കാലടി ശ്രീകൃഷ്ണക്ഷേത്രം
വർഷത്തിലൊരിക്കൽ ഐശ്വര്യപൂർണ്ണമായ സ്വർണ നെല്ലിക്ക പ്രസാദമായി നൽകും ഈ തൃക്കാലടിയപ്പനായ ശ്രീ കൃഷ്ണഭഗവാൻകാലടിയെന്ന പേരു കേൾക്കാത്ത ഹിന്ദുക്കൾ വളരെ വിരളമാവും. ആദിശങ്കരന്റെ, ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് പരിപാവനമായ കേരളത്തിലെ കാലടിയെന്ന ഗ്രാമത്തെ തഴുകിയൊഴുകുന്ന പെരിയാർ (പൂർണ്ണാനദി ) നദിയുടെ തീരത്താണ് പ്രസിദ്ധമായ കാലടി ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാട് നിന്നും അദ്വൈത സിദ്ധാന്തത്തിന്റേയും ഉപനിഷത്ദർശനങ്ങളുടേയും പ്രചുരപ്രചാരകനായിരുന്ന ആദിശങ്കരന്റെ ജന്മസ്ഥലത്തെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രിയപ്പെട്ട ആരാധനാലയമാണ് ഈ ശ്രീകൃഷ്ണക്ഷേത്രം. മാത്രമല്ല, എ.ഡി.795ൽ ആദി ശങ്കരനാൽ പുനഃപ്രതിഷ്ഠിക്കപ്പെട്ട ശ്രീകൃഷ്ണവിഗ്രഹമാണ് ഇവിടെയുള്ളത് എന്നത് ഈ ക്ഷേത്രത്തിന്റെ വിശിഷ്ടമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആദിശങ്കരൻറെ അമ്മയുടെ ദേഹവിയോഗവും അതേ തുടർന്ന്‍ ആ പ്രദേശത്തെ ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുണ്ടായ ബഹിഷ്കരണവും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അക്കാലത്തുണ്ടായിരുന്ന പത്ത് നമ്പൂതിരി കുടുംബങ്ങളിൽ ചടങ്ങിൽ പങ്ക് കൊണ്ട രണ്ട് ബ്രാഹ്മണ കുടുംബങ്ങളായ തലയാറ്റുമ്പള്ളിമനയുടേയും കാപ്പിള്ളി മനയുടേയും ഭരണനേതൃത്വത്തിലാണ് ക്ഷേത്രമിപ്പോൾ നിലകൊള്ളുന്നത്. ആദിശങ്കര മാതാവിൻറെ മരണാനന്തര ചടങ്ങിൽ, കാൽ (പാദം) പിടിക്കുകയും തല (ശിരസ്സ്) പിടിക്കുകയും ചെയ്ത പൂക്കാട്മനയും എടമന മനയും യഥാക്രമം തലയാറ്റുമ്പള്ളി മനയെന്നും കാപ്പിള്ളി മനയെന്നും പിന്നീട് അറിയപ്പെട്ടു എന്ന്‍ കുടുംബനാമചരിത്രം. തൃക്കാലടിയപ്പൻ" എന്ന്‍ കൂടി നാമമുള്ള ഇവിടുത്തെ ശ്രീകൃഷ്ണഭഗവാൻ കുലദൈവം ആയിരുന്നതിനാൽ ബാലനായിരുന്ന ശങ്കരനും അമ്മയും തൊട്ടടുത്തുള്ള പൂര്‍ണ്ണ നദിയിലെ സ്നാനത്തിന് ശേഷം ക്ഷേത്രത്തിലെത്തി നിത്യവും ഭജിച്ചു പോന്നിരുന്നു. ഒരിക്കൽ നിത്യസ്നാനത്തിനായി പൂര്‍ണ്ണ നദിയിലേക്ക് പോകുന്ന സമയം, ക്ഷീണിതയായിരുന്ന അമ്മയുടെ നടന്നെത്താനുള്ള ബുദ്ധിമുട്ട് കണ്ട് ശ്രീകൃഷ്ണഭഗവാനോട് അതിനൊരു അറുതി വരുത്തുവാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയുമുണ്ടായി. കൃഷ്ണഭഗവാൻ ഉടൻ തന്നെ "നിൻറെ കാലടികൾ കൊണ്ട് അടയാളപ്പെടുത്തുന്ന സ്ഥലം വരെ നദി ഒഴുകിയെത്തട്ടെ" എന്ന്‍ പറഞ്ഞ് അനുഗ്രഹിച്ചു. അങ്ങനെ അദ്ദേഹം കാലടികളാൽ സ്ഥലം അടയാളപ്പെടുത്തുകയും പൂർണ്ണാനദി തൽക്ഷണം അവിടേയ്ക്ക് തിരിഞ്ഞൊഴുകുകയും ചെയ്തത്രെ! അതു വരെ സസലം എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം പിന്നീട് കാലടി എന്ന പേരിലും ആപൽബാന്ധവനായ ഭഗവാനെ "തൃക്കാലടിയപ്പൻ" എന്നും ഭഗവൽപ്പാദങ്ങൾ പതിഞ്ഞ പുഴക്കടവിനെ "ആറാട്ടുകടവെ"ന്നും അറിയപ്പെട്ടുവരുന്നു. മറ്റൊരിക്കൽ, ബാലനായ ശങ്കരൻ തന്റെ ഉപനയനവുമായി ബന്ധപ്പെട്ടുള്ള ഭിക്ഷാടനത്തിനിടെ നിത്യദാരിദ്ര്യത്തിലും അങ്ങേയറ്റം ദുഖത്തിലും വിഷമിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ വീട്ടിൽ ചെല്ലുവാനിടയായി. ഒരു ഉണങ്ങിയ നെല്ലിക്കയല്ലാതെ മറ്റൊന്നും ഭിക്ഷ നൽകുവാനില്ലാതെ വിഷമിച്ച ആ സാധുസ്ത്രീയുടെ ദുഃഖം, ആദിശങ്കരന്റെ അതിപ്രശസ്തമായി തീര്‍ന്ന, "കനകധാരാസ്തവം സ്തോത്ര"മായി പുറപ്പെടുകയും ശ്ലോകം തീന്ന്‍ കഴിഞ്ഞപ്പോൾ, ആ ഭവനത്തിന്റെ വാതിൽപ്പടികളിലേക്ക് ഐശ്വര്യദായകവും സമ്പൽസമൃദ്ധവുമായ സ്വർണ്ണനെല്ലിക്കകൾ വർഷിക്കുവാനും തുടങ്ങി. അന്ന് മുതൽ ആ ഭവനം സ്വർണ്ണത്തുമന എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. ഈ അത്ഭുത പ്രവർത്തിയുടെ ഓർമ്മയ്ക്കായി ഇപ്പോൾ എല്ലാ വർഷവും അക്ഷയതൃതീയദിനത്തിൽ ഈ ക്ഷേത്രത്തിൽ കനകധാരായജ്ഞം നടത്തുകയും യജ്ഞക്രിയകളിൽ പൂർണമായി പങ്കെടുക്കുന്നവർക്ക് ഭഗവത്പ്രസാദമായി കനകധാരാസ്തവസ്തോത്രം കൊണ്ട് പൂജിക്കപ്പെട്ട ഈ വിശിഷ്ടമായ സ്വർണ്ണനെല്ലിക്കകൾ നൽകുകകയും ചെയ്ത് വരുന്നു. അതിവിശിഷ്ഠമായ ഈ സ്വർണ്ണനെല്ലിക്കകൾ കൈവശം സൂക്ഷിച്ചാൽ സാമ്പത്തിക ക്ളേശങ്ങൾ മാറി ശിഷ്ടജീവിതത്തിൽ സർവൈശ്വര്യസിദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. അതിനാൽ എല്ലാ വർഷവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക്ചേരുക പതിവാണ്. പ്രധാന ദേവതയായ ഭഗവാൻ ശ്രീകൃഷ്ണനോടോപ്പം, ശിവപാർവതിമാർ, ഗണപതി, ശ്രീധർമ്മശാസ്താവ് എന്നീ ഉപദേവതകളും ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്. അക്ഷയതൃതീയദിനത്തിൽ നടത്തപ്പെടുന്ന കനകധാരായജ്ഞം , ശ്രീശങ്കരജയന്തി , തിരുവുത്സവം എന്നിവയാണ് വർഷം തോറും നടത്തി വരുന്ന ക്ഷേത്രത്തിലെ പ്രധാന വാര്‍ഷികാഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും സുപ്രധാന റോഡുകളില്‍ ഒന്നായ എം.സി. റോഡില്‍ ഉള്ള കാലടി ജംഗ്ഷനില്‍ നിന്നും കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ക്ഷേത്രത്തിലേക്ക്. മാത്രമല്ല, ക്ഷേത്രത്തിന് വളരെയടുത്തായി (ഏകദേശം 7 കിലോ മീറ്റര്‍) കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും അങ്കമാലി-കാലടി റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് സുഖമായി എത്തിച്ചേരുവാന്‍ സാധിക്കും. രാവിലെ 5 മണി മുതൽ പത്ത് വരെയും വൈകിട്ട് 5 മണിമുതൽ 7.30 വരെയുമാണ് ദർശനസമയം.
സർ, ഭഗവത് പാദരുടെ കാലം ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പാണ്.2006 ൽ ഇത് ജർമ്മൻ സ് കൂടി സമ്മതിച്ചതോടെ.അംഗീകാരം ലഭിച്ചു.( നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ ഭൂരിഭാഗവും ജർമ്മനിയിലാണ് ).
AD 750 ജീവിച്ചിരുന്ന ശൃംഗേരി.മഠാധിപതിയൊ കാഞ്ചി മഠാധിപതിയൊ ഭഗപത് പാദരോട് വളരെ സാദൃശ്യമുണ്ടായിരുന്നുവെന്നും പിന്നീട് ഇദ്ദേഹത്തെ ആദിശങ്കരനായിട്ട് തെറ്റി ദ്ധരിച്ചുവെന്നും പറഞ്ഞു കേൾക്കുന്നു
കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം
സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?
ഇല്ലെങ്കിൽ അറിഞ്ഞോളൂ , നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രത്തിൽ തന്നെയാണത് ...
എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ കിഴക്കോട്ട് പോകണം. തെക്ക് കാലടി, വടക്ക് മൂക്കന്നൂർ, പടിഞ്ഞാറ് തുറവൂർ, കിഴക്ക് അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ് മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന്‍ ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം-മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് റൂട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം ശ്രദ്ധിക്കുക.കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‍ കാലടി-മഞ്ഞപ്ര റോഡ് വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ് .ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്തവീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്‍റെയും ശ്രീ പാര്‍വതിയുടേയും സാന്നിധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം. ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്രമൂർത്തിയായ ഭഗവാൻ ശിവന്‍റെ പ്രതിഷ്ഠ പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്‍റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്. തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്‍റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, മഹാവിഷ്ണു സാന്നിധ്യമുള്ള സാളഗ്രാമം, ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ദേവി പാർവതി, ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, സാളഗ്രാമം, ഭുവനേശ്വരി, രക്ഷസ്, സര്‍പ്പം ഇവയൊക്കെ ഉപദേവതകളാണ് .ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാസമയത്ത് ആയതിനാലാണെന്ന്‍ വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകരമാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ.പൂരത്തിൽ എഴുഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്.കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ.തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്‍റെ നെടുമാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ് .ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്.കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം.
മുക്തി നാഗ ക്ഷേത്രം
ഒറ്റക്കല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമയുള്ള ക്ഷേത്രം ?
ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ - മൈസൂർ പാതയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മുക്തി നാഗ ക്ഷേത്രം. 36 ടൺ ഭാരമുള്ള ഇവിടുത്തെ നാഗപ്രതിമയാണ് ഏറെ പ്രശസ്‌തം. പതിനാറ് അടി ഉയരമുള്ള ഈ നാഗപ്രതിമയാണ് ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ. കെംഗേരിയിൽ നിന്നും അധികം ദൂരെയല്ലാതെ രാമോഹള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുതുതായി നിർമ്മിച്ച ക്ഷേത്രമാണെങ്കിലും ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള ഐതിഹ്യ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വർഷങ്ങളായി സർപ്പ ആരാധകരുടെ തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.ഇവിടെയുള്ള ചിതൽപുറ്റിൽ നാഗത്താൻ വസിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ 90 ദിവസം ഇവിടെ വന്ന് ഒൻപത് പ്രാവിശ്യം ചിതൽപുറ്റ് വലം വെച്ചാൽ ആഗ്രഹം നടക്കും എന്നാണ് പറയപ്പെടുന്നത്. ജുഞ്ജപ്പയുടെ വയൽ എന്ന് അർത്ഥം വരുന്ന ജുഞ്ജപ്പന ബയലു എന്നാണ് ഈ സ്ഥലം തദ്ദേശീയരായ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.ഇവിടത്തെ ക്ഷേത്ര
ആചാര രീതി ഇപ്രകാരമാണ് . ഇവിടെ എത്തുന്ന സർപ്പ ദൈവ വിശ്വാസികൾ ആദ്യം ഒൻപത് വട്ടം പ്രദക്ഷിണം ചെയ്യുന്നു. അതിന് ശേഷം കാര്യ സിദ്ധി വിനായകനെ തൊഴുതതിന് ശേഷമാണ് മുക്തിനാഗനെ തൊഴുന്നത്.വിവിധ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്ര സമുച്ഛയമാണ് മുക്തി നാഗ ക്ഷേത്രം. സുബ്രമണ്യനെയാണ് ഇവിടെ മുക്തി നാഗത്തിന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിന് സമീപത്ത് തന്നെയാണ് കാര്യ സിദ്ധി വിനായകന്റെ പ്രതിഷ്ഠയും.കാര്യ സിദ്ധി വിനായക ക്ഷേത്രത്തിന്റെ ഇടത് വശത്തായി ശക്തിധര സുബ്രമണ്യന്റെ ഏകശിലാ നിർമ്മിതമായ ഒരു പ്രതിമയുണ്ട്. 21 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് 56 ടൺ ഭാരം വരും.അതിനപ്പുറത്തായാണ് 107 നാഗങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിലുത്തെ ഏഴ് നാഗങ്ങൾ വലുതും ഫണം വിടർത്തി നിൽക്കുന്നതുമാണ്.ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിനപ്പുറത്തും ഒന്ന് രണ്ട് ദേവി ക്ഷേത്രങ്ങൾ കാണാം.ബാംഗ്ലൂർ ബസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് ബിഗ് ബാന്യൻ ട്രീ റോഡിലൂടെ 5 കിലോമീറ്റർ യാത്ര ചെയ്തൽ ഈ ക്ഷേത്രത്തിൽ എത്താം. രാമോഹള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.കെ ആർ മാർക്കറ്റിൽ നിന്ന് ഈ ക്ഷേത്രത്തിലേക്ക് ബസുകൾ ലഭിക്കും 227Y എന്ന ബസിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
ശ്രീരാമ ഭക്തനായ ഹനുമാൻ
എന്തുകൊണ്ടാണ് ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമ പൂജനീയനുമായത്?
നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമ ഭക്തനായ വാനര ശ്രേഷ്ഠനാണ്. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ് ഹനുമാൻ.
ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. ?
ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്.
ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന് ഇത്രയേറെ പ്രസിദ്ധി ഉണ്ടാകുമായിരുന്നു?
ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാം.അതാണ് ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ് ഹനുമാൻ നമുക്കായി എന്നുമെന്നും നൽകി ക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ് ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകി രാമായണത്തിലുണ്ട്.
ആത്മീയ തത്വ ചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ് ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക.
ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യ സാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്? എന്താണു നാം തമ്മിലുള്ള ബന്ധം?’
ഹനുമാന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:
“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”
വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:
“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”
ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം.
അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരംപൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.
വാസ്തവത്തിൽ നാമെല്ലാവരും ഒരു ദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്.
മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും.
എന്നാൽ ഇതു രണ്ടുമല്ലാതെ സമയ ദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞു ചേരുന്ന ചില നിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ് ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ.
‘അതു നീയാണ്’. എന്ന നിറവ്.
ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയ ചിന്താസരണികളുമായി താരതമ്യപ്പെടുത്താം.
ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്.
അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മ യോഗത്തിന്റേതുമാവണം.
തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ.
സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്.പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല.ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.
രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്.ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്.
ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ് ഭക്തൻ.രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.
എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്)ഹനുമാന് ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ് ഹനുമാൻ പറയുന്നത്*
ഇതി മേ നിശ്ചിതാമതി:എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ് പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന് ഹനുമാൻ പറയുന്ന ഈ ആത്മഭാവം.
അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരു ‘ഇന്റഗ്രേറ്റഡ് പ്രാക്ടീസ്’ ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ് ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.
ആദിയില്‍ ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ
ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ...അതാണ് സത്യം...
പ്രപഞ്ചാരംഭത്തില്‍ അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീ ദേവന്മാരെ ആരാധിക്കുന്നവരായിരുന്നു.
1. ജംബുദ്വീപം (ഏഷ്യ)
2. കൗഞ്ചുദ്വീപം (ആഫ്രിക്ക)
3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാകദ്വീപം (യൂറോപ്പ്)
6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ)
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി
1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍)
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു.
ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു.
യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും.
മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭരിച്ച ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും.
അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു. പിന്നീടോ?
ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.
കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.
ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം; ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു.
തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും.
പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിവന്നിരുന്ന വിശുദ്ധവും പവിത്രവുമായ "ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം " എന്ന പൗരാണിക ഹൈന്ദവാചാരം ഇന്ന് കേവലം ഒരു വാർഷിക ചടങ്ങായി ക്ഷേത്രങ്ങളിൽ വഴിമാറിയിരിക്കുന്നു. വ്യക്‌തിപരമായി ഞാൻ ഇത്തരം ചടങ്ങുകളോട് യോജിക്കുന്നില്ല.
ഇന്ന് കേരളത്തിൽ സാധാരണയായി നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് ഭക്തിപുരസ്സരം പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള അപൂർവമായ യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഇത്തരം ഭാഗവതസപ്താഹം ഒരു ചടങ്ങായി നടത്തപ്പെടുന്നു. .മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്നതു പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രത്തിലാണ് . ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ തന്നെ അനക്കം കൂടാതെ വയ്ക്കുകയാണ് സാധാരണ പതിവ്. ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.,ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഉദാഹരണത്തിന് ഒരു ഐതിഹ്യ കഥ നമുക്ക് ശ്രദ്ധിക്കാം
തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു.
ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത് വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു . നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു; ” ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍ ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും” ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു . ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു. അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു . ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത് . ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍ . ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു . സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍
സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍ പറഞ്ഞുകൊടുത്തു. എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്തശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു . ഒന്നാം ദിവസം സന്ധ്യക്ക് പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം രണ്ടാമത്തേതില്‍ പ്രവേശിച്ചു . അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു . അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍ പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ് ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം. അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ് രണ്ടാമത്തെ സപ്താഹം. പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം. ഭാഗവത സപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ളതാകട്ടെ പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് ഇവയൊക്കെയാണ് . പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ .സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല.യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.മുൻനിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
ഏഴ് ദിവസവും വെളുപ്പിനു തന്നെ കുളിച്ചു ശുദ്ധിയോടെ വൃതമെടുത്ത് വേണം ഇതില്‍ പങ്കെടുക്കുവാനും ഭക്തിയോടെ വായന കേള്‍ക്കുവാനും. ഭഗവത് നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ സപ്താഹത്തിൽ പങ്കെടുക്കുന്നവർ യജ്ഞശാലയില്‍ ചെയ്യാൻ പാടുള്ളു. യജ്ഞശാല ഒരുക്കിയിരിക്കുന്ന സ്ഥലത്തു ഉപവിഷ്ടരായാൽ മറ്റുള്ള എല്ലാവിധ സംഭാഷണങ്ങളും ഒഴിവാക്കണം,ഭക്ഷണ പാനീയങ്ങളും ഒഴിവാക്കണം.ഓർക്കുക , യജ്ഞശാലയിൽ ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം മാത്രമേ എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കാവൂ , ഇതൊക്കെ ഇന്നത്തെ തലമുറക്കു യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളല്ലേ. ഒന്നാലോചിച്ചു നോക്കൂ . അപ്പോൾ ഇതുകൊണ്ട് എന്തുനേട്ടം ?
പരമാരദേവിക്ഷേത്രം
മംഗല്യപ്രദായിനി എന്ന് പുകഴ്‌പെറ്റ, വർഷത്തിലൊരുദിനം നെടുമംഗല്യത്തിന്റെ അടയാളമായ ചാന്തിൽ അഭിഷേകം ചെയ്യപ്പെടുന്ന ദേവിയെ, അതും എറണാകുളം നഗരത്തിന്റെ മദ്ധ്യത്തിൽ തന്നെ.
ഏതുമാതാപിതാക്കളാണ് സ്വന്തം മക്കളുടെ വിവാഹം തടസ്സങ്ങളില്ലാതെ എത്രയും പെട്ടെന്ന് ഭംഗിയായും മംഗളകരമായും നടത്തണമെന്നാഗ്രഹിക്കാത്തത് ? എന്നാൽ ഒന്നിലധികം ഒട്ടേറെ സാഹചര്യങ്ങളാൽ വിവാഹാലോചനകൾ മുടങ്ങുമ്പോഴും വൈകുമ്പോഴും ദുഃഖിതരാകുന്ന മാതാപിതാക്കളുടെ അഭയസ്ഥാനമാണ് പരമാരാദേവി . മംഗല്യതടസ്സങ്ങൾ മാറ്റി ഉചിതവും മംഗളപൂർണവുമായ ദാമ്പത്യജീവിതത്തിനും നെടുമംഗല്യത്തിനും തുണയാണെന്നും ഭക്തരുടെ ദേവി. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കാസർഗോഡ് മുതൽ കന്യാകുമാരിവരെയുള്ള അനേകം ഭക്തർ ഇവിടെ മംഗല്യത്തിനു ദേവിയുടെ അനുഗ്രഹത്തിനായി തിരുനടയിലെത്തുന്നു. വിവാഹം തടസ്സപ്പെടുന്ന കുടുംബം വിവാഹം തടസ്സപ്പെട്ട വ്യക്തിയടക്കം (ആണായാലും പെണ്ണായാലും ) ഭക്തിപുരസ്സരം ഇവിടെയെത്തി പ്രധാന വഴിപാടായ ഉമാമഹേശ്വര പൂജയും,മംഗല്യസൂത്ര പൂജയും കഴിച്ചു ദേവിക്ക് നാരങ്ങാമാലയും ചാർത്തിയാൽ ഒരുവർഷത്തിനുള്ളിൽ മംഗല്യ സൗഭാഗ്യം തീർച്ചയായും കൈവരുമെന്നതിനു അനുഭവസ്ഥരായവർ അനേകം പേരുണ്ട്, അവിടെയെത്തുമ്പോൾ അത്തരത്തിലുള്ളവരുടെ രണ്ടാം ദർശനവും കാണാം . മംഗല്യഭാഗ്യത്തിന് ദേവികടാക്ഷം ലഭ്യമാവാൻ വിവാഹശേഷം ഒരുവട്ടം കൂടി ആ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ സുഖകരമായ ദാമ്പത്യ ജീവിതത്തിനു ദേവിയുടെ അനുഗ്രഹാശ്ശിസ്സുകൾ നേടാം.
മദ്ധ്യകേരളത്തിലെ എറണാകുളം നഗരത്തിന്റെ വടക്കേയറ്റത്തായി എറണാകുളം ടൗൺഹാളിന്റെ നേരെ എതിർവശത്തായിട്ടാണ് പരമാരദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റിലയിൽ നിന്നും എറണാകുളം നോർത്തിലേക്കുള്ള ബസിൽ കയറി ടൗൺഹാളിന് മുന്നിൽ ഇറങ്ങാം.വടക്കോട്ട് ദർശനമരുളുന്ന ദേവീ ക്ഷേത്രങ്ങൾ കേരളത്തിൽ താരതമ്യേന വിരളമാണ്. അതിപുരാതനമായ പരമാരക്ഷേത്രത്തിൽ ഉഗ്രപ്രതാപിണിയായ ശ്രീഭദ്രകാളി വടക്കോട്ട് ദർശനമായിരുന്നു അനുഗ്രഹം നൽകുന്നു എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യജ്ഞനായ ഒരു ബ്രാഹ്മണൻ ദേശാടനത്തിനിടയിൽ ഇന്ന്‍ എറണാകുളം എന്ന്‍ പേരുള്ള അന്നത്തെ ഋഷിനാഗകുളത്ത് എത്തുകയുണ്ടായി. അവിടെ പരമ്പനാർകുളങ്ങര (ഇന്നത്തെ പരമാരക്ഷേത്രമിരിക്കുന്ന സ്ഥലം) എന്ന സ്ഥലത്ത് തന്റെ ഉപാസനാമൂർത്തികളായ ദേവീദേവന്മാരുടെ ബിംബങ്ങൾ വച്ചു അദ്ദേഹം പൂജ ചെയ്തു. പൂജ കഴിഞ്ഞതും ദേവീബിംബം അവിടെ ഉറച്ചു പോയി! തുടർന്ന് ദേവപ്രശ്നവിധികൾ നടത്തി ഒരു ദേവീക്ഷേത്രം പണിയുകയും ബിംബം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രോത്ഭവവുമായി ബന്ധപ്പെട്ട ചരിത്രം അവിടെ തുടങ്ങുന്നു. ദേശാടനപ്രിയനായിരുന്ന ആ ബ്രാഹ്മണശ്രേഷ്ഠൻ പൂജിച്ച ദേവവിഗ്രഹം തോട്ടത്തിങ്കൽ എന്ന സ്ഥലത്ത് മറ്റൊരു ക്ഷേത്രം നിർമ്മിച്ച് അങ്ങോട്ടേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചു. അതാണ് ഇന്ന്‍ എറണാകുളത്തെ എസ്.ആർ.എം. റോഡിൽ കാണുന്ന തോട്ടത്തിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. കൊച്ചി പ്രവിശ്യയിലെ അക്കാലത്തെ ഭരണകർത്താക്കൻമാരായിരുന്ന ചേരാനല്ലൂർ കർത്താക്കന്മാരാണ് അന്ന്‍ മുതല്‍ ക്ഷേത്രഭരണാധികാരികള്‍.പരമ്പനാർകുളങ്ങര ഭഗവതിയെന്നും പരമാരമുത്തിയെന്നും വളരെ വർഷങ്ങൾക്കു മുമ്പ് അറിയപ്പെട്ടിരുന്ന ഇവിടുത്തെ ഭഗവതി സാക്ഷാൽ കൊടുങ്ങല്ലൂരമ്മ തന്നെയാണെന്നും, ആലുങ്കല്‍ ഭഗവതി രൂപത്തില്‍ വളരുന്ന വിഗ്രഹമായി കിഴക്കേ ആല്‍ത്തറയില്‍ എഴുന്നള്ളി എത്തിയതാണെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂരമ്മയെ കേരളത്തിലെ കാളീ ക്ഷേത്രങ്ങളുടെ മൂലദേവതയായി കണക്കാക്കപ്പെടുന്നു. രക്തബീജാസുരവധത്തിനായി ശ്രീമഹാദേവന്റെ തിരുനേത്രത്തിൽ പിറവി കൊണ്ട ഭദ്രകാളി വടക്കോട്ടിരുന്നാല്‍ കൊടും കാളിയുടെ ഉഗ്രതയണിയുമെന്നാണ് വൈദികമതം. പ്രധാനപ്രതിഷ്ഠയായ ശ്രീഭദ്രകാളിയെ കൂടാതെ ശ്രീമഹാവിഷ്ണു, ശ്രീഗണപതി, ശ്രീഅയ്യപ്പൻ, ശ്രീശിവൻ, ബ്രഹ്മരക്ഷസ്, നാഗരാജാവ്, നാഗയക്ഷി, ആലുങ്കൽഭഗവതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. എറണാകുളം മെട്രോ സിറ്റിക്ക് അകത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ വളരെയെളുപ്പം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താവുന്നതാണ്. ദര്‍ശന സമയം രാവിലെ 5 മുതല്‍ 10.30 വരെയും വൈകിട്ട 5 മുതല്‍ 8 മണി വരെയും. പ്രതിഷ്ഠാ മഹോത്സവവും അതോടനുബന്ധിച്ചുള്ള ചാന്താട്ടവും (ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു അപൂര്‍വ താന്ത്രിക ചടങ്ങാണ് ചാന്താട്ടം. ദേവീ വിഗ്രഹത്തിലാടിയ ചാന്തണിയുന്നത് സ്ത്രീകൾക്കു ഐശ്വര്യപ്രദമാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു) എല്ലാ വർഷവും മീനമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ നടത്തപ്പെടുന്നു. (അടുത്ത പ്രതിഷ്ഠാ മഹോത്സവവും ചാന്താട്ടവും 1.4.2018-ന്). കൂടാതെ കുംഭ മാസത്തിലെ ഉത്രാടത്തില്‍ തുടങ്ങി ഉതൃട്ടാതിയില്‍ അവസാനിക്കുന്ന വിധത്തില്‍ താലപ്പൊലി മഹോത്സവം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നു. ലക്ഷാർച്ചന എല്ലാ വർഷവും കർക്കിടകമാസം ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ നടത്തപ്പെടുന്നു.
തങ്ങളുടെ സന്താനങ്ങളുടെ മംഗല്യ സൗഭാഗ്യത്തിനായി കാത്തിരിക്കുന്ന മാതാപിതാക്കളുടെ കൈത്താങ്ങായി എന്നും പരമാര ഭഗവതി നിലകൊള്ളുന്നു.
ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്‍പം
ദിവസേനയുള്ള ക്ഷേത്ര ദർശനത്തിലൂടെ മാനവരാശിക്കു ലഭ്യമാകുന്നതെന്ത്? ചില ശാസ്ത്രിയ പഠനത്തിലെ കണ്ടെത്തൽ...
ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്‍പം വളരെ പ്രത്യേകതയുള്ളതാണ്. മറ്റെല്ലാ വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥനാ മന്ദിരമായി മാത്രം കാണുന്നു. എന്നാല്‍ ഹൈന്ദവക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ഇത് ഗീതയില്‍ പറഞ്ഞിട്ടുമുണ്ട്. ഈശ്വരവിഗ്രഹത്തിലെ ചൈതന്യംപോലെയും ശരീരം ആത്മചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയുമാണ്. അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെപ്പോലെ സംരക്ഷിക്കേപ്പെടേണ്ടതാണ്.
ആധുനിക ശാസ്ത്രം ക്ഷേത്രവിഗ്രഹത്തിന്റെ ഊര്‍ജ്ജ ആഗരണ-വികിരണ മഹത്വം വ്യക്തമാക്കുന്നുണ്ട്. കിര്‍ല്യണ്‍ ഫോട്ടോഗ്രാഫിയുടെയും മറ്റു പ്രകാശവികിരണ ഉപകരണങ്ങളുടെയും സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഈ ദിശയിലേക്ക് കാര്യമായ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്നു.ആത്മീയചൈതന്യവും വിവരണാതീതമായ മനഃശാസ്ത്ര സ്വാധീനവും ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്ന ക്ഷേത്രവിഗ്രഹത്തിന്റെ ഭൗതിക ചൈതന്യം പോലും അത്യുജ്ജ്വലമാണ്.
വിഷ്ണുവിനും വൈഷ്ണവാവതാര വിഗ്രഹങ്ങള്‍ക്കും 3:1027 ഗോസ് ഇലക്‌ട്രോമാഗ്നറ്റിക് ഊര്‍ജ്ജം സംഭരിക്കുവാനുള്ള ശക്തിയുണ്ടത്രെ. ഉഗ്രമൂര്‍ത്തിയായ ശിവനും ശിവാവതാരങ്ങള്‍ക്കും 3:1030 യൂണിറ്റും, ഗണപതി, ശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ക്ക് 3:1033 യൂണിറ്റും മഹാകാളി വിഗ്രഹത്തിന് 3:1035 ഉം, സര്‍പ്പരാജ്ഞി വിഗ്രഹത്തിന് 3:1039 ഗോസ് യൂണിറ്റും ഊര്‍ജ്ജം ആഗിരണം ചെയ്യുവാനും സാധിക്കുമത്രെ. (ഡോ. പി.ജി. കുറുപ്പ്, എഫ്ആര്‍സിപിയുടെ ലേഖനത്തില്‍ നിന്ന്) ഈ വിഗ്രഹങ്ങളുടെ രൂപഭാവ പ്രത്യേകതകളനുസരിച്ച് ഊര്‍ജ്ജ അളവിലും വ്യത്യാസം വരുന്നു. ഇതില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത് ക്ഷേത്രവിഗ്രഹം വെറും കല്‍പ്രതിമയല്ല മറിച്ച് ചൈതന്യവത്തായ ഒരു ശക്തികേന്ദ്രമാണ് എന്ന്. അതിന്റെ മുന്‍പിലിരുന്നു ധ്യാനിക്കുമ്പോള്‍ ശരീരത്തിലെ നാഡിവ്യൂഹങ്ങൾക്കും ഞരമ്പുകൾ ഉള്‍പ്പെടെയുള്ള ശരീരത്തെയാകെ ഉത്തേജിപ്പിക്കുവാന്‍ സാധിക്കുന്നു.
ക്ഷേത്രവും പഞ്ചേന്ദ്രിയ ഉത്തേജനവും: കൃത്യമായ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന തന്മാത്രകള്‍ക്കുപോലും, അവയുടെ എണ്ണം എത്ര കുറവായിരുന്നാലും, ശരീരത്തെ കാര്യമായി സ്വാധീനിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. ഹോമിയോപ്പതി ഔഷധങ്ങളില്‍ ഔഷധ തന്മാത്രകള്‍ ഏതാനും എണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ എങ്കില്‍പ്പോലും ശരീരത്തില്‍ അവയുണ്ടാക്കുന്ന സ്വാധീനം അനിര്‍വചനീയമാണ്. ഇതേ സിദ്ധാന്തത്തിന്റെ തന്നെ തെളിവുകള്‍ ക്ഷേത്രാരാധനയിലും കാണാം. കൃത്യ അളവിലുള്ള ഊര്‍ജ്ജ പ്രസരണത്തിലൂടെ പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനമാണ് ഈ പ്രക്രിയയിലൂടെ സാധ്യമാകുന്നത്.
ശ്രീകോവിലിലെ തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള ഓട്, പിത്തള വിളക്കുകള്‍ വിഗ്രഹത്തിന്റെ പ്രഭാമണ്ഡപം, സ്വര്‍ണാവരണം, ജ്വലിക്കുന്ന ദീപനാളങ്ങള്‍, വിവിധ.വര്‍ണങ്ങളുള്ള പുഷ്പങ്ങള്‍ ഇവയെല്ലാം കണ്ണിലെ റെറ്റിനയെ ചൈതന്യവത്താക്കുന്നു. ക്ഷേത്രത്തിലെ സംഗീതാത്മകമായ മന്ത്രധ്വനി, മണിനാദം, വാദ്യമേളങ്ങള്‍, ശംഖ്, ഇടയ്ക്ക, സംഗീതാലാപനം ഇവയെല്ലാം ചെവിയെ ഉത്തേജിപ്പിക്കുന്നു. ഭസ്മം, കുങ്കുമം, ചന്ദനം, ചെവിയില്‍ ചൂടുന്ന ഔഷധ പുഷ്പങ്ങളും ഇലകളും ത്വക്കിനെ ഉത്തേജിപ്പിക്കുന്നു.
സുഗന്ധപുഷ്പങ്ങള്‍, സുഗന്ധ ഇലകള്‍, തിരി, കര്‍പ്പൂരം, സുഗന്ധം, തൈലം, പനിനീര്‍ ഇവയില്‍നിന്നു വമിക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളെ ചൈതന്യവത്താക്കുന്നു. തൃമധുരം, തീര്‍ത്ഥം, നിവേദ്യം തുടങ്ങിയവ നാവിനേയും ചൈതന്യവത്താക്കുന്നു.
ഇപ്രകാരം കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക് എന്നീപഞ്ചേന്ദ്രിയങ്ങളുടെ ചൈതന്യം സ്വശരീരത്തില്‍ അനുഭവിക്കുകയും മനസ്സിനെ ഏകാഗ്രഭാവത്തില്‍ വിഗ്രഹത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് ക്ഷേത്രചൈതന്യ പ്രസരണം നടക്കുന്നത്. ആധുനികശാസ്ത്രം എപ്രകാരം ഇത് പ്രാവര്‍ത്തികമാക്കുന്നു എന്നു പരിശോധിക്കാവുന്നതാണ്. പരമ്പരാഗതമായ ഭാരതീയ ചികത്സാരീതി ആയുര്‍വേദത്തെപ്പോലെ ഇപ്പോള്‍ അലോപ്പതിയുടെ ചികിത്സാരീതിയിലും ഔഷധങ്ങള്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുവാന്‍ ത്വക്കില്‍ ആലേപനം ചെയ്യാറുണ്ട്. മനുഷ്യശരീരത്തില്‍ ഏറ്റവുമധികം ആഗിരണശേഷിയുള്ള ത്വക്ക് ചെവിക്കു പിന്നിലുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തുളസിയുടെ ഔഷധസംയുക്തങ്ങള്‍ ശരീരത്തിലേക്ക് ചെവിക്കു പിന്നിലെ ത്വക്കിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയാണ്. (കര്‍ണ്ണേ തുളസിധാരണാത്) ചെവിയില്‍ തുളസി വക്കുന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തം.
അരോമ തെറാപ്പി എന്നത് സുഗന്ധദ്രവ്യങ്ങളുപയോഗിച്ചുള്ള ചികിത്സയാണ്. സുഗന്ധമില്ലാത്ത പുഷ്പങ്ങളോ ഇലകളോ പൂജിക്കാറില്ല. ശ്രീകോവിലിനു മുന്‍പില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന ഭക്തന്, ഇവയില്‍നിന്നും വമിക്കുന്ന ഗന്ധമെത്തും എന്നും ശരീരത്തിനുത്തമമാണെന്നും ആധുനികശാസ്ത്രം അരോമ തെറാപ്പിയിലൂടെ തെളിയിക്കുന്നു. സംഗീതത്തിന് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന സ്വാധീനം മഹത്തരമാണ് അതുപോലെയാണ് മന്ത്രധ്വനിയും. വിദേശങ്ങളില്‍ ഇത്തരം വിഷയപഠനങ്ങള്‍ സൈക്കോലിംഗിസ്റ്റിക്ക് ഇഫക്റ്റ്‌സ് എന്നും ന്യൂറോ ലിംഗിസ്റ്റിക് ഇഫക്റ്റ്‌സ് എന്നും അറിയപ്പെടുന്നു.
കാന്‍സര്‍ രോഗികളില്‍ സംഗീതത്തിനുളവാക്കുവാന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ക്ലീവ്‌ലാന്റ് യൂണിവേഴ്‌സിറ്റി (യുഎസ്എ)യിലെ സംഗീത പ്രൊഫസര്‍. ടി. ടെമ്പില്‍ ടട്‌ലര്‍ പറയുന്നത്: കാന്‍സര്‍ രോഗികളുടെ വേദന കുറക്കുന്നതിനുള്ള മരുന്നുകള്‍ 100 മിഗ്രാം പ്രതിദിനം ഉപയോഗിക്കേണ്ട സ്ഥാനത്ത് കൂടെ സംഗീത ചികിത്സയുമുണ്ടെങ്കില്‍ 20 മി. ഗ്രാം ഉപയോഗിച്ചാല്‍ മതിയാകുമത്രെ! മന്ത്രധ്വനിയുടെ നന്മകളെ ഏറ്റവുമധികം സ്വീകരിക്കുന്ന ജനസമൂഹം ന്യൂ ഓര്‍ളിയന്‍സ് (യുഎസ്എ)കാരാണെന്ന് തോന്നുന്നു. ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വഴിയിലെ തിരക്കില്‍ പെടുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ കുറയ്ക്കാന്‍, കാറില്‍ വേദശ്രുതിയോടുകൂടിയ ഗായന്ത്രി മന്ത്രവും, മൃത്യുഞ്ജയ മന്ത്രവും റെക്കാര്‍ഡ് ചെയ്ത കാസറ്റുകളുപയോഗിച്ച് വരുന്നുവത്രെ. ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുവാന്‍ ഇത് ഏറെ സഹായമാകുന്നുവെന്ന് ശാസ്ത്രമതം.
ക്ഷേത്ര ദർശനം ഭാരതീയ സംസ്കാരത്തിന്റെ നിത്യ ഭാഗമാകുന്നതു തന്നെ മാനവ സേവയ്ക്കാണ്.
മുനിക്കൽ ഗുഹാലയക്ഷേത്രം
തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപം പോലെയാണ് മലയുടെ മുകളിലുള്ള പാറ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഈ പാറയുടെ മുകളിലുള്ള സ്വയംഭൂ ആയി ഗണേശ ഭഗവാന്‍ , ഗുഹക്കകത്തോ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ച ബാലസുബ്രഹ്മണ്യൻ.
.
എറണാകുളത്തു നിന്നും ഏകദേശം 30 കി.മി. ദൂരത്തിൽ , ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറിയാണ് ചെങ്ങമനാട് ഗ്രാമം.ഏതാണ്ടു 100 അടി ഉയരത്തില്‍ ഉള്ള ഒരു വലിയ പാറയുടെ മുകളില്‍ ആണ് ശ്രീ മുനിക്കൽ ഗുഹാലായ ക്ഷേത്രം. ജംഗമൻ എന്ന മുനിയുടെ തപോവനമായിരുന്നു ഇവിടമെന്നും ‘ജംഗമനാട്’ ലോപിച്ചാണ് ചെങ്ങമനാടായതെന്നുമാണ് ഐതിഹ്യം. ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് ഉദ്ദേശ്യം നൂറുമീറ്റർ പടിഞ്ഞാറ് റോഡിനോട് ചേന്നാണ് മുനിക്കൽ ഗുഹാലയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ ആവാഹിച്ചിരിക്കുന്ന ബാലമുരുകനാണ് ഇവിടത്തെ പ്രതിഷ്ഠ.കൂടാതെ സ്വയംഭൂവായ ഗണപതിയും ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യത്തോടെ ധർമ്മശാസ്താവും സർപ്പചൈതന്യങ്ങളും ആരാധനാമൂർത്തികളായുണ്ട്. ക്ഷേത്രം കരിമ്പാറകളുടെ മുകളിലാണ് നിർമ്മിച്ചി രിക്കുന്നത്. പടിഞ്ഞാട്ട് ദർശനം. വർഷങ്ങൾക്ക് മുൻപ് നിബിഡവനമായിരുന്ന ഈ സ്ഥലത്താണ് ജംഗമൻ എന്ന ഒരു ഋഷിവര്യൻ തപസ് അനുഷ്ടിച്ചിരുന്നതെന്നാണ് പുരാണം. തപസ്സിന് തടസ്സം വരുത്തിയ കാട്ടാനകളെ മുനി ശപിച്ച് കല്ലാക്കിയെന്നും ഐതിഹ്യം. ഈ പാറകൾക്കുള്ളിൽ അഞ്ച് ഗുഹകളുണ്ട്.അതുകൊണ്ട് ‘ഗുഹാലയം’ എന്നും മുനി തപസ് ചെയ്ത സ്ഥലമായതുകൊണ്ട് മുനിക്കൽ ഗുഹാലയം എന്നും ഐതിഹ്യം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിശ്വകർമ്മ സമുദായത്തിൽപെട്ട കൊച്ചാപ്പുപണിക്കൻ എന്നയാളുടെ കൈവശമായിരുന്നു ഈ ക്ഷേത്ര സ്ഥലം. കൊച്ചാപ്പു പണിക്കൻ അവിവാഹിതനും ഭക്തനുമായിരുന്നു. ക്ഷേത്രസ്ഥലത്തിനു ചുറ്റും അന്ന് വിശ്വകർമ്മജർ കുടുംബമായി താമസിച്ചിരുന്നു.കൊച്ചാപ്പു പണിക്കന്റെ മേൽനോട്ടത്തിലും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ സാന്നിധ്യത്തിലും നിർദേശത്തിലും 1898 ൽ ബാലമുരുകനെ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് പഴമക്കാർ പറയുന്നത്. ആ സ്ഥലമാണ് ശ്രീബാലമുരുകന്റെ ശ്രീകോവിൽ ആയി സ്ഥിതിചെയ്യുന്നത്. ഗുഹന്‍ എന്നത് സുബ്രമണ്യ സ്വാമിയുടെ മറ്റൊരു നാമമാണ്,അതു കൊണ്ടു തന്നെ മുനിക്കല്‍ ഗുഹാലയം എന്ന പേരും അന്വര്‍ത്ഥമാണ് .കൊച്ചാപ്പു പണിക്കന്റെ കാലശേഷം വിശ്വകർമ്മ സമുദായ അംഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യനിദാനകർമ്മങ്ങൾ നടത്തിപ്പോന്നിരുന്നത്. അന്നത്തെ ക്ഷേത്ര നടത്തിപ്പുകാരായിരുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവർ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തകരായിരുന്നു. കാലക്രമേണ ക്ഷേത്രം ജീർണാവസ്ഥയിലായി. നിത്യനിദാന പൂജകൾക്കുള്ള വകകൾ ഇല്ലാതായതോടെ ക്ഷേത്രം ഹൈന്ദവ യൂണിയന്റെ കീഴിലാകുകയും ചെയ്തു. 1953 മുതൽ ഹൈന്ദവ യൂണിയന്റെ കീഴിലായി എന്നാണോർമ്മ. അന്ന് കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ പങ്കെടുത്ത നാട്ടുകാരുടെയും എ.ആർ. നാരായണൻ,എൻ.കെ. കൃഷ്ണൻ, കരുണാകര പിള്ള, കെ.സി. നാരായണൻ മാസ്റ്റർ, ഇ.കെ. കൃഷ്ണപിള്ള, കാഞ്ഞിരക്കാട്ട് കുഞ്ഞുകുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവരുടെയും മറ്റ് വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ഹൈന്ദവ സമുദായത്തിൽപ്പെട്ട ആളുകളുടെയും നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്ത് പ്രവർത്തിച്ചു തുടങ്ങി.അതിനുശേഷമാണ് ഈ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നത്. ശിവന്‍റെ പ്രതിഷ്ടയും ശ്രീ സുബ്രമണ്യന്‍റെ പ്രതിഷ്ടയും ഒരേ സ്ഥാനത്ത് വരുന്നു എന്നത് ഇവിടത്തെ ഒരു പ്രധാന പ്രത്യേകതയാണ്.മകര മാസത്തിലെ പൂയം ഇവിടത്തെ പ്രധാന വിശേഷ ദിവസമാണ്.അന്നേ ദിവസം ഇവിടത്തെ തിരുവുത്സവമായി ആചരിക്കപ്പെടുന്നു, എല്ലാ മാസവുമുള്ള ഷഷ്ടിയും ഷഷ്ടി ഊട്ടും ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ബാലമുരുകൻ പ്രധാന പൂജ ഏറ്റുവാങ്ങുന്ന മാസമാണ് തുലാമാസം .തുലാമാസത്തിൽ സ്ത്രീ ഭക്‌തർ ഒരാഴ്ചത്തെ വൃതശുദ്ധിയോടെ ഭഗവാനെ തൊഴുന്നുതു അതിവിശേഷമെന്നാണ് വിശ്വാസം.
ഗോപുര സമീപം ആല്‍,മാവ്,പ്ലാവ് ത്രയം കാണപ്പെടുന്നു.മാഞ്ഞാലി ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭാവിയില്‍ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായി വളരുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.ഈ ക്ഷേത്രം ‘കേരള പഴനി’ എന്ന പേരിലും അറിയപ്പെടുന്നു.
ഈ ക്ഷേത്രദർശനം എന്തുകൊണ്ടും വേറിട്ടൊരു അനുഭൂതിയേകും ,തീർച്ച.
ഉളിയന്നൂർ ശിവക്ഷേത്രം
വിവാഹം വേഗം നടക്കാനും, ഇഷ്ട കാര്യ ആഗ്രഹസാഫല്യത്തിനും ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രമത്രേ ശരണം.
പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവയിലുള്ള ഉളിയന്നൂർ ശിവക്ഷേത്രം.രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെ പരശുരാമനാൽ പ്രതിഷ്ഠിതമായ അതിപുരാതനമായ മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .അതാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം .ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലേയുള്ളതാണ്. പെരുന്തച്ചൻ നിർമിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ദേവി ഇവിടെ ഉപദേവതയാണ്.
കല്യാണം നടക്കാനായി ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച മുടങ്ങാതെ വന്ന് തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഈ നെയ്യ് രാവിലെ കുളിച്ചു വന്ന് ശുദ്ധിയോടെ ഭക്തി പുരസ്സരം സേവിക്കുന്നത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും അതി വിശേഷമാണ്. വരവിൽ കൂടുതൽ എന്നും ചിലവാകുമെന്നാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആയം - വ്യയം കണക്കിൽ വ്യയം അധികമായ അവസ്ഥയിലുള്ള ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് ഒരിക്കലും നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ ഈ പോരായ്മക്ക് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ഇത്തരം ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെ
വലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് തന്നെ പതിക്കത്തക്ക രീതിയിലാണ് ഓടുകൾ നിരത്തിയിരിക്കുന്നത്.
സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.ക്ഷേത്രം രാവിലെ അഞ്ചുമണിക്ക് തുറക്കും. പത്തിന് നട അടയ്ക്കും. വൈകിട്ട് അഞ്ചു മുതൽ 7.30 വരെ നട തുറന്നിരിക്കും. വളരെ വലിയ ബലിക്കല്ലാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. അതിനാൽ പുറത്ത് നിന്നാൽ ഭഗവാനെ കാണാൻ കഴിയില്ല. നാടൻ കാളയുടെ വലിപ്പത്തിലുള്ളതാണ്
നന്തിയുടെ പ്രതിമ. ടിപ്പുവിന്റെ ആക്രമണ സമയത്ത് നന്തി കാളയായി ചെന്ന് ആക്രമിച്ചെന്നും നന്തിയുടെ പ്രതിമയിലുള്ള മൂന്ന് പാടുകൾ അന്ന് വെട്ടുകൊണ്ട പാടുകൾ ആണ് ദേഹത്തുള്ളത് എന്നും വിശ്വാസമുണ്ട്.
പെരുന്തച്ചൻ നിർമ്മിച്ച ശ്രീകോവിലിൽ നിന്നും ഇറങ്ങുമ്പോൾ തല മുട്ടുമോ എന്ന് ശങ്കിച്ച് തല കുനിച്ചാൽ നിശ്ചയമായും ഉത്തരത്തിൽ തല
ഇടിക്കും. എന്നാൽ തല കുനിക്കാതെ നിവർന്ന് തന്നെ ഇറങ്ങിയാൽ തല മുട്ടുകയും ഇല്ല. എന്നതും പെരുന്തച്ചന്റെ ഒരു വിശിഷ്യ വാസ്തു വിദ്യയാണ്. പെരുന്തച്ചൻ നിർമ്മിച്ച പ്രസിദ്ധമായ പുരാതന ക്ഷേത്രകുളം ഇന്നില്ല. അത് റെയിൽവെ വന്നപ്പോൾ മൂടിപ്പോയി. ക്ഷേത്രത്തിന് മുന്നിലൂടെ ഇന്നൊഴുകുന്ന പെരിയാറിന്റെ കൈവഴി പെരുന്തച്ചന്റെ മകൻ നിർമ്മിച്ചതാണത്രേ. ക്ഷേത്രാവശ്യങ്ങൾക്കുള്ള കല്ലുവെട്ടി എടുത്ത സ്ഥലമാണ് നദിയായി വികസിച്ചത്. ആ കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ മതിൽ കെട്ട് നിർമ്മിച്ചിരിക്കുന്നതും.
ചിങ്ങത്തിലെ ഇല്ലം നിറ പുത്തരി, വിനായക ചതുർഥി, നവരാത്രി, വൃശ്ചിക അഷ്ടമി ധനുമാസത്തിലെ തിരുവാതിര മകരത്തിലെ തിരുവുത്സവം, കുംഭത്തിലെ ശിവരാത്രി മേടത്തിലെ വിഷു, പ്രതിഷ്ഠാദിനം (മിഥുനത്തിൽ) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ആയി ആഘോഷിക്കുന്നത്. മകരത്തിൽ ചതയം മുതൽ 10 ദിവസം ആണ് ഇവിടെ ഉത്സവം.
ആലുവ റയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്ററോളവും നെടുമ്പാശേരി എയർപോർട്ടിലേക്ക് 10 കിലോമീറ്ററും ആലുവ മണൽപ്പുറത്തേക്ക് രണ്ടര കിലോമീറ്ററുമാണ് ദൂരം . ഈ ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ട്രസ്റ്റി പ്രസിഡന്റ് പി എൻ ഡി നമ്പൂതിരിയാണ്. ക്ഷേത്ര ത്തിലെ തന്ത്രി
ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ്. മേൽശാന്തിയാകട്ടെ ജയപ്രകാശ് ആണ്. പെരുന്തച്ചൻ ഉളി എറിഞ്ഞ് മകനെ കൊന്നത് ഈ ക്ഷേത്രം നിർമിക്കുമ്പോൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
മാടത്തിലപ്പൻ
പരശുരാമൻ പ്രതിഷ്ഠിച്ച 105 ശിവാലയങ്ങളിൽ ഒന്നാണിത്. തഷ്ടം ശിവക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് . കേരളത്തിൽ ആകെ മൂന്ന് മാടത്തിലപ്പൻ പ്രതിഷ്ഠയാണ് ഉള്ളത് ഒന്ന് ഇവിടെയും രണ്ടാമത്തേത് തൃശൂരിൽ പെരുമനം ക്ഷേത്രവും മൂന്നാമത്തേത് കോഴിക്കോട് ചേളന്നൂരും ആണ് ഉള്ളത്
ഇവിടെ പന്ത്രണ്ടടി ഉയരത്തിലാണ് പ്രതിഷ്ഠ ശിവലിംഗം കുങ്കുമശിലയാണ്, ചുവപ്പ് കലർന്ന വെളുത്ത നിറമാണിതിന്. താഴെ നിന്നുവേണം തൊഴാൻ. ശ്രീകോവിലനോട് ചേർന്ന് സ്വയം ഭൂവായ ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം, മാടം എന്നത് ഏറ്
മാടം പോലെ ഉയർന്നത് എന്നാണ് അർഥം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാനായി ഗണപതിക്ക് കൂട്ടപ്പം നടത്തിയാൽ മതി. രാവിലെ 4.45 ന് ക്ഷേത്രം തുറക്കും പത്തുമണിക്ക് നട അടയ്ക്കും, വൈകിട്ട് അഞ്ചിന് നട തുറക്കും 7.30 ന് നട അടയ്ക്കും. ചിങ്ങമാസത്തിലെ വിനായക ചതുർഥി അതിവിശേഷമായി കൊണ്ടാടുന്നു. കള്ളന്മാർ കത്തിച്ച ഈ ക്ഷേത്രം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ക്ഷേത്രം ഭാരവാഹികൾ. കുട്ടികളില്ലാതിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ തനിക്ക് ഉണ്ണി പിറന്നാൽ ഇവിടെ ഗണപതിക്ക് അപ്പം കൊണ്ട് മൂടാം എന്ന് നേർന്നുവത്രേ. എന്നാൽ എത്ര അപ്പം ഇട്ടിട്ടും ഗണപതിയുടെ തല പുറത്തു തന്നെ നിന്നു. ഈ സമയം ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഒരു ജ്യോത്സ്യൻ പറഞ്ഞു ചെറിയ വിഗ്രഹം ആയതിനാൽ കുറച്ചപ്പം മതി എന്ന് കരുതിയത് കൊണ്ടല്ലേ അപ്പം മൂടൽ നേർന്നത്? ഭഗവാനെ കൊച്ചാക്കി കണ്ടത് കൊണ്ടാണ് ഭഗവാനും പരീക്ഷണത്തിന് മുതിർന്നത്. ക്ഷമ പറഞ്ഞ് ഒരു ഒറ്റയപ്പം ഇടാൻ ജ്യോത്സ്യൻ നിർദേശിച്ചു. അതിനു ശേഷമാണ് ശിരസും മൂടാനായത്. സന്താന ഭാഗ്യത്തിന് ഇന്നും ഇവിടെ ആളുകൾ അപ്പം മൂടൽ വഴിപാടായി നടത്തുകയും നേരുകയും ചെയ്യുന്നു. ഭഗവത് കടാക്ഷത്തോടൊപ്പം
ഈ ക്ഷേത്രങ്ങൾ കേരളിയ പുരാതന ക്ഷേത്രകലയുടെ സ്മരണകളുയർത്തും ഈ ക്ഷേത്ര ദർശനം.
ഹൈന്ദവ പ്രശ്നോത്തരി
അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? | ഉലൂപി |
ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? | നാഗദൈവങ്ങളെ |
സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? | ചിത്രകൂടക്കല്ല് |
ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്? | ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം |
ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത്? | സ്യമന്തകം |
ദ്രോണര്‍ ആരുടെ പുത്രനാണ്? | ഭരദ്വാജ മഹര്‍ഷിയുടെ. |
ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത്? | സൂര്യന് |
വ്യാസന്റെ മാതാവ് ആരു? | സത്യവതി |
ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്? | പുരോചനന്‍ |
നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്? | സരസ്വതി |
ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം? | നാഗപഞ്ചമി |
ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്? | വാസുകിയെ |
ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്? | നാഗപ്പത്തി വിളക്ക് |
കൃഷ്ണദ്വൈപായനന്‍ ആര്? ആ പേര് എങ്ങനെ കിട്ടി? | വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി |
ചതുര്‍ദന്തന്‍ ആര്? | ഐരാവതം – ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍ |
ഹാലാഹലം എന്ത്? എവിടെനിന്നുണ്ടായി? | |
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി. പുരാരി ആരാണ്? ആ പേര് എങ്ങനെ കിട്ടി? | ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ |
പുരാണങ്ങള്‍ എത്ര? ഏതെല്ലാം? | പുരാണങ്ങള്‍ പതിനെട്ട് - ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാര്‍ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവര്‍ത്ത, ലിംഗ, വരാഹ, സ്കന്ദ, വാമന, കൂര്‍മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണങ്ങള്‍ |
വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം? | പരാശരനും സത്യവതിയും |
പഞ്ചമവേദം എന്ന് പറയുന്നത് ഏത്? | മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ |
പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ്? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട്? | അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ |
യുഗങ്ങള്‍ എത്ര? . ഏതെല്ലാം? | യുഗങ്ങള്‍ നാല് – കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം |
ശ്രീകൃഷ്ണന്റെ ഗുരു ആരാണ്? | സാന്ദീപനി മഹര്‍ഷി |
നാരായണീയത്തിന്റെ കര്‍ത്താവ് ആര്? | മേല്‍പത്തൂര്‍ നാരായണഭട്ടതിരി |
എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്? | 34 |
ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്? | ഭഗവദ്ഗീത |
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത്? | സ്ഥാപത്യശാസ്ത്രം |
സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത്? | മണിപുഷ്പകം |
കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം? | വേദങ്ങൾ |
ക്ഷേത്രത്തിലെ ഉത്സവത്തിന് കോടി കയറുമ്പോൾ മാവിലയോടു കൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്? | ആലില |
വജ്രായുധം നിർമ്മിച്ചത് ആരാണ്? | വിശ്വകർമ്മാവ് |
ഭരതന്റെ പുത്രന്മാർ ആരെല്ലാം? | തക്ഷകൻ , പുഷ്കലൻ |
തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം? | തേൻ , കദളി , കൽക്കണ്ടം |
തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്? | രാജരാജ ചോളൻ ഒന്നാമൻ |
സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകളുള്ള ക്ഷേത്രമേത്? | മധുര മീനാക്ഷി ക്ഷേത്രം |
നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു? | സരസ്വതി |
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പൂർണ്ണാവതാരം ഏതാണ്? | ശ്രീകൃഷ്ണൻ |
പഞ്ചബാണാരി ആരാണ്? | പരമശിവൻ |
കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത്? | തിരുപ്പതി |
ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? | മഹാവ്യാധി |
ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നഗങ്ങളിൽ ഏത് പേരിലറിയപ്പെടുന്നു? | ശേഷൻ |
ബുദ്ധിയുടെ വൃക്ഷമേത്? | അരയാൽ |
ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി? | ലക്ഷ്മി ദേവി |
മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു? | അനല |
ഗീതയുടെ പൊരുൾ
കര്‍മ്മത്തിന്‍റെ ഗതി ഗുഹ്യമാണ്
ഭൂമിയില്‍ ഒരാളെ പോലെ വേറൊരാളില്ലെന്ന് നമുക്കറിയാം. സ്വഭാവവും സംസ്കാരവും ചുറ്റുപാടുകളും ജന്മവും കര്‍മ്മവും കര്‍മ്മഫലവും എല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു. വൃക്ഷത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ ബീജത്തിലും വ്യത്യാസമുണ്ടായിരിക്കും. അപ്പോള്‍ ഈ വ്യത്യാസം അനാദിയാണൊ.... ?
അതേ അനാദിസ്വരൂപത്തില്‍ അനേകകോടി ആത്മാക്കളും, പരമാത്മാവും അതിസൂക്ഷ്മ പ്രകാശ ബിന്ദുക്കളായി പരംധാമത്തില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. അവിടെ യാതൊരു വ്യത്യാസവുമില്ല. പിന്നെ വ്യത്യാസം വന്നതൊ ....!?
എത്ര മനുഷ്യരുണ്ടോ അത്രയും സ്വഭാവ - സംസ്കാരങ്ങളുമുണ്ട്. ഏകമായ ബ്രഹ്മം അനേക സ്വഭാവ സംസ്കാരമുള്ളവരായി മാറിയതാണൊ ....?
എങ്കില്‍ എന്തിന് ? അതിനു പുറകിലുള്ള കാരണം എന്താണ് ? ഭഗവാന്‍ പറയുന്നു ബ്രഹ്മം മാറിയിട്ടില്ല , മാറുകയുമില്ല....
ബ്രഹ്മം തത്വമാണ് , അത് ആത്മാക്കളുടെ വീടാണ്. അത് പരാപ്രകൃതിയാണ്. അനേകകോടി ആത്മാക്കള്‍ അനാദിയായി ബ്രഹ്മതത്വത്തില്‍ പ്രകാശിക്കുന്നുണ്ട്. അവിടെ നിന്നാണ് ആത്മാക്കള്‍ പൂര്‍വ്വ നിശ്ചിതമായ നാടകത്തിലെ ഭാഗം അനുസരിച്ച് അതിന്‍റെ നിശ്ചിത സമയത്ത് കര്‍മ്മ ക്ഷേത്രത്തിലേക്ക് വരുന്നത് . ഓരോ ആത്മാവിലും അനാദിയായിത്തന്നെ ഈ പ്രപഞ്ചനാടകത്തില്‍ അഭിനയിക്കേണ്ട ഒരു അവിനാശിയായ ഭാഗം കുറിച്ചിട്ടുണ്ട്. കര്‍മ്മക്ഷേത്രത്തില്‍ നടക്കുന്ന വിശാല നാടകത്തില്‍ സമയമാകുമ്പോള്‍ ഈ ആത്മാവ് ആദ്യമായി അമ്മയുടെ ഗര്‍ഭത്തില്‍ പ്രവേശിക്കുന്നു....
അവിടംമുതല്‍ അതിന്‍റെ ജന്മ - കര്‍മ്മചക്രം ആരംഭിക്കുകയാണ്. കൃഷ്ണന്‍റെയും ബുദ്ധന്‍റേയും ക്രിസ്തുവിന്‍റെയും ആത്മാക്കള്‍ പരംധാമില്‍ ഇരിക്കുമ്പോള്‍ ഒരുപോലെയാണ് , എന്നാല്‍ ഒന്നല്ല.... കൃഷ്ണന്‍റെ ആത്മാവില്‍ കൃഷ്ണനായി അഭിനയിക്കേണ്ട ഭാഗവും ബുദ്ധന്‍റെ ആത്മാവില്‍ ഭാരതത്തില്‍ ശുദ്ധോധനരാജാവിന്‍റെ പുത്രനായി ജനിച്ച് ബുദ്ധനായി അഭിനയിക്കാനുള്ള ഭാഗവും ക്രിസ്തുവിന്‍റെ ആത്മാവില്‍ ജറുസലേമില്‍ മറിയയുടെ പുത്രനായി ജനിച്ച് ക്രിസ്തുവായി അഭിനയിക്കാനുള്ള ഭാഗവും അനാദിയായി അടങ്ങിയിരിക്കുന്നു.
അപ്രകാരം ഓരോ ആത്മാവിലും അനാദിയായി അഭിനയിക്കേണ്ട ഭാഗമുണ്ട്. ആ നിശ്ചയിക്കപ്പെട്ട കര്‍മ്മം ആര്‍ക്കും ചെയ്യാതിരിക്കാന്‍ പറ്റില്ല . അതിനാലാണ് ഗീത പറയുന്നത് ''അര്‍ജ്ജുന! ജ്ഞാനികള്‍ പോലും അവരുടെ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു, അതിനെ അമര്‍ത്തിവച്ചിട്ടെന്ത് കാര്യം '' (ഗീത 3 ; 33 ) അര്‍ജ്ജുന! നിന്‍റെ സ്വഭാവത്തില്‍ നിന്നുളവായ സ്വ കര്‍മ്മത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ ഗത്യന്തരമില്ലാതെ നിന്‍റെ കര്‍മ്മം ചെയ്യേണ്ടിവരും (ഗീത 18 ; 60 )
യന്ത്രത്തില്‍ ഏറപ്പെട്ടവയെന്ന പോലെ എല്ലാ ജീവജാലങ്ങളും മായാശക്തിയാല്‍ ഭ്രമണം ചെയ്യപ്പെട്ടിരിക്കുകയാണ്.'' (ഗീത 18 ; 61 )
ആത്മ വൃക്ഷത്തിന്‍റെ ബീജമായിരിക്കുന്ന പരമാത്മാവിലും ഇപ്രകാരം നിശ്ചിതമായ ഒരു ഭാഗം ഉണ്ട്. അത് പരമമാണ്, ദിവ്യമാണ് -
കല്‍പ്പാവസാനം ദിവ്യജന്മം സ്വീകരിച്ച് , പതീത ലോകത്തെ പരിവർത്ഥനപ്പെടുത്തി , പാവനലോകത്തെ സ്ഥാപിക്കുക !
കല്‍പ്പാവസാനം ധര്‍മ്മത്തിന് അതിഗ്ളാനി സംഭവിക്കുമ്പോള്‍ ഭഗവാനും അവതരിക്കാതിരിക്കാനോ തന്‍റെ ഭാഗം ചെയ്യാതിരിക്കാനോ പറ്റില്ല .
നിരാകാരി , നിര്‍വികാരി , നിരഹങ്കാരി - ഇതാണ് ഈശ്വരന്‍റെ ഏറ്റവും വലിയ ഗുണവാചകം. ജ്ഞാനിയുടെ ലക്ഷ്യവും ഇതുതന്നെയാണ്.
ഇല്ലാതിരുന്ന ലോകം ഒരു ദിവസം ഈശ്വരന്‍ ഉണ്ടാക്കിയതാണെങ്കില്‍ ഈ ലോകത്തിലെ എല്ലാ പാപങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഉത്തരവാദി ഈശ്വരന്‍ ആയിരിക്കും ''ഈശ്വരന്‍ ലോകത്തിന് കര്‍തൃത്ത്വത്തേയൊ കര്‍മ്മത്തേയൊ സൃഷ്ടിക്കുന്നില്ല. കര്‍മ്മഫലത്തോട് ബന്ധിക്കുന്നുമില്ല , പ്രകൃതിയാണ് എല്ലാം ചെയ്യുന്നത്.
പരമാത്മാവ് ആരുടേയും പാപത്തേയും എടുക്കുന്നില്ല , പുണ്യത്തേയും എടുക്കുന്നില്ല. അജ്ഞാനത്താല്‍ ജ്ഞാനം മറക്കപ്പെട്ട മനുഷ്യര്‍ മോഹിതരായിരിക്കുന്നു. (ഗീത 5 ; 14 . 15 ) ''
ഉള്ള കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയിട്ട് കുഴപ്പം പരിഹരിക്കാന്‍ വന്നാല്‍ അയാളെക്കാളും വലിയ ഒരു കുഴപ്പക്കാരന്‍ വേറെയുണ്ടോ ...?! ഈ ജ്ഞാനം , ഉള്ളവര്‍ ഒരുകാര്യത്തിലും ഈശ്വരനെ കുറ്റപ്പെടുത്തില്ല...!!
പൂര്‍വ്വനിശ്ചിതമായതുകൊണ്ട് മാത്രമാണ് ഭാവി പ്രവചിക്കാനും പറ്റുന്നത്. ''ഈ പടയാളികളെല്ലാം എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് , നീ കേവലം നിമിത്തമായാല്‍ മാത്രം മതി '' എന്ന ഉറപ്പ് ഭഗവാന്‍ നല്‍കുന്നതും അതുകൊണ്ടാണ്. (ഗീത 11 ; 33 . 34 )
ഇത്രയും അധര്‍മ്മം നിറഞ്ഞിരിക്കുന്ന ലോകം പരിവര്‍ത്തനപ്പെട്ട് സത്യയുഗം വരുമോയെന്ന് പലര്‍ക്കും സംശയം ഉണ്ടാകാം. വരും, എന്തുകൊണ്ടെന്നാല്‍ അത് പൂര്‍വ്വ നിശ്ചിതമാണ്
ഓടക്കുഴല്‍
ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്.
ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.
ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട് തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു, ഇണ ചേരുന്നു. ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും
ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും?
ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.
ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്.
“നവദ്വാരേ പുരേ ദേഹി”
അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു.
ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട് വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍.
അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.
ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍?
പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം
ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ
ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക.
പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക.
അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം.
ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ് അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്.
മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്;അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല
“ഹേ കുന്തീപുത്രാ
നീ എന്ത് ചെയ്യുന്നുവോ
എന്ത് ഭക്ഷിക്കുന്നുവോ
എന്ത് ഹോമിക്കുന്നുവോ എന്ത് കൊടുക്കുന്നുവോ എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ
അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി ശ്രദ്ധയോട് കൂടി ചെയ്യുക ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും”
ഭഗവദ് ഗീത പഠിച്ചാൽ എന്ത് ഗുണം?
1. ഗീത പഠിച്ചാൽ എന്ത് ഗുണമുണ്ടാകുമെന്നാണ് ഗീതാമാഹാത്മ്യം പറയുന്നത് ?
ദേഹത്തിലെ അഴുക്കുപോകാൻ ദിവസവും ശുദ്ധജലത്തിൽ കുളിക്കുന്നു. ഒരിക്കൽ ഗീതയാകുന്ന പവിത്രജലത്തിൽ കുളിച്ചാൽ ,ശ്രദ്ധിച്ചു പഠിച്ചാൽ , സംസാരജീവിതം മൂലമുണ്ടാകുന്ന പപമാകുന്ന അഴുക്കിൽ നിന്നും മുക്തി കിട്ടും
2 . ഗീതാമാഹാത്മ്യത്തെ കുറിച്ച് വിഷ്ണുഭഗവാൻ ഭൂമി ദേവിയോട് പറഞ്ഞിട്ടുള്ളതിൽ പ്രാധാന്യം ഏതിനാണ് ?
ഞാൻ ഗീതയെ ആശ്രയിച്ചാണ് നിലനിൽ ക്കുന്നത്. ഗീതയാണ് എന്റെ ശ്രേഷ്ടമായ ആലയം .ഗീതയിലെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ മൂന്നു ലോകവും പാലിക്കുന്നത് .
3 . ക്ഷത്രിയ ധർമ്മം എന്താണെന്നാണ് ഭഗവാൻ പറയുന്നത് ?
ക്ഷത്രിയന് യുദ്ധത്തേക്കാൾ ശ്രേഷ്ടമായ ധർമ്മം മറ്റൊന്നില്ല .ധർമ്മയുദ്ധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയർ സുഖികളായി തീരും. ക്ഷത്രിയൻ യുദ്ധത്തിൽ നിന്നും പിന്തിരിയാൻ പാടില്ല .
4 . ഒരുവന് മരണത്തിലും മോശമായിട്ടുള്ളത് ഏതാണ് ?
ആദരിച്ചു ബഹുമാനിച്ചു പുകഴ്ത്തിയിരുന്ന ആളുകൾ പിന്നീട് നിന്ദിക്കുന്നതാണ് മരണത്തിലും ദുഖകരം !
5 . കർമ്മത്തെ കുറിച്ച് ഗീതയിൽ എന്ത് പറയുന്നു ?
ഒരുവൻ ഒരു നിമിഷം പോലും കർമ്മം ചെയ്യതിരിക്കുന്നില്ല . പ്രകൃതി സിദ്ധാമായിട്ടുള്ള രാഗദ്വെഷാദികൾക്ക് വഴങ്ങി മനുഷ്യൻ കർമ്മം ചെയ്തുകൊണ്ടേയിരിക്കും . ഞാനൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നവൻ മൂഢനാണ്. എന്തെങ്ങിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത് .ശരീരം നിലനിൽ ക്കണമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തെ പറ്റൂ. അതിനാൽ നിശ്ചയമായും കർമ്മം അനുഷ്ടിക്കണം .
6 .ദൃഢബുദ്ധിയുടെ ലക്ഷണം എന്താണ് ?
ആമ കൈകാലുകളും തലയും പിൻവലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയ വാസനകളിൽ നിന്നും പിൻവലിക്കുന്നവൻറെ ബുദ്ധിയാണ് ദൃഢമായിട്ടുള്ളത്.
7 .ഒരുവന്റെ നാശത്തിനുള്ള കാരണം എന്ത് ?
ദർശന സ്പർശന ആദികളായ വിഷയങ്ങളെ നിരൂപിച്ചു കൊണ്ടിരിക്കുന്നവന് അത് ലഭിക്കണമെന്ന് ആശയുണ്ടാകും . അത് സാധിക്കാതെ വരുമ്പോൾ കൊപമുണ്ടാകും . കോപം വർധിച്ചാൽ ബുദ്ധി നേരെ അല്ലാതാവും . അപ്പോൾ സകലതും നശിക്കും .
8 . ആരാണ് ശാന്തിയെ പ്രാപിക്കുന്നത് ?
സകല ആഗ്രഹങ്ങളും വെടിഞ്ഞു ഒന്നിനോടും താൽപര്യമില്ലാതെ അഹങ്കാരലേശമന്യേ തന്റെതെന്ന ചിന്ത അല്പം പോലുമില്ലാതെ ജീവിക്കുന്നവൻ ശാന്തിയെ പ്രാപിക്കുന്നു .
9 . ലോകത്തിൽ രണ്ടു നിഷ്ഠകൾ ഉണ്ടെന്നു പറയുന്നു . അവ ഇതെല്ലാം ആണ്?
സംഖ്യന്മാർക്ക് ജ്ഞാനയോഗവും യോഗികൾക്ക് കർമ്മയോഗവും ആണ് ഭഗവാൻ നേരത്തെ പറഞ്ഞിട്ടുള്ള രണ്ടു നിഷ്ഠകൾ.
10 . ഈ ലോകം എങ്ങിനെ ആണ് നിലകൊള്ളുന്നത് ?
കർമ്മവുമായി ബന്ധിച്ചാണ് ലോകം നിലകൊള്ളുന്നത് .
11 . ജീവജാലങ്ങൾ ഉണ്ടാകുന്നത് എവിടെ നിന്നാണ് ?
ആഹാരത്തിൽനിന്ന്
12 .ആഹാരം എവിടെ നിന്നുണ്ടാകുന്നു ?
മേഘത്തിൽ (മഴ ) നിന്ന്
13 . മേഘം എങ്ങിനെ ഉണ്ടാകുന്നു ?
യജ്ഞത്തിൽ നിന്ന്
14 .യജ്ഞം എങ്ങിനെ ഉണ്ടാവുന്നു ?
കർമ്മത്തിൽ നിന്ന്
15 .കർമം എവിടെ നിന്ന് ഉദ്ഭവിക്കുന്നു ?
ബ്രഹ്മത്തിൽ നിന്ന്
16 .ബ്രഹ്മം എവിടെ നിന്നുണ്ടാവുന്നു?
അക്ഷരത്തിൽ നിന്ന്
17 . എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ശാശ്വതമായ ബ്രഹ്മം എന്തിലാണ് ഉറച്ചിരിക്കുന്നത് ?
യജ്ഞത്തിൽ
18 . ഞാൻ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കരുതുന്നവർ ആരാണ് ?
അഹങ്കാരം കൊണ്ട് ബുദ്ധി വൈകല്യം സംഭവിച്ചവർ ഇതെല്ലാം ഞാൻ ആണ് ചെയ്യുന്നത് , ഞാൻ ഇല്ലെങ്ങിൽ -ഇല്ലായിരുന്നെങ്ങിൽ ഇതെല്ലാം നശിക്കുമാരുന്നു എന്ന് അഹങ്കരിക്കും .
19 .ഈശ്വരാനുഗ്രഹം എങ്ങിനെ ആണ് ലഭിക്കുന്നത് ?
ആര് , ഏതു രൂപത്തിൽ ഈശ്വരനെ ഭജിക്കുന്നുവോ അതിനു അനുരൂപമായ ഫലം ഈശ്വരൻ നൽകുന്നു .
20 . ചാതുർ വർണ്യത്തെ -നാല് ജാതികളെപ്പറ്റി ഗീതയിൽ എന്താണ് പറയുന്നത് ?
നാല് ജാതികളും ഭഗവാൻ തന്നെ ആണ് സൃഷ്ടിച്ചത് . അവരിലെ ഗുണത്തെയും , കർമങ്ങളെയും അടിസ്ഥാനമാക്കിയാണത് . (ഇതാണ് ഭഗവാൻ ഗീതയിൽ പറയുന്നത് .ജാതി ജനനത്തെ അടിസ്ഥാനമാക്കിയല്ലെന്നു അറിയാൻ ഇതിലധികം എന്താണ് വേണ്ടത് ).
കര്‍മ്മവും കര്‍മ്മ ഫലവും
എന്താണ് കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ 1 വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്.
നമ്മുടെ സംസ്കാര മണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ് കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ് അഥവ മുദ്രകളാണ് കര്‍മ്മം.
ദുഷ് കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ് കര്‍മ്മങ്ങള്‍ കൊണ്ട് സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു.
പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മ്മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.
പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനടിസ്ഥാനം.
വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന് നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു.
തന്മൂലം നമുക്ക് രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു.
ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ.
ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ.
ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.
കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. ‘നിങ്ങള്‍ വിതക്കുന്നത് നിങ്ങള്‍ കൊയ്യും.
നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല” എന്ന് ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച് പറയുന്നു.
പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച് ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന് സംസ്കാരം സൃഷ്‌ടിക്കപ്പെടുന്നു.
പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന് പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു.
അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്.
1.പ്രതിക്രിയ,
2.അകര്‍മ്മം
അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്.
ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട് ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്.
ഈശ്വരന്റെ ഓർമയിലൂടെ ചെയ്യുന്ന ഒരോ പുണ്യ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധനങ്ങളേയും ഇല്ലാതാക്കുന്നു.
ആത്മപരമാത്മ ജ്ഞാനം കൊണ്ടും കർമ്മ രഹസ്യങ്ങളുടെ ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ദുഷ്കർമ്മങ്ങളിൽ നിന്ന് സത്കർമ്മങ്ങളിലേക്ക് പരിവർത്തന പെടുത്താം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന് സ്വതന്ത്രരാകാം.
കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്.
പ്രാരാബ്‌ധ കര്‍മ്മം, സഞ്ചിത കര്‍മ്മം, ആഗാമി കര്‍മ്മം.
പ്രാരാബ്‌ധ കര്‍മ്മം:
തുടങ്ങിവെച്ചത് അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അര്‍ത്ഥം.
ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന് അര്‍ത്ഥം.
എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ അജ്ഞാനം കൊണ്ട് നാം അനുഭവിച്ചു തീര്‍ക്കണം എന്ന് സാരം.
ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതനാണ്.
നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക് അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച് നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട് പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ് എന്ന് പറയപ്പെടുന്നു.
സഞ്ചിത കര്‍മ്മം:
ശേഖരിക്കപ്പെട്ടത് അഥവ കൂട്ടി വെക്കപ്പെട്ടത് എന്നര്‍ത്ഥം.
കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന് ഈ ജന്മത്തിലേക്ക് കൊണ്ടു വരപ്പെട്ടത് എന്നര്‍ത്ഥം.
ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു.
വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ് നമ്മുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്നത്.
ഈ സ്വഭാവമാണ് നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്.
മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ സ്നേഹമോ മറ്റോ അനുഭവപ്പെടുന്നത് ഈ ഒരു ഓര്‍മ്മയിലൂടെയാണ്.
എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ അവയെ നമുക്ക് ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ് പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശ്യമായി വരുന്നത്.
ആഗാമി കര്‍മ്മം:
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത് എന്നാണ് സാരം.
ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ് ആഗാമി കര്‍മ്മം.
പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നത് ഇതിന് ഉദാഹരണമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.
ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത് നിങ്ങളെ ശല്യപ്പെടുത്തുകയില്ല.
ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ് പരിണമിക്കുന്നത്.
ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്.
നിശ്ചിതമാണ്. അനന്തമല്ല. അതിന് ഉദാഹരണങ്ങളാണ് ജയില്‍ ശിക്ഷകള.
ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്.
കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്.
അതാണ് ആത്മാ പരമാത്മാവിന്റേയും പ്രകൃതിയുടേ ആദി മധ്യ അന്ത്യ ത്തിന്റെയും ജ്ഞാനം.
പുനര്‍ജന്മത്തിന് പ്രേരകമാണ് കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത് അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക
പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക് കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക് സ്വാതന്ത്ര്യം തരുന്നു.
ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക് പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് ആ പിരിഡ് മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന് എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത് പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്.
കര്‍മ്മം എന്നത് വളരെ അനന്തമാണ്.
1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ് ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.
2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.
3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന് മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്