Thursday 31 May 2018

പുരാണ കഥകൾ

വിശ്വാമിത്രൻ


അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ.
ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.
മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം.
ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്‍മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം.
വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്?
ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത്.
മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു, എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ളവരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു. വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം..

മഹാഭാരത കഥയിലെ സർപ്പകഥകൾ


കശ്യപ പത്നി ആയിരുന്ന കദ്രുവിന് സപത്നി ആയിരുന്ന വനിതയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ചതി പ്രയോഗം നടത്തുവാൻ മക്കളായ സർപ്പങ്ങളോട് ആവശ്യപ്പെടുകയും അതിൽ വിമുഖത പ്രകടിപ്പിച്ച മക്കൾ തീയിൽ വെന്തു മരിക്കുകയും ചെയ്യും എന്ന് ശപിക്കുകയും ചെയ്തു.
പിന്നീട് ഒരു കാലത്തു ഈ ശാപത്തിൽ നിന്നും മോചനം നേടുവാൻ എന്താണ് മാർഗ്ഗം എന്ന് സർപ്പ സഹോഹരങ്ങൾ കൂടി ഇരുന്നു ആലോചിക്കുക ഉണ്ടായി.
പാണ്ഡവരിൽ അർജ്ജുനന് ഉത്തരയിൽ ജനിക്കുന്ന പരീക്ഷത്തു രാജാവിനെ കദ്രു പുത്രൻ ആയ തക്ഷകൻ ദംശിക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യും എന്നും, പരീക്ഷത്തു രാജാവിന്റെ മകനായ ജനമേജയൻ അതിനു പകരം വീട്ടുവാൻ ആയി തക്ഷശിലയിൽ സർപ്പ സത്ര യാഗം നടത്തുകയും അതിൽ വീണു മരിക്കാൻ ആണ് ഇവരുടെ യോഗം എന്നും അവർ മനസ്സിലാക്കി.
അതിൽ നിന്നും രക്ഷപെടുവാൻ എന്താണ് മാർഗ്ഗം എന്നാണു അവർ കൂടി ആലോചിച്ചു കൊണ്ട് ഇരുന്നത്. യാഗം മുടക്കുവാൻ വേണ്ട നിരവധി മാർഗ്ഗങ്ങൾ അവർ ആലോചിച്ചു, എന്നാൽ ഇനിയും പാപം ചെയ്യണ്ട എന്നായിരുന്നു, മുതിർന്നവരുടെ അഭിപ്രായം. അപ്പോൾ അവരിൽ ഒരാൾ ആയ ഏലാപുത്രൻ പറഞ്ഞു.
മാതാവിന്റെ ശാപം കേട്ട് ഭയന്ന ഞാൻ അവരുടെ മടിയിൽ തന്നെ ഭയന്ന് ചുരുണ്ടു കൂടി കിടന്നു. അപ്പോൾ ദേവകൾ ബ്രഹ്മദേവനോട് ചോദിക്കുന്നത് കേട്ടൂ,
" ഭവാൻ ലോകത്തിലെ എല്ലാ ശാപങ്ങൾക്കും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല, എന്നിട്ടും അങ്ങ് ഈ ശാപത്തിനു മൗന അനുവാദം കൊടുത്ത് എന്ത് കൊണ്ട് ആണ്??? "
ബ്രഹ്‌മാവ്‌ മറുപടി നൽകി: വിഷവും ക്രൗര്യവും കൊണ്ട് ദുഷ്ടുള്ള പാമ്പുകൾ അനേകം ഉണ്ട്, പ്രജാക്ഷേമത്തിനു വേണ്ടി ഞാൻ ആണ് ഞാൻ ആ ശാപം തടയാഞ്ഞതു, ധർമ്മിഷ്ഠർ ആയ നാഗങ്ങൾ രക്ഷപെടും, ക്രൂരരായ നാഗങ്ങൾ കൊല്ലപ്പെടും.
ചിന്തിക്കേണ്ടത് : ലോകത്തു ഏതൊരു ശാപത്തിനും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല എന്നുള്ളത് ഇന്ന് ഇന്നത്തെ തലമുറ അറിയുന്നില്ല എന്ന് വേണം കരുതുവാൻ. സുഖസൗകര്യങ്ങൾക്കു പിന്നാലെ പായുമ്പോൾ മാതാപിതാക്കളെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന തലമുറ ആണ് ഇന്നുള്ളത്.മാതാവിന്റെ മനസ്സിൽ നിന്നും ഉത്ഭവിക്കുന്ന താപം, വിഷമം എല്ലാം ശാപങ്ങളുടെ ഫലം തരും എന്ന് ഇന്നത്തെ തലമുറ മറക്കുന്നു അല്ലങ്കിൽ അറിയുന്നില്ല. നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുക മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിക്കുന്നവരെയും അവരെ പൊന്നു പോലെ സംരക്ഷിക്കുന്നവരെയും ഒന്ന് താരതമ്യം ചെയ്തു നോക്കുക, ഈ കഥയിൽ പറഞ്ഞിരിക്കുന്നതിന്റെ സാരാംശം നിങ്ങള്ക്ക് മനസ്സിലാക്കുവാൻ സാധിക്കും,
മറ്റൊന്ന് കൂടി ഉണ്ട്, ഇവിടെ സർപ്പങ്ങൾ എന്ന് പറയുമ്പോൾ അത് പാമ്പിനെ മാത്രമായി കരുതി ചുരുക്കേണ്ടത് ഇല്ല, ധർമ്മം വെടിഞ്ഞു ജീവിക്കുന്നവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.

Necessity is the mother of invention

ഒരിക്കല്‍ ഒരു രാജാവ് തന്റെ അയല്‍രാജ്യത്ത് സൌഹൃദ സന്ദര്‍ശനം നടത്തി.
അയല്‍ രാജ്യത്തെ രാജാവ് നമ്മുടെ രാജാവിനെ രണ്ടു നല്ല പഞ്ചവര്‍ണ്ണ തത്തകളെ സമ്മാനമായി നല്‍കി.
തിരികെ എത്തിയ രാജാവ് ഉദ്യാനത്തില്‍ രണ്ടു തത്തകള്‍ക്കും വേണ്ടി സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു, എന്ന് മാത്രമല്ല രണ്ടു തത്തകളെയും പരിശീലിപ്പിക്കുന്നത് പരിശീലകനെയും നിയമിച്ചു.
കുറച്ചു നാളുകള്‍ക്ക് ശേഷം പരിശീലകന്‍ രാജാവിനോട് വന്നു പറഞ്ഞു,
രാജന്‍ തത്തകളില്‍ ഒന്ന് നന്നായി പറക്കുന്നുണ്ട്‌ എന്നാല്‍ ഒരു തത്ത ഇരിക്കുന്ന മരക്കൊമ്പില്‍ തന്നെ നീങ്ങുന്നു എന്നല്ലാതെ പറക്കുന്നില്ല, എന്നാല്‍ കഴിയും വിധം ഞാന്‍ എല്ലാം ശ്രദ്ധിച്ചു പക്ഷെ പറപ്പിക്കുവാന്‍ സാധിക്കുന്നില്ല.
ഇത് കേട്ട് ആകെ വിഷമിച്ച രാജാവ് മറ്റുള്ള രാജ്യങ്ങളിലെ പരിശീലകരെയും മറ്റും കൊണ്ട് വന്നു, പരിശ്രമം തുടര്‍ന്നു, രണ്ടാമത്തെ തത്തയെയും പറപ്പിക്കുവാന്‍.
എന്നാല്‍ എല്ലാവരും പരാജയപ്പെടുക ആണ് ഉണ്ടായത്.
ആകെ നിരാശന്‍ ആയ രാജാവ് വിളംബരം പുറപ്പെടുവിച്ചു, തത്തയെ പറപ്പിക്കുന്ന വ്യക്തിക്ക് ആയിരം സ്വര്‍ണ്ണ നാണയം നല്‍കുന്നത് ആയിരിക്കും എന്ന്.
അടുത്ത ദിവസം ഉറക്കമുണര്‍ന്നു ഉദ്യാനത്തിലേക്ക്‌ നോക്കിയാ രാജാവ് കാണുന്നത് രണ്ടു തത്തകളും ഉയര്‍ന്നു പറക്കുന്നത് ആണ്.
രാജാവിന് സന്തോഷം അടക്കാന്‍ ആയില്ല.
രാജാവ് ഭ്രുത്യനോട് ആവശ്യപ്പെട്ടു ആരാണ് തത്തയെ പറപ്പിച്ചത് എന്ന് അന്വേഷിച്ചു അയാളെ കൂട്ടി കൊണ്ട്വരുവാന്‍.
ഭ്രുത്യനോട് ഒപ്പം വന്നത് ഒരു പാവം കര്‍ഷകന്‍ ആയിരുന്നു.
കര്‍ഷകനോട് രാജാവ് ചോദിച്ചു എങ്ങിനെ ആണ് തത്തയുടെ അസുഖം മാറിയത് എന്ന്.
കര്‍ഷകന്‍ പറഞ്ഞു, ഞാന്‍ തത്തകള്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്പുകള്‍ എല്ലാം മുറിച്ചു കളഞ്ഞു.
ഇരിക്കാന്‍ സ്ഥലം ഇല്ലാതെ അവ പറന്നു എന്ന്.
കര്‍ഷകന് പ്രഖ്യാപിച്ച പാരിതോഷികം നല്‍കി രാജാവ് പറഞ്ഞു വിട്ടു.
സാരാംശം: ഇന്നത്തെ കാലത്ത് വളരെ പ്രസക്തി ഉള്ള ഒരു ചിന്ത ആണ് ഈ കഥയില്‍ ഉള്ളത്. ഇന്ന് കുട്ടികളെ അധികവും ലാളിച്ചു വളര്‍ത്തുന്നത് ആണ് കണ്ടു വരുന്നത്. അവരില്‍ സ്വയംപര്യാപ്തത വളര്‍ത്തേണ്ടത് അവരുടെ ഭാവിക്ക് വളരെ അത്യാവശ്യം ആണ് എന്ന് മറക്കരുത്.

യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക



വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്.
സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച് നിയമങ്ങളാണ് യമം.
അഹിംസയാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല; അതുപോലെ പ്രപഞ്ചത്തെയും. അഹിംസ യോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ല‍ാം ഒന്നായി കാണുക.
രണ്ടാമത്തെ നിയമമാണ് സത്യം. നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്കലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്കലേറ്റ് ഉണ്ട് എന്നുള്ളത് സത്യമാണ്.
മൂന്നാമത്തേത് ആസ്തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. ‘അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍’, ‘അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ – ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടേയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. ’സ്തേയം എന്നാല്‍ ’കാണല്‍ എന്നും ’ആസ്തേയം എന്നാല്‍ ’കാണാതിരിക്കല്‍ എന്നുമാണ് അര്‍ഥം.
നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ’ചെറിയതിനോടുള്ള ആഗ്രഹമില്ലായ്മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ ആഗ്രഹിക്കുക. ’ബ്രഹ്മമെന്നാല്‍ ’വലുത് എന്നാണര്‍ഥം. ‘ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ്’ തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്ക്കതീതമാകലാണ് ബ്രഹ്മചര്യം.
അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല, പക്ഷേ അവരുടെ വാക്കുകളെ മുറുകെപ്പിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരേയല്ല എറിയുന്നത്, പുറത്തേക്കു കളയുകയാണ്. പക്ഷേ, നിങ്ങളതിനെ ബലമായി പിടിച്ച് മാറോടു ചേര്‍ത്തുവയ്ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്? നിങ്ങള്‍ക്കു നേരേയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.
ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍.
ആദ്യത്തെ നിയമമാണ് ശൌചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
രണ്ടാമത്തേത് സന്തോഷം അല്ലെങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല.
മൂന്നാമത്തെ നിയമമാണ് തപസ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു.
നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്.
അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ’ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ’ എന്ന് അപേക്ഷിക്കുന്നതാണത്.
യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക.

ഗുരുഭക്തി

പണ്ട് തക്ഷശിലയില്‍ അയോദ ധൌമ്യന്‍ എന്നൊരു ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാര്‍ ആയിരുന്നു ഉപമന്യു, അരുണി, വേദന്‍ എന്നിവര്‍.
ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിക്കുകയും, ഗുരുവിന്റെ വീട്ടിലെ ജോലികളില്‍ ഗുരുവിനെയും കുടുംബത്തെയും സഹായിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം ഗുരു ഉപമന്യുവിനെ വിളിച്ചു കാലികളെ മേയ്ക്കുന്നത് ഇനി മുതല്‍ നിന്റെ ചുമതല ആണ് എന്ന് പറഞ്ഞു. സന്തോഷത്തോടെ ഉപമന്യു കാലികളെ മേയ്ക്കുന്ന ജോലികളില്‍ വ്യാപ്രുതന്‍ ആയി. പകലൊക്കെ കാലികളുമായി കറങ്ങി നടന്നു സന്ധ്യയോടെ ആണ് തിരികെ എത്തുക.
പകല്‍ മുഴുവനും നടക്കുന്ന ജോലി ആയിരുന്നിട്ടു കൂടി ഉപമാന്യുവില്‍ യാതൊരു ക്ഷീണവും ഗുരു കണ്ടില്ല എന്ന് മാത്രമല്‍ കുറച്ചു തടിച്ചു വരുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഗുരു ഉപമന്യുവിനെ വിളിച്ചു ചോദിച്ചു,
എങ്ങിനെ ആണ് നീ ഇത്ര ആരോഗ്യവാന്‍ ആയി ഇരിക്കുന്നത് എന്ന്, ശിഷ്യന്‍ മറുപടി നല്‍കി, “ ഞാന്‍ ഭിക്ഷ എടുത്തു ആണ് ഭക്ഷിക്കുന്നത് പകലൊക്കെ.”
ഗുരു: ശിഷ്യന്‍ ഭിക്ഷ എടുത്താല്‍ അത് ഗുരുവിനു വേണ്ടി അനു എന്ന് നിനക്ക് അറിയില്ലേ?? ഇനി എടുക്കുന്ന ഭിക്ഷ ഇവിടെ കൊണ്ട് വന്നു എന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.
ശിഷ്യന്‍ അന്ന് മുതല്‍ കിട്ടുന്ന ഭിക്ഷകള്‍ ഒക്കെ ഗുരുവിനു നല്‍കി തുടങ്ങി. എന്നാല്‍ ഗുരു വീണ്ടും ശ്രദ്ധിച്ചു, യാതൊരു ക്ഷീണവും ഇല്ല ശിഷ്യന്, ഗുരു ശിഷ്യനോട് ചോദിച്ചു “ ഭിക്ഷ ഒക്കെ എന്റെ കയ്യില്‍ കൊണ്ട് തരിക ആണ് നീ, പക്ഷെ നീ പഴയത് പോലെ തടിച്ചു തന്നെ ഇരിക്കുന്നു, എന്താണ് നിറെ ഭക്ഷണം??”
ശിഷ്യന്‍: ഞാന്‍ ഇപ്പോള്‍ പശുവിന്റെ പാല്‍ ആണ് കുടിക്കുന്നത് ഗുരോ.
ഗുരു: പശുവിന്റെ പാല്‍ പശു കുട്ടിക്ക് അവകാശപ്പെട്ടത് ആണ് അത് നീ കഴിക്കുവാന്‍ പാടില്ല.
ശിഷ്യന്‍ ഇനി കഴിക്കില്ല എന്ന് ഗുരുവിനെ അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുരു ശ്രദ്ധിച്ചു, ശിഷ്യന് യാതൊരു ക്ഷീണവും ഇല്ല, ഗുരുവിന്റെ അന്വേഷണത്തില്‍, പാല് കുടിക്കുന്ന പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന നുരകള്‍ ആണ് ഇപ്പോള്‍ ശിഷ്യന്‍ ഭക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഗുരു, എന്ന് മാത്രമല്ല അത് വിലക്കുകയും ചെയ്തു.
ഭിക്ഷ എടുത്തു കഴിക്കാനും പാടില്ല, പശുവിന്റെ പാല് കുടിക്കാനും പാടില്ല, എന്തിനു പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന പാലിന്റെ നുര കഴിക്കാന്‍ പോലും അനുവാദം ഇല്ല, കഠിനമായി വിശന്ന ഒരു സമയത്ത് ഉപമന്യു, അവിടെ കണ്ട കുറച്ചു എരിക്കിന്റെ ഇല കഴിച്ചു, അത് കഴിച്ച ഉപമാന്യുവിന്റെ കണ്ണുകള്‍ പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടപ്പെട്ട ഉപമന്യു, കാട്ടിലെ ഒരു കിണറ്റില്‍ വീണു, സ്ഥിരമായി വരുന്ന സമയം കഴിഞ്ഞിട്ടും ശിഷ്യനെ കാണാത്തതിനാല്‍ ഗുരു ശിഷ്യനെ അന്വേഷിച്ചു കാട്ടിലേക്ക് പോയി. തേടി നടന്നു ഒടുവില്‍ പൊട്ട കിണറ്റില്‍ കിടന്ന ശിഷ്യനെ കണ്ടെത്തി ഗുരു.
ശിഷ്യന്‍ ഗുരുവിനോട് അപേക്ഷിച്ച്, തന്റെ കണ്ണുകള്‍ ശരി ആക്കി തരുവാന്‍ വേണ്ടത് ചെയ്യുവാന്‍.
ഗുരു ശിഷ്യനോട് പറഞ്ഞു, ദേവവൈദ്യന്‍ ആയ അശ്വിനീ ദേവതകളോട് പ്രാര്‍ത്ഥിക്കുവാന്‍.
ഉപമന്യു ആ കിണറ്റില്‍ കിടന്നു കൊണ്ട് അശ്വിനീ ദേവതകളെ സ്തുതിക്കാന്‍ തുടങ്ങി,
ഉപമന്യുവിന്റെ സ്തുതിയില്‍ പ്രസാദിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ഉപമന്യുവിനു ഒരു അപ്പം നല്‍കി കൊണ്ട് പറഞ്ഞു, ഇതാ ഇത് കഴിക്കൂ, നിന്റെ ക്ഷീണം മാറട്ടെ എന്ന്, ഉപമന്യു പറഞ്ഞു, ഇല്ല ഞാന്‍ ഇത് ഭുജിക്കുക ഇല്ല, ഭിക്ഷ കിട്ടുന്നത് എന്റെ ഗുരുവിനു വേണം നല്‍കുവാന്‍, അശ്വിനി ദേവതകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉപമന്യു നിരാകരിച്ചു.
ഗുരുവിനോടുള്ള ആ അനുസരണാ ശീലം കൊണ്ട് സംതൃപ്തര്‍ ആയ അശ്വിനീ ദേവതകള്‍ ഉപമന്യുവിനു കാഴ്ച തിരികെ നല്‍കി, പല്ലുകള്‍ സ്വര്‍ണ്ണം ആക്കുകയും ചെയ്തു, എന്ന് മാത്രമല്ല ശ്രേഷ്ഠം ആയ ജീവിതം ലഭിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
കിണറ്റില്‍ നിന്നും കയറിയ ഉപമന്യു വേഗം തന്നെ ഗുരുവിന്റെ സന്നിധിയില്‍ എത്തുകയും തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു, ഗുരു ഉപമന്യുവിനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു യാത്രയാക്കി.
കടുത്ത ഗുരുഭക്തി ജീവിത വിജയത്തിന് എത്ര ബലം പകരും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മഹാഭാരതത്തിലെ ഈ കഥ.

മഹാഭാരത കഥയിലെ സർപ്പകഥകൾ

ഒരു ദിവസം കദ്രു വിനിതയോട് പറഞ്ഞു തനിക്കു കടലില്‍ ഉള്ള നാഗാലയം കാണുവാന്‍ ആഗ്രഹമുണ്ട് അവിടെ തന്നെ കൊണ്ട് പോകാന്‍.
ദാസി ആയ വിനിത കദ്രുവിനെ ചുമലില്‍ എടുക്കുകയും, നാഗങ്ങളെ ചുമലില്‍ ഏറ്റുവാന്‍ ഗരുഡനോട് പറയുകയും ചെയ്തു.
ഗരുഡന്‍ നാഗങ്ങളെ എടുത്തു പറന്നുയര്‍ന്നപ്പോള്‍ സൂര്യ താപം ഏറ്റു അവര്‍ വാടി തളര്‍ന്നു, അത് കണ്ടു മനസ്സ് വിഷമിച്ച കദ്രു ഇന്ദ്രനെ സ്തുതിക്കുകയും, അതില്‍ സംപ്രീതന്‍ ആയ ഇന്ദ്രന്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ നിറയ്ക്കുകയും, ഇടി വെട്ടി മഴ പെയ്യുകയും ചെയ്തു.
മഴയുടെ തണുപ്പില്‍ നാഗങ്ങള്‍ സന്തോഷിക്കുകയും സന്തോഷത്തോടെ അവര്‍ ദ്വീപില്‍ എത്തുകയും ചെയ്തു. ദ്വീപിന്റെ മനോഹാരിത കണ്ട നാഗങ്ങള്‍, ഗരുഡനോട് തങ്ങളെ മറ്റു ദ്വീപില്‍ കൂടി കൊണ്ട് പോകുവാന്‍ ആവശ്യപ്പെട്ടു.
നാഗങ്ങള്‍ തന്നോട് കല്‍പ്പിക്കുന്നത് കണ്ടു ഗരുഡന്‍ അമ്മയോട് ചോദിച്ചു, എന്തിനാണ് ഇവര്‍ തന്നോട് കല്‍പ്പിക്കുന്നത് എന്ന്, വിനിത മകനോട്‌ ചതി പറ്റിയ കഥകള്‍ എല്ലാം പറഞ്ഞു കൊടുത്തു.
കഥകള്‍ കേട്ട ഗരുഡന്‍ സര്‍പ്പങ്ങളോട് ചോദിച്ചു ദാസ്യത്തില്‍ നിന്നും മാറുവാന്‍ എന്താണ് വേണ്ടത് എന്ന്.
അപ്പോള്‍ സര്‍പ്പങ്ങള്‍ കൂടി ആലോചിച്ചിട്ട് പറഞ്ഞു “ അമൃത് “ കൊണ്ട് തരിക ആണെങ്കില്‍ നിങ്ങളെ ദാസ്യ വേളയില്‍ നിന്നും ഒഴിവാക്കി തരാം എന്ന്.
ഇത് കേട്ട ഗരുഡന്‍ അമ്മയുടെ അടുത്ത് ചെന്ന് വിവരം പറയും, താന്‍ അമൃത് ബലമായി ആണെങ്കിലും എടുത്തു കൊണ്ട് വരുവാന്‍ പോകുക ആണ് എന്ന്.
പക്ഷെ ബലത്തിനായി തനിക്കു ഭക്ഷണം വേണം എന്ന് പറയും ഗരുഡന്‍.
വിനിത മകനോട്‌ പറയും, സമുദ്രത്തിന്റെ നടുക്ക് ഒരു നിഷാധാലയം ഉണ്ട് [ കാട്ടാളന്മാരുടെ വാസകേന്ദ്രം ] അവിടെ ചെന്ന് അവരെ ആവശ്യത്തിനു ഭുജിച്ചു കൊള്ളുക. പക്ഷെ അവിടെ ഉള്ള ബ്രാഹ്മണരെ കൊല്ലരുത്. കാരണം സൂര്യനേക്കാളും അഗ്നിയെക്കാളും അപകടകാരി ആണ് ക്രുദ്ധന്‍ ആയ ബ്രാഹ്മണന്‍.
ബ്രാഹ്മണനെ എങ്ങിനെ തിരിച്ചറിയാം എന്നുള്ള ചോദ്യത്തിന്, നീ അറിയാതെ ബ്രാഹ്മണനെ വിഴുങ്ങിയാല്‍ തൊണ്ടയില്‍ ആ ചൂട് അറിയും എന്ന് ആ മാതാവ് ഉത്തരം കൊടുത്തു.
അമ്മയുടെ നിര്‍ദേശം പോലെ ദ്വീപില്‍ എത്തി നിഷാദന്മാരെ ഭുജിക്കുകയും ചെയ്തു. അറിയാതെ വായില്‍ അകപ്പെട്ടു പോയ ഒരു ബ്രാഹ്മണനെയും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് പത്നിയായ നിഷാദിയേയും ഭക്ഷിച്ചില്ല.
അവിടെ നിന്നും വീണ്ടും യാത്ര തുടര്‍ന്ന ഗരുഡന്‍ തന്റെ പിതാവിനെ ഇടയില്‍ കണ്ടു മുട്ടി.
കുശലം അന്വേഷിച്ച പിതാവിനോട് ഗരുഡന്‍ പറഞ്ഞു, മാതാവ് സുഖമായി ഇരിക്കുന്നു, താന്‍ മാതാവിന്റെ ദാസ്യ വേല നീക്കുന്നതിന് അമൃത് എടുക്കാന്‍ പോയി കൊണ്ട് ഇരിക്കുക ആണ്, അനുഗ്രഹിക്കണം, അതേ പോലെ തന്നെ തന്റെ വിശപ്പ്‌ അടങ്ങിയിട്ടില്ല പോംവഴികള്‍ പറഞ്ഞു കൊടുക്കണം എന്നും.
ഗരുഡനു തന്റെ പിതാവില്‍ നിന്നും കിട്ടിയ ഉപദേശം, സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ പരസ്പരം കലഹിച്ചു പരസ്പര ശാപത്താല്‍ ആനയും ആമയും ആയ രണ്ടു മുനിമാര്‍ ഉണ്ട്, വിഭാവസുവും സുപ്രീതകനും, അവരെ ഭക്ഷിക്കുവാന്‍ ആയിരുന്നു.
പിതാവ് പറഞ്ഞത് അനുസരിച്ച് ഗരുഡന്‍ അവരെ കണ്ടെത്തുകയും തന്റെ നഖങ്ങളാല്‍ കൊത്തി എടുത്തു കൊണ്ട് പറക്കുകയും ചെയ്തു.
അവരെ ഭക്ഷിക്കാന്‍ വേണ്ടി ഗരുഡന്‍ ഒരു വടവൃക്ഷതിലേക്ക് ഇരിക്കുവാന്‍ തുനിഞ്ഞു. എന്നാല്‍ ഗരുഡന്റെ ഭാരം താങ്ങുവാന്‍ ആകാതെ ആ മരക്കൊമ്പ് ഒടിഞ്ഞു,
അപ്പോഴാണ്‌ ഗരുഡന്‍ ആ മരക്കൊമ്പില്‍ തല കീഴായി തൂങ്ങി കിടക്കുന്ന ബാലഖില്യരെ കണ്ടത്.
പിതാവായ കശ്യപന്‍ സത്പുത്രനെ ലഭിക്കുവാന്‍ ചെയ്ത യാഗത്തില്‍ അദ്ധേഹത്തെ സഹായിക്കുവാന്‍ ഉണ്ടായിരുന്ന വിരലോളം വലുപ്പമുള്ള ബാലഖില്യരെ സംരക്ഷിക്കണം എന്ന് കരുതി ഗരുഡന്‍ ആ മരകൊമ്പും കടിച്ചു പിടിച്ചു പറന്നുയര്‍ന്നു.
ബാലഖില്യരെ സുരക്ഷിതമായി ഇറക്കുവാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു പറക്കുന്ന ഗരുഡന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സു ചെയ്യുന്ന അച്ഛന്‍ ആയ കശ്യപ മഹര്‍ഷിയെ കാണുകയും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുകയും ചെയ്തു.
ബാലഖില്യരുടെ ശാപം മകനില്‍ പതിക്കാതെ ഇരിക്കുവാന്‍ വേണ്ടി കശ്യപന്‍ അവരോടു അപേക്ഷിക്കുകയും ഗരുഡന്റെ യാത്രോദ്യേശ്യം അവരെ അറിയിക്കുകയും ചെയ്തു.
മനുഷ്യവാസം ഇല്ലാത്ത ഗിരിശൃംഗം ലക്ഷ്യമാക്കി ഗരുഡന്‍ നീങ്ങി, ആമയും, ആനയേയും ഭക്ഷിക്കുന്നതിനു വേണ്ടി, അവിടെ എത്തി മരക്കൊമ്പ് താഴെ ഇട്ടു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി ഗരുഡന്‍.
ആ സമയം ദേവലോകത്ത്‌ ദേവേന്ദ്രന്‍ നിറയെ അപശകുനങ്ങള്‍ കണ്ടു. ദേവഗണങ്ങളേയും കൂട്ടി ഇന്ദ്രന്‍ ഗുരു ആയ ബൃഹസ്പതിയുടെ അടുത്ത് എത്തി, ദുശ്ശകുനങ്ങളുടെ കാരണം അന്വേഷിച്ചു.
ബൃഹസ്പതി ഗരുഡന്റെ വരവും, കാരണവും, ഉദ്ദേശ്യ ലക്ഷ്യങ്ങളും എല്ലാം ഇന്ദ്രനോട് പറഞ്ഞു, വിവരങ്ങള്‍ അറിഞ്ഞ ഇന്ദ്രന്‍ ഗരുഡനെ സൂക്ഷിക്കാന്‍ അമൃതിന്റെ കാവല്‍ക്കാരോട് നിര്‍ദേശം നല്‍കുകയും ചെയ്തു.
സാരാംശം: എത്ര ക്രൂരര്‍ ആണ് എങ്കില്‍ കൂടി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് കണ്ടാല്‍ സഹിക്കുക ഇല്ല. അതിനാല്‍ ആണ് വിഷലിപ്തര്‍ ആയ സര്‍പ്പങ്ങള്‍ ചൂട് താങ്ങാതെ വന്നപ്പോള്‍ കദ്രു ഇന്ദ്ര പ്രീതി നേടി മഴ പെയ്യിച്ചത്. ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍ പോലും ചെയ്ത ചെറിയ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കും, അത് അടുത്ത കഥയില്‍ വിവരിക്കാം.

പഞ്ചതന്ത്രം കഥ

ഒരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. കൃഷിക്കാരൻ തന്റെ നിലമുഴാൻ വേണ്ടി ഒരു കാളയെ വളർത്തിയിരുന്നു. കാളയ്ക്ക് വയസ്സായപ്പോൾ, അയാൾ അതിനെ ദൂരെയുള്ള ഒരു കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. കാട്ടിൽ ഒറ്റപ്പെട്ടു പോയ കാള തനിക്ക്‌ താമസിക്കാൻ പറ്റിയ ഒരിടം തേടി നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഗുഹയും, കുളവും, പച്ചപ്പുൽനിറഞ്ഞ മൈതാനവും ഒക്കെയുള്ള ഒരു സ്ഥലം കാളയുടെ കണ്ണിൽപ്പെട്ടു. ഗുഹയിൽ മററു മൃഗങ്ങളൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ കാള സന്തോഷത്തോടെ ആ ഗുഹയിൽ താമസം തുടങ്ങി.
ഒരുദിവസം കാള പുല്ല് തിന്ന് വയറു നിറച്ച് ഗുഹയ്ക്ക് സമീപം വിശ്രമിക്കുകയായിരുന്നു. അപ്പോൾ ദൂരെ നിന്നും ഒരു സിംഹം ,ഗുഹയുടെ സമീപത്തേക്ക് വരുന്നത് അവൻ കണ്ടു. പെട്ടന്ന് എന്തെങ്കിലും ഒരു സൂത്രം പ്രയോഗിച്ചില്ലെങ്കിൽ സിംഹം തന്റെ കഥ കഴിക്കുമല്ലൊ എന്നോർത്ത് കാള വേവലാതിപ്പെട്ടു. സിംഹം അടുത്തെത്താറായതും, കാള ഗുഹയുടെ നേരെ നോക്കിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: പ്രിയേ, ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് കുശാലായ ഭക്ഷണം കിട്ടും. ഒരു സിംഹം ഇങ്ങോട്ട് വരുന്നുണ്ട്. അവൻ ഇവിടെ എത്തിയാൽ ഞാനവനെ കുത്തി അകത്തേക്കിട്ടു തരാം .നിങ്ങൾ അവനെ കൊന്നു ഭക്ഷിച്ചു കൊള്ളൂ"
കാളയുടെ സംസാരം കേട്ട സിംഹം പേടിച്ചു വിറച്ചുപോയി. ഇതുപോലുള്ള ഒരു മൃഗത്തിനെ ഇവിടെയെങ്ങും ഇതുവരെ കണ്ടിട്ടില്ലല്ലൊ. ഏതായാലും - അതിശക്തിമാനായ ഒരു മൃഗമാണിതെന്ന് തോന്നുന്നു. ഇവിടെ ഇനിയും നിന്നാൽ തന്റെ ജീവന് ആപത്താണ്. എങ്ങിനെയും രക്ഷപ്പെടണം. ഇങ്ങനെ ആലോചിച്ച സിംഹം വേഗം വന്ന വഴിക്ക് തന്നെ ഓടാൻ തുടങ്ങി . അപ്പോൾ എതിരെ വരികയായിരുന്ന ഒരു നരി സിംഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു: "സിംഹരാജൻ, താങ്കൾ വല്ലാതെ ഭയപ്പെട്ടതു പോലുണ്ടല്ലൊ. എന്തു പറ്റി?"'കാട്ടിലെ രാജാവായ അങ്ങേയ്ക്ക് ഭയമുണ്ടാകാനുള്ള കാരണമെന്താണ്?
സിംഹം വളരെയധികം സംഭ്രമത്തോടെ അവിടെ നടന്ന സംഭവങ്ങളെല്ലാം നരിയോട് വിവരിച്ചു കൊടുത്തു.
ഇതു കേട്ട നരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
രാജൻ, താങ്കൾ ഒരു പമ്പരവിഡ്ഢി
തന്നെ.താങ്കളെ പേടിപ്പിച്ചുവെന്ന് പറഞ്ഞ മൃഗം ഒരുകാള ആണ്. അത് നാട്ടിൽ കാണപ്പെടുന്ന ഒരു സാധാരണ മൃഗമാണ്. അവൻ താങ്കളെ കബളിപ്പിച്ചതാണ്.താങ്കൾ എന്റെ കൂടെ വരൂ.ഞാൻ ഈ കാര്യം താങ്കൾക്ക് വ്യക്തമായി മനസ്സിലാക്കിത്തരാം."
സിംഹത്തിനാകട്ടെ, നരിയുടെ വാക്കിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. അപ്പോൾ നരി വീണ്ടും പറഞ്ഞു:
"രാജാവേ, ഒട്ടും സംശയിക്കേണ്ട.താങ്കൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കിൽ ഞാൻ ഒരു ഉപായം പറയാം. താങ്കളുടെ വാല് എന്റെ വാലിനോട് ചേർത്ത് കെട്ടിക്കോളൂ. എന്നിട്ട് നമുക്ക് ഒരുമിച്ച് അവിടേക്ക് പോകാം. ആപത്തു വന്നാൽ ഞാൻ താങ്കളെ രക്ഷിച്ചു കൊള്ളാം" നരിയുടെ വാക്കുകൾ കേട്ട സിംഹം മനസ്സില്ലാ മനസ്സോടെ, നരിക്കൊപ്പം അവിടേക്ക് പോകാമെന്ന് സമ്മതിച്ചു.
നരി രണ്ടു പേരുടെയും വാലുകൾ പരസ്പരം കൂട്ടിക്കെട്ടി, അവർ രണ്ടു പേരും ഗുഹ ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നു തന്നെ കാള ഈ കാഴ്ച കണ്ടു. കാള വിചാരിച്ചു ..... നരിയേയും കൂട്ടിയാണല്ലൊ ഇത്തവണ സിംഹത്തിന്റെ വരവ്.രണ്ടു പേരും തന്നേക്കാൾ ശക്തരുമാണ്. അവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി കണ്ടു പിടിക്കണമല്ലൊ! അവൻ വീണ്ടും തല പുകഞ്ഞാലോചിച്ചു
പെട്ടന്ന് കാളയുടെ മനസ്സിൽ ഒരു ബുദ്ധി തോന്നി. കാള ,നരിയെ നോക്കിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു:"
" കൂട്ടുകാരാ, .എത്ര ദിവസമായി നീ ഇവിടുന്ന് പോയിട്ട്. രണ്ടു സിംഹങ്ങളെയും കൊണ്ട് വരാമെന്ന് ഏറ്റിട്ടല്ലെ നീ ഇവിടെ നിന്ന് പോയത്. എന്നിട്ട് ഇപ്പോൾ ഒരു സിംഹത്തെയാണോ നിനക്ക് കിട്ടിയത്? എന്റെ ഭാര്യയും മക്കളും വിശന്നു ക്ഷീണിച്ചിരിക്കുകയാണ്. ഒരു സിംഹത്തെക്കിട്ടിയാലൊന്നും അവരുടെ വിശപ്പ് മാറില്ലെന്ന് നിനക്ക് അറിയാവുന്നതല്ലെ? എങ്കിലും ഒന്നിനെയെങ്കിലും കിട്ടിയല്ലൊ.ഭാഗ്യം തന്നെ. അവനെ വേഗം ഇങ്ങോട്ട് കൊണ്ടു വരൂ."
ഇതു കേട്ട സിംഹത്തിന്റെ കഥ എന്തായെന്ന് പറയേണ്ടല്ലൊ? അല്ലെ......
ഭയന്നു വിറച്ചു പോയ സിംഹം തന്റെ വാലിൽ കെട്ടിയ നരിയെയും വലിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി.നരിയാകട്ടെ സിംഹം ഓടുന്ന വഴിയിലെ കുണ്ടിലും, കുഴിയിലും,മുൾക്കൂട്ടത്തിലും ശരീരഭാഗങ്ങൾ തട്ടിമുറിഞ്ഞ് നിലവിളിക്കാനും തുടങ്ങി. പിന്നീട് സിംഹത്തിനും, നരിക്കും എന്തു സംഭവിച്ചു എന്ന് ആരും അറിഞ്ഞതേയില്ല.
ആ രണ്ടു ശക്തിമാൻമാരെയും പിന്നെ ആ വഴിക്ക് കണ്ടിട്ടേയില്ല. കാളയാകട്ടെ പിന്നീടുള്ള കാലം ആരെയും ഭയപ്പെടാതെ ഗുഹയിൽ സമാധാനത്തോടെ ജീവിക്കുകയും ചെയ്തു.🔥
ശക്തിയുണ്ടായാൽ മാത്രം പോരാ,വേണ്ട സമയത്ത് വേണ്ട രീതിയിൽ ധൈര്യവും, ബുദ്ധിയും പ്രയോഗിക്കാൻ കൂടി കഴിയണം. എങ്കിലേ ജീവിതവിജയമുണ്ടാകൂ എന്ന് ഈ കഥയിലൂടെ മനസ്സിലാക്കാം.

പഞ്ചതന്ത്രം കഥ


ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു ,നദീതീരത്ത് ഇഷ്ടം പോലെ ഇളം പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു ,നദീ തീരത്തുള്ള കാട്ടില്‍ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു ,മാന്‍ ,മുയല്‍ ,കടുവ,സിംഹം അങ്ങനെ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു .
ഈ കാട്ടിലാണ് സുന്ദരിയായ അമ്മു മുയല്‍ അവളുടെ അമ്മയുടെ കൂടെ കഴിഞ്ഞിരുന്നത് . അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു .
മറ്റു മുയല്‍ കുഞ്ഞുങ്ങള്‍ എല്ലാം പൊത്തിലോളിച്ചു കളിക്കുമ്പോ അമ്മു മുയല്‍ കാട്ടിലൂടെ കറങ്ങി നടന്നു .അപ്പോള്‍ അവളൊരു മാനേ കണ്ടു ,എന്ത് വേഗത്തിലാണെന്നോ മാന്‍ ഓടുന്നത് ,അമ്മു മുയല്‍ മാനിന്റെ അടുത്ത് ചെന്ന് പറഞ്ഞു
“നമസ്കാരം ചേട്ടാ ,ചേട്ടന്‍ എന്ത് വേഗത്തിലനോടുന്നത് ഇത്രയും വേഗത്തിലോടാന്‍ വേറെ ആര്‍ക്കും കഴിയില്ല ” മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കണമെന്നു അമ്മു വിന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു . ആദ്യമായിട്ടാണു ആരെങ്കിലും മാനെ അഭിനന്ദിക്കുന്നതു ,മാനിനു സന്തോഷമായി ,അവര്‍ രണ്ടു പേരും കൂട്ടുകാരായി ,അമ്മു ചോദിച്ചു “ചേട്ടാ ചേട്ടാ എന്നെയും ഇങ്ങനെ ഓടാന്‍ പഠിപ്പിക്കാമോ ” മാന്‍ പറഞ്ഞു “അതിനെന്താ പഠിപ്പിക്കാമല്ലോ ” മാന്‍ അമ്മുവിനെ വേഗത്തില്‍ ഓടാന്‍ പഠിപ്പിച്ചു . മാനിനോട് യാത്ര പറഞ്ഞു അമ്മു മുയല്‍ സ്വന്തം മാളത്തിലെത്തി യപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “നീ എവിടെ പോയതാ ” നടന്നതെല്ലാം അമ്മു പറഞ്ഞു ,അപ്പോള്‍ കൂട്ടുകാര്‍ അവളെ കളിയാക്കി . അമ്മു പറഞ്ഞു “എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ” കൂട്ടുകാര്‍ വീണ്ടും കളിയാക്കി .
അതൊന്നും കാര്യമാക്കാതെ അമ്മു മുയല്‍ അടുത്ത ദിവസവും യാത്രയായി . ഇത്തവണ കണ്ടു മുട്ടിയതൊരു തവളയെ ആയിരുന്നു ,താവള കുളത്തില്‍ ചാടി ചാടി പൊയ് കൊണ്ടിരുന്നു : അമ്മു മുയല്‍ വിളിച്ചു പറഞ്ഞു ” ഏയ് ചങ്ങാതി ” തവള കേട്ട ഭാവം പോലും കാണിച്ചില്ല . അമ്മു വീണ്ടും പറഞ്ഞു ” നിങ്ങളെ പോലെ ഇത്രയും നല്ല ഒരു അഭ്യാസിയെ ഞാന്‍ വേറെ കണ്ടിട്ടില്ല ” .ഇത് കേട്ടപ്പോള്‍ തവളയ്ക്ക് സന്തോഷമായി ,രണ്ടു വലിയ ചാട്ടം ചാടി തവള മുയളിനടുത്തെത്തി . തവള തന്റെ വീര കഥകള്‍ അമ്മു വിനോട് പറഞ്ഞു ,പാമ്പുകളെ പറ്റിച്ചു രക്ഷപെട്ട കഥ ,മുങ്ങാം കുഴിയിട്ട് പോയതു ,അങ്ങനെ ഒരു പാടൊരുപാട് ,അമ്മു എല്ലാം കേട്ടിരുന്നു ,അവസാനം അമ്മു ചോദിച്ചു എന്നെയും പഠിപ്പിക്കാമോ ഇതല്ലാം ,തവള സന്തോഷത്തോടെ സമ്മതിച്ചു . മാളത്തിലേക്ക് പോകും മുന്‍പേ അമ്മു നല്ലൊരു ചാട്ടക്കാരി ആയിമാറി .
അങ്ങനെ ഓരോ ദിവസവും അമ്മു ഓരോ കാര്യങ്ങള്‍ പഠിച്ചു . അങ്ങനെ ഇരിക്കെ ഒരുദിവസം ഒരു വേടന്‍ ആ കാട്ടിലെത്തി ,ഒരു പാട് മൃഗങ്ങള്‍ വേടന്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ അമ്മുവും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി .
അമ്മു മുയലിനൊരു ഉപായം തോന്നി ,അമ്മു മുയല്‍ വേടന്റെ മുന്‍പില്‍ ഞൊണ്ടി ഞൊണ്ടി നടന്നു ,വേടന്‍ വിചാരിച്ചു ഓടാന്‍ വയ്യാത്ത ഒരു മുയല്‍ ഇതിനെ വേഗം പിടിക്കാം ,വേടന്‍ അടുത്തെ ത്തിയതും അമ്മു കുതിച്ചു പാഞ്ഞു ,വേടനും വാശി യായി ,അയ്യാള്‍ പുറകെ ഓടി ,പക്ഷെ മാനിനെ പോലെ ഓടുന്ന അമ്മു വിനെ പിടിക്കാനുണ്ടോ വേടന് പറ്റുന്നു ,ഒടുവില്‍ ഓടി ഓടി ഒരു വലിയ കുളത്തിന്റെ തീരത്തെത്തി .
വേടന് സന്തോഷമായി ,ഇനി മുയല്‍ ഓടില്ലല്ലോ ,അമ്മുവിന്റെ മേലേക്ക് അയ്യാള്‍ ചാടി വീണു ,അമ്മുവാകട്ടെ കുളത്തിലെക്കെടുത്തു ചാടി ,ആമ്പലിന്റെ മുകളില്‍ പോയിരുന്നു ,വേടനും പുറകെ ചാടി ,അമ്മു ആമ്പല്‍ ഇലകളില്‍ മേല്‍ ചാടി ചാടി കരയില്‍ പൊയ് ഇരുന്നു ,വേടന്‍ കുളത്തിലെ വെള്ളത്തില്‍ വീണു . അമ്മുവിന്റെ കൂട്ടുകാരനായ തവളയും ആ കുളത്തിലെ മീനുകളും ചേര്‍ന്ന് വേടനെ കടിച്ചു ശരിപ്പെടുത്തി ,വേടന്‍ ജീവനും കൊണ്ടോടി ,പിന്നീടൊരിക്കലും ആ വഴിക്ക് വന്നിട്ടില്ല .
ഗുണപാഠം: മറ്റുള്ളവരുടെ കഴിവുകളെ നാം പ്രശംസിച്ചത് കൊണ്ട് നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുന്നു, അതേ പോലെ തന്നെ അറിവുകൾ എത്ര നേടുന്നുവോ, അത്രയും നമുക്ക് ജീവിത വിജയത്തിന് സാധ്യമാകും.പൊതുവേ ഇന്നത്തെ സമൂഹം മറ്റുള്ളവരെ അംഗീകരിക്കുന്നതിന് മടി കാണിക്കുന്ന പതിവ് ആണ് ഉള്ളത്, ചെറിയ ചെറിയ ഗുണപാഠ കഥകളിലൂടെ നമുക്ക് അടുത്ത തലമുറയിൽ നല്ല ചിന്തകളും .

2 comments: