Thursday, 21 November 2019

റാണി പത്മിനി (പത്മാവതി)

പതിമൂന്നാം നൂറ്റാണ്ടിൻറ ഉത്തരാർദ്ധം..ഇന്ത്യാ ഉപഭൂഖണ്ഡം ചില നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.ഡൽഹിയുടെ സിംഹാസനം രജപുത്രർക്ക് നഷ്ടമായിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല.അധികാരം തിരിച്ചുപിടിക്കാൻ അവർ അതിയായി ആഗ്രഹിച്ചു.അതേ സമയം മറുഭാഗത്ത് സുൽത്താൻമാരും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഡൽഹി നഷ്ടമായെങ്കിലും ശക്തമായ പല രജപുത്ര രാജ്യങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.അതിലൊന്നായിരുന്നു മേവാർ. രൺഥംഭോർ,ജയ്സാൽമിർ,മാൾവ,ജാലർ തുടങ്ങിയവയും രജപുത്താനയിലെ പ്രബല രാജ്യങ്ങളായിരുന്നു. മേവാറിൻറ തലസ്ഥാന നഗരിയാണ് ചിത്തോർ,ശക്തമായ കോട്ടയാൽ ചുറ്റപ്പെട്ട നഗരം..മേവാറിൻറ ഭരണാധികാരം അന്ന് ധീരനും കുലീനനുമായ രാജാ രത്തൻ സിംഹിൻറ കരങ്ങളിലായിരുന്നു.

അതിനിടെയാണ്,സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയം വരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കെല്ലാം ലഭിക്കുന്നത്. പത്മാവതിയുടെ അസാധാരണ സൗന്ദര്യത്തെകുറിച്ചും ഗുണഗണങ്ങളെ കുറിച്ചുമുള്ള കഥകൾ മുൻപുതന്നെ ഭാരതവർഷത്തിലെ രാജാക്കൻമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഗന്ധർവ്വസേന എന്ന സിംഹള രാജാവിൻറ(ശ്രീലങ്ക)പുത്രിയായിരുന്നു പത്മാവതി അഥവാ പത്മിനി.അലൗകിക സൗന്ദര്യവും ഗുണഗണങ്ങളുമുള്ള പത്മാവതിയെ ആർക്കെങ്കിലും കെട്ടിച്ചുകൊടുക്കാൻ ഗന്ധർവ്വസേനൻ ഒരുക്കമല്ലായിരുന്നു.യോഗ്യനായ ഒരു രാജാവിനെ തന്നെ ലഭിക്കുന്നതിനായി അദ്ദേഹം ഒരു സ്വയംവരം തന്നെ ഏർപ്പാടാക്കി.

സ്വയം വരത്തിനുള്ള ക്ഷണം ചിത്തോറിലെ രത്തൻ സെൻ അടക്കമുള്ള രജപുത്ര രാജാക്കൻമാർക്കും ലഭിച്ചിരുന്നു.സ്വയം വരത്തിനെത്തിയ രത്തൻസെൻ യോഗ്യതാമത്സരത്തിൽ വിജയിയായി.അങ്ങിനെ ഭൂലോക സുന്ദരിയായ പത്മാവതി രത്തൻ സിംഹിനെ തന്നെ വരണമാല്യം ചാർത്തി. സിംഹളരാജകുമാരിയുമായി റാണാ മേവാറിലേക്കു പുറപ്പെട്ടു.തൻറ പ്രിയപ്പെട്ട തത്തയായ ഹിരാമണിയെയും പദ്മാവതി ഒപ്പം കൂട്ടിയിരുന്നു. പത്മിനി എന്ന പേരിൽ പത്മാവതി ചിത്തോറിലെ മഹാറാണിയായി വിരാജിച്ചു.

റാണാ രത്തൻ സെൻ കലകളുടെയും കലാകാരൻമാരുടെയും നല്ലൊരു പ്രോൽസാഹകൻ കൂടിയായിരുന്നു.പ്രസിദ്ധരായ പല കലാകാരൻമാരും അദ്ദേഹത്തിൻറ സദസ്സിലുണ്ടായിരുന്നു.അതിലൊരാളായിരുന്നു രാഘവ് ചേതൻ എന്ന സംഗീതജ്ഞൻ.അതിനിടെ ഈ രാഘവ് ചേതന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നു.തൻറ എതിരാളികൾക്കെതിരെ ഇയാൾ ദുർമന്ത്ര പ്രയോഗങ്ങൾ നടത്തുന്നതായി ആരോപിക്കപ്പെടുകയും അത്തരമൊരു സാഹചര്യത്തിൽ പിടിക്കപ്പെടുകയും ചെയ്തു.സംഗതി ആകെ പുകിലായി;വിവരമറിഞ്ഞ രത്തൻ സിംഹ് കോപാകുലനായി..രാഘവ് ചേതനെ ശിക്ഷിക്കുകയും ചെയ്തു.മുഖത്ത് കറുത്ത ചായം തേച്ച് ചേതനെ കഴുതപ്പുറത്ത് കയറ്റി നടത്തിക്കലായിരുന്നു ശിക്ഷ.

സംഭവത്തിനു ശേഷം ചേതന് രത്തൻ സിംഹിനോട് ഒടുങ്ങാത്ത വിരോധം ഉണ്ടായി.എങ്ങിനെയെങ്കിലും പ്രതികാരം ചെയ്യണമെന്ന ചിന്ത തന്നെയായി അയാൾക്ക്.അങ്ങിനെയിരിക്കെ പ്രതികാരം ചെയ്യാൻ എന്തോ വഴി കണ്ടെത്തിയ അയാൾ നേരെ ഡൽഹിക്കു വച്ചുപിടിച്ചു.എങ്ങിനെയെങ്കിലും സുൽത്താനെ പാട്ടിലാക്കി ചിത്തോർ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.സുൽത്താനെന്നാൽ സാക്ഷാൽ അലാവുദ്ദീൻ ഖിൽജിയെ.

ഇന്ത്യ കണ്ട ഏറ്റവും ശക്തരും അതേ സമയം സ്വേച്ഛാധിപതികളുമായ ഭരണകർത്താക്കളിലൊരാളായിരുന്നു അലാവുദ്ദീൻ ഖിൽജി.ഇദ്ദേഹത്തിൻറ കരുത്തുറ്റ ഭരണനേതൃത്വം ഉള്ളതിനാൽ മംഗോളിയൻ ആക്രമണകാരികളെ തടുത്തുനിർത്താൻ കഴിഞ്ഞതായി അഭിപ്രായമുണ്ട്. അടിമവംശത്തെ തുടർന്ന് 1290 ൽ ജലാലുദ്ദീൻ ഖിൽജി ഡൽഹിയുടെ ഭരണാധികാരിയായി. തൻറ അനന്തിരവനായ അലാവുദ്ദീനെ ജലാലുദ്ദീൻ കാരായുടെ ഗവർണ്ണറായി നിയമിച്ചിരുന്നു.സ്ഥാനമോഹിയും കൗശലക്കാരനുമായ അലാവുദ്ദീൻ സ്വന്തം നിലയിൽ സൈനികശേഖരണം നടത്തി ചുറ്റുമുള്ള പലരാജ്യങ്ങളും ആക്രമിച്ച് ധനസമാഹരണം നടത്തി. സമ്പന്നമായ ദേവഗിരിയും ആക്രമിച്ചവയിൽ പെടും. തുടർന്ന് സുൽത്താൻറ സമ്മതമില്ലാതെ ദേവഗിരി ആക്രമിച്ചതിൽ ഭയന്ന് അലാവുദ്ദീൻ കഴിഞ്ഞുകൂടുകയാണെന്നും, കൊള്ളമുതൽ വന്നു സ്വീകരിച്ച് മാപ്പുകൊടുക്കണമെന്നും ഒരു വ്യാജ സന്ദേശം ജലാലുദ്ദീനായി കൊടുത്തു വിടുകയും ചെയ്തു. സൗമ്യനായ ജലാലുദ്ദീൻ ഇതെല്ലാം അപ്പാടെ വിശ്വസിക്കുകയും അലാവുദ്ദീനെ കാണാനായി പുറപ്പെടുകയും ചെയ്തു. ഒരു തോണിയിൽ ഗംഗാനദി കടന്നു വരികയായിരുന്ന ജലാലുദ്ദീനെ അലാവുദ്ദീൻറ അനുയായികൾ സൂത്രത്തിൽ നിരായുധനാക്കി.കരയ്ക്കിറങ്ങിയ ജലാലുദ്ദീനെ അലാവുദ്ദീൻറ പദ്ധതി പ്രകാരം അനുയായികൾ വെട്ടി വീഴ്ത്തി. തല ഒരു കുന്തത്തിൽ കോർത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് AD 1296 ൽ ഡൽഹി പിടിച്ചെടുക്കുകയും ജലാലുദ്ദീൻറ പുത്രൻമാരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു.

പിന്നീട് ഗുജറാത്ത് ഉൾപ്പെടെ പല സ്ഥലങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു.അലക്സാണ്ടറിനെ പോലെ ലോകം കീഴടക്കലാണ് തൻറ ഉദ്ദേശ്യമെന്ന് വെളിപ്പെടുത്തിയ അലാവുദ്ദീനെ അനുയായികൾ പിന്തിരിപ്പിച്ചു.ഇന്ത്യയിൽ തന്നെ ധാരാളം പ്രദേശങ്ങൾ ഇനിയും കീഴടക്കാനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.തുടർന്ന് അതിനുള്ള ശ്രമമായി.. 'പ്രതികാര ചിന്തയുമായി ദില്ലിയിലേക്കു തിരിച്ച രാഘവ് ചേതൻ സുൽത്താൻറ പ്രീതി സമ്പാദിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു.അയാൾ ദില്ലിയുടെ സമീപത്തുള്ള ഒരു വനപ്രദേശത്ത് നിലയുറപ്പിച്ചു.അവിടേക്ക് സുൽത്താൻ ഇടക്കിടെ നായാട്ടിനായി വരാറുണ്ടായിരുന്നു.അങ്ങിനെ ഒരു ദിവസം സുൽത്താനും സംഘവും നായാട്ടിനായി ആ വഴി വരുമ്പോൾ രാഘവ് ചേതൻ സമീപ പ്രദേശത്തിരുന്ന് മനോഹരമായ രാഗത്തിൽ പുല്ലാങ്കുഴൽ വായന തുടങ്ങി.ആരാണീ വനപ്രാന്തത്തിലിരുന്ന് ഇത്ര മനോഹരമായി പുല്ലാങ്ങുഴലൂതുന്നതെന്ന് സുൽത്താനും സംഘവും ആശ്ചര്യപ്പെട്ടു.അലാവുദ്ദീൻറ ആജ്ഞ പ്രകാരം അയാളെ ഉടൻ തന്നെ മുന്നിലെത്തിച്ചു.അയോളോട് തൻറ സദസ്സിലേക്ക് വരാൻ സുൽത്താൻ നിർദ്ദേശിച്ചു.അപ്പോൾ രാഘവ് ചേതൻ മറുപടി പറഞ്ഞു." എന്നെപ്പോലുള്ള ഒരു സാധാരണ പാട്ടുകാരനെ കൊണ്ട് അങ്ങേക്ക് എന്ത് പ്രയോജനം.വിലപ്പെട്ട എന്തൊക്കെ വസ്തുക്കൾ വേറെ കിടക്കുന്നു" എന്ന്.

വിചിത്രമായ ഈ മറുപടികേട്ട് കാര്യങ്ങള്‍ തെളിച്ചു പറയാന്‍ അലാവുദ്ദീൻ അയാളോട് ആവശ്യപ്പെട്ടു. തേടിയ വള്ളി കാലിൽ ചുറ്റിയതായി' ചേതന്ന് തോന്നി.അയാൾ ചിത്തോറിനെ കുറിച്ചും അവിടുത്തെ റാണി പത്മിനിയുടെ അസാമാന്യ സൗന്ദര്യത്തെ കുറിച്ചുമെല്ലാം പൊടിപ്പും തൊങ്ങലും വച്ച് സുൽത്താന് വിവരിച്ചുകൊടുത്തു. അതുകേട്ട് അലാവുദ്ദീന് പത്മിനിയെ ഉടൻ സ്വന്തമാക്കണമെന്ന് തോന്നി. രാജധാനിയിൽ തിരിച്ചെത്തിയ ഖിൽജി ഉടൻ തന്നെ ചിത്തോറിനു നേരെ പട നയിച്ചു.സൈന്യവുമായി മേവാറിൻറ തലസ്ഥാനത്തെത്തിയ അലാവുദ്ദീൻ അമ്പരന്നുപോയി,വാനം മുട്ടെനിൽക്കുന്ന ചിത്തോർ കോട്ട കണ്ടിട്ട്.

എത്ര ശ്രമിച്ചിട്ടും കോട്ടയ്ക്കകത്തു കടക്കാൻ ഖിൽജിക്ക് കഴിഞ്ഞില്ല.നിരാശനായ സുൽത്താൻ പത്മിനിയെ ഒരു സഹോദരിയെന്ന നിലയിൽ ഒന്നു കാണാൻ അനുവദിക്കുന്ന പക്ഷം ഉപരോധം അവസാനിപ്പിച്ച് തിരിച്ചു പോയ്ക്കൊള്ളുമെന്നൊരു സന്ദേശം റാണായ്ക്ക് കൊടുത്തു വിട്ടു.

റാണാ ധർമ്മ സങ്കടത്തിലായി. രജപുത്രരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയോ?.മരണത്തെക്കാൾ ഭയാനകമായിരുന്നു രജപുത്രർക്ക് അഭിമാനക്ഷതം.എങ്കിലും രാജ്യരക്ഷയെകരുതി അവർ ഒരു തീരുമാനത്തിലെത്തി.പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കുക.. പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദർശിച്ച അലാവുദ്ദീൻ അദ്ഭുതസ്തബ്ദനായി.എങ്ങിനെയെങ്കിലും രാജ്ജിയെ സ്വന്തമാക്കണമെന്ന് സുൽത്താനു തോന്നി..ഏതായാലും അലാവുദ്ദീൻ തിരിച്ചുപോവാൻ തുടങ്ങി.തിരികെ പോകുന്ന സുൽത്താനെ യാത്രയാക്കാനായി രത്തൻ സിംഹ് കുറച്ചുദൂരം അനുഗമിച്ചിരുന്നു.അലാവുദീൻ ഇതൊരവസരമായി കണ്ടു.പെട്ടെന്ന് രത്തൻ സിംഹ് ബന്ധനസ്ഥനായി.കുറച്ചകലെയുള്ള ഖിൽജിയുടെ കൂടാരത്തിലെത്തിച്ച് അവിടെ തടങ്കലിലാക്കി.റാണായെ വിടണമെങ്കിൽ പത്മിനിയെ വിട്ടുകിട്ടണമെന്ന ഒരുപാധിയും ഖിൽജി മുന്നോട്ട് വെച്ചു.

രജപുത്രർ അത്യന്തം അപമാനിതരായി.റാണി പത്മിനിയും സേനാധിപൻമാരും കൂടിയാലോചന നടത്തി.അടുത്ത ദിവസം തന്നെ പത്മിനിയെ അലാവുദ്ദീൻറ മുൻപിലെത്തിക്കാമെന്ന് അവർ സന്ദേശമയച്ചു.

പിറ്റെ ദിവസം അതിരാവിലെ 150 ഓളം പല്ലക്കുകൾ ചിത്തോറിൽ നിന്നും അലാവുദ്ദീൻറ ക്യാംപിനെ ലക്ഷ്യമാക്കി നീങ്ങി.അവ അലാവുദ്ദീൻറ ക്യാംപിനുമുൻപാകെ എത്തിനിന്നു.ബന്ധനസ്ഥനായ റാണാ രത്തൻസിംഹും ആ കാഴ്ച കണ്ടു;റാണി പത്മിനിയും അവരുടെ പരിചാരികമാരും പല്ലക്കുകളിലായി വരുന്ന കാഴ്ച...അപമാന ഭാരത്താൽ റാണായുടെ ശിരസ്സു താഴ്ന്നു.എന്നാൽ അവയെല്ലാം സ്തീ വേഷം കെട്ടിയ രജപുത്ര യോദ്ധാക്കളാണെന്ന് വൈകാതെ അദ്ദേഹത്തിനു മനസ്സിലായി.കൂടാതെ ഓരോ പല്ലക്കും ചുമന്നുകൊണ്ടിരുന്ന നാൽവർ സംഘങ്ങളും..(പത്മിനി യഥാർത്ഥത്തിൽ ഇതിലുണ്ടായിരുന്നെന്നും ഇല്ലെന്നും കഥകളുണ്ട്).

സേനാധിപൻമാരായ ഗോറയും ബാദലും ആ സംഘത്തിലുണ്ടായിരുന്നു.ഖിൽജിയുടെ സൈന്യം യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു മുൻപുതന്നെ ഗോറയുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് മിന്നലാക്രമണം അഴിച്ചുവിട്ടു.ആ സമയം ബാദലും സംഘവും റാണായെ മോചിതനാക്കി.കുറച്ചു ദൂരെ തയ്യാറാക്കി നിർത്തിയ കുതിരപ്പുറത്ത് റാണായെ കയറ്റി ആ സംഘം മിന്നൽ വേഗത്തിൽ ചിത്തോറിലേക്കു കുതിച്ചു.

സംഭവസ്ഥിതി മനസ്സിലാക്കിയ അലാവുദ്ദീൻ കോപം കൊണ്ടു ജ്വലിച്ചു.ചിത്തോറിനെതിരെ ആഞ്ഞടിക്കാൻ അദ്ദേഹം ഉത്തരവിട്ടു. സുൽത്താൻറ വമ്പിച്ച സൈന്യം ചിത്തോറിലേക്കു നീങ്ങി.എന്നാൽ ചിത്തോർ കോട്ട ഭേദിക്കാൻ ഒരുതരത്തിലും കഴിഞ്ഞില്ല.കോട്ട ഉപരോധിക്കാൻ ഖിൽജി ഉത്തരവിട്ടു.അതൊരു നീണ്ട ഉപരോധമായിരുന്നു.കോട്ടയിലുള്ളവർക്കു പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പിടിച്ചുനിൽക്കാൻ രജപുത്രർ പാടുപെടാൻ തുടങ്ങി.അവശ്യ വസ്തുക്കളെല്ലാം തീർന്നുകൊണ്ടിരുന്നു.

ഒടുവിൽ രാജാ രത്തൻ സിംഹ് ഉത്തരവിട്ടു;കോട്ടവാതിൽ തുറന്ന് ശത്രുവിനെതിരെ മരണം വരെ പോരാടാൻ. ഇതറിഞ്ഞ റാണി പത്മിനിയും രജപുത്ര സ്ത്രീകളും ഒരു മഹാ ത്യാഗത്തിനു തയ്യാറെടുത്തുകൊണ്ടിരുന്നു.അവർക്കറിയാമായിരുന്നു,കടൽ പോലുള്ള സുൽത്താൻറ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കുക എന്നത് അവശരായ രജപുത്രർക്ക് അസാധ്യമായിരിക്കുമെന്ന്..അവർക്ക് മുന്നിൽ രണ്ട് മാർഗ്ഗമാണുണ്ടായിരുന്നത്-ഒന്നുകിൽ രജപുത്രരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് ജീവൻ ത്യജിക്കുക.അല്ലെങ്കിൽ ശത്രുക്കൾക്ക് പിടികൊടുക്കുക.രണ്ടാമത്തെ മാർഗ്ഗം കുലീനരായ അവർക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു.

കോട്ടയ്ക്കുള്ളിൽ വിശാലമായ അഗ്നികുണ്ഡങ്ങൾ ഒരുക്കപ്പെട്ടുകൊണ്ടിരുന്നു.വേദമന്ത്രങ്ങൾ മുഴങ്ങി.അഗ്നികുണ്ഡങ്ങളിൽ തീ ആളിക്കത്താൻ തുടങ്ങി.മേവാർ റാണി പത്മിനിയും ആയിരത്തിലേറെ വരുന്ന രജപുത്ര സ്ത്രീകളും തങ്ങളുടെ പ്രിയപ്പെട്ടവരോടെല്ലാം വിട പറഞ്ഞു.അത്യന്തം ദുഃഖകരമായ ആ മുഹൂർത്തത്തിൽ അവരെല്ലാം അഗ്നികുണ്ഡത്തിനടുത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.അഗ്നികുണ്ഡങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവർ അന്തിമ പ്രാർത്ഥനകൾ നടത്തി.തുടർന്ന് നടുക്കമുണ്ടാക്കുന്ന ആ ചടങ്ങുകളിലേക്കു നീങ്ങി.

റാണി പത്മിനി ആളിക്കത്തുന്ന ആ അഗ്നികുണ്ഡത്തിലേക്ക് എടുത്തു ചാടി.അവരുടെ അലൗകിക സൗന്ദര്യത്തെ അഗ്നിനാളങ്ങൾ ഏറ്റു വാങ്ങി..പിന്നാലെ നൂറുകണക്കിനു വരുന്ന രജപുത്ര സ്ത്രീകളും ജൗഹർ അഥവാ കൂട്ട സതി അനുഷ്ടിച്ചു.അവരെയെല്ലാം വെറും ഓർമ്മകളാക്കിമാറ്റിക്കൊണ്ട് അഗ്നികുണ്ഡങ്ങൾ എരിഞ്ഞടങ്ങി.എന്നാൽ അവരുടെ ജ്വലിക്കുന്ന അഭിമാനത്തെ കെടുത്താൻ ആർക്കും സാധിച്ചില്ലെന്നുമാത്രം.

സമയം അമാന്തിച്ചില്ല.രജപുത്രർ അന്തിമ പോരാട്ടത്തിനൊരുങ്ങി.ചിത്തോർകോട്ടയുടെ കവാടം മലർക്കെ തുറക്കപ്പെട്ടു.അതിലൂടെ പ്രളയ ജലം കണക്കെ രജപുത്രർ ഇരച്ചു വന്നു.അവർ ദില്ലി സൈന്യത്തിനുമേൽ ചാടിവീണു.അതിഘോരമായ യുദ്ധം തന്നെ പിന്നീടു നടന്നു.ശത്രു സൈന്യത്തിനു വലിയ പ്രഹരമേൽപ്പിക്കാൻ തന്നെ രജപുത്രർക്കു കഴിഞ്ഞു.എങ്കിലും കടൽപോലുള്ള സുൽത്താൻറ സൈന്യത്തിനു മുന്നിൽ അവർക്കെല്ലാം വീരമൃത്യു വരിക്കേണ്ടി വന്നു.മുപ്പത്തിയാറോളം വരുന്ന രജപുത്ര ഗോത്രങ്ങളിൽ ഏറ്റവും കുലീനരായി കണക്കാക്കപ്പെടുന്നവരും പുരാതന സൂര്യവംശ ക്ഷത്രിയരുടെ പാരമ്പര്യം അവകാശപ്പെടുന്നവരുമായ മേവാർ രജപുത്രർ അങ്ങിനെ അന്നൊരു വീരേതിഹസം തന്നെ രചിച്ചു.

ഒടുവിൽ സുൽത്താൻറ സൈന്യം ചിത്തോർ കോട്ടയിലേക്ക് ഇരച്ചു കയറി.അവിടെ പക്ഷേ പത്മിനിയോ രജപുത്രസ്ത്രീകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പകരം ഒരുപിടി ചാരക്കൂമ്പാരം മാത്രം അവശേഷിച്ചിരുന്നു...

No comments:

Post a Comment