പൂന്താനത്തിന്റെ ഭക്‌തി
ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ് പുത്ര ദുഃഖത്തിന് കാരണമെന്ന് ഭഗവാന്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.
അനുഭവിക്കാനുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ് അദ്ദേഹം ഭഗവദ് പാദങ്ങളില്‍ സായൂജ്യമടഞ്ഞത്.
പൂന്താനത്തിന്റെ അന്തര്‍ജ്‌ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ് തികയുന്നതിന് മുമ്പ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജ്‌ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ് അന്തര്‍ജ്‌ജനം വീണ്ടും ഗര്‍ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ് ആകുന്നതിന് മുമ്പ് ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജ്‌ജനം പുത്രദുഃഖത്താല്‍ വിവശയായി.
ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു.
''കര്‍മ്മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം.''
തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?''.
ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
''പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.''
ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യംകൊണ്ടും ആഹ്‌ളാദവാനായി.
പുത്രദുഃഖം മറന്ന് പൂന്താനം വീണ്ടും കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി.
''ജ്‌ഞാനപ്പാന''യുടെ രചന തുടങ്ങിയത് ഈ സന്ദര്‍ഭത്തിലായിരുന്നു. പിന്നീട് സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം കീര്‍ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം തന്റെ ആഗ്രഹം പൂന്താനത്തിനോട് പറഞ്ഞു: നമ്മുടെ ഇല്ലത്ത് അങ്ങ് 'ഭാഗവത പാരായണം' നടത്തണം. ഈ ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം നടത്താന്‍ പൂന്താനം ഒന്ന് മടിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. ദിവസവും പാരായണം കഴിഞ്ഞാല്‍ സദസ്യര്‍ക്ക് അന്നദാനം നടത്തണം.
പൂന്താനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തര്‍ജ്‌ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം നടത്തിത്തരും.'' അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച് പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹവായന കേള്‍ക്കാന്‍ ദേശക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട് അവര്‍ നിര്‍വൃതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും ആഹാരം വിളമ്പാന്‍ അന്തര്‍ജ്‌ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. അന്തര്‍ജ്‌ജനത്തെ അന്വേഷിച്ച് അദ്ദേഹം പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം വിളിച്ചു.
നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജ്‌ജനം പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.''
അന്തര്‍ജ്‌ജനം പറയുന്നതുകേട്ട് പൂന്താനം ഭഗവാന് മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.''
ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് വായന കേള്‍ക്കാനെത്തിയ ഒരു നമ്പൂതിരി വന്നു.
''പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട് ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍ പൂന്താനവും അന്തര്‍ജ്‌ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി.
വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്‍പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ സദ്യ കേമമായി നടന്നു. പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു: ''പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.''
കാലം കടന്നുപോയി. പൂന്താനത്തിന് സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ പൂന്താനം വളരെക്കാലം ജീവിച്ചു. ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പല്‍സമൃദ്ധമായിത്തന്നെ ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.പരമഭക്തനായ പൂന്താനം....!!!
ഭഗവാന്‍ തന്നെ സ്വര്‍ണ്ണരഥവുമായ് വന്ന് പൂന്താനത്തെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം ഭക്‌തിക്ക് മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന് പൂന്താനം നമ്മെ പഠിപ്പിച്ചു. ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ ജീവിതം ഐശ്വര്യ സമ്പൂര്‍ണ്ണമായിത്തീരും.
പൂന്താനം ഇല്ലം
പെരിന്തല്‍മണ്ണയില്‍ നിന്ന് നിലമ്പൂര്‍ പോകുന്ന വഴിയില്‍ കീഴാറ്റൂര്‍ എന്ന സ്ഥലത്താണ് പൂന്താനം ഇല്ലം. അവിടെ എത്തുന്നതിനു വളരെ മുമ്പേ വഴിയരികില്‍ 'പൂന്താനം ഇല്ലം' എന്ന കറുത്ത ബോര്‍ഡുകള്‍ കാണാം. വീതി അല്‍പ്പം കുറവാണെങ്കിലും തിരക്ക് കുറഞ്ഞവഴി. റോഡിനോടു ചേര്‍ന്നുതന്നെയാണ് ഇല്ലം. പടിപ്പുരയില്‍ ബോര്‍ഡുള്ളതിനാല്‍ കാണാതെ പോകാന്‍ പറ്റില്ല. അവകാശികളില്ലാത്തതിനാല്‍ അന്യംനിന്നുപോകുന്ന സ്ഥിതിയിലെത്തിയ പൂന്താനം ഇല്ലം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തു. ഇല്ലം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റമെല്ലാം ടൈല്‍സ്പാകിയിരിക്കുന്നു. ഇല്ലത്തിന്റെ പുറകിലായി കിണറുണ്ട്. ഒരുവശത്തു പഴയപത്തായപ്പുര പുതുക്കി വച്ചിരിക്കുന്നു. അവിടെ നല്ല ഓഡിറ്റോറിയവും ഉണ്ട്. ഇല്ലത്തിന്റെ വാതില്‍ താഴിട്ടുപൂട്ടിയിരിക്കുന്നു. തൊട്ടടുത്തു അരമതില്‍ കെട്ടിയസ്ഥലത്തു നീലക്കാര്‍വര്‍ണ്ണന്റെ പ്രതിമ. അവിടെനിന്നാണ്പൂന്താനം ഉടലോടെ സ്വര്‍ഗത്ത് പോയതെന്ന് ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്. രാവിലെ പതിനൊന്ന് തൊട്ടു ഒന്നര വരെയാണ് പ്രവേശനം. ചെറിയ വാതില്‍ വഴി തലമുട്ടാതെ വേണം ഇല്ലത്തിനകത്തേക്ക് പ്രവേശിക്കുവാന്‍. വെളിച്ചക്കുറവുണ്ട്. നാലുകെട്ട്‌പോലെയുള്ളിടത്തു ചുമരുകളില്‍, ജ്ഞാനപ്പാനയില്‍ നിന്നുള്ള വരികള്‍ ലാമിനേറ്റ്‌ചെയ്ത് തൂക്കിയിട്ടുണ്ട്. പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാംകുന്നിലെ ദേവിയേയും കുടിയിരുത്തിയിരിക്കുന്നു. ഇല്ലം ഏറ്റെടുത്തപ്പോള്‍ അത്അവിടെ നിന്ന് മാറ്റാന്‍ പറ്റില്ല എന്നാണ് പ്രശ്‌നവശാല്‍ കണ്ടത്. നടുമുറ്റത്തോട് ചേര്‍ന്ന്, മുകളില്‍ ചെറിയമാളിക. കയറാന്‍ കുത്തനെയുള്ളകോണി. വീഴാതിരിക്കാന്‍, പിടിക്കാന്‍ ഒരുകയറും. മുകളില്‍ ഇരിക്കാന്‍ ഒരു പലക കട്ടില്‍ പോലെ തൂക്കിയിട്ടിട്ടുണ്ട്. വളരെ ചെറിയമുറികള്‍. ഒരുവശത്ത് കൃഷ്ണവിഗ്രഹം പൂജക്ക് വച്ചതുപോലെ. മുന്‍പില്‍ കുറേപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലവുമുണ്ട്. ഇവിടെ എഴുത്തിനിരുത്താറുണ്ട്. ഇല്ലത്തിന്റെ മുമ്പില്‍ 50 മീറ്റര്‍ മാറി കൃഷ്ണന്റെ അമ്പലമുണ്ട്. ഗുരുവായൂരില്‍ പോകാന്‍ വയ്യാതായപ്പോള്‍ പൂന്താനം ഇവിടെയാണ് പൂജ നടത്തിയിരുന്നത്. പൂന്താനം പൂന്താനം (1547-1640 AD) മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കീഴാറ്റൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനപ്പാനയിലെ പല വരികളും പഴംചൊല്ല് പോലെ മലയാള ഭാഷയില്‍ പ്രചുരപ്രചാരം നേടി. പൂന്താനം ഇല്ലപ്പേരാണ്; അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് അജ്ഞാതമാണ്. ഇരുപതാം വയസ്സില്‍ പൂന്താനം വിവാഹിതനായി, പക്ഷെ കുട്ടികളുണ്ടായില്ല. വളരെക്കഴിഞ്ഞു സന്താനഗോപാലം ചൊല്ലി ഗുരുവായുരപ്പന്റെ അനുഗ്രഹത്താല്‍ ആണ്‍കുട്ടി ജനിച്ചെങ്കിലും, അകാലത്തില്‍ മരണമടഞ്ഞു. ദുഖാര്‍ത്തനായ പൂന്താനത്തിന്റെ മടിയില്‍ ഉണ്ണികൃഷ്ണന്‍ പ്രത്യക്ഷനായെന്നു കഥ. അതിനു ശേഷം അദ്ദേഹം കൃഷ്ണനെ മകനായി സങ്കല്‍പിച്ചു ജീവിച്ചു. പൂന്താനത്തിന്റെ അകമഴിഞ്ഞ ഭക്തിയില്‍ സന്തുഷ്ടനായി ഭഗവാന്‍ അദ്ദേഹത്തെ ഉടലോടെ സ്വര്‍ലോകത്തുകൊണ്ടുപോകാന്‍ വിമാനമയച്ചത്രേ. കൂടെകൊണ്ടുപോകാന്‍ പൂന്താനം എല്ലാവരെയും വിളിച്ചെങ്കിലും, അദ്ദേഹത്തിന്റെ വിഭ്രാന്തിയായി കരുതി ആരും ചെന്നില്ല. പൂന്താനത്തിന്റെ ഭക്തിയില്‍ വിശ്വാസമുണ്ടായിരുന്ന ജോലിക്കാരി മാത്രം 'ഇതാ ഞാനും വരുന്നേ' എന്ന് പറയുകയും, അദ്ദേഹത്തിന്റെ കുടെ വിമാനത്തില്‍ കയറി സ്വര്‍ലോകത്ത് പോകുകയും ചെയ്തു എന്ന് ഐതിഹ്യം.
ഹരേ ...നാരായണാ ..
പൂന്താനം മഹാവിഷ്ണു ക്ഷേത്രം
മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിൽ പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ ആശുപത്രിപ്പടിയി സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീകൃഷ്‌ണൻ .പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. ഉപദേവത ഗണപതി (ഈ വെണ്ണക്കണ്ണനാണ് പൂന്താനം പ്രതിഷ്‌ടിച്ച ഇടതുപുറമെന്നും ഒരു അഭിപ്രായമുണ്ട്. ) കുംഭത്തിലെ അശ്വതിനാലിൽ പൂന്താനദിനം ആഘോഷം .പൂന്താനം ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ ഗുരുവായൂർ ദേവസം .പൂജയില്ലാതെ 45 കൊല്ലം പൂജയില്ലാതെ കിടന്ന ക്ഷേത്രമാണ് . നാട്ടുകാരാണ് കാട് വെട്ടി തെളിച്ചു പുനരുദ്ധരിച്ചതു ക്ഷേത്രത്തിനകത്തു വളർന്ന 18 വലിയ പനകളും മുളങ്കാടും വെട്ടി നീക്കിയാണ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത്. ഈ ക്ഷേത്രത്തിനടുത്താണ് പൂന്താനം ഇല്ലം .മച്ചിലെ പീഠവും വാളും പൂന്താനത്തിന്റെ പരദേവതയായ തിരുമാന്ധാം കുന്നു ഭഗവതി എന്നാണു സങ്കല്പം ഇതിന്റെ പടിഞ്ഞാറേ പൂമുഖത്തു കല്ല് വിള ക്കുണ്ട് .ഇവിടെ വച്ചാണ് പൂന്താനം മരണമടഞ്ഞതെന്നു വിശ്വാസം എല്ലാം ശ്രീകൃഷ്ണനിൽ അർപ്പിച്ചു നിറഞ്ഞു തുളുമ്പിയ മധുര ഭക്തിയുമായിആനന്ദനൃത്തം ചെയ്താണ് അദ്ദേഹം ജീവൻ വെടിഞ്ഞതെന്നു പറയുന്നു വിവാഹം കഴിഞ്ഞു ഏറെ നാളത്തേയ്ക്കു പൂന്താനത്തിനു സന്തതിയുണ്ടായില്ല ഗുരുവായൂരപ്പനെ തീവ്രമായി ഭജിച്ചു .ഇതിന്റെ ഫലമായി ജനിച്ചകുട്ടി ചോറൂണ് ദിവസം മരിച്ചു ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തീപൊള്ളലേറ്റാണെന്നും പക്ഷമുണ്ട്. ചോറൂണ് ദിവസം കുട്ടിയെ ദാസിയെ ഏൽപ്പിച്ചു അന്തർജ്ജനം അതിഥികളെ സത് കരിക്കുന്നതിൽ മുഴുകിയിരിക്കെയാണ് ഈ അത്യാഹിതം . ഈ ദുരന്തം പൂന്താനത്തെ പിടിച്ചുലച്ചു . വ്രണിത ഹൃദയനായ പൂന്താനത്തിന്റെ കൃതികളിൽ ഈ ദുരന്തത്തിന്റെ മാറ്റൊലിയുണ്ട്
ഈ വേദനയിൽ തീവ്രമായി പിടഞ്ഞ പൂന്താനത്തിന്റെ മനസ്സ് ശ്രീകൃഷനിൽ അർപ്പിച്ച് പൂർണ ഭക്തന്റെയായി മാറി .മരണം വരെ ഗുരുവായൂരപ്പന്റെ ഭക്തനായിരുന്നു വാർധക്യത്തിൽ ഗുരുവായൂർ പോകാൻ കഴിയാതെ വന്നപ്പോൾ പൂന്താനത്തിനു ഗുരുവായൂരപ്പൻ താൻ ഇടതുപുറത്തുണ്ടാകുമെന്നു സ്വപ്നത്തിൽ അറിയിച്ചു അങ്ങിനെ ഗുരുവായൂരപ്പനെ സങ്കൽപ്പിച്ചു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് വാമപുരം (ഇടതു പുറം ).ഈ വാമ പുരത്തപ്പനെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തൊണ്ണൂറാം വയസ്സിൽ ശ്രീകൃഷ്ണാമൃതം രചിച്ചത് 1547 മുതൽ 1640 വരെ യാണ് അദ്ദേഹത്തിന്റെ കാലം എന്ന് കരുതുന്നു. .പൂന്താനം ഇല്ലത്തു നിന്നും അദ്ദേഹം ശങ്കരംകുന്നിലേയ്ക്ക് കയറിപ്പോയി കാണാതായെന്നും പുരാവൃത്തമുണ്ട്. അദ്ദേഹത്തിന്റെ മരുമക്കളായ അവണൂർ മനക്കാരുടെ കൈവശമായിരുന്നു ഇല്ലം ഇപ്പോൾ ഇതും ഗുരുവായൂർ ദേവസം. ഇവിടെ മലർ നേദ്യവും വിളക്ക് വൈപ്പും ഉണ്ട്..
കൃതികൾ
-------------------
ജ്ഞാനപ്പാന
ശ്രീകൃഷ്ണകർണ്ണാമൃതം
സന്താനഗോപാലം പാന
കീർത്തനങ്ങൾ
-----------------
നൂറ്റെട്ടു ഹരി
ആനന്ദനൃത്തം
ഘനസംഘം
മൂലതത്ത്വം
അംബാസ്തവം
മഹാലക്ഷ്മീസ്തവം
പാർത്ഥസാരഥീസ്തവം
പ്രസിദ്ധമായ ചില വര്‍ത്തമാനങ്ങള്‍
സുപ്രസിദ്ധമായ ജ്ഞാനപ്പാന, സന്താനഗോപാലം എന്നിവ മലയാളത്തിലും ശ്രീകൃഷ്ണ കര്‍ണാമൃതം സംസ്‌കൃതത്തിലും രചിച്ച് ഗുരുവായൂരപ്പ ഭക്തനെന്ന് ഏവരാലും അറിയപ്പെടുന്ന പൂന്താനം എന്ന കവിയുടെ ‘കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദന’ എന്ന വരികളാണ് അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ ആരുടേയും മനസ്സില്‍ പൊന്തിവരുക.
പണ്ഡിതന്മാര്‍ പറയും ജ്ഞാനപ്പനയാണ് അദ്ദേഹത്തിന്റെ മഹാകൃതിയെന്ന്. കാരണം, വേദാന്തവും ഉപനിഷത്തുക്കളും ഇത്ര ലളിതമായി, സാമാന്യ ജനത്തിനും ഉള്‍ക്കൊള്ളാനാകും വിധം എഴുതിയ കൃതി വേറേയില്ല.
സ്വന്തം ജീവിതദുഃഖമാണ് അതെഴുതാന്‍ പൂന്താനത്തിനു കാരണമായതെന്നു പറയുന്നെങ്കിലും സര്‍വ ലോകരുടെയും സംസാര ദുഃഖത്തിനു മറുമരുന്നാണ് ആ പാന
തെക്കെ മലയാളത്തിലെ നെന്മേനി അംശത്തില്‍ വള്ളുവനാട് താലുക്കില്‍ പൂന്താനത്ത് ജനിച്ച് വളര്‍ന്നുവന്ന കവിയാണ് പൂന്താനം.
സന്താനമില്ലാതെ വിഷമിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് വളരെനാളുകള്‍ക്കുശേഷം മോഹിച്ചിരുന്ന ഒരു പുരുഷ സന്താനം ലഭിച്ചു. ആ പുത്രന്റെ അന്നപ്രാശത്തിന് ക്ഷണിക്കപ്പെട്ട ബ്രാഹ്മണരുടെ കൂട്ടത്തില്‍ വന്ന അന്തര്‍ജനങ്ങള്‍ ആ ദിവസം രാവിലെ വസ്ത്രം മാറി കുളിക്കാനായി പോയി. ഈ സമയം മാറിയ വസ്ത്രങ്ങള്‍ അവിടെ കിടന്നുറങ്ങിയിരുന്ന കുട്ടിയുടെ മുകളിലാണ് കൂമ്പാരമായി കൂട്ടിയിട്ടാണ് പോയത്.
മുഹൂര്‍ത്തം അടുത്തപ്പോള്‍ കുട്ടിയെ എടുക്കുവാനായി ചെന്ന മാതാവ് അവിടെ പരതി വസ്ത്രങ്ങള്‍ നീക്കി നോക്കിയപ്പോള്‍ കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടു. ദുഃഖിതയായ മാതാവ് മാറത്തടിയും നിലവിളിയുമായി. എന്തുഫലം. അന്നുമുതല്‍ പൂന്താനം ദുഃഖത്തിലായി. അങ്ങനെ പൂന്താനം ഒരു തികഞ്ഞ ഭക്തനായെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പറച്ചില്‍*. പൂന്താനം എഴുതിയതാണ് ജ്ഞാനപ്പാന എന്ന ലോകപ്രസിദ്ധിയാര്‍ജിച്ച സ്‌തോത്രകാവ്യം.
*ഭക്തി മുഴുത്ത് ഗുരുവായൂരില്‍ താമസിക്കുന്ന പൂന്താനത്തിന്റെ വിളി കേട്ടാല്‍ ഭഗവാന്‍ വിളി കേള്‍ക്കുമായിരുന്നുവത്രെ*.
ഈ കാലഘട്ടത്തില്‍ പ്രസിദ്ധ വൈയാകരണനും വാഗ്മിയും സംസ്‌കൃത പണ്ഡിതനുമായ നാരായണീയ രചയിതാവ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
ഒരു ദിവസം പൂന്താനം താനെഴുതിയ ’*സന്താനഗോപാലത്തിലെ*’തെറ്റ് തിരുത്തിക്കിട്ടിയാല്‍ വേണ്ടില്ലായെന്ന് ഭട്ടതിരിപ്പാടിനോട് അപേക്ഷിച്ചു. ”*മലയാളമല്ലേ, വിഭക്തി അറിയാത്ത തന്റെ കവിത ഞാനെന്ത് നോക്കാനാണ് മറ്റാരെയെങ്കിലും കാണിക്കുക*” എന്ന് പറഞ്ഞുവത്രേ ഭട്ടതിരി.
ഇതുകേട്ടതോടെ പൂന്താനത്തിന് ദുഃഖം അസഹനീയമായി. *ഈ സമയം ഭട്ടതിരിക്ക് വാതരോഗം വന്ന് കലശലായ വേദന അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് ഒരു കഥയും ഇരുവരേയും ചേര്‍ത്ത് ഗുരുവായൂര്‍ ക്ഷേത്രാനുബന്ധിയായി പണ്ടുമുതലേ പറഞ്ഞുവരുന്നു*. സങ്കടനിവൃത്തിക്ക് പൂന്താനം ഭഗവാനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്റെ അരുളപ്പാട് ഉണ്ടായത്രെ: ”*ഭട്ടതിരിയുടെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം*”. ഇതുകേട്ട ഭട്ടതിരി പൂന്താനത്തോട് മാപ്പ് ചോദിക്കുകയും കവിത വാങ്ങി വായിക്കുകയും ചെയ്തുവത്രേ.
ഒരിക്കല്‍ വേദശാസ്ത്രാദികളില്‍ മഹാവിദ്വാനായ ഒരു ബ്രാഹ്മണന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി.
*ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിന് മാന്യസ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ ക്ഷേത്രാധികാരികള്‍ തീരുമാനിച്ചു. പതിവിന്‍പടി മാന്യസ്ഥാനത്ത് ഇരുന്നിരുന്ന പൂന്താനത്തെ അവിടെനിന്നും എഴുന്നേല്‍പ്പിച്ച് വേറൊരു സ്ഥാനത്തിരുത്തി*.
ഇതില്‍ വളരെ ദുഃഖിതനായി വെളിയില്‍ ഇറങ്ങിപ്പോകുമ്പോള്‍ ഭഗവാന്‍ അദ്ദേഹത്തിന്റെ പുറകെ ചെന്ന് ”*പൂന്താനം ഇനി ഇങ്ങോട്ട് വരണ്ട. ഞാന്‍ ഇല്ലത്തേക്ക് വന്നോളാം*” എന്ന് അരുളിച്ചെയ്തവത്രെ. ഇതുകേട്ട് സന്തോഷത്തോടെ ഇല്ലത്തെത്തി പൂന്താനം ഭക്ഷണം കഴിക്കുകയും ചെയ്തു.
അങ്ങനെ *പൂന്താനം അവിടെ ഒരു ക്ഷേത്രമുണ്ടാക്കി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിച്ചു. ഈ അമ്പലം ഇടത്ത്പുറത്തമ്പലം എന്ന പേരില്‍ പ്രസിദ്ധമായി*.
ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയാണ് ഗുരുവായൂരിലെ മരപ്രഭു. ലക്ഷക്കണക്കിന് ഭക്തര്‍ എല്ലാവര്‍ഷവും ഈ വനവിഷ്ണുവായ മരപ്രഭുവിനെ കണ്ട് വണങ്ങുന്നു.
പൂന്താനം സഹസ്രനാമം വായിക്കുമ്പോള്‍ തെറ്റായി മരപ്രഭു എന്നു വായിച്ചപ്പോള്‍ മേല്‍പ്പുത്തൂര്‍ മുതലായവര്‍ പരിഹസിച്ചു. ”*ഞാന്‍ അമരപ്രഭു മാത്രമല്ല. മരപ്രഭുവുമാണ്*” എന്ന് ശ്രീകോവിലില്‍ നിന്നരുളപ്പാടുണ്ടായത്രെ.
മരപ്രഭുവില്‍ ബ്രഹ്മ, വിഷ്ണു, ശിവന്‍ എന്നിവരുടെ സങ്കല്‍പ്പമായ അരയാല്‍ വൃക്ഷവും വൃക്ഷശിരസ്സിലെ ചൈതന്യം നിറഞ്ഞ ശിരസ്സില്‍നിന്നും താഴേക്കൊഴുകുന്ന ജീവസ്സും അപൂര്‍വമായ ഔഷധച്ചെടികള്‍ നിറഞ്ഞ കനകപ്രഭയും അപൂര്‍വമാണ്.
പ്രശസ്തമായ ‘കണികാണും നേരം കമലനേത്രന്റെ’, ‘അഞ്ജന ശ്രീധര ചാരുമൂര്‍ത്തെ കൃഷ്ണ’, ‘നരനായിങ്ങനെ ജനിച്ച് ഭൂമിയില്‍’ തുടങ്ങിയ എത്രയോ നാമസങ്കീര്‍ത്തനങ്ങള്‍ പൂന്താനം രചിച്ചിട്ടുണ്ട്.
*ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേന്‍… എന്ന തിരുമാന്ധാംകുന്ന് ഭഗവതിയെക്കുറിച്ചുള്ള സ്തുതിയും പൂന്താനത്തിന്റെ രചനയാണ്*.
തീവ്രദുഃഖ സമയത്ത് രചിച്ച ജ്ഞാനപ്പാനയില്‍ ‘*ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റ് വേണമോ മക്കളായ്*’ എന്ന ഭാഗം ഹൃദയസ്പൃക്കാണ്.
കുംഭം 11. പൂന്താനം ദിനത്തില്‍ ഗുരുവായൂരില്‍ ഭഗവാനെ തൊഴുത് മരപ്രഭുവിന്റെ ശില്‍പ്പത്തിനു മുന്നിലെത്തി വിഷ്ണുസഹസ്രനാമവും ജ്ഞാനപ്പാനയും പാരായണം ചെയ്ത് ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ *കോടി കോടി പുണ്യം ലഭിക്കുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം*.
പൂന്താനം ദിനം
പൂന്താനത്തു നമ്പൂരി വേദാർഹനല്ലാത്ത ഒരു ബ്രാഹമണനായിരുന്നുവെന്നാണ് കേട്ടിരിക്കുന്നത്. ബാല്യകാലത്തു കുറേ ഏതാണ്ടൊക്കെ പഠിച്ചിരുന്നുവെന്നല്ലാതെ അദ്ദേഹം ഒരു വിദ്വാനല്ലായിരുന്നു.
സന്താനമില്ലാതെ വിഷമിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് വളരെനാളുകള്‍ക്കുശേഷം ഒരു പുരുഷ സന്താനം ലഭിച്ചു. ആ പുത്രന്റെ അന്നപ്രാശത്തിന് സജ്ജനങ്ങളെയെല്ലാം വിളിച്ചു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെ അറിയാതെ കൊണ്ടുചെന്നിട്ടു. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ ഉണ്ണിയുടെ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. അപ്പോൾ അവിടെ കൂടിയിരുന്നവർക്കും വിശേഷിച്ചു ഉണ്ണിയുടെ മാതാ പിതാക്കൾക്കുമുണ്ടായ വ്യസനം എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
പ്രകൃത്യാതന്നെ ഒരു വിഷ്ണുഭക്തനും സാധുവുമായിരുന്ന പൂന്താനത്തു നമ്പൂരി ഉണ്ണി മരിച്ചതോടുകൂടി ഒരു വിരക്തനും കൂടി ആയിത്തീർന്നു. അതിദുഃഖത്താൽ കണ്ണനെ മനസ്സറിഞ്ഞുവിളിച്ചു. തന്റെ ഭക്തൻ വിളിച്ചാൽ വരാതിരിക്കാൻ കഴിയുമോ? ഭഗവാൻ അദ്ദേഹത്തിന് സ്വപ്നദർശനം നൽകി "പൂന്താനം പൂർവ്വജന്മകർമ്മഫലങ്ങൾ അനുഭവിച്ചേ മതിയാകു. നാമുണ്ടല്ലോ പുത്രനായി" അദ്ദേഹം തന്റെ വ്യസനം ഒക്കെ മാറ്റി ഉണ്ണികണ്ണനെ മകനായികണ്ട് അതിഭക്തിയോടൂകൂടിതന്നെ ജ്ഞാനപ്പാന രചിച്ചു. വാസ്തവത്തിൽ ഭഗവാനല്ലേയുള്ളു മറ്റുള്ളതെല്ലാം മിഥ്യതന്നെയെന്ന സത്യം വെളിപ്പെടുന്നു.
അത്യന്തം ദുസ്സഹങ്ങളായ വ്യസനങ്ങൾ നേരിടുന്ന കാലങ്ങളിൽ ഈ ജ്ഞാനപ്പാന വായിച്ചാൽ മനസ്സിനു വളരെ സമാധാനമുണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇതു എല്ലാവർക്കും അർത്ഥം മനസ്സിലാകത്തക്കവണ്ണം വളരെ ലളിതവും സരസവുമായിട്ടുള്ളതാണ്.
ഉണ്ണി മരിച്ചതിന്റെ ശേഷം പൂന്താനത്തു നമ്പൂരി കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. അക്കാലത്താണ് ഭജനത്തിനായി മേല്പത്തൂർ ഭട്ടതിരിയും അവിടെ ചെന്നു ചേർന്നത്. നാരായണഭട്ടതിരി നാരായണീയം ഉണ്ടാക്കാനായി ആരംഭിച്ചപ്പോൾ പൂന്താനത്തു നമ്പൂരി സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന യായിട്ടുണ്ടാക്കുവാനും തുടങ്ങി. അതിവിദ്വാനും വേദജ്ഞനുമായിരുന്ന ഭട്ടതിരിക്കു ഭാഷാകവിതയെക്കുറിച്ചും വേദഹീനനും അവ്യുല്പന്നനും ആയ പൂന്താനത്തു നമ്പൂരിയെക്കുറിച്ചും ആന്തരത്താൽ വളരെ പുച്ഛമുണ്ടായിരുന്നു. സാധുവായ നമ്പൂരി ആ സൂഷ്മാവസ്ഥ അറിയാതെ ഒരു ദിവസം താൻ ഉണ്ടാക്കിയ ഏതാനുമായിരുന്ന സന്താനഗോപാലം പാന ഭട്ടതിരിയുടെ അടുക്കൽ കൊണ്ടുചെന്നു പിഴ നോക്കി തിരുത്തികൊടുക്കണമെന്നു അപേക്ഷിച്ചു. അപ്പോൾ ഭട്ടതിരി "ഭാഷാകവിതയിൽ നോക്കാനെന്തിരിക്കുന്നു? അതിൽ അബദ്ധമല്ലാതെ വല്ലതും കാണുമോ? വിശേഷിച്ചും പൂന്താനത്തിനു വിഭക്തിയുറച്ചിട്ടുമില്ല. അതിനാൽ അതു മുഴുവനും പിഴ തന്നെ ആയിരിക്കും" എന്നു പറഞ്ഞു. പലരും കേൾക്കേ ഭട്ടതിരി ഇങ്ങനെ പറഞ്ഞപ്പോൾ നമ്പൂരി വ്യസനം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുപോയി. ആ സമയത്തു ശ്രീകോവിലിനകത്തു നിന്നു "പൂന്താനത്തിനു ഭട്ടതിരിയോളം വിഭക്തിയുറച്ചിട്ടില്ലെങ്കിലും ഭട്ടതിരിയെക്കാൾ ഭക്തിയുറച്ചിട്ടുണ്ട്" എന്നൊരു അശരീരിവാക്കുണ്ടായി. ഗുരുവയൂരപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഭട്ടതിരിയ്ക്കു വളരെ വ്യസനവും ലജ്ജയും പശ്ചാത്താപവും ഉണ്ടക്കിയെന്നുള്ളതു പറയണമെന്നില്ലല്ലോ. ഉടനെ ഭട്ടതിരി നമ്പൂരിയെ അന്വേഷിചപ്പോൾ നമ്പൂരി വ്യസനിചു കരഞ്ഞുകൊണ്ട് അമ്പലത്തിന്റെ ഒരു കോണിൽ പോയി കിടക്കുന്നതായി അറിഞ്ഞു. അവിടെ ചെന്നു "ഹേ പൂന്താനം, ഞാൻപറഞ്ഞതുകൊണ്ട് മുഷിഞ്ഞ് വന്നു കിടക്കുകയാണോ? ഞാനപ്പോൾ ഒരു മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നതിനാൽ അങ്ങിനെ പറഞ്ഞുവെന്നേ ഉള്ളു. പൂന്താനത്തിന്റെ കവിത വളരെ നല്ലതാണെന്നു അങ്ങേടെ ജ്ഞാനപ്പാനകൊണ്ടുതന്നെ സർവ്വസമ്മതമായിട്ടുള്ളതല്ലേ? പിന്നെ ഞാനങ്ങനെ നേരമ്പോക്കായിട്ടു പറഞ്ഞതിനു ഇത്ര മനസ്താപപ്പെടാനുണ്ടോ? സന്താനഗോപാലം തീർന്നേടത്തോളം കാണട്ടെ. ഞാൻ നോക്കി തിരുത്തിത്തരാമല്ലോ."എന്നുപറഞ്ഞു നമ്പൂരിയെ സമാശ്വസിപ്പിക്കുകയും സന്താനഗോപാലം വാങ്ങി തീർന്നേടത്തോളം ഭാഗം മുഴുവനും നോക്കി അതിനെക്കുറിച്ചും വളരെ ശ്ലാഘിച്ചു പറഞ്ഞ് നമ്പൂരിയെ സന്തോഷിപ്പിക്കുകയും ചെയ്തു...
ജ്ഞാനപ്പാന
മഹാ കൃഷ്ണ ഭക്തനായ പൂന്താനത്തിന്റെ ജ്ഞാനപ്പാന കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല അതിലെ ഏറ്റവും പ്രധാനപ്പെട്ടെ ഈ വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഒരു നൊമ്പരം ഉണ്ടാകാറുണ്ട് അല്ലേ.
നമുക്ക് ഒന്ന് ചോല്ലിനോക്കാം ആ വരികൾ . ഉണ്ണിക്കൃഷ്ണൻ മനസിൽ കളിക്കുംമ്പോൾ ' ഉണ്ണികൾ മറ്റു വേണമോ മക്കളായി . മനസിൽ ഒരു സങ്കടത്തോടയാ പൂന്താനം ഈ വരികൾ എഴുതിയത്.
കാരണം പൂന്താനത്തിന് സീമന്തപുത്രനായിട്ട് ഒരുണ്ണിയുണ്ടായിരുന്നു. അങ്ങനെ ആ ഉണ്ണിയുടെ ആദ്യത്തെ ചോറൂണിന് സമയമായപ്പോൾ അടുത്ത വീട്ടിലെ എല്ലാവരെയും ക്ഷണിച്ചു .വീട്ടിൽ വെച്ചായിരുന്നു ചോറുണ് ക്ഷണം സ്വികരിച്ച് അവിടെയെത്തിയ സ്ത്രികളിൽ ആരോരാൾ അവിടെ അലക്കാനിട്ടിരുന്ന തുണികൾ അവിടെ ഉറങ്ങികിടന്നിരുന്ന ഉണ്ണിയുടെ മീതെ അറിയാതെ കൊണ്ടിട്ടു ചോറുണിന് സമയമായപ്പോൾ ഉണ്ണിയെ എടുക്കൻ വന്നപ്പോൾ ഉണ്ണി മരിച്ചുകിടക്കുന്നു.
പിന്നെത്തെ കാര്യം പറയണ്ടല്ലോ?
അതിനു ശേശമാണ് പൂന്താനം ഒരു വിഷ്ണുഭക്തനാവുന്നത് ആ സങ്കടത്തോടെയാണ് ജ്ഞാനപ്പാന എഴുതുന്നതും ഒരിക്കൽ പൂന്താനം സന്താനഗോപാലം എഴുതുമ്പോൾ ശ്രികൃഷ്ണനും അർജുനനും ഒരു ബ്രഹ്മണന്റെ കുട്ടികളെ തേടി പോകുന്നുണ്ടല്ലോ വൈകുണ്ഡത്തിൽ ചെല്ലുന്ന ആ ഭാഗത്ത് വൈകുണ്ഡത്തെ എങ്ങനെ വർണ്ണിക്കുമെന്ന് വിചാരിച്ചു പൂന്താനം ഉറങ്ങാൻ കിടന്നു.
ഭക്തവത്സലനായ ഭഗവാന് തന്റെ ഭക്തന്റെ മനോവിഷമം മനസിലായി ഗുരുവായൂരപ്പൻ പൂന്താനത്തിന് വൈകുണ്ഡ എങ്ങനെയാണന്ന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. സ്വപ്നത്തിൽ കണ്ടതുപോലെയാണ് പൂന്താനം സന്താനഗോപാലത്തിൽ വൈകുണ്ഡത്തെ വർണ്ണിക്കുന്നത്.
അന്നത്തെ കാലത്ത് ഗുരുവായൂരിൽ നിത്യവും ഭാഗവതം വായിക്കാറുണ്ടായിരുന്നു. ഒരു പാട് ആളുകൾ ഇതു കേൾക്കാൻ ഉണ്ടാവാറുണ്ട് ആര് അവിടെ ഭാഗവതം വായിച്ചാലും അതിന്റെ മലയാളത്തിലുള്ള അർഥം പൂന്താനമാണ് പറയാറ്.
കൃഷ്ണഭക്തനായ പൂന്താനത്തിനെ അവിടെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
ഏത് സൽപ്രവർത്തിക്കും എന്തെങ്കിലും കുറ്റം പറയാൻ ചിലർ ഉണ്ടാകുമല്ലോ? അതുപോലെ പൂന്താനത്തിനോടും അസുയ ഉള്ള കുറച്ച് പേർ അവിടെ ഉണ്ടായിരുന്നു.
ഒരു ദിവസം പൂന്താനം അർഥം പറയുമ്പോൾ അന്ന് എന്തോരു വിശേഷ ദിവസമാകയാൽ പതിവിൽ കവിഞ്ഞ് ആളുകൾ ഉണ്ടായിരുന്നു. രുഗ്മിണി സ്വയംവരം കഥയായിരുന്നു വായിച്ചത്. പൂന്താനം അതിന്റെ അർഥം പറഞ്ഞു അതിൽ രൂഗ്മിണി കൃഷ്ണന്റെ അടുത്തേക്ക് ഒരു ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഒരു ഭാഗം ഉണ്ട് ഇവിടെ രുഗ്മിണി ബ്രാഹ്മണന്റെ കൈയിൽ ഒരെഴുത്തും കൊടുത്തയച്ചുന്ന് പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്ന് ഭാഗവതത്തിൽ പറഞ്ഞട്ടില്ലാത്തതിനാൽ ഞാൻ നേരത്തെ പറഞ്ഞ പൂന്താനത്തിനോട് അസുയ ഉള്ള ഒരു തിരുമേനി ചോദിച്ചു. എഴുത്തഴച്ചൂന്ന് ഏത് വരിയിലാ പറഞ്ഞിരിക്കുന്നതെന്ന്. ഇതിന് മറുപടി കൊടുക്കാൻ പുന്താനത്തിന് പറ്റിയില്ല അദ്ദേഹത്തിന് വല്ലാത്ത വിഷമം വന്നു. വേറെ എന്തും ഭഗവാൻ സഹിക്കും തന്റെ ഭക്തനെ വേദനിപ്പിക്കുന്നത് ഭഗവാൻ സഹിക്കില്ല. ഉടനെ വന്നു ഭഗവാന്റെ മറുപടി എഴുത്തു കൊടുത്തയച്ചില്ലാന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്. ആ ബ്രഹ്മണൻ എന്റെ അടുത്ത് വന്നപ്പോൾ രുഗ്മിണിയുടെ ഒരെഴുത്തുകൂടി കൊണ്ട് വന്നിരുന്നു.
ഇങ്ങനെ ശ്രി കോവിലുളളിൽ നിന്നുള്ള അശരിരി വാക്കു കേട്ട് പൂന്താനത്തിനെ വിഷമിപ്പിച്ച നമ്പൂരി തളർന്നു പോയി. പൂന്താനത്തിനാകട്ടെ വലിയ സന്തോഷമായി
ഇപ്രകാരം കാലം പിന്നയും കടന്നു പോയി പുന്താനത്തിന് പ്രായമായി ഗുരുവായൂർക്ക് നടന്നു വരാൻ പ്രയാസമായി ഒരു ദിവസം പൂന്താനത്തിനോട് ഭഗവാൻ പറഞ്ഞു അങ്ങ് ഇനി ക്ഷേത്രത്തിൽ വരണ്ട ഞാൻ അവിടത്തെ ഇല്ലത്തേക്കു വരാം. ഭഗവാന്റെ കാരുണ്യാത്താൽ പൂന്താനം ദീർഘായുസോടെ പിന്നെയും കുറെ കാലം ജീവിച്ചു .
പൂന്താനത്തിന്റെ അന്തർജനത്തിന് അത്ര ഭക്തി ഉണ്ടായിരുന്നില്ല. അവിടെ പൂന്താനത്തിന് പൂജാപുഷ്പങ്ങൾ പറിച്ച് കൊടുക്കുന്ന ഒരു വല്ല്യക്കാരി ഉണ്ടായിരുന്നു അവർ ഒരു കൃഷ്ണ ഭക്തയായിരുന്നു. പൂന്താനത്തിന്റെ ആയുസ് തീരാറായപ്പോൾ മഹാവിഷ്ണു തന്നെ നേരിട്ട് വന്നു പൂന്താനത്തിനെ ഉടലോടെ വൈകുണ്ടത്തിലേക്ക് കൂട്ടികൊണ്ട് പോയി ഇത് അവിടുത്തെ ആ കൃഷ്ണ ഭക്ത കണ്ടൂന്ന് പറയുന്നു.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
കുചേലന്‍
ശ്രീകൃഷ്ണ ഭഗവാന് കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് പൂന്താനം തിരുമേനിയും.
ശ്രീകഷ്ണ ഭക്തരായ പൂന്താനം തിരുമേനിയും പത്നിയും സന്താന സൌഭാഗ്യത്തിനായി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആറ്റുനോറ്റ് ഒരുണ്ണിയുണ്ടായി. ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. മോഹിച്ചുണ്ടായ ആ ഉണ്ണിയുടെ അന്നപ്രാശം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു വച്ചു. അത് ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെയാണ് എന്നറിഞ്ഞില്ല. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചു.
പുത്രദുഃഖത്താല്‍ വിവശരായ പൂന്താനവും അന്തർജ്ജനവും സദാസമയവും പൂന്താനം കരഞ്ഞും പ്രാർത്ഥിച്ചും പൂജാ മുറിയിൽ കഴിച്ചുകൂട്ടി. ഒരു ദിവസം പൂന്താനത്തിന് മുമ്പില്‍ ഭഗവാന്‍ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു തന്ന ഉണ്ണിയെ തിരികെ വിളിച്ചു കണ്ണാ ?'' ഗുരുവായൂരപ്പൻ പറഞ്ഞു.''കര്‍മ്മയോഗമാണ്. അനുഭവിച്ച് തീര്‍ക്കെന്നെ വേണം. അല്ലാതെ തരല്യ. പൂന്താനം എന്തിനാ വിഷമിക്കണേ? ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടോളൂ. എല്ലാ വിഷമോം മാറും '' അതുകേട്ട അദ്ദേഹം എല്ലാം ഭഗവാനിൽ സമര്‍പ്പിച്ചു. പുത്ര ദുഃഖം മറന്ന് 'ജ്‌ഞാനപ്പാന' രചിച്ചു. കണ്ണന്‍ പൂന്താനത്തിന്‍റെ ദു:ഖത്തെ ഭക്തിയാക്കി മാറ്റി. പൂന്താനം ആനന്ദത്തോടെ പാടി.
“ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍, ഉണ്ണികള്‍ വേറെ വേണമോ മക്കളായ്?”
പിന്നീട് അദ്ദേഹം ഗുരുവായൂര്‍ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന് ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നത് ത്രേ.
പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു. "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." കണ്ണന്റെ ഈ ഉത്തരം അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂരി പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട് അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട് പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ട് ന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്. നമ്മുടെ ഇല്ലത്ത് 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം. ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക് അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.''
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
" അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങേക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ കേട്ടീട്ടല്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി. കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞീട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ. അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്..... " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നിയുടെ പറയുന്നതുകേട്ട് പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയീട്ടുണ്ട്. അങ്ങ് പത്നീസമേയനായി വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും, പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പുന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു. പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും.
മഹാദേവന്‍ പറഞ്ഞു:
''പൂന്താനം, ഭാഗവത സപ്താഹം അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ."
ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍. കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു.
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. "
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കണ്ണാ ആ പരമഭക്തന്റെ കഥ പറയാനുള്ള ഭാഗ്യമെങ്കിലും തന്നൂലോ. എന്റെ കണ്ണന് സന്തോഷാവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ കണ്ണന് പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
"ഓം നമോ ഭഗവതേ വാസുദേവായ "
മങ്ങാട്ടച്ചൻ
പൂന്താനം ഇല്ലത്ത് നിന്ന് ഗുരുവായൂർ തൊഴാൻ വരികയായിരുന്നു. സമയം സന്ധ്യ കഴിഞ്ഞ് കൂരിരുട്ടാണ് ഒറ്റയ്ക്കാണ് യാത്ര. ഗുരുവായൂരപ്പന്റെ തിരു നാമങ്ങൾ "ഗോവിന്ദാ ഹരേകൃഷ്ണ " എന്നിങ്ങനെ നിരന്തരം ജപിച്ചു കൊണ്ടാണ് നടക്കുന്നത്. കയ്യിൽ ഒരു ചെറിയ വിളക്കുണ്ട്. മറു കയ്യിൽ ഒരു ഓലക്കുടയും വാകചാർത്ത് കണ്ടു തൊഴാൻ ഗുരുവായൂർ
എത്തണം. ഇനിയും ഏറെ ദൂരം നടക്കാനുണ്ട്. പൂന്താനം നടത്തത്തിന്റെവേഗത കൂട്ടി.പാതിരാവോടടുത്ത സമയം. പൂന്താനം അപ്പോഴും നടക്കുകയാണ്. പെട്ടെന്ന് എവിടെ നിന്നോ കൊള്ളക്കാർവന്നെത്തി പൂന്താനത്തെ വളഞ്ഞു. ഒരാൾ അദ്ദേഹത്തിന്റെ വിളക്ക് തട്ടിയെടുത്തു. മറ്റൊരാൾ ഓലക്കുടയും കൈക്കലാക്കി മറ്റൊരാൾ പൂന്താനത്തെ ചുറ്റിപ്പിടിച്ച് ഒരു മരത്തോട് ചേർത്ത് നിർത്തി തിളക്കമുള്ള ഒരു കഠാര പൂന്താനത്തിന്റെ നേർക്ക് കാട്ടി. താൻ ഭക്തിപൂർവ്വം ആരാധിക്കുന്ന ഗുരുവായൂരപ്പൻ ആപത്തിൽ നിന്ന് തന്നെ രക്ഷിക്കുമെന്ന് പൂന്താനത്തിന് വിശ്വാസമുണ്ടായിരുന്നു.എങ്കിലും തന്റെ ജീവിതം ഒടുങ്ങാറായതായി അദ്ദേഹത്തിന് തോന്നി. നാമം ജപത്തിന്റ രീതി മാറി മാറി. മനസ്സിൽ ഉറപ്പോടെ ഗുരുവായൂരപ്പനെ ഉച്ചത്തിൽവിളിച്ചു.കൊള്ളക്കാരിലൊരുവൻ പരിഹാസഭാവത്തിൽ 'എന്തോ'എന്ന് വിളി കേട്ടു.
കോഴിക്കോട് സാമൂതിരി യുടെ മന്ത്രി യായിരുന്ന മങ്ങാട്ടച്ചൻ ആസമയത്ത്
കുതിര പ്പുറത്തു കയറിയിരുന്ന് അവിടെ യെത്തി.തുടർന്ന് കുറേ നേരം അവിടെ മങ്ങാട്ടച്ചനും കൊള്ളക്കാരും തമ്മിൽ വലിയ കോലാഹലമായിരുന്നു.ആക്രമണവും പ്രത്യാക്രമണവും മുറയ്ക്ക് നടന്നു.പൂന്താനം എല്ലാം കണ്ടു കൊണ്ട് മരപ്പാവ പോലെ സ്തംഭിച്ചു നിന്നു.
ഗുരുവായൂരപ്പനെതന്നെ നിരന്തരം വിളിച്ച് കൊണ്ട് അന്തം വിട്ട് നിന്ന പൂന്താനത്തെ ഒടുവിൽ മങ്ങാട്ടച്ചൻ തട്ടി വിളിച്ചു. പൂന്താനം ഗുരുവായൂർക്ക് പോവുകയാണെന്നറിയിച്ചപ്പോൾ തനിക്ക് അങ്ങോട്ട് വരാൻ താൽപ്പര്യം ഉണ്ടെന്നും രാജ്യകാര്യങ്ങളുടെ ചുമതല യുള്ള തിനാൽ ഉടനെ യാത്ര തിരിക്കാൻ നിവൃത്തിയില്ലെന്നും മങ്ങാട്ടച്ചൻ അറിയിച്ചു. കുറെ ദൂരം പൂന്താനത്തിനൊപ്പം നടന്ന തിനുശേഷം മങ്ങാട്ടച്ചൻ വിടപറയാനൊരുങ്ങി.
പൂന്താനം പറഞ്ഞു "ഈസമയത്തു വന്ന്എന്റെ ജീവൻ രക്ഷിച്ചതിന് അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ അനു ഗ്രഹമുണ്ടാകും തീർച്ച. പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിവില്ല ജീവൻ രക്ഷിച്ചല്ലോ. എന്റെ സന്തോഷസൂചകമായി ഈ മോതിരം അങ്ങു സദയം സ്വീകരിക്കണം ".
പൂന്താനം തന്റെ വിരലിൽ കിടന്ന മോതിരം ഊരിയെടുത്ത് മങ്ങാട്ടച്ചന് നീട്ടി. അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. തന്റെ കർത്തവ്യം നിർവ്വഹിച്ചതിന് സമ്മാനമൊന്നും വേണ്ടെന്ന് മങ്ങാട്ടച്ചൻ തീർത്തു പറഞ്ഞു. ഒടുവിൽ സ്നേഹം നിറഞ്ഞ ആ നിർബന്‌ധത്തിന് മുൻപിൽ
മങ്ങാട്ടച്ചന് വഴങ്ങി ക്കൊടുക്കേണ്ടി വന്നു. പൂന്താനത്തിന്റെ അനുമതി യോടെ അദ്ദേഹം കുതിര പ്പുറത്തു കയറി യാത്ര യായി.
വെളുപ്പാൻ കാലത്ത് തന്നെ പൂന്താനം ഗുരുവായൂർ എത്തി. കുളി കഴിഞ്ഞ് വന്നു അദ്ദേഹം നിർമ്മാല്യം തൊഴാൻ കാത്തുനിന്ന ഭക്തജനങ്ങൾ ക്കിടയിൽ കൂടി. മണി യൊച്ചമുഴങ്ങി. അമ്പല നട തുറന്നു. ചന്ദന ച്ചാർത്തണിഞ്ഞു നിൽക്കുന്ന ബാലഗോപാലന്റെ രൂപം കാണാറായി. രത്നകിരീടം ചാർത്തിയ ശിരസ്സ് മന്ദഹാസം പൊഴിക്കുന്ന മുഖം മാറിൽ വനമാല. കയ്യിൽ ഒരു പൊന്നോടക്കുഴൽ മഞ്ഞപ്പട്ടാട ചാർത്തി നിൽക്കുന്ന ബാലമുകുന്ദനെക്കണ്ട് ഭക്തജനങ്ങൾ" ഹരേ കൃഷ്ണാ നാരായണാ"എന്നിങ്ങനെ വിളിച്ച് കൈകൂപ്പി വണങ്ങി
തലേന്ന് അണിയിച്ചിരുന്ന മാലകൾ പൂജാരി എടുത്തു മാറ്റി. സ്വർണ്ണാഭരണങ്ങൾ ഇളക്കി യെടുത്തു ഭദ്രമായി വെച്ചു. മഞ്ഞപ്പട്ട് അഴിച്ചെടുത്തുമാറ്റി.ചന്ദന ച്ചാർത്ത് കുറേശ്ശെ ശ്രദ്ധ യോടെ ഇളക്കി യെടുത്തു.
പെട്ടെന്ന് പൂജാരി ശ്രീകോവിൽ നിന്ന് പുറത്തു വന്നു ചോദിച്ചു.."പൂന്താനം നമ്പൂതിരി ഇവിടെ ഉണ്ടോ?
ഇതുകേട്ട് പൂന്താനം മുൻപിലെത്തി.പൂജാരി അല്പം ചന്ദന വും ഒരു മോതിരവും കൂടി പൂന്താനത്തിന് നൽകി. എന്നിട്ട് പറഞ്ഞു "രാത്രി എനിക്ക് സ്വപ്ന ത്തിൽ ഗുരുവായൂരപ്പന്റെ ദർശനം ഉണ്ടായി ഭഗവാൻ എന്നോട്അരുളിച്ചെയ്തു:വിഗ്രഹത്തിൽ ഒരു മോതിരം ഉണ്ട്. അതെടുത്ത് പൂന്താനത്തിന് കൊടുക്കണം."എന്ന്. സ്വപ്ന മല്ലേ യെന്ന് കരുതി ഞാൻ അത്ര കാര്യമാക്കിയില്ല.പക്ഷേ വിഗ്രഹത്തിൽ പുതിയ മോതിരം കണ്ടപ്പോൾ സ്വപ്ന ത്തിലെ നിർദ്ദേശം അനുസരിക്കേണ്ടതാണെന്ന് തോന്നി. എന്താ കഥ??
പൂജാരി അന്വേഷിച്ചു. താൻ കഴിഞ്ഞ രാത്രിയിൽ
മങ്ങാട്ടച്ചന് സമ്മാനിച്ച മോതിരം മേൽശാന്തി യിൽ നിന്ന് കിട്ടിയപ്പോൾ പൂന്താനം അമ്പരന്നു. തലേരാത്രിയിൽ മങ്ങാട്ടച്ചനായി വന്നത് ശ്രീ ഗുരുവായൂരപ്പൻ തന്നെ യായിരുന്നു വെന്ന് പൂന്താനത്തിന് മനസ്സിലായി.
പൂജാരി ചോദിച്ചതിന് മറുപടി യായി നടന്ന സംഭവമെല്ലാം പൂന്താനം വിവരിച്ചു. അവിടെ കൂടി നിന്ന ഭക്തജനങ്ങൾ പൂന്താനത്തിന്റെ ഭാഗ്യത്തെ പ്രശംസിച്ചു..
ആ കാരുണ്യവാരിധിയായ
ഭഗവാന്റെ കൃപാകടാക്ഷം നമുക്ക് ഏവർക്കും ലഭിക്കുമാറാകട്ടേ എന്ന പ്രാർത്ഥനയോടെ ...
No comments:
Post a Comment