Thursday 22 February 2018

വിവാഹ സംസ്ക്കാരം

ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്

വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു.

കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്.

ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ട പ്രയോജനം.

സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു.

യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.

ബ്രാഹ്മം വിധി പ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.

ദൈവവിവാഹം വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൻ പണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.

ആർഷം വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു

പ്രജാപത്യം ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,

ആസുരം വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.

ഗാന്ധർവ്വം വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.

രാക്ഷസം ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.

പൈശാചികം ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
"ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ .
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ..
"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.
'കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കാം
സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു.
ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക.
ആര്യമാ സവിതാ ദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി. ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്.
അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.

ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നു ഉണ്ട്
ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻ പോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹ സംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു.

സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.

വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം.

വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.

വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.

ഇങ്ങനെ സംസ്കാര കർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം

വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.

ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥ പ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു

ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു.

ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.

ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവ രൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദി സൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.

ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.

ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.

സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം.

പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.

ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.

ബ്രഹ്മയജ്ഞം

വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം

പിതൃയജ്ഞം

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.

നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.

"മാതൃദേവോഭവ പിതൃദേവോഭവ, ആചാര്യദേവോ ഭവ"

എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.

"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"

ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്

ദേവയജ്ഞം

ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

നൃയജ്ഞം

വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.

ഭൂത യജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.

കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

No comments:

Post a Comment