ശ്രീ ശങ്കരാചാര്യർ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വൃദ്ധവയ്യാകരണൻ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാൻ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യർ വൈയാകരണന് നൽകിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങൾ. ശങ്കരാചാര്യർ 12 ശ്ലോകങ്ങൾ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ
ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ. ഹേ മൂഢാ, നീ ഗോവിന്ദനെ ഭജിക്കൂ. മരണം വന്നടുക്കുമ്പോള്‍ ഡുകൃഞ്കരണേ (സംസ്‌കൃതധാതുപാഠത്തിലെ ഒരു സൂത്രം) തുടങ്ങിയ ലൗകിക ജ്ഞാനമൊന്നും നിന്നെ രക്ഷിക്കുകയില്ല.
മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം
"നാരീസ്തനഭര നാഭീദേശം
ദൃഷ്ട്വാ മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസിവിചിന്തയ വാരംവാരം"
സ്ത്രീകളുടെ സ്തനങ്ങളിലും നാഭീദേശങ്ങളിലും മോഹാവേശം അരുത്. ഇവയെല്ലാം മാംസത്തിന്റെയും കൊഴുപ്പിന്റെ വികാരങ്ങൾ മാത്രമാണെന്ന് വീണ്ടും വീണ്ടും മനസ്സിൽ ചിന്തിച്ച് ഗോവിന്ദനെ ഭജിക്കുക.
ശരീരത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത കാമനകൾ യാഥാർത്ഥ്യത്തിൽ നിന്നും അവനെ പിന്നോട് നയിക്കുന്നു.; ധനവും കാമവുമാണ് മനുഷ്യജന്മത്തെ നിഷാദജന്മമാക്കിതീർക്കുന്നത്. അതുകൊണ്ട് ആദ്യം ധനാഗമതൃഷ്ണയെ ത്യജിക്കാൻ ഉപദേശിക്കുകയും അനന്തരം ഭോഗതൃഷ്ണയെ പരിത്യജിക്കനുള്ള മാർഗ്ഗത്തെ നിർണ്ണയിക്കുകയും ചെയ്യുന്നു. രൂപമുള്ളതാണ് ശരീരം , രൂപമുള്ള എല്ലറ്റിനും നാശമുണ്ടന്നിരിക്കെ ശരീരത്തിനും നാശമുണ്ട്. അഴുകിപോകുന്ന ആ വസ്തുവിനോടുള്ള അമിതാസക്തി ഭ്രാന്താണ്. അത്തരം ഭ്രാന്തുകൾ ദൈവീകമായ എല്ലാ തലങ്ങളെയും ഇല്ലാതക്കുന്നു. ശരീരം പ്രധാനമായും മൂന്നു വിധമാണെന്ന് വേദാന്തദർശനം വിവരിക്കുന്നു. സ്ഥൂലശരീരം, സൂക്ഷമശരീരം, കാരണശരീരം. അതിൽ സ്ഥൂലശരീരം മാംസം , കൊഴുപ്പ്, തുടങ്ങിയവയാൽ സമ്പുഷ്ടവും ഏതു നിമിഷം അഴുകി ദ്രവിക്കവുന്നതുമാണ്. ' വിവേകചൂഡാമണി' എന്നപ്രകരണ ഗ്രന്ഥത്തിൽ ശങ്കരാചാര്യർ സ്ഥൂലശരീരത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്.
ത്വങ്മാംസരുധിരസ്നായുമേദോ-
മജ്ജാസ്ഥി സങ്കുലം
പൂർണം മൂത്രപുരീഷാഭ്യാം
സ്ഥൂലം നിന്ദ്യമിത വപുഃ
തൊലി, മാംസം, രക്തം, സിര, മേദസ്, മജ്ജ, അസ്ഥി, എന്നിവയാൽ സങ്കുലവും മൂത്രം മലം എന്നിവ നിറഞ്ഞുതുമായ ശരീരം നിന്ദ്യമാണ്. ഇവയോരോന്നിന്നിനും വെവ്വേറെയായോ പൂർണ്ണമായോ നാശം വരാം. മാത്രമല്ല ഇവയുടെ സങ്കലനം മുഴുവനും ദുർഗന്ധപൂരിതവുമാണ്. നവദ്വാരകൽപിതമാണ് ശരീരം. നവദ്വാരങ്ങളിലൂടെയും പുറത്തുവരുന്നതാകട്ടെ അവശിഷ്ടങ്ങളും ദുർഗന്ധങ്ങളും മാത്രം. ഈ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാതെ ശരീരതൃഷ്ണകളിൽ ആയുസ്സ് തീർക്കുകയാണ് പലരും.
"കൃമിവിങ്ഭസ്മസജ്ഞന്തം ശരീരം"എന്ന് ഭാഗവതവും വിവരിക്കുന്നുണ്ട്. കൃമിയായോ ഭസ്മമായോ തീരുന്നതാണ് ശരീരം. കൃമികീടങ്ങൾ പലപ്പോഴും അറപ്പുള്ളവാക്കുന്നവയാണ്. അപ്പോൾ അതുനിറഞ്ഞ ശരീരമോ? ചാരമാകാനുള്ള വസ്തുവാണ് ശരീരമെന്ന തത്ത്വത്തെ ഇന്ത്യൻ നാസ്തിക ദർശനമായ ചാർവാകപോലും അംഗീകരിക്കുന്നു. 'ഭസ്മമാകുന്നദേഹത്തിന് പുനരാഗമനം എപ്രകാര'മാണെന്ന് ലോകയത ദർശനം ചോദിക്കുന്നുണ്ട്. എത്ര സൗന്ദര്യമുള്ള ശരീരമായാലും മരണാനന്തരം അവ വീർത്തുപോങ്ങുന്നു. ദുർഗന്ധം വമിക്കുന്നു.
സ്ത്രീകളുടെ ശരീരം മോഹവേശം ജനിപ്പിക്കുന്നതും പുരുഷനെ വശീകരിക്കുന്നതും ആണെന്നുള്ള വിവരണത്തിലൂടെ സ്ത്രീ വിമർശനം നടത്തുകയല്ലേ 'ശങ്കരചാര്യർ' എന്ന സംശയം സ്വഭാവികമായും ഉയർന്നു വന്നേക്കാം. സന്യാസത്തിൽ ഏറ്റവും പ്രധാനമാണ് വൈരാഗ്യം അഥവാ വിരഗാവസ്ഥ. ശരീരസക്തിയാണ് വിരാഗത്തിന്റെ ശത്രു. കഥകളിലും പുരാണേതിഹസങ്ങളിലും സ്ത്രീ ശരീര കാമനകളിൽപ്പെട്ട് ചാഞ്ചല്യത്താൽ തപസ്സിളകിപ്പോയ ഋഷീശ്വരന്മാരെ കുറിച്ച് പരമർശമുണ്ട്. സൗന്ദര്യാസ്വദകരാണ് മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും. വിളങ്ങിനിൽക്കുന്ന സൗന്ദര്യം ഏതു വൈരിയെയും ചിലപ്പോൾ ആകർഷിച്ചേക്കാം. മാത്രമല്ല പൂർവ്വഘട്ടത്തിൽ സന്യാസം പലപ്പോഴും പുരുഷകേന്ദ്രിതമായിരുന്നു. പുരുഷസന്യാസിയെ സംബന്ധിച്ച് വിരാഗത്തിന് തടസ്സമാകുന്ന സൗന്ദര്യം സ്ത്രിയുടെതാണ്, അതുകൊണ്ട് തന്നെ സ്ത്രിശരീര കാമനാ ചിന്തകളെ അകറ്റി നിർത്താനുള്ള പ്രവണത സന്ന്യാസ പാരമ്പര്യങ്ങളിൽ ദർശിക്കാവുന്നതാണ്. കേരള നവോത്ഥാന പിതാവായ നാരായണഗുരുവിൽ പോലും.
"അരുവയർ തന്നോടുകൂടിയോടിയോടി-
ത്തിരിവതിനിത്തിരി നേരവും നിനപ്പാൻ"
'തരമണയാതെയൊരുക്കിയെൻമനം'
എന്ന് ' ശിവശതക'ത്തിൽ ഗുരുവിവരിക്കുന്നു. സുന്ദരിയുമായി ഓടിക്കളിച്ചു വലയാനുള്ള ചിന്ത ഒരു നിമിഷം പോലും വരാത്തവിധം, സന്ദർഭം കിട്ടത്ത വിധത്തിൽ മനസ്സ് ഉരുക്കി ദേവനോടു ചേർക്കാനായി ഗുരു പ്രാർത്ഥിക്കുന്നു. ഒപ്പം പാവനഹൃദയത്തിനു തടസ്സമാകുന്ന കാമിനിയുടെ ചിത്രവും ഗുരു കൃതികളിൽ കാണാം.
"മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കെലാ മഹേശ"
എന്നെഴുതുമ്പോൾ മുനകൂർത്ത നോട്ടത്താൽ വശീകരിച്ച് നാഭിയാകുന്ന കുഴിയിൽ മറിച്ചിട്ട് സ്തനഭാരവുമായി കടന്നുവരുന്ന അംഗനാചിത്രവും അതിൽ വലയരുതെന്ന പ്രാർത്ഥനയും കാണാം.
ഇപ്രകാരം ശരീരം തടസ്സമായും മോഹവസ്തുവായും വഴികളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ആ പ്രത്യക്ഷപെടലിനെ ഇല്ലാതാക്കാനാണ് ശരീരത്തിന്റെ വ്യർത്ഥതയെ അഥവാ നശ്വരതയെ ഭജഗോവിന്ദം വിവരിക്കുന്നത്. പുരുഷന്മാരോടുമാത്രമായുള്ള ഉപദേശമായി ഈ സ്തോത്രത്തെ കാണാനാകില്ല. മറിച്ച് സ്ത്രീകൾക്ക് അഭിനിവേശവും മോഹാവേശം തന്നെയാണ്. സ്ത്രീ-പുരുഷബന്ധവും ആകർഷണവും സന്താനോല്പാദനവുമൊക്കെ പ്രകൃത്യാധിഷ്ഠിതമാണ്. അവയില്ലെങ്കിൽ മനുഷ്യവംശമറ്റുപോകും.എന്നാൽ കാമമാണ് ദാമ്പത്യമെന്ന ധാരണ കുടുംബബന്ധങ്ങളെയും പ്രകൃതിനിയമത്തെയും തെറ്റിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് 'മനസിവിചിന്തയവാരംവാരം' എന്ന് ഭജഗോവിന്ദം വിവരിക്കുന്നത്. നിരന്തരം ചിന്തിച്ച്, കാര്യാവഗാഹം നേടി നശ്വരമാണ് ശരീരമെന്ന് മനസ്സിലാക്കി പാവനമായ ജീവിതത്തെ പുൽക്കാൻ ഗോവിന്ദഭജനം നമ്മെപ്രേരിപ്പിക്കുന്നു. ആ പ്രേരണ തന്നെ ജീവിതതിന്റെ സൂക്ഷ്മസാഫല്യവും.
“നളിനീ ദളഗത ജലമതി തരളം
തദ്വജ്ജീവിതമതിശയ ചപലം
വിദ്ധിവ്യാധ്യഭിമാന ഗ്രസ്തം
ലോകം ശോകഹതം ച സമസ്തം"
താമരയിലയിൽ തങ്ങിനിൽക്കുന്ന ജലകണികകളുടെ അവസ്ഥ എത്രമാത്രം ക്ഷണികമാണോ, അത്രയും ക്ഷണികവും ചഞ്ചലവുമാണ് ജീവിതം. രോഗങ്ങളും ദുരാഭിമാനങ്ങളും നിറഞ്ഞുനിൽക്കുന്ന ലോകമാകട്ടെ ശോകകുലവും. അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക.
താമരയിലയിൽ തങ്ങിനിൽക്കുന്ന ജലകണികളുടെ അവസ്ഥനോക്കുക. ഇളംകാറ്റിൽ അവ ചഞ്ചലമായി ഏതു നിമിഷവും ഉടഞ്ഞ് അനന്തനീലിമയിൽ ലയിച്ചേക്കാം. ജീവിതവും ഇതുപോലെ തന്നെയാണത്രെ. ഭൂമിയാകുന്ന ഇലയിൽ കാലമാകുന്ന കാറ്റിനാൽ ജിവിതം ഇളകിയാടുന്നു. അതിനിടയിൽ എത്ര വ്യാധികളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. എത്ര ശോകകുലമായ രംഗങ്ങളാണ് അഭിമുഖീകരിക്കുന്നത്. എന്നീട്ടും ദുരാഭിമാനത്തിന് കുറവുണ്ടോ? ഇല്ലാ തന്നെ അഭിമാനങ്ങളിൽ നിന്ന് അഭിമാനങ്ങളിലേക്ക് അവൻ സ്വയം കടന്നുചെല്ലുന്നു. എന്താണഭിമാനം ? - അഭിമാനോ അഹങ്കരഃ - അഭിമാനം അഥാവാ 'എന്റെ ' 'ഞാൻ' എന്നീ ബോധമത്രെ അഹങ്കാരം. അഹങ്കാരം ഉടലെടുക്കുന്നതാകട്ടെ ബുദ്ധിയിൽ നിന്നും. ബുദ്ധിയും അഹങ്കാരവും ബുദ്ധിയും കൊണ്ട് മനുഷ്യൻ പ്രപഞ്ചത്തെ കീഴടക്കാൻ ശ്രമിക്കുന്നു. കാലമാകട്ടെ ഇതെല്ലാം കണ്ട് പുഞ്ചിരിക്കുകയും ജീവിതത്തെ കൊയ്തെടുക്കുകയും ചെയ്യുന്നു.
"'മൃത്യുകൊയ്യും വിശലമാംപാട'മെന്ന് '"കന്നിക്കൊയ്ത്തിൽ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. രോഗങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും മൃത്യു നിരന്തരമായി ജീവിതത്തെകൊയ്യുന്നു."ബുദ്ധൻ"'സർവ്വം ക്ഷണികം, ക്ഷണികം സർവ്വം ദുഃഖം ദുഃഖം' എന്ന് ലോകത്തെ തത്ത്വചിന്തപരമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ദുഃഖമയവും ക്ഷണികവുമായ ഈ ലോകത്തിൽ ആശ്വാസപ്രദമായി ഒന്നേയുള്ളൂ അത് ഗോവിന്ദ ഭജനമത്രെ. ' ഞാൻ'.' എന്റെത്' തുടങ്ങിയ അഹംബോധമാണ് സകലദുഖങ്ങൾക്കും കാരണം. ഈ ബോധത്തെ തിരുത്താൻ നിരന്തരമായ ഗോവിന്ദോപാസനയിലൂടെ കഴിയും.
കാര്യാവഗാഹമില്ലാതാവുമ്പോഴാണ് ഒരാൾ ദുരാഭിമാനിയും അഹങ്കാരിയുമാവുന്നത്. എന്നാൽ ഇതെല്ലാം ഒരു നിമിഷത്തേക്കുമാത്രമാണെന്ന ചിന്ത രൂപപ്പെടുമ്പോൾ അഹങ്കാരവും അസ്തമിക്കുന്നു. ഭരണകർത്താവായും അധികാരികളായും ചമഞ്ഞു നടന്നവർ ഒരുനിമിഷംകൊണ്ട് നിലംപൊത്തിച്ചേക്കാം. നന്നായി പ്രഭാഷണം ചെയ്തുകൊണ്ടിരിക്കെ പെട്ടന്ന് ഒരാൾ നിശ്ചലനായി പോയേക്കാം. അത്രയും ക്ഷണികമാണ്..അത്രയും ചഞ്ചലമാണ് ജീവിതം. നാട്യങ്ങൾക്കിടയിലെവിടെയെങ്കിലും വെച്ച് അരങ്ങൊഴിയേണ്ടി വന്നേക്കാം.
ഗുരുവും ശിഷ്യനും നഗരം വഴിവരുമ്പോൾ മനോഹരമായ ചിത്രപണികളുള്ള മൺകൂജയിൽ ശിഷ്യന്റെ കണ്ണിടയുകയും അതു ലഭിച്ചെങ്കിലെന്ന് അവൻ അത്യതികമായി ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കിയ ഗുരു എന്തിനാണ് നിനക്കീ പാത്രമെന്നു ചോദിച്ചാപ്പോൾ - ' കാണാൻനല്ലഭംഗിയുണ്ട് ' എന്നായിരുന്നു. ശിഷ്യന്റെ മറുപടി. ഓടുവിൽ ശിഷ്യന്റെ വാശിയിൽ ഗുരു ആ പാത്രം വാങ്ങി അവന് നൽക്കുന്നു. കല്ലുകളും കൂർത്ത പാറകളും നിറഞ്ഞ ഇടവഴി കടന്നുവേണമായിരുന്നു അവർക്കു പോകാൻ. യാത്രക്കിടയിൽ ഒരു കല്ലിൽ തട്ടി അബദ്ധത്തിൽ മൺകൂജ നിലംപതിച്ചു. അതു പലതായി ചിതറിത്തെറിച്ചു. അതുകണ്ട് ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇത്രേയുള്ളൂ. ഇത്രമാത്രം ' ഉടനെ ശിഷ്യന് ബോധോദയമുണ്ടായി. ഇപ്രകാരമാണ് ജിവിതമാകുന്ന മൺകൂജയും ഏതു നിമിഷവും അതു ഉടഞ്ഞുപോയേക്കാം.
. വില്യംഷേക്സ്പിയർ ജീവിതത്തെ നാടകമായി ഉപമിക്കുന്നുണ്ട്. ഏതു നിമിഷവും അരങ്ങൊഴിയേണ്ടിവരുന്ന നടന്മാരാണ് ഓരോ ജീവികളും. ലോകമാകുന്ന നാട്യമണ്ഡപത്തെ താമരയിലയായി ശങ്കരാചാര്യർ വിവരിക്കുന്നു. ശങ്കരാചാര്യരുടെ ഈ തത്ത്വചിന്തയെ പിന്തുടർന്ന് അനവധി കാവ്യങ്ങൾ രചിക്കപ്പെട്ടിടുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ' വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്യജന്മം ക്ഷണ ഭംഗരം' എന്നു മനുഷ്യ ജീവിതത്തെ വിലയിരുത്തുന്നു. ചുട്ടുപഴുത്ത ഇരുമ്പുദണ്ഡിൽ ഒരു ജലബിന്ദു വീണാലുള്ള അവസ്ഥ.,
'ജ്ഞാനപ്പാന'യിൽ പൂന്താനമാകട്ടെ 'നീർപ്പോളപോലുള്ളൊരു ദേഹത്തിൽ വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു.' എന്നു വിവരിക്കുകയും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, ഏതു നിമിഷവും പൊട്ടിപ്പോയേക്കാവുന്ന കുമിളയായി ജീവിതത്തെ കാണുകയും ചെയ്യുന്നു. അവനി വാഴവ് കിനാവ്. കഷ്ടം ! എന്ന് അൽപായുസിനെ കുമാരാനാശാൻ 'വീണപൂവി'ലൂടെ അവതരിപ്പിക്കുന്നു. ' പ്രേമസംഗീതം ' എന്ന കവിതയിൽ ഉള്ളൂർ 'വേഷമെനിക്കെന്തെന്നു വിധിപ്പതു പ്രഭോ ഭവച്ചിത്തം വിശ്വപ്രിയനായ് നടനം ചെയവതു വിധേയനെൻകൃത്യം' എന്നിങ്ങനെ ജീവിതത്തെ അരങ്ങിലെ അവതരണമായി വ്യാഖ്യാനിച്ചു. ഇപ്രകാരം ഭൗതികതയുടെ ക്ഷണികതയെ കാവ്യങ്ങളെല്ലാം വിവരിക്കുന്നു. ഇവയുടെ വിവരണത്തിനടിസ്ഥാനമായി ഭജഗോവിന്ദം ഉയർന്നു നിൽക്കുന്നു.
താമരയിലയിൽ തങ്ങിനിൽക്കുന്ന ജലകണികയുടെ അവസ്ഥ ക്ഷണികമെങ്കിലും അതൊരു പ്രഭാതത്തെ ഉൾക്കൊള്ളുന്നുണ്ട്. ഒരു കുഞ്ഞു സൂര്യനെ ഒളിപ്പിച്ചുവെക്കുന്നുണ്ട്. അതുപോലെ ക്ഷണിക ജീവിതത്തിൽ നാമൊരു പ്രഭാതത്തെ. ആത്മസൂര്യനെ ഉൾക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്യുക. അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക.
"യാവദ്വിത്തോപാർജ്ജന സക്ത-
സ്താവന്നിജ പരിവാരോ രക്തഃ
പശ്ചാജ്ജീവതി ജർജ്ജരദേഹേ–
വാർത്താം കോഽപി ന പൃച്ഛതി ഗേഹേ"
ധനസമ്പാദനത്തിനു കഴിവുള്ളിടത്തോളം കാലമേ നിന്റെ കുടുംബങ്ങളും പരിവാരങ്ങളും നിന്നെ സ്നേഹിക്കുകയുള്ളൂ. പിന്നീട് വാർധക്യാവസ്ഥയിൽ ജരാനരകൾ ബാധിക്കുമ്പോൾ ആരും നിൻ്റെ കാര്യങ്ങൾ അന്വേഷിക്കുകയില്ല, നിന്നോടൊരുകാര്യവും ചോദിക്കുകയില്ല.
പരിണാമത്തിന് വിധേയമാണ് ശരീരം. 'ശീര്യതേ ഇതി ശരീരം' എന്ന്. പരിണമിക്കുന്നവയ്ക്കെല്ലാം നാശവും സ്വഭാവികമാണ്. അങ്ങനെയെങ്കിൽ ശരീരവും നശിക്കുന്ന വസ്തുവാണ്. എന്നാൽ ഈ ചിന്ത ആർക്കും തന്നെ ഉണ്ടാകാറില്ല. ആയതിനാൽ മനുഷ്യൻ ദേഹാഭിമാനിയായിവർത്തിക്കുന്നു. ശരീരമാണ് സത്യമെന്ന് കരുതുകയും അതിനെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിൽ മുഴുകുകയും ചെയ്ത് ജീവിതത്തെ വ്യർത്ഥമാക്കുന്ന എത്രയെത്ര സംഭവങ്ങൾ. ശരീരത്തിന് കരുത്തു ലഭിക്കുമ്പോൾ അതുപയോഗിച്ച് പരമാവധി ധനമുണ്ടാക്കൻ മനുഷ്യൻ ശ്രമിക്കുന്നു. ആരോഗ്യവും മനസ്സും ബുദ്ധിയുമെല്ലാം ധനാഗമ തൃഷ്ണയ്ക്കായി രൂപപ്പെടുത്തുന്നു. ധനവും കരുത്തും വന്നുചേരുമ്പോൾ സ്വഭാവികമായും പരിവാരങ്ങളും ലഭ്യമാകും. എന്നാൽ ഈ പരിവാരങ്ങളുടെ സ്നേഹ പ്രകടനങ്ങൾ ധനത്തെ മുന്നിർത്തി മാത്രമാണെന്നു തിരിച്ചറിയാൻ പ്രയാസമാണ് താനും. അത്തരക്കാരുടെ ഉള്ളുതുരന്നു നോക്കാൻ ഉപായവുമില്ല."'തന്നതില്ല പരനുള്ളുകാട്ടുവാനുപായമെന്നുമേ.' എന്ന് നളിനിയിൽ കുമാരനാശാൻ വിവരിക്കുന്നുണ്ട്. അപ്രകാരം മനുഷ്യമനസ്സ് വായിച്ചെടുക്കാൻ ഉപായങ്ങില്ല. സമ്പാദ്യത്തിലും ആരോഗ്യത്തിലും ശക്തനായിരിക്കുന്ന അവസ്ഥയിൽ കൂടെ നിൽക്കാനും സംസാരിക്കാനും കുശലാന്വേഷണങ്ങൾക്കും അനേകം പേരുണ്ടാകും. അവർ സ്നേഹം നടിച്ചേക്കാം, വാനോളം പുകഴ്ത്തിയേക്കാം. ഒടുവിൽ സമ്പാദ്യങ്ങളെല്ലാം നഷ്ട്പ്പെട്ട് ജരയും നരയും ബാധിച്ച് വാർധക്യത്തെ പുൽകി നിൽക്കുന്ന അവസ്ഥയിൽ ഒരാൾ പോലും സാഹായത്തിനുണ്ടാകുന്നില്ല. സ്നേഹത്തിൽ പൊതിഞ്ഞവർ തന്നെ അന്ന് തള്ളിപ്പറഞ്ഞേക്കാം. ചുക്കിച്ചുളിഞ്ഞ് ക്ഷയിച്ച ശരീരത്തെ മറ്റുള്ളവർ പരിഹാസത്തോടുകൂടി വീക്ഷിക്കുമ്പോഴാണ് ശരീരീത്തിന്റെ ക്ഷണികതയേയും ബന്ധങ്ങളുടെ നിഷ്ഫലതയേയും തിരിച്ചറിയുന്നത്. അപ്പോൾ ഏക ആശ്രയം ദൈവം മാത്രമാണ്. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ഗോവിന്ദനെ നിരന്തരം ഭജിക്കാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു.
"ഗാത്രം സങ്കുചിതം ഗതിർവിഗളിതാ ഭ്രഷ്ടാ ച ദന്തവലിർ
ദൃഷ്ടിർനശ്യതി വർധതേ ബധിരതാ വക്ത്രം ചലാലാവതേ
വാക്യം നാദ്രിയതേ ച ബാന്ധവജനോ ഭാര്യാ ന ശുശ്രുഷതേ
ഹാ! കഷ്ടം പുരുഷസ്യജീർണവയസഃ പുത്രോഽപ്യമിത്രായതേ."
കൂനിയ ശരീരവും ഇടറുന്ന കാലുകളും പല്ലുകൊഴിഞ്ഞവയുമായി കാഴ്ച് നശിച്ചും ബധിരത വർധിച്ചുമിരിക്കുന്ന അവസ്ഥയിൽ ബന്ധുജനങ്ങളോ ഭാര്യയോ ശുശ്രൂഷിക്കുകയോ കുശലം ചോദിക്കുകയോ ചെയ്യുന്നില്ല. സ്വന്തം പുത്രൻ പോലും മിത്രമല്ലാതായിത്തീരുന്നു. ജീർണമായ ഈ വാർധക്യാവസ്ഥ കഷ്ടം തന്നെയാണ്. എന്ന് ഭർതൃഹരി വിവരിക്കുന്നു.അപ്രകാരം ശരീരത്തിന് പോഷണവും പരിവാരങ്ങളും ബന്ധുത്വവുമെല്ലം വ്യർത്ഥമാണെന്ന് ഭജഗോവിന്ദം ബോധിപ്പിക്കുന്നു.
അതിയായ ശരീര ബോധമുള്ളത് മനുഷ്യർക്കിടയിലാണെന്ന് തോന്നുന്നു. ആയതിനാൽ പരമാവധി ശരീരത്തെ പൊലിപ്പിക്കാൻ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു ചെറിയ കഥ. ഒരു അഭ്യാസി കാണികൾക്ക് മുന്നിൽ തന്റെ പ്രകടനങ്ങൾ കാഴചവെക്കുകയാണ്. അയാൾ ഇഷ്ടികകളും ഓടുകളും ഓരോന്നായി ഇടിച്ചു നുറുക്കുന്നു. കാണികൾ ആവേശത്തോടെ കരാഘോഷം മുഴക്കുന്നു എന്നാൽ ബോധിബിനു എന്ന ആചാര്യൻ മാത്രം മൗനിയായി ദൂരെ മാറി നിൽക്കുന്നു. മത്സരം പൊടിപൊടിക്കെ ആചാര്യൻ സ്റ്റേജിലേക്ക് കയറിവന്നു അഭ്യാസിയോട് ചോദിച്ചു., നിങ്ങളെന്താണ് കാണിക്കുന്നത് ? പുച്ഛഭാവത്തിൽ അഭ്യാസി മറുപടി പറഞ്ഞു. എന്റെ ശരീരത്തിന്റെ കരുത്തുകാട്ടുന്നു. എന്നിട്ട് അയാൾ തന്റെ പെരുപ്പിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. വേണമെങ്കിൽ നൂറ് ഇഷ്ടികകൾ ഓറ്റ അടിക്ക് പോടിച്ചു തരാം. ആചാര്യൻ പുഞ്ചിരിച്ചു. പിന്നെ പതുക്കെ അഭ്യാസിയോടു ചോദിച്ചു. നിങ്ങൾ ഇഷ്ടിക പൊടിച്ചു ശരിതന്നെ.. പക്ഷേ.അതുകൊണ്ട് ഈ കാണികൾക്ക് എന്ത് ലഭിച്ചു? സമൂഹത്തിന് എന്തുനേട്ടമുണ്ടായി ? എത്രയോ തൊഴിലാളികൾ രാപ്പകലില്ലാതെ അധ്വാനിച്ച് നിമ്മിച്ച ഈ ഇഷ്ടികകൾ നിങ്ങൾ ഇടിച്ചു നശിപ്പിക്കുന്നു. ഇതുകൊണ്ട് നിങ്ങൾക്ക് എന്തുനേട്ടം? ആചാര്യൻ്റെ കൂരമ്പുപോലുള്ള ചോദ്യത്തിനു മുമ്പിൽ മറുപടി മുട്ടിനിൽക്കുന്ന അഭ്യസിയോട് ആചാര്യൻ ഉപദേശിച്ചു. - സുഹൃത്തേ. ശരീരം ഇഷ്ടിക പൊടിച്ചു കരുത്തുകാട്ടാൻ മാത്രമുള്ളതാണെങ്കിൽ ഈജന്മത്തിന് എന്തർത്ഥം ? അയാളുടെ ചോദ്യങ്ങൾ അഭ്യാസിയെ ഉണർത്തി. പിന്നിട് അയാൾ തന്റെ ശരീരം നന്മക്കു വേണ്ടി മാറ്റിവെച്ചു. അമിതമായ ശരീരബോധവും ധനസമ്പാദനവും നമ്മെ വ്യർത്ഥകർമ്മങ്ങളിലേക്കാണ് നയിക്കുന്നത്. ഏതുനീമിഷവും ഉടഞ്ഞു പോയേക്കാവുന്ന ശരീരത്തെ പരമാവധി സത്കർമ്മങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുക.
യാവദ് പവനോ നിവസതി ദേഹേ
താവദ് പൃച്ഛതി കുശലം ഗേഹേ!
ഗതവതി വായൗ ദേഹാപായേ
ഭാര്യാബിഭൃതി തസ്മിൻ കായേ!!
ശരീരത്തിൽ ജീവൻ നിലനിൽകുന്നിടത്തോളം കാലം വീട്ടിൽ ഭാര് യകുശലാന്വേഷണങ്ങൾ നടത്തുന്നു. എന്നാൽ ശരീരത്തിൽ നിന്നും ജീവൻ അസ്തമിക്കുമ്പോൾ ആ ജഡശരീരത്തെ ഭാര്യപോലും ഭയക്കുന്നു.
ശരീരനശ്വരതയെയും ബന്ധങ്ങളുടെ അയഥാർത്ഥതയെയും ഒന്നുകൂടി ഉറപ്പിച്ചെടുക്കുകയാണ് ഈ സ്തോത്രം. ജീവനാണ് എല്ലാ അനുഭവങ്ങളെയും സൃഷ്ടിക്കുന്നത്. സുഖം, ദുഖം, ആനന്ദം, മോഹം, കാമം, തുടങ്ങിയവയെല്ലാം ജീവനുള്ള ശരീരത്തിലെ നിർമ്മിക്കപെടുന്നുള്ളു. ആയതിനാൽ ജീവനുള്ള ശരീരം ഒരു കുടുംബത്തെ സൃഷ്ടിക്കുന്നു., വീടുവെക്കുന്നു, താമസം തുടങ്ങുന്നു, കുശലം പറയാനും സന്തോഷിക്കനും, ഭാര്യ, കുട്ടികൾ, കുടുംബക്കാർ തുടങ്ങി അനേകം പേരുണ്ടാകുന്നു. എന്നാൽ ജീവൻ അസ്തമിച്ചുപോയ ശരീരതെ ഭാര്യപോലും ഭയക്കുന്നു.
'ഭാര്യ' എന്ന പദം മനഃപൂർവ്വം ചേർത്തതാകാം. കാരണം ഒരു പുരുഷനെ ഏറ്റവും കൂടുതൽ അറിയുന്നത് ഭാര്യയാണ് അതുപോലെ തന്നെ തിരിച്ചും. ഒരുമിച്ച് ജീവിക്കുകയും, ശരീരവും മനസ്സും പങ്കുവെക്കുകയും സന്തനങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നത് ദമ്പതികളാണ്. എന്നാൽ ശരീരം ജഡമാകുമ്പോൾ അതിനെ പേടിക്കുന്നു. തലേദിവസം വരെ കൂടെക്കിടന്നവരും ശരീരം പങ്കിട്ടവരും ജഡത്തെ ഭയത്തോടെയും വേദനയോടെയും നോക്കുന്നു. അൽപ്പനിമിഷത്തിനുശേഷം കത്തിച്ചുകളയുകയോ കുഴിവെട്ടിമൂടുകയോ ചെയ്യുന്നു. ഇതാണ് യാഥാർത്ഥ്യം. കുടുംബജീവിതത്തിന്റെ അനശ്വരതയെ പാടിപുകഴ്ത്തുന്നവർക്ക് മുന്നിൽ എത്ര നശ്വരമാണ് ഈ ജീവിതമാണ് ഭജഗോവിന്ദം ബോധ്യപ്പെടുത്തുന്നു.
ഒരു ആചര്യാൻ ഗ്രാമത്തിലൂടെ സഞ്ചരിക്കവേ ഒരു സ്ത്രീയുടെ നിലവിളികേട്ടു. ബോധിബിനു അടുത്തെത്തിയപ്പോൾ ഭർത്താവിന്റെ ശരീരം ചേർത്തുപിടിച്ച് വാവിട്ടുകരയുന്ന സ്ത്രീയെയാണ് കണ്ടത്. അങ്ങയുടെ ശക്തിയും സിദ്ധിയുമുപയോഗിച്ച് എങ്ങനെയെങ്കിലും എന്റെ ഭർത്താവിന്റെ ജീവൻ തിരിച്ചുതരണമെന്ന് ആചര്യനോട് അവൾ അപേക്ഷിക്കാൻ തുടങ്ങി. എന്നൽ ആചര്യൻ ഒട്ടും ഭാവവ്യത്യസമില്ലതെ പറഞ്ഞു. ഇതു നിന്റെ ഭർത്താവല്ല.അഴകുന്ന ശരീരം മാത്രമാണ്. നിന്റെ ഭർത്താവിന്റെ സൂക്ഷശരീരം ഇപ്പോഴും നിൽനിൽക്കുന്നുണ്ട്.. നീ അതിനെ സ്നേഹിക്കുക. ആചാര്യന്റെ ഇ വാക്കുകൾ സ്ത്രീക്ക് ആശ്വാസം നൽക്കുന്നതിന്നു പകരം ദേഷ്യമാണുണ്ടാക്കിയത്. അവൾ കോപത്തോടെയും സങ്കടത്തോടും കൂടിവിളിച്ചുപറഞ്ഞു. നിങ്ങളുടെ ഭ്രാന്തുകേൾക്കാനല്ല ഞാനപേക്ഷിക്കുന്നത്. എന്റെ ഭർത്താവിന്റെ ശരീരവും ജീവനും തിരിച്ചു തരാനാണ്. ആചാര്യൻ പറഞ്ഞു - നീ, ശരീരമാണ് നിന്റെ ഭർത്താവെന്നു കരുതുന്നു. ഈ ശരീരത്തെയാകട്ടെ ഉള്ളറിഞ്ഞു നീ സ്നേഹിക്കുന്നില്ലതാനും.
ഇതു കൂടിയായപ്പോൾ സ്ത്രീയുടെ നിലകൈവിട്ടു. അവൾ മാറത്തടിച്ചുകരഞ്ഞു കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. - ഞാനന്റെ ഭർത്താവിനെ ഉള്ളറിഞ്ഞു സ്നേഹിക്കുന്നു. എനിക്കദ്ദേഹമില്ലതെ ജീവിക്കാനവില്ല. അൽപനിമിഷത്തിനുശേഷം ആചാര്യൻ സ്ത്രീയുടെ കൈപിടിച്ചു മെല്ലെപറഞ്ഞു. ശരി നിന്റെ ആഗ്രഹം പോലെ ഞാനിയാളെ ജീവിപ്പിച്ചു തരാം. പക്ഷേ പത്തുദിവസം നീ ഈ ശരീരത്തോടപ്പം നിൽക്കണം. സ്ത്രീക്ക് അൽപ്പം ആശ്വാസമായി , അവൾ സമ്മതിച്ചു
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ജഡശരീരം വീർക്കാനും അഴുകാനും പുഴുക്കൾ നിറയാനും തുടങ്ങി. സ്ത്രീക്ക് അതിനോട് അറപ്പും വെറുപ്പും ഭയവും തോന്നി. ഏഴാമാത്തെ ദിവസം ഓടിക്കിതച്ചുകൊണ്ട് അവൾ ആചാര്യന്റെ അടുത്തെത്തി പറഞ്ഞു. ഈ ശരീരം മറവുചെയ്യാൻ സഹായിക്കണം. ആചാര്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു അതു നിന്റെ ഭർത്താവല്ലേ. സ്ത്രീപറഞ്ഞു. അല്ല അല്ല അദ്ദേഹം മരിച്ചു. പുഴുക്കൾ നിറഞ്ഞ ആ ശരീരത്തെ ഞാൻ ഭയക്കുന്നു.. ആചാര്യൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അതുതന്നെ നമ്മുടെ ശരീരത്തിന്റെ അവസ്ഥയും.. ശരീരമല്ല സത്യമെന്ന് ഭജഗോവിന്ദം സമർത്ഥിക്കുന്നു.. ശരീരം അഴുകാനുള്ളതാണെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് ഗാത്രാസക്തിക്കു കാരണമാകുന്നത്.
"ബാലസ്തവത്ക്രീഡാസക്തഃ
സ്തരുണാസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താസക്തഃ
പരമേ ബ്രഹ്മണി കോഽപി നസക്തഃ"
( ചിന്താസക്തഃ - ചിന്താമഗ്നഃ,, പരമേ ബ്രഹ്മണി - പരേബ്രഹ്മണി , എന്നും പഠഭേദം ഉണ്ട്)
കുട്ടിയായിരിക്കുമ്പോൾ കളികളിൽ മുഴുകുന്നു. യുവവായിരിക്കുമ്പോൾ യുവതകളിൽ ആസക്തരാകുന്നു. വൃദ്ധനാകുമ്പോൾ ചിന്താമഗ്നനാകുന്നു. എന്നാൽ പരംബ്രഹ്മത്തിൽ ആരും തന്നെ ആസക്തനാകുന്നില്ല.
മനുഷ്യാവസ്ഥയുടെ വ്യത്യസ്ത തലങ്ങളെ ഒരു മനഃശാസ്ത്രജ്ഞനെ പോലെ വിലയിരുത്തുകായാണ് സ്തോത്ര കർത്താവ്. കുട്ടികളുടെ മാനസീകാവസ്ഥ കളികളിൽ മുങ്ങികിടക്കുന്നതായിരിക്കും. എത്ര പിന്തിരിപ്പിച്ചാലും അതിൽ നിന്നും അവരെ പറിച്ചെടുക്കാനാവില്ലാ. അതുകൊണ്ട് തന്നെ ജനനമോ മരണമോ സംസാരസംസർഗ്ഗങ്ങളോ അവർക്ക് പ്രശനമേയല്ല. അവർ എന്തും പറയുന്നു. പ്രവർത്തിക്കുന്നു. ബാലന്മാർക്ക് വിവേകമുദിക്കാത്തതിനാൽ എന്തിനേയും അവർ കളിയുടെ ലാഘവത്തോടെ കാണുന്നു. ദുഃഖങ്ങൾ അലട്ടുമെങ്കിലും അൽപനിമിഷത്തിനുള്ളിൽ ദുഃഖം മറന്ന് അവർ കളിയാരംഭിക്കുന്നു. കുട്ടികളെ സംബന്ധിച്ച് ജീവിതം കളിയും ചിരിയുമാണ്. അവർ ക്രിഡാസക്തരായി ബാല്യം തീർക്കുന്നു.
യൗവനകാലഘട്ടം സ്വപ്നങ്ങളുടെയും മധുരമായ ഓർമ്മകളൂടെയും കാലഘട്ടമാണ്. ഭാവിയെ കുറിച്ചുള്ള നിരന്തര സ്വപ്നങ്ങളാണ് യൗവനത്തെ മുന്നോട്ട് നയിക്കുന്നത്. ശരീരവും മനസ്സും ഇണയെ തേടുന്ന ഘട്ടവും യൗവനം തന്നെ. ആയതിനാൽ യുവതികളെ കിനാവുകണ്ട് മോഹിച്ചും അവരിൽ അനുരക്തനായും യൗവനമസ്തമിക്കുന്നു. ഭാര്യ, മക്കൾ, കുടുംബം, തുടങ്ങിയ ജീവിത നിർമാണങ്ങൾക്കായി യൗവനം മാറ്റി വെക്കുമ്പോൾ പരമാർത്ഥികതയിൽ നിന്നും എത്രയോ ദൂരമാണ് ഒരാൾ നിലകൊള്ളുന്നത്.ഒരാൾനിലകൊള്ളുന്നത്.
യൗവനത്തുടിപ്പ് അഘോഷിക്കുന്ന ശിഷ്യനെ ഗുരു നിറയെ പൂതുനിൽക്കുന്ന മരത്തിനടുത്തേക്കുകൊണ്ടുപോകുന്നു. പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളും മത്സരിച്ച് തേൻ കുടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന പൂവിന്റെ ഭാഗ്യത്തെകുറിച്ച് ശിഷ്യൻ വാചാലനായി. ഗുരു അതിന് മറുപടി നൽക്കിയത് 'സമയമായില്ല.'.' എന്നാണ്. രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം ശിഷ്യനെ കൂട്ടി ഗുരു വീണ്ടും ആ മരത്തിനടുത്തെത്തി. പൂക്കളെല്ലാം കൊഴിഞ്ഞുകിടക്കുയായിരുന്നു. ഒരു പൂമ്പാറ്റപോലും കൊഴിഞ്ഞ പൂക്കൾക്കടുത്തു വന്നില്ല. അതുകണ്ട് പരിതപിച്ച ശിഷ്യനോട് ഗുരുമൊഴിഞ്ഞു. 'യൗവനവും പൂക്കളും ഒരുപോലെ'.
ചോരത്തുടിപ്പുള്ളപ്പോൾ സുഹൃദ് ബന്ധങ്ങളുടെയും കാമനകളുടെയും തേനിച്ചകളും വണ്ടുകളും വന്നു നിറയും. പിന്നെ കൊഴിഞ്ഞ പൂ പോലെ യൗവനമടരുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ മണ്ണിനോട് ചേരേണ്ടതായി വരുന്നു. കൊഴിഞ്ഞ യൗവനം വാർധക്യത്തിലെത്തിക്കുന്നു. അനവധി ചിന്തകളുടെ ഘട്ടമാണിത്. വ്യകുല ചിത്തത്തിനുടമകളാണ് ഓരോ വൃദ്ധരും. രോഗം ദുരിതം മരണചിന്ത എന്നിവ നിരന്തരം വന്നലട്ടുന്നു. ഇതിനിടയിൽ യാഥാർത്ഥ്യം മറക്കുന്നു. വിവശതയും ഭയവും കുന്നുകൂടുമ്പോഴും ആരും ഈശ്വരനിൽ പൂർണമായി അനുരക്തനാകുന്നില്ല എന്ന് ഭജഗോവിന്ദം കുറ്റപ്പെടുത്തുന്നു. അഥവാ മരണം വരെ പരബ്രഹ്മത്തിൽ, പരമാത്മാവിൽ ആരും ആസക്തരാകുന്നില്ല. അങ്ങനെ ഒരു ആസക്തിയുണർന്നാൽ ജീവിതത്തിൽ തന്നെ ഒരാൾ മുക്തനാകുന്നു.. ജീവന്മുക്തസങ്കല്പം യാഥാർത്ഥ്യമാകുന്നു. അതുകൊണ്ട് വ്യാവഹരികതയിലല്ല. പാരാർത്ഥികതയിൽ ആസക്തി വേണമെന്ന് ഭജഗോവിന്ദം ഉപദേശിക്കുന്നു.
"കാ തേ കാന്താ? കസ്തേ പുത്രഃ?
സംസാരോഽയമതീവ വിചിതഃ
കസ്യത്വം കഃ കുത ആയാത-
സ്തത്ത്വം ചിന്തയ യദിഹ ഭ്രാതഃ"
അല്ലയോ സോദരാ. നിന്റെ ഭാര്യ ആരാകുന്നു.? പുത്രനാരകുന്നു? നീയാരാണ്? ആരുടെതാണ്? എവിടെ നിന്നണ് നീ വരുന്നത്? ഇത്തരം തത്ത്വങ്ങളെകുറിച്ച് ഇവിടെ വെച്ചുതന്നെ ചിന്തിക്കുക. ഈ ലോകജീവിതം അതിവിചിത്രം തന്നെയാണ്.
സംശയങ്ങളും സന്ദേഹങ്ങളും ആണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നിരന്തര സംശയമുള്ളവനായിരിക്കും യഥാർത്ഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ് മുന്നേറുന്നത്. കഠോപനിഷത്തു തന്നെ ഉദാഹരണമായി എടുക്കാം. ഉദ്ദാലകന്റെ പുത്രനായ നചികേതസ് ആദ്യം തന്നെ പിതവിനെ സംശയങ്ങളും ചോദ്യങ്ങളുമായി വീർപ്പുമുട്ടിക്കുന്നു. പിന്നീട് മരണദൂതനായ യമനുമായുള്ള സംവാദമായി മാറുന്നു. ആ സംശയങ്ങളും സംവാദവുമാണ് നചികേതസ്സിനെ ജ്ഞാനിയാക്കുന്നത്. 'പ്രശ്നോപനിഷത്തി'ലെന്റെ ശീർഷകം തന്നെ സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങളും അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിനും ആധാരം. ഉപനിഷത്തിന്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ് പ്രസ്തുത സ്തോത്രവും. ആയതിനാൽ നിരവധി സംശയങ്ങളിലൂടെ തന്നെയാകുന്നു സ്തോത്രാരംഭവും. പ്രധാനമായും പഞ്ചപ്രശ്നങ്ങളാണിവിടെ - 1 - നിന്റെ ഭാര്യ ആരാകുന്നു? 2- പുത്രനാരാകുന്നു? 3 - നീ ആരാകുന്നു? 4 - ആരുടെതാകുന്നു? 5 - നീ എവിടെ നിന്നു വന്നു?. ഏറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.
മുമ്പ് പരസ്പരം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു. വിവാഹം കഴിക്കുന്നു അതിനുമുമ്പ് അവർ ആരയിരുന്നെന്നോ, എന്തായിരുന്നെന്നോ ഉള്ള അറിവും സ്പ്ഷ്ടമല്ലയിരുന്നു. അവർ കുടുംബം സൃഷ്ടിക്കുന്നു, കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രനെവിടെയായിരുന്നു.? ഇത്തരം കാര്യങ്ങൾ ചിന്തിച്ചു ചിന്തിച്ചു പോകുമ്പോൾ 'ഞാൻ' ഭാവത്തിലെത്തിച്ചേരുന്നു. ആരാണ് ഞാൻ? എന്ന അന്വേഷണം ' ആരുടെതാണു ഞാൻ'? എന്ന ചിന്തയ്ക്ക് കൂടി കാരണമാകുന്നു. തുടർന്ന് എവിടെ നിന്നാവാം 'ഞാൻ' എന്ന ഭാവത്തിന്റെ അസ്തിത്വ മുടലെടുത്തത് എന്ന അന്വേഷണത്തിലേക്ക് നിരന്തര ചിന്തകളെത്തുന്നു. ആരംഭത്തെക്കുറിച്ചുള്ള ഈ അന്വേഷണം വ്യാവഹാരിതലത്തിലെ 'ഞാൻ ' എന്ന അഭാവത്തിനു കാരണമാകുന്നു. പ്രസ്തുത ഭാവത്തിന്റെ അഭാവം. പുത്രകളത്രാദികളെല്ലാം ഭ്രമം മാത്രമാണെന്ന തിരിച്ചറിവുണ്ടാകുന്നു. അധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ഇപ്രകാരം വിവരിക്കുന്നു.
"പുത്രമിത്രാർത്ഥകളത്രാദിസംഗമാ-
മൈത്രമൽപകാലസ്ഥിതമോർക്ക നീ"
എല്ലാം അല്പ്കാലത്തേക്കുള്ളതാണ് അഥവാ തോന്നൽ മാത്രമാണ്. ഇന്നുവരെ കണ്ടവരെ നാളെ കാണണമെന്നില്ല. ഇന്നു കാണാത്തവർ നാളെ ഉദയം ചെയ്തേക്കാം ലോകജീവിതം വിചിത്രംതന്നെ. പൂന്താനം ജ്ഞാനപാനയിൽ വിവരിക്കുന്നു.
"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
ഇങ്ങനെ കാണുകയും കാണാതിരിക്കുകയും ബന്ധങ്ങൾ ഉണരുകയും അറ്റുപോകുകയും ചെയ്യുന്ന ലോകജീവിതം സത്യമാണെന്ന് കരുതുന്നത് മിഥ്യതന്നെ, 'വിവേകചൂഡാമണി'യിൽ ശങ്കരാചര്യർ ചോദിക്കുന്നുണ്ട് -"കോ നാമ ബന്ധഃ ? കഥമേഷാമാഗതം"? - എന്താണ് ബന്ധം? അതു എപ്രകാരം ഉടലെടുത്തു.? എന്ന് ബന്ധങ്ങൾ ഉടലെടുത്തത് എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ലോകജീവിതത്തിന്റെ നശ്വരത വെളിപ്പെടുന്നു. ഈ ഭ്രമത്തിൽ നിന്നും മോചനം നേടാനാണ്.."തത്ത്വംചിന്തയ."എന്ന് ഉപേദേശിക്കുന്നത്. തത്ത്വത്തെ സൃഷ്ടിസ്ഥിതിലയ കാരണത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുക. പുത്രൻ മരിച്ചദുഃഖത്തിൽ വാവിട്ടു നിലവിളിച്ചുകൊണ്ട് ബുദ്ധനടുത്തേക്കു വന്ന സ്ത്രീയോട് മരണം നടക്കത്ത ഗൃഹത്തിൽ നിന്നും ഒരുപിടി കടുക് കൊണ്ടുവരാനാണ് ബുദ്ധൻ ആവിശ്യപ്പെടുന്നത്. നാടായ നാടുമുഴുവൻ അലഞ്ഞീട്ടും മരണം നടക്കാത്ത ഒരു വീടുപോലും ആ സ്ത്രീക്ക് കണ്ടെത്താനാകുന്നില്ല. നിരാശയായി തിരിച്ചുവരുന്ന ആ സ്ത്രീയുടെ മുഖത്ത് ഉറ്റുനോക്കി ബുദ്ധൻ പുഞ്ചിരിക്കുകയാണ് ചെയ്തത്. എപ്പോഴും കൂടെയുണ്ടാകുമെന്നു കരുതുന്നവരുടെ അഭാവത്തിന് നിമിഷനേരം മതി. ബുദ്ധന്റെ മരണ സമയത്ത് അടുത്തിരുന്ന് വിലപിക്കുന്ന ആനന്ദനോട് ബുദ്ധൻ മന്ത്രിക്കുന്നത് - ആനന്ദാ. ഇതുതന്നെയല്ലേ ഞാൻ പറഞ്ഞത് എന്നണ്. സർവ്വം ക്ഷണികവും ദുഃഖമയവുമായ ഈ ലോകജീവിതം സത്യമാണെന്നു കരുതുന്നത് മൂഢത്വമത്രെ. ഓരോന്നിനെ കുറിച്ചറിയുമ്പോഴും ' ഇതല്ല. ഇതല്ല' ( നേതി.നേതി) സത്യമെന്ന് തിരിച്ചറിയുന്നു. സത്യത്തെ തിരിച്ചറിയാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു.
"സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമോഹത്വം
നിർമോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ"
സത്സംഗത്തിലൂടെ നിസ്സംഗത്വം രൂപപ്പെടുന്നു. നിസ്സംഗത്തിലൂടെ ആകട്ടെ മോഹമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. മോഹമുക്തനാകുമ്പോൾ അചഞ്ചലമായ തത്ത്വമുണരുന്നു. നിശ്ചലമായ ആ അവസ്ഥ ജീവൻ മുക്തിയെ പ്രാപിക്കാൻ സഹായിക്കുന്നു.
പരിശുദ്ധമായ കൂട്ടുകെട്ടാണ് പുതിയ വിജ്ഞാനത്തെയും ഉപകരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നത്. ' സജ്ജനാനാംസംഗം"അഥവാ സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്സംഗത്വം. അതിവൈകാരികതയേയും ദുഃഖങ്ങളെയും മറികടക്കാനുള്ള ഉപാധിയാണ് സജ്ജനങ്ങളുമായുള്ള സംസർഗം. ജീവിതം കുത്തിയൊഴുകുന്ന നദിപോലെയാണ്. നിശ്ചലമായ ശാന്തതയും ആഴവും അതിനു കൈവരുത്തുന്നത് ഗുരുക്കന്മരാകാം. സുഹൃത്തുക്കളാകാം. അങ്ങനെ ആരുമാകാം അവരത്രേ സജ്ജനങ്ങൾ. അത്തരക്കാരുമായുള്ള സംഗം തന്നെ സത്സംഗം. ; ആഴമുള്ള ജലത്തിൽ ഓളങ്ങളുണ്ടാകുന്നില്ല എന്ന പോലെ ആഴമുള്ള ഹൃദയത്തിൽ വികാരങ്ങളുടെ തിരതള്ളലുണ്ടാകില്ല. തിരതള്ളുന്ന ഹൃദയത്തെ ശാന്തതയിലെത്തിക്കാൻ ബ്രഹ്മജ്ഞാനികൾക്കേകഴിയൂ. 'പ്രപഞ്ചമാകുന്ന ആഴിയിൽപ്പെട്ടുഴലുന്നവരെ കരകയറ്റുന്ന നാവികനാണ് ദൈവ'മെന്ന് ദൈവദശകത്തിൽ നാരായണ ഗുരു വിവരിക്കുന്നുണ്ട്. ദേവപദത്തിലേക്കുള്ള വഴിക്കാട്ടിയാണത്രെ സജ്ജനങ്ങൾ. അതുകൊണ്ടാണ് സജ്ജനങ്ങളുമായി സംസർഗം നടത്താൻ ഭജഗോവിന്ദം ഉപദേശിക്കുന്നത്…
ഭൗതിക സുഖങ്ങളിൽ അഭിരമിക്കുന്ന തന്റെ ശിഷ്യനെ ഗുരു കുത്തിയൊഴുകുന്ന നദികരയിലേക്ക് കൊണ്ടുപോകുകയും അപ്രതീക്ഷിതമായി അതിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. നിലയില്ലാ വെള്ളത്തിൽ ശിഷ്യൻ നിലവിളിച്ചും കൈകാലിട്ടടിചും പ്രാണനു വേണ്ടി കേണുകൊണ്ടിരുന്നു. ഒടുവിൽ ഗുരു അവനുനേരെ മുളക്കമ്പ്നീട്ടി. പ്രാണരക്ഷാർത്ഥം അവന്തിൽ പിടിച്ച് കരക്കുകയറി. ഗുരു പുഞ്ചിരിച്ചു ചേദിച്ചു. നിന്താൻ പഠിച്ചോ? ശിഷ്യൻ കിതച്ചുകൊണ്ട് പറഞ്ഞു. അങ്ങയുടെ മുളങ്കാമ്പില്ലയിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ.'. ഇപ്രകാരം ജീവിതമാകുന്ന കലക്കുവെള്ളത്തിൽ പ്രാണരക്ഷാർത്ഥം അവനതിൽ പ്രാണരക്ഷാർത്ഥം പിടയുന്നവരാണ് ഓരോരുത്തരും. , രക്ഷപ്പെടാൻ ഒരു ചുല്ലികമ്പെങ്കിലും നീട്ടുന്നവരാണ് സജജനങ്ങൾ. അവരുമായുള്ള കൂട്ടുക്കെട്ട് നിസംഗത്വത്തിലേക്കു നയിക്കും. എന്താണ് നിസംഗത്വം? ഒന്നിലും അഭിരമിക്കാത്ത അവസ്ഥ. ശമാദിഷ്ട്കസമ്പത്തി കൈവരിച്ചതു പോലെ ഇന്ദ്രിയങ്ങളുംഅന്തഃകരണവുമെല്ലാമടക്കി പരമമായ ആത്മതത്ത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഒരാൾ നിസംഗനായിതീരുന്നു. ശങ്കരാചാര്യർ 'വിവേകചൂഡാമണി'യിൽ ഇപ്രകാരം വിവരിക്കുന്നു."മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരുമായുള്ള കൂടിച്ചേരലും ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ദൈവാനുഗ്രഹത്തിൽ മാത്രമേ അതു സാധ്യമാകൂ'.
"ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ”
ഛാന്ദോഗ്യോപനിഷത്താകട്ടെ ആചാര്യവാൻ പുരുഷോവേദഃ എന്നു വിവരിക്കുന്നു. അതുകൊണ്ട് സജ്ജനങ്ങളെ അന്വേഷിക്കുക, അവരുമായി കൂടിച്ചേരുക.
നിസ്സംഗത്വമാണ് മോഹരഹിതമായ അവസ്ഥയുണർത്തുന്നത് മോഹമാണെത്രെ. ദുഃഖത്തിനാധാരം. അതുകൊണ്ടാണല്ലോ ' ആഗ്രഹമാണ് എല്ല ദുഃഖങ്ങൾക്കും കാരണ'മെന്ന് ബുദ്ധൻ അനുശാസിച്ചത്. വിഷാദമാണ് മോഹത്തിന്റെ ഫലം; ക്രോധത്തിന്നു കാരണഭൂതനായിരിക്കുന്നതും മോഹം തന്നെ. മോഹം നടക്കാതിരിക്കുമ്പോഴാണ് അതുക്രോധമായി പരിണമിക്കുന്നത്. അജ്ഞതയും അന്ധകാരവുമാണ് ക്രോധത്തിന്റെ ലോകം. എന്നാൽ നിസ്സംഗത മോഹത്തെയും ക്രോധത്തെയും അന്ധകാരത്തെയും ഇല്ലാതാക്കുന്നു. നിസംഗത രുപപ്പെടുത്തുന്നതാകട്ടെ സത്സംഗവും. നിർമോഹം നിശ്ചലമായ മനസ്സിനെ നിർമ്മിക്കുന്നു. ഓളങ്ങളൊഴിഞ്ഞ തടാകത്തിൽ അടിത്തട്ടു കാണാവുന്നതുപോലെ നിശ്ചഹൃദയത്തിനാഴങ്ങളിൽ ആത്മജ്ഞാനമാകുന്ന മുത്തുമണികളെ ഒരുവൻ കണ്ടെടുക്കുന്നു. സ്വജീവിതത്തിൽ തന്നെ. ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ മുക്തനാകുന്നു.
ഭഗവദ്ഗീത വിവരിക്കുന്നു.
"ബ്രഹ്മണ്യാധായ കർമ്മാണി സംഗം ത്യക്ത്വാ കരോതിയഃ
ലിപ്യതേ ന സ പാപേന പദ്മപത്രമിവാംഭസാ.( 5 -10 )
"ജലവുമായി അനേകം തവണ ബന്ധമുണ്ടായാലും താമരയിലയ്ക്കു നനവേൽക്കുന്നില്ല, അതുപോലെ ആസക്തികൾ വെടിഞ്ഞ് ഈശ്വരാർപ്പണമായി കർമ്മം ചെയ്യുന്ന നിസ്സംഗനിൽ പാപം പുരളുന്നില്ല; അവൻ വ്യവഹാരികതയിൽ ഏർപ്പെട്ടവനെ പോലെതോന്നിയാലും."വിദേഹമുക്തി അഥവാ മരണാന്തരമുള്ള മോചനമാണ് ഭൂരിഭാഗം ജനതയ്ക്കും സിദ്ധം. എന്നാൽ നിർമോഹിയായ ഒരാൾ ജീവിച്ചിരിക്കെത്തന്നെ മുക്തനാകുന്നു. ജീവന്മുക്തിക്കയി സത്സംഗ സംസർഗം കാത്തുസൂക്ഷിക്കുക.. സത്സംഗത്തെ കാത്തുസൂക്ഷിക്കുക, എന്ന് ഭജഗോവിന്ദം ഉപദേശിക്കുന്നു.
"വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
നഷ്ടേ ദ്രവ്യേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ
വർധക്യത്തിൽ എന്തുകാമവിചാരം? നീരുവറ്റിയാൽ എന്തുതടാകം? സമ്പത്തുനശിച്ചാൽ എന്തുപരിജനങ്ങൾ? തത്ത്വമറിഞ്ഞാൽ/ ആത്മജ്ഞാനം സിദ്ധിച്ചു കഴിഞ്ഞാൽ എന്തു സംസാര ദുഃഖം?.
സംസാര ദുഃഖങ്ങളിൽ നിന്നും മോചനം നേടാനും തത്ത്വജ്ഞാനമുണ്ടാകാനുമായി പ്രയത്നിക്കാൻ ഉപദേശിക്കുകയാണ് ഈ സ്തോത്രം. കാമവും അതിവികാരങ്ങളും ഉണ്ടാവുന്നത് യൗവനാവസ്ഥയിലാണ്. സ്വർത്ഥ താത്പര്യങ്ങൾക്കും സുഖലോലുപതയ്ക്കുമായി പലരും യൗവനത്തെ മറ്റിവെക്കുന്നു. കരുത്തും ചുറുചുറുക്കും അവരെ കൂടുതൽ അഹന്തയുള്ളവരാക്കുന്നു. കാമങ്ങളിൽ നിന്ന് കാമങ്ങളിലേക്ക് അവർ പ്രയാണം ചെയ്യുന്നു. എന്നാൽ വാർധക്യാവസ്ഥയിലേത്തുമ്പോഴേക്കും കാമം വറ്റിതുടങ്ങുന്നു. ചിന്തക്ക് ബലം കൂടുന്നു. അപ്പോൾ ചെയ്തകാര്യങ്ങളെ കുറിച്ച് ദുഃഖിക്കുന്നു. ചിലപ്പോൾ മരണഭയം വല്ലാതെ പിടിമുറുക്കുന്നു. സന്ധിബന്ധങ്ങളെല്ലാമയഞ്ഞ് ചുളിവും നരയും പതഞ്ഞ് ഏകാന്ത വാസമനുഭവിക്കുന്ന വാർധക്യത്തിൽ കാമങ്ങളുടെ കടന്നുവരവല്ല പകരം മരണത്തിന്റെ കാല്പാദങ്ങളാണ് ശ്രവിക്കുക. രക്തം, മാംസം, മജ്ജ, തുടങ്ങിയവയാണ് കാമത്തെ ജ്വലിപ്പിക്കുന്നത്. ഇവ ക്ഷീണിക്കുമ്പോൾ കാമവും ക്ഷീണിക്കുന്നു. ആഗ്രഹങ്ങളെല്ലാം ഇല്ലാതാവുന്നു.
എന്താണുതടാകം ? ജലമുള്ളപ്പോൾ മാത്രമാണ് അത് തടാകമായി നിലനിൽക്കുന്നത്. ജലം വറ്റിപോയാൽ അതൊരു കുഴി മാത്രമാണ്. ഒരു ആചാര്യൻ ശിഷ്യനോടൊപ്പം നിലാവുള്ള രാത്രി ഒരു കുളത്തിനരികിലൂടെ യാത്രചെയ്യുകയായിരുന്നു. നിലാവിൽ കുളം വെട്ടിതിളങ്ങി. നക്ഷത്രങ്ങളും ചന്ദ്രനും മേഘങ്ങളുമെല്ലാം ജലത്തിൽ തെളിഞ്ഞുകണ്ടു. അതു കണ്ടുനിന്ന ശിഷ്യന് ആഹ്ലാദം നിയന്ത്രിക്കാനായില്ല. അവൻ ഗുരുവിനോട് ഉറക്കെ പറഞ്ഞു 'ഗുരോ. ഈ കുളം എത്ര ഭാഗ്യവാനാണ്. ആകാശവും, നക്ഷത്രങ്ങളും, ചന്ദ്രനും മുഖം നോക്കുന്നത് ഈ കണാടി കുളത്തിലല്ലേ.. മത്സ്യങ്ങളും നീരനാഗങ്ങളുമെല്ലാം ഇതിനെ എത്ര സ്നേഹിക്കുന്നു. എത്ര പരിവാരങ്ങളാണ് വെള്ളമെടുക്കാനും നീന്തിതുടിക്കാനുമെത്തുന്നത്, ഇത്രയും സ്നേഹവും പരിഗണയും പരിവാരങ്ങളും ലഭിക്കുന്ന കുളം അതീവ ഭാഗ്യവാൻ തന്നെ. ശിഷ്യന്റെ വാക്കുകൾ കേട്ട് ഗുരു ഒന്നുമൂളുക മാത്രം ചെയ്തു. മാസങ്ങൾ കടന്നുപോയി ഒരു വേനൽ കാലത്ത് നിലാവുള്ള രാത്രിയിൽ ഗുരുവും ശിഷ്യനുംഇതേ കുളകരയിലൂടെ സഞ്ചരിച്ചു. വേനൽ കാലമായതിനാൽ വെള്ളം വറ്റിപോയിരുന്നു കുളത്തിനുചുറ്റും അവിടെവിടെയായി കുറ്റിക്കടുകൾ വളർന്നു വന്നിരുന്നു.
ശിഷ്യൻ ആ കുളത്തെ ശ്രദ്ധിച്ചതേയില്ല. ഗുരു ആ ഭഗത്തേക്ക് കൈചൂണ്ടി ചോദിച്ചു. അതെന്താണ്'? കാടുപിടിച്ച വലിയൊരു കുഴി. എന്നാണ് ശിഷ്യൻ പറഞ്ഞത്. അതുകേട്ട് ഗുരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. മുമ്പ് നീ ഏറെ സ്നേഹിച്ച. ചന്ദ്രനും നക്ഷത്രങ്ങളും മുഖം നോക്കിയ കുളമാണത്. അതുകേട്ടപ്പോൾ ശിഷ്യന് വിശ്വസിക്കാനായില്ല. അവൻ ഗുരുവിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു. അപ്പോൾ ഗുരു മന്തിച്ചു"നീരുവറ്റിയാൽഎന്തുകുളം?. ജിവനറ്റാൽ എന്തുശരീരം?. ശിഷ്യനു ബോധോദയമുണ്ടായി
ഇതുപോലെയാണ് മനുഷ്യന്റെ അവസ്ഥയും. സമ്പത്ത് കുന്നുകൂടുമ്പോൾ പരിവാരങ്ങൾ വന്നുചേരുന്നു. പുകഴ്തി പാടാനും സൗഹൃതം സ്ഥപിക്കനും അനേകമാളുകൾ വന്നുചേരുന്നു. സമ്പത്ത് അസ്തമിക്കുമ്പോൾ ജലം വറ്റിയകുളം പോലെ പരിഹാസ പാത്രമായി മാറുന്നു. 'ഒന്നു മരിച്ചു കിട്ടിയിരുന്നെങ്കിൽ'. എന്നുപോലും ബന്ധുക്കൾ കരുതുന്നു. ഈ സത്യത്തെ തിരിച്ചറിയുന്നവരാരോ അവർ തത്ത്വത്തെ പുൽക്കുന്നു. തത്ത്വത്തെ പുൽകിയാലോ ജനനമരണമാകുന്ന പ്രാപഞ്ചിക ജീവിതത്തെ മാറി കടക്കാനാകുന്നു. എന്താണ് തത്ത്വം? തത് + ത്വം എന്നി പദങ്ങൾ കൂടി ചേരുമ്പോൾ 'തത്ത്വ'മാകുന്നു ' തത്' എന്നാൽ 'അത്:'; 'ത്വം' എന്നാൽ 'നീ'. അതു നീയാകുന്നു ബോധ്യമത്രെ 'തത്ത്വജ്ഞാനം ' ഛാന്ദോഗ്യോപനിഷത്തിലെ ആറാമധ്യായത്തിലെ 'തത്ത്വമസി'. എന്ന മഹാവക്യം തന്നെ ഉദാഹരണം. 'തത്' എന്നാൽ ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. 'ഞാൻ ബ്രഹ്മമാകുന്നു'. എന്ന ബോധം തന്നെ തത്ത്വത്തെ, അതിനെ തിരിച്ചറിയലും. അഖിലലോകവും എന്നിൽ നിന്ന് വ്യത്യസ്തമല്ല. എന്ന ചിന്തയാണ് സംസാരദുഃഖങ്ങളിൽ നിന്ന് മോചനം നൽക്കുന്നത്.
ഈശ്വാവാസ്യോപനിഷത്ത് ഇപ്രകാരം വിവരിക്കുന്നു.
യസ്തു സർവാണി ഭൂതാനി
ആത്മാന്യേവാനുപശ്യന്തി
സർവഭൂതേഷുചാത്മാനം
തതോ ന വിജുഗുപ്സ്തേ'
സർവ്വതിലും ആത്മനേയും ആത്മനിൽ സർവ്വതിനേയും കാണുന്ന ഒരുവനെ മോഹവും ശോകവും അലട്ടുകയില്ല. ' ഞാൻ 'എന്ന ഏകാത്മകഭാവമാണ് മോഹ- ശോകങ്ങളിൽ നിന്നുള്ള മുക്തിക്കു നിദാനം. അതിനാൽ 'ഞാൻ' എന്ന പരമമായ തത്ത്വത്തെതിരിച്ചറിയിലാണ് ഭജഗോവിന്ദത്തിന്റെ ലക്ഷ്യവും
"മാ കുരു ധനജന യൗവനഗർവ്വം
ഹരതി നിമേഷാത് കാലഃ സർവം
മായാമയമിദഖിലം ഹിത്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത"
ധനത്തിലും ജനസ്വാധീനത്തിലും യൗവനത്തിലും നീ അഹങ്കരിക്കരുത്. കാലം ഇവയെല്ലാം ഞൊടിയിടകൊണ്ട് അപഹരിക്കുന്നു. ഈ മായാപ്രപഞ്ചത്തെ ഉപേക്ഷിച്ചിട്ട് സത്യമായ ബ്രഹ്മപദത്തെ മനസ്സിലാക്കി അതിലേക്ക് പ്രവേശിക്കുക.
ജ്ഞാനത്തിന്റെ മഹത്ത്വത്തെ ദർശനികമായി വ്യഖ്യാനിക്കുകയാണ് ഈ സ്തോത്രം. ഒരുവന്റെ ശക്തി, സമ്പത്തിലും ജനസ്വാധീനത്തിലുമാണ് എന്നു വിശ്വസിക്കുന്നു. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം ശരിതന്നെ.. കാരണം സമ്പത്തുണ്ടാകുമ്പോൾ ബന്ധുക്കളും പരിവാരങ്ങളും വർദ്ധിക്കുന്നു. അതു ജനസ്വാധീനമുണ്ടാക്കുന്നു. ഇവയോടപ്പം യൗവനവും ഒത്തുചേർന്നാലോ. അഹങ്കാരം അതിന്റെ ഉച്ചിയിലെത്തുന്നു. ഇവരണ്ടുമുപയോഗിച്ച് നേടാവുന്നാതെല്ലാം നേടുന്നു. അതിനിടയിൽ സജ്ജനങ്ങളെ മറക്കുന്നു. ദൈവത്തെ മറക്കുന്നു. ആർത്തിയാകട്ടെ പെരുംദാഹമായി പരിണമികുകയും ചെയ്യുന്നു. എന്നാൽ ഒരുനിമിഷം മതി ജനകീയതയും സമ്പത്തും നശിക്കാൻ. അഹങ്കരിച്ചു നടന്ന ഒരു മനുഷ്യനെ പെട്ടന്ന് കാലം അപഹരിച്ചേക്കാം മുങ്ങിതാഴുന്ന ഒരു തോണിയിലെ നീന്തലറിയാത്ത ഒരുവന്റെ കൈയ്യിലെ പണം പോലെ കാലമാകുന്ന ജലത്തിൽ എല്ലാം അസ്തമിക്കുന്നു. നിമിഷ നേരത്തിനുള്ളിൽ ഒരാൾ ലോകാത്തു നിന്നും മറയുന്നു. ചില്ലപ്പോൾ ആരാധിച്ചിരുന്നവർ തന്നെ കല്ലെറിയുന്നു.
"മാളികാ മുകളിലേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നാതുഭവാൻ".
ഈ അവസ്ഥയെ' ജ്ഞനപ്പാന ' ലളിതമായി വിവരിക്കുന്നുണ്ട്
ഗുരു ശിഷ്യന്മാരോടപ്പം സഞ്ചരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞിട്ടും അവർ ആഹാരം കഴിച്ചിരുന്നില്ല. കഴിക്കാൻ പണമില്ലാതാനും. ഭിക്ഷ ചോദിച്ച വീടുകളിലെല്ലാം ഉച്ചഭക്ഷണം തീർന്നുപോയിരുന്നു. ഒരു ശിഷ്യൻ ഗുരുവിനെ നോക്കി പിറുപിറുക്കാനും തുടങ്ങി. ' കൈയ്യിൽ പണം വേണമെന്നുപറയുന്നത് ഇതു കൊണ്ടാണ്' ഇതുകേട്ട് ഗുരു പുഞ്ചിരിക്കുകമാത്രം ചെയ്തു. കുറച്ചു കൂടി നടന്നപ്പോൾ ഒരു കുഞ്ഞുമാവ് നിറയെ പഴുത്തു നിൽക്കുന്ന മാമ്പഴങ്ങൾ കാണാനായി. ശിഷ്യന്മാർ ആർത്തിയോടെ അവ പറിച്ചു തിന്നാൻ തുടങ്ങി. കുറച്ചു കൂടി നടന്നപ്പോൾ നിറയെ തുടുത്തു നിൽക്കുന്ന പേരപ്പഴങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അതുകൂടി കഴിച്ചപ്പോൾ ശിഷ്യന്മാരുടെ വയർനിറഞ്ഞു.
ഗുരു പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു വിശപ്പടങ്ങിയോ ?
ശിഷ്യന്മാർ തലയാട്ടി.
അന്നുവൈകുന്നേരം നിറയെ പണമുള്ള ഒരു സഞ്ചി ശിഷ്യന്മാരുടെ ഏൽപ്പിച്ചു കൊണ്ട് ഗുരു പറഞ്ഞു ' ഇത് നിറയെ പണമാണ്' പട്ടണത്തിലെ നാലാമത്തെ വീട്ടിൽ ഇതെത്തിക്കുക. ശിഷ്യന്മാർ അനുസരിച്ചു.
എന്നാൽ ആ വീട്ടിൽ ശരീരം തളർന്നുകിടക്കുന്ന മനുഷ്യനെയാണ് കണ്ടത്. പണം അയാളുടെ മുന്നിൽവെച്ചുകൊണ്ട് ശിഷ്യന്മാർ പറഞ്ഞു.. സോദരാ. ഇതു മുഴുവൻ പണമാണ്. എടുത്തുകൊള്ളുക.
തളർന്നുകിടന്ന മനുഷ്യൻ രൂക്ഷമായി അവരെയൊന്നു നോക്കി. പിന്നീട് നീട്ടിത്തുപ്പിക്കൊണ്ട് ഗംഭീരമായ ശബ്ദത്തിൽ അലറി '[കടന്നുപോ. പുറത്ത്.
ശിഷ്യന്മാർ മുഖത്തോടു.മുഖംനോക്കി.
ശബ്ദംകേട്ട് അയാളുടെ ഭാര്യയെത്തി. കാര്യങ്ങളറിഞ്ഞ അവൾ സങ്കടത്തോടെ പറഞ്ഞു. പണത്തോടുള്ള കൊതിയാണ് ഈ മനുഷ്യനെ ഇങ്ങനെയാക്കിയത്. ആരോഗ്യം പോലും നോക്കാതെ യൗവനം മുഴുവൻ പണം സമ്പാദിക്കാൻ തുനിഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും നാൾക്കുനാൾ വർദ്ധിച്ചു. പക്ഷേ ഒരു ദിവസം കുഴഞ്ഞുവിഴുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങളായി ഈ കിടപ്പുതന്നെ. ശരീരവും മനസ്സും തളർന്നവർക്ക് പണം കൊണ്ട് എന്തുപ്രയോജനം.?
പണത്തിന്റെ വ്യർത്ഥത ബോധ്യപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ഗുരു എന്നുമനസ്സിലാക്കിയ ശിഷ്യന്മാർ സ്നേഹത്തോടെ ഗുരുവിന്റെ അടുത്തേക്കുഓടി.
ഇതുപോലെ യൗവനവും സമ്പത്തും പരിവാരങ്ങളും കണ്ട് അതിൽ ഭ്രമിച്ചുപോകരുത്. അത്തരം ഭ്രമങ്ങൾ തളർച്ചയിലേക്കും ദുരിതത്തിലേക്കുമുള്ള പടവുകളാണ്. അതിനാൽ ഈ ലോകം മായയാണെന്നു തിരിച്ചറിയുക. അറിവു സമ്പാത്തിക്കുക. അറിവുണരുംമ്പോൾ ബ്രഹ്മപദത്തെ മനസ്സിലാക്കുനു. ഈ പരമപദത്തിലേക്കു പ്രവേശിച്ചലോ.. ഒരാൾ മുക്താനായിതീരുന്നു. 'മായമയമിദമഖിലം' സ്തോത്രം വിവരിക്കുന്നത്. എന്താണ് മായ ? ' അനിർവചനീയമാണ് മായ'. യെന്ന് വേദാന്തികൾ വിവരിക്കുന്നു. അവിദ്യ, അജ്ഞാനം, ഭ്രാന്തി -ഭ്രമം, അധ്യാരോപം, തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്നതും മായ തന്നെ. ആവരണവിക്ഷേപ ശക്തികളീലൂടെയാണ് മായ പ്രവർത്തിക്കുന്നത്. വാസ്തവികമായ സ്വരൂപത്തെ മറയ്ക്കുന്നതാണ് ആവരണശക്തി. ഭ്രമോപാദാനമായ കാരണത്തെ സൃഷിക്കുന്നതണ് വിക്ഷേപശക്തി. 'പ്രപഞ്ചം ഉണ്ട്' എന്നു. തോന്നലുണ്ടാക്കുന്നതാണ് മായയുടെ ഈ ശക്തികളാണ്"ശ്രീനാരയണഗുരു"'ദർശനമാല'യിൽ 'ന വിദ്യതേ യാ സാമായ' എന്നും ' ജനനി നവരത്നമഞ്ജരി' യിൽ ഹാ! നാടകം നിഖിലവുമെന്നും മായയെ വിവരിക്കുന്നു. യഥാർത്ഥത്തിൽ ഈ പ്രപഞ്ചം മിഥ്യായാണെന്ന് തിരിച്ചറിയുന്നതാണ് ആത്മജ്ഞാനം. ഭിന്നമായി കാണപ്പെടുന്നതെല്ലാം മായമാത്രമാണെന്നാണ് അരുൾ. മായയിൽനിന്നും ഉണരുമ്പോഴാണ് ബ്രഹ്മാത്തെ തിരിച്ചറിയുന്നത്. ബ്രഹ്മപദത്തിലേക്ക് പ്രവേശിക്കാൻ ഗോവിന്ദനെ ഭജിക്കുക.. ഗോവിന്ദൻ ബ്രഹ്മം തന്നെ. ബ്രഹ്മപദം തന്നെ. പരമപദം തന്നെയാണെന്നർത്ഥം. അതുകൊണ്ട് ഗോവിന്ദനെഭജിക്കുക.
കയറിൽ പാമ്പിനെ കാണുന്നതുപോലെ അഥവാ കരിങ്കല്ലിൽ വെള്ളിയെ കാണുന്നതുപോലെയാണ് പ്രപഞ്ചവും.'.ഉണ്ട്. ഉണ്ട്'. എന്നു തോന്നിക്കുകയും സത്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ. മറയാണ് മായ"വിവേകചൂഡാമണി"യിൽ പറയുന്നു.
“അവ്യക്തനാമ്നീ പരമേശ്വ ശക്തിഃ
അനാദ്യാവിദ്യാ ത്രിഗുണാത്മികാ പരാ
കാര്യാനുമേയാ സുധിയൈവ മായാ
യയാ ജഗത് സർവ്വമിതം പ്രസൂയതേ"
ഈ മായലോകത്തെ പരിത്യജിക്കാനാണ് ഭജഗോവിന്ദം ഉപദേശിക്കുന്നത്. വാസ്തവിക സ്വരൂപത്തെ മറയ്ക്കുന്ന മായാ മറയെ നീക്കി പ്രകാശം ചൊരിയുന്നത് പരമാത്മതത്ത്വമായ ഗോവിന്ദനല്ലാതെ മറ്റാരാണ് അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക. ഗോവിന്ദാ ഹരേ ഗോവിന്ദാ.
“കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകാലതീതം കാലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം". -
മനോഹരനും കരണസംബന്ധങ്ങളായ സകലതിനും കാരണവും ആദിമൂർത്തിയും ആദിയെന്നൊന്നില്ലാത്തവനും കാലസ്വരൂപനും മായാവിരഹിതനും കാളിന്ദിയിൽ കിടന്നിരുന്ന കാളിയന്റെ ശിരസ്സിൽ വീണ്ടും വീണ്ടും നൃത്തം ചെയ്തവനും ശ്യാമളവർണ്ണനും കാലഗതികൊണ്ടുള്ള വികല്പങ്ങൾ യാതൊന്നുമില്ലാത്തവനും സമസ്തത്തെയും സൃഷ്ടിച്ചവനും കലിദോഷങ്ങളെ നശിപ്പിക്കുന്നവനും ഭൂതവർത്തമാനഭാവികാലങ്ങളുടെ ഗതിക്കു കാരണഭൂതനും പരമാനന്ദസ്വരൂപനും ആയിരിക്കുന്ന ഗോവിന്ദനെ നമസ്കരിക്കുവിൻ
ദിനായാമിന്വൗ സായം പ്രാതഃ
ശിശിര വസന്തൗ പുനായാതഃ
കാലഃ ക്രീഡതി ഗച്ഛത്യായു-
സ്ത്ദപി ന മുഞ്ചത്യാശാവായുഃ
പകൽ, രാത്രി, സന്ധ്യ, പ്രഭാതം, ശിശിരം, വസന്തം, എന്നിവ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇപ്രകാരം കാലം കളിക്കുന്നു. ആയുസ്സും കുറയുന്നു.
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നു ഓണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതി നാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായിവേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,.
ഇങ്ങനെ പോകുന്നു ആഗ്രഹങ്ങൾ …. എന്നുജ്ഞാനപ്പാനവിവരിക്കുന്നു.
.എന്നാലും ആഗ്രഹമാകുന്നവായു നമ്മെ വിടുപോകുന്നില്ലാ. മാറ്റങ്ങൾക്ക് വിധേയമാണ് പ്രകൃതി; ' പ്രവൃത്തിചെയ്യുന്നതും ചെയ്യിക്കുന്നതും പ്രകൃതി തന്നെ. ഓരോ പ്രവൃത്തിയിലും പരിണാമം സംഭവിക്കുന്നു. പരിണാമത്തിന്റെ മുഖ്യ പങ്കുവഹിക്കുന്നാതാകട്ടെ കാലവും. കാലം നല്ലൊരു കളിക്കാരനാണ്. കളിക്കുന്നതാകട്ടെ ആയുസ്സും ജീവനും കൊണ്ടും. ഒരു ഫുട്ബോൾ കളിക്കാരൻ മൈതാനത്തിലൂടെ പന്തുകളിച്ചു മുന്നേറുന്നതുപോലെ ജീവിതത്തെ ലോകമാകുന്ന മൈതാനാത്ത് കാലം തട്ടിക്കളിക്കുന്നു. ഈ കളിയിൽ പകലും രാത്രിയും ഋതുക്കളുമെല്ലാം മാറിമാറി വരുന്നു. വസന്തം വരുമ്പോൾ ഇതാ വസന്തമെത്തി എന്നുസന്തോഷിക്കുന്നു. പിറന്നാളുകൾ കൊണ്ടാടുന്നു. അടുത്ത പിറന്നാൾ ഇതിലും ഗംഭിരമാക്കണമെന്ന് പ്രസംഗിക്കുന്നു. അപ്പോഴൊക്കെ കാലം നമ്മെ നോക്കി ചിരിക്കുന്നു ഓരോ ദിനത്തിലും ആയുസ്സിന്റെ ഓരോ കണികയാണ് നഷ്ട്പ്പെടുന്നതെന്ന് ആരും ചിന്തിക്കുന്നതേയില്ല.
"ഭഗവതം"കാലത്തെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്
…."അത്യക്രാമദ വിജ്ഞാതഃ കാലഃ പരമദുസ്തരഃ….
അത്യാക്രാമവും അവിജ്ഞാതവുമായ കാലം പരമദുസ്തരമാകുന്നു. കാലത്തിന്റെ പ്രവൃത്തി മനസ്സിലാക്കിയിരുന്നെങ്കിൽ ആശയാകുന്ന വായുവിൽ ആരും തത്പരരാകില്ല. എത്രകിട്ടിയാലും മതിവരാതെ, എത്ര പിശുക്കിയാലും ഒന്നും കൊടുക്കാതെ മനുഷ്യന്റെ ആശ തുടരുന്നു ഈ ഘട്ടത്തിൽ കാലത്തിന്റെ"ആയുഃകളി"ആരും തിരിച്ചറിയുന്നതെയില്ല. ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോഴാകട്ടെ നിരാശയിലെത്തുന്നു. നിരാശകൾ തളർച്ചയെ നിർമ്മിക്കുന്നു. വീണ്ടും കാലം കളിച്ചുകൊണ്ടിരിക്കുന്നു. പ്രാണനൊടുക്കും നേരം താൻ ചെയ്ത വിഡ്ഢിത്തങ്ങളെയും കുറ്റങ്ങളെയും ഓർത്ത് ഓരോരുത്തരും പരിതപിക്കുന്നു. അപ്പോഴേക്കും ആയുസ്സ് കഴിഞ്ഞിരിക്കും.
ജന്മദിനം അതിഗംഭീരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി അസ്ടകൻ എന്ന ധനാഢ്യൻ ഒരു ആചാര്യനെ വീട്ടിലേക്ക് ക്ഷണിച്ചു. ജന്മദിന സമ്മനമായി ഗുരു അഷ്ട്കന് സമ്മാനിച്ചത് ഒരുപളുങ്ക് പാത്രം നിറയെ മധുരപലഹാരങ്ങളാണ്. അതു നൽകികൊണ്ട് ആചാര്യൻ പറഞ്ഞു ഇതിൽ നിന്നും ഓരോ ദിവസവും ഓരോ പലഹാരം മാത്രം നീ ഭക്ഷിക്കുക. ഇതുകാലിയാവാറുമ്പോൾ എന്നെ അറിയിക്കുക ഇത്രമാത്രം പറഞ്ഞ് ആചാര്യൻ യാത്രയായി. ദിവസങ്ങക്ക് ശേഷം വീണ്ടും ആചാര്യനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ആചാര്യനോട് അയാൾ ചോദിച്ചു. ഗുരോ അങ്ങ് എന്തിനാണ് ഈ പലഹാരം ഒരോന്നുമാത്രം കഴിക്കാൻ ആവിശ്യപ്പെട്ടത് ?. ആചാര്യൻ പുഞ്ചിരിച്ചു. പിന്നെയൊരു മറുചോദ്യം ജന്മദിനത്തിനു ശേഷം മധുരപലഹാരം എത്രയെണ്ണം കഴിച്ചു ? അഷ്ട്കൻ ആലോചിച്ചു മറുപടി പറഞ്ഞു 40 എണ്ണം. ആചാര്യൻ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു അപ്പോൾ നാല്പതു ദിവസത്തെ ജീവൻ നഷ്ട്പ്പെട്ടു. അല്ലേ.?
അഷ്ട്കനു കാര്യം മനസ്സിലായില്ല. അവൻ മിഴിച്ചുനിൽക്കെ ആചാര്യൻ തുടർന്നു. 'ഓരോ ദിവസവും നീ മധുരപലഹാരം കഴിച്ചു. നിന്റെ ജീവിതത്തിലെ നാല്പതു ദിവസങ്ങളാണ് നീ തിന്നുതീർത്തത്. അത്രയും ആയുസ്സ് നിനക്ക് കുറഞ്ഞു. അടുത്ത ജന്മദിനമാകുമ്പോഴേക്കും ഇതുപോലെ എത്രദിനം നഷ്ട്പ്പെടും. ? എത്രദിനങ്ങളുണ്ടാകും ബാക്കിയായി മരണത്തിലേക്ക് എത്താൻ? അഷ്ട്കന് കാര്യം ബോധ്യപ്പെട്ടു. ഓരോ നിമിഷത്തിലും ആയുസ്സ് കുറഞ്ഞു കുറഞ്ഞു തീരുകയാണെന്നും. മരണം കാർന്നുതിന്നുന്ന ജീവിതം ക്ഷണികമാണെന്നും തിരിച്ചറിഞ്ഞ് അയാൾ ആചാര്യനെ പ്രണാമിച്ചു.
ലോക ജീവിതം പളുങ്കുകുപ്പിയിലെ പലഹാരം പോലെയാണ് ബാഹ്യമായ പ്രലോഭനവും തോന്നും എന്നാൽ കാലം ആയുസാകുന്ന പലഹാരത്തെ നിരന്തരം തിന്നുതീർക്കുന്നു. പളിങ്കുപാത്രം പോലെ ലോകം നിലനിൽക്കുന്നു. അടുത്ത പലഹാരങ്ങൾ നിറയുന്നു.. പുതുപുതു ജിവനുണരുന്നു.. കൊഴിയുന്നു. വീണ്ടുമുണരുന്നു. ജഗദ്ഭക്ഷകനാണ് കാലം. എഴുത്തച്ഛൻ 'അദ്ധ്യാത്മരാമായണ'ത്തിൽ വിവരിക്കുന്നു.
"ചക്ഷുഃശ്രവണഗളസ്ഥമാം ദർദൂരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു."
കാലമാകുന്ന പാമ്പിന്റെ വായിലകപ്പെട് ടതവളകളാണ് ജിവികൾ. എന്നീട്ടും നിരന്തര ഭോഗങ്ങൾ തേടുന്നതിലാണ് ജിവികളുടെ ശ്രദ്ധാ. ഒടുവിൽ കാലത്തിന്റെ കളികളെ നേരിടാനുള്ള. മാർഗ്ഗാമറിയതെ ജീവികളുഴലുന്നു.
"കാലമിനിയുമുരുളും, വിഷു വരും,
വർഷം വരും, തിരുവോണം വരും, പിന്നെ-
യോരോ.തളിരിന്നും പൂവരും, കായ് വരും, അപ്പോ- ഴാരെന്നുമെന്തെന്നുമാർക്കറിയാം.?
എന്ന് എൻ എൻ കക്കാട് തന്റെ സഫലമീയാത്ര എന്ന കവിതയിൽ വിവരിക്കുന്നുണ്ട്. കാലവും ജീവിതവുമായുള്ള ഇത്തരം സംഘഷങ്ങളിൽ നിന്നും മോചനം നേടാനുള്ള ഒരേ ഒരുവഴി ഗോവിന്ദ ഭജനമാണ്. ഗോവിന്ദനിൽ മനസ്സ് അർപ്പിക്കുമ്പോൾ, ബാഹ്യലോകവും ആയുള്ളസംസർഗം കുറയുന്നു.. സാത്വിക ഭാവം നിറയുന്നു. സാത്വിക ഭാവം സദ്ചിന്തകൾക്ക് കാരണമാകുന്നു. സദ്ചിന്തകളാകട്ടെ ഒരാളെ മുമുക്ഷുവാക്കി തീർക്കുന്നു. അതിനാൽ ഭജഗോവിന്ദം ഉപദേശിക്കുന്നു. ആശകളുപേക്ഷിക്കുക. ഗോവിന്ദനെഭജിക്കുക.
കാ തേ അഷ്ടാദശദേശേ ചിന്താ
വാതുല കിം തവ നാസ്തി നിയന്താ
യസ്താം ഹസ്തേ സുദൃഢ നിബദ്ധം
ബോധായതി പ്രഭവാഭി വിരുദ്ധം"
അല്ലയോ വാതുല ( അല്ലയോമൂഢബുദ്ധേ) പതിനെട്ടുദേശങ്ങളുടെ ചിന്താ എന്തിന്ന് ? നിന്റെ കൈകൾ ബലമായി ബന്ധിച്ച് ജനനമരണാദിവികാരങ്ങളില്ലാത്ത ആത്മതത്ത്വബോധമുണർത്താൻ ഒരു നിയന്താവ് നിനക്കില്ലേ ?
( പ്രസ്തുത ശ്ലോകത്തിന്റെ സ്ഥാനത്ത്
"കാതേ കാന്താ ധനാഗതചിന്താ
വാതുല! കിം തവ നാസ്തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാർണാവതര ണേ നൗകാ"…
എന്നും കാണുന്നുണ്ട്..
അല്ലയോ വാതുലാ ഭാര്യയെപ്പറ്റിയും ധനത്തെപ്പറ്റിയുമൊക്കെ ഇത്ര ചിന്തിക്കാനെന്ത്? സംസാരസാഗരം കടക്കുവാൻ മൂന്നുലോകത്തിലും കൂടിയുള്ള ഏകനൗകയായ സത്സംഗത്തിലേക്ക് നയിക്കുവാൻ ആരുമില്ലേ ? )
ഇന്ദ്രിയങ്ങളുടെ പ്രവൃത്തി ഏകാത്മകതയിലല്ല; മറിച്ച് ബഹൂത്തരമാണ്. അതുകൊണ്ടാണ് അനേകം ചിന്തകൾ, കഴ്ചകൾ, പ്രവൃത്തികൾ എന്നിങ്ങനെ പലവിധങ്ങളായി ജീവിതം മൂന്നോട് പോകുന്നു. അനേകം ദേശങ്ങളെക്കുറിച്ചും കര്യങ്ങളെക്കുറിച്ചുള്ള ചിന്തലൗകീക വിഷയങ്ങളിലേക്കാണ് മനസ്സിനെ അടുപ്പിക്കുന്നത്. ഈ അടുപ്പം മാനസീകവും ശാരീരികവുമായ കരുത്തിനെ ചോർത്തിക്കളയുന്നു. വിരുദ്ധ മനോഭാവം ഭ്രാന്തിന്റെ ലക്ഷണമാണ്. വിവിധ ചിന്തകൾ വിരുദ്ധ സ്വഭാവത്തെയുണർത്തുന്നു. അതുകൊണ്ടാണ് 'വാതുല' എന്ന പദം ഉപയോഗിച്ചത്. അനേകങ്ങളെക്കുറിച്ചുള്ള ചിന്ത ദുഃഖത്തെയും ദുരിതത്തെയും സമ്മാനിക്കുന്നു. അതുകൊണ്ട് ചിന്തയെ ഒരേ ഒരു മർഗ്ഗത്തിലൂടെ ചലിപ്പിക്കുക. ഒരേ ഒരു വസ്തുവിൽ പ്രതിതിഷ്ഠിക്കുക. അങ്ങനെയാകുമ്പോൾ ഏകാത്മകത ഉണരുന്നു. മനസ്സിന്റെ ചഞ്ചലാവസ്ഥമാറുന്നു. യോഗാരുഢനായി ഒരാൾ പരിണമിക്കുന്നു. 'യോഗസൂത്ര'ത്തിൽ പതഞ്ജലി മഹർഷി പറയുന്നു. 'യോഗഃചിത്തവൃത്തിനിരോധഃ' പലവിധത്തിലുള്ള ചിന്തകൾ ചിത്തവൃത്തികളാകുന്നു. അതിനെ നിരോധിക്കുമ്പോൾ ഓളങ്ങളടങ്ങിയ തടാകം പോലെ മനസ്സ് ശാന്തമാകുന്നു. അതിന്റെ ആഴം തിരിച്ചറിയുന്നു.
ഗുരുവും ശിഷ്യനും മരങ്ങൾ നിറഞ്ഞ പ്രദേശത്തോടു കൂടി വരികയായിരുന്നു. ഒരു മാർഗ്ഗദർശിയുടെ ആവിശ്യത്തെക്കുറിച്ച് ഗുരു ഉപദേശിച്ചപ്പോൾ ശിഷ്യന് അതുൾകൊള്ളാനായില്ല. അവൻ പറഞ്ഞു മാർഗ്ഗദർശിയില്ലെങ്കിലും ഒരാൾക്ക് സ്വയം പരിശീലിച്ച് മുന്നേറാനാവും. ഗുരു മറുപടിയൊന്നും പറഞ്ഞില്ല. തൊട്ടടുത്ത മരത്തിലെ കിളിക്കൂട് കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു അങ്ങോട്ട് ശ്രദ്ധിക്കൂ. അമ്മക്കിളി തീറ്റ അന്വേഷിച്ചു പോയതാണ്. മുട്ട വിരിഞ്ഞ് അധിക നാളായില്ല. കുഞ്ഞിച്ചിറകു നിവർത്തി അതുപറക്കാൻ ശ്രമിക്കുകയായിരുന്നു. ഏറെ ശ്രമത്തിനൊടുവിൽ അതു കൂടിനു വെളിയിലെത്തി. എന്നാൽ പറക്കാനാവതെ കുഞ്ഞ് നിലം പതിച്ചു. ഗുരു ശിഷ്യനെ മെല്ലെ ഉപദേശിച്ചു. പറക്കുക എന്നത് അമ്മകിളിയിലൂടെ പരിശീലിക്കേണ്ട കാര്യമാണ്. പറന്നുപഠിക്കും വരെ ഒരു മാർഗ്ഗ നിർദ്ദേശി ഈ കുഞ്ഞിന് ആവിശ്യമായിരുന്നു. ഏതുകാര്യത്തിലും അപ്രകാരം തന്നെ. ഒരു നിയന്താവു വേണം. അതല്ലെങ്കിൽ ഇതാവും സ്ഥിതി. ശിഷ്യന് കാര്യം ബോധ്യപ്പെട്ടു. ജീവനറ്റ കിളിയെ അവൻ മന്ത്രിച്ചു - എന്തിനും ഒരു നിയന്താവ് ആവിശ്യമാണ്.
എല്ലാകാര്യത്തിനുമെന്നതുപോലെ ആത്മന്വേഷണത്തിനും ഒരു നിയന്തവ് ആവിശ്യമാണ്. ആചാരങ്ങളെ സ്വയം അനുഷ്ഠിച്ച് ശിഷ്യരെ ഗ്രഹിപ്പിക്കുന്നവരത്രേ നിയന്താക്കൾ. ' ആചാരംഗ്രാഹയന്തിആചിനോത്യർത്ഥാൻ ഇതിവാ' എന്ന് യാസ്ക്കരൻ അഭിപ്രായപ്പെടുന്നു. ആചാര്യന്മാരുടെ ഉപദേശങ്ങൾ പലവിധ ചിന്തകളെ നിഗ്രഹിച്ച് ബ്രഹ്മപദത്തിലെത്താൻ സഹായകമാകുന്നു. ഇവിടെ വിവരിക്കുന്ന നിയന്താവ് എന്ന പദം ആചാര്യൻ എന്ന പദത്തെ സൂചിപ്പിക്കുന്നു.. ഒരുനിയന്താവ് നമുക്കുണ്ട്. അതിന്റെ ശക്തിയെ തിരിച്ചറിയുക. ആത്മതത്ത്വത്തിൽ വിലയംപ്രാപിക്കുക. ജനനമരണാദിവികാരങ്ങളില്ലാത്ത ആത്മതത്ത്വമായി സ്വയം ജ്വലിക്കുക.
ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ
കാഷായാംബര ബഹുകൃതവേഷഃ
പശ്യന്നപി ന പശ്യതിമൂഢഃ
ഉദരനിമിത്തം ബഹുകൃതവേഷഃ
ജടകെട്ടിയും തലമൂണ്ഡനം ചെയ്തും മുടിപിഴുതെടുത്തും കാഷായം ധരിച്ചും പലവിധ വേഷങ്ങൾ അണിഞ്ഞും നടക്കുന്നവർ ലോകത്തെ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ച് ഉദരപൂരണത്തിനുവേണ്ടി മാത്രം ബഹുവിധകെട്ടിയാടുന്നു..
വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ,..ഇങ്ങനെ അനേകം വേഷങ്ങൾ. അനേകം പെരുമാറ്റങ്ങൾ. സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്. ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു.. എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ?"സമ്യക് ന്യാസ മത്രേ സന്യാസം"എല്ലാം ഉപേക്ഷിച്ചവൻ , ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി. ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്.
"കാമ്യാനാം കർമ്മണാം ന്യാസം
സംന്യാസം കവയോഃ വിദുഃ
സർവ്വ ഫലത്യാഗം
പ്രാഹുസ്ത്യാഗം വിചക്ഷണാഃ” ( ഭഗവദ്ഗീത )
കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും , സർവ്വ കർമ്മഫലങ്ങളെയും ഉപേക്ഷിക്കലാണ് ത്യഗമെന്നും ഗീത വിവരിക്കുന്നു. അങ്ങനെയാകുമ്പോൾ യഥാർത്ഥ സന്യാസി , കർമ്മസന്യാസിയും കർമ്മ ത്യാഗിയുമായിരിക്കണം. എന്നാൽ പലരും വേഷം കെട്ടി സന്യാസിയായി നടിക്കുന്നു. ആളുകളുടെ ബഹുമാനം ഇരന്നു വാങ്ങുന്നു. ഉള്ളിൽ നിറയെ കാമവും ക്രോധവും മോഹവും പേറുന്നു.; പലവിധ ദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. അത്തരക്കാരെ നിശിതമായി വിമർശിക്കുകയാണ് 'ഉദരനിമിത്തം ബഹുകൃത വേഷഃ' എന്ന വരികളിലൂടെ.
ഒരു നടൻ പലവിധ വേഷങ്ങൾ കെട്ടിയാടാറുണ്ട്. വേദിയിൽ തകർത്ത് അഭിനയിക്കുമ്പോൾ ആളുകൾ കൈയടിക്കുകയും നിറകണ്ണാലെ ആദരപൂർവ്വം അയാളെ നോക്കിനിൽക്കുകയും ചെയ്തേക്കാം എന്നാൽ വേഷമഴിച്ചുവെക്കുമ്പോൾ കഥാപാത്രമായിരുന്നില്ല അയാളെന്നുതിരിച്ചറിയുന്നു. ഇപ്രകാരം കപടയതികൾ കാഷായം ധരിച്ച് നിറഞ്ഞാടുന്നു. ആളുകൾ ആദരവു പ്രകടിപ്പിക്കുന്നു. എന്നൽ വേഷത്തിനുള്ളീലെ കപടതയെ ജനം തിരിച്ചറിയുകയും വെറും നടനായിരുന്നു. ഈ കപടയതിയെന്ന് വിളിച്ചുകൂവുകയും കല്ലെറിയുകയും ചെയ്തേക്കാം. ജ്ഞാനം 'കപടയതിക്കു കരസ്ഥമാകുവീല' എന്ന് അയാൾ തിരിച്ചറിയുകയും ചെയ്യുന്നു
പല സന്യാസിമാരുടെയും അത്ഭുത സിദ്ധികളിൽ മനംമയങ്ങിപോയ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. ഗുരോ അങ്ങയ്ക്കെന്താണ് സിദ്ധികളൊന്നുമില്ലാത്തത്. തീ തുപ്പുന്നവർ. ജലത്തിനുമുകളിൽ ഇരിക്കുന്നവർ. അങ്ങനെ എത്രയെത്ര സിദ്ധന്മാരാണുള്ളത്. എനിക്കും അവരിൽ ഒരാളാവണം അതിനുള്ള വഴി പറഞ്ഞുതരാമോ?. ശിഷ്യന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ ഗുരു പുഞ്ചിരിച്ചുകൊണ്ട്അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു."തീ തുപ്പാനുള്ളതാണോ സന്യാസം"ഇരിക്കാൻ ഭൂമിയിൽ ഇഷ്ടം പോലെ സ്ഥലമുള്ളപ്പോൾ എന്തിനാണ് വെള്ളത്തിനുമുകളിൽ ഇരിക്കുന്നത് ? ശിഷ്യന്റെ മൗനം കണ്ടപ്പോൾ വീണ്ടും ഗുരുതുടർന്നു. നിന്റെ സിദ്ധന്മാരോട് ചോദിക്കൂ ആത്മജ്ഞാനം എന്താണെന്ന്. ? ഇതുകേട്ട ഉടനെ ശിഷ്യൻ സിദ്ധന്മാരുടെ അടുത്തേക്ക് ഓടി. സിദ്ധൻ തീ തുപ്പികൊണ്ട് ആളുകൾക്കും ആരാധകർക്കുമിടയിൽ വിലസുകയായിരുന്നു. ശിഷ്യന്റെ ചോദ്യങ്ങൾ ഒന്നുമയാൾ ശ്രദ്ധിച്ചതേയില്ല. പെട്ടന്ന് അയാൾ തുപ്പിയ തീക്കട്ട അബദ്ധത്തിൽ അയാളുടെ നെഞ്ചിൽ തന്നെ വീണു. വസ്ത്രങ്ങൾക്ക് തീ പിടിച്ചു , അയാൾ നിലവിളിച്ചു. രക്ഷിക്കൂ. എന്നെ രക്ഷിക്കൂ. ആളുകളും ആരാധകരും അയാളെ തീയിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമായി.
ശിഷ്യൻ നിരാശനായി മടങ്ങവേ ജലത്തിൽ ഇരുന്ന സിദ്ധന്റെ നിലവിളികേട്ടു. ഓടിയടുത്തപ്പോൾ വലിയോരു മുതലയെ പേടിച്ച് കരയിലേക്കു നിന്തുകയായിരുന്നു. അയാൾ. ശിഷ്യൻ ആകെ നിരാശനായി തിരിച്ചെത്തിയപ്പോൾ ഗുരു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.' തീ തുപ്പുന്നവന് തീയെപേടി ജലത്തിലിരിക്കുന്നവന്ന് ജലജീവിയെ പേടീ അല്ലേ?.
…ഗുരു ഉപദേശിച്ചു കുഞ്ഞേ. തീ തുപ്പുന്നതോ, ജലത്തിൽ ഇരിക്കുന്നതോ അല് ലസന്യാസം. ഏതൊരു അഭ്യസിക്കും മാന്ത്രികനും നിരന്തര പ്രയത്നത്തിലൂടെ സാധ്യമാകുന്നതാണ് സിദ്ധികൾ. എന്നാൽ ആത്മജ്ഞാനം. അതു ചിലർക്ക് മാത്രം സാധ്യമാകുന്ന ആത്മസത്തയാണ്. ഒരിക്കലും ഭയക്കാത്ത, ഭയം ജനിപ്പിക്കാത്ത ഉണ്മ. ശിഷ്യന്റെ മിഴിപൊഴിഞ്ഞു. അവൻ ഹൃദയമുരുകി ഗുരുവിന്റെ കാൽക്കൽ വീണുവന്ദിച്ചു. ഇപ്രകാരം ഭജഗോവിന്ദം പ്രസ്താവിക്കുന്നു ' നാടകമല്ല സന്യാസം , അഭിനയമല്ല, വേഷമല്ലാ സന്യാസം. അതു സമ്യക് ന്യസമാകുന്നു. സമ്യക് ജ്ഞാനമാകുന്നു.….
"അംഗം ഗളിതം പലിതം മുണ്ഡം
ദർശനവിഹീനം ജാതം തുണ്ഡം
വൃദ്ധോയാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം"
അംഗങ്ങളെല്ലാം ജീർണിച്ചു തലമുടിനരച്ചു , പല്ലുകൾകൊഴിഞ്ഞു, വൃദ്ധനായി. വടിയുടെ സഹായമില്ലാതെ നടക്കാൻ പറ്റാതായി. ഇങ്ങനെയുള്ള അവസ്ഥയിൽ പോലും ആശകൾ കൈവെടിയുന്നില്ല.
മറ്റങ്ങൾക്കു വിധേയമകുന്ന ശരീരഘടനയാണ് ജീവികളുടെത്. മനുഷ്യന്റേതും അങ്ങനെ തന്നെ. ശുഷ്ക ശരീരത്തിൽ നീന്നു സ്ഥൂലശരീരത്തിലേക്കും വീണ്ടും ശുഷ്ക്ക ശരീരത്തിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ പാതയിലുട നീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലവും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാവുന്നു. കരുത്തറ്റ ശരീരത്തിലെ സന്ധികകളെല്ലാം അയയുന്നു. കറുത്തു പറ്റം പറ്റമായി നിന്ന മുടിച്ചുരുകൾ നരയ്ക്കുകയും പിന്നീട് കൊഴിഞ്ഞ് പോകുകയും ചെയ്യുന്നു. ആവേശത്തോടു കൂടി നടന്ന പാതകളിലൂടെ പിന്നെ അവനു സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻപോലും ഊന്നുവടിയുടെ സഹായം വേണ്ടിവരുന്നു. മരണക്കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈ വെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനും സുഖിക്കാനുമുള്ള മോഹം മനുഷ്യനെ പിന്തുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നുനിൽക്കുന്നു. ആഗ്രഹങ്ങളകുന്ന ആഴിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്തോറും അതിൽ തന്നെ പെട്ടുപോകുന്നു. മദ്യപാനിയുടെ പ്രതിജ്ഞപോലെയാണ് ദുരാഗ്രഹിയുടെ പ്രവൃത്തിയും ആഗ്രഹിച്ചതു നഷ്ടപ്പെടുമ്പോഴും ഓരോ ദുഃഖങ്ങൾ പടികയറി വരുമ്പോഴും ഇനി ഒന്നും ആഗ്രഹിക്കില്ല എന്നു വാക്പ്രസരം നടത്തുന്നു. അൽപ്പനിമിഷത്തിനു ശേഷം വീണ്ടും ആഗ്രഹങ്ങൾ ഉണരുന്നു. ഒപ്പം ദുഃഖങ്ങളും ഇവ നിരന്തരം തുടരുന്നു. ഒടുവിൽ മരണാസന്നനായി കിടക്കുമ്പോൾ 'ഇനിയും ഒരുപാടു ജീവിച്ചിരുന്നെങ്കിൽ' എന്നു മോഹിക്കുന്നു. അത്തരം മോഹങ്ങളെ മരണം കവർന്നെടുക്കുകയും ചെയ്യുന്നു.
പല കർമ്മങ്ങളിലും കാര്യങ്ങളിലും അലസതയും കാണിച്ച ശിഷ്യനെ ഗുരു പലതവണ ഉപദേശിച്ചു. ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്യാതെ ശിഷ്യൻ അതു നീട്ടികൊണ്ടുപോകുവാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ദിവസം ഗ്രമത്തിലെ കുടിലിലേക്ക് ഗുരു ശിഷ്യനുമായി ചെന്നു. വെറും തറയിൽ പ്രായം ചെന്ന രോഗിയായ വൃദ്ധൻ ചുമച്ചും ഞരങ്ങിയും കിടക്കുന്നുണ്ടായിരുന്നു. ഗുരുവിനെ കണ്ടപ്പോൾ അയാൾ ഞരങ്ങികൊണ്ട് പറഞ്ഞു 'മോനേ നിന്റെ പ്രായത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും എനിക്ക് ചെയ്യാനായില്ല.. വീട്ടുക്കാർ പഠിക്കാൻ പറഞ്ഞപ്പോൾ ഞാൻ പഠിച്ചില്ല. യൗവനത്തിൽ വിവാഹം കഴിക്കാൻ ആവിശ്യപ്പെട്ടപ്പോൾ അതിനു എതിരുനിന്നു. പണമുണ്ടാക്കുന്നതിലും , സുഖിക്കുന്നതിലും മാത്രമായിരുന്നു ഈ എന്റെ ചിന്ത , അത്യഗ്രഹത്തിൽ വീടും മറന്നു. കുടുംബത്തെ തള്ളിപ്പറഞ്ഞു. ഇപ്പോഴിതാ. വയസ്സയപ്പോൾ ആർക്കും വേണ്ടാതെ. ' വക്കുകൾ മുഴിമിപ്പിക്കുന്നതിനു മുമ്പേ വൃദ്ധൻ ആർത്തു കരഞ്ഞു. ഗുരുവും ശിഷ്യനും തിരിച്ചു നടക്കുമ്പോൾ അയാളുടെ ഉച്ചത്തിലുള്ള വാക്കുകൾ പുറത്ത് കേൾക്കാമായിരുന്നു.. അത്യാഗ്രഹിയാവാതെ ചെയ്യേണ്ട കർമ്മങ്ങൾ ചെയ്തു ജീവിക്കൂ. അയാളുടെ തേങ്ങലോടുകൂടിയ ശബ്ദം ശിഷ്യനെ പിന്തുടർന്നു. ഇനിയൊരു ജന്മം കൂടികിട്ടിയിരുന്നെങ്കിൽ. എന്ന കരച്ചിലും ഗുരുവും ശിഷ്യനും കേട്ടൂ. അപ്പോൾ ഗുരു ശിഷ്യനോട് മെല്ലെപറഞ്ഞു. ' ചെയ്യേണ്ട കർമ്മങ്ങൾ ചെയാതെ മരണത്തിലേക്ക് പോകുമ്പോൾ അയാൾ പുതിയ ജന്മം ആശിക്കുന്നു.."
ഈ കഥ പോലെയാണ് പലരുടെയും ജീവിതം. യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കുറച്ചുകൂടി വർഷം ലഭിച്ചെങ്കിൽ പലതു ചെയ്യമെന്നു മോഹിക്കുന്നു.. ആ മോഹത്തെ മരണം ഭയരചിതമായി പറിച്ചെടുക്കുന്നു' അതുകൊണ്ട് ദുരാഗ്രഹങ്ങൾ എല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി. ചെയ്ത് സ്നേഹാർദ്രമായ ഹൃദയത്തിനു ഉടമകളാവുക നാമോരോരുത്തരും. അങ്ങനെ നമ്മുടെ ഉള്ളീലെ അഖണ്ഡ നാളത്തെ തിരിച്ചറിയുക. ഈ തിരിച്ചറിയുക എന്ന് ഭജഗോവിന്ദം ഉപദേശിക്കുന്നു.
"അഗ്രേ വഹ്നി പൃഷ്ഠേ ഭാനു
രാത്രൗ ചിബുക സമർപ്പിക ജാനുഃ!
കരതല ഭിക്ഷാസ്തരുതലവാസ-
സ്തദപി നമുഞ്ചത്യാശാപാശ!”
പ്രഭാതത്തിൽ, മുമ്പിൽ അഗ്നിയുടെയും പിന്നിൽ സൂര്യന്റെയും ചൂടേൽക്കുന്നു. രാത്രിയിലാകട്ടെ കാലമുട്ടുകളിൽ താടി സമർപ്പിച്ച് ചടഞ്ഞ് കൂടുന്നു. കൈനീട്ടി ഭിക്ഷാടനം നടത്തിയാണ് ജീവിതം, മരചുവട്ടിലാണ് താമസം. എങ്കിലും ആശയെ കൈവിടുന്നില്ല.
ആശ കയറു പോലെയാണ്. മനുഷ്യനെ ഏതു നിമിഷവും അതുവലിഞ്ഞു മുറുക്കിയേക്കാം. രക്ഷനേടാൻ ശ്രമിക്കുമ്പോഴും അതിന്റെ മുറുക്കം കൂടി കൂടി വരുന്നു. ഒടുവിൽ ആശാപാശത്തിൽ തന്നെ ദേഹമസ്തമിക്കുന്നു. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ആശ കൈവിടാൻ ആരും തെയ്യാറകുന്നില്ല. ചിലർ ആത്മസമർപ്പണമില്ലതെ ആർക്കോ വേണ്ടി കർമ്മിയാകുന്നു. കർമ്മങ്ങൾ ജീവിതോപാതി മാത്രം കാണുകയും ധനം ലഭിക്കാനുള്ള മാർഗ്ഗമായും കാണുന്നു. ഇത്തരക്കാർ കർമ്മമഹത്വമോ ധനമാഹത്മ്യമോ തിരിച്ചറിയുന്നില്ല. ഇത്തരക്കാർ രാത്രിയിൽ ആശകൾ നിറഞ്ഞ നിദ്രയെ പ്രാപിക്കുകയും ചെയ്യുന്നു.
ഭിക്ഷയാചിക്കാൻ സ്വന്താമായി ഭിക്ഷാപാത്രം പോലുമില്ലതെ കൈ നീട്ടി ഭിക്ഷയാചിച്ച് മരചുവട്ടിൽ കിടന്നുറങ്ങുകയും ചെയ്യുന്നു. എന്നിട്ടും ആശയിലുള്ള അഭിനിവേശത്തേ വീണ്ടും വീണ്ടും പുൽകുകയും അതിൽ തന്നെ അസ്തമിക്കുകയും ചെയ്യുന്നു. മനുഷ്യനെ ജീവിതവുമായി ബന്ധിച്ചു നിർത്തുന്നത് ആശയാണ്. ആശയാകുന്ന പാശം അറ്റുപോകുമ്പോൾ ബന്ധുവും ബന്ധനവും ഇല്ലാതാകുന്നു. പരമപദത്തിലേക്ക് വഴി തിരിച്ചറിയുന്നു. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആശബന്ധനപാശം മുറുക്കുക മാത്രമേ ചെയ്യുന്നള്ളു. ജ്ഞാനപാനയിൽ പൂന്താനം ആശയെ കയറിനോട് ഉപമിക്കുന്നുണ്ട്.
"ആശയായുള്ള പാശമതിങ്കേന്ന്
വേർവിടാതെ കരേറുന്നു മേൽക്കുമേൽ"
അപ്പോൾ വിഷയങ്ങളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ വ്യാപരമാണ് ആശകളെ ജനിപ്പിക്കുന്നത്. ഇന്ദ്രിയങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനാകത്തതാണ് സുഖദുഃഖങ്ങക്കും ശീതോഷ്ണങ്ങൾക്കും കാരണം."
ഇന്ദ്രിയാണാം ഹി ചരതാ
യന്മനോഽനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നവമിവാംഭസി ( ഭഗവദ്ഗീത )
വിഷയങ്ങളിൽ വ്യപരിക്കുന്ന ഇന്ദ്രീയങ്ങളെ ഏതെരുവൻ്റെ മനസ്സ് പിന്തുടരുന്നുവോ ആ മനസ്സ് വെള്ളത്തിൽ തോണിയെ കാറ്റെന്നപോലെ ഇവൻ്റെ വിവേകത്തെ വലിച്ചുകൊണ്ട് പോകുന്നു. (ഭഗവത് ഗീത)
ഓടുവിൽ വഴിയറിയാതെ അലയുന്ന വഞ്ചിയായി ജന്മജന്മാന്തരങ്ങൾ ജഗത്തിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. മോക്ഷം ഏറെ അകലയായി മാറുന്നു.
ഒരിക്കൽ ഗുരുവിനടുത്തേക്ക് ധനികനും അത്യാർത്തിക്കരനുമായ ഒരാൾ വന്നുചോദിച്ചു"ഗുരോ. എനിക്ക് ഈ രാജ്യത്തിന്റെ അധിപനാകണം. ഈ കാണുന്നതെല്ലാം എന്റെ സ്വന്തമാകണം. അതിന്ന് ഞാൻ എന്താണ് ചെയ്യേണ്ടത്.? ഗുരു പുഞ്ചിരിച്ചു. അത്യാർത്തിപൂണ്ട അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. 'ഇന്നു സൂര്യാസ്തമയത്തിനു മുമ്പ് നീ ചവിട്ടുന്ന പ്രദേശങ്ങളെല്ലാം , നീ കാണുന്ന വസ്തുക്കളെല്ലാം, നീ തൊടുന്നതെല്ലാം നിനക്ക് സ്വന്തമായിരിക്കും,' സത്യം ---- അയാൾക്ക് സംശയമായി.
ഗുരു പറഞ്ഞു 'സത്യം.
ഇതു കളവാണെങ്കിൽ നിനക്കെന്നെ ശിരച്ഛേദം ചെയ്തു കൊല്ലാം'.
അത്യാർത്തിക്കരന്റെ ആഗ്രഹം മൂത്തു. അയാൾ കേട്ടപാതി കേൾക്കാത്തപാതി ഓടാൻ തുടങ്ങി. സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ്. ആകാവുന്നത്ര പ്രദേശങ്ങൾ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഓടുന്നതിനിടക്ക് സുന്ദരികാളായ സ്ത്രീകളെയെല്ലാം തൊട്ടു, വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നോക്കി വെച്ചു.. ഇനി സൂര്യാസ്തമയത്തിനു മുമ്പ് രാജകൊട്ടാരത്തിലെത്തണം. കൊട്ടരവും, മന്ദിരങ്ങളുമെല്ലാം സ്വന്തമാക്കണം. അയാൾ വിശപ്പും ദാഹവും മറന്ന് ആർത്തിയോടെ കിതച്ച് കിതച്ച് ഓട്ടം തുടർന്നു. വായിൽ നിന്നും നുരയും പതയും വന്നു. മൂക്കിലൂടെ രക്തംചൊരിഞ്ഞു. അയാൾ അതൊന്നും ഗൗനിച്ചതേയില്ല. സൂര്യനസ്തമിക്കാൻ ഇനി നാഴികയേയുള്ളൂ. സർവ്വകരുത്തുമെടുത്ത് അയാൾ കൊട്ടാരത്തിനടുത്തേക്ക് ഓടീ.
പൂമുഖത്തിനടുത്തെത്തുമ്പോഴേക്കും അയാൾ നിലത്തുവീണു. ഹൃദയം പൊട്ടിവായിലൂടെ രക്തം കുടുകുടാ ഓഴുകി. ആർത്തിയുടെ മുതല അയാളെ മരണത്തിലേക്ക് കൊണ്ടുപോയി. അസ്തമനമായിട്ടും അയാൾ തിരിച്ചു വരാത്തതു കൊണ്ട് ശിഷ്യൻ ഗുരുവിനോട്ചോദിച്ചു. ഗുരോ അയാളിതേവരെ തിരച്ചെത്തിയില്ലല്ലോ?
ഗുരു പുഞ്ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു. ' അയാളൊരിക്കലും തിരിച്ചുവരില്ല. തൃഷ്ണയുടെ അഗ്നിയിൽ അയാൾ ഇറങ്ങിപ്പോയിരിക്കുന്നു. എല്ലാം ഉപേക്ഷിച്ച അവസ്ഥയിലും ആശ ഒരുവനെ വിട്ടുപോകുന്നില്ല. സ്വന്തമായി വാസസ്ഥലമില്ലാതെ മരച്ചുവട്ടിൽ ചുരണ്ടു കൂടിക്കിടപ്പാണെങ്കിലും ഭിക്ഷയാചിച്ചാണ് ജീവിതമെങ്കിലും ആശയിൽ നിന്നും ആരും മുക്തരാകുന്നില്ല. അതുകൊണ്ട് സുഖത്തെയും, ദുഃഖത്തെയും , ചൂടിനേയും, തണുപ്പിനേയും, സഹിച്ച് സമചിത്തതയോടുകൂടി ആത്മജ്ഞാനത്തിനായി പ്രയത്നിക്കുമ്പോഴാണ് ആശയുടെ കണ്ണികൾ ഇല്ലാതാവുന്നത്.
ഭഗവദ്ഗീതയിൽ അർജ്ജുനനെ കൃഷ്ണൻ ഉപദ്ദേശിക്കുന്നു.
"മാത്രാസ്പ്ർശാസ്തു കൗന്തേയ!
ശിതോഷ്ണ സുഖദുഃഖദാ
ആഗമാപായിനോഽനിത്യാഃ
താംസ്തിതിക്ഷസ്വ ഭാരത"
അല്ലയോ അർജ്ജുനാ ഇന്ദ്രിയങ്ങൾക്ക് ബാഹ്യവിഷയങ്ങളോടുള്ള ബന്ധങ്ങൾ തണുപ്പ്, ചൂട് , സുഖം, ദുഃഖം, മുതലായവ ഉണ്ടാകുന്നവയും വരികയും പോവുകയും ചെയ്യുന്നവയും നിത്യമല്ലാത്തവയും ആകുന്നു. അവയെ സഹിക്കുക തന്നെ വേണം. അതുകൊണ്ട് തിതിക്ഷയെ.( ഒന്നിനോടും വെറുപ്പോ കോപമോ ഒട്ടും തോന്നരുത്, പ്രതികാരചിന്തപോലും അരുത് എപ്പോഴും. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മനസ്സ് അത്ര ശാന്തമായിരിക്കണം, ദുഃഖങ്ങളെ എതിർക്കാനോ ഓടിക്കാനോ ഒരു വിചാരവുമില്ലാതെ, തെല്ലു വേദനയോ പശ്ചാത്താപമോ പോലും മനസ്സിൽ തോന്നാതെ, സർവ്വവും സഹിക്കുക, ഇതാണ് തിതിക്ഷ).
പ്രാപിക്കുക. ആശയുടെകണ്ണികളെ ഇല്ലാതാക്കുക
No comments:
Post a Comment