Wednesday, 27 November 2019

കല്ലിൽ ക്ഷേത്രം - മേതല, എറണാകുളം ജില്ല

നിങ്ങൾക്കറിയാമോ നിങ്ങളുടെ സമീപത്തു തന്നെയുള്ള സർവത്ര കല്ലുമയമായ ഒരു ദുർഗാക്ഷേത്രം -എറണാകുളം ജില്ലയിൽ തന്നെ .

കല്ലിൽ ഗുഹാക്ഷേത്രം. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രത്തെ ചുറ്റിപറ്റി പ്രചരിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ മേതലയിലാണ് 5000 വർഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.

എറണാകുളം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തജനങ്ങളും ചരിത്രാന്വേഷകരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ പ്രദേശത്തെ വശ്യചാരുത. ഭക്തി സാന്ദ്രവും ശാന്ത സുന്ദരമായ പ്രകൃതിയും അത്ഭുത പരിവേഷവും ഒക്കെ ചേർന്നതാണ് മുവാറ്റുപുഴ ആർ ഡി ഒ യുടെ റിസീവർ ഭരണത്തിലുള്ള ഈ അത്ഭുത ചൈതന്യ ക്ഷേത്രം.

അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്.

പല ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തെ പറ്റി പ്രചരിക്കുന്നുണ്ട്. മറ്റു പല ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയുന്നത്. ഇവിടുത്തെ പ്രതിഷ്‌ഠകൾ ജൈനമതത്തിലെ തീർത്ഥങ്കരനായിരിക്കുന്ന വർദ്ധമാന മഹാവീരന്റെയും പാർശ്വനാഥന്റെയും പത്മദേവിയുടെയും പ്രതിഷ്‌ഠകളായിരുന്നു. ജൈന വിഗ്രഹങ്ങളെ പോലെ മൂക്കും ചെവിയും നീണ്ടതും ചമ്രം പടിഞ്ഞിരുക്കുന്ന രൂപത്തിലുള്ളതായിരുന്നു.ഒരു പക്ഷെ ജൈന സന്യാസിമാർ തപസ്സനുഷ്ഠിച്ച പ്രദേശമായിരിക്കണം ക്ഷേത്രമായി പരിണമിച്ചത്.

ഒൻപതാം നൂറ്റാണ്ടിൽ ഇത് ഹിന്ദു ക്ഷേത്രമായി മാറിയെന്ന് കരുതപ്പെടുന്നു.ഹൈന്ദവ പൂജാവിധിയിൽ വന്ന ശേഷം ദേവപ്രശ്നത്തിലൂടെയാണ് വിഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിഷ്‌ഠകളുടെ നാമത്തിൽ മാറ്റം വന്നു. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹ കവചം കൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു ദുർഗാ ദേവിയാണ് പ്രധാന പ്രതിഷ്‌ഠ, 4 പ്രതിഷ്‌ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. പ്രധാന പ്രതിഷ്‌ഠയായി ദുർഗയും തൊട്ടു പുറകിലായി മഹാദേവനും തെക്ക് ഭാഗത്ത് വടക്കോട്ട് തിരിഞ്ഞു സന്താന ഗോപാലമൂർത്തിയായി വിഷ്ണുവും ഇതിനു അനുകൂലമായി ശ്രീചക്രവുമാണ് ഉള്ളത്. ഉപദേവനായി ഗണപതിയും ശാസ്താവും ശ്രീകോവിലിനു അടുത്തായി നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. 

 
പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. 

ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ 'കല്ലിൽ' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക

മറ്റൊരു ഐതീഹ്യം പറയുന്നത് ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്തു വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവർ കാനനമധ്യത്തിൽ ദേവി ചൈതന്യം തുടിക്കുന്ന സുന്ദരിയായൊരു സ്ത്രി കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്നത് കണ്ടുവത്രെ. വനമധ്യത്തിൽ കണ്ട സുന്ദരി ആരെന്നറിയാൻ ആകാംഷയോടെ അവർ അടുത്തുചെന്നപ്പോഴേക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകൾ മറയാക്കി ഗുഹയിൽ ഒളിച്ചു. ആ സുന്ദരി രൂപണി കല്ലിൽ ഭഗവതിയിയായിരുന്നു. അമ്മാനമാടിയപ്പോൾ മുകളിലേക്ക് പോയ കല്ല് മേൽക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നാണ് ഐതീഹ്യം.

ശ്രീകോവിലിന്റെ മേൽക്കൂരയായി നിലം തൊടാതെ നിൽക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുത ദൃശ്യമാണ് ദേവിക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്.ഭഗവതി അമ്മാനമാടിയ ശില 15 ആനകൾ വലിച്ചാൽ പോലും നീങ്ങാത്തവയാണ്. ക്ഷേത്രത്തിന്റെ ശ്രദ്ധകേന്ദ്രമായ ഭീമൻ പാറ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കല്ലിൽ ക്ഷേത്രത്തിലെ പ്രധാന നേർച്ചകൾ  ചൂല് നേർച്ചയും കല്ല് നേർച്ചയും  ആണ്. ചൂല് നേർച്ച പ്രധാനമായും സ്ത്രീകൾ മുടി സമൃദ്ധമായി വളരാനും പുരുഷന്മാർ കുടുംബത്തിലെ ദുരിതങ്ങൾ മാറാനും മാറാരോഗങ്ങളിൽ നിന്ന് രക്ഷനേടാനുമാണ് നടത്തുന്നത്. ഇരുമ്പ് തൊടാതെ വേണം നേർച്ചയ്ക്കായുള്ള ചൂല് നിർമിക്കാൻ. തെങ്ങിൽ നിന്ന് ഓല വെട്ടിമാറ്റിയ ശേഷം ഇരുമ്പ് തൊടാതെ വേണം ചൂല് എന്ന പ്രക്രിയ ചെയ്യാൻ. കടയും തലയും വെട്ടാതെ ഓലയിൽ നിന്ന് ഇരുമ്പ് തൊടാതെ ഈർക്കിലി വേർതിരിച്ചതിനു ശേഷം ഓലകീറു കൊണ്ട് തന്നെ ചൂല് കെട്ടണം. ഇങ്ങനെ ഉണ്ടാക്കിയ ചൂല് ദേവിക്ക് സമർപ്പിച്ചാൽ നടക്കുമെന്നാണ് വിശ്വാസം.

വീട് പണി പൂർത്തിയാവാൻ വേണ്ടിയാണ് ”കല്ല് നേർച്ച” നടത്തുന്നത്. വീടുപണി എന്തെങ്കിലും കാരണം കൊണ്ട് പൂർത്തികരിക്കാൻ സാധിക്കാത്തവർ വീടുപണിയുന്ന സ്ഥലത്തു നിന്ന് ചെറിയ 2,3 കല്ലുകൾ കൊണ്ടു വന്ന് ക്ഷേത്ര പരിസരത്തു വീടിനെ സങ്കൽപ്പിച്ച കല്ലുകൾ ചേർത്ത് വച്ച് പ്രാർത്ഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാവും എന്നാണ് വിശ്വാസം. ഫലം കിട്ടിയവർ പ്രത്യുപകാരമായി വീട് പാലുകാച്ചുന്നതിനു മുൻപ് ക്ഷേത്രത്തിൽ വന്ന് ഒരു ദിവസത്തെ പൂജ വഴിപാടായി നടത്തണം. കടുംപായസവും നെയ്‌വിളക്കുമാണ് പ്രധാന വഴിപാടുകൾ.

എല്ലാ വർഷവും വൃശ്ചികത്തിലെ കാര്‍ത്തികയുടെ അന്നാണ് ഉത്സവം കൊടിയേറുന്നത്. കാർത്തികയുടെ അന്ന് ദീപാരാധനയോടു കൂടിയാണ് കൊടിയേറുന്നത്. ഉത്സവ ദിവസങ്ങളിൽ ആറാട്ട് പതിവാണ്. കാർത്തികയുടെ അന്ന്‍ ഉച്ചപൂജയ്ക്ക് ശേഷം ”ഇടി വഴിപാടോടു” കൂടിയാണ് ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ മാരാർ പച്ചമഞ്ഞൾ, പാകമാകുന്നതിനു മുമ്പുള്ള പഴുക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവ മരത്തിലെ ഉരലിൽ മര ഉലക്കകൊണ്ട് അതിനെ ഇടിച്ച് ദ്രാവക രൂപത്തിലാക്കുന്നു. അത് പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും. ഇതിനു ശേഷമാണ് ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. കാർത്തിക നാളിൽ തുടങ്ങി മകം നാളിൽ തീരുന്ന എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ

ആശ്രാമം റെസിഡൻസി ബംഗ്ലാവ്

രണ്ടു നൂറ്റാണ്ടു പിന്നിട്ടിട്ടും യുവത്വം മാറാത്ത കേരളത്തിലെ നിർമ്മാണ വിസ്മയം
എവിടെയാണ് ആശ്രാമം റെസിഡൻസി ബംഗ്ലാവ്, അറിയാമോ ?

കറുത്ത ടാറിട്ട നിരത്ത് പിന്നിട്ട് ഇലപ്പടര്‍പ്പുകള്‍ നിഴല്‍ വിരിച്ച നടുമുറ്റത്തിലൂടെ കാലങ്ങളുടെ ചരിത്രക്കഥ പറയുന്ന ഓടു വിരിച്ച ബംഗ്ലാവിലേക്ക്. അഷ്ടമുടിക്കായലിന്‍റെ ഓളങ്ങളെ മെല്ലെ തലോടി… കിളികള്‍ കിന്നാരം പറഞ്ഞിരുന്ന മരച്ചില്ലകള്‍ക്കുള്ളിലൂടെ ഒഴുകിയെത്തിയ ചെറുകാറ്റിലും ആ വരാന്തകളിലും ഗോവണികളിലും മൗനം നിറഞ്ഞു നിന്നു. ഗതകാല പ്രൗഢിയോടെ നിശബ്ദമായി നില കൊള്ളുന്ന കെട്ടിടം… വിസ്മയങ്ങള്‍ ഒളിപ്പിച്ചു വച്ച ആശ്രാമം റസിഡന്‍സി ബംഗ്ലാവ് എന്ന ബ്രിട്ടീഷ് ബംഗ്ലാവ്. നഗരത്തിരക്കില്‍ നിന്ന് അകന്ന് അഷ്ടമുടിക്കായലിന്‍റെ തീരത്താണ് ഈ കൊട്ടാരം. ആശ്രാമം മൈതാനത്തിനടുത്ത് വള്ളിപ്പടര്‍പ്പുകള്‍ക്കും പൂച്ചെടികള്‍ക്കും ഇടയിലായി കായല്‍പ്പരപ്പിനു തൊട്ടരുകില്‍ കാണാം റസിഡന്‍സി ബംഗ്ലാവ്.

രണ്ടു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ടീ ബംഗ്ലാവിന് . "പായലേ വിട - പൂപ്പലേ വിട,എന്നന്നേക്കും വിട " എന്ന സുപരിചിതമായ പെയിന്റ് കമ്പനിയുടെ പരസ്യവാചകം രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടുത്തുകാര്‍ ചൊല്ലിപ്പഠിച്ചുകാണുമായിരിക്കും , ഈ ബംഗ്ലാവ് കണ്ടാൽ . കാഴ്ചയില്‍ ഇപ്പോഴും ചെറുപ്പം തോന്നുമെങ്കിലും രണ്ടു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട് ഈ മന്ദിരത്തിന്. ചിലർക്ക് വിശ്വാസം വരില്ല എങ്കിലും.

ചുമരുകള്‍ക്കു വിള്ളലോ മറ്റു കേടുപാടുകളോ ഇല്ലെന്നു മാത്രമല്ല നിറവും മങ്ങിയിട്ടില്ല. കായലില്‍ നിന്ന് ഉപ്പുരസം നിറഞ്ഞ കാറ്റു വീശിയിട്ടും ഒരു കറുത്ത പുള്ളിപോലും ഈ ബംഗ്ലാവിന്‍റെ ചുമരുകളില്ലില്ല. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണല്‍ മണ്‍റോയ്ക്ക് താമസിക്കാന്‍ 1810 ലാണ് ഈ കൊട്ടാരം നിര്‍മിച്ചത്. കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തി മന്ദിര നിര്‍മാണം തുടങ്ങിയത് ബ്രിട്ടീഷുകാര്‍ തന്നെ.

കേരളീയ -പാശ്ചാത്യ വാസ്തുശില്‍പകലയുടെ തന്മയത്വം നിറഞ്ഞ മിശ്രിത സമ്മേളനമാണ് ഇവിടം. വൃത്താകൃതിയിലുള്ളതാണ് മുന്‍ഭാഗവും അതേ ആകൃതിയിലാണ് മുന്‍വശത്തെ പൂന്തോട്ടവും നിർമ്മിച്ചിരിക്കുന്നത് . സിമന്റ് ഉപയോഗിക്കാതെ വെറും ഇഷ്ടികയും കുമ്മായവും കൊണ്ടു നിര്‍മിച്ച ഈ ഇരുനിലമാളികയുടെ മേല്‍ക്കൂരയില്‍ സവിശേഷമായ ഓടുകള്‍ പാകിയിരിക്കുന്നു. മേല്‍ക്കൂരയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. 10 അടിയിലേറെ വലുപ്പമുള്ള കട്ടിയുള്ള വാതിലുകള്‍ ഗ്ലാസും തടിയും പിടിപ്പിച്ചതാണ്. വിശാലമായ വരാന്തയും പോര്‍ട്ടിക്കോയും തേക്ക് തടിയില്‍ തീര്‍ത്ത കസേരയും മേശയും മറ്റു സാധനസാമഗ്രികളും കാണുന്നവരുടെ കാഴ്ചയ്ക്ക് പൊലിമയേകും.

ബംഗ്ലാവിനു ചുറ്റും അപൂര്‍വമായ ചെടികളും പൂക്കളും നിറഞ്ഞ ഉദ്യാനമാണ്. കൊട്ടാരത്തില്‍ നിന്നു കായലിലേക്ക് ഇറങ്ങാന്‍ പടികളുണ്ട്. കൊട്ടാരത്തില്‍ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായല്‍ കാണാവുന്ന തരത്തിലാണു രൂപകല്‍പ്പന. താഴെത്തെ നിലയിലും മുകളിലെത്തെ നിലയിലും വിശാലമായ ഹാളുണ്ട്, ഡൈനിങ് ഹാള്‍ പ്രത്യേകവും. ചുമരുകള്‍ തടിയിലും കുമ്മായത്തിലുമാണ് നിര്‍മിച്ചിരിക്കുന്നത്.

ഏത്ര ചൂടായാലും ബംഗ്ലാവിന്‍റെ അകങ്ങളിലേക്ക് തണുപ്പ് അരിച്ചിറങ്ങും. ഈ റസിഡന്‍സി ബംഗ്ലാവിനെക്കുറിച്ച് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ തന്റെ മയൂരസന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

നിങ്ങൾക്കറിയാമോ ആരാണ് കേരളവർമ വലിയകോയിത്തമ്പുരാൻ , എന്താണ് "മയൂര സന്ദേശം" ? മലയാള ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.[3] ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടാനും വേറെ വിവാഹത്തിനും മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു.കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് മയൂര സന്ദേശമെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.അനന്തപുരത്തെ കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് മയൂര സന്ദേശമെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അനന്തപുരത്തെ ഡാണവ്(ജയിൽ)ൻറെ പഠിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു).

കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു. കാളിദാസൻറെ മേഘസന്ദേശത്തെ അനുസരിച്ചാണ് മയൂരസന്ദേശമെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ദ്വിതീയാകഷരപ്രാസമുളള 141 മനോഹരശ്ലോങ്ങളാണ് ഇതിലുളളത്. പൂർവ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാർഗ്ഗത്തിൻറെ വിവരണമാണ്, ഉത്തര ഭാഗത്ത് തിരുവനന്തപുരവർണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്. ഈ കൃതിയുടെ പ്രകാശന കാലത്ത് സഹൃദയൻമാർ ഇതിനെ ഉല്ലാസത്തോടെയാണ് സ്വാഗതം ചെയ്തത്.

1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു .കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ് . ഇത്രയും പോരെ.?

ഇനി ബംഗ്ലാവിനെ പറ്റി തന്നെ തുടരാം രാജശാസനകള്‍ക്കു സാക്ഷിയായ ഈ ബംഗ്ലാവ് തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാനുള്ള വേദിയായിരുന്നു. ബ്രിട്ടീഷ് ദിവാന്‍റെ ആസ്ഥാന മന്ദിരമായ ഇവിടെ നിന്നാണു നാടിന്‍റെ കുതിപ്പും കിതപ്പും നിയന്ത്രിച്ച പല തീരുമാനങ്ങളും വന്നിരുന്നത്. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സണ്‍ പ്രഭു മുതൽ ദേശീയതയുടെ നേതാക്കളായിരുന്ന മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്. ബ്രിട്ടീഷ് ദിവാനും മറ്റു പ്രമുഖര്‍ക്കും തിരുവനന്തപുരത്തു നിന്നു ബംഗ്ലാവിലേക്കു വരാനാണ് കപ്പലണ്ടി മുക്കില്‍ നിന്നു ബംഗ്ലാവിലേക്കുള്ള വീതിയേറിയ പാത നിര്‍മിച്ചത്. നാലുകിലോമീറ്റര്‍ ദൂരമാണ് ഈ രാജപാതയ്ക്കുള്ളത്. ഈ അപൂർവ ബംഗ്ലാവു പോലൊന്നു തിരുവിതാംകൂറില്‍ മറ്റൊരെണ്ണം കണ്ടെത്താന്‍ കഴിയില്ലെന്നു ചരിത്രാന്വേഷികള്‍ വെളിപ്പെടുത്തുന്നു. ആശ്രാമം റെസിഡന്‍സി ബംഗ്ലാവ് ഇന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഗസ്റ്റ് ഹൗസ് ആണ്. സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഔദ്യോഗിക യോഗങ്ങളും ചര്‍ച്ചകളും ഇവിടെയാണു നടക്കുക. സര്‍ക്കാര്‍ അതിഥികള്‍ക്കു താമസ സൗകര്യവും ഉണ്ട്. കാലത്തിന്‍റെ മനോഹരമായ ശേഷിപ്പായി ഇപ്പോഴും ഈ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നു.

അതാണ് പറയുന്നത് "ഓൾഡ് ഈസ് ആൽവേസ് ഗോൾഡ് ", മനസ്സിലായോ ?

ഭാരതീയ ഹൈന്ദവ സംസ്കാരത്തിൽ
ഭക്ഷണരീതിയിലെ അനുഷ്ടാന ശാസ്ത്രം

സാമൂഹ്യസദ്യകള്‍ സമൂഹത്തിന്റെ ഏകീഭാവമെന്ന നേട്ടത്തിനുകൂടി ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഭക്ഷണക്രമത്തിലെ അനുഷ്ഠാനങ്ങള്‍ വ്യക്തിയുടെ ആരോഗ്യ പരിപോഷണത്തിനും സഹായിക്കുന്നു. അപ്രകാരം വ്യക്ത്യാധിഷ്ഠിതമായ അനവധി ആചാരങ്ങളും ഭാരതീയരുടെ നിത്യജീവിതത്തിലുണ്ട്.ഭക്ഷണസമയത്തിനുള്ള

ആചാരങ്ങള്‍ ചന്ദ്രസൂര്യഗ്രഹണ സമയത്ത് അജീര്‍ണമുള്ളപ്പോള്‍, അര്‍ദ്ധരാത്രിയില്‍, മധ്യാഹ്നത്തില്‍,ത്രിസന്ധ്യയില്‍, ഉറങ്ങുവാന്‍ പോകുന്ന അവസരത്തില്‍, ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ സൗകര്യമില്ലാത്തിടത്ത്, ജലത്തില്‍നിന്നുകൊണ്ട്, ബാലന്മാരെ കൊണ്ടു പാകം ചെയ്യിക്കുന്നിടത്ത്, വൃത്തിഹീനമായ പരിസരത്തില്‍, രാത്രിയില്‍ നെയ്യ് കൂട്ടിയുള്ളത്.തേന്‍ കൂട്ടിയ ദ്രവ്യങ്ങള്‍ ഭക്ഷിച്ചതിനുശേഷം, കൈ-കാല്‍-മുഖം ഇവ കഴുകാതെ, ഉച്ഛിഷ്ഠമെന്ന് സംശയമുള്ളത്, മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത്, വഞ്ചിയിലിരുന്നും ഗോപുരമുകളിലിരുന്നും-നിന്നും നടന്നുംകൊണ്ട്, ആരുമില്ലാത്ത ഗൃഹത്തില്‍, അഗ്നിഹവനം നടത്തുന്ന ശാലയില്‍, അഗ്നിയാല്‍ സംസ്‌കരിക്കപ്പെടുന്ന ദ്രവ്യശാലകളില്‍, പൂജാമുറികളില്‍, ശ്മശാനത്തില്‍ ഒന്നും ഇരുന്ന് ~ഭക്ഷണം കഴിക്കരുത് എന്ന് യഥാക്രമം സ്മൃതികളില്‍ വിവരിക്കുന്നു. ഇവയെല്ലാം ആധുനികശാസ്ത്രവും ഏതാണ്ട് പൂര്‍ണമായും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവയുടെ അനുബന്ധമെന്നപോലെ ഭക്ഷണക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹ്യ ആചാരങ്ങളുമുണ്ട്.

വ്രതങ്ങള്‍ ഏകാദശീദിവസത്തില്‍ നിത്യഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയോ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്ന പതിവുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഭക്ഷണത്തിലുള്ള ഘടകവസ്തുക്കളുടെ മാറ്റം വളരെ പ്രയോജനപ്പെടുന്നു. നിത്യവും അരിഭക്ഷണം കഴിക്കുന്നവര്‍, ഗോതമ്പിലേക്കും, പുഴക്കലരി ഭക്ഷിക്കുന്നവര്‍ ഉണക്കലരിയിലേക്കും, ഗോതമ്പു ഭക്ഷണം കഴിക്കുന്നവര്‍ ഏതാനും പഴങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഭക്ഷണ ക്രമത്തിലേക്കും മാറുന്നു. ഏകാദശി എന്ന പദം ‘പതിനൊന്ന്’ എന്ന അര്‍ത്ഥം മാത്രമുള്ളതാണ്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളെങ്കിലും ഈ ഭക്ഷണമാറ്റം ഉദ്ദേശിച്ചിട്ടാകാം ഭാരതീയര്‍ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം വരുത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി.. തുടങ്ങിയവ അതിന് ഉദാഹരണമാണ്.

ഉപവാസം ഉപവാസങ്ങളുടെ അനുബന്ധ ഗ്രന്ഥങ്ങളെല്ലാം പുരാണങ്ങളാണ്. ശാസ്ത്രീയമായി ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രവൃത്തിഭാരം കൊടുക്കാതെ ഫലമൂലാദികള്‍ ഒരിക്കല്‍ മാത്രം കഴിച്ചോ, ജലപാനം മാത്രം ചെയ്‌തോ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉപവാസം. രക്തശുദ്ധീകരണത്തിനും അമിതമായി രക്തത്തിലടിഞ്ഞിരിക്കുന്ന യൂറിയ, ലവണങ്ങള്‍, കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിനും ഉപവാസം അത്യുത്തമമത്രെ.

ഒരിക്കല്‍ ഒരു നേരം മാത്രം സാധാരണപോലെ ഭക്ഷണം കഴിച്ച് നിത്യപ്രവൃത്തിയില്‍ മിതമായ ക്രമത്തില്‍ ഏര്‍പ്പെടുന്നതാണ് ഒരിക്കല്‍ എന്ന ആചാരം. ഉപവാസമാകട്ടെ, ഈശ്വരചിന്ത കൂടി ചേര്‍ത്ത് ശരീരത്തിനും മനസ്സിനും ശുദ്ധീകരണം ലക്ഷ്യമിടുന്നു.

കര്‍ക്കടക മാസവ്രതം കര്‍ക്കടകമാസത്തിലെ ആദ്യത്തെ ഏഴുദിനങ്ങളില്‍ ഏഴുതരം സസ്യങ്ങളുടെ ഇലകൊണ്ടുള്ള കറികളുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി വളരെ ശാസ്ത്രീയമായി പണ്ടുമുതല്‍ക്കിവിടെ നിലനിന്നിരുന്നു. സൂര്യപ്രകാശം കുറഞ്ഞ കര്‍ക്കടകത്തില്‍ കോരിച്ചൊരിയുന്ന (പഴയകാലത്തെ)മഴയില്‍ പണിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ വിളര്‍ച്ചയൊഴിവാക്കുവാനും, കൂടുതല്‍ ഇരുമ്പുസത്തു ലഭിക്കുവാനും, ചിലവു കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുവാനും ഈ ആചാരം സഹായിക്കുന്നു. കര്‍ക്കടകത്തില്‍ ഉണക്കലരിച്ചോറ് ഉപയോഗിക്കുന്ന പതിവുമുണ്ട്. അരിയിലെ തവിടില്‍ സമൃദ്ധമായുള്ള വിറ്റാമിനുകളും മറ്റും ശരീരത്തിന് ഏറെ പ്രയോജനം ചെയ്യുന്നത് പഞ്ഞമാസമായ കര്‍ക്കടകത്തിലാണ്.

ജലപാനവ്രതം രക്തത്തില്‍ നിരന്തരം അടിഞ്ഞുകൂടുന്ന യൂറിയ, യൂറിക്കാസിഡ്, അമിത അളവിലുള്ള ലവണങ്ങള്‍, ഖരരൂപത്തിലുള്ള മറ്റ് അനാവശ്യ വസ്തുക്കള്‍ ഇവ നീക്കം ചെയ്യുന്നതിന് ഉത്തമമാണ് ജലപാനവ്രതം. ശരീരവേദനം, സന്ധിവേദന ഇവ ദൂരീകരിക്കുന്നതിനും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്, ഒരു പരിധിവരെ അത്, കുറക്കുന്നതിനും ഈ ഉപവാസം ശ്രേഷ്ഠമാണ്. അതിന്റെ ശാസ്ത്രീയ വിശകലനമാകട്ടെ വളരെ ലളിതവുമാണ്. രക്തത്തിലെ അപദ്രവ്യങ്ങളെ ജലത്താല്‍ കഴുകി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും കളയുന്നു.

കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം

സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം. കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.

കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.

തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.

പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.

പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍‌സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.

അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു. 1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍‌എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.

ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

കടപ്പാട് .ജന്മഭൂമി

നാലമ്പല ദര്‍ശനം

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്‌.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്‌. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക്‌ അവ ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം. മുക്കുവര്‍ ആ നാല്‌ വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക്‌ സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച്‌ ആരാധിക്കുകയും ചെയ്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്‌, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്‌. ആറാട്ട്‌ പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത്‌ തൃപ്രയാറപ്പനാണ്‌. ബാധാ ഉപദ്രവങ്ങളില്‍നിന്ന്‌ മുക്തി സിദ്ധിക്കുന്നതിന്‌ തൃപ്രയാറപ്പനെ ഉപാസിക്കുന്നത്‌ ഉത്തമാണെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത്‌ തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്‌ വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്‌ ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്‌. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്‌. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച്‌ നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ്‌ ഐതിഹ്യം. ഇതിനുശേഷമാണ്‌ കൂടല്‍മാണിക്യം എന്ന പേരുണ്ടായത്‌. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്‌. ആണ്‍കുട്ടിയുണ്ടാകുന്നതിന്‌ കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന്‌ വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക്‌ വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന്‌ നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്‌. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം

ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നൂറ്റിയെട്ട്‌ തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്‌. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്‌, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ്‌ ഇവിടെ വസിക്കുന്നതെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്‌.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം

കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ്‌ കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ്‌ ശത്രുഘ്നന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്‌ ഉത്തമമാണെന്ന്‌ കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത്‌ പാപപരിഹാരമാണെന്ന്‌ കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക്‌ തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത്‌ വളരെ പുണ്യപ്രദമാണെന്ന്‌ കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്‌.

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത്‌ തെക്കേടത്ത്‌ മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ്‌ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

പറയിടുന്നത് എന്തിനാണ്?

പറയിടുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്റെി വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും.

വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്റെന വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്പ്പികക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്ന്നു .

ദശാവതാരങ്ങൾ

എല്ലാ അവതാരങ്ങളും 1200 ദിവ്യവർഷങ്ങൾ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ മത്സ്യം, കൂർമ്മം, വരാഹം,നരസിംഹം എന്നിവയും വാമനൻ,പരശുരാമൻ,ശ്രീരാമൻ ത്രേതായുഗത്തിലും ബലരാമനും ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലും കൽക്കി കലിയുഗത്തിലും അവതരിക്കുന്നു.

ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂർമ്മം

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാർ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയർത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂർത്തിയാക്കി അമൃതം നേടിയെടുക്കുവാൻ സഹായിച്ചു.

3. വരാഹം

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹർഷിമാർ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങൾ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയിൽ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണിൽ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന് ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു വാതിൽപ്പടിയിൽ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങൾ കൊണ്ട് മാറുപിളർന്ന് വധിക്കുകയും ചെയ്തു.

5. വാമനൻ

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്. ദേവന്മാരെക്കാൾ വളർന്ന മഹാബലിയെ ഭയപ്പെട്ട ദേവർ മഹാവിഷ്ണുവിനോട് സങ്കടമഭ്യർത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമന്‍

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമന്‍

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10 കല്‍ക്കി

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.

ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:- ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം

രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ.

10. കൽക്കി :- ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.

No comments:

Post a Comment