Sunday 9 February 2020

പുനർജന്മം സത്യമാണ്

അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്. ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും.

ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന സ്ഥൂല ശരീരം നശിച്ചു പോകുന്നതാണ്. ശരീരത്തിൽ നിന്ന് ശിവം എന്ന മംഗള സ്വരൂപം പോയാൽ പിന്നെ അവശേഷിക്കുന്നത് ശവം മാത്രം.

ഒരിക്കലും മാറ്റമില്ലാതെ നിലനിൽക്കുന്നതിനെയാണ് സത്യം എന്ന് പറയുന്നത്. ഒരിക്കലും മാറ്റമില്ലാതെ നില നിൽക്കുന്ന ബ്രഹ്മം തന്നെയാണ് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ്.

സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു. ആനന്ദം തന്നെയാണ് അനന്തം. നമ്മൾ സന്തോഷിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. സത് ചിത് ആനന്ദ എന്നും പറയും. ചിത്തം എന്നാൽ ബോധം അല്ലെങ്കിൽ ബ്രഹ്മ ജ്ഞാനം. സത്യം എന്നാൽ ഒരിക്കലും മാറ്റമില്ലാത്തതു എന്നർത്ഥം. അസതോമ സത് ഗമയ എന്ന് പറയുമ്പോൾ എപ്പോഴും മാറുന്ന വ്യാവഹാരിക പ്രപഞ്ചത്തിൽ നിന്ന് ഒരിക്കലും മാറ്റമില്ലാത്ത ബ്രഹ്മത്തിലേക്ക് നയിക്കണേ എന്നാണു. തമസോമാ ജ്യോതിർഗമയ എന്ന് പറഞ്ഞാൽ അജ്ഞാനത്തിൽ നിന്ന് ബ്രഹ്മജ്ഞാനത്തിലേക്കു എന്നാണു.

സത്യം മൂന്നു വിധമായി കാണപ്പെടുന്നു -
1. വ്യാവഹാരിക സത്യം?
2. പ്രാതിഭാസിക സത്യം
3. പാരമാര്‍ത്ഥിക സത്യം (പരമം)

ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. ജഗത് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്. സത്ത് പോയി എന്ന് പറയുന്നത് സത് വസ്‌തുവായ ബ്രഹ്മം ശരീരത്തിൽ നിന്ന് പിരിഞ്ഞു എന്ന് ആണ്.

വേദങ്ങളിലെ പരസ്പര പൂരകങ്ങളായ 4 മഹാവാക്യങ്ങൾ ഇത് തന്നെയാണ് പറയുന്നതും.

ജ്ഞാനാഗ്നി സർവ്വകർമ്മാണി ഭസ്മാൽ കുരുതേ

പരമമായ ജ്ഞാനത്താൽ കർമ്മബീജം ഇല്ലാതകുന്നു. ഈ ജ്ഞാനമാകട്ടെ തപസ്സിലൂടെയും സ്വാധ്യായത്തിലൂടെയും നേടിയേടുക്കേണ്ടതാണ്. കലിയുഗത്തിൽ തപസ്സ് എന്നത് നാമജപവും മന്ത്രജപവും തന്നെയാകുന്നു.
കേവലഭക്തിയുള്ളവർ നാമജപത്തിലൂടെയും ഗുരുപദേശം ലഭിച്ച സാധകൻ മന്ത്രജപത്തിലൂടെയും തന്നെയാണ് ജ്ഞാനം നേടേണ്ടത്. സ്വാധ്യായം എന്നാൽ വേദപഠനം തന്നെയാകുന്നു. വേദങ്ങളോ വേദാംഗ വേദതത്വം ഉൾക്കൊള്ളുന്ന മറ്റുങ്ങളോ ഗ്രന്ഥങ്ങളോ ദിവസേന വയിച്ചാൽ അതിലൂടെ ജ്ഞാനം ഉദിക്കുവാനുള്ള ചിത്തസംസ്ക്കാരം കൈവരിക്കുന്നു.
പരമമായ ജ്ഞാനം ലഭിച്ചാൽ മാത്രമേ കർമ്മബീജത്തെ ഇല്ലായമചെയ്യാൻ സാധിക്കുകയുള്ളൂ. നിർമ്മലമായ ജലാശയത്തിൽ സൂര്യമണ്ഡലം പ്രതിബിംബിക്കുന്നതുപോലെ സ്വാദ്ധ്യായം കൊണ്ട് മനോനൈർമല്യം സംഭവിച്ചാൽ അവിടെ ജ്ഞാനദീപം പ്രത്യക്ഷപ്പെടുന്നു.

'ന അവഗത ബ്രഹ്മാത്മഭാവ സ്യ യഥാപൂർവം സംസാരിത്വം' (ഭാഷ്യം). 'ഞാൻ ആത്മാവാണ് ' എന്ന ജ്ഞാനം തന്നെയാണ് സന്ന്യാസം. സർവോപാധി വിമുക്തന് താൻ ഗൃഹസ്ഥൻ എന്നോ സന്ന്യാസിയെന്നോ അഭിമാനമില്ല. 'സദൈവാഹം ബ്രഹ്മാസ് മീത്യേ വാനുഭവ: '- 'എപ്പോഴും 'ഞാൻ ബ്രഹ്മം' എന്നു മാത്രമാണ് അനുഭവം '.  

അവൻ 'ശുകവർത്മാ ' വിമുക്തനാണ്. ( പക്ഷികൾ വഴിയില്ലാത്ത ആകാശത്തിൽ പറക്കുന്നതാണ് 'ശുകവർ ത്മാ ' . അതുപോലെ അറിയപ്പെട്ട സമ്പ്രദായത്തിലല്ലാതെ സഞ്ചരിച്ച് മുക്തി നേടുന്നതും ശാസ്ത്രത്തിന് ഇഷ്ടം തന്നെ . മുക്തിയാണല്ലോ വേണ്ടത്! ആശ്രമ മോ വർണ മോ മുഖ്യമല്ലല്ലോ.) വാസ്തവത്തിൽ വർണാശ്രമങ്ങൾക്കതീതനായ മുക്തനെ സന്ന്യാസം എന്ന ആശ്രമത്തിൽപ്പെടുത്തുന്നതും പ്രഹാസ്യം തന്നെ . ഇങ്ങനെയെല്ലാമുള്ള വിചാരധാരകൾ ശങ്കരനിൽ തെളിഞ്ഞും മറഞ്ഞും ഓടിയിരുന്നു. (ഇതിന്റെ പ്രകാശം നമുക്ക് ഐതരോ - ബൃഹദാരണ്യ കാ ദി ഉപനിഷത്തുക്കളുടെ ഭാഷ്യങ്ങളിൽ കാണാം.)

ഇത്തരം സന്ന്യാസത്തിനെയാണ് ശങ്കരൻ കൊതിച്ചത്. അല്ലാതെ വേഷധാരികളും മിഥ്യാ ചാരികളുമായ അഭിമാന മാത്ര ഭിക്ഷുക്കളുടേതല്ല. അത്തരംഭിക്ഷുക്കൾ അന്നും ധാരാളമുണ്ടായിരുന്നതായി ഭജഗോവിന്ദത്തിലെ 'ജടിലോ മുണ്ഡീ ലുഞ്ചിത കേശ: കാഷായം ബര ബഹുകൃതവേഷ: ' എന്ന വരികൾ സൂചിപ്പിക്കുന്നുണ്ടല്ലോ! 'യദ ഹരേവ വിര ജേത് തദ ഹരേവ പ്രവ്ര ജേത് ' - 'എപ്പോഴാണോ പൂർണ്ണ വൈരാഗ്യം ഉണ്ടാകുന്നത് ആ ദിനം പ്രവ്ര ജനം ചെയ്യണം' എന്നാണ് ഋഷികൾ ചൊല്ലുന്നത്. ശ്രീ ശങ്കരന്റെ വൈരാഗ്യമാവട്ടെ , വിവേകം കൊണ്ടും വാസനാ രാ ഹിത്യം കൊണ്ടും ഇന്ദ്രിയനിഗ്രഹം കൊണ്ടും ഭക്തി കൊണ്ടും സർവതോ ഭദ്രമായിരുന്നു. (ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

ആത്മാവ്, ജീവന്‍, പുനര്‍ജന്മം

ഞാന്‍ ആരാണ്? ഞാന്‍ ജനിക്കുന്നതിന് മുന്‍പ് എവിടെയായിരുന്നു? മരിച്ചുകഴിഞ്ഞാല്‍ എനിക്കെന്തു സംഭവിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ജീവാത്മാവ് അനാദിയാണ്. അവ്യക്തവുമാണ്. ഓരോ പ്രളയവും കഴിയുമ്പോഴും സുപ്താവസ്ഥയിലാവുന്ന ജീവജാലങ്ങള്‍ തങ്ങളുടെ കര്‍മവാസനകള്‍ക്കനുസൃതമായി പുതിയ കല്പത്തില്‍ വിവിധ രൂപങ്ങള്‍ ധരിക്കുന്നുവെന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമായ വേദത്തില്‍ പറയുന്നുണ്ട് . ഇക്കാര്യത്തെക്കുറിച്ച് വേദങ്ങള്‍ അതിമനോഹരമായ ഭാഷയില്‍ വാചാലമാകുന്നതും നമുക്ക് കാണാം. ഋഗ്വേദത്തിലെ പ്രഖ്യാതമായ അഘമര്‍ഷണ മന്ത്രങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഓം ഋതം ച സത്യം ചാഭീദ്ധാത്തപസോളധ്യജായത തതോ രാത്ര്യജായത തതഃ സമുദ്രോ അര്ണവഃ ഓം സമുദ്രാദര്ണവാദധി സംവത്സരോ അജായത അഹോരാത്രാണി വിദധദ്വിശ്വസ്യമിഷതോ വശീ. ഓം സൂര്യാചന്ദ്രമസൗ ധാതാ യഥാപൂര്‍വമകല്പയത്. ദിവം ച പൃഥിവീം ചാന്തരിക്ഷമഥോ സ്വഃ (ഋഗ്വേദം 10.190)

അര്‍ഥം : (ഋതം ച സത്യം ച) ഈശ്വരന്റെ ഋതം സത്യം എന്നിവകൊണ്ടും (അഭീദ്ധാത്തപസഃ) ജ്ഞാനമയ സാമര്‍ഥ്യം കൊണ്ടും (അധ്യജായത) ഈ ലോകം പ്രകടമായി (തതഃ) ആ സാമര്‍ഥ്യം കൊണ്ടുതന്നെ (രാത്രിഃ അജായത) പ്രളയരാത്രിയും ഉണ്ടായി. (തതഃ സമുദ്രഃ അര്‍ണവഃ) അതിനുശേഷം ആകാശം ജലംകൊണ്ടു നിറഞ്ഞു. ഈശ്വരന്റെ സാമര്‍ഥ്യംകൊണ്ട് ഋതം, സത്യം, പ്രപഞ്ചം, പ്രളയം, ആകാശം, സമുദ്രം എന്നിവയെല്ലാമുണ്ടായി എന്നുസാരം.

(അര്‍ണവാത് സമുദ്രാത്) ജലം നിറഞ്ഞ ആകാശത്തിനുശേഷം (സംവത്സരഃ അധി അജായത) എല്ലാ പ്രാണികളെയും വസിപ്പിക്കുന്ന കാലം സൃഷ്ടിച്ചു (വിശ്വസ്യ മിഷതഃ വശീ) വിശ്വത്തിലെ എല്ലാ ചേതനാപ്രാണികളെയും നിയന്ത്രിക്കുന്ന ഈശ്വരന്‍ (അഹോ രാത്രാണി വിദധത്) അഹോരാത്രങ്ങളെയും സൃഷ്ടിച്ചു.

(ധാതാ) ഈശ്വരന്‍ (സൂര്യാചന്ദ്രമസൗ) സൂര്യചന്ദ്രന്‍മാരെയും (യഥാപൂര്‍വം അകല്പയത്) മുന്‍സൃഷ്ടിയിലെപ്പോലെതന്നെ സൃഷ്ടിച്ചു. (ദിവം ച പൃഥിവീം ച) പ്രകാശലോകത്തെയും പ്രകാശരഹിതലോകത്തെയും (അഥ അന്തരിക്ഷം) അതിനുശേഷം അന്തരീക്ഷത്തെയും (സ്വഃ) ലോകലോകാന്തരങ്ങളെയും രചിച്ചു.

ഇതാണ് അഘമര്‍ഷണ മന്ത്രത്തിന്റെ സാമാന്യമായ അര്‍ഥം. ഇതേ സൂക്തത്തിനുതന്നെ നിഗൂഢമായ അര്‍ഥങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ വേദപഠനം നിലച്ചപ്പോള്‍, ഗുരുകുലങ്ങള്‍ ഇല്ലാതായപ്പോള്‍ സൃഷ്ടിയെക്കുറിച്ചും ജീവാത്മാവിനെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ കാലാതിപാതം വന്ന ആശയങ്ങളായി പരിണമിച്ചു. ഇന്ന് ജീവനെക്കുറിച്ച്, കര്‍മത്തെക്കുറിച്ച്, അതാര്‍ജിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് അറിയുന്നവര്‍ ഏറെ ചുരുങ്ങും എന്ന അവസ്ഥയാണ്. ഇന്നിപ്പോള്‍ എന്താണ് ജീവാത്മാവെന്നും, ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളില്‍ എന്തുപറയുന്നുവെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുക അത്ര എളുപ്പമല്ല.

മൂലപ്രകൃതിയും ബ്രഹ്മചൈതന്യവും


ഈ ശരീരം നശ്വരമാണ് , ശാശ്വതമായ ധർമ്മവും അതിനുള്ള മാർഗ്ഗവും എന്തായിരിക്കും? മേല്പോട്ട് നോക്കിയാകൽ അന്തരീക്ഷവും അവിടെ സൂര്യാദികളായ ജ്യോതിർമയഗോളങ്ങളും , , കീഴ്പോട്ട്നോക്കിയാൽ ഭൂമി പർവ്വതം നദി സമുദ്രം വനം മുതലായവയും കാണുന്നു. ഇവയെല്ലാം പ്രത്യക്ഷത്തിൽ കാണാവുന്നതിനാൽ ദൃശ്യമാകുന്നു. . ഇതു തന്നെ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന് നാഥാൻ ആരാണ്? ഇത് എവിടെ നിന്ന് ആവിർഭവിച്ചു.? എവിടെ ചെന്ന് ലയിക്കുന്നു? ഇതിന് കർത്താവ് ആരെങ്കിലും ഉണ്ട്? ഉണ്ടെങ്കിൽ ആ കർത്താവിൻ്റെ രൂപം എന്താണ്? ഗുണം എന്താണ്? പ്രകൃതി എന്താണ്? കർത്തവിനെ അറിയാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ ഏവ? എന്നിവിധല്ലാമായിരുന്നു പണ്ടുള്ള മഹാന്മാരുടെ പര്യാലോചന , ഈ ചോദ്യങ്ങൾക്ക് ശരിയായ മറുപടി കിട്ടത്തക്ക തത്ത്വങ്ങൾ ദർശിക്കാനായി അവരിൽ പലരും ഉദ്യമിച്ചു ഈ വക ഉദ്യമങ്ങളുടെ ഫലമാണ് ഇന്ന് ഈ കാണുന്ന ദശനങ്ങൾ. ഇങ്ങനെയുള്ള ഉദ്യമത്തിൽ ചിലർ പ്രഥ്വി, ആപ് തേജസ്സ് വായു ആകാശം എന്നി പഞ്ചഭൂതകാമായ ഭൗതിക പ്രപഞ്ചത്തെയും , മറ്റുള്ളവർ ഈ വക ഭൂതങ്ങൾക്ക് അധിഷ്ഠാനമായ് പ്രകൃതിയെയും ദേവന്മാരെയും, മൂന്നാമത്തെ ചിലർ ധർമ്മത്തെയും അതീതമായ് ആത്മാവിനെയും.ലക്ഷ്യമാക്കികൊണ്ടാണ് പരീക്ഷണങ്ങൾ പ്രധാനമായി തുടങ്ങിയത്. അതിനാൽ ആദിഭൗതികം ആദിദൈവികം ആദ്ധ്യത്മികം എന്ന രീതിയി ആ ഉദ്യമങ്ങൾ പ്രധാന ശാഖകൾ ആയി തീർന്നു. എന്നാൽ എല്ലാവരും ഒടുവിൽ ദുഃഖമോചനം എന്ന മുഖ്യ പുരുഷാർത്ഥത്തിൽ തന്നെ എത്തിചേരുന്നുമുണ്ട്. പ്രാപമായ സ്ഥാനം ഒന്നു തന്നെയാണെങ്കിലും രുചിഭേദം നിമിത്തം മാർഗ്ഗ അനേകമായിരുന്നതുകൊണ്ടാണ് ദർശനങ്ങൾ ഒന്നിലധികം ആയത്. ഒരു പട്ടണത്തിലേക്ക് പോകാൻ പല പാതകളും ഉണ്ടാകുന്നത് സ്വഭാവികമാണല്ലോ.

ആ വക ദർശനങ്ങൾ ... വിശേഷികം- ന്യായം , സാംഖ്യം-യോഗം, മീമാംസ - വേദാന്തം, എന്നിങ്ങനെ രണ്ട വിഭാഗങ്ങൾ അടങ്ങിയ മൂന്നണ്ണമാകുന്നു. .ഇവയെ വൈദികദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവക്കു പുറമേ ചാർവകം ജൈനം ബൗദ്ധം എന്നിങ്ങനെ അവൈദികങ്ങളായ ദർശനങ്ങൾ ഉണ്ട്.

നശ്വരമായ സ്ഥൂലശരീരവും മനസ്സാകുന്ന സൂക്ഷമശരീരവും അതിന് കല്പന നൽകുന്ന ബുദ്ധിയും ആ ബുദ്ധിക്ക് ചൈതന്യം ഉളവാകുന്ന ജീവനും ആ ജീവന് കർമ്മം നിമിത്തം നേരിടുന്ന ദുഃഖം അകറ്റി സുഖം കൊടുക്കാനുള്ള സർവ്വേശ്വരനും ഏതെല്ലാം രീതിയിലാണ് അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും ആ സർവ്വേശ്വരൻ്റെ സന്നിധിയിലെത്തി ഉത്തമമായ ജ്ഞാനം താൻ തന്നെ സർവ്വേശ്വരനായി തീർന്ന് ശാശ്വതമായ സുഖലഹരിയിൽ ആറാടി കൈവല്ല്യം പ്രാപിക്കുന്നത് എങ്ങിനെയെന്നും ഉള്ള തത്ത്വങ്ങളാണ് വൈദികദർശനങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്....

മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങൾ സകലതും നിറവേറ്റിപ്പോകുന്നു. പ്രപഞ്ച നിർമാണം ബ്രഹ്മ പ്രകൃതികളുടെ സംയോഗം നിമിത്തമാണു എന്നതു അകാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. 'അ' കാരം ബ്രഹ്മമൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണു കൽപ്പിച്ചിരിക്കുന്നതു.

എന്തുകൊണ്ടെന്നാൽ, പിന്നീടു വ്യവഹാരോചിതമായുണ്ടായിട്ടുള്ള സകല ശ്ബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തിൽ നിന്നുണ്ടായതാണ് .

മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതിൽ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതിൽ മേൽപങ്ക്, കീഴ്പങ്ക് എന്നു രണ്ട് ഭാഗങ്ങളുണ്ട്.മേൽ പങ്ക് ബ്രഹ്മത്തെ അതായത് പുല്ലിംഗ ത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂല പ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു.ഈ രണ്ട് പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തിൽ അവയ്ക്ക് ഈ ലിംഗവ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തിൽ മാത്രമേ ഓരോ പൂർണ്ണ ശബ്ദവും അക്ഷരവുമായ് ചേർന്ന് മറ്റ് ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടു ചേർന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളു.

കാലക്രമത്തിൽ ഈ ആദ്യ അകാരത്തിൽ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചു വച്ചു. അതിനുള്ള കാരണമെന്തെന്നാൽ ഓരോ ഭാഷയും പ്രൗഢാവസ്ഥയിൽ എത്തിയതിന്റെ ശേഷം അതിന്റെ യഥാർത്ഥ മർമസ്ഥാനം ഗോപ്യമായിവയ്ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളിൽ പ്രയോജനമില്ലാത്തത് ആയും വന്നുചേർന്നു എന്നുള്ള സംഗതിയാണ്.

സകല ഭാഷാപ്രപഞ്ചങ്ങൾക്കും ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ മേൽപങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതു പോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാര കർത്താക്കന്മാരായ മാതാപിതാക്കൾ ആണും പെണ്ണൂമാണ്. ഇവരുടെ സംയോഗത്തിൽ ജീവ ജലങ്ങൾ വർദ്ധിക്കുകയും, ഐകമത്യത്തിൽ നില നിൽക്കുകയും വിശ്ലേഷത്തിൽ പ്രജാവർദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയിൽ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാൻ ശക്തിയില്ല എന്നതു നോക്കുമ്പോൾ സർവ്വ പ്രാധാന്യം ബ്രഹ്മത്തിനു തന്നെനൽകാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാൽ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നൽകേണ്ടതായിരിക്കുന്നു.

സൃഷ്ടിയുടെ അടിസ്ഥാനപരമായ കാര്യം

സൃഷ്ടിയുടെ അടിസ്ഥാനപരമായ ഒരു കാര്യം, ആത്മാവിന് അത് സ്വീകരിക്കുന്ന ശരീരത്തിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്നതാണ്. ആത്മാവ് ഒരു സിംഹത്തിന്റെ ശരീരം സ്വീകരിച്ചാൽ അത് പൂർണമായും സിംഹത്തിന്റെ സ്വഭാവം കാണിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും, തനതായ സ്വഭാവ വിശേഷതയുണ്ട്. മനുഷ്യനും മാലാഖക്കും സ്വന്തം നിയമങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യാനാവില്ല. അതേ സമയം, ഓരോ വർഗത്തിന്റെയും പൊതുസ്വഭാവത്തിനുള്ളിൽ തന്നെ വൈജാത്യങ്ങളുമുണ്ട്. സാമ്യങ്ങളും വൈവിധ്യവും പ്രകടമായിരിക്കും. അതിനാൽ തന്നെ ആത്മാവ് മനുഷ്യശരീരം സ്വീകരിക്കുമ്പോൾ അത് മനുഷ്യന്റെ നാശവും മരണവും ഉൾപ്പടെയുള്ള പൊതുവായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അത് മനുഷ്യസഹജമായ ദൌർബല്യങ്ങളും കരുത്തും കാണിക്കുന്നു. ഒരു പ്രത്യേക വംശത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങൾ ഒഴിവാക്കുവാൻ ആർക്കും സാധ്യമല്ല. ഓരോ വംശത്തിനും പൊതുസ്വഭാവങ്ങൾ ഉണ്ട്. അവയുടെ ആവശ്യങ്ങളും ഒരേ പോലെയുള്ളതാണ്. സസ്യഭുക്കായ പശുവിനു പുല്ല് മാത്രമേ വേണ്ടു. എന്നാൽ കടുവക്ക് മാംസം തന്നെ ആഹാരമായി വേണം. അതിനു പുല്ല് കൊണ്ട് എന്ത് പ്രയോജനം? ഒരു മാലാഖയുടെ പ്രവർത്തനതലം അതിനു ലക്ഷ്യം നേടാൻ വേണ്ടത്ര ഉയർന്നത് ആയിരിക്കും. ലക്ഷ്യബോധത്തോട് കൂടിയുള്ള അതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട ശക്തിയും അതിനുണ്ടായിരിക്കും. ഓരോരുത്തരുടെയും പ്രവർത്തനതലങ്ങൾ അവരവരുടെ ലക്ഷ്യം നേടാൻ സഹായകമായ അത്ര ഔന്നത്യമുള്ളതായിരിക്കും. ഉന്നത ആത്മീയ വികാസം നേടിയവർ, മനുഷ്യസഹജമായ ദൌർബല്യങ്ങൾക്ക് അതീതരായിരിക്കും എന്നുള്ളത് അബദ്ധധാരണ മാത്രമാണ്. ദൌർബല്യത്തിന്റെ തോതിൽ വ്യത്യാസം വന്നേക്കാം. പക്ഷെ വർഗ്ഗ സ്വഭാവം മാറ്റാൻ കഴിയില്ല. അത് മാറണമെങ്കിൽ ദേഹവും, വംശവും മാറണം. ഒരു നരി മനുഷ്യശരീരം സ്വീകരിച്ചാൽ അത് മനുഷ്യന്റെ രൂപവും ഭാവവും സ്വീകരിക്കുന്നു. പലപ്പോഴും അത് നരിയുടെ സ്വഭാവം കാണിച്ചെക്കാം എങ്കിൽപ്പോലും അത് മനുഷ്യസഹജമായ ശക്തിയും ദൌർബല്യവും പ്രകടിപ്പിക്കും. ആത്മാവ് ഒരു ശരീരം സ്വീകരിക്കുമ്പോൾ അതിന്റെ വംശീയമായ സ്വഭാവം കൂടിയാണ് സ്വീകരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അതിനു ബാധകമാണ്. ശരീരം ജരാനരകൾക്കും, മരണത്തിനും വിധേയമാണ്.

നമ്മുടെ അവബോധത്തെ മനസ്, ബുദ്ധി, ശരീരം എന്നിവ നിരന്തരം പ്രലോഭിപ്പിക്കുന്നു. എപ്പോൾ ഒരാൾ നിരന്തര സ്ഥൈര്യത്തോടെ മനസ്, ശരീരം, ബുദ്ധി എന്നിവയുടെ തലത്തിൽ നിന്നും ഉന്നതമായ ആത്മീയ അവബോധത്തിലെക്ക് ഉയരുന്നുവോ അപ്പോൾ, അയാൾ കൈവല്യം കൈവരിക്കുന്നു.

എപ്പോൾ ഒരു ആത്മാവ് സ്വയം സ്വീകരിച്ച ശരീരത്തിന്റെ ആവശ്യങ്ങൾക്കും അപ്പുറത്തേക്ക് വികസിക്കുന്നുവോ, അപ്പോൾ അത് മുക്തമായി തീരുന്നു. എന്നിരുന്നാലും സ്വന്തം ആത്മാവിൽ ഊന്നിയുള്ള നിരന്തര ശ്രദ്ധ ആവശ്യമായ ഒരു പ്രക്രിയ ആണത്.

വിഷ്ണുഭഗവാൻ

ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് വിഷ്ണു എന്ന് പറയുന്നത്. സത്താമാത്രവും സർവ്വത്രവ്യാപ്തവും ഇന്നപ്രകാരത്തിലുള്ളതെന്ന് നിർവചിക്കാൻ കഴിയാത്തതും അപരിച്ഛിന്നവുമായ ബ്രഹ്മം തന്നെയാകുന്നു വിഷ്ണു സ്വരൂപം. വിഷ്ണു ഭഗവാന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിറയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആര് എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.

മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ വിഷ്ണു എന്ന് പറയപ്പെടുന്നു”.

ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.

ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ വിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് വിഷ്ണു ഭഗവാൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി!

കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ മാഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.

സത്വമൂർത്തിയും ഹിരണ്യഗർഭനുമായ ശ്രീമഹാവിഷ്ണു നിരവധി അവതാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സർവ്വാധാരനും സർവ്വസ്വരൂപിയുമാണ് വിഷ്ണു ഭഗവാൻ! സർവ്വത്ര വ്യാപ്തനും സർവ്വന്തര്യാമിയുമായ വിഷ്ണുഭഗവാൻ ചിലനേരങ്ങളിൽ കേവലം ലീലാമാത്രമായി ഓരോ സ്വരൂപത്തിലവതരിക്കും.

ആയിരം കോടി സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാലെന്ന പോലെ ഉജ്ജ്വലമായ തേജോ പ്രസരം കൊണ്ട് ആകാശമണ്ഡലത്തെ മുഴുവൻ പ്രകാശമാനമാക്കിയും ശംഖ് ചക്രാദി ആയുധങ്ങൾ ധരിച്ചും പീതാംബരം, ഹാരം, വനമാല തുടങ്ങിയ എല്ലാ വൈഷ്ണവ ചിഹ്നങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ടും സർവ്വാലങ്കാര ഭൂഷിതനായി, സർവ്വാംഗ സുന്ദരനായി ദിവ്യമായൊരു പ്രഭാമണ്ഡപത്തിന്റെ മദ്ധ്യത്തിൽ നിന്നു കൊണ്ട് മംഗളമൂർത്തിയായ ശ്രീനാരായണൻ ഭക്തകോടികളുടെ മനതാരിൽ കുടികൊള്ളുന്നു. കരുണാനിധിയും അന്തരാമിയും വൈകുണ്ഠനാഥനും പരമപുരുഷനും യജ്ഞസ്വരൂപനും ജഗന്നിയന്താവും മംഗളമൂർത്തിയായും ആദിമധ്യാവസാനങ്ങളോ, ഉൽപ്പത്തി സ്ഥിതിലയങ്ങളോ, ക്ഷയവൃദ്ധികളോ ഇല്ലാത്തവനും ഈ ജഗത്തിന് കാരണവും നിയന്താവുമാണ് ഭഗവാൻ മഹാവിഷ്ണു.

വ്യപ്തിയുള്ള വ്യാപനശീലമുള്ള ഒന്നിൻ്റെ രൂപം വിഷ്ണു , വ്യാപിക്കുന്നത് സ്വാതന്ത്രമാണ്, അപരിമേയമാണ്, സ്വാതന്ത്രത്തിലുള്ള അപരിമേയമായ സീമയറ്റ പരമാന്ദം അനന്താനന്ദം( നിർവൃതിരസം ) സ്വരൂപം ദേശകാലവസ്തുപരിഛേദ ശൂന്യമായ ബ്രഹ്മത്തിൻ്റെ സച്ചിദാനന്ദസ്വരൂപം അതിനെ അനുഭവിക്കുന്ന അറിയുന്ന ആദ്യ ഋഷിയുടെ ബോധത്തിൽ തെളിയുന്ന് സത്ത്(ഉണ്മ) ചിത്ത്(വിദ്യ , പ്രകാശം) ആനന്ദം അറിയുന്നതും അറിയപ്പെടുന്നതും അറിവും ഒന്നായ ബ്രഹ്മരസാനുഭാവം ബ്രഹ്മത്തിനുകൊടുത്ത നിർവചനത്തിൻ്റെ ആനന്ദാനുഭാവ സ്വരൂപം ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണന് വ്യാപിച്ചു നില്ക്കുന്നു) (മഹാനാരായണോപനിഷത്ത്) , ഏതൊരു മഹാത്മ്യമേറിയ ശക്തിയാണ് ഈ കാണുന്ന സർവ്വപ്രപഞ്ചവും നിറഞ്ഞിരിക്കുന്നുവോ അതിനെ വിഷ്ണു എന്ന് പ്രകീർത്തിക്കുന്നു. . എങ്ങുംവ്യാപിച്ച് , എല്ലാറ്റിലും പ്രവേശിച്ച് നിറഞ്ഞുനിൽക്കുന്ന ശക്തിയാണ് “വിഷ്ണു.” ഭഗവാൻ രോദസി(പടിഞ്ഞാറൻചക്രവാളം)യിലേക്ക് വ്യാപിക്കുന്നുവോ ഭഗവാൻ്റെ കാന്തി (ശോഭ) അധികരിച്ചു വരുന്നത് കാണാം. കാരണം അപ്പോഴേക്കും ഭഗവാൻ തൻ്റെ മൂന്ന് പാദങ്ങളും ശ്രദ്ധാപൂർവ്വം അളന്ന് ത്രിവിക്രമനായി പൂർണ്ണവളർച്ച പ്രാപിച്ചിരിക്കുന്നു. മൂന്ന് പാദങ്ങളാൽ മൂവലകവും അളന്ന ത്രിവിക്രമൻ്റെ സർവ്വവ്യപിസ്വരൂപം, 12 ആദിത്യന്മാരിൽ ഞാൻ സൂര്യനെന്ന് ഗീത, പൂർവ്വാഹ്നം , മദ്ധ്യാഹ്നം, അപരാഹ്നങ്ങളായ ത്രിപദികളാൽ മണ്ണ്,വിണ്ണ്, ത്രിഭുവനങ്ങളും അളന്നവൻ,

വിശ്വത്തിന് ആധാരമായ അനന്ദമായ പ്രജ്ഞ, എല്ലാം അതിൽ നിന്നുണ്ടാവുന്നു എല്ലാം അതിലെക്ക് തന്നെ ,മടങ്ങുന്നു. അതി സൂക്ഷമമായ പരമാണുകണങ്ങളെയും അതിബൃഹത്തായ ഗ്രഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്തിൽ നിന്നാണല്ലോ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും ചലനമില്ലെങ്കിൽ കാലവുമില്ല ഭൗതികവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഈ ചലനത്തിൻ്റെ പാശ്ചാതലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ്-വിഷ്ണുവാണ്.

ഈ ജഗത്തിന്റെ മുഴുവൻ ശക്തിയും ചൈതന്യവും സത്തയുമാണ് ഭഗവാൻ മഹാവിഷ്ണു! കൗസ്തുഭ രത്നവും ശ്രീവത്സവും മാറിലാണിഞ്ഞ് കൈകളിൽ ഗദയും പാഞ്ചജന്യവും, ശാർങ്ഗചാപവും സുദർശനചക്രവും ഏന്തികാഴ്ച നൽകുന്നു ഭഗവാൻ!

ദൈവികതയുടെ രൂപം സർവ്വവ്യാപിയായ ഭഗവാൻ മഹാവിഷ്ണുവാകുന്നു. ശംഖ് ചക്രഗദാധാരിയായ മഹാപ്രഭുവിന്റെ ശംഖ് ആദിശബ്ദത്തിന്റെ അഥവാ വാക്കിന്റെയും ഗദശക്തിയുടേയും പ്രതാപത്തിന്റെയും പ്രതീകമാകുന്നു. സാളഗ്രാമം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. പരമകല്യാണ മൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിൽ പ്രേമ ഭക്തി വളർന്നവൻ അമൃതസാഗരത്തിൽ നീന്തിക്കുളിക്കുന്നവനാണ്. അവന് ചളിക്കുണ്ടിലെ ദുർഗന്ധജലമാകുന്ന വിഷയഭോഗങ്ങളിൽ എങ്ങിനെ ഇച്ഛയുണ്ടാകും എന്നാണ് ശുകമഹർഷി ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്. ഈശ്വരാനുഗ്രഹം സ്വീകരിക്കേണ്ടവർ മാത്രമല്ല നമ്മൾ. അതിന് അവകാശമുള്ളവരുമാണ്. ഭക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭഗവാനിലേക്ക് അടുക്കുവാനുള്ളശ്രേഷ്ഠമായ, ശരിയായ പാത ഭക്തി ഒന്നുമാത്രം.

ശ്രീവിഷ്ണു ഭഗവാനിൽ നിന്ന് അന്യനായിട്ടൊരു ഈശ്വരനില്ല. ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും. ഭഗവാൻ മഹാവിഷ്ണു ധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും വിഷ്ണു ചൈതന്യം ഒന്നുമാത്രം.

എങ്ങും വ്യാപിച്ചിരിക്കുനതാണ് വിഷ്ണു…മനസ്സ് തന്നെ പാലാഴിയായി സങ്കല്പിച്ച് അതിൽ അനന്തമായ് കാണുന്ന ലോകത്തെ അനന്തനായ് സങ്കല്പിച്ച് അതിൽ ശയിക്കുന്നവനാണ് (നിറഞ്ഞു നില്ക്കുന്നതാണ്) വിഷ്ണു

ഞൊറിവച്ച പട്ടുടയാടയണിഞ്ഞ് ചുണ്ടിൽ തത്തികളിക്കുന്ന മന്ദഹാസവും പേറി, മൌലിയിൽ പീലി ചാർത്തി, രത്നങ്ങൾ പതിച്ച കനക കിരീടമണിഞ്ഞ്, കൈകാലുകളിൽ സ്വർണ്ണ വളകളും തളകളുമണിഞ്ഞ്, നെറ്റിത്തടത്തിൽ ഗോരോചനകുറിയിട്ട്, അഞ്ജന കണ്ണെഴുതി, വനമാല, രത്നമാല, കൗസ്തുഭമാല, തുളസിമാല തുടങ്ങിയ ഹാരങ്ങളുമണിഞ്ഞ്, ശംഖ് ചക്രഗദാപങ്കജ പ്രശോഭിതമായകരപങ്കേരുഹങ്ങളും, കൊണ്ടൽ കാർവർണ്ണനുമായി ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യചൈതന്യഭാസിതമായ രൂപസൗഭാഗ്യം മനസ്സിൽ പതിയുമ്പോൾ ഏതു വിഷ്ണുഭക്തനാണ് രോമാഞ്ചകുഞ്ചുകിതനാകാത്തത്.

ശ്രീമദ് ഭാഗവതം

ഋഷിപരമ്പരയില്‍ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. 

എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂര്‍ണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹര്‍ഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വര്‍ണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അര്‍ത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.

മഹാജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും തപസ്വികള്‍ക്കും വേദാന്തികള്‍ക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാര്‍ക്കും എന്തിന്, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാനാണ് നാരദമഹര്‍ഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളില്‍ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.

ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സര്‍വ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്‍കാറ്റുപോലെ, പരപ്രേമത്താല്‍ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില്‍ വൃന്ദാവനത്തിലെ സര്‍വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം.

ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്‍, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്.

പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാര്‍ഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കര്‍മ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാര്‍ഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാന്‍ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകള്‍ക്കും ഭക്തി അല്ലെങ്കില്‍ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.

ഉപാസനയും പ്രാര്‍ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങള്‍ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കില്‍ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാര്‍പ്പണബുദ്ധിയില്ലാതെ, കര്‍മ്മം ആത്മീയ സാധനയാകില്ല, കര്‍മ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില്‍ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.

ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിര്‍ത്താന്‍ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേര്‍ത്ത് പോകാന്‍ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂര്‍ണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങള്‍ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തില്‍ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.

വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂര്‍ണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സര്‍വ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.

പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സര്‍വ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിര്‍ഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.

വിഷ്ണുഭക്തിയില്‍ നിന്നും പ്രഹ്ലാദനെ പിന്‍തിരിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോള്‍, സ്വന്തം മകനെ അയാള്‍ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ ആ ബാലനെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂര്‍ത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാര്‍. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂര്‍ത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാന്‍ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.

അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവരെല്ലാം ചേര്‍ന്ന് പ്രഹ്ലാദനോടഭ്യര്‍ത്ഥിച്ചു. ഭക്തിയുള്ള മനസ്സില്‍ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞി ന്റെ സർവ്വസ്വവും അമ്മയാണ്. അവന് ലോകത്തില്‍ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തില്‍ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂര്‍ത്തിയുടെ രൗദ്രഭാവം അവനില്‍ തെല്ലും ഭയം ജനിപ്പിച്ചില്ല. അവന്‍ നിര്‍ഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പര്‍ശനം ഏറ്റ മാത്രയില്‍ തന്നെഭഗവാന്‍ ശാന്തനായി.

കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവര്‍ത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളില്‍ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.

ശ്രീരാമന്റെ പാദസ്പര്‍ശത്താല്‍ കല്ലായി തീര്‍ന്ന അഹല്യ വീണ്ടും പുനര്‍ജ്ജനിച്ചു എന്ന് രാമായണത്തില്‍ പറയുന്നു.രാമന്‍ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവര്‍ത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളില്‍ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോള്‍, പിന്നെ നമ്മള്‍ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.

ജീവിതത്തില്‍ ഓരോരുത്തരുര്‍ത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കില്‍, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിയാതെ ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയില്‍ അടിയുറച്ച വിശ്വാസവും സമര്‍പ്പണവും വേണം. അതുണ്ടായാല്‍ വിജയം സുനിശ്ചിതമാണ്.

നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുര്‍ബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളില്‍ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളില്‍ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളില്‍ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാന്‍ വേണ്ടിയായിരിക്കണം.

ശ്രീ ധർമ്മ ശാസ്താവിന്റെ സ്വരൂപം

ശ്രീശാസ്താവ് പ്രതിനിദാനം ചെയ്യുന്നത് ആ പരബ്രഹ്മസ്വരൂപത്തെതന്നെയാണ് . പരബ്രഹ്മം എന്നത് ആദിയും അന്തവുമില്ലാത്ത അകായ സ്വരൂപം ആണ്. വേദ, വേദാന്ത ഉപനിഷത് സാരമായ ആത്മതത്ത്വവും, ആ തത്ത്വത്തിന്റെ പ്രത്യക്ഷസാക്ഷാത്കാരവുമാണ് ശബരിമലദർശനം കൊണ്ട് അർത്ഥമാക്കുന്നത്. ഈ പ്രപഞ്ചവും അതിലുള്ള സകലചരചരങ്ങളും. ഉത്ഭവിച്ചതും, സ്ഥിതിചെയ്യുന്നതു, വിലയംപ്രപിക്കുന്നതും, പരബ്രഹ്മസ്വ്രൂപത്തിലാണ്. ഈ പരപൊരുൾ തന്നെയാണ് ആത്മസ്വരൂപമായി സകലചരാചരങ്ങളിലും ജീവത്മചൈതന്യമായി നില കൊള്ളുന്നതും. ഈ തത്ത്വം അല്ലാതെ മറ്റൊന്നും സ്ഥൂലരൂപത്തിലോ സൂക്ഷരൂപത്തിലോ നിലനിൽക്കുന്നില്ല. പ്രപഞ്ചകാരകനായ ഈ പരംപൊരുൾ ആത്മസ്വരൂപനായി ജീവചൈതന്യമായി നമ്മിൽ വിളങ്ങുന്നത്. നമ്മുടെ യഥാർത്ഥ സത്ത അല്ലെങ്കിൽ സ്വരൂപം ആ സച്ചിദാനന്ദബ്രഹ്മം തന്നെയാണ്.

"സയഏഷോനിമൈതദാത്മ്യമിദം
സർവ്വംതത്സത്യംസആത്മാതത്ത്വമസി"

സർവ്വതിനും ആധാരമായി വർത്തിക്കുന്ന ആ സത്യം സൂക്ഷ്മസ്വരൂപൻ ആയ ആത്മാ ആണ് ; അതു നീ തന്നെ

(ഛാന്ദോഗ്യോപനിഷത് 6.8.7) ഈ ഉപനിഷത്വചനത്തിന്റെ പ്രത്യക്ഷഭാവമാണ് ശ്രീധർമ്മശാസ്താവ്. അനുഗ്രഹിച്ചരുളുന്ന ചിന്മുദ്ര അർത്ഥമക്കുന്നത് (തത്ത്വമസി - അത്നീആകുന്നു )

ആ സന്നിധിയിൽ ശാസ്താവകുന്ന സ്വമിയും ഭക്തനാകുന്ന അയ്യപ്പനും ഒന്നാവുന്നു. ജീവത്മാസ്വരൂപവും പരമാത്മാ സ്വരൂപവും ഒന്നാവുന്നു ഇതാണ് ശബരിഗിരിദർശനത്തിന്റെ പോരുൾ. അതുകൊണ്ട് തന്നെ ശബരിമലതീർത്ഥാടനം വെറും ദർശനം മാത്രമല്ല, അത് ഏകവുമാവുന്ന സാക്ഷാത്കാരവും ആവുന്നു

ജന്മജന്മാന്തരങ്ങളുടെ ലക്ഷ്യമായ സാക്ഷാത്കാരം, ശബരിമല ദർശനത്തിലൂടെ വേദാന്തസാരമായ തത്ത്വമസിപൊരുൾ, ഇതിനെല്ലാം വ്യക്തമായ ഉത്തരം ശരിയായ ശബരിമല തീർത്ഥാടനം കൊണ്ട്നമുക്ക് ലഭിക്കും. പരംപൊരുളിന്റെക്ബഹിർഫുരണം വേദോപനിഷത്തുക്കളിൽ രണ്ടുഭാവങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്. സ്ഥൂലവും, സൂക്ഷ്മവും, സ്ഥുലാവസ്ഥയിലുള്ള വികാസം പ്രപഞ്ചത്തിന് കാരണം ആകുമ്പോൾ തന്നെ സൂക്ഷാമാവസ്ഥയിൽ ഈ പരംപൊരുൾ നമുക്കുള്ളിൽ ജീവതത്ത്വമായി നിലകൊള്ളുന്നു. പ്രപഞ്ചത്തിന ആധാരമായ പരബ്രഹ്മസ്വരൂപത്തെ നാമായി മനസ്സിലാക്കാൻ ശ്രമിക്കാം

"സ യ ഏഷോ നിമൈതദാത്മ്യമിദം സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി"…..

ഈ ഉപനിഷത്ത്വാക്യപ്രകാരം എല്ലാത്തിനും ആധാരമായ ആ പരബ്രഹ്മരൂപം തന്നെയാണ് നമ്മിൽ ജീവചൈതന്യമായിരിക്കുന്നത്. എങ്കിൽ എന്തുകൊണ്ട് നമുക്ക് ആ തിരിച്ചറിവ് അഥവാ താദാത്മ്യം സദ്ധ്യമാകുന്നില്ല...?

നമ്മുടെ ബോധമണ്ഡലം എന്നത് പഞ്ചേന്ദ്രിയ ആസക്തികളാൾ പ്രേരിതമായി നമ്മൾ അനുഭവിക്കുന്നതും ആ അനുഭവങ്ങൾ മാനസികമായും ബുദ്ധിപരമായും അവലോകനം ചെയ്ത് അതിനുതക്ക പ്രവർത്തനമോ പ്രതിപ്രവർത്തനമോ നടത്തുന്നതും ആണ്. ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളും അനുഭവങ്ങളും തമ്മിൽ രൂപപ്പെടുത്തി എടുക്കുന്നതാണ് നമുക്ക് ഇന്നറിവുള്ള നമ്മൾ. ഇതിനപ്പുറം നമ്മുടെ സത്ത എന്ത് എന്നതിനെക്കുറിച്ച് നമുക്ക് യാതൊരു അറിവോ, വിചാരമോ ഇല്ല. പഞ്ചേന്ദ്രിയങ്ങൾക്ക് പ്രവർത്തനത്തിന് ചേദനനൽക്കുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന അഷ്ടരാഗങ്ങൾ ആണ്. കാമം, ക്രോധം ,ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം ഇവയാണ് അഷ്ടരാഗങ്ങൾ .ഈ അഷ്ടരാഗങ്ങളാൽ പ്രേരിതമായാണ് നമ്മുടെ പ്രവർത്തികളും. ഈ അഷ്ടരാഗങ്ങൾക്കും അടിസ്ഥാനം ത്രിഗുണങ്ങൾ ആണ്. സ്വാത്വികം, രാജസം , താമസം എന്നിവ. ഈ അഷ്ടരാഗത്രിഗുണസഞ്ചയത്തിന്റെ ഏറ്റകുറച്ചിലുകളും വ്യതിയാനങ്ങളും ആണ് ലൗകിക ജീവിതത്തിൽ ഓരോ മനുഷ്യന്റെയും സ്വഭാവം അഥവ സത്വം നിർണയിക്കുന്നത് ഇതുതന്നെയാണ് 'ഞാൻ' എന്ന അഹങ്കാരമായി നമ്മൾ കൊണ്ടുനടക്കുന്നതും.

ജീവാത്മ സ്വരൂപമായ പരബ്രഹ്മംതന്നെയാണ് ഈ സ്ഥൂലപ്രപഞ്ചത്തിനും സൂക്ഷമസത്വത്തിനും ആധാരം. ഈ സ്വരൂപം ഏകമാണ് , അത് പരിപൂർണവുമാണ്. അതിൽ നിന്നും ആദ്യമായി ഉണ്ടായ ദ്വൈതം 'ഞാൻ ബ്രഹ്മം ' ആണ് എന്ന ജ്ഞാനം ആണ്. ഇതാണ് സ്ഥൂലവും സൂക്ഷ്മവും ആയ സൃഷ്ടികൾക്ക് തുടക്കം.( ഇതു തന്നെയാണ് മഹാതത്ത്വത്തിൽ നിന്നും അഹങ്കാരതത്ത്വം എന്ന് ഗീതയും ഭാഗവതവും പറയുന്നത് ) ദ്വൈതമായ രൂപത്തിൽ പ്രത്യക്ഷ 'ജ്ഞാനം' പൂർണ്ണം അല്ലാത്തതു കൊണ്ട് ( പരബ്രഹ്മസ്വരൂപം മാത്രമേ പൂർണ്ണമായതുള്ളു ) തന്നെ അടുത്തപടിയായി അജ്ഞാനം ഉണ്ടായി പൂർണ്ണമല്ലാത്ത ഈ ഭാവങ്ങൾ വികാസം പ്രാപിച്ചതിൽനിന്നും ത്രിഗുണങ്ങൾഉണ്ടായി. ഈ ഗുണങ്ങൾ പോഷിപ്പിക്കുവാനും അവ നിലനിൽക്കുവാനും അഷ്ടരാഗങ്ങൾ ഉപഗുണങ്ങൾ ഉണ്ടായി. ഈ സഞ്ചയം പ്രവർത്തിക്കാൻ സ്ഥൂലപ്രപഞ്ചസൃഷ്ടിയായശരീരവും പഞ്ചേന്ദ്രിയങ്ങളും ഉണ്ടായി. നേരത്തെ പറഞ്ഞ ത്രി ഗുണാവസ്ഥയും , ജീവാത്മാ സ്വരൂപത്തിന്റെ ഈ സൃഷ്ടിതലവും കൂട്ടിയോജിപ്പിച്ചാൽ നമുക്ക് അറിവുള്ള 'ഞാൻ' എന്ന അഹങ്കാരതലത്തിനും ജീവാത്മസ്വരൂപത്തിനും ഇടയിലുളള ദൂരം പൂർണ്ണമായി.

അതായത് ജീവാത്മാസ്വരൂപം ആകുന്ന ആ പരംപൊരുളിന്റെ പതിനെട്ട്ത തട്ടുകൾ ആണ്ണ് 'ഞാൻ' എന്ന അഹങ്കാരത്തിലേക്കുള്ള ദൂരം. ഈ തലങ്ങൾ ജ്ഞാനം, അജ്ഞാനം, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം, അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങളായ ത്വക്ക്, നാക്ക്, മൂക്ക്, കാത്, കണ്ണ് എന്നിവയാണ്. പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും പോഷിപ്പിച്ചു സ്ഥൂലപ്രപഞ്ച ലൗകീക വാസനകളിൽ മുഴുകി കാലക്ഷോപം ചെയ്യുന്ന നമുക്ക് ഭാവികമായും അതിലും ഉയർന്നതലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരം പൊരുളിനെ സാക്ഷാത്കരിക്കുവാൻ സാധിക്കുന്നില്ല.. എന്നാൽ ആ ചൈതന്യത്താൽ ആണ് ഈ തത്ത്വങ്ങളെല്ലാം പ്രകാശിക്കുന്നതും പ്രവർത്തിക്കുന്നതും. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കോ, അഷ്ടരാഗങ്ങൾക്കോ, ത്രിഗുണങ്ങൾക്കോ, അജ്ഞാനത്തിനോ, ജ്ഞാനത്തിനോ നിലനിൽപ്പില്ല. ആ ജീവാത്മസ്വരൂപം ഈ പതിനെട്ട് തത്ത്വങ്ങളുടെ പിന്നിലെ ചാലകശക്തിയായിരിക്കുമ്പോൾ തന്നെ ഇവയുടെ സ്വരൂപത്തിൽ നിന്നും ഗുണങ്ങളിൽ നിന്നും സ്വതന്ത്രമാണ് . അതുകൊണ്ടു തന്നെ ആ ശക്തിയാൽ ഈ തത്ത്വങ്ങളെ പരിപോഷിപ്പിച്ചു ലൗകിക സുഖദുഖഃങ്ങളിൽ മുഴുകുമ്പോഴും ജീവാത്മസ്വരൂപമായ ആ സ്വത്വത്തെഅറിയാൻ നമുക്ക് സാധിക്കുന്നില്ല.

"സർവ്വേന്ദ്രിയഗുണാഭാസം സർവ്വേന്ദ്രിയവിവർജിതം അസക്തം സർവ്വേഭ്യച്ചൈവ നിർഗ്ഗുണം ഗുണഭോക്തൃച" … (ഭഗവത്ഗീത ..13 - 15)

അത് (പരബ്രഹ്മം) എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും എന്നാൽ സ്വയമേവ ഇന്ദ്രിയങ്ങൾ ഒന്നും ഇല്ലാത്തതും ആണ്. ഒന്നിനോടും താദാത്മ്യപ്പെടാതെ എല്ലാറ്റിനും ആധാരമായി വിരാജിക്കുന്നു. ഗുണങ്ങൾ ഒന്നും ഇല്ലാത്തതെങ്കിലും അത് ഈ ഗുണങ്ങളെ അനുഭവിക്കുന്നു. ( അനുഭവത്തിൽ ആധാരമായും നിലകൊള്ളുന്നു )

പരബ്രഹ്മമായ ജീവാത്മസ്വരൂപത്തിനു സ്വയമേവ ഈ തത്ത്വങ്ങളോടും അവയുടെ ഗുണങ്ങളോടും സംഗം ഇല്ലത്തതുകൊണ്ട് ആ ശക്തി ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുമ്പോഴും അതിൽ നിന്നും അനുഭവങ്ങൾ ഉണ്ടാവുമ്പോഴും ആ സത്യസ്വരൂപത്തെ നമുക്ക് നിത്യജീവിതത്തിൽ അറിയുവാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ലൗകിക ജീവിതാനുഭവരൂപത്തിൽ തോന്നുന്ന സുഖവും ദുഃഖവും ബാധിക്കുന്ന ശരീരം ആണ് ഞാൻ എന്ന് വ്യമോഹിച്ച് നമ്മൾ വലയുന്നു.

ഞാൻ എന്ന അവസ്ഥയിൽ നമ്മുടെ യഥാർത്ഥ സ്വരൂപമായ ജീവാത്മ, പരമാത്മചൈതന്യത്തിലേക്കുള്ള മടക്കയാത്രയാണ് ശബരിമല തീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. അത് ശാരീരികമായ മാലധാരണമോ, മലകയറ്റമോ മാത്രമല്ല, ആന്തരികമായ സാക്ഷാത് പാതകൂടിയാണ്, വൃതശുദ്ധിയിലൂടെ അന്തകരണശുദ്ധി തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പതിനെട്ട് തത്ത്വങ്ങളും പത്തൊൻപതാമത്തെ ഉണ്മയായ സ്വരൂപവും ചേർന്ന നമ്മൾ ആ തീർത്ഥാടനത്തിൽ പതിനെട്ടും ഉപേക്ഷിച്ച് സത്യമായ ഒന്ന് മാത്രമായി തീരുകയാണ് ഈ യാത്രയിൽ. അതിനു മുന്നോടിയായി പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മൾ സ്വരൂപിച്ച അനുഭവങ്ങളിൽ നിന്നും ഉണ്ടായ 'വാസനാ' സഞ്ചയം ഒരുപാടുണ്ട്. ( നമ്മുടെ ആന്തരികസമ്പാദ്യം ) ആ പരംപൊരുളിൽ നിന്നും , പതിനെട്ട് തത്ത്വങ്ങളിൽ നിന്നുപോലും നമ്മുടെ ശ്രദ്ധ ബാഹ്യ-പ്രാപഞ്ചിക വിഷയങ്ങളിലേക്കു മാത്രം നിരന്തരം സഞ്ചരിക്കുന്നത് ഈ വാസനകൾ കാരണമാണ്. ഈ തീർത്ഥയാത്രയിലൂടെ നമുക്ക് തിരിഞ്ഞ് നടക്കേണ്ടതുണ്ട്. ആ പരംപൊരുളിന്റെ സന്നിധിയിൽ നിന്നും വാസനാപൂരിതമാവുന്ന സമതലങ്ങളിലേക്ക് പതിച്ച നമ്മെ വീണ്ടും ഉദ്ധരിച്ച് ആ സാക്ഷാത്കാരത്തിന് പ്രാപത്മാക്കേണ്ടതുണ്ട്.....

വാസനകൾ ആകുന്ന ഘോരവനത്തിലൂടെ പ്രലോഭനങ്ങളാകുന്ന ദുഷ്ട് മൃഗങ്ങളെ അതിജീവിച്ച് മാമലകയറണം.... ആ കയറ്റം കഠിനം തന്നെയാണ്, അതിനു നമ്മെപ്രപ്തരക്കുന്നതാണ് ഭക്തിപൂർവ്വം ആയ വ്രതാചരണം നിഷ്ഠാപൂർവ്വമായ വ്രതാചരണം പരിപൂർണ ബ്രഹ്മചര്യം, ജിവാത്മാസ്വരുപത്തെ സാക്ഷാത്കരിക്കുവാനുള്ള ജ്ഞാനവും, ആഗ്രഹവും, ഇതാണ് ഒരു യാത്രക്ക് വേണ്ടി നാം സ്വായത്തമാക്കേണ്ടത്. “സത്യം തപസ്സ്, ശരിയായ ജ്ഞാനം, ബ്രഹ്മചാര്യം എന്നിവയിലുള്ള നിഷ്ഠയിലൂടെ ഒരുവന് ഈ ആത്മാസാക്ഷാത്കാരം സാധ്യമാവുന്നു” ( മുണ്ഡകോപനിഷത്ത്)

വ്രതനിഷ്ഠയോടു കൂടി വാസനകൾ അകന്ന് പ്രലോഭനങ്ങളെ അതിജീവിച്ച് മലകയറിയാൽ പതിനെട്ട് തത്ത്വങ്ങളെ പ്രതിനിധികരിക്കുന്ന പതിനെട്ടാം പടിക്കുചുവട്ടിലെത്താം ജീവാത്മസാക്ഷാത്കാര യാത്രയിൽആദ്യത്തെഅഞ്ചുപടികൾ ആകുന്ന പഞ്ചേന്ദ്രിയങ്ങളെ തരണം ചെയ്യണം, അടുത്ത എട്ടു പടികൾ ആണ് അഷ്ടരാഗങ്ങൾ അതും തരണം ചെയ്യുമ്പോൾ അടുത്ത മൂന്ന് പടികൾ ത്രിഗുണങ്ങൾ, ഓരോ പടി നാം ചവിട്ടുമ്പോഴും നമ്മിലെ ഓരോ തത്ത്വത്തെ തരണം ചെയ്യുകയാണ്. ത്രിഗുണങ്ങൾ തരണം ചെയ്താൽ അജ്ഞാനം ആകുന്ന പതിനേഴാംപടി മറികടക്കാം . ശേഷിക്കുന്നത് ആ പരമാത്മസ്വരൂപവും എല്ലാറ്റിനും ആധാരമായ ആ ചൈതന്യം ഞാൻ ആണ് എന്ന ജ്ഞാനവും മാത്രം., പതിനെട്ടാം പടി തരണം ചെയ്യുന്നതോടുകൂടി ശേഷിച്ച ഒരേ ഒരു ബന്ധമായ ജ്ഞാനം കൂടി മറയുന്നു. അവിടുന്ന് നാം എത്തുന്നത് ശബരിമല ശ്രീ ധർമ്മശാസ്താവാകുന്ന ജീവചൈതന്യ സ്വരൂപത്തിലാണ് .....തത്ത്വമസി... ആ സത്യം അല്ലതെ ഒന്നും അവശേഷിക്കുന്നില്ല. പത്തൊൻപതു തത്ത്വങ്ങളുടെ സഞ്ചയം ആയി മലക്കുപുറപ്പെട്ട നമ്മൾ ഒന്നായ ഉണ്മയായി വിലയം പ്രാപിക്കുന്നു ..... ഇതു തന്നെയാണ് സാക്ഷാത്കാരം... ഓരോ ജീവന്റെയും പരമമായ ലക്ഷ്യം..മോക്ഷം,

മനുഷ്യ മനസ്സിൽ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്, നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നു തന്നെയാണ് .ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വരസാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചുകൊണ്ടു പോയാൽ ഈ ശക്തിയെ വേണ്ടവിധത്തിൽ നമുക്കു പ്രയോജനപ്പെടുത്താൻ സാധിക്കും.

ഏഴു മഹാമോഹങ്ങൾ

അജ്ഞാനകൃതമോഹങ്ങൾ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോൾ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയിൽ മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും. ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, ജാഗുൽസ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രം, സുഷുപ്തി, ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങൾ. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.

അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തിൽ നിന്നു വേർതിരിഞ്ഞും എന്നാൽ നിർമ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാൻ വയ്യാത്തതായും ജീവൻ, ചിത്തം തുടങ്ങിയ തത്വങ്ങൾക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാൻ, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാൻ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങൾക്കു ക്രമേണ ദൃഢത വന്നു ജന്മാന്തരസംസ്ക്കാരംകൂടിച്ചേർന്ന് അത്യന്തസുദൃഢമായിത്തീരുമ്പോൾ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയിൽ നടത്തുന്ന മനോരാജ്യം തന്നെ ജാഗ്രൽസ്വപ്നം. ജാഗ്രൽ സംസ്കാരം ഹേതുവായി ഉറക്കത്തിൽ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണർന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓർമ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാൻ വയ്യാത്ത നിലയിൽ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രൽ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോൾ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയിൽ ജഗത്തു മുഴുവൻ അന്ധകാരത്തിൽ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകൾ അല്ലെങ്കിൽ മഹാമോഹങ്ങൾ. എന്നിരുന്നാലും അൽപ്പൽപ വ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളിൽത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാർ.

അ‍ജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യപ്രാപ്തിയും . ശുഭച്ഛേ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസക്തി, പദാർത്ഥാഭാവിനി, തുരീയം ഇവയാണ് ഏഴു ജ്ഞാനഭൂമികൾ.

ഞാൻ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാൻ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സൽസംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യ‍ാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതിൽക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാൻ അതിനാൽ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളർന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സൽസംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളർന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നിൽ അടങ്ങിനിലനിൽക്കാൻ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോൾ ചിത്തത്തിലെ രജസ്തമസ്സുകൾ ചുരുങ്ങി സത്വഗുണവും വീര്യവും വർധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളർന്നു ദൃഢതയെ പ്രാപിക്കുമ്പോൾ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിർവൃതിയെ അനുഭവിക്കാൻ തുടങ്ങും. ബ്രഹ്മനിർവൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അൽപംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിർവൃതിയിൽത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണർത്തിയാൽമാത്രം ഉണർന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാർത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവൻ നശിച്ചു സ്വസ്വരൂപത്തിൽത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.

ജീവന്മുക്തന്മാരായ ശ്രീശുകൻ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേർന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവർ. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാൾ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാർക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയിൽക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാർ. അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയിൽ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവർത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്.

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദു‍ർമ്മാ‍ർഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സർവ്വനാശത്തി‍ൽ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങൾ‍ ആണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തിൽ‍ അഞ്ചു ജീവികളെക്കുറിച്ച് വർ‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തിൽപ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാ‍ൾക്ക്‌ ഇക്കാര്യം ചിന്തിച്ചാ‍ൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാൽ‍ മനുഷ്യൻ‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുർ‍മാ‍ർഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാൽ‍; ഒരു ശബ്ദം കേട്ടാൽ‍; ഒരു ഗന്ധം ലഭിച്ചാ‍ൽ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്‍പർശ സുഖം തേടി അലയുന്ന മനുഷ്യർ‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?

ഇതി‍ൽ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളി‍ൽ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയിൽ‍ നിന്നും നന്മയിലേക്ക് നയിക്കാൻ‍ കഴിഞ്ഞാൽ‍ മനസ്സും ബുദ്ധിയും ആ മാ‍ർഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യൻ ഇന്ദ്രിയ വിഷയങ്ങളിൽ‍ നിന്നും മുക്തി നേടി യോഗയുക്തൻ‍ ആകുവൻ‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാർ‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മർഗ്ഗികമായ വിഷയങ്ങളി‍ൽ നിന്നും സന്മാ‍ർഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് ക്ഷേത്ര ദർശനം. നമ്മുടെ പൂർ‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

സർവ്വധർമ്മാൻ പരിത്യജ്യ

ഗീതോപദേശം കേട്ട അർജ്ജുനന് ഞാനും മറ്റെല്ലാ ജീവജാലങ്ങളും അനശ്വരനായ ആത്മാവിൻ്റെ പ്രകടിതരൂപങ്ങൾ മാത്രമാണെന്നും മനുഷ്യൻ വസ്ത്രം മാറുന്നതുപോലെ ആത്മാവ് ശരീരങ്ങളെ മാറിമാറി സ്വീകരിക്കുന്നതാണ് മരണമെന്നും മനസ്സിലാക്കിയ അർജ്ജുനൻ യുദ്ധത്തിന് തെയ്യാറായി . എന്നാൽ യുദ്ധം ചെയ്താൽ മതിയോ? പോരാ പിന്നെ എന്തുചെയ്യണം , എങ്ങനെ ചെയ്യണം , എന്താണ് , ലക്ഷ്യം ഓരോ മനുഷ്യനും സ്വയം ചോദിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ലക്ഷ്യം ഉറപ്പിച്ച് വേണം അതിലേക്ക് നിങ്ങാൻ. ഭഗവദ്പ്രാപ്തിയാണ് ലക്ഷ്യം. ഭഗവദ് പ്രാപ്തിയെന്ന് പറഞ്ഞാൽ താൻ ശരീരമല്ല ,മറിച്ച് ആത്മാവാണ്, ആ ആത്മാവാകട്ടെ ഈ ലോകത്തിൻ്റെ സൃഷ്ടിസ്ഥിതി കർത്താവായ ഭഗവാൻ തന്നെയാണ്. എന്ന ഉറച്ച ബോധത്തോടെ പ്രാപിക്കലാണ്. ഈ സ്ഥിതിക്ക് തന്നെയാണ് ഈശ്വരസാക്ഷത്ക്കാരം, മുക്തി,മോക്ഷം എന്നൊക്കെ പറയുന്നത്. പിന്നെ ജനനവുമില്ല മരണവുമില്ല. ജനനവും മരണവുമൊക്കെ ശരീരത്തിനാണ്. അത് മുജ്ജന്മ കർമ്മവാസനകളുടെ ഉൽപന്നമാണ്. അതിന് വ്യാവഹാരികമായ അതായത് കർമ്മവാസനകൾ നശിക്കുന്നതുവരെ മാത്രമെ നിലനിൽപ്പുള്ളൂ. താൻ ആത്മാവാണ് തനിക്ക് ശരീരധാരണം വിട്ട് ആനന്ദപ്രാപ്തി കൈവരണം ഭഗവാൻ സച്ചിദാനന്ദസ്വരൂപനാണല്ലോ.

"മന്മനാ ഭവ മദ്ഭക്തോഃ
മദ്യാജീ മാം നമസ്ക്കുരു
മാമേവൈഷ്യസി സത്യം തേ
പ്രതിജാനേ പ്രിയോഽസി മേ"


മനസ്സ് ഭഗവാനിൽ ഉറപ്പിക്കുക ഇപ്പോൾ മനസ്സ് ലൗകികവസ്തുക്കളിലും ലൗകികന്മാരിലും ലൗകികനേട്ടങ്ങളിലുമാണ് ശ്രദ്ധിക്കുന്നത് , അവയൊക്കെ നശിച്ചു പോകുന്നവയാണ്. പൂർവ്വജന്മവാസനകൾ കാരണമാണ് മനസ്സ് ഇവയിൽ തൽപര്യം കാണിക്കുന്നത്. അവയൊക്കെ ഭഗവതാരാധനയായി, ഭഗവാനിൽ അർപ്പിച്ച് ചെയ്യുക. ഞാൻ , എനിക്ക് വേണ്ടി എന്ന ഭാവം ഉപേക്ഷിച്ച് ഫലേച്ഛ തീരെയില്ലാതെ ഫലം ഹിതമായാലും അഹിതമായാലും അചഞ്ചലനായി വർത്തിക്കുക. അപ്പോൾ പുതിയ കർമ്മവാസനകൾ ഉണ്ടാകില്ല്. ചിത്തശുദ്ധിവന്ന് വരും ജന്മങ്ങളിൽ കൂടി ഭഗവാനെ പ്രാപിക്കും എന്ന് ഭഗവാൻ സത്യം ചെയ്യുന്നു. "നീ എനിക്ക് പ്രിയപ്പെട്ടവനാണ്" എന്നും പറയുന്നു. എന്തുകൊണ്ടാണ് പ്രിയപ്പെട്ടവനായത്! ജ്ഞാനത്തിനുവേണ്ടി ഭഗവാനെ ആശ്രയിച്ചതുകൊണ്ട്. ശരണാഗതിയെ കുറിച്ച് അർജ്ജുനൻ നിരവധി ചോദ്യങ്ങളിൽ കൂടി തൻ്റെ ജിജ്ഞാസ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഭഗവാൻ നീ എൻ്റെ ഭക്തനായി ഭവിക്കുക എന്ന് പറയുണ്ട്.

ഭക്തിക്ക് പല നിർവചനങ്ങളുമുണ്ട്. ഭക്തി ഭഗവാൻ്റെ നേരെയുള്ള വികാരമാണ് .

"നീയല്ലോ സൃഷ്ടിയും സ്രാഷ്ടാവയതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമാഗ്രിയായതും"

എന്ന സത്യം മനസ്സിലാക്കി താൻ ശരീരമാണെന്ന ഭാവന വിട്ട് ഭഗവാനിൽ ലയിച്ചു ചേരുവാനുള്ള തീവ്രമായ വാഞ്ഛയാണ് ഭക്തി എന്ന് പറയാം . ഈ ഭക്തിയുടെ ബലത്തിലെ ഈശ്വരാർപ്പണ ബുദ്ധിയും കർത്തൃത്വഭാവവും ഭോക്ത്യത്വഭാവവും വിട്ട് ചിത്തശുദ്ധി ഉണ്ടാകുകയുള്ളൂ.

എല്ലാമെല്ലാമായ ഭഗവാനിൽ ജീവിതം നിരുപാധികമായി സമർപ്പിക്കുന്നത് തന്നെയാണ് നമസ്കാരം.

എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി ചെയ്താൽ പുണ്യപാപഫലരൂപത്തിലുള്ള കർമ്മവാസനബന്ധങ്ങളിൽ നിന്നും മുക്തനായി സന്യാസയോഗം കൈവന്ന്പരത്മാവായ ഭഗവാനെ പ്രാപിക്കും. സന്യാസയോഗം എന്നത് ഞാൻ എനിക്ക് വേണ്ടി എൻ്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി കർമ്മം ചെയ്യുന്നു എന്ന ഭാവത്തെ ഉപേക്ഷിച്ച് അതായത് കർകർത്തൃത്വഭോക്തൃത്വ ഭാവം ഇല്ലാതെ ഈശ്വരാർപ്പണമായി കർമ്മം ചെയ്യുക എന്നർത്ഥം.

ചിത്തശുദ്ധി കൈവന്നാൽ ജ്ഞാനവും വൈരാഗ്യവും ഒടുവിൽ ഭഗവത് പ്രാപ്തിയും.

താൻ ശരീരമാണെന്ന മിഥ്യാധാരണയിൽ വർത്തിക്കുന്ന മനുഷ്യന് ശരീരഭാവനയുടെ ഫലമായി പല ധർമ്മങ്ങളും നിറവേറ്റേണ്ടി വരും പുത്രധർമ്മം, പിതൃധർമ്മം, ഗൃഹസ്ഥധർമ്മം, പൗരധർമ്മം എന്നിങ്ങനെ പല സങ്കൽപങ്ങളോടും ആഗ്രഹങ്ങളോടും സ്വാർത്ഥതാൽപര്യങ്ങളുടെ പരിവേഷത്തിലുമാണ് ഇവയോക്കെ നിർവഹിക്കുക. " സർവ്വധർമ്മാൻ പരിത്യജ്യ" ഈ ഭാവത്തെയാണ് ഭഗവാൻ പരിത്യജ്യ എന്ന് പറയുന്നത്. ധർമ്മനിർവഹണത്തിനുള്ള കർമ്മങ്ങൾ ചെയ്യാതെ പറ്റില്ല. പൂർവ്വജന്മവാസനക്കുള്ള കർമ്മങ്ങൾ ചെയ്തേ പറ്റൂ. അതു ഭഗവാൻ്റെ നിശ്ചയമാണെന്ന് കരുതി ഭക്തിയോട് കൂടി ഭഗവതാരാധനയാണെന്ന് കരുതി ഫലചിന്തകൂടാതെ ഞാൻ ചെയ്യുന്നു. എനിക്ക് വേണ്ടി എന്ന ഭാവം തീരെ ഉപേക്ഷിച്ച് ചെയ്യുക എന്നാൽ ഈ ജന്മത്തിന് കാരണമായ കർമ്മവാസനകൾ ഉണ്ടാകില്ല. പുനർജന്മത്തിന് കാരണമായ കർമ്മവാസകൾ ഉണ്ടാകില്ല. പുനർ ജന്മങ്ങൾ ഭക്തിയും ജ്ഞാനവും വൈരാഗ്യവും ഉറപ്പിച്ച് ആ ബോധത്തോട് കൂടി ആനന്ദസ്വരൂപനായ ഭഗവാനിൽ ലയിക്കും.

മഹാവാക്യങ്ങൾ

  • അഹം ബ്രഹ്മാസ്മി (യജുര്‍വ്വേദം)
  • തത്ത്വമസി (സാമവേദം) 
  • അയമാത്മബ്രഹ്മ (അഥര്‍വ്വ വേദം) 
  • പ്രജ്ഞാനം ബ്രഹ്മ (ഋഗ്വേദം)

ഈ ജന്മം ഉണ്ടെന്നു കരുതുന്നിടത്തോളം, പുനർജന്മവും ഉണ്ടാവും. ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രപഞ്ചാനുഭവം മിഥ്യ ആണെങ്കിൽ (ബ്രഹ്മ സത്യം ജഗത് മിഥ്യ) പിന്നെ ഏതു പുനർജ്ജന്മം? ജന്മം അഥവാ ലോകാനുഭവം വെറും സങ്കല്പാനുഭവമാണ്.

ഇനിയും ജന്മങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ, ഈ ജന്മം തന്നെ ഉണ്ടായിട്ടില്ലാ എന്ന് തത്വ വിചാരം ചെയ്ത് ഉറപ്പ് വരുത്തണം. അതല്ലേ സത്യം. ഞാൻ ജനിച്ചിട്ടേ ഇല്ല, അഖണ്ഡ ബോധ രൂപനായ ഞാൻ ജനിക്കുന്നവനോ മരിക്കുന്നവനോ അല്ല. പിന്നെ അനുഭവിക്കുന്നതോ? അത് ഞാൻ എന്ന ബോധത്തിൽ ഒരു സ്വപ്നം കണക്കെ പൊന്തിയ ഭ്രമാനുഭവമാണ്. ബോധ സ്വരൂപനായ ഞാൻ ഒരു മനുഷ്യനായി ജനിച്ചു എന്ന് വെറുതേ തോന്നുന്നു. അങ്ങനെ സംഭവിച്ചിട്ടേ ഇല്ല. അങ്ങനെ നോക്കുമ്പോൾ ഈ ജന്മം പോലും കള്ളം. പിന്നെ പുനര്ജന്മത്തിന് എന്ത് പ്രസക്തി? ഞാൻ ജനിച്ചിട്ടേ ഇല്ല, ഈ ജന്മം ഉണ്ടായിട്ടേ ഇല്ലെന്ന് ഉറപ്പിക്കുക.

ജന്തുക്കൾക്ക് മനുഷ്യജന്മം വളരെ ദുർലഭമാണെന്നും ഇപ്പോൾ ലഭിച്ച മനുഷ്യജന്മം പൂർവ്വജന്മത്തിൻ്റെ ഒരു തുടർച്ച മാത്രമാണെന്നും , പൂർവ്വജന്മത്തിലെ കർമ്മഫലം അനുഭവിക്കാൻ വേണ്ടിയാണ് ഈ ജന്മം സ്വീകരിച്ചത്. കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തുവെച്ച സുകൃതങ്ങൾ ഈ ജന്മത്തിലെ ഭാഗ്യോദയമായും പാപകർമ്മങ്ങളുടെ ഫലം രോഗങ്ങളും ദുരിതങ്ങളുമായി തീരുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കി ഇനിയൊരു ജന്മ ഉണ്ടാവാതിരിക്കാനും അഥവാ ജന്മം ലഭിക്കുകയാണെങ്കിൽ ഉൽകൃഷ്ട്നായി ജനിക്കാനുള്ള പുണ്യകർമ്മങ്ങൾ ആണ് നമ്മൾ ആചരിക്കേണ്ടത്. ഈ കർമ്മങ്ങൾ ശരീരം കൊണ്ട് ചെയ്യുന്നതിനേക്കാൾ സൂക്ഷമവും സൂക്ഷമതരവുമായ ഫലങ്ങൾ ആണ്. വാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്യുപ്പെടുന്നതിനുള്ളത് . ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇപ്പോഴല്ലെങ്കിൽ ഭാവിയിലോ വരും ജന്മത്തിലോ ജന്മങ്ങളിലോ അനുഭവിക്കേണ്ടിവരും. എന്ന ധാരണ എപ്പോഴും ഉണ്ടായിരിക്കണം ഇത്തരത്തിലുള്ള തത്ത്വബോധം മനസ്സിൽ ഉദിച്ചാൽ ഗൂഢതന്ത്രങ്ങൾ ആവിഷ്ക്കരിക്കാനോ പരദൂഷണം പറയാനോ വഞ്ചിക്കാനോ, മുതിരുകയില്ല. അതിനാൽ പുരശ്ചരണത്തിൻ്റെ ഭാഗമായി പൂജയും മന്ത്രജപവും തത്ത്വവിചാരവും ചെയ്തുകൊണ്ടിരിക്കണം.

അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.

മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.

സാംഖ്യ ദർശനം

പുരുഷൻ നിർഗ്ഗുണനും നിർവികാരനും ചേതനനും നിത്യനും അനേകനും ആണെന്നും, പ്രകൃതി സഗുണവും വികാരിയും ജഡവും നിത്യവും ഏകവുമാണെന്നും . പുരുഷന്റെ സംയോഗം നിമിത്തം ത്രിഗുണാത്മികയായ പ്രകൃതി മഹത്തത്വം അഹങ്കാരതത്വം തുടങ്ങി ഇരുപത്തിമൂന്നു തത്വങ്ങളായി പ്രപഞ്ചരൂപത്തിൽ പരിണമിച്ച് ആ പുരുഷനെ ബദ്ധനാക്കിത്തീർക്കുന്നു.എന്ന് യോഗശാസ്ത്രത്തി‍ൽ പ്രതിപാദിച്ചിരിക്കുന്നു.

ആസ്തിക ദ്വൈത ദർശനമാണ് സംഖ്യം. ബോധവും( ആത്മാവും ), പ്രകൃതിയും (വസ്തുവും ) ചേർന്നതാണ് പ്രപഞ്ചം എന്നാണ് സാംഖ്യ ദർശനം സമർത്ഥിക്കുന്നത്. വസ്തുവും ബോധവും കൂടിച്ചേരുമ്പോൾ ജീവൻ ഉണ്ടാകുന്നു
മൂന്ന് ഗുണങ്ങൾ ഉണ്ടെന്നു സാംഖ്യ സംഹിതകൾ പറയുന്നു . സത്ത്വ, രജസ്വ, താമസ എന്നിവയാണ് ഗുണങ്ങൾ .നന്മതിന്മകളെല്ലാം ഈ ഗുണങ്ങളുടെ വിതരണത്തിൽനിന്നാണുണ്ടാകുന്നത് ശ്വേതശ്വേതര ഉപനിഷത്തിൽ സംഖ്യ സിദ്ധാന്തത്തിന്റെ മൂല രൂപം ദർശിക്കാം .

ഭഗവത് ഗീതയുടെ ഒരധ്യായം തന്നെ സാംഖ്യ ദർശനത്തിന്റെ വിവരണത്തിനായി മാറ്റിവച്ചിരുന്നു. സംഖ്യാ സിദ്ധാന്ത പ്രകാരം കാരണം ഇല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല.  സൃഷ്ടിയുടെയും ,പ്രളയത്തിന്റെയും അനുസ്യുതമായ പ്രവാഹമാണ് കാണപ്പെടുന്ന പ്രപഞ്ചം .നിരന്തരമായ പരിണാമമാണ് പ്രപഞ്ചത്തിന്റെ തനതായ സ്വഭാവമെന്നും .ഈ പരിണാമത്തെയെല്ലാം ദർശിച്ചുകൊണ്ടു നിർഗുണനും നിരാകാരനുമായ പരമാത്മാവ് എല്ലായിടവും നിറഞ്ഞു നില്കുന്നു എന്നും സംഖ്യ സിദ്ധാന്തം സമർത്ഥിക്കുന്നു .ജീവികളിലുള്ള ആത്മാവും ,പ്രാപഞ്ചിക ആത്മാവും രണ്ടാണെന്നത് സാംഖ്യൻ മാർ പറയുന്നത് . 


കപില മുനിയാണ് സാംഖ്യ സിദ്ധാന്തത്തിന്റെ ആചാര്യനായി കരുതപ്പെടുന്നത് .വേദങ്ങളിൽ ഇദ്ദേഹത്തെ ഒരു ആചാര്യനായി വാഴ്ത്തുന്നു. പരമാത്മ സങ്കൽപം ഈശ്വര സങ്കല്പത്തിന് സമമാണെന്നുമല്ലെന്നും വാദിക്കുന്നവരുണ്ട് ..പരമാത്മാവാണ് ഈശ്വരൻ ,ഈശ്വരൻ തന്നെ പരമാത്മാവ് എന്ന ഒരു നിലപാടാണ് പല സംഖ്യാചാര്യന്മാരും സ്വീകരിച്ചിട്ടുള്ളത് .അതിപുരാതനമായ സാംഖ്യ ദർശന ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടുപോയി എന്നാണ് കരുതപ്പെടുന്നത് .ഈശ്വര കൃഷ്ണൻ രചിച്ച സാംഖ്യ കാരികയാണ് ഇപ്പോൾ ലഭ്യമായ പ്രമാണ ഗ്രന്ഥം

ജ്ഞാനം കർമ്മഫലത്തെ ഇല്ലാതാക്കുന്നു

ഇന്ദ്രീയങ്ങളെ അകത്തേക്ക് വലിച്ച് മനസ്സ് ഭഗവാനിൽ സമർപ്പിച്ചാൽ പിന്നെ ദേഹം ഉണ്ടാകില്ല .ദേഹദുഃഖം ഉണ്ടാകില്ല. കർമ്മം നിലനിൽക്കുന്നിടത്തോളം ജന്മവും വേണ്ടിവരും . ജന്മങ്ങളിലൊക്കെ ദുഃഖവും വേണ്ടി വരും. കർമ്മം ക്ഷയിക്കണമെങ്കിൽ അതിൽ നിന്നും ഉളവായ പുണ്യപാപങ്ങളും ക്ഷയിക്കണം. രണ്ടും അനുഭവിച്ചു തന്നെ തീരണം. പുണ്യത്തിന്റെ ഫലമായ സുഖാനുഭവങ്ങൾ ഉണ്ടാകുവാൻ വളരെ ശ്രദ്ധവേണം പുണ്യം കുറഞ്ഞു പോകുന്നതു മനസ്സിലാക്കി മനസ്സ് ഭഗവനിലേക്ക് അഭിമുഖമക്കുവാൻ പ്രയത്നിക്കണം. പാപത്തിന്റെ ഫലമായ ദുഃഖം അനുഭവിക്കുമ്പോൾ മനസ്സ് ഇത് തനിയെ ചെയ്തുകൊള്ളും. പ്രത്യേകിച്ച് ദുഃഖം ദുസ്സഹമാകുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് ഈശ്വരനിലേക്ക് തിരിയുന്നത് കാണാം. എന്നാൽ സുഖത്തിന് ദുസഹമെന്നൊരു അവസ്ഥയില്ല. വല്ലതെ വർദ്ധിക്കുമ്പോൾ നമ്മൾ നമ്മെ തന്നെ മറക്കുകയാണ് പതിവ്. അങ്ങനെ നമ്മുടെ ഉള്ളിലുള്ള ഭഗവാനെ മറന്നുകൊണ്ട് ജീവിക്കുന്നതിന്റെ ബാക്കിപത്രമെന്നോണം ദുസ്സഹമായ ദുഖം വന്ന് പിടികൂടും. . പുണ്യം ചെയ്ത് ചെയ്ത് സുഖം വർദ്ധിപ്പിച്ച് അനുഭവിക്കുമ്പോൾ വീണ്ടും വീണ്ടും പുണ്യം വർദ്ധിപ്പിക്കുവാൻ ചെയ്യുന്ന പരിശ്രമം കൊണ്ടുതന്നെപാപം ക്ഷയിക്കും. അനുഭവിക്കുന്ന ഒരോ സുഖാനുഭവങ്ങളും ഭഗവാൻ്റെ തൃപാദങ്ങളിലെ മാധുര്യമാണ് അനുഭവിക്കുന്നത് എന്ന ധ്യാന ഭാവം സുഖം അനുഭവിച്ചുകൊണ്ട് തന്നെ, വീണ്ടും പുണ്യം ചെയ്തുകൊണ്ടു തന്നെ പുണ്യം ക്ഷയിക്കും . അങ്ങനെ ദുഃഖം അനുഭവിക്കതെ പാപവും സുഖം നന്നായി അനുഭവിച്ചുകൊണ്ട് പുണ്യവും ക്ഷയിക്കുന്നു. പിന്നെ എവിടെ ശരീരം? മായ ആയതുകൊണ്ട് ശരീരം കണാനുണ്ടാവില്ല. മനസ്സ് ഭഗവാനിൽ ചുറ്റിക്കിടക്കുന്നുണ്ടാവും. പരമമായ ആനന്ദം അനുഭവിച്ചു കൊണ്ട് ഈ ഗൂഢമായ ആനന്ദം മറ്റാരും അറിയുന്നുണ്ടാവില്ല. ഇതുതന്നെ ഏകന്തമായ പ്രേമഭക്തി.അടുത്ത് നിൽക്കുമ്പോൾ ശരീരംകൊണ്ട് അലിഞ്ഞുചേരുക, അകന്നിരിക്കുമ്പോൾ മനസ്സുകൊണ്ട് ലയിച്ചുചേരുക, ശരീരമിങ്ങനെ അലിഞ്ഞ് ഇല്ലാതാകുന്ന അവസ്ഥ, മനസ്സ് ഇങ്ങനെ ലയിച്ച്ചേരുന്ന അവസ്ഥയാണ് ആനന്ദാനുഭൂതി

"ജ്ഞാനാഗ്നി സർവ്വകർമ്മാണി ഭസ്മാൽ കുരുതേ" പരമമായ ജ്ഞാനത്താൽ കർമ്മബീജം ഇല്ലാതകുന്നു. ഈ ജ്ഞാനമാകട്ടെ തപസ്സിലൂടെയും സ്വാധ്യായത്തിലൂടെയും നേടിയേടുക്കേണ്ടതാണ്. കലിയുഗത്തിൽ തപസ്സ് എന്നത് നാമജപവും മന്ത്രജപവും തന്നെയാകുന്നു. കേവലഭക്തിയുള്ളവർ നാമജപത്തിലൂടെയും ഗുരുപദേശം ലഭിച്ച സാധകൻ മന്ത്രജപത്തിലൂടെയും തന്നെയാണ് ജ്ഞാനം നേടേണ്ടത്. സ്വാധ്യായം എന്നാൽ വേദപഠനം തന്നെയാകുന്നു. വേദങ്ങളോ വേദാംഗ വേദതത്വം ഉൾക്കൊള്ളുന്ന മറ്റുങ്ങളോ ഗ്രന്ഥങ്ങളോ ദിവസേന വയിച്ചാൽ അതിലൂടെ ജ്ഞാനം ഉദിക്കുവാനുള്ള ചിത്തസംസ്ക്കാരം കൈവരിക്കുന്നു. പരമമായ ജ്ഞാനം ലഭിച്ചാൽ മാത്രമേ കർമ്മബീജത്തെ ഇല്ലായമചെയ്യാൻ സാധിക്കുകയുള്ളൂ. നിർമ്മലമായ ജലാശയത്തിൽ സൂര്യമണ്ഡലം പ്രതിബിംബിക്കുന്നതുപോലെ സ്വാദ്ധ്യായം കൊണ്ട് മനോനൈർമല്യം സംഭവിച്ചാൽ അവിടെ ജ്ഞാനദീപം പ്രത്യക്ഷപ്പെടുന്നു.

ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമ കർമ്മം സാധാകരണക്കാർക്ക എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം .....

ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുലപ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വം ഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ്ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടിവരും. .....

ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനം കൊണ്ടതു നശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായി തീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതി മോക്ഷവും.

സാധാരണയായി ഒരു മനുഷ്യൻ്റെ അനുഭവങ്ങൾ ജാഗ്രദ്, സ്വപ്നം, സുഷുപ്തി എന്നി മൂന്ന് അവസ്ഥകളിലാണ് നിലകൊള്ളുന്നത്.
1 - ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതുപോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം 

ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മ ജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരുസ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ് കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം

ജാഗ്രദാവസ്ഥയിൽ ഉണർന്നിരിക്കുമ്പോൾ പുറമെ കാണുന്ന സ്ഥൂലവസ്ഥയിലുള്ളവയെ അനുഭവിച്ച് മനസ്സിൻ്റെ നിയന്ത്രണത്തിൽ ഇന്ദ്രിയങ്ങളെ വ്യാപിപ്പിച്ച് വിരാജിക്കുന്ന ജീവഭാവത്തെ വിശ്വൻ എന്ന് പറയുന്നു. ജീവൻ്റെ മാത്രം കാര്യമായതിനാൽ ഇത് വൃഷ്ടിരൂപം എന്നാൽ ജഗത്തിൻ്റെ മുഴുവൻ നോക്കുമ്പോൾ, സമഷ്ടി ഭാവത്തിൽ ആ ഭഗവത് ശക്തിവിശേഷം. വിരാട് സ്വരൂപൻ എന്നറിയപ്പെടുന്നു. സ്വപ്നാവസ്ഥയിലാവട്ടെ സൂഷ്മഭാവത്തിൽ മനസ്സിനെ തൈജസീഭവിച്ച് സ്ഥൂലപ്രപഞ്ചത്തെക്കാൾ ബൃഹത്തായ സൂക്ഷമപ്രപഞ്ചത്തിൽ വിഹരിച്ചുകൊണ്ടിരിക്കുന്ന ജീവഭാവം വൃഷ്ടിയിൽ 'തൈജസനെന്നും" സമഷ്ടിയിൽ ഹിരണ്യഗർഭനെന്നും പറയപ്പെടുന്നു. എന്നാൽ കാരണഭാവമായ സുഷുപ്തിയിൽ ജാഗ്രത്തും സ്വപ്നവുമല്ലാത്ത അതി സുഖകരമായ സമയത്ത് എല്ലാ കാറരണങ്ങളും അടങ്ങി പ്രാജ്ഞാവസ്ഥയിൽ നിൽക്കുമ്പോൾ ജീവഭാവത്തെ പ്രാജ്ഞൻ എന്നും സമഷ്ടിയിലെ മഹൽഭാവത്തിൽ ഈശ്വരൻ എന്നും ശ്രുതി കീർത്തിക്കുന്നു. ..... പറയപ്പെട്ട ഈ ഭാവങ്ങളെ ഉപാസനയിൽ അനുഭവിച്ചറിഞ്ഞ് അവയുടെ വ്യർത്ഥതയും നിരാർത്ഥകതയും ബോദ്ധ്യമായി ജഡാസ്വരൂപവും നാശപരിണാമവിധേയത്വവും തിരിച്ചറിഞ്ഞ് ജീവഭാവങ്ങളെ അതിക്രമിച്ച് ഇവയ്ക്കൊക്കെ സാക്ഷിയായി വിളങ്ങുന്ന ആത്മസ്വരൂപത്തെ തുരിയാവസ്ഥയിൽ ദർശിക്കുന്ന സാധകൻ തൻ്റെ ശരിയായ സ്വരൂപത്തെ നിധിദ്ധ്യാസത്തിൽ കൂടി ബോധിച്ച് നിതാന്തസുഖ സന്തോഷമാകുന്ന സച്ചിദാനന്ദ സ്വരൂപത്തെ പ്രാപിക്കുന്നു.

വൈദികദർശനങ്ങൾ

ഈ ശരീരം നശ്വരമാണ് , ശാശ്വതമായ ധർമ്മവും അതിനുള്ള മാർഗ്ഗവും എന്തായിരിക്കും? മേല്പോട്ട് നോക്കിയാകൽ അന്തരീക്ഷവും അവിടെ സൂര്യാദികളായ ജ്യോതിർമയഗോളങ്ങളും , , കീഴ്പോട്ട്നോക്കിയാൽ ഭൂമി പർവ്വതം നദി സമുദ്രം വനം മുതലായവയും കാണുന്നു. ഇവയെല്ലാം പ്രത്യക്ഷത്തിൽ കാണാവുന്നതിനാൽ ദൃശ്യമാകുന്നു.
ഇതു തന്നെ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന് നാഥാൻ ആരാണ്? ഇത് എവിടെ നിന്ന് ആവിർഭവിച്ചു.? എവിടെ ചെന്ന് ലയിക്കുന്നു? ഇതിന് കർത്താവ് ആരെങ്കിലും ഉണ്ട്? ഉണ്ടെങ്കിൽ ആ കർത്താവിൻ്റെ രൂപം എന്താണ്? ഗുണം എന്താണ്?
പ്രകൃതി എന്താണ്? കർത്തവിനെ അറിയാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ ഏവ? എന്നിവിധല്ലാമായിരുന്നു പണ്ടുള്ള മഹാന്മാരുടെ പര്യാലോചന , ഈ ചോദ്യങ്ങൾക്ക് ശരിയായ മറുപടി കിട്ടത്തക്ക തത്ത്വങ്ങൾ ദർശിക്കാനായി അവരിൽ പലരും ഉദ്യമിച്ചു ഈ വക ഉദ്യമങ്ങളുടെ ഫലമാണ് ഇന്ന് ഈ കാണുന്ന ദശനങ്ങൾ. ഇങ്ങനെയുള്ള ഉദ്യമത്തിൽ ചിലർ പ്രഥ്വി, ആപ് തേജസ്സ് വായു ആകാശം എന്നി പഞ്ചഭൂതകാമായ ഭൗതിക പ്രപഞ്ചത്തെയും , മറ്റുള്ളവർ ഈ വക ഭൂതങ്ങൾക്ക് അധിഷ്ഠാനമായ് പ്രകൃതിയെയും ദേവന്മാരെയും, മൂന്നാമത്തെ ചിലർ ധർമ്മത്തെയും അതീതമായ് ആത്മാവിനെയും.ലക്ഷ്യമാക്കികൊണ്ടാണ് പരീക്ഷണങ്ങൾ പ്രധാനമായി തുടങ്ങിയത്. അതിനാൽ ആദിഭൗതികം ആദിദൈവികം ആദ്ധ്യത്മികം എന്ന രീതിയി ആ ഉദ്യമങ്ങൾ പ്രധാന ശാഖകൾ ആയി തീർന്നു. എന്നാൽ എല്ലാവരും ഒടുവിൽ ദുഃഖമോചനം എന്ന മുഖ്യ പുരുഷാർത്ഥത്തിൽ തന്നെ എത്തിചേരുന്നുമുണ്ട്. പ്രാപമായ സ്ഥാനം ഒന്നു തന്നെയാണെങ്കിലും രുചിഭേദം നിമിത്തം മാർഗ്ഗ അനേകമായിരുന്നതുകൊണ്ടാണ് ദർശനങ്ങൾ ഒന്നിലധികം ആയത്. ഒരു പട്ടണത്തിലേക്ക് പോകാൻ പല പാതകളും ഉണ്ടാകുന്നത് സ്വഭാവികമാണല്ലോ.

ആ വക ദർശനങ്ങൾ ... വിശേഷികം- ന്യായം , സാംഖ്യം-യോഗം, മീമാംസ - വേദാന്തം, എന്നിങ്ങനെ രണ്ട വിഭാഗങ്ങൾ അടങ്ങിയ മൂന്നണ്ണമാകുന്നു. .ഇവയെ വൈദികദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവക്കു പുറമേ ചാർവകം ജൈനം ബൗദ്ധം എന്നിങ്ങനെ അവൈദികങ്ങളായ ദർശനങ്ങൾ ഉണ്ട്.

വെശേഷികം- പ്രത്യക്ഷം അനുമാനം(ഊഹം) എന്നി പ്രമാണങ്ങൾ കൊണ്ടും ന്യായം പ്രത്യക്ഷ അനുമാനങ്ങൾക്കും പുറമേ കൂടുതലായി ആഗമം( വേദാന്തി വചനം) ഉപമാനം എന്നി പ്രമണങ്ങൾ കൊണ്ടും , കാര്യകാരണഭാവങ്ങൾ കാണിച്ച് നശ്വരമായ ശരീരം മുതൽ പരമാത്മാവ് വരെയുള്ള തത്ത്വത്തെ വിശദമാക്കുന്നു.

സാങ്ഖ്യം - പ്രകൃതി ( അതാതിലുള്ള സ്വഭാവിക ശക്തി) യാണ് സകലതും നടത്തുന്നതെന്നും , പുരുഷൻ സാക്ഷി മാത്രമായി പ്രകൃതിയിൽ ലയിച്ചു നിൽക്കുന്നതേയുള്ളൂ എന്നും, ഉള്ള തത്ത്വത്തെ കാണിച്ച് പ്രകൃതിപുരുഷ വിവേകം കൊണ്ടുള്ള ജ്ഞാനത്തെ സാധ്യമായി ഉപദേശിക്കുന്നു.

യോഗം - യമം നിയമം ആസനം പ്രാണായമം പ്രത്യാഹരം ധാരണം ധ്യാനം സമാധി എന്നീ അഷ്ടാംഗങ്ങൾ പരിശീലിപ്പിച്ച് ചിത്തശുദ്ധി വരുത്തി ഈശ്വരസാക്ഷത് ക്കാരം അനുഭവിച്ച് ആനന്ദിക്കാനുള്ള തത്വത്തെ സ്പഷ്ട്പ്പെടുത്തുന്നു.

മീമാംസ - കർമ്മം കൊണ്ടാണ് സകലതും നടക്കുന്നതെന്നും , കർമ്മമാണ് വിവിധ ജന്മത്തിനും സുഖദുഃഖദികൾക്ക് ഹേതുവെന്നും ഈശ്വരാദികൾ പോലും കർമ്മ ശക്തിയെ തടയുവാൻ ശക്തരല്ലെന്നും ഉത്തമമായ കർമ്മം തന്നെ പരമ ധർമ്മം എന്നും കർമ്മം തന്നെ നിത്യസുഖാനുഭവമുള്ള ലോകത്തിലെത്തിച്ച് മുക്തി നൽക്കുന്നതെന്നും മാർഗദർശനം ചെയ്യുന്നു.

വേദാന്തം - കർമ്മത്തിൻ്റെ ഫലമായി പരിശുദ്ധമായ അന്തഃരംഗത്തിൽ പരമാജ്ഞാനം ഉണ്ടായി ബന്ധഹേതുവായ വാസന പോലും മാഞ്ഞ് മനുഷ്യൻ നിത്യമുക്തനായി ഭവിക്കുന്ന നിലയെ (വേദത്തിൻ്റെ അന്തത്തിലുള്ള ഉപനിഷത്തുകളെ അനുസരിച്ച് പ്രകാശിപ്പിക്കുന്നു.

നശ്വരമായ സ്ഥൂലശരീരവും മനസ്സാകുന്ന സൂക്ഷമശരീരവും അതിന് കല്പന നൽകുന്ന ബുദ്ധിയും ആ ബുദ്ധിക്ക് ചൈതന്യം ഉളവാകുന്ന ജീവനും ആ ജീവന് കർമ്മം നിമിത്തം നേരിടുന്ന ദുഃഖം അകറ്റി സുഖം കൊടുക്കാനുള്ള സർവ്വേശ്വരനും ഏതെല്ലാം രീതിയിലാണ് അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും ആ സർവ്വേശ്വരൻ്റെ സന്നിധിയിലെത്തി ഉത്തമമായ ജ്ഞാനം താൻ തന്നെ സർവ്വേശ്വരനായി തീർന്ന് ശാശ്വതമായ സുഖലഹരിയിൽ ആറാടി കൈവല്ല്യം പ്രാപിക്കുന്നത് എങ്ങിനെയെന്നും ഉള്ള തത്ത്വങ്ങളാണ് വൈദികദർശനങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്....

യോഗദൃഷ്ടജ്ഞാനം

മനുഷ്യൻറെ ബോധതലത്തിന് നാല് അവസ്ഥകളുണ്ട്.
1സുഷുപ്തി (Deep Sleep) - (ഗാഢനിദ്ര ..Unconsciousness അബോധാവസ്ഥ) .
2സ്വപ്നം (Dream ഉപബോധാവസ്ഥ Sub-consciousness )
3ജാഗ്രത് (State of being Wake ഉണർവ്..Consciousness- ബോധാവസ്ഥ)
4തുരീയം ( അതീതബോധം Super-consciousness )

എന്നാണ് മനുഷ്യൻറെ ബോധത്തിൻറെ ക്രമങ്ങൾ.
സമാധിപൂർവ്വമായ ബോധത്തിൻറെ അവസ്ഥയാണ് തുരീയം...തുരീയാവസ്ഥയിലുള്ള ബോധത്തിനാണ് അതീതബോധം (Super-consciousness) എന്നു പറയുന്നത്..ആ തുരീയാവസ്ഥയിൽ ലഭ്യമായ അറിവാണ് യോഗദൃഷ്ടം. സമക്ഷജ്ഞാനത്തേക്കാൾ (കൺമുന്നിൽ കാണുന്നതിനേക്കാൾ) യോഗദൃഷ്ടമായ ജ്ഞാനത്തിന് മുൻതൂക്കം കൊടുക്കുന്നത് യോഗദൃഷ്ടമായ അറിവിൻറെ പ്രാധാന്യത്തെ കാണിക്കുന്നു.

കാതി ദേവാഃ യാജ്ഞവൽക്യഃ ( എത്ര ദൈവമുണ്ട് യാജ്ഞവൽക്യാ )എന്ന ചോദ്യത്തിനു ,“ഒന്നേ ഒന്ന്- അത് പ്രാണൻ” ആ പ്രാണൻ ബോധമാണ് അനന്താവബോധം ..അത് ജ്ഞാനം രൂപമായുള്ള ഈശ്വരനാണ്...ശുദ്ധമായ അറിവ്..

ഉപനിഷത്തിലും പുരാണത്തിലും ബ്രഹ്മസൂത്രത്തിലും യോഗദൃഷ്ടമായ അറിവിനെ കണക്കാക്കുന്നതു കാണുമ്പോൾ അതിശയംതോന്നുന്നു..വാദിഭാഗത്തിനും പ്രതിപക്ഷഭാഗത്തിനും യോഗദൃഷ്ടമെന്നു പറഞ്ഞാൽ പിന്നെ തർക്കമേ ഇല്ല. ഭാരതീയ ഷഢ്ദർശനത്തിലെ ആസ്തിക പക്ഷവും നാസ്തികപക്ഷവും ഒരു പോലെ അത്തരമുള്ള അറിവിനെയും തെളിവിനെയും തർക്കമില്ലാതെ അംഗീകരിക്കുന്നു...ഈ അറിവ് ദൈവത്തിൻറെ കളിയല്ല..എന്നത് കൂടുതൽ വ്യക്തമാക്കട്ടെ..മനസ്സിൻറെ ഉന്നതമായ ഒരു അവസ്ഥതന്നെ..അതുകൊണ്ടാണ് വൈശേഷികാചാര്യർ (കണാദൻ) പതഞ്ജലി തുടങ്ങിയ വരും അതിനെ അംഗീകരിക്കുന്നത്..

(അവർ നാസ്തികരെന്നു പറഞ്ഞാൻ ഇപ്പോഴത്തെ യുക്തിവാദികളല്ല. ..വേദാന്തികളുടെ വാദങ്ങളെ അംഗീകരിക്കാത്തവർ എന്നുമാത്രമേ അർത്ഥമുള്ളൂ..ചില മതക്കാർ അവരുടെ മതത്തെ വിശ്വസിക്കാത്തവരെ അവിശ്വാസികൾ എന്നു പറയുമ്പോലെ)...അത് നാസ്തിക പക്ഷം നേടിയ ജ്ഞാനവും തുരീയദത്തമായ യോഗദൃഷ്ടജ്ഞാനം തന്നെ...

ഇപ്പോൾ ഇതെന്തെന്ന് എന്ന് നമ്മുടെ നാട്ടുകാർക്ക് അറിയാനേ വയ്യ...ആർഷമായ എല്ലാ ജ്ഞാനങ്ങളും ഗണിതം ,ആയൂർവ്വേദം, വ്യാകരണം,വാസ്തു,എന്നുവേണ്ട എല്ലാ പുരാതനജ്ഞാനവും ഇതുവഴി വന്നത് തന്നെ..

കൂട്ടുകാർക്കു മനസ്സിലാകാൻ ചില ഉദാഹരണങ്ങൾ. .ഭാരതീയജ്ഞാനത്തിൽ ലോകം മുഴുവൻ അംഗീകരിച്ചതാണല്ലോ ആയൂർവ്വേദം (അലോപ്പതിയുടെ പിതാവ് ഹിപ്പോക്രറ്റസ് 120 പ്രാവശ്യം ആയൂർവ്വേദത്തെയും ധന്വന്ത്വരിയെയും ചരകനെയും ഉദ്ധരിക്കുന്നുണ്ട്.. (സായിപ്പ് പറഞ്ഞെങ്കിലേ നമ്മൾ അംഗീകരിക്കുകയുള്ളല്ലോ) അപ്രകാരം സങ്കീർണ്ണമായ അറിവുകൾ എങ്ങനെ ഭാരതീയർ നേടി ?അതാണ് തുരീയജ്ഞാനത്തിൻറെ സിദ്ധികൾ..

യോഗദൃഷ്ടമായ അറിവിൻറെ മാഹാത്മ്യം..! .ഇപ്പോൾ തന്നെ കാട്ടിൽ മരുന്നു പറിക്കാൻചെല്ലുന്ന ഒരു മനുഷ്യന് സാദൃശ്യം കൊണ്ടും വൈവിദ്ധ്യംകൊണ്ടും എത്രയധികം സസ്യജാലങ്ങളാണ്...അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് എങ്ങനെ മനസ്സിലാകും മനസ്സിലായാൽ തന്നെ അവയെ എങ്ങനെ കാട്ടിൽ തിരിച്ചറിയും..?ഓരോ മരുന്നിനുമുള്ളഗുണം പോലെ അവയുടെ ദോഷത്തെ ഇല്ലാതാക്കുന്ന പ്രതിവിധിയായുള്ള മരുന്നിനെ എങ്ങനെതിരിച്ചറിയും...? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഒരു പതിനായിരം കൊല്ലങ്ങൾക്കുമുമ്പ് കഥ എങ്ങനെയാകും...മാത്രമല്ല ഓരോ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും , അവയെ ചികിത്സിക്കാനുള്ള മുറകളും ഇന്നത്തെക്കാൾ ജനസംഖ്യ വളരെ കുറഞ്ഞകാലത്ത് എങ്ങനെ സാധ്യമാകും?അന്നുള്ള ജനത്തിനു മുഴുവൻ ആയൂവേദത്തിൽ പറയുന്ന മുഴുവൻ രോഗങ്ങളും വന്നു ചികിത്സചെയ്തു തെളിയിക്കാനുള്ള സാധ്യത എങ്ങനെ. ആയൂർവ്വേദം മാത്രമല്ല,തർക്കം,വ്യാകരണം,സാമ്പത്തികശാസ്ത്രം , വാസ്തുവിദ്യ, കാമശാസ്ത്രം, ജ്യോതിഷം, ഗണിതം എല്ലാം ഇപ്രകാരമുള്ള അറിവുതന്നെ..

അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാശ്ചാത്യർ കണക്കാക്കുന്ന ജോൺ ഡാൽട്ടൺ (1766-1844) 1803 ൽ മാത്രമാണ്..... അണുസിദ്ധാന്തം ആവിഷ്ക്കരിക്കുന്നത്. അതുവരെ ഈ അറിവ് പാശ്ചാത്യർക്ക് അന്യമായിരുന്നു........ഈ കണമെന്നും ആറ്റമെന്നും പരസ്പരം പര്യായമെന്ന പോലെയാണ് കണാദമഹർഷി പറയുന്നത്...അല്ലാതെ അബദ്ധം പറ്റി പറയുന്നതോ, പറഞ്ഞ്, സംഘികൾ അങ്ങനെ ആക്കുന്നതോ അല്ല. ഈ അറിവുകൾ 2500 കൊല്ലങ്ങൾക്കുമുമ്പ് എങ്ങനെയുണ്ടായി....

ആകാശവും ഭൂമിയും രാത്രിയുംപകലും എല്ലാംഉണ്ടാക്കിയിട്ട മൂന്നാമത്തെ ദിവസം രാത്രിയുംപകലും തിരിച്ചറിയാൻ വേണ്ടി സൂര്യനെയും ചന്ദ്രനെയും ആകാശത്ത് സ്ഥാപിച്ചുവെന്നു വിശ്വസിക്കുന്നകാലത്ത് (അവർ ഇപ്പോഴും അപ്രകാരം തന്നെ വിശ്വസിക്കുന്നു..) ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നു നിശ്ചയില്ലാത്ത കാലത്ത് ഭൂമിയുടെ ചുറ്റളവും ഗുരുത്വാകർഷണബലവും , സൂര്യഗ്രഹണവും , ചന്ദ്രഗ്രഹണവും ഒരു സെക്കൻറ് പോലും വ്യത്യാസമില്ലാതെ മനസ്സിലാക്കാനും ഭാരതീയർക്കു കഴിഞ്ഞു. കൂടാതെ, ഈ ഭൂമി സൌരയൂഥത്തിലെ അംഗമാണെന്നും അത് ആാകാശഗംഗ(മിൽക്കിവേ)യിലുൾപ്പെടുന്നുവെന്നും അത്തരം അനന്തകോടി ആകാശഗംഗകൾ (ഗാലക്സികൾ) ഉൾപ്പെടുന്നതെന്നും ഭാരതീയർ കണ്ടെത്തി. ഇതാണ് ഭാരതീയർ സ്ഥൂലപ്രപഞ്ചം (Macrocosm) എന്നു പറയുന്നത്.അതിന് അണ്ഢാകൃതിയാണെന്നും നമ്മുടെ പൂർവ്വീകർ കണ്ടെത്തി..

"egg-shaped cosmos" comes from some of the Sanskrit scriptures. The Sanskrit term for it is Brahmanda (ब्रह्माण्ड) which is derived from two words- 'Brahm' (ब्रह्म) means 'cosmos' or 'expanding' and 'anda' (अण्ड) means 'egg'. Certain Puranas such as the Brahmanda Purana speak of this in detail. (വിക്കിപ്പീഡിയ)

അണ്ഡം എന്നാൽ മുട്ട എന്നർത്ഥം.ബ്രഹ്മമാകുന്ന അണ്ഡം,അഖിലാണ്ഡം,അണ്ഡകടാഹം ഇതിലെല്ലാം ഉള്ള അണ്ഡങ്ങൾ,ഈ അണ്ഡശബ്ദം യാദൃശ്ചികമായി വന്നതല്ല എന്നു സ്പഷ്ടം. ബ്രഹ്മമാകുന്ന അണ്ഡം അണ്ഡത്തിൻറെ ആകൃതിയിലാണ് ഈ മഹാപ്രപഞ്ചം അതെങ്ങനെ പുരാതന ഭാരതീയനു മനസ്സിലായി.. …

അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ
സ്ഥിതാനി ഏതാദൃശാനി അനന്തകോടി
ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി

നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും
ഇതേ പോലുള്ള അനന്തകോടി[അന്തമില്ലാത്ത കോടികൾ..എണ്ണാൻകഴിയാത്തത് എന്നർത്ഥം]
ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. (മഹാനാരായണോപനിഷത്ത്)

ജഗദ്ഗുഞ്ജാ സഹസ്രാണി യഥാസംഖ്യാന്യണാവണൌ
അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തൽ

അണ്ഡത്തിൻറെ ആകൃതിയിലാണ് ബ്രഹ്മം –പ്രപഞ്ചം എന്നു നാസ കണ്ടെത്തിയത് ഈ കഴിഞ്ഞ വർഷം (2015-ൽ) മാത്രമാണ്—എന്നതും ഓർക്കുക ഇനി സൂക്ഷ്മപ്രപഞ്ചം (Microcosm) ഓരോ അണുവിലും അനന്തമായ സൂക്ഷ്മ കണങ്ങൾ പ്രപഞ്ചംപോലെ ഗുഹ്യമായി നിലനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു...ഇതൊന്നും പുളുവല്ല...(ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുക്കൾ പരസ്പരം തൊടാതെ വർത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം) ഇതെങ്ങനെ പതിനായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരത്തിലെ ഋഷികൾ കണ്ടെത്തി....അതാണ് തുരീയജ്ഞാനം...യോഗദൃഷ്ടമായ ജ്ഞാനം..

3 comments: