യേഷാമർഥേ കാങ്ക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനിച
ത ഇമേ ഽവസ്ഥിത യുദ്ധേ പ്രാണാംസ്‌ത്യക്ത്വാ ധനാനി ച
ആചര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ
ഏതാൻ ന ഹന്തുമിച്ഛാമി ഘ്നതോ ഽപി മധുസൂദന
അപി ക്രൈതലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ
നിഹത്യ ധാർതരാഷ്ട്രാൻ നഃ കാ പ്രീതിഃ സ്യാജ്ജനാർദ്ദന
ഹേ ഗോവിന്ദാ, രാജ്യംകൊണ്ടും ഭോഗങ്ങൾ കൊണ്ടും ജീവിതം കൊണ്ടുതന്നെയും ഞങ്ങൾക്കെന്തു പ്രയോജനം? ആർക്കുവേണ്ടി ഞങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുവോ, അവരെല്ലാം സ്വത്തും പ്രാണൻകൂടിയും ഉപേക്ഷിക്കാൻ തയ്യാറായി ഇതാ രണാങ്കണത്തിൽ നിൽക്കുന്നു. മധുസൂദനാ, ഗുരുജനങ്ങൾ, പിതൃപിതാമഹന്മാർ, മക്കൾ, അമ്മാവന്മാർ, ശ്വശുരന്മാർ, സ്യാലന്മാർ തുടങ്ങിയ ബന്ധക്കളാണി ങ്ങനെ മുന്നിൽ നിൽക്കുന്നത്. ഞാനെന്തിന് അവരെ കൊല്ലണം? അവരെ വധിക്കുകിൽ, ക്രൈതലോക്യമാകെ നേടാമെന്നുവന്നാലും ഞാനവരോട് യുദ്ധംചെയ്യാനില്ല. പിന്നെ എങ്ങനെയാണ് വെറും മണ്ണിനുവേണ്ടി അവരെ കൊല്ലാനാവുക? ജനാർദ്ദനാ! ധാർതരാഷ്ട്രന്മാരെ ഹിംസിച്ചിട്ട് ഞങ്ങൾക്കെന്തു സുഖം
ഗോക്കൾക്കും ഇന്ദ്രിയങ്ങൾക്കും ആനന്ദം പ്രദാനം ചെയ്യുന്ന എന്നർത്ഥമുള്ള ഗോവിന്ദ എന്ന പദംകൊണ്ടാണിവിടെ അർജുനൻ കൃഷ്ണനെ സംബോധനചെയ്യുന്നത്. സാരവത്തായ ഈ വാക്ക് ഉപയോഗിച്ചതുകൊണ്ട് തന്റെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്തെന്ന് കൃഷ്ണൻ മനസ്സിലാക്കണമെന്ന് അർജുനൻ ധ്വനിപ്പി ക്കുന്നു. "ഗോവിന്ദാ' എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ഇന്ദ്രിയസംതൃപ്തിയല്ല, എങ്കിലും ഗോവിന്ദന്റെ ഇന്ദ്രിയസന്തർപ്പണത്തിന് ശ്രമിക്കുന്നതായാൽ നമ്മുടെ ഇന്ദിയങ്ങൾ സ്വാഭാവികമായി തൃപ്തിയടഞ്ഞുകൊള്ളും. ഭൗതികലോകത്തിൽ എല്ലാവരും തങ്ങളുടെ ഇന്ദ്രിയസംതൃപ്തിയാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ഇഷ്ടാനുസൃതമായി ഭഗവാൻ അത് തന്നുകൊള്ളണമെന്നും അവർ ആശിക്കുന്നു. എന്നാൽ ഭഗവാൻ സകല ജീവാത്മാക്കൾക്കും അവരാഗ്രഹിക്കുന്ന തോതിലല്ലാ, അർഹിക്കുന്ന തോതിലത്രേ ഇന്ദ്രിയസംതൃപ്തി നൽകുന്നത്. മറിച്ച് സ്വന്തം ഇന്ദ്രിയസംതൃപ്തി ആഗ്രഹിക്കാതെ ഗോവിന്ദന്റെ ഇന്ദ്രിയ സന്തുഷ്ടി മുൻനിർത്തി പ്രവർത്തിക്കുന്ന ജീവന്, ഗോവിന്ദകൃപയാൽ ആഗ്രഹങ്ങളെല്ലാം നിറവേറും. ബന്ധുക്കളോടും സമുദായത്തോടുമുള്ള അർജുനന്റെ അഗാധമായ മമതാബന്ധം സ്വാഭാവികമായ അനുകമ്പയാൽ ഇവിടെ ഭാഗികമായി പ്രദർശിപ്പിക്കപ്പെട്ടു, അത് അദ്ദേഹത്തിന് യുദ്ധവൈമുഖ്യമുണ്ടാക്കി. മാത്രമല്ല, താൻ നേടിയ ഐശ്വര്യത്തെ ബന്ധു മിത്രാദികളെ കാണിക്കാൻ എല്ലാവരും ആഗ്രഹിക്കും. അർജുനനാകട്ടെ, തന്റെ ബന്ധുക്കളെല്ലാം യുദ്ധത്തിൽ കൊല്ലപ്പെടുമെന്നും ഐശ്വര്യ ത്തിൽ പങ്കുകൊള്ളാൻ ആരും ഉണ്ടാവില്ലെന്നും ഭയപ്പെടുന്നു. ഭൗതിക ജീവിതത്തിലെ സ്വാഭാവികമായ കണക്കുകൂട്ടലാണിത്. ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആദ്ധ്യാത്മിക ജീവിതം. ഭക്തന് ഭഗവാന്റെ ഇംഗിതം നിറവേറ്റണമെന്ന് മാത്രമാണ് ആഗ്രഹം. അതുകൊണ്ട് സർവ്വവിധങ്ങളായ ഐശ്വര്യങ്ങളേയും ഈശ്വരേച്ഛയാൽ ഭഗവത്സേവനത്തിനായി അയാൾ സ്വീകരിക്കും. ഭഗവാന്റെ ഇച്ഛയില്ലെങ്കിൽ ഒന്നും സ്വീകരിച്ചു കൂടതാനും. അർജുനൻ ബന്ധുക്കളെ ഹിംസിക്കാനിഷ്ടപ്പെടുന്നില്ല. അങ്ങനെ ഒന്നാവശ്യമാണെങ്കിൽ കൃഷ്ണൻ സ്വയം അത് ചെയ്യട്ടെ, എന്ന് അദ്ദേഹം ആശിച്ചു. രണാങ്കണത്തിലെത്തുന്നതിനു മുമ്പ് തന്നെ കൃഷ്ണൻ അവരെ കൊന്നു കഴിഞ്ഞു എന്നും താൻ അദ്ദേഹത്തിന് ഒരു ഉപകരണമാവുക മാത്രമേ ഇനി വേണ്ടു എന്നും ഈ സമയത്ത് അർജുനൻ അറിഞ്ഞിരുന്നില്ല. ഇത് അടുത്ത അദ്ധ്യായങ്ങളിൽ വ്യക്തമാ ക്കുന്നുണ്ട്. സ്വതേ ഭഗവദ്ഭക്തനായ അർജുനൻ ദുഷ്ടന്മാരായ ബന്ധ ക്കളോട് പക വീട്ടാനുദ്ദേശിച്ചില്ല. എന്നാൽ അവരെല്ലാം കൊല്ലപ്പെടണമെന്നായിരുന്നു ഈശ്വരഹിതം.
കൃഷ്ണഭക്തൻ അപരാധികളോട് പകവീട്ടാറില്ല. തന്നോട് പ്രവർത്തിക്കുന്ന തെറ്റുകൾക്ക് മാപ്പ് കൊടുത്താലും സ്വഭക്തന്മാർക്ക് ദുഷ്ടന്മാർ ചെയ്യുന്ന ദ്രോഹം ഭഗവാൻ ഒരിക്കലും പൊറുക്കില്ല. അതുകൊണ്ട് അർജുനൻ ശത്രുക്കളെ വെറുതെ വിടാനാണ് ഇഷ്ടപ്പെട്ടതെങ്കിലും കൃഷ്ണൻ അവരെ കൊല്ലാൻതന്നെ തീരുമാനിച്ചിരുന്നു.
ഗുരുവിൻ്റെ ആവിശ്യകത
പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.
ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.
ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.
ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.
ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.
ബ്രഹ്മവും മായയും
ബ്രഹ്മം എന്നത് ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്തതും , സ്വയം പ്രകാശമുള്ളതും, പ്രപഞ്ചത്തിന് അവിഷയമായിട്ടുള്ളതും നാശമില്ലത്തതും ,നിർഗുണവും,കാലദേശവസ്തു ഭേദമില്ലാത്തതും, നിത്യവും ആനന്ദമായിട്ടുള്ളതും ആകുന്നു. അതല്ലാതെ മറ്റൊരുവസ്തു വേറെയില്ല. .എല്ലാം തന്നെ ആ ബ്രഹ്മതന്നെ...
ആ സ്ഥ്തിക്ക് നാനത്വം എങ്ങനെ സംഭവിച്ചു, വള, കിങ്ങിണി, മോതിരം, തുടങ്ങിയ സ്വർണ്ണംകൊണ്ട് ഉണ്ടാക്കിയതാണന്നിരിന്നലും അവക്ക് കങ്കണം തുടങ്ങിയ നാമങ്ങൾ ജനങ്ങളാൽ കൽപ്പിക്കപ്പെട്ടിട്ടുള്ളതണ്, സൂക്ഷമതയോടുകൂടി നോക്കിയാൽ സ്വർണ്ണമല്ലാതെ മറ്റൊന്നും അവയിൽ കാണുന്നില്ല, അവ ഉരുക്കിനോക്കിയാലും സ്വർണ്ണമായിതന്നെ കാണുന്നു. അതുപോലെ മായകൊണ്ട് ബ്രഹ്മത്തിനും നാനത്വം സംഭവിക്കുന്നു.....
ബ്രഹ്മം ഏകം തന്നെ മറ്റുവസ്തുക്കൾ ഒന്നുതന്നെയില്ല. നിശ്ചയം, അപ്പോൾ പിന്നെ ആ മായ എങ്ങനെ എവിടെയുണ്ടായി അതിന് ബ്രഹ്മത്തിനോട് എങ്ങനെ ചേർച്ച സംഭവിച്ചു.
മായ ആദിഹീനയും അജ്ഞാനപൂർണ്ണയും കർമ്മസ്വരൂപിണിയും ആണ്. ശുദ്ധയായ അത് ബ്രഹ്മത്തിൽ ഒട്ടിയും ഒട്ടാതെയും സദാ നിൽക്കുന്നു. മായ ബ്രഹ്മം ഇത് രണ്ടിനും അനാദിത്വമുണ്ട്, എന്നാൽ മായ നിശ്ചയമായും നശിക്കും ബ്രഹ്മം ഒരിക്കലും നശിക്കുകയില്ല. മായക്ക് നാശമുണ്ട് എന്നതിനാൽ - അദ്വതീയവും പരമവും ഏകവുമാണ് ബ്രഹ്മം.. എന്ന അദ്വൈതസിദ്ധി ബ്രഹ്മത്തിനു ഭവിക്കുന്നു. പ്രപഞ്ചത്തിൽ കാണപ്പെടുന്ന വസ്തുക്കളിൽ ബ്രഹ്മാംശങ്ങളായിട്ട് ജീവസമൂഹം ഭവിക്കുന്നു.
ശരീരികളുടെ ഹൃദയത്തിൽ "ഞാൻ" എന്ന ഒരു ബുദ്ധി വർത്തിക്കുന്നു. "അഹംബുദ്ധി" എന്ന ആ ഒന്നുതന്നെയാണ് ആ മായ എന്നത്, ആ മായയോട് കൂടാത്തവൻ ദേഹഭൃത്തേയല്ല,.. (ജീവൻ മുക്തൻ ദേഹഭൃത്താണങ്കിലും ദേഹാഭിമാനം ഇല്ലാത്തതു കൊണ്ട് ഈ ആശയത്തിന് വൈരുദ്ധ്യമില്ല) ഞാൻ സുഖി, ഞാൻ ദുഃഖി, എന്നിങ്ങനെയുള്ള അഹന്ത എല്ലവരിലും നിറഞ്ഞിരിക്കുന്നുണ്ട്, ആദിയില്ലയ്മയോടുകൂടിയ - ആ അഹംങ്കാരബുദ്ധി - ആ അഹന്ത തന്നെ മായ എന്ന് പ്രകീർത്തിക്കപ്പെടുന്നു. എൻ്റെ കൈയ് എൻ്റെ പാദം, എൻ്റെ പുത്രൻ എന്നിങ്ങനെയുള്ള വാക്യങ്ങളിൽ നിന്ന് സൂക്ഷതത്ത്വത്തെ പറ്റി ആലോചിച്ച്നോക്കിയാൽ "അഹം" എന്നൊന്നില്ല അതു മായതന്നെ, അഹം എന്ന പ്രതീതി തന്നെയാണ് വസ്തു, ഇത് സർവ്വത്ര സർവ്വദാ വ്യാപിച്ചിരിക്കുന്നു. എന്നാൽ അഹന്ത വേഷസാമ്യമുണ്ടെങ്കിലും ഭ്രാന്തിമൂലമായതിനാൽ മായ തന്നെയാണ്.
വികാരസ്വഭാവമുള്ള ആ മായ നിർമ്മലമായിട്ടുള്ള ബ്രഹ്മത്തിൽ സ്വഭാവാൽ തന്നെ - മായാസ്വഭാവം ഹേതുവായിട്ട് - പറ്റിയും പറ്റാതെയും ആണ് നിൽക്കുന്നത്. .. പരിശുദ്ധമായ സ്പടികപാത്രത്തിൽ ചുവന്ന പുഷ്പം വെക്കുന്നതായാൽ ആ പാത്രം ചുവപ്പുനിറമുള്ളതാകും. ആ പുഷ്പം പാത്രത്തിൽ നിന്നെടുത്താൽ പിന്നെ അതിൽ( പാത്രത്തിൽ) ചുവപ്പു നിറമുണ്ടായിരിക്കുന്നതല്ല. ...അതുപോലെ ആ മായ ബ്രഹ്മത്തിൽ ചേർന്നു നിൽക്കും. ..അരയാലിൻ്റെ അണു മാത്രമായുള്ള ബീജത്തിൽ (വിത്തിൽ) കോടിക്കണക്കിനു വൃക്ഷങ്ങൾ എപ്രകാരമാണോ അവ്യക്തമായി സ്ഥിതിചെയ്യുന്നത് അതിൻവണ്ണം മായയിൽ കർമ്മബീജങ്ങൾ വർത്തിക്കുന്നു. ആ കർമ്മ ബീജങ്ങളാകട്ടെ സൃഷ്ടികാലത്ത് പഞ്ചഭൂതങ്ങളോടുകൂടി യോജിച്ച് കർമ്മത്തിനൊത്ത് ജിവനോടുകൂടി ശരീരികളായി തീരുന്നു. സംശുദ്ധമായ ബ്രഹ്മത്തിൽ ചിത്തത്തെ ചേർത്തു നിർത്തിയാൽ പിന്നെ ജന്മം സംഭവിക്കുന്നതല്ല.
------ ബ്രഹ്മത്തിന് മായയോട് എങ്ങനെ ചേർച്ചയുണ്ടാകുന്നു എന്ന് ചിന്തിച്ച് വൃഥാ മനസ്സിനെ ഭ്രമിപ്പിക്കുന്നതിനേക്കാൾ ഭേദം ബ്രഹ്മത്തിൽ മനോലയം ഉണ്ടാക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്....
.....ഒരുവൻ അഗാധമായ (വളരെ താഴ്ചയുള്ള) കിണറ്റി വീണു എന്നിരിക്കട്ടെ അതിൽ നിന്ന് കരകയറുവാനുള്ള വഴി എന്തെന്ന് വിചിന്തനം ചെയ്യാതെ.. അവൻ അവിടെ കിടന്നുകൊണ്ട് കിണറ്റിൻ്റെ ഉത്ഭവകാരണം ചിന്തിക്കുകായണെങ്കിൽ കരക്കെത്തിചേരുവാൻ എങ്ങി ശക്തനായി തീരും...
........ബ്രഹ്മസാക്ഷാത്ക്കാരത്തിനുവേണ്ടി ശ്രമിക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്.......
എന്താണ് പാലാഴി മഥനം
ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.
ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം.
അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്.
ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.
കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറയുന്നതിൻ്റെ അർത്ഥം.'
വിവേകം താഴ്ന്നുപോയി......... എന്നാണോ?
അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു .
ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.
അപ്പോള്‍ , ഈ ബോധവും വിവേകവും രണ്ടാണോ? എന്നല്ലേ
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്.
കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലെ.
ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.
ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാല്‍
കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ. അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്.
അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂദേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം?
ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂദേവി.
പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും.
വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. *എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്*.
വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.
ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?..........
ഭഗവദ്ഗീതയിലെ ഈശ്വരചിന്ത
ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ഈശ്വരൻ നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.
നാദത്തേ കസ്യചിത് പാവം
ന ചൈവ സുകൃതം വിഭുംഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ഈന്തവഃ
"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).
അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ"എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഭഗവദ്ഗീതാ മതം.
തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത് എന്നൊന്നും ഭഗവദ്ഗീതയിൽ ഇല്ല,
യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേfപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം
“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”
ഇതില്‍ നിന്നും ഭഗവദ്ഗീത ഒരു സെമറ്റിക് ചിന്താഗതിയല്ല, മറിച്ച് ഒരു മതേതരത്വം ആണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഭഗവദ്ഗീതയിൽ പറയുന്നുത് ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.
തന്നെ ആരാധിക്കാത്തവരെല്ലാം ശത്രുക്കൾ ആണെന്നോ മറ്റോ ഭഗവത് ഗീതയിൽ പറയുണ്ടോ?
ഭഗവദ്ഗീതയില്‍ പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു?
ഭഗവദ്ഗീതയില്‍ പറയുന്ന ശത്രു ഇതാണ്
കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം
"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)
ഇവിടേയും ഒരു യുദ്ധത്തിൻ്റെ ആവശ്യമുണ്ടെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. എങ്ങനെയായിരിക്കണം
യുദ്ധം
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം
"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)
വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന യുദ്ധം, ഇങ്ങനെ യുദ്ധത്തിന് ഇറങ്ങുന്നവർക്ക് ഭഗവദ്ഗീതയിൽ പറയുന്ന സമ്മാനമെന്ത്??
അന്തകാലേ ച മാമേവ
സ്മരന്മുക്ത്വാ കലേവരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ
"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചുകൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).
ഇതിലും വലിയ സമ്മാനം വേറെന്തു വേണം?
ഇനി ഈശ്വരൻ അദൃശ്യനോ, ദൃശ്യനോ എന്നതിന്ന്
ഉത്തരം ഭഗവദ്ഗീതയില്‍ തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?
യോ മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി
"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)
ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്. എന്ന സമത്വദർശനമാണ് ഗീതയിൽ ഉള്ളത്,
ആത്മൌപമ്യേന സര്‍വ്വത്ര
സമം പശ്യതി യോഽര്‍ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ
എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32)
ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ആ ഈശ്വരൻ ആരാണെന്ന് ? എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.
ഭഗവദ്ഗീതായിൽ ഭഗവാൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
ദേഹീ നിത്യമവധ്യോഽയം
ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി
ന ത്വം ശോചിതുമര്‍ഹസി
"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30)
മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ
"മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7)
പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേര്‍വ്വശാത്
"സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)
സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു.
മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ
ജഗദ്വിപരിവര്‍തതേ
"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)
നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.
നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍"എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും.
ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ.... എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാനായി പരിശ്രമിക്കാം.
വിവാഹപൊരുത്തം
ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം. ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.
കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.
ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധൂവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം. ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു.
"വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ
1. വിശ്വാസം
വിവാഹ പൊരുത്തത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.
വിശ്വാസമെന്നാൽ മനസ്സിലാക്കൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലിച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച് മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...
പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.
ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കം. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.
നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.
ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യാഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.
2. ശുചിത്വം
ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശാരീരികമായ ശുചിത്വം. പുരുഷൻമാർ മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.
3. ആദരവ്
മൂന്നാമത്തേത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, 'അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ'എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.
4. ഇന്ദ്രിയ നിഗ്രഹം
ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യാഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.
5. പരിചരണം
ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം നീ വിശ്രമിക്കൂ എന്നു പറയുവാൻ പുരുഷനു കഴിയണം.
6. സ്നേഹം
സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).
7. മധുര ഭാഷണം
പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ "ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.
ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.
ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ
"വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II"
1. കാമം
ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.
2. ലോഭം
തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.
3. കാപട്യം
കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.
4. വെറുപ്പ്
ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.
5. പാപം
അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.
6. അഹംഭാവം
മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.
7. മറവി
മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന് അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.
ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ.
എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്. പ്രയത്‌നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്തുവാന്‍ കഴിയില്ല. പ്രയത്‌നം ചെയ്യുവാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക അതു് അലസതയുടെ ലക്ഷണമാണു്. പ്രയത്‌നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും; എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്നു മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്തു് ഈശ്വരന്‍ കൊണ്ടുത്തരട്ടേ എന്നു ചിന്തിച്ചു ക്ഷമയോടെ കാത്തിരിക്കാറില്ല. വിശപ്പിൻ്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണു്.
നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ടു്. ഇതിൻ്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല. നമുക്കു് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്കിയിരിക്കുന്നതു മടിയന്മാരായിരുന്നു ജീവിതം പാഴാക്കുവാനല്ല. അവിടുത്തെ നിര്‍ദ്ദേശമനുസരിച്ചു പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. തീകൊണ്ടു പുരയും കത്തിക്കാം, ആഹാരവും പാകം ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഈ ഉപാധികളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം. പ്രയത്‌നിക്കേണ്ട സമയത്തു്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.
ഒരാള്‍ മൂന്നു പേര്‍ക്കു് ഓരോ വിത്തു നല്കി. ഒന്നാമന്‍ അതു് പെട്ടിയില്‍ വച്ചു സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അതു തിന്നു വിശപ്പടക്കി. മൂന്നാമന്‍ അതു നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയില്‍വച്ചു സൂക്ഷിക്കുന്നവനെപ്പോലെയാണു്. വിത്തു പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. അതുപോലെ ഒരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീര മനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍, ലോകത്തിനു ഭാരമാണു്. കിട്ടിയ പാടെ വിത്തുതിന്നവനു് താത്കാലികമായി തൻ്റെ വിശപ്പടക്കുവാന്‍ കഴിഞ്ഞു. ഇതുപോലെയാണു ഭൗതികജീവികള്‍. താത്കാലികസുഖം മാത്രമാണു് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്തു് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്നു മനസ്സിലാക്കി, നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയവനു് അതില്‍നിന്നും കിട്ടിയ ഫലംകൊണ്ടു തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കി, വീണ്ടും വിതച്ചു നാട്ടുകാര്‍ക്കു് ആവശ്യമായതും നല്കുവാന്‍ കഴിഞ്ഞു. ഇതുപോലെ ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന ഉപകരണത്തിൻ്റെ ശരിയായ പ്രയോജനം മനസ്സിലാക്കി അതിനെ വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ, പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കൂ.
ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണു് അവിടുത്തോടുള്ള സമര്‍പ്പണം. മറിച്ചു്, പ്രയത്‌നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നതു് അവിടുത്തോടു കാട്ടുന്ന ദ്രോഹമാണു്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ എന്താണു പറഞ്ഞതു്? ”അര്‍ജ്ജു നാ, നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ടു്” എന്നാണു്. അല്ലാതെ ”നീ കര്‍മ്മമൊന്നും ചെയ്യേണ്ട, വെറുതെയിരുന്നാല്‍ മതി, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞില്ല. ഈശ്വരൻ്റെ സമീപത്തേക്കു നാം ഒരു ചുവടുവച്ചാല്‍ അവിടുന്നു നമ്മിലേക്കു നൂറു ചുവടടുക്കും. പക്ഷേ, ആ ഒരു ചുവടുകൂടി വയ്ക്കുവാനുള്ള സമര്‍പ്പണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല.
പ്രയത്‌നം ചെയ്യുവാനുള്ള കഴിവും സാഹചര്യവും നമുക്കു് ഒരുക്കിത്തരുന്നതു് ഈശ്വരനാണെന്നു് നാം മറക്കരുതു്. പക്ഷേ, നമ്മുടെ പ്രയത്‌നത്തിൻ്റെ വിജയവും അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തുമാകട്ടെ, അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണു നമ്മുടെ കര്‍ത്തവ്യം. അവിടുത്തെ കൈകളിലെ ഒരു തടിക്കഷണംപോലെയാകണം നമ്മള്‍. ചിലപ്പോള്‍ നമ്മളെ കീറിമുറിച്ചെന്നിരിക്കും, ചിലപ്പോള്‍ കളിപ്പാട്ടമുണ്ടാക്കിയെന്നു വരാം. മറ്റു ചിലപ്പോള്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചെന്നിരിക്കും. ‘അവിടുന്നു് അങ്ങനെ എന്തും ചെയ്യട്ടെ, അതെല്ലാം എനിക്കു സന്തോഷം തന്നെ’ ഈയൊരു സമര്‍പ്പണം വരണം. ഈ സമര്‍പ്പണഭാവത്തോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ, അതു ശരിയായ കര്‍മ്മമാകുന്നുള്ളൂ. അപ്പോള്‍ ജയവും തോല്‌വിയും നമ്മെ ബാധിക്കുകയില്ല. നമുക്കു സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയും.
സ്ഥല മാഹാത്മ്യം
പരമസത്യമന്വേഷിക്കുന്നവര്‍ കണ്ടെത്തുന്ന മഹാതത്ത്വമാണിത്. അഷ്ടാവക്രമഹര്‍ഷി ജനകമഹാരാജാവിനോടു പറഞ്ഞതത്ത്വം! ഈ പാരമാര്‍ത്ഥ്യം പലരും അറിഞ്ഞെന്നുവരില്ല. അറിയാനുള്ളയത്‌നത്തില്‍ പല സ്ഥലങ്ങളിലുമെത്തിച്ചേരും. അക്കൂട്ടത്തില്‍ ‘അതലവും’ ‘സുതല’വും ഉണ്ടായെന്നുവരാം! ഏതുകാര്യത്തിനായാലും സ്ഥലം ഒരു പ്രധാന ഘടകമാണ്. ശുദ്ധസ്ഥാനമാണെങ്കില്‍ അത്, കര്‍മ്മചോദകവും ധര്‍മ്മപോഷകവുമാകും. ഉള്ള നന്മയെ പെരുക്കാനും ഇല്ലാത്തതുണ്ടാക്കാനും ആ സ്ഥലം സഹായിച്ചിട്ടുണ്ട്. സ്ഥലശുദ്ധിക്ക് അതീവ പ്രാധാന്യമാണുള്ളത്. ഫലപുഷ്ടിയുള്ള മണ്ണില്‍ വിതയ്ക്കുന്ന വിത്ത് ഉചിത സന്ദര്‍ഭത്തില്‍ കിളിര്‍ത്തു പുഷ്ടമാക്കുന്നതുപോലെ ശുദ്ധസ്ഥാനത്തുചേരുന്ന ജീവിതം ശക്തിയാര്‍ജ്ജിക്കും. ലക്ഷ്യം പ്രാപിക്കും! ‘യദൃച്ഛയാ ഹി സംസ്പൃഷ്ടോ ദഹത്യേവഹി പാവകഃ’ എന്നു പറഞ്ഞപോലെ ശുദ്ധിയുള്ള സ്ഥലത്ത് യദൃച്ഛയാ ചെന്നു ചേര്‍ന്നതായാലും ചെല്ലുന്നവന് മനഃശുദ്ധി കൈവരുന്നതാണ്.
പണ്ട്, സിന്ധു ദേശത്തു ഒരു രാജാവുണ്ടായിരുന്നു. ദീര്‍ഘബാഹു! അയാള്‍ നീചനും വേശ്യാലമ്പടനുമായിരുന്നു. ബ്രഹ്മഹത്യ’, ഗര്‍ഭിണീവധം, എന്നിവ അയാള്‍ക്ക് വെറും സാധാരണ കര്‍മ്മങ്ങള്‍ മാത്രം! മൃഗങ്ങളും പക്ഷികളും ദീര്‍ഘബാഹുവിന്റെ ദുഷ്ടതയ്ക്കിരയായിരുന്നു. ഗര്‍ഭിണികളേയും ഗോക്കളേയും വധിച്ചു. ഒരിക്കല്‍ രാജ്യലോഭത്താല്‍, മന്ത്രിതന്നെ, അയാളെ കൊന്നുകളഞ്ഞു.
മരിച്ചുവീണ രാജാവിനെ യമഭടന്മാര്‍ കാലപുരുയിലേക്കു കൊണ്ടുപോയി. എന്തുശിക്ഷയാണയാള്‍ക്കു നല്‍കേണ്ടതെന്ന് യമന്‍ ചിത്രഗുപ്തനോട് ചോദിച്ചു. ‘സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം എണ്‍പത്തിനാലു നരകത്തിലും പാര്‍പ്പിക്കണമെന്ന് അദ്ദേഹം, ശിക്ഷവിധിച്ചു. ആദ്യം നൂറുയോജന വിസ്തീര്‍ണ്ണമുള്ള കുംഭീപാകമെന്ന നരകത്തില്‍, തിളയ്ക്കുന്ന എണ്ണയിലിട്ടു. പക്ഷേ, ദീര്‍ഘബാഹു തിളയ്ക്കുന്ന എണ്ണയില്‍ വീണതും ആ എണ്ണ ശീതളമായി. എല്ലാവരും അത്ഭുതപ്പെട്ടു. ‘ഇതെങ്ങനെ സംഭവിച്ചു?’ ഓരോരുത്തരും ചുഴിഞ്ഞാലോചിച്ചു. ‘ഇയാള്‍ ഭൂമിയില്‍ യാതൊരു പുണ്യവും ചെയ്തവനല്ല. പിന്നെ, ഇതെങ്ങനെ? യമനും ചിത്രഗുപ്തനും ഗാഝമായി ചിന്തിച്ചു.
ആ സന്ദര്‍ഭത്തില്‍ ശ്രീവ്യാസന്‍ സഭയില്‍ ആഗതനായി യമധര്‍മ്മന്‍ അവിടെയുണ്ടായ സംഭവങ്ങള്‍ മഹര്‍ഷിയെ ധരിപ്പിച്ചു. അദ്ദേഹം, വിശദമായാലോചിച്ചിട്ട് ഇങ്ങനെ പറഞ്ഞു:-
‘ സൂക്ഷ്മാ ഗതിര്‍ മഹാരാജ
വിദിതാ പാപപുണ്യയോഃ
അഥബ്രഹ്മഗതിഃപ്രാജ്ഞൈഃ
സര്‍വ്വശാസ്ത്രഭൃതാംവരൈഃ
ദൈവയോഗാദൃശ്യപുണ്യം
പ്രാപ്തംവൈ സ്വയമര്‍ത്ഥവത്
യേന പുണ്യേന ശുദ്ധോfസൗ
തച്ഛൃണു ത്വം മഹാമതേ’
(മഹാമതേ, അങ്ങു കേട്ടാലും, പുണ്യപാപങ്ങളുടെ ഗതി വളരെ സൂക്ഷ്മമാണ്. ദൈവയോഗാല്‍, ഈയാള്‍ക്ക് ഏതെങ്കിലും പുണ്യം ലഭിച്ചിട്ടുണ്ടായിരിക്കണം. അക്കാരണത്താലാവാം ഈ പരിശുദ്ധിയുണ്ടായത്.) ‘യമധര്‍മ്മാ, ഇയാളുടെ ശരീരത്തില്‍ ദ്വാരകയിലെ മണ്ണ് പുരണ്ടിട്ടുണ്ടാകണം. അതിന്റെ പ്രഭാവത്താലാകാം ഈ എണ്ണപോലും ശീതളമായിപ്പോയത്. ഭക്തരായ ഗോപികമാരുടെ നിത്യസംസര്‍ഗ്ഗത്താല്‍ അത്രയേറെ പരിശുദ്ധിയാര്‍ന്നതാണ് ആ പുണ്യസ്ഥലം!’
‘ഒന്നുകൂടി കേള്‍ക്കുക, ഗോപീചന്ദനം ശരീരത്തില്‍ പൂശിയാല്‍ നരന്‍ നാരായണനായിത്തീരും. ഈ ചന്ദനത്തെ ദര്‍ശിക്കുമ്പോള്‍ത്തന്നെ നരന്‍ നാരായണനായി മാറുന്നു. ബ്രഹ്മഹത്യാപാപംപോലും വിട്ടകലുന്നു.’ ഗോപീഭൂമിയുടെ മാഹാത്മ്യം മനസ്സിലാക്കിയ യമന്‍, ഉടനേ ഒരു ദിവ്യവിമാനം വരുത്തി ദീര്‍ഘബാഹുവിനെ ഗോലോകത്തേക്കയച്ചു.
ഗോപികമാരുടെ ആവാസസ്ഥാനമായതുകൊണ്ടാണ്. പ്രസ്തുതസ്ഥലത്ത് ഗോപീഭൂഃ എന്ന പേരുണ്ടായത്. ഗോപീചന്ദന മുദ്ര ധരിച്ച ആയിരം അശ്വമേധത്തിന്റേയും നൂറു രാജസൂയത്തിന്റേയും ഫലം ലഭിക്കും. ഗോപീചന്ദനം വൃന്ദാവനരജസ്സിനു തുല്യമാണ്. ഈ ദിവ്യവസ്തു ധരിച്ച വ്യക്തിയെ യമന്‍ തീണ്ടുകപോലുമില്ല. നിത്യവും ഗോപീചന്ദനം ധരിക്കുന്നയാള്‍, അയാളെത്ര മഹാപാപിയാണെങ്കിലും, ഗോലോകം പ്രാപിക്കുന്നതാണ്.
‘യസ്യ സ്മരണമാത്രേണ കര്‍മ്മബന്ധാത് പ്രമുച്യതേ
ഭൗതികതയാൽ മലിനമായിരിക്കുമ്പോൾ നാം ബദ്ധരാണ്. ഞാൻ ഭൗതികപ്രകൃതിയുടെ ഒരു പരിണിതഫലമാണ് എന്ന ധാരണയിലാണ് മിഥ്യാവബോധം പ്രകടമാകുന്നത്. ഇതിനെ മിഥ്യാഹങ്കാരം എന്നു വിളിക്കുന്നു. ശരീര ബോധത്തിൽ മുഴുകിയിരിക്കുന്ന ഒരാൾക്ക് അയാളുടെ സ്ഥിതി അറിയാൻ കഴിയുകയില്ല. ഒരു വ്യക്തിയെ സ്ഥല ശരീരബോധത്തിൽ നിന്ന് മുക്തനാക്കാനാണ് ഭഗവദ്ഗീത ഉപദിഷ്ടമായിരിക്കുന്നത്. ഭഗവാനിൽനിന്ന് ഈ വിജ്ഞാനം സ്വീകരിക്കുവാൻ അർജുനൻ സ്വയം ആ നിലയിലാവുകയാണ്. ജീവനെക്കുറിച്ചുള്ള ശരീരബോധത്തിൽ നിന്നും മുക്തനാവുക എന്നതത്രേ അതീന്ദ്രിയന്റെ പ്രാഥമിക കർമ്മം. സ്വതന്ത്രനാവാനാഗ്രഹിക്കുന്ന ഒരാൾ ആദ്യമായി ത്തന്നെ താൻ ശരീരമല്ല എന്നറിഞ്ഞേ തീരൂ. മുക്തി എന്നാൽ ഭൗതികപ്രജ്ഞയിൽ നിന്നും മോചനം എന്നർത്ഥം. ശ്രീമദ് ഭാഗവതത്തിൽ മുക്തിയുടെ നിർവ്വചനം ഇങ്ങനെ കൊടുത്തിരിക്കുന്നു. മുക്തിരഹിത്വാന്യഥാരൂപം സ്വരൂപേണ വ്യവസ്ഥിതഃ മുക്തി എന്നാൽ ഈ ഭൗതികലോകത്തിലെ മലിനമായ പ്രജ്ഞയിൽ നിന്ന് മോചനം എന്നും, പരിശുദ്ധ ബോധത്തിൽ സ്ഥിതി എന്നും അർഥമാക്കുന്നു. ഭഗവദ്ഗീതയിലെ എല്ലാ ഉപദേശങ്ങളും ഈ പരിശുദ്ധ ബോധത്തിലേയ്ക്ക് ഉണർത്താനുദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട് ഗീതോപദേശത്തിന്റെ അവസാന ഭാഗത്ത് കൃഷ്ണൻ അർജുനനോട് നീയിപ്പോൾ പരിശുദ്ധ ബോധത്തിലാണോ എന്നു ചോദിക്കുന്നതായി നാം കാണുന്നു. പരിശുദ്ധമായ ബോധം എന്നാൽ ഭഗവന്നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കൽ എന്നർഥം. ഇതാണ് പരിശുദ്ധാവബോധത്തിന്റെ കഴമ്പ്. നാം പരമപുരുഷന്റെ അംശമാകയാൽ നമ്മിൽ ബോധമുണ്ട്. എന്നാൽ അധമഗുണങ്ങളാൽ ബാധിക്കപ്പെടുന്ന ഒരു പ്രവണത നമുക്കുണ്ട്. പരമപുരുഷനാകയാൽ ഭഗവാൻ അധമഗുണങ്ങളാൽ ബാധിതനല്ല തന്നെ. ഇതത്രേ പരമപുരുഷനും വ്യക്തിഗതജീവാത്മാവും തമ്മിലുള്ള വ്യത്യാസം.
ബോധമെന്നാലെന്ത്? ഈ ബോധമാണ് അഹം (ഞാൻ). ഞാനാര്? മലിനബോധാവസ്ഥയിൽ അഹം ‘ഞാൻ ഇക്കാണുന്നതിന്റെയെല്ലാം ഈശ്വരനും ഭോക്താവുമാണ്’ എന്നർത്ഥം. എല്ലാ ജീവജാലങ്ങളും സ്വയം ഈ ഭൗതികലോകത്തിന്റെ സൃഷ്ടാവാണ് എന്ന് വിചാരിക്കുന്നതുകൊണ്ടാണ് ഈ ലോകം ചലിക്കുന്നതുതന്നെ. ഭൗതികമായ അവബോധത്തിന് രണ്ട് മാനസിക ഭാവങ്ങളുണ്ട് : ഒന്ന് ഞാൻ സ്യഷ്ടാവാണ് എന്നും, മറ്റൊന്ന് ഞാൻ ഭോക്താവാണ് എന്നും. വാസ്തവത്തിൽ പരമപുരുഷനത്രേ സ്യഷ്ടാവും ഭോക്താവും. ജീവസത്തയാകട്ടെ, പരമപുരുഷന്റെ അവിഭാജ്യ ഭാഗമാകയാൽ സൃഷ്ടാവോ ഭോക്താവോ അല്ല, പ്രത്യുത സഹകാരിയത്രേ. ജീവസത്ത സൃഷ്ടിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതുമാണ്. ഒരു യാന്ത്രികഭാഗം യന്ത്രവുമായി സഹകരിക്കുന്നു; ശരീരഭാഗം ശരീരവുമായി സഹകരിക്കുന്നു. ഇവയൊക്കെ ഉദാഹരണങ്ങളാണ്. കൈ, കാൽ, കണ്ണുകൾ തുടങ്ങിയവ ശരീരത്തിന്റെ ഭാഗങ്ങളാണ്. എന്നാൽ അവയൊന്നും വാസ്തവത്തിൽ ഭോക്താക്കളല്ല. ഉദരം ഭോക്താവാണ്. കാലുകൾ സഞ്ചാരത്തിനും, കയ്യുകൾ ഉണ്ണാനും, പല്ലുകൾ ആഹാരം ചവച്ചരയ്ക്കാനും, അങ്ങനെ എല്ലാ ശരീരഭാഗങ്ങളും ഉദരത്തെ തൃപ്തിപ്പെടുത്താൻ ജാഗരൂകരാണ്. കാരണം ഉദരം ശരീരപോഷണത്തിന്റെ പ്രഥമഘടകമാണ്. അതുകൊണ്ട് എല്ലാം ഉദരത്തിനു നൽകപ്പെടുന്നു. കടയ്ക്കൽ നനച്ചാലേ മരം വളരൂ. അതുപോലെ ഉദരം പൂർണ്ണമായാലേ ശരീരം പോഷിക്കൂ. അതുകൊണ്ട് ശരീരം അരോഗമായിരിക്കണമെങ്കിൽ എല്ലാ അംഗങ്ങളും ഉദരപൂരണത്തിന് സഹകരിച്ചേ തീരൂ. അതുപോലെ പരമപുരുഷൻ ഭോക്താവും സൃഷ്ടാവുമാണ്. നാമാകട്ടെ ഭഗവദ്തൃപ്തത്തിക്കുവേണ്ടി സഹകരിക്കുവാൻ ഉദ്ദേശിക്കപ്പെട്ടവരാണ്. ഉപജീവസത്ത എന്ന നിലയിൽ ഈ സഹകരണം വാസ്തവത്തിൽ നമ്മെയാണ് സഹായിക്കുക. ഉദരം സ്വീകരിച്ച ഭക്ഷണം ശരീരത്തിലെ മറ്റംഗങ്ങളെ സഹായിക്കുന്നതുപോലെതന്നെ. കൈ വിരലുകൾ ഉദരത്തിന് ഭക്ഷണം നൽകുന്നതിനുപകരം സ്വയം ഭക്ഷിക്കണമെന്നു വിചാരിച്ചാൽ അവയ്ക്ക് നിരാശരാകേണ്ടിവരും. സ്യഷ്ടിയുടേയും ഉപഭോഗത്തിന്റേയും കേന്ദ്രബിന്ദു പരമപുരുഷനാണ്, ജീവികൾ സഹകാരികളും. സഹകരണം വഴിയാണവരുടെ ഉപഭോഗം. ഈ ബന്ധം പ്രഭു ഭ്യത്യബന്ധം പോലെയുമാണ്. പ്രഭു പൂർണ്ണ തൃപ്തനായാൽ ഭ്യത്യനും തൃപ്തനാണ്. അതുപോലെ പരമപുരുഷൻ തൃപ്തനാകണം. ഭൗതികലോകത്തിന്റെ സൃഷ്ടാവും ഭോക്താവുമാകാനുള്ള പ്രവണത എല്ലാ ജീവസത്തയിലും ഉണ്ട്. കാരണം അതേ പ്രവണതകൾ വിശ്വാവിഷ്കാരത്തിന്റെ സൃഷ്ടാവായ പരമപുരുഷനിലുമുണ്ട്.
അതുകൊണ്ട് ഈ സർവ്വസമ്പൂർണ്ണതയിൽ, പരമനിയന്താവ്, നിയന്ത്രിത ജീവസത്തകൾ, വിശ്വാവിഷ്കാരം, കാലം, കർമ്മം, ഇവയെല്ലാം അടങ്ങിയിരിക്കുന്നു എന്ന് ഭഗവദ്ഗീതയിൽ നമുക്ക് കാണാൻ കഴിയും. ഇതെല്ലാം ഈ ഗ്രന്ഥത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം സർവ്വസമ്പൂർണ്ണതയിൽ നിന്ന് എടുത്തിട്ടുള്ളവയാണ്. സർവ്വസമ്പൂർണ്ണതയെ പരമനിരപേക്ഷസത്യം എന്നു വിളിക്കുന്നു. സർവ്വസമ്പൂർണ്ണതയും, സമ്പൂർണ്ണനിരപേക്ഷസത്യവും ദൈവതമായ ശ്രീകൃഷ്ണന്റെ പരിപൂർണ്ണ വ്യക്തിത്വമത്രേ. അദ്ദേഹത്തിന്റെ വിവിധ ശക്തികൾ മൂലമുണ്ടായതത്രേ എല്ലാ ആവിഷ്കാരങ്ങളും, അവിടുന്നാണ് സർവ്വസമ്പൂർണ്ണത
മാധവന്റെ മായാലീല
ഒരിക്കൽ, തപോനിധിയായ ദുർവ്വാസാവ് മഹർഷി വ്രജത്തിൽ ചെന്നു. ശ്രീകൃഷ്ണദർശനമായിരുന്നു ഉദ്ദേശ്യം. ലതാകുഞ്ജനിബിഡമായ യമുനാതടത്തിൽ ആ ഋഷിപ്രൗഢൻ ശ്രീകൃഷ്ണഭഗവാനെക്കണ്ടു. അപ്പോൾ, ലീലാലോലനായ നന്ദകിശോരൻ സമവയസ്കരോടൊപ്പം വിനോദകേളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുട്ടികളോടൊത്ത്, ചേറാണ്ടും പൊടിയണിഞ്ഞും മുടിയഴിഞ്ഞും വസ്ത്രമിഴിഞ്ഞും ഓടിക്കളിക്കുന്ന നന്ദജനെക്കണ്ട് മുനി വിസ്മിതനായി. ഇക്കാണുന്ന ശ്രീകൃഷ്ണൻ ഈശ്വരനോ? എങ്കിൽ, കുട്ടികളുമായിങ്ങനെ കേളിയാടുമോ? ഇല്ല, ഈ കുട്ടി നന്ദഗോപന്റെ പുത്രൻമാത്രം! ഒരിക്കലും പരാത്പരനായ ഭഗവാനല്ല. ദുർവ്വാസാവ് ഇപ്രകാരം മോഹിതനായി ചിന്തിച്ചിരിക്കവേ, അദ്ദേഹത്തെ ശ്രീകൃഷ്ണൻ കണ്ടു. ഉടൻതന്നെ ഭഗവാൻ ഓടിച്ചെന്ന് മാമുനിയുടെ അങ്കതലത്തിൽ കയറിയിരുന്നു. പിന്നീട്, മടിയിൽ നിന്നിറങ്ങി ദൂരെചെന്ന് തിരിഞ്ഞ്, ബാലസിംഹമെന്നപോലെ ഒന്നു ചിരിച്ചു.ചിരിച്ചുകൊണ്ടിരുന്ന ഭഗവാന്റെ ശ്വാസവേഗത്താൽ മുനി, ഭഗവാന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. അവിടെ നിബിഡവനമായ മറ്റൊരുലോകം കണ്ട് ആശ്ചര്യഭരിതനായി.) മഹർഷി അവിടെ പരിഭ്രമിച്ചു നടന്നു. അപ്പോൾ ഒരു പെരുമ്പാമ്പ് അദ്ദേഹത്തെ വിഴുങ്ങി. അതിനുള്ളിൽ പല ബ്രഹ്മാണ്ഡങ്ങൾ! പല ലോകങ്ങൾ! ഗുഹകൾ! ദ്വീപുകൾ! മുനി നടന്നുനടന്നു ഒരു പർവ്വതത്തിലെത്തി.) ആ പർവത സാനുവിൽ ദുർവ്വാസാവ് തപസ്സുചെയ്തു. അനേകവർഷം! അപ്പോൾ, ഭയങ്കരമായ ഒരു പ്രളയമുണ്ടായി. ഭൂമി സമുദ്രത്തിൽ മുങ്ങിപ്പോയി. ഒപ്പം മഹർഷീഷശ്വരനും പർവതവും വെള്ളത്തിലായി. ആ സമുദ്രജലപ്രവാഹത്തിലൂടൊഴുകി മുനി വലഞ്ഞു. എവിടെയും ജലം! എങ്ങും ഒരന്തവും കണ്ടില്ല. അങ്ങനെ ആയിരം യുഗങ്ങൾ കഴിഞ്ഞു. മുനി കണ്ടു. ആ മഹാണ്ഡത്തിൽ കാണായ ഒരു പർവതത്തിൽ ചെന്ന് ശ്രീഹരിയെ സ്മരിച്ചുകൊണ്ട് ചുറ്റും നോക്കി. എങ്ങും ജലമയമായിക്കണ്ട് അദ്ഭുതാധീനനായി. നിറഞ്ഞുകണ്ട ജലരാശിയിൽ അനേകമനേകം ബ്രഹ്മാണ്ഡങ്ങൾ കാണുമാറായി. അതിനുമപ്പുറം വിരജാ നദിയൊഴുകുന്നതായും കണ്ടു. ജലത്തിലൂടെ സഞ്ചരിച്ച മുനി വിരജാ നദി കടന്ന് മറുകരപറ്റി. അവിടെ നിന്നു നോക്കിയപ്പോൾ വൃന്ദാവനം കണ്ടു. ഗോവധർനാചലവും യമുനാപുളിനവും കണ്ടു. യമുനാതടസ്ഥമായ ഒരു വള്ളിക്കുടിലിൽ മഹർഷി പ്രവേശിച്ചു. അദ്ഭുതം! അവിടെ സർവബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണഭഗവാൻ! ഗോലോകപതിയും പരിപൂർണ്ണതമനുമായ ശ്രീരാധാപതിയെ മുന്നിൽക്കണ്ട് ദുർവ്വാസാവു മഹർഷി ആനന്ദപുളകിതനായി.
മുനീശ്വരനെക്കണ്ട് ഭഗവാൻ ഹരി ഒന്നു ചിരിച്ചു. അപ്പോൾത്തന്നെ ദുർവ്വാസാവ് ശ്രീകൃഷ്ണന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. പുറത്തുവന്നപ്പോൾ യമുനാതീരത്തു കുളിച്ചുകൊണ്ടിരുന്ന നന്ദകുമാരനെക്കണ്ടു. കാളിന്ദീ തടത്തിൽ ചങ്ങാതികളൊത്തു കളിച്ചുകൊണ്ടിരുന്ന കൃഷ്ണനെ മുന്നിൽ കണ്ടപ്പോൾ മഹർഷി വിസ്മയപരതന്ത്രനായി.
പരമാത്മാവായ കൃഷ്ണൻ തന്നെയാണ് നന്ദനന്ദനെന്നു മനസ്സിലാക്കിയ ദുർവ്വാസാവ്, അഞ്ജലീബദ്ധനായി നമസ്ക്കരിച്ച് സ്തുതിച്ചു. പലപാട് സ്തുതിച്ചശേഷം അഹം നശിച്ച ദുർവാസാവ്, ഭഗവാന്റെ അനുജ്ഞയും അനുഗ്രഹവും വാങ്ങി, ബദര്യാശ്രമത്തിലേക്കുപോയി.
ഉൽക്കൃഷ്ടതപോധനനെങ്കിലും അസമീക്ഷ്യകാരിയായ ഒരു മുനിയാണ് ദുർവ്വാസാവ്. ക്ഷിപ്രകോപം അദ്ദേഹത്തിന്റെ അപാകമനസ്സിന്റെ പ്രത്യക്ഷനിദർശനമാണ്. കാമക്രോധവിവർജ്ജിതരും ദ്വന്ദ്വഭാവനിർമുക്തരുമാണ് സ്ഥിതപ്രജ്ഞരായ മുനീശ്വരന്മാർ. അവർ അദൈ്വതീഭാവത്തിനതീതരാകയാൽ, ‘, അവരുടെ മനസ്സ് അസ്പന്ദമായിരിക്കും. കണ്ടമാത്രയിൽ ഒന്നിനെപ്പറ്റി സംശയിക്കുക, അവരുടെ രീതിയല്ല. എന്നാൽ, ആ രീതിയായിരുന്നില്ല ദുർവ്വാസാവിന്. വ്രജവനവിഹാരിയായ ശ്രീകൃഷ്ണനെ കണ്ടപ്പോൾ ആ മുനിക്ക് ഭേദചിന്തയാണുണ്ടായത്. ഭേദഭാവം ആരുടെയും വസ്തു ദർശന സാമർഥ്യമില്ലാതാക്കും. മഹർഷിക്ക് ഗോലോകനാഥനെ ഗോപാലബാലനായേ കാണാൻ കഴിഞ്ഞുള്ളൂ. വാസ്തവദൃഷ്ടി മൂടിക്കളയുന്ന അജ്ഞാനത്തിന് (മായയ്ക്ക് ) മാമുനി വശംവദനായിപ്പോയി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന’ സത്യത്തെ കാണാൻ, ഋഷിയായിരുന്നിട്ടും, അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗോകുലബാലന്മാരുമായി കളിച്ചുരസിക്കുന്ന ശ്രീകൃഷ്ണനെ കേവലം നന്ദകുമാരനായി കാണാനേ കഴിഞ്ഞുള്ളൂ. ‘രജ്ജൂഖണ്ഡത്തിങ്കൽ പന്നഗബുദ്ധി’യുണ്ടാക്കാൻ മായയ്ക്കുള്ള കഴിവ് അപാരം തന്നെ!
സംശയാലുവായി നിന്ന മുനിയുടെ അങ്കതലത്തിലേക്കോടിവന്നിരുന്നശേഷം ഇറങ്ങിദൂരെപ്പോയി നിന്ന് ചിരിച്ച ശ്രീകൃഷ്ണന്റെ നാസാദ്വാരത്തിലേക്ക് ദുർവ്വാസാവ്, ബലാൽ, കയറിപ്പോയി! മുനി മാധവന്റെ മായാലീലകൾക്ക് അധീനനനായി എന്നു സാരം! അങ്ങനെയാവുന്ന വ്യക്തിയുടെ മനസ്സ് വിചിത്രമായ കല്പനകളിൽ മുഴുകും. അയഥാർത്ഥങ്ങളായ അനവധി കാഴ്ചകൾ കാണും! ‘യാ മാ സാ മായ!’ എന്നാണല്ലോ. വാസ്തവമല്ലാത്തവയെക്കാണുന്ന ആ മായയ്ക്ക് യതിവര്യർപോലും വിധേയമാകുന്നത് കഷ്ടംതന്നെ. ഭഗവാന്റെ നാസാദ്വാരത്തിൽ പ്രവേശിച്ച മുനി അനവധി വിചിത്രലോകങ്ങൾ കണ്ടു. എന്നുവച്ചാൽ, മായിയുടെ മായാജാലത്തിൽപ്പെട്ട് പലതും അനുഭവിച്ചു എന്നുസാരം. പല പല ബ്രഹ്മാണ്ഡങ്ങളും അവിടെ, പലതരം പർവ്വതങ്ങളും ഗുഹകളും നികുഞ്ജങ്ങളും നദികളും മുനിവര്യൻ ദർശിച്ചു. മുൻപൊരുളറിയാതെ കുഴങ്ങിപ്പോയി. അദ്ദേഹം മായാബദ്ധനും ഐന്ദ്ര്യാനുസാരിയുമായ ഒരു സാധാരണപുരുഷനായി മാറിപ്പോയി.
അപ്പോൾ, മഹർഷിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. ഈ പെരുമ്പാമ്പ് കാലത്തിന്റെ പ്രതീകമാണ്. മായാബദ്ധനായി കുറച്ചുകാലം കാലം കഴിച്ചപ്പോൾ മുനിക്ക് പുനശ്ചിന്തുയണ്ടായി. മനഃപരിപാകത്തിന് ദീർഘകാലം ആവശ്യമാണെന്നുസാരം. ആ പാമ്പിന്റെ ഉള്ളിലിരുന്ന് ദുർവ്വാസാവ് പല പല കാഴ്ചകൾ കണ്ടു. മായയിൽ മുഴുകിയ വ്യക്തി കാലം കഴിയുമ്പോൾ, ക്രമേണ തിരിച്ചറിവിലേക്കും വരും. കാലം പലതരം പരിണാമങ്ങൾക്ക് കാരണമാകാറുണ്ടല്ലോ! തുടർന്ന്, ശരണാഗതിയിലൂടെ രക്ഷോപാധിതേടും. ആ രീതി ദുർവ്വാസാവിനുണ്ടായ അനുഭവത്തിലും കാണാം. വിചിത്രലോകങ്ങൾ കണ്ട് വിസ്മിതനായ മുനി പിന്നീട് കണ്ടത്, ആ വിചിത്രകാഴ്ചകൾക്കിടയിൽ, ഒരു പർവ്വതത്തെയാണ്. ദുർവ്വാസാവ് അതിന്റെ സാനുപ്രദേശത്തിരുന്ന് തപസ്സാരംഭിച്ചു. മായാബന്ധം വിട്ട് ഉണരുന്ന ബുദ്ധിയുടെ യത്നമാണ് തപസ്സ്. പുരാണകഥകളിൽ പരാമൃഷ്ടങ്ങളാകുന്ന പർവ്വതങ്ങൾ പലതും ബുദ്ധിയുടെ പ്രതീകങ്ങളായി നിരീക്ഷിക്കാവുന്നതാണ്. ഗോവർദ്ധനോദ്ധാരണാദി സന്ദർഭങ്ങളിലും ആവക ചിന്തകൾക്കവസരമുണ്ട്. താന് ചെന്നെത്തിയിരിക്കുന്നത് ഒരപകടത്തിലാണെന്നു തോന്നുമ്പോഴാണ് ഒരാൾ, രക്ഷാമാർഗ്ഗം ചികയുന്നത്. ജന്തുക്കൾപോലും.
ദുർവ്വാസാവിന്റെ തപസ്സു മുറുകി. ഭഗവാനിൽ ശരണം പ്രാപിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് തോന്നിത്തുടങ്ങി. ഉണ്ടായ ഭേദചിന്ത കുറയാൻ തുടങ്ങി. തപസ്സിൽ നിന്നുണർന്നപ്പോൾ കണ്ടതോ, സർവ്വത്ര ജലം! വ്യക്തിചിന്തം മായക്കാഴ്ചകൾ വിട്ട് ഭക്തിയിൽ മുഴുകിയെന്നതാണ് ജലമയമെന്ന പ്രതീകം വിശദമാക്കുന്നത്. സാക്ഷാൽ പ്രളയം (പ്രലയം) തന്നെ. ആ പ്രളയത്തിന്റെ ഭൂമിയും പർവ്വതവുമെല്ലാം മുങ്ങുന്നു. ഭക്തിയിൽ മുങ്ങിയ ഭക്തൻ സർവ്വവും ഒന്നായി കാണുന്നു. ‘ അന്യഥാശരണം നാസ്തി ത്വമേവശരണം മമ’ എന്നുറയ്ക്കുന്ന ഭക്തൻ മറ്റൊന്നും കാണാൻ സാധിക്കുകയില്ല. താനും ഭഗവാനുമായുള്ള പ്രലയത്താൽ (പ്രകർഷേണലയം) അന്യഭാവങ്ങളെല്ലാമൊടുങ്ങുന്നു.
അനേകയുഗങ്ങൾ ആവിധം കഴിച്ചുകൂട്ടിയ ദുർവ്വാസാവ് പിന്നെയും പല പല ബ്രഹ്മാണ്ഡങ്ങൾ കണ്ടു. അവിടെച്ചെന്ന മാമുനി യമുനാ വ്രജദൃശ്യങ്ങൾ കണ്ടു. യമുനാതടത്തിലെ വള്ളിക്കുടിലിൽ രാധാപതിയായ ശ്രീകൃഷ്ണനേയും കണ്ടു. ഭക്തപരായണനായ ഭഗവാൻ ഭക്തനെ പരീക്ഷിച്ച് പ്രീതനായി, സ്വയം പരീക്ഷിച്ച്, അനുഗ്രഹിക്കുക പതിവാണ്. ഇക്കഥയിലും അതാണ് സംഭവിച്ചത്. മായാബന്ധനത്തിൽ നിന്ന് മോചിതനായി ഭഗവദ്ദർശനം നേടി ആനന്ദമനുഭവിക്കുകയാണ് ദുർവ്വാസാവ്. അഥവാ ദുർവാസാവിന്റെ വിശുദ്ധമായ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ, ഭക്തനെ അനുഗ്രഹിച്ച് ദർശനം നല്കിയെന്നർത്ഥം!
ദുർവ്വാസാവ്, യമുനാദതടത്തിൽ വള്ളിക്കുടിലിൽ ശ്രീകൃഷ്ണനെ കണ്ടു. ഈ വള്ളിക്കുടിൽ മനസ്സുതന്നെയാണ്. യമുനയാകട്ടെ ഭക്തിപ്രതീകവും. ഭക്തിനദീതീരം ഭഗവാന്റെ വസതിയാണ്. യമുനാതടനികുഞ്ജത്തിൽ ശ്രീകൃഷ്ണൻ വസിക്കുകയായിരുന്നല്ലോ? ഭക്തമാനസത്തിൽ ഭഗവാൻ നിത്യവാസം ചെയ്യുന്നു എന്നാണിതിന്നർത്ഥം! അപ്പോൾ, ഭക്തനുണ്ടാകുന്ന ആനന്ദം അനവദ്യമായ അനുഭൂതിയാണ്. ദുർവ്വാസാവു ചെയ്ത ശ്രീകൃഷ്ണസ്തുതിയിൽ ആ അനഘാനന്ദത്തിന്റെ നിറവുകാണാം. ഭേദചിന്തയാൽ മായയിൽ മുഴുകിക്കണ്ട ദുർവ്വാസാവല്ല, ഈ സന്ദർഭത്തിൽ. ശ്രീകൃഷ്ണഭഗവാനെ യമുനാതടത്തിൽ വീണ്ടും കണ്ടപ്പോൾ, ദുർവ്വാസാവ്, ആ പരാൽപ്പരനെ അഞ്ജലീബദ്ധനായി നമസ്കരിച്ചു. നന്ദകുമാരൻ സാക്ഷാൽ ശ്രീകൃഷ്ണനാണെന്നുറച്ച് ആനന്ദം അനുഭവിച്ചു.
ദുർവ്വാസാവിന്റെ നമസ്കാരം വിവേകമാർന്ന മനസ്സിനെ വ്യക്തമാക്കുന്ന വസ്തുവിവേകംതന്നെ.
‘ബാലം നവീന ശതപത്ര വിശാലേ നേത്രം
ബിംബാധരം സഘനമേഘ രുചിം മനോജ്ഞം
മന്ദസ്മിതം മധുരസുന്ദരമന്ദയാനം
ശ്രീനന്ദനന്ദനമഹം മനസാ സ്മരാമി’-
ദുർവ്വാസാവിന്റെ ഈ സ്തുതിയിൽ ഭക്തി തുളുമ്പിയൊഴുകുകയാണ്. ഈ ബാലൻ നന്ദനന്ദനൻ മാത്രമാണ് ഈശ്വരനല്ല എന്നുഭാവിച്ച മുനി ‘ ശ്രീനന്ദനന്ദനമഹം മനസാസ്മരാമി’ എന്നു പറയുമാറ് മാറി. ഭക്തൻ ഭഗവാനെ, അംഗപ്രത്യംഗവർണ്ണനയിലൂടെ, എത്ര സ്തുതിച്ചാലും മതിവരുകയില്ല. അതുപോലെതന്നെ, ഭഗവാന്റെ ഓരോ ചലനവും. ‘രൂപം മധുരം വചനം മധുരം’ എന്നു തുടങ്ങി, ‘മധുരാധിപതേരഖിലം മധുരം’ എന്നുവരെ സങ്കല്പിച്ചേ ഭക്തൻ തൃപ്തനാവൂ! ദുർവ്വാസാവും ഭിന്നനല്ല.
. മദം ശമിക്കുമ്പോൾ മാത്രമേ തിരിച്ചറിവുണ്ടാകൂ. ശ്രീകൃഷ്ണമായയിൽ പെട്ടുപോയ ദുർവ്വാസാവിന് തത്ത്വമറിയാൻ വളരെ കഷ്ടപ്പെടേണ്ടിവന്നു. പാപിയേയും തങ്കലേക്കാകർഷിക്കുക എന്ന തത്ത്വപ്രപഞ്ചനമാണ് കൃഷ്ണലീലകളുടെ പൊരുൾ! അഹമ്മാനിതയോടെ എത്തുന്നവരെ ‘അഖിലം ഞാനിതെന്നപടി’ തോന്നിച്ച് ആനന്ദമനുഭവിപ്പിക്കുകയാണ് അതിന്റെ രീതി. കൃഷ്ണമായയിൽ നിന്ന് ദുർവ്വാസാവ് പഠിച്ചതും അതുതന്നെ. തുടർന്ന് തിരുനാമപ്പഴും, നാവിന്മേൽ, പിരിയാതിരിക്കണമെന്ന ചിന്തയോടെ ‘കൃഷ്ണനാമജാലങ്ങളെ ജപിപ്പൂതും ചെയ്തു’ മാമുനി! അദ്ദേഹം ബദര്യാശ്രമത്തിലേക്കാണു പോയത്. തപസ്സിന്റേയും സന്ന്യാസത്തിന്റെയും ലക്ഷ്യസ്ഥാനമാണത്. ബ്രഹ്മതത്ത്വമറിഞ്ഞ വ്യക്തി ആനന്ദമയമായ മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് ആരാധന നടത്തിക്കൊണ്ടേയിരിക്കും. ഈശ്വരസ്തുതിയുടെ അനുസ്യൂതി കാണിക്കാനാണ് ബദര്യാശ്രമത്തിലേക്കുപോയി എന്നു പറഞ്ഞിരിക്കുന്നത്. ഭക്താഗ്രണിയായ ഉദ്ധവനും ശ്രീനാരദനും നരനാരയണന്മാരും സുദീർഘകാലം തപം ചെയ്ത പുണ്യഭൂമിയാണല്ലോ ബദരികാശ്രമം!
സനാതനധർമ്മം
ഈ ഭൗതികലോകത്തിൽ എല്ലാം ക്ഷണികമാണെന്ന് നാം കാണുന്നു. ഓരോന്നും ഉളവാകുന്നു. കുറച്ചുകാലം നില്ക്കുന്നു. ഉപോത്പന്നങ്ങൾ ഉണ്ടാക്കുന്നു. ക്ഷയിക്കുന്നു. മറയുന്നു. ഇത് ഭൗതികപ്രപഞ്ചത്തിന്റെ നിയമമാണ്. ഒരു ശരീരത്തേയോ ഒരു പഴത്തേയോ ഉദാഹരണമായി എടുത്ത് ചിന്തിച്ചാൽ ഇത് വ്യക്തമാകുന്നതാണ്. പക്ഷേ ഈ ക്ഷണികമായ ലോകത്തിനുപരിയായി മറ്റൊരു ലോകമുണ്ട്. അതേപ്പറ്റിയും നമുക്കറിവുണ്ട്. ആ ലോകം മറ്റൊരു പ്രകൃതിയെ ഉൾക്കൊള്ളുന്നു. അതാകട്ടെ, സനാതനം അല്ലെങ്കിൽ ശാശ്വതമാണ്. ജീവനും സനാതനനെന്നു തന്നെയാണ് വിവരിക്കപ്പെടുന്നത്. ഭഗവദ് ഗീതയിൽ പതിനൊന്നാമദ്ധ്യായത്തിൽ ഭഗവാനേയും സനാതനനെന്നു തന്നെ പറയുന്നു. ഭഗവാനുമായി നമുക്ക് ഉറ്റ ബന്ധമാണുള്ളത്. സനാതനധാമം അല്ലെങ്കിൽ പരവ്യോമം, സനാതനനായ പരമപുരുഷൻ അതുപോലെ സനാതനരായ ജീവസത്തകൾ ഇവയെല്ലാം ഗുണപരമായി ഒന്നാണ്. അതുകൊണ്ട് ഭഗവദ്ഗീതയുടെ പൂർണമായ ഉദ്ദേശ്യം നമ്മുടെ സനാതനധർമ്മം, ജീവസത്തയുടെ ശാശ്വതോദ്യോഗം പുനരുദ്ധരിക്കലാണ്. നാമിപ്പോൾ താൽക്കാലികമായി വിവിധകർമ്മങ്ങളിൽ വ്യാപൃതരായിരിക്കുകയാണ്. പക്ഷേ, പരമപുരുഷനിർദ്ദിഷ്ടമായ പ്രവൃത്തികൾ നാമേറ്റെടുത്ത് താൽക്കാലിക പ്രവൃത്തികളെ ഉപേക്ഷിക്കുമ്പോൾ ഇവയെല്ലാം ശുദ്ധമായിത്തീരും. അതിനെ നമ്മുടെ പരിശുദ്ധ ജീവിതം എന്നു വിളിക്കുന്നു.
ശ്രീഭഗവാനും തന്റെ ഭൗതികാതീതമായ വാസസ്ഥാനവും സനാതനമാണ്. ജീവാത്മാക്കളും ശ്രീഭഗവാനും തമ്മിൽ അവിടെയുള്ള സംയോഗം തന്നെ മനുഷ്യജീവിതത്തിന്റെ പരിപൂർണ്ണത. ഭഗവാൻ ജീവസത്തകളോട് വളരെ കൃപാലുവാണ്. അവ അവിടുത്തെ പുത്രരാണ് എന്നതുതന്നെ കാരണം. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പ്രഖ്യാപിക്കുന്നു.
സർവയോനിഷു കൗന്തേയ മൂർതയഃ സംഭവന്തി യഃ താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ’
“ഞാൻ എല്ലാവരുടേയും പിതാവാണ്". കർമ്മമനുസരിച്ച് വിവിധ തരത്തിലുള്ള ജീവജാലങ്ങളുണ്ട്. എങ്കിലും ഇവിടെ ഭഗവാൻ താൻ അവരുടെയെല്ലാം പിതാവാണെന്ന് അവകാശപ്പെടുന്നു. ആകയാൽ ഭഗവാൻ പതിത ബദ്ധാത്മാക്കളെ തിരിച്ചെടുക്കുവാൻ അവതരിക്കുന്നു. അവരെ സനാതന ആകാശത്തിലേക്ക് തിരിച്ചു വിളിക്കാൻ, അങ്ങനെ സനാതനമായ ജീവസത്തകൾക്ക് ഭഗവാനുമായി ശാശ്വത സഹവാസത്തിലൂടെ തങ്ങളുടെ സനാതന നില വീണ്ടെടുക്കാൻ ഭഗവാൻ വിവിധ രൂപങ്ങ ളിൽ അവതരിക്കുന്നു. അല്ലെങ്കിൽ തന്റെ വിശ്വസ്തരായ സേവകരെ മക്കളായോ, സഹചാരികളായോ ആചാര്യന്മാരായോ ബദ്ധാത്മാക്കളെ സമുദ്ധരിക്കാൻ അയയ്ക്കുന്നു.
‘റിലീജിയൺ' എന്ന ഇംഗ്ലീഷ് വാക്കിന് സനാതനധർമ്മത്തിന്റെ അർത്ഥമല്ല. മതം വിശ്വാസത്തിന്റെ ആശയമാണു പകരുന്നത്. വിശ്വാസത്തിന് മാറ്റം വരാം. ഒരാൾക്ക് ഒരു പ്രത്യേക പ്രക്രിയയിൽ വിശ്വാസമുണ്ടാകാം. പിന്നീട് ആ വിശ്വാസം മാറ്റി മറ്റൊന്ന് സ്വീകരിക്കാം. എന്നാൽ സനാതനധർമ്മം ഒരിക്കലും മാറ്റാൻ കഴിയാത്ത പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. വെള്ളത്തിൽ നിന്ന് ദ്രാവകത്വമോ അഗ്നിയിൽ നിന്ന് താപമോ വേർതിരിച്ചെടുക്കാൻ സാദ്ധ്യമല്ലല്ലോ. അതുപോലെ ജീവ സത്തയിൽ നിന്ന് അതിന്റെ സനാതനമായ പ്രവൃത്തിയെ വേർതിരിച്ചെടുക്കാൻ സാദ്ധ്യമല്ല. സനാതനധർമ്മം ജീവസത്തയുമായി ശാശ്വത ഐക്യബന്ധത്തിലാണ്.
അപ്പോൾ നാം സനാതനധർമ്മത്തെക്കുറിച്ച് പറയുമ്പോൾ അതിന് ആദിയും അന്തവും ഇല്ലെന്നു ധരിക്കണം. ആദിയും അന്തവും ഇല്ലാത്ത ഒന്ന് വിഭാഗീയമാകാൻ ഇടയില്ല. കാരണം അത് സീമകളാൽ ബദ്ധമല്ല. വിഭാഗീയ മതവിശ്വാസമുള്ളവർ സനാതനധർമ്മത്തേയും വിഭാഗീയമെന്നു തെറ്റിദ്ധരിക്കാം. എന്നാൽ ആ വിഷയത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കാമെങ്കിൽ, ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നിരൂപിക്കാമെങ്കിൽ സനാതനധർമ്മം ഈ ലോകത്തിലുള്ള എല്ലാവരുടേയും കാര്യമാണെന്ന്, എന്തിന്, പ്രപഞ്ചത്തിലുള്ള എല്ലാ ജീവസത്തകളുടേയും കാര്യമാണെന്ന്, കാണാൻ കഴിയും.
സനാതനമല്ലാത്ത മതവിശ്വാസങ്ങൾക്ക് മനുഷ്യചരിത്രത്തിൽ എവിടെയെങ്കിലും ഒരു ആരംഭം ഉണ്ടാകും. എന്നാൽ സനാതനധർമ്മത്തിന് ഒരു തുടക്കമില്ല. കാരണം അത് ജീവസത്തകളോടൊപ്പം ശാശ്വതമായി നിൽക്കുന്നു. ജീവസത്തകളെക്കുറിച്ചാണെങ്കിൽ ആധികാരിക ശാസ്ത്രങ്ങളെല്ലാം അതിന് ജന്മമൃത്യുക്കളില്ലെന്ന് സിദ്ധാന്തിക്കുന്നു. ഭഗവദ്ഗീതയിൽ, ജീവസത്ത ജനിക്കുകയുമില്ല, മരിക്കുകയുമില്ല എന്ന് പറഞ്ഞിരിക്കുന്നു. ജീവസത്ത ശാശ്വതവും നാശമില്ലാത്തതു മാണ്. താത്കാലികമായ ഭൗതിക ശരീരത്തിന്റെ നാശത്തിനുശേഷവും അത് ജീവിതം തുടരുന്നു. സനാതനധർമ്മത്തിന്റെ ആശയത്തെക്കുറിച്ചറിയാൻ നാം ധർമ്മമെന്ന പദത്തിന്റെ സംസ്കൃതധാത്വർത്ഥം മനസ്സിലാക്കണം. ധർമ്മമെന്നാൽ ഒരു പ്രത്യേക വസ്തുവുമായി തുടർച്ചയായി വർത്തിക്കുന്നത് എന്നർത്ഥം. അഗ്നിയിൽ ചൂടും വെളിച്ചവുമുണ്ട് എന്ന നിഗമനം നമുക്കുണ്ട്. ചൂടും വെളിച്ചവും തീയോടൊപ്പമുണ്ടെന്ന് നമുക്കറിയാം. അവ രണ്ടുമില്ലെങ്കിൽ, തീ എന്ന വാക്കിന് ഒരർത്ഥവുമില്ല. അതുപോലെ ജീവസത്തയോട് എപ്പോഴും ചേർന്നു നിൽക്കുന്നതും അത്യന്താപേക്ഷിതവുമായ ഒന്നാണ് അതിന്റെ ശാശ്വതഗുണമായ സനാതനധർമ്മം.
എല്ലാ ജീവികളുടേയും മൂലസ്വരൂപം പരമദിവ്യോത്തമപുരുഷനെ സേവിക്കുക എന്നതാണ്. ആകയാൽ സനാതനധർമ്മം ഒരു മതത്തിന്റേയും വിഭാഗീയ പ്രക്രിയയെ സൂചിപ്പിക്കുന്നില്ല. ഇത് ശാശ്വത ജീവസത്തകളുടെ സനാതനനായ പരമപുരുഷനുമായുള്ള നിത്യബന്ധത്തിലുള്ള ശാശ്വതമായ പ്രവൃത്തിയത്രേ. സനാതനധർമ്മം.
ഭൗതികത അത്യധികമായി ബാധിച്ചവർക്ക് സർവ്വോത്കൃഷ്ടമായ കേവലസത്യത്തിന്റെ വ്യക്തിഗത സ്വഭാവം മനസ്സിലാക്കാൻ പ്രയാസമാണ്. ദേഹാത്മബോധത്തോടെ ജീവിക്കുന്നവർക്ക് ഭൗതികതയിൽ മുഴുകിപ്പോവുക കൊണ്ട് പരമോന്നതമായത് എങ്ങനെ ഒരു വ്യക്തിയാകുമെന്ന് മനസ്സിലാക്കാൻ സാദ്ധ്യമല്ല. അങ്ങനെയുള്ള ഭൗതികതാവാദികൾക്ക് അനശ്വരവും ജ്ഞാനസമ്പൂർണ്ണവും ശാശ്വതാനന്ദപൂർണ്ണവുമായ ഒരു ദിവ്യശരീരമുണ്ടെന്നു സങ്കല്പിക്കാൻപ്പോലും സാധിക്കുകയില്ല. ഭൗതികഭാവനയിൽ ദേഹം നശ്വരവും അജ്ഞാനഭരിതവും ദുരിതപൂർണ്ണവുമാണ്. ഭഗവാന്റെ രൂപത്തെപ്പറ്റി കേൾക്കുമ്പോഴും സാധാരണ ജനങ്ങൾക്ക് ശരീരത്തെ ക്കുറിച്ച് ഇതേ ധാരണയാണുണ്ടാവുന്നത്. ഭൗതികവാദികളായ അത്തരക്കാരുടെ ദൃഷ്ടിയിൽ അതിബൃഹത്തായ ഭൗതികപ്രപഞ്ചമാണ് പരമോന്നതമായത്. അതുകൊണ്ടവർ പരമസത്യത്തെ നിരാകാരമെന്ന് കരുതുന്നു. അത്രയേറെ ഭൗതികാസക്തരാകയാൽ ദേഹവിമുക്തിക്കു ശേഷവും വ്യക്തിത്വം പുലർത്തിപ്പോരുന്ന ആശയം തന്നെ അവർക്ക് ഭയാനകമാണ്. ആത്മീയജീവിതത്തിലും വ്യക്തിത്വം നിലനിൽക്കുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ, വീണ്ടും ഒരു വ്യക്തിയാകുമെന്ന ഭയം കൊണ്ട് അവ്യക്തിഗതമായ ശൂന്യതയിൽ ലയിക്കുന്നതാണത്തിലും ഭേദമെന്നവർ ആഗ്രഹിച്ചുപോകുന്നു. കടലിൽ ലയിക്കുന്ന കുമിളകളോടാണ് അവർ ജീവാത്മാക്കളെ ഉപമിച്ചിട്ടുള്ളത്. അവ്യക്തിഗത ഭാവനകൊണ്ട് നേടാവുന്ന ആദ്ധ്യാത്മികജീവിതത്തിന്റെ പരമകാഷ്ഠയാണിത്. ആത്മീയനിലനില്പിനെപ്പറ്റി പൂർണ്ണമായ അറിവ് കൈവന്നിട്ടില്ലാത്ത ഈ ജീവിതഘട്ടം ഭയാനകമാണ്. ഇതിനു പുറമേ ആത്മീയ നിലനില്പിനെക്കുറിച്ച യാതൊന്നും മനസ്സിലാക്കാൻ കഴിയാത്തവരും അനേകമുണ്ട്. പല പല സിദ്ധാന്തങ്ങളിലും വൈരുദ്ധ്യങ്ങളിലും തത്ത്വ ജ്ഞാനപരമായ ഊഹാപോഹങ്ങളിലുംപെട്ട് കുഴങ്ങി അവർക്ക് മനം മടുത്തുപോകുന്നു; അല്ലെങ്കിൽ ദേഷ്യപ്പെട്ട് പ്രപഞ്ചത്തിന് മൂലഹേതു വായി ഒന്നുമില്ലെന്നും എല്ലാം ശൂന്യതയിലവസാനിക്കുന്നുവെന്നുമുള്ള ബുദ്ധിശൂന്യമായ നിലപാടിലെത്തിച്ചേരുന്നു. രോഗാവിഷ്ടമായ മട്ടിലാണ് അത്തരക്കാരുടെ ജീവിതം. ഭൗതികാസക്തി കൂടുതലുള്ളതിനാൽ ചിലർ ആത്മീയജീവിതത്തിൽ ശ്രദ്ധിക്കാറില്ല. ചിലർക്ക് (ബഹ്മത്തിൽ ലയിക്കാനാണാഗ്രഹം. ചിലരാകട്ടെ, ആത്മീയമായ എല്ലാ ഊഹാപോഹങ്ങളിലും വെറുപ്പ് വന്ന് നിരാശമൂലം ഒന്നിനേയും വിശ്വസിക്കാതെയാവുന്നു. ഈ ഒടുവിൽ പറഞ്ഞ കൂട്ടരാണ് ലഹരിപദാർത്ഥങ്ങളെ അഭയം പ്രാപിക്കുക. അവരുടെ സ്മൃതിവിഭ്രമങ്ങൾ ചിലപ്പോൾ ദിവ്യദർശനങ്ങളെന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഭൗതികാസക്തിയുടെ മൂന്നുഘട്ടങ്ങളേയും മനുഷ്യൻ പിന്നിടേണ്ടിയിരിക്കുന്നു. ആത്മീയ ജീവിതത്തോടുള്ള ഉപേക്ഷാഭാവം, ആത്മീയമായൊരു വ്യക്തിത്വത്തെ ക്കുറിച്ചുള്ള ഭയം, ജീവിതനൈരാശ്യത്തിൽ നിന്നുടലെടുക്കുന്ന ശൂന്യതാവാദം- ഭൗതികമായ ജീവിതസങ്കല്പത്തിന്റെ ഈ മൂന്നു ഘട്ട ങ്ങളേയും കടന്നുകിട്ടാൻ അഭിമതനായ ആദ്ധ്യാത്മികഗുരുവിന്റെ ഉപദേശപ്രകാരം ഭഗവാനിൽ പൂർണ്ണമായി അഭയം പ്രാപിക്കുകയും ഒരു ഭക്തനു വേണ്ടുന്ന ജീവിത്രപ്രമാണങ്ങളും ചര്യാക്രമങ്ങളും അംഗീകരിക്കുകയും വേണം. ഭാവം അല്ലെങ്കിൽ ദിവ്യമായ ഭഗവദ്പ്രേമമാണ് ഭക്തിസാധനയുടെ അവസാനഘട്ടം.
"തുടക്കത്തിൽ, ആത്മസാക്ഷാത്കാരത്തിനുള്ള പ്രാഥമികമായ ആഗ്രഹം വേണം. അത് ആത്മീയോത്കർഷം നേടിയവരുമായുള്ള സമ്പർക്കത്തിന് ശ്രമിക്കുന്ന അവസ്ഥയിലേയ്ക്കക്കെത്തിക്കും. അടുത്ത ഘട്ടത്തിൽ ശ്രേഷ്ഠനായ ഒരു ആദ്ധ്യാത്മികഗുരുവിൽ നിന്ന് ദീക്ഷ ലഭിക്കുകയും അദ്ദേഹത്തിന്റെ കീഴിൽ സാധകൻ ഭക്തിപരമായ സേവനകർമ്മങ്ങളിലേർപ്പെട്ടു തുടങ്ങുകയുംചെയ്യും. ഗുരുവിന്റെ മേൽനോട്ടത്തിൽ സേവന കർമ്മം അനുഷ്ഠിക്കുന്നതുകൊണ്ട് ആസക്തി ആകമാനം നീങ്ങി ആത്മസാക്ഷാത്കാരത്തിൽ സ്ഥിരമതിയാകുന്നു. പരമപുരുഷനായ ഭഗവാൻ കൃഷ്ണന്റെ കഥാശ്രവണത്തിൽ ഔത്സക്യം ജനിക്കുകയുംചെയ്യുന്നു. ഈ ഔത്സുക്യം ഒരാളെ കൃഷ്ണാവബോ ധത്തോടുള്ള മമതാബന്ധത്തിലെത്തിക്കുകയും അതിന്റെ ‘ഭാവം' എന്ന പരിപക്വമായ അവസ്ഥയിൽ, അല്ലെങ്കിൽ കൃഷ്ണനോടുള്ള അതിരറ്റ സ്നേഹത്തിൽ എത്തിക്കുകയുംചെയ്യുന്നു. ഭഗവാനോട് തോന്നുന്ന ഈ യഥാർത്ഥ സ്നേഹത്തെ പ്രേമം അഥവാ മനുഷ്യജീവിതത്തിന്റെ സമ്പൂർണ്ണാവസ്ഥ എന്നു പറയുന്നു.” ഈ പ്രേമാവസ്ഥയിൽ ജീവാത്മാ ക്കൾ നിരന്തരം ദിവ്യമായ ഭഗവത്തേസവനത്തിലേർപ്പെടുന്നു. അതുകൊണ്ട്, ഒരു വിശ്വാസ്യനായ ആദ്ധ്യാത്മിക ഗുരുവിന്റെ കീഴിൽ കമേണ ഭക്തിയുതസേവനമനുഷ്ഠിച്ചുകൊണ്ട് ഒരാൾക്ക് ഭൗതികാസക്തികളിൽ നിന്നും ആദ്ധ്യാത്മിക വ്യക്തിത്വത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നും ശൂന്യതാവാദത്തിൽ നിന്നുമുളവായ ഇച്ഛാഭംഗങ്ങളിൽ നിന്നും മുക്തനായി പരമമായ പദം പ്രാപിക്കാൻ കഴിയും. അപ്പോൾ ഒരാൾക്ക് സർവ്വേശ്വരന്റെ ധാമത്തിൽ നിഷ്പ്രയാസം ചെന്നെത്താം.
ഗുരു
“സൂര്യവത് സർവ്വദീപകഃ" സൂര്യനെ പോലെ എല്ലാറ്റിനെയും പ്രകാശപൂർണ്ണമാക്കുന്നു ഗുരു. ജ്ഞാനോപദേശം ചെയ്ത് മോക്ഷത്തിലേക്ക് നയിക്കുന്നു ഗുരു...
ഒരു പ്രാവശ്യത്തെ മരണത്തില്‍നിന്നു രക്ഷിക്കാവുന്നവര്‍ തന്നെ ആരാണീ ലോകത്തിലുള്ളത്? എന്നാല്‍ ആയിരക്കണക്കിനുള്ള മരണങ്ങളില്‍ നിന്ന് ഒന്നിച്ച് ഒരു ജീവനെ രക്ഷിക്കുന്നു എന്ന അവസ്ഥ എത്ര ഗൌരവമുള്ളതാണ്? അതാണല്ലോ ഒരു അദ്ധ്യാത്മ ഗുരു തന്റെ ശിഷ്യനില്‍ അലിയിപ്പിക്കുന്ന അനുഗ്രഹത്തിന്റെ സ്വരൂപം.
കരുണാമയന്മാരായ തത്താദൃശഗുരുഭൂതന്മാരുടെ മുമ്പില്‍ ഒരു നിമിഷനേരം എത്തിപ്പെട്ടാല്‍ മതി, ഏതു പാപിയും രക്ഷപ്പെട്ടു. ഒരു നിമിഷനേരമെങ്കിലും തന്റെ മുമ്പില്‍ കിട്ടിയ ഒരാളെയും ഒരു മഹാത്മാവ് വെറുതെ വിടുന്നില്ല. അനവധി ജന്മങ്ങളായി ഈട്ടംകൂടി വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരാഭിമാനത്തെ ഒരു നിമിഷംകൊണ്ട് അടിച്ചുടച്ച് ആത്മഭാവം പ്രകാശിപ്പിക്കാന്‍ കെല്പുള്ളവരാണ് മഹാത്മാക്കള്‍. അവരുടെ സംഭാഷണശൈലിതന്നെ വേറെയാണ്.
ഉദാഹരണത്തിന് ഒന്നാമതായികാണുന്ന മാത്രയില്‍ തന്നെ ഒരു പരമമൂഢന്റെ ശരീരാഭിമാനത്തെ ഏതാനും വാക്കുകളെക്കൊണ്ട് തല്ലിയുടയ്ക്കുന്ന ഒരു സമ്പ്രദായം കാണിക്കാം.
തന്നെ കാണാന്‍ ആദ്യമായി വന്ന ഒരാളോടു ഒരു ഗുരു ചോദിച്ചിരിക്കുന്നു: "പേരെന്താണ്?" ആഗതന്‍ പ്രതിവചിച്ചു: "രാമനെന്ന്."
ഗുരു: "രാമന് ! നല്ല പേര്. ഈ പേരിട്ടിട്ട് എത്രകാലമായി?"
ആഗതന്‍: " എനിക്കു മുപ്പതു വയസ്സായി, അപ്പോള്‍ മുപ്പതു കൊല്ലമായി പേരിട്ടിട്ട്."
ഗുരു: "മുപ്പതുകൊല്ലത്തിനു മുമ്പെന്തായിരുന്നു പേര്?"
ആഗതന്‍: "അതിനുമുമ്പ് ജനിച്ചിട്ടില്ലല്ലോ, അപ്പോള്‍ പിന്നെ പേരെങ്ങനെ പറയും?"
ഗുരു: "ജനിച്ചിട്ടില്ല എന്നല്ലേ ഉള്ളൂ, നിങ്ങളുണ്ടായിരുന്നില്ലേ? അതോ ജനനത്തിനു മുമ്പു നിങ്ങളില്ലെന്നുണ്ടോ?"
ആഗതന്‍: "ഞാനുണ്ടായിരുന്നിരിക്കാം, എങ്കിലും ജനനശേഷമല്ലേ പേരൊക്കെയുണ്ടാവാനര്‍ഹതയുള്ളു"
ഗുരു: "ജനനത്തിനു മുമ്പു നിങ്ങളുണ്ടായിരുന്നെങ്കില്‍ പിന്നെ ജനിച്ചതാര്? നിങ്ങളോ ശരീരമോ?"
ആഗതന്‍: (വിഷമിച്ചു തുടങ്ങി) "ജനിച്ചതു ശരീരം തന്നെ."
ഗുരു: "അപ്പോള്‍ ‘രാമ’നെന്ന പേര് ആരുടേതാണ്? നിങ്ങളുടെയോ ശരീരത്തിന്റെയോ?"
ആഗതന്‍: (വളരെനേരം ആലോചിച്ച്) "ശരീരത്തിന്റേതു തന്നെ."
ഗുരു: "ഞാന്‍ നിങ്ങളുടെ പേരാണ് ചോദിച്ചത്, അതു പറയൂ."
ഇത്രയുമാവുമ്പോഴേയ്ക്ക് ആഗതനൊന്നും പറയാന്‍ വയ്യാതെ കറങ്ങിത്തുടങ്ങും. ഉടനെ ചുരുങ്ങിയ വാക്കുകളെക്കൊണ്ടു യുക്തിപൂര്‍വ്വം താന്‍ ശരീരമല്ലെന്നും, ജനിച്ചിട്ടില്ലെന്നും, അതിനാല്‍ മരണവുമില്ലെന്നും, തനിക്കു പേരോ രൂപമോ ഇല്ലെന്നും, ആനന്ദസ്വരൂപനായ ആത്മാവാണെന്നും അയാളെ ബോദ്ധ്യപ്പെടുത്തും. അനവധി പുസ്തകങ്ങള്‍ വായിച്ചിട്ടും വാദപ്രതിവാദങ്ങള്‍ നടത്തീട്ടും പ്രസംഗങ്ങള്‍ കേട്ടിട്ടും തീരാതിരുന്ന സംശയങ്ങള്‍ ഒരു നിമിഷനേരം കൊണ്ട് ആ മനുഷ്യനു തീര്‍ന്നു പോകുന്നു.
അനവധി ജന്മങ്ങളിലെ സംസ്കാരത്തിന്റെ ആകത്തുകയായി കട്ട പിടിച്ച ശരീരാഭിമാനം പെട്ടെന്നു തകര്‍ന്നതായനുഭവപ്പെടുന്നു. അതോടെ അയാള്‍ക്കാഗുരുവിനെ മറക്കാന്‍ വയ്യെന്നായി. മാത്രമല്ലാ; സാഹചര്യവും, അന്തേവാസിത്വവും കുടിയേ കഴിയൂ എന്നായി എന്തിനധികം, ഒരു നിമിഷനേരത്തെ ദര്‍ശനംകൊണ്ടു മൂഢനായ മനുഷ്യനെ അഭിജ്ഞനും മുക്തനുമാക്കി മാറ്റുന്നു ആ ആത്മാവ്. ഇങ്ങനെ അത്ഭുതമായ സ്വരൂപത്തില്‍ തന്നെ ആശ്രയിക്കുന്നവരെ അനുഗ്രഹിച്ചു ചരിതാര്‍ത്ഥന്മാരാക്കിത്തീര്‍ക്കുന്ന ആചാര്യശ്രേഷ്ഠന്മാരുടെ മഹിമ അനന്തമാണ്. അതെത്ര വാഴ്ത്തിയാലും അവസാനിക്കുന്നതല്ല. അവര്‍ പ്രത്യക്ഷേശ്വരന്മാര്‍ തന്നെ.
"ആജ്ഞാരൂപോ ഗുരുഃ സ്മൃതഃ" . ആജ്ഞാസ്വരൂപനാണ് ഗുരു. അതായത് ശരിയും തെറ്റും വേർതിരിച്ച് മാർഗ്ഗത്തിലേക്ക് നയിക്കുന്ന ആചാര്യനാണ് ഗുരു.
‘ശരീരമർത്ഥപ്രാണം ച സർവ്വം തസ്മൈ നിവേദയേത്'
ശരീരവും ധർമ്മാർത്ഥകാമമോക്ഷങ്ങളും എന്നും വേണ്ട പ്രാണൻ പോലും ഗുരുവിനായിക്കൊണ്ട് സമർപ്പിക്കുന്നു.
സമസ്തകർമ്മങ്ങളും ജ്ഞാനത്തിന്റെ മൂർത്തിഭാവമായ ഗുരുവിങ്കൽ സമർപ്പിക്കുന്നു
ഈശ്വരസാക്ഷാത്കാരത്തിനു കാരണഭൂതനും കരുണാനിധിയും അണിമാദ്യഷ്ടൈശ്വര്യങ്ങളെയും നൽകുന്ന ഉദാരനിധിയുമായ ഗുരുവിന് നമസ്കാരം.... ശ്രീ ഗുരുഭ്യോ നമഃ
അദ്ധ്യാത്മജ്ഞാനത്തിന് ഗുരുവിന്റെ ആവശ്യകത
ആദ്ധ്യാത്മജ്ഞാനത്തിനുള്ള ചിന്താസരണിതന്നെ ഒന്നു വേറെയാണ്. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ ഉപനിഷത്തുകളില്‍ തന്നെ പ്രതിപാദിച്ചു കാണാം. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേതു വേദശാസ്ത്രങ്ങളൊക്കെ പഠിച്ചു പണ്ഡിതനായി മടങ്ങി വന്നിട്ടും ആത്മജ്ഞാനമുണ്ടായിട്ടില്ലെന്നറിഞ്ഞ പിതാവുപദേശിക്കുന്ന കഥ ഛന്ദോഗ്യോപനിഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ പ്രവാഹണരാജാവിന്റെ സഭയില്‍ ചെന്ന ഋഷികുമാരനോടു രാജാവു ചോദിച്ചപ്പോള്‍ എല്ലാ വേദശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ടെന്നും പക്ഷേ ആത്മജ്ഞാനമില്ലെന്നും കാണുന്നുണ്ട്. ഇങ്ങനെ എത്രയോ കഥകളുണ്ട്. ഇതിന്റെയൊക്കൊ അര്‍ത്ഥം വേദശാസ്ത്രങ്ങളുടെ പഠനം അത്യാവശ്യമാണെങ്കിലും അതുകൊണ്ട് ആത്മജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നാല്ലോ. ആത്മസ്വരൂപവും അറിയേണ്ട ക്രമവും അവകളില്‍ പ്രദിപാദിയ്ക്കുകയല്ല.
ഒരു മനുഷ്യന് അറിയാനുള്ള ഉപകരണങ്ങള്‍ ആകെ മൂന്നാണ്; ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇങ്ങനെ. കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് ഈ അഞ്ചിനെയാണ് ഇന്ദ്രിയങ്ങളെന്നു പറയുന്നത്. ഇതില്‍ കണ്ണ് രൂപത്തേയും മൂക്കു ഗന്ധത്തേയും ചെവി ശബ്ദത്തേയും നാവ് രസത്തേയും ത്വക്ക് വേറെ ഒന്നിനേയും ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുവാന്‍ സാദ്ധ്യമല്ല അതും ജാഗ്രദവസ്ഥയില്‍ മാത്രം സ്വപ്നസുഷുപ്തികളിലേയ്ക്കു സ്ഥൂലേന്ദ്രിയങ്ങള്‍ക്ക് വ്യാപ്തിയേ ഇല്ല. മനസ്സാണ് പിന്നെ ഒരു ഉപകരണം. വിചാരസ്വരൂപേണയാണതിന്റെ അറിവ്. അതും മുന്‍പറഞ്ഞ ശബ്ദാദി അഞ്ചു വിഷയങ്ങളെ മാത്രമാണ് ജാഗ്രത്തിലും സ്വപ്നത്തിലും വിചാരസ്വരൂപേണയാണ് അറിയുന്നത്. സ്ഥൂലസൂക്ഷ്മങ്ങളായ ശബ്ദാദി അഞ്ചു വിഷയങ്ങളെ വിട്ട് ആറാമതെന്നിലേയ്ക്കു വ്യാപിക്കുന്നില്ല. അപ്പോള്‍ മനോബുദ്ധിന്ദ്രിയങ്ങളാകുന്ന മൂന്നു കാരണങ്ങളും ശബ്ദാദി അഞ്ചു വിഷയങ്ങളില്‍ മാത്രമാണ് വ്യാപിക്കുന്നതെന്നാണ് വരുന്നത്. പഠിപ്പുകൊണ്ടും, അഭ്യാസങ്ങളെക്കൊണ്ടും പ്രസ്തുത കാരണങ്ങളെ പല പ്രകാരത്തിലും സംസാരിക്കാം. പക്ഷെ അങ്ങനെയൊക്കെ ശബ്ദാദി അഞ്ചു വിഷയങ്ങളില്‍ മാത്രമാണ് അവ വ്യാപിക്കുന്നത്. ഇതാണ് വേദശാസ്ത്രങ്ങളൊക്കെ പഠിച്ചാലും ഒരാള്‍ക്ക് ആത്മജ്ഞാനമുണ്ടാവാതിരിക്കാനും കാരണം.
ശബ്ദാദി വിഷയ സ്വരൂപമല്ല, ആത്മാവെന്ന കാരണത്താല്‍ ആത്മസ്വരൂപം അപരിചിതവുമായിരിക്കും. ആത്മാവിനു വേണ്ടി വളരെയൊക്കെ പരിശ്രമിക്കാറുണ്ട്. എന്നാല്‍ ആ ശ്രമമൊക്കെയും ഇന്ദ്രിയാദി അഞ്ചു കാരണങ്ങളിലും ജാഗ്രാദാദി മൂന്നവസ്ഥകളിലും ശബ്ദാദിപഞ്ചവിഷയങ്ങളിലും മാത്രമാണ്. അതുകൊണ്ടു തന്നെയാണ് എത്ര പ്രയത്നിച്ചിട്ടും ആത്മജ്ഞാനമുണ്ടാവാതിരിക്കാനുള്ളകാരണം. അവകളെ വിടുമ്പോഴാണ് ഒരാള്‍ക്ക് ആത്മസ്വരൂപം അറിയാനിടവരുന്നത്. ആ സമ്പ്രദായമാകട്ടെ അതിന്റെ അറിവും അനുഭവവുമുള്ള ഒരു മഹാത്മാവില്‍കൂടെ ഗ്രഹിക്കാനേ പറ്റു. ശ്രവണം, മനനം, നദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വധിച്ചിരിക്കുന്നത്. ഇതില്‍ ശ്രവണമാണ് ഒന്നാമത്തേത് അനുഭവരസികനായ ആത്മാവു സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്കനുരൂപമായി പറഞ്ഞുല്‍ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം.
ഒരിക്കല്‍ കേട്ടാല്‍ പോരാ; ബോദ്ധ്യം വന്നു തത്ത്വത്തില്‍ ഉറപ്പുവരുത്തുന്നതു വരെ വീണ്ടും വീണ്ടും ശ്രവിക്കുകയും ശ്രവിപ്പിക്കുകയും വേണം. അങ്ങനെ പരമാര്‍ത്ഥമായ ഒരു വേദാന്താശ്രവണം അധികാരിയായ ശിഷ്യനു മഹാത്മാവായ ആചാര്യനില്‍നിന്നു ലഭിക്കുന്നു എന്നിരിക്കട്ടെ; അതൊരിക്കലും വിഫലമാവുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു വളരെ ചുരുക്കമാണെന്നുമാത്രം. ഒന്നാമത് ഈ പ്രപഞ്ചധര്‍മ്മത്തെ സര്‍വ്വഥാ ഉപേക്ഷിച്ചുകൊണ്ടുള്ള മുമുക്ഷുതന്നെ എത്രയോ ദുര്‍ല്ലഭമാണ്. അതിനാല്‍ ശ്രവണം തന്നെ വളരെ ദുര്‍ഭലമാണ്. ഇനി ഏതെങ്കിലും ചില രൂപത്തില്‍ ശ്രവണം നടന്നാലും വര്‍ദ്ധിച്ച സംസാരതൃഷ്ണയില്‍ ശ്രുതമായ ജ്ഞാനം മുങ്ങിപ്പോവുകയും ചെയ്യും. നേരാം വണ്ണം ശ്രവണം ചെയ്യിച്ചുതരുന്ന മഹാത്മാക്കളും ദുര്‍ല്ലഭം. ഉള്ളവര്‍ തന്നെ ജനമദ്ധ്യത്തില്‍ നിന്നൊഴിഞ്ഞുമാറി വല്ല വിജനപ്രദേശങ്ങളിലും അറിയപ്പെടാതെ കഴിഞ്ഞു കൂടുന്നുണ്ടായിരിക്കും. അങ്ങനെയുള്ളവരെ കണ്ടുകിട്ടുന്നതുതന്നെ വളരെ ചുരുക്കം. ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം നീങ്ങി ഒരാള്‍ക്കു പരമാര്‍ത്ഥമായ ഒരു വേദാന്തശ്രവണം ഉണ്ടായിയെന്നിരിക്കട്ടെ; എന്നാല്‍ തീര്‍ച്ചയായും അതു സഫലമാണ്.
ജാഗ്രദാദി മൂന്നവസ്ഥകളിലും ശരീരാദി മൂന്നു കാരണങ്ങളിലും, ശബ്ദാദി പഞ്ചവിഷയങ്ങളിലും കീഴൊതുങ്ങിനില്‍ക്കുന്നു വൃക്തിത്വം അല്ലെങ്കില്‍ ജീവത്വം. ഈ അവസ്ഥയെ ആക്രമിച്ച ഒരാള്‍ക്കു ജീവത്വമല്ല; ഈശ്വരത്വമാണുള്ളത്. ദിവ്യനും ഈശ്വരനുമായിക്കഴിഞ്ഞ മഹാത്മാവാണ് ജ്ഞാനം ഉപദേശിക്കാന്‍ പ്രാപ്തിയുള്ള ആചാര്യന്‍. ശിഷ്യന്റെ പല പ്രകാരത്തിലുള്ള കുറവുകളും ആചാര്യന്റെ അനുഗ്രഹത്താല്‍ തന്നെ നീങ്ങുന്നു. ശിഷ്യനെ പുരസ്ക്കരിച്ച് ആചാര്യന്റെ മനസ്സിലാണ് അനുഗ്രഹത്തിന്റെ സ്വരൂപം. ആ അലിവ് ആരില്‍ എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ വയ്യ.എങ്കിലും നിഷ്കളങ്കഭക്തിയും, പരമത്യാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശുശ്രൂഷ കൊണ്ട് ആരുടേയും മനസ്സലിയുമല്ലോ. അതിനാല്‍ അപ്രകാരമുള്ള ശുശ്രൂഷ കൊണ്ട് ഗുരുവിന്റെ അനുഗ്രഹത്തിനു പാത്രമായിത്തീരുകയും അപ്പോള്‍ ജ്ഞാനത്തിന്നധികാരം കൈവരികയും ചെയ്യുന്നുവെന്നാണഭിജ്ഞമതം
വേദാന്തം ശാസ്ത്രീയമോ?
ആധുനികകാലഘട്ടത്തിലെ സയന്‍സ്‌വാദികളും യുക്തിവാദികളും ചില ജിജ്ഞാസുക്കളും ചോദിക്കുന്ന ചോദ്യമാണ് വേദാന്തം ശാസ്ത്രീയമോ എന്നത്. ഈ ചോദ്യം യുക്തിവാദികള്‍ പലപ്പോഴും അവരുടെ പൊതുചര്‍ച്ചാവിഷയമാക്കാറുമുണ്ട്. ഈ ചോദ്യത്തിന് ഉത്തരം ആലോചിക്കുന്നതിനു മുന്‍പായി ചോദ്യത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് യുക്തമായിരിക്കും
എന്താണ് വേദാന്തം? വേദാന്തമെന്നാല്‍ വേദത്തിന്റെ അന്തം അഥവാ നിര്‍ണ്ണയം എന്നാണ് അര്‍ത്ഥം. വേദം എന്നതിന് 'അനധിഗതാബാധിതാര്‍ത്ഥബോധക: ശബ്ദോ വേദ:' എന്നാണു നിരുക്തകാരന്മാര്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. അതായത് പ്രത്യക്ഷാദി പ്രമാണങ്ങളാല്‍ അറിയപ്പെടാത്തതും നിഷേധിക്കുവാന്‍ കഴിയാത്തതുമായ അര്‍ത്ഥത്തെ തത്ത്വത്തെ ബോധിപ്പിക്കുന്ന ശബ്ദമാണ് വേദം. വേദത്തിന്റെ ഷഡ്വധിലിംഗങ്ങളെക്കൊണ്ട് നിര്‍ണ്ണയിച്ചിട്ടുള്ള തത്ത്വമാണ് വേദാന്തം. ആ തത്ത്വം നിത്യശുദ്ധബുദ്ധമുക്തവും നിരതിശയവുമായ അദ്വൈതമാകുന്നു. തപോധനന്മാരായ മഹാത്മാക്കള്‍ ഇന്ദ്രിയാതീതമായ അനുഭവത്തെ തലനാരിഴകീറി ചര്‍ച്ചചെയ്ത് നിര്‍ണ്ണയിച്ചിട്ടുള്ള സിദ്ധാന്തമാണ് അ ദ്വൈതം.
യുക്തിയും അനുഭവവും കൊണ്ടാണ് അ ദ്വൈതം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. അനുഭവാന്തമായതിനാല്‍ ആ നിര്‍ണ്ണയം മാറപ്പെടുന്നില്ല. പൊതുവേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് 'ശാസ്ത്രീയം' എന്നത്. ഇംഗ്ലീഷിലെ 'scientific' എന്ന പദത്തിന് തത്തുല്ല്യമായാണ് ഇന്ന് നാം ആ പദം ഉപയോഗിച്ചുവരുന്നത്.
ശാസ്ത്രീയം എന്നതിന് സാമാന്യമായി ശാസ്ത്രസംബന്ധമായത് എന്നാണു അര്‍ത്ഥം. ശാസ്ത്രം എന്നാല്‍ 'ശിഷ്യതേ അനേന' എന്ന അര്‍ത്ഥത്തില്‍ യാതൊന്നുകൊണ്ടാണോ ശിക്ഷണം ചെയ്യുന്നത് എന്നും 'ശാസ് അനുശിഷ്ടൌ' എന്ന ധാത്വര്‍ത്ഥപ്രകാരം അനുശാസിക്കുന്നത് എന്നും അര്‍ത്ഥം പറയാം.
ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം, കാമശാസ്ത്രം, മീമാംസാശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളെയും കുറിക്കുന്നതിനാണ് ശാസ്ത്രം എന്ന പദം ഭാരതത്തില്‍ ഉപയോഗിച്ചിരുന്നത്. അറിയപ്പെടേണ്ട വിഷയത്തെ യാതൊന്നുകൊണ്ടാണോ അനുശാസിക്കുന്നത് അത് ശാസ്ത്രമാകുന്നു. നിദേശമെന്നും ഗ്രന്ഥമെന്നും അമരകോശം ശാസ്ത്രത്തിനു അര്‍ത്ഥം പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അറിയപ്പെടേണ്ടതായ സത്യത്തെ നിര്‍ണ്ണയിക്കുന്നതിനു വേദാംഗങ്ങളും ഷഡ്വധിലിംഗങ്ങളും ഉപയോഗിക്കുന്നതിനാല്‍ വേദനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗം ശാസ്ത്രീയമാണെന്ന് വ്യക്തമാണല്ലോ. ശാസ്ത്രം എന്ന പദത്തിന്റെ വ്യുത്പത്തികൊണ്ട് തന്നെ വേദാന്തം ശാസ്ത്രീയമോ എന്ന ചോദ്യത്തിന്റെ സാംഗത്യമില്ലായ്മ വെളിവാകുന്നു.
ഇനി 'scientific' എന്ന പദം നോക്കാം. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഈ വാക്കിനു 'Based on or characterized by the methods and principles of science' എന്ന് അര്‍ത്ഥം പറയുന്നു. ലോകത്ത് അനേകം വിജ്ഞാനധാരകളുണ്ട്. അതില്‍ ഒന്നുമാത്രമാണ് സയന്‍സ്. ആ സയന്‍സിന്റെ വഴിയും ഭാഷയും രീതികളും വളരെ വ്യത്യസ്തമാണ്.
സയന്‍സിന്റെ, അതിനു മാത്രമായ ആ വഴിയില്‍ സഞ്ചരിച്ച്, ആ രീതികള്‍ അവലംബിച്ച്, ആ ഭാഷയില്‍ സംവദിക്കുന്ന ഒരു വിജ്ഞാനപദ്ധതിയെ 'scientific' എന്നു വിളിക്കാം. വേദാന്തം 'scientific' ആണോ എന്ന ചോദ്യത്തിനുമുന്‍പ് അത് 'scientific' ആകേണ്ടതുണ്ടോ എന്നത് ചിന്തിച്ചുനോക്കാം. സയന്‍സില്‍ നിന്നും ഭിന്നമായി അറിയപ്പെടുന്ന വിജ്ഞാനശാഖയാണ് വേദാന്തശാസ്ത്രം.
ആ ശാസ്ത്രം സയന്‍സിന്റെ വഴിയില്‍ സഞ്ചരിച്ച് ആ ഭാഷയില്‍ സംവദിച്ചാലേ അതിനെ ഞങ്ങള്‍ അംഗീകരിക്കൂ എന്ന് പറയുന്നത് മലയാളത്തില്‍ സംസാരിക്കുന്ന ഒരാള്‍ ഇംഗ്ലീഷില്‍ സംസാരിച്ചെങ്കില്‍ മാത്രമേ അയാള്‍ക്ക് സംസാരശേഷി ഉണ്ടെന്നു ഞങ്ങള്‍ സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നതുപോലെ ഒരു ഛലവാദം മാത്രമാണ്. വേദാന്തശാസ്ത്രത്തിനു അതിന്റേതായ ഭാഷയും വഴിയും ലക്ഷ്യവുമുണ്ട്
ശിവപദ മഹാത്മ്യം
" സ്വയം ഭുവം, സദാശിവം, അവിനാശം, " എന്ന ത്രിഗുണങ്ങൾ ശിവന്റെ സത്വമാണ്, ശൈശവം എന്തെന്ന് അറിയാൻ അമ്പാടിയിലേക്ക് ഗോപാലകൃഷണനെ കാണുവാൻ ശ്രീ പരമേശ്വരൻ ചെന്നാതായി ഗർഗ്ഗഭഗവതത്തിൽ ഉണ്ട്. കാലാതിവർത്തിയും, യോഗധ്യാനമൗനങ്ങളുടെ വൈരാഗ്യവും, മൗനജ്ഞനവും ഘനീഭവിച്ച്, സാന്ദ്രമായരൂപമാണ് ദക്ഷിണാമൂർത്തി സ്വരൂപം. മുനിയും, യോഗിയും, സമാധിസ്ഥനും ആയ ദേവൻ തമോരൂപനാണെന്ന് പറയപ്പെടുന്നു. എന്നാൽ പഞ്ചമുഖങ്ങളിൽ ഒന്നായ സദ്യോജാതത്തിൽ നിന്ന് സപ്തസ്വരങ്ങളിലൂടെ സംഗീതം നിർഗ്ഗളിച്ചുവെന്ന് ത്യാഗോശരുടെ പ്രശസ്ത കീർത്തമായ "നാദതനും അനിശം ശങ്കരം" അടിവരവരയിട്ടു പ്രകീർത്തിക്കുന്നു. അക്ഷരങ്ങൾ , ചില്ലക്ഷരങ്ങൾ, വിസർഗ്ഗങ്ങൾ, വിരാമങ്ങൾ എന്നിവ വാചാലമായും നിർഗ്ഗളിച്ചുവെന്ന് ഭാഷാശാസ്ത്രം ഘോഷിക്കുന്നു.
യോഗശാസ്ത്രം പതഞ്ജലിക്കും, താണ്ഡവം, തണ്ഡുവിനും ദ്രാവിഡഭാഷയായ തമിഴ് മൊഴി പുത്രനായ ശ്രീമുരുകനും, അഗസ്ത്യർക്കും ശിവദത്തം തന്നെയാണ്. വൈദ്യശാസ്ത്രമായ സിദ്ധവൈദ്യം , അർക്കവൈദ്യം, വിഷവൈദ്യം എന്നിവയുടെയും ഉപജ്ഞാതവായി മഹാദേവൻ വാഴ്ത്തപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും, പ്രതീകത്മരീതിയിൽ നൃത്തം ചെയ്തു പരിപാലിക്കുന്ന നടരാജ സ്വരൂപം വിശ്വപ്രസ്വിദ്ധമാണ്.
ബോധിവൃക്ഷചുവട്ടിൽ , സനകൻ, സനാതനൻ, സനന്ദനൻ, സനൽകുമാരൻ, എന്നിവർക്ക് ദക്ഷിണാമൂർത്തിരൂപത്തിൽ ദേവൻ ജ്ഞാന ബോധം ചെയ്യുന്നു. ആദിയും അന്തവും തേടിപ്പോയ ബ്രഹ്മ-വിഷ്ണുമാർക്ക് അപ്രാപ്യമായിരുന്നതാണ് ശിവവരൂപം. പഞ്ചഭൂത രൂപനായും ദ്വാദശാ ലിംഗരൂപനായും, ദേവൻ വിരാചിക്കുന്നു. അഗ്നി, ചന്ദ്രൻ, സൂര്യൻ, എന്നീ ത്രിലോചനങ്ങളും, സമാധിരൂപത്തിലും പ്രപഞ്ചത്തെ പരിപാലിക്കുന്നു. പ്രദോഷത്തെകാത്തുള്ള അന്തികാളരൂപത്തിലുള്ള ആനന്ദനൃത്തം കണ്ട് ആസ്വദിയ്കുവാൻ എല്ല ദേവഗണങ്ങളും എത്താറുണ്ട്,
കാലപാശം, വരുണപാശം എന്നി മൃത്യുബന്ധനങ്ങളിൽ നിന്നും ദേവൻ ത്രാണനം ചെയ്യുന്നതിനാൽ മഹാമൃത്യുഞ്ജയനാകുന്നു ,ഡക്കാ, ഡമരു,മൃദംഗം, ഉടുക്ക്, എന്നീ തുകൽ വാദ്യങ്ങളിൽ പ്രഗത്ഭരാണ് ശിവനും അനുചരന്മാരും. ആനത്തുകൽ വസ്ത്രമായണിഞ്ഞിരിക്കുന്നതിനാൽ കൃത്തിവാസനും, പുലിതോൽ ധരിച്ചിരിക്കുന്നതിനാൽ സന്തുഷ്ടനുമാണ് ശങ്കരൻ. മൃഗചർമ്മം അംബരമായും , കപാലം, രുദ്രാക്ഷം, വാസുകി എന്നിവ ആഭരണങ്ങളായും , ശ്മശാനഭസ്മം മേലാകെ പൂശിയും , പ്രാകൃതമായ ദരിദ്രരൂപം ബാഹ്യത്തിൽ പ്രകടിപ്പിക്കുമ്പോഴും സ്വർണ്ണാകർഷണ ഭൈരവനായി സാക്ഷാൽ ലക്ഷ്മീകുബേരന്മാർക്കും ശിവൻ സ്വർണ്ണാദി നവനിദികൾ ചൊരിയുന്നു.
നാഗങ്ങളെ മേലാകെ ആഭരണങ്ങളാക്കിയ നാഗഭൂഷണനാണ് തൃനാഗേശ്വരൻ. വ്യോമകേശനായി ചെഞ്ചെടിയിൽ സാക്ഷാൽ ആകാശഗംഗയുടെ ഹുങ്കുപോലും അടക്കിയ ധുർജ്ജടിയുമാണ് ദേവൻ. ഹാലാഹലം പാനം ചെയ്ത് മാനവ, ദാനവ, വാനവവരുടെയും ആപത്തിന്റെ കോലാഹലങ്ങൾ മാറ്റിയ ദേവനാണ് നീലകണ്ഠ്ൻ. വൃദ്ധിക്ഷയങ്ങളാൽ ഉഴറി ദക്ഷശാപമേറ്റ ചന്ദ്രദേവനെ സ്വന്തം ശിരസ്സിലണിഞ്ഞ് ഭഗവാൻ ചന്ദ്രശേഖരനായിത്തിർന്നു. "സ്വന്തം ദേഹത്തിന്റെ നല്ല പാതി ശക്തിപ്രതീകമായ സ്ത്രീ വർഗ്ഗത്തിനും മറുപാതി നാരയണനും നൽകി രുദ്രൻ അർദ്ധനാരീശ്വരനും ശങ്കരനാരയണനുമായി. ലിംഗരൂപത്തിൽ സൃഷ്ടി പ്രതീകമായി അരൂപിയായ ലിംഗേശ്വരൻ, പഞ്ചരൂപങ്ങളായ അപ്, വായു, അഗ്നി, പൃഥ്വി, ആകാശ രൂപങ്ങളിലും വിളങ്ങുന്നു. സുമേരു പർവ്വതത്തെ വില്ലാക്കി, വാസുകിയെ ഞാണാക്കി, ബ്രഹ്മാവിനെ സാരഥിയാക്കിയ മഹാരഥിയാണ് ത്രിപുരാന്തക ദേവൻ. ധനഞ്ജയന്റെ ധനുർഗർവ്വഭംഗം കീരാതരൂപത്തിൽ നടത്തിയ കിരാതമൂർത്തിയുമാണ് ശർവ്വൻ. മുരുക പ്രവചനം അന്വർത്ഥമാക്കി ഭിക്ഷാടനേശ്വനായി സാക്ഷാൽ അന്നപ്തിയായ ശിവന് അലയേണ്ടിവന്നു. " ജ്യോതിഷശാസ്ത്രം പകുതി സത്യവും പകുതി മിഥ്യയും ആയിതീരട്ടെ" എന്ന ശിവശാപവും തുടർന്നുണ്ടായി. രുദ്രാക്ഷത്തിലൊളിഞ്ഞ് ദേവൻ ശനി ബാധയേയും അതിശയിച്ച കഥ വിസ്മയാവാഹമാണ് .
സ്മരന്റെ സുമസായകമേറ്റ് ക്രുദ്ധനായ ഹരൻ , സ്മരനെ തൃക്കണ്ണാൽ ദഹിപ്പിച്ച് അനംഗനാക്കി. ഇതുമൂലം പാർവ്വതീ സമാഗമവും സുബ്രമണ്യ ജനനവും ഹേതുവുമായി. ഇതേ ഹരൻ മോഹനീ രൂപത്തിൽ സംഗമം ചെയ്ത് ഭഗവാൻ ഹരിഹര പുത്രനും ഭൂജാതനായി. അംശാവതാരമായി അഞ്ജ്നേയ ജന്മമെടുത്ത് രുദ്രഭഗവാൻ പുരാണസ്മരണീയനുമായി. ഹനുമാന്റെ അപദാനങ്ങൾ വിശ്വസാഹിത്യത്തിലെ നിത്യസ്തുതമായ പൊന്നേടുകളാണ്.......... ഹര ഹര മഹാദേവാ
ദേവി
ഭാരതീയരുടെ ജീവിതരീതികളുടേയും ആചാരങ്ങളുടേയും ആകെത്തുകയാണ്. ഈ സംസ്കാരം ഇന്നും നിലനിന്ന് പോകുന്നത് ഈ ആചരണത്തിലൂടെയാണ്. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും സദാ ആചരിക്കേണ്ട ഈ ധാര്‍മ്മിക നിയമങ്ങളെ നാം സദാചാരം എന്ന് പേരിട്ട് വിളിച്ചു.
ഈ സദാചാരനിയമങ്ങള്‍ ഉൽഭവിച്ചത് അറിവില്‍ നിന്നും, ആ അറിവാകട്ടെ, ബൃഹത്ത്ശ്രേണിയാം വേദോപനിഷത്തുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയതും ആകുന്നു. എന്നാലിതൊന്നും അറിയാത്തവരാണ് സദാചാരമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ വികാരംകൊള്ളുന്നത്.
പവിത്രമായ ക്ഷേത്രമാണ് കുടുംബമെങ്കില്‍ അതിലെ ദേവിയാണ് സ്ത്രീയെന്ന് ഭാരതീയ സങ്കല്പം. ഈ ലോകത്ത് സ്ത്രീരൂപത്തില്‍ പരാശക്തിയായി ദൈവ ചൈതന്യത്തെ അവതരിപ്പിച്ച ഒരു രാജ്യമുണ്ടെങ്കില്‍ അത് ഭാരതമല്ലാതെ മറ്റൊന്നല്ല.
മുത്തശ്ശിയായി, അമ്മയായി, ഭാര്യയായി, പെങ്ങളായി, മകളായി, സുഹൃത്തായി, നമ്മുടെ അറിവും ആചാരങ്ങളും പകര്‍ന്നും പരിപാലിച്ചും പൈതൃകം തലമുറകളായി കൈമാറി വരുന്നതില്‍ സ്ത്രീകള്‍ക്കു ഉള്ള പങ്ക് അതിപ്രസക്തവും പ്രധാനവുമാണ്. സാത്വികഭാവമുള്ള സ്ത്രീകള്‍, പുലര്‍ച്ചെ ചൊല്ലുന്ന ദേവിവന്ദനം മുതല്‍ സന്ധ്യാദീപവും രാമനാമവും വരെ ഒരു ഭവനത്തിനും , അതില്‍ വസിക്കുന്നവര്‍ക്കും പകര്‍ന്നു നല്‍ക്കുന്ന ഭക്തിയിലധിഷ്ഠിതമായ ഹൈന്ദവമൂല്യങ്ങള്‍ തന്നെയാണു ഒരു കുഞ്ഞിനെ വ്യക്തിയാക്കുന്നതിലും, വ്യക്തിയെ ഒരു ഉത്തമ പൌരനാക്കുന്നതിലും അടിസ്ഥാനമായ ഘടകം. സ്നേഹം , നീതി, ധര്‍മ്മം, കര്‍മ്മം, ഭക്തി എന്നീ അഞ്ചു തിരികളിട്ട ഭദ്രദീപം തെളിച്ചു കൊണ്ട്, ഹൈന്ദവധര്‍മ്മമെന്ന വെളിച്ചം പകര്‍ന്നു നല്‍കുന്നതാകുന്നു ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്നു പറയുന്നതിന് അടിസ്ഥാനം.
എന്നാലിന്ന് മുത്തശ്ശിമാരില്ലാത്ത, അമ്മ രാവിലേയും, അച്ഛന്‍ രാത്രിയിലും ജോലിക്കുപോകുന്ന, അണുകുടുംബങ്ങളായി ആധുനികത മനുഷ്യനെ തരംതാഴ്ത്തി. ജീവിതത്തിന്‍റെ തിരക്കിനിടയിലെപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് അബദ്ധത്തിലെന്നപോലെ ഒന്നോ രണ്ടോ കുട്ടികള്‍ ജനിക്കുന്നു. കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന മമ്മിമാരും, പെറ്റമ്മയുടെ മുലപ്പാലുപോലും കുടിക്കാന്‍ ഭാഗ്യമില്ലാത്ത തലമുറകളും ചേര്‍ന്ന് പാശ്ചത്യരാജ്യങ്ങളുടെ ഭൌതിക ജീവിതം അതേപടി അനുകരിക്കുന്ന ഒരു ജീര്‍ണ്ണിച്ച സാമൂഹിക അന്തരീക്ഷത്തിലേക്ക് വഴുതിവീണു. അതൊടെ കുടംബ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം നഷ്ടപ്പെട്ടു. അഞ്ചുതിരിയിട്ട ഭദ്രദീപവും കെട്ടു.
ഒരു ഹിന്ദു സ്ത്രീക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും , ഞാന്‍ അനുഭവിക്കുന്ന മത സ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം മറ്റൊരു വിഭാഗത്തിന് അന്യമാണെന്ന്. സ്ത്രീയെ, ദേവിയായി, ആദിപരാശക്തിയായി, സര്‍വതിനും ഉപരിയായി കാണുന്ന മറ്റൊരു മതമുണ്ടോ? അര്‍ദ്ധനാരീശ്വര രൂപത്തിലും സാരമിതു തന്നെയാകുന്നു, സ്ത്രീയില്ലെങ്കില്‍ പുരുഷനില്ല, പുരുഷനില്ലെങ്കില്‍ സ്ത്രീയുമില്ലാ. സ്ത്രീസ്വാതന്ത്ര്യമെന്ന പേരില്‍ പുരുഷന്‍മാരോടും , പുരുഷാധിപത്യമെന്ന പേരില്‍ സ്ത്രീയോടും വാക്പയറ്റു നടത്തി കാര്യവുമില്ലാ. കാരണം നാം പരസ്പരപൂരിതമാകുന്നു.
ഭാരതം, അനേകമായിരം സ്ത്രീരത്നങ്ങള്‍ക്കു ജന്മമേകിയ നാടാണ്. തന്‍റെ പാതിവൃത്യം കൊണ്ട് മധുരാനഗരം ക്രോധാഗ്നിയില്‍ ചാമ്പലാക്കിയ ദേവി കർണ്ണകിയും, ഉറുമികൊണ്ടു ഉത്തരം നല്‍കുന്ന വടക്കന്‍ പാട്ടുകളിലെ ഉണ്ണിയാര്‍ച്ചയും, ബ്രിട്ടീഷ് അധിനിവേശകരോട് ഒറ്റയ്ക്കു പൊരുതിയ റാണി ലക്ഷ്മി ഭായി എന്ന ജഹാന്‍സി റാണിയും , അനാചാരത്തിനു എതിരെ സ്തനങ്ങള്‍ അറുത്തു നല്‍കിയ നങ്ങേലിയും, ഭാരതത്തിന്‍റെ വാനമ്പാടി സരോജിനി നായിഡുവും മുതല്‍ അനേകായിരം സ്ത്രീരത്നങ്ങള്‍ പിറന്നുവീണ പരിപാവനമായ മണ്ണാണിത്...
ഒരു നാടിന്‍റെ ജീവ സ്രോതസ്സാണ് സ്ത്രീ. എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ ഉന്നമനത്തിന് അത്യധികം പ്രാധാന്യമാണ് നല്‍കുന്നത്. കാരണം ഒരു കുടുംബം നന്നാകുന്നത് സ്ത്രീ നന്നാകുമ്പോഴാണ്. ഓരോ കുടുംബവും നന്നാകുമ്പോഴാണ് ഒരു രാജ്യം നന്നാകുന്നത്.
സ്വന്തം ഭാര്യയേയും, അമ്മയേയും, സഹോദരിയേയും "ദേവീ"എന്ന് വിളിക്കുന്ന പരിപാവന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഈ ഭാരതമണ്ണിന് ചൈതന്യം പകരേണ്ട ദേവിമാരേ, നിങ്ങളുടെ ഭാവശുദ്ധിയിലാണ് ഭാരതത്തിന്‍റെ നാഡിത്തുടിപ്പിരിക്കുന്നത്
അഗ്നിസൂര്യസോമഖണ്ഡങ്ങൾ
മനുഷ്യശരീരത്തെ പൗരാണിക ഋഷികൾ ഈ പ്രപഞ്ചത്തിൻ്റെ സാദൃശ്യങ്ങൾ മുഴുവനും ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ് ദർശിച്ചത്. ഈ മാനുഷിക ശരീരത്തിൻ്റെ സൃഷ്ടിയിൽ ഈശ്വരശക്തി വിവിധ തലത്തിലൂടെ ഭൗതികശരീരം വരെ ഇറങ്ങി വരുന്ന ആറെണ്ണമുണ്ട്. ആദ്യത്തെത് ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം , രണ്ടാമത്തെത് കണ്ഠത്തിലുള്ള വിശുദ്ധിചക്രവും, മൂന്നാമത്തേത് ഹൃദയഭാഗത്തുള്ള അനാഹതചക്രവും, നാലമത്തെത് നാഭിക്കുപിന്നിലുള്ള മണിപൂരക ചക്രവും , അഞ്ചാമാതേത് ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാന ചക്രവും , ആറമത്തേത് അതിനുമടിയിലുള്ള മൂലാധാരവും ആണെന്ന് യോഗശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചക്രങ്ങൾ ഭൗതീക അവയവങ്ങൾ അല്ല. സൂക്ഷശരീരത്തിലുള്ളവയാണ്. കണ്ഠസ്ഥമായ വിശുദ്ധിചക്രത്തിൻ്റെ പതിനാറുദളങ്ങൾ "അ" മുതൽ "അഃ" വരെയുള്ള പതിനാറുസ്വരാക്ഷരങ്ങളുടെ സ്പന്ദന വിശേഷങ്ങൾ ഉൾക്കൊണ്ടവയാണ്. അതു പോലെ ഹൃദയഭാഗത്തുള്ള അനാഹതചക്രം ക,ഖ,ഗ,ഘ, ങ, ച, ഛ,ജ,ഝ,ഞ, ട,ഠ എന്നി പന്ത്രണ്ട് വ്യഞ്ജനാക്ഷരങ്ങളുടെയും, അതിനടിയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, എന്നീ പത്ത് അക്ഷരങ്ങളുടെയും, സ്വധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല, എന്നി ആറ് അക്ഷരങ്ങളുടെയും, മൂലാധരചക്രം വ, ശ, ഷ, സ, എന്നി നാല് അക്ഷരങ്ങളുടെയും , ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ, എന്നി രണ്ടക്ഷരങ്ങളുടെയും സ്പന്ദനവിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഇവയ്ക്കെല്ലാമുപരി തലചോറിന്റെ ഉപരിതലത്തിലുള്ള സഹസ്രദള പത്മത്തിൽ ഈ അമ്പതു അക്ഷരങ്ങളുടെയും ആവർത്തനങ്ങൾ വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന ഏതു ശബ്ദവും ഈ അക്ഷരമാലക്കകത്ത് ഉൾപ്പെടണമല്ലോ. അങ്ങനെ യോഗപരമായസാധനചെയ്ത് സിദ്ധിവന്നതിനുശേഷം ഇച്ഛാശക്തി പൂർണ്ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതാതു ചക്രത്തിലെ അതാത് ദളങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്.
മേൽ പറഞ്ഞതരത്തിലുള്ള സൂക്ഷ്മശരീരഭാഗങ്ങളെ മറ്റൊരുതരത്തിലും വിഭജിക്കാറുണ്ട്. അണുക്കളെ കൊണ്ട് നിർമ്മിച്ചതായാ ഭൗതീക അഥവാ ആണവമായ ശരീരമാണ് നമുക്ക് ദൃശ്യമാകുന്നത്. അതിനു ഉള്ളിലും പുറത്തുമായി ഓതപ്രേതമായി പരിലസിക്കുന്ന ഊർജ്ജശരീരഭാഗത്തെയാണ് പ്രാണമയകോശമെന്നു പറയുന്നത്. ഇതിനെയും ഉൾക്കൊണ്ടുകൊണ്ട് മാനസമായ ഒരു ശരീരവും ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതിന്നപ്പുറത്തുള്ള അസ്ഥിത്വം ഊഹ്യം മാത്രമാണ്. അനുഭവവേദ്യമാൽ സാധാരണക്കാരന്. ഈ മൂന്ന് തലങ്ങളും നമ്മുടെ ഭൗതികശരീരീത്തോട് അനുബന്ധിച്ച് ഒന്നിന്റെയുള്ളിൽ ഒന്നായി നിൽക്കുന്നതാണ്. എങ്കിലും ഭൗതികശരീരത്തിൽ തന്നെ ചില ഭാഗങ്ങളായിയുള്ള ഒരു കല്പനയും ഋഷീശ്വരന്മാർ കണ്ടെത്തിയിട്ടുണ്ട്. മൂലാധാരം മുതൽ അനാഹതം വരെയുള്ള ഈ ആണവ മേഖല ഇതിനെ അഗ്നിഖണ്ഡമെന്ന് പറയുന്നു. അനാഹതം മുതൽ ആജ്ഞാ വരെയുള്ള ഊർജ്ജ മേഖല ഇതിനെ സൂര്യഖണ്ഡമെന്നു പറയുന്നു. അതിനു മേൽ സഹസ്രാരം വരെ ചന്ദ്രഖണ്ഡമായ മാനസതലമാണ്. അങ്ങനെ മനുഷ്യൻ അഗ്നിസൂര്യസോമ ഖണ്ഡങ്ങളിൽ കൂടിയും. അതിനപ്പുറത്തുമായി വിരാജിക്കുന്നു. വേദങ്ങളിൽ പറയുന്ന ഭൂ ഭുവ സ്വ എന്നീ വ്യാഹൂതി ശബ്ദങ്ങൾ ഇവയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനപ്പുറത്തേക്കുള്ള ബിന്ദുവിലേക്കുള്ള നീട്ടൽ ആണ് ഭൂർഭുവസ്വരോം എന്ന വാക്യം . ഓം എന്ന് പ്രണവത്തിന്റെ അ, ഉ, മ്, നാദം ബിന്ദുക്കൾ എന്നിവ മിക്കവാറും ഇതിന്റെ മന്ത്രാക്ഷരങ്ങളാണെന്ന് പറയാം ഈ കൽപ്പന എകദ്ദേശമെന്നെ പറയാവൂ. ശിരസ്സ് ഭാഗത്ത് അഗ്നിഖണ്ഡമായ അണവാംശം വ്യക്തമായി ഉണ്ടല്ലോ. ചതുർമ്മാനവും ബഹുമാനവുമായ ശരീരത്തെ ത്രിമാനരൂപമായി കൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വികൃതി മാത്രമാണിത്. ഏതാണ്ട് ഈ ശരീര ഭാഗങ്ങളായി അഗ്നിസൂര്യസോമ ഖണ്ഡത്തെയും അതിനുപരിയായി ബ്രഹ്മരന്ധ്രത്തെയും കൽപിക്കുന്നു. ഇവിടെയാണ് പരമാത്മാവ് വിരാജിക്കുന്നത്. ഈ കൽപന തന്ത്രയോഗശാസ്ത്രങ്ങളിൽ ഉടനീളം കാണാവുന്നതാണ്. ആണവവും ഊർജ്ജപരവും മാനസികവും ആയ തലങ്ങളാണിവ പ്രതിനിധാനം ചെയ്യുന്നതെന്ന് മൊത്തത്തിൽ പറയാം
ശക്തി തന്നെയാണ് ഈശ്വരൻ
ആദിയിൽ പ്രപഞ്ചം എല്ലാം ബീജരൂപ പരാശക്തിൽ ലയിച്ചിരുന്നു. ഇതിനെ ഭഗാവൻ്റെ ഹിരണ്യഗർഭമെന്നു പറയുന്നു. വിഷ്ണുഭഗവാൻ യോഗനിദ്രയിലേക്കും പ്രവേശിക്കുന്നു. പ്രപഞ്ചമെല്ലാം ഭഗവാനിൽ അടങ്ങിയിരുന്നു,. വിറകിൽ അഗ്നിപോലെ വിത്തിൽ വൃക്ഷം പോലെ.
പരാശക്തിയെ ധ്യാനിച്ച് യോഗനിദ്രയിൽ ലയിച്ചിരുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നു ഉണർന്നു . ഏകവും അദ്വയകവുമായിരുന്ന ഭഗവാൻ പലതായി തീരണമെന്ന് അഗ്രഹിച്ചു. അങ്ങനെ പ്രപഞ്ചം ജനിച്ചു. ഭഗവാൻ്റെ നാഭിയിൽ നിന്നും ഒരു താമരതണ്ടുയർന്നു പൊങ്ങി അതിൽ ഒരു താമര വികസിച്ചു. അതിൽ ഭഗവാൻ്റെ അംശംതന്നെ ബ്രഹ്മായി ഭവിച്ചു. ബ്രഹ്മാവ് നാലു ദിക്കിലേക്കും, നോക്കി അപ്പോൾ ബ്രഹ്മാവിന് നാലു തലകൾ ഉണ്ടായി.
ഭഗവാൻ്റെ നാഭിയിൽ നിന്നുത്ഭവിച്ച ആ താമര കേന്ദ്രത്തിൽ നിന്നുണ്ടായ വികാസത്തെയാണ് താമരസൂചിപ്പിക്കുന്നത്. ബ്രഹ്മാവ് സങ്കൽപവും ആഗ്രഹവും ചേർന്ന ബുദ്ധിയാണ്. ബുദ്ധി, ചിത്തം, അഹംങ്കാരം അന്തഃകരണം എന്നിവയാണ് ബ്രഹ്മാവിൻ്റെ നാലു തലകൾ. ഇതിൽ നിന്നാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത്,
താൻ ആവിർഭവിച്ച ഉടനെ ബ്രഹ്മാവ് സംഭ്രമത്തോടെ ആലോചിച്ചു. താൻ ആരാണ്? എവിടെ നിന്നു വന്നു? എന്താണ് തൻ്റെ കർത്തവ്യം ? അന്തരമായ പാലാഴിയിൽ അടിച്ചുയരുന്ന അലകളല്ലാതെ മറ്റൊന്നും കാണാൻ കഴിയുന്നില്ല. അലകളടിക്കുന്ന ആ ശബ്ദം “തപ തപ” എന്നു തന്നോടു പറയുന്നതു പോലെ അദ്ദേഹത്തിന്നു തോന്നി. അതുകൊണ്ട് അദ്ദേഹം ബാഹ്യമായ അന്വേഷണം അവസാനിപ്പിച്ച് തന്നിലേക്ക് തന്നെ നോക്കി.
തന്നാരാണെന്നും എവിടെ നിന്നു വന്നുവെന്നും, എന്താണ് തൻ്റെ കർത്തവ്യമെന്ന് അറിയണമെങ്കിൽ തന്നിലേക്ക് തന്നെ നോക്കണം.
അങ്ങനെ അനേകകാലം ഏകാഗ്രമായ തപസ്സ് ചെയ്തപ്പോൾ തൻ്റെ കർത്തവ്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. സൃഷ്ടിയാണ് ത്ൻ്റെ കർത്തവ്യമെന്ന് മനസ്സിലായി. അതിനാൽ അദ്ദേഹം രണ്ടായി ഭവിച്ചു. സ്വയംരൂപനും ശതരൂപിയുമുണ്ടായി. സ്വയം ഭാവിച്ചുണ്ടായവൻ സ്വയംരൂപൻ അനേക രൂപങ്ങൾ ശതരൂപി. അവരുടെ കാമത്തിൽ നിന്നും സകല ജീവജാലങ്ങളുമുണ്ടായി . അതിൽ ശ്രേഷ്ഠൻ മനുഷ്യനായി ഭവിച്ചു. ആ മനുഷ്യന് ജീവിതത്തിൽ ശാന്തി അനുഭവിക്കുനതിനും തിരിച്ച് മഹാവിഷ്ണുവിലും എത്തിചേരുന്നതിനുവേണ്ടി ബ്രഹ്മാവിൻ്റെ ഓരോ മുഖത്ത് നിന്നും ഓരോ വേദങ്ങൾ ഉണ്ടായി. ഈ വേദതത്ത്വങ്ങളാണ് പ്രപഞ്ചരഹസ്യമറിയുവാൻ തപസ്സ് ചെയ്ത് മഹർഷിമാർ ഉൾക്കണ്ണുക്കൊണ്ട് കണ്ടത്.
ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമുൾപ്പെടെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് പരാശക്തിയാണ് . പരാശക്തിയില്ലെങ്കിൽ അവർക്ക് സൃഷ്ടിസ്ഥിതിസംഹാരങ്ങൾ ചെയ്യുവാൻ കഴിയുകയില്ല. എന്നാൽ പരാശക്തിയെ അതേ രൂപത്തിൽ ഉൾക്കൊള്ളുവാൻ അവർക്ക് സാദ്ധ്യമാല്ല. അങ്ങനെ ഉൾക്കൊണ്ടാൽ അവർ പരാശക്തിയിൽ ലയിക്കും. അപ്പോൾ പ്രപഞ്ചഭരണം സാദ്ധ്യമല്ലാതെ വരും. അതുകൊണ്ട് പരാശക്തി സരസ്വതിയായി ബ്രഹ്മാവിനോടും, ലക്ഷ്മിയായി വിഷ്ണുവിനോടും, പാർവ്വതിയായി പരമശിവനോടും ചേർന്ന് സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ചെയ്ത് പ്രപഞ്ചം ഭരിക്കുന്നു..
പ്രപഞ്ചം പഞ്ചഭൂതാത്മകമാണ്. ഭൂമി (മണ്ണ്) ജലം അഗ്നി വായു ആകാശം, എന്നിവ കൂടിചേർന്നതാണ് . പ്രപഞ്ചത്തിലെ ഏതോരു വസ്തു എടുത്ത് അപഗ്രഥിച്ചാലും അതിലെ ഘടകങ്ങൾ ഈ പഞ്ചഭൂതങ്ങളാണെന്ന് കാണാം. ജഡമായ പഞ്ചഭൂതത്തിലടങ്ങിയിരിക്കുന്ന ശക്തി ചൈതന്യമാണ് പരാശക്തി . ഏതേങ്കിലും ഒരു വസ്തുവിനെ എടുത്ത് വീണ്ടും വീണ്ടും വിഭജിച്ചാൽ അത് ഒരു തന്മാത്രയായി തീരും, അതിനെ വീണ്ടും വിഭജിച്ചാൽ വിഭജിക്കാൻ പാടില്ലാത്ത അവസ്ഥയിൽ എത്തിചേരും . അങ്ങനെ അവശേഷിക്കുന്ന സൂക്ഷമമായ ആ തരിയുടെ അംശത്തെ സങ്കൽപ്പത്തിൽ വിഭജിക്കുവാൻ കഴിയുന്നു. അങ്ങനെ വിഭജിക്കുമ്പോൾ ആ വസ്തു ഇല്ലാതായി തീരുകയും ശക്തിമാത്രമായി അവശേഷിക്കുകയും ചെയ്യും. ഇതിൽ നിന്നും വസ്തു മായയും , ശക്തി സത്യവുമണെന്ന് അറിയാൻ കഴിയും. ഈ ശക്തി തന്നെയാണ് ഈശ്വരൻ. മായയുടെ പഞ്ചഭൂതങ്ങളാകുന്ന സാന്നിദ്ധ്യം കൊണ്ട് സത്യമറിയാൻ കഴിയാതെ പോകുന്നു
സുഖന്വേഷണം
ആനന്ദമാണ് ഓരോ ജീവജാലങ്ങളും തേടിക്കൊണ്ടിരിക്കുന്നത്. അഥവാ ചിത്തത്തെ / മനസ്സിനെ വിനോദിപ്പിക്കനുള്ള മാർഗ്ഗമാണ് എല്ലാവരും,അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ഓരോരുത്തരം കർമ്മം ചെയ്യുന്നു. ധനമാണ് / സമ്പത്താണ് സന്തോഷം പ്രദാനം ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാൽ പലരും അതു നേടുന്നതിനായി നെട്ടോട്ടമോടുന്നു. ധനം ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുന്നു ആഗ്രഹങ്ങൾ എന്തുമാവം അധികാരം സമ്പാദ്യം , സ്ത്രി, ബഹുമതികൾ. ഇങ്ങനെ എന്തിലും അമിതമായി ആസക്തനാകുമ്പോൾ ഉത്തമമായ മനുഷ്യജന്മം അനുത്തമമായ നിഷാദജന്മമായി പരിണമിക്കുന്നു. മനുഷ്യന്റെ ധനാഗമതൃഷ്ണകൾക്ക് അറുതിയില്ല. കഠോപനിഷത്ത് ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
"ന വിത്തേന തർപ്പണീയോ മനുഷ്യ"
- മനുഷ്യൻ സമ്പത്തുകൊണ്ട് തൃപ്തനാവുകയില്ല - കിട്ടുന്തോറും വീണ്ടും വീണ്ടുമെന്ന ചിന്ത മനസ്സിനെ തെറ്റികളിൽ നിന്നും തെറ്റുകളിലേക്ക് നയിക്കുന്നു. പൂന്താനം ജ്ഞാനപാനയിൽ വിവരിക്കുന്നു.
'പത്തുകിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും"
പത്തിൽനിന്നും നൂറിലേക്കും നൂറിൽനിന്ന് ആയിരത്തിലേക്കും മനസ്സിനെ ചലിപ്പിക്കുമ്പോൾ ബുദ്ധി അസ്ദ്ബുദ്ധിയാകുന്നു; അത് നശിപ്പിക്കുന്ന ബുദ്ധിയാണ്. - മനസ്സിനെ സത് ബുദ്ധിയിൽ ഉറപ്പിക്കുക. 'ത്രികാലബാദ്ധ്യം സത്' മൂന്ന് കാലങ്ങളിലും ബാധിക്കാത്തത്ത് അഥവാ ഒരു കാലങ്ങളിലും നശിക്കത്തത്, ഉണ്മ എന്നൊക്കെയത്രെ സത് എന്ന പദത്തിനർത്ഥം; അത് സത്യമാണ്, അഖണ്ഡമാണ്, പരിശുദ്ധമാണ്, ആയതിനാൽ ധനതൃഷ്ണയെ വിട്ട് സത്യബുദ്ധിയിൽ മനസ്സിനെ ഉറപ്പിക്കുക.
അസദ് ബുദ്ധിയണ് മനസ്സിനെ മൂഢമാക്കുന്നത്. ക്ലേശങ്ങളീൽ നിന്നും ക്ലേശങ്ങളിലേക്ക് അത് മനസ്സിനെ നയിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരുവനിൽ കാമക്രോധ ജന്യമായ വേഗം അനേകകരണങ്ങളാൽ കൊണ്ടുണ്ടാകാം. മനസ്സിനെ ആനന്ദപ്രദമാക്കാൻ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക . ആഗ്രഹങ്ങളാണ് ദുഃഖങ്ങൾക്ക് കാരണം , ധനം കൊണ്ട് സുഖം നേടമെന്ന് ധരിക്കുന്നത് അബദ്ധമാണ്. ബൃഹദാരണ്യകോപനിഷത്തിൽ യജ്ഞനവൽക്യൻ തന്റെ പത്നിയെ ഉപദേശിക്കുന്നു. " ധനം കൊണ്ട് അമൃതത്വം നേടാനകില്ല" - 'അമ്രതത്വസ്യ നാശാസ്തി വിത്തേന' ശ്രുതകളെല്ലം ഈ തത്ത്വം തന്നെയാണ് മുറുകെപ്പിടിച്ചിരിക്കുന്നത്.
ഈശാവാസ്യോപനിഷത്തിന്റെ ആദ്യമന്ത്രം അവസാനിക്കുന്നത് ' മാ ഗൃധ കസ്യ സ്വിദ്ധനം" എന്നാണ്. മറ്റുള്ളവരുടെ സമ്പത്ത് ആഗ്രഹിക്കരുത് . അങ്ങനെയാകുമ്പോൾ ധനാഗമചിന്തയാണ് ദുഃഖങ്ങക്ക് കാരണമെന്ന് വന്നുചേരുന്നു. . ഒന്നും ആഗ്രഹിക്കതിരുന്നാൽ ഒരാൾക്ക് വിജ്ഞാനം എങ്ങനെയുണ്ടാവും.? , ജിജ്ഞാനസ എങ്ങനെയുണ്ടാവും?, എന്നിങ്ങനെയുള്ള സംശയങ്ങൾ സ്വഭാവീകമായും ഉയർന്നു വന്നേക്കാം,
. അമിതാസക്തി അത്യാഗ്രഹം എന്നൊക്കെ അർത്ഥം. ആഗ്രഹമാകാം ദുരാഗ്രഹഹങ്ങളാണ് പ്രശ്നം. താൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അനുസരിച്ചാണ്. ഫലവും എന്നു ചിന്തിക്കുമ്പോൾ അവിടെ ഫലത്തിനല്ല കർമ്മത്തിനാണ് പ്രാധാന്യം . സത് കർമ്മങ്ങൾ ചെയ്യുമ്പോൾ സത് ഫലവും. ദുഷകർമ്മം ചെയ്യുമ്പോൾ ദുഷ്ഫലവും ലഭിക്കുന്നു.
അതുകൊണ്ട് മനുഷ്യനാൽ ചെയ്യാൻ കഴിയുന്ന സത് കർമ്മങ്ങൾ ചെയ്യുകയും അതിന്റെ ഫലത്തിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുമ്പോളാണ് മനസ്സും ആഹ്ലാദപ്രദമാകുന്നത്. ഉപനിഷത്തുക്കളിൽ പുണ്യകർമ്മങ്ങളെയും പാപകർമ്മങ്ങളെയും പറ്റി പ്രതിപാദനമുണ്ട്.
" പുണ്യോവൈ പുണ്യേന കർമ്മണാ ഭവന്തി പാപഃ പാപേനേതി"
പുണ്യകർമ്മങ്ങളിലൂടെ പുണ്യവും പാപകർമ്മങ്ങളിലൂടെ പാപഫലവും ലഭിക്കുന്നു.. (ബൃഹദാരണ്യകോപനിഷത്ത്).
" മനുഷ്യവർഗ്ഗങ്ങൾ ജനിക്കപ്പെടുന്നത് അവരുടെ നന്മകളുടെ പ്രവർത്തനഫലമായാണ്'. (മത്സ്യപുരാണം). കർമ്മങ്ങൾക്കെല്ലാം ഫലമുണ്ടെന്ന വാദത്തിലേക്കാണ് ഇത്തരം ദർശനങ്ങളെല്ലാം ചെന്നത്തുന്നത്.
സത് കർമ്മങ്ങൾ സദ് ബുദ്ധിയെ ഉണർത്തുന്നു. സദ് ബുദ്ധി സദ് ചിത്തത്തിലേക്ക് നയിക്കുന്നു.സദ്ചിത്തം വൃത്തികളൊടിങ്ങിയ നിശ്ചലാവസ്ഥയെ /പരമപദത്തെ പുൽകാൻ സഹായിക്കുന്നു.
" . അതിനു വേണ്ടത് നിഷ്കാമമായ കർമ്മമാണ്. ഫലത്തിൽ ആസക്തിയില്ലാതെ കർമ്മം ചെയ്യുക.(ഭഗവദ്ഗീത). അഥവാ കർമ്മത്തിൽ മാത്രമേ അധികാരമുള്ളൂ" . എല്ലാകർമ്മങ്ങൾക്കും ഫലമുണ്ട് , ഇച്ചിക്കതെ തന്നെ സദ്കർമ്മം ചെയ്താൽ സദ്ഫലം ലഭിക്കുന്നു. അതിനാൽ സദ്കർമ്മങ്ങൾ ചെയ്യുകയും തത് ഫലം കൊണ്ട് തൃപ്തനായി മനസ്സിനെ ആനന്ദപ്രദമാക്കുകയും ചെയുക. അതിനാൽ .......ഫലാസക്തിയില്ലാതെ ....... ചിത്തത്തെ..... ആനന്ദിപ്പിക്കുക........ ആനന്ദിക്കുക
ലോകത്തിൽ പലതരത്തിൽപ്പെട്ട എൺപത്തിനാലു ലക്ഷത്തോളം ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തിൽ വിവരിച്ചിരിക്കുന്നത്. മനുഷ്യരെ കൂടാതെ പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും ചെടികളും എല്ലാം ഇതിൽപ്പെടുന്നു. ഇവയിൽ ഏറ്റവും താണപടിയിലുള്ള ജീവികളാണ് വൃക്ഷങ്ങളും ചെടികളും. ആകൃതിയിലും, പ്രകൃതിയിലും ഇവ തമ്മിൽ പല വ്യത്യാസങ്ങളുണ്ട്. കാലവസ്ഥക്കും പരിതഃസ്ഥിതികൾക്കുമനുസരിച്ച് നിലനിൽപ്പിനുവേണ്ടിയുള്ള ജീവികളുടെ അദമ്യമായ ആഗ്രഹമനുസരിച്ച് തലമുറകളിൽ കൂടി രൂപാന്തരം പ്രാപിച്ചതുകൊണ്ടാണ് ജീവികൾ പലതരത്തിലുള്ളവയാകുവാൻ കാരണമായ എന്നു കരുതപ്പെടുന്നു. ഇതിൽ നിന്നു തന്നെ ഏതു ജീവിയായാലും അതിന്റെ ആഗ്രഹമനുസരിച്ച് കാലാന്തരത്തിൽ മാറ്റമുണ്ടാകുമെന്ന് മനസ്സിലാക്കാം.
വൃക്ഷങ്ങൾക്കും ചെടികൾക്കും ഒരു പൊതുസ്വഭാവമുണ്ട്. ദ്രാവരൂപത്തിലുള്ള ഭക്ഷണംവലിച്ചെടുത്ത് വളരുക. എന്നതിൽ കവിഞ്ഞ് അറിവൊന്നുമവയ്ക്കില്ല. അവ്യക്തമായ ഒരു ജീവചൈതന്യമാണ് അവയിൽ പ്രവർത്തിക്കുന്നത് . ഇഷ്ടപ്പെട്ട പദാർത്ഥം മണത്തറിയുന്നു. ദുഃഖത്തെയും സുഖത്തെയും പറ്റിയുള്ള ധാരണ പെട്ടന്ന് ഇല്ലാതാവുന്നു. ഇവയൊക്കെയാണ് ഇവയുടെ സാമന്യധർമ്മം. എന്നാൽ ഇതിനെക്കാൾ ഏറെ ഉയർന്ന തരത്തിലുള്ള ജീവിയാണ് മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതര ജന്തുക്കൾ എങ്ങനെ ജീവിച്ചിരുന്നോ അതിൽ നിന്നും വ്യത്യസ്തമായി ജീവിക്കാൻ അവക്ക് കഴിയുന്നില്ല. നൈസർഗ്ഗികമായ ജീവിതത്തിൽ നിന്നും വ്യതിചലിക്കുവാനുള്ള കഴിവ് അവക്കില്ല. തന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും വർദ്ധിപ്പികുവാനും മനുഷ്യന് കഴിയുന്നു. മനുഷ്യനില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതു പോലയാകുമായിരുന്നില്ല. പ്രാകൃതാവസ്ഥയിൽ നിന്നും പുരോഗമിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ വഴി അത്യന്താധുനിക സൗകര്യങ്ങളിൽ അവൻ എത്തിചേർന്നിരിക്കുന്നു. ജീവിതം സംതൃപ്തമാക്കാൻ പുതിയ വ്യവസ്ഥിതികൾ അവൻ സൃഷ്ടിച്ചിരിക്കുന്നു. ബാഹ്യമായി ഇങ്ങനെ പല മാറ്റങ്ങൾ വന്നുചേർന്നങ്കിലും പണ്ടത്തെ പ്രാകൃതമനുഷ്യനിൽ നിന്നും ആന്തരികമായി അവൻ വ്യത്യസ്ഥനാണോ? . പണ്ടത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അനുഭവിച്ചിരുന്നു, ദുഃഖം അവനെ വിട്ടു പിരിഞ്ഞീട്ടില്ല. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ പുതിയ ദുഃഖങ്ങൾ ഉണ്ടാക്കുന്നു.
ആഹാരം നിഹാരം നിദ്ര മൈഥുനം എന്നിവ സകലജീവികളുടെയും അടിസ്ഥനപരമായ വൃത്തിയാണ്. ഒരു പരിധി വരെ നിയന്ത്രിക്കുന്നു എന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാൻ മനുഷ്യനും കഴിയുന്നില്ല. സുഖത്തിനു വേണ്ടി ഈ ആവിശ്യങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് മനുഷ്യൻ. ഈ ആവർത്തന വലയങ്ങൾക്കുള്ളിൽ ഒതുങ്ങുക എന്നതാണോ ജീവിതലഷ്യം. അങ്ങനെയെങ്കിൽ അതു മൃഗങ്ങൾക്കും കഴിയുന്നുണ്ടെങ്കിലും. ഈ അവസരങ്ങളിൽ സകല ജീവികളിലും ഉള്ള അനുഭൂതിക്ക് മറ്റമെന്നുമില്ല.
മനുഷ്യനുൾപ്പെടെയുള്ള സകല ജീവികളും സദാ സുഖത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയുമുള്ള എല്ല പ്രവർത്തനങ്ങളും സുഖത്തിനുവേണ്ടിയാണ്. നിരന്തരമായ സുഖാന്വേഷണമാണ് ജീവിതം . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം. സ്വന്തം സുഖത്തിനല്ലാതെ അവൻ പലതും പ്രവർത്തിക്കുന്നിലേ എന്നു സംശയം തോന്നാം. ഉദാഹരണത്തിനു ഒരമ്മ സ്വന്തം മക്കൾക്കു വേണ്ടി എന്തല്ലാം തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നു ത്യാഗങ്ങൾ സഹിക്കുന്നു. മഹാന്മാരായിട്ടുള്ളവർ ലോകനന്മക്ക് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു. സൂക്ഷ്മമായി ചിന്തിച്ചാൽ ഇതും അവരുടെ സുഖത്തിനുവേണ്ടി തന്നെയാണെന്നു മനസ്സിലാക്കാം . മക്കൾക്ക് വേണ്ടി കഷ്ട്പ്പാട് അനുഭവിച്ചിലെങ്കിൽ അമ്മക്ക് ദുഃഖമുണ്ടാകുന്നു. ലോകനന്മക്ക് വേണ്ടി ത്യാഗമനുഭവിച്ചിലെങ്കിൽ മഹാന്മാർക്ക് ദുഃഖമുണ്ടാകുന്നു. നാം കരയുന്നതുപോലും സ്വന്തം സുഖത്തിനു വേണ്ടിയാണ്. കരയുമ്പോൾ നമുക്ക് ആശ്വാസം കിട്ടുന്നു. ഇങ്ങനെ ബോധപൂർവ്വമോ അബോധാപൂർവ്വമോ ആയ സകല പ്രവർത്തനങ്ങളും സുഖത്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാം
വളരെ ചിന്തനീയമായ വരികൾ, ആശംസകൾ. ഭഗവതജ്യോതി ചന്ദ്രകുമാർ അകനാട്.
ReplyDelete