാൻ ഭവസൗമ്യ" എന്നു പറഞ്ഞ് ആശിർവദിക്കും.
പിന്നിട് ഹവിഷ്യാന്നവും മറ്റു വിശേഷപദാർത്ഥങ്ങളും ചേർത്ത് ആചാര്യനെയും ശിഷ്യനെയും ഊട്ടണം .അതുപോലെ കൂടിയിരിക്കുന്നവരെയും സൽക്കരിച്ചയക്കുമ്പോൾ അവർ ബ്രഹ്മചാരിയെ നോക്കി
"ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മനാബലായുക്തഃ കുശലീ
വീര്യവാനരോഗഃ സർവ്വം വിദ്യാ
അധീത്യാ ഽസ്മാൻ ദിദൃക്ഷുഃ സന്നാഗമ്യാഃ
എന്ന മന്തോച്ചാരണപൂർവ്വം ആശിർവദിക്കണം... തുടർന്ന് വിദ്യഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലം കേന്ദ്രമാക്കി ജീവിക്കുന്നു. കുറഞ്ഞത് ഒമ്പതു കൊല്ലമെങ്കിലും ഗുരുകുലവിദ്യഭ്യാസം ചെയ്തിരിക്കണമെന്നുണ്ട്.
ഉപനയനം
ഷോഡശസംസ്ക്കാരങ്ങളിൽ പ്രധാനപ്പെട്ട യജ്ഞോപവീത - പൂണൂൽധാരണത്തിനുള്ള സംസ്കാരമാണിത്. ചെറുപ്പത്തിൽ ഗായത്രീയുപദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോട് കൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ജ്ഞാനസമ്പാദനത്തിന് താൻ അർഹനായിക്കഴിഞ്ഞിരിക്കുന്നുമുള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്തു നൽക്കുന്ന ഗായത്രീയുപദേശത്തിന്നു ശേഷമാണ് ഗായത്രിയിൽ നിന്നും ഉൾഭവിച്ച വേദങ്ങളും വേദാന്തങ്ങളും മറ്റു ധർമ്മശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാകുന്നത്. ഉപനയനത്തോടപ്പം ബ്രഹ്മചാരിക്കു ലഭിക്കുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല. ബ്രഹ്മജ്ഞാനസമ്പാധനത്തിനുവേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നതെന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണിത്. പ്രണവത്തോടും മൂന്ന് വ്യാഹൃതികളോടും ചേർന്ന് എഴുന്നളുന്ന ഗായത്രിയെ സ്വീകരിച്ചുകൊണ്ട് ഉപനയനം എങ്ങനെ വിധിപ്രകാരം നടത്തുന്നുവെന്ന് അറിഞ്ഞിരിക്കണം. സർവ്വവ്യാപകവും സർവ്വജ്ഞാനവും സർവ്വ ശക്തിയും നിറഞ്ഞ ഗായത്രി സ്വീകരിക്കപ്പെടുമ്പോഴുള്ള ഉപനയനസംസ്ക്കാരം വൈശിഷ്ട്യമാർന്നതും ദിവ്യവുമാണ്.
ഉപനയനത്തെ പൊതുവെ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണതിനുള്ള സംസ്ക്കരമെന്നാണ് . ആദ്യകാലങ്ങളിൽ എട്ട് പതിനൊന്ന് പന്ത്രണ്ട് എന്നീപ്രായങ്ങളിലേതൊലേങ്കിലുമാണ് ഈ കർമ്മം നിർവഹിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അഞ്ചു വയസ്സിലും ഇത് അനുഷ്ഠിക്കാപ്പെടാറുണ്ട്. കുട്ടികകളുടെയുള്ളിൽ വിഷയവാസന കടന്നെത്തുന്നതിനുമുമ്പ് ഉപനയനം ചെയ്യിക്കണമെന്നാണ്. പവിത്രതയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസികവികാസവും സംഭവിക്കുന്നു. . ശ്രദ്ധയും സുരക്ഷിതത്വവും നിലനിർത്താനായി ആർക്കും ഈ സംസ്ക്കാരകർമ്മം നിർവഹിക്കാവുന്നതാണെന്നാണ് ആചാര്യമതം . ഇളം പ്രായത്തിൽ പൂണൂൽ ധരിക്കുന്നതതോടെ കുട്ടിക്ക് ജ്ഞാനസമ്പാനത്തിന് അധികാരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത.
ഉപനയന സംസ്ക്കാരം ആരംഭിക്കുന്നതിനുമുമ്പ് മൂന്ന് ദിവസത്തെ വ്രതമാചരിച്ചുകൊണ്ടാണ്. ഈ ദിവസങ്ങളിൽ മിതാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ആചാര്യന്മാർ ഓർമ്മിപ്പിക്കുന്നത്. പ്രഭാതത്തിലാണ് ഉപനയനം അനുഷ്ഠിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായി യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭമുഖമായിരിക്കണം . ആ സമയം അച്ഛനും ബന്ധുമിത്രദികളും ഈശ്വരോപാസന യജ്ഞം എന്നിവ നടത്തണം അതിനുശേഷം ആചാര്യന്റെ ആജ്ഞപ്രാകാരം ആഹൂതികൾ അർപ്പിക്കണം. പിന്നീട് മന്ത്രോച്ചാരണ പൂർവ്വം അചാര്യനാൽ യജ്ഞോപവീതം. ധരിക്കണം മാത്രമാല്ല ആചാര്യൻ ചെല്ലുന്ന മന്ത്രം കേട്ട് മന്ത്രം ചൊല്ലുകയും വേണം . അതോടെ കുട്ടി ബ്രഹ്മചാരിയായിത്തീരുന്നു പിന്നീട് ജ്ഞാനസമ്പാദനത്തിന് യോഗ്യതയുള്ളവനായി പരിണമിക്കുന്നു.
" ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപഹ്യാമി"
പവിത്രമാക്കി തീർക്കാൻ യോഗ്യമായതിൽ ഏറ്റവും ശ്രേഷ്ഠവുമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ഞാൻ ധരിക്കുകയാണ്. ഇതിനാൽ അറിവിന്റെ നിറവെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.
പിന്നീട് ബ്രഹ്മചാരി എന്നനിലയിൽ ആചാര്യനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം . യജ്ഞാഗ്നിയിൽ. വിശേഷാഹൂതികൾ ചെയ്യണം . അതിനുശേഷം യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കു വശത്ത് പൂർവ്വാഭിമുഖമായിരിക്കുന്ന് ആചാര്യനിൽ നിന്നും അദേഹത്തിന് അഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി , ബ്രഹ്മചാര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങൾ - ഗായത്രീമന്ത്രം- മന്ത്രോപദേശപൂർവ്വം സ്വീകരിക്കണം . ആചാര്യൻ ഉപനീതനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും . അതുപോലെ ആചാര്യനും പ്രതിജ്ഞയെടുക്കും. അതായത് ആചാര്യൻ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളിൽ ശ്രദ്ധയും ഏകാഗ്രതയും ചൊലുത്തി സ്വചിത്താനുകൂലം അനുവർത്തിക്കാൻ പ്രതിജ്ഞ ചെയ്യുന്നതോടപ്പം ബ്രഹ്മചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട് സന്ദേഹങ്ങൾ ക്ഷമാപൂർവ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേർവഴിക്ക് നയിക്കണമെന്ന് ആചാര്യനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും
മന്ത്രോപാസനയിലൂടെ ബ്രഹ്മചാരി അനേകം കാര്യങ്ങൾ തിരിച്ചറിയുകയും. ഉൾക്കൊള്ളുകയും വേണം ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്.
ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള് അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില് കര്മങ്ങള് അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില് ജനിച്ചതിന്റെ ചിഹ്നം. ഞാന് അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം . തന്തുക്കള് ചേര്ന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില് നിന്ന് ജീവന് ഉണ്ടാകുന്നത് പോലെ അണ്ഡത്തില് നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില് ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ് .ഈ അണ്ഡത്തിനുള്ളില് ജീവനുള്ള ശരീരവും അതിനുള്ളില് ജീവാത്മാവും കുടികൊള്ളുന്നു .അവയും ഈ മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു . ഈശാനകോണ് മുതല് നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണില് ഈശാനന് കിഴക്ക് ഇന്ദ്രന് തെക്കുകിഴക്ക് അഗ്നി തെക്ക് യമന് തെക്കുപടിഞ്ഞാറു അനന്തന് പടിഞ്ഞാറു വരുണന് പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാന് സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില് നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണ ത്തി ന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന് എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില് പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന് സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാർത്ഥം ആചാര്യൻ
"ഓം അസൃബ്രഹ്മചാര്യസി പ്രാണസി ബ്രഹ്മചാര്യസി കസ്ത്വകമുപനയതേകായത്വാപരിദദാമി."
ഇത്യാദി മന്ത്രങ്ങൾ ചൊല്ലുന്നു. ഉപനയനകർമ്മം അവസാനിച്ച ശേഷം , ആചാര്യനെയും ഉപസ്ഥിതരായവരെയും യഥോചിതം സൽക്കരിക്കണം. യാത്രയാവുന്നതിനുമുമ്പ് എല്ലാവരും ചേർന്ന് ബ്രഹ്മചാരിയെ-- " ഓം ത്വം ജീവശരദഃ ശതം വർദ്ധമാനഃ ആയുഷ്മാൻ തേജസ്വീ വർചസ്വീഭൂയഃ ------ എന്ന മന്ത്രം ചൊല്ലി ആശിർവദിക്കണം
" യഥായോഗ്യം വേദങ്ങൾ അഭ്യസിച്ച് കല്മഹരഹിതരായി, ധനത്തെക്കൾ ധർമ്മത്തെ മനസ്സാ വാചാ കർമ്മണാ ബഹുമാനിക്കുന്ന സമുദായ ക്ഷേമ തൽപ്പരനും ജിതേന്ദ്രിയനും ധർമ്മാത്മാവുമായ വ്യക്തിയെയാണ് ആചാര്യൻ എന്ന സംജ്ഞകൊണ്ട് ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്. ജ്ഞാന സമ്പാദനാർത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂർവ്വം നോക്കുന്ന ആളാണ് ആചാര്യൻ. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുന്ന മന്ത്രം " പാറപോലെ ഉറപ്പുള്ള ശരീരവും മനശക്തിയും ഹേ ശിഷ്യനിനക്ക് ഉണ്ടാകട്ടെ. നിന്റെ പവിത്രവൃതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കനുള്ള കരുത്ത് നിന്നക്ക് ഉണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു, സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക, എപ്പോഴു ജ്ഞാനമാർഗ്ഗത്തിലേക്ക് ജാഗരൂഗനായിരിക്കുക. ഇത്യാദി പവിത്ര സങ്ക്ൽപ്പങ്ങൾ അടങ്ങിയതാണ്. ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരം, ഉപനയന കർമ്മത്താൽ ജ്ഞാനത്തെ ആശ്രയിക്കാത്തവരും , ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.
മനുഷ്യനായി ജനിക്കുന്ന ജീവൻ സംസ്ക്കരകർമ്മം കൊണ്ട് ദ്വിജൻ ആവണമെന്ന് ധർമ്മശാസ്ത്രത്തിൽ പറയുന്നു. അതായത് മനുഷ്യരൂപത്തിൽ ജനിച്ചുവളർന്നാൽ മാത്രം പോരാ മനുഷ്യത്വവികാസത്തിന്റെ രണ്ടാം പിറവി ( ദ്വിജത്വം) സംസ്ക്കാരകർമ്മത്തെകൊണ്ട് നേടണമെന്ന് താൽപര്യം. ബ്രഹ്മചര്യാശ്രമം തന്നെ രണ്ടാം പിറവി മുതൽ ആരംഭിക്കുന്നു. യജ്ഞോപവീത - ഉപനയനസംസ്ക്കാരം മുതൽ ബ്രഹ്മചാരിയുടെ യജ്ഞോപവീതം , വൽക്കലം. , കൗപീനം സ്വധർമ്മാചരണത്തിന്റെ പ്രതിജ്ഞാസൂത്രങ്ങളാണ്. ദണ്ഡ് (വടി) സ്വധർമ്മ സംരക്ഷണത്തിന്റെ ബാദ്ധ്യസ്ഥസ്വരൂപമായ മാനദണ്ഡമാകുന്നു. മാനവദർശനങ്ങളെ സ്വായത്തമാക്കുന്ന ബ്രഹ്മചാരി സ്വകർത്തവ്യങ്ങളെപ്പറ്റി ബോധവാനാകുന്നു. മതാപിതാഗുരുജനങ്ങളോടെന്നപോലെ സ്വസമുദായത്തോടും സ്വരാജ്യത്തോടും തനിക്കുള്ള ഋണബാദ്ധ്യാതകളെ പറ്റി യഥായോഗ്യം ഗ്രഹിക്കുന്നു. ആത്മമോക്ഷത്തിനും ജനഹിതത്തിനും വേണ്ടി സ്വജീവിതം യജ്ഞസ്വരൂപമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അഭ്യസിക്കുന്നു. എല്ലാം ഗായത്രി തത്ത്വത്തിലൂടെ ലഭിക്കുന്ന പ്രചോദനത്താൽ നിർവഹിക്കുന്ന ദിനചര്യക്രമത്തിൽകൂടെയാണ് സാധിക്കുന്നത്.
. യജ്ഞാത്മകമായ ശരീരത്തിൽ ഒമ്പതു സൂത്രങ്ങളോടുകൂടിയ യജ്ഞോപവീതം യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അന്ധകാരജഡിലമായവയെ ദ്വിതീയദിവ്യജീവിതത്തെയും ഗ്രഹിക്കുന്നു. യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്ന് ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നി ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം. ഹൃദയത്തിൽ വിശാല പ്രേമം, വാക്കിൽ മാധുര്യം, വ്യവഹാരത്തിൽ സരളത, സ്ത്രീകളിൽ മാതൃത്വഭാവന, കർമ്മങ്ങളിൽ കലയുടെയും സൗന്ദര്യത്തിന്റെയും ആവിഷ്ക്കരണം, എല്ലാവരോടും ഔദാര്യസേവനഭാവം , ഗുരുജനങ്ങളോടും, മൂത്തവരോടും ബഹുമാനം, സദ്ഗ്രന്ഥങ്ങളുടെ സ്വദ്ധ്യായം , സത്സംഗം, സാധനയിൽ രുചി, ശരീരം, വസ്ത്രം, വീട്, പരിസരങ്ങൾ എന്നിവ സ്വച്ഛവും ശുചിയായും കലാപരമായും സൂക്ഷിക്കുക. ആലസ്യവും നിരാശയും അകറ്റുക, എല്ലായ്പ്പോഴും ചൊടിയോടും ചുറുചുറുപ്പോടും കൂടി എല്ലാകാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നിവ ഉപനയനം നിർവഹിച്ച ബാലന്റെ ലക്ഷണങ്ങളാകുന്നു.
യജ്ഞോപവീതഉപനയനസംസ്ക്കരത്തോട് കൂടി വേദമന്ത്ര ദീക്ഷസ്വീകരിക്കുകയും വിദ്യരംഭസംസ്ക്കരം നടത്തുകയും ചെയ്യുന്നു. ഇവ ഓരോന്നും മുറപ്രകാരം ബ്രഹ്മചാര്യത്തിന്റെ ഭാഗങ്ങളാകുന്നു. അതായത് ബാല-കിശോരാവസ്ഥകളിലെ (വിദ്യാർത്ഥിജീവിതഘട്ടത്തിലെ) സംസ്ക്കരസോപാനങ്ങളാകുന്നു. ഉപനയനം , വിദ്യാരംഭം, സമാവർത്തനം. തുടങ്ങിയ സംസ്ക്കരങ്ങൾ പൂർണ്ണ ജീവിതത്തിന്റെ പരിശീലനഘട്ടമാണ്. യൗവനാരംഭം വരെയുള്ള ബ്രഹ്മചര്യാശ്രമജീവിതം
സീമന്തോന്നയനം
'ചതുർത്ഥേ ഗർഭമാസേ സിമന്തോന്നയനം’. ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ് സീമന്തോന്നയനം . ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.
യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാൽപായസം മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം പിന്നീട് പതി -പത്നിമാർ ഏകാന്തതയിൽ പോയിരുന്നു മന്ത്രോച്ചാരണം ചെയ്യും.
"ഓം സോമ ഏവനോ രാജേമാ മാനുഷിഃ പ്രജാഃ
അവിമുക്തചക്ര ആസീ രാസ്തീശേ തുഭ്യമാസൗ"
ഇത്യാദി വേദമന്ത്രങ്ങൾ സംസ്ക്കാരകർമ്മത്തിന് ഉപവിഷ്ടരായവർ ഗാനം ചെയ്യണം . യജ്ഞശിഷ്ട്മായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതിൽ നോക്കി തന്റെ പ്രതിബിംബം കാണണം . ഈ സന്ദർഭത്തിൽ ഭർത്താവ് ഭാര്യയോട് എന്തു കാണുന്നു എന്നു ചോദിക്കൂന്നു.
ഭർത്താവ് :- കിം പശ്യസി?
ഭാര്യ :- പ്രജാൻ പശൂൻ സൗഭാഗ്യം മഹ്യം
ദീർഘായുഷ്ട്യം പത്യഃ പശ്യാമി. (ഗോഫില ഗൃഹ്യസൂത്രം)
അനന്തരം കുലസ്ത്രികൾ പുത്രവധുകൾ ജ്ഞാനവൃദ്ധകൾ വയോവൃദ്ധകൾ എന്നിവരോടത്തിരുന്ന് ഗർഭവതി നിവേദ്യന്ന പാനീയങ്ങൾ കഴിക്കണം അപ്പോൾ കൂടിയിരുന്നവരെല്ലാം
"ഓം വീര സൂസ്ത്വം ഭവ ജീവസൂസ്ത്വം ഭവ ജീവപത്നിത്വം ഭവ"
ഇത്യാദി മംഗളസൂക്തങ്ങൾ ചൊല്ലി ഗർഭവതിയെ ആശിർവദിക്കണം .
ഗർഭസ്ഥ ശിശുവിന്റ്റെ ശാരീരിക വളർച്ച ഒരു ഘട്ടം പിന്നിട്ട് ബുദ്ധിപരവും മാനസികവുമായ വളർച്ചയുടെ ഒരു സീമയിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും മാതാവിന്റെ ശാരീരിക മാനസികവുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിർണയിക്കുന്ന ഗുണവ്യതിയാനങ്ങൾ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും. മാതാവിന്റ്റെ ശിരസ്സിൽ ഉന്നയനം ചെയ്യുന്ന സംസ്കാരങ്ങൾ ശിശുവിന്റെ മസ്തിഷ്ക്കത്തിലും ചലനങ്ങൾ ഉണ്ടാക്കുമെന്നത് നിർണ്ണയം .മസ്തിഷക മാനസിക ബൌദ്ധിക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂല സൂക്ഷ്മ ശരീര നിർമ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു . മനസ്സിന്റെ വികാസ പരിണാമവസ്ഥകൾ ഗർഭസ്ഥ ശിശുവിൽ രൂപം കൊള്ളൂ ന്നതിനെയും ഗർഭാവസ്ഥയിൽ മാതാവിന്റെ ചിന്താഗതിക്കനുസ്സരിച്ചു ശിശുവിന്റെ മാനസിക ഘടന രൂപം കൊള്ളൂ ന്നതിനെയും സൂചിപ്പിക്കുന്നു. . വീണാ ക്വണ നാദങ്ങളിലൂടെ പ്രസന്ന മനോഭാവ വും ആശ്രയിക്കുന്ന നദിയു ടെ പാരാമർശത്തിലൂടെ അവിച്ഛിന്നമായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാ ബോധത്തെയും വീര സ്മരണകളെയും ഉണർത്തുന്നു . മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയിൽ ഉർവ്വരതയ്കായി ഹലാന്യാസം ചെയ്യുന്നത്തു പോലെ ഇയ്യം മുള്ളുകൊണ്ടു ശിരാന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂർച്ഛ കൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .ദർഭമുള യും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീകാത്മകങ്ങളായി ശിരസ്സിൽ ചൂടി ഊർജസ്വതികളായ വൃക്ഷങ്ങൾ ഫലവതി ആകുന്നതുപോലെ പ്രകൃതി ധർമ്മത്തെ അനുസ്സരിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണിക്കയും ചെയ്തു .യവം വിതറുന്നത് കൊണ്ട് ദ്വേഷ വിചാരങ്ങൾ മാറുന്നതായി സങ്കല്പ്പിക്കുന്നു.
ഗർഭസ്ഥ ശിശുവിന്റെ സംസ്ക്കാരോദ്ദീപനത്തിനും ഉപയുക്തമാം വിധം ഇതേ സംസ്ക്കാരകർമ്മം തന്നെ ആറാം മാസത്തിലും എട്ടാം മാസത്തിലും അനുഷ്ടിക്കേണ്ടതാകുന്നു. ഇതിന് പരസ്ക്കാരാദി ഗൃഹ്യസൂത്രങ്ങളിൽ പ്രമാണമുണ്ട്.
‘പുംസവനവാത് പ്രഥമേ
ഗർഭമാസേഷഷ്ട ഽ ഷ്ടമേവ'
മനുഷ്യശിശുവിന്റെ ശരിയായ നന്മയു, ഹിതവും കാംക്ഷിക്കുന്ന മതാപിതാക്കൾ അതു ഗർഭത്തിൽ പതിക്കുന്നതു മുതൽ ധർമ്മശാസ്ത്ര പ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു.
ഗർഭിണിയെ വിശേഷീപ്പിക്കുന്നത് “ദൌ ഹൃദിനീ” രണ്ടു ഹൃദയമുള്ളവൾ എന്ന അർഥത്തിലാണ് .ഗർഭിണിയുടെയും ശിശുവിന്റെയും ധമനികൾ ഒന്നായി പ്രവർത്തിക്കുന്നു എന്നും രണ്ടുപേരുടെയും ആഗ്രഹ സംപൂർത്തി ഒന്നെന്നും അവയുടെ ഇച്ഛാഭംഗം ഒരുപോലെ അനുഭവിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു.
കാര്യക്ഷമതയോടെ ചിന്തിച്ചാൽ ഗർഭിണിയുടെ ആഹാര - നിഹാരാദികളുടെയും ആചാരവിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗർഭസ്ഥ ശിശുവിനും ലഭിക്കുന്നുണ്ടെന്ന് ബോധ്യമാവും…. പതിയ്ക്കു ഗർഭസ്ഥ ശിശുവിനേക്കുറിച്ചു സദാ ബോധമുണ്ടാകണം അനാവശ്യമായ അപകടസാധ്യതകൾ കുറയ്ക്കണം.
അതു പോലെ അരയാൽ അമൃത് ബ്രഹ്മി തുടങ്ങി ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷമവുമായഗുണങ്ങൾ അവ എത്രമാതം വിധിയാം വണ്ണം സങ്കൽപപൂർവ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസ്സരിച്ച് ബാഹ്യാഭ്യന്തഫലങ്ങളുമുണ്ടാകുന്നു. യജ്ഞത്തിന്റെ ഗുണവീരം അതു ശ്രദ്ധാഭക്തി പൂർവ്വം ചെയ്യുന്നവർക്ക് അനുഭവമുള്ളതാണ്.
…. മാതാവിന്റെ പ്രാർത്ഥനക്കനുസ്സരിച്ചാണ് ക്ഷാത്ര ബ്രാഹ്മണ ഗുണങ്ങൾ ജന്മനാ രൂപപ്പെടുന്നത് .കർമ്മം കൊണ്ട് അത് പാറി പോഷിപ്പിച്ചു പുഷ്ടിപ്പെടുത്തുന്നത് രണ്ടാം ജന്മം…
സംസ്ക്കാരകർമ്മങ്ങളിൽ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുജനങ്ങളുടെയും ആശ്വാസവചനങ്ങൾ ഗർഭിണിയുടെ മാനസ്സികസമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വക നൽകുന്നു. ഗർഭിണിയുടെയും ഭർത്തവിന്റെയും വൃതനിഷ്ഠ അനായാസമാക്കുന്നതിന് ധർമ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗങ്ങളും ക്ഷിപ്രസാദ്ധ്യമാക്കുന്നു. പരസ്പര പ്രേമഭാവന വളർത്തി എല്ലാവരെയും കർത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്ക്കരകർമ്മങ്ങളിലെ ചടങ്ങുകൾ ഓരോന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൃതിമവും ജടിലവുമായ ഗർഭശുശ്രൂഷയേക്കാൾ ഉത്തമമാണ് അകൃതിമവും ആത്മനിഷ്ഠയും താപസികവുമായ ഗർഭശുശ്രൂഷയെന്നു ബോധ്യപ്പെട്ടാൽ അതു സ്വയം സമുദായത്തിലെങ്ങും വ്യാപിക്കും. അങ്ങനെ മാതൃക അനുഷ്ഠിച്ചു കാട്ടാനും കാലസ്വഭാവമനുസരിച്ച് സംഘടിതമായ പ്രചാരയജ്ഞനം നടത്തേണ്ടതായിട്ടുണ്ട്.
-"കിം പശ്യസി.." = ഭവതി എന്തു വീക്ഷിക്കുന്നൂ
തമ്മിലർപ്പിതമായ കുലധർമ്മത്തിലുറച്ചു ഏകാഗ്രതയോടും ഏകവ്രതത്തോടും കൂടി മറുപടി പറയുന്നു
"പ്രജാം പശ്യാമി "---കുലം സന്തതിയാൽ വർദ്ധിക്കുന്നത് മാത്രം കാണുന്നു .
എത്ര മഹനീയമായ ജീവിത വീക്ഷണം
ദാനം യഥാശക്തി സംവിഭാഗഃ
സ്വകർമ്മാനുരൂപേണ ജീവജാലങ്ങളിൽ നാനാവിധങ്ങളിൽ ദർശിക്കപ്പെടുന്ന ബുദ്ധ്യാദി ഇരുപതു ഭാവങ്ങളിൽ ഒന്നാണ് ദാനം . ദാനം എന്നതിന്നെ ഒരു കർമ്മമായിട്ടല്ല അംഗീകരിച്ചിരിക്കുന്നത് - ഒരു ഭാവമായിട്ടാണ്. ഇതെന്തുകൊണ്ടെന്നാൽ 'ദാനം' ചെയ്യുമ്പോൾ കൊടുക്കുക എന്ന ക്രിയയെക്കാൾ അതിനു പ്രേരകമായ മനോവൃത്തിയും ദാതാവിന്റെ മനോഭാവവുമാണ് ആദ്ധ്യത്മികമായി പ്രസക്തമായിട്ടുള്ളത് . കൊടുക്കുക എന്ന ക്രിയയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നല്ല; ആർക്ക് ഏതുസാഹചര്യത്തിൽ എന്ത് എന്തിനുവേണ്ടി എന്തു മനോഭാവത്തോടുകൂടി കൊടുക്കുന്നു എന്നിവയാണ് ദാനത്തിന്റെ ശുദ്ധത നിർണ്ണയിക്കുന്നത്.
ദാതാവിന്റെ മനോഭാവമെന്തായിരിക്കണമെന്നാൽ, ദാനദ്രവ്യത്തിൽ യാതൊരിവിധ മമതാ ബന്ധവുമില്ലാതിരിക്കുക. ദാനദ്ദ്വാരാ യാതൊരുവിധ ഫലേച്ഛയുമില്ലാതിരിക്കുക, ദാനകർമ്മത്തിൽ താൻ നിമിത്തമാത്രമാണെന്ന് വിശ്വസിക്കുക . ഔദാര്യത്തോടെ ദാനം ചെയ്യുക. ദാനപാത്രങ്ങളോട് വിവേചനമില്ലാതിരിക്കുക. എന്നിവയാണ്. 'ദാനദ്രവ്യം തന്റെതാണ്' എന്ന ചിന്തയാണ് 'മമതാഭാവം'. ആ ഭാവം - ദാനദ്രവ്യം തനിക്കും തന്റെ ആശ്രിതർക്കും ഇച്ഛാനുസരണം അനുഭവിക്കാനുള്ളതാണ് എന്ന ബോധം - ആ ദ്രവ്യത്തിന്റെ ദാതാവിന് ആസക്തിയുണ്ടാക്കും. - അത് ദാന ദ്രവ്യത്തെ വിട്ടുപിരിയുന്നതിൽ മനോവ്യഥയ്ക്കു കാരണമാകും. അത് ദാനത്തെ അശുദ്ധമാക്കും. ദാനം സന്തോഷത്തോടെ ചെയ്യേണ്ടതാണ്. ദാനത്തിന്റെ ആത്യന്തികഫലം ലൗകിക വിഷയങ്ങളിൽ വിരക്തി ദൃഢമാക്കുകയെന്നതാണ്. വിഷായനുഭവങ്ങളിൽ വിരക്തി വന്നു തുടങ്ങിയവർക്കു മാത്രമേ ശുദ്ധമായ ദാനം ചെയ്യുവാൻ സാധിക്കൂ. അല്ലാത്തവർ - ആ മനോഭാവം പ്രകൃത ഇല്ലാത്തവർ - ദാനവസരത്തിൽ ആ മനോഭാവത്തെ സങ്കല്പികമയെങ്കിലും സ്വീകരിക്കുന്നതെങ്കിൽ ക്രമേണ അതു സ്വാഭാവികമായി തന്നെ ദൃഢീഭവിക്കും. ദാനത്തിൽസന്തോഷവാനായി ഭവിക്കും.
ദാനത്തിൽ യാതൊരു ഫലേച്ഛയുമില്ലാതിരിക്കുക - ഇന്ന ഫലസിദ്ധിക്കുവേണ്ടി ഞാൻ ഇന്ന ദാനം ചെയ്യുന്നു. എന്നു സങ്കല്പിക്കാതിരിക്കുക. ഫലേച്ഛയോടുകൂടി അന്യർക്ക് കൊടുക്കുന്നത് ദാനമാവില്ല. ലൗകികവിഷയങ്ങളിൽ വിരക്തി ദൃഢമാക്കുവാൻ ചെയ്യുന്ന ദാനം കൊണ്ട് "മറ്റൊരു ഫലപ്രപ്തിയിൽ ആസക്തിയുണ്ടെങ്കിൽ അത് ആസക്തിയുടെ രൂപഭേദം വരുത്തുന്നതെയുള്ളൂ. ആസക്തിയില്ലാതാകുന്നില്ല. ഫലേച്ഛ എന്നത് നേരിട്ട് തനിക്ക് ഫലസിദ്ധിയുണ്ടാവണം എന്നതു മാത്രമല്ല. ദാനപാത്രത്തിന് ഉണ്ടാകുന്ന പ്രയോജനത്തിൽ അഭിമാനവും ഉൾപ്പെടുന്നു. ദാന പ്രാത്രത്തിന് ഗുണം ചെയ്യുന്നതു മാത്രമേ ദാനം ചെയ്യാവൂ എന്നതു ദാനത്തിന്റെ പ്രധാന ഘടകമാണെങ്കിലും അതിൽ സ്വയം അഭിമാനിക്കുന്നത് പരോക്ഷമായി ഫലേച്ഛയായി പരിണമിക്കും. ദാനപാത്രത്തിന് ഉദ്ദിഷ്ട് പ്രയോജനം ഉണ്ടായില്ലെങ്കിൽ ഖേദമോ , പ്രയോജനമുണ്ടായെങ്കിൽ ദാനപാത്രം തനിക്ക് കടപ്പെട്ടിരിക്കുന്നു എന്ന ഗർവ്വോ - രണ്ടുവിധ അഭിമാനവും - ദാനശുദ്ധിയെ ലഘൂകരിക്കും എന്നതുകൊണ്ട് വർജ്ജിക്കേണ്ടതാണ്.
വിപരീതസ്വഭാവങ്ങളോടുകൂടിയ രണ്ടു ഗുണങ്ങൾ - ചഞ്ചലത്വം ആസക്തി എന്നിവ - ആണ് മനസ്സിനെ വിഷയങ്ങളിൽ വ്യാപരിക്കുന്നതും സുഖാത്മകമായവയോട് ബന്ധിപ്പിക്കുന്നതും . ഒന്നിലും ആസക്തമാവാതെ ചഞ്ചലസ്വഭാവത്തെ കടിഞ്ഞാട്ടു നിയന്ത്രിക്കുന്നെങ്കിൽ മാത്രമേ സ്വതവേ ബഹിർമുഖമായ മനസ്സിനെ നിർവ്യാപാരമാക്കി അന്തർമുഖമാക്കുവാനും സ്വാത്മാവിൽ ശ്രദ്ധായുക്തമാക്കുവാനും സാധിക്കൂ..
ദാനകർമ്മത്തിൽ താൻ നിമിത്തമാത്രമണെന്ന ഭാവം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
"യജ്ഞോ യജ്ഞപതിർയജ്വാ
യജ്ഞാങ്ഗോ യജ്ഞവാഹനഃ
യജ്ഞഭൃത് യജ്ഞകൃത് യജ്ഞീ
യജ്ഞഭുക് യജ്ഞസാധനാഃ
യജ്ഞാന്തകൃത് യജ്ഞഗുഹ്യം
അന്നം അന്നാദ ഏവ ച"
ഈ നാമങ്ങൾ കൊണ്ട് ഒരു യജ്ഞത്തിൽ ശ്രീവിഷ്ണുഭഗവാൻ സർവ്വത്ര വ്യാപിച്ചിരിക്കുന്നു. ഒരു ദാനകർമ്മത്തെയും അതുപോലെ യജ്ഞമായിക്കണ്ട് അതിൽ സർവ്വതും - ദാനദ്രവ്യം , ദാനപാത്രം, ദാതാവ് , ദാനസാഹചര്യം, ദാനക്രിയ, ദാനഫലം, ദാനഫലഭോക്താവ് എന്നീ സർവ്വ അംഗങ്ങളും - ഭഗവന്മയമാണെന്നും താൻ നിമിത്തമാത്രമാണെന്നുമുള്ള ബോധത്തോടു കൂടി വേണം ദാനം ചെയ്യുവാൻ .
" മായൈവൈതേ നിഹതാഃ പൂർവമേവ,
നിമിത്തമാത്രം ഭവ സവ്യസാചിൻ"
എന്ന് ഭഗവാൻ ഗീതയിൽ ഉപദേശിക്കുന്നു
കർക്കിടകവും രാമായണവും
മനുഷ്യശരീരവും പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്. പ്രപഞ്ചശരീരത്തില്‍ അല്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു.
മധ്യരേഖയെ ആസ്പദമാക്കിയുള്ള ഉത്തരായന ദക്ഷിണായന രേഖകളെപ്പോലെ മനുഷ്യശരീരത്തിലും ചില ക്രമീകരണങ്ങളുണ്ട്. ‘ജാബാലദര്‍ശനോപനിഷത്ത് അനുസരിച്ച് സുഷുമ്‌നാനാഡി ഭൂമധ്യരേഖയും ഇഡാനാഡി ദക്ഷിണായനരേഖയും പിംഗല ഉത്തരായനരേഖയുമാണ്.
ഇഡാനാഡിയെ ചന്ദ്രനാഡിയെന്നും, പിംഗലാനാഡിയെ സൂര്യനാഡിയെന്നും വിളിക്കുന്നു. മനുഷ്യശരീരവും, പ്രപഞ്ചശരീരവും നാഡികള്‍ മുഖേന ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
പിംഗലയില്‍ നിന്ന് ഇഡയിലേക്കുള്ള പ്രാണസൂര്യന്റെ സഞ്ചാരഗതിയെ ഉത്തരായനം എന്നു വിളിക്കുന്നു. ഇതിനെടുക്കുന്ന സഞ്ചാരസമയമാണ് അയന സമയം.
ഇഡയില്‍നിന്നും പിംഗലയിലേക്കുളള സഞ്ചാരത്തെ ദക്ഷിണായനം എന്നു വിളിക്കുന്നു. പ്രാണചലനം ഒരു സംവത്സരം ഇങ്ങനെ ശരീരത്തില്‍ പൂര്‍ത്തിയാവുന്നു. പ്രപഞ്ചശരീരത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതുമൂലം ശരീരത്തോടു ബന്ധപ്പെട്ട പ്രാണന് ഉണ്ടാകുന്ന പ്രധാനസംസ്‌കാരഗതിയെ രണ്ടായി തിരിച്ചു.
ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും, ഇഡയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണസൂര്യന്റെ പേര് അപാനനെന്നും, പിംഗലാനാഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണനെന്നുമാണ്. അതായത്, ദക്ഷിണായനസൂര്യനും, ഉത്തരായന സൂര്യനും അപാനന്‍ അഥവാ ദക്ഷിണായനസൂര്യന്‍ തികച്ചും ശരീരത്തില്‍ സഞ്ചരിച്ച് കര്‍മഭാരം വഹിച്ച് അശുദ്ധിയാര്‍ജിച്ചവനാണ്. അതുകൊണ്ട് കര്‍മബദ്ധനും അഥവാ വിഷയസംബന്ധിയും ആകുന്നു ഇത്. കര്‍ക്കടകമാസാരംഭത്തിലാണ് പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും തുടക്കം കുറിക്കുന്നത്.
പിംഗലയിലൂടെ സഞ്ചരിക്കുന്ന പ്രാണസൂര്യന്‍ സ്വതന്ത്രനും, ശുദ്ധനും, ഈശ്വരാഭിമുഖസംസ്‌കാരമുള്ളവനുമാണ്. ഇങ്ങനെ ബദ്ധവും മുക്തവുമായ രണ്ടു സംസ്‌കാരികാനുഭവങ്ങളില്‍പ്പെട്ട് പ്രാണന്‍ പാപഫലവും പുണ്യഫലവും അനുഭവിക്കുന്നു. ഇതില്‍ പാപഫലാനുഭവം ദക്ഷിണായനസംസ്‌കാരമാണ്. പുണ്യഫലമാകട്ടെ ഉത്തരായന സംസ്‌കാരവും.
നിവര്‍ന്നു നില്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചാല്‍ ഉത്തരഭാഗം ശിരസ്സും, ദക്ഷിണഭാഗം ഗുദവും, ജനനേന്ദ്രിയവുമാണ് ഈ രണ്ടു അയനങ്ങളിലും പ്രാണസൂര്യന്‍ പ്രവര്‍ത്തിച്ചാലുള്ള അനുഭവം എടുത്തു പറയേണ്ടതില്ല. ജന്മകോടികള്‍ ആവര്‍ത്തിക്കുന്ന അനുഭവം സംസാര ദുഃഖാനുഭവം കൊണ്ട് ഉണ്ടാകുന്നു. ജീവന്‍ അനന്തകോടി യോനികളില്‍ ജനിച്ച് അധഃപതനംമൂലം ദുഃഖം അനുഭവിക്കാന്‍ ഇടവരുന്നു. പുനര്‍ജന്മത്തിന് അവകാശിയായിത്തീരുന്നു. മരണദുഃഖം ആവര്‍ത്തിക്കുന്നു.
ജന്മജരാമരണാര്‍ത്ഥമായ മനുഷ്യജീവന്റെയും ദക്ഷിണായന സംസ്‌കാരം ഈ ഫലം തന്നെയാണ് നല്ക്കുന്നത്. കാലാവസ്ഥയും, ശരീരനിലയും വിഷയലോലുപതയ്ക്ക് ജന്തുജാലങ്ങള്‍ക്കുവരെ പ്രേരണ നല്കുന്ന സമയമാണ് ഇതില്‍നിന്ന് ജീവനെ മുക്തനാകേണ്ട ആവശ്യമുണ്ട്. അതിനാവശ്യമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഒന്നാണ് രാമായണപാരായണം.
രാമനെ ആദര്‍ശ പുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്‌കാരചലനങ്ങള്‍ അഥവാ ഉത്തരായന സാംസ്‌കാരിക ചനലങ്ങളെ സൃഷ്ടിക്കുന്നു. തത്ഫലമായി കര്‍ക്കടകമാസം മുതല്‍ തുടങ്ങുന്ന ദുരിത പൂര്‍ണമായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിക്കാന്‍ കഴിയുന്നു ജന്തുജാലങ്ങളിലേക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളിറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടമാസമെന്ന പ്രത്യേക സങ്കല്പത്തിന്റെ ആവശ്യം വരുന്നില്ല. കാരണം അവന്‍ നിത്യേന പ്രസാദാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്
ദശാവതാരവും മനുഷ്യനും
ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാൽ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും.. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും.. മത്സ്യം മുതൽ കൽകി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും..
മത്സ്യം ആണ് ആദ്യത്തെ അവതാരം..മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓർക്കാറുമുണ്ട്.. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം..സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക..ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. യോഗദർശനത്തെ ആധാരമാക്കി നോക്കുയാണെങ്കിൽ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത് കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായി ആണ് പറയുന്നത്.. അതിലെ മത്സ്യങ്ങളായി ആണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്.. ഇവിടെയും കുണ്ഡലിനിശക്തിയെ ഉയർത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നർത്ഥം..
മത്സ്യം കഴിഞ്ഞാൽ അടുത്തത് കൂർമാവതാരമാണ്.. കൂർമം എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളിൽ കാണുന്നതാണ്..കൂർമത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂർമത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം..കൂർമത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പർശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം.. അതായത് ഉൾവലിയണം എന്നർത്ഥം..അതാണ് കൂർമാവതാരം.. സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്നർത്ഥം..
വരാഹം ആണ് അടുത്ത അവതാരം.. വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. അവിടെ സ്ഥൂലരൂപമായ ചളിയിലാണെങ്കിൽ നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്..ആദ്യത്തെ പടിയായ പ്രാണനേയും പഞ്ചേന്ദ്രിയങ്ങളേയും അടക്കുമ്പോൾ പ്രകൃതിയുടെ എല്ലാ മായയിൽ നിന്നും മാറി നമുക്ക് ഭൂമിയെ ഉയർത്താനാകും..സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം.. വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക.. അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ..
അടുത്തത് നരസിംഹമാണ്....മനുഷ്യരുടെ ഉയർച്ചയിൽ പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു.. അതായത് തമോഗുണപ്രധാനിയായ രൂപം.. എപ്പോഴും ആദ്യപടിയായി നമുക്ക് എപ്പോഴും മൃഗസ്വരൂപം ആണ് അതായത് തമോഗുണം.. സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നിൽക്കുന്നു..പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും.. സ്നേഹം ദയ ഇങ്ങിനെ മാറി മാറി വരുന്നു.. അതാണ് പകുതി മനുഷ്യനും പകുതി മൃഗവും..എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെ നാം ആണ് നരസിംഹത്തിൽ കാണുന്നത്..
അടുതത്ത വാമനനാണ്.. വാമനൻ ജനിച്ചപ്പോഴെ തന്നെ വളർന്നവനായി ആണ് പറയുന്നത്.. അതായത് മനുഷ്യൻ മൃഗത്തിൽ നിന്ന് പൂർണരൂപമായ മനുഷ്യനിലേക്ക് എത്തിചേരുന്നു എന്നർത്ഥം. എപ്പോഴാണോ മനുഷ്യനിൽ ഭാവശുദ്ധിയും ചിത്തശുദ്ധിയും ഉണ്ടാകുന്നത് അവിടെ തത്ത്വബോധം ഉണ്ടാകുന്നു.. ഒന്നുകൂടി പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, പഞ്ചകോശങ്ങളും ചേർന്ന ഭൂരൂപമാണ് വാമനൻ... ചെറിയ രൂപമായ വാമനൻ..പക്ഷെ മൂന്നുലോകങ്ങളേയും അളക്കുവാൻ യോഗ്യനായിട്ടും സ്വയം വിനീതനായി നിൽക്കുന്ന ഭാവവും വാമനനാണ്.. അതായത് ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം ശാസ്ത്രാഹങ്കാരത്തേയും സ്വാഭാവമാകുന്ന അഹങ്കാരത്തേയും കളയുക എന്നതാണ്..
അടുത്തത് പരശുരാമനാണ്..ഇവിടെ ബ്രാഹ്മണനാണെങ്കിലും പരശുരാമൻ രജോഗുണം കാണിക്കുന്നു.. ക്ഷത്രിയന്മാരെ നിഗ്രഹിക്കുക എന്ന് കാണിക്കുമ്പോൾ ഇവിടെ സാധകന്റെ രജോഗുണങ്ങളുമായി ഉള്ള യുദ്ധത്തെ കാണിക്കുന്നു...പരശു കൊണ്ട് സ്വന്തം അമ്മയെ വധിക്കുന്നതിലൂടെ സാധകനിൽ ഉണ്ടാകേണ്ട വിരക്തിഭാവത്തേയും പരശുരാമൻ പഠിപ്പിച്ചുതരുന്നു.. സാധകന് രജോഗുണം എപ്പോഴും മുന്പിലേക്കുള്ള പാതയെ തടസ്സപ്പെടുത്തുന്നു അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കുക എന്നതാണ് ആദ്യ പടി.
അടുത്തത് ശ്രീരാമനാണ് അവിടെ രജോ ഗുണത്തിൽ നിന്ന് മുക്തനായി പൂർണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി മാറുന്നു.. ഉത്തമപുരുഷനായ രൂപം..അതുകൊണ്ട് തന്നെയാണ് ശ്രീരാമനെ ഉത്തമപുരുഷനെന്ന് നാം പറയുന്നത്.. അതായത് ഒരു സാധകൻ സ്വയം എല്ലാ ദുർഗുണങ്ങളേയും നശിപ്പിച്ച് ഉത്തമപുരുഷനായി മാറുന്നു എന്നർത്ഥം.
അടുത്തത് ബലരാമാവതാരം ആണ്.. ബുദ്ധനെന്നും ചിലരു പറയുന്നു.. ബുദ്ധം ജ്ഞാനമസ്യാസ്തീതി.. ആർക്കാണോ ശുദ്ധസ്വരൂപമായ ജ്ഞാനമുള്ളത് അവനാണ് ബുദ്ധൻ..ബലരാമന്റെ അർത്ഥം എടുത്താൽ ബലേന രാമോ രമണം യസ്യ എന്നാണ്.. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാൻ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തിൽ രമിക്കുന്നവനായി മാറുന്നവനാണ് ബലരാമൻ അഥവാ ബുദ്ധൻ. അവിടെ സാധകൾ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു
അടുത്തത് ശ്രീകൃഷ്ണനാണ്.. ശ്രീകൃഷ്ണൻ ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു.. അതായത് മനുഷ്യനും സത്യത്തെ അറിഞ്ഞ് അതായത് മായയെ മനസ്സിലാക്കി ജീവിതത്തെ ലീലയായി ആടണം എന്നർത്ഥം.. ജീവിതത്തിൽ ഒരു സമയവും കൃഷ്ണനെന്ന വ്യക്തിയിൽ ദുഃഖത്തെ കാണിക്കുന്നവനായി പറയാറില്ല...ഇതെല്ലാം മായയാണെന്ന് അറിഞ്ഞു ത്രിഗുണാതീതനായി ജീവിതത്തെ സാധകൻ സ്വീകരിക്കണം എന്ന് ശ്രീകൃഷ്ണാവതാരം കാണിച്ചുതരുന്നു..
അടുത്തത് കൽക്കിയാണ്.. രൂപമില്ലാത്ത ഒന്ന്.. മത്സ്യത്തിൽ നിന്ന് തുടങ്ങി കൽക്കിയിലെത്തുമ്പോൾ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു.. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം..അതാണ് കൽക്കി..
ചില സമയം ചില തത്ത്വങ്ങളെ എഴുതുവാൻ വാക്കുകൾക്ക് പരിമിതികൾ ഉണ്ട്.. സ്വാഭാവികമായി കുറവുകളും കാണാനാകും.. എന്നിരുന്നാലും ചില തത്ത്വങ്ങളെ മനസ്സിലാക്കാൻ ഇതുകൊണ്ടാകും എന്ന് വിശ്വസിക്കുന്നു.. അതുകൊണ്ട് തന്നെ ഭാഷയുടെ പോരായ്മകളുണ്ടെങ്കിൽ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു. ഹരി ഓം
ശ്രീരാമഭക്തനായ ഹനുമാൻ
നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ് ഹനുമാൻ. ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. എന്തുകൊണ്ടാണ് ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമപൂജനീയനുമായത്?
ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്. ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന് ഇത്രയേറെ പ്രസിദ്ധി ഉണ്ടാവുമായിരുന്നോ
ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാം. അതാണ് ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ് ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ് ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്. ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ് ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്? എന്താണു നാം തമ്മിലുള്ള ബന്ധം?’ ഹനുമാന് ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:
“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”
വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:
“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”
ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.
വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ് ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ. ‘അതു നീയാണ്’. എന്ന നിറവ്.
ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്. പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല. ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.
രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ് ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.
എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്) ഹനുമാന് ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ് ഹനുമാൻ പറയുന്നത് - ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ് പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന് ഹനുമാൻ പറയുന്ന ഈ ആത്മഭാവം.
അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊ ള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരു ‘ഇന്റഗ്രേറ്റഡ് പ്രാക്ടീസ്’ ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ് ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.
ഈശ്വരന്റെയല്ല ഈശ്വരനെയാണ് ആവിശ്യം
" ഹിരണ്മയേന പാത്രേണ സത്യാസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണോ സത്യധർമ്മായ ദൃഷ്ടയേ"
(ഈശാവാസ്യോപനിഷത്ത്... )
സത്യദർശനതൽപരനായ സാധകൻ സത്യത്തെ പൊൻകിരണങ്ങൾ വിതറുന്ന പൊൻതളികയാൽ മറച്ചിരിക്കുന്ന സൂര്യനോട് പ്രാർത്ഥിക്കുകയാണ് "അല്ലയോ, പുഷവേ; സത്യധർമ്മനായയിരിക്കുന്ന എനിക്ക് സത്യത്തെ കാണുവാൻ വേണ്ടി ആ പൊൻപാത്രത്തെ മാറ്റുക"
ചാക്ഷുഷോപനിഷത്ത് മന്തിക്കുന്നു "തമസോമ ജ്യോതിർഗമയ" അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിച്ചാലും .
ഇതു രണ്ടും പ്രഥമദൃഷ്ട്യാ വിരോധാഭാസമായി തോന്നും. ഒരു ഉപനിഷത്ത് ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് നയിച്ചാലും എന്ന് പ്രാർത്ഥിക്കുമ്പോൾ മറ്റൊന്ന് സത്യത്തെ ദർശിക്കുവാൻ പ്രകാശത്തെ മാറ്റിയാലും എന്ന് പ്രാർത്ഥിക്കുന്നു. ഇവിടെ എന്താണ് ഇരുളെന്നും, പ്രകാശമെന്നും നാം സാമാന്യമായി അറിയാത്തിടത്തോളം കാലം ഇത് ചിന്താപരമായ വൈകാരികപ്രഹേളിക സൃഷ്ടിക്കും...
ഇരുളിൽ കണ്ണിന് കാഴ്ചയില്ല. എന്നാൽ എത്ര ഗാഢമായ ഇരുട്ടിലും അല്പനേരം ഇരുന്നാൽ ചെറിയ കാഴ്ച അനുഭവപ്പെടുന്നു. അപ്പോൾ ഇരുട്ടിലും പ്രകാശമുണ്ട്. എന്നാൽ അതുപോലെ അതിശക്തമായ പ്രകാശത്തിലും ഒന്നും കാണാൻ സാാധിക്കുന്നില്ല. അവിടെ കണ്ണുതുറക്കുവാൻ പോലും സാധിക്കുന്നില്ല. അപ്പോൽ പ്രകാശത്തിലും ഇരുട് ഉണ്ട് എന്ന് അറിയാം. ഈ അനുഭവത്തിൽ നിന്നും. ഇരുളും വെളിച്ചവും രണ്ടല്ല ഒരേ സത്യത്തിന്റെ രണ്ടു വ്യത്യസ്താവസ്ഥ- ദ്വന്ദ്വാവസ്ഥയാണെന്നു അറിയാം. ദ്വന്ദ്വാവസ്ഥയ്ക്ക് അതീതമായ നിത്യതയാണ് അദ്വൈതം. അതാണ് അറിയേണ്ടുന്ന - ദർശിക്കേണ്ടുന്ന സത്യം.
നാം ശരിയായ പ്രകാശത്തെ കാണുന്നില്ല. പ്രത്യുത കാണുന്നത് പ്രകാശം പ്രസരിപ്പിക്കുന്ന വസ്തുവിനെയും, പ്രാകാശത്തെ പ്രതിഫലിപ്പിക്കുന്ന വസ്തുവിനെയുമാണ്. യഥാർത്ഥത്തിൽ പ്രകാശത്തെ ആരും കാണുന്നില്ല. പ്രകാശം ഉണ്ട് എന്നു പറയുന്നത് പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുവിനെയും പ്രാകാശം പ്രസരിപ്പിക്കുന്ന വസ്തുവിനെയും കാണുമ്പോഴാണ്. ഇങ്ങനെ രണ്ടു വസ്തുവിനെയും കാണാത്ത അവസ്ഥയെ നാം ഇരുട്ട് എന്നു പറയുന്നു. തമസ്സിൽ നിന്നും ജ്യോതിസ്സിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന സാധകൻ ധ്യാനിക്കുന്നു. തപസ്സു ചെയ്യുന്നു. ധ്യാനാവസ്തയിൽ സാധകന്റെ അന്തരംഗം മഹാപ്രകാശത്തിൽ പ്രശോഭിതമാകുന്നു. കോടിസൂര്യപ്രഭയാണ് സംഭവിക്കുന്നത്. അവിടെ ആ പ്രകാശം ഏതെങ്കിലും വസ്തുവിൽ ഉണ്ടാകുന്നതോ പ്രതിഫലിക്കുന്നതോ അല്ല. അതു തികച്ചും ആന്തരികമായി സഹജതയോടെ സംഭവിക്കുന്നതാണ്. അതിന് പ്രഭവസ്ഥാനവും പ്രതിഫലനസ്ഥാനവുമില്ല . പ്രാകാശത്തിനപ്പുറത്താണ് സത്യം ഇരിക്കുന്നത്. സത്യത്തെ മറച്ചിരിക്കുന്ന പൊങ്കിരണം വിതറുന്ന പൊൻ തളിക മാറ്റിയാലും എന്നാണല്ലോ പ്രകാശധാമമായ പൂഷാവിനോട് - സ്ദൂര്യനോട് - പ്രാർത്ഥിക്കുന്നത്. അപ്പോൾ അവിടെ സ്വഭാവികമായും ചില സംശയങ്ങളുണ്ടായേക്കാം. ഈശ്വരൻ പ്രകാശമല്ലേ ? പ്രകാശം മാറ്റി കഴിഞ്ഞാൽ പിന്നെ ഇരുട്ടാല്ലേ ഉണ്ടാവുക? ആ ഇരുട്ടിൽ സത്യത്തെ ദർശിക്കാൻ കഴിയുമോ?
ഇരുട്ടിനും പ്രകാശത്തിനും അതീതമായ ഒരു അവസ്ഥയുണ്ട്. അഥവാ ഇരുളിനും വെളിവിനും നടുവിലായ ഒരു അവസ്ഥയുണ്ട്. അവിടെയാണ് - അതാണ് സത്യം അഥവാ ഈശ്വരൻ . ഈ ആന്തരീകമായ അവസ്ഥയെന്തെന്ന് വാക്കുകളാൽ പ്രകാശിപ്പിക്കാവുന്നതല്ല. ആ പരമമായ വെളിവിൽ സത്യദർശനം ആനുഭൂതികമാകും . ഇത് അനുഭവിച്ചേ അറിയാൻ പറ്റൂ .. അതാണ് "നാരായണഗുരു" ""അനുഭവിയാതറിവീല"" എന്ന് ആത്മോപദേശശതകമെന്ന ജ്ഞാനാമൃതത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്. ആന്തരികമായ അനുഭവതലത്തെ - ഇരുളിനും വെളിവിനും ഇടയിലുള്ള തലത്തെ - പ്രതീകവൽക്കരിച്ചുകൊണ്ടാണ് രണ്ട് സന്ധ്യകളിലും ഈശ്വരാാധന നടത്തുന്നത്.
സൂര്യൻ അസ്ത്മിച്ചാലുടൻ ഇരുട്ട് പരക്കുന്നില്ല ഇതിനു രണ്ടിനുമിടയിൽ ഒരവസ്ഥയുണ്ട്. ഇതിനെ സന്ധ്യയെന്നു പറയുന്നു. ഇതേ പോലെ പ്രഭാതത്തിലും ഒരു സന്ധ്യയുണ്ട്. ഈ അവസ്ഥ പകലുമല്ല രാത്രിയുമല്ല. വേദാന്തപരമായി പറഞ്ഞാൽ സത്യവുമല്ല അസത്യവുമല്ല. സത്യന്വേഷിയായ സാധകൻ ഇരുളിനെയും വെളിവിനെയും കടന്ന് അഥവാ സത്യത്തെ മറച്ചിരിക്കുന്ന പൊൻ കിരണം വീശുന്ന പൊൻ പാത്രമാകുന്ന മൂടി മാറ്റിക്കിട്ടി സത്യത്തെ ആനുഭൂതികമാക്കി സത്യം തന്നെയായി മാറുന്ന അവസ്ഥക്ക് സമാനമായി നടത്തുന്ന സായാംസന്ധ്യ പ്രഭാതസന്ധ്യ, ഈശ്വരാരധനകൾ അത്യന്തം അർത്ഥവത്താണ്.
അനുപമേയമായ ഈ ആനുഭൂതികയെ പൊൻ പ്രകാശത്തിൽ പ്രലോഭിതരായവർക്ക് അഥവാ ധ്യാനത്തിലൂടെ സംഭവിക്കുന്ന അഷ്ട്സിദ്ധിയെന്ന സമ്മോഹനമഹിമയിൽ മയങ്ങുന്നവർക്ക് ലഭിക്കുകയില്ല, ശരിയായ ലക്ഷ്യബോധമുള്ള തപസ്വി ഈ സന്മോഹന പൊൻ കിരണങ്ങൾ കാണുമ്പോൾ അതു വരെ മൗനമായിരുന്ന് ധ്യാനിച്ചിരുന്ന അവസ്ഥയിൽ നിന്നും മാറി ഈശ്വരനോട് ഉറക്കെ പ്രാർത്ഥിക്കുന്നു. അല്ലയോ ദൈവമേ അഥവാ പൂഷാവേ, സത്യത്തിന്റെ മുഖം മറച്ചിരിക്കുന്ന പൊൻ കിരണം വീശുന്ന പൊൻ തളികമറ്റി ഈ സത്യധർമ്മനെ സത്യത്തെ ദർശിപ്പിച്ചാലും. " നമുക്ക് ഈശ്വരന്റെയല്ല ഈശ്വരനെയാണ് ആവിശ്യം".
സത്യത്തെ മറച്ചിരിക്കുന്ന പൊൻ കിരണം മാറ്റുകയെന്ന മഹദ്പ്രാർത്ഥനയോടെ സത്യന്വേഷി ദൈതാവസ്ഥക്ക് അതീതമായ നിത്യമായ സത്യത്തെ സാക്ഷാത്ക്കരിച്ച് അദ്വൈതിയാകുന്നു. അവിടെ സത്യന്വേഷി, സത്യം എന്നീ ദ്വന്ദ്വങ്ങളില്ലാതാകുന്നു. ജ്ഞാനത്തെ അന്വേഷിക്കുന്ന ജ്ഞാനജിജ്ഞാസു ജ്ഞാനം തന്നയായി മാറുന്നു. അവിടെ ജ്ഞാതാവും ജ്ഞേയവുമില്ല ഉള്ളത് ജ്ഞാനം മാത്രം
പൂണൂല്‍ ധരിക്കുന്നത് എന്തിന്
ഷോഡശസംസ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപനയനം. ചെറുപ്പത്തിൽ ഗായത്രീയുപദ്ദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോടുകൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്. ഉപനയനത്തെ പൊതുവേ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണത്തിനുള്ള സംസ്കാരം എന്നാണ്. കുട്ടിയുടെയുള്ളിൽ വിഷയവാസന കടക്കുന്നതിനുമുമ്പ് ഉപനയനം ചെയിക്കണമെന്നൊരു വിശ്വാസം നിലവിലുണ്ട്. പവിത്രയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസിക വികാസവും സംഭവിക്കുന്നു.
ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള് അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില് കര്മങ്ങള് അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില് ജനിച്ചതിന്റെ ചിഹ്നം. ഞാന് അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം . തന്തുക്കള് ചേര്ന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില് നിന്ന് ജീവന് ഉണ്ടാകുന്നത് പോലെ അണ്ഡത്തില് നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില് ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ് .ഈ അണ്ഡത്തിനുള്ളില് ജീവനുള്ള ശരീരവും അതിനുള്ളില് ജീവാത്മാവും കുടികൊള്ളുന്നു .അവയും ഈ മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു . ഈശാനകോണ് മുതല് നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണില് ഈശാനന് കിഴക്ക് ഇന്ദ്രന് തെക്കുകിഴക്ക് അഗ്നി തെക്ക് യമന് തെക്കുപടിഞ്ഞാറു അനന്തന് പടിഞ്ഞാറു വരുണന് പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാന് സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില് നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണ ത്തി ന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന് എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില് പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന് സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപനഹ്യാമി”
പവിത്രമാക്കി തീർക്കാൻ യോഗ്യമയതിൽ ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർദ്ധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ധരിക്കുകയാണ് . ഇതിനാൽ അറിവിന്റെ നിറ വെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ
വിനായക ചതുർത്ഥി ആശംസകൾ
"സർവ്വ വിഘ്നഹരം ദേവം സർവ്വ വിഘ്ന വിവർജ്ജിതം
സർവ്വ സിദ്ധി പ്രദാദാരം വന്ദേഹം ഗണനായകം"
ഗണപതിക്ക് വെച്ചിട്ടേ ഏതൊരു സൽക്കർമ്മവും തുടങ്ങാവൂ. അല്ലെങ്കിൽ വിഘനങ്ങളുണ്ടാവും തന്നെ സ്മരിക്കാതെ ,നമിക്കാതെ ആരംഭിച്ചതിനാൽ ബ്രഹ്മാവിന്റെ വിശ്വസൃഷ്ടി തടസ്സപ്പെടുത്തിയ ചരിത്രവും ഗണപതിക്കുണ്ട്. ഗജമുഖന്റെ പാർശ്വവീക്ഷണം ഓങ്കരത്തിന്റെ ലിപിരൂപത്തിനു തുല്യമാണ്. ശിവന്റെ ഭൂതഗണങ്ങളുടെ പതിയായതിനാൽ ഗണപതി എന്നു പേരു കിട്ടി .
രൂപത്തിലും ഭവത്തിലും സവിശേഷതകളുള്ള വിനായകനെ ദേവീദേവന്മാർ സദാ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷിപ്രകോപിയും, ക്ഷിപ്രപ്രാസദിയുമാണ് ഗണേശൻ. കുറുമ്പുകാട്ടുന്ന കുടവയറനെ ഭക്തർക്കിഷ്ടമാണ്. മധുപലഹാര പ്രിയനായതുകൊണ്ട് മാമ്പഴം ചക്കപഴം വാഴപഴം കൈകളിലുയർത്തിപ്പിടിച്ചുകൊണ്ടാണ് അവരെ ആകർഷിക്കുന്നത്. ചിലപ്പോൾ പത്തു കൈകളുള്ള മഹാഗണപതിയുടെ രൂപമെടുക്കും , നൃത്തം നടത്തുന്ന നടരാജ ഗണപതിയുമുണ്ട്.
വിനായകോ വിഘനരാജഃ
ദ്വൈമാതുര ഗണാധിപഃ
അപ്യേകദന്തഹേരംബ
ലംബോധര ഗജാനനഃ
അമരകോശം ഗണേശനു നൽകുന്ന പര്യായങ്ങളാണിവ. കൗശലകാരനും ബുദ്ധി സിദ്ധികളുടെ നാഥനുമാണ് വിനായകൻ തന്റെ ബുദ്ധിതെളിയിച്ച കഥ . ലോക ചുറ്റി വരാൻ പാർവതിപരമേശ്വരന്മാര പറഞ്ഞപ്പോൾ ഗജമുഖൻ എലിയുമായി പാർവ്വതീ പരമേശ്വരന്മാരെ വലംവെച്ച് ജഗൽപിതാക്കന്മാരായ പാർവ്വതീപരമേശ്വരന്മാരെ വലംവെച്ച് ലോകസഞ്ചാരത്തിനു തുല്യമാണെന്ന് സമർത്ഥിക്കുകയും ചെയ്തു.
വ്യാസമഹർഷി മഹാഭരതരചനയെക്കുറിച്ച് ഒരിക്കൽ ബ്രഹ്മാവിനോട് പറഞ്ഞു. താൻ പറഞ്ഞുകൊടുക്കുന്നത് എളുപ്പത്തിലെഴുയെടുക്കാൻ, സമർത്ഥനായ ഒരാളെ വേണമെന്നഭ്യർത്ഥിച്ചു. അക്കാര്യം ചതുർ മുഖൻ വിഘനേശ്വരനോട് പറഞ്ഞു. തന്റെ എഴുത്താണി നിശ്ചലമാകത്ത തരത്തിൽ , ദ്രുതഗതിയിൽ പറഞ്ഞുതന്നാൽ എഴുതിയെടുക്കാമെന്ന് ഗണപതി സമ്മതിച്ചു. താൻ പറഞ്ഞതിന്റെ അർത്ഥം ഗ്രഹിച്ചേ എഴുതാവൂ എന്ന് വ്യാസനും പറഞ്ഞു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് മഹാഭാരതം എഴുതിതീർത്തത്. വ്യാസവിഘനേശ്വരന്മാരുടെ കൂട്ടായ്മയിൽ സർഗക്രിയാസാരത്തിന്റെ സാരസ്വത രഹസ്യം അടങ്ങിയിട്ടുണ്ട്.
ദേവലോകത്തെ വാദ്യോപകരണങ്ങളുടെ വിദഗ്ദ്ധനാണ് വിനായകൻ. നൃത്തവിശാരദനെന്നപോലെ മൃദംഗവും തബലയും വായിക്കും. അതുകേട്ട് പരമേശ്വരൻ ആനന്ദ നടനം ചെയ്യും . തൗര്യത്രികങ്ങളുടെ അധിപനായും ഗണേശനെ വാഴ്ത്തുന്നു.
മനുഷ്യന്റെ ശരീരവും ആനയുടെ തലയും ഉയരകുറവും കുടവയറും സവിശേഷതയുമാണ്, നാലുകൈകളിൽ ഓരോ വസ്തുക്കൾ പിടിച്ചിട്ടുണ്ട്. മുഷികൻ താങ്ങിയിരിക്കുന്ന പീഠത്തിലാണ് ഇരിപ്പ് , പീഠത്തിന്റെ അഗ്രഭാഗം താമരപൂവിന്റെ ആകൃതിയിലാണ്. ഒരു കാൽ പീഠത്തിന്റെ താഴത്തെ പടിയിലും മറ്റേകാൽ ഉയർത്തി മടക്കിവെച്ചുമാണ് ഇരിപ്പ്. തലയിൽ അലംകൃതമായ കിരീടം ഉണ്ട്. അരയിൽ സർപ്പം ചുറ്റിക്കിടക്കുന്നു. വലിയ ചെവിയും ചെറിയകണ്ണുകളും നീണ്ട് തുമ്പിക്കൈയുമുണ്ട്.
മോദകവും, കയർക്കുരുക്കും, തോട്ടിയും, വേദവും താമരപ്പൂവുമാണ് കൈകളിൽ, ചിലരൂപങ്ങളിൽ രണ്ടുകൈകൾ മുദ്രാരൂപത്തിലാണ്. അഭയമുദ്രയും, വരദമുദ്രയും. മഴുവും ശംഖചക്രങ്ങളും പിടിച്ചിരിക്കുന്നു.
... മോദകം ഭൗതീക ജീവിതത്തിനു ആവിശ്യമായ ഭക്ഷണത്തെയും പാരത്രിക ജീവിതത്തിന്റെ മധുരാനുഭൂതിയെയുമാണ് സൂചിപ്പിക്കുന്നത്. വേദം വിജ്ഞാനത്തിന്റെ പ്രതീകമാണ്. ആത്മനിയന്ത്രത്തിന്റെയും സംയമനത്തിന്റെയും പ്രതീകങ്ങളാണ് കയർക്കുരുക്കും തോട്ടിയും. വിശുദ്ധിയുടെയും ആധ്യാത്മികതയുടെയും പ്രാതിനിധ്യമാണ് താമരക്കുള്ളത്. ബൃഹദാകാരമുള്ള ഗണേശന്റെ വാഹനം ശുഷ്കമായ എലിയാണ്. ലൗകികരീതിയിൽ വൈരുദ്ധ്യം കാണാം. വേദന്തത്തിന്റെ ഭാഷയിൽ വൈരുദ്ധ്യമില്ല. നിർഗുണനിരാകരമായ ബ്രഹ്മവും സഗുണസാകാരമായ ഈശ്വരനും സർവ്വഭൂതങ്ങളിലുമുള്ള ആത്മാവും ഒന്നു തന്നെയാണ് എന്ന അദ്വൈതസിദ്ധാന്തമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ആനയിലും എലിയിലുമുള്ള ആത്മാവ് അല്ലെങ്കിൽ സത്ത , ഉണ്മ തുല്യമാണെന്നു സ്ഥാപിക്കുന്നു. നാനത്വത്തിൽ ഏകത്വം തന്നെ. സമസൃഷ്ടികളിൽ സമദൃഷ്ടിയാണ് ഈശ്വരന്. ശരീരം വിവിധരൂപത്തിലാണെങ്കിലും മനസ്സ് ഏകരൂപത്തിലുമാണെന്ന തത്വത്തിന്റെ ധ്വനി ഇവിടെയുണ്ട്. ബ്രഹ്മം ഏറ്റവും വലിതിലും ഏറ്റവും ചെറുതിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന ആശയവും ഈ സങ്കൽപത്തിലുണ്ട്.
രാജചിഹ്നമാണ് കിരീടം, ഗണേശൻ ജ്ഞാനസാമ്രട്ടാണെന്നു സൂചിപ്പിക്കുകയാണ് അലംകൃതമായ മകുടംകൊണ്ട് , തടസങ്ങളെ തട്ടിമാറ്റാനും കേൾക്കേതല്ലാം കേൾക്കാനുമാണ് വലിയ ചെവികൾ. ധ്യാനത്തിൽ മുഴുകിയിരിക്കുന്ന യോഗികളുടെതുപോലെ ചെറിയ കണ്ണുകളാണ് ഗണേശനുള്ളത്. സ്ഥൂലസൂക്ഷമങ്ങൾ കണ്ടെത്താനുള്ള അകക്കാണ്ണാണിത്, നീണ്ട തുമ്പിക്കൈ ഘ്രാണേന്ദ്രിയം കൂടിയാണ്. സുഗന്ധവും ദുർഗന്ധവും തിരിച്ചറിയുന്നത് മൂക്കുകൊണ്ടാണ്. നന്മതിന്മകളെ തിരിച്ചറിയണം. ആധ്യാത്മിക സാധനയിലെ നിത്യാനിത്യ വസ്തുവിവേചനത്തിന്റെ പ്രതീകമാണിത്. ഒരു കൊമ്പ് ഒടിഞ്ഞതിനാൽ ഒറ്റകൊമ്പൻ (ഏകദന്തൻ) എന്ന പേരുമുണ്ട് ഗുരുനാഥനായ പരമേശ്വരനെ കാണാൻ വന്ന പരശുരാമന് കൈലാസത്തിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു ഗണപതി. ക്രോധാവിഷ്ടനായ ഭാർഗ്ഗവരാമൻ മഴുവെടുത്ത് ഗണേശനെ വെട്ടി വെട്ട് തടഞ്ഞ കൊമ്പ് അറ്റുപോയി. അഹന്തയുള്ളവർക്കുള്ള ഒരു താക്കിതാണിത്. ആധ്യാത്മീകമായ അഹംഭാവമുള്ളവർ സൂക്ഷിക്കുക! ഒടിഞ്ഞ കൊമ്പ് ചിലപ്പോൾ കൈയിലെടുത്തു പിടിക്കാറുണ്ട്. മഹേശ്വരൻ നൽകിയ യോഗദണ്ഡായും മഹാഭരതമെഴുതിയ നാരായമായും അതിനെ കരുതാം.
ഗജാനനന്റെ പെരുവയർ അണ്ഡകടാഹം മുഴുവൻ അതിലടങ്ങിയിഒരിക്കുന്നുവത്രേ. സംതൃപ്തിയുടെ സൂചകമായിട്ടും പെരുവയറിനെ കാണാം . അറിവിന്റെ നിറവാണത്. സർവ്വനാശകനായ ക്രോധാസുരനെ വിഴുങ്ങി. അതുകൊണ്ടാണ് ലംബോദരനായതെന്നും കരുതപ്പെടുന്നു. പെരുവയർ അഭിവൃദ്ധിയെയും സൂചിപ്പിക്കുന്നു.
ഗണേശൻ അരപ്പട്ടയായിട്ടുപയോഗിക്കുന്നതു സർപ്പത്തെയുമാണ്. പ്രത്യുൽപാദനശക്തിയുടെ പ്രതീകമാണ് പാമ്പ്. മൂലാധാരത്തിൽ മൂന്നര ചുറ്റായി കിടക്കുന്ന കുണ്ഡലിനി ശക്തിയെ സർപ്പം ഓർമ്മിപ്പിക്കുന്നു. യോഗസാധനകൾ കൊണ്ട് അതുണർന്ന്, ഷഡാധാരചക്രങ്ങളിലൂടെ സഹസ്രര പത്മത്തിലെത്തി അമൃതവർഷത്തിലൂടെ മുക്തിസിദ്ധിക്കുമെന്നും. വിശ്വസിക്കുന്നു.
വിനായവിഗ്രഹത്തിന്റെ തല വെളുത്തതും ശരീരം ചുവന്നതുമാണ്. ധവളവർണം ശുചിത്വത്തെയും പരിശുദ്ധിയെയും കാണിക്കുന്നു. താൻ വധിച്ച ഒരു അസുരന്റെ രക്തം വീണാണ് ഉടൽ അരുണ നിറമായത്. ശത്രുസംഹാരത്തിനിറങ്ങുമ്പോൾ വിവിധ രൂപങ്ങൾ സ്വീകരിക്കാറുണ്ട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഗണെശപൂജ ചെയ്യുന്നവർക്കും പരാജയമുണ്ടാവില്ലെന്നാണ് വിശ്വാസം ..
ഈശ്വരനിലുള്ള പരമമായ ഭക്തിയും വിശ്വാസവും അർപ്പണവും ഉണ്ടെങ്കിൽ യാത്രചെയ്യാതെ തന്നെ സർവ്വജ്ഞാനാകാൻ കഴിയുമെന്ന് ഗണപതി പഠിപ്പിച്ച്. സിദ്ധി, ബുദ്ധി എന്നി ഭാര്യമാരിൽ ഉണ്ടായ സന്താനങ്ങളുടെ പേരുകൾ ക്ഷേമവും ലാഭവുമാണ്
ഗായത്രീ മന്ത്രാർത്ഥം
ഓം - പ്രണവം...
ഏതൊരു മന്ത്രത്തിന്റെയും ആരംഭത്തിൽ പ്രതിപാദിപ്പിക്കുന്ന പ്രണാവാക്ഷരം ഗായത്രീ മന്ത്രത്തിനും മകുടം ചാർത്തുന്നു. എല്ലായ്പ്പോഴും പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നതും എല്ലാത്തിനേയും സംരക്ഷിക്കുന്നു എന്ന പൊതുവായ അർത്ഥമാണ് ഈ ശബ്ദം കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ശബ്ദമായി കാണുകയുമരുത്.
ഭൂഃ = ഭൂലോകം, ...
ഭരിക്കുന്നത് അഥവാ നിലനിൽക്കുന്നതുകൊണ്ട് "ഭൂഃ" എന്ന് പറയപ്പെടുന്നു. വ്യാഹൃതികളിൽ ഒന്നാമത്തേതായ ഇതിനെ ഭൂഃ എന്നു വിളിക്കപ്പെടുന്നത് ചരങ്ങളും അചരങ്ങളുമായ സമസ്തഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ്.
ഭുവഃ = ഭുവർലോകം,
വിശ്വത്തെ സ്ഥാപനം അഥവാ ഭാവനം ചെയ്യുന്നതുകൊണ്ട് "ഭുവഃ" എന്നു വിളിക്കുന്നു. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന എന്നൊരർത്ഥം ശ്രീ ശങ്കരചാര്യർ ഇതിനെ സങ്കൽപ്പിക്കുന്നുണ്ട്. എല്ലാ ലോകങ്ങളെയും നിലനിർത്തുന്നത് എന്ന അർത്ഥവും വരാം
സ്വഃ = സ്വർലോകം,
വ്യക്തമായ പൂർണത്വം പ്രാപിക്കുന്നതെന്നാണ് "സ്വഃ" കൊണ്ടാർത്ഥമാക്കുന്നത്. സൽക്രിയകൾ ചെയ്തവരുടെ വാസസ്ഥനമെന്നും അർത്ഥം കാണാം. സ്വഃ എന്ന പദത്തിന് സുഖം എന്നർത്ഥം സങ്കൽപ്പിക്കുമ്പോൾ അത് പൂർണ്ണതയിലേക്ക് കടക്കുന്നു
( ഓം പ്രണവവും 'ഭൂർഃ ഭുവഃ സ്വഃ' മൂന്ന് വ്യാഹൃതികളുമാകുന്നു. വ്യാഹൃതികൾ സച്ചിദാനന്ദരൂപമായ ബ്രഹ്മത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.)
തത് = അത്,
'ഓം ഭൂഃ ഭുവ സ്വഃ' എന്നിവ തത് എന്ന പദത്തിന്റെ വിശേഷണമായി നിലകൊള്ളുമ്പോൾ സാക്ഷാൽ പരംബ്രഹ്മം തന്നെയായിത്തീരുകയാണ് 'തത്'
സവിതുർ = സവിതാവിന്റെ ,
സവിതവിന്റെ അഥവാ സൂര്യന്റെ എന്നാണ്, ' സവിതുഃ' എന്ന പദത്തിന്റെ അർത്ഥം, സകലതേജസിലും അന്തര്യാമിയായി ഗമിക്കുന്നവൻ എന്നാണിതിനർത്ഥം. എന്നാൽ നഗ്നനേത്രങ്ങളാൽ കാണപ്പെടുന്ന സൂര്യനാണിതെന്ന് കരുതരുത്, കാണപ്പെടുന്ന സൂര്യനേയും പ്രകാശിപ്പിക്കുന്നതിനു കാരണമായിരിക്കുന്ന ശക്തിയാണ് ഇവിടെ പ്രദിപാദിക്കുന്ന സവിതാവ്
വരേണ്യം = ശ്രേഷ്ഠമായ,
ഈ പദത്തിന്റെ അർത്ഥം പ്രാർത്ഥിക്കപ്പെടുവാൻ ധ്യാനിക്കപ്പെടുവാൻ യോഗ്യമെന്നാണ്.
ഭർഗോഃ = തേജസ്,
ഭജിക്കുന്നവരുടെ ദുഃഖങ്ങളെയും അന്തഃകരണത്തേയും നശിപ്പിക്കുന്നവൻ എന്നർത്ഥം, അങ്ങനെയെങ്കിൽ ജ്ഞാനസ്വരൂപം, ഈശ്വരതേജസ്സ് എന്നൊക്കെയും നിർവചിക്കാം.
ദേവസ്യ = ദേവന്റെ,
ശ്രേഷ്ഠതേജസ്സാർന്ന ദേവന്റെ എന്നാണർത്ഥം. ഇതിന് പ്രകാശസ്വരൂപനെന്നും സകലചരചങ്ങളെയും പ്രകാശിപ്പിക്കുന്ന പരമാത്മാവെന്നും പറയാം.
ധീമഹി = ഞങ്ങൾ ധ്യാനിക്കുന്നു.
ഞങ്ങൾ ചിന്തിക്കുന്നു, അഥവാ ധ്യാനിക്കുന്നു.
ധിയോ = ബുദ്ധിവൃത്തികൾ,
ഈ പദം സൂചിപ്പിക്കുന്നത് ബുദ്ധിയേയും ബുദ്ധിയുടെ വൃത്തികളെയുമാണ്,
യോ = ഭർഗ എന്ന ശബ്ദത്തിന്റെ വിശേഷണം,
നഃ = ഞങ്ങളുടെ
ഞങ്ങളുടെ ഞങ്ങളെ സംബന്ധിച്ച്,
പ്രചോദയാത് = പ്രചോദിപ്പിക്കട്ടെ,
പ്രചോദിപ്പിക്കട്ടെ, പ്രേരിപ്പിക്കട്ടെ എന്നാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ഭഗവനാൽ ഞങ്ങളുടെ ബുദ്ധിപ്രചോദിതമാകട്ടെ.
ജീവിത സാഫല്യത്തിനായി തങ്ങളുടെ ബുദ്ധിയെ നിർമലമാക്കി തരേണമേയെന്നാണ് ഗായത്രീ മന്ത്രത്തിലൂടെ ഓരോ സാധകനും പ്രാർത്ഥിക്കുന്നത്. ബുദ്ധിവൈഭവം ഉണർത്തുകയും ആത്മബലം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ മഹാമന്ത്രത്തിന്റെ മനനത്തിലൂടെയും ധ്യാനത്തിലൂടെയും സാധകൻ സഞ്ചരിക്കുന്നതു സഫല ജീവിതത്തിലേയ്ക്കാണ്. എവിടെയാണോ ഗായത്രീ മന്ത്രധ്വനി ഉയരുന്നത് അവിടെ ബ്രഹ്മപ്രകാശം നിലനിൽക്കുകയും വിന്യസിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.ആചാര്യന്മാരുടെ അഭിപ്രായമനുസരിച്ച് ആരണോ ഗായത്രീ മന്ത്രം പ്രണവത്തോടും വ്യാഹൃതികളോടും ചേർന്ന് ജപിക്കുന്നത് അവർക്ക് വേദങ്ങളൊക്കെയും പഠിച്ചതിന്റെ ഗുണഫലമായിരിക്കും ലഭ്യമാവുക. ബുദ്ധിയെ നല്ല മാർഗത്തിലേക്ക് തിരിച്ച് വിടുന്ന ഈ മന്ത്രം സംസ്കാരത്തെ സംരക്ഷിക്കുകകൂടി ചെയ്യുന്നു
No comments:
Post a Comment